ആ 'ശത്രു' മരണപ്പെട്ടാല്‍ അയാളുടെ ജീവിതത്തിന് എന്തു സംഭവിക്കും? 

ചരിത്രസംഭവമെന്ന് വേണമെങ്കില്‍ പറയാവുന്ന ഒരു പൊലീസ് ഭരണപരിഷ്‌കാരത്തില്‍ പങ്കാളിയാകാന്‍ അക്കാലത്ത് എനിക്ക് അവസരം ലഭിച്ചു
ആ 'ശത്രു' മരണപ്പെട്ടാല്‍ അയാളുടെ ജീവിതത്തിന് എന്തു സംഭവിക്കും? 

ര്‍ക്കുമ്പോള്‍ ഇന്നും ചിരിയും കരച്ചിലും വരുന്നുണ്ട്. വനിതാ ഗുണ്ടയെ നാടുകടത്തി 'ചരിത്രം സൃഷ്ടിക്കാന്‍' ലഭിച്ച സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെട്ടത്. ഐ.ജി ഓഫീസില്‍ എന്നെ കാണാന്‍ വന്ന വൃദ്ധയോടൊപ്പം സഹായത്തിന് കൗമാരക്കാരനായൊരു പയ്യനും ഉണ്ടായിരുന്നു. അതവരുടെ കൊച്ചുമകനാണ്; പ്ലസ് ടു വിദ്യാര്‍ത്ഥി. അവന്റെ മുഖത്തൊരു വല്ലായ്മ പ്രകടമായിരുന്നു. പക്ഷേ, അമ്മൂമ്മ തികഞ്ഞ ആത്മവിശ്വാസത്തില്‍ ചെറുപുഞ്ചിരിയോടെയാണ് എന്നെ സമീപിച്ചത്. അതിന് കാരണമുണ്ട്. എനിക്കവരെ അറിയില്ലെങ്കിലും അവര്‍ക്കെന്നെ അറിയാം. എന്റെ നാടിന്റെ ചുറ്റുവട്ടത്തുള്ള ഒരു പ്രദേശത്തായിരുന്നു പണ്ടവര്‍ ജീവിച്ചിരുന്നത്. ആ പ്രദേശത്ത് ചെറിയ തോതിലുള്ള വ്യാജ മദ്യവില്‍പ്പന ഉണ്ടായിരുന്നതായി ഞാന്‍ അക്കാലത്ത് കേട്ടിട്ടുമുണ്ട്. നാട്ടറിവുകളാല്‍ സമ്പന്നമായിരുന്നു എന്റെ കുട്ടിക്കാലം. അതൊക്കെ പത്തുനാല്‍പ്പത് വര്‍ഷം മുന്‍പാണ്. ഇപ്പോള്‍ ഞാന്‍ നഗരവാസിയാണ്; അവരും ഒരു പട്ടണത്തിലേക്ക് മാറിയിരുന്നു.  പണ്ട്, ഉപജീവനത്തിനായി ചില്ലറ വ്യാജമദ്യ വില്‍പ്പനയുടെ ഭാഗമായിട്ടുണ്ടെന്ന് ചുരുക്കം വാക്കുകളില്‍ അവര്‍ സൂചിപ്പിച്ചു. പക്ഷേ, ഇപ്പോള്‍ വര്‍ഷങ്ങളായി അതില്‍നിന്നൊക്കെ മുക്തയായി ബന്ധുക്കളോടൊത്ത് മറ്റൊരിടത്ത് താമസമാണ്. അപ്പോഴാണ് പുതിയ ഗുണ്ടാനിയമം വരുന്നത്. നിയമം നടപ്പാക്കാന്‍ പൊലീസുകാര്‍ ഗുണ്ടകളെ തപ്പാന്‍ തുടങ്ങി. അവസാനം ഫയലുകളില്‍നിന്ന് ഒരു ഗുണ്ടയെ  കണ്ടെത്തി; അതായിരുന്നു ഈ വൃദ്ധ. ഗുണ്ടാനിയമം അനുസരിച്ച് നാടുകടത്തും എന്നൊക്കെ അവര്‍ കേട്ടു. അതുകൊണ്ടാണ് എന്നെ കാണാന്‍ വന്നത്. ഗുണ്ടാ ആക്ട് നടപ്പാക്കുന്നതില്‍ അങ്ങനെ ഒരു പ്രശ്‌നമുണ്ടായിരുന്നു. സാമൂഹ്യസുരക്ഷ ലക്ഷ്യമാക്കിയുള്ള നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാതെ സാങ്കേതികത്വം മാത്രം നോക്കി നിയമം നല്‍കുന്ന അധികാരം പ്രയോഗിച്ചാല്‍ അത് അനീതിയിലേയ്ക്ക് നയിക്കും. തൊഴിലുറപ്പ് പദ്ധതി പോലുള്ള വരുമാന സ്രോതസ്സുകളൊന്നും ഇല്ലാതിരുന്ന കാലത്ത് ഉപജീവനത്തിനായി ചെറിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ട അവര്‍ വയസ്സുകാലത്ത് അബ്കാരി മാഫിയയായി. യഥാര്‍ത്ഥ മാഫിയകളില്‍ ചിലര്‍ രാഷ്ട്രീയ നേതാക്കളുടെ ഒക്കച്ചങ്ങാതിമാരും വേറെ ചിലര്‍ സാംസ്‌കാരിക നായകരായി വരെ ജനിതക പരിണാമം സംഭവിക്കുന്ന ലോകത്ത് തന്നെയാണ് വാര്‍ദ്ധക്യകാലത്ത് ആ സ്ത്രീക്ക് കൊച്ചുമകനേയും കൂട്ടുപിടിച്ച് എന്നെ കാണേണ്ടിവന്നത്. എനിക്കേറെ വിഷമം തോന്നിയത് ആ പ്ലസ് ടു വിദ്യാര്‍ത്ഥിയെക്കുറിച്ചാണ്. അവന്റെ അമ്മൂമ്മയ്ക്ക് പറയാനുള്ള കാര്യങ്ങള്‍, ആ കൗമാരമനസ്സിനെ മുറിവേല്‍പ്പിക്കും എന്നറിയാന്‍ മനശ്ശാസ്ത്രമൊന്നും പഠിക്കേണ്ടല്ലോ. അതുകൊണ്ടുതന്നെ പ്രശ്‌നം മനസ്സിലാക്കിയ ശേഷം അത്തരം വിശദാംശങ്ങളിലേയ്ക്ക് ഞാന്‍ കടന്നില്ല. ആ കുട്ടിയോട് വിദ്യാഭ്യാസത്തെപ്പറ്റിയും മറ്റുമൊക്കെ ചോദിച്ച് സൗഹാര്‍ദ്ദമായാണ് അവരെ മടക്കിയത്. വനിതാ ഗുണ്ടയെന്ന് മുദ്രകുത്തി നാടുകടത്തല്‍ ഭയന്ന് വന്ന ആ സ്ത്രീയും ആശ്വാസത്തോടെയാണ് മടങ്ങിയത്. ഞാനേതായാലും ചരിത്രത്തില്‍ സ്ഥാനം പിടിച്ചില്ല എന്നുമാത്രം പറഞ്ഞ് ഇത് അവസാനിപ്പിക്കട്ടെ.

എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി, ചരിത്രസംഭവമെന്ന് വേണമെങ്കില്‍ പറയാവുന്ന ഒരു പൊലീസ് ഭരണപരിഷ്‌കാരത്തില്‍ പങ്കാളിയാകാന്‍ അക്കാലത്ത് എനിക്ക് അവസരം ലഭിച്ചു. ജില്ലാ എസ്.പിയുടെ കീഴിലുള്ള ആംഡ് റിസര്‍വ്വും ലോക്കല്‍ പൊലീസും സംയോജിപ്പിക്കുന്നതിന് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് എന്നെ ചുമതലപ്പെടുത്തി. ജില്ലകളില്‍ എ.ആര്‍ ക്യാമ്പ് നിര്‍ത്തലാക്കണം എന്ന് ചില കോണുകളില്‍നിന്ന് ഒരഭിപ്രായം പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ട്. പൊലീസ് അസ്സോസിയേഷനുകളുമായി ബന്ധപ്പെട്ടാണ് ഈ ആവശ്യം കൂടുതല്‍ കേട്ടിട്ടുള്ളത്. എ.ആര്‍ ക്യാമ്പാണ് ക്രമസമാധാനത്തിന് ജില്ലാ എസ്.പിയുടെ കരുത്തെന്നും ക്യാമ്പ് ഇല്ലാതായാല്‍ ജില്ലയിലെ പൊലീസ് സംവിധാനം ആകെപ്പാടെ തകര്‍ന്നു തരിപ്പണമായി പോകും എന്നൊരു എതിര്‍വാദവും പ്രബലമായിരുന്നു. ഉപരിപ്ലവമായ ചില മുന്‍വിധികള്‍ എന്നതിനപ്പുറം ഗഹനമായ പഠനത്തിന്റേയോ, ചിന്തയുടേയോ അടിസ്ഥാനത്തിലുള്ള അഭിപ്രായമായിരുന്നില്ല അവയൊന്നും.

ജേക്കബ് പുന്നൂസ് 
ജേക്കബ് പുന്നൂസ് 

ഘടനാപരിഷ്‌കാരത്തിലെ പ്രശ്‌നങ്ങള്‍

പൊലീസിന്റെ ഘടനയില്‍ ഏത് മാറ്റത്തെപ്പറ്റി ചിന്തിക്കുമ്പോഴും അനുകൂലവും പ്രതികൂലവുമായി ആദ്യ അഭിപ്രായ രൂപീകരണം നടക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കിടയിലാണ്. തങ്ങളുടെ സര്‍വ്വീസ് താല്പര്യങ്ങളെ അത് എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കും. അതില്‍ തെറ്റില്ലതാനും. പ്രവര്‍ത്തനമേഖല ഏതായാലും ഓരോ ഉദ്യോ ഗസ്ഥനും തന്റെ ഭാവിയെക്കുറിച്ച് ചില പ്രതീക്ഷകളുണ്ട്. അതിനെ ദോഷകരമായി ബാധിക്കുമെന്നു കണ്ടാല്‍ ഏതു വിധേനയും മാറ്റത്തെ എതിര്‍ക്കും. അതുകൊണ്ട് എ.ആര്‍ ക്യാമ്പും ലോക്കല്‍ പൊലീസും സംയോജിപ്പിക്കുന്ന വിഷയത്തെ സമീപിക്കുമ്പോള്‍ എല്ലാ ഉദ്യോഗസ്ഥരുടേയും ന്യായമായ ഭാവി പ്രതീക്ഷകളും ഉല്‍ക്കണ്ഠകളും കണക്കിലെടുത്തേ മുന്നോട്ട് പോകാവൂ എന്ന് വ്യക്തമായിരുന്നു. അതു മനസ്സിലാക്കുന്നതിനുവേണ്ടി വിവിധ പൊലീസ് അസ്സോസിയേഷനുകളുമായും ധാരാളം ഉദ്യോഗസ്ഥരുമായും സംസാരിച്ചു. എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പൊതുവേ വലിയ എതിര്‍പ്പുണ്ടായിരുന്നില്ല. കേരളാ പൊലീസ് അസ്സോസിയേഷനും സംയോജനത്തെ പിന്തുണച്ചു. എ.ആര്‍ ക്യാമ്പില്‍ കെട്ടിക്കിടക്കാതെ എത്രയും വേഗം പൊലീസുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്താം എന്നതായിരുന്നു അവരുടെ പരിഗണന എന്നു തോന്നുന്നു. എതിര്‍പ്പുണ്ടായത് ലോക്കല്‍ പൊലീസിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ്. അതിനു കാരണമായി പറഞ്ഞത് എ.ആറിലെ ഉദ്യോഗസ്ഥര്‍ ലോക്കലില്‍ വരുമ്പോള്‍ തങ്ങളുടെ സീനിയോറിറ്റിയേയും പ്രമോഷനേയും ദോഷകരമായി ബാധിക്കും എന്നതായിരുന്നു. പക്ഷേ, വലിയ ഉല്‍ക്കണ്ഠ, ഭാവിയില്‍ കുറേപേര്‍ക്ക് ലഭിച്ചേക്കാനിടയുള്ള ഐ.പി.എസിന്, ഈ എ.ആര്‍ ഉദ്യോഗസ്ഥര്‍ തടസ്സമാകുമോ എന്നതായിരുന്നിരിക്കണം. ഐ.പി.എസ് ഉല്‍ക്കണ്ഠ പലരേയും സമനില തെറ്റിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ ഇടയ്ക്കിടെ കാണാറുണ്ട്. എ.ആര്‍-ലോക്കല്‍ സംയോജനം മൂലം ഒരു ഉദ്യോഗസ്ഥന്റേയും അര്‍ഹമായ പ്രമോഷന്‍ നഷ്ടമാകാതെ അത് നടത്താവുന്നതാണ്. അതിനുള്ള വ്യവസ്ഥകള്‍ കൃത്യമായി ഉള്‍പ്പെടുത്തി സര്‍വ്വീസ് നിയമങ്ങളനുസരിച്ച് അത് ചെയ്യാന്‍ കഴിയും. സര്‍വ്വീസ് നിയമങ്ങള്‍ പഠിക്കുന്ന ഉദ്യോഗസ്ഥര്‍ കുറവാണ്. സംഭവം ലളിതമാണെങ്കിലും, 'വിദഗ്ദ്ധന്മാര്‍' അതിനെ സാങ്കേതിക പദാവലികള്‍കൊണ്ട് വ്യാഖ്യാനിച്ചും ദുര്‍വ്യാഖാനിച്ചും ഐന്‍സ്റ്റിന്റെ ആപേക്ഷികതാ സിദ്ധാന്തത്തെക്കാള്‍ ദുഷ്‌ക്കരമാക്കിയിട്ടുമുണ്ട്. 

ഉദ്യോഗസ്ഥ ചര്‍ച്ചകളില്‍ ഓരോ വിഭാഗത്തിന്റേയും താല്പര്യങ്ങളെ എങ്ങനെ ബാധിക്കും എന്നതിനപ്പുറം പുതിയ മാറ്റം സമൂഹത്തിന്റെ താല്പര്യങ്ങളെ എങ്ങനെ ബാധിക്കും എന്ന പരിശോധന തീരെ കുറവാണ് എന്നു പറഞ്ഞേ മതിയാകൂ. ഇന്ത്യയിലെ പൊലീസ് പരിഷ്‌കരണത്തെക്കുറിച്ച്, സ്വതന്ത്ര്യത്തിനു ശേഷം ഏറ്റവും സമഗ്രമായും ഗഹനമായും പഠിച്ചത് അടിയന്തരാവസ്ഥയെ തുടര്‍ന്ന് നിയമിച്ച ധര്‍മ്മവീരാ കമ്മിഷനാണ്. ജില്ലയില്‍ പ്രത്യേകമായി ഒരു ആംഡ് പൊലീസ് റിസര്‍വ്വ് ആവശ്യമില്ല എന്നായിരുന്നു കമ്മിഷന്റെ നിലപാട്. 

ജനാധിപത്യത്തില്‍ പൊലീസിന്റെ അടിസ്ഥാന ഘടകം എന്നത് സിവില്‍ പൊലീസും സായുധ പൊലീസും അടങ്ങുന്നതാണ്. ജനങ്ങളുമായി അടുത്തിടപഴകി, ജനങ്ങളില്‍ സുരക്ഷാബോധം വളര്‍ത്തുകയും അവരില്‍നിന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചും സാമൂഹ്യ ഭീഷണികളെക്കുറിച്ചും ഒക്കെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നത് സിവില്‍ പൊലീസാണ്. ബീറ്റ് പട്രോളിംഗ്, പരാതി അന്വേഷണം, കേസന്വേഷണം തുടങ്ങിയ ചുമതലകളെല്ലാം നടത്തുന്നത് അവരാണ്. ലളിതമായി പറഞ്ഞാല്‍ പൊലീസ് സ്റ്റേഷനുകളിലേത് സിവില്‍ പൊലീസാണ്. നിയമാനുസൃതം അവര്‍ക്കും ആയുധങ്ങളാകാം. പിന്നെ എന്താണ് സായുധ പൊലീസ് എന്നു ചോദിച്ചാല്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ശക്തമായ ഇടപെടലിലൂടെ സമാധാനം സ്ഥാപിക്കാന്‍ ലോക്കല്‍ പൊലീസിനെ സഹായിക്കുവാനാണത്. 

ആരോഗ്യകരമായ ജനാധിപത്യ ഭരണസമ്പ്രദായം മുന്നോട്ട് പോകുന്തോറും ക്രമസമാധാനപാലനത്തിന് സായുധ പൊലീസിനെ ആശ്രയിക്കുന്നത് കുറയേണ്ടതാണ്. ഒരു സമൂഹത്തില്‍ ഉയരുന്ന സംഘര്‍ഷങ്ങള്‍ അക്രമത്തിലേയ്ക്ക് നയിക്കാതെ സമാധാനപരമായി പരിഹരിക്കുവാന്‍ കഴിയണം. ജനാധിപത്യ സമ്പ്രദായത്തിന്റെ വിജയം അതാണ്. കേരളത്തിന്റെ അവസ്ഥ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍, അക്കാര്യത്തില്‍ ജനാധിപത്യം വലിയ വിജയം വരിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. കേരളത്തില്‍ ജനങ്ങളുമായി നിരന്തരം ഇടപെട്ട് പ്രവര്‍ത്തിക്കുന്ന സിവില്‍ പൊലീസിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യം സ്വാഭാവികമാണ്. അതുകൊണ്ടും കൂടിയാണ് പൊലീസ് സ്റ്റേഷനുകളില്‍ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള മുറവിളി ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് എ.ആര്‍-ലോക്കല്‍ സംയോജനം പരിഗണിച്ചത്. സംയോജന വിഷയത്തില്‍, നാഷണല്‍ പൊലീസ് കമ്മിഷന്റെ വീക്ഷണവും കേരളത്തിന്റേയും ഇതര സംസ്ഥാനങ്ങളുടേയും അനുഭവങ്ങളും എല്ലാം വിലയിരുത്തി ശക്തമായി അനുകൂലിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഞാന്‍ തയ്യാറാക്കിയത്. സംയോജനം മൂലം ഒരു ഉദ്യോഗസ്ഥന്റേയും സീനിയോറിറ്റിയോ പ്രൊമോഷന്‍ സാധ്യതയോ നഷ്ടപ്പെടുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ചിരുന്നു. കാലക്രമേണ ഇത് പൂര്‍ണ്ണമായും പ്രാവര്‍ത്തികമാകുന്നതോടെ പൊലീസ് സ്റ്റേഷനുകളില്‍ കുറേക്കൂടി ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ സേവനത്തിനു ലഭിക്കുവാന്‍ സാദ്ധ്യതയുണ്ടായിരുന്നു. 

പുതുതായി പൊലീസ് സേനയില്‍ അംഗമാകുന്ന പൊലീസുകാര്‍ കുറേ വര്‍ഷം ബറ്റാലിയനിലും പിന്നീട് ജില്ലാ സായുധ റിസര്‍വ്വിലും ചെലവഴിച്ചശേഷം പലരും ഏതാണ്ട് മദ്ധ്യവയസ്സ് ആകുമ്പോഴാണ് ജനങ്ങളുമായി അടുത്തിടപഴകേണ്ട പൊലീസ് സ്റ്റേഷനിലെത്തുന്നത്. ചെറുപ്പത്തിലേ സ്റ്റേഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ അത് വലിയ കുഴപ്പമാണെന്ന് കരുതുന്ന ഉദ്യോഗസ്ഥര്‍ ധാരാളമുണ്ട്. ബറ്റാലിയനിലും എ.ആര്‍ ക്യാമ്പിലുമൊക്കെ കുറെ വര്‍ഷങ്ങള്‍ ചെലവഴിച്ച് സംവിധാനത്തിനുള്ളില്‍ 'പരുവപ്പെട്ട' ശേഷം സ്റ്റേഷനില്‍ പോകുന്നതാണ് നല്ലത് എന്നവര്‍ വിശ്വസിക്കുന്നു. ഞാനാ വിശ്വാസിഗണത്തില്‍ പെടുന്നില്ല. ചെറുപ്പക്കാരായ സബ്ബ് ഇന്‍സ്പെക്ടര്‍മാരേയും ചെറുപ്പക്കാരായ ഐ.പി.എസുകാരേയും ജനസമ്പര്‍ക്കമുള്ള ചുമതലകളില്‍ വിശ്വസിക്കാമെങ്കില്‍ ചെറുപ്പക്കാരായ പൊലീസുകാരേയും വിശ്വസിക്കാം. തന്റെ സേവന മേഖലയില്‍, പൊലീസ് ഉദ്യോഗസ്ഥനെ ദു:സ്വാധീനങ്ങള്‍ക്കു വഴങ്ങാതെ, ശരിയായ ദിശയില്‍ നീങ്ങാന്‍ പ്രേരണ നല്‍കുന്ന മുഖ്യഘടകം അയാളുടെ മൂല്യബോധമാണ്. യുവത്വം ബറ്റാലിയനിലും ജില്ലാ റിസര്‍വ്വിലും 'പരുവപ്പെടു'മ്പോള്‍ പൊലീസ് ഉപസംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ മൂല്യബോധത്തില്‍ വ്യതിയാനം സംഭവിക്കാം. അല്ലെങ്കില്‍ തന്നെ, ശരാശരി സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ പ്രായം കൂടുന്തോറും കുറഞ്ഞുവരുന്നതായി കണ്ടുവരുന്ന ഒന്നാണ് ഈ മൂല്യബോധം. സംയോജനം മൂലം കൈവരാനിടയുള്ള ഒരു പ്രയോജനം ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ എത്തും എന്നതാണ്.

കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

സിവില്‍ പൊലീസ് ഓഫിസര്‍ വന്ന കഥ

എ.ആര്‍-ലോക്കല്‍ സംയോജനത്തെക്കുറിച്ചുള്ള പഠനം, ഭരണപരമായ ഒരഭ്യാസം എന്നതിനപ്പുറമുള്ള ചില ചിന്തകളിലേയ്ക്ക് എന്നെ കൊണ്ടുപോയി. സര്‍വ്വീസ് താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ സംയോജനം പൂര്‍ത്തിയാകും. അത്തരം ഒരു സാങ്കേതിക നടപടിക്കപ്പുറം സമൂഹത്തിന് ഗുണകരമായ മറ്റൊരു തലത്തില്‍ കൊണ്ടുപോകാന്‍ സഹായിച്ചത് നിശ്ചയമായും നാഷണല്‍ പൊലീസ് അക്കാദമിയിലെ അനുഭവമാണ്. അക്കാലത്ത് കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ സോളി സൊറാബ്ജി അദ്ധ്യക്ഷനായ ഒരു കമ്മിറ്റി മാതൃകാ പൊലീസ് നിയമത്തിന്റെ കരടിനു രൂപം നല്‍കിയിരുന്നു. ആ നിയമത്തില്‍ സിവില്‍ പൊലീസിനെക്കുറിച്ച് ശ്രദ്ധേയമായ വ്യവസ്ഥകളോടെ കൃത്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. മലയാളിയായ നിയമവിദഗ്ദ്ധന്‍ എന്‍.ആര്‍. മാധവമേനോന്‍ ആയിരുന്നു അതിന് ഊന്നല്‍ നല്‍കിയത്. അതിന്റെ ചുവടുപിടിച്ച് സംയോജനത്തെ പുതിയ സിവില്‍ പൊലീസ് കാഡറിന്റെ രൂപീകരണം എന്ന പ്രഫഷണല്‍ വീക്ഷണത്തില്‍ ഊന്നി കുറേ ശുപാര്‍ശകള്‍ നല്‍കി. 

അതിലൊന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചായിരുന്നു. Civil (സിവില്‍) എന്ന വാക്കിനോട് എനിക്ക് വല്ലാത്ത ആകര്‍ഷണം തോന്നി. ആ വാക്ക് നിഘണ്ടുവിലെ അര്‍ത്ഥത്തിനപ്പുറം, സംസ്‌ക്കാരം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളെ ശക്തമായി ധ്വനിപ്പിക്കുന്നതായി തോന്നി. തികച്ചും വ്യക്തിനിഷ്ഠമായ തോന്നല്‍ മാത്രം. 'What is in a name? That which we call a rose, by any other name would smell as sweet.' (ഒരു പേരിലെന്തിരിക്കുന്നു? നമ്മള്‍ റോസ് എന്ന് വിളിക്കുന്നത് ഏത് പേരിലും അതുപോലെ മണക്കും) എന്ന് ഷേക്സ്പിയര്‍ പറഞ്ഞത് സത്യം. പക്ഷേ, മനുഷ്യന്റെ കാര്യത്തില്‍, പ്രത്യേകിച്ച്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ ഉദ്യോഗപേരിനു വലിയ പ്രാധാന്യമുണ്ട്. കോണ്‍സ്റ്റബിള്‍ സിവില്‍ പൊലീസ് ആകുന്നത് ഗുണപരമായ ചില മാറ്റങ്ങളുണ്ടാക്കും. നാളെ ഏതെങ്കിലും കോണ്‍സ്റ്റബിള്‍ ഒരാളോട് മോശമായി പെറുമാറിയാല്‍ അതിനെ ചോദ്യം ചെയ്യുന്ന മേലുദ്യോഗസ്ഥന്‍ ''നിങ്ങളൊരു സിവില്‍ പൊലീസ് ഉദ്യോഗസ്ഥനല്ലേ'' എന്നു ചോദിക്കും എന്നൊക്കെ മനസ്സില്‍ കണക്കുകൂട്ടി. പൊലീസുകാരനെ 'സിവില്‍' ആക്കിയേ പറ്റൂ എന്ന നിര്‍ബ്ബന്ധത്തില്‍ കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്നീ പേരുകള്‍ക്ക് പകരം യഥാക്രമം സിവില്‍ പൊലീസ് അസിസ്റ്റന്റ്, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിങ്ങനെ പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചു. ആഭ്യന്തരവകുപ്പു മന്ത്രി കോടിയേരി ബാലകൃഷ്ണനും ഡി.ജി.പി ജേക്കബ്ബ് പുന്നൂസും വളരെ അനുകൂല നിലപാടാണ് എന്റെ റിപ്പോര്‍ട്ടിനോട് സ്വീകരിച്ചത്. അതിന്മേല്‍ നടന്ന ചര്‍ച്ചകളില്‍ കോണ്‍സ്റ്റബിള്‍ സിവില്‍ പൊലീസ് ഓഫീസറും ഹെഡ് കോണ്‍സ്റ്റബിള്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും എന്ന് തീരുമാനിച്ചു. അതെനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടു. അങ്ങനെയൊക്കെയാണ് കേരളത്തിലെ കോണ്‍സ്റ്റബിള്‍ 'സിവിലും' 'ഓഫീസറും' ഒക്കെ ആയത്. 

മണ്ണന്തല കരുണാകരൻ
മണ്ണന്തല കരുണാകരൻ

ഇത് തീരുമാനമായപ്പോള്‍ ഔപചാരികമായി ഉദ്ഘാടനത്തിന് തലസ്ഥാനത്ത് വലിയൊരു പൊതുയോഗം നടന്നു. ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ആ ചടങ്ങിലേയ്ക്ക് ഒരു സ്വതന്ത്ര്യസമരസേനാനിയെ കൂടി പങ്കെടുപ്പിക്കാന്‍ അദ്ദേഹം താല്പര്യപ്പെട്ടു. അതനുസരിച്ച് മണ്ണന്തല കരുണാകരന്‍ എന്ന സ്വാതന്ത്ര്യസമരസേനാനിയേയും ക്ഷണിച്ചു വരുത്തി. ചടങ്ങില്‍ സ്വാഗതം പറയേണ്ട ചുമതല എനിക്കായിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സെക്രട്ടറിയേറ്റില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ദേശാഭിമാനി ആയിരുന്നു അദ്ദേഹം. ചടങ്ങിനു നേരത്തെ എത്തിയ അദ്ദേഹത്തെ ഞാന്‍ സമീപിച്ചു. അടുത്തിരുന്ന്, അദ്ദേഹത്തിന്റെ പൊലീസ് അനുഭവങ്ങളെപ്പറ്റി ചോദിച്ചു. സ്വാതന്ത്ര്യത്തിനു മുന്‍പ് അദ്ദേഹത്തിന് പൊലീസില്‍നിന്നും മര്‍ദ്ദനമേറ്റിരിക്കും എന്ന ധാരണയില്‍ അത് മനസ്സിലാക്കി, കഴിയുമെങ്കില്‍ സ്വാതന്ത്ര്യം പൊലീസില്‍ കൊണ്ടുവന്ന മാറ്റം എന്ന രീതിയില്‍ ചിലത് സ്വാഗതപ്രസംഗത്തില്‍ പറയാം എന്നായിരുന്നു എന്റെ ആലോചന. അദ്ദേഹം പറഞ്ഞുതുടങ്ങിയപ്പോള്‍ ഞാന്‍ ബുദ്ധിമുട്ടി. ''സ്വാതന്ത്ര്യത്തിന് മുന്‍പും പിന്നെയും അടി കിട്ടിയിട്ടുണ്ട്'' - അദ്ദേഹം പറഞ്ഞു. അതൊക്കെ സ്വാഭാവികം എന്ന മട്ടിലാണ് പറഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഇളിഭ്യനായി. സ്വാതന്ത്ര്യത്തിനു ശേഷം കിട്ടിയ പൊലീസ് മര്‍ദ്ദനം ആയിരുന്നത്രെ കൂടുതല്‍ കഠിനം. അതൊക്കെ മാറ്റി എടുക്കാനും കൂടിയാണ് ഇന്നത്തെ പരിപാടി എന്നു പറഞ്ഞ് ഞാന്‍ രക്ഷപ്പെട്ടു.     

അസാധാരണത്വം കൊണ്ട് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു മനുഷ്യനെക്കൂടി പരിചയപ്പെടാം. ജീവിതത്തില്‍ രണ്ട് പ്രാവശ്യം മാത്രം കണ്ടിട്ടുള്ള ഒരാള്‍. ആദ്യം കാണുന്നത് 20 വര്‍ഷം മുന്‍പാണ്. അദ്ദേഹത്തെ നമുക്ക് രാമകൃഷ്ണന്‍ എന്നു വിളിക്കാം. കോളേജില്‍ തന്റെ സഹപാഠിയായിരുന്ന എന്റെ ഒരു സുഹൃത്ത് മുഖേനയാണ്  സമീപിച്ചത്. അക്കാലത്ത് അദ്ദേഹത്തിന് 50 വയസ്സോളം പ്രായമുണ്ട്. ആ സമയത്ത് എന്റെ മുന്നില്‍ രാമകൃഷ്ണന്‍ വാദിയോ പ്രതിയോ ആയ കേസുകളൊന്നും നിലവിലില്ലായിരുന്നു. വെറുതെ ഒന്നു പരിചയപ്പെടാന്‍ മാത്രം എന്നാണയാള്‍ പറഞ്ഞത്. പണ്ട് ഒരിക്കല്‍ അദ്ദേഹത്തെ ചില ആളുകള്‍ ദേഹോപദ്രവം ഏല്പിച്ചിട്ടുണ്ട്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ഥലത്തെ ഒരു പ്രധാന ദിവ്യനാണെന്ന് രാമകൃഷ്ണനുറപ്പായിരുന്നു. ഈ ദിവ്യന്‍ ഒരുകാലത്ത് അയാളുടെ ആത്മസുഹൃത്തായിരുന്നുവത്രെ. അവരൊരുമിച്ച് വിദേശ സന്ദര്‍ശനം വരെ നടത്തിയിട്ടുണ്ട്. തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. അതൊക്കെ പഴയ കഥ. ഇപ്പോള്‍ അയാള്‍ രാമകൃഷ്ണന്റെ ബദ്ധശത്രുവാണ്. ശത്രുതയ്ക്കുള്ള കാരണം വിവരിക്കാന്‍ ശ്രമിച്ചെങ്കിലും അത് എന്റെ തലയില്‍ കയറിയില്ല. ആ ശത്രുവിന്റെ ഗൂഢാലോചനയായിരുന്നു തന്റെ നേരെയുണ്ടായ കയ്യേറ്റം എന്നയാള്‍ ഗാഢമായി വിശ്വസിച്ചു. രാമകൃഷ്ണന്‍ ആരോപിച്ചതുപോലെ ഗൂഢാലോചനയ്ക്ക് തെളിവ് കണ്ടെത്താന്‍ പൊലീസിനായില്ല. നിരന്തരമായ പരാതിയെത്തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും 'ശത്രു'വിനെതിരെ അവര്‍ക്കും തെളിവൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ നിയമം അതിന്റെ വഴിക്കു പോകവേ അയാളുടെ മനസ്സില്‍ ശത്രുവിനോടുള്ള പകയുടെ തീവ്രത വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അതിനിടെ മറ്റൊന്നുകൂടി സംഭവിച്ചു. രാമകൃഷ്ണന്റെ വിവാഹ ജീവിതം തകര്‍ന്നു. ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന സമ്പന്നകുടുംബമായിരുന്നു അയാളുടേത്. എന്തോ ചില കാരണങ്ങളാല്‍ ഭാര്യയും കുട്ടികളും അയാളില്‍നിന്നും അകന്നു. അവസാനം അത് വിവാഹമോചനത്തില്‍ കലാശിച്ചിരുന്നു. അതിന്റെ കാരണമൊന്നും അയാളെന്നോട് പറഞ്ഞില്ല. എങ്കിലും ഒരു കാര്യത്തില്‍ അയാള്‍ക്കുറപ്പായിരുന്നു. തന്റെ കുടുംബജീവിതം തകര്‍ന്നതിനു പിന്നിലും പ്രവര്‍ത്തിച്ചത് ആ 'ശത്രു'തന്നെയായിരുന്നു. ജീവിതത്തില്‍ ഉണ്ടായ ചെറുതും വലുതുമായ എല്ലാ തിരിച്ചടികളുടേയും കാരണം അയാള്‍ ആരോപിച്ചത് ആ 'ശത്രു'വിലായിരുന്നു. കൂടുതല്‍ സംസാരിക്കുന്തോറും പകയുടെ ആഴം കൂടുതല്‍ വെളിവായിക്കൊണ്ടിരുന്നു. ആ ഒറ്റയാന്റെ മനസ്സില്‍ പകയുടെ അഗ്‌നിപര്‍വ്വതം തിളച്ചുമറിയുന്നുണ്ടായിരുന്നു. തന്റെ ശത്രുവിനെ ഏതെല്ലാം വിധത്തില്‍ ദുര്‍ബ്ബലനാക്കി തകര്‍ക്കാം എന്നതായിരുന്നു, അത് മാത്രമായി മാറിയിരുന്നു ആ ജീവിതത്തിന്റെ ലക്ഷ്യം. അയാള്‍ പറഞ്ഞതില്‍നിന്നും അയാളുടെ ശത്രുതയ്ക്ക് വസ്തുനിഷ്ഠമായ എന്തെങ്കിലും അടിസ്ഥാനമുണ്ടെന്ന് എനിക്ക് ബോദ്ധ്യം വന്നില്ല. എന്റെ ബോദ്ധ്യം പ്രസക്തമല്ലല്ലോ. പ്രശ്നം അയാളുടെ മനസ്സാണ്. ഒരു വ്യക്തിയോടുള്ള യഥാര്‍ത്ഥമോ സാങ്കല്പികമോ ആയ വസ്തുതകളുടെ പേരില്‍ ശിഷ്ടകാലം മുഴുവന്‍ തന്റെ 'ശത്രു'വിനെതിരായ പകപോക്കലിനായി മാത്രം ഉഴിഞ്ഞുവച്ച ഒരു ജീവിതം - അതായിരുന്നു ആദ്യം ഞാന്‍ കാണുന്ന ആ മനുഷ്യന്‍.

പിന്നീട് പലപ്പോഴും അയാള്‍ എന്റെ മനസ്സില്‍ കടന്നുവന്നിട്ടുണ്ട്. ഒരിക്കല്‍ കൗതുകകരമായ ഒരു ചിന്ത എന്നിലുണ്ടായി. എന്നെ കാണുന്ന അവസരത്തില്‍ ആ ജീവിതത്തെ മുന്നോട്ടു നയിച്ച ഏക വികാരം ഒരു വ്യക്തിയോടുള്ള ശത്രുത മാത്രമായിരുന്നുവല്ലോ. എങ്ങാനും ആ 'ശത്രു' മരണപ്പെട്ടാല്‍ അയാളുടെ ജീവിതത്തിന് എന്തു സംഭവിക്കും? അതോടുകൂടി ആ ഒറ്റയാന്റെ ജീവിതം ലക്ഷ്യമില്ലാതാകുമല്ലോ. ഈ ചിന്ത പിന്നീട് മനസ്സില്‍നിന്ന് മാഞ്ഞുപോയി. ഞാന്‍ ഹൈദ്രബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഡെപ്യൂട്ടേഷനില്‍ ജോലിനോക്കി വരവെ ഒരു ദിവസം ഞാനറിഞ്ഞു, 'ശത്രു' മരണപ്പെട്ടു. രാമകൃഷ്ണന്‍ ഇനി എങ്ങനെ ജീവിക്കും?

ഡെപ്യുട്ടേഷന്‍ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തി തിരുവനന്തപുരം റേഞ്ചില്‍ ജോലി നോക്കുമ്പോള്‍ രണ്ടാം വട്ടം രാമകൃഷ്ണന്‍ എന്നെ കാണാന്‍ വന്നു. ശത്രു ഇല്ലാതായതോടെ അയാളുടെ ജീവിതം എങ്ങനെ മാറി എന്നറിയാന്‍ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു. പകയും വിദ്വേഷവും മാത്രം തിങ്ങിവളര്‍ന്നിരുന്ന അയാളുടെ മനസ്സില്‍ പ്രസന്നമായ ജീവിതവീക്ഷണത്തിന്റെ പുതിയ നാമ്പുകള്‍ പൊട്ടിമുളച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതി. എനിക്ക് തെറ്റി.  അയാളൊരു പുതിയ 'ശത്രു'വിനെ കണ്ടെത്തി മനസ്സില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു! പിന്നെ ഞാനയാളെ കണ്ടിട്ടില്ല. ആ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യനിര്‍മ്മിതമായ ഒരു സംവിധാനത്തിനും കഴിയുമെന്ന് തോന്നുന്നില്ല; കാലം എന്ന പരമാധികാരിക്കു മാത്രമേ അത് കഴിയൂ.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com