ഇത്രയ്ക്ക് വൃത്തികെട്ട, ഇത്രയ്ക്ക് അധമമായ ഒരിടപെടല്‍ ഉണ്ടായിട്ടില്ല

അധികാരം ഒന്നുകൊണ്ടുമാത്രം മഹത്വപ്പെടുന്നവര്‍ക്കു മുന്‍പില്‍ നിസ്സഹായമായി പോകുന്ന പൊലീസ് സേന
ഇത്രയ്ക്ക് വൃത്തികെട്ട, ഇത്രയ്ക്ക് അധമമായ ഒരിടപെടല്‍ ഉണ്ടായിട്ടില്ല

രിക്കലും കണ്ടിട്ടില്ലാത്ത രണ്ടു പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങളില്‍ കണ്ണൂര്‍ ഐ.ജി ആയിരിക്കേ, എനിക്കിടപെടേണ്ടിവന്നു.  വയനാടുനിന്നുള്ള ആദിവാസി ആയിരുന്നു ഒരു കുട്ടി. ആ പന്ത്രണ്ടുകാരിയെ ഞാനറിയുമ്പോഴേയ്ക്കും അവള്‍ മരിച്ചുകഴിഞ്ഞിരുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് മയങ്ങി ഉണരുമ്പോള്‍ മുറിയില്‍ നിശ്ശബ്ദം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടെലിവിഷനില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെ ഒരു വാര്‍ത്ത, അടിക്കുറിപ്പായി പോകുന്നത് കണ്ടു. ഓഫീസിലും വീട്ടിലും ജോലിസമയത്തും അല്ലാത്തപ്പോഴും ഏതെങ്കിലും ന്യൂസ് ചാനല്‍ ശബ്ദരഹിതമായി ഓണ്‍ ചെയ്തുവെയ്ക്കുന്ന രീതി അക്കാലത്ത് ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥനെന്ന നിലയില്‍ ഞാന്‍ ശ്രദ്ധിക്കേണ്ട എന്തെങ്കിലും ഉണ്ടായാലോ എന്നു കരുതി തുടങ്ങിയതാണ്. പിന്നെ അത് ശീലമായി. സര്‍വ്വീസില്‍നിന്നു വിരമിച്ചപ്പോഴാണ് അതിനോട് വിടപറഞ്ഞത്. അപ്പോള്‍ വാര്‍ത്തയില്‍ ഇടയ്ക്കിടെ എഴുതിക്കാണിച്ചുകൊണ്ടിരുന്നത്, കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് പൊലീസിനെ കാത്തിരിക്കുന്ന ആദിവാസിയായ ഒരച്ഛന്റെ അവസ്ഥയായിരുന്നു, വയനാട് ബത്തേരിക്കാരനായിരുന്നു അയാള്‍. 

വിവരം തിരക്കാന്‍ ഞാനുടനെ വയനാട് എസ്.പിയെ വിളിച്ചു. അദ്ദേഹം സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചു. അദ്ദേഹവും അറിഞ്ഞിട്ടില്ല. രണ്ടുപേരും അന്വേഷിച്ച് തിരികെ വിളിക്കാമെന്നു പറഞ്ഞു. ഇങ്ങനെ ഒരു പ്രശ്‌നം അന്നുണ്ടായിരുന്നു. ഇന്നും ഉണ്ടാകണം. ഒരു വിഷയം പത്രങ്ങളിലും ചാനലിലും എല്ലാം നിറഞ്ഞുനില്‍ക്കും; പക്ഷേ, അറിയേണ്ടവര്‍, അറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടവര്‍ മാത്രം അറിയില്ല. അറിയാതിരിക്കുന്നത് പലര്‍ക്കും ആശ്വാസവുമാണ്. ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 24 മണിക്കൂറും വാര്‍ത്താ ചാനലുകള്‍ കാണാനാകില്ല. പക്ഷേ, വാര്‍ത്താമാധ്യമങ്ങളിലൂടെ പൊതുമണ്ഡലത്തില്‍ വരുന്ന പ്രസക്ത വിവരങ്ങള്‍ യഥാസമയം അറിയാനുള്ള ഉത്തരവാദിത്വം അവര്‍ക്കുണ്ട്. അതിനൊക്കെ കൂടിയാണല്ലോ സ്‌പെഷ്യല്‍ ബ്രാഞ്ചെന്നും ഇന്റലിജെന്‍സെന്നും ഒക്കെ വിളിക്കുന്ന  സംവിധാനങ്ങള്‍. ചാനലില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയെക്കുറിച്ച് ആദ്യം കോഴിക്കോട് കമ്മിഷണര്‍ തിരികെ വിളിച്ചു. വയനാട്‌നിന്നും അസുഖം ബാധിച്ച ഒരു പെണ്‍കുട്ടിയെ ചികിത്സിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തലേദിവസം കൊണ്ടുവന്നിരുന്നു. പക്ഷേ, ആശുപത്രിയിലെത്തുമ്പോഴേയ്ക്കും കുട്ടി മരിച്ചു. മരിച്ച അവസ്ഥയില്‍ എത്തിയതുകൊണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പൊലീസിന്റെ അനുമതിയില്ലാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല. ആശുപത്രി അധികൃതര്‍ സിറ്റിയിലെ മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ വിവരം റിപ്പോര്‍ട്ട് ചെയ്തു. അവരാകട്ടെ, മരിച്ച കുട്ടി വയനാട്ടുകാരിയായതുകൊണ്ട് വയനാട് ബത്തേരി സ്‌റ്റേഷനിലേയ്ക്ക് വയര്‍ലെസ് സന്ദേശം അറിയിച്ച് തങ്ങളുടെ ജോലി കഴിച്ചു. പിന്നെ എന്തു സംഭവിച്ചു എന്നവര്‍ക്കറിയില്ല. പിന്നീട് വയനാട്ടില്‍നിന്ന് എസ്.പി വിളിച്ചു. മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍നിന്ന് സന്ദേശം ലഭിച്ചുവെങ്കിലും അതിന്മേല്‍ ആ സമയം വരെ ഒരു നടപടിയും വയനാട്ടില്‍ സ്വീകരിച്ചിരുന്നില്ല. അന്വേഷണത്തില്‍ ലഭിച്ച വിവരമിതാണ്. ബത്തേരിയിലെ ഒരു ആദിവാസി കോളനിയില്‍ താമസിച്ചിരുന്ന പന്ത്രണ്ടു വയസ്സുകാരിക്ക് പനി ബാധിച്ചു. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ കുട്ടിയെ അവര്‍ അവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധിച്ച ഡോക്ടര്‍ കുട്ടിക്കു മെച്ചപ്പെട്ട ചികിത്സ കൂടിയേ തീരൂ എന്ന ബോദ്ധ്യത്തില്‍ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. എങ്ങനെയൊക്കെയോ ഒരു ടാക്‌സി സംഘടിപ്പിച്ച് അവര്‍ കുട്ടിയേയുംകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് തിരിച്ചു. ദൗര്‍ഭാഗ്യവശാല്‍, മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. ആ ദുരന്തത്തിനിടയിലാണ് മരിച്ച കുട്ടിയെ വിട്ടുകിട്ടുന്നതിനുള്ള തടസ്സം. അതിന് പൊലീസ് ക്ലിയറന്‍സ് വേണം. അക്കാര്യത്തില്‍ ആശുപത്രിയെ കുറ്റപ്പെടുത്താനാകില്ല. അതാണ് നടപടിക്രമം. മരണത്തില്‍ ദുരൂഹത എന്തെങ്കിലുമുണ്ടോ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബോദ്ധ്യപ്പെട്ട് എളുപ്പത്തില്‍ തീരുമാനിക്കാവുന്നതാണ്. പക്ഷേ, അതിന് പൊലീസ് എത്തണ്ടേ. അവര്‍ അനങ്ങിയിട്ടില്ല. അനങ്ങുന്നതിനു ചില ചട്ടവട്ടങ്ങളുണ്ട്. ആവശ്യക്കാര്‍ തന്നെ അതിനുള്ള മുന്‍കൈ എടുക്കണം. വാഹനവും സൗകര്യങ്ങളുമായി അവര്‍ പലപ്പോഴും ബന്ധപ്പെട്ടവരുടെ പിറകെ നടക്കണം. അല്ലെങ്കില്‍ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളോ ഉദ്യോഗസ്ഥരോ ഇടപെടണം. ഇതിനൊക്കെ ത്രാണിയുണ്ടായിരുന്നെങ്കില്‍ ആ ആദിവാസി പെണ്‍കുട്ടിക്കു യഥാസമയം ചികിത്സ കിട്ടി ഒരുപക്ഷേ, ആ കുട്ടി മരിക്കില്ലായിരുന്നിരിക്കാം; മരണാനന്തര കര്‍മ്മത്തിന് അരി ചോദിച്ചപ്പോള്‍ 'അരിയുണ്ടെന്നാലങ്ങോരന്തരിക്കുകില്ലല്ലോ' എന്ന് വൈലോപ്പിള്ളിയുടെ പാവം വീട്ടമ്മ വിലപിച്ചപോലെ. പക്ഷേ, കുട്ടി മരിച്ച് ഒരു രാത്രി കഴിഞ്ഞ് അടുത്ത പകല്‍ കഴിയാറാകുമ്പോഴും പൊലീസ് അനങ്ങിയിട്ടില്ല. അപ്പോഴാണ് സംഭവം വാര്‍ത്തയായി ചാനലില്‍ പുറത്തുവന്നത്. കോഴിക്കോട് സിറ്റിയിലേയും വയനാട്ടിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥരോട് ഞാന്‍ സംസാരിച്ച ശേഷം പിന്നെ വേഗത്തില്‍ കാര്യങ്ങള്‍ നീങ്ങി. പിന്നില്‍ ആളുണ്ടെന്നു തോന്നിയാല്‍ പൊലീസ് സംവിധാനം അതിവേഗം ചലിക്കും; ചലിച്ചു. അന്നുതന്നെ ആ കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍നിന്നും വിട്ടുനല്‍കി, വയനാട്ടിലേയ്ക്ക് കൊണ്ടുപോയി. 

ആ പ്രശ്‌നം അങ്ങനെ അവസാനിപ്പിച്ചതുകൊണ്ടായില്ല എന്നെനിക്കു തോന്നി. മരിച്ച കുഞ്ഞിന്റെ ദേഹം വിട്ടുകിട്ടാന്‍ വേണ്ടി ഒരു രാത്രിയും പകലും മുഴുവന്‍ ആശുപത്രി പരിസരത്ത് കാത്തിരിക്കേണ്ടിവന്ന ആ കുടുംബത്തിന്റെ ദുരിതത്തിന് ആരാണ് ഉത്തരവാദി? ആദിവാസി വിഭാഗമെന്ന നിലയില്‍ പൊലീസില്‍നിന്നും പ്രത്യേക പരിഗണന ലഭിക്കേണ്ടവരാണവര്‍. അതിനുള്ള കമ്മിറ്റികള്‍ താഴെ പൊലീസ് സ്‌റ്റേഷന്‍ മുതല്‍ മുകളില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനായതുവരെയുണ്ട്. യഥാകാലം കമ്മിറ്റികള്‍ കൂടി ആദിവാസി ദളിത് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുള്ള പുരോഗതി അവലോകനം ചെയ്യാറുണ്ട്. ഫയലുകള്‍ നോക്കിയാല്‍ വലിയ പുരോഗതി ആയിരിക്കും. പക്ഷേ, യാഥാര്‍ത്ഥ്യം നമ്മളിവിടെ കണ്ടതൊക്കെത്തന്നെയാണ്. അതുകൊണ്ട് ഈ സംഭവത്തില്‍ അന്വേഷണം നടത്തി, റിപ്പോര്‍ട്ട് നല്‍കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ബത്തേരിയിലെ സബ്ബ് ഇന്‍സ്‌പെക്ടറേയും മറ്റൊരു ഉദ്യോഗസ്ഥനേയും സസ്‌പെന്റ് ചെയ്തുകൊണ്ട് ഞാനുത്തരവിട്ടു. ഇക്കാര്യത്തില്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെട്ട ചാനല്‍വാര്‍ത്തയല്ലാതെ ഒരു ശബ്ദവും അവര്‍ക്കുവേണ്ടി ഉയര്‍ന്നില്ല. പൊലീസിന്റെ അനാസ്ഥയെക്കുറിച്ച് ഒരു പരാതിയും ആരും ഉന്നയിച്ചതുമില്ല. സര്‍വ്വീസില്‍ തിരികെ കയറാന്‍ ആ ഉദ്യോഗസ്ഥര്‍ അപേക്ഷയുമായി വരികയാണെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചു എന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം എന്നെന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, അവര്‍ വന്നില്ല. ആര്‍ക്കും പരാതിയില്ലാത്ത കാര്യത്തില്‍ അന്വേഷണത്തിനും സസ്‌പെന്‍ഷനും മുതിര്‍ന്ന ക്രൂരനാണ് ഞാന്‍ എന്നവര്‍ ചിന്തിച്ചിരിക്കാം. അധികം വൈകാതെ ഞാനവിടുന്ന് മാറി എന്നതും കാരണമാകാം.

ആദിവാസിപെണ്‍കുട്ടിയുടെ മരണം

ആ സ്ഥലം മാറ്റത്തിനു പിന്നിലും ഇതുപോലെ ആര്‍ക്കും പരാതിയില്ലാതിരുന്ന പൂര്‍ണ്ണമായും നിശ്ശബ്ദമാക്കപ്പെട്ട ഒരു ബലാത്സംഗക്കേസിലെ എന്റെ ഇടപെടലാണെന്ന സംശയം ഇന്നും ബാക്കിയാണ്. സ്ത്രീപീഡനമെന്നു കേട്ടാല്‍ത്തന്നെ അടക്കാനാവാത്ത ധാര്‍മ്മികരോഷത്തോടെ രംഗപ്രവേശം ചെയ്യുന്ന മാധ്യമങ്ങളും രാഷ്ട്രീയ – സാമൂഹ്യ നേതാക്കളും ധാരാളമുള്ള നാട്ടില്‍ അങ്ങനെ സംഭവിക്കുമോ? ഇരയ്ക്കുവേണ്ടി, അടുത്തിടെ പ്രചാരം കിട്ടിയ വാക്കുപയോഗിക്കുകയാണെങ്കില്‍, അതിജീവിതയ്ക്കുവേണ്ടി ആരും ഇടപെട്ടില്ലെന്നോ? മാധ്യമങ്ങളെല്ലാം നിശ്ശബ്ദത പാലിച്ച സംഭവമെന്നു പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല. ഒരു പത്രത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട ചെറിയൊരു വാര്‍ത്തയിലൂടെയാണ് എനിക്കതില്‍ ഇടപെടാനുള്ള അവസരമുണ്ടായത്. കോഴിക്കോട് നഗരത്തിലുണ്ടായ ഒരു സ്ത്രീപീഡനം ആയിരുന്നു വാര്‍ത്തയ്ക്ക് ആധാരം. അവിടെ ഒരു വ്യാപാര സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്ത കൗമാര പ്രായക്കാരിയെ സ്ഥാപനമുടമ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. കേരളത്തിനകത്തും പുറത്തും ധാരാളം ബ്രാഞ്ചുകളുള്ള, പരസ്യങ്ങളില്‍ നല്ല സാന്നിദ്ധ്യമുണ്ടായിരുന്ന സ്ഥാപനമായിരുന്നു അത്. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണി ആയെന്നും ആ കുട്ടിയെ രഹസ്യമായി അബോര്‍ഷന്‍ നടത്തിയെന്നും ഒക്കെ ആയിരുന്നു വാര്‍ത്ത. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തി ആയിരുന്നോ എന്നതും സംശയാസ്പദമായിരുന്നു. എന്നെ സന്ദര്‍ശിച്ച ചില പൊലീസ് ഉദ്യോഗസ്ഥരും ഈ കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. സംഭവം സത്യമാണെന്നും ഒരിക്കല്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും കൂടി കേട്ടു. ഒറ്റപ്പെട്ട ഒരു പത്രവാര്‍ത്തയും ഇങ്ങനെ ചില വിവരങ്ങളും ഉണ്ടായിരുന്നുവെങ്കിലും കുറ്റകൃത്യത്തിനിരയായ പെണ്‍കുട്ടിയുടേയോ അവളുടെ രക്ഷകര്‍ത്താക്കളുടേയോ ഒരു പരാതിയും ഐ.ജി ഓഫീസില്‍ ലഭിച്ചിരുന്നതായി കണ്ടില്ല. ലഭ്യമായ വിവരങ്ങള്‍ ഗൗരവമുള്ളതായിരുന്നു. അതൊക്കെ കുറ്റകൃത്യങ്ങളാണ്. എങ്കിലും ചില അവ്യക്തതകള്‍ ഉണ്ടായിരുന്നതുകൊണ്ട് ഒറ്റപ്പെട്ട പത്രറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കുന്നത് ഉചിതമല്ലെന്നു തോന്നി. എന്നാല്‍, ഗൗരവമുള്ള സ്ത്രീപീഡന ആരോപണം അവഗണിക്കാനുമാകില്ല. ഒരു പ്രാഥമികാന്വേഷണം നടത്തി, അതിന്റെ റിപ്പോര്‍ട്ട് വരട്ടെ; എന്നിട്ട് തീരുമാനിക്കാം, അതായിരിക്കും ഉചിതം എന്നെനിക്കു തോന്നി. മറിച്ച് അവ്യക്തമായ പത്രവാര്‍ത്ത മാത്രം ആധാരമാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടിയെ നിയമത്തിന്റെ സാങ്കേതികത്വം മാത്രം നോക്കിയാല്‍ ന്യായീകരിക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും അത്  അമിതാവേശമാകാം എന്നു എനിക്കു തോന്നി. അധികം വൈകാതെ, അന്വേഷണത്തിനു ചുമതലപ്പെടുത്തിയ ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട് വന്നു. കൗമാരക്കാരിയായ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനു വിധേയയായെന്നും  ഗര്‍ഭധാരണം, രഹസ്യ അബോര്‍ഷന്‍ എന്നീ ആരോപണങ്ങളും ശരിയാണെന്നായിരുന്നു റിപ്പോര്‍ട്ട്. പൊലീസിനു നേരിട്ടെടുക്കാവുന്ന കുറ്റകൃത്യം (Cognisable offence) നടന്നുവെന്നും എന്നാല്‍ അന്വേഷണത്തില്‍ തെളിവു ലഭിക്കാന്‍ സാദ്ധ്യത കുറവാണെന്നും അതില്‍ എഴുതിയിരുന്നു. വലിയ പ്രാധാന്യം നല്‍കാതെയാണെങ്കിലും, ഒരു മാധ്യമത്തിലൂടെ പുറത്തുവന്ന വാര്‍ത്തയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പൊലീസിനു നേരിട്ടെടുക്കാവുന്ന കുറ്റകൃത്യം നടന്നതായി വെളിപ്പെട്ടാല്‍ പിന്നെ പൊലീസ് ഉദ്യോഗസ്ഥനു മുന്നില്‍ നിയമപരമായി ഒറ്റവഴിയേ ഉള്ളൂ; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം നടത്തുക. നിയമത്തിന്റെ വഴി അതാണ്. തെളിവ് ലഭിക്കുമോ ഇല്ലയോ എന്ന മുന്‍വിധിക്കു നിയമപരമായി ഒരു പ്രസക്തിയുമില്ല. ഈ സാഹചര്യത്തില്‍ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുവാന്‍ കോഴിക്കോട് സിറ്റി കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഫയലില്‍ രേഖപ്പെടുത്തി. അക്കാര്യം കത്തായി, ഞാന്‍ തന്നെ ഒപ്പിട്ട് കമ്മിഷണര്‍ക്ക് അയയ്ക്കുകയും ചെയ്തു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് ഞാന്‍ കരുതി. പക്ഷേ, പോയില്ല. പാവം നിയമത്തിനു യാത്ര തുടങ്ങാന്‍ പോലും കഴിഞ്ഞില്ല. ഏതാനും ദിവസം കഴിഞ്ഞ് ഒരു ദിവസം രാത്രി 10 മണി കഴിഞ്ഞിരിക്കണം, എനിക്ക് കോഴിക്കോട് കമ്മിഷണറുടെ ഫോണ്‍ വന്നു. ക്ഷമാപണത്തോടെയാണ് അദ്ദേഹം തുടങ്ങിയത്. സ്ത്രീപീഡന കേസെടുക്കാന്‍ ഞാന്‍ നല്‍കിയ കത്തിന്റെ കാര്യം പറഞ്ഞു. അതനുസരിച്ച് നടക്കാവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് കേസെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം കൊടുത്തതാണ്. അയാള്‍ കേസെടുക്കാന്‍ തുടങ്ങിയതുമാണ്. പക്ഷേ, അപ്പോള്‍ അതാ വരുന്നു തലസ്ഥാനത്തുനിന്ന് പൊലീസ് ഉന്നതന്റെ ഫോണ്‍കോള്‍. 'Stop the FIR' (FIR നിര്‍ത്തുക); അദ്ദേഹം പറഞ്ഞത്രെ. 'He got order from the topmost man; the most powerful person' (അദ്ദേഹത്തിന് ഏറ്റവും ഉന്നതനായ ആളില്‍നിന്നും ഉത്തരവ് കിട്ടിയത്രെ; ഏറ്റവും ശക്തനായ വ്യക്തി) ഉന്നത നിയമപാലകനെ വിറപ്പിച്ച ഈ സര്‍വ്വശക്തന്‍ ആരാണാവോ എന്നൊന്നും ഞാന്‍ ചോദിച്ചില്ല; അദ്ദേഹം പറഞ്ഞുമില്ല. നടക്കാവ് പൊലീസ് സ്‌റ്റേഷനില്‍ കേസെടുക്കുന്ന കാര്യം എങ്ങനെ തലസ്ഥാനത്തെത്തി എന്നും പിടികിട്ടിയില്ല. എത്തും പിടിയും കിട്ടാത്ത, എന്നാല്‍ ആകെപ്പാടെ അസ്വസ്ഥത ജനിപ്പിക്കുന്ന ചില ആര്‍ട്ട് സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇത്രയുമൊക്കെ കേട്ടപ്പോള്‍ ഏതാണ്ട് അതുപോലെ ഒരു അവസ്ഥയിലായി ഞാന്‍. ക്ഷമയോടെ, നിശ്ശബ്ദമായി ബാക്കി ഭാഗം കൂടി കേട്ടു. അതൊരു പ്രസ്താവനയും തുടര്‍ന്നൊരു ചോദ്യവും ആയിരുന്നു. 'Now I am in a dilemma. What should I do sir?' ('ഇപ്പോള്‍ ഞാനൊരു ധര്‍മ്മസങ്കടത്തിലായി. ഞാനെന്ത് ചെയ്യണം സാര്‍?') എന്റെ ഉപദേശം തീര്‍ത്തും അപ്രസക്തമായി കഴിഞ്ഞല്ലോ എന്നു തോന്നിയെങ്കിലും പറയാന്‍ നിര്‍ബ്ബന്ധിതനായപ്പോള്‍ പറഞ്ഞു. 'Whatever I have to say, I have communicated in writing; nothing more, nothing less' (എനിക്ക് പറയാനുള്ളത് എഴുതി അറിയിച്ചിട്ടുണ്ട്; അതില്‍ കൂടുതലുമില്ല; കുറവുമില്ല.) അങ്ങനെ അത് അവസാനിച്ചു. 

അതിന്റെ തൊട്ടടുത്ത ദിവസം എനിക്ക് പരിചയമുണ്ടായിരുന്ന സഹകരണ മേഖലയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. ഒരു സന്ദര്‍ശനത്തിന് അനുമതി നല്‍കുന്ന കാര്യം പറയാനാണ് വിളിച്ചത്. സ്ത്രീ പീഡനത്തിന് കേസെടുത്തിരുന്നുവെങ്കില്‍ പ്രതിയാകുമായിരുന്ന ആ മനുഷ്യന് എന്നെ കാണണമത്രെ. കാണാം എന്നു ഞാന്‍ പറഞ്ഞു. ക്യാമ്പ് ഓഫീസില്‍ അനുവദിക്കുമോ എന്നു ചോദിച്ചപ്പോള്‍ അതും അനുവദിച്ചു. തൊട്ടടുത്ത ദിവസം രാവിലെ, നിശ്ചയിച്ച സമയത്തുതന്നെ അയാള്‍ വന്നു.  കേസെടുക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചതായി അറിഞ്ഞപ്പോള്‍, തന്റെ ബിസിനസ്സ് എതിരാളികളാരെങ്കിലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് ആദ്യം സംശയിച്ചതായി അയാള്‍ പറഞ്ഞു. അന്വേഷിച്ചപ്പോള്‍ 'സാര്‍ ആ ടൈപ്പല്ല' എന്ന് മനസ്സിലായതായും പറഞ്ഞു. അങ്ങനെ എനിക്കൊരു സര്‍ട്ടിഫിക്കറ്റും കിട്ടി. സന്ദര്‍ശനം വേഗം അവസാനിച്ചു. തനിക്കെതിരായ ആരോപണം ശരിയാണെന്നോ തെറ്റാണെന്നോ അദ്ദേഹം പറഞ്ഞില്ല എന്നത് ഞാന്‍ ശ്രദ്ധിച്ചു. ഒരുപക്ഷേ, ഞാനിനിയും അതിനു പിന്നാലെ പോകരുത് എന്ന താല്പര്യത്തിലായിരുന്നിരിക്കാം ആ സന്ദര്‍ശനം. അതിവേഗം, എനിക്ക് കണ്ണൂരില്‍നിന്ന് തലസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചു. അതിന്റെ കാരണം അറിയില്ല. 

നേരിട്ടും അല്ലാതെയുമുള്ള എന്റെ അനുഭവങ്ങളില്‍ പൊലീസ് നടപടികളെ പലവിധ സ്വാധീനങ്ങളുപയോഗിച്ച് വഴിതെറ്റിക്കാന്‍ ശ്രമിച്ച് അതില്‍ വിജയം വരിച്ച ചില സംഭവങ്ങള്‍ കണ്ടിട്ടുണ്ട്. 

പക്ഷേ, ഇത്രയ്ക്ക് വൃത്തികെട്ട, ഇത്രയ്ക്ക് അധമമായ ഒരിടപെടല്‍ ഉണ്ടായിട്ടില്ല. അധമത്വത്തില്‍ ഈ സംഭവം മറ്റെല്ലാത്തിനേയും കവച്ചുവെച്ചു എന്ന് പറയാതെ വയ്യ. ലളിതമായി പറഞ്ഞാല്‍ സമ്പത്തിന്റെ സ്വാധീനത്തിന് രാഷ്ട്രീയ, ഐ.പി.എസ് ഉന്നതങ്ങളിലെ സര്‍വ്വശക്തര്‍ കീഴ്‌പെട്ടു. കൗമാരക്കാരി പീഡനത്തിനു വിധേയമായ സംഭവത്തില്‍ കേസെടുക്കാന്‍ രേഖാമൂലം കണ്ണൂര്‍ ഐ.ജി നിര്‍ദ്ദേശിച്ചിട്ടും ആ നിര്‍ദ്ദേശം ലംഘിക്കാനുള്ള നേരിട്ടുള്ള സജീവ ഇടപെടല്‍ തന്നെ ഉന്നതങ്ങളില്‍ നിന്നുണ്ടായിട്ടും മാധ്യമങ്ങള്‍  നിശ്ശബ്ദത പാലിച്ചു; നാട്ടില്‍ അടിയന്തരാവസ്ഥ ഇല്ലായിരുന്നുവെങ്കിലും. പരസ്യപ്പണം ആണല്ലോ മാധ്യമങ്ങളുടെ പ്രാണവായു. 

മഹാത്മാക്കള്‍ക്കൊപ്പം തെളിയുന്ന മനുഷ്യവിരുദ്ധര്‍

കേരളത്തില്‍ വര്‍ഗ്ഗീയത തഴച്ചുവളരുന്നതും അതിന്റെ പ്രത്യാഘാതങ്ങളും കണ്‍മുന്നില്‍ കണ്ട കാഴ്ച ചില അനുഭവങ്ങളിലൂടെ വിവരിക്കാന്‍ മുന്‍പ് ശ്രമിച്ചിട്ടുണ്ട്. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ തുടങ്ങിയ പൊലീസ് അനുഭവങ്ങള്‍ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ അവസാനമെത്തുമ്പോള്‍ സമ്പത്തിന്റെ ദു:സ്വാധീനം പൊലീസില്‍ ശക്തിപ്പെടുന്നതും പ്രകടമായിരുന്നു.  രാഷ്ട്രീയം, ഉദ്യോഗം, മാധ്യമം എല്ലാം ക്രമേണ അതിനു കീഴ്‌പെടുന്നതും കണ്‍മുന്നില്‍ കണ്ടു. സര്‍വ്വീസിന്റെ ആരംഭകാലത്ത് പൊതുവേ, ഔദ്യോഗിക ജോലിക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മിക്കപ്പോഴും ന്യായമായ കാര്യങ്ങളിലാണ് ഇടപെട്ടിരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ വിയോജിപ്പും തര്‍ക്കവും ഉണ്ടാകുമ്പോഴും ഉള്ളില്‍ അവരോട് ബഹുമാനം തോന്നിയിട്ടുമുണ്ട്. അഴിമതിക്കു കൂട്ടുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഉയര്‍ന്ന തലങ്ങളില്‍ താരതമ്യേന കുറവായിരുന്നു. വൃത്തികെട്ട വിഷയങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയ നേതാവിനും കൂട്ടുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും സാമൂഹ്യസ്വീകാര്യതയും അന്ന് കുറവായിരുന്നു. അല്പം അറച്ചാണ് വൃത്തികെട്ട വിഷയങ്ങളില്‍ ഇടപെട്ടിരുന്നത് എന്ന് അനുഭവങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആലപ്പുഴയില്‍ എസ്.പി ആയിരിക്കെ അനധികൃത സ്പിരിറ്റ് പിടിക്കുന്ന അവസരത്തില്‍ ചില സഹപ്രവര്‍ത്തകര്‍ എനിക്കൊരു സൂചന നല്‍കും; പ്രതികള്‍ക്കുവേണ്ടി ഒരു ജനപ്രതിനിധി ഇടപെടും എന്ന്. ഏതാണ്ട് എല്ലാ സന്ദര്‍ഭങ്ങളിലും അദ്ദേഹം എന്നെ വിളിച്ചിട്ടുമുണ്ട്. പക്ഷേ, എന്നോട് സ്പിരിറ്റുകാര്‍ക്കുവേണ്ടി ഒരിക്കലും അദ്ദേഹം ശുപാര്‍ശ ചെയ്തിട്ടില്ല. എന്നുമാത്രമല്ല, പൊലീസ് നടപടിയില്‍ വ്യക്തിപരമായി എന്നെ അഭിനന്ദിക്കുകയും ചെയ്യും. പിന്നീട് ലോക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വിളിച്ച് പ്രതികളെ അടിക്കരുതെന്നു മാത്രം പറയും. നിവൃത്തികേടുമൂലമുള്ള ബന്ധം എന്നതിനപ്പുറം വലിയ താല്പര്യം ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അക്കാര്യം കുറേക്കൂടി സ്പഷ്ടമായി കേള്‍ക്കാനിടയായത് തിരുവനന്തപുരത്ത് ഡി.ഐ.ജി ആയിരിക്കെ മറ്റൊരു ജനപ്രതിനിധിയില്‍ നിന്നാണ്. നല്ല പ്രതിച്ഛായയുള്ള എം.എല്‍.എ ആയിരുന്നു അദ്ദേഹം. ന്യായമായ കാര്യങ്ങളില്‍ നീതിയുടെ പക്ഷത്തുനിന്ന് പല അവസരങ്ങളിലും എന്നോട് സംസാരിച്ചിട്ടുമുണ്ട്. ഒരിക്കല്‍ അദ്ദേഹം എന്നെ ഓഫീസില്‍ കാണാന്‍ വന്നു. കൂടെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. വഴിവിട്ട ചില കാര്യങ്ങളുടെ പേരില്‍ അല്പം അറിയപ്പെട്ട വ്യക്തിയായിരുന്നു ആ 'മറ്റൊരാള്‍'. ആ മനുഷ്യനോടൊപ്പം എം.എല്‍.എ വന്നത് അസാധാരണമായി തോന്നി. എം.എല്‍.എയുടെ ഒരു കത്ത് കൂടി തുന്നിക്കെട്ടിയ പരാതി എനിക്ക് തന്നു. ഒരു സാമ്പത്തിക ഇടപാടായിരുന്നു വിഷയം. പരാതിയെപ്പറ്റി എം.എല്‍.എ തന്നെ അല്പനേരം എന്നോട് സംസാരിച്ചു. അതിനുശേഷം മറ്റൊരു കാര്യം ഉണ്ടെന്നു പറഞ്ഞ് കൂടെ വന്ന ആളെ അല്പം പുറത്തു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. അയാള്‍ പുറത്തുകടന്നപ്പോള്‍, എം.എല്‍.എ ആദ്യം പറഞ്ഞത് അദ്ദേഹത്തിന്റെ കത്ത് അപ്പോള്‍ത്തന്നെ കീറിക്കളയാനാണ്. 'ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് ചിലപ്പോള്‍ ഇങ്ങനേയും വരേണ്ടിവരും. എങ്കിലേ പിടിച്ചുനില്‍ക്കാനാകൂ. നിങ്ങള്‍ അതൊന്നും നോക്കേണ്ട. ഞാന്‍ ഇക്കാര്യത്തിന് ഇവിടെ വന്നിട്ടുമില്ല; നിങ്ങളെ കണ്ടിട്ടുമില്ല. ന്യായമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതുമാത്രം ചെയ്താല്‍ മതി.' അദ്ദേഹം നയം വ്യക്തമാക്കി.
 
പക്ഷേ, അതൊക്കെ പഴയ കേരളം; ഇന്നത്തെ അവസ്ഥയിലേയ്ക്ക് വിരല്‍ചൂണ്ടുന്ന ഒരു ചിത്രം തൃശൂരില്‍ ഞാന്‍ കണ്ടു. സര്‍വ്വീസില്‍നിന്നും വിരമിക്കുന്നതിനു മുന്‍പ് ഒരു ദിവസം രാത്രി ഞാന്‍ തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ തങ്ങി.  രാവിലെ അധികാരചിഹ്നങ്ങളൊന്നുമില്ലാതെ പൊലീസ് ക്ലബില്‍ നിന്നിറങ്ങി നടന്ന് തേക്കിന്‍കാട് മൈതാനത്തില്‍ വടക്കുംനാഥന്റെ കിഴക്കേ നടയിലെത്തി. അവിടെനിന്ന് തെക്കേ അരികിലൂടെ നടന്നു. കാരണമറിയാത്ത ഒരുണര്‍വ്വ് മനസ്സിലുണ്ടായി. ആരുടെയൊക്കെ പാദസ്പര്‍ശമേറ്റ ഇടമാണത് എന്ന ചിന്ത കടന്നുവന്നു. തൃശൂരില്‍ പഠിക്കുമ്പോള്‍ നേരിട്ട് കണ്ടിട്ടുള്ള സി. അച്ചുതമേനോന്‍ മുതല്‍ സ്വാമി വിവേകാനന്ദന്‍ വരെയുള്ളവരെ ഓര്‍ത്തു. തെക്കെ നടയോടടുക്കുമ്പോള്‍ മുന്നില്‍ നടക്കുന്ന മദ്ധ്യവയസ്‌ക്കന്റെ ടിഷര്‍ട്ടില്‍ സ്വാമി വിവേകാനന്ദന്റെ ചിത്രം. ആകസ്മികതയുടെ കൗതുകത്തില്‍ വിസ്മയിച്ചുകൊണ്ട് വീണ്ടും നടന്നു. പടിഞ്ഞാറെ നടയോടടുക്കുമ്പോള്‍ ദൂരെ മെയിന്‍ റോഡിനപ്പുറം ഒരു കൂറ്റന്‍ ബോര്‍ഡ്. അതില്‍ മദര്‍ തെരേസ, മഹാത്മാഗാന്ധി, പിന്നെ മൂന്നാമതൊരാള്‍. ചിത്രത്തില്‍ മൂന്ന് പേരും ഒപ്പത്തിനൊപ്പം, ഒരേ വലിപ്പത്തില്‍. മൂന്നാമന്‍ എന്നെ അമ്പരപ്പിച്ചു; കണ്ണൂര്‍ ഐ.ജി ആയിരിക്കെ ബലാത്സംഗത്തിനു കേസെടുക്കാന്‍ ഞാന്‍ ഉത്തരവിട്ടെങ്കിലും അതിനെ പരാജയപ്പെടുത്തിയ 'മഹാന്‍'. വെറും ചിത്രത്തിലാണെങ്കിലും ഇത്രയ്ക്ക് ആകാമോ എന്നു ചിന്തിച്ചുകൊണ്ട് നടത്തം തുടര്‍ന്നു. ഒരു റൗണ്ട് കൂടി നടന്നപ്പോള്‍ മനസ്സിലെ ചിത്രം വ്യക്തമായി. മൂന്നാമത്തെ മഹാന്‍ മുന്നിലും മറ്റ് രണ്ട് പേരും പിന്നിലും ആകുന്ന ചിത്രവും ഭാവിയില്‍ കണ്ടേക്കാം. 

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com