ബ്ലാക്‌ഹോളിന്റെ നേരിട്ടുള്ള നിരീക്ഷണം പല ആശയങ്ങളും ശരിയെന്നു തെളിയിക്കുന്നു

ബ്ലാക്‌ഹോളിന്റെ സവിശേഷതകളെക്കുറിച്ച് നടത്തിയിട്ടുള്ള അനുമാനങ്ങളുടെ സ്ഥിരീകരണമാണ് അടുത്തപടി
ബ്ലാക്‌ഹോളിന്റെ നേരിട്ടുള്ള നിരീക്ഷണം പല ആശയങ്ങളും ശരിയെന്നു തെളിയിക്കുന്നു

ഗാലക്‌സിയുടെ മദ്ധ്യത്തിലുള്ള ബ്ലാക്‌ഹോള്‍ വളരെ മുന്‍പുള്ള ഒരു കാലഘട്ടത്തില്‍ രൂപംകൊണ്ടതാണ്. വളരെ അടുത്തായി നിലകൊള്ളുന്ന നക്ഷത്രക്കൂട്ടങ്ങളിലെ ഏതെങ്കിലുമൊരു വലിയ നക്ഷത്രം ഗുരുത്വാകര്‍ഷണം മൂലം തകര്‍ന്നടിഞ്ഞ് ബ്ലാക്‌ഹോളിന്റെ ആദ്യഘട്ടം ഉണ്ടാകുന്നു. അതു പിന്നീട് ചുറ്റുപാടുമുള്ള നക്ഷത്രങ്ങളെ ഓരോന്നായി അതിലേയ്ക്ക് വലിച്ചടുപ്പിച്ച് വലുതാകുന്നു. അങ്ങനെ അനേകായിരം  നക്ഷത്രങ്ങള്‍ ബ്ലാക്‌ഹോളില്‍ പതിച്ചിട്ടുണ്ടാകണം. അവയുടെ ദ്രവ്യമാനം ബ്ലാക്‌ഹോളിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ചു. പ്രൊഫ. ഹോക്കിങ് അനുമാനിച്ചത് ശരിതന്നെ എന്നത് നല്ലൊരു കാര്യം തന്നെ. ഈ വിജയത്തിന്റെ നേട്ടം പങ്കുവയ്ക്കാന്‍ അദ്ദേഹം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. ഇതൊക്കെ വളരെക്കാലം മുന്‍പ് നടന്ന സംഭവങ്ങളാണ്. അതായത് സൗരയൂഥവും ഇന്നു കാണുന്ന മിക്ക നക്ഷത്രങ്ങളും ഉണ്ടാകുന്നതിനു വളരെ മുന്‍പ്. ഗാലക്‌സിയുടെ ആദ്യകാലത്ത് അതിന്റെ തളികയാകൃതി ഉടലെടുക്കുന്ന വേളയില്‍. ആദ്യകാല നക്ഷത്രങ്ങളാണ് ഈ പ്രതിഭാസങ്ങളുടെ ഹേതു. അത് ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചുകാലം മുന്‍പ് നേച്ചര്‍ ജേണലില്‍  സ്ഥിരീകരിച്ചിട്ടുണ്ട്. ഏതായാലും ഞങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ രസകരമാകുമെന്നുറപ്പ്. വളരെക്കാലം ഫലങ്ങളൊന്നും ലഭിക്കാതെ നിരാശരായിരുന്ന ഞങ്ങള്‍ക്കു ലഭിച്ച വലിയ അംഗീകാരമാണിത്. ഇനി ഫണ്ടിങ്ങിന് തടസ്സമുണ്ടാകുമെന്ന് തോന്നുന്നില്ല...'

ആന്‍ഡ്രിയ ഗേസ്, ഫിസിക്‌സ് ആന്‍ഡ് അസ്‌ടോണമി ഡിപ്പാര്‍ട്ട്‌മെന്റ്, കാലിഫോര്‍ണിയ സര്‍വ്വകലാശാല.

വലിയ നക്ഷത്രങ്ങള്‍ അവയുടെ പരിണാമവഴിയില്‍ തകര്‍ന്നടിഞ്ഞ് ബ്ലാക്‌ഹോളുകള്‍ക്കു രൂപം നല്‍കും എന്ന പരികല്പനയെ വലിയ സംശയത്തോടെയാണ് സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിന്റെ ചില വക്താക്കള്‍ കണ്ടത്. ആ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ആ ഫലങ്ങളില്‍ തൃപ്തനായിരുന്നില്ല. കാരണം സ്ഥലവും കാലവും സൂക്ഷ്മമായ ഇടത്ത് കേന്ദ്രീകരിക്കുന്ന അവസ്ഥ സംജാതമാകുന്ന ഇടങ്ങള്‍ കെട്ടുകഥയായിട്ടാണ് തോന്നിയത്. പില്‍ക്കാലത്ത് നിരീക്ഷണങ്ങള്‍ ഈ ആശയങ്ങളുമായി ഒത്തുവന്നപ്പോള്‍ അതൊക്കെ അംഗീകരിച്ചേ മതിയാകൂ എന്നായി. സമാനരീതിയിലുള്ള സംഭവങ്ങള്‍  ഭൗതികശാസ്ത്രത്തില്‍ പലതവണ ഉണ്ടായിട്ടുണ്ട്. സുബ്രഹ്മണ്യം ചന്ദ്രശേഖറിന്റെ നക്ഷത്രങ്ങളുടെ പരിണാമാവസ്ഥകളെക്കുറിച്ചുള്ള ശക്തമായ പരികല്പനകള്‍ പിന്നീടുള്ള നിരീക്ഷണങ്ങള്‍ക്കു പ്രചോദനമായി. അതിലെ ഓരോ സങ്കല്പനങ്ങളും ശരിയെന്നു തെളിയിക്കുന്ന നിരീക്ഷണവിവരങ്ങള്‍ ലഭിച്ചു. 1983ല്‍ നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ തനിക്കതിനു സാധ്യതയുണ്ടെന്നുപോലും കരുതിയില്ല എന്നും അത് ശാസ്ത്രത്തിലുള്ള തന്റെ അന്വേഷണത്തെ ബാധിക്കുമോ എന്നും ആശങ്കപ്പെട്ടു. നൊബേല്‍ സമ്മാനം ലഭിച്ചതിനുശേഷം നല്‍കിയ പ്രഭാഷണത്തില്‍ ബ്ലാക്‌ഹോളുകളുടെ ഭൗതികത്തെക്കുറിച്ചും അതിന്റെ ഗണിതശാസ്ത്രപരമായ വിവരണത്തെക്കുറിച്ചും ചന്ദ്രശേഖര്‍ പരാമര്‍ശിച്ചു. 'ബ്ലാക്‌ഹോളുകള്‍ പ്രപഞ്ചത്തിലെ ഏറ്റവും കൃത്യതയും പൂര്‍ണ്ണതയും ഉള്ള ഘടനകളാണ്' എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രസ്താവിച്ചു. തന്റെ പഠനവിവരങ്ങളില്‍നിന്നും ഇത്തരം ഘടനകള്‍ പ്രപഞ്ചത്തിലെങ്ങും ഉണ്ടാകും എന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. ബ്ലാക്‌ഹോളുകളുടെ നിരീക്ഷണത്തെളിവുകള്‍ ലഭിക്കുന്നതിനു ദശകങ്ങള്‍ക്കു മുന്‍പായിരുന്നു ഇത്. 

ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ ബ്ലാക്ഹോൾ. സജിറ്റാറിയസ് എ (എ സ്റ്റാർ)
ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ ബ്ലാക്ഹോൾ. സജിറ്റാറിയസ് എ (എ സ്റ്റാർ)

ബ്ലാക്‌ഹോളിന് ഒരു താപനിലയുണ്ടെന്നും അത് ഒരുതരം വികിരണം വഴി അതിന്റെ ദ്രവ്യം പുറത്തുവിടും എന്നും ഹോക്കിങ് അനുമാനിച്ചത് ഒരിക്കല്‍ കിടക്കയിലേയ്ക്കു ചായുന്നതിനിടയിലാണ്. അദ്ദേഹത്തിന്റെ മസ്തിഷ്‌കം അതുതന്നെ ആലോചിച്ചിരുന്നപ്പോള്‍ പെട്ടെന്നുണ്ടായ ഉള്‍ക്കാഴ്ച. അരനൂറ്റാണ്ടു മുന്‍പ് പീറ്റര്‍ ഹിഗ്ഗ്‌സ് മുന്നോട്ടുവച്ചതാണ് ഹിഗ്ഗ്‌സ് ബോസോണിനെക്കുറിച്ചുള്ള ആശയം. തന്റെ പഠനവിവരത്തില്‍ ഉറച്ചുനില്‍ക്കുകയും അതെന്നെങ്കിലും കണ്ടെത്തും എന്ന ശുഭാപ്തിവിശ്വാസം വച്ചുപുലര്‍ത്തുകയും ചെയ്തു. ഒടുവില്‍ സേണിലെ കണികാത്വരിത്രത്തില്‍ ആ കണത്തെ കണ്ടെത്തി. പ്രതിഭാസങ്ങളെക്കുറിച്ചുള്ള നിശ്ചിതമായ അറിവിന്റെ അടിസ്ഥാനം സവിശേഷമായ ഉള്‍ക്കാഴ്ചയില്‍ അധിഷ്ഠിതമായ സങ്കല്പനങ്ങളാണ് എന്ന തിരിച്ചറിവ്, പ്രതിഭാസങ്ങളെ നിയന്ത്രിക്കാനാവശ്യമായ ഘടകങ്ങളിലേയ്ക്കും സങ്കേതങ്ങളിലേയ്ക്കും നയിക്കുന്നു. ആഴമേറിയ ചിന്തകള്‍ തുടങ്ങിയ കാലം മുതല്‍ക്കു തന്നെ  തുടര്‍ന്നുവരുന്ന ഈ രീതി ബൗദ്ധികമായും ഭൗതികവുമായുള്ള വികസനത്തിന്റെ കാതലാണ്. ചിന്തയാണ് മനുഷ്യനെ ഉന്നതനായ ജീവിയാക്കിയത്. ഇത്തരം സവിശേഷതകള്‍ മനുഷ്യനുമാത്രം ഉള്ളതല്ല എന്നതാണ് പ്രധാനം. ഇത് അകമേ ഉള്ളതുതന്നെ. ജീവികള്‍ തികച്ചും ശൂന്യമായ മസ്തിഷ്‌കവുമായി പിറക്കുന്നു എന്ന വാദം തള്ളിക്കളയാന്‍ ഇത് ധാരാളം മതിയാകും. നമുക്ക് അനുഭവവേദ്യമാകുന്ന മസ്തിഷ്‌കമേഖല വെറും പത്ത് ശതമാനം മാത്രം. ബാക്കിവരുന്ന ഭാഗം എന്തെന്ന് തിരിച്ചറിയാനാകുന്നില്ല. ആ ഭാഗങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാല്‍, അവ സജീവം തന്നെ. മുന്നൂറ്റിയറുപതുകോടി വര്‍ഷത്തെ അനുഭവങ്ങളില്‍നിന്ന് രൂപംകൊണ്ട അറിവ് അവിടെയുണ്ടെന്നു കരുതണം. അത്  മനുഷ്യന്റെ പരിണാമത്തിനും മാനവസംസ്‌കൃതിയുടെ മുന്നേറ്റത്തിനും കാരണമാകുന്നുവെന്നും കരുതണം. കാലാകാലങ്ങളായി ജീവജാലങ്ങള്‍ പരിണമിക്കുന്നു. അതോടൊപ്പം പ്രകൃതിയും പരിണമിക്കുന്നു.  

ചിന്തയുടെ പരിണതി

ചിന്തകള്‍ ഭാഷയിലൂടെ പ്രതിഫലിക്കുന്നു. എല്ലാത്തരം ചിന്തകളേയും വിവരിക്കാന്‍ ഭാഷയ്ക്കു കഴിയുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. സംസാരഭാഷയ്ക്കുപരിയായി പ്രാചീനകാലം തൊട്ട് വികസിപ്പിച്ച ഗണിതഭാഷ ഇവിടെ സഹായത്തിനെത്തുന്നു. പരിണാമത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരു ഫലമാണ് ഗണിതസങ്കേതങ്ങളിലൂടെ സങ്കല്പനങ്ങളെ അവതരിപ്പിക്കാമെന്നും അതില്‍ മറഞ്ഞുകിടക്കുന്ന ഘടകങ്ങളെ വെളിച്ചത്ത് കൊണ്ടുവന്ന് പ്രതിഭാസങ്ങളെ ആഴത്തിലറിയാമെന്നും അവയുടെ ഫലങ്ങളെക്കുറിച്ചുള്ള നിശ്ചിതമായ പ്രവചനങ്ങള്‍ നടത്താമെന്നുമുള്ള തിരിച്ചറിവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംസ്‌കൃതികള്‍ സ്വതന്ത്രമായി വിപുലീകരിച്ച സങ്കേതങ്ങള്‍ പരിണാമത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരു നേട്ടമായി കരുതണം. അമൂര്‍ത്തമായ ആശയങ്ങളോ സങ്കല്പനങ്ങളോ രൂപപ്പെടുത്താനുള്ള കഴിവ് മനസ്സിനുണ്ട്. വ്യത്യസ്ത ഗുണങ്ങളെ ഇഴപിരിച്ചെടുത്ത് മനസ്സിലാക്കുന്നത് മനസ്സിന്റെ ഒരു രീതിയാണ്. നിരീക്ഷണവും അനുഭവവുമാണ് ഇവിടെ പ്രധാനം. അനുമാനങ്ങളിലെത്തുന്നതും അപ്രകാരം തന്നെ. അപഗ്രഥനത്തിനു വക ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ ഫലത്തിനായുള്ള കാത്തിരിപ്പാണ്. അതു പെട്ടെന്നോ കുറച്ചുകാലം കഴിഞ്ഞോ ലഭിച്ചേക്കാം. മസ്തിഷ്‌കത്തിനു സ്വയം ചിന്തിക്കാനുള്ള ശേഷിയുണ്ട്. അതായത് മസ്തിഷ്‌കത്തിനു ചിന്തിക്കാനുള്ള വക നല്‍കിയാല്‍ അത് സ്വയം ഫലങ്ങള്‍ക്കായുള്ള ശ്രമം നടത്തുന്നു. പെട്ടെന്നുള്ള ആശയങ്ങളുടെ പൊന്തിവരല്‍ ഇതുമൂലമാണ്. 

ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ ബ്ലാക്ഹോൾ കണ്ടെത്തിയ ആൻഡ്രിയ ​ഗേസ് നൊബേൽ സമ്മാനവുമായി. ഇന്റ് ഹൊറിസൺ ടെലിസ്ക്കോപ്പ് ബ്ലാക്ഹോളിന്റെ ചിത്രങ്ങളെടുത്ത് നിരീക്ഷണം ശരിവച്ചു
ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ ബ്ലാക്ഹോൾ കണ്ടെത്തിയ ആൻഡ്രിയ ​ഗേസ് നൊബേൽ സമ്മാനവുമായി. ഇന്റ് ഹൊറിസൺ ടെലിസ്ക്കോപ്പ് ബ്ലാക്ഹോളിന്റെ ചിത്രങ്ങളെടുത്ത് നിരീക്ഷണം ശരിവച്ചു

ചില പരിമിതികള്‍

അനന്തം എന്നാല്‍ ഒടുക്കമില്ലാതെ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നത്. പ്രാചീനകാലത്തെ ചിന്തകളുടെ ഉല്പന്നമാണ് ഇത്. ഗണിതശാസ്ത്രപരമായി അനന്തത്തെ വിവരിക്കാനാകും. അതായത് ഒന്നിനുപിറകേ സംഖ്യകള്‍ കൂട്ടിക്കൊണ്ടേയിരുന്നാല്‍ അത് അങ്ങനെ തന്നെ തുടരാനാകും. അതിനൊരു ഒടുക്കമില്ല. പ്രപഞ്ചവും  അനന്തമെന്നാണ് വാദം. ഇതു ശരിയോ തെറ്റോ ആകാം. ഇതൊന്നും നിരീക്ഷിച്ചു ബോധ്യപ്പെടാനാകില്ല.    മനുഷ്യന്റെ ചിന്തയ്‌ക്കോ സങ്കേതങ്ങള്‍ക്കോ ഉള്ള പരിമിതിയുടെ പ്രതിഫലനമാണ്  ഇത്. ഭാരമേറിയ വസ്തു കയ്യില്‍ താങ്ങുമ്പോള്‍ ആയാസമനുഭവപ്പെടുന്നു. അതുപോലെ വസ്തുക്കള്‍ താഴേയ്ക്കു പതിക്കുമ്പോള്‍ അത് ത്വരണത്തോടെ ചലിക്കുന്നു. ഈ പ്രതിഭാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഗുരുത്വാകര്‍ഷണം എന്ന് ഏവരും സമ്മതിക്കുന്ന കാര്യമാണ്. വലുതും ചെറുതുമായ വസ്തുക്കള്‍ ഒരേ ത്വരണത്തോടെ പതിക്കുന്നു. ഇത് നിരീക്ഷണത്തില്‍ വ്യക്തമാകുന്ന ഒന്നാണ്. അതൊന്നും ബലം എന്നതിന്റെ ശരിയായ  നിര്‍വ്വചനമാകുന്നില്ല. ഗുരുത്വാകര്‍ഷണബലത്തെ സംവേഗവുമായി ചേര്‍ത്തു മാത്രമേ മനസ്സിലാക്കാനാകൂ. സംവേഗമാകട്ടെ, പ്രവേഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദ്രവ്യമാനവും പ്രവേഗവുമാണ് സംവേഗത്തിന്റെ ഘടകങ്ങള്‍. നമുക്ക് മനസ്സിലാക്കാനായി മാത്രമാണ് ഈ വേര്‍തിരിവുകള്‍ എന്ന് ബോധ്യപ്പെടേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തിയാണ് ബലത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. ബലം ഗുരുത്വാകര്‍ഷണം എന്നിവ ചലനത്തിലുള്ള വസ്തുക്കളുടെ സ്വഭാവത്തെ വിവരിക്കാന്‍ സഹായകമാണ്. എന്നാല്‍, ഇതൊന്നും ചലനം എന്നത് എന്തെന്ന് ഗഹനമായി ഗ്രഹിക്കാനുള്ള വക നല്‍കുന്നില്ല. പ്രാചീന ഗ്രീക്ക് ചിന്തകരെ  കുഴക്കിയ അതേ കാര്യം. ചലനം എന്നത് യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്ന ചോദ്യമുയര്‍ന്ന നാളുകള്‍.

അതേ പ്രശ്‌നം തന്നെ ജഡത്വത്തിന്റെ (ഇനേര്‍ഷ്യ)കാര്യത്തിലുമുണ്ട്. ജഡത്വം യഥാര്‍ത്ഥത്തില്‍ എന്തെന്നു വ്യക്തമാക്കുന്ന ഒന്നും ലഭ്യമല്ല. ഗുരുത്വാകര്‍ഷണമൊട്ടുമില്ലാത്ത, അങ്ങകലെ സ്വാധീനമൊട്ടും ചെലുത്താത്ത നക്ഷത്രങ്ങള്‍ക്കും ഗാലക്‌സികള്‍ക്കും ആപേക്ഷികമായി ശൂന്യസ്ഥലത്ത് വസ്തുക്കള്‍ ചലിക്കുന്നതിന്റെ കാരണമെന്താണ്.  ഐന്‍സ്‌റ്റൈനേയും ആശയക്കുഴപ്പത്തിലാക്കിയ കാര്യം. അതങ്ങനെയാണ് എന്നു പറഞ്ഞൊഴിയാനാകില്ല. ഭൗതികപരമായ ഒരു യഥാര്‍ത്ഥഗുണം എന്ന രീതിയിലല്ല, മറിച്ച് ഗണിതശാസ്ത്ര പരികല്പനയായിട്ടാണ്. ഐസക് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണത്തെ അവതരിപ്പിച്ചത് എന്നു പറയുമ്പോള്‍ അതിനോട് യോജിക്കുന്നവര്‍ കുറവായിരിക്കും. ഒരു ആറ്റത്തിനുള്ളിലെ 99.99 ശതമാനം സ്ഥലവും ശൂന്യമാണ്. എന്നാല്‍, ആ ശൂന്യസ്ഥലത്ത് നിറഞ്ഞിരിക്കുന്നത് പലതരം ഫീല്‍ഡുകളാണ്. ഫീല്‍ഡുകള്‍ പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. അവയെ വേര്‍തിരിച്ച് അറിയാനാകില്ല; പക്ഷേ, അവയുടെ പ്രഭാവം അനുഭവിക്കാനാകുന്നു. വ്യതിരിക്ത ഘടനയുള്ള കണങ്ങള്‍ എന്നു നാം കരുതുന്നവ ഒരു തുടര്‍ച്ചയുടെ ഭാഗമാണ്. ഏത് അടിസ്ഥാന കണമാണെങ്കിലും ഇതു ശരിയാണ്. ഇതെന്തുകൊണ്ട് ഇപ്രകാരമാകുന്നു എന്തുകൊണ്ട് മറ്റൊരു തരത്തിലാകുന്നില്ല എന്ന ചോദ്യം പ്രസക്തം തന്നെ. അതിനൊരു ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയുമില്ല, തല്‍ക്കാലം. പല ഘടകങ്ങള്‍ ചേര്‍ന്ന് ആവിര്‍ഭവിക്കുന്ന സവിശേഷ ഗുണങ്ങള്‍  തിരിച്ചറിയാനാകുന്നു. വസ്തുവിന്റെ ഗുണങ്ങള്‍ അതില്‍നിന്നും വിഭിന്നമായല്ല നിലനില്‍ക്കുന്നത്. ബലങ്ങള്‍ ഇല്ലെങ്കില്‍ സ്‌പേസോ വസ്തുക്കളോ നിലനില്‍ക്കില്ല എന്ന് വാദിക്കുമ്പോള്‍ വിവിധ സ്ഥലമാനങ്ങളില്‍ ബലങ്ങള്‍ പ്രാവര്‍ത്തികമാകുന്നതിന്റെ അടിസ്ഥാനം എന്തെന്ന ചോദ്യം ചോദിക്കാവുന്നതാണ്. അതിനു കാരണം ബലവാഹക കണങ്ങളാണെന്ന് ഉത്തരം.

ആൽബർട്ട് ഐൻസ്റ്റൈൻ
ആൽബർട്ട് ഐൻസ്റ്റൈൻ

ഭൂമിയെപ്പോലെയുള്ള ധാരാളം ലോകങ്ങളും സൗരയൂഥത്തെപ്പോലെയുള്ള അനേകം നക്ഷത്രയൂഥങ്ങളും ക്ഷീരപഥം എന്ന നക്ഷത്രങ്ങളുടെ സാഗരത്തിലുണ്ട് എന്ന് ഇമ്മാനുവല്‍ കാന്റും മറ്റും അനുമാനിച്ചിരുന്നു. നിരീക്ഷണത്തിലൂടെ നേടിയ ഉള്‍ക്കാഴ്ച. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതയിലെ ചില സങ്കല്പനങ്ങളുടെ അടിസ്ഥാനം കാന്റിന്റെ കൃതികളില്‍ തിരഞ്ഞാല്‍ ലഭിക്കും. വക്രമായ പ്രതലത്തിലെ രണ്ടു ബിന്ദുക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രേഖയായ ജിയോഡെസിക്ക് കാന്റിന്റെ ആശയങ്ങളില്‍ കാണാം. ഇതൊന്നും ഐന്‍സ്‌റ്റൈന്റെ ആശയങ്ങളുടെ മാറ്റിനെ കുറയ്ക്കുന്നില്ല. ദര്‍ശനമായിരുന്നു കാന്റിനിഷ്ടപ്പെട്ട മേഖല. ഒന്നു ഗതിമാറിയിരുന്നുവെങ്കില്‍ സ്ഥലത്തേയും കാലത്തേയും കുറിച്ചുള്ള ആധുനിക സങ്കല്പനങ്ങള്‍ കാന്റിന്റെ  പഠിപ്പുമുറിയില്‍ നിന്നുതന്നെ ഉദ്ഭവിക്കുമായിരുന്നു. കാന്റിന്റെ കൃതികള്‍ വിശദമായിത്തന്നെ ഐന്‍സ്‌റ്റൈന്‍ വായിച്ച് ഹൃദിസ്ഥമാക്കി. എല്ലാം തന്റെ സ്വന്തം നേട്ടം എന്നു സ്ഥാപിക്കാന്‍ ഐന്‍സ്‌റ്റൈന്‍ ശ്രമിച്ചു എന്നവകാശപ്പെടുന്നവര്‍ അദ്ദേഹത്തിലെ പ്രഭാഷണങ്ങളിലെ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. 

ഇമ്മാനുവൽ കാന്റ്
ഇമ്മാനുവൽ കാന്റ്

ശാസ്ത്രത്തിന്റെ രീതികള്‍

സൂര്യനെപ്പോലെ വലിയ ദ്രവ്യമാനമുള്ള വസ്തുക്കളുടെ സമീപം പ്രകാശം വക്രമായ പാതയിലൂടെ സഞ്ചരിക്കുന്നു എന്ന് സമര്‍ത്ഥിക്കാന്‍ ഐന്‍സ്‌റ്റൈന് അധികം ആയാസപ്പെടേണ്ടിവന്നില്ല. സ്‌പേസ് തന്നെ വക്രമാകുന്നു അതിനാല്‍ പ്രകാശം വളഞ്ഞ പാതയിലൂടെ സഞ്ചരിക്കുന്നു എന്നു തോന്നും. ആധുനിക സാങ്കേതികത ഇതിന്റെ അടിസ്ഥാനത്തില്‍ നക്ഷത്രാന്തരയാത്രകള്‍ക്കുള്ള പദ്ധതികള്‍ സ്വരൂപിക്കുന്നു. നിരീക്ഷണങ്ങള്‍ ഈ വാദത്തോട് ഒത്തുനില്‍ക്കുന്നു. ശാസ്ത്രീയവസ്തുതകള്‍ എന്നു വിളിക്കുന്നവ ഊഹങ്ങളെ അടിസ്ഥാനമാക്കിയല്ല രൂപപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയരീതിയെന്ന് പൊതുവേ മനസ്സിലാക്കിയിരിക്കുന്നത് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും വഴി പ്രതിഭാസങ്ങളെക്കുറിച്ചുള്ള തൃപ്തികരമായ വിശദീകരണം നല്‍കുക എന്നതാണ്. അതിന്റെ ആദ്യപടി പ്രതിഭാസങ്ങള്‍ക്കു പിന്നിലെ കാരണത്തെ തിരയലാണ്. അനുയോജ്യമായ ചോദ്യങ്ങള്‍ ചോദിക്കുക എന്നതും. അപ്രകാരം പരികല്പനകള്‍ രൂപീകരിക്കാനുള്ള വക ലഭിക്കുന്നു. പിന്നീട് തുടര്‍നിരീക്ഷണങ്ങളും കഴിയുമെങ്കില്‍ പരീക്ഷണങ്ങളും വഴി പരികല്പനകള്‍ തെളിയിക്കാന്‍ ശ്രമിക്കുന്നു. നിരീക്ഷണങ്ങളുടേയും പരീക്ഷണങ്ങളുടേയും ഫലങ്ങള്‍ പരികല്പനകളുമായി ഒത്തുവരുന്നില്ലെങ്കില്‍ അവ തള്ളിക്കളയുകയോ പുതുക്കുകയോ ചെയ്യുന്നു. പരികല്പനകള്‍ ശരിയെന്നു തെളിഞ്ഞാല്‍ അവ ശാസ്ത്രത്തിലെ വസ്തുതകളായി അംഗീകരിക്കപ്പെടുന്നു. ഈ രീതിയില്‍ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയും ശാസ്ത്രീയസത്യം എന്ന നിലയിലേയ്ക്ക് സങ്കല്പനങ്ങളെ ഉള്‍ക്കൊള്ളിക്കുകയും ചെയ്യുന്നു. ചിന്താപരീക്ഷണങ്ങളും സഹായത്തിനെത്തുന്നു. വ്യത്യസ്ത ഭാരങ്ങള്‍ പിസാ ഗോപുരത്തില്‍നിന്നും പതിപ്പിച്ചു നടത്തിയ  ഗലീലിയോയുടെ നിരീക്ഷണവും  ട്രെയിനില്‍ സഞ്ചരിക്കുന്ന നിരീക്ഷകനും പിന്നെ ലിഫ്റ്റ് പൊട്ടി സ്വതന്ത്രമായി പതിക്കുന്ന ഐന്‍സ്‌റ്റൈന്റെ നിരീക്ഷകനും ചിന്താപരീക്ഷണങ്ങളുടെ ഉല്പന്നങ്ങളാണ്. ഈ രീതി ഫലപ്രദമായി ഉപയോഗിച്ചത് ഐന്‍സ്‌റ്റൈന്‍ തന്നെ. പ്രകാശവേഗതയില്‍ സഞ്ചരിച്ചാല്‍ കയ്യിലെ കണ്ണാടിയില്‍ മുഖം തെളിയുമോ എന്ന സ്‌കൂള്‍ പഠനകാലത്തെ സംശയമാണ്  ഐന്‍സ്‌റ്റൈനെ ആപേക്ഷികതയിലേയ്ക്കു നയിച്ചത്.

സുബ്രഹ്മണ്യം
ചന്ദ്രശേഖർ

ആപേക്ഷികതയെക്കുറിച്ച് ഐസക് ന്യൂട്ടന് ബോധ്യമുണ്ടായിരുന്നു. അതെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അതിന്റെ സൂചന നല്‍കുന്നു. ഗലീലിയോ ഗലീലിയുടെ ആപേക്ഷികതയെക്കുറിച്ചുള്ള സങ്കല്പനങ്ങളിലാണ് ന്യൂട്ടന്‍ തന്റെ ചിന്തകളെ വ്യാപരിപ്പിച്ചത്. എന്നാല്‍, ചലനത്തെക്കുറിച്ചും ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുമുള്ള ആശയങ്ങളില്‍ ഇതു കടന്നുവരുന്നില്ല. കേവലമായ സ്ഥലവും കേവലമായ കാലവുമായിരുന്നു ന്യൂട്ടന്‍ തന്റെ ആശയങ്ങളെ പടുത്തുയര്‍ത്താന്‍ ഉപയോഗിച്ചത്. ഇത്തരം അമൂര്‍ത്തമായ ആശയങ്ങള്‍ യഥാര്‍ത്ഥമാണൊ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, അവ നമ്മുടെ നിരീക്ഷണങ്ങള്‍ക്കുള്ള തൃപ്തികരമായ വിവരണം നല്‍കുന്നുണ്ടോ എന്നു നോക്കിയാല്‍ മതിയാകും. പ്രാദേശിക ദൂരങ്ങളില്‍ മാത്രം പ്രാവര്‍ത്തികമാകുന്ന ഈ സങ്കല്പനങ്ങള്‍ ഭൂമിയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു മതിയാകും. എന്നാല്‍, ആധുനിക സാങ്കേതികതയുടെ ഉല്പന്നങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ഇതു പോര. ജി.പി.എസ് പോലെയുള്ളവ. 
 
 

​ഗലീലിയോ ​ഗലീലി
​ഗലീലിയോ ​ഗലീലി

ശാസ്ത്രഭാവന

സങ്കല്പനങ്ങളുടെ രൂപീകരണത്തില്‍ ഭാവനയ്ക്കു വലിയ പങ്കുണ്ട്. ഇത്തരം ഭാവനകള്‍ ഗുഹാചിത്രങ്ങള്‍ മുതല്‍ ദൃശ്യവുമാണ്. ദൈനംദിന ജോലിഭാരം ലഘൂകരിക്കാനാണ് ഭാവനയിലൂടെ പോംവഴികള്‍ കണ്ടെത്തിയത്. ചക്രത്തിന്റെ കണ്ടെത്തല്‍ ഒരു ഉദാഹരണമാണ്. ഒരേ രീതിയിലുള്ള കണ്ടെത്തലുകള്‍ പരസ്പരബന്ധമില്ലാത്ത സംസ്‌കൃതികള്‍ നടത്തിയിട്ടുണ്ട് എന്നത് വിസ്മയകരം തന്നെ. മറ്റു ഗ്രഹങ്ങളില്‍ ജീവികളെ കണ്ടെത്തുകയാണെങ്കില്‍ മനുഷ്യരുടെ ചില സവിശേഷതകളെങ്കിലും അവയ്ക്കുണ്ടാകും എന്നതു തീര്‍ച്ച. ചില വേളകളില്‍ സങ്കല്പനങ്ങളുടെ സ്ഥിരീകരണത്തിനായി സഹായത്തിനെത്തുന്നവയാണ് ചിന്താപരീക്ഷണങ്ങള്‍. ചെലവൊന്നും ഇല്ലാത്ത പ്രവൃത്തിയാണിത്. പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന യാനം, ഗുരുത്വാകര്‍ഷണ സ്വാധീനമില്ലാത്ത സ്‌പേസിലെ ഒറ്റപ്പെട്ടയിടത്തുകൂടി ചലിക്കുന്ന യാനം, വ്യത്യസ്ത ഭാരങ്ങള്‍ പിസയിലെ ചരിഞ്ഞ ഗോപുരത്തില്‍നിന്നും ഒരേസമയം താഴെയ്ക്കിടുന്നത്, ഇതൊക്കെ സങ്കല്പനങ്ങള്‍ സ്ഥാപിക്കാനായി രൂപീകരിച്ച് വിജയിപ്പിച്ചവയാണ്. ഉണര്‍ന്നിരിക്കുമ്പോള്‍ ചിന്തിച്ചു കൂട്ടുന്ന കാര്യങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുന്നവയും സ്വപ്നങ്ങളില്‍ പ്രതിഫലിക്കുന്നു. ഓര്‍മ്മയിലെ ഘടകങ്ങള്‍ മുഴുനീള സ്വപ്നങ്ങളായോ ചെറുതുണ്ടുകളായോ കാണുന്നു. സമസ്യകള്‍ക്കുള്ള പോംവഴികള്‍ സ്വപ്നത്തില്‍ ദര്‍ശിച്ച ചരിത്രമുണ്ട്. ഇത് ദിവ്യാനുഭവമോ മറ്റോ അല്ല. ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയാണത്. മസ്തിഷ്‌കത്തിനു ചിന്തിക്കാനുള്ള വക കിട്ടിയാല്‍ അറിയാതെ തന്നെ അത് ആ ഘടകത്തിനു മേല്‍ പ്രവര്‍ത്തിക്കുന്നു. യാത്രയ്ക്കിടയിലും ആഹാരം കഴിക്കുന്നതിനിടയിലും സംഗീതമാസ്വദിക്കുന്നതിനിടയിലും അതുവരെ കിട്ടാക്കനിയായിരുന്നതിന്റെ ഉത്തരങ്ങള്‍ ലഭിക്കുന്നു. സ്വപ്നങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ശ്രീനിവാസ രാമാനുജന് അതിസങ്കീര്‍ണ്ണമായ ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ലഭിച്ചത് സ്വപ്നത്തിലാണ്.

വക്രമാന സ്ഥലകാലം
വക്രമാന സ്ഥലകാലം

ഫലപ്രദമായ മാതൃകകള്‍

ചില അവസരങ്ങളില്‍ മാതൃകകളെ അടിസ്ഥാനമാക്കി  സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നു. ഒരേ പ്രതിഭാസത്തെ വിവരിക്കാനുതകുന്ന ഒന്നില്‍ക്കൂടുതല്‍ സിദ്ധാന്തങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇതിലേതു സിദ്ധാന്തം യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരം നല്‍കുന്നു എന്നത് അന്വേഷിക്കുകയും   ഏറ്റവും കുറവ് ഘടകങ്ങള്‍ ഉള്ള സിദ്ധാന്തങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രതിഭാസങ്ങള്‍ക്കു പിന്നിലെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ പ്രാപഞ്ചിക നിയമങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നു. പ്രാപഞ്ചിക നിയമങ്ങള്‍ പ്രപഞ്ചത്തിലെ എല്ലായിടത്തും പ്രാവര്‍ത്തികമാകണം. ഭൂമിയിലും സൗരയൂഥത്തിലും ഗാലക്‌സിയിലും പ്രപഞ്ചത്തിന്റെ മറ്റു പ്രദേശങ്ങളിലുമെല്ലാം. ഏതെങ്കിലുമൊരു അവസ്ഥയില്‍ സിദ്ധാന്തത്തിനെതിരായ കാര്യങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അതു തിരുത്താനുള്ള സ്വാതന്ത്ര്യം അതിന്റെ ഉപജ്ഞാതാക്കള്‍ക്കുണ്ട്. പ്രത്യക്ഷവാദ കാഴ്ചപ്പാടനുസരിച്ച് ഈ രീതി ഏറ്റവും അനുയോജ്യമായ ഒന്നാണ്. 

സ്റ്റീഫൻ ഹോക്കിങ്
സ്റ്റീഫൻ ഹോക്കിങ്

സ്റ്റീഫന്‍ ഹോക്കിങ് മുന്നോട്ടുവച്ച മാതൃകയെ ആധാരമാക്കിയുള്ള യാഥാര്‍ത്ഥ്യവാദത്തില്‍ ആദ്യത്തെ പടി പ്രതിഭാസങ്ങളുടെ കാരണത്തെക്കുറിച്ചുള്ള മാതൃകകള്‍ രൂപപ്പെടുത്തുക എന്നതാണ്. തുടര്‍ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും മാതൃകയോട് ഒത്തുനില്‍ക്കുന്നെങ്കില്‍ അത് ഒരു സിദ്ധാന്തമായി അംഗീകരിക്കാവുന്നതാണ്. തെറ്റെന്നു തെളിയിക്കാന്‍ കഴിയുന്ന സിദ്ധാന്തങ്ങള്‍ മാത്രമാണ് യാഥാര്‍ത്ഥ്യത്തോട് ഒത്തുനില്‍ക്കുന്നത്. കാള്‍ പോപ്പറിന്റെ അസത്യവല്‍ക്കരണത്തിന്റെ കാതലും ഇതുതന്നെ. ഇത്തരം കഠിനശാഠ്യങ്ങളെ അതിജീവിക്കുന്നവ പ്രാപഞ്ചിക നിയമങ്ങളാകുന്നു. പല വേളകളിലും പ്രാപഞ്ചിക നിയമങ്ങള്‍ തിരുത്തേണ്ട അവസരമുണ്ടായിട്ടുണ്ട്. പക്ഷേ, അറിവിന്റെ ആഴം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അറിവിന്റെ വ്യാപ്തം വര്‍ദ്ധിക്കുന്നു. അപ്പോള്‍ ചില സിദ്ധാന്തങ്ങള്‍ പ്രാദേശികമായി മാത്രം നിലനില്‍ക്കുന്നതായി കാണുന്നു. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണം പ്രാദേശികമായ വിവരണം നല്‍കാന്‍ കെല്പുള്ളതാണ്. അതായത് സൗരയൂഥത്തിന്റെ തലത്തില്‍. എന്നാല്‍ ബുധന്റെ സൂര്യനു ചുറ്റുമുള്ള ചലനത്തിലെ ചെറിയ ചാഞ്ചല്യങ്ങള്‍ക്കുള്ള കാരണം കണ്ടെത്താന്‍ ന്യൂട്ടന്റെ സിദ്ധാന്തം സഹായകമാകുന്നില്ല. അവിടെ ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം തന്നെ വേണം. പ്രാപഞ്ചികതലത്തില്‍ ഐന്‍സ്‌റ്റൈന്റെ ആശയങ്ങള്‍ നിലനില്‍ക്കുന്നു എന്നു കരുതാന്‍ കാരണം അതു തെളിയിക്കാന്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങളാണ്. ഇതുവരെ നടത്തിയിട്ടുള്ള ശ്രമങ്ങളൊക്കെയും ഐന്‍സ്‌റ്റൈന്റെ ആശയങ്ങളോട് ഒത്തുനില്‍ക്കുന്നവയാണ്. ഈയിടെ കണ്ടെത്തിയ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഐന്‍സ്‌റ്റൈന്‍ തന്റെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവചിച്ചതാണ്. 

ഐസക് ന്യൂട്ടൻ
ഐസക് ന്യൂട്ടൻ

ഇടയ്ക്കിടെ നടത്തുന്ന നിരീക്ഷണങ്ങളില്‍നിന്നും സിദ്ധാന്തങ്ങളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടിവരുന്ന ഘട്ടങ്ങളുണ്ടാകും. ധാരാളം കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകുമ്പോള്‍ ആ സിദ്ധാന്തം വൃത്തിഹീനമാകുന്നു. അപ്പോള്‍ പുതിയ ആശയത്തിന്റെ ആവശ്യകത ഉയരുന്നു. അങ്ങനെ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍നിന്നും പുത്തന്‍ ആശയങ്ങള്‍ രംഗത്തെത്തുന്നു. കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു രീതിയാണിത്. പുതിയ ആശയം യാഥാര്‍ത്ഥ്യത്തോട് ഏറ്റവും ഒത്തുനില്‍ക്കുന്നതാണെങ്കില്‍ അത് അംഗീകരിക്കപ്പെടുകയും മുന്‍പത്തേത് വിസ്മൃതിയിലാകുകയും ചെയ്യുന്നു. ശാസ്ത്രം ഇപ്രകാരമാണ് മുന്നോട്ടുപോകുന്നത്. ബ്ലാക്‌ഹോളിന്റെ നേരിട്ടുള്ള നിരീക്ഷണം പല ആശയങ്ങളും ശരിയെന്നു തെളിയിക്കുന്നു. ബ്ലാക്‌ഹോളിന്റെ സവിശേഷതകളെക്കുറിച്ച് നടത്തിയിട്ടുള്ള അനുമാനങ്ങളുടെ സ്ഥിരീകരണമാണ് അടുത്തപടി. അതിലും വിജയം കൈവരിക്കുകയാണെങ്കില്‍ പ്രപഞ്ചവിജ്ഞാനീയത്തിലെ പല പരികല്പനകളും യാഥാര്‍ത്ഥ്യത്തോട് ഒത്തുനില്‍ക്കുന്നു എന്നു കരുതാനാകും. 

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com