'ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല'

മലയാള സിനിമയുടെ പേരിനൊപ്പം മധു ചേര്‍ന്നിട്ട് വര്‍ഷം അറുപത്
'ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല'

പ്രക്ഷുബ്ധമായി അഭിനയിച്ചു സ്വസ്ഥമായി ജീവിക്കുമ്പോള്‍ മധു ചിന്തിക്കുന്നത് എന്തൊക്കെയാണ്?

മലയാള സിനിമയുടെ പേരിനൊപ്പം മധു ചേര്‍ന്നിട്ട് വര്‍ഷം അറുപത്. 1963-ല്‍ പാറപ്പുറത്തിന്റെ പ്രശസ്ത നോവല്‍ 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍' എന്‍.എന്‍. പിഷാരടി സിനിമയാക്കിയപ്പോള്‍ അതിലെ പട്ടാളക്കാരന്‍ സ്റ്റീഫന്‍ മുതല്‍ സ്വന്തം ഗുരുവായി അഭിനയിക്കാന്‍ മമ്മൂട്ടി ചെന്നു സ്നേഹത്തോടെ നിര്‍ബന്ധിച്ച നമ്പര്‍ വണ്‍ വരെ സംഭവബഹുലമായ അരനൂറ്റാണ്ട്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാവുകയും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുകയും ചെയ്തു. നാനൂറോളം സിനിമകള്‍. ഇനി അഭിനയിക്കേണ്ട എന്ന തീരുമാനമെടുത്തതാണ്. എങ്കിലും പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ ഫാദറായി അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ സമ്മതിച്ചു തീയതിയും കൊടുത്തു. പക്ഷേ, ഒന്നു വീണു മുഖം വിങ്ങിയതുകൊണ്ട് തീരുമാനം മാറ്റി. അതുകഴിഞ്ഞാണ് മമ്മൂട്ടിയുടെ വരവ്. മമ്മൂട്ടിയുടെ മാത്രമല്ല, മോഹന്‍ലാലിന്റേയും സ്നേഹത്തെക്കുറിച്ചു പറയാനുണ്ട് മലയാള സിനിമയുടെ പ്രിയപ്പെട്ട മധുസാറിന്. നഞ്ചിയമ്മയുടെ പാട്ടിനെക്കുറിച്ച്, കൂടെ അഭിനയിച്ച നായികമാരെക്കുറിച്ച്, രാഷ്ട്രീയം പറയാത്തതിനെക്കുറിച്ച്, ജീവിതത്തിലെ തൃപ്തിയെക്കുറിച്ച്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ കൊണ്ടു മൂടിയ അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമ 'സ്വയംവരം' അന്‍പതു വര്‍ഷം ആഘോഷിക്കുമ്പോള്‍ അതു മധു അഭിനയിച്ച വിശ്വനാഥനു കിട്ടിയ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന്റെ കൂടി അന്‍പതു വര്‍ഷമാണ്. അടൂര്‍ ഗോപാലകൃഷ്ണനെ പ്രേക്ഷകര്‍ അന്ന് അറിയില്ലെങ്കിലും മധു അപ്പോഴേയ്ക്കും താരമായി മാറിയിരുന്നു; അന്നുമിന്നും, കേരളമുള്ളിടത്തോളം മധുവിനെ അറിയാതേയും പറയാതേയും മലയാള സിനിമയില്ലതാനും. അങ്ങനെയുള്ള മധു മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറക്കുന്നത് അപൂര്‍വ്വം. എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാലുമായുള്ള ഈ വര്‍ത്തമാനം അപൂര്‍വ്വ സുന്ദരമാകുന്നത് അതുകൊണ്ടുകൂടിയാണ്. സംസാരിച്ചു തുടങ്ങിയപ്പോള്‍ ചിലതു പറയാനുറപ്പിക്കുകയും ചെയ്തു. പക്ഷേ, ഒന്നും കര്‍ക്കശമായി പറയാത്ത സൗമ്യഭാഷയുടെ കൂടി താരമാണ്. അഭിനയത്തെ പ്രക്ഷുബ്ധം എന്ന് വിശേഷിപ്പിച്ച മധു മലയാളത്തിന്റെ മഹാനടനാകുന്നത് തലമുറകളെ ആകര്‍ഷിച്ച ആ പ്രക്ഷുബ്ധാഭിനയത്തിലൂടെയാണ്; ആ കാലത്തിനൊപ്പം കണ്ടറിഞ്ഞു വളര്‍ന്നവരോടും പിന്നീടു വന്ന തലമുറയോടും അദ്ദേഹത്തിനു ചൂണ്ടിക്കാട്ടാനുണ്ട്.

മധു/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
മധു/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

മധുപാല്‍: ചെയ്ത സിനിമകളില്‍ മുഴുവന്‍ പുതിയ എഴുത്തുകാരെ കൊണ്ടുവന്നു. അങ്ങനെ ചെയ്യുമ്പോള്‍ നമുക്കു നമ്മള്‍ തന്നെയാണിതു ചെയ്യുന്നത് എന്ന തോന്നല്‍ ഉണ്ടാകുന്നതുപോലെ. സി. രാധാകൃഷ്ണനായിരുന്നല്ലോ ആദ്യ സിനിമയായ 'പ്രിയ'യുടെ എഴുത്തുകാരന്‍. പിന്നെ, പി.ആര്‍. ചന്ദ്രനായിരുന്നു കുറേക്കാലം. കൈനിക്കര കുമാരപിള്ള, ജി. ശങ്കരക്കുറുപ്പ് ഇതൊക്കെ സാധാരണരീതിയില്‍ ഒരു സിനിമാ സംവിധായകന്‍ ആലോചിക്കാത്ത എഴുത്തുകാരാണ്.

മധു: അതെ, പ്രത്യേകിച്ചും അക്കാലത്ത്. വായന അതിലൊരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും നാടകങ്ങള്‍ വായിച്ചപ്പോള്‍ അതിലെ അഭിനയസാധ്യതകളെക്കുറിച്ചാണ് ചിന്തിച്ചത്; കുറേ കഥാപാത്രങ്ങള്‍ ഉണ്ടാവുക എന്നതിനപ്പുറം. അതിനു പ്രധാന കാരണം നാഷണല്‍ സ്‌കൂള്‍  ഓഫ് ഡ്രാമയിലെ പഠനമാണ്. 

മധുപാല്‍: തുടക്കം മുതല്‍ വളരെ പ്രോമിനന്റ് ആയിട്ടുള്ള ഫിലിം മേക്കേഴ്സിന്റെ കൂടെയും എഴുത്തുകാരുടെ കൂടെയുമാണ് യാത്ര എന്നതാണ് ഏറ്റവും പ്രധാനം. ഉറൂബ്, പാറപ്പുറത്ത്, എം.ടി, പൊന്‍കുന്നം വര്‍ക്കി, മുട്ടത്തു വര്‍ക്കി. വേറൊരാള്‍ക്കും അങ്ങനെയൊരു അവസരം കിട്ടിയില്ല.

മധു: ഞാന്‍ മനപ്പൂര്‍വം കണക്കുകൂട്ടി ചെയ്തതല്ലെങ്കിലും ഈ ഇമേജ് വന്നപ്പോള്‍ ഞാന്‍ അതിനേക്കുറിച്ച് ഓര്‍ത്തു. നോവലിലെ നായകന്മാര്‍ സിനിമയിലെ നായകന്മാരെപ്പോലെ എല്ലാവരും സുശീലന്മാരല്ല. വീരശൂര പരാക്രമികളുമല്ല. അവര്‍ക്ക് പല കുഴപ്പങ്ങളും തെറ്റുകളുമൊക്കെ സംഭവിക്കും. മറ്റു നടന്മാര്‍ക്കൊക്കെ ഒരു ഇമേജുണ്ട്. ഒരു നോവലിലും ഇവരുടെ ഇമേജിനു പറ്റിയ കഥാപാത്രമില്ല. ഉദാഹരണത്തിന്, പുള്ളിമാന്‍ എടുക്കൂ, അല്ലെങ്കില്‍ ഉമ്മാച്ചു. അതൊന്നും ഫിലിം ഹീറോയ്ക്ക് പറ്റിയ ആളേയല്ല. 

മധുപാല്‍: സൂക്ഷ്മമായ വിശദാംശങ്ങളിലേക്കു പോകുന്ന ഒരു രീതി സാറിന്റെ സിനിമകളില്‍ കണ്ട ഒരു കാര്യമാണ്. ഷോട്ടുകളിലാണെങ്കിലും ആളുകളുടെ പെര്‍ഫോമന്‍സിന്റെ കാര്യത്തിലാണെങ്കിലുമൊക്കെ. അത് ഈ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന്റെയൊരു സ്വാധീനമാണോ. പ്രത്യേകിച്ചും നിരീക്ഷണം. അത് ഇത്രയും കൃത്യമായി എങ്ങനെ കൊണ്ടുവരുന്നു എന്നതാണ്. ദൃശ്യപരമായി അത് കൊണ്ടുവരിക എന്നത് ഒരു വലിയ പണിയാണ്. 

മധു: അത്, ഒബ്സര്‍വേഷന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഒരു സബ്ജക്റ്റാണ്. അതിപ്പോള്‍, നമ്മള്‍ മനപ്പൂര്‍വം ചെയ്യാന്‍ പറ്റുന്നതല്ലല്ലോ. സംഗീതം പോലെ അത് തനിയെ വരുന്നതാണ്. അങ്ങനെയാണ് ഒബ്സര്‍വേഷനും വരിക. നമ്മളിപ്പോള്‍, ഒബ്സര്‍വ് ചെയ്തുകളയാം എന്നു കരുതി നിന്നാല്‍ ഒന്നും ഒബ്സര്‍വ് ചെയ്യാന്‍ പറ്റില്ല. അതു സ്വന്തം നിലയ്ക്കു വരും. അത് സംഗീതം പോലെ, സാഹിത്യം പോലെ മനുഷ്യന്റെ ജന്മവാസനയില്‍പ്പെട്ട ഒരു സംഗതിയാണ്. നമുക്കത് സൃഷ്ടിക്കാന്‍ കഴിയില്ല. 

മധുവും മധുപാലും/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
മധുവും മധുപാലും/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

മധുപാല്‍: പുതിയ ആളുകളെ വച്ച് തിരക്കഥ ചെയ്യുമ്പോള്‍, അവരൊരിക്കലും സിനിമയുടെ ഭാഗമല്ല. സിനിമയുടെ അകത്തുനിന്നുകൊണ്ട് അങ്ങ് ഇതു ചെയ്യുന്ന സമയത്ത് തിരക്കഥ കൂടെ നിന്നു ചെയ്യുന്നുണ്ട്. കഥയില്‍ ഇന്നതു വേണം എന്നു പറഞ്ഞുള്ള ഒരു ഉള്‍പ്പെടുത്തല്‍ ഉണ്ടല്ലോ. അത് നിര്‍ബ്ബന്ധപൂര്‍വ്വം അങ്ങോട്ടു പറഞ്ഞു ചെയ്യിക്കുന്നതാണോ?

മധു: ഇല്ല, അങ്ങോട്ടൊന്നും അങ്ങനെ നിര്‍ബ്ബന്ധിച്ചു ചെയ്യാന്‍ പറഞ്ഞിട്ടില്ല. അവരുടെ ഇഷ്ടത്തിനു വിടുകയാണ് ചെയ്തിട്ടുള്ളത്. പിന്നെ അതില്‍ നമുക്കു ചില മോഡിഫിക്കേഷന്‍ വരുത്താം. ഒരു എഴുത്തുകാരന്റെ വളരെ ഇന്ററസ്റ്റിംഗ് ആയിട്ടുള്ള ഒരു സംഭവം പറയാം. മൈസൂരില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ഓരോ സീനും കട്ട് ചെയ്ത് കട്ട് ചെയ്ത് എടുക്കുന്നതു കണ്ട് എഴുത്തുകാരന്‍ അടുത്തിരിപ്പുണ്ട്. മെനക്കെട്ട് കേരളത്തില്‍നിന്നു വന്നതാണ്. മധു, ഇതിങ്ങനെ കഷ്ണം കഷ്ണമായി എടുക്കുന്നതിനു പകരം ഒരുമിച്ചങ്ങ് എടുത്തുകൂടേ എന്ന് അദ്ദേഹം ചോദിച്ചു. അതാണ് സാങ്കേതികവശങ്ങളെക്കുറിച്ചുള്ള ധാരണ.
 

പുതിയ കാലം

മധുപാല്‍: അവിടെനിന്നു നേരേ പുതിയ കാലത്തും സിനിമകളില്‍ അഭിനയിക്കുന്ന സാറിലേക്ക് എത്തിയാല്‍, രണ്ടു കാലത്തേയും മാറ്റങ്ങളുടെ സാക്ഷിയാണല്ലോ. അതിനെക്കുറിച്ച് നേരത്തേ പറഞ്ഞിട്ടുണ്ട്. അന്നത്തെ ഫീല്‍, രീതികള്‍, ഇമോഷന്‍സ് ഒക്കെ വ്യത്യാസമുണ്ട്. അന്ന് കൂടുതല്‍ അടുപ്പമുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴുള്ളതില്‍ ആ അടുപ്പം അത്രയ്ക്ക് കാണാത്തതെന്തുകൊണ്ടായിരിക്കും?

മധു: ജീവിതത്തിലും ഇല്ലാത്തതുകൊണ്ടാണ്. അതാണു കാര്യം. എന്റെ തലമുറയും നിങ്ങളുടെ ശേഷം വരുന്ന തലമുറയും ചെയ്യുന്നതു വ്യത്യസ്തമാണെങ്കിലും ഓരോരുത്തരും അതാതു കാലത്ത് ശരിയാണല്ലോ. എന്താ അവമ്മാര് കാണിക്കുന്നത് എന്ന് നമ്മള്‍ ചോദിക്കില്ലേ. പക്ഷേ, അവര് അച്ഛമ്മാരും അപ്പൂപ്പന്മാരുമായിക്കഴിയുമ്പോള്‍ ഇതേ വാചകംകൊണ്ട് അന്നത്തെ പിള്ളേരെ ഒബ്ജക്റ്റ് ചെയ്യും. അന്നത്തെ പിള്ളേര്‍ക്ക് ഇവരെ ന്യായീകരിക്കാന്‍ സാധിക്കുകയുമില്ല. അതാണല്ലോ ജീവിതം. അല്ലെങ്കില്‍ ഒരുമാതിരി ചലനമില്ലാത്ത ചിറപോലെയായിപ്പോകില്ലേ. 

മധുപാല്‍: പഴയതിനേക്കുറിച്ചു പറയുമ്പോള്‍, പഴയതൊക്കെ എന്തിനാണു പറയുന്നതെന്ന് പറയാറുണ്ട്. പാസ്റ്റ് ഈസ് പാസ്റ്റ് എന്നു പറഞ്ഞതുപോലെ. പക്ഷേ, ഇപ്പോഴും നമ്മള്‍ നില്‍ക്കുന്നത് പഴയതിന്റെ ഒരു തുടര്‍ച്ച ഉണ്ടാകുന്നതുകൊണ്ടല്ലേ; പല കാര്യങ്ങളിലും പുതിയതായി എന്തെങ്കിലും ക്രിയേറ്റ് ചെയ്യുന്നത്. പഴയതെല്ലാം മറന്നുകളയേണ്ടതാണോ, അതു സാധ്യമാണോ?

മധു: പഴയതു തന്നെയാണ് ഇപ്പോഴും ഉള്ളത്. അതിന്റെ പുറത്തുള്ള രൂപം മാത്രമേ മാറുന്നുള്ളു. ഞാന്‍ പണ്ട് ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടി വെട്ടിക്കുമ്പോള്‍ വീട്ടുകാര് പറഞ്ഞുവിടും, രണ്ടു വശങ്ങളിലുമുള്ള മുടിയൊക്കെ നന്നായി വെട്ടണമെന്ന്. പക്ഷേ, ബാര്‍ബറോട് വഴക്കു കൂടി ഞാനതൊന്നും വെട്ടാന്‍ സമ്മതിക്കില്ല. തിരിച്ചുവരുമ്പോള്‍ അമ്മയ്ക്കു ദേഷ്യമാ, എന്താടാ മുടി നേരേ ചൊവ്വേ വെട്ടാത്തത് എന്നു ചോദിക്കും. എന്നെ സംബന്ധിച്ചിടത്തോളം മുടി അങ്ങനെ വെട്ടിക്കളയുന്നത് ഫാഷനബിള്‍ അല്ല. ഇപ്പോള്‍ സകല പിള്ളേരും രണ്ടു വശവും ഷേവ് ചെയ്തല്ലേ നടക്കുന്നത്, വെട്ടി വെളുപ്പിച്ചല്ലേ നടക്കുന്നത്. അന്നു ഫാഷനല്ലാത്തത് ഇന്നു ഫാഷനാണ്. അതുപോലെ ബാഹ്യമായ മാറ്റങ്ങളാണു വന്നിട്ടുള്ളത്. ഞാന്‍ തന്നെ എന്റെ പടം കാണുമ്പോള്‍ അറുപതുകളിലും എഴുപതുകളുടെ ആദ്യമൊക്കെയുള്ള പടങ്ങളിലെ ചെറിയ താടി കാണുമ്പോള്‍ എനിക്കുതന്നെ ക്ഷീണം തോന്നാറുണ്ട്. ഛെ, മഹാ ബോറാണല്ലോ ഇത് എന്ന്. അന്നത് ഓക്കെയാണ്, വൃത്തികേട് തോന്നിയില്ല. ഇന്നു കാണുമ്പോള്‍ ഒരുമാതിരി തോന്നുന്നു.

മധുപാല്‍: ഈയിടെ സാറിന്റെ പഴയ 'തീക്കനല്‍' സിനിമ കണ്ടപ്പോള്‍ ഇപ്പോഴത്തെ അതേ രീതിയായിട്ടാണു തോന്നിയത്. ആകെ അതില്‍ കോസ്റ്റിയൂമില്‍ ഷര്‍ട്ടിന്റെ കോളര്‍ മാത്രം വലുതായിരുന്നു എന്നതൊഴിച്ചാല്‍ ബാക്കിയൊന്നും ഇപ്പോഴത്തേതുമായി വലിയ മാറ്റമില്ല, മുടിയൊക്കെ. അസാധ്യമായ ഒരു കോമ്പിനേഷന്‍ ഉണ്ടാക്കിയ സിനിമയായിരുന്നു അത്. 

മധു: നല്ല പടമായിരുന്നു. അതിന്റെ ഒറിജിനല്‍ ഞാന്‍ കണ്ടിട്ടില്ല. അത് ഹിന്ദിയിലും എടുത്തിട്ടുണ്ട്. തമിഴിലും വന്നു, തെലുങ്കിലും കന്നഡയിലും വന്നിട്ടുണ്ട്.

മധു/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
മധു/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

വായിച്ചറിഞ്ഞ കഥാപാത്രങ്ങള്‍

മധുപാല്‍: കടല്‍ കാണുന്ന വിസ്മയം പോലെയാണ് മധുസാറിന്റെ അടുത്തിരുന്നു വര്‍ത്തമാനം പറയുക എന്നത് എപ്പോഴത്തേയും അനുഭവമാണ്. കടല്‍ എത്ര കണ്ടാലും മതിയാകില്ല എന്നു പറയുന്നതുപോലെ കൂടെയിരുന്നു സംസാരിക്കാന്‍ തുടങ്ങിയാല്‍ നോണ്‍സ്റ്റോപ്പായി കാര്യങ്ങള്‍ വരും. എന്‍.എസ്.ഡിയില്‍ പഠിക്കുമ്പോള്‍ മുതല്‍ ഒരു പറ്റം എഴുത്തുകാരുമായുള്ള അടുപ്പമുണ്ടായിരുന്നത് ഇതിനൊരു കാരണമാണെന്നു തോന്നുന്നു. ഇപ്പോഴും അത് നിലനിര്‍ത്തുന്നുണ്ടോ. അത്ര ശക്തമായ ബന്ധങ്ങളെങ്ങനെ ഉണ്ടായി.

മധു: ഞാന്‍ അങ്ങനെ മനപ്പൂര്‍വ്വം ചെയ്യുന്നതല്ല. സാഹിത്യവുമായി ബന്ധമുണ്ടായിരുന്നു. പല കൃതികളും ചെറുപ്പത്തിലേ വായിച്ചിട്ടുള്ളതാണ്, പഠിച്ചിട്ടുള്ളതാണ്. ചെമ്മീനൊക്കെ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ രണ്ടോ മൂന്നോ അതില്‍ക്കൂടുതലോ പ്രാവശ്യം വായിച്ച് പരീക്കുട്ടിയൊക്കെ മനസ്സില്‍ കയറിയതാണ്. അതുപോലെ ഏണിപ്പടികളിലെ കേശുപിള്ള. എനിക്ക് തിരുവനന്തപുരത്ത് പലരേയും അങ്ങനെ കാണാന്‍ സാധിച്ചിട്ടുണ്ട്. 

മധുപാല്‍: അതേസമയം, ഓളവും തീരവും ചെയ്യുമ്പോള്‍ എം.ടിയുടെ കഥാപാത്രത്തിന്റെ ഏറനാടന്‍ ശൈലിയിലുള്ള സംസാരഭാഷ തിരുവനന്തപുരംകാരനായിട്ടും വളരെ പെര്‍ഫെക്റ്റായി, യാതൊരു ടെന്‍ഷനുമില്ലാതെ, അവിടെ പറയുന്ന അതേ തരത്തില്‍ അവിടുത്തെ ഒരാളാണ് എന്ന ഫീല്‍ ഉണ്ടാക്കിയിട്ടുണ്ട്. എം.ടിയുമായുള്ള ഒരു അടുപ്പം കൊണ്ടാണോ അത്രയ്ക്കതു സാധിച്ചത്.

മധു: അതെ. വീണ്ടും അതു വരുന്നുണ്ടല്ലോ. അബ്ദു ആയി അഭിനയിക്കുന്ന മോഹന്‍ലാല്‍ ഇവിടെ വന്ന് ആശിര്‍വ്വാദമെല്ലാം വാങ്ങിയാണു പോയത്. 50 മിനിറ്റേ ഉള്ളു പുതിയ ഓളവും തീരവും.

മധുപാല്‍: ഹെവിയായ ഒരു സിനിമ ചെയ്യുമ്പോഴുള്ള ഒരു തയ്യാറെടുപ്പുണ്ടല്ലോ അത്തരം തയ്യാറെടുപ്പ് ആ സിനിമയില്‍ ഉണ്ടായിരുന്നോ?

മധു: തയ്യാറെടുപ്പല്ല, അതു പഠിക്കുക എന്നുള്ളതാണ്. ഒരു സ്‌ക്രിപ്റ്റ് വായിച്ചു കഴിയുമ്പോള്‍ കുറേശ്ശേ കുറേശ്ശേ നമ്മളില്‍ അതു പ്രവേശിക്കും. ചിലപ്പോള്‍ ഒന്നുകൂടി വായിക്കേണ്ടിവന്നുവെന്നു വരും. അപ്പോഴേയ്ക്കും നമുക്കു മനസ്സില്‍ കാണാം കഥാപാത്രത്തെ. ചെയ്യുന്ന കഥാപാത്രം മനസ്സില്‍ കയറും. പിന്നെ, വളരെ ഈസിയാണ്, വലിയ ടെന്‍ഷനൊന്നുമില്ല അഭിനയിക്കാന്‍. അതുപോലെ ആലോചനയില്‍ വരുന്നതാണ് പത്മരാജന്റെ വാടകയ്ക്കൊരു ഹൃദയം പോലെ പ്രശസ്ത നോവലിലെ കഥാപാത്രം. വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു അത്.
ഇതാ ഇവിടെ വരെയിലെ പൈലിയുണ്ട്...

പ്രക്ഷുബ്ധം അഭിനയം

മധുപാല്‍: നാടകം പഠിച്ചിട്ടും നാടകത്തിന്റെ ആടയാഭരണങ്ങളൊന്നുമില്ലാതെ അനായാസമാണ് ഈ കഥാപാത്രങ്ങളെയൊക്കെ എടുക്കുന്നത്. ഒരുപാടു പടങ്ങള്‍ ഒരേസമയം ചെയ്തുപോകുന്ന അന്നത്തെ കാലത്ത് അതിനുവേണ്ടി സമര്‍പ്പിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്?

മധു: അങ്ങനെ വളരെ ബുദ്ധിമുട്ടിയല്ല ഞാന്‍ ചെയ്തത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പരിശീലനം എന്നെ കുറേ സഹായിച്ചിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമ എന്നാണ് പറയുന്നതെങ്കിലും നാടകം കളിക്കുകയല്ലല്ലോ അവര്‍ ചെയ്യുന്നത്. ഒരു പൊതുവേദിയില്‍, പ്രൊഫഷണല്‍ സ്റ്റേജില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഒരിക്കലും വന്നിട്ടില്ല. സ്‌കൂള്‍ ഓഫ് ഡ്രാമ എന്നാണ് പേരെങ്കിലും പ്രക്ഷുബ്ധമായ അഭിനയമാണ് അവിടെ പഠിപ്പിക്കുന്നത്; ഞങ്ങള്‍ പഠിച്ചിട്ടുള്ളത്. സ്റ്റാന്‍സിലാവ്സ്‌കിയുടെയൊക്കെ അഭിനയം.

മധുപാല്‍: സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഇബ്രാഹിം അല്‍കാസിയൊക്കെ ഉള്ള കാലമാണ് അല്ലേ?

മധു: അല്‍കാസി വരുമ്പോഴേയ്ക്കും ഞാനൊക്കെ അവിടെനിന്ന് ഇറങ്ങിക്കഴിഞ്ഞു. അല്‍കാസിയില്‍ നിന്നാണ് അഭിനയം പഠിച്ചതെങ്കില്‍ ഞാന്‍ സ്‌റ്റൈലൈസ്ഡ് ആയിപ്പോകുമായിരുന്നു. അദ്ദേഹം വളരെ സ്‌റ്റൈലൈസ്ഡാണ്. അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്, ഞാന്‍ കുറ്റം പറയുകയല്ല. ഞാന്‍ അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഡല്‍ഹിയില്‍ കണ്ടിട്ടുണ്ട്; അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. പ്രഭാഷണം കേട്ടിട്ടുമുണ്ട്. ഞാന്‍ ആ ബാച്ചിലേയ്ക്കു പോയിരുന്നെങ്കില്‍ എനിക്ക് ഇതുപോലെ മലയാളം പടത്തില്‍ അഭിനയിക്കാന്‍ പറ്റില്ലായിരുന്നു. 

മധുപാല്‍: ഒരുപാട് അഭിനേതാക്കളും കഥാപാത്രങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ, പ്രേംനസീറും സത്യനും മലയാള സിനിമയുടെ നെടുംതൂണുകളായി നില്‍ക്കുന്ന സമയത്താണ് തുല്യനിലയില്‍ത്തന്നെ ചൂണ്ടിക്കാണിക്കാവുന്ന മറ്റൊരു പില്ലറായിട്ടു വരുന്നത്. ആദ്യ സിനിമ മുതല്‍തന്നെ ആ നിലയിലേക്കു വന്നിട്ടുണ്ട്. ഇപ്പോഴത്തെ പുതിയ  അഭിനേതാക്കളുമായി അഭിനയിക്കുമ്പോള്‍ അവരെ എങ്ങനെ ജഡ്ജ് ചെയ്യാന്‍ പറ്റുന്നുണ്ട്. 

മധു: ഞാന്‍ എന്റെ കാര്യം പറയാം. അന്നുണ്ടായിരുന്നത് സത്യന്‍ സാറും നസീറുമായിരുന്നല്ലോ. അവര്‍ എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. രണ്ടുപേരുമതെ. വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് എതിരാളിയെപ്പോലെയല്ല കണ്ടിരുന്നത്. ഒരു കോംപറ്റീറ്ററെ പോലെയേ അല്ല. ഇപ്പോഴതങ്ങു മാറിപ്പോയി. നീയോ ഞാനോ എന്നുള്ളത് കുറേയൊക്കെ വന്നു പോയില്ലേ എന്നു സംശയമുണ്ട്. 

മധുപാല്‍: അങ്ങയുമായി സംസാരിക്കുമ്പോള്‍ കുറേ കാര്യങ്ങള്‍ ഞങ്ങള്‍ക്കൊക്കെ കിട്ടാറുണ്ടെന്നു പറഞ്ഞല്ലോ. പക്ഷേ, പുതിയ ആളുകളുമായി സംസാരിക്കുമ്പോള്‍ എല്ലാം അറിയാം എന്ന ഒരു ഫീല്‍ അവര്‍ പകരുന്നുണ്ടോ എന്നാണു സംശയം. 

മധു: പുതിയ പിള്ളേരുമായി ഞാന്‍ വളരെക്കുറച്ചേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. ആകെക്കൂടി പറയാവുന്നത്, ദിലീപുമായി ഒരു പടത്തില്‍ വര്‍ക്ക് ചെയ്തു- 'കാര്യസ്ഥന്‍.' ആസിഫലിയുമായും അഭിനയിച്ചു. വേറെ ആരുമായും വര്‍ക്ക് ചെയ്തിട്ടില്ല; ഇപ്പോഴത്തെ ഒരു ഹീറോസുമായും. പൃഥ്വിരാജ്, അയാളുടെ ജ്യേഷ്ഠന്‍ ഇന്ദ്രജിത്ത്, ടൊവിനോ, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ ഇവരാരുമായും ഒരുപടത്തിലും ഞാന്‍ ഉണ്ടായിട്ടില്ല. 

മധുപാല്‍: ശരിക്കു പറഞ്ഞാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കു ശേഷമുള്ള തലമുറയുമായി അഭിനയിച്ചത് കുറവാണ് അല്ലേ? (ഇന്ദ്രജിത്ത് ട്വന്റി-ട്വന്റിയില്‍ കൊച്ചുമകനായി അഭിനയിച്ചിട്ടുണ്ട്, അല്ലേ?)

മധു: അതെ, ശരിയാണ്. സിദ്ദീഖിന്റെ മകനാണ്. അതില്‍ ഒന്നിച്ചുള്ള  സീനുകള്‍ ഉണ്ടോ എന്ന് നോക്കണം, പെട്ടെന്ന് ഓര്‍മ്മ വരുന്നില്ല. ഇടയ്ക്കു കുറേ പടങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊന്നുമില്ലാതെ അഭിനയിച്ചു. പുതിയ ഹീറോസ് പോലുമില്ലാതെ. ഇവരെ ആരെയും എനിക്കു വലിയ പിടുത്തവുമില്ല എന്നതാണ് സത്യം. 

പ്രിയ വന്ന വഴി

മധുപാല്‍: വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ 'ഭാര്‍ഗവീനിലയം' ചെയ്യുമ്പോള്‍ അദ്ദേഹം സിനിമയില്‍ പുതിയ എഴുത്തുകാരനായിരുന്നല്ലോ. ബഷീറുമായുള്ള അടുപ്പം ഓര്‍ക്കാമോ? അദ്ദേഹത്തിന്റെ എഴുത്തും സാറിന്റെ അഭിനയവും കൂടി ഒന്നിച്ചുകൊണ്ടുപോയ അനുഭവമുണ്ടോ?
 
മധു: അദ്ദേഹം എഴുതിക്കഴിഞ്ഞിട്ടേ വര്‍ക്ക് ചെയ്തിട്ടുള്ളു. എഴുത്തില്‍ മുഴുകിയാല്‍പ്പിന്നെ എം.ടി വേറൊരാളാണ്. ബഷീറും അതുപോലെ തന്നെയാണ്. അദ്ദേഹം ചന്ദ്രതാരാ ഓഫീസില്‍ വന്ന് ഒരു മാസം താമസിച്ചാണ് ഭാര്‍ഗവീനിലയത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. എഴുതി തിരുത്തി വായിച്ച് ചര്‍ച്ച ചെയ്ത് എഴുതിയെഴുതി ഒരു മാസം കൊണ്ട് പക്കാ ആക്കി. അദ്ദേഹം സ്ഥലംവിടുകയും ചെയ്തു. പിന്നെ അങ്ങോട്ട് വന്നിട്ടേയില്ല. പിന്നെ ഞങ്ങള്‍ ഔട്ട്ഡോര്‍ ഷൂട്ടിംഗിനു വന്നപ്പോള്‍ അവിടെ ഒന്നു വന്നിട്ടേയുള്ളു. അപ്പോഴെടുത്ത ഒരു തമാശപ്പടമാണ് ഇപ്പോള്‍ എല്ലായിടത്തും കാണുന്നത്. ബഷീര്‍ കത്തി ഓങ്ങുന്നു, ഞാന്‍ പിടിച്ചു വാങ്ങിക്കാന്‍ ശ്രമിക്കുന്നു, പി.ജെ. ആന്റണിയൊക്കെ ഉള്ള അപൂര്‍വ്വ ചിത്രം. ആ സിനിമയും ഔട്ട്സ്റ്റാന്റിംഗ് ആയിരുന്നു. വിന്‍സെന്റ് മാഷുമൊത്ത് വര്‍ക്ക് ചെയ്യാന്‍ നല്ല സുഖമായിരുന്നു. അദ്ദേഹവുമായി സംസാരിക്കുന്നതുതന്നെ സംഗീതം കേള്‍ക്കുന്നതുപോലെയായിരുന്നു. മഹാപ്രതിഭയായിരുന്നു. എന്റെ നാലാമത്തെ പടമായിരുന്നു അദ്ദേഹത്തിന്റെ ഭാര്‍ഗവീനിലയം, 1964-ല്‍. എനിക്കു കിട്ടിയ വലിയൊരു ലിഫ്റ്റായിരുന്നു അത്. എം.ടിയും ഞാനും തമ്മില്‍ പ്രായത്തിലും വളരെക്കുറച്ചു വ്യത്യാസമേയുള്ളു. ആ അടുപ്പം ബന്ധത്തിലുമുണ്ട്. അദ്ദേഹം ജൂലൈയിലും ഞാന്‍ സെപ്റ്റംബറിലും. വളരെ അടുത്ത ബന്ധമാണ്. ഓരോ സിനിമയിലും അത് കൂടിക്കൂടി വരികയാണു ചെയ്തത്. 

മധുപാല്‍: ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ അതുവരെ സിനിമയില്‍ ഇല്ലാത്ത സി. രാധാകൃഷ്ണനെ കൊണ്ടുവന്നത് ഒരു തീരുമാനമായിരുന്നോ? അതില്‍ ഒരു റിസ്‌ക്ക് ഇല്ലായിരുന്നോ.

മധു: റിസ്‌ക്ക് അന്ന് ഫീല്‍ ചെയ്തില്ല. പലരും പറഞ്ഞു, അന്ന്. കുറേയൊക്കെ യാദൃച്ഛികതകളുണ്ട് അതില്‍. ഞാന്‍ അബ്ബാസ് സാഹെബിന്റെ പടത്തില്‍ അഭിനയിച്ചിട്ട് ബോംബെയില്‍നിന്നു വരുമ്പോള്‍ വിമാനത്തില്‍ എന്‍.പി. അബു ഉണ്ടായിരുന്നു. നമുക്കൊരു പടം പിടിക്കാന്‍ ആലോചിച്ചാലോ എന്ന് അബു പറഞ്ഞു. ബോംബെയുടെ പശ്ചാത്തലത്തില്‍ ചെയ്യാം എന്നും പറഞ്ഞു. സാറ് തന്നെ ഡയറക്ട് ചെയ്താല്‍ മതി എന്നും അബുവാണ് പറഞ്ഞത്. തിരിച്ച് ഇവിടെ വന്നു കഴിഞ്ഞപ്പോള്‍ സംഭവിച്ചത് അറിഞ്ഞാല്‍ പെട്ടെന്നു വിശ്വസിക്കില്ല. എറണാകുളത്തുനിന്ന് ഒരു പയ്യന്റെ കാര്‍ഡ് വരികയാണ്. സി. രാധാകൃഷ്ണന്റെ 'തേവിടിശ്ശി' എന്ന ഒരു നോവലുണ്ട്, അത് സിനിമയായിക്കാണാന്‍ ആഗ്രഹമുണ്ട് എന്ന്. അതില്‍ ബോംബെ പശ്ചാത്തലമൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ ഉടനെ തന്നെ എന്‍.ബി.എസ്സില്‍നിന്നു പുസ്തകം വാങ്ങിപ്പിച്ചു. വായിച്ചപ്പോള്‍ പശ്ചാത്തലം ബോംബെ. കൊള്ളാമല്ലോന്ന് തോന്നി. അങ്ങനെയാണ് സി. രാധാകൃഷ്ണന്റെ നോവലില്‍ അദ്ദേഹത്തിന്റെ തന്നെ ആദ്യത്തെ തിരക്കഥയില്‍ 'പ്രിയ' എന്ന ആ സിനിമ ഉണ്ടാകുന്നത്. ഭാസി ചെയ്ത കഥാപാത്രമാണ് അതിലെ ഹീറോ എങ്കിലും നന്നായി അഭിനയസാധ്യതയുള്ള മറ്റു കഥാപാത്രങ്ങളുമുണ്ട്. നായികാ കഥാപാത്രത്തിനു ശാരദ കൊള്ളാമെന്നു തോന്നി. കഥ പറഞ്ഞപ്പോള്‍ എനിക്കു തന്നെ തരണം എന്ന് ശാരദ വലിയ ആഗ്രഹം പറഞ്ഞു. തുലാഭാരത്തിലെ അഭിനയത്തിന് ഉര്‍വ്വശി അവാര്‍ഡൊക്കെ കിട്ടിയ സമയമാണ്. അതിന്റെ തമിഴും തെലുങ്കുമൊക്കെയായി അവര്‍ക്കു നല്ല തിരക്കുള്ള സമയം. അതുകൊണ്ട് നമ്മള്‍ ഉദ്ദേശിച്ച സമയത്ത് ശാരദയ്ക്ക് ഡേറ്റില്ല. സാര്‍, ഷീലയേയോ ജയഭാരതിയേയോ അഭിനയിപ്പിക്കാമോ എന്ന് വളരെ ക്ഷമാപണത്തോടെ അവര്‍ പറഞ്ഞു. ആരെ അഭിനയിപ്പിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം, നിങ്ങളേതായാലും ഇല്ല എന്നുറപ്പായല്ലോ എന്ന് ഞാനും പറഞ്ഞു. 

അവര്‍ രണ്ടുപേരും അതിലെ നായികയാകാന്‍ പറ്റുമെന്ന് എനിക്ക് തോന്നിയില്ല. അബ്ബാസ് സാഹെബിന്റെ സിനിമ ചെയ്യാന്‍ കല്‍ക്കട്ടയില്‍ പോയപ്പോള്‍ യാദൃച്ഛികമായി അവിടെ വച്ച് ടി.പി. മാധവനെ കണ്ടു. താമസം മാധവന്റെ അടുത്തേക്കു മാറ്റി. അന്ന് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ശശി തരൂരിന്റെ അമ്മാവനാണ്. അദ്ദേഹം അവിടുത്തെ വലിയ ആളാണ്. അവിടെ എന്നെ ഡിന്നറിനു വിളിച്ചു. സൗമിത്ര ചാറ്റര്‍ജി അദ്ദേഹത്തിന്റെ സുഹൃത്താണ്. മലയാളത്തില്‍നിന്ന് ഇങ്ങനെയൊരു ആക്ടര്‍ വന്നിട്ടുണ്ട് എന്ന് അറിഞ്ഞ് സൗമിത്ര ചാറ്റര്‍ജി വന്നു. സംവിധാനം ചെയ്യാന്‍ പോകുന്ന പടത്തിലേക്ക് നായികയെ അന്വേഷിക്കുകയാണ് എന്ന് സംസാരത്തിനിടെ പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ബംഗാളി നടി ലിലി ചക്രബര്‍ത്തിയുടെ കാര്യം പറഞ്ഞത്. അദ്ദേഹം അവരെ ഫോണില്‍ വിളിച്ചു തന്നിട്ട് കാണാന്‍ സമയം തീരുമാനിച്ചു. പിറ്റേന്നു തന്നെ ഞാനും മാധവനും നേരില്‍പ്പോയി സംസാരിക്കുകയും ചെയ്തു. 

മധുപാല്‍: ശരിക്കും വലിയൊരു കണ്ടെത്തലായി അത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളി അല്ലാത്ത നടി വന്നതും ശാരദ മാറിയതും എന്തുകൊണ്ടും നന്നായി.
 

മധു: നന്നായി. അവര്‍ക്ക് വേറൊരു ഇമേജ് ഉണ്ടല്ലോ. ഇത് ജീവിതകാലം മുഴുവനും വല്ലാതെ സഹിക്കുന്ന കഥാപാത്രമാണ്. പക്ഷേ, ശാരദയാണെങ്കില്‍ സഹിക്കും. മറ്റാരാണെങ്കിലും ശരിയാകില്ല. സി. രാധാകൃഷ്ണന്‍ സിനിമയില്‍ എഴുതാന്‍ തുടങ്ങി എന്നതും ആ സിനിമയുടെ പ്രത്യേകതയാണ്. അന്ന് ഡല്‍ഹിയിലായിരുന്ന അദ്ദേഹം എഴുതി അയച്ചുതരികയായിരുന്നു. അതിനു മുന്‍പ് രണ്ടുമൂന്നു ദിവസം ഞാന്‍ അവിടെപ്പോയി അദ്ദേഹത്തിനൊപ്പം താമസിച്ചു. രാധാകൃഷ്ണന്‍ പിന്നീട് സംവിധായകനായും മാറി. 

ബന്ധങ്ങള്‍ 

മധുപാല്‍: ഷീല, ജയഭാരതി, ശാരദ, വിധുബാല, ശ്രീവിദ്യ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയും താരപ്രഭയും പ്രതിഭയുമുള്ള നടിമാരുടെ തലമുറയിലെ നായകന് അവരില്‍ ആരുമായിട്ടായിരുന്നു ഏറ്റവും മികച്ച കെമിസ്ട്രി? 

മധു: ഇവരുമായിട്ടെല്ലാം കുടുംബാംഗത്തോട് എന്നതുപോലെയുള്ള അടുപ്പമാണ് ഉണ്ടായിരുന്നത്. ആരോടെങ്കിലും കൂടുതല്‍, കുറവ് എന്നൊന്നും പറയാന്‍ പറ്റില്ല. വര്‍ഷങ്ങള്‍ പോകുമ്പോള്‍ എന്റെ ശരീരവും മനസ്സും മാറിമാറി വരുന്നതനുസരിച്ചുള്ള നായികമാരെ മാറിമാറിക്കിട്ടി എന്നുള്ളതാണ്. തീക്കനലിന്റെ സമയമൊക്കെ ആയപ്പോഴേയ്ക്കും എന്റെ ശരീരമൊക്കെ മാറി. തടിവച്ചു. അപ്പോള്‍ ജയഭാരതിയോ വിധുബാലയോ ഒന്നും പറ്റില്ല. പിന്നെ കുറേക്കാലം ശ്രീവിദ്യയും ഞാനും തമ്മിലുള്ള കോമ്പിനേഷന്‍ ആളുകള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എല്ലാ നടിമാരും ഒരുപോലെ സഹകരിച്ചിട്ടുണ്ട്. ഷീല ആദ്യമായി സംവിധാനം ചെയ്ത 'യക്ഷഗാനം' എന്ന സിനിമയില്‍ എന്നെയല്ലേ അഭിനയിക്കാന്‍ വിളിച്ചത്. മനസ്സില്‍ എത്ര സ്നേഹമുണ്ടായിട്ടായിരിക്കും അത്. ആളുകള്‍ തമ്മില്‍ത്തമ്മില്‍ ഉണ്ടായിരുന്ന സ്നേഹമാണ്. അത് ഇപ്പോഴും ഉണ്ടോ എന്ന് അറിയാന്‍ പാടില്ല. പക്ഷേ, ഒരു അനുഭവം പറയാം. ഞാന്‍ അഭിനയം നിര്‍ത്തി. അതിനു കാരണമെന്താണെന്നു വച്ചാല്‍ പൃഥ്വിരാജിന്റെ 'ലൂസിഫറി'ല്‍ അഭിനയിക്കാമെന്നു വാക്കു കൊടുത്തിരുന്നു. ഡേറ്റ് തീരുമാനിച്ചില്ല, അഡ്വാന്‍സൊന്നും വാങ്ങിയുമില്ല. സമ്മതിച്ചു. കഷ്ടകാലത്തിന് ഞാന്‍ അതിനിടെ ഒന്നു വീണു. ഇടതുകവിള്‍ വീങ്ങി. ഇങ്ങനെയൊന്നുണ്ടായി, അതുകൊണ്ട് അഭിനയിക്കാന്‍ പറ്റില്ല എന്ന് ഞാനവരെ അറിയിച്ചു. സാരമില്ല സര്‍, അഞ്ചോ എട്ടോ ദിവസംകൊണ്ട് അതങ്ങു മാറുമല്ലോ എന്നിട്ടു മതി എന്ന് പൃഥ്വിരാജ് പറഞ്ഞു. പക്ഷേ, എനിക്കെന്തോ മനസ്സില്‍ തോന്നി, വീണിട്ട് വേണ്ടാന്നു പറഞ്ഞിട്ടും ആവശ്യപ്പെടുകയാണല്ലോ. ഞാന്‍ അഭിനയിക്കുന്നില്ലാന്നു തീരുമാനിച്ചു. എനിക്കെന്തോ അങ്ങനെയങ്ങു തോന്നി. ദൈവം തീരുമാനിച്ചതുപോലെ. അതിനുശേഷം മറ്റൊരു സിനിമയിലും വിളിച്ചു. പോയില്ല. അതു രണ്ടും ഫാസിലാണ് അഭിനയിച്ചത്. ഞാന്‍ അഭിനയം നിര്‍ത്തിയ ശേഷം ഒരു ദിവസം മമ്മൂട്ടി കയറിവന്നു. ഒരു പടത്തില്‍ എന്റെ ഗുരുവായി ഒരു കോളേജ് പ്രിന്‍സിപ്പലിന്റെ റോളുണ്ട്, സാര്‍ അഭിനയിക്കണം എന്നു പറഞ്ഞു. അയ്യോ, മമ്മൂട്ടി ഞാനില്ല എന്നു പറഞ്ഞു. സാര്‍, ഒരു ദിവസം മാത്രം മതി എന്ന് പറഞ്ഞു. ഞാനിപ്പോള്‍ പുറത്തൊന്നും പോകുന്നില്ല എന്ന് ഒഴിയാന്‍ ശ്രമിച്ചപ്പോള്‍ ഇതെന്റെ വലിയൊരു ആഗ്രഹമാണ്, എന്റെ ഗുരുവാണ്, എന്റെ ഗുരുവായിട്ട് അഭിനയിക്കാന്‍ ഞാന്‍ നോക്കിയിട്ട് വേറെ ആരെയും കണ്ടില്ല എന്നു പറഞ്ഞു. ഈ വീട്ടിലാക്കാം ചിത്രീകരണമെന്നും ഞങ്ങളിങ്ങോട്ടു വരാമെന്നും കൂടി പറഞ്ഞു. ഞാനതു സമ്മതിച്ചു. ഇവിടെ പക്ഷേ, പുസ്തകഷെല്‍ഫുകളുമൊക്കെയായി കണ്‍ജസ്റ്റഡാണ്. മാറ്റാന്‍ പറ്റില്ല. പക്ഷേ, ഇവിടെനിന്നു മൂന്നാമത്തെ വീട് എങ്ങനെയോ കിട്ടി. അവരുടെ വീട്ടില്‍ ഷൂട്ടിംഗ് നടക്കുന്നതിന്റെയൊരു സുഖം അവരും ആസ്വദിച്ചെന്നു തോന്നുന്നു. ഞാന്‍ ആറു മണിക്ക് അവിടെ പോയി ഒന്‍പതു മണിക്കു തിരിച്ചുവന്നു. അത്രേയുള്ളു. സിനിമയുടെ പേര് 'നമ്പര്‍ വണ്‍'. ഞാന്‍ പറഞ്ഞത്, മനുഷ്യര്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ചാണ്. ഗുരുവായി ഞാന്‍ തന്നെ വേണമെന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നുകയാണ്. മുഖ്യമന്ത്രിയായി അഭിനിയിക്കുന്ന റോളാണ്. അതുപോലെയാണ് മോഹന്‍ലാല്‍ ആശിര്‍വ്വാദം വാങ്ങിക്കാന്‍ വന്ന കാര്യം പറഞ്ഞത്. ഇടയ്ക്ക് ഒരു പെണ്‍കുട്ടി ഇതുപോലെ ഇന്റര്‍വ്യൂവിനു വന്നു. ഞാന്‍ പറഞ്ഞു, ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല, അഥവാ അങ്ങനെ ചെയ്താലും അയാളല്ലാതിരിക്കട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. പിന്നെ, ടി.വി തുറന്നാല്‍ കാണുന്നതു മുഴുവന്‍ ദിലീപിന്റെ കേസാണ്. അന്ന് പോകാന്‍ നേരത്ത് ആരെങ്കിലുമൊരാളെ ആ കുട്ടി (നടി) കൂടെ കൂട്ടിയിരുന്നെങ്കില്‍ ഇതുണ്ടാകില്ലായിരുന്നു. ഇന്നെനിക്ക് ഇതു ടി.വിയില്‍ കാണേണ്ടി വരില്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു. സര്‍, വളരെ സന്തോഷം എന്ന് പറഞ്ഞു. ദിലീപേ, ഞാന്‍ ദിലീപിനെ സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ല എന്നു ഞാനും പറഞ്ഞു. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല, ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കില്‍ എന്നേ പറഞ്ഞുള്ളു. അതു സത്യമാണ്. അവന്‍ ഈ സിനിമാ ഇന്‍ഡസ്ട്രിക്ക് അകത്തുതന്നെ ഉള്ള ആളാണ്. മറ്റൊരാള്‍ കാണ്‍കെ അങ്ങനെ ചെയ്യില്ല, ചെയ്യാന്‍ സാധിക്കില്ല. ആ കുട്ടി ആരെയെങ്കിലുമൊന്ന് കൂടെ കൂട്ടിയാല്‍ മതിയായിരുന്നു. 

മധുപാല്‍: പക്ഷേ, ചില കാര്യങ്ങള്‍ നമുക്ക് എന്തുകൊണ്ട് എന്നു പറയാന്‍ പറ്റാത്ത സാഹചര്യമാണല്ലോ. 

മധു: ആരെയെങ്കിലുമൊന്ന് കൂടെ കൂട്ടിയിരുന്നെങ്കില്‍ എന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. പിന്നെ, ദിലീപ് വിളിച്ചല്ലോ. ആ ഒരു സ്നേഹം. പ്രത്യേകിച്ചു പറയാന്‍ ഒന്നുമില്ലെങ്കിലും. ഇത് എല്ലാവര്‍ക്കുമുണ്ട്, സിദ്ദീഖ്... അവര്‍ക്കെല്ലാമുണ്ട്. 

മധുപാല്‍: ആ കുട്ടി അങ്ങനെ പോയതുകൊണ്ടാണ് അങ്ങനെ ഉണ്ടായത് എന്നു കരുതാന്‍ കഴിയില്ല എന്നാണ് എനിക്കു തോന്നുന്നത്. നമ്മുടെയൊക്കെ ജീവിതത്തില്‍ നേരിട്ട് അനുഭവമുണ്ടാകുമ്പോള്‍ മാത്രമായിരിക്കാം ഒരുപക്ഷേ, അത്തരമൊരു അപമാനത്തിന്റെ ആഴം വ്യക്തമാവുക. മറ്റൊന്ന്, സാര്‍ പറഞ്ഞുവന്നതിന്റെ തുടര്‍ച്ചയായി പറഞ്ഞാല്‍, ഒരുപാട് നെഗറ്റീവായ കാര്യങ്ങളല്ലേ പരക്കുന്നത്. മലയാള സിനിമയിലെ പ്രശസ്തരും ജനപ്രിയരുമായ ആളുകള്‍ പലരും പൊലീസും കേസും കോടതിയുമായി കയറി ഇറങ്ങുന്നത് ദൃശ്യമാധ്യമങ്ങളുടേയും സമൂഹമാധ്യമങ്ങളുടേയും വലിയ സ്വാധീനമുള്ള ഇക്കാലത്ത് ആഘോഷിക്കപ്പെടുന്നു. എന്തുകൊണ്ട് ഇങ്ങനെ എന്ന് ആലോചിച്ചിട്ടുണ്ടോ.

മധു: സിനിമാമേഖലയില്‍ പഴയതില്‍നിന്നു വ്യത്യസ്തമായി പലതും മനസ്സിനു സുഖമില്ലാത്ത രീതിയിലായിട്ടുണ്ട് എന്നു വയ്ക്കുക. നല്ലതൊന്നും ഇല്ലാതായി എന്നു പറയാന്‍ കഴിയുമോ? സാമൂഹികമോ മറ്റെന്തുമാകട്ടെ, വാട്ട് എബൗട്ട് എവരിതിംഗ്? അത് സിനിമയില്‍ മാത്രമായി സംഭവിക്കുന്ന ഒരു ച്യുതി അല്ല. മധുരമനോജ്ഞ ചൈന എന്ന് പണ്ട് ഒ.എന്‍.വി പാടിയ ചൈനയല്ലേ അതിര്‍ത്തിയില്‍ കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും മനസ്സുകൊണ്ട് യാതൊരു സ്നേഹവുമില്ലാത്ത രണ്ടു രാജ്യങ്ങളായി മാറിയിരിക്കുകയാണല്ലോ നമ്മളും അവരും. ഒ.എന്‍.വിയുടെ കാലത്ത് അത് മധുരമനോജ്ഞ ചൈന ആയിരുന്നു. ഹിന്ദി ചീനി ഭായി ഭായി എന്നു പറഞ്ഞ നെഹ്റുവിന്റെ കാലത്തുതന്നെ യുദ്ധം ചെയ്യേണ്ടിവന്നു. 

കണ്ടു വളര്‍ന്നതു രാഷ്ട്രീയം

മധുപാല്‍: ഇത്രയും കാലത്തെ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ രാഷ്ട്രീയത്തെക്കുറിച്ചു കാര്യമായൊന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെ? വേണ്ടാ എന്നു വച്ചിട്ടാണോ?

മധു: എല്ലാം ഒന്നുതന്നെയാണ് എന്ന ഒരു ബോധം കുട്ടിക്കാലത്തു തന്നെ ഉള്ളില്‍ ഉറച്ചു പോയതുകൊണ്ടായിരിക്കും. അച്ഛന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു, മേയറായിരുന്നു. പക്ഷേ, കമ്യൂണിസ്റ്റുകാരുമായും മറ്റെല്ലാ പാര്‍ട്ടിക്കാരുമായും നല്ല ബന്ധമായിരുന്നു. വീട്ടില്‍ പട്ടം താണുപിള്ള സാറും വന്നിട്ടുണ്ട്, കുളത്തുങ്കല്‍ പോത്തനും വന്നിട്ടുണ്ട്, ഏതെല്ലാം നേതാക്കളുണ്ടോ അവരെല്ലാം വന്നിട്ടുണ്ട്. കമ്യൂണിസ്റ്റു നേതാവായിരുന്ന കുളത്തുങ്കല്‍ പോത്തന്‍ എന്റെ മുറിയിലാണ് ഒരാഴ്ച ഒളിവില്‍ താമസിച്ചത്. ഈ നേതാക്കളെല്ലാം വരാന്തയിലിരുന്നു സംസാരിക്കുന്ന സമയത്ത് ചായ കൊണ്ടുകൊടുക്കുന്നതൊക്കെ ഞാനാണ്. ഇതെല്ലാം കണ്ടുകണ്ട് എന്റെ ഉപബോധ മനസ്സില്‍ തോന്നിക്കാണും, എല്ലാം ഒന്നാണെന്ന്. 

മധുപാല്‍: എന്നാല്‍പ്പോലും രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഒരു കലാകാരന് സാമൂഹിക പ്രശ്നങ്ങളില്‍ ചിലതിനോട് ചില എതിര്‍പ്പും ചിലതിനോട് അനുകൂല മനോഭാവവും ഉണ്ടാകാമല്ലോ. എന്നിട്ടും ഒരു അഭിപ്രായം പറഞ്ഞ് ഇടപെടേണ്ട എന്ന ഒരു തീരുമാനമുണ്ടല്ലോ. അതാണ് മനസ്സിലാകാതെ പോകുന്നത്.

മധു: അര്‍ത്ഥമില്ല എന്നു തോന്നിയിട്ടാണ്. ഒരേസമയത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും രണ്ട് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്ത അനുഭവമാണുള്ളത്. നിയമസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും കോര്‍പറേഷനിലേക്ക് കമ്യൂണിസ്റ്റു പാര്‍ട്ടിക്കും. ഇതു രണ്ടും പാര്‍ട്ടി നോക്കിയിട്ടല്ല. ആളെ നോക്കി ചെയ്തു എന്നേയുള്ളു. രണ്ടും തമ്മിലെ വ്യത്യാസം എനിക്കു പിടികിട്ടിയിട്ടില്ല; ഇന്നും പിടികിട്ടിയിട്ടില്ല. ഇന്നിപ്പോള്‍ രാഷ്ട്രീയം സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടിയായി മാറി. പാര്‍ട്ടിയായിക്കോട്ടെ, ഇസമായിക്കോട്ടെ എല്ലാം തനിക്കുവേണ്ടി എന്നതാണ് നേതാക്കന്മാരുടെ മനോഭാവം. ഇവരാരും ജനങ്ങളെ സ്നേഹിക്കുന്നവരായി, രാജ്യത്തെ സ്നേഹിക്കുന്നവരായി എനിക്കു തോന്നുന്നില്ല. 

മധുപാല്‍: പൊതുവേ അത് നമ്മള്‍ ജീവിച്ച ജീവിതം കൊണ്ടാണ് അത് മനസ്സിലാക്കുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് സാര്‍ അതു പറയാത്തതിലുണ്ട് സാറിന്റെ കൃത്യമായ തിരിച്ചറിവ്. 

മധു: പട്ടം താണുപിള്ള സാറിന് ഞാന്‍ കോളേജ് വാധ്യാര് പണിയൊക്കെ കളഞ്ഞിട്ട് സിനിമ പഠിക്കാന്‍ പോയതിലുള്ള എതിര്‍പ്പ് നേരിട്ട് പറഞ്ഞിട്ടുണ്ട്. നീ അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ നന്നായി അഭിനയിക്കും എന്നും പറഞ്ഞിട്ടുണ്ട്, തമാശയായി. തെളിഞ്ഞ മനുഷ്യനായിരുന്നു. അതുകഴിഞ്ഞ് മനുഷ്യന്‍ എന്ന നിലയില്‍ എനിക്കു സ്നേഹിക്കാന്‍ കഴിഞ്ഞ നേതാവ് പി.കെ. വാസുദേവന്‍ നായരായിരുന്നു. മനസ്സു നിറച്ച് മനുഷ്യസ്നേഹമുള്ള ഒരു വ്യക്തി ഞാന്‍ കണ്ടിട്ടുള്ളത് പി.കെ.വിയാണ്. അല്ലാതെ വളരെച്ചുരുക്കം പേരുമായേ അടുപ്പമുണ്ടായിട്ടുള്ളു. പുതിയ കാലത്ത്, പാര്‍ട്ടിയെന്നോ സിനിമാ നടനെന്നോ നിലയില്‍ അല്ലാതെ വ്യക്തി എന്ന നിലയില്‍ പന്ന്യന്‍ രവീന്ദ്രന് എന്നെ വലിയ ഇഷ്ടമാണ്. എനിക്കുമതെ. 

മധുപാല്‍: സാറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് പന്ന്യന്‍ സഖാവ് ഇടയ്ക്ക് പറഞ്ഞിരുന്നു. പിന്നെ, അങ്ങയുടെ തലമുറയില്‍പ്പെട്ട നേതാക്കളില്‍ ആരുമായാണ് കൂടുതല്‍ അടുപ്പം. 

മധു/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
മധു/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

മധു: സിനിമയില്‍ വന്നതോടെ തിരക്കായല്ലോ. അതുകൊണ്ട് വളരെ ചുരുക്കം പേരുമായേ അടുപ്പമുണ്ടായുള്ളു. പി.കെ.വിയുമായി ഒരുപക്ഷേ, അധികം വ്യക്തിപരമായ അടുപ്പമുണ്ടായത് അദ്ദേഹം എന്റെ പ്രൊഡ്യൂസറായതുകൊണ്ടായിരിക്കും. ഒരു സിനിമയില്‍ അഭിനയിക്കുകയും ഒന്ന് സംവിധാനം ചെയ്യുകയും ചെയ്തു.

മധുപാല്‍: സിനിമകളിലും രാഷ്ട്രീയ വേഷങ്ങള്‍ കാര്യമായി ചെയ്തുപോയിട്ടില്ല, അല്ലേ?

മധു: മനപ്പൂര്‍വം ഞാന്‍ ഒന്നും തീരുമാനിച്ചതല്ല. ഒത്തുവന്നില്ലായിരിക്കാം. 

മധുപാല്‍: മനുഷ്യനെ ജഡ്ജ് ചെയ്യുന്ന കാര്യത്തില്‍ ഒരു പ്രത്യേക കഴിവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ദര്‍ശനം പോലെ ഇത് എങ്ങനെ സാധിക്കുന്നു. ചിലരെ അനായാസം അകറ്റി നിര്‍ത്തുന്നത് അനുഭവപ്പെട്ടിട്ടുണ്ട്.

മധു: ആലോചിച്ചു ചെയ്യുന്നതല്ല, മനസ്സില്‍നിന്നു വരുന്നതാണ്. ഇങ്ങോട്ടും ചിലര്‍ക്ക് തോന്നുന്ന സ്നേഹം നമ്മള്‍ പ്രതീക്ഷിക്കുന്നതല്ലല്ലോ. എന്റെ ഗുരുവാകാന്‍ യോജിച്ച മറ്റൊരാളില്ല എന്ന് മമ്മൂട്ടിയാണ് പറഞ്ഞത്. കേട്ടപ്പോള്‍ എനിക്കും തോന്നി. 

നാഞ്ചിയമ്മയുടെ പാട്ട്

മധുപാല്‍: സിനിമാ അവാര്‍ഡുകള്‍ എക്കാലവും വിവാദവും ചര്‍ച്ചയുമായിട്ടുണ്ട്. എന്നാല്‍, ഒരു ആദിവാസി സ്ത്രീക്ക് ആദിവാസി ഗാനത്തിന്റെ പേരില്‍ ദേശീയ അവാര്‍ഡ് കിട്ടിയതിനെതിരെയും അനുകൂലിച്ചും വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ശ്രദ്ധിച്ചിട്ടുണ്ടോ, അഭിപ്രായം എന്താണ്?

മധു: വിവാദങ്ങള്‍ അന്നുമുണ്ട്. നഞ്ചിയമ്മയ്ക്ക് സിനിമയിലെ പാട്ടിനാണ് അവാര്‍ഡ് കൊടുത്തത്. ശാസ്ത്രീയ സംഗീതത്തിനല്ല. അവര്‍ പാട്ട് പഠിച്ചിട്ടുണ്ടോ, ഇനി പഠിക്കുമോ അതൊന്നും പ്രശ്നമല്ല. സിനിമാ സംഗീതം സിനിമാ സംഗീതമാണ്. അത് കര്‍ണാട്ടിക്കോ മറ്റേതോ മറിച്ചതോ; ഒന്നുമല്ല അതിനി നഞ്ചിയമ്മയെ പഠിപ്പിച്ചാല്‍ പഠിക്കണമെന്നുമില്ല. നമ്മള്‍ കേട്ട സിനിമയിലെ സംഗീതം നന്നായിരുന്നു. അതു കേട്ടു കഴിഞ്ഞപ്പോള്‍ ജഡ്ജസിന് ദി ബെസ്റ്റ് എന്നു തോന്നി. സത്യമാണത്. വീണ്ടും വീണ്ടും കേള്‍ക്കണം. നമുക്കും നല്ലതാണെന്നു തോന്നുന്നില്ലേ. അതു വേറൊരാള്‍ പാടിയാല്‍ അതുപോലെ ആവുകയുമില്ല. ഇവരെ വേറെ പാടിച്ചാലേ അവാര്‍ഡ് കൊടുക്കാന്‍ പറ്റൂ എന്ന് പറയുന്നത് മണ്ടത്തരമല്ലേ. അവര്‍ ചെമ്പൈ ഭാഗവതരുടെ ശിഷ്യയാണോ എന്നൊന്നും കമ്മിറ്റി നോക്കിയില്ല. പാട്ടായതുകൊണ്ടല്ലേ പറയുന്നത്, അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലോ. നമ്മുടെ ഹീറോസെല്ലാം അഭിനയം പഠിച്ചിട്ടൊന്നുമല്ലല്ലോ, സ്‌ക്രിപ്റ്റ് എഴുതുന്നവരെല്ലാം പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു വന്നവരല്ലല്ലോ. ഇതു കലയാണ്. എം.ടി തിരക്കഥ എഴുതാന്‍ പഠിച്ചു. എപ്പോഴാണെന്ന് അറിയാമോ. തിരക്കഥ എഴുതിയ ശേഷം. 'മുറപ്പെണ്ണ്' എഴുതിയ ശേഷം പിന്നെയും പടങ്ങള്‍ കഴിഞ്ഞിട്ടാണെന്നു തോന്നുന്നു അദ്ദേഹം പഠിക്കണമെന്നു തീരുമാനിച്ചു പഠിക്കാന്‍ പോയത്. 

മധുപാല്‍: 'ഓളവും തീരവും' മോഹന്‍ലാല്‍ നായകനായി വീണ്ടും വരുമ്പോള്‍ അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ മുഖ്യകഥാപാത്രത്തിലുള്‍പ്പെടെ വരുത്തിയിട്ടുണ്ടാകാം എന്നു തോന്നിയിട്ടുണ്ടോ?

മധു: മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാകാം. പക്ഷേ, അവര്‍ ചെയ്യുന്നതില്‍ എനിക്കു വിയോജിപ്പ് തോന്നിയ ഒരു കാര്യമേയുള്ളു. അവരത് ബ്ലാക്ക് ആന്റ് വൈറ്റിലാണ് ഷൂട്ട് ചെയ്യുന്നത്. അതിലെന്താണു കാര്യം എന്നു മനസ്സിലാകുന്നില്ല. അന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നതു കൊണ്ടാണ്. ഇതിപ്പോ ഇംപ്രൂവ്മെന്റാണ്, അല്ലെങ്കില്‍ മാറ്റമാണ് എങ്കില്‍ കളറാക്കുകയല്ലേ കുറേക്കൂടി നല്ലത്. എനിക്കെന്തോ അതുമായി യോജിക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടായിരിക്കാം. ഐ ഡോണ്ട് എഗ്രീ വിത്ത് ഇറ്റ്. പുതിയ കാലത്തേക്കു മാറ്റുകയല്ലേ. 

മധുപാല്‍: 'ഓളവും തീരവും' സിനിമയില്‍ ഒരു തികഞ്ഞ ഏറനാട്ടുകാരനെപ്പോലെ അബ്ദു ആയി ജീവിച്ച ആളാണ് അങ്ങ്. ആ ശരീരഭാഷയൊക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

മധു: നമുക്ക് അതങ്ങനെയങ്ങ് തോന്നുന്നതാണ് അഭിനയിക്കുമ്പോള്‍. ഓളവും തീരവും വായിച്ചപ്പോള്‍ കണ്ണാടിയില്‍ ഞാന്‍ എന്നെ കാണുന്നതുപോലെയാണ്. മുടിയൊക്കെ വളര്‍ത്തി നടക്കുന്ന കാലമായിരുന്നു. ഞാന്‍ ആദ്യമായി ചെയ്തത് മുടിയങ്ങ് വെട്ടിക്കുകയാണ്. ആ കഥാപാത്രത്തിനു വേണ്ടതു കുറ്റിമുടി ആയിരുന്നു. അത് അങ്ങനെ തന്നെ ആയാലേ ആ കാരക്ടര്‍ ആവുകയുള്ളു എന്ന് തോന്നി. പക്ഷേ, പരീക്കുട്ടിയാകാന്‍ മുടി വെട്ടണമെന്ന് തോന്നിയില്ല. ആ കഥാപാത്രത്തിന് അങ്ങനെയൊരു മാറ്റം ആവശ്യമില്ലായിരുന്നു. 

മധുപാല്‍: സംസാരഭാഷയില്‍ ശൈലീ വ്യത്യാസം വരുത്തേണ്ടത് അന്ന് ചര്‍ച്ച ആയിട്ടുണ്ടോ? അബ്ദുവിന്റെ ഏറനാടന്‍ ശൈലി വരുത്തുന്നതിനെക്കുറിച്ച്.

മധു: അതിന്റെ ഛായ വരണം എന്നല്ലാതെ അത് അതേവിധമാകണം എന്ന് പറഞ്ഞിട്ടില്ല. അതുപോലെ പറയുക എന്നുള്ളതല്ല. അതിന്റെയൊരു ഛായ വരണം. അങ്ങനെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞാന്‍ പഠിക്കാന്‍ ബനാറസിലും മദ്രാസിലും നാഗര്‍കോവിലും ഡല്‍ഹിയുമൊക്കെയായി ദീര്‍ഘകാലം ജീവിച്ചതുകൊണ്ട് തിരുവനന്തപുരത്തിന്റെ അസ്സല്‍ ഭാഷ വന്നിട്ടില്ല. അതുകൊണ്ട് എനിക്ക് എല്ലാ ഭാഷയുമായും താദാത്മ്യം പ്രാപിക്കാന്‍ പറ്റും. 

ജീവിതം തന്നതും പറയാനുള്ളതും

മധുപാല്‍: സിനിമ ചെയ്യുമ്പോള്‍ എല്ലാവരുടെയുമൊപ്പം ഇഴുകിച്ചേരുന്ന, ആള്‍ക്കൂട്ടത്തില്‍ ഒരാളാകാന്‍ കഴിയുന്നത് ബഹുമാനത്തോടെ കണ്ടിട്ടുണ്ട്. മലയാള സിനിമയ്ക്കു ചെയ്ത സംഭാവനകള്‍ സ്വയം എടുത്തു പറയാറുമില്ല. ഞാന്‍ ഒന്നുമല്ല എന്ന ഈ ചിന്ത എങ്ങനെയാണുണ്ടാകുന്നത്?

മധു: എനിക്ക് അങ്ങനെ തോന്നിയിട്ടു തന്നെയാണ്. വെറുതേ തൊണ്ടയ്ക്കു മുകളില്‍ പറയുകയല്ല. ചെയ്ത കാര്യങ്ങളിലെ സംതൃപ്തിയാണു പ്രധാനം. ചെറുപ്പത്തില്‍ത്തന്നെ നാടകവും സിനിമയുമൊക്കെ കാണുമ്പോള്‍ അതിലൊരു ആഗ്രഹം തോന്നുന്നു, അതുകഴിഞ്ഞ് അഭിനയിക്കണം പടം പിടിക്കണം എന്നു തോന്നിയിട്ടുള്ള കാലത്ത് ആ തോന്നലിന് ഒരു ലിമിറ്റുണ്ട്. ഈ ലിമിറ്റ് നേരത്തേയങ്ങ് ബ്രേക്ക് ചെയ്തു. പിന്നെ ചെയ്തതെല്ലാം അതിന്റെ മുകളിലാണ്. ജീവിതത്തിലെ സംതൃപ്തി എന്നുള്ളത് വളരെ നേരത്തേ എനിക്കു കിട്ടി. എന്തെല്ലാം ഞാന്‍ ആഗ്രഹിച്ചോ അതെല്ലാം നേടിക്കഴിഞ്ഞു എന്ന സംതൃപ്തി 50 വയസ്സില്‍ എത്തിയപ്പോഴേ ഉണ്ടായി. തെറ്റായോ ശരിയായോ ഉള്ള തോന്നല്‍. പിന്നെ ഉള്ളതെല്ലാം ഈ തൃപ്തിയിലുള്ള വര്‍ക്കായിരുന്നു. ഇപ്പോഴുമതെ. ഇപ്പോഴത്തെ സിനിമയെക്കുറിച്ചു പലരും പറയും പറയാറുണ്ട്. എനിക്ക് ആകെക്കൂടി ഒന്നേ പറയാനുള്ളു. സൗണ്ട് ശ്രദ്ധിക്കണം എല്ലാ ഡയറക്ടര്‍മാരും. അതു ശ്രദ്ധിക്കാത്തതുകൊണ്ട് എന്താണു സംഭവിക്കുന്നതെന്നു വച്ചാല്‍ ഡയലോഗൊന്നും കേള്‍ക്കില്ല. ഡയലോഗ്, മ്യൂസിക്, പാട്ട്, ഡബ്ബ് ചെയ്തത് ഇതെല്ലാംകൂടെ കൊണ്ടുപോയി സ്റ്റുഡിയോയില്‍ കൊടുത്തിട്ട് ഇവരെല്ലാം കൂടി പാട്ടിനു പോകും. അതുകൊണ്ടെന്താണു സംഭവിക്കുന്നത്? ക്ലൈമാക്സിലെ പ്രധാനമായിട്ടുള്ള ഡയലോഗ് വരാന്‍ നേരത്തായിരിക്കും 'ഡം' എന്ന് അടിക്കുന്നത്. ശ്രദ്ധിച്ചു നോക്കിക്കോളൂ. ഞാന്‍ ഒന്നു രണ്ടു തവണ നോക്കി, എന്റെ ചെവിക്കു വല്ലതും പറ്റിയോ, അതുകൊണ്ടാണോ കേള്‍ക്കാത്തത് എന്ന്. വേറെ പടങ്ങളെടുത്തു കേട്ടപ്പോള്‍ പ്രശ്നമില്ല. ഇപ്പോഴത്തെ ഏതു വേണമെങ്കിലും നോക്കിക്കൊള്ളു. കാരണം, മിക്സിംഗില്‍ അവര്‍ ശരിയായി ശ്രദ്ധിക്കുന്നില്ല. സ്പോട്ട് റെക്കോഡിംഗ് ഒക്കെ ആയിക്കോട്ടെ. പക്ഷേ, പറയുന്ന വാക്കുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടണ്ടേ. മുമ്പൊക്കെ ഡയറക്ടറും എഡിറ്ററും മ്യൂസിക് ഡയറക്ടറും ചിലപ്പോള്‍ പ്രൊഡ്യൂസറുമൊക്കെ ഒന്നിച്ച് ഇരുന്നിട്ടാണ് മിക്സ് ചെയ്യുന്നത്. എവിടെയെങ്കിലും ഡയലോഗ് കേള്‍ക്കാതെ പോയാല്‍ രണ്ടാമതു മിക്സ് ചെയ്യും. ഇപ്പോള്‍ അതല്ല, അസിസ്റ്റന്റിനെ ഏല്പിക്കും. കേട്ടുനോക്കൂ, ഒരൊറ്റ സിനിമയില്‍പ്പോലും ഡയലോഗ് നേരേചൊവ്വേ കേള്‍ക്കാന്‍ വയ്യ. മിക്സിംഗില്‍ ഡയറക്ടറുടേയും മ്യൂസിക് ഡയറക്ടറുടേയും ശ്രദ്ധ ഇല്ല. ഇതിപ്പോ, സ്റ്റണ്ട് പോലെ, പാട്ടുപോലെ ഡയറക്ടര്‍ എവിടെയെങ്കിലും ഇരിക്കും, സ്റ്റണ്ട് മാസ്റ്ററും ഡാന്‍സ് മാസ്റ്ററും ചെയ്യും എന്ന സ്ഥിതി. 
 

മധുവും ശാരദയും സിനിമാ ചിത്രീകരണത്തിനിടയിൽ
മധുവും ശാരദയും സിനിമാ ചിത്രീകരണത്തിനിടയിൽ

മധുപാല്‍: ഇപ്പോഴാണെങ്കില്‍ തിയേറ്ററുകളില്‍ സൗണ്ട് സിസ്റ്റം വളരെ പക്കായാണ്. ചെറിയ ശബ്ദങ്ങള്‍ പോലും കൃത്യമായി കേള്‍ക്കാന്‍ കഴിയും. എന്നിട്ടും ചില സിനിമകളില്‍ അത് കേള്‍ക്കാതെ പോകുന്നു എന്ന വിമര്‍ശനം വളരെ ഗൗരവത്തില്‍ എടുക്കേണ്ടതു തന്നെയാണ്. 

മധു: പല പടങ്ങളും അതുകൊണ്ടുതന്നെ പത്തിരുപത് മിനിറ്റ് കണ്ടിട്ട് ഞാന്‍ നിര്‍ത്തും. സത്യമാണ്, പേര് പറയുന്നില്ല. വല്ലാത്ത സങ്കടമാണ്.
 
മധുപാല്‍: ഒരുപാടു വായിക്കുന്ന ആളുമാണല്ലോ. സാഹിത്യത്തില്‍ ഇനിയും ചെയ്യാന്‍ മോഹിക്കുന്ന, അത് ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരു കഥാപാത്രത്തെക്കുറിച്ചു പറയാന്‍ കഴിയുമോ? അങ്ങനെയൊന്നുണ്ടോ?

മധു: അങ്ങനെയൊന്ന് ഇല്ല. എല്ലാം വായിച്ചിരിക്കില്ല. എങ്കിലും വായിച്ചതില്‍ സെലക്ട് ചെയ്യാന്‍ ഇല്ലാതെ പോയിട്ടേയുള്ളു. വായിച്ചതില്‍, അറിഞ്ഞതില്‍ ഒന്നും ബാക്കിയില്ല. എല്ലാ നോവലും പടമാക്കാന്‍ പറ്റിയതല്ലല്ലോ. 

മധുപാല്‍: അക്കാദമികള്‍ പോലുള്ള സംവിധാനങ്ങളുടെ ഭാഗമാകാതിരുന്നത് വേണ്ടെന്നു വച്ചിട്ടുതന്നെയാണോ?

മധു: അതെ, എല്‍.ഡി.എഫും യു.ഡി.എഫും അവരുടെ സര്‍ക്കാരുകളുടെ കാലത്തു ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ പോയിട്ടില്ല. ഒന്നും ചെയ്യാനില്ല എന്നു തോന്നിയതുകൊണ്ടാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com