ഷാജി എന്‍ കരുണ്‍ പറയുന്നതല്ല സത്യം

പ്രത്യേകിച്ചൊരു കാരണവും അവര്‍ പറഞ്ഞിരുന്നില്ല. ഈയടുത്ത് അവര്‍ പറയുന്നത് 'നിഷിദ്ധോ' അവാര്‍ഡ് ലഭിച്ച സിനിമയാണ് എന്നതാണ്
ഷാജി എന്‍ കരുണ്‍ പറയുന്നതല്ല സത്യം

സിനിമാ മേഖലയില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വനിതാ സംവിധായകരുടെ സിനിമകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി കൊണ്ടുവന്നത്. 2019 ഓഗസ്റ്റില്‍ ഐ.ജി. മിനിയുടെ 'ഡിവോഴ്സ്', താരാ രാമാനുജന്റെ 'നിഷിദ്ധോ' എന്നീ രണ്ടു സിനിമകള്‍ നിര്‍മ്മാണത്തിനായി പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം രണ്ട് വനിതാ സംവിധായകരും പട്ടികജാതി-പട്ടികവിഭാഗത്തില്‍പ്പെടുന്ന രണ്ട് സംവിധായകര്‍ക്കുമായി പദ്ധതി വിപുലീകരിച്ചു.

കൊവിഡിന്റെ കടുത്ത നിയന്ത്രണങ്ങള്‍ വന്ന സമയത്താണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ ഷൂട്ടിങ്ങ് നിശ്ചയിച്ചത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സിനിമാ മേഖലയില്‍ പുതിയ മാറ്റവും ഉള്‍ക്കാഴ്ചയും നല്‍കിയ പദ്ധതിയില്‍ ഐ.ജി. മിനിയുടെ 'ഡിവോഴ്സ്' ആദ്യമായി പൂര്‍ത്തിയാക്കപ്പെട്ടു. 2021-ല്‍ തിരുവനന്തപുരത്ത് പ്രിവ്യൂ ഷോയും നടത്തി. എന്നാല്‍, രണ്ട് വര്‍ഷമായിട്ടും സിനിമ റിലീസ് ചെയ്യാതെ മാറ്റിവെച്ചിരിക്കുകയാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍. ഏറ്റവും ഒടുവില്‍ രണ്ടാമത് പൂര്‍ത്തിയായ 'നിഷിദ്ധോ' റിലീസ് ചെയ്യുകയും ചെയ്തു. സിനിമ റിലീസ് ചെയ്യാത്തതുമായി ബന്ധപ്പെട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷനെതിരേയും ചെയര്‍മാന്‍ ഷാജി എന്‍. കരുണിനെതിരേയും 'ഡിവോഴ്സി'ന്റെ സംവിധായിക ഐ.ജി. മിനി രംഗത്ത് വന്നിരിക്കുകയാണ്. 

25 വര്‍ഷത്തോളമായി നാടക-സിനിമാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഐ.ജി. മിനി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഡിസൈനിങ് ആന്റ് ഡയറക്ഷനില്‍ എം.എ. പൂര്‍ത്തിയാക്കിയ മിനി ലണ്ടനില്‍നിന്ന് പെര്‍ഫോമന്‍സ് ഡിസൈന്‍ ആന്റ് പ്രാക്ടീസ് എന്ന വിഷയത്തിലും ഉപരിപഠനം നടത്തി. യു.കെയില്‍ വെച്ച് സ്പാനിഷ് സിനിമയിലും പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ലാല്‍ ജോസിന്റേയും പി. ബാലചന്ദ്രന്റേയും സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. മൂത്തോന്‍, ബിരിയാണി, രമേശന്‍ ഒരു പേരല്ല, ഇവിടെ ഈ നഗരത്തില്‍, ഫ്രീഡം ഫൈറ്റ്, മൂണ്‍വാക്ക് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയില്‍ തനിക്കു നേരിടേണ്ടിവന്ന പ്രയാസങ്ങളേയും സിനിമ റിലീസ് ചെയ്യാത്ത ചലച്ചിത്ര വികസന കോര്‍പ്പറേഷന്റേയും ചെയര്‍മാന്റേയും നടപടികളെക്കുറിച്ചും ഐ.ജി. മിനി സംസാരിക്കുന്നു:

ഷാജി എൻ കരുൺ
ഷാജി എൻ കരുൺ

സിനിമ റിലീസ് ചെയ്യാന്‍ എന്താണ് തടസ്സം എന്നാണ് കെ.എസ്.എഫ്.ഡി.സി പറയുന്നത്? 

പ്രത്യേകിച്ചൊരു കാരണവും അവര്‍ പറഞ്ഞിരുന്നില്ല. ഈയടുത്ത് അവര്‍ പറയുന്നത് 'നിഷിദ്ധോ' അവാര്‍ഡ് ലഭിച്ച സിനിമയാണ് എന്നതാണ്. രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു, പല ഫെസ്റ്റിവെലുകളിലും പോയി, അതുകൊണ്ട് ആ സിനിമയ്ക്കായി ഒരുപാട് ആളുകള്‍ വെയ്റ്റ് ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്. 2021-ലാണ് 'നിഷിദ്ധോ' സെന്‍സര്‍ ചെയ്തത്. ഡിവോഴ്സ് 2020-ലും. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ പറയുന്നത് ഞങ്ങളുടെ ആദ്യത്തെ പ്രൊഡക്ട് 'നിഷിദ്ധോ' ആണ് എന്നാണ്. അതല്ല സത്യം. ആദ്യം നിര്‍മ്മിക്കപ്പെട്ട ചിത്രം 'ഡിവോഴ്സ്' ആണ്. അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം ചെയ്യാന്‍ തയ്യാറായത് ഞാനാണ്. എല്ലാ പ്രശ്‌നങ്ങളും ഫെയ്സ് ചെയ്യാനും സ്റ്റുഡിയോയ്ക്കകത്ത് ചെയ്യണം എന്ന നിബന്ധനയടക്കം പലതും പാലിക്കാന്‍ തയ്യാറായതും ഞാനാണ്.
പദ്ധതിയിലെ ആദ്യത്തെ സിനിമ 'നിഷിദ്ധോ' ആണ് എന്ന തരത്തിലുള്ള കള്ളം പ്രചരിപ്പിക്കുന്നതില്‍ എനിക്കു വേദനയുണ്ട്. ആദ്യഘട്ടത്തിലെ പല പോരായ്മകള്‍ ഏറ്റെടുത്തതും സഹിക്കാന്‍ തയ്യാറായതും ഞങ്ങളാണ്. പക്ഷേ, നിര്‍മ്മിക്കപ്പെട്ട ആദ്യ സിനിമ മറ്റൊന്നാണ് എന്നു പ്രചരിപ്പിക്കപ്പെടുമ്പോള്‍ വേദനയുണ്ട്. അതും അവാര്‍ഡ് കിട്ടാത്തതുകൊണ്ടാണ്, ഫെസ്റ്റിവെലുകളില്‍ പോകാത്തതുകൊണ്ടാണ് എന്നൊക്കെ പറയുമ്പോള്‍ പ്രത്യേകിച്ചും. കാരണം ജൂറി മാറുകയാണെങ്കില്‍ ചിലപ്പോള്‍ ഈ തീരുമാനങ്ങളും മാറാം. അതുകൊണ്ടുതന്നെ അത് ഒരു മാനദണ്ഡമായി കാണേണ്ട കാര്യമില്ല.

സിനിമ പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ പ്രതിസന്ധികളുണ്ടായിരുന്നു? 

കൊവിഡ് സമയത്തായിരുന്നു സിനിമ പൂര്‍ത്തീകരിച്ചത്. സിനിമ പെട്ടെന്നുതന്നെ തുടങ്ങണം അല്ലെങ്കില്‍ ലാപ്സായി പോകും, ഒരാഴ്ചയ്ക്കുള്ളില്‍ ചെയ്യണം എന്നൊക്കെയാണ് പറഞ്ഞത്. ഞാന്‍ ആ റിസ്‌ക് എടുക്കാന്‍ തയ്യാറായി. 

എനിക്ക് സിനിമ തുടങ്ങുന്നതിനു മുന്‍പ് ഒരു വര്‍ക്ക്ഷോപ്പ് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ഒരു തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. ഞങ്ങളുടെ സിനിമയിലേക്ക് സെലക്ട് ചെയ്ത ചിലരും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു. ആദ്യമായി ചെയ്യുന്ന ആളുകളും ഉണ്ടായിരുന്നു. സിനിമയില്‍ കോടതി സെറ്റ് ചെയ്തത് ഒരു സ്‌കൂള്‍ പരിസരത്താണ്. വൈകുന്നേരം വരെയെ ഷൂട്ട് ചെയ്യാന്‍ പറ്റുള്ളൂ. രാത്രി ഷൂട്ട് ചെയ്യാന്‍ പറ്റില്ല. ലൈറ്റിന്റെ പ്രശ്‌നങ്ങള്‍ ഉള്ളതുകാരണം. അതുകൊണ്ടുതന്നെ കോടതി രംഗങ്ങളും അതുപോലെയുള്ള പ്രോബ്ലമാറ്റിക്കായ സീനുകളൊക്കെയും റിഹേഴ്സ് ചെയ്യണം എന്നും ആഗ്രഹിച്ചിരുന്നു. അതിനൊരു എക്സ്ട്രാ ചെലവും വരുന്നില്ലല്ലോ. നമുക്കു ലഭ്യമായ സ്ഥലത്തുവെച്ച് ചെയ്യാവുന്നതാണ്. ഞാന്‍ വര്‍ക്ക് ഷോപ്പ് ചെയ്യുന്ന ആളാണ്. ഇത്തരം പരിശീലനങ്ങള്‍ കൊടുക്കുന്നവര്‍ എന്റെ കാസ്റ്റ് ലിസ്റ്റില്‍ ഉള്ളതുകൊണ്ടുതന്നെ അതിന് എക്സ്ട്രാ ബാധ്യതയോ ചെലവോ വരുന്നില്ല. അങ്ങനെയൊക്കെ ആഗ്രഹിച്ചിരുന്നയിടത്ത് നമ്മള്‍ ഫോഴ്സ്ഡ് ആവുകയാണ്. അറുപതില്‍ കൂടുതല്‍ കഥാപാത്രങ്ങളുണ്ട്. അതുകൊണ്ടുതന്നെ കാസ്റ്റിങ് പൂര്‍ണ്ണമായിരുന്നില്ല, കോസ്റ്റ്യൂമിനെക്കുറിച്ച് പ്രാരംഭമായി സംസാരിച്ചു എന്നല്ലാതെ അതിനെക്കുറിച്ചൊന്നും വര്‍ക്കൗട്ട് ചെയ്തിരുന്നില്ല. 

കൊവിഡ് കാരണം അധികം വര്‍ക്കില്ലാതിരിക്കുന്ന സമയമായതിനാല്‍ എന്റെ ടീമിലെ എല്ലാവരും ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. റിസ്‌ക് എടുക്കാന്‍ തയ്യാറാവുകയായിരുന്നു. കണ്‍സ്ട്രക്ട് ചെയ്യാനുള്ളത് ഏറ്റവും അവസാനത്തേക്ക് വെക്കാം എന്നും തീരുമാനിച്ചു. അവസാനമായപ്പോഴേക്ക് പല കാര്യങ്ങളും, കാസ്റ്റിങും ഷെഡ്യൂളും എല്ലാം മാറി. അങ്ങനെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളും സഹിച്ച് പറഞ്ഞ ദിവസത്തിനും ഒരു ദിവസം മുന്നേ 24 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കി കൊടുത്തു. 

2019-ലാണ് ഷൂട്ട് തുടങ്ങിയത്. സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ കൊവിഡ് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. ഷൂട്ടിന് പക്ഷേ, പല എക്സ്റ്റീരിയര്‍ ഷോട്ട്സും കട്ട് ചെയ്യേണ്ടിവന്നു. പലതും ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് മാറ്റി. അത് നമ്മളോട് ആവശ്യപ്പെട്ടതാണ്. അങ്ങനെ ചെയ്യണം എന്ന്. നിയന്ത്രണങ്ങള്‍ ഉള്ള സമയമായിരുന്നല്ലോ. ഇതെല്ലാം സിനിമയുടെ ക്വാളിറ്റിയെ ബാധിക്കുന്നതാണ്. പക്ഷേ, ഞങ്ങള്‍ക്കു വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഒന്നുകില്‍ ഇങ്ങനെ ചെയ്യുക, അല്ലെങ്കില്‍ ചെയ്യാതിരിക്കുക എന്ന ഓപ്ഷന്‍ മാത്രമാണ് നമുക്കുണ്ടായിരുന്നത്. സ്‌ക്രിപ്റ്റിങ് സമയത്ത് ഒരിക്കലും റൂം ബേസ്ഡ്, ഹൗസ് ബേസ്ഡ് ആയി നമ്മള്‍ ആലോചിക്കുന്നില്ലല്ലോ.

കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണുമായുള്ള സംസാരം എങ്ങനെയായിരുന്നു? 

ഞങ്ങള്‍ക്കു ലഭിച്ചത് എന്തോ ഔദാര്യം പോലെയാണ് എന്ന സമീപനം എല്ലാ സമയത്തും ഉണ്ടായിരുന്നു. ഇതൊക്കെ പ്രശസ്തര്‍ക്കൊക്കെ ലഭിക്കേണ്ടതായിരുന്നു എന്ന തരത്തില്‍ ഇതിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ, സിനിമ ചെയ്യുക എന്നത് വര്‍ഷങ്ങളായിട്ടുള്ള ആഗ്രഹമാണ്. അതു പൂര്‍ത്തിയാക്കണം. മാത്രമല്ല, ജോലി ഉപേക്ഷിച്ചാണ് നില്‍ക്കുന്നത്. പകുതി വഴിക്കു നിര്‍ത്താന്‍ പറ്റില്ല എന്നതുകൊണ്ട് എല്ലാം സഹിക്കുകയായിരുന്നു. എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ളവര്‍ക്കോ പ്രശസ്തരായ ആളുകള്‍ക്കോ അല്ലല്ലോ സര്‍ക്കാര്‍ പ്രൊജക്ട് കൊടുക്കുന്നത്. ചെയ്യാന്‍ കഴിവുള്ള എന്നാല്‍, അതിന് അവസരങ്ങളില്ലാത്തവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുക എന്നതാണല്ലോ സര്‍ക്കാര്‍ ചെയ്തത്.

ഈ സിനിമ റിലീസ് ചെയ്യാത്തതിന്റെ കാരണം എന്താണെന്ന് അറിയാന്‍ ഞാന്‍ ഓഫീസില്‍ പോയി ചെയര്‍മാന്‍ ഷാജി എന്‍. കരുണിനെ കണ്ടിരുന്നു. എന്റെ സിനിമയാണല്ലോ ആദ്യം നിര്‍മ്മിക്കപ്പെട്ടത്. ആദ്യം തീരുമാനിക്കപ്പെട്ടതും ഇതാണല്ലോ. പിന്നെ എന്താണ് കാരണം എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ ആദ്യത്തെ പ്രൊജക്ട് 'നിഷിദ്ധോ' ആണ്. ഞങ്ങള്‍ അങ്ങനെതന്നെയാണ് അതു കാണിക്കാന്‍ ആഗ്രഹിക്കുന്നത് എന്നാണ്. 'ഡിവോഴ്സ്' എപ്പോള്‍ റിലീസാവും എന്നതെങ്കിലും പറയാമോ എന്നു ചോദിച്ചു. അതിന് അദ്ദേഹത്തിന്റെ മറുപടി നമ്മളോട് സര്‍ക്കാര്‍ സിനിമ നിര്‍മ്മിക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ, റിലീസ് ചെയ്യാന്‍ പറഞ്ഞിട്ടില്ല എന്നാണ്. അത്രയും ധാര്‍ഷ്ട്യം നിറഞ്ഞ ഒരു മറുപടിയായിരുന്നു അദ്ദേഹത്തില്‍നിന്നുണ്ടായത്. അതില്‍നിന്നുതന്നെ എത്രത്തോളം ഈ പദ്ധതിയെപ്പറ്റി അദ്ദേഹത്തിനു വിഷനുണ്ട് എന്നു മനസ്സിലാക്കാം. ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുമ്പോള്‍ എത്രയും ഗംഭീരമായി കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് ശമ്പളം വാങ്ങുന്ന ഏതൊരു മനുഷ്യനും ചെയ്യേണ്ട കാര്യം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആരും ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല.

തുടക്കത്തില്‍ അദ്ദേഹത്തിന്റെ ഒരു ഇന്‍പുട്ട് ഉണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നു എന്നു ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ, ഒരിക്കല്‍പോലും അദ്ദേഹം ലൊക്കേഷനില്‍ വരികയോ അതിനു മുന്‍പ് ക്രിയേറ്റീവായിട്ടോ ഒരു കാര്യത്തിലും സഹായകരമായ ഒരിടപെടല്‍ ചെയര്‍മാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഒരു സ്ഥാപനത്തിന്റെ പ്രസ്റ്റീജിയസ് പ്രൊജക്ട് എന്ന നിലയില്‍ അതിനോട് പ്രത്യേക താല്പര്യമൊന്നും കാണിച്ചതായി കണ്ടിരുന്നില്ല.

ഇതിങ്ങനെ നീണ്ടുപോയപ്പോള്‍ ഞാന്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ കണ്ട് സംസാരിച്ചിരുന്നു. ഇതു നമ്മള്‍ പ്രസവിച്ച ഒരു കുഞ്ഞാണ്. നമുക്കതിനെ വഴിയിലിട്ടിട്ട് പോകാന്‍ കഴിയില്ലല്ലോ. ഒരു ക്ലറിക്കല്‍ ജോലിപോലെ അടിവരയിട്ട് പോകാന്‍ കഴിയുന്നതല്ല നമുക്കിത്. ഒരു സിനിമ അതു പൂര്‍ത്തിയാക്കി ജനങ്ങളിലേക്ക് എത്തുമ്പോഴാണ് ആ പ്രോസസ് കഴിയുന്നത്. അതിലേക്ക് ഇതുവരെ എത്തിയിട്ടില്ല. നിരവധി ആളുകള്‍ എപ്പോഴാണ് റിലീസ് എന്നു ചോദിക്കുന്നുണ്ട്. അറിയില്ല എന്ന മറുപടിയാണ് എനിക്കു പറയേണ്ടിവരുന്നത്. മന്ത്രിയോട് സംസാരിച്ചതിന്റെ പകപോക്കുക കൂടിയാണ് ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍. അതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇനിയെന്താകും അദ്ദേഹത്തിന്റെ നടപടിയെന്ന് എനിക്കറിയില്ല. നമ്മളൊക്കെ ചെറിയ ആളുകളാണല്ലോ. ആദ്യത്തെ സിനിമയാണ്, പുതുതായി വരുന്നവരാണ്. അപ്പുറത്ത് സിനിമാ മേഖലയിലും രാഷ്ട്രീയ മേഖലയിലും സ്വാധീനമുള്ളവരാണ്. എന്റെ സിനിമാഭാവി എന്താകും എന്ന് അറിയില്ല. അതിനെയൊക്കെ പലതരത്തില്‍ അവര്‍ക്ക് നെഗറ്റീവായി സ്വാധീനിക്കാന്‍ കഴിയും. ആ റിസ്‌കും ചലഞ്ചും ഏറ്റെടുത്ത് ഞാന്‍ ഇക്കാര്യം തുറന്നു പറഞ്ഞതിനു കാരണം മറ്റാരും ഇതു പറയില്ല എന്നതുകൊണ്ടാണ്. എനിക്കു ശേഷം ഈ പദ്ധതിയില്‍ വന്നവര്‍ക്കും ഇത്തരം പല പ്രശ്‌നങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പറഞ്ഞു. ഇതു പറയേണ്ട ഒരു കാര്യമാണ്. ചോദ്യം ചെയ്യാന്‍ പാടില്ല, അഭിപ്രായം പറയാന്‍ പാടില്ല എന്നൊക്കെ പറയാന്‍ ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിയിലല്ലല്ലോ നമ്മള്‍ നില്‍ക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിലാണ്. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു പദ്ധതിയില്‍ വരുന്ന പ്രശ്‌നങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ പറ്റില്ല. ആരെങ്കിലും അതു പറയണം. അതു ഞാന്‍ തന്നെ ആവട്ടെ എന്നു ഞാന്‍ കരുതി.

ഐജി മിനിയുടെ ഡിവോഴ്സ് എന്ന സിനിമയുടെ സ്വിച് ഓൺ ചടങ്ങിൽ അന്നത്തെ സാംസ്കാരിക മന്ത്രി എകെ ബാലനും ഷാജി എൻ കരുൺ
ഐജി മിനിയുടെ ഡിവോഴ്സ് എന്ന സിനിമയുടെ സ്വിച് ഓൺ ചടങ്ങിൽ അന്നത്തെ സാംസ്കാരിക മന്ത്രി എകെ ബാലനും ഷാജി എൻ കരുൺ

നിഷിദ്ധോയാണ് ഡിവോഴ്സിനു പകരം റിലീസ് ചെയ്യുന്നത് എന്നു താങ്കള്‍ എപ്പോഴാണ് അറിഞ്ഞത്? 

2020-ലാണ് സിനിമ പൂര്‍ത്തിയായി സെന്‍സര്‍ ചെയ്യുന്നത്. രണ്ട് വര്‍ഷമായി. റിലീസ് ഉടനെ ഉണ്ടാവും എന്ന തരത്തിലാണ് മാസങ്ങളോളം സംസാരിച്ചത്. തിയേറ്റര്‍ ലഭ്യമല്ല എന്ന കാരണമാണ് പലപ്പോഴും പറഞ്ഞത്. ആ സമയത്തൊക്കെ നമ്മളോട് പറയുന്നത് മറ്റു ജോലികളൊന്നും ഏറ്റെടുക്കരുത് എന്നാണ്. സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കിനു വേണ്ടിയാണിത്. ഞാന്‍ ഫ്രീലാന്‍സ് ജോലി ചെയ്തു ജീവിക്കുന്ന ഒരാളാണ്. ഒരു ഫിക്‌സഡ് ഇന്‍കം ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചിട്ടാണ് ഞാന്‍ ഈ സിനിമയുടെ പുറകെ വന്നത്. 'ഫ്രീഡം ഫൈറ്റ്' സിനിമയിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. അതിനുശേഷമുള്ള പലതും എനിക്കു ചെയ്യാന്‍ കഴിഞ്ഞില്ല. ഇവര്‍ ഇങ്ങനെ ഹോള്‍ഡ് ചെയ്തതു കാരണം പലതും നമ്മള്‍ക്ക് ഏറ്റെടുക്കാന്‍ പറ്റിയില്ല. താരങ്ങളുടെ അവൈലബിലിറ്റിയും ചോദിച്ചിരുന്നു. പക്ഷേ, ഞാന്‍ അവരോടൊന്നും ഡേറ്റ് ബ്ലോക് ചെയ്ത് ഇതിനുവേണ്ടി കാത്തിരിക്കാന്‍ പറയാതിരുന്നത് നന്നായി.

ഏറ്റവും ഒടുവില്‍ സെപ്തംബറില്‍ റിലീസ് ഉണ്ടാവും എന്നു പറഞ്ഞു. ടീസറും ട്രെയിലറും റെഡിയാക്കി. വീണ്ടും മറ്റു വര്‍ക്കുകള്‍ക്കു പോകരുത് എന്നും ഇതിന്റെ പ്രൊമോഷന്‍ വര്‍ക്കിന് അവൈലബിള്‍ ആവണം എന്നും പറഞ്ഞു. ഇത്തവണയെങ്കിലും ഉറപ്പാണോ എന്നു ഞാന്‍ അങ്ങോട്ട് ചോദിച്ചു. ടിക്കറ്റ് പ്രീ സെയില്‍ നടത്തുന്നുണ്ട്, ലോട്ടറി സമ്മാനങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്, പത്രമോഫീസുകളില്‍ ന്യൂസ് കൊടുത്തുകഴിഞ്ഞു എന്നൊക്കെയാണ് അപ്പോള്‍ എന്നെ അറിയിച്ചത്. അതുകഴിഞ്ഞ് പിറ്റേ ദിവസം എന്നെ വിളിച്ചറിയിക്കുകയാണ് നിങ്ങളുടെ സിനിമയല്ല, നിഷിദ്ധോ ആണ് റിലീസ് ചെയ്യുക എന്ന്. എന്താണ് കാരണം എന്നു ഞാന്‍ ചോദിച്ചു. അത് ചെയര്‍മാനോട് ചോദിക്കണം നമുക്കറിയില്ല എന്നാണ് പറഞ്ഞത്. ഞാന്‍ യാത്രയിലായതിനാല്‍ മെയില്‍ വഴി ചെയര്‍മാനോടും എം. ഡിയോടും ചോദിച്ചു. അതിന് എനിക്കൊരു റിപ്ലൈയും കിട്ടിയില്ല. പിന്നീട് നവംബറില്‍ എം.ഡിക്കു ഞാന്‍ വാട്സ്ആപ്പില്‍ മെസ്സേജ് അയച്ചു. അതിനു റിപ്ലൈ വന്നത് ഓഫീസില്‍ വന്നു സംസാരിക്കൂ എന്നാണ്. അപ്പോഴേക്കും നവംബര്‍ 11-ലേക്ക് നിഷിദ്ധോയുടെ റിലീസ് തീരുമാനിച്ചിരുന്നു.

നമ്മളെടുക്കുന്ന സബ്ജക്ട് അത് അവതരിപ്പിക്കേണ്ട സമയത്ത് അവതരിപ്പിച്ചില്ലെങ്കില്‍ അതിന്റെ ഫ്രഷ്നെസ്സ് പോകും. ഓരോ വര്‍ഷം കഴിയുന്തോറും കാര്യങ്ങള്‍ മാറും. കാഴ്ചപ്പാടുകള്‍ മാറും. കൊറോണ സമയത്ത് ചെയ്ത് അവതരിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേറൊരു ഭാവുകത്വമാണുണ്ടാവുക.

ഒന്നരക്കോടി രൂപയല്ലേ സിനിമയുടെ നിര്‍മ്മാണത്തിനായി നല്‍കിയത്? സിനിമയുടെ മാര്‍ക്കറ്റിങ്ങും കെ.എസ്.എഫ്.ഡി.സി തന്നെയാണോ ചെയ്യുന്നത്? 

ഒന്നരക്കോടിയില്‍ 25 ലക്ഷം രൂപ മാര്‍ക്കറ്റിങ്ങിനുവേണ്ടി കെ.എസ്.എഫ്.ഡി.സി തന്നെ മാറ്റിയിരുന്നു. ടീസറും ട്രെയ്ലറും സെലിബ്രിറ്റീസിന്റെ പേജില്‍ കൂടി ചെയ്യണം എന്നൊക്കെ തരത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്‍പ് ഞാന്‍ പറഞ്ഞപ്പോള്‍ ചെയര്‍മാന്‍ പറഞ്ഞത് അത് മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍സിനു വിട്ടേക്കൂ. അവര്‍ക്ക് അതിനെക്കുറിച്ച് നല്ല ധാരണയുണ്ട് എന്നാണ്. സിനിമാ ടിക്കറ്റ് നറുക്കെടുപ്പിലൂടെ സമ്മാനം കൊടുക്കുന്നതാണ് അവരുടെ ഒരു മാര്‍ക്കറ്റിങ്ങ്.

സമ്മാനമായി ടി.വി കൊടുക്കുന്നു, സ്‌കൂട്ടര്‍ കൊടുക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ സിനിമയ്ക്ക് വരുമോ? സമ്മാനം പ്രതീക്ഷിച്ച് സിനിമയ്ക്ക് വരണം എന്നൊക്കെ പറയുന്നത് ഔട്ട്ഡേറ്റഡ് മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജിയാണ്. സമ്മാന പദ്ധതിയുണ്ട് എന്നൊക്കെ പറയുന്നത് ഫിലിം മേക്കറെ അപമാനിക്കുന്നതിനു തുല്യമാണ്. ഇതൊക്കെയാണ് വളരെ ഇന്നവേറ്റീവായ ഇവരുടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി.

നമ്മളുടെ പ്രൊജക്ടിന്റെ സമയത്ത് 25 ലക്ഷമാണ് പബ്ലിസിറ്റിക്കുവേണ്ടി മാറ്റിവെച്ചതെങ്കില്‍ ഇപ്പോള്‍ അത് 40 ലക്ഷം രൂപയാണ്. ഇതൊക്കെ അക്കൗണ്ടബിള്‍ ആവണം.

ഞാന്‍ എം.ഡിയോട് റിലീസിങ്ങിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ കുറെ കണക്കുകളാണ് എന്റെ മുന്നില്‍ നിരത്തിയത്. നിഷിദ്ധോ റിലീസ് ചെയ്ത തിയേറ്ററിന്റെ കണക്കുകളാണ് പറയുന്നത്. 39 തിയേറ്ററുകള്‍ വാടകയ്‌ക്കെടുത്താണ് ചെയ്യുന്നത് എന്നു പറയുന്നു. പലതിനും പൈസയില്ല; കൂടുതല്‍ ഫണ്ടിന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ പോകുകയാണ് എന്നൊക്കെയാണ്. ലാഭം ഇല്ലെങ്കിലും നഷ്ടം ഇല്ലാത്ത തരത്തിലാണെങ്കില്‍ നമുക്ക് അടുത്തതിനെക്കുറിച്ച് ആലോചിക്കാം എന്നാണ് പറഞ്ഞത്. ഇത് എന്താണെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഒരു വൈഡ് റിലീസോ ഒന്നും നമ്മള്‍ ആവശ്യപ്പെട്ടിട്ടില്ല. 25 ലക്ഷം മാറ്റിവെക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാറിന്റെ തന്നെ തിയേറ്ററുകളുമുണ്ട്. നമുക്ക് എന്താണോ ലഭ്യമായത് അതിനകത്തുനിന്നു ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളു. പക്ഷേ, അതുപോലും ഇല്ലാതെ എന്തൊക്കെയോ കണക്കുകളുടെ അവതരണമാണ് നടക്കുന്നത്. അത് എന്തുമാത്രം കൃത്യമായ കണക്കുകളാണ് എന്നെനിക്കറിയില്ല. ഇതിന്റെ റിലീസ് കഴിഞ്ഞിട്ട് നോക്കട്ടെ, ഇല്ലെങ്കില്‍ കുറച്ചുപൈസ കൂടി ആവശ്യപ്പെടും എന്നൊക്കെയുള്ള ആശങ്കയില്‍ ഒരു പ്രൊജക്ടിനെ നിര്‍ത്തേണ്ട കാര്യമില്ലല്ലോ. ലീഡര്‍ഷിപ്പിന്റെ കുറവ് അതിഭീകരമായി കെ.എസ്.എഫ്.ഡി.സിക്കുണ്ട്.

നമ്മള്‍ ചെയ്ത സിനിമയുടെ എല്ലാംതന്നെ ഇവരുടെ കയ്യിലാണ് ഉണ്ടാവുക. നമുക്ക് ഒന്നും തന്നെ വെക്കാന്‍ കഴിയില്ല. പ്രൊമോഷനുവേണ്ടി സോങ്സ് ഒക്കെ ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. അത്തരം പ്രോസസ് ഒന്നും നമുക്കു ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാ റഷസും എഡിറ്ററുടെ കയ്യില്‍നിന്നു തിരിച്ചു വാങ്ങുകയാണ് ഉണ്ടായത്. പ്രമോഷനുവേണ്ടി വീഡിയോസും സോങ്സും ചെയ്യണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. നന്നായി മാര്‍ക്കറ്റ് ചെയ്താല്‍പോലും ജനങ്ങളിലേക്കെത്താത്ത ഒരവസ്ഥയാണ്. അത്രമാത്രം സിനിമകള്‍ ഇറങ്ങുന്ന കാലഘട്ടമാണ്. പക്ഷേ, അത്തരത്തില്‍ പല കാര്യങ്ങളും നമുക്കു ചെയ്യാന്‍ കഴിഞ്ഞില്ല.

പുറത്തുനിന്നു കാണുന്ന ഒരാള്‍ക്കു തോന്നും എന്തൊരു എളുപ്പമാണ് കാര്യങ്ങള്‍ എന്ന്. പല ആളുകളും വര്‍ഷങ്ങളോളം സ്ട്രഗിള്‍ ചെയ്തിട്ട് സിനിമ ചെയ്യാന്‍ കഴിയുന്നില്ല, ഇവര്‍ക്ക് എന്തു സുഖമാണ്. ഇന്നലെ വന്നു, ഇന്ന് ഒന്നേകാല്‍ കോടി കിട്ടുന്നു എന്നൊക്കെ തോന്നാം. പക്ഷേ, ഇതിന്റെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് അറിയില്ല.

സിനിമയുടെ പ്രിവ്യൂ ഷോ വലിയ ചടങ്ങായിരുന്നോ? 

2021 ഫെബ്രുവരിയില്‍ മന്ത്രി എ.കെ. ബാലന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരം കലാഭവനിലായിരുന്നു പ്രിവ്യൂ ഷോ നടത്തിയത്. ഏറ്റവും രസകരം ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് സിനിമ ചെയ്തയാള്‍ എന്ന നിലയില്‍ ഒരു വാക്ക് സംസാരിക്കാന്‍പോലും ആ ചടങ്ങില്‍ അവസരം ഉണ്ടായിരുന്നില്ല. ഒരുപാട് ആളുകള്‍ പങ്കെടുത്ത് ആശംസ പറഞ്ഞ വേദിയില്‍ സംസാരിക്കാനുള്ള അവസരം കിട്ടാതെ പോയി. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് നടന്ന പദ്ധതിയാണല്ലോ ഇത്.

കൊവിഡിന്റെ എല്ലാ നിയന്ത്രണങ്ങളും ഉള്ള സമയത്ത് വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങള്‍ ഇതു മുന്നോട്ടുകൊണ്ടുപോയത്. ചിലപ്പോള്‍ അഭിനേതാക്കള്‍ അവൈലബിള്‍ ആവില്ല, ലൊക്കേഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ടിവരും-അങ്ങനെ മുള്‍മുനയില്‍ നിന്നുകൊണ്ടാണ് ഈ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. വളരെ ലിമിറ്റഡായ ക്രൂവിനെ വെച്ച് അത്രയും കോംപ്രമൈസുകള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള ഒരു കാര്യമാണ്.

ഒരു സര്‍ക്കാര്‍ സംവിധാനത്തിനകത്ത് സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നാണോ? 

ഫണ്ട് റിലീസ്, പേയ്മെന്റ് റിലീസ്, എല്ലാ കാര്യത്തിലും സര്‍ക്കാര്‍ നടപടി എന്നത് മൂന്നും നാലും മേശകളില്‍ കൂടി പാസ്സ് ചെയ്തു പോകുന്നതാണ്. അങ്ങനെയൊക്കെയുള്ള പ്രൊസീജിയര്‍ സിനിമയ്ക്ക് അനുകൂലമായിട്ടുള്ളതല്ല. സിനിമ പ്രൊഡക്ഷനു പറ്റുന്ന ഒരു കാര്യമല്ല അത്. അപ്പപ്പോള്‍ ഡിസിഷന്‍ എടുക്കേണ്ട കാര്യങ്ങളും അപ്പപ്പോള്‍ പേയ്മെന്റ് ചെയ്യേണ്ട കാര്യങ്ങളും ഒക്കെ ഉണ്ടാവും. ഇമ്മീഡിയറ്റ്ലി ആക്ഷന്‍ വേണ്ടുന്ന കാര്യങ്ങളുണ്ടാവും. അതിനു നമുക്കൊരു കാലതാമസവും പറ്റില്ല. ബില്ല് പാസ്സാവട്ടെ, ഹെഡ് എന്ത് പറയുന്നു എന്നു നോക്കട്ടെ എന്നൊന്നും നമുക്ക് വെയിറ്റ് ചെയ്യാന്‍ പറ്റില്ല. അത്തരം ബുദ്ധിമുട്ടുകള്‍ എല്ലാം സഹിച്ചിട്ടാണ് നമ്മള്‍ ഇതു പൂര്‍ത്തീകരിക്കുന്നത്. 

നമ്മള്‍ കണ്‍ട്രോള്‍ഡ് ആണ്. ഫണ്ട് റീഅലോക്കേറ്റ് ചെയ്യാനൊന്നും കഴിയില്ല. ഉദാഹരണത്തിനു ഞങ്ങളുടെ ബജറ്റില്‍ ആക്ടേഴ്സിനാണ് കൂടുതല്‍ ഫണ്ട് ഇട്ടത്. പക്ഷേ, അത്രത്തോളം നമുക്കു വേണ്ടിവന്നില്ല. പക്ഷേ, റിഅലോക്കേറ്റ് ചെയ്യാനുള്ള സാധ്യത ഇവിടെയില്ല. അതിനുള്ള സ്വാതന്ത്ര്യം നമുക്കില്ല. ഓരോ ഘട്ടമായാണ് പൈസ തന്നത്. അതിലും കാലതാമസം വന്നിരുന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ ചട്ടപ്പടി എന്നത് ഫിലിം മേക്കിങ്ങിനു സഹായകമല്ല. ഫിലിമുമായി ബന്ധമുള്ള പുതിയ ഡവലപ്മെന്റ്സ്, ഏറ്റവും പുതിയ മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജി ഒക്കെ അറിയുന്ന ഇന്‍ഡസ്ട്രിയെക്കുറിച്ച് ധാരണയുള്ള ഒരു സ്ഥാപനത്തിനെയാണ് ഇതൊക്കെ ഏല്പിക്കേണ്ടത്.

രാവിലെ മുതല്‍ വൈകുന്നേരം വരെ ഇവരെ കാണാന്‍ വേണ്ടി കാത്തിരിക്കേ ണ്ടിവന്നിട്ടുണ്ട്. എന്തൊരു അവഗണനയാണ് നേരിടേണ്ടിവരുന്നത് എന്ന് ആലോചിച്ചു നോക്കണം. അവര്‍ ഒരു റീസ്ട്രക്ചറിങിനു വിധേയമാകണം. സിസ്റ്റം മാറുന്നത് എളുപ്പമല്ല എങ്കിലും വ്യക്തി താല്പര്യങ്ങള്‍ക്കപ്പുറത്ത് മുന്നോട്ട് നയിക്കാന്‍ വേണ്ടിയുള്ള ചിന്തകളെങ്കിലും ഉണ്ടാവണം. ഭാവനാ സജ്ജമായ ഒരു നേതൃത്വത്തിന്റ അഭാവമാണ് അവിടെ കാണാന്‍ കഴിഞ്ഞത്.

നമ്മള്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയണം എന്നു പറയുകയും നമ്മളെന്തെങ്കിലും പറഞ്ഞാല്‍ അതു ചോദ്യം ചെയ്യുന്നവരായും ഉറക്കെ സംസാരിക്കുന്നവരായും ഒക്കെ മാറ്റപ്പെടുന്ന സ്ഥിതിയാണ്. അവര്‍ എന്താണോ പറയുന്നത് അതു മാത്രം നമ്മള്‍ കേള്‍ക്കുക, ചെയ്തുകൊണ്ടിരിക്കുക എന്ന ഒരു അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത്. 

എനിക്കു മാത്രമല്ല, എനിക്കു ശേഷം വന്ന എല്ലാവരും പലതരം ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. അവരാരും അതു പറയാത്തത് മറ്റു കാരണങ്ങള്‍ കൊണ്ടാണ്. എന്തെങ്കിലും ഒരു പ്രശ്‌നം ഉയര്‍ത്തിയാല്‍ ചിലപ്പോള്‍ പ്രൊഡക്ഷന്‍ നിര്‍ത്തിവെയ്ക്കും, അല്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ വൈകിപ്പിക്കും ഇതൊക്കെയാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. വളരെ സ്ത്രീ വിരുദ്ധതയാണ് ആ സ്ഥാപനത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇനിയൊരിക്കലും സിനിമയുടെ അടുത്തേക്ക് പോലും വരരുത് എന്ന തരത്തിലുള്ള നിര്‍ബ്ബന്ധ ബുദ്ധിയുള്ളതുപോലെയാണ് നമുക്ക് അനുഭവപ്പെടുന്നത്. 

പുതിയ പ്രൊജക്ടിന്റെ സമയത്ത് വ്യാപകമായ പരാതികള്‍ വന്നിരുന്നു. കമ്യൂണിക്കേഷന്‍ മീഡിയം ഇംഗ്ലീഷായി. പലര്‍ക്കും അതു ബുദ്ധിമുട്ടാണ്. സിനിമയുടെ ട്രീറ്റ്മെന്റ് എന്നത് അത്രയും കോംപ്ലിക്കേറ്റഡായ കാര്യമാണ്. പലപ്പോഴും നമ്മുടെ മാതൃഭാഷയില്‍ത്തന്നെ വിശദീകരിക്കാന്‍ പറ്റാത്ത ഒരു കാര്യം ഇംഗ്ലീഷില്‍ ചെയ്യണം എന്നു പറയുകയാണ്. ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യണം എന്നൊക്കെ പറയുമ്പോള്‍ എനിക്കു തോന്നുന്നത് നമുക്ക് ഇവിടെ മലയാളത്തില്‍ പ്രഗത്ഭരായ ആരും ഇല്ലേ. മികച്ച സാഹിത്യകാരന്മാരും സിനിമാക്കാരും കലാകാരന്മാരും ഉള്ള മലയാളത്തില്‍ എന്തിനാണ് പുറത്തുനിന്നുള്ള മെന്റേര്‍സിനെ കൊണ്ടുവരുന്നത്. ഈ വരുന്ന ആളുകളും ഇവിടെയുള്ള ആളുകളും തമ്മില്‍ ഈ പ്രൊസീജിയറില്‍ എന്താണ് കണക്ഷന്‍ എന്ന് എനിക്കു മനസ്സിലാവുന്നില്ല. 

ഇനി എന്താണ് റിലീസിങുമായി ബന്ധപ്പെട്ട് ചെയ്യാനുള്ളത്? 

ഇപ്പോഴത്തെ മന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. നടപടിയുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. ഇനി നാല് സിനിമകളാണ് ഈ പദ്ധതിയിലൂടെ വരാന്‍ പോകുന്നത്. സര്‍ക്കാറിന്റെ പദ്ധതി പ്രകാരം നിര്‍മ്മിച്ച സിനിമകളായതിനാല്‍ സര്‍ക്കാറിന്റെ ഫെസ്റ്റിവെലില്‍ ഈ സിനിമകള്‍ കാണിക്കാന്‍ ഒരു പ്ലാറ്റ്ഫോം ഒരുക്കാവുന്നതാണ്. ശാക്തീകരണം എന്നു നമ്മള്‍ ഉദ്ദേശിക്കുമ്പോള്‍ ഇത്തരം പ്ലാറ്റ്ഫോമുകളില്‍കൂടി അവസരം കൊടുക്കേണ്ടതാണ്. നിര്‍മ്മിച്ചാല്‍ മാത്രം മതി റിലീസ് ചെയ്യേണ്ടതില്ല, കാണേണ്ടതില്ല, ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ല എന്നൊക്കെ വിചാരിച്ചാല്‍ എങ്ങനെയാണ് ഫിലിം മേക്കര്‍ എന്ന നിലയില്‍ സ്ത്രീകളും എസ്.സി-എസ്.ടി. വിഭാഗങ്ങളും ഡവലപ് ചെയ്യുന്നത്.  ഒരു സെലക്ഷന്‍ പ്രൊസീജിയറിലൂടെ വരുന്ന സമയത്ത് എല്ലാ സിനിമകളും സെലക്ട് ചെയ്യപ്പെടണം എന്നില്ല. എപ്പോഴും ഒരു കോംപറ്റിറ്റീവ് മൈന്‍ഡില്‍ തന്നെ കാണേണ്ട കാര്യമില്ല. എല്ലാ സിനിമകള്‍ക്കും അവാര്‍ഡ് കിട്ടുക എന്നത് നടക്കുന്ന കാര്യമല്ല. അവാര്‍ഡ് കിട്ടിയത് മികച്ചത് എന്നും കിട്ടാത്തത് രണ്ടാംതരം എന്നും കാണേണ്ട കാര്യമില്ല.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com