ഈ മാധ്യമങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍...

ഇന്ത്യന്‍ മാധ്യമലോകത്തെ പ്രവണതകളെക്കുറിച്ച് ഒരു ചെറുവിചാരം
ഈ മാധ്യമങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍...

നിയമനിര്‍മ്മാണസഭകള്‍, ബ്യൂറോക്രസി, നീതിന്യായ സംവിധാനങ്ങള്‍, മാധ്യമങ്ങള്‍ എന്നിങ്ങനെ ജനാധിപത്യത്തിന്റെ നാലു തൂണുകളെക്കുറിച്ച് നാം നിര്‍ബാധം സംസാരിക്കാറുണ്ടല്ലോ. പക്ഷപാതരഹിതമായിരിക്കണം എന്നുള്ളതാണ് ഈ നാലു തൂണുകളേയും നിയന്ത്രിക്കുന്ന അലിഖിതമായ കല്പന. 

നിയമനിര്‍മ്മാണസഭകള്‍ പക്ഷപാതരഹിതമായാണ് ഭരണനിര്‍വ്വഹണം നടത്തുന്നതെങ്കിലും ഭരണപക്ഷം  പ്രതിപക്ഷം എന്നിങ്ങനെ രണ്ടു പക്ഷങ്ങള്‍ അവിടെ ദര്‍ശിക്കാന്‍ സാധിക്കും. അദൃശ്യമായ ഒരു ഇരുമ്പുമറയുടെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ ബ്യൂറോക്രസിയും നീതിന്യായവ്യവസ്ഥയും നിയമനിര്‍മ്മാണസഭകളെപ്പോലെ പൊതുബോധത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക് അത്രമേല്‍ വിധേയമല്ല. എന്നാല്‍, ഈ മൂന്നില്‍നിന്നും വ്യത്യസ്തമായി പൊതുജനങ്ങളോട് ദിനംപ്രതിയെന്നല്ല, നിമിഷംപ്രതി സംവദിക്കുന്നവരാണ് നാലാം തൂണായ  മാധ്യമങ്ങള്‍. അതുകൊണ്ടുതന്നെ ജനാധിപത്യ വളര്‍ച്ചയുടെ ചാലകശക്തിയാകാന്‍ ഏറ്റവും സാധ്യതയുള്ളതും മാധ്യമങ്ങള്‍ക്കാണ്. അതു മാത്രമല്ല, മറ്റു മൂന്നു സംവിധാനങ്ങളിലും ഉണ്ടായ കാലാനുസൃത മാറ്റങ്ങളെക്കാള്‍ വൈവിധ്യപൂര്‍ണ്ണവും സാങ്കേതികത്തികവുള്ളതുമായ മാറ്റങ്ങള്‍ക്കു വിധേയമായതും ഒരുപക്ഷേ, മാധ്യമങ്ങള്‍ തന്നെയായിരിക്കും. 

എന്നാല്‍, ഈ വളര്‍ച്ചകളെല്ലാം ഗുണപരമാണോ എന്ന ചോദ്യം സമൂഹത്തിന്റെ പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. ഈ ചോദ്യങ്ങളുമായി നടക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ മൂന്നു വ്യത്യസ്ത മേഖലകളിലും അച്ചടിവാര്‍ത്താധിഷ്ഠിത ദൃശ്യമാധ്യമ നവമാധ്യമ മേഖലകളില്‍ പ്രശംസനീയമായ സംഭാവനകള്‍ നല്‍കിയ മൂന്നുപേര്‍ മൂന്നു വ്യത്യസ്ത രൂപങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വായിക്കാനിടയായത്. 

സമീപകാലത്തുവരെ ദേശീയതലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വാരികയായിരുന്ന ഔട്ട്‌ലുക്കിന്റെ മുന്‍ ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് റൂബെന്‍ ബാനര്‍ജി എഴുതിയ 'മിസ്സിങ് എഡിറ്റര്‍' എന്ന പുസ്തകമാണ് ആദ്യത്തേത്. കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തനരീതിയെ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടി.വി. എഡിറ്റര്‍ എം.വി. നികേഷ് കുമാര്‍ തന്റെ നവമാധ്യമ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണ് അതില്‍ രണ്ടാമത്തേത്. 

ഫെയ്‌സ്ബുക്കിന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചംവീശിയ 'ദി കാരവന്‍' മാസികയിലെ റിപ്പോര്‍ട്ടുകളും അതില്‍ത്തന്നെ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ഇരട്ടത്താപ്പിന്റെ മുഖം അനാവരണം ചെയ്യുന്ന ഫെയ്‌സ്ബുക്കിന്റെ ഡാറ്റ സയന്റിസ്റ്റായിരുന്ന സോഫി ഴാങ് നടത്തിയ വെളിപ്പെടുത്തലുകളുമാണ് ഈ കുറിപ്പിന് ആധാരമായ മൂന്നാമത്തെ കാരണം. 

എം.വി. നികേഷ് കുമാര്‍ അക്കമിട്ടു നിരത്തിയ ഓരോ കാര്യങ്ങളും ശരിയാണെന്ന് തെളിയിക്കുന്നതാണ് എഡിറ്റര്‍ മിസ്സിംഗ് എന്ന 237 പേജുള്ള പുസ്തകം. ഇന്ത്യന്‍ മാധ്യമലോകം പക്ഷപാതരഹിതമായ നിലപാടുകളില്‍നിന്നും പക്ഷം മാത്രം പിടിക്കുന്ന നിലപാടുകളിലേക്ക് എങ്ങനെ മാറിയെന്നുള്ളതിന്റെ വസ്തുനിഷ്ഠമായ വിവരണമാണ് ആ പുസ്തകം. 2018ല്‍ ഔട്ട്‌ലുക്കില്‍ ജോലിയാരംഭിച്ചതു മുതല്‍ 2021ല്‍ അവിടെനിന്നും തീര്‍ത്തും ആചാരരഹിതമായി പുറത്താക്കപ്പെടുന്നതു വരെയുള്ള കാലത്ത് ഇന്ത്യയില്‍ നടന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളിലും മാധ്യമങ്ങള്‍ ഇടപെട്ടതെങ്ങനെയെന്ന ചിത്രവും അദ്ദേഹം ഇതിലൂടെ വരച്ചുകാട്ടുന്നുണ്ട്. ഒരുപക്ഷേ, കോവിഡിന്റെ രണ്ടാംഘട്ടം ഇന്ത്യയില്‍ ആഞ്ഞുവീശിയപ്പോള്‍ ഔട്ട്‌ലുക്ക് മാഗസിന്‍ 2021 മേയ് മാസത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പുറത്തിറക്കിയ ലക്കവും അതിന്റെ ശ്രദ്ധേയമായ പുറംചട്ടയുമാണ് അദ്ദേഹത്തിന്റെ ഔട്ട്‌ലുക്കില്‍ നിന്നുള്ള വിടവാങ്ങലിലേക്കു നയിച്ചത്. ആ പുറംചട്ട ഇപ്രകാരമായിരുന്നു: 

MISSING 
Name- Government of India.
Age- 7 years 
Inform- Citizens of India. 

ഈ ലക്കം അദ്ദേഹത്തിന് പൂച്ചെണ്ടുകളെക്കാള്‍ കല്ലേറുകളാണ് നേടിക്കൊടുത്തത്. അതുമൂലം സി.ഇ.ഒയുടേയും പ്രൊമോട്ടര്‍മാരുടേയും കടുത്ത അപ്രീതിക്കു പാത്രമാവുകയും തുടര്‍ന്നുണ്ടായ വാക്‌പോരുകള്‍ക്കവസാനം സെപ്റ്റംബര്‍ മാസത്തില്‍ അദ്ദേഹത്തിന് ഓഫീസില്‍നിന്നും പടിയിറങ്ങേണ്ടിവരികയും ചെയ്തു. 

വാണിജ്യവല്‍ക്കരിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തനം

ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും അവസാന അദ്ധ്യായങ്ങള്‍ പ്രത്യേകിച്ചും ഇന്ത്യന്‍ മാധ്യമലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴം വരച്ചുകാട്ടുന്നു.
 
ഇന്ത്യന്‍ അച്ചടിമാധ്യമങ്ങള്‍ക്ക് ഒരു വലിയ ചരിത്രമാണുള്ളത്. സ്വാതന്ത്ര്യസമരകാലത്ത് മാധ്യമമേഖലയില്‍ കൊളോണിയല്‍ ശബ്ദങ്ങള്‍ മാത്രം മുഴങ്ങിക്കേട്ടിരുന്നപ്പോള്‍ ഇന്ത്യന്‍ ജനതയുടെ ശബ്ദമാകാന്‍ വേണ്ടിയാണ് 'ദ ഹിന്ദു' എന്ന പത്രം സ്ഥാപിതമാകുന്നത്. ഇതേ ആശയത്തോടെ തന്നെയാണ് ഘനശ്യാം ദാസ് ബിര്‍ള 'ഹിന്ദുസ്ഥാന്‍ ടൈംസ്' മേടിക്കുന്നതും. മാധ്യമപ്രവര്‍ത്തനത്തോടുള്ള ഭ്രാന്തമായ അഭിനിവേശം കൊണ്ടാണത്രെ രാംനാഥ് ഗോയങ്ക 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രം തുടങ്ങുന്നത്. പഞ്ചാബില്‍ ഇപ്പോഴും നല്ല പ്രചാരമുള്ള 'ദി ട്രിബ്യൂന്‍', ഒരുകാലത്ത് ബംഗാളികളുടെ ആവേശവുമായിരുന്ന, ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ 'അമൃത് ബസാര്‍ പത്രിക'യുടേയും സ്ഥാപിത ലക്ഷ്യം ഇതുതന്നെയായിരുന്നു. എന്നാല്‍, ഇന്ന് ഇന്ത്യന്‍ അച്ചടിമാധ്യമങ്ങളെ നിയന്ത്രിക്കുന്നത് മൂല്യവത്തായ അത്തരം ലക്ഷ്യങ്ങളല്ലായെന്നും മറിച്ച് കോര്‍പ്പറേറ്റ് താല്പര്യങ്ങളും നഗ്‌നമായ പക്ഷം പിടിക്കലുകളുമാണെന്നും റുബെന്‍ ബാനര്‍ജി അനേകം ദൃഷ്ടാന്തങ്ങളിലൂടെ ഈ പുസ്തകത്തില്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്. ഈ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ  ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നല്ല മാധ്യമപ്രവര്‍ത്തനത്തോട് കൂറ് പുലര്‍ത്തുക എന്നതല്ല, മറിച്ച് യജമാനനോട് കൂറുപുലര്‍ത്തി തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രമായിരിക്കുന്നു. 

അതിനുദാഹരണമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഇപ്പോഴത്തെ ഉടമസ്ഥയായ ശോഭന ഭര്‍ട്ടിയയുടെ അനേകം ബിസിനസ് സംരംഭങ്ങളില്‍ ഒന്നുമാത്രമാണ് ഈ പത്രം. ശോഭനയുടെ ഭര്‍ത്താവായ എസ്.എസ്. ഭര്‍ട്ടിയയും അനേകം ബിസിനസുകള്‍ ഉള്ള ഒരാളാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് കുടുംബങ്ങളുടേയും ബിര്‍ളമാരുടേയും ഭര്‍ട്ടിയമാരുടേയും ബിസിനസ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് ബാധ്യതയുള്ളതായി അദ്ദേഹം പറയുന്നു. അദ്ദേഹം ജോലിചെയ്തിരുന്ന ഔട്ട്‌ലുക്കിന്റെ ഉടമസ്ഥരായ റാഹേജമാര്‍ക്കും മാധ്യമപ്രവര്‍ത്തനം മാത്രമായിരുന്നില്ല ബിസിനസ് താല്പര്യങ്ങള്‍. പുസ്തകത്തിന്റെ രണ്ടാമത്തെ അദ്ധ്യായത്തിന്റെ പേര് തന്നെ 50 Crores Versus 50000 Crores എന്നാണ്. കൂടുതല്‍ മൂല്യമുള്ള മറ്റു ബിസിനസ് താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് മുതലാളിമാര്‍ തീര്‍ച്ചയായും ശ്രമിക്കുക. ബലികൊടുക്കുക മൂല്യം കുറഞ്ഞ മാധ്യമത്തിന്റെ താല്പര്യങ്ങളും. 

പത്രസ്ഥാപനങ്ങള്‍ക്ക് വരിക്കാരുടെ എണ്ണം കൊണ്ട് മാത്രം ലാഭം നേടാന്‍ സാധിക്കില്ല എന്നത് ഒരു വസ്തുതയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്‍ സംരക്ഷിക്കുകയും മാധ്യമപ്രവര്‍ത്തനത്തെ കുരുതികൊടുക്കുകയും ചെയ്യുന്നതാണ് ഏറ്റവും ലളിതമായ പോംവഴി. നല്ല മാധ്യമപ്രവര്‍ത്തനമല്ല പ്രഥമ ലക്ഷ്യം, മറിച്ച് കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ലാഭത്തില്‍ ആക്കുക എന്നതുതന്നെയാണ്. പത്രപ്രവര്‍ത്തനം ഈ മുതലാളിമാര്‍ക്ക് ഭരണകൂടത്തോട് അടുക്കാനുള്ള ഒരു എളുപ്പവഴി മാത്രമാണ്. 

എംവി നികേഷ് കുമാർ
എംവി നികേഷ് കുമാർ

അതുപോലെതന്നെ പത്രപ്രവര്‍ത്തന രീതിയിലുണ്ടായ മാറ്റങ്ങളും അദ്ദേഹം എടുത്തു പറയുന്നുണ്ട്. നേരത്തെ ഒരു നിശ്ചിത ശമ്പളം നല്‍കി രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള സ്ട്രിങ്കേഴ്‌സില്‍ നിന്നായിരുന്നു വാര്‍ത്ത ശേഖരിച്ചുകൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സ്രോതസ്സുകളില്‍ (Sources) നിന്നാണ്. അവരുടെ ജോലി വാര്‍ത്തകള്‍ കണ്ടെത്തുക എന്നതു മാത്രമല്ല, മറിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ പരസ്യങ്ങള്‍ നേടിയെടുക്കുകയെന്നത് കൂടിയാണ്. ഇത് ഇവര്‍ തമ്മിലുള്ള കിടമത്സരങ്ങളിലേക്ക് നയിക്കാറുമുണ്ട്. 

മാധ്യമങ്ങളുടെ തനതു സ്വഭാവം തന്നെ നിലനില്‍ക്കുന്ന വ്യവസ്ഥയ്‌ക്കെതിരെ സംസാരിക്കുക എന്നതായിരിക്കെ വ്യവസ്ഥകളോടുള്ള പ്രതിരോധരഹിതമായ കീഴടങ്ങല്‍ എങ്ങനെ മാധ്യമപ്രവര്‍ത്തനമാകും?
 
സാമ്പത്തിക പരാധീനത മൂലം പല മാധ്യമങ്ങളും അടച്ചുപൂട്ടുകയും ജോലിചെയ്യുന്നവര്‍ക്ക് വേതനം സമയാസമയം കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കുവേണ്ടിയുള്ള കിടമത്സരം വളരെ ശക്തവുമാണ്. സാമ്പത്തിക ബുദ്ധിമുട്ട് ഔട്ട്‌ലുക്കിനെ ഉലച്ചിരുന്ന കാലത്ത് യു.പി. മുഖ്യമന്ത്രിയെ കണ്ട് ഒരു മാസം 70 ലക്ഷം രൂപയുടെ പരസ്യം സംഘടിപ്പിച്ച സംഭവം അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പ്രത്യുപകാരമായി മുഖ്യമന്ത്രി ഔട്ട് ലുക്ക് ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളില്‍ പലതവണ മുഖചിത്രമായി വരികയും ചെയ്തു. 

ഒറീസ മുഖ്യമന്ത്രിയായിരുന്ന നവീന്‍ പട്‌നായിക്കിനെക്കുറിച്ച് പുസ്തകമെഴുതിയ വ്യക്തിയാണ് റൂബെന്‍ ബാനര്‍ജി. അദ്ദേഹം ഔട്ട്‌ലുക്ക് എഡിറ്ററായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പുതന്നെ ഔട്ട്‌ലുക്ക് 2017ല്‍ നവീന്‍ പട്‌നായിക്കിനെ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. നവീന്‍ പട്‌നായിക്കുമായുള്ള അടുത്ത ബന്ധം മൂലം താനായിരിക്കും ഇതിനു പിന്നില്‍ എന്ന് തെറ്റിദ്ധരിച്ച് ഒറീസ മുഖ്യമന്ത്രിപദം കാംക്ഷിച്ചിരുന്ന ഒരു കേന്ദ്രമന്ത്രി സ്വന്തം  മന്ത്രാലയത്തിന്റെ പരസ്യങ്ങള്‍ നിഷേധിച്ചതും റൂബെന്‍ പ്രതിപാദിക്കുന്നുണ്ട്. 

ചെറുതും വലുതുമായ എഡിറ്റോറിയല്‍ തീരുമാനങ്ങള്‍ മാറ്റിമറിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ശ്രമിക്കുന്ന കാഴ്ചകളും ഈ പുസ്തകത്തില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. 

അച്ചടിമാധ്യമങ്ങള്‍ക്ക് നഷ്ടസാധ്യതകള്‍ കൂടുതലുള്ള ഈ കാലഘട്ടത്തില്‍ അവയില്‍ പലതും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന് സാധ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക ലാഭത്തോടൊപ്പം ടി.ആര്‍.പിയുമാണ് അവിടെ നയിക്കുന്നത്. ഉദാഹരണത്തിന് പല പരസ്യസ്ഥാപനങ്ങളും ഇപ്പോള്‍ കൂടുതല്‍ തുക ചെലവഴിക്കുന്നത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലാണ്. 2022 അവസാനത്തോടുകൂടി പരസ്യവ്യവസായം ഏകദേശം 70,000 കോടി രൂപയുടെ മൂല്യമുള്ളതാകുമ്പോള്‍ അതില്‍ ഏകദേശം 24000 കോടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമായി ചെലവഴിക്കപ്പെടുമെന്നാണ് കരുതുന്നത്. അതില്‍ത്തന്നെ നല്ലൊരു ശതമാനവും നവമാധ്യമ ഭീമന്‍മാരായ ഗൂഗിളും ഫേസ്ബുക്കും തട്ടിയെടുക്കുകയും ചെയ്യുന്നു. പിന്നെ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്താനായി കാഴ്ചക്കാരെ ആകര്‍ഷിക്കുക മാത്രമാണ് ഈ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കു മുന്‍പിലുള്ള പോംവഴി. അതിനുവേണ്ടത് പക്ഷപാതരഹിതമായ നല്ല മാധ്യമപ്രവര്‍ത്തനമല്ല. മറിച്ച് വൈകാരികത ഉണര്‍ത്തുന്ന വാര്‍ത്തകളാണ്. കാരണം, ഇത്തരം വാര്‍ത്തകള്‍ക്ക് നല്ല പ്രചാരം കിട്ടുകയും കൂടുതല്‍ പരസ്യം ലഭിക്കുകയും വ്യാജ ആഖ്യാനം ചമയ്ക്കുന്നവര്‍ക്ക്  സന്തോഷിക്കാന്‍ അവസരം ലഭിക്കുകയും ചെയുന്നു. ഇങ്ങനെ നമ്മുടെ അച്ചടിദൃശ്യ മാധ്യമങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടും ആശാസകരമല്ലാത്ത പ്രവണതകള്‍ എണ്ണമിട്ട് വിവരിക്കുകയാണ് ഈ പുസ്തകം. 

ശോഭന ഭർട്ടിയ
ശോഭന ഭർട്ടിയ

കേരളത്തിലെ വാര്‍ത്താധിഷ്ഠിത ദൃശ്യമാധ്യമ ചരിത്രത്തിലെ പ്രധാനികളില്‍ ഒരാളായ എം.വി. നികേഷ് കുമാറിന്റെ നവമാധ്യമ കുറിപ്പിലെ ഓരോ വരികളും ശരിയായിരുന്നുവെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ചും കേരളത്തിന്റെ സാഹചര്യത്തില്‍. 

എന്നാല്‍, മുന്‍പ് കരുതിയിരുന്നതിനെക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ് നവമാധ്യമങ്ങളുടെ ഇരട്ടത്താപ്പ്. ഇതിന്റെ തെളിവുകളും പുറത്തുവരുന്നുണ്ട്. സി.എ.എ സമരകാലത്തും ഡല്‍ഹി, ബംഗാള്‍ തെരഞ്ഞെടുപ്പുകളുടെ കാലത്തും ഫെയ്‌സ്ബുക്ക് സ്വീകരിച്ച ജനാധിപത്യവിരുദ്ധ നിലപാടുകള്‍ ദി കാരവന്‍ മാഗസിന്‍ പുറത്തുകൊണ്ടുവന്നിരുന്നു. ആ ലക്കത്തില്‍ത്തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്കിലെ മുന്‍ ഡാറ്റ സയന്റിസ്റ്റ് ആയിരുന്ന സോഫി ഴാങ്ങിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പുലര്‍ത്തേണ്ട ചില നിയമങ്ങളും ചട്ടങ്ങളും ചില രാഷ്ട്രീയ അധികാരികള്‍ക്കുവേണ്ടി അട്ടിമറിച്ചതിന്റെ തെളിവുകള്‍ 2020ല്‍ തന്നെ അവര്‍ പുറത്തുവിട്ടിരുന്നു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ വെളിപ്പെടുത്തലുകളുടെ പ്രസക്തി ഏറെയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആധികാരികത ഇല്ലാത്ത അക്കൗണ്ടുകള്‍ (inauthentic accounts) അഥവാ ബോട്ടുകളുടെ (bots) നെറ്റ്‌വര്‍ക്കുകള്‍ തന്നെ ഉണ്ടാക്കി ലൈക്കുകളും ഷെയറുകളും എങ്ങനെ നേടുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു രാഷ്ട്രീയ റാലിയില്‍ പതിനായിരം ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ പതിനായിരം ആളുകളെ അണിചേര്‍ക്കുകതന്നെ വേണം. പക്ഷേ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പതിനായിരം ആളുകളെ അണിനിരത്താന്‍ ഇത്തരം വിരലിലെണ്ണാവുന്ന ബോട്ടുകളുടെ നെറ്റ്‌വര്‍ക്ക്‌കൊണ്ട് സാധിക്കും. ഇത് ജനാധിപത്യപ്രക്രിയയില്‍ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കും. ഇവ വഴി വ്യാജ വാര്‍ത്തകള്‍ക്ക് സത്യത്തിന്റെ ആവരണം ലഭിക്കുകയും ചെയ്യും. ചില ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരത്തിലുള്ള അഞ്ചു ബോട്ട് നെറ്റ്‌വര്‍ക്കുകളെക്കുറിച്ച് ഴാങ് ഫെയ്‌സ്ബുക്കിന് അറിയിപ്പ് കൊടുത്തിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്ക് വിവേചനപരമായാണ് ഇതില്‍ നടപടിയെടുത്തത്. നാലു ബോട്ട് നെറ്റ്‌വര്‍ക്കുകള്‍ക്ക് എതിരെ നടപടിയെടുത്തപ്പോള്‍ അഞ്ചാമത്തെ നെറ്റ്‌വര്‍ക്കിനെതിരെ യാതൊരു നടപടിയുമുണ്ടായില്ല. കാരണം ആ ബോട്ട്  നെറ്റ്‌വര്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുള്ള ഒരു എം.പിയുടേതായിരുന്നു. ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ ഫേസ്ബുക്ക് 64,000 ഡോളറിന്റെ വമ്പന്‍ വിടവാങ്ങല്‍ പദ്ധതിയാണത്രേ ഴാങ്ങിന് ഓഫര്‍ ചെയ്തത്. ഫെയ്‌സ്ബുക്കിന് ഇത്തരം ബോട്ടുകളെ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയമങ്ങള്‍ ഉള്ളപ്പോഴാണ് ഈ വിവേചനം. ഇക്കാര്യം ഇന്ത്യന്‍ പാര്‍ലമെന്ററി ഐ.ടി സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ബോധിപ്പിക്കാന്‍ പല പ്രാവശ്യം അപേക്ഷ നല്‍കിയിരുന്നെങ്കിലും ഈ മാസം അതും നിരസിക്കപ്പെട്ടു. ഒരു വിദേശിക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് കമ്മിറ്റിയില്‍ ബോധിപ്പിക്കാന്‍ തക്കവിധം ഗൗരവം ഇക്കാര്യത്തിലില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിക്കപ്പെട്ടത്. പക്ഷേ, പല വിദേശികളും ഇതിനു മുന്‍പും പാര്‍ലമെന്ററി കമ്മിറ്റികളില്‍ ഹാജരായിട്ടുണ്ട് എന്നതാണ് വസ്തുത. എന്തിനധികം, ഫേസ്ബുക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സെനറ്റ് കമ്മിറ്റിയുടെ മുന്‍പില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ തന്നെ ഹാജരായിട്ടുള്ളതാണ്. 

അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും പക്ഷം പിടിക്കുന്നതിനേക്കാള്‍ ഗൗരവമാണ് ഫെയ്‌സ്ബുക്കിന്റെ ഈ പക്ഷം പിടിക്കല്‍. കാരണം, ഇപ്പോള്‍ തന്നെ ഏകദേശം 400 ദശലക്ഷം ഇന്ത്യക്കാര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. 2040 ആകുമ്പോഴേക്കും ഏകദേശം 970 ദശലക്ഷം ആയിത്തീരും ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ഉപയോക്താക്കള്‍ എന്നാണ് കണക്കുകള്‍ പ്രവചിക്കുന്നത്. അപ്പോള്‍ ഊഹിക്കാമല്ലോ ഈ നിഷ്പക്ഷമല്ലാത്ത നിലപാട് ഉണ്ടാക്കാവുന്ന ജനാധിപത്യ ധ്വംസനം? എല്ലാ മാധ്യമങ്ങളും പക്ഷം പിടിക്കുന്നവരായി മാറി എന്നര്‍ത്ഥമില്ല. പക്ഷേ, പക്ഷം പിടിക്കുന്നവരുടെ എണ്ണം ഭയാനകമായി കൂടിവരുന്നു. നിഷ്പക്ഷരാവട്ടെ, വരിക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. 

ജനങ്ങള്‍ക്കു മുന്‍പില്‍ ഒരു പരിധിവരെയെങ്കിലും തുറന്നുതന്നെ ഇരിക്കുന്ന ഈ നാലാംതൂണിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഇരുമ്പുമറയ്ക്കുള്ളിലുള്ള ജുഡീഷ്യറിയുടേയും ബ്യൂറോക്രസിയുടേയും അവസ്ഥ ആശങ്കയോടെ ഊഹിക്കാന്‍ മാത്രമേ തരമുള്ളൂ.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com