ഒരിക്കല്‍ക്കൂടി കേരളത്തില്‍ വരണമെന്ന് പീറ്റര്‍ ബ്രൂക്ക് ആഗ്രഹിച്ചിരുന്നു...

അടുത്തിടെ വിടപറഞ്ഞ പ്രശസ്ത ബ്രിട്ടീഷ് നാടക സംവിധായകന്‍ പീറ്റര്‍ ബ്രൂക്കിനെക്കുറിച്ച്
ഒരിക്കല്‍ക്കൂടി കേരളത്തില്‍ വരണമെന്ന് പീറ്റര്‍ ബ്രൂക്ക് ആഗ്രഹിച്ചിരുന്നു...

പീറ്റര്‍ ബ്രൂക്ക് (1925-2022)

ത്രപ്രവര്‍ത്തനത്തിന്റെ പ്രാലേയപ്പുലരിയിലാണ് ഞാന്‍ പീറ്റര്‍ സ്റ്റീഫന്‍ പോള്‍ ബ്രൂക്ക് എന്ന പീറ്റര്‍ ബ്രൂക്കിനെ കണ്ടുമുട്ടുന്നത്. വിശ്വവിഖ്യാതമായ 'മഹാഭാരതം' നാടകത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം അന്ന്. കണ്ണൂരില്‍ ബീച്ചിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ചോയിസ് റിസോര്‍ട്ടില്‍ അദ്ദേഹം വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ 'മലയാള മനോരമ'യുടെ കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്ററായിരുന്ന അബു സാറാണ് അഭിമുഖം നടത്താന്‍ എന്നെ നിയോഗിച്ചത്. കൂടെ ഫോട്ടോഗ്രാഫര്‍ ടി. നാരായണനും ഉണ്ടായിരുന്നു. 1985 ഫെബ്രുവരി ഒന്നിനായിരുന്നു ഞാനും ടി. നാരായണനും കൂടി കോഴിക്കോട്ടുനിന്നും കണ്ണൂരിലെത്തിയത്. തീവണ്ടി കയറി അവിടെ എത്തിയപ്പോള്‍ ഉച്ചയായി. അഭിമുഖം നടത്താന്‍ മുന്‍കൂര്‍ അനുമതിയൊന്നുമില്ലായിരുന്നു. അതു മാത്രമല്ല, അദ്ദേഹത്തെപ്പറ്റിയുള്ള അറിവും പരിമിതമായിരുന്നു!

പീറ്റര്‍ ബ്രൂക്കിന്റെ ബയോഡാറ്റയൊന്നും തപ്പിയെടുക്കാന്‍ അന്ന് ഇന്റര്‍നെറ്റൊന്നുമില്ല. ഓഫീസ് ലൈബ്രറിയിലെ ഫയല്‍ തപ്പിയപ്പോഴും ഒന്നും കിട്ടിയില്ല. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു നാടകസംവിധായകനെപ്പറ്റി ഒരു പശ്ചാത്തലവും മനസ്സിലാക്കാതെ എങ്ങനെ എഴുതുമെന്നും അദ്ദേഹത്തോട് എന്താണ് ചോദിക്കേണ്ടതെന്നുമുള്ള ആശങ്ക എനിക്കുണ്ടായിരുന്നു. ഇരുപതാം വയസ്സില്‍ ഷേക്‌സ്പിയറിന്റെ 'കിങ് ജോണ്‍' നാടകം (1945) ബര്‍മ്മിംഗ്ഹാം റിപ്പര്‍ട്ടറി തിയേറ്ററിനുവേണ്ടി സംവിധാനം ചെയ്തുകൊണ്ട് കലാരംഗത്തു പ്രവേശിച്ച പീറ്റര്‍ ബ്രൂക്കിനെപ്പറ്റി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അറിവുള്ളതായിരുന്നു. Jean Coctean-വിന്റെ The Infernal Machine 1945ലും Jean Paul Satrre-യുടെ Vicious Circle 1946ലും Jean Paul Satrre-യുടെ The Respectable Prostitude, Men Without Shadows എന്നിവ 1947ലും സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം യൗവ്വനത്തില്‍ തന്നെ തന്റെ പ്രതിഭയുടെ ആഴം വെളുപ്പെടുത്തി. 1948ലും 1949ലും ലണ്ടനിലെ റോയല്‍ ഓപ്പറ ഹൗസില്‍ ഒട്ടേറെ നാടകങ്ങളും ഓപ്പറകളും സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ ഒന്നായ Richard Straussന്റെ Salome ഓപ്പറയുടെ സെറ്റ് ഡിസൈന്‍ ചെയ്തതു വിശ്രുത കലാകാരനായിരുന്ന സാല്‍വദോര്‍ ദാലിയായിരുന്നു. തുടര്‍ന്ന് ഷേക്‌സ്പിയര്‍ നാടകങ്ങളുടെ പരമ്പര തന്നെ സംവിധാനം ചെയ്തു. ഒപ്പം സമകാലിക നാടകങ്ങളും അദ്ദേഹം അവതരിപ്പിച്ചു. 

പീറ്റര്‍ ബ്രൂക്കിന്റെ നാടകങ്ങള്‍

ആദ്യകാലത്ത് പീറ്റര്‍ ബ്രൂക്കിന്റെ യശസ്സ് ഉയര്‍ത്തിയ നാടകങ്ങള്‍ Measure for Measure (1950), The Winters Tale (1951), Titus Andronicus (1955), Hamlet (1955), The Tempest (1957), King Lear (1962) എന്നിവയായിരുന്നു. തുടര്‍ന്നാണ് പീറ്റര്‍ ബ്രൂക്കിന്റെ നാടകസിദ്ധാന്തങ്ങള്‍ക്കും അരങ്ങ് വേദിയാകുന്നത്. Antonin Artaudന്റെ ഫ്രെഞ്ച് നാടകപരീക്ഷണമായ 'Thetare of Cruetly-യുടെ ചുവടുപിടിച്ച് പീറ്റര്‍ ബ്രൂക്ക് 'Thetare of Provocation' എന്ന നാടക പരീക്ഷണത്തിനു തുടക്കമിട്ടു. ഫ്രെഞ്ച് കവിയും നടനും സൈദ്ധാന്തികനുമായ Antonin Artand തന്റെ നാടകപരീക്ഷണത്തില്‍ ഭാഷയ്ക്കും ശബ്ദത്തിനും ചലനത്തിനും അംഗവിക്ഷേപങ്ങള്‍ക്കും മറ്റുമാണ് Thetare of Cruetly-യില്‍ വേദനയും ദുരിതവും കഷ്ടപ്പാടുമൊക്കെ പ്രേക്ഷകര്‍ക്കു സംവേദനം ചെയ്യാന്‍ ആക്കം നല്‍കിയതെങ്കില്‍ പീറ്റര്‍ ബ്രൂക്ക് Thetare of Provocation-ല്‍ പ്രേക്ഷകരേയും അവതാരകരെപ്പോലെ നാടകത്തിന്റെ മുഖ്യപങ്കാളികളാക്കി. ഭൂദോദയപരീക്ഷണങ്ങള്‍, കാഴ്ചപ്പാടുകളുടേയും നിലപാടുകളുടേയും അന്വേഷണങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളുടെ കണ്ടെത്തല്‍, വൈകാരിക പ്രതികരണങ്ങളുടെ വിലയിരുത്തല്‍ എന്നിങ്ങനെ വേദിയിലും സദസ്സിലുമുള്ള സംഘര്‍ഷങ്ങളെ അദ്ദേഹം തുടര്‍ന്നുള്ള നാടകപരീക്ഷണത്തില്‍ സമന്വയിപ്പിച്ചു. 
തുടര്‍ന്ന് പീറ്റര്‍ ബ്രൂക്ക് തന്റെ പരീക്ഷണ നാടകങ്ങള്‍ ഫ്രെഞ്ചിലാണ് അവതരിപ്പിച്ചത്. Jean Genet-ന്റെ The Balcony (1960), The Screens (1964), Peter Weiss-sâ Marat/Sade (1964) തുടങ്ങിയ നാടകങ്ങള്‍ അദ്ദേഹത്തെ നാടകരംഗത്ത് അതിപ്രശസ്തനാക്കി. ആളൊഴിഞ്ഞ ഫാക്ടറികളും കെട്ടിടങ്ങളും ക്വാറികളും തെരുവുകളും വേദിയാക്കിക്കൊണ്ട് നാടകാവതരണത്തിലെ പരമ്പരാഗത ശൈലികളെ പീറ്റര്‍ ബ്രൂക്ക് ചോദ്യം ചെയ്തു. 1963ല്‍ പീറ്റര്‍ ബ്രൂക്ക് സംവിധാനം ചെയ്ത Lord of the files എന്ന സിനിമ ലോകശ്രദ്ധ പിടിച്ചുപറ്റി. 1968ല്‍ അദ്ദേഹം 'ഈഡിപ്പസ്' നാടകം സംവിധാനം ചെയ്തു. തന്റെ നാടകസിദ്ധാന്തങ്ങള്‍ 'The Emtpy Space' എന്ന പേരില്‍ തുടര്‍ന്ന് പ്രസിദ്ധപ്പെടുത്തി. സംവിധായകനാണ് നാടകത്തിന്റെ ക്രിയാത്മകശക്തിയെന്ന ആശയം ഈ പുസ്തകത്തില്‍ പീറ്റര്‍ ബ്രൂക്ക് അവതരിപ്പിച്ചു. 

'The Lord of the flies' (1963) കൂടാതെ King Lear (1971), Meetings with Remarkable men (1979), Swan in Love (1984) എന്നീ സിനിമകളും പീറ്റര്‍ ബ്രൂക്ക് സംവിധാനം ചെയ്തു. നാടകകലയെ സംബന്ധിച്ച് ശ്രദ്ധേയമായ രണ്ടു പുസ്തകങ്ങള്‍ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. The Shifting Point: Fotry Years of Thetarical Exploration (1987), The open Door (1993) എന്നിവയാണത്. അദ്ദേഹത്തിന്റെ ആത്മകഥയായ 'Threads of Time' 1998-ല്‍ പുറത്തിറങ്ങി. ഷേക്‌സ്പിയറിന്റെ ഹാംലെറ്റ് 2002ല്‍ ബി.ബി.സിക്കുവേണ്ടി അദ്ദേഹം തയ്യാറാക്കി. 2022 ജൂലൈ രണ്ടിന് പാരീസില്‍ അന്തരിക്കുന്നതിനു മുന്‍പ് അദ്ദേഹം എഴുതി സംവിധാനം ചെയ്ത നാടകമാണ് 'why?' 2019-ല്‍ അവതരിപ്പിച്ച ഈ നാടകത്തിന്റെ പ്രമേയം നാടകത്തിന്റെ ആവശ്യകതയും ലക്ഷ്യവും എന്താണെന്നു വ്യക്തമാക്കുന്നു. ഷേക്‌സ്പിയറുടെ നാടകങ്ങള്‍ മാത്രമല്ല, ടി.എസ്. എലിയറ്റ്, ടെന്നസി വില്യംസ്, ആര്‍തര്‍ മില്ലര്‍ എന്നിവരുടെ നാടകങ്ങളും പീറ്റര്‍ ബ്രൂക്ക് സംവിധാനം ചെയ്തിട്ടുണ്ട്. യഹൂദ കുടിയേറ്റക്കാരായ റഷ്യന്‍ ദമ്പതികളുടെ പുത്രനായി ഇംഗ്ലണ്ടിലെ ചിസ്‌വിക്കില്‍ 1925 മാര്‍ച്ച് 21ന് ജനിച്ച പീറ്റര്‍ ബ്രൂക്ക് 1945ല്‍ ബര്‍മ്മിംഗ് ഹാം റിപ്പര്‍ട്ടറി തിയേറ്ററില്‍ കലാപ്രവര്‍ത്തനം തുടങ്ങിയശേഷം 1947ല്‍ റോയല്‍ ഓപ്പറാ ഹൗസില്‍ എത്തി. അവിടെനിന്നാണ് 1962ല്‍ അദ്ദേഹം ലണ്ടനില്‍ റോയല്‍ ഷേക്‌സ്പിയര്‍ കമ്പനിയില്‍ കലാസപര്യ തുടങ്ങിയത്. അവിടെനിന്നാണ് 1970ല്‍ പാരീസിലേക്ക് നീങ്ങിയത്. നാടകകലയെ നവീകരിക്കാന്‍ വേണ്ടി പാരീസില്‍ 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് തിയേറ്റര്‍ റിസര്‍ച്ച് ആരംഭിച്ചു. നാടകകലയില്‍ ഇന്റര്‍ കള്‍ച്ചറല്‍, ഇന്റര്‍ ഡിസിപ്ലിനറി ഭാഷ ഉപയോഗിക്കത്തക്ക രീതിയില്‍ പുതിയ പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തിയത് പാരീസിലാണ്. Peter Handke-യുടെ Kasar (1972), Timon of Athens (1974), Ubu with Bouffes (1977), Alfred Jarry-യുടെ King ubu, ഷേക്‌സ്പിയറുടെ Antony and Cleoptara (1978) തുടങ്ങിയ നാടകങ്ങള്‍ അതിനു ചില ഉദാഹരണങ്ങളാണ്. ഇപ്രകാരം നാടകകലയെ ഇന്റര്‍ ഡിസിപ്ലിനറി, ഇന്റര്‍കള്‍ച്ചറല്‍ കലയായി രൂപാന്തരപ്പെടുത്താനുള്ള യത്‌നത്തിനിടയിലാണ് പീറ്റര്‍ ബ്രൂക്ക് 1985ല്‍ കേരളത്തില്‍ എത്തിയത്.
 
'മഹാഭാരതം' നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് ഭാരതത്തിന്റെ മണ്ണിലൂടെ സഞ്ചരിച്ച് 'മഹാഭാരത'ത്തിന്റെ ആത്മാവിനെ കണ്ടെത്താനാണ് പീറ്റര്‍ ബ്രൂക്കും സംഘവും എത്തിയതെന്ന് ഓര്‍ക്കുമ്പോള്‍ നാടകകലയെ ഇന്റര്‍ ഡിസിപ്ലിനറി, ഇന്റര്‍ കള്‍ച്ചറല്‍ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്യമം എത്ര ഉദാത്തമായിരുന്നു എന്നു പറയാതെ വയ്യ. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് 1976ല്‍ ആരംഭിച്ച 'മഹാഭാരത'ത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളുടെ പര്യവസാനം കൂടിയായിരുന്നു പീറ്റര്‍ ബ്രൂക്കിന്റെ 1985ലെ കേരള പര്യടനം. 'മഹാഭാരത'ത്തെ ഒന്‍പതു മണിക്കൂര്‍ നാടകമാക്കി ആദ്യമായിട്ടാണ് ഒരു പാശ്ചാത്യ തിയേറ്റര്‍ അവതരിപ്പിക്കുന്നത്. പീറ്റര്‍ ബ്രൂക്കിനെ കാണാനെത്തിയപ്പോള്‍ തനിക്കൊപ്പം വിവിധ വേഷക്കാരും ഭാഷക്കാരും ഇരിക്കുന്നതു കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നിയെന്നു കരുതിയിട്ടാവാം അദ്ദേഹം പറഞ്ഞു: 'ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരും ഉണ്ട്. നിങ്ങളുടെ നാട്ടുകാരന്‍ വി.എം. കരുണാകരന്‍ നായരും 'മഹാഭാരത'ത്തിന്റെ ഭാഗമാണ്!'

മഹാഭാരതത്തിന്റെ ടെക്‌നിക്കല്‍ അഡ്വൈസര്‍ കോട്ടയം സ്വദേശിയായ വി.എം. കരുണാകരന്‍ നായരെ പീറ്റര്‍ ബ്രൂക്ക് എനിക്ക് പരിചയപ്പെടുത്തിത്തന്നു. അദ്ദേഹത്തിന്റെ ഭാര്യ നീനയേയും ഞാന്‍ കണ്ടു. ബ്രിട്ടീഷുകാരിയായ നീനയായിരുന്നു 'മഹാഭാരത'ത്തിന്റെ സഹസംവിധായിക. 'മഹാഭാരത'ത്തില്‍ ദ്രൗപതിയുടെ വേഷമണിഞ്ഞ ഇന്ത്യാക്കാരി പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും അന്ന് കണ്ണൂരില്‍ ഉണ്ടായിരുന്നു. 'മഹാഭാരതം' ടീമിന്റെ ഭാഗമല്ലെങ്കിലും ഡോ. വി.കെ. നാരായണമേനോന്റെ ഉപദേശം നാടകാവതരണത്തില്‍ തനിക്കു വലിയ അനുഗ്രഹമായിരുന്നെന്ന് പീറ്റര്‍ ബ്രൂക്ക് പറഞ്ഞു. ഇന്ത്യാക്കാരായ പൂപ്പുല്‍ ജയ്ക്കര്‍, കപില  വാല്‍സായനന്‍ എന്നിവരും നാടകാവതരണത്തില്‍ സഹായിച്ചിട്ടുണ്ടെന്നും എല്‍. സുബ്രഹ്മണ്യം, കോമള്‍ കോത്താരി എന്നിവര്‍ സംഗീതത്തില്‍ നല്‍കിയ വിലപ്പെട്ട ഉപദേശങ്ങള്‍ തനിക്ക് ബലം പകര്‍ന്നെന്നും വെളിപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല. 

പീറ്റർ ബ്രൂക്ക് സംവിധാനം ചെയ്ത മഹാഭാരതം നാടകം
പീറ്റർ ബ്രൂക്ക് സംവിധാനം ചെയ്ത മഹാഭാരതം നാടകം

മഹാഭാരതം നാടകം

'മഹാഭാരത'ത്തെപ്പറ്റി നൂറിലധികം പുസ്തകങ്ങളും വ്യാഖ്യാനങ്ങളും വായിച്ചിട്ടുള്ള പീറ്റര്‍ ബ്രൂക്കിനോട് 'മഹാഭാരതം' നാടകത്തെപ്പറ്റി സംസാരിക്കാന്‍ പെട്ടെന്ന് എനിക്കു തുണയായത് എന്റെ ശേഖരത്തിലുണ്ടായിരുന്ന 'മാതൃഭൂമി ബുക്‌സ്' പ്രസിദ്ധീകരിച്ച 'കുട്ടികളുടെ മഹാഭാരതം' മാത്രമായിരുന്നു. കോഴിക്കോടു നിന്നുള്ള യാത്രക്കിടയില്‍ ഞാനത് ഒരാവര്‍ത്തി കൂടി വായിച്ചു. 'മഹാഭാരതം' നാടകാവതരണത്തെപ്പറ്റി സംസാരിച്ചു തുടങ്ങിയപ്പോള്‍ പീറ്റര്‍ ബ്രൂക്കിനെ എന്റെ ഒരു ചെറിയ ചോദ്യം ആകര്‍ഷിച്ചെന്നു തോന്നി! അങ്ങനെ ഞാന്‍ പീറ്റര്‍ ബ്രൂക്കുമായി പൊരുത്തപ്പെട്ടു. 

'മഹാഭാരത'ത്തില്‍ ഏതു കഥാപാത്രമാണ് നാടകീയ മുഹൂര്‍ത്തത്തില്‍ അങ്ങയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് എന്നായിരുന്നു എന്റെ ചോദ്യം. 

മഹാഭാരതത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടുവന്നത് അര്‍ജുനന്‍ ആണെന്നായിരുന്നു പീറ്റര്‍ ബ്രൂക്കിന്റെ മറുപടി. നാടകീയ മുഹൂര്‍ത്തത്തിന്റെ പരമകോടിയില്‍ നില്‍ക്കുന്ന കഥാപാത്രമാണ് അര്‍ജുനന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. 

ഷേക്‌സ്പിയറിന്റെ 'കിങ് ലിയര്‍' നാടകത്തിലെ ലിയര്‍ രാജാവിനേയും ക്രിസ്റ്റഫര്‍ മാര്‍ലോയുടെ ഫൗസ്റ്റസ് നാടകത്തിലെ ഫൗസ്റ്റിനേയും പീറ്റര്‍ ബ്രൂക്ക് വേദിയില്‍ അവതരിപ്പിച്ചിട്ടുള്ളതാണ്. 'എന്നാല്‍, ലിയര്‍ രാജാവിനേയും ഫൗസ്റ്റസിനേയും വെല്ലുന്ന കഥാപാത്രമാണ് അര്‍ജുനന്‍. എന്തൊരു നാടകീയ സംഘര്‍ഷമാണ് മഹാഭാരതത്തിലെ അര്‍ജുനന്‍ യുദ്ധഭൂമിയില്‍ നേരിടുന്നത്. കൗരവസേനയില്‍ ബന്ധുമിത്രാദികളും ഇഷ്ടജനങ്ങളും അണിനിരന്നിരിക്കുന്നു. കുരുക്ഷേത്രത്തില്‍ പൊട്ടിത്തെറിക്കുന്ന ഹൃദയവുമായി നില്‍ക്കുന്ന ഈ അര്‍ജുനനെ എങ്ങനെ നാടകത്തില്‍ അവതരിപ്പിക്കുമെന്നായിരുന്നു ഞാനാദ്യം ചിന്തിച്ചത്. സുന്ദരമായ നാടകീയ മുഹൂര്‍ത്തം' എന്നായിരുന്നു തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെപ്പറ്റി പീറ്റര്‍ ബ്രൂക്ക് എന്നോടു വര്‍ണ്ണിച്ചത്. ഇക്കാര്യങ്ങളെല്ലാം കുറിച്ചെടുത്ത് ഞാന്‍ എഴുതിയ സംഭാഷണം ഒന്നാം പേജില്‍ അച്ചടിച്ചു വന്നപ്പോഴാണ് പീറ്റര്‍ ബ്രൂക്കിന്റെ മഹത്വം എനിക്കു തന്നെ ബോധ്യപ്പെട്ടത്!

പുതിയ നൂറ്റാണ്ടിലെ ലോകത്തിനുവേണ്ടിയാണ് താന്‍ 'മഹാഭാരതം' അണിയിച്ചൊരുക്കുന്നതെന്ന് സൂചിപ്പിച്ച പീറ്റര്‍ ബ്രൂക്ക് പറഞ്ഞത്, മഹാഭാരതം ഇന്ത്യയുടെ മാത്രം ഇതിഹാസമല്ലെന്നാണ്. 
'മഹാഭാരതത്തില്‍ ഒരു ലോകസംസ്‌കാരമുണ്ട്. അതു ലോകം കാണണം. ലോകജനത അതു തിരിച്ചറിയണം'  അദ്ദേഹം വ്യക്തമാക്കി. 

വിയറ്റ്‌നാം യുദ്ധവേളയിലാണ് 'മഹാഭാരതം' പോലൊരു നാടകം ലോകത്തിനു കാണിച്ചുകൊടുക്കണമെന്ന ആശയം പീറ്റര്‍ ബ്രൂക്കിന്റെ ചിന്തയില്‍ വന്നത്. 'മഹാഭാരതത്തെപ്പറ്റി ഇത്രയും കാലം ഭാരതീയര്‍ മാത്രമെ മനസ്സിലാക്കിയുള്ളു. യൂറോപ്യന്‍ ജനത കൂടി ഇതു മനസ്സിലാക്കണം. നാടകമാണ് അതിനു പറ്റിയ ഉപാധി. കലിയുഗം തീരും മുന്‍പ് ലോകം മുഴുവന്‍ മഹാഭാരതത്തിന്റെ സന്ദേശം പരക്കണം' പീറ്റര്‍ ബ്രൂക്ക് തന്റെ ആശയം ഇപ്രകാരമാണ് വിശദീകരിച്ചത്. 

'മഹാഭാരതം' നാടകം ആദ്യം ഫ്രെഞ്ചിലാണ് പീറ്റര്‍ ബ്രൂക്ക് അവതരിപ്പിച്ചത്. അതിനുശേഷം ഇംഗ്ലീഷിലും മറ്റു ചില ഭാഷകളിലും നാടകം അവതരിപ്പിച്ചു. 1988ല്‍ ടെലിവിഷന്‍ പരമ്പരയായും ഇതു പ്രേക്ഷകരുടെ മുന്‍പിലെത്തിച്ചു. തൊണ്ണൂറ്റിയേഴാം വയസ്സില്‍ അന്തരിക്കുന്നതിനു മുന്‍പ് പീറ്റര്‍ ബ്രൂക്ക് മഹാഭാരതത്തിന്റെ സന്ദേശവുമായി ലോകത്തിലെ നൂറിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയെല്ലാം ഈ നാടകം അവതരിപ്പിച്ചു. 1989ല്‍ 'മഹാഭാരതം' സിനിമയും പീറ്റര്‍ ബ്രൂക്ക് സംവിധാനം ചെയ്തു. നാടകത്തിന്റെ സമയം സിനിമയില്‍ അഞ്ചുമണിക്കൂറായി അദ്ദേഹം ചുരുക്കി. 'മഹാഭാരത'ത്തിന്റെ യശ്ശസ് ലോകം മുഴുവന്‍ പരത്തിയ പീറ്റര്‍ ബ്രൂക്കിനെ നമ്മുടെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 

കണ്ണൂരില്‍ വച്ച് ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യ നടാഷാ പാരിയേയും കണ്ടിരുന്നു. 1951ലായിരുന്നു അവരുടെ വിവാഹം. 2015ലാണ് നടാഷാ അന്തരിച്ചത്. ഈ ദമ്പതികളുടെ പുത്രന്മാരായ ഇറീനയും സൈമണും നാടകസംവിധായകരായി രംഗത്തുണ്ട്. 2012ല്‍ പുത്രന്‍ സൈമണ്‍ ബ്രൂക്ക് സംവിധാനം ചെയ്ത 'The Tight Rope' എന്ന സിനിമ പീറ്റര്‍ ബ്രൂക്കിന്റെ പരീക്ഷണത്തിന്റെ ഒരു തുടര്‍ച്ചയായിരുന്നു. ക്യാമറ മറച്ചുവച്ചുകൊണ്ട് ഷൂട്ടിംഗ് നടത്തിയ ഒരു സിനിമയായിരുന്നു അത്. ചിത്രീകരിക്കുമ്പോള്‍ ക്യാമറയുടെ മുന്‍പില്‍ അഭിനയിക്കുന്നതുപോലെ തോന്നാതിരിക്കാനുള്ള ഒരു പരീക്ഷണമായിരുന്നു അത്. 

ഒരിക്കല്‍ക്കൂടി കേരളത്തില്‍ വരണമെന്ന് പീറ്റര്‍ ബ്രൂക്ക് ആഗ്രഹിച്ചിരുന്നു. അതു നടക്കാതെ പോയി. പില്‍ക്കാലത്ത് പീറ്റര്‍ ബ്രൂക്കിന്റെ ഇമെയില്‍ വിലാസം തപ്പിയെടുത്ത് പഴയ പരിചയം പുതുക്കിയപ്പോള്‍ കേരളത്തില്‍ വരുന്ന കാര്യം ഞാന്‍ വീണ്ടും സൂചിപ്പിച്ചിരുന്നു. ഉഡുപ്പിയില്‍ പോയി ശിവരാമ കാറന്തിനെ ഒരിക്കല്‍ക്കൂടി കാണണമെന്ന് പീറ്റര്‍ ബ്രൂക്ക് ആഗ്രഹിച്ചിരുന്നു. 1985ല്‍ കണ്ണൂരില്‍ വരുന്നതിനു മുന്‍പ് പാരീസില്‍നിന്ന് മുംബൈ വഴി ഉഡുപ്പിയില്‍ പോയി ആദ്യം ശിവരാമ കാറന്തിനെ അദ്ദേഹം കണ്ടിരുന്നു. ശിവരാമ കാറന്തിനെപ്പോലെ കലയും സാഹിത്യവും സമന്വയിപ്പിച്ച വേറെ ഒരു മനുഷ്യനെ കണ്ടിട്ടില്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. കാറന്ത് നിര്‍ദ്ദേശിച്ച പ്രകാരമാണ് അവിടെ 'യക്ഷഗാനം' കണ്ടിട്ട് കേരളത്തിലെ തെയ്യവും തിറയും കാണാന്‍ പീറ്റര്‍ ബ്രൂക്ക് കണ്ണൂരില്‍ വന്നത്. കണ്ണൂരില്‍നിന്നു പീറ്റര്‍ ബ്രൂക്ക് കലാമണ്ഡലത്തിലേക്കു കഥകളി കാണാന്‍ പോയപ്പോള്‍ എന്നെയും കൂട്ടത്തില്‍ കൂട്ടിയ കാര്യം മനസ്സിലെ ഒരു അപൂര്‍വ്വ ആഹ്ലാദമായി നിലനില്‍ക്കുന്നു! പീറ്റര്‍ ബ്രൂക്കും സംഘവും അന്ന് പറശ്ശിനിക്കടവിലാണ് തെയ്യം കാണാന്‍ പോയത്. 

ജീവിതത്തില്‍ ആദ്യമായി തെയ്യം കാണാന്‍ എനിക്കു വഴിയൊരുക്കിയത് പീറ്റര്‍ ബ്രൂക്കാണെന്ന് അല്പം നാണക്കേടോടുകൂടി ഇത്തരുണത്തില്‍ ഞാനോര്‍ക്കുന്നു!

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com