സ്ത്രീ വിവേചന വിഷയത്തില്‍ താലിബാനും സമസ്ത പോലുള്ള സംഘടനകളും തമ്മില്‍ വല്ല ഭിന്നതയുമുണ്ടോ? 

മേയ് എഴിന് അങ്ങ് അഫ്ഗാനിസ്താനിലും ഇങ്ങ് കേരളത്തിലും നടന്ന രണ്ടു സംഭവങ്ങള്‍ നോക്കുക
സ്ത്രീ വിവേചന വിഷയത്തില്‍ താലിബാനും സമസ്ത പോലുള്ള സംഘടനകളും തമ്മില്‍ വല്ല ഭിന്നതയുമുണ്ടോ? 

മേയ് എഴിന് അങ്ങ് അഫ്ഗാനിസ്താനിലും ഇങ്ങ് കേരളത്തിലും നടന്ന രണ്ടു സംഭവങ്ങള്‍ നോക്കുക. രണ്ടും തമ്മില്‍ സമാനതകളുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 15-ന് അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ മാസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അവിടെ സ്ത്രീകളുടെ വസ്ത്രധാരണരീതിയില്‍ കടുത്ത ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് അഫ്ഗാന്‍ സംഭവം. ആ രാജ്യത്തിന്റെ പരമോന്നത നേതാവും താലിബാന്റെ മേധാവിയുമായ ഹിബത്തുല്ല അഖുന്‍ദ്‌സാദ മേയ് എഴിന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സ്ത്രീകള്‍ ഇനിമുതല്‍ കണ്ണൊഴികെ ശരീരമാസകലം മൂടുന്ന ചടാരി അഥവാ ബുര്‍ഖ ധരിച്ചു മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

കേരളത്തില്‍ മലപ്പുറം ജില്ലയിലെ പാതിരമണ്ണില്‍ മേയ് എഴിന് ഒരു മദ്രസയുടെ ചടങ്ങില്‍ നടന്ന ഒരു പുരസ്‌കാര സ്വീകരണത്തിന് ഒരു പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിന് ഒരു മതസംഘടനാ നേതാവിന്റെ നാവില്‍നിന്നു നിര്‍ഗളിച്ച ശകാരമാണ് ഇവിടെ പൊതുസമൂഹത്തെ ഞെട്ടിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാക്കളില്‍ ഒരാളായ എം.ടി. അബ്ദുല്ല മുസ്ല്യാര്‍ക്കാണ് 15 വയസ്സുകാരിയെ വേദിയില്‍ കണ്ടപ്പോള്‍ കലി വന്നത്. മുതിര്‍ന്ന പെണ്‍മക്കളെ പൊതുവേദിയില്‍ കൊണ്ടുവരുന്നത് ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു മുസ്ല്യാരുടെ വിധിന്യായം.

വര്‍ത്തമാനകാല അഫ്ഗാനിസ്താനും കേരളവും തമ്മില്‍ ഒരു കാര്യത്തില്‍ വ്യത്യാസമുണ്ട്. അഫ്ഗാനിസ്താനില്‍ ഭരണചക്രം തിരിക്കുന്നത് താലിബാന്‍ എന്ന തീവ്ര ഇസ്ലാമിക ഫാഷിസ്റ്റ് സംഘടനയാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ ഇസ്ലാമികമെന്ന് കരുതുന്ന ഏതു കാര്യവും (അതെത്ര പ്രാകൃതമായാല്‍ പോലും) ദേശതലത്തില്‍ ഔദ്യോഗികമായി നടപ്പില്‍ വരുത്താന്‍ അവര്‍ക്ക് സാധിക്കും. ഇവിടെ കേരളത്തില്‍ ഭരണം നടത്തുന്നത് സമസ്തപോലുള്ള ഇസ്ലാമിക സംഘടനകള്‍ അല്ലാത്തതിനാല്‍ തങ്ങളുടെ മതശാസനങ്ങള്‍ പൊതുസമൂഹത്തില്‍ അടിച്ചേല്പിക്കാന്‍ മുസ്ല്യാര്‍ക്ക് കഴിയില്ല.

ഭരണതലത്തിലെ ഈ വ്യത്യസ്തത മാറ്റിനിര്‍ത്തിയാല്‍ സ്ത്രീവിവേചന വിഷയത്തില്‍ താലിബാനും സമസ്തപോലുള്ള സംഘടനകളും തമ്മില്‍ വല്ല ഭിന്നതയുമുണ്ടോ? വാക്കുകള്‍ മാറ്റി ചോദിക്കയാണെങ്കില്‍, താലിബാനിസ്റ്റ് ഇസ്ലാമും സമസ്തയുടെ ഇസ്ലാമും തമ്മില്‍ കാര്യമായ അന്തരമുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് കടക്കുംമുന്‍പ് ലിംഗസമത്വ വിഷയത്തില്‍ മൂന്നു വ്യത്യസ്ത നിലപാടുകള്‍ അനുവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ആഗോളതലത്തില്‍ മുസ്ലിം സമൂഹത്തിലുണ്ടെന്ന വസ്തുത നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ മൂന്നു വിഭാഗങ്ങള്‍ മൂന്നുതരം ഇസ്ലാമാണ് പിന്തുടരുന്നത്. ഒന്ന് അതിപുരുഷ ഇസ്ലാമാണെങ്കില്‍ രണ്ടാമത്തേത് പുരുഷ ഇസ്ലാമാണ്. ലിബറല്‍ ഇസ്ലാമാണ് മൂന്നാമത്തേത്. അതിപുരുഷ ഇസ്ലാമിന്റെ ഒന്നാന്തരം മാതൃകയത്രേ അഫ്ഗാനിസ്താനിലെ താലിബാനിസ്റ്റ് ഇസ്ലാം. സ്ത്രീപുരുഷ സമത്വം എന്ന ആശയം ഒരളവിലും അവര്‍ അംഗീകരിക്കുന്നില്ല. പുരുഷനെന്ത് പറയുന്നോ അതനുസരിച്ച് സ്ത്രീകള്‍ നടക്കുക എന്നതാണ് അവരുടെ ദൃഷ്ടിയില്‍ ഇസ്ലാം. അതിനാല്‍ ഖുര്‍ആനേയും നബി വചനങ്ങളേയും ശരീഅത്തിനേയും സന്ദര്‍ഭനിരപേക്ഷമായി കൂട്ടുപിടിക്കുന്നു. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ സര്‍വ്വ സ്വാതന്ത്ര്യങ്ങള്‍ക്കും അതിപുരുഷ ഇസ്ലാം വാദികള്‍ കൂച്ചുവിലങ്ങിടുന്നു.

പുരുഷ ഇസ്ലാം ആണധികാരക്കോട്ട

മുകളില്‍ പരാമര്‍ശിച്ചതും അഫ്ഗാനിസ്താനില്‍ താലിബാന്‍ തലവന്‍ നടപ്പില്‍ വരുത്തിയതുമായ പെണ്‍വസ്ത്ര നിയമത്തിന്റെ വിശദാംശങ്ങളിലേക്ക് കണ്ണയച്ചാല്‍ അതിപുരുഷ ഇസ്ലാമിന്റെ സ്ത്രീവിരുദ്ധത കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാനാവും. വീടിനു വെളിയില്‍ പ്രധാനപ്പെട്ട ജോലിയൊന്നും നിര്‍വ്വഹിക്കാനില്ലെങ്കില്‍ സ്ത്രീകളെ വീടകംവിട്ട് പുറത്തിറങ്ങേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. നിര്‍ദ്ദിഷ്ട വസ്ത്രനിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയും അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ വസ്ത്രനിയമം പാലിക്കുന്നില്ലെങ്കില്‍ അവര്‍ സര്‍വ്വീസില്‍നിന്നു പുറന്തള്ളപ്പെടും. സര്‍ക്കാര്‍ ജീവനക്കാരായ പുരുഷന്മാരുടെ ഭാര്യമാരോ പെണ്‍കുട്ടികളോ ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയാല്‍ പുരുഷന്മാര്‍ക്ക് ജോലി നഷ്ടപ്പെടും എന്ന വ്യവസ്ഥയും ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. (See the Hindu, 08052022).

ഇനി പുരുഷ ഇസ്ലാമിലേക്ക് ചെല്ലാം. ആണ്‍മേധാവിത്വത്തിന്റെ ഉരുക്കുകോട്ടയാണ് അതിപുരുഷ ഇസ്ലാമെങ്കില്‍, ഇസ്ലാമിക ഭരണം നിലവിലില്ലാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം സംഘടനകളില്‍ മിക്കതും സ്ത്രീവിരുദ്ധതയില്‍ അതിപുരുഷ ഇസ്ലാമിന് ഒരല്പം താഴെ നില്‍ക്കുന്നു. പ്രസ്തുത മതസംഘടനകള്‍ ആണ്‍കോയ്മയുടെ വക്താക്കളായി നിലനില്‍ക്കേത്തന്നെ മുരത്ത സ്ത്രീവിരുദ്ധത ഇനിയുള്ള കാലം വിലപ്പോവില്ല എന്നു തിരിച്ചറിയാന്‍ തുടങ്ങിയവയത്രേ. അതേസമയം, വസ്ത്രവിഷയത്തില്‍ അതിപുരുഷ ഇസ്ലാമിന്റെ അതേ കാര്‍ക്കശ്യം അവര്‍ പ്രകടിപ്പിക്കുന്നില്ലെങ്കിലും ഹിജാബ് (ശിരോവസ്ത്രം) പോലുള്ള വിഷയങ്ങളില്‍ അവരും കടുംപിടിത്തക്കാരാണ്. ബഹുഭാര്യത്വം നിരോധിക്കണമെന്നോ സ്വത്തവകാശത്തില്‍ ആണ്‍-പെണ്‍ സമത്വം ഉറപ്പാക്കണമെന്നോ ഉള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ അതിപുരുഷ ഇസ്ലാം വാദികളെപ്പോലെ പുരുഷ ഇസ്ലാമിന്റെ വക്താക്കളും ശരീഅത്തിനെ കൂട്ടുപിടിക്കുകയും പ്രസ്തുത ആവശ്യങ്ങള്‍ക്കെതിരെ പൊരുതുകയും ചെയ്യുന്ന പതിവുമുണ്ട്. എന്നാല്‍, സ്ത്രീകളെ അടുക്കളയില്‍ തളച്ചിടണമെന്ന അറുപഴഞ്ചന്‍ നിലപാട് രണ്ടുമൂന്നു ദശകങ്ങളായി അവര്‍ സ്വീകരിക്കുന്നില്ല. അതിപുരുഷ ഇസ്ലാംവാദികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സമൂഹത്തില്‍ അതിദ്രുതം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീവിരുദ്ധതയില്‍ അല്പം അയവ് വരുത്താന്‍ അവരിപ്പോള്‍ സന്നദ്ധരാകുന്നുണ്ട്. പൊതുവേദികളില്‍ സ്ത്രീകള്‍ കടന്നുവരുന്നതിനോട് വലിയ എതിര്‍പ്പ് കുറച്ചുകാലമായി അവര്‍ പ്രകടിപ്പിക്കുന്നില്ല.

മൂന്നാംവിഭാഗമായ ലിബറല്‍ ഇസ്ലാം അതിപുരുഷ ഇസ്ലാമിന്റേയും പുരുഷ ഇസ്ലാമിന്റേയും വിമര്‍ശകപക്ഷത്ത് നില്‍ക്കുന്ന പ്രതിഭാസമാണ്. പൂര്‍വ്വകാല മതപണ്ഡിതരില്‍ പലരും ഇസ്ലാമിനു നല്‍കിയ പഴഞ്ചന്‍ വ്യാഖ്യാനങ്ങള്‍ തിരസ്‌കരിക്കപ്പെടണമെന്നു കരുതുന്നവരാണ് ലിബറല്‍ ഇസ്ലാമിന്റെ വക്താക്കള്‍. ഇസ്ലാം മതത്തേയും അതിന്റെ നിയമവ്യവസ്ഥയായ ശരീഅത്തിനേയും അംഗീകരിക്കുമ്പോള്‍ത്തന്നെ അവ രണ്ടും കാലദേശാനുസൃതമായും യുക്ത്യാധിഷ്ഠിതമായും വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മതത്തിന്റെ അക്ഷരാര്‍ത്ഥ വായന നടത്തിപ്പോരുന്ന ഇസ്ലാമിക പണ്ഡിതരേയും സംഘടനകളേയും തുറന്നു കാണിക്കുന്നതില്‍ തല്പരരാണ് ലിബറല്‍ മുസ്ലിങ്ങള്‍. ദൈവിക കല്പനകള്‍ എന്നോ ദൈവികേച്ഛ എന്നോ വ്യവഹരിക്കപ്പെടുന്ന എന്തും ആധുനിക വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ പുനര്‍ വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ടെന്ന് അവരാവശ്യപ്പെടുന്നു. ലിംഗസമത്വ നിഷേധപരവും മനുഷ്യാവകാശ ധ്വംസനപരവുമായ നിയമങ്ങള്‍ വല്ലതും ശരീഅത്തിലുണ്ടെങ്കില്‍ അവ കാലാനുസൃതം പരിഷ്‌കരിച്ചേ തീരൂ എന്നതത്രേ അവരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ആധുനിക ഇസ്ലാമിക ചിന്തകരും വ്യാഖ്യാതാക്കളുമായ ഹമീദ് ഇസാക്ക് (ദക്ഷിണാഫ്രിക്ക), അബ്ദോല്‍ കരീം സൊറൗഷ് (ഇറാന്‍), ഫസലുല്‍ റഹ്മാന്‍ (പാകിസ്താന്‍), ഖാലിദ് അബു അല്‍ ഫദ്ല്‍ (കുവൈത്ത്), ആമിന വദൂദ് (അമേരിക്ക), ഫാത്തിമ മെര്‍നിസി (മൊറോക്കോ), സിയാവുദ്ദീന്‍ സര്‍ദാര്‍ (ബ്രിട്ടന്‍), അസ്ഗര്‍ അലി എഞ്ചിനീയര്‍ (ഇന്ത്യ) തുടങ്ങിയവരുടെ ചിന്തകളിലേക്ക് മുസ്ലിങ്ങള്‍ കടന്നുവരേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഇസ്ലാമിന്റേയും അതിന്റെ വേദഗ്രന്ഥമായ ഖുര്‍ആന്റേയും ആധുനിക വ്യാഖ്യാനവും ആധുനിക ഗ്രഹണവും നിര്‍വ്വഹിക്കപ്പെടാത്തിടത്തോളം കാലം ലിംഗനീതിനിഷേധത്തിലും മനുഷ്യാവകാശ നിരാസത്തിലും ബഹുസ്വരതാ വിരുദ്ധതയിലും അധിഷ്ഠിതമായ മാനവിക മൂല്യധ്വംസനപരമായ ഇസ്ലാമാണ് വളരുക. അതിന്റെ വളര്‍ച്ച ഇസ്ലാമോഫോബിയയുടെ വളര്‍ച്ചയെ ത്വരിപ്പിക്കുമെന്ന് ലിബറല്‍ ഇസ്ലാമിന്റെ അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം ജില്ലയിലെ പാതിരമണ്ണില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയിലേക്ക് ക്ഷണിച്ച സംഘാടകരെ ശകാരിക്കുകയും അതുവഴി പെണ്‍സമൂഹത്തെയാകമാനം അവഹേളിക്കുകയും ചെയ്ത മുസ്ല്യാരോ അദ്ദേഹത്തിനു പിന്തുണയുമായി എത്തിയ സമസ്തയുടെ മറ്റു ഭാരവാഹികളോ ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ സംസ്ഥാന നേതാവോ ഫരീദ് ഇസാക്കിനേയോ ഫസലുല്‍ റഹ്മാനേയോ അബു അല്‍ ഫദ്ലിനേയോ സൊറൗഷിനേയോ ആമിന വദൂദിനേയോ മെര്‍നിസിയേയോ അസ്ഗര്‍ അലി എന്‍ജിനീയറേയോ സിയാവുദ്ദീന്‍ സര്‍ദാറേയോ ഒന്നും വായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മധ്യകാല യാഥാസ്ഥിതിക പണ്ഡിതര്‍ ഇസ്ലാമിനു നല്‍കിയതും കാലഹരണം വന്നതുമായ വ്യാഖ്യാനങ്ങളില്‍ അഭിരമിക്കുന്ന അവര്‍ മറ്റേത് മതത്തിന്റേയുമെന്നപോലെ ഇസ്ലാം മതത്തിന്റെ വ്യാഖ്യാനവും കാലപ്രവാഹത്തില്‍ പുതുക്കപ്പെടുക എന്ന ചരിത്രപ്രക്രിയയ്ക്ക് വിധേയമാകുമെന്നു തിരിച്ചറിയുന്നുമില്ല. അവരിപ്പോഴും താലിബാനിസ്റ്റുകളെപ്പോലെ അതിപുരുഷ ഇസ്ലാമാണ് ഒറിജിനല്‍ ഇസ്ലാം എന്ന അതിമൂഢ വിചാരത്തിന്റെ പ്രതിനിധാനങ്ങളായി തുടരുന്നു.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com