റഷ്യന്‍ ജീവിതത്തിലെ ഭൂത വര്‍ത്തമാനകാല ദൃശ്യങ്ങളും ഭാവി കാഴ്ചകളും

കിറിന്‍ സെറി ബ്രെനിക്കോവിന്റെ പെട്രോവ്‌സ് ഫഌ എന്ന ചലച്ചിത്രത്തെക്കുറിച്ച്. സംവിധായകനുമായുള്ള സംഭാഷണവും
റഷ്യന്‍ ജീവിതത്തിലെ ഭൂത വര്‍ത്തമാനകാല ദൃശ്യങ്ങളും ഭാവി കാഴ്ചകളും

പെട്രോവിനു ബാധിച്ച പനി മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. ആ പനിക്കിടയില്‍ അയാള്‍ കാണുന്ന കാഴ്ചകളില്‍ യാഥാര്‍ത്ഥ്യങ്ങളും ഫാന്റസിയും ഒന്നിച്ചുചേരുന്നു. അവയില്‍ റഷ്യന്‍ ജിവിതത്തിലെ ഭൂതവര്‍ത്തമാന കാലങ്ങളിലെ ദൃശ്യങ്ങളുണ്ട്. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാഴ്ചകളുണ്ട്.

1990കളുടെ അവസാനത്തിനും 2000ന്റെ ആദ്യവര്‍ഷങ്ങള്‍ക്കിടയിലുമായി റഷ്യയിലെ യെക്കാടെരിന്‍ബര്‍ഗ് (Yekaterinburg) നഗരത്തില്‍ സംഭവിക്കുന്ന റഷ്യന്‍ ചിത്രം 'പെട്രോ വ്‌സ് ഫ്‌ലൂ' സംവിധാനം ചെയ്തത് രാജ്യത്തെ മുന്‍നിര ചലച്ചിത്രകാരില്‍പ്പെടുന്ന കിറില്‍ സെറിബ്രെനിക്കോവ്(KirillSerebrennikov) ആണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം റഷ്യന്‍ സമൂഹത്തിലുണ്ടായ മാറ്റങ്ങളുടെ വിലയിരുത്തലെന്ന നിലയില്‍, ഗൗരവമായ രാഷ്ട്രീയമായ വിശകലനങ്ങളാവശ്യപ്പെടുന്ന ചിത്രമാണ് പെട്രോവ്‌സ് ഫ്‌ലൂ.

കേന്ദ്ര കഥാപാത്രമായ പെട്രോവിന്റെ ജിവിതത്തിന്റെ ആവിഷ്‌കാരമെന്നതിനപ്പുറം, ഗ്ലാസ് നോസ്റ്റ്‌പെരിസ്‌ട്രോയിക്ക കാലത്തും അതിനുശേഷവും റഷ്യന്‍ സമൂഹം നേരിട്ടതും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതുമായ ധാര്‍മ്മികവും നൈതികവുമായ തകര്‍ച്ച ചിത്രം ആവിഷ്‌കരിക്കുന്നു. റഷ്യയിലെ പൊതുജീവിതം അഭിമുഖീകരിക്കുന്ന അക്രമങ്ങളും അരാജകത്വവും ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം, ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക തുടങ്ങിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച ഗോര്‍ബെച്ചേവിനേയും ബോറിസ് യെല്‍ട്‌സിനടക്കമുള്ള ഭരണാധികാരികളേയും വിമര്‍ശനവിധേയരാക്കുന്നു.

സാമൂഹികവും രാഷ്ട്രീയവുമായ വിമര്‍ശനങ്ങള്‍ മുന്‍പോട്ട് വെച്ചുകൊണ്ട്, അധികാരവ്യവസ്ഥയെ പ്രതിരോധിക്കുന്ന സിനിമകള്‍ക്ക് റഷ്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ കൃത്യമായ സ്ഥാനമുണ്ട്. ഐസന്‍സ്റ്റീന്‍ മുതല്‍ ആന്ദ്രേ കൊഞ്ചലോവസ്‌കിവരെയുള്ള സംവിധായകരുടെ/സംവിധായികമാരുടെ ആ ദീര്‍ഘമായ പട്ടികയില്‍, ആധുനിക റഷ്യന്‍ സമൂഹത്തിലെ മാറ്റങ്ങള്‍ സിനിമകളിലൂടെ ശക്തമായി ആവിഷ്‌കരിക്കുന്ന കിറില്‍ സെറിബ്രെനിക്കോവുമുള്‍പ്പെടുന്നു. ആ സംവിധായകരില്‍ പലരേയുംപോലെ അദ്ദേഹവും റഷ്യന്‍ ഭരണകൂടത്തിന്റെ പീഡനങ്ങള്‍ക്കു വിധേയനായിട്ടുണ്ട്. 2012ല്‍ റഷ്യയിലെ പ്രസിദ്ധമായ ഗോഗോള്‍ തിയേറ്ററി(Gogol Thetare)ന്റ ഡയറക്ടര്‍ ആയി നിയമിതനായ കിറില്‍, ബാലെനാടക സംവിധായകനായാണ് കലാജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കാനാരംഭിച്ച അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ ഫിലിം അണ്‍ഡ്രസ്സ്ഡ് (Undressed) 1998ലാണ് പുറത്തുവരുന്നത്. 2016ല്‍ സംവിധാനം ചെയ്ത ദ സ്റ്റുഡന്റ് (The Student) ആണ് സെബ്രെനിക്കോവിന്റെ ചലച്ചിത്ര ജിവിതം മാറ്റിയെഴുതുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവല്‍ അടക്കം ലോകത്തിലെ പല പ്രമുഖ മേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടി. 2018ലെ ലെറ്റോ(Leto)വും സമാനമായ പ്രതികരണങ്ങളാണ് ലോകസിനിമാ രംഗത്തുണ്ടാക്കിയത്. അതിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് 'പെട്രോവ്‌സ് ഫ്‌ലൂ.'

കിറില്‍ സെറിബ്രെനിക്കോവ് 
കിറില്‍ സെറിബ്രെനിക്കോവ് 

17ാം നൂറ്റാണ്ടില്‍ റഷ്യ ഭരിച്ച പിറ്റര്‍ ചക്രവര്‍ത്തിയുടെ ഭാര്യയുടെ പേരിലുള്ള യെക്കാടെരിന്‍ബര്‍ഗ് നഗരം രാജ്യത്തിന്റെ മൂന്നാമത്തെ തലസ്ഥാനമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആ നഗരം പശ്ചാത്തലമാക്കുന്ന ചിത്രം, പെട്രോവിന്റെ, നഗരത്തിലുടെയുള്ള യഥാര്‍ത്ഥവും അല്ലാത്തതുമായ സഞ്ചാരങ്ങളാണ് ആവിഷ്‌കരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അലക്‌സി സാലിങ്കോവി(Alexy Salinkov)ന്റെ 2018ലെ നോവല്‍, The Pterovs: In and around the Flu ആണ് 'പെട്രോവ്‌സ് ഫ്‌ലൂ'വിന് അടിസ്ഥാനമാകുന്നത്. കേന്ദ്ര കഥാപാത്രമായ പെട്രോവിന്റെ ജീവിതം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതും മുന്‍പ് നേരിട്ടതും ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്നതുമായ അനുഭവങ്ങളുടെ സര്‍റിയല്‍ കാഴ്ചകളാണ്, നോവല്‍പോലെ ചിത്രവും ആവിഷ്‌കരിക്കുന്നത്. പെട്രോവ്, അയാളുടെ ഭാര്യ പെട്രോവ, മകന്‍ എന്നിവര്‍ക്കൊപ്പം അവരുടെ ജീവിതങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരും അല്ലാത്തവരും ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. വര്‍ത്തമാനവുമായി ഇഴപിരിക്കാനാകാത്തവിധം ചേര്‍ന്നുനില്‍ക്കുന്ന ഭൂതകാലജീവിതവും ഭാവിയില്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളും യാഥാര്‍ത്ഥ്യങ്ങളും സ്വപ്നങ്ങളും ഫാന്റസിയും സവിശേഷമായ രീതിയില്‍ ആവിഷ്‌കരിക്കുന്ന 'പെട്രോവ്‌സ് ഫ്‌ലൂ' അസാധാരണമായൊരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്കു നല്‍കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ, മെക്കാനിക്കും ചിത്രകാരനുമായ പെട്രോവ്, ഭാര്യയില്‍നിന്ന് പിരിഞ്ഞു ജീവിക്കുന്നു. വിട്ടുമാറാത്ത പനിയും ചുമയുമുണ്ടാക്കുന്ന വിഭ്രാന്തി, സ്വപ്നസമാനമായ ലോകത്ത് പെട്രോവിനെ എത്തിക്കുമ്പോള്‍, ചുറ്റുമുള്ള ദയാരഹിതമായ ലോകം അയാള്‍ക്കു മുന്‍പില്‍ തെളിഞ്ഞുവരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം റഷ്യയിലുണ്ടായ ധര്‍മ്മികമായ അധഃപതനമാണ് ആ ലോകം രേഖപ്പെടുത്തുന്നത്. അത്തരമൊരു ഇരുണ്ട കാഴ്ചയിലാണ് സെറിബ്രെനിക്കോവ് പെട്രോവ്‌സ് ഫ്‌ലൂ ആരംഭിക്കുന്നത്. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ഒരു ബസില്‍, സീറ്റ് കിട്ടാതെ, പനിച്ച് ചുമച്ചുകൊണ്ട് നില്‍ക്കുന്ന പെട്രോവ്. ജീവിതത്തില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട യാത്രക്കാരുടെ പേടിയും നിരാശയും നിഴലിക്കുന്ന മുഖങ്ങള്‍, പ്രശസ്ത നോര്‍വീജിയന്‍ ചിത്രകാരന്‍ എര്‍ഡ്വേഡ് മംഖി(Edward Munch)ന്റെ പെയ്ന്റിങ്ങുകള്‍ ഓര്‍മ്മിപ്പിക്കുന്നു. വൃദ്ധര്‍ക്കും രോഗികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും യാതൊരു പരിഗണനയും നല്‍കാത്ത, സ്‌നേഹവും കരുണയും വറ്റിപ്പോയ റഷ്യന്‍ സമൂഹത്തിന്റെ പ്രതീകമാവുന്നു ഈ ബസ് യാത്രികര്‍. യാത്രയ്ക്കിടയില്‍ ബസ് തടഞ്ഞ ഒരാള്‍, അതില്‍നിന്ന് ബലം പ്രയോഗിച്ചു പെട്രോവിനെ പുറത്തിറക്കുന്നു. ഒരു സംഘടനയുടെ ബാഡ്ജ് ധരിച്ച അയാള്‍, ഒന്നുമറിയാതെ അത്ഭുതപ്പെട്ടു നില്‍ക്കുന്ന പെട്രോവിന്റെ കയ്യില്‍ തോക്കു വെച്ചുകൊടുക്കുന്നു. വാഹനങ്ങളിലെത്തിച്ച്, റോഡില്‍ വരിയായി നിര്‍ത്തിയ സ്ത്രീകളടക്കമുള്ളവരെ ആയുധധാരികള്‍ നിഷ്‌കരുണം വെടിവെച്ചു കൊല്ലുന്നു. അതിനിടയില്‍ ഒരു സ്ത്രീ, തങ്ങള്‍ക്ക് പറയുവാനുള്ളത് കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും അതാരും കേട്ടതായി ഭാവിക്കുന്നില്ല. ഈ ദൃശ്യം കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുന്ന പെട്രോവ്, അതിനു ശേഷം, ഒന്നും സംഭവിക്കാത്തതുപോലെ തന്റെ ബസ് യാത്ര തുടരുന്നു. ഇങ്ങനെ ആരംഭിക്കുന്ന ചിത്രം, പെട്രോവിന്റെ ജീവിതത്തിലെ ഒരു ദിവസമാണ് ആവിഷ്‌കരിക്കുന്നതെങ്കിലും അയാളുടെ മാത്രമല്ല, റഷ്യന്‍ സമൂഹത്തിലെ തന്നെ ഭൂത ഭാവി ജീവിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ യാത്രയില്‍ സ്ഥലകാലങ്ങള്‍ ക്രമം തെറ്റുന്നു, യാഥാര്‍ത്ഥ്യങ്ങളും ഫാന്റസിയും ഇഴപിരിക്കാനാവാത്തവിധം ചേര്‍ന്നുനില്‍ക്കുന്നു. അതിക്രൂരമായ വയലന്‍സും സ്‌നേഹസാന്ത്വനങ്ങളുടെ ഊഷ്മളതയും ശാന്തമായ ഭുതകാലവും തെളിഞ്ഞുവരുന്നു. അവയ്ക്കിടയില്‍ പെട്രോവിന്റെ ബാല്യകൗമാര കാലങ്ങള്‍ കറുപ്പിലും വെളുപ്പിലുമായി പ്രത്യക്ഷപ്പെടുന്നു. പനിയുണ്ടാക്കുന്ന ഉന്മാദാവസ്ഥകളില്‍ പെട്രോവിന്റെ കാഴ്ചകള്‍ യുക്തിരഹിതങ്ങളാകുന്നു. സ്വപ്നങ്ങളുടേയും കാമനകളുടേയും ഭീതിയുടേയും സംഘര്‍ഷങ്ങളുടേയും സമ്പന്നവും യുക്തിരഹിതവുമായ ചലച്ചിത്രക്കാഴ്ചകള്‍ സൃഷ്ടിക്കാന്‍ വ്‌ലാഡീസ്ലാവ് ഒപിലാന്റ്‌സിന്റെ മികച്ച ഛായാഗ്രഹണം സെറിബ്രെനികോവിനു സഹായകരമാവുന്നു. യുക്തിരാഹിത്യവും ഫാന്റസിയുമാണ് ചിത്രത്തിന്റെ നരേറ്റീവ് രൂപപ്പെടുത്തുന്നതും അതുവഴി, ലോകം കണ്ട മികച്ച ചിത്രങ്ങളിലൊന്നായി പെട്രോവ്‌സ് ഫ്‌ലൂവിനെ മാറ്റുന്നതും. ദൃശ്യപരമായ സവിശേഷത രേഖപ്പെടുത്തുന്ന ചിത്രം, ഒരു സ്വപ്നത്തിന്റെ രൂപത്തിലാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ആ സ്വപ്നദൃശ്യങ്ങളില്‍നിന്ന്, തൊണ്ണൂറുകള്‍ക്കു ശേഷം റഷ്യന്‍ ജീവിതം നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതിയും അധാര്‍മ്മികതയും അവര്‍ കണ്ടെടുക്കുന്നു. നോവലിസ്റ്റും സംവിധായകനും ഒരേ രൂപത്തില്‍ ലക്ഷ്യമിടുന്ന ഈ തിരിച്ചറിവുകള്‍, ചിത്രത്തിനു ശക്തമായൊരു രാഷ്ട്രീയ മാനം നല്‍കുന്നു. പനിയുണ്ടാക്കുന്ന ഉന്മാദാവസ്ഥ വളരെ ക്രിയാത്മകമായി ഉപയോഗിക്കന്ന സെറിബ്രെനിക്കോവ്, തന്റെ മുന്‍ ചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയൊരു ദൃശ്യാവിഷ്‌കരണ രീതിയാണ് ചിത്രത്തിനായി തിരഞ്ഞെടുക്കുന്നത്.

സംഘര്‍ഷങ്ങള്‍ നിറഞ്ഞ ബസ് യാത്രയ്ക്കു ശേഷം, ഒരു ശവവാഹനത്തിലാണ് പെട്രോവ് തന്റെ യാത്ര തുടരുന്നത്. ഇത്തരം വാഹനങ്ങള്‍ അധികാരികള്‍ പരിശോധിക്കാറില്ലെന്ന സൗകര്യമാണ് അയാളുടെ സുഹൃത്ത് ഇഗറും മറ്റുള്ളവരും ഉപയോഗപ്പെടുത്തുന്നത്. യാത്രയ്ക്കിടയില്‍ താന്‍ ഭാര്യയില്‍നിന്നു വേര്‍പിരിഞ്ഞതായി പെട്രോവ് ഇഗറോട് വെളിപ്പെടുത്തുന്നു. ഇതിനു സമാന്തരമായി, പെട്രോവിന്റെ പത്‌നി പെട്രോവയുടെ ജീവിതവും ചിത്രം ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. അതില്‍, പെട്രോവ ജോലി ചെയ്യുന്ന ലൈബ്രറിയിലെ അസാധാരണ കാഴ്ചകളിലേക്ക് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നു. അവിടെ നടക്കുന്ന കവികളുടെ യോഗത്തില്‍, ദീര്‍ഘവും ഹ്രസ്വവുമായ കവിതകളെക്കുറിച്ചുള്ള തര്‍ക്കം ഒടുവില്‍ ചെന്നെത്തുന്നത്, കവയിത്രിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന കവിയുടെ കാഴ്ചയിലാണ്. ഇതു കാണുന്ന പെട്രോവ, അയാളെ അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കുന്നു. തുടര്‍ന്ന് പെട്രോവയും പെട്രോവും തമ്മില്‍, ലൈബ്രറിക്കകത്തു വെച്ച് നടക്കുന്ന വികാരതീവ്രവും ഹിംസാത്മകവുമായ ലൈംഗികവേഴ്ച ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു. താനും ഭര്‍ത്താവും ചേര്‍ന്നു കുട്ടികള്‍ക്കു ജന്മം നല്‍കിയ, ലൈബ്രറിയിലെ സോഫയെക്കുറിച്ചുള്ള ജോലിക്കാരിയുടെ പരാമര്‍ശം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. പെട്രോവയുടെ പ്രകൃതത്തില്‍ വരുന്ന മാറ്റം ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്. മകനെ അടുത്തുനിര്‍ത്തിക്കൊണ്ട് അടുക്കളയില്‍ ജോലി ചെയ്യുന്ന പെട്രോവ, കറിക്കത്തിയുപയോഗിച്ച് അവന്റെ കഴുത്ത് ഛേദിക്കുന്നതായി സ്വപ്നം കാണുന്നു. ഇഷ്ടമില്ലാത്തവരെ പിന്തുടര്‍ന്ന്, കയ്യിലെപ്പോഴും കരുതുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി അവരെ കൊല്ലുന്ന പെട്രോവയെ ചിത്രം ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. റഷ്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അക്രമവും ഹിംസയും ഇത്തരം ദൃശ്യങ്ങള്‍ വഴി പെട്രോ വ്‌സ് ഫ്‌ലൂ തീവ്രമായി ആവിഷ്‌കരിക്കുന്നു. ഞെട്ടിക്കുന്ന അക്രമങ്ങളും ക്രൂരതകളും തികച്ചും സ്വാഭാവിക കാഴ്ചകളായി സ്വീകരിക്കുന്ന റഷ്യന്‍ സമൂഹത്തിന്റെ നിസ്സംഗതയുടെ ആവിഷ്‌കാരങ്ങള്‍ ചിത്രം പല ഘട്ടങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്.

'പെട്രോ വ്‌സ് ഫ്‌ലൂ'
'പെട്രോ വ്‌സ് ഫ്‌ലൂ'

താനെഴുതിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിഷേധിക്കപ്പെടുന്നതോടെ, ആത്മഹത്യയിലേക്ക് നീങ്ങുന്ന, പെട്രോ വിന്റെ സുഹൃത്ത് സെര്‍ഗിയുടെ ദുരന്തം ചിത്രമാവിഷ്‌കരിക്കുന്ന വികാരതീവ്രമായ മറ്റൊരു ദൃശ്യമാണ്. പെട്രോവിന്റെ സുഹൃത്തായ അയാളോട്, എഴുത്തുകാര്‍ക്കായുള്ള വര്‍ക്‌ഷോപ്പില്‍ പങ്കെടുത്ത് കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം എഴുത്ത് തുടരാനാണ് പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ എഡിറ്റര്‍ ആവശ്യപ്പെടുന്നത്. തന്റെ സൃഷ്ടി ആരും അംഗീകരിക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച്, സമൂഹമാവശ്യപ്പെടുന്ന പതിവ് ജീവിതചക്രങ്ങളില്‍പ്പെടാന്‍ ആഗ്രഹിക്കാതെ, സ്വയം മരിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. ബാല്യകാലത്ത്, റൊട്ടിക്കായി നീണ്ട ക്യൂവില്‍നിന്ന് അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ്മകളില്‍ അസ്വസ്ഥനായും ഭാവിയില്‍ ആവര്‍ത്തിക്കേണ്ട അത്തരം അനവധി കാത്തിരിപ്പുകളെക്കുറിച്ച് ആശങ്കപ്പെട്ടും സെര്‍ഗി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. സൈന്യത്തില്‍ ജോലി ചെയ്ത പിതാവ്, അക്കാലത്ത് മോഷ്ടിച്ച തോക്ക് നെറ്റിയില്‍ അമര്‍ത്തി, കാഞ്ചിവലിക്കാന്‍ സുഹൃത്ത് പെട്രോവിനോട് അയാള്‍ ആവശ്യപ്പെടുന്നു. തന്റെ മാതാവിനായി എഴുതിയ അവസാന കത്ത് അവരെ ഏല്പിക്കാന്‍ സെര്‍ഗി പെട്രോവിനോട് പറയുന്നു. തോക്കിന്റെ കാഞ്ചിവലിച്ചശേഷം, പുറത്തേക്കു പോകുന്നതിനു മുന്‍പ്, പെട്രോവ് എല്ലാം തീയിട്ട് നശിപ്പിക്കുന്നു. സെര്‍ഗിയെന്ന എഴുത്തുകാരന്റെ ലോകവും ജീവിതവും അതോടെ അവസാനിക്കുന്നു.

പെട്രോവിന്റെ പനി മറ്റുള്ളവരിലേക്കും പകരുന്നുണ്ട്. പനി ബാധിച്ച മകനെ ആശങ്കയോടെ ചികിത്സിക്കുന്ന പെട്രോവയേയും പെട്രോവിനേയും ചിത്രം ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. സ്‌കൂളില്‍ നടക്കുന്ന പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്ന പെട്രോവിന്റേയും മകന്റേയും കാഴ്ചയ്ക്ക് ശേഷം, പെട്രോവിന്റെ ബാല്യകാലം കടന്നുപോയ സമാന സന്ദര്‍ഭങ്ങളും ചിത്രത്തില്‍ പ്രേക്ഷകര്‍ കാണുന്നു. അന്ന് മഞ്ഞ് കന്യകയുടെ കൈ പിടിച്ചപ്പോള്‍ താന്‍ അനുഭവിച്ച സ്‌നേഹത്തിന്റെ കുളിര്‍മ ഇപ്പോഴും ഓര്‍മ്മിക്കുന്ന പെട്രോവ്, അത് മകനോട് സൂചിപ്പിക്കുന്നു, പറയുന്നു. തന്റെ പൂര്‍വ്വകാല ജീവിതം ഓര്‍മ്മിക്കുമ്പോള്‍ നഷ്ടബോധത്തോടെയാണ് ബാല്യയൗവ്വന കാല സ്മരണകളിലേക്ക് പെട്രോവ് പോകുന്നത്.

പെട്രോവ് സഞ്ചരിക്കുന്ന ബസിന്റെ കാഴ്ചയില്‍ തുടങ്ങുകയും സമാനമായ ഒരു ദൃശ്യത്തില്‍ അവസാനിക്കുകയും ചെയ്യുന്ന പെട്രോവ്‌സ് ഫ്‌ലൂ, സമകാലീന റഷ്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥയാണ് ആവിഷ്‌കരിക്കുന്നത്. പെട്രോവ് യാത്രികനായ ആ ബസ്, റഷ്യയുടെ ഭൂതഭാവി കാലങ്ങളിലൂടെ, കൃത്യമായ അതിര്‍വരമ്പുകളാല്‍ വേര്‍തിരിക്കാന്‍ കഴിയാതെ കടന്നുപോകുന്നു. കൊവിഡിനു മുന്‍പ് ചിത്രീകരിക്കുകയും അതിനുശേഷം മാത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്ത പെട്രോവ്‌സ് ഫ്‌ലൂ, സമകാലീന റഷ്യന്‍ സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തെക്കുറിച്ച്, സംവിധായകന്‍ ഇങ്ങനെ സുചിപ്പിക്കുന്നു: 'മരണത്തിനും ജീവിതത്തിനുമിടയിലെ ഒരു വിഭ്രാത്മക ലോകം. ആ ലോകത്തില്‍, ഭൂതഭാവികാലങ്ങള്‍ക്കിടയിലൂടെ പെട്രോവിനു സഞ്ചരിക്കാം. പുതിയ സംഭവങ്ങള്‍ക്കും പഴയവയ്ക്കുമിടയിലൂടെ അനായാസം അയാള്‍ക്കു കടന്നുപോകാം. വര്‍ത്തമാനകാല അവസ്ഥയ്ക്കും അനിശ്ചിതമായ ഭാവിക്കുമിടയിലെ മാറ്റത്തിന്റെ ഘട്ടമാണ് ഫ്‌ലൂ.' ചിത്രത്തിന്റെ തീവ്രമായ സാക്ഷാല്‍ക്കാരത്തിന് ഊര്‍ജ്ജം നല്‍കുന്ന, അതിന്റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും സോവിയറ്റ്‌സോവിയറ്റ് അനന്തരസമകാലീന സിനിമകളുടേയും സംഗീതത്തിന്റേയും മാതൃകകളിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നു സൂചിപ്പിക്കുന്ന സംവിധായകന്‍, ചിത്രം ആ കാലങ്ങളിലൂടെ കടന്നുപോകുന്നുവെന്നാണ് അതുവഴി സൂചിപ്പിക്കുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ, ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത ഓപിലാന്റ്‌സ് സൃഷ്ടിക്കുന്ന വ്യത്യസ്തങ്ങളും തീവ്രവുമായ പശ്ചാത്തലങ്ങള്‍ ചിത്രത്തിനു വളരെയേറെ ഊര്‍ജ്ജം നല്‍കുന്നുണ്ട്. സവിശേഷമായ ഈ ഛായാഗ്രഹണം, റിയലിസ്റ്റിക്കും സര്‍റിയലിസ്റ്റിക്കുമായ കാഴ്ചകളിലൂടെ അനായാസം സഞ്ചരിക്കാന്‍ പ്രേക്ഷകരെ സഹായിക്കുന്നു. പ്രധാന അഭിനേതാക്കള്‍ക്കു പുറമെ നിരവധി തിയേറ്റര്‍ നടീനടന്മാര്‍ വേഷമിട്ട ചിത്രത്തില്‍, ചിലര്‍ പതിനേഴിലധികം വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എന്നത് അത്ഭുതകരമായ ഒരു വസ്തുതയാണ്.

'പെട്രോ വ്‌സ് ഫ്‌ലൂ'
'പെട്രോ വ്‌സ് ഫ്‌ലൂ'

1969ല്‍ റഷ്യയില്‍ ജനിച്ച കിറില്‍ സെറബ്രെനിക്കോവിന്റെ പിതാവ് ജൂതവംശജനായ ഡോക്റ്ററും മാതാവ് യുക്രെയ്ന്‍കാരിയായ അദ്ധ്യാപികയുമായിരുന്നു. കുട്ടിക്കാലം മുതല്‍ നാടകങ്ങളില്‍ തല്പരനായിരുന്ന കിറില്‍, സ്‌കൂളില്‍വെച്ച് സ്വന്തമായി നാടകം സംവിധാനം ചെയ്യുകയും അവിടെ നാടക ട്രൂപ്പ് ഉണ്ടാക്കുകയും ചെയ്തു. 1992ല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം, തുടര്‍ന്ന് ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കാനാരംഭിച്ചു. മോസ്‌കോവിലെ ചെക്കോവ് തിയേറ്റര്‍, ലാത്വിയന്‍ നേഷനല്‍ തിയേറ്റര്‍, തിയേറ്റര്‍ ഓഫ് നേഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, 1998ലാണ് ആദ്യചിത്രം സംവിധാനം ചെയ്യുന്നത്. റഷ്യയിലെ പ്രശസ്തങ്ങളായ മറിന്‍സ്‌കി, ബോള്‍ഷോയ് തിയേറ്ററുകളില്‍ ഓപ്പറകള്‍ സംവിധാനം ചെയ്ത കിറില്‍, 2012ല്‍ റഷ്യയിലെ പ്രശസ്തമായ ഗോഗോള്‍ സെന്ററില്‍ ആര്‍ട്ട് ഡയറക്റ്ററായി നിയമിതനായി. അധികാരികളുടെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ ലിബറല്‍ സമീപനങ്ങള്‍ സ്വീകരിച്ചതിന്റെ പേരില്‍ അക്കാലത്ത് വളരെയധികം വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം വിധേയനായിരുന്നു. 

2017 മെയ് മാസത്തില്‍ ഗോഗോള്‍ സെന്ററും കിറിലിന്റെ അപ്പാര്‍ട്ട്‌മെന്റും റെയ്ഡ് ചെയ്ത അധികൃതര്‍, സെവന്‍ത് സ്റ്റുഡിയോയുടെ പേരില്‍ നടന്ന പണമിടപാടില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കിറിലിനെ അറസ്റ്റ് ചെയ്തു. 2014ല്‍ റഷ്യ നടത്തിയ യുക്രെയ്ന്‍ ആക്രമണത്തില്‍, ക്രിമീന്‍ ഉപദ്വീപ് പിടിച്ചെടുത്ത നീക്കത്തെ പരസ്യമായി അപലപിച്ച കിറില്‍, റഷ്യന്‍ ഭരണകൂടം ഘഏആഠ വിഭാഗക്കാരോട് കാണിക്കുന്ന വിവേചനങ്ങള്‍ നിശിതമായി വിമര്‍ശിക്കാറുണ്ടായിരുന്നു. ഈ കാരണങ്ങളാലാണ്, കിറിലിനു പങ്കില്ലാത്ത സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന അഭിപ്രായം റഷ്യയ്ക്കകത്തും പുറത്തും സജീവമായിരുന്നു. അതോടെ വീട്ടുതടങ്കലിലായിരുന്ന കിറിലിനെ 2022 മാര്‍ച്ച് 28നാണ് കോടതി വിട്ടയക്കുന്നത്. ഈ കാലഘട്ടത്തിലും സിനിമകളും ഓപ്പറകളും സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ കലാജീവിതം തുടര്‍ന്നു. റാഗിന്‍ (2004), ബ്ലാക്ക് കോമഡിയായ പ്ലെയിങ്ങ് ദ വിക്റ്റിം (2006), വാഴ്‌സ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ നേടിയ യൂറീസ് ഡേ (2008), വെനീസ് മേളയില്‍ മത്സരിച്ച ബീട്രേയല്‍ (2012) കാനില്‍ പ്രദര്‍ശിപ്പിച്ച ദ സ്റ്റുഡന്റ് (2016) എന്നിവ കിറിലിന്റെ പ്രധാന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ലെനിന്‍ഗ്രാഡിലെ അണ്ടര്‍ഗ്രൗണ്ട് റോക്ക് ടീമിന്റെ കഥ പറയുന്ന ലെറ്റൊ (2018), 2022 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചൈകോവ്‌സ്‌കീസ് വൈഫ് എന്നിവയും അദ്ദേഹത്തിന്റെ ഫിലിമോഗ്രാഫിയിലുള്‍പ്പെടുന്നു. കിറിലിന്റെ പുതിയ ചിത്രം, റഷ്യന്‍ നോവലിസ്റ്റും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന എഡ്വേഡ് ലിമിനോവിന്റെ ബയോപ്പിക് Limonov, the Ballad of Eddie അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തുന്നു.

ഈ വര്‍ഷം കാന്‍ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പെട്രോവ്‌സ് ഫ്‌ലൂ പ്രദര്‍ശിച്ചിപ്പോള്‍ സെറിബ്രെനിക്കോവിന് അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 2018ല്‍ ലേറ്റോ (Leto) കാനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അദ്ദേഹം റഷ്യയില്‍ വീട്ടുതടങ്കലിലായിരുന്നു. അക്കാലത്താണ് കിറില്‍ പെട്രോവ്‌സ് ഫ്‌ളൂവിന്റെ തിരക്കഥ തയ്യാറാക്കുന്നത്. പെട്രോവ്‌സ് ഫ്‌ലൂ ചിത്രീകരിക്കുമ്പോള്‍ അദ്ദേഹം മോസ്‌കോ കോടതിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 'സമാന്തര ജീവിതങ്ങള്‍' എന്നാണ് അദ്ദേഹം തന്റെ അക്കാലത്തെ വിശേഷിപ്പിക്കുന്നത്. 

'പെട്രോ വ്‌സ് ഫ്‌ലൂ'
'പെട്രോ വ്‌സ് ഫ്‌ലൂ'

സംഭാഷണം

ചുറ്റുപാടുകളില്‍നിന്നും യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെടുത്ത്, സിനിമ സ്വയം ഷൂട്ട് ചെയ്യുന്നു 

സംഭാഷണം: കിറില്‍ സെബ്രിനിക്കോവ് 
പരിഭാഷ: സി.വി. രമേശന്‍ 

കാന്‍ ചലച്ചിത്രമേളയില്‍ തന്റെ സംഗീത ചിത്രം ലെറ്റോ (Leto) പ്രദര്‍ശിപ്പിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം, കിറില്‍ സെറിബ്രെനിക്കോവ് ചിത്രം വീണ്ടും അവിടെ മത്സരിക്കാനെത്തിയിരിക്കയാണ്. കാനില്‍, പ്രധാന മത്സരവിഭാഗത്തില്‍ അദ്ദേഹത്തിന്റെ പെട്രോവ്‌സ് ഫ്‌ലൂ ഈ വര്‍ഷം പ്രദര്‍ശിപ്പിക്കാന്‍ പോകുകയാണ്. സോവിയറ്റ് അനന്തര റഷ്യയില്‍ പടര്‍ന്നുപിടിക്കുന്ന ഫ്‌ലൂവിന്റെ പശ്ചാത്തലത്തില്‍, വിഭ്രാത്മകമായ യാത്രയായി ആവിഷ്‌കരിച്ച ഈ ചിത്രത്തിന്റെ പ്രീമിയറിനായി, ചുവന്ന പരവതാനിയിലൂടെ നടന്ന് ലുമിയര്‍ തിയേറ്ററില്‍ വരാന്‍ സെറിബ്രെനിക്കോവിനു കഴിഞ്ഞില്ല. അന്‍പത്തൊന്ന് വയസ്സുള്ള സംവിധായകനെ പണമിടപാടിലെ ക്രമക്കേടിന്റെ പേരില്‍, ജൂണ്‍ 2020ന് റഷ്യയിലെ കോടതി മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.

ഹൈപ്പ് ഫിലിമി(Hype Film)നുവേണ്ടി ഇല്യ സ്റ്റുവേര്‍ട്ട് (Ilya Stewart) നിര്‍മ്മിച്ച പെട്രോവ്‌സ് ഫ്‌ലൂവിനെക്കുറിച്ച് വെറൈറ്റി ഓണ്‍ലൈന്‍ മാഗസിന്‍ (Varitey Online Magazine), സംവിധായകനുമായി സംസാരിച്ചു. ലോക്ക് ഡൗണിനു മുന്‍പ്, വീട്ടുതടങ്കലില്‍ ഏകാന്തജീവിതം നയിച്ച കാലത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്:

'ഏകാന്തതയെക്കുറിച്ച് എനിക്ക് എന്റേതായ കഥയുണ്ട്. ഇപ്പോള്‍ അതൊരു ആഗോളരീതിയായി മാറിക്കഴിഞ്ഞു. ഏകാന്തതയെക്കുറിച്ചു പറയുന്ന ആദ്യത്തെ ആളായിരിക്കും ഞാനെന്ന് തോന്നുന്നു.'

എങ്ങനെയാണ് പെട്രോവ്‌സ് ഫ്‌ലൂ ആരംഭിക്കുന്നത്? 

തുടക്കത്തില്‍ സ്‌ക്രിപ്റ്റ് എഴുതാന്‍ മാത്രമാണ് എന്നെ ഏല്പിച്ചിരുന്നത്. നോവല്‍ (സിനിമ പ്രമേയമാക്കുന്ന സാലിങ്കോവിന്റെ നോവല്‍) വായിച്ചു തുടങ്ങിയപ്പോള്‍, എങ്ങനെ സങ്കീര്‍ണ്ണമായ ആ സമകാലീന രചന ഒരു സിനിമയായി ആവിഷ്‌കരിക്കാമെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ആ പ്രക്രിയയില്‍ കഥയുമായി ഞാന്‍ പ്രണയത്തിലായി, കാരണം അതിന്റെ മിക്കഭാഗവും എന്റെ ജീവിതവുമായി വളരെയേറെ ബന്ധമുള്ളതാണ്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ അത് സംവിധാനം ചെയ്യാനായി മറ്റൊരാളെ ഏല്പിക്കാന്‍ തോന്നിയില്ല.

താങ്കളെന്താണ് അതില്‍ പ്രത്യേകതയായി കണ്ടിരുന്നത്? 

എന്റെ കാഴ്ചപ്പാടില്‍, റഷ്യയുടെ ഒരു സമ്പൂര്‍ണ്ണ ചിത്രമാണത് വായനക്കാര്‍ക്ക് നല്‍കുന്നത്. നമ്മുടെ ഭീതിയെക്കുറിച്ചുള്ള തികച്ചും വ്യക്തിപരമായൊരു ചിത്രം. സോവിയറ്റ് കാലത്തിലേയും സോവിയറ്റ് അനന്തര നാളുകളിലേയും പേടിയെക്കുറിച്ചും ഒരേ രീതിയിലുള്ള ബാല്യകാലം ചെലവഴിച്ചവരെക്കുറിച്ചുമുള്ള ചിത്രം. വ്യത്യസ്ത രാജ്യങ്ങളില്‍ കഴിയുന്ന, വിഭിന്ന സംസ്‌കാരങ്ങളും അനുഭവങ്ങളുമുള്ളവര്‍ക്കും ഒരേ തരത്തിലുള്ള ഭീതിയും ഏകാന്തതയെക്കുറിച്ചു സമാനമായ ഉല്‍ക്കണ്ഠകളും ഉണ്ടാവുമെന്നാണ്, കാനില്‍ മത്സരത്തിനു ചിത്രം തിരഞ്ഞെടുക്കപ്പെട്ടതില്‍നിന്നു നമുക്കു മനസ്സിലാകുന്നത്.

അതുവഴി, അവിശ്വസനീയവും അപരിചിതവും പേടിപ്പെടുത്തുന്നതുമായ സംഭവങ്ങളുമായി എല്ലാവരും ഒരേ രീതിയില്‍ പ്രതിപ്രവര്‍ത്തിക്കുന്നുവെന്നാണ് നാം തിരിച്ചറിയുന്നത്.

ചിത്രത്തില്‍ അസാധാരണമായ ഫ്‌ലൂ പിടിപെട്ട റഷ്യയാണ് താങ്കള്‍ പശ്ചാത്തലമാക്കുന്നത്. അതേസമയം, ലോകം മറ്റൊരു ഫ്‌ലൂവിന്റെ പിടിയിലുമാണ്. അതിന്റെ സ്വാധീനമെന്തെങ്കിലും ചിത്രത്തിലുണ്ടോ? 
മുന്‍കൂട്ടി ചിന്തിക്കുക എന്നത് വളരെ സങ്കീര്‍ണ്ണമായൊരു കാര്യമാണ്. നമുക്കു മുന്‍കൂട്ടി ചിന്തിക്കാന്‍ കഴിയില്ല, അനുഭവിക്കാനേ കഴിയുള്ളൂ. ഞാനെപ്പോഴും പറയാറുള്ളതുപോലെ, സിനിമ സ്വയം ഷൂട്ട് ചെയ്യുകയാണ്, സംവിധായകന്‍/സംവിധായിക അല്ല അതു ഷൂട്ട് ചെയ്യുന്നത്. എന്തൊക്കെയാണോ ചിത്രത്തിലേക്കാവശ്യമുള്ളത്, അവ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു സിനിമ സ്വയം പിടിച്ചെടുക്കുന്നു.
 
പെട്രോവ്‌സ് ഫ്‌ലൂ ഷൂട്ട് ചെയ്യുമ്പോള്‍ താങ്കള്‍ മോസ്‌കോ കോടതിയില്‍ വിചാരണ നേരിടുകയായിരുന്നല്ലോ. അതിന്റെ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു? 

അന്ന് ഞാന്‍ ഒരുതരം സമാന്തര ജീവിതങ്ങളാണ് നേരിട്ടുകൊണ്ടിരുന്നത്. പകല്‍ കോടതിയിലായിരിക്കും, രാത്രി മുഴുവന്‍ ഷൂട്ടിങ്ങ് ലൊക്കേഷനിലും. തീരെ ഉറങ്ങാന്‍ കഴിയാറില്ല. എന്നാല്‍, സിനിമയില്‍ മുഴുകിയതു കാരണം, കാഫ്കയുടെ കഥകളില്‍ കാണുന്നതുപോലെയുള്ള കോടതി പ്രക്രിയ മടുത്തില്ല. 

2017 മുതല്‍ റഷ്യ വിട്ടുപോകാന്‍ ഭരണകൂടം താങ്കളെ അനുവദിച്ചിരുന്നില്ലല്ലോ. എന്തൊക്കെയാണ് ഭാവി പരിപാടികള്‍? 

യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍, ലോകവുമായി വീണ്ടും ഒന്നിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. വീട്ടുതടങ്കലില്‍ കഴിയുമ്പോള്‍ എനിക്ക് എന്റേതായ കഥകളുണ്ട്. ഇപ്പോള്‍ ഇത് (ഏകാന്തതടവ്) ലോകത്തില്‍ പതിവാണല്ലോ. ഞാന്‍ അത് തുടങ്ങിവെച്ചെന്നു മാത്രം.

പാന്‍ഡെമിക് കാലവുമായി പൊരുത്തപ്പെട്ടു കഴിയുന്ന ജനങ്ങളോട് എന്താണ് പറയുവാനുള്ളത്? 

നിങ്ങള്‍ ഒരിക്കലും പഠിക്കണമെന്നു കരുതിയിട്ടില്ലാത്ത ഭാഷകള്‍ പഠിക്കാന്‍ തുടങ്ങുക. തടിച്ച പുസ്തകങ്ങള്‍ വായിക്കാനുള്ള സമയമാണിത്. മുന്‍പ് കാണാന്‍ കഴിയാതിരുന്ന സിനിമകള്‍ കാണുക. സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച്, അവരുമായുള്ള ബന്ധങ്ങള്‍ പുതുക്കുക. എല്ലാം ചെയ്തു കഴിഞ്ഞാല്‍, കണ്ണാടിക്കു മുന്‍പില്‍ വന്നുനിന്ന് സ്വയം ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുക, നിങ്ങളെക്കുറിച്ചുള്ള ഉത്തരങ്ങള്‍ സ്വന്തമായി കണ്ടെത്തുക.

താങ്കള്‍ സ്വന്തം ഉപദേശങ്ങള്‍ സ്വീകരിക്കാറുണ്ടോ? 

ഇപ്പോള്‍ ഞാന്‍ ജര്‍മന്‍ ഭാഷ പഠിക്കാന്‍ തുടങ്ങിയിരിക്കയാണ്. പുതിയ ചില ഓപ്പറകള്‍ എഴുതി പൂര്‍ത്തിയാക്കി. മുന്‍പ് വാങ്ങി, എന്റെ ഫ്‌ലാറ്റില്‍ അവിടെയിവിടെയായി കിടന്നിരുന്ന തടിച്ച പുസ്തകങ്ങള്‍ മുഴുവന്‍ ഞാന്‍ വായിച്ചുതീര്‍ത്തു. സ്വയം ചില ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുകയും അവയ്ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ചിന്തകള്‍ പൂര്‍ണ്ണമായും ജീവിതത്തിലേക്ക് കേന്ദ്രീകരിക്കുകയെന്നത് നല്ലൊരു കാര്യമാണ്. അതുവഴി ഭാവിജീവിതത്തിലേക്കുള്ള ചില പുതിയ വാതിലുകള്‍ നമുക്കു കണ്ടെത്താന്‍ കഴിഞ്ഞെന്നു വരാം. ഏകാന്തതയുടെ ഈ കാലത്ത് ചെയ്യാനായി കുറേ നല്ല കാര്യങ്ങള്‍ കണ്ടെത്തണം, അത് സാധ്യമാണെന്നു തന്നെയാണ് എനിക്കു തോന്നുന്നത്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com