സജീവപ്പെടുത്താന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യത്തിന്റെ അടരുകള്‍ സ്‌ക്രീനില്‍ വരച്ചിട്ട ഗൊദാര്‍ദ്

സിനിമ മനോഹരമായ തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ട്, നിരന്തരമായ പരീക്ഷണങ്ങളിലൂടെ കാഴ്ചകളുടെ വൈവിദ്ധ്യങ്ങളെ അനുഭവത്തിലേക്കെത്തിച്ച ചലച്ചിത്രകാരനാണ് ഴാന്‍ ലൂക്ക് ഗൊദാര്‍ദ്  
സജീവപ്പെടുത്താന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യത്തിന്റെ അടരുകള്‍ സ്‌ക്രീനില്‍ വരച്ചിട്ട ഗൊദാര്‍ദ്

ലാപത്തിന്റെ പേരാണ് ഴാന്‍ ലൂക്ക് ഗൊദാര്‍ദ്. പരാമ്പരാഗത സിനിമാരീതികളോട് കലഹിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ആദ്യ സിനിമയായ ബ്രെത്ത്‌ലസ് അവതരിപ്പിക്കുന്നത്. സിനിമാലോകത്തിന് അതൊരു പുതുയുഗം സമ്മാനിച്ചു. അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെടാത്ത കാല്പനികതയുടെ ലോകം അത് തുറന്നു നല്‍കി. സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകളെ കൃത്യതയോടെ ഉള്‍ക്കൊണ്ട് രാഷ്ട്രീയത്തെ സിനിമയുടെ ആശയത്തിലും ആഖ്യാനത്തിലും സജീവമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. സിനിമയുടെ ആഖ്യാനതലത്തെ പൊളിച്ചെഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. സൈദ്ധാന്തികവും പ്രായോഗികവുമായ ധാരണകളേയും ശീലങ്ങളേയും തകിടംമറിച്ചുകൊണ്ട് സിനിമയുടെ ഗതിയെത്തന്നെ മാറ്റിമറിച്ചു. കാലികമായ, സങ്കീര്‍ണ്ണമായ, തീക്ഷ്ണമായ രാഷ്ട്രീയ നിലപാടുകളിലൂടെ സിനിമ എന്ന കലാരൂപത്തെ പുതുക്കിയെടുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. നിരന്തരമായ പരീക്ഷണങ്ങളിലൂടെ സിനിമയുടെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുകയും അതിന്റെ ഭാഷയെ തന്നെ വിശകലനം ചെയ്തുകൊണ്ട് ക്രിയാത്മകവും വിപ്ലവാത്മകവുമായ ശ്രമത്തിന് ധീരമാര്‍ന്ന തുടക്കമിടുകയാണ് ഗൊദാര്‍ദ് ചെയ്തത്.

സിനിമയുടെ കാഴ്ചകളില്‍ ഭ്രമിച്ചുപോയ കാലത്തിന്റെ തീക്ഷ്ണമോഹങ്ങളില്‍നിന്നുമാണ് ഹോളിവുഡ് പടുത്തുയര്‍ത്തിയ സിനിമാരൂപങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ബ്രെത്ത്‌ലെസ് (About de souffle) പുറത്തിറങ്ങുന്നത്. അപ്പോഴേക്കും അദ്ദേഹം നടന്നുതീര്‍ത്ത വഴികള്‍ ദീര്‍ഘമായിരുന്നു. സിനിമാ തിയേറ്ററുകളിലും ക്ലബ്ബുകളിലും ചുറ്റിത്തിരിഞ്ഞ് സിനിമ കണ്ടുകൊണ്ടേയിരുന്ന ടീനേജ് കാലം. സമ്പന്നമായ ജീവിതസൗകര്യങ്ങളിലായിരുന്നു ഗൊദാര്‍ദിന്റെ ജനനം. പിതാവ് ഡോക്ടര്‍, അമ്മ ബാങ്ക് ഉടമ. പാരീസിലെ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബം. 1930 ഡിസംബര്‍ മൂന്നിന് ജനിച്ച ഗൊദാര്‍ദ് ലോകയുദ്ധകാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം താമസം മാറി. തിരികെ എത്തിയശേഷം പാരീസിലെ സോര്‍ബര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദം നേടിയ കാലം. ഫിലിം ക്ലബ്ബുകളുമായി സജീവമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് എറിക് റോമറൈനും റിവൈറ്റ്ക്കുമൊപ്പം ഗസറ്റേ ടു സിനിമ എന്ന മാസിക തുടങ്ങുന്നത്. അതില്‍ ചലച്ചിത്ര നിരൂപണങ്ങള്‍ എഴുതി. വേര്‍പിരിഞ്ഞ മാതാപിതാക്കളില്‍നിന്ന് സാമ്പത്തികമായ സഹായങ്ങള്‍ അപ്പോഴും ലഭിച്ചിരുന്നു. എന്നാല്‍, മകന്റെ സിനിമാപരീക്ഷങ്ങള്‍ നിറഞ്ഞ ജീവിതം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവുമായിരുന്നില്ല. സാമ്പത്തിക സഹായം നിലച്ചതോടെ ചില്ലറ മോഷണങ്ങളിലൂടെ ജീവിതം മുന്നേറി. തുടരുന്ന ജീവിതചോദ്യങ്ങള്‍ അദ്ദേഹത്തെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്രാന്റെ ഡിക്‌സന്‍സ് അണക്കെട്ടു നിര്‍മ്മാണത്തിന്റെ പ്രൊജക്ട് ഓഫീസര്‍ ജോലിയിലേക്ക് എത്തിച്ചു. ആ കാലത്ത് വാങ്ങിയ 35 എം.എം ക്യാമറ ഉപയോഗിച്ച് തന്റെ സിനിമാ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു.

ഴാന്‍ ലൂക്ക് ഗൊദാര്‍ദ്
ഴാന്‍ ലൂക്ക് ഗൊദാര്‍ദ്

തകിടംമറിയുന്ന ക്യാമറകള്‍ 

ആധുനിക നഗരജീവിതത്തിന്റെ വ്യത്യസ്തമാര്‍ന്ന അവതരണത്തിലൂടെ നൂതനമായ കാഴ്ചയുടെ ലോകം തുറന്നിടുകയായിരുന്നു ബ്രെത്ത്‌ലെസിലൂടെ ഗൊദാര്‍ദ്. ക്യാമറയെ വ്യത്യസ്തമായി ഉപയോഗിച്ച് കാഴ്ചയുടെ വ്യാകരണത്തെ പൊളിച്ചെഴുതുകയായിരുന്നു, അദ്ദേഹം. അരാജകവാദിയായ കാര്‍ മോഷ്ടാവായ മൈക്കേല്‍ പൊയ്ക്കാര്‍ഡിന്റെ ജീവിതത്തിലൂടെ ഈ സിനിമ കടന്നുപോകുന്നത്. മോഷണശ്രമത്തിനിടെ ഒരു പൊലീസുകാരനെ വെടിവെച്ചു കൊല്ലുന്ന അയാള്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. തന്റെ ഗേള്‍ഫ്രണ്ടായ പട്രീഷ ഫ്രന്‍ചിനിക്കൊപ്പം പാരീസിലേക്ക് ഒളിവുജീവിതത്തിനായി അയാള്‍ കടക്കുന്നു. അധോലോക ജീവിതത്തിന്റെ കാഴ്ചകളിലേക്ക് അയാള്‍ കടന്നുപോകുന്നു. വൈകാരികമല്ലാത്ത ഫ്രെയിമുകളില്‍ നഗരജീവിതത്തെ പകര്‍ത്തിയെടുക്കുകയായിരുന്നു ഗൊദാര്‍ദ് ചെയ്തത്. വളരെ ചെറിയ ബജറ്റില്‍ ഒതുക്കി യുവതയുടെ കാഴ്ചകളില്‍ സമകാലിക ജീവിതത്തെ അടയാളപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്. ജംപ് കട്ടിലൂടെയും കൈകളിലും വീല്‍ചെയറിലുമൊക്കെ വെച്ച് പ്രവര്‍ത്തിപ്പിച്ച ക്യാമറകളിലൂടെയും സിനിമയെ പൊളിച്ചെഴുതുകയാണ് പ്രഥമ ഫീച്ചര്‍ സംരംഭത്തിലൂടെ അദ്ദേഹം ചെയ്തത്.

ആൽഫവില്ല
ആൽഫവില്ല

റിലീസ് ചെയ്യപ്പെട്ട ഉടന്‍ നിരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ സിനിമയാണ് ദ ലിറ്റില്‍ സോള്‍ജ്യര്‍ (Le Petit Soldat, 1963). അള്‍ജീറിയന്‍ ആഭ്യന്തരയുദ്ധത്തെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ഭാര്യയായ അന്ന കരിനയെ കണ്ടുമുട്ടുന്നത് ഈ സിനിമയിലൂടെയാണ്. തുടര്‍ന്നുള്ള എ വുമന്‍ ഇസ് എ വുമന്‍ (Une femme est une femme, 1961), മൈ ലൈഫ് ടു ലൈവ് (Vivre sa vie 1962) തുടങ്ങിയ സിനിമകളിലും നായികയായത് അവരാണ്. നിരൂപകര്‍ ഏറെ ഇഷ്ടത്തോടെ എഴുതിയ ആദ്യകാല ഗൊദാര്‍ദ് സിനിമകളില്‍ ഒന്നാണ് മൈ ലൈഫ് ടു ലൈവ്. വിവാഹമോചനത്തിനുശേഷം നാന ക്ലാര്‍ക്കുപണി, അഭിനയം, മോഡലിംഗ് തുടങ്ങി വിവിധ ജോലികളിലൂടെ ജീവിതത്തെ നയിക്കാന്‍ ശ്രമിക്കുന്നു. സാമ്പത്തികമായ വേര്‍തിരിവുകള്‍ സംഘാര്‍ഷാത്മകമായ ഒരു സാമൂഹ്യാവസ്ഥയില്‍ നാന തെരുവുവേശ്യയാവേണ്ടിവരുന്ന കഥ പറയുന്ന ഈ സിനിമ ഫ്രെഞ്ച് നവതരംഗത്തിന്റെ പരീക്ഷണങ്ങളിലൊന്നായിരുന്നു. മാനവികത നിര്‍വ്വീര്യമാകുന്ന ജീവിതപശ്ചാത്തലങ്ങളിലാണ് ഈ സിനിമ സംവദിക്കുന്നത്. മുതലാളിത്തം വിതച്ച യാന്ത്രികജീവിതത്തിന്റെ തെരുവുകാഴ്ചകളിലൂടെയാണ് ക്യാമറ സഞ്ചരിക്കുന്നത്.

സിനിമയേയും അതിന്റെ രാഷ്ട്രീയത്തേയും നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ചലച്ചിത്രകാരനാണ് ഗൊദാര്‍ദ്. തന്റെ സര്‍ഗ്ഗാത്മക ജീവിതത്തിലുടനീളം പാരമ്പര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സിനിമയുടെ അതിരുകള്‍ വികസിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. സാങ്കേതികവിദ്യയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രേക്ഷകരെ വലിച്ചടുപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ദൃശ്യവും ശബ്ദവും നിരന്തരം ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരുന്നു. താന്‍ സജീവപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടരുകള്‍ സ്‌ക്രീനില്‍ വരച്ചിടുന്നതില്‍ ഗൊദാര്‍ദ് വിജയിച്ചതായി കാണാം. പ്രേക്ഷകരെ സ്‌ക്രീനിന്റെ യാഥാര്‍ത്ഥ്യങ്ങളുടെ വലയത്തില്‍ ഒതുക്കിനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. സിനിമയെ സിനിമയായി കണ്ടുകൊണ്ടുതന്നെയാണ് അദ്ദേഹം പ്രേക്ഷകരോട് സംവദിച്ചത്. സിനിമ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമല്ല, പ്രതിഫലനത്തിലെ യാഥാര്‍ത്ഥ്യമാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയെന്ന മാധ്യമത്തെ കൂടുതലാളുകളില്‍ ഗൗരവമായ ചര്‍ച്ചയുടെ വിഷയമാക്കി മാറ്റുന്നത്. ഹോളിവുഡ് സിനിമയെ അപേക്ഷിച്ച് 20 ശതമാനം ആളുകളില്‍ മാത്രമേ തന്റെ സൃഷ്ടികള്‍ എത്തുന്നുള്ളൂവെങ്കിലും അതില്‍ 80 ശതമാനവും ഹൃദയം നല്‍കിയാണ് തിയേറ്ററുകളിലിരിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെയാണ് നിലപാടുകള്‍ക്കപ്പുറം അദ്ദേഹത്തിന്റെ ആശയഗതികളെ ദശകങ്ങളോളം സിനിമാക്കാഴ്ചകള്‍ പിന്തുടര്‍ന്നത്.

ബ്രെത്ത്‌ലെസ്
ബ്രെത്ത്‌ലെസ്

അധികാരത്തിന്റെ ഭാഷ്യങ്ങള്‍ 

മാനവികതയ്ക്കുമേല്‍ അധികാരം കരാളമായി വളരുന്നതിന്റെ സൂചനകളിലൂടെയാണ് ആല്‍ഫവില്ല (Alphaville, 1965) മുന്നേറുന്നത്. സോവിയറ്റ് യൂണിയന്‍ അന്നുണ്ട്. ആ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ക്കുമേല്‍ സ്വേച്ഛാധികാരം വളരുന്ന ആപത്തിനെ എല്ലാ വിയോജിപ്പുകളും പുലര്‍ത്തിക്കൊണ്ട് ഇതില്‍ സംവാദവിഷയമാക്കുന്നത്. സയന്‍സ് ഫിക്ഷനും പൈങ്കിളി സാഹിത്യത്തിലെ നായകരുമൊക്കെ കടന്നുവരുന്ന ഈ സിനിമ അധികാരത്തിന്റെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കാനുള്ള ശബ്ദമാവുന്നുണ്ട്. സമഗ്രാധിപത്യത്തിന്റെ ബിംബമായി ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത് ആല്‍ഫ 60 എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ ആണ്. അതിനെ തകര്‍ത്തുകൊണ്ട്, ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ ചെറുക്കുകയെന്നതാണ് മുഖ്യകഥാപാത്രത്തിന്റെ ലക്ഷ്യം. ഫിലിം സോഷ്യലിസത്തിലെത്തുമ്പോള്‍ ഗൊദാര്‍ദ് ലോകചരിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ ഭാവനാത്മകമായ ഇടപെടലുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ നടത്തിയിരുന്നുവെന്നു കാണാം. സിനിമ കലയേക്കാള്‍ ഉപരിലോകത്തിന്റെ ചരിത്രമാണെന്ന് അദ്ദേഹം ഒരിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എ വുമൻ ഈസ് എ വുമൻ
എ വുമൻ ഈസ് എ വുമൻ

ജനപ്രിയ സാംസ്‌കാരിക ഇടങ്ങളില്‍നിന്ന് പല രീതികളിലുള്ള ഇടപെടലുകള്‍ ഗൊദാര്‍ദ് ചെയ്യുന്നതായി അനുഭവപ്പെടും. പരീക്ഷണത്തിന്റെ കണികകളായി നമുക്ക് അതിനെ അനുഭവിക്കാനാവും. അത്തരത്തിലുള്ള വലിയ ശ്രമമെന്ന നിലയിലാണ് പിയറോ ലെ ഫോ (Pierrot le fou, 1965) കാണേണ്ടത്. സിനിമക്കകത്തെ ചുറ്റളവുകളെ പൊളിച്ചുകൊണ്ടാണ് ആ സിനിമ ഒരുക്കപ്പെട്ടത്. ചലച്ചിത്രത്തേയും പ്രേക്ഷകനേയും വേര്‍പെടുത്താനാവാത്ത വിധത്തിലുള്ള കൂടിച്ചേരല്‍ അതില്‍ കാണാനാവും. പ്രേക്ഷകരെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ശൈലിയാണിതില്‍ പ്രയോഗിച്ചത്. ബൂര്‍ഷ്വ ജീവിതത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നായകനിലൂടെയാണ് ഈ സിനിമ മുന്നേറുന്നത്. ഒരു നോവലിന്റെ സിനിമാവിഷ്‌കാരമാണെങ്കിലും മറ്റു പല ഗൊദാര്‍ദിയന്‍ സിനിമകളേയും പോലെ തിരക്കഥയില്ലാതെയാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. അതിനുശേഷമിറങ്ങിയ മസ്‌കുലിന്‍ ഫെമിന്‍ (Feminin Masculin, 1966), മെയ്ഡ് ഇന്‍ യു എസ് എ (Made in USA, 1966), ടു ഓര്‍ ത്രീ തിംഗ്‌സ് ഐ നോ എബൗട്ട് ഹെര്‍ (Deux out rois choses que je sais d'elle, 1967) തുടങ്ങിയ സിനിമകളിലൊക്കെയും താന്‍ കരുതിവെച്ച ചലച്ചിത്രരീതികളുടെ തുടര്‍ച്ചയെ വിഷയമാക്കുന്നതായി കാണാം.

ഴാന്‍ ലൂക്ക് ഗൊദാര്‍ദ്
ഴാന്‍ ലൂക്ക് ഗൊദാര്‍ദ്

രാഷ്ട്രീയം ഇടപെടുമ്പോള്‍ 

'60കള്‍ക്കു ശേഷമുള്ള അഞ്ച് ദശാബ്ദങ്ങളില്‍ ഗൊദാര്‍ദിന്റെ സിനിമകള്‍ ഇടതിന്റേയും തീവ്ര ഇടതിന്റേയും രാഷ്ട്രീയ രീതികളിലൂടെ കടന്നുപോകുന്നുണ്ട്. നവതരംഗത്തിന്റെ സങ്കീര്‍ണ്ണമായ രാഷ്ട്രീയത്തെ വെളിപ്പെടുത്തികൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ മുന്നേറിയത്. രാഷ്ട്രീയം തീക്ഷ്ണതയോടെ തിരയില്‍ വായിക്കാനാവും. രാഷ്ട്രീയമായ തന്റെ സിനിമ കാഴ്ചകളുടെ പ്രഖ്യാപനമെന്ന നിലയിലാണ് അദ്ദേഹത്തിന്റെ വീക്കെന്റ് (Weekend, 1967) കാണാനാവുക. കൂടുതല്‍ ശക്തവും ധീരവുമായ സാമൂഹിക വ്യാഖ്യാനങ്ങളിലേക്കുള്ള പ്രവേശനമെന്ന നിലയില്‍ക്കൂടി ഈ സിനിമ കാണാം. ദാര്‍ശനികമായ അദ്ദേഹത്തിന്റെ കലാതാല്പര്യങ്ങളില്‍ തിളങ്ങി നില്‍ക്കുന്നതാണ് ലാ ചിനോയിസ് (La Chinoise, 1967). ഒരു വിദ്യാര്‍ത്ഥിയും മാവോയിസ്റ്റ് ഗ്രൂപ്പിലെ ചിലരും ചേര്‍ന്ന് ലോകത്തെ കമ്മ്യൂണിസത്തിന്റെ ഒരിടമാക്കി മാറ്റാന്‍ ശ്രമിക്കുന്നതാണ് സിനിമ. ഈ സിനിമയില്‍ ഉടനീളം പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയവും ദീര്‍ഘമായിത്തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്.

​ഗുഡ്ബൈ ടു ലാം​ഗ്വേജ്
​ഗുഡ്ബൈ ടു ലാം​ഗ്വേജ്

നമ്പര്‍ ടു (NumWpro deux, 1975) പറയുന്നത് ഒരു തൊഴിലാളിവര്‍ഗ്ഗ കുടുംബത്തിനകത്തെ വൈകാരികമായ ജീവിതാവസ്ഥകളാണ്. അതില്‍ ലൈംഗികതയുടെ രാഷ്ട്രീയമുള്‍പ്പെടെ ചര്‍ച്ചകളിലേക്ക് കടന്നുവരുന്നുണ്ട്. അദ്ദേഹത്തിന്റെ തീക്ഷ്ണമായ സിനിമകളിലൊന്നായി വീക്ഷിക്കപ്പെടുന്ന ഇതില്‍ സ്വകാര്യമായ ഏതു വിഷയത്തിലും രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ എത്രമാത്രമുണ്ടെന്നു പറയുന്നു. സങ്കീര്‍ണ്ണമായ ആശയങ്ങളെ ഗൗരവതരമാക്കുകയും ചിലപ്പോഴൊക്കെ പുന:സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് ഗൊദാര്‍ദിന്റെ സിനിമകള്‍ മുന്നേറുന്നത്. ഹിയര്‍ ആന്റ് എല്‍സ്‌വേര്‍ (Ici et ailleurs, 1976), ഹെയ്ല്‍ മേരി (Je vous salue, Marie, 1985), ഡിറ്റക്ടീവ് (Detective, 1985), കിംഗ് ലിയര്‍ (King Lear, 1987), ജര്‍മനി ഇയര്‍ 90 നൈന്‍ സീറോ (Allemagne 90 neuf zero, 1991), ഫോര്‍ എവര്‍ മൊസാര്‍ട്ട് (For Ever Mozart, 1996), ഇന്‍ പ്രൈസ് ഒഫ് ലവ് (Eloge de l'mour, 2001), ഔര്‍ മ്യൂസിക് (Ntore musique, 2004) തുടങ്ങിയ സിനിമകളൊക്കെയും വിവിധങ്ങളായ വിഷയങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ കര്‍ക്കശമാക്കുന്നത്.

ഫിലിം സോഷ്യലിസം
ഫിലിം സോഷ്യലിസം

അഞ്ചു ദശാബ്ദങ്ങള്‍ നീണ്ട ചലച്ചിത്ര ജീവിതത്തിനിടയില്‍ ഹ്രസ്വചിത്രങ്ങളും ഡൊക്യുമെന്ററികളും കൂട്ടായുള്ള പ്രൊജക്ടുകളും ഉള്‍പ്പെടെ 131 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ അവസാനകാലത്തെ സിനിമകളായ ഫിലിം സോഷ്യലിസം (Film Socialisme, 2010), ഗുഡ്‌ബൈ ടു ലാംഗ്വേജ് (Adieu au Langage, 2014), ദ ഇമേജ് ബുക് (Le Livre d'image, 2018) എന്നിവ തന്റെ സിനിമാകാലത്തിന്റേയും പഠനത്തിന്റേയും ആകെത്തുകയെന്ന നിലയില്‍ തന്നെ പരിശോധിക്കാവുന്നതാണ്. വളരെ ലഘുവായ കഥാതന്തുവില്‍നിന്നും ദീര്‍ഘമായ കാഴ്ചകളിലേക്കാണ് അദ്ദേഹത്തിന്റെ സിനിമകള്‍ ഇറങ്ങിച്ചെല്ലുന്നത്. സിനിമയുടെ രീതികളെ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കാനും കാവ്യാത്മകമായി അവതരിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു. കഥയുടെ ചിട്ടവട്ടങ്ങളില്‍ ഒതുങ്ങിനില്‍ക്കാതെ വിശാലമായ സിനിമയുടെ ലോകത്ത് യാതൊരു നിയതരൂപവുമില്ലാതെ കടന്നുചെന്ന് ആസ്വദിക്കാനാവുന്നവിധത്തില്‍ സിനിമയെ മാറ്റിയെടുക്കുകയാണ് ഗൊദാര്‍ദ് ചെയ്തത്. അദ്ദേഹത്തിന്റെ ആ രീതി അനേകം ചലച്ചിത്രകാരന്മാര്‍ക്കു നല്‍കിയ ആത്മവിശ്വാസമാണ് നമ്മുടെ സിനിമയെ കൂടുതല്‍ വിശാലമാക്കിയത്. ആ ഇടത്തില്‍നിന്നുകൊണ്ടാണ് ഗൊദാര്‍ദ് വായിക്കപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com