രാഹുല്‍ ഗാന്ധി ഉറച്ച നിലപാടുകളില്ലാത്ത നേതാവാണ് എന്നതിനു നിരവധി ഉദാഹരണങ്ങളില്‍ ഒന്നുകൂടിയായി

ചെല്ലുന്നിടത്തൊക്കെ രാഹുല്‍ ഗാന്ധിയെ കാണാന്‍ കൂടുന്ന ആള്‍ക്കൂട്ടം ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്സിന്റെ വോട്ടായി മാറുമോ
രാഹുല്‍ ഗാന്ധി ഉറച്ച നിലപാടുകളില്ലാത്ത നേതാവാണ് എന്നതിനു നിരവധി ഉദാഹരണങ്ങളില്‍ ഒന്നുകൂടിയായി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലെ കന്യാകുമാരി മുതല്‍ കശ്മീരിലെ ശ്രീനഗര്‍ വരെയാണെന്ന് രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. 151 ദിവസത്തെ യാത്രയാണെന്നും 3500 കിലോമീറ്റര്‍ പിന്നിടുന്നുണ്ടെന്നും കുറേപ്പേര്‍ക്കെങ്കിലും അറിയാം. ഇടതുമുന്നണി ഭരിക്കുന്ന കേരളത്തില്‍ 19 ദിവസമാണ് യാത്രയെന്നതും ബി.ജെ.പിയുടെ തീവ്രവര്‍ഗ്ഗീയ മുഖമായി വിശേഷിപ്പിക്കപ്പെടാറുള്ള യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍ രണ്ടു ദിവസമാണെന്നതും നരേന്ദ്ര മോദിയുടെ മാത്രമല്ല, മഹാത്മാ ഗാന്ധിയുടേയും ജന്മനാടായ ഗുജറാത്തില്‍ ഒരു ദിവസംപോലും പോകുന്നില്ലെന്നതും വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. എന്നാല്‍, ഈ യാത്രയെ ഈവിധമൊന്നുമല്ലാതെ നോക്കുന്നവരുമുണ്ട്, ഏറെ; രാഹുല്‍ ഗാന്ധി രാജീവ് ഗാന്ധിയുടെ മകനും ഇന്ദിരാഗാന്ധിയുടെ ചെറുമകനുമാണെന്നു മാത്രമറിയുന്നവര്‍ ഉള്‍പ്പെടെ. ഇന്ദിരയുടേയും രാജീവിന്റേയും രക്തസാക്ഷിത്വം ഓര്‍ക്കുന്ന തലമുറയില്‍പ്പെട്ടവര്‍. മേല്‍പ്പറഞ്ഞവരെല്ലാം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളോടു താല്പര്യമുള്ളവരോ അല്ലാത്തവരോ ആണ്. എല്ലാവരും കോണ്‍ഗ്രസ്സുകാരല്ല; കോണ്‍ഗ്രസ്സ് വിരുദ്ധരുമല്ല. പക്ഷേ, അവര്‍ക്കെല്ലാം രാഹുല്‍ ഗാന്ധി ഒരു ഭാരതയാത്ര നടത്തുന്നു എന്നു മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയെ (മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍) വിഭജിക്കുന്നതിനെതിരായ യാത്ര എന്നാണ് ജോഡോ യാത്രയുടെ മലയാളം. നാനാത്വത്തിലെ ഏകത്വത്തില്‍നിന്നു നാനാത്വം നഷ്ടപ്പെടുത്തി ഏകത്വം മാത്രമാക്കി മാറ്റുന്നതിനെതിരായ രാഷ്ട്രീയ ഇടപെടല്‍ എന്നു വിശദീകരണം. 2024-ലെ ഏപ്രില്‍-മേയിലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെ മുന്നൊരുക്കമാണിത് എന്നത് കോണ്‍ഗ്രസ്സ് നേരിട്ടു പറയാത്തതും രാജ്യത്തിന് അറിയാവുന്നതുമായ ഒരു പ്രധാന കാര്യമാണുതാനും. ആ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ക്കൂടി ബി.ജെ.പി നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രാജ്യത്ത് അധികാരത്തില്‍ എത്തുന്നതിനോട് കോണ്‍ഗ്രസ്സിനുണ്ട് എന്നു കരുതപ്പെടുന്ന ആശങ്കയാണ് ഈ മുന്നൊരുക്കത്തിന്റെ രാഷ്ട്രീയ നിക്ഷേപം. ഇന്ത്യയെ മതരാഷ്ട്രമാക്കാനോ ജനാധിപത്യം ഇല്ലാതാക്കാനോ ബി.ജെ.പിയും കടുത്ത സംഘപരിവാര്‍ അനുകൂല സഖ്യകക്ഷികളുമൊഴികെ ആഗ്രഹിക്കുന്നില്ല എന്ന പ്രതീക്ഷയുമുണ്ട് കൂട്ടത്തില്‍. അതേസമയം, മതനിരപേക്ഷ ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ്സിനു മാത്രമേ കഴിയൂ എന്നും മുന്നില്‍ നിര്‍ത്താന്‍ ഒരൊറ്റ രാഹുല്‍ ഗാന്ധി മാത്രമേ ഉള്ളൂ എന്നും വരുത്താനുള്ള യാത്രയുമാണ്. രാഹുല്‍ ഗാന്ധിയെ പാറശ്ശാല അതിര്‍ത്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കേണ്ടതായിരുന്നു എന്ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിലുണ്ട് ആ പ്രചരണം ഏറ്റുതുടങ്ങിയതിന്റെ സൂചന. കോണ്‍ഗ്രസ്സ് നേതാവായ വയനാട് എം.പിയുടെ യാത്രയെ, കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ യാത്രയായി മനസ്സിലാക്കുന്നതിലെ അബദ്ധം തിരിച്ചറിഞ്ഞതുകൊണ്ടാകാം പിന്നീട് അദ്ദേഹം അത് പറഞ്ഞുകേട്ടില്ല. 

it's time to unite india again, it's time for bharat jodo ytara എന്നാണ് ജോഡോ യാത്രയുടെ മുദ്രാവാക്യം. ഇന്ത്യ വീണ്ടും ഒന്നിക്കേണ്ട സമയമാണെന്നു പറയുന്നതില്‍ നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനമുണ്ട് എന്നു വിശ്വസിക്കുന്നവര്‍ ഏറെ. അതുതന്നെയാണ് ഒന്നാമത്തെ കാര്യം. രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ്സിന്റേയും ശ്രമങ്ങള്‍ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍. അത് ശരിയായി അറിയുന്നുവെങ്കില്‍ ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്ക് അടിത്തറ പാകി നല്‍കിയ സ്വന്തം തെറ്റ് ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ട് കോണ്‍ഗ്രസ്സിന്. എന്നാല്‍, ''രാജ്യം ഭരിക്കുന്നത് കപട ഹിന്ദുക്കളാണ്, ഞങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുക്കള്‍'' എന്നു പ്രഖ്യാപിക്കുന്ന, യഥാര്‍ത്ഥ ഹിന്ദുക്കളുടെ ഭരണമാണ് രാജ്യത്തുണ്ടാകേണ്ടത് എന്നു പറയുന്ന കപട രാഷ്ട്രീയമാണ് രാഹുല്‍ പറയുന്നത്. അതിന്റെ മറ്റൊരു പേരല്ല, അതിന്റെ ഉള്ളടക്കം തന്നെ മൃദു ഹിന്ദുത്വമാണ്. സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയ അടിത്തറയില്‍ത്തന്നെ സ്വന്തം രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമം. അതിന്റെ ഭാഗമായിക്കൂടിയാണ് ബി.ജെ.പി ശക്തികേന്ദ്രങ്ങളിലൂടെ യാത്ര പോകാതിരിക്കുകയോ പേരിനുമാത്രം പോവുകയോ ചെയ്യുന്നത് എന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ട്. അതുവഴി ജോഡോ യാത്രയ്ക്കു തുടക്കത്തില്‍ത്തന്നെ വിശ്വാസ്യത കുറയാന്‍ അതിന്റെ റൂട്ട് മാപ്പ് ഇടയാക്കി.

ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയിൽ  നിന്ന്
ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയിൽ  നിന്ന്

റോഡിലെ ഷോകളില്‍ രാഷ്ട്രീയമെത്ര?

സെപ്റ്റംബര്‍ ഏഴിനാണ് യാത്ര തുടങ്ങിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൂടി ചേര്‍ന്നാണ് ദേശീയപതാക രാഹുലിനു കൈമാറിയത്. തമിഴ്നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസ്സും മുഖാമുഖം നില്‍ക്കുന്ന പാര്‍ട്ടികളല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് അതു സാധിച്ചത്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സ് സെമിനാറില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുപക്ഷത്തേയും പ്രകീര്‍ത്തിക്കാന്‍ സ്റ്റാലിനു കഴിഞ്ഞതും അതുകൊണ്ടാണ്; സി.പി.എമ്മുമായി മുഖാമുഖമല്ല നില്‍പ്പ്. പത്തിനു യാത്ര കേരളത്തിലേക്കു കടന്നു. ആദ്യ ദിവസം തന്നെ, അതിര്‍ത്തിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ സ്വീകരണച്ചടങ്ങുമായി ബന്ധപ്പെട്ടു വിവാദമുണ്ടായി. രാഹുല്‍ ഗാന്ധി ആ വഴിയേ പോയിട്ടും അങ്ങോട്ടു കയറിയില്ല. അന്തരിച്ച പി. ഗോപിനാഥന്‍ നായര്‍, കെ.ഇ. മാമ്മന്‍ എന്നീ ഗാന്ധിയന്മാര്‍ക്ക് മെഡിക്കല്‍ കോളേജ് വളപ്പില്‍ നിര്‍മ്മിച്ച സ്മൃതിമണ്ഡപം രാഹുല്‍ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് ഡി.സി.സിയും കെ.പി.സി.സിയും ഉറപ്പു കൊടുത്തിരുന്നു. അതനുസരിച്ച് ആശുപത്രി അധികൃതര്‍ പരിപാടി സജ്ജീകരിച്ചു. എന്നാല്‍, സ്വകാര്യ മെഡിക്കല്‍ കോളേജിന് ദേശീയതലത്തില്‍ മാധ്യമ കവറേജ് ഒരുക്കിക്കൊടുക്കാനുള്ള ചില നേതാക്കളുടെ കാര്യപരിപാടിയാണ് എന്ന സൂചന രാഹുലിനു കിട്ടി. അദ്ദേഹം അങ്ങോട്ടു കയറിയതുമില്ല. സംഭവസ്ഥലത്തുവച്ച് ശശി തരൂര്‍ മുറുമുറുക്കുകയും കെ. സുധാകരനും ഡി.സി.സി നേതൃത്വവും സംഘാടകരോടു ക്ഷമ ചോദിക്കുകയും ചെയ്‌തെങ്കിലും വിഷയം കൂടുതല്‍ കത്താതെ ശ്രദ്ധിക്കുന്നതില്‍ രാഹുലിന്റെ പി.ആര്‍ ടീം വിജയിച്ചു. ഗാന്ധിയന്മാരുടെ സ്മരണയെ രാഹുല്‍ ഗാന്ധി അവഹേളിച്ചു എന്നു വരുത്താനുള്ള സംഘപരിവാര്‍ ശ്രമം കാര്യമായി വിജയിച്ചുമില്ല. യാത്രയിലുടനീളം, പ്രത്യേകിച്ചും ഇത്രയധികം ദിവസം സഞ്ചരിക്കുന്ന കേരളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നു തിരിച്ചറിയാന്‍ ഈ സംഭവം രാഹുലിനു പാഠമായി എന്നതാണു സത്യം. പി.ആര്‍ ടീമിന്റെ തിരക്കഥയ്‌ക്കൊപ്പിച്ചാണ് രാഹുലിന്റെ ഓരോ ചുവടും എന്ന വിമര്‍ശനവും പരിഹാസവും സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസ്സ് വിരുദ്ധ മാധ്യമങ്ങളിലും നിറഞ്ഞു. തട്ടുകടകളില്‍നിന്നു ചായ കുടിക്കല്‍, ബസ്സില്‍ കയറി യാത്ര, വെയിലത്തു നടന്ന് പരിപാടിക്കെത്തിയ സ്ത്രീക്ക് വെള്ളം കൊടുക്കല്‍, ചെരിപ്പിന്റെ വാറ് പൊട്ടിയ കുട്ടിക്ക് അത് ഇട്ടുകൊടുക്കല്‍ തുടങ്ങിയതൊക്കെയാണ് അതിനു കാരണം. പക്ഷേ, നേരെ മറിച്ചാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്: ''തട്ടുകടകളില്‍നിന്നു ചായ കുടിക്കുന്നതും സ്ത്രീകളോടും പ്രായമായവരോടും കുട്ടികളോടും കരുണ കാണിക്കുന്നതും രാഹുലിന്റെ രീതിയാണ്; അതു സ്വാഭാവികമായി സംഭവിക്കുന്നതുമാണ്. ജനങ്ങളുടെ മനസ്സില്‍ അതെല്ലാം പതിയുന്നുണ്ട്.'' എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറയുന്നു. 

ചെല്ലുന്നിടത്തൊക്കെ രാഹുല്‍ ഗാന്ധിയെ കാണാന്‍ കൂടുന്ന ആള്‍ക്കൂട്ടം ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്സിന്റെ വോട്ടായി മാറുമോ എന്ന്, കോണ്‍ഗ്രസ്സിന് ഭരണമില്ലെങ്കിലും ഇപ്പോഴും സംഘടനാശേഷിയുള്ള കേരളവും കര്‍ണാടകയും ആന്ധ്രപ്രദേശും മറ്റുമല്ല കൃത്യമായ സൂചനകള്‍ നല്‍കുക; നോക്കിനില്‍ക്കെ അധികാരവും സംഘടനയും ചോര്‍ന്നുപോയ മഹാരാഷ്ട്രയും മധ്യപ്രദേശും പഞ്ചാബും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രതികരണങ്ങളാണ്; ഹരിയാനയാണ്, ഉത്തര്‍പ്രദേശാണ്, ഗുജറാത്താണ്, ഡല്‍ഹിയാണ്. അതൊക്കെ ഇനി വരാന്‍ പോകുന്നതേയുള്ളൂ. സ്വന്തം മുന്നണിക്ക് 20-ല്‍ 19 ലോക്സഭാംഗങ്ങളുമുള്ള കേരളത്തില്‍ 19 ദിവസം യാത്ര ചെയ്യുന്നതിനു പകരം കോണ്‍ഗ്രസ്സ് തകര്‍ന്നുതരിപ്പണമായ യു.പിയില്‍ കൂടുതല്‍ ദിവസങ്ങള്‍ സഞ്ചരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നതും അതുകൊണ്ടുതന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ച, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നില്‍പ്പോയ സംസ്ഥാനമാണ് ഗുജറാത്ത്. മോദിയുടേയും അമിത് ഷായുടേയും അക്രമോത്സുക ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല. തലൈവര്‍ രാഹുല്‍ വാഴ്ക എന്ന് കന്യാകുമാരീ തീരത്ത് കേട്ട വാഴ്ത്തുമൊഴികളില്‍പ്പോലും കോണ്‍ഗ്രസ്സ് പ്രതീക്ഷ വയ്‌ക്കേണ്ടതില്ല എന്നിരിക്കെയാണ് ബി.ജെ.പിക്ക് മേധാവിത്വമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കാത്തുവച്ചിരിക്കുന്നത് എന്താണെന്ന ചോദ്യം പ്രസക്തമാകുന്നത്. അതിനിടയില്‍, രാഹുലിന്റെ ടീ ഷര്‍ട്ട് വിദേശനിര്‍മ്മിതമാണോ തിരുപ്പൂരില്‍ നിര്‍മ്മിച്ചതാണോ എന്ന വിവാദമൊക്കെ അപ്രസക്തം. ''ജനങ്ങള്‍ ജാതിക്കും മതത്തിനും അതീതമായി ഒരുമിക്കണം എന്ന ആദര്‍ശം ജീവിതകാലം മുഴുവന്‍ പ്രചരിപ്പിച്ച പെരിയാറിന്റെ നാട്ടില്‍നിന്ന് അതേ ആദര്‍ശത്തിനുവേണ്ടി നിലകൊണ്ട ശ്രീനാരായണഗുരുവിന്റെ നാട്ടിലേക്കാണ് കടക്കുന്നത്. രാജ്യം പിന്തുടര്‍ന്നു വന്നത് ഇവരുള്‍പ്പെടെയുള്ള മഹാത്മാക്കളുടെ ഉന്നതമായ ദര്‍ശനങ്ങളാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇന്നു രാജ്യം ഭരിക്കുന്നത് ഈ ആശയങ്ങള്‍ അംഗീകരിക്കുന്നവരല്ല, അതിനെതിരെ വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ്'' -പാറശാലയില്‍ രാഹുല്‍ പറഞ്ഞു. യാത്ര പോകെപ്പോകെ ഈ രാഷ്ട്രീയം എത്ര ശക്തമായി തുടര്‍ന്നും പറയുമെന്നതും പ്രധാനമാണ്. 

ആലപ്പുഴ പുന്നമടയിൽ വള്ളം തുഴയുന്ന രാഹുൽ ​ഗാന്ധി
ആലപ്പുഴ പുന്നമടയിൽ വള്ളം തുഴയുന്ന രാഹുൽ ​ഗാന്ധി

വയനാട് വിടുമോ?

രാഹുല്‍ ഗാന്ധിയുടെ യാത്ര കാണാന്‍ കൂടുന്ന ജനത്തെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവാണെങ്കിലും പാര്‍ട്ടിയിലെത്ര ആളുണ്ട് എന്നു പറയുമ്പോള്‍ ആ ആത്മവിശ്വാസമില്ല കോണ്‍ഗ്രസ്സിന്. സംഘടനാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ തയ്യാറല്ല എന്ന നിലപാടുതന്നെ തെളിവ്. കേന്ദ്രത്തിലും തയ്യാറല്ല സംസ്ഥാനങ്ങളിലും തയ്യാറല്ല. ജോഡോ യാത്രയുടെ ആദ്യദിനങ്ങളില്‍ത്തന്നെയാണ് ഇതുമുണ്ടായത്. സംഘടനാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവര്‍ക്കും മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ക്കും വോട്ടര്‍പട്ടിക നല്‍കണമെന്ന അഞ്ച് കോണ്‍ഗ്രസ്സ് എം.പിമാരുടെ ആവശ്യം തെരഞ്ഞെടുപ്പു സമിതി അദ്ധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രി അംഗീകരിച്ചില്ല. പട്ടിക പ്രസിദ്ധീകരിക്കില്ല, വോട്ടര്‍മാരുടെ വിവരങ്ങള്‍ സെപ്റ്റംബര്‍ 20 മുതല്‍ പത്രിക സമര്‍പ്പിക്കുന്നതുവരെ തന്റെ ഓഫീസില്‍ വന്നു പരിശോധിക്കാം- ഇതാണ് പ്രസിഡന്റായി മത്സരിക്കാനൊരുങ്ങുന്ന ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരെ മിസ്ത്രി അറിയിച്ചത്. പട്ടിക ആവശ്യപ്പെട്ടവര്‍ അത് അംഗീകരിച്ചതോടെ പ്രശ്‌നം തീര്‍ന്നെങ്കിലും സ്വന്തം വോട്ടര്‍പട്ടിക പുറത്തുവിടാന്‍ തയ്യാറാകാത്തത് ട്രോളുകളായി. ഇതിനെല്ലാമിടയിലൂടെയാണ് കെ.പി.സി.സി ജനറല്‍ബോഡി യോഗം ചേര്‍ന്ന് കെ. സുധാകരനെ പ്രസിഡന്റാക്കാനുള്ള ചുമതല സോണിയ ഗാന്ധിയെ ഏല്പിച്ചത്. രമേശ് ചെന്നിത്തല പ്രമേയം അവതരിപ്പിച്ചു, വി.ഡി. സതീശനുള്‍പ്പെടെ പിന്തുണച്ചു. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഐക്യം കണ്ടുപഠിക്കേണ്ടതുതന്നെ. പക്ഷേ, മുതിര്‍ന്ന നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ എ.ഐ.സി.സി സെക്രട്ടറിയും പ്രമുഖ വനിതാനേതാവുമായ ഷാനിമോള്‍ ഉസ്മാനും മറ്റും എവിടെ എന്ന ചോദ്യം പ്രവര്‍ത്തകരില്‍നിന്നാണ് ഉയരുന്നത്. കോണ്‍ഗ്രസ്സിലെ വിഭാഗീയതയുടെ നേര്‍സാക്ഷ്യമാണ് ചില പ്രമുഖ നേതാക്കളുടെ അസാന്നിധ്യമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത് പരിഹരിക്കാന്‍ മുന്‍കയ്യെടുക്കേണ്ട സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റും മിണ്ടുന്നില്ല. 

കേരളത്തില്‍ കൂടുതല്‍ ദിവസം യാത്ര ചെയ്യുന്നതുവഴി സംഘപരിവാറിനു പകരം ഇടതുപക്ഷത്തെ രാഹുല്‍ ഗാന്ധി ഉന്നം വയ്ക്കുകയാണ് എന്ന പ്രതീതി തുടക്കത്തില്‍ ഉണ്ടായെങ്കിലും രാഹുല്‍ തന്നെ മുന്‍കയ്യെടുത്ത് അത് നീക്കി. ഇനിയുള്ള ദിവസങ്ങളില്‍ ഇടതുപക്ഷത്തിനും എല്‍.ഡി.എഫ് സര്‍ക്കാരിനുമെതിരെ എന്തെങ്കിലും പറയുമോ എന്നു കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍, ഇതുവരെ സി.പി.എമ്മിനേയോ ഇടതുമുന്നണിയേയോ സംസ്ഥാന സര്‍ക്കാരിനേയോ അതല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നിരന്തരം കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയോ വിമര്‍ശിക്കാന്‍ രാഹുല്‍ പറഞ്ഞില്ല. തിരിച്ച് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും അതേ ജാഗ്രത പാലിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിച്ചതുവഴി ഇടതുപക്ഷത്തിനെതിരെയായി രാഹുലിന്റെ മത്സരം മാറി എന്നു തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയ സി.പിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ദേശാഭിമാനിയിലെ സ്വന്തം പംക്തിയില്‍ ജോഡോ യാത്രക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തോടെ അവസാനിപ്പിച്ചു. സംഘപരിവാറിനെതിരെ 2024-ലെ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെ ഭാഗമായാലും ഇല്ലെങ്കിലും സ്വാഭാവിക സഖ്യകക്ഷികളായതുകൊണ്ടുള്ള കരുതലാണോ പരസ്പരം കാണിക്കുന്നത് എന്നറിയാന്‍ സമയമുണ്ട്. 2024-ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കേണ്ട എന്ന് രാഹുല്‍ തീരുമാനിക്കുമോ എന്നത് പ്രധാനമാണ്. 2019-ല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് കേരളത്തില്‍ യു.ഡി.എഫിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുകയും എല്‍.ഡി.എഫിന്റെ കനത്ത തോല്‍വിക്കു കാരണമാവുകയും ചെയ്തു എന്ന യാഥാര്‍ത്ഥ്യമുണ്ട്. എന്നാല്‍, നരേന്ദ്രമോദിക്കെതിരെ രാഹുലിനു പരമാവധി എം.പിമാരെ നല്‍കാനുള്ള കേരളത്തിലെ വോട്ടര്‍മാരുടെ അന്നത്തെ തീരുമാനം ദേശീയതലത്തില്‍ പ്രതിഫലിച്ചില്ല. പാര്‍ലമെന്റില്‍ ഇടതുപക്ഷ സാന്നിധ്യം ദുര്‍ബ്ബലമായതു മാത്രം ബാക്കി. എങ്കിലും ഇത്തവണയും രാഹുലിനെ മുന്നില്‍ നിര്‍ത്തി 2019-ലെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നോക്കുന്നത്. രാഹുലിന്റെ തീരുമാനം അതിപ്രധാനമാണ്. വയനാട്ടില്‍ ഇനി മത്സരിക്കില്ല എന്നു തീരുമാനിച്ചാല്‍ അമേഠി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും ബി.ജെ.പിയുമായി നേരിട്ടു മല്‍സരിച്ചു ജയിക്കുക എന്നത് രാഹുലിന് അഭിമാനത്തിന്റെ പ്രശ്‌നം കൂടിയായി മാറും. അതിനിടെ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും ആദായനികുതി വകുപ്പിനേയും പേടിയില്ല എന്ന മുഖവുരയോടെ ഭാരത് ജോഡോ യാത്രയെക്കുറിച്ചു നല്ല വാക്കുകള്‍ പറയാന്‍ ഒരു സംസ്ഥാന ഗവര്‍ണറും മുന്നോട്ടു വന്നതും കാണാതിരുന്നുകൂട. കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരന്തര പോരിലായിരിക്കെ പ്രത്യേകിച്ചും. രാഹുലിന്റെ യാത്ര നല്ല തുടക്കമാണെന്നും രാജ്യത്തു പുതിയ സാഹചര്യത്തിന് അതു വഴിതുറക്കമെന്നുമാണ് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞത്. മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും വേണ്ടി കര്‍ഷകരെ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ് എന്നുകൂടി പറഞ്ഞു, അദ്ദേഹം. 

വിശ്വസിക്കുമോ ഇന്ത്യ?

''ഈ പതാക ഇന്ത്യക്കാരുടെ കയ്യില്‍ വെറുതേ വന്നുചേര്‍ന്നതല്ല, ആരും സമ്മാനമായി തന്നതുമല്ല, ഇന്ത്യന്‍ ജനത നേടിയെടുത്തതാണ്'' ദേശീയപതാകയെക്കുറിച്ച് യാത്രയുടെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ''ഓരോ ഇന്ത്യക്കാരനേയുമാണ് ഈ പതാക പ്രതിനിധീകരിക്കുന്നത്. ഇന്ത്യക്കാരായ ഓരോ മനുഷ്യനേയും ഓരോ മതത്തേയും ഓരോ സമുദായത്തേയും ഓരോ ഭാഷയേയും ഓരേ സംസ്ഥാനത്തേയും പ്രതിനിധീകരിക്കുന്നു. ഇത് ഒരാള്‍ നേടിയതല്ല, ഓരോ ഇന്ത്യക്കാരനും നേടിയതാണ്. എന്നാല്‍, ഇന്ന് ഈ പതാക ആക്രമണം നേരിടുന്നു. ദേശീയപതാകയെ തങ്ങളുടെ സ്വന്തം സ്വത്തായി ബി.ജെ.പി കാണുന്നു. ദേശീയപതാകയെ അഭിവാദ്യം ചെയ്യുകയെന്നാല്‍ അതിന്റെ മൂല്യങ്ങള്‍ മനസ്സിലാക്കി, അവയുടെ സംരക്ഷണത്തിനായി പോരാടുമെന്ന പ്രഖ്യാപനമാണ്.'' ഒരുപക്ഷേ, പാര്‍ലമെന്റിലോ പുറത്തോ രാഹുല്‍ ഗാന്ധി എന്ന നേതാവ് ഇതുവരെ പറയാത്തത്ര ശക്തമായ രാഷ്ട്രീയമാണ് ദേശീയ പതാകയെ മുന്‍നിര്‍ത്തി വിശദീകരിച്ചത്. അതില്‍ അദ്ദേഹവും കോണ്‍ഗ്രസ്സും പ്രതിനിധാനം ചെയ്യണമെന്ന് ആ പാര്‍ട്ടിക്കാര്‍തന്നെ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന തിരിച്ചുവരവിന്റെ രാഷ്ട്രീയമുണ്ട്. എന്നാല്‍, പതിവുപോലെ സ്ഥിരതയില്ലാത്ത രാഷ്ട്രീയ വര്‍ത്തമാനങ്ങളിലേക്കാണ് രാഹുല്‍ ഗാന്ധി അടുത്ത ദിവസങ്ങളില്‍ കടന്നത്. ദേശീയ പതാകയിലൂടെ ഫാസിസ്റ്റുവിരുദ്ധ രാഷ്ട്രീയത്തിന്റെ വിട്ടുവീഴ്ച ഇല്ലാത്ത കൊടി പാറിക്കുന്നതിനു പകരമാണ്, ഞങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുക്കള്‍, നിങ്ങള്‍ കപട ഹിന്ദുക്കള്‍ എന്ന അപ്പപ്പോഴത്തെ കയ്യടിക്കുള്ള വര്‍ത്തമാനം പറഞ്ഞത്. രാഹുല്‍ ഗാന്ധി ഉറച്ച നിലപാടുകളില്ലാത്ത നേതാവാണ് എന്നതിനു നിരവധി ഉദാഹരണങ്ങളില്‍ ഒന്നുകൂടിയായി അതു മാറി. രണ്ടാം മോദി സര്‍ക്കാര്‍ വരുമെന്നു പ്രതീക്ഷിക്കാതെ വയനാട്ടില്‍നിന്നു തെരഞ്ഞെടുപ്പിനെ നയിച്ച ശേഷം തോല്‍വിയുടെ ആഘാതത്തില്‍ മുറിക്കു പുറത്തിറങ്ങാതിരുന്ന അതേ രാഹുല്‍; കര്‍ഷക ലക്ഷങ്ങളുടെ പ്രക്ഷോഭം തിളച്ചുമറിയുമ്പോള്‍ അങ്ങോട്ടു തിരിഞ്ഞുനോക്കുകപോലും ചെയ്യാതിരുന്ന രാഹുല്‍. ബിഷപ്പുമാരേയും ഇമാമുമാരേയും ശിവഗിരിയിലെ സ്വാമിമാരേയും അമൃതാനന്ദമയിയേയും മറ്റും കാണുന്നത് ഒരു രാഷ്ട്രീയ യാത്രയുടെ ഭാഗമായ സ്വാഭാവിക സന്ദര്‍ശനങ്ങള്‍ തന്നെ. പക്ഷേ, അവരൊക്കെ കൃത്യമായ രാഷ്ട്രീയമുള്ളവരാണ്; രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനംകൊണ്ട് അതില്‍ മാറ്റമുണ്ടാകാനും സാധ്യത ഇല്ല. എന്നാല്‍, വിശ്വസിക്കാമെന്നും പ്രതീക്ഷവയ്ക്കാമെന്നും കൂടെ നില്‍ക്കാമെന്നും തോന്നിയാല്‍ വോട്ടായി മാറാനിടയുള്ളവരാണ് സാധാരണ ജനങ്ങള്‍. തെരഞ്ഞെടുപ്പില്‍ തീരുമാനങ്ങളെടുക്കുക അവരാണ്. ആ തീരുമാനത്തിനൊരു 'കുഴപ്പ'മുണ്ട്. മാറിമറിയാനിടയുള്ളതാണ് അരുടെ വിശ്വാസം, അതിനനുസരിച്ചു മാറുന്നതാണ് തീരുമാനവും. നാടിളക്കിമറിച്ച് വോട്ടുപിടിക്കാനും തങ്ങള്‍തന്നെയാണ് ഇനിയും ജയിക്കുകയെന്നു വിശ്വസിപ്പിക്കാനും സംഘപരിവാര്‍ പിന്നാലെ വരുന്നുണ്ട്. അങ്ങനെയാണെങ്കിലും മതേതരത്വത്തിലും ജനാധിപത്യത്തിലും ഇന്ത്യ എന്ന സങ്കല്പത്തിലും ഉറച്ചുവിശ്വസിക്കുന്നവര്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ്സിനേയും ഇപ്പോഴും ഉറ്റുനോക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് തകര്‍ച്ചയില്‍നിന്നു തിരിച്ചുവന്നാല്‍ രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയുടെ നോട്ടമാണത്. അതിന് ആദ്യം കോണ്‍ഗ്രസ്സ് നന്നാകണം. 

ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ്സിനെ രക്ഷപ്പെടുത്തുമോ ഇല്ലയോ എന്നതാണ് പ്രധാനം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com