'ഞാനൊരിക്കലും ഒരു കോക്കസിലും ഉണ്ടായിരുന്നില്ല, അടൂര്‍ ക്യാമ്പ് എന്നൊരു ഗ്രൂപ്പ് മലയാള സിനിമയില്‍ ഇല്ല'

By അടൂര്‍ ഗോപാലകൃഷ്ണന്‍ / അനില്‍ എസ്.  |   Published: 25th September 2022 06:33 PM  |  

Last Updated: 25th September 2022 06:33 PM  |   A+A-   |  

adoor

 

ലയാളത്തിന്റെ സ്വന്തം വിശ്വചലച്ചിത്രകാരന്‍ നാഴികക്കല്ലുകള്‍ പിന്നിടുകയാണ് - സിനിമയിലും ജീവിതത്തിലും. നിഴലും നിലാവും മാറിമറിയുന്ന, അഭ്രപാളികളിലെ വിസ്മയിപ്പിക്കുന്ന പ്രപഞ്ചത്തിലേക്ക്, ജീവിതത്തിന്റെ ഏടുകള്‍ കൂട്ടിച്ചേര്‍ത്ത കഥകളിലേക്ക്, ആത്മാവിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ച കഥാപാത്രങ്ങളിലൂടെ മലയാളിക്കു മുന്നില്‍ കാഴ്ചയുടെ വാതായനം തുറന്നിട്ട ഒരാള്‍. ലോക സിനിമയില്‍ മലയാളത്തിന്റെ കയ്യൊപ്പ് പതിപ്പിച്ച ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. 

അരനൂറ്റാണ്ടിലെ എണ്ണം പറഞ്ഞ 12 സിനിമകളെക്കുറിച്ച്, താന്‍ പടുത്തുയര്‍ത്തിയ ചിത്രലേഖ എന്ന പ്രസ്ഥാനത്തെക്കുറിച്ച്, സമകാലികരും മുതിര്‍ന്നവരുമായ ചലച്ചിത്രകാരന്മാരെക്കുറിച്ച്, വളരുന്ന അസഹിഷ്ണുതയെക്കുറിച്ച്, മലയാള സിനിമയിലെ പ്രതീക്ഷയുടെ പുതുനാമ്പുകളെക്കുറിച്ച്, ഒടുവില്‍ കാഴ്ചയുടെ കഥ പറഞ്ഞ തന്റെ ജീവിതത്തെക്കുറിച്ച്.

അടൂർ ​ഗോപാലകൃഷ്ണൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന്‍ ഒരു നാഴികക്കല്ല് പിന്നിടുകയാണ്.  മലയാള സിനിമയില്‍ നിലനിന്നിരുന്ന സമ്പ്രദായങ്ങളെ മാറ്റിയെഴുതിയ താങ്കളുടെ ആദ്യ ചിത്രം സ്വയംവരം 50 വര്‍ഷം പിന്നിടുകയാണ്. സിനിമാ ജീവിതത്തിന്റെ 50 വര്‍ഷമാണോ ഇത് ?

ഞാനൊരു സിനിമാ സംവിധായകന്‍ ആകുന്നത് അഥവാ ആകാന്‍ തീരുമാനിക്കുന്നത് 1962-ലാണ്. 1965-ല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് പാസ്സായപ്പോഴാണ് ഒരു മുഴുവന്‍ സമയ ചലച്ചിത്ര സംവിധായകന്‍ ആകുന്നത്. അതനുസരിച്ചിട്ടാണെങ്കില്‍ ഞാന്‍ സിനിമയിലേക്ക് പ്രവേശിച്ചിട്ട് 60 വര്‍ഷമായി. 2022 സ്വയംവരത്തിന്റെ 50 വര്‍ഷമാണ്. 1962-ല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നതോടുകൂടി ഞാനൊരു ഫിലിംമേക്കര്‍ ആവുകയാണ്. ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച് ചെയ്ത 'എ ഗ്രേറ്റ് ഡേ' ആണ് എന്റെ ആദ്യ സിനിമ. അതിനുശേഷം ലൈറ്റ് എന്നൊരു സിനിമ ചെയ്തു. ആദ്യത്തേത് രണ്ടാം വര്‍ഷത്തിന്റെ അവസാനവും മറ്റേത് മൂന്നാം വര്‍ഷത്തിന്റെ അവസാനവും. 

1972-ലാണ് സ്വയംവരം വരുന്നത്. ഇതിന് ഇടയിലുള്ള ഏഴുവര്‍ഷം ഞാന്‍ മറ്റ് പലതും ചെയ്തു - ഫിലിം സൊസൈറ്റി, ഡോക്യുമെന്ററി നിര്‍മ്മാണം അങ്ങനെ പലതും. ആ സമയത്ത് ഞാന്‍ സിനിമയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഞാന്‍ തന്നെ ക്യാമറ ഓപ്പറേറ്റ് ചെയ്തു, സൗണ്ട് റെക്കോര്‍ഡ് ചെയ്തു, അങ്ങനെ പലതും. കൊടിയേറ്റത്തില്‍ കേള്‍ക്കുന്ന ശബ്ദ വിശേഷങ്ങളെല്ലാം ഞാന്‍ തന്നെയാണ് ചെയ്തത്. ആ സിനിമയ്ക്ക് പശ്ചാത്തല സംഗീതമില്ല (background score). പക്ഷേ, സിനിമ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് അതറിയാനാകില്ല. അത്തരത്തിലാണ് അത് ചെയ്തിരിക്കുന്നത്. സിനിമ കണ്ടു പുറത്തിറങ്ങി ആലോചിക്കുമ്പോഴാണ് പശ്ചാത്തല സംഗീതം ഉണ്ടായിരുന്നില്ലല്ലോ എന്ന് അവര്‍ തിരിച്ചറിയുന്നത്. ഒരുപക്ഷേ, ശബ്ദസിനിമ വന്നതിനുശേഷം ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു സിനിമ ഇറങ്ങുന്നത്. 

ഈ സിനിമ കണ്ടിട്ട് സത്യജിത് റേ എന്നോട് ചോദിച്ചിട്ടുണ്ട് - are you going to do away with background score altogether? ഞാന്‍ പറഞ്ഞു. ഇല്ല. എന്റെ ആദ്യ സിനിമയില്‍ പശ്ചാത്തല സംഗീതമുണ്ട്. അദ്ദേഹം എനിക്കൊരു ഉപദേശവും തന്നു. If you use background score sparingly it can make good effect. അതു തന്നെയാണ് ഞാന്‍ ചെയ്യുന്നതെന്ന് ഞാന്‍ മറുപടി നല്‍കി. ഞാന്‍ ഉപയോഗിക്കുന്നത് ഒരു തീം മ്യൂസിക്കാണ്. വളരെ നിയന്ത്രിതമായേ അത് ഉപയോഗിക്കാറുള്ളൂ. 

സാധാരണയായി ഒരു സീനിന്റെ വൈകാരികത കൂട്ടാനായി സംഗീതം ഉപയോഗിക്കുകയാണ് പലരും ചെയ്യാറ്. വളരെ ദുഃഖകരമായ രംഗത്തില്‍ വയലിന്‍ വായിക്കും. അപ്പോള്‍ അതൊരു കോണ്‍ട്രിബ്യൂഷന്‍ അല്ല. മറിച്ച് അതിഭാവുകത്വമാണ്. കാഴ്ചക്കാരെ അങ്ങനെ കണ്ടീഷന്‍ ചെയ്യുകയാണ് പലരും ചെയ്യുന്നത്. വയലിന്‍ വലിച്ചു വായിച്ചാല്‍ ദുഃഖമാണ്, മൃദംഗം പോലെ ഏതെങ്കിലുമൊരു സംഗീതോപകരണം വായിച്ചാല്‍ സന്തോഷമാണ്. അങ്ങനെ ചില അസോസിയേഷന്‍സ് ഉണ്ടാക്കും. പ്രഭാതം എന്ന് പറഞ്ഞാല്‍ ഭൂപാളരാഗം വരും. ഇങ്ങനെ എല്ലാം ചിട്ടപ്പെടുത്തി വയ്ക്കുകയാണ് പതിവ്. 

പക്ഷേ, എന്റെ സിനിമയില്‍ സംഗീതം ഒരു സബ് കോണ്‍ഷ്യസ് ലവലിലാണ് പ്രവര്‍ത്തിക്കുന്നത്. സംഗീതം ഇവിടെ ഒരു leit motif ആണ്. ചിലപ്പോള്‍ ചില സബ് തീമുകള്‍ ഉണ്ടാകും. ഉദാഹരണത്തിന് 'എലിപ്പത്തായം' എന്ന സിനിമയില്‍ പല സബ് തീമുകളുണ്ട്. അവസാനം അവയെല്ലാം ഒരുമിച്ച് ചേരും. എന്റെ അഭിപ്രായത്തില്‍ പശ്ചാത്തലസംഗീതത്തിന് അതിന്റേതായ ഒരു സ്വത്വമുണ്ട്. ഒന്നിന്റേയും അടിമപ്പണിയല്ല അത് ചെയ്യേണ്ടത്. It has its own enttiy and existence.  ശബ്ദങ്ങളുടെ ഉപയോഗവും അതുപോലെയാണ്. 

സ്വയംവരത്തിന്റെ ഒരു പ്രധാന്യം അതാണ്. സ്വയംവരത്തിന് മുന്‍പ് ജനങ്ങള്‍ സിനിമയില്‍ ഡയലോഗും സംഗീതവുമല്ലാതെ ഒന്നും കേട്ടിട്ടില്ല. മിക്കവാറും സിനിമകളില്‍ തുടക്കം മുതല്‍ പശ്ചാത്തല സംഗീതം തുടങ്ങും. അപ്പോള്‍ പിന്നെ മറ്റൊന്നും കേള്‍ക്കാനുള്ള സാധ്യതയില്ല. മൂഡ് മാറുന്നതിനനുസരിച്ച് സംഗീതവും മാറും. അങ്ങനെ കണ്ടിഷന്‍ ചെയ്ത് പോയിരിക്കുകയാണ് പതിവ്. പിന്നെ ഡയലോഗ്. ഡയലോഗില്ലാത്ത ഒരു സീന്‍ പോലും ഉണ്ടാകില്ല. നിരന്തരമായി കഥാപാത്രങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കും. അതിലൂടെ വേണം അയാള്‍ നല്ലയാളാണോ ചീത്തയാളാണോ എന്ന് മനസ്സിലാക്കാന്‍. തമിഴില്‍ ചോദിക്കാറില്ലേ, ''സാര്‍, ഇവന്‍ കെട്ടവനാ നല്ലവനാ?'' അതുപോലെയാണ്. ആദ്യമേ അതങ്ങ് പറഞ്ഞാല്‍ കുട്ടികളെപ്പോലെ അവരത് പിന്തുടര്‍ന്നുകൊള്ളും. പഴയ കഥകളില്‍ പറയാറുള്ളതുപോലെ. ''നല്ലവനായ ഒരു  രാജാവ് ഉണ്ടായിരുന്നു. പക്ഷേ, അയാളുടെ മന്ത്രി വളരെ ദുഷ്ടനായിരുന്നു'' ഇങ്ങനെ പോകും കഥ. ശരിക്കും നറേറ്റീവ് നേരത്തെ പറഞ്ഞുവെയ്ക്കുകയാണ്. 

ഇത്തരം രീതികള്‍ ഒക്കെ തകര്‍ത്ത ഒരു സിനിമയാണ് 'സ്വയംവരം'. അതിന്റെ ആദ്യത്തെ സീന്‍ തന്നെ സുദീര്‍ഘമായ ഒരു ബസ് യാത്രയാണ്. അത് മൂന്നുനാല് മിനിട്ടുണ്ട്. ആ സമയത്ത് ആരും ഒന്നും സംസാരിക്കുന്നില്ല. സത്യത്തില്‍ ഈ പടം റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ വളരെ അസ്വസ്ഥരായിരുന്നു. ആരും ഒന്നും സംസാരിക്കുന്നില്ല. അപ്പോള്‍ പിന്നെ എന്ത് ചെയ്യും? കാരണം കാഴ്ചക്കാര്‍ക്ക് അങ്ങനെ ഒരു ശീലമില്ല. ഡയലോഗ് കേട്ട് ശീലമായിപ്പോയി. സിനിമ കേട്ടാണ് അവര്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നത്, കണ്ടല്ല.

എലിപ്പത്തായം

They were not visuallyt rained. അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ഈ സിനിമ റിലീസ് ചെയ്തപ്പോള്‍ ആദ്യ ദിവസങ്ങളില്‍ കാഴ്ചക്കാര്‍ കുറവായിരുന്നു. വളരെ കുറച്ച് തിയേറ്ററില്‍ മാത്രമേ ഒരാഴ്ചയ്ക്കുമേല്‍ സിനിമ ഓടിയുള്ളൂ. സ്റ്റോറി ടെല്ലിങ് അഥവാ കഥ പറയുക എന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ആ സിനിമയില്‍ ഉദ്ദേശിച്ചത് കാഴ്ചക്കാരെ ജീവിതം അനുഭവിപ്പിക്കുക എന്നതായിരുന്നു. ഒരു ദൃശ്യഭാഷയിലൂടെ ആശയവിനിമയം ചെയ്യുക. അതുതന്നെ പല തലങ്ങളിലായി. നമ്മള്‍ കാണുന്ന കഥയുടെ ഭാഗമായി മാത്രമല്ല, പല പല അടരുകളായാണ് സിനിമ ചുരുള്‍നിവരേണ്ടത്. അത് കാഴ്ചക്കാര്‍ക്ക് അനുഭവിക്കാന്‍ കഴിയണം.

അതുകൊണ്ടുതന്നെ സ്വയംവരം രണ്ടോ മൂന്നോ പ്രാവശ്യം കാണുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും. അങ്ങനെ തന്നെയാണ് ഏതു സിനിമയും ആസ്വദിക്കേണ്ടത്. കാരണം അത്രയേറെ കാര്യങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. പല പല റഫറന്‍സും വളരെ അതില്‍ അന്തര്‍ലീനമായിട്ടുണ്ട്. രണ്ടു മണിക്കൂര്‍ സിനിമ കാണാന്‍ എത്തുന്ന ഒരാള്‍ക്ക് ഒരു  ജീവിതത്തിന്റെ അനുഭവം കൊടുക്കാന്‍ നമുക്ക് കഴിയണം. 

അത് ഒരു സിനിമയുടെ കാര്യം മാത്രമല്ല. സിനിമയില്‍ നമ്മള്‍ കാണിക്കുന്ന കാലഘട്ടം പത്തോ ഇരുപതോ വര്‍ഷമായിരിക്കും. പക്ഷേ, അതിനേക്കാള്‍ കൂടുതല്‍ നമുക്ക് അനുഭവസ്ഥരാകാന്‍ കഴിയും. നമ്മള്‍ കഥ പറയുക മാത്രമല്ല ചെയ്യുന്നത്. കാരണം ഞാന്‍ ഒരു സിനിമയുടെ ആശയം സ്വീകരിക്കുമ്പോള്‍ തന്നെ ആലോചിക്കുന്നത് ഇത് സിനിമ ചെയ്യാന്‍ യോഗ്യമാണോ എന്നാണ്. Is it worth? 

കൂട്ടത്തില്‍ ചോദിക്കട്ടെ. സിനിമയുടെ ആശയം രൂപപ്പെടാനാണോ തിരക്കഥക്കാണോ കൂടുതല്‍ സമയം വേണ്ടിവരുന്നത്?

ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത് തിരക്കഥയ്ക്കല്ല, ഒരു ആശയത്തിലേക്ക് എത്താനാണ്. ഒരു ആശയം മനസ്സില്‍ വന്നാല്‍ അതിന്റെ ന്യൂക്ലിയസിലേക്ക് എത്തുക എന്നതാണ് പ്രധാനം. തിരക്കഥ ആകാനുള്ള ക്ഷമത അതിനുണ്ടോയെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. 

ആശയത്തിന് അത്തരം ഒരു ക്ഷമതയുണ്ടെങ്കില്‍ മാത്രമേ തിരക്കഥയിലേക്ക് കടക്കാറുള്ളു. ഞാന്‍ ഒരു നൂറു വട്ടം എന്നോടു തന്നെ ചോദിക്കുന്ന ചോദ്യമുണ്ട്. 'Is it worthy? Should I make this movie? Has it got the potential to develop into a movie?' അത് ചോദിച്ച് നല്ലവണ്ണം ബോധ്യമായതിനു ശേഷമേ സിനിമയിലേക്ക് കടക്കാറുള്ളു. ഇതൊരു നീണ്ട നടപടിയാണ്. 

പലരും ചോദിക്കാറുണ്ട് എന്റെ സിനിമകള്‍ക്കിടയിലെ ദീര്‍ഘമായ ഇടവേളകള്‍ എന്തുകൊണ്ടാണെന്ന്. വേറെ നിവൃത്തിയില്ല. ഈ പറഞ്ഞതാണ് അതിന് കാരണം. ഒരുപാട് സമയമെടുക്കും ഒരു സിനിമ മനസ്സില്‍ പൂര്‍ത്തിയാക്കാന്‍. അധികവും ഞാന്‍ എന്റെ തന്നെ  ആശയങ്ങളാണ് സിനിമയാക്കിട്ടുള്ളത്. മറ്റുള്ളവരുടെ ആശയങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് കുറവാണ്. Naturally there are lot of movies that I decided not to make. 

വിധേയനിൽ മമ്മൂട്ടി

പലപ്പോഴും രാത്രി ഉറക്കത്തിനിടയിലൊക്കെ പുതിയ ആശയങ്ങള്‍ സ്വപ്നരൂപത്തില്‍ കടന്നുവരാറുണ്ട്. ആ സമയത്ത് അവ വളരെ ഗംഭീരമായി തോന്നും. പക്ഷേ, പുലര്‍ച്ചെ  എഴുന്നേറ്റ് ആലോചിക്കുമ്പോള്‍ അത്രയ്ക്ക് അങ്ങ് പോരാ എന്ന് മനസ്സിലാകും. മനസ്സില്‍ തന്നെ ഉപേക്ഷിച്ചു കളഞ്ഞ സിനിമകള്‍ ഒരുപാടുണ്ട്. പലരും എന്നോട് സിനിമയാക്കാനുള്ള രണ്ട് മൂന്ന് ആശയങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞു വരുമ്പോള്‍ എനിക്ക് അത്ഭുതമാണ്. ഇതൊക്കെ എങ്ങനെ കൊണ്ടുനടക്കുന്നു. എനിക്ക്   കൊള്ളാവുന്ന ഒരു ആശയം പോലും തോന്നുന്നില്ലല്ലോ എന്ന് ഞാന്‍ ആലോചിക്കും. പലരുടേയും കയ്യില്‍ ഒത്തിരി ആശയങ്ങളുണ്ട്. നമുക്കാകട്ടെ, ഒന്നു പോലുമില്ല.

മുന്‍പ് പറഞ്ഞതിലേക്ക് മടങ്ങിവരാം. എന്തിനാണ് ഒരു സിനിമ ചെയ്യുന്നത്?

ഒരു നല്ല പാഠം പകര്‍ന്നു നല്‍കാന്‍ അല്ലെങ്കില്‍ ധാര്‍മ്മികമായ ഗുണപാഠം കൊടുക്കാന്‍ അല്ല ഞാന്‍ സിനിമ നിര്‍മ്മിക്കുന്നത്. 

At best, I'mt rying to share an experience with the audience. What kind of an experience? A worthwhile experience which I relish. So I want to share it with you. 

I enjoy my films. I enjoy making my films. I enjoy the whole process of making my films. I think there are like-minded people who would enjoy this experience. I nevert reat my audience like idiots. 

പോപ്പുലര്‍ സിനിമയുടെ ഒരു ബേസിക് തിയറി അതാണ്. അവര്‍ അവരുടെ കാഴ്ചക്കാരെ വിഡ്ഢികളായാണ് കാണുന്നത്. നമുക്കുള്ള ബുദ്ധിയെങ്കിലും അവര്‍ക്കുണ്ടെന്ന്, അഥവാ അതില്‍ കൂടുതല്‍ ഉണ്ടെന്ന് നാം കരുതണം. നമുക്കുള്ള അത്രയെങ്കിലും ബുദ്ധിയുള്ളവരാണ് സിനിമ കാണുന്നതെന്ന തിരിച്ചറിവ് ഉണ്ടാകണം. 

എന്റെ സിനിമയുടെ എല്ലാ ഭാഗവും എല്ലാ ആസ്പെക്ടും ഞാന്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. വളരെ ചെറിയ എന്‍ട്രി നടത്തുന്ന ഒരു കഥാപാത്രത്തെക്കുറിച്ച് പോലും എനിക്ക് കൃത്യമായി അറിയണം. അയാള്‍ ആരാണ്, എന്താണ് അയാളുടെ പശ്ചാത്തലം, ഏതു കുടുംബമാണ് ഇതെല്ലാം എനിക്കറിയണം. അയാള്‍ ഒരുപക്ഷേ, ഒരു സീനില്‍ മാത്രം വന്നുപോകുന്ന കഥാപാത്രം ആയിരിക്കാം. എന്നാലും അയാളെക്കുറിച്ച് എല്ലാം ഞാന്‍ അറിഞ്ഞിരിക്കണം. അയാളെക്കുറിച്ചുള്ള എല്ലാ ചെറിയ ഇന്‍ഫര്‍മേഷനും എന്റെ കൈവശം ഉണ്ടാകണം. ഞാന്‍ എന്റെ സിനിമയുടെ അകവും പുറവും ഒരുപോലെ അറിഞ്ഞിരിക്കണം. 

ഒവി വിജയൻ

എന്റെ അഭിപ്രായത്തില്‍ സിനിമയില്‍ ആക്സിഡന്‍സ് അഥവാ യാദൃച്ഛികത ഇല്ല. സിനിമയില്‍ യാദൃച്ഛികമായി ഒന്നും സംഭവിക്കുന്നില്ല. 

Every bit is willfully put there. Every bit of object that you see on the screen is willfully kept there. Each and every composition is willfuly created. Alos each and every moment has got a meaning. 

Let's talk about camera moment. For me if the camera moves from one object to another, it should reveal a better idea about osmething. It should reveal osmething more. Otherwise it cannot be done. Because each and every moment, the audience is expecting osmething more than what you have already shown. 

ഇങ്ങനെയാണ് ഞാന്‍ ക്യാമറ ചലിപ്പിക്കുന്നത്. പലരും പറയാറുണ്ട് അടൂരിന്റെ സിനിമയില്‍ അധികം ക്യാമറ ചലനങ്ങളില്ലായെന്ന്. അങ്ങനെയല്ല, ക്യാമറ മൂവ്മെന്റ്സ് എന്റെ സിനിമയിലുണ്ട്, പക്ഷേ, അവരത് കാണാറില്ല, അഥവാ അവര്‍ക്കത് ശ്രദ്ധിക്കാന്‍ കഴിയാറില്ല. എന്റെ അഭിപ്രായത്തില്‍ ക്യാമറ മൂവ്മെന്റിലേക്ക് കാഴ്ചക്കാരുടെ ശ്രദ്ധ പതിഞ്ഞാല്‍ എന്റെ സിനിമ പരാജയപ്പെടും എന്നാണ്. 

ഇപ്പോള്‍ പല സിനിമയിലും ക്യാമറ അങ്ങോട്ടുപോയി ഇങ്ങോട്ടുപോയി ഇടത്തേക്ക് മാറി എന്നൊക്കെ നമുക്ക് തോന്നാറുണ്ട്. അത് സിനിമയെക്കുറിച്ചുള്ള എന്റെ സങ്കല്പത്തിന് വിരുദ്ധമാണ്. അത്തരം കാര്യങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാവില്ല. സിനിമയാണെന്ന് തോന്നിപ്പിക്കാന്‍ പുറത്തുനിന്നു കൊണ്ടുവന്ന് ചെലുത്തുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ അംഗീകാരം നല്‍കാറില്ല. അത് ഞാന്‍ സിനിമയില്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നു. 

അത്തരം കൃത്രിമമായ ഒരു സൃഷ്ടിയോട് ഞാന്‍ യോജിക്കുന്നില്ല. കാരണം, ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അന്തര്‍ലീനമായിട്ടുള്ള ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. To get at a realtiy that is not there on the surface. പക്ഷേ, ഈ ഉപരിതലം ഉപയോഗിക്കാതെ നമുക്ക് അതിനുള്ളിലേക്ക് പ്രവേശിക്കാനാകില്ല. അപ്പോള്‍ ഉപരിതലം അഥവാ അതിന്റെ സര്‍ഫസ് ആ രീതിയില്‍ ഡിസൈന്‍ ചെയ്യണം. എന്നാല്‍ മാത്രമേ പ്രേക്ഷകന് അതിനകത്തേക്ക് പ്രവേശിക്കാനാകൂ. 

പ്രേക്ഷകനെ കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്യാനും കണ്ടെത്താനും അനുവദിക്കുന്ന രീതിയിലാണ് ഞാന്‍ എന്റെ സിനിമ വിഭാവനം ചെയ്യുന്നത്.

കൊടിയേറ്റത്തിൽ ഭരത് ​ഗോപി

താങ്കളുടെ സിനിമയിലെ ചില സീക്വന്‍സില്‍ തന്നെ ഇത് വളരെ വ്യക്തമാണ്. 'എലിപ്പത്തായം' എന്ന സിനിമയില്‍ പത്രം വായിച്ചുകൊണ്ട് ബന്ധുവായ അമ്മാവനോട് സംസാരിക്കുന്ന കരമനയുടെ കഥാപാത്രം ഇടയ്ക്കിടെ തലയുയര്‍ത്തി നോക്കുന്നത് അതൃപ്തിയും അനിഷ്ടവും പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. അതുപോലെ തന്നെയാണ് 'കൊടിയേറ്റ'ത്തിലെ ഗോപിയുടെ എന്തൊരു സ്പീഡ് എന്ന വാചകം. അടൂര്‍ സിനിമയുടെ പാത്രസൃഷ്ടിയിലും ഇത്തരം ഒരു പ്രത്യേകത ദൃശ്യമാണ്. മതിലുകളിലെ നാരായണിക്കുവേണ്ടി കെ.പി.എ.സി ലളിതയ്ക്ക് മുന്‍പ് ഒരുപാട് പേരെ ഓഡിഷന്‍ ചെയ്തതായി വായിച്ചിട്ടുണ്ട്? 

26 പേരെ ഞാന്‍ ഓഡിഷന്‍ ചെയ്തിരുന്നു, അതും സ്റ്റുഡിയോയില്‍ കൊണ്ടുപോയി തന്നെ. ലളിതയോട് തന്നെ ഞാന്‍ പറഞ്ഞിരുന്നു നാരായണിയുടെ കഥാപാത്രത്തിനുവേണ്ടി യോജിച്ച ആള്‍ക്കാരെ നിര്‍ദ്ദേശിക്കണമെന്ന്. ലളിത തന്നെ 5-6 പേരെ അയച്ചിരുന്നു. കേരളത്തിന്റെ വടക്കേയറ്റം മുതലുള്ള ഒരുപാട് പേര്‍. അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരെ ഓഡിഷന്‍ ചെയ്തിട്ടുണ്ട്. ചിലരുടെ ശബ്ദം നന്നായിരിക്കും പക്ഷേ, സംഭാഷണം വേണ്ട രീതിയില്‍ പറയാന്‍ അവര്‍ക്ക് കഴിയില്ല. എല്ലാവരുടേയും ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ലളിതയെ വിളിച്ചു പറഞ്ഞു. ലളിത തന്നെ മതി, അതാണ് നന്നാവുക. ലളിത അവതരിപ്പിച്ചപ്പോള്‍ ആ കഥാപാത്രത്തിന്റെ മുഴുവന്‍ സ്വഭാവവും നിറവും അവരുടെ സംഭാഷണത്തില്‍ ഉണ്ട്. ലളിതയെ കൊണ്ട് മാത്രമേ അത്തരം ഒരു കഥാപാത്രം ചെയ്യാന്‍ കഴിയൂ. ഇപ്പോള്‍ പോലും അത് ചെയ്യാന്‍ മറ്റൊരു ആര്‍ട്ടിസ്റ്റ് ഇല്ല. 

അത് അത്തരമൊരു കഥാപാത്രമാണ്. അവളുടെ വര്‍ത്തമാന രീതിയില്‍ പുരുഷന്‍ വീഴും, വീണു പോകും. അവളെ കണ്ടില്ലെങ്കില്‍ പോലും അവളുമായി കടുത്ത പ്രണയത്തിലാവുകയാണ്, അതൊരു ആവേശമായി മാറുകയാണ് ജയിലില്‍ കഴിയുന്ന ബഷീറിന്. പ്രത്യേകിച്ചും ഏകാന്തതയില്‍ കഴിയുന്ന ഒരു മനുഷ്യന്. വിദേശരാജ്യങ്ങളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ പലയിടത്തും രസകരമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അറിയപ്പെടുന്ന ചലച്ചിത്രകാരന്മാര്‍ മുന്നോട്ടു വന്നു പറയും. ഞങ്ങളുടെ സിനിമയിലൊക്കെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ കഴിയാവുന്ന എല്ലാം കാണിക്കും. പക്ഷേ, അതിനൊന്നും കഴിയാത്ത ഒരു sensuounsess ഈ കഥാപാത്രത്തിനും സന്ദര്‍ഭത്തിനും ഉണ്ട്. ഞാന്‍ മറുപടി പറയാറുണ്ട്. അതിന്റെ പൂര്‍ണ്ണ ബഹുമതിയും ക്രെഡിറ്റും പോകുന്നത് വൈക്കം മുഹമ്മദ് ബഷീറിനാണ്. അദ്ദേഹത്തിന്റെ മഹത്തായ ഒരു ക്രാഫ്റ്റിന് ഉദാഹരണമാണ് ആ രംഗങ്ങളും സംഭാഷണവും.

ജി അരവിന്ദൻ

എന്നിരിക്കലും അതിന്റെ ദൃശ്യഭാഷ ചമയ്ക്കല്‍ തികച്ചും വിഭിന്നമായ കാര്യമാണല്ലോ. അത് മറ്റൊരു ചോദ്യത്തിലേക്ക് നയിക്കുകയാണ്. ഒരു എഴുത്തുകാരന്‍ എഴുതിവയ്ക്കുന്ന ഒരു സൃഷ്ടി, അത് സക്കറിയയുടെ ഭാസ്‌കര പട്ടേലറും എന്റെ ജീവിതവുമായിക്കോട്ടെ, ബഷീറിന്റെ മതിലുകള്‍ ആയിക്കോട്ടെ, ഒരു സാഹിത്യസൃഷ്ടിയില്‍നിന്നും അടൂരിന്റെ സിനിമയിലേക്ക് വരുമ്പോള്‍ അത് തികച്ചും വിഭിന്നമായ മറ്റൊരു സൃഷ്ടിയാണ്?  

ശരിയാണ്, അത് തികച്ചും വിഭിന്നമായ മറ്റൊരു സൃഷ്ടിയാണ്. ഒന്നിന്റേയും കോപ്പിയോ പകര്‍പ്പോ അല്ല സിനിമ. 

പലപ്പോഴും പറഞ്ഞുകേള്‍ക്കാറുണ്ട് ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കാന്‍ ശ്രമിച്ച പലരും പരാജയപ്പെട്ടിട്ടുണ്ട് കാരണം അതിന്റെ ഭാഷയെ ദൃശ്യവല്‍ക്കരിക്കാനുള്ള ബുദ്ധിമുട്ടുണ്ട്? 

ഖസാക്കിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ ഭാഷയാണ്. ആ ഭാഷയെ മാറ്റിനിര്‍ത്തിയാല്‍ അതിന് ദൃശ്യത്തിന് വലിയ സ്‌കോപ്പില്ല. കുറച്ചു കുട്ടികള്‍, പിന്നെ രവി എന്ന കഥാപാത്രത്തിന്റെ ലിബറലായ ഒരു ജീവിതം. അതല്ലാതെ അതില്‍ സിനിമയാക്കാനായി ഒന്നുമില്ല. ഖസാക്കിന്റെ ഇതിഹാസം മഹത്തായ കൃതിയാണ് എന്ന് കരുതി സിനിമയാക്കാന്‍ ഇറങ്ങിയിട്ട് കാര്യമില്ല. പലരും ഇത് സിനിമയാക്കുകയാണ് എന്ന് പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ ഇക്കാര്യം ഓര്‍ത്തിട്ടുണ്ട്.

കെപി കുമാരൻ

ഖസാക്കിന്റെ ഇതിഹാസം അവസാനിക്കുന്നത് തന്നെ ബസ് കാത്ത് കിടന്ന രവിയെ ഒരു കുഞ്ഞു പാമ്പ് കുസൃതിയോടെ കടിച്ചു എന്നാണ്. എങ്ങനെയാണ് ഇത്തരം കാര്യങ്ങളെ ദൃശ്യവല്‍ക്കരിക്കുക. വീണ്ടും അങ്ങയുടെ സിനിമയിലേക്ക് വന്നാല്‍ ഗോപി അങ്ങയുടെ മികച്ച സിനിമകളില്‍ വന്നിട്ടുണ്ട്. താങ്കളുടെ ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നോ അദ്ദേഹം?

ഗോപി എന്റെ രണ്ട് സിനിമയിലെ വന്നിട്ടുള്ളൂ.

എന്നാലും രണ്ട് സിനിമയിലും താങ്കള്‍ ഗോപിയെ പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടുണ്ട്. ഇനി ഉപയോഗിക്കാന്‍ ഒന്നും ബാക്കിയില്ല എന്ന മട്ടില്‍?

ഗോപിയെ ഞാന്‍ ആദ്യമായി കാണുന്നത് ശങ്കരപ്പിള്ള സാറിന്റെ ഒരു നാടകത്തിലാണ്. ഗോപിയും ബി.കെ. നായരും. ബി.കെ. നായര്‍ എന്റെ സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹം സിനിമാഭിനയം ആഗ്രഹിച്ചിരുന്ന വ്യക്തിയല്ല. ചിറയിന്‍കീഴില്‍ ഒരു സ്റ്റുഡിയോ നടത്തിയിരുന്ന വ്യക്തിയാണ്. ശങ്കരപ്പിള്ള സാറിന്റെ അടുത്ത മിത്രമായിരുന്നു. അദ്ദേഹം നാടകങ്ങള്‍ സംവിധാനം ചെയ്യാറുണ്ടായിരുന്നു. പക്ഷേ, പ്രശസ്തിയെക്കുറിച്ചൊന്നും തീരെ ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു. എന്നോട് വളരെ ആത്മാര്‍ത്ഥമായ സ്നേഹം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. എനിക്കും തിരിച്ച് അത്തരം ഒരു ആത്മബന്ധം ഉണ്ടായിരുന്നു. 

അതുപോലെതന്നെ മറ്റൊരു നടന്‍ ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് കൊമേഴ്സ്യല്‍ സിനിമകളിലൊക്കെ അഭിനയിക്കാന്‍ പോയ ആളാണ്. വെമ്പായം തമ്പി എന്നായിരുന്നു പേര്. വെമ്പായം എന്ന പേരില്‍ എന്റെ സിനിമയില്‍ എഴുതി കാണിക്കുന്ന വ്യക്തി. അദ്ദേഹം പിന്നീട് മറ്റു സിനിമയിലൊക്കെ ചെറിയ റോളില്‍ അഭിനയിച്ചിട്ടുണ്ട്.

പിന്നെ പി.കെ. വേണുകുട്ടന്‍ നായരെ എനിക്ക് അല്ലാതെ തന്നെ അറിയാം. അതുപോലെതന്നെ കരമന ജനാര്‍ദ്ദനന്‍ നായര്‍. ഞങ്ങള്‍ ഒരുമിച്ച് നാടകം ചെയ്തിട്ടുണ്ട്; ഞാന്‍ എഴുതിയ പല നാടകങ്ങളിലും അദ്ദേഹം പ്രധാന റോള്‍ ചെയ്തിട്ടുണ്ട്. ഗോപിയെ കാണുന്നത് ശങ്കരപ്പിള്ള സാറിന്റെ നാടകത്തിലാണ്. മാത്രമല്ല, ഗോപി ഫിലിം സൊസൈറ്റിയില്‍  സിനിമ കാണാനൊക്കെ വരാറുണ്ട്. അങ്ങനെയാണ് സ്വയംവരത്തില്‍ ചെറിയൊരു റോള്‍ കൊടുക്കുന്നത്. പക്ഷേ, അതൊരു മറക്കാനൊക്കാത്ത കഥാപാത്രമാണ്. പിരിച്ചുവിടപ്പെട്ട ജോലിക്കാരനായുള്ള അദ്ദേഹത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ലണ്ടനിലെ ടൈംസ് പത്രം കൊടുത്തത് ഗോപി ഗേറ്റിനു പുറത്ത് നില്‍ക്കുന്ന ഫോട്ടോയോടൊപ്പം ഒരു അടിക്കുറിപ്പുമായാണ് - the spetcre of unemployment.

എംപി സുകുമാരൻ നായർ

ഗോപിയെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആ സമയത്തു വന്ന  ഒരുപക്ഷേ, അത്രയേറെ പ്രതിഭാശാലികളായ മറ്റു പല നടീനടന്മാരേയും അങ്ങ് ഉപയോഗിച്ചിട്ടുമില്ല. അഥവാ പൂര്‍ണ്ണമായി ഉപയോഗിച്ചിട്ടില്ല. തിലകന്‍ ഒക്കെ വന്നുപോകുന്നതേയുള്ളൂ. നെടുമുടി അങ്ങയുടെ ആദ്യകാലത്തെ സിനിമകളില്‍ ഒരുപാടൊന്നും വന്നിട്ടുമില്ല. കരമനയേയോ അല്ലെങ്കില്‍ ഗോപിയേയോ ഉപയോഗിച്ചതുപോലെ നെടുമുടിയെ അങ്ങ് ഉപയോഗിച്ചു കാണുന്നില്ല. എന്തുകൊണ്ടാണത്?

അതിന് കാരണമുണ്ട്. നെടുമുടി ആ സമയത്ത് മറ്റൊരു ക്യാമ്പിലായിരുന്നു. കാവാലം, അരവിന്ദന്‍ അങ്ങനെ ചില ക്യാമ്പുകള്‍ ഉണ്ടായിരുന്നു. ആ ക്യാമ്പിനോടുള്ള ആത്മാര്‍ത്ഥത കാരണം ഒരുപക്ഷേ, വിളിച്ചാല്‍ തന്നെ വരണമെന്നില്ല. എനിക്ക് ആകട്ടെ, അത്തരം ഒരു ക്യാമ്പ് ഉണ്ടായിരുന്നതുമില്ല. പിന്നെ അത് ഓരോ നടീനടന്മാരുടേയും വളര്‍ച്ചയുടെ പ്രത്യേകതയാണ്. നെടുമുടി വളരെ കഴിവുള്ള ഒരു കലാകാരനാണ്. ഏതു കഥാപാത്രവും അദ്ദേഹം വളരെ നന്നായി ചെയ്യും. എന്റെ രണ്ടു സിനിമകളില്‍ - നാലു പെണ്ണുങ്ങള്‍, പിന്നെയും - അദ്ദേഹം നല്ല കഥാപാത്രങ്ങള്‍ തന്നെ ചെയ്തിട്ടുണ്ട്.

അതില്‍ നിന്നുതന്നെ നമുക്ക് അടുത്ത ചോദ്യത്തിലേക്ക് വരാം. ആദ്യകാലത്തെ മലയാളത്തിലെ സമാന്തര സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്ന രണ്ട് ക്യാമ്പുകളാണ് അരവിന്ദന്‍ ക്യാമ്പും അടൂര്‍ ക്യാമ്പും. അത്തരത്തില്‍ രണ്ട് ക്യാമ്പുകള്‍ ഉണ്ടായിരുന്നോ?

എനിക്ക് അങ്ങനെ ഒരു ക്യാമ്പ് ഉണ്ടായിരുന്നില്ല. എനിക്ക് ഒരിക്കലും അങ്ങനെ കൂട്ടുപിടിച്ച് ഒരു സംഘമായി നില്‍ക്കണം എന്ന് തോന്നിയിട്ടില്ല. എന്റെ കാര്യത്തില്‍ എനിക്ക് എപ്പോഴും നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. I never wanted people to protect me. Instead I've always faced opposition all through my life and career. എതിരാളികള്‍ എവിടെനിന്നാണ് പ്രത്യക്ഷപ്പെടുകയെന്നറിയില്ല. അതില്‍ത്തന്നെ അടിവരയിട്ട് പറയേണ്ട ഒരു കാര്യം ഇവരെല്ലാം ഏതെങ്കിലും രീതിയില്‍ എന്റെ സഹായം സ്വീകരിച്ചിട്ടുള്ളവരാണ്. എപ്പോഴെങ്കിലും എങ്ങനെയെങ്കിലും ഞാന്‍ സഹായിച്ചിട്ടുള്ള പലരും ഭാവിയില്‍ എന്റെ വലിയ ശത്രുക്കളായി മാറിയിട്ടുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് കെ.പി. കുമാരന്‍.  ഫിലിം സൊസൈറ്റിയില്‍ സിനിമ കാണാനൊക്കെ സ്ഥിരമായി വരുമായിരുന്നു. ഒരു സഹൃദയനാണ് എന്നു തോന്നിയതുകൊണ്ട് ഞാന്‍ ഒപ്പം കൂട്ടി. സ്വയംവരത്തിന്റെ തിരക്കഥ കേട്ടെഴുതാനിരിക്കുമ്പോള്‍ കുമാരന്‍ കൂടെയുണ്ടായിരുന്നു. അന്നത്തെ എന്റെ പതിവനുസരിച്ച് എഴുതാന്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞുപോകുന്നത് ഒരാള്‍ എഴുതിയെടുക്കാനുണ്ടെങ്കില്‍ അത് വലിയ സഹായമായിരുന്നു. ഒറ്റയ്ക്കിരുന്ന്  എഴുതാന്‍ അന്നൊക്കെ പലപ്പോഴും വലിയ മടിയായിരുന്നു. കൂടെ മറ്റൊരാള്‍ സഹായത്തിനു ഉണ്ടെങ്കില്‍ ജോലി പെട്ടെന്ന് നടക്കും.
പകല്‍സമയം മുഴുവന്‍ വൈകുന്നേരമിരുന്ന് എഴുതേണ്ടതിനെപ്പറ്റി ആലോചിച്ചു നടക്കും. ഈ കഥയെക്കുറിച്ച് ആലോചിക്കുകയായിരിക്കും. വൈകുന്നേരങ്ങളില്‍ മറ്റൊരാളുമായി ഇരിക്കുമ്പോള്‍ നമുക്ക് എഴുത്ത് വേഗം നടക്കും, ചിട്ടയായി.

കുളത്തൂർ ഭാസ്കരൻ നായർ

ഉദാഹരണത്തിന് എലിപ്പത്തായത്തിന്റെ തിരക്കഥ ഞാന്‍ എഴുതിയത് പത്തോ പന്ത്രണ്ടോ ദിവസം കൊണ്ടാണ്. അന്ന് മീരാസാഹിബ് ആയിരുന്നു കൂടെയുണ്ടായിരുന്നത്. അന്ന് അദ്ദേഹം മലപ്പുറത്ത് ബ്യൂറോ ഓഫ് എക്കണോമിക് സയന്‍സിലെ ജില്ലാ ഓഫീസര്‍ ആയിരുന്നു. ഞാന്‍ മലപ്പുറത്ത് പോയി അവിടുത്തെ ടി.ബിയില്‍ താമസിച്ചാണ് തിരക്കഥ എഴുതുന്നത്.

പകലൊക്കെ ആലോചനയില്‍ കഴിയും. വൈകുന്നേരം അദ്ദേഹം ഓഫീസില്‍നിന്ന് വന്നാല്‍ ഞങ്ങള്‍ ഒരുമിച്ചിരിക്കും. എന്നിട്ട് എഴുത്ത് ആരംഭിക്കും. അങ്ങനെയാണ് തിരക്കഥാസൃഷ്ടി നടന്നുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ പത്തു പന്ത്രണ്ട് ദിവസം കൊണ്ട് അത് എഴുതിത്തീര്‍ക്കാനായി.

കൊടിയേറ്റത്തിന് ഇതുപോലെ കൂടെയുണ്ടായിരുന്നത് ഗോപിയായിരുന്നു. അദ്ദേഹം ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും എന്റെ വീട്ടില്‍ വരും. അന്ന് ഞാന്‍ താമസിച്ചിരുന്നത് വടയക്കാട് ജംഗ്ഷനില്‍ ആയിരുന്നു. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞേ ഞങ്ങള്‍ പിരിയൂ. ഞാന്‍ പറഞ്ഞുകൊടുക്കും. ഗോപി എഴുതിയെടുക്കും. അങ്ങനെയായിരുന്നു അത് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. ഇതുതന്നെയാണ് സ്വയംവരത്തിന്റെ കാര്യത്തിലും ചെയ്തത്.

സ്വയംവരത്തിന്റെ സമയത്ത് ഞാന്‍ ശാസ്തമംഗലത്ത് താമസിക്കുകയാണ്. അതിന് അടുത്തുള്ള ഇടവഴിയിലെ ഒരു വീട്ടിലാണ് കെ.പി. കുമാരന്‍ താമസിച്ചിരുന്നത്. അന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച സമയമാണ്. അതുകൊണ്ടുതന്നെ വീട്ടില്‍നിന്ന് ഇറങ്ങിവരിക അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. വൈകുന്നേരത്തെ ആഹാരമൊക്കെ കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകും. ആ വീടിന്റെ വരാന്തയിലിരുന്ന് ഞാന്‍ പറഞ്ഞുകൊടുക്കും. അദ്ദേഹം എഴുതിയെടുക്കും. എന്നാല്‍, പില്‍ക്കാലത്ത് സ്വയംവരത്തിന് ദേശീയ ബഹുമതി ലഭിച്ചതിനെത്തുടര്‍ന്ന് താന്‍ എഴുതിയ തിരക്കഥയാണതെന്ന് പല അഭിമുഖങ്ങളിലും അവകാശപ്പെടാന്‍ തുടങ്ങി. അതുകേട്ട് ഞാന്‍ അന്തംവിട്ടുപോയി. കേട്ടെഴുതിയ ആളിന് കൂട്ടെഴുത്തിന്റെ ക്രെഡിറ്റ് കൊടുത്തിട്ടും തൃപ്തനാവാത്ത ഒരാളുടെ സത്യസന്ധതയെപ്പറ്റി എന്തുപറയാനാണ്.

കെ രവീന്ദ്രൻ നായർ

സ്വയംവരത്തിന്റെ തിരക്കഥയില്‍ കെ.പി. കുമാരന് ക്രിയേറ്റീവായ കോണ്‍ട്രിബ്യൂഷന്‍ ഇല്ലായിരുന്നു എന്നാണോ പറഞ്ഞുവരുന്നത്?

സ്വതന്ത്രമായ എന്ത് സംഭാവനയാണ് അദ്ദേഹത്തിനുള്ളത്?  പറയുന്നത് കേട്ട് എഴുതിയെടുക്കുക അതായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അദ്ദേഹം ഒരു എഴുത്തുകാരനൊന്നും ആയിരുന്നില്ല. പ്രത്യേകിച്ച് സിനിമയുടെ തിരക്കഥ രചിക്കാന്‍. ഒരു ഫിലിം മേക്കറിനു  മാത്രമേ അതുപോലെ ഒരു തിരക്കഥയെഴുതാന്‍ കഴിയൂ.

അടുത്തിടെ കെ.പി. കുമാരന് ജെ.സി. ഡാനിയേല്‍ അവാര്‍ഡ് കിട്ടിയത് ശ്രദ്ധിച്ചിരുന്നോ?

വര്‍ഷം തോറും ആ അവാര്‍ഡ്  ആര്‍ക്കെങ്കിലും കൊടുക്കണ്ടേ? പക്ഷേ, ജെ.സി. ഡാനിയല്‍ അവാര്‍ഡിന്റെ കാര്യത്തില്‍ എനിക്കൊരു വിയോജിപ്പുണ്ട്. അവാര്‍ഡ് കൊടുക്കാന്‍ അര്‍ഹതയുള്ളവരുടെ നീണ്ട ലിസ്റ്റില്‍  എം.പി. സുകുമാരന്‍ നായര്‍  എന്ന പേരില്ല. കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു ശ്രമം നടത്തി നോക്കി. ഞാനായിരുന്നു ജൂറി ചെയര്‍മാന്‍. അദ്ദേഹം വളരെ ഉള്‍വലിഞ്ഞ് നടക്കുന്ന ഒരു വ്യക്തിയാണ്. ഒരുപക്ഷേ, അതും ഒരു കാരണമാകാം. ഞാന്‍ നിര്‍ബ്ബന്ധമായും പറഞ്ഞു അയാള്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്ന്. പക്ഷേ, കൊടുക്കേണ്ട ആളുകളുടെ ലിസ്റ്റില്‍ പോലും അയാളുടെ പേര് ഇല്ലായിരുന്നു. സ്വന്തം പണം മുടക്കി സ്വന്തം വസ്തു എഴുതിവിറ്റാണ് അയാള്‍ സിനിമയെടുക്കുന്നത്. അങ്ങനെ മറ്റൊരാളും മലയാള സിനിമയില്‍ ഇല്ല, ഞാന്‍ ഉള്‍പ്പെടെ. കാരണം, എനിക്ക് ചെയ്യാനാവുന്നതല്ല അത്. അയാള്‍ സിനിമയോട് അത്രയേറെ അര്‍പ്പണബോധമുള്ള ആളാണ്. അങ്ങനെ ഒരാളുടെ വര്‍ക്ക് നമ്മള്‍ അംഗീകരിക്കേണ്ടതല്ലേ?

ഞാന്‍ സുകുമാരന്‍ നായരുടെ പേര് നിര്‍ദ്ദേശിച്ചു. ജൂറിയിലെ മറ്റ് നാലുപേരും എന്നെ ഒരുപോലെ എതിര്‍ത്തു. അങ്ങനെയാണ് പി. ജയചന്ദ്രന് കൊടുക്കാന്‍ തീരുമാനിക്കുന്നത്. ജയചന്ദ്രന്‍ മികച്ച ഗായകനാണ്. അദ്ദേഹത്തിന് കൊടുത്തതില്‍ തെറ്റൊന്നുമില്ല. ഇനിയെങ്കിലും അദ്ദേഹത്തിന്റെ പേര് പരിഗണിക്കേണ്ടതാണ്. ലിസ്റ്റിലില്ല എന്നാണ് ജൂറി പറയുന്നത്. എന്തിനാണ് അത്തരം ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കുന്നത്. പണ്ട്  ദേശീയതലത്തില്‍ ഒരു പാനല്‍ ഉണ്ടാക്കിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ മികച്ച ഒരു സംവിധായകന് അവാര്‍ഡ് കൊടുക്കാന്‍ വേണ്ടിയായിരുന്നു പാനല്‍. 

അനന്തരത്തിൽ വെമ്പായം തമ്പിയും സുധീഷും (അശോകന്റെ ബാല്യകാല വേഷം)

അതിനുവേണ്ടി അവര്‍ ഒരു ലിസ്റ്റ് തയ്യാറാക്കി. ഞാനായിരുന്നു ജൂറിയുടെ ചെയര്‍മാന്‍. ഞാന്‍ നോക്കിയപ്പോള്‍ ലിസ്റ്റില്‍ പല വിദേശ സംവിധായകരുടേയും പേരുണ്ട്. ഞാന്‍ പറഞ്ഞു നമ്മുടെ തൊട്ടടുത്തുള്ള ഒരു രാജ്യമുണ്ട് - ശ്രീലങ്ക. അവിടെ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ഒരാളുണ്ട്. ലെസ്റ്റര്‍ ജെയിംസ്. അദ്ദേഹത്തിന്റെ പേര് ഈ ലിസ്റ്റില്‍ ഇല്ല. അപ്പോള്‍ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത് അയാളുടെ പേര് ലിസ്റ്റില്‍ ഇല്ലല്ലോ എന്നാണ്. അതിനു മറുപടിയായി ഞാന്‍ പറഞ്ഞു എന്നാല്‍ അദ്ദേഹത്തിന്റെ പേര് ഞാന്‍ കൂട്ടിച്ചേര്‍ക്കുകയാണ്. എന്നു മാത്രമല്ല, അദ്ദേഹത്തിന് തന്നെ അവാര്‍ഡ് കൊടുക്കണം എന്നും ഞാന്‍ നിര്‍ദ്ദേശിച്ചു. അവസാനം അങ്ങനെ തന്നെ തീരുമാനിച്ചു. അദ്ദേഹം അവാര്‍ഡ് വാങ്ങാന്‍ വന്നതും അളവറ്റ സന്തോഷം പ്രകടിപ്പിച്ചതും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

അതൊക്കെയല്ലേ നമ്മള്‍ ചെയ്യേണ്ടത്. അത്തരം പ്രതിഭകളെ അല്ലേ നമ്മള്‍ അംഗീകരിക്കേണ്ടത്. മറ്റുള്ളവര്‍ ഇത്തരം ബഹുമതികള്‍ക്ക് വലിയ വിലയൊന്നും നല്‍കാറില്ല.

ഒരുപക്ഷേ, കെ.പി. കുമാരന്റേത് പോലെ തന്നെ അങ്ങയുടെ ശത്രുപക്ഷത്തെ ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു പേരാണ് പ്രശസ്ത സംവിധായകനായ അരവിന്ദന്‍. അരവിന്ദനെ കുറിച്ച് ഇത്തരം അനുഭവങ്ങള്‍ ഉണ്ടോ?

തീര്‍ച്ചയായും. അരവിന്ദനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലാത്ത ഒരു അനുഭവം പറയാം. ഞാന്‍ ഒരിക്കല്‍ ഒരു ഡോക്യുമെന്ററി ചെയ്യുകയായിരുന്നു. Past in perspective. എം.ജി.എസ് നാരായണനായിരുന്നു അതിന്റെ കണ്‍സള്‍ട്ടന്റ്. ഫിലിം ഡിവിഷനു വേണ്ടിയാണ് അത് ചെയ്തത്. വയനാട് പോയി ഇടക്കല്‍ ഗുഹാ ചരിത്രമൊക്കെ ഡോക്യുമെന്റ് ചെയ്ത് തിരിച്ച് വീണ്ടും കോഴിക്കോട് എത്തി. എന്നോടൊപ്പം പാരീസില്‍ താമസിക്കുന്ന ചിത്രകാരന്‍ വിശ്വനാഥന്‍ ഉണ്ടായിരുന്നു. വിശ്വനാഥനും അരവിന്ദനും സുഹൃത്തുക്കളാണ്. അന്ന് വൈകുന്നേരം ഞങ്ങള്‍ അരവിന്ദനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. 

ഇടയ്ക്ക് പറയട്ടെ. ആ സമയത്താണ് എം.ടി. വാസുദേവന്‍ നായര്‍ക്ക് നിര്‍മ്മാല്യത്തിന് ദേശീയ അവാര്‍ഡ് കിട്ടുന്നത്. അന്ന് അതില്‍ അസഹ്യത തോന്നിയ കോഴിക്കോട്ടെ ചില ബുദ്ധിജീവികള്‍ ചേര്‍ന്ന് അരവിന്ദനെ സമീപിച്ചു. അരവിന്ദനുമായി ഞാനന്ന് നല്ല സൗഹൃദത്തിലാണ്. ചിത്രലേഖയുടെ പല ഫെസ്റ്റിവല്‍ ബ്രോഷറുകള്‍ അരവിന്ദന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം അന്ന് കോട്ടയത്തെ ഫിലിം സൊസൈറ്റി സെക്രട്ടറിയുമാണ്. അരവിന്ദന്‍ അന്ന് എനിക്ക് എഴുതിയിരുന്നു. കോഴിക്കോട്ടെ സുഹൃത്തുക്കള്‍  ആവശ്യപ്പെടുന്നു. ഒരു സിനിമ എടുക്കണമെന്നാണ് അവരുടെ നിര്‍ബ്ബന്ധം. അരവിന്ദന്‍ കൃത്യമായി കത്ത് എഴുതുമായിരുന്നു. ഞാനാ കത്തിന് മറുപടിയും എഴുതി. കത്തില്‍ ഞാന്‍ പറഞ്ഞു. 

തോപ്പിൽ ഭാസി

നിങ്ങളെപ്പോലുള്ളവരെയാണ് ഞാന്‍ ഈ രംഗത്തേക്ക് സ്വാഗതം ചെയ്യുന്നത്. നിങ്ങള്‍ തീര്‍ച്ചയായും സിനിമ ചെയ്യണം. കാരണം, അത് എനിക്കും ഒരു ബലമാണ്. ഞാന്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്ക് അരവിന്ദനെപ്പോലെ - അരവിന്ദന്‍ നല്ല വായനാശീലമുള്ള വ്യക്തിയായിരുന്നു. അത്തരമൊരു പശ്ചാത്തലമുള്ള ഒരാള്‍ കടന്നുവരുന്നത് എനിക്കും സന്തോഷമാണ്.

ചിത്രകാരന്‍ എന്ന നിലയ്ക്കും സംഗീതബോധമൊക്കെയുള്ള വ്യക്തി എന്ന നിലയ്ക്കും - ഇവിടേക്കുള്ള പ്രവേശനം തീര്‍ച്ചയായും നല്ലതാണ്. ഇത്തരക്കാരാണ് സിനിമയിലേക്ക് കടന്നുവരേണ്ടത്. ഞാന്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്ക് അത്തരമൊരാള്‍ വരുന്നത് ഒരു ബലമാണ് എന്ന് ഞാന്‍ കരുതി. അതുകൊണ്ടുതന്നെ ഞാന്‍ അരവിന്ദനെ സിനിമയെടുക്കാന്‍ വളരെയേറെ പ്രോത്സാഹിപ്പിച്ചു.

ഇതുകൊണ്ടാണ് വയനാട്ടില്‍ നിന്നുള്ള മടക്കയാത്രയില്‍ ഞങ്ങള്‍ അന്ന് അരവിന്ദനെ കാണാന്‍ ചെല്ലുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഒരു നോട്ട്ബുക്കുമായി എന്റെ അടുത്തേക്ക് വന്നു. വായിക്കാനായി നീട്ടി. ഞാന്‍ അതു മുഴുവന്‍ വായിച്ചു. അതില്‍ എഴുതിയിരുന്നത് ഇപ്രകാരമാണ്. നായകന്‍ പലരേയും പോയി കാണുന്നു. അതില്‍ ആത്മീയരംഗത്തുള്ളവരുണ്ട്; രാഷ്ട്രീയരംഗത്തുള്ള ഇ.എം.എസിലെപ്പോലുള്ള ആള്‍ക്കാരുണ്ട്. അങ്ങനെ പലരേയും പോയി കാണുന്നതാണ്  അതിന്റെ തീം. ഞാന്‍ അഭിപ്രായപ്പെട്ടു. അരവിന്ദാ ഇത് സിനിമയാകില്ല. നിങ്ങള്‍ ചെയ്യേണ്ടത്  പോയി തിക്കോടിയനെ കാണണം. നിങ്ങളുടെ മനസ്സിലുള്ള ആശയം അദ്ദേഹത്തിനോട് പറയണം. അദ്ദേഹത്തിനെക്കൊണ്ട് തിരക്കഥ എഴുതിപ്പിക്കണം. അതാണ് വേണ്ടത്.

എംപി നാരായണ പിള്ള

അതുപോലെ ഇ.എന്‍. ബാലകൃഷ്ണനായിരുന്നു അരവിന്ദന്റെ നിര്‍ദ്ദിഷ്ട ഛായാഗ്രഹകന്‍. അദ്ദേഹം ഈ ക്യാമറ വച്ച് സര്‍ക്കസ് കാണിക്കുന്നതില്‍ പേരു കേട്ട ഒരു വ്യക്തിയാണ്. അത്തരക്കാരെ ഒന്നും വിളിക്കരുത്. എന്നാല്‍ പിന്നെ അത് അയാളുടെ സിനിമയായി പോകും. നിങ്ങള്‍ക്ക് സഹായമാകുന്ന ഒരാളെ ഞാന്‍ തരാം - രവിവര്‍മ്മ. ഞാന്‍ അദ്ദേഹത്തോട് നിങ്ങള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുകയും ചെയ്യാം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ അന്ന് രാത്രി തന്നെ അവിടെയിരുന്നു സംസാരിക്കുകയും തീരുമാനിക്കുകയും ചെയ്തു.

അരവിന്ദന്‍ ഈ പറഞ്ഞതുപോലെയൊക്കെ ചെയ്തു. മാത്രമല്ല, അന്ന് ഞങ്ങളുടെ ചിത്രലേഖ ഫിലിം യൂണിറ്റ് - ഞാനൊഴികെ മുഴുവന്‍, യൂണിറ്റിലെ ക്യാമറ ഉള്‍പ്പെടെ - എല്ലാം സാധാരണ വാടകയുടെ പകുതി നിരക്കിന് അരവിന്ദന് കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് അരവിന്ദന്റെ ആദ്യത്തെ സിനിമ ജനിക്കുന്നത്. അതുകഴിഞ്ഞാണ് ഫിലിം മദ്രാസില്‍ കൊണ്ടുപോയി എഡിറ്റ് ചെയ്യുകയായിരുന്നു. കൂട്ടത്തില്‍ പറയട്ടെ, രവിവര്‍മ്മ വളരെ ലാളിത്യമുള്ള ഒരു മനുഷ്യനായിരുന്നു. ബസില്‍ മാത്രമേ യാത്ര ചെയ്യുകയുള്ളൂ. ടി നഗറില്‍ അദ്ദേഹം താമസിക്കുന്ന സ്ഥലത്തുനിന്ന് നടന്ന് ബസ്റ്റോപ്പില്‍ എത്തി ബസ് കയറി എഡിറ്റിങ്ങ് സ്റ്റുഡിയോയിലേക്ക് പോകും. എന്റെ സിനിമ ചെയ്യാറുള്ള ഒരു രമേശന്‍ ഉണ്ടായിരുന്നു. ഉത്തരായനം എഡിറ്റ് ചെയ്തത് രമേശന്‍ തന്നെയായിരുന്നു.

രവിവര്‍മ്മ എല്ലാ ദിവസവും രാവിലെ വന്ന് എഡിറ്റിംഗിന് കൂടെയിരിക്കും. ഏതാണ്ട് എഡിറ്റിംഗ് പൂര്‍ത്തിയായി. ഒരു റഫ് കട്ട് ആയപ്പോള്‍ പലരേയും വിളിച്ച് ഈ സിനിമ കാണിച്ചു. പലരും നല്ല അഭിപ്രായവും പറഞ്ഞു. അതിനുശേഷം ഒരു ദിവസം എന്നെ രവിവര്‍മ്മ വിളിച്ചു വളരെ സങ്കടത്തോടെ പറഞ്ഞു. ഗോപാലകൃഷ്ണാ, അയാള്‍ നമ്മളുദ്ദേശിക്കുന്നതുപോലല്ല. അയാള്‍ താടി വെച്ചിരിക്കുന്നത് അയാള്‍ക്ക് പലതും മറയ്ക്കാന്‍ ഉള്ളതുകൊണ്ടാണ്. ഞാനിപ്പോള്‍ അവിടെ ചെല്ലുന്നത് അയാള്‍ക്ക് തീരെ ഇഷ്ടമല്ലാതായിട്ടുണ്ട്. പലരും വരുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടാകുന്നത് എന്തുകൊണ്ടോ അയാള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. എന്നോട് മാത്രമേ രവിവര്‍മ്മ ഇത് പറഞ്ഞിട്ടുള്ളൂ. മറ്റാരോടും പറഞ്ഞിട്ടുമില്ല. ഞാനും കരുതി ശരിയാണല്ലോ. പക്ഷേ, അധികം ഒന്നും ആലോചിക്കാന്‍ പോയില്ല. ഞങ്ങള്‍ അതങ്ങ് മറന്നുകളഞ്ഞു. അതൊക്കെ കഴിഞ്ഞ് ദേശീയ തലത്തില്‍ സിനിമാ അവാര്‍ഡ് ജൂറി രൂപീകരിച്ചപ്പോള്‍ ഞാനും അതില്‍ ഒരു അംഗമായിരുന്നു. കമ്മിറ്റിയില്‍ എന്നെ കൂടാതെ ഒ.വി. വിജയന്‍ ഉണ്ട്. ഇന്‍സ്റ്റിറ്റിയൂട്ടില്‍ എന്റെ പ്രൊഫസര്‍ ആയിരുന്ന സതീഷ് ബഹദൂര്‍ ഉണ്ട്. പിന്നെ മുന്‍ കേരള ഗവര്‍ണറായിരുന്ന ഭഗവാന്‍ സഹായ് ഉണ്ടായിരുന്നു. അദ്ദേഹമാണ്  ചെയര്‍മാന്‍. എല്ലാവരും വളരെ ശ്രദ്ധേയരായവരാണ് ജൂറിയില്‍ അംഗങ്ങളായിട്ടുള്ളത്. 

എംടി വാസുദേവൻ നായർ

ജൂറി ആദ്യം തന്നെ ഒരു തീരുമാനം എടുത്തു. ഇത് ദേശീയതലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവാര്‍ഡ് ആണ്. ചെറിയ ബഹുമതി ഒന്നുമല്ല. അതുകൊണ്ടുതന്നെ ആദ്യം നമുക്ക് 10 സിനിമകള്‍ തിരഞ്ഞെടുക്കാം. ആ 10 സിനിമകള്‍ക്കു മാത്രമേ ഏത് അവാര്‍ഡും കൊടുക്കാന്‍ പാടുള്ളൂ. ആ 10 സിനിമകളില്‍ നിന്നാണ് ഏത് അവാര്‍ഡിനുവേണ്ടിയും - എത്ര ചെറിയ അവാര്‍ഡ് ആണെങ്കിലും - തിരഞ്ഞെടുക്കേണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മോശം സിനിമയ്ക്ക് എഡിറ്റിങ്ങിനുള്ള അവാര്‍ഡ് കൊടുക്കുന്നത് തെറ്റാണ്. അല്ലെങ്കില്‍ ഒരു മോശം സിനിമയ്ക്ക് സൗണ്ട് റെക്കോര്‍ഡിങ്ങിന് അവാര്‍ഡ് കൊടുക്കുന്നത് തെറ്റാണ്. എന്തുകൊണ്ട് ഈ എലമെന്റ്സ് എല്ലാം ചേര്‍ന്ന് ഒരു നല്ല സിനിമയുണ്ടായി. അതാണ് അതിന്റെ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യം. അത് ജൂറിയുടെ ഒരു ഒറ്റക്കെട്ടായ തീരുമാനമായിരുന്നു. ഈ 10 സിനിമയ്ക്ക് അകത്ത് അരവിന്ദന്റെ ഉത്തരായനം വന്നില്ല. എനിക്കതില്‍ വലിയ സങ്കടമായി. കാരണം ഞാന്‍ അതിനെ കണ്ടിരുന്നത് ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായാണ്. ഞാന്‍ നന്നായി പറഞ്ഞു നോക്കി. കുറച്ചൊക്കെ വാദിച്ചു നോക്കി. പക്ഷേ, ഫലം ഉണ്ടായില്ല. കാരണം ഭൂരിപക്ഷവും  കൃത്യമായി ആ സിനിമ എടുക്കണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നു. അന്ന് ആ തീരുമാനമെടുത്തു കഴിഞ്ഞു ഞങ്ങള്‍ താമസിക്കുന്ന  വെസ്റ്റേണ്‍ കോര്‍ട്ടിലെത്തി ചായ കുടിക്കുകയായിരുന്നു. ആ സമയത്ത് ഞാന്‍ വിജയനോട് പറഞ്ഞു. എനിക്ക് വളരെ വിഷമമുണ്ട് ഈ സിനിമ ഉള്‍പ്പെടാത്തതില്‍. ഈ പത്തു സിനിമയ്ക്കകത്ത് അരവിന്ദന്റെ സിനിമ വന്നില്ലല്ലോ എന്ന് ഞാന്‍ മനസ്താപപ്പെടുമ്പോള്‍ ഒ.വി. വിജയന്റെ മറുപടി ലളിതമായിരുന്നു.

What can we do? He didn't make it.

ഞാന്‍ റെഗുലേഷന്‍സ് എല്ലാം കൃത്യമായി വായിച്ചുനോക്കി. അപ്പോള്‍ അതില്‍ ഒരു സ്പെഷ്യല്‍ അവാര്‍ഡ് ഉണ്ട് കൊടുക്കാന്‍ കഴിയുന്നതായി. ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള സിനിമയ്ക്ക് ഒരു സ്പെഷ്യല്‍ അവാര്‍ഡ്  ആ വര്‍ഷം ഏര്‍പ്പെടുത്തിയിരുന്നു. ആ അവാര്‍ഡിനുവേണ്ടി ഞാന്‍ അരവിന്ദന്റെ സിനിമ നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചു.

ഞാന്‍ വിജയനോട് പറഞ്ഞു. ജൂറി വീണ്ടും ചേരുമ്പോള്‍ ഞാനിത് നിര്‍ദ്ദേശിക്കും. നിങ്ങള്‍ എന്നോട് യോജിച്ചില്ലെങ്കിലും കുഴപ്പമില്ല. എതിര്‍ക്കാതിരുന്നാല്‍ മതി. വിജയന്‍ സമ്മതിച്ചു. അദ്ദേഹം എതിര്‍ത്തതുമില്ല. ജൂറി മീറ്റിങ്ങില്‍ ഞാന്‍ അരവിന്ദന്റെ സിനിമ സ്പെഷ്യല്‍ അവാര്‍ഡിനുവേണ്ടി നിര്‍ദ്ദേശിച്ചു. അപ്പോള്‍ ജൂറിയില്‍ അംഗമായിരുന്ന ഒരാള്‍ - ബുദ്ധിമാനായ ഒരാള്‍ - അദ്ദേഹം ചൂണ്ടിക്കാട്ടിയത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സിനിമയല്ല അതെന്നാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുള്ള ഭാഗമാകട്ടെ, അതിന് വിരുദ്ധവുമാണ്.

ഞാന്‍ വീണ്ടും റെഗുലേഷന്‍സിലെ മറ്റൊരു ക്ലോസ് ചൂണ്ടിക്കാണിച്ചു. അതില്‍ പറയുന്നുണ്ട് സിനിമ മുഴുവനായോ അതില്‍ ഏതെങ്കിലും ഒരു ഭാഗമോ എന്ന്. ആ ക്ലോസ് ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു. ഇത് വളരെ ഗംഭീരമായി ചെയ്തിരിക്കുന്ന സിനിമയാണ്.

കഥാപാത്രങ്ങള്‍ പോയി പാലത്തിന് ബോംബ് വയ്ക്കാന്‍ പോകുന്ന സീന്‍ ചൂണ്ടിക്കാണിച്ചു ഞാന്‍ പറഞ്ഞു. വളരെ ഗംഭീരമായി ചെയ്തിരിക്കുന്ന സീക്വന്‍സ് ആണ്. അതുകൊണ്ട് ഇതിന് അവാര്‍ഡ് കൊടുക്കണം. ഞാനിങ്ങനെ വീണ്ടും വീണ്ടും ആ സിനിമയ്ക്കു വേണ്ടി വാദിച്ചപ്പോള്‍ എന്നോട് ദയവ് തോന്നി അവസാനം മറ്റ്  അംഗങ്ങള്‍ അത് സമ്മതിച്ചു. അങ്ങനെ അതിന് ദേശീയതലത്തിലുള്ള സ്പെഷ്യല്‍ അവാര്‍ഡ് തരമായി.

അനന്തരം ചിത്രീകരണത്തിനിടയിൽ സംവിധാന നിർദ്ദേശം നൽകുന്ന അടൂർ ​ഗോപാലകൃഷ്ണൻ

അന്ന് ജൂറി അംഗങ്ങള്‍ക്ക് യാത്രയ്ക്ക് ഫ്‌ലൈറ്റ്  കിട്ടില്ല. ട്രെയിനിലാണ് യാത്ര. ആദ്യം മദ്രാസില്‍ എത്തി അവിടെനിന്ന് മറ്റൊരു ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങണം. മദ്രാസില്‍ എത്തിയപ്പോള്‍ ഞാന്‍ എം. ഗോവിന്ദനെ  കാണാന്‍ പോയി. എന്നെ കണ്ടയുടന്‍ ഗോവിന്ദന്‍ പറഞ്ഞത് ഇതാണ് - ഗോപാലകൃഷ്ണന്‍ പോയതുകൊണ്ട് അരവിന്ദന് നാഷണല്‍ അവാര്‍ഡ് പോയി. ഇങ്ങനെ ഒരു വാര്‍ത്ത വളരെ കാര്യമായി പ്രചരിക്കുന്നുണ്ട്. ഞാന്‍ ഗോവിന്ദനോട് നടന്നതെന്താണെന്ന് വിശദമായി പറഞ്ഞു. ഒരുപക്ഷേ, അരവിന്ദനും ആ പ്രചരണങ്ങള്‍ വിശ്വസിച്ചിട്ടുണ്ടാകണം. കാരണം അദ്ദേഹത്തിന് ചുറ്റും എപ്പോഴും ഒരു കൂട്ടമുണ്ടായിരുന്നു. അതോടുകൂടി അരവിന്ദന്‍ എന്റെ ശത്രുവായി മാറി. എന്റെ അടുത്ത മിത്രമായിരുന്ന ആളാണ്. എന്തു ചെയ്യാനാകും. ഞാന്‍ അയാള്‍ക്കുവേണ്ടി നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂ. ഇതുതന്നെയാണ് എന്റെ ജീവിതത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ളത്. ഇനിയും ഒരുപാടുണ്ട് ഇത്തരം കഥകള്‍. 

എന്റെ ആത്മമിത്രം ആയിരുന്നു കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍. ഞങ്ങള്‍ ഒരുമിച്ചാണ് ചിത്രലേഖ  തുടങ്ങിയത്. ചിത്രലേഖ ഒരു പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞപ്പോള്‍ ഒരുപാട് പേര്‍ അദ്ദേഹത്തിന്റെ കൂടെക്കൂടി തലയണമന്ത്രം ഉപദേശിച്ചു കൊടുത്തു. പുള്ളിക്കും തോന്നിത്തുടങ്ങി ഞാന്‍ അതുകൊണ്ട് നേട്ടമുണ്ടാക്കുകയാണെന്ന്. സത്യത്തില്‍ ആ 15 വര്‍ഷത്തിനുള്ളില്‍ ഞാന്‍ രണ്ട് സിനിമകളെ എടുത്തിട്ടുള്ളൂ. എന്റെ അധികസമയം ഞാന്‍ ഈ സൊസൈറ്റി കെട്ടിപ്പടുക്കുന്നതിനാണ് ശ്രമിച്ചത്. എന്റെ തന്നെ ടൈപ്പ് റൈറ്റര്‍: എന്റെ തന്നെ സ്‌കൂട്ടര്‍. അങ്ങനെ ഉണ്ടാക്കിയ സ്ഥാപനമായിരുന്നു അത്.

ഭാസ്‌കരന്‍ നായര്‍ എന്റെ ഒരു ആത്മമിത്രമായിരുന്നു. പക്ഷേ, അദ്ദേഹം എനിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരുടെ ഒരു വലയത്തില്‍ അകപ്പെട്ടു. എനിക്കെതിരെയുള്ള വലിയൊരു ഗൂഢാലോചനയില്‍ അദ്ദേഹം പങ്കാളിയായി. ഞാന്‍ ആകട്ടെ, ഒരു നയാപൈസ പ്രതിഫലം വാങ്ങിക്കാതെയാണ് ഈ ജോലി മുഴുവന്‍ ചെയ്തത്. ഞാന്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് പോലും അവരാരും ആലോചിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ ആ സമയത്ത് അധികവും കഴിഞ്ഞിരുന്നത് ചിത്രലേഖയുടെ പേരില്‍ ഫിലിം ഡിവിഷന് വേണ്ടിയൊക്കെ ഡോക്യുമെന്ററി ചെയ്ത് അതിലെ പ്രതിഫലം പറ്റിയിട്ടാണ്. എന്നോട്  എന്റെ ഭാര്യ  പറയാറുണ്ടായിരുന്നു. കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോഴും ഏതെങ്കിലും ലോഡ്ജിലായിരുന്നേനെ താമസം എന്ന്. അത് തികച്ചും കൃത്യമായ വിലയിരുത്തലാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

I never thought about myself. എനിക്ക് അതാകണം ഇതാകണം അങ്ങനെയൊന്നും ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. എന്റെ സന്തോഷം എല്ലായ്പോഴും ഫിലിം സൊസൈറ്റിയും അതുമായി ചേര്‍ന്ന ജീവിതവുമായിരുന്നു.
എന്റെ സന്തോഷം സിനിമയൊക്കെ ചെയ്ത് ഇങ്ങനെ പോവുകയെന്നതായിരുന്നു. അതിനപ്പുറമൊന്നുമില്ല. ചിത്രലേഖയില്‍ ഒരു അക്കൗണ്ടന്റ് ഉണ്ടായിരുന്നു - വൈദ്യുതി ബോര്‍ഡില്‍നിന്ന് വിരമിച്ച ഒരു സ്വാമി. പുള്ളി കണക്കൊക്കെ നോക്കി ശരിയാകാതെ വരുമ്പോള്‍ പറയുന്നത് അത് സാറിന്റെ കണക്കില്‍ അഡ്ജസ്റ്റ് ചെയ്യാമല്ലോ എന്നാണ്. എനിക്ക് തരാനുള്ള വളരെ ചെറിയ പ്രതിഫലമാണ്. അതില്‍ നിന്നെടുക്കാമല്ലോയെന്ന്. ആ രീതിയിലാണ് എന്റെ ജീവിതം. 

മോഹൻലാൽ

ശരിക്കും നമ്മുടെ മിത്രങ്ങളുടെ സ്വഭാവം എനിക്ക് മനസ്സിലായത് ഒരു പ്രത്യേക സംഭവത്തിലൂടെയാണ്. ഇവിടെ എനിക്കൊരു ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്നു. അതൊരു പബ്ലിക് ഫോണ്‍ പോലെയായിരുന്നു. പലപ്പോഴും ഞാന്‍ ഫോണെടുക്കുമ്പോള്‍ ആരെങ്കിലും സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാം. 
ഒരിക്കല്‍ ഞാന്‍  കേള്‍ക്കുന്നത് എം.ജി. കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന ചന്ദ്രശേഖരന്‍ നായരും ഭാസ്‌കരന്‍ നായരും തമ്മിലുള്ള സംഭാഷണമാണ്. ഭാസ്‌കരന്‍ നായര്‍ ചോദിക്കുകയാണ് - ഇതെന്താ അടൂര്‍ ഗോപാലകൃഷ്ണന്‍ കോപ്പറേറ്റിവ് ആണോ? അങ്ങനെ എന്നെപ്പറ്റി സംസാരിക്കുകയാണ്. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 

മുന്‍പ് തന്നെ കുറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഒരു സ്ഥാപനമൊക്കെ ആയപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റം - പ്രത്യേകിച്ചും അവിടെ ജോലിചെയ്യുന്നവരോട് - വല്ലാതെ മാറി. വളരെ ധിക്കാരത്തില്‍ അവരോട് പെരുമാറാന്‍ തുടങ്ങി. അവരൊക്കെ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ്. അവരെ മുഴുവനായും അകറ്റുന്ന തരത്തില്‍ പെരുമാറാന്‍ തുടങ്ങി. പലരും സങ്കടവുമായി എന്റെ അടുക്കല്‍  വരും. ഞാനവരെ ആശ്വസിപ്പിക്കും. ഭാസ്‌കരന്‍ നായര്‍ പറഞ്ഞുണ്ടാക്കിയത് ഞാനവരെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന തരത്തിലാണ്. ഞാനുണ്ടാക്കിയ സ്ഥാപനത്തില്‍ സമരം ചെയ്യാന്‍ ഞാന്‍ പ്രേരിപ്പിക്കുമോ? അത്തരം തമാശകളാണ് നടന്നിരുന്നത്. 

അപ്പോള്‍ ഫോണിലൂടെയുള്ള ഈ സംഭാഷണം കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത അന്ത:ക്ഷോഭമുണ്ടായി. ഞാന്‍ താമസിക്കുന്നതിനടുത്താണ് ചിത്രലേഖയുടെ ഓഫീസ്. ഞാന്‍ നേരെ അങ്ങോട്ടുപോയി അയാളെ നന്നായി ചീത്ത പറഞ്ഞു. നന്ദികെട്ടവന്‍, റാസ്‌കല്‍ എന്നൊക്കെ പറഞ്ഞതെനിക്കോര്‍മ്മയുണ്ട്. 

ഓഫീസിലുണ്ടായിരുന്നവരൊക്കെ പുറത്തിറങ്ങി വന്നു. അയാളും അന്തംവിട്ടുപോയി. ഞാന്‍ ഇതൊക്കെ കേട്ടെന്ന് അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം അയാള്‍ ഫോണിലാണല്ലോ സംസാരിച്ചിരുന്നത്. 
എന്നോടയാള്‍ക്ക് വിരോധം വരാന്‍ പല കാരണങ്ങളുമുണ്ട്. ഞാന്‍ പൊതുവെ ഒരു പ്രസ്ഥാനത്തിന്റെ ഗുണമാണ് നോക്കുന്നത്. പുള്ളി സ്വന്തം നിലയില്‍ ചില തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങി. എവിടെനിന്നോ വലിയൊരു തുക കടം വാങ്ങി, പലര്‍ക്കും ഡോക്യുമെന്ററി എടുക്കാനായി കൊടുക്കാന്‍ തീരുമാനിച്ചു - ഇതൊക്കെ എനിക്ക് കൗണ്ടറായി ചെയ്യുന്നതാണ്. അതൊന്നും അന്നെനിക്കറിയില്ല - എന്തായാലും ഈ ഡോക്യുമെന്ററിയുടെ കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു അങ്ങനെ ചെയ്യരുത്. മുടക്കിയ പണം തിരികെ കിട്ടില്ല. 

മൃണാൾ സെൻ

ഡോക്യുമെന്ററി സ്വയം ചെയ്താല്‍ അതുകൊണ്ട് ഒന്നും ചെയ്യാനാകില്ല. അതാരും വാങ്ങിക്കില്ല. ആ കാശു പോകുന്നത് മിച്ചം. ആര്‍ക്കും കൊടുക്കരുതെന്നല്ല ഞാന്‍ പറഞ്ഞത്. കടം വാങ്ങിയ പണം കൊണ്ട് ഡോക്യുമെന്ററി എടുക്കരുത്. ഒരു പൈസ തിരിച്ചു കിട്ടുകയില്ല. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കും. അത്തരം സദുപദേശങ്ങള്‍ അയാള്‍ക്കിഷ്ടമായില്ല. ഞാന്‍ അയാളുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതായാണ് അയാള്‍ ധരിച്ചത്. അയാളാണ് ചോദിക്കുന്നത് ഇത് - അടൂര്‍ ഗോപാലകൃഷ്ണന്‍ കോപ്പറേറ്റിവ് ആണോയെന്ന്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉണ്ടാക്കിയ പ്രസ്ഥാനമാണ്. എന്റെ പേരില്ലായെന്നേയുള്ളൂ. അങ്ങനെ എന്റെ വളരെയടുത്ത സുഹൃത്തുക്കളാണ് പിന്നീട് എന്റെ ശത്രുക്കളായി മാറിയത്. ശത്രുക്കളായി നിറം മാറിയ മിത്രങ്ങള്‍ ഇനിയുമുണ്ട്; പക്ഷേ, സാരമില്ല.

ചുരുക്കത്തില്‍ അടൂര്‍ എല്ലാ നാളും മലയാള സിനിമയില്‍ ഒരു ഒറ്റയാനായിരുന്നോ? കൂടെയുള്ള പലരും തിരിഞ്ഞുകൊത്തുന്നു?

ഒറ്റയാനായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാനൊരിക്കലും വെറുതേ കുത്തിയിരുന്നിട്ടില്ല. ഞാന്‍ എല്ലാ നാളും ജോലി ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. ശരിയാണ്. ഞാനൊരിക്കലും ഒരു കോക്കസിലും ഉണ്ടായിരുന്നില്ല. അടൂര്‍ ക്യാമ്പ് എന്നൊരു ഗ്രൂപ്പ് ഒരിക്കലും മലയാള സിനിമയില്‍ ഉണ്ടായിരുന്നില്ല.

അന്നത്തെ മധ്യവര്‍ത്തി സിനിമയെ എങ്ങനെയാണ് അടൂര്‍ കാണുന്നത്? പ്രത്യേകിച്ചും പത്മരാജനെപ്പോലെയുള്ള സംവിധായകര്‍?

പത്മരാജനെ ഇതേപോലെ ഞാന്‍ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. അദ്ദേഹം സിനിമയിലേക്ക് വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പത്മരാജന്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ ഞങ്ങളുടെ സൊസൈറ്റിയില്‍ പടം കാണാന്‍ വരും. അങ്ങനെയൊക്കെ അദ്ദേഹവുമായി നല്ല ബന്ധം ഉണ്ടായിരുന്നു. പത്മരാജന്‍ ആദ്യകാലത്ത് എഴുതുന്ന കഥകള്‍ എന്നെ കാണിക്കാറുണ്ടായിരുന്നു; ഞാനത് വായിച്ച് അഭിപ്രായം പറയാറുണ്ടായിരുന്നു.  

അദ്ദേഹം എനിക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല. ഒരുപക്ഷേ, എന്നില്‍നിന്ന് അദ്ദേഹത്തിന് അനര്‍ഹമായ സഹായങ്ങള്‍ കിട്ടിയിട്ടുണ്ടാവില്ല. ഞങ്ങള്‍ തമ്മില്‍ എല്ലായ്പോഴും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പത്മരാജന്റെ കാര്യത്തില്‍പോലും ഞാന്‍ അദ്ദേഹത്തെ ഒരു സംവിധായകന്‍ എന്നതിനേക്കാള്‍ ഉപരി, ഒരു മികച്ച എഴുത്തുകാരനായാണ്  കാണുന്നത്. കാരണം അദ്ദേഹത്തിന്റെ  ഓറിയന്റേഷന്‍ എഴുത്തിലാണ്. അദ്ദേഹം ഒരു മികച്ച എഴുത്തുകാരനാണ്. സിനിമയില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തു എന്ന് ഞാന്‍ പറയും. കാരണം ഭരതനായിരുന്നു അദ്ദേഹത്തിന്റെ മാതൃക.

ഭരതന്റെ വാണിജ്യ സിനിമയിലെ നേട്ടങ്ങളില്‍ അദ്ദേഹം വീണുപോയി. ഭരതനെ അനുകരിക്കാനായിരുന്നു ശ്രമം. അതുപോലെ ഐ.വി. ശശിയെക്കുറിച്ച് വളരെ ആരാധനയോടെ അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. ശശി എല്ലാ ദിവസവും ഷൂട്ട് ചെയ്യാറുണ്ട്. ഏറെക്കുറെ ഒരു ഫാക്ടറി പ്രൊഡക്ഷന്‍ പോലെയായിരുന്നു അദ്ദേഹത്തിന്റെ സിനിമ. എല്ലാ ദിവസവും അദ്ദേഹം ഷൂട്ട് ചെയ്യും. അത് അസിസ്റ്റന്റ്സ് മദ്രാസിലെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകും. അവിടെ മറ്റൊരാള്‍ എഡിറ്റ് ചെയ്യും. അങ്ങനെയായിരുന്നു.

അടൂർ ​ഗോപാലകൃഷ്ണൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

അതേസമയം അങ്ങയുടെ സിനിമകളിലേക്ക് വരുമ്പോള്‍ സ്വയംവരം കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞാണ് കൊടിയേറ്റം. അതുപോലെ മറ്റ് സിനിമകള്‍ക്കിടയിലും നീണ്ട ഇടവേളകളുണ്ട്. ആകെ അതില്ലാതെ വരുന്നത് 2007-ലും 2008-ലുമായി വന്ന രണ്ടു സിനിമകള്‍ക്കാണ്. അങ്ങയുടെ സിനിമകള്‍ക്കിടയില്‍ ഇത്ര നീണ്ട ഇടവേളകള്‍ എന്തുകൊണ്ടാണ്?

പൂനെയില്‍നിന്ന് വന്ന് ഏഴു വര്‍ഷം കഴിഞ്ഞാണ് സ്വയംവരം ചെയ്യുന്നത്; 1972-ല്‍. തുടക്കത്തില്‍ വലിയ പ്രതികരണമില്ലാതിരുന്നെങ്കിലും ദേശീയ അവാര്‍ഡ് കിട്ടിക്കഴിഞ്ഞപ്പോള്‍ അത് വീണ്ടും റിലീസ് ചെയ്തു. നിറഞ്ഞ തിയേറ്ററില്‍ മൂന്നു മാസത്തോളം ഓടി. മുടക്കിയ കാശും ലാഭവും കുമിഞ്ഞുവീണു. ഈ പണമുപയോഗിച്ച് സൊസൈറ്റിക്കുവേണ്ടി ഷൂട്ടിംഗ് എഡിറ്റിംഗ് തുടങ്ങിയവയ്ക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങുകയാണ് ഞങ്ങള്‍ ചെയ്തത്.

അതിന്റെ ഫലമായി സ്വയംവരം ചെയ്ത് ലാഭമുണ്ടാക്കിയെങ്കിലും അടുത്തൊരു സിനിമ ചെയ്യാന്‍ വേണ്ടി  പണമുണ്ടായിരുന്നില്ല. അങ്ങനെ ഒരു നിവൃത്തിയുമില്ലാതിരിക്കുമ്പോള്‍ വലിയ ചെലവില്ലാത്ത ഒരു സിനിമ ചെയ്യാം എന്ന് കരുതി എടുത്തതാണ് കൊടിയേറ്റം. വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്. ഓരോ ഷെഡ്യൂളിന് വേണ്ടിയും രവിവര്‍മ്മയെ മദ്രാസില്‍നിന്ന് കൊണ്ടുവരാന്‍ പണമില്ലാത്തതുകൊണ്ട് ആ സിനിമയില്‍ കാണുന്ന എല്ലാ ഉത്സവങ്ങളും ഞാന്‍ തന്നെയാണ് ഷൂട്ട് ചെയ്തത്. 1975-ലാണ് ഇത് ഷൂട്ട് ചെയ്യുന്നത്. അപ്പോള്‍ത്തന്നെ മദ്രാസിലെ ലാബില്‍ കൊണ്ടുകൊടുത്തു. പിന്നീട് രണ്ടുകൊല്ലം അങ്ങോട്ട് പോയിട്ടേയില്ല. കാരണം ലാബില്‍ കൊടുക്കാന്‍ പണമില്ലായിരുന്നു.

ഇതേ സമയം ഇടുക്കി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ഞാനൊരു ഡോക്യുമെന്ററി ചെയ്യുന്നുണ്ടായിരുന്നു. ചിത്രലേഖയ്ക്ക് വേണ്ടി. മാര്‍ട്ടിന്‍ അല്യോഷസ് എന്നൊരു ക്യാമറാ അസിസ്റ്റന്റ് ഉണ്ടായിരുന്നു. അദ്ദേഹം പഴയൊരു ക്യാമറയുമായി എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരും. തമ്പാനൂരില്‍നിന്ന് ഞങ്ങളൊരു ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഇടുക്കിക്ക് പോകും. ചെറിയൊരു തുകയ്ക്കാണ് ആ ഡോക്യുമെന്ററി ചെയ്തത്.

അങ്ങനെയിരിക്കെ ഇടുക്കി പദ്ധതിയുടെ കമ്മീഷനിങ്ങായി. എം.എന്‍. ഗോവിന്ദന്‍ നായരായിരുന്നു മന്ത്രി. ഇടുക്കി പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ ഡോക്യുമെന്ററി എല്ലാ ജില്ലാ ആസ്ഥാനത്തും കാണിക്കാന്‍ തീരുമാനമായി. എട്ടു വര്‍ഷത്തെ കാലയളവിനുള്ളില്‍ ഉണ്ടായ വര്‍ദ്ധിച്ച നിര്‍മ്മാണച്ചെലവുകള്‍ കാരണം പടം പൂര്‍ത്തിയാക്കാന്‍ വിഷമം ഉണ്ടെന്നും പ്രതിഫലം അല്പം വര്‍ദ്ധിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. കൂടാതെ പ്രിന്റെടുക്കാനുള്ള പണം മുന്‍കൂറായി തരണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. അത് അനുവദിക്കുകയും ഉണ്ടായി.

ഉടന്‍ തന്നെ ഞങ്ങള്‍ മദ്രാസില്‍ പോയി ജോലി പൂര്‍ത്തിയാക്കി. ആ ഡോക്യുമെന്ററി എല്ലായിടത്തും കാണിച്ചു. അതില്‍ കുറച്ച് ലാഭമുണ്ടായി. ആ പണം കൊണ്ടാണ് കൊടിയേറ്റത്തിന്റെ പ്രോസസ്സിംഗ് ചെയ്തത്. അപ്പോഴാണറിയുന്നത് ആ സിനിമയുടെ ചില റോളുകള്‍ കാണാനില്ല. പിന്നെ തിരിച്ചെത്തി അവ വീണ്ടും ഷൂട്ട് ചെയ്തു. അങ്ങനെയാണ് ആ സിനിമ പൂര്‍ത്തിയാക്കുന്നത്.

തുടര്‍ന്ന് കൊടിയേറ്റം റിലീസ് ചെയ്തു. പല തിയേറ്ററുകളേയും ബന്ധപ്പെട്ടെങ്കിലും ഗോപിക്ക് വലിയ മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്തതിനാല്‍ പല തിയേറ്ററുകള്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. കോട്ടയത്ത് ആശ എന്ന ചെറിയൊരു തിയേറ്റര്‍ തരാന്‍ സമ്മതിച്ചു. ഹരിപ്പാട് മറ്റൊരു തിയേറ്റര്‍ കിട്ടി. ഇവിടെ രണ്ടിടത്തുമാണ് സിനിമ റിലീസ് ചെയ്തത്. പക്ഷേ, ഓരോ ഷോ കഴിയുമ്പോഴും ഇരട്ടി ആളുകള്‍ വരാന്‍ തുടങ്ങി.

മൂന്നാം ദിവസമായപ്പോഴേക്കും കേരളം മുഴുവന്‍ സിനിമ ഹിറ്റായ വാര്‍ത്ത പരന്നു. നേരത്തെ വേണ്ടെന്ന് പറഞ്ഞ തിയേറ്ററുകാരൊക്കെ പ്രിന്റുകള്‍ ആവശ്യപ്പെട്ട്  തിരിച്ചു വിളിക്കാന്‍ തുടങ്ങി.  അങ്ങനെ എല്ലാ തിയേറ്ററിലേക്കും പോയി. പിന്നെ അതങ്ങ്  ഓടുകയാണ്. 145 ദിവസമാണ് കോട്ടയത്ത് ആശ തിയേറ്ററില്‍ ഈ സിനിമ ഓടിയത്. ഒരു സൂപ്പര്‍ഹിറ്റ് പടത്തിനെപ്പോലെ. ഒരുപാട് പണവും കിട്ടി. 

ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഞാന്‍ കൊടിയേറ്റത്തിന്റെ ഒരു പ്രൈവറ്റ് സ്‌ക്രീനിംഗ് നടത്തി. സത്യജിത് റേ ഒക്കെ ഉണ്ടായിരുന്നു. ZDF എന്ന ജര്‍മനിയിലെ ഒരു സെക്കന്‍ഡ് ചാനലുണ്ട്. സിനിമ കാണാന്‍ ഞാന്‍ ക്ഷണിച്ചവരില്‍ അതിന്റെ ഡയറക്ടര്‍ എകര്‍ഡ് സ്റ്റെയിന്‍ ഉണ്ടായിരുന്നു. ആ സ്‌ക്രീനിംഗ് കഴിഞ്ഞയുടന്‍ അദ്ദേഹം എന്നോട് പറഞ്ഞു. I want to buy this. അവര്‍ ഓഫര്‍ ചെയ്തത് ഈ പടത്തിന്റെ മുതല്‍മുടക്കിന്റെ അഞ്ച് ഇരട്ടിയാണ്. ആ പീരിയഡിലാണ് ചിലരുടെ സുഖക്കേടുകള്‍ ആരംഭിക്കുന്നത്. ഒരു ലോംഗ് സ്റ്റോറിയാണ് പറഞ്ഞുകഴിഞ്ഞാല്‍.

പക്ഷേ, ഞാന്‍ കാണുന്നത് വേറൊരു രീതിയിലാണ്. ഒരു ദിവസം പെട്ടെന്ന് കൊല്ലത്തുനിന്ന് രവി എന്നെ വിളിക്കുന്നു. ഇങ്ങോട്ടൊന്ന് വരാമോ, ഞാന്‍ വണ്ടി അങ്ങോട്ട് അയയ്ക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു, വരാം. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം വളരെ ലാളിത്യമുള്ള  മനുഷ്യനാണ്. അദ്ദേഹം ചോദിച്ചു, നമുക്ക് ഒരു പടമെടുക്കാമോ. മാനത്തുനിന്ന് പൊട്ടിവീണത്‌പോലെയായിരുന്നു ആ ഓഫര്‍. ഞാനപ്പോള്‍ ആകെ തളര്‍ന്നിരിക്കുന്ന സമയമാണ്. ഞാന്‍ ആശ്വാസപൂര്‍വ്വം പറഞ്ഞു, എടുക്കാം. സംസാരം ഇത്രയേയുള്ളൂ. ഞാന്‍ തിരിച്ചുവന്നു. മീര സാഹിബിനെ വിളിച്ചു. മീര അപ്പോള്‍ മലപ്പുറത്താണ്. മീരയെ വിളിച്ചിട്ട് പറഞ്ഞു, മീര, നമുക്ക് അത് എഴുതാം. അങ്ങനെ ആ സ്‌ക്രിപ്റ്റ് ഇരുന്ന് എഴുതി. അതാണ് 'എലിപ്പത്തായം.'

കല്‍ക്കട്ടയില്‍ വച്ച് ഈ പടം കണ്ടിട്ട് മൃണാള്‍സെന്‍ എന്റെ കയ്യില്‍ പിടിച്ചു പറഞ്ഞു. Did you go through a terrible period in your life. Terrible? ഞാന്‍ ചോദിച്ചു How do you know? അദ്ദേഹം പറഞ്ഞു, I can see. ഞാന്‍ അന്തംവിട്ടുപോയി. എന്തൊരു ഉള്‍ക്കാഴ്ചയാണ് ഈ മനുഷ്യന്റെ. ഒരു ഭയങ്കര മൊമന്റാണ്. ഞാന്‍ പറയാന്‍ വന്നത് എല്ലാ മോശം അനുഭവങ്ങളും ഒടുവില്‍ ഒരു കലാകാരന് നല്ല അനുഭവമായാണ് ഭവിക്കാറ്.  അത് ഒരേ സമയം വെല്ലുവിളിയും ആശ്വാസവും അനുഗ്രഹവുമാണ്.

അങ്ങയുടെ സമയത്തെ മറ്റ് ചലച്ചിത്രകാരന്മാരെ വച്ച് നോക്കുമ്പോള്‍, താങ്കള്‍ക്ക് അപ്രീഷിയേറ്റ് ചെയ്യാന്‍ തോന്നിയ മാറ്റാരൊക്കെയുണ്ട്, അതായത് ഒരുപാട് പേര്‍ ആ സമയത്ത് സമാന്തര സിനിമകള്‍ ചെയ്യുന്നുണ്ട്. പല രീതിയില്‍?

എനിക്ക് വളരെ ഇഷ്ടമുള്ള ഒരാള്‍ ഗിരീഷ് കാസറവള്ളിയാണ്. യാതൊരുവിധ കോംപ്രമൈസിനും തയ്യാറാകാതെ, വളരെ അര്‍പ്പണത്തോടെ സിനിമ ചെയ്യുന്ന ഒരാള്‍.

മലയാളത്തില്‍ ആണെങ്കില്‍?

മലയാളത്തില്‍ പൊതുവെ, പുതുതായിട്ട് വരുന്ന ആളുകളിലാണ് ചിലരെ കാണുന്നത്. എനിക്ക് ഏറ്റവും പ്രതീക്ഷയുള്ളത് വിപിന്‍ വിജയനിലാണ്. മറ്റു പലരും ഭേദപ്പെട്ട പടങ്ങളെടുക്കാന്‍ ശ്രമം നടത്തുന്നവരാണ്. ഒരു അഞ്ചാറ് പേരെങ്കിലും ഉണ്ട്. ഒരാള്‍ നമ്മുടെ സനല്‍ ശശിധരന്‍. എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള ആളാണ്. പിന്നെ, തീരെ പ്രതീക്ഷിക്കാത്ത ഒരാളുടെ പേര് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ചെയ്ത ദിലീഷ് പോത്തന്‍. കൊള്ളാവുന്ന ഒരു വര്‍ക്കായിരുന്നു 'കുമ്പളങ്ങി നൈറ്റ്‌സ്'. സ്ഥിരം സിനിമയില്‍നിന്ന് മാറിയുള്ള ഒരു മൂവ്‌മെന്റ് അതില്‍ വരുന്നുണ്ട്. പിന്നെയുമുണ്ട്, ഈ അടുത്തകാലത്ത് ഇറങ്ങിയ 'പക' എന്ന സിനിമ. അവര്‍ ഫോണില്‍ വിളിച്ച് കാണണമെന്ന് പറഞ്ഞ് എനിക്ക് അതിന്റെ ലിങ്ക് അയച്ചു തന്നിരുന്നു. ചില മാറ്റങ്ങളൊക്കെ ഞാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ പല ഫെസ്റ്റിവലുകളിലേക്കും അത് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ടൊറന്റോയില്‍ ഒക്കെ പോയി. ഒരു മെന്റര്‍ എന്നപോലെ എന്നെ കാണിച്ചതാണ്. പിന്നെ വേറൊന്ന് 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. ജിയോ ബേബി സംവിധാനം ചെയ്തത്. ഡോണ്‍ പാലത്തറ, ഷെറി എന്നീ സംവിധായകരും പ്രതീക്ഷ തരുന്നവരാണ്. 

സാറിന്റെ എലിപ്പത്തായമാണ് ഇന്‍സ്പിരേഷനെന്ന് ജിയോ ബേബി പറഞ്ഞിട്ടുണ്ട്?

എന്നോട് അത് പറഞ്ഞു. ഞാന്‍ പറഞ്ഞു, എനിക്കതില്‍ കുഴപ്പമൊന്നുമില്ല. എനിക്ക് ഏറ്റവും ഇഷ്ടമായിട്ട് തോന്നിയത്, അയാള് വീട്ടിലെ വാഷ്‌ബേസിനിലെ ഡ്രെയിന്‍ പൈപ്പുണ്ടല്ലോ, അത് വളരെ വിദഗ്ധമായി  ഉപയോഗിച്ചിട്ടുണ്ട്. അതെല്ലാം പറയുന്നുണ്ട്.

സാറിന്റെ സിനിമയില്‍ രാഷ്ട്രീയമായി എനിക്ക് ഇഷ്ടപ്പെട്ട സിനിമ 'മുഖാമുഖ'മാണെങ്കിലും ഏറെ ആകര്‍ഷിച്ചിട്ടുള്ളത് എലിപ്പത്തായമാണ്. എലിപ്പത്തായത്തില്‍ ചില സമയങ്ങളില്‍ നമ്മള്‍ തന്നെ പെട്ടുപോകുന്ന സ്ഥിതിയുണ്ട്. എലിപ്പത്തായത്തിന്റെ മേക്കിംഗ് എങ്ങനെയായിരുന്നു. അതില്‍ ഒരു ആത്മകഥാംശം ഉണ്ടോ?

ആത്മകഥാംശം ഉണ്ട്. പല പടങ്ങളിലും ഉണ്ട്. എനിക്ക് ഒരു തിയറി തന്നെയുണ്ട്. Everything comes from within. നമ്മള്‍ ജീവിക്കുന്ന അനുഭവങ്ങള്‍, നമ്മള്‍ കടന്നുപോയവ, ആര്‍ജ്ജിക്കുന്നവ, നമ്മുടെ സമ്പര്‍ക്കത്തില്‍ നിന്നുള്ള വിഭവങ്ങള്‍ എല്ലാം ചേരുന്നതാണ് സൃഷ്ടിക്കുള്ള വസ്തു. പിന്നെ നമ്മുടെ ഓര്‍മ്മ. ഈ ഓര്‍മ്മ ചിലപ്പോള്‍ നമ്മളെ കബളിപ്പിച്ചേക്കും. ഞാന്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. നൂറനാട് പള്ളിക്കല്‍ എന്ന കുഗ്രാമത്തിലായിരുന്നു ഞാന്‍ ജനിച്ചത്. എന്റെ അമ്മവീട് അവിടെയായിരുന്നു. അവിടെ കുട്ടിക്കാലത്ത് പലപ്പോഴും പോയി താമസിക്കാറുണ്ടായിരുന്നു. ഒരുപാട് കാലം ആ വീട് ആളില്ലാതെ കിടന്നു. സ്‌കൂള്‍ സൗകര്യം ഇല്ലാതിരുന്നതുകൊണ്ട് എല്ലാവരും അടൂര്‍ ഭാഗത്തേക്ക് മാറി. അവിടെ അമ്പലത്തില്‍ വലിയ ഉത്സവമൊക്കെയുണ്ട്. അവിടുത്തെ അമ്പലക്കുളത്തില്‍ ദിവസവും കുളിക്കുകയും അമ്മയുടെ കൂടെ അമ്പലത്തില്‍ പോവുകയും ചെയ്ത കുട്ടിക്കാലം ഓര്‍മ്മയുണ്ട്. എന്റെ ഓര്‍മ്മയില്‍ ആ കുളം പില്‍ക്കാലത്ത് വരുന്നത്, എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വലിയ ഒരു കുളമായിട്ടാണ് അത് ഓര്‍മ്മയില്‍ വരുന്നത്.

'അനന്തരം' ചെയ്യുന്ന സമയത്ത് ഞാന്‍ ആ കുളം നോക്കി പോയി. വലിയ നിരാശയായിപ്പോയി. ഇച്ചിരിയുള്ള ഒരു കുളം. ഓര്‍മ്മയില്‍ അത് ഒരു വലിയ കുളമായിരുന്നു. ഓര്‍മ്മകള്‍ കൊണ്ടുവരുന്നത് പലപ്പോഴും കൃത്യമായ പകര്‍പ്പ് ആയിരിക്കണമെന്നില്ല. അതിനകത്ത് ഒരു ഓര്‍ഗാനിക്ക് ഗ്രോത്തുണ്ട്. ചിലപ്പോള്‍ അത് ചുരുങ്ങിപ്പോകാം, ചിലപ്പോള്‍ അത് വികസിക്കാം, രണ്ടും സംഭവിക്കാം. ഈ ഓര്‍മ്മകള്‍ എടുത്തിട്ടാണ് നമ്മള്‍ പില്‍ക്കാലം അനുഭവവസ്തുവാക്കുന്നത്. അതിന് നമുക്ക് പ്രതിഭ വേണം. അല്ലാതെ ചുമ്മാ നിരത്തിവച്ചാല്‍ അത് കഥയാകത്തില്ല, കൃതിയാകത്തില്ല. അതിന് പ്രതിഭ വേണം. അതാണ് സര്‍ഗ്ഗപ്രതിഭ. സര്‍ഗ്ഗാത്മക സൃഷ്ടി എങ്ങനെ സംഭവിക്കുന്നു എന്നുള്ളതിനെപ്പറ്റിയാണ് അനന്തരം. ആ കഥാപാത്രം ഒരു എഴുത്തുകാരനല്ല. അയാളുടെ ആത്മപ്രകാശനത്തിലൂടെയാണ് കഥ. 

സുധീഷിനെ ഇന്‍ഡ്രഡ്യൂസ് ചെയ്യുന്നത് അങ്ങാണോ? അന്ന് സുധീഷിലേക്ക് വരുന്നത് എങ്ങനെയാണ്?

അഡ്വര്‍ടൈസ് ചെയ്തു. അശോകനാണല്ലോ മുതിര്‍ന്ന റോളില്‍ പിന്നീട് അഭിനയിക്കേണ്ടത്. അപ്പോള്‍ അശോകന്റെ മുഖച്ഛായയുള്ള ഒരു പയ്യനെ ആ പ്രായം നോക്കി വയ്ക്കുകയായിരുന്നു. പടത്തില്‍ അശോകന്‍ മൂന്നാലു പ്രായത്തിലുണ്ട്. കൊച്ചുകുട്ടി മുതല്‍.

വ്യക്തിപരമായി എനിക്ക് തോന്നുന്നു, അശോകനേക്കാള്‍ നന്നായി ക്യാരക്റ്ററിലേക്ക് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നത് സുധീഷാണെന്ന്. അശോകന്‍ മോശമായതുകൊണ്ടല്ല. കുട്ടിക്കാലത്തെ ആ ക്യാരക്ടറിനോട് നമുക്ക് കൂടുതല്‍ അടുപ്പം തോന്നുന്നുണ്ട്?

ആ കുട്ടിക്കാലത്തിലുള്ളത് ഞാന്‍ തന്നെയാണ്. ഗാന്ധി മരിച്ച ദിവസം. പില്‍ക്കാലത്ത് എന്റെ മൂത്ത സഹോദരന്‍ പറഞ്ഞു, നീ അന്ന്  മുഴുവന്‍ കരയുകയായിരുന്നെന്ന്. എത്രയൊക്കെ ആശ്വസിപ്പിച്ചിട്ടും നീ കരച്ചില്‍ നിര്‍ത്തുന്നുണ്ടായില്ല (ചിരിക്കുന്നു).

അനന്തരത്തിലെ കുട്ടി അടൂര്‍ തന്നെയാണ്?

അത് സത്യമാണ്, നടന്നതാണത്. ഗാന്ധിജിയുടെ വധ വിവരം നാട്ടില്‍ അറിയുന്നത്, റേഡിയോ വഴിയാണ്. അന്ന് വീട്ടിലെ ജോലിക്കാരന്‍ ആയിരുന്നു വേലുച്ചാര്‍. ഗാന്ധിയെപ്പറ്റി സ്ഥിരമായി കുറ്റം പറഞ്ഞിരുന്ന ആളാണ്.  ഗാന്ധിയാണ് ഈ കുഴപ്പമൊക്കെ ചെയ്യുന്നതെന്ന് പറയുന്ന ഒരാളാണ്. പക്ഷേ, വെടിയേറ്റ് മരിച്ച വാര്‍ത്ത വന്നപ്പോള്‍ ആ പാവത്താന്‍ പറഞ്ഞു, ഞാന്‍ അങ്ങേര്‍ക്ക് ഒരിക്കലും ദോഷം വരണമെന്ന് വിചാരിച്ചല്ല പറഞ്ഞത്. ശുദ്ധഗതിക്കാരന്റെ കളങ്കമില്ലാത്ത പശ്ചാത്താപം.

ഗാന്ധിവധം എങ്ങനെ അവതരിപ്പിക്കണമെന്ന് ആദ്യം എനിക്ക് നിശ്ചയം ഇല്ലായിരുന്നു. എഴുത്ത് അതോടെ നിന്നതാണ്. കാലക്രമത്തില്‍ ഒരു വലിയ സീക്വന്‍സ് ഉരുത്തിരിഞ്ഞു വന്നു. വിശാലമായ നെല്‍പ്പാടത്തിലേക്ക് ചെറുവരമ്പുകള്‍ കടന്ന് ആളുകള്‍ വന്നുചേരുന്നതും വേലുച്ചാര്‍ കഥയറിയാതെ അവരില്‍ ചിലരോട് അന്വേഷണം നടത്തുന്നതും പിന്നെ നടക്കുന്ന മൗനജാഥയും വീട്ടുപടിക്കല്‍നിന്ന് അത് വീക്ഷിക്കുന്ന അമ്മൂമ്മയും കൊച്ചുമകനും ഒക്കെ ചേര്‍ന്ന് അത് വികസിച്ചു.

അശോകന്‍ അങ്ങയുടെ സിനിമയിലൂടെയും പത്മരാജന്റെ സിനിമയിലൂടെയും വളരെ പ്രതീക്ഷയോടെ വരികയും എന്നാല്‍ അതിനനുസരിച്ച് വികസിക്കാതെ പോയ ഒരു നടന്‍ ആണെന്ന് തോന്നുന്നു?

ചെറിയ ഒരു അബദ്ധം അശോകന്‍ ചെയ്തത് അയാളുടെ ശബ്ദം ശരിയല്ല എന്നുപറഞ്ഞ് വേറെ ആളുടെ ശബ്ദം സ്വീകരിച്ചു തുടങ്ങി. അങ്ങനെയൊക്കെ ആകുമ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് നശിച്ചു പോകും. ഞാന്‍ പക്ഷേ, അയാളുടെ ശബ്ദം തന്നെയാണ് ഉപയോഗിച്ചത്. ഈ പടത്തില്‍ 'അനന്തര'ത്തില്‍. 'മുഖാമുഖ'ത്തില്‍ പക്ഷേ, അയാളുടെ ശബ്ദം ഞാന്‍ ഡബ്ബ് ചെയ്തു. കാരണം അതിലെ കാരക്റ്ററിന്റെ ശബ്ദം നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഷേധത്തിന്റെയുമാണ്. അതുകൊണ്ട് വേറെ ശബ്ദം ഉപയോഗിച്ചു.

മുഖാമുഖത്തില്‍ ആന്റികമ്യൂണിസം എന്ന ഒരു ആരോപണം എല്ലാ കാലത്തും ഉണ്ട്. അതിനപ്പുറത്ത് മുഖാമുഖത്തിന് വേറൊരു രാഷ്ട്രീയമുണ്ട്. തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയം, ദാമ്പത്യത്തിന്റെ രാഷ്ട്രീയം അങ്ങനെ പലതും. ആവര്‍ത്തിച്ച് കാണുമ്പോള്‍, ശ്രീധരന്റെ കഥാപാത്രം മടങ്ങിവരുമ്പോള്‍, വാര്‍ദ്ധക്യകാലത്ത് വാനപ്രസ്ഥത്തിന് പോകുന്ന മനുഷ്യന്റെ രീതി പോലും വരുന്നുണ്ട്. മുഖാമുഖത്തിന്റെ  രാഷ്ട്രീയം എന്താണ്? അത് എടുക്കുന്ന സമയത്ത് അങ്ങയെ എന്താണ് പ്രചോദിപ്പിച്ചത്?

മുഖാമുഖം നില്‍ക്കുന്നത് റിയലും ഇമാജിനറിയുമായാണ്. അവ തമ്മിലാണ് കൂട്ടിമുട്ടുന്നത്. മുഖാമുഖം വളരെ കോംപ്ലക്സായ ഒരു വര്‍ക്കാണ്. പലതരത്തിലും അകലത്തിലും ബന്ധപ്പെട്ടിരുന്നവരുടെ  ഓര്‍മ്മകളിലൂടെയാണ് അയാള്‍ മടങ്ങിവരുന്നത്. ആ ഓര്‍മ്മകളില്‍നിന്ന് അയാളെ ഉണ്ടാക്കിയെടുക്കുകയാണ്. 

കാരണം തുടക്കത്തിലേ അയാള്‍ മരിച്ചുകഴിഞ്ഞു. പിന്നെ അയാളെ ബില്‍ഡ് ചെയ്യുകയാണ്?

അതെ. ഇവരുടെ ഓര്‍മ്മകളിലൂടെ, അവരുടെ അടുപ്പത്തിന്റെ തീവ്രത അനുസരിച്ച് അവസാനം വരുന്ന സ്ത്രീയിലൂടെ വരെ അത് വരുന്നുണ്ട്. ഇതൊന്നും ഫ്‌ലാഷ് ബാക്കല്ല. ബില്‍ഡിംഗ് ബ്ലോക്ക്‌സാണ്. ഓരോ ബ്ലോക്കുകള്‍ എടുത്തുവച്ച് ബില്‍ഡ് ചെയ്യുകയാണ്. പിന്നെ അത് മെര്‍ജ് ചെയ്യുന്നു. ഓര്‍മ്മകളില്‍ വരുന്ന ഒരു ക്രിയേഷനാണ് ശ്രീധരന്‍.

ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ ഒളിവില്‍ പോകുന്നു. അയാള്‍ അപ്രത്യക്ഷനാകുന്നു. മകന്റെ പ്രായമാണ് അയാളുടെ ഒളിവിലുണ്ടായിരുന്ന കാലത്തിന്. ഈ കുട്ടി ജനിക്കുന്ന സമയത്താണ് അയാള്‍ ഒളിവില്‍ പോകുന്നത്. അവന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അച്ഛനെ കാണണമെന്നത്. അച്ഛന്റെ ഒരു വലിയ ഇമേജാണ് അവനില്‍ ഉള്ളത്. പില്‍ക്കാലം അയാള്‍ തിരിച്ചുവരികയാണ്. തിരിച്ചുവരാനുള്ള സാധ്യതയാണ് ഇത്. 

ഭാര്യ ഉറക്കത്തില്‍ ഇരിക്കുമ്പോഴാണ് തട്ടിവിളിക്കുന്നത്. അവള് ഇരുന്ന് ഉറങ്ങുകയാണ്. കുട്ടിയും നല്ല ഉറക്കത്തിലാണ്. തിരിച്ചു വരുന്ന ശ്രീധരന്‍ ഒരു പോസിബിലിറ്റിയാണ്. അത് റിയാലിറ്റിയാണോയെന്ന് കൃത്യമായി പറയുന്നില്ല. അതൊരു സാധ്യത മാത്രമാണ്. ആ വസ്തുത അങ്ങനെ നിര്‍ത്തിയിരിക്കുകയാണ്.

ഒളിവില്‍ ഉണ്ടായിരുന്ന പല സഖാക്കള്‍ക്കും ഉണ്ടായിരുന്നതാണ് ഉദരസംബന്ധമായ രോഗങ്ങള്‍. കാരണം സമയത്തിനും കാലത്തിനുമൊന്നും ഇവര്‍ക്ക് ഭക്ഷണം ലഭിക്കില്ല. ഏതെങ്കിലും സ്ഥലത്ത് അണ്ടര്‍ഗ്രൗണ്ടിലായിരിക്കും കഴിയുന്നത്. ഇവര്‍ക്ക് പതിവായി വരുന്ന അസുഖമാണ് വയറുവേദന. പക്ഷേ, വേദന സഹിക്കാന്‍ കഴിയാതാകുമ്പോള്‍, അല്പം ബ്രാണ്ടിയോ മറ്റോ കഴിക്കും. പലരുടേയും അനുഭവമാണത്, വളരെ കൃത്യവുമാണ്. കമ്യൂണിസ്റ്റുകാരന്‍ കള്ളുകുടിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ട്. അതൊരു നല്ല ചോദ്യമാണ്. കമ്യൂണിസ്റ്റുകാരന്‍ കള്ള് കുടിക്കുമോ?

അയാള്‍ തിരിച്ച് വന്നാല്‍ എങ്ങനെയായിരിക്കും? ഒളിവില്‍ പോയകാലത്ത് എന്ത് സംഭവിച്ചിരിക്കും? പരിണാമം എന്തായിരിക്കും? ഇയാള്‍ സാമാന്യം നല്ല ഒരു മദ്യപാനിയായി മാറിയിരിക്കുമോ? അതാണ് ഒരു സാധ്യത. കാരണം ഇയാള്‍ ഒരു സന്ദേശം കൊണ്ടുവന്നയാളാണ്. അയാള്‍ക്ക് കൂടുതലൊന്നും കൊടുക്കാനില്ല. അയാള്‍ ഇപ്പോള്‍ ഒരു തോടാണ്. 

പക്ഷേ, അതേസമയം ഒരു റിബലിനോടൊപ്പം മനസ്സു ചേര്‍ത്ത് നില്‍ക്കാന്‍ കഴിയും. അതായത് വ്യവസ്ഥിതിക്ക് എതിരെ തിരിയുന്നതിനെ പ്രോത്സാഹിപ്പിക്കുവാന്‍ കഴിയുന്ന ഒരു തോടാണയാള്‍. അയാള്‍ ഇന്ന് സ്വയം ഒരാക്ടിവിസ്റ്റല്ല.

അയാള്‍ തിരിച്ചുവരുമ്പോള്‍, അയാളുടെ കൂടെ നടന്നിരുന്ന ഒരാള്‍ ബിസിനസ് ഒക്കെ ചെയ്ത് നല്ല നിലയാണ്. കരമന അഭിനയിക്കുന്ന കഥാപാത്രം. അയാള്‍ പറയുന്നുണ്ട് താന്‍ വലുതാണെന്ന്. ഇയാളുടെ പേരില്‍ സ്ഥാപിച്ച ശ്രീധരന്‍ സ്മാരകത്തിലാണ് ദാമോദരനുമായി കാണുന്നത്. അയാള്‍ തിരിച്ച് ഇങ്ങോട്ട് പ്രസംഗം കൊടുക്കുകയാണ്. മുന്‍ നേതാവിന് ഉപദേശം കൊടുക്കുകയാണ് അവിടെ ഇരുന്നുകൊണ്ട്. എങ്ങനെയുണ്ട്, തൊഴിലാളി വര്‍ഗ്ഗത്തിനെ പറ്റിച്ചത് എന്നൊക്കെ പറഞ്ഞുകൊണ്ട്. മാര്‍ക്സിസത്തേയും ലെനിനിസത്തേയും പറ്റിയുള്ള സ്പീച്ച് കൊടുക്കുകയാണ്.

അതുമല്ല. ഈ ആബ്‌സന്‍സില്‍ എന്ത് സംഭവിച്ചു എന്ന ആളുകളുടെ ചോദ്യമാണ്. ഒരു പ്രോമിസോട് കൂടി വന്ന ഒരു പ്രസ്ഥാനത്തിന് എന്ത് സംഭവിച്ചു  എന്ന ചോദ്യമാണ് ഉയരുന്നത്. അടിസ്ഥാനപരമായി സംഭവിച്ചത് പാര്‍ട്ടി പിളര്‍ന്നതാണ്, ഡാങ്കെയ്ക്കുവേണ്ടി. ആ പിളര്‍പ്പോടെയാണ് പാര്‍ട്ടി ക്ഷീണിക്കുന്നത്. ചൈനീസ് ലൈനിലേക്ക് ഒരു വിഭാഗം പോയി.

അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്നതല്ല. അതൊരു ഹിസ്റ്റോറിക്കല്‍ ട്രൂത്താണ്. ഞാനുണ്ടാക്കിയതല്ല ഒന്നും. ആണോ? (ചിരിക്കുന്നു)

അടൂർ ​ഗോപാലകൃഷ്ണൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

ഫിലിം മേക്കറുടെ വലത് കമ്യൂണിസത്തോടുള്ള ആഭിമുഖ്യമാണോ സിനിമ?

അതുമല്ല, ഞാനൊരു പാര്‍ട്ടിയുടേയും ഭാഗമല്ല. പക്ഷേ, സിനിമയെപ്പറ്റി ഏറ്റവും അറിഞ്ഞെഴുതിയത്  തോപ്പില്‍ ഭാസിയാണ്. ഒളിവിലെ ഓര്‍മ്മകള്‍ തിരുവനന്തപുരത്ത് നാടകമായി അവതരിപ്പിക്കുമ്പോള്‍, തോപ്പില്‍ ഭാസി എന്നെ വിളിച്ചു. കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ വച്ചായിരുന്നു. നാടകം കാണാന്‍ ഇ.എം.എസ്, അച്യുതമേനോന്‍, സകല പാര്‍ട്ടി നേതാക്കളും അങ്ങനെ പ്രമുഖരെല്ലാം ഉണ്ട്.

ഭാസി വളരെ സ്നേഹമുള്ള ഒരു മനുഷ്യനാണ്. ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ്. അദ്ദേഹം പ്രസംഗത്തില്‍ ഒരു കാര്യം പറഞ്ഞു, എന്തുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു? അദ്ദേഹം അവിടെ പറഞ്ഞത്, കമ്യൂണിസ്റ്റുകാരനെക്കൊണ്ട് ആത്മ പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന ചിത്രമാണ് മുഖാമുഖം എന്നാണ്. അതാണ് ഗോപാലകൃഷ്ണന്റെ കോണ്‍ട്രിബ്യൂഷന്‍ എന്ന്. പിന്നെ എന്റെ ഉദ്ഘാടന പ്രസംഗമാണല്ലോ. ഞാന്‍ പറഞ്ഞു, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു ഇന്‍സൈഡര്‍ക്ക് എടുക്കാന്‍ പറ്റുന്ന സിനിമയല്ല ഇത്. കമ്യൂണിസ്റ്റ് ആശയഗതിയോട് ശത്രുതയുള്ള ഒരാള്‍ക്ക് എടുക്കാന്‍ പറ്റുന്ന സിനിമയുമല്ല. ഇത് ഒബ്‌സര്‍വ് ചെയ്യുന്ന, ഇതിന് ഇടയില്‍ നില്‍ക്കുന്ന, ഇതിനോട് അനുഭാവമുള്ള ഒരാളുടെ സിനിമയാണ്. അതിന് എതിരായിട്ടൊന്നുമല്ല. അങ്ങനെ വ്യാഖ്യാനിച്ചത്, പടത്തിന്റെ ഒരു കോംപ്ലെക്‌സ് ആയിട്ടുള്ള സ്ട്രക്ചര്‍ കൊണ്ടാണ്. അതുകൊണ്ടുള്ള തെറ്റിദ്ധാരണയാണ്. നമുക്ക് എതിരോ നമുക്ക് അനുകൂലമോ എന്ന് ചോദിക്കുന്ന ഒരു ശൈലിയാണ് രാഷ്ട്രീയക്കാരുടേത്. അങ്ങനെയൊന്നില്ല. അതിനിടയില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അത് നമ്മള്‍ മനസ്സിലാക്കണം എന്നുപറഞ്ഞാണ് സംസാരിച്ചത്.

ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട സിനിമയാണത്. ഇവിടെ മാത്രമല്ല, പുറത്തും. ബോംബെയിലെ ഇക്കണോമിക്ക് ആന്‍ഡ് പൊളിറ്റിക്കല്‍ വാരിക. അവരൊക്കെ അതങ്ങ് ഏറ്റെടുത്തു. അവരുടെ വലിയ ക്യാമ്പെയിന്‍ ആയിരുന്നു, ഭയങ്കരമായിട്ട്. എം.പി. നാരായണ പിള്ളയുടെ കുസൃതിയും ഇതിന് പിന്നിലുണ്ടായിരുന്നു.

അന്നത്തെ സിനിമക്കെതിരായ ഒരു രാഷ്ട്രീയ ക്യാമ്പെയിന്‍ വച്ച് നോക്കുമ്പോള്‍ എം.ടിയുടെ നിര്‍മ്മാല്യം ഇന്നാണ് ഇറക്കിയിരുന്നതെങ്കില്‍ എങ്ങനെയായേനെ?

ഇറങ്ങാന്‍ തന്നെ സമ്മതിക്കില്ല. വലിയ ഭീഷണി തന്നെ ഉണ്ടായേനെ. 

എം.ടിയുമായി എങ്ങനെയാണ്, അദ്ദേഹത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? എം.ടിയുടെ തട്ടകം അതല്ല, എങ്കിലും?

എം.ടി ഒരുപാട് പേര്‍ക്ക് സ്‌ക്രിപ്റ്റുകള്‍ എഴുതി നല്‍കിയിട്ടുണ്ട്. ആ രീതിയില്‍ എം.ടിക്ക് വലിയൊരു റോളുണ്ട്. അതായത് കുറേയധികം പേര്‍ അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റിലൂടെ രക്ഷപ്പെട്ടിട്ടുണ്ട്. അതാണ് എം.ടിയുടെ കോണ്‍ട്രിബ്യൂഷന്‍.

അദ്ദേഹം അദ്ദേഹത്തിന്റെ മികവുകൊണ്ട് മറ്റ് മീഡിയത്തിലും പോയി എന്നേയുള്ളൂ. ടാഗോര്‍ പോലും സിനിമ എടുത്തിട്ടുണ്ട്. അറിയാലോ. അത് ക്രിയേറ്റിവിറ്റിയുടെ ഒരു ഭാഗമാണ്. പുതിയ ഒരു സംഗതി വന്നപ്പോള്‍ അവരെല്ലാം പരീക്ഷിച്ചു. 

വെസ്റ്റിലൊക്കെ നിശ്ശബ്ദ സിനിമയുടെ കാലത്ത് തന്നെ, ഇത് തങ്ങളുടെ എക്സ്പ്രഷനാണെന്നും തങ്ങളുടെ  പെയിന്റിംഗ് പോലെ പ്രധാനമാണ് ഇതെന്നും പറഞ്ഞ് പെയിന്റിങ്ങില്‍ നടത്തിയ പരീക്ഷണങ്ങളൊക്കെ സിനിമയിലും നടത്തി. അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ശബ്ദം വന്നപ്പോള്‍ അതിനെതിരെ വലിയ ഒച്ചപ്പാടായിരുന്നു. ഇത്രയും ഔന്നത്യമുള്ള കലയെ നശിപ്പിക്കുകയാണ് ശബ്ദം കൊണ്ടുവന്നിട്ട് എന്നൊക്കെ പറഞ്ഞ്. അത് ഓരോ സമയത്തുമുണ്ട്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോയി കളര്‍ വന്നപ്പോള്‍ ഇത്രയും മഹത്തായ ഒരു മീഡിയത്തിനെ കളറ് കയറ്റി നശിപ്പിച്ചു എന്നായി. പിന്നെയാണ്, സത്യജിത് റേയുടെ 'അകാലെ സന്ധാനെ' എന്ന സിനിമയെക്കുറിച്ചാണെന്ന് തോന്നുന്നു. ഇന്ത്യയില്‍ വന്ന വിമര്‍ശനം പോവര്‍ട്ടി ഇന്‍ ഈസ്റ്റ്മാന്‍ കളര്‍ എന്നാക്ഷേപിച്ചായിരുന്നു. പോവര്‍ട്ടി കളറില്‍ കാണുമ്പോഴാണ് കൂടുതല്‍ പോവര്‍ട്ടിയായി തോന്നുന്നത്, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അല്ല! (ചിരിക്കുന്നു).

നേരത്തെ ചോദിച്ച ചോദ്യത്തിന്റെ തുടര്‍ച്ചയായി തന്നെ ചോദിക്കട്ടെ, നിര്‍മ്മാല്യത്തിന്റെ കാര്യം പറഞ്ഞല്ലോ, ഇപ്പോള്‍ സിനിമ മാത്രമല്ല, എല്ലാത്തരം കലാരൂപങ്ങളോടും സിസ്റ്റത്തിനോടും ഒക്കെ സമൂഹത്തില്‍ മൊത്തത്തില്‍ ഒരു അസഹിഷ്ണുത വരുന്നുണ്ടോ?

അത് സ്വാഭാവികമായി ഉണ്ടായതല്ല. മനഃപൂര്‍വമായിട്ട് ഉണ്ടാക്കുന്നതാണ്. ഇന്ത്യയിലെ കലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും നശിപ്പിച്ച് കഴിഞ്ഞു. നശിപ്പിക്കാന്‍ പോകുന്നു എന്നാണ് നമ്മള്‍ വിചാരിച്ചിരുന്നത്, എന്നാല്‍ നശിപ്പിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഒരു രീതിയിലും പറ്റാത്ത രീതിയില്‍ അതിനെ ആക്കിക്കളഞ്ഞു. 

ഏറ്റവും അവസാനത്തേതായിരുന്നു സിനിമ സംബന്ധിക്കുന്ന എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ചേര്‍ത്ത് എന്‍.എഫ്.ഡി.സിയുടെ കീഴിലാക്കി മാറ്റിയത്. അതെല്ലാം പോക്കാണ്. കാരണം ഈ എന്‍.എഫ്.ഡി.സിയില്‍ വരാന്‍പോകുന്നത് ഇവന്റ് മാനേജര്‍മാരായിട്ടുള്ള ഉദ്യോഗസ്ഥരാണ്. ബിസിനസ് മാനേജ്‌മെന്റിലൊക്കെ ഡിഗ്രി എടുത്തവരായിരിക്കും അവര്‍.  അവര്‍ക്ക് ഇതിനെപ്പറ്റി ഒരു ധാരണയും ഉണ്ടാവണമെന്നില്ല. 

സാധാരണ രീതിയില്‍ ഒരു പ്രസ്ഥാനം വളരുമ്പോള്‍ അതിനൊരു ബൈഫര്‍ക്കേഷന്‍ വരും. അതില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഏരിയകള്‍ ഉണ്ടായിരിക്കും. ഷോര്‍ട്ട് ഫിലിം എടുക്കുന്ന വിഭാഗം, ചില്‍ഡ്രന്‍സ് സിനിമകള്‍ എടുക്കുന്ന വേറൊരു വിഭാഗം. ഇങ്ങനെ ഓരോ വിഭാഗങ്ങള്‍ ഉണ്ടാകും. ഇതിനെയൊക്കെ ചേര്‍ക്കുകയാണ്. ഏറ്റവും രസകരമായ കാര്യം നാഷണല്‍ ഫിലിം ആര്‍ക്കൈവ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് എന്തു കാര്യം? ഇതിനെതിരെ പല തവണ എഴുതി, പലയിടത്തും സംസാരിച്ചു. ഒരു പ്രയോജനവും ഉണ്ടായില്ല. ചരിത്രത്തെ മാറ്റുവാനുള്ള ഒരു നീക്കം. നെഹ്റുവിന്റെ ലഗസി നശിപ്പിച്ചിട്ട് പകരം എന്താണ് വക്കാനുള്ളത്?

രാജ്യം എങ്ങനെയാണ് ഒന്നായിട്ടിരിക്കുന്നത്? നെഹ്റു രൂപപ്പെടുത്തിയ ഒരു ഫൗണ്ടേഷനുണ്ട്. ആ ഒരു കാഴ്ചപ്പാട്. നമ്മള്‍ നമസ്‌കരിച്ച് പോകും. കള്‍ച്ചറിന്റെ ഭാഗത്ത് വലിയ കോണ്‍ട്രിബ്യൂഷനുണ്ട്. ഒന്നാമത് ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഉണ്ടാക്കുക എന്നത് എന്തൊരു നീക്കമായിരുന്നു. അതുമാത്രമല്ല, എന്തെല്ലാം വ്യത്യാസങ്ങള്‍ ഉണ്ടായി. ലളിതകലാ അക്കാദമി, സംഗീതകലാ അക്കാദമി, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്. വലിയൊരു എക്സ്പോഷറാണ് കള്‍ച്ചറലായിട്ട് ഉണ്ടായത്. പിന്നെ എല്ലാ ഇന്‍ഡസ്ട്രികളുടേയും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുക. എന്തെല്ലാം ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനാണ് തുടക്കമിട്ടത്. ഒരു വലിയ അടിസ്ഥാനമിട്ട ആളാണ്. എന്നിട്ട് എന്ത് ചെയ്തെന്ന് ചോദിക്കുകയാണ്. ചരിത്രം വായിക്കുക, പഠിക്കുക. നമ്മളൊക്കെ നെഹ്റുവിനോടൊപ്പം അദ്ദേഹം കണ്ട സ്വപ്നങ്ങളോടൊപ്പം സഞ്ചരിച്ചവരാണല്ലോ. അതുകൊണ്ട് എന്താണ് ഉണ്ടായതെന്ന് കൃത്യമായി പറയാന്‍ കഴിയും. 

എന്നും ക്ഷാമമായിരുന്നു. അങ്ങനെയുള്ള രാജ്യം ഇന്ന് എക്സ്പോര്‍ട്ട് ചെയ്യുന്നു. ആരാണ് ഇതിനൊക്കെ തുടക്കമിട്ടത്.  ഭക്രാനംഗല്‍ ഇതാണ് പുതിയ ക്ഷേത്രം എന്നുപറഞ്ഞ ആളാണ് നെഹ്റു. ഹരിയാനയും പഞ്ചാബുമൊക്കെ സുഭിക്ഷമായിട്ട് മാറിയില്ലേ. സുഭിക്ഷത കൂടിയപ്പോഴാണ് വേറെ രാഷ്ട്രമാകാനുള്ള ചിന്തയൊക്കെ വന്നത്. ഖാലിസ്ഥാന്‍ വാദമൊക്കെ.

നമ്മള്‍ ഇതുമായി സമരസപ്പെട്ട് കഴിഞ്ഞു. ഭാഗ്യവശാല്‍ അനന്തമൂര്‍ത്തി മരിച്ചു. ഒരു ഇന്റലക്ച്വലിനെ ഇങ്ങനെയാണോ ട്രീറ്റ് ചെയ്യുന്നത്? ഒറ്റപ്പെട്ട് നില്‍ക്കുന്ന ഈ ഇന്റലക്ച്വല്‍സാണ് സംസ്‌കാരത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. അവരെ കൊല്ലുകയാണ്, തുറുങ്കില്‍ അടയ്ക്കുകയാണ്. വളരെ ഭയമുണ്ടാക്കുന്ന ഒരു കാര്യമാണത്. 

നമുക്ക് സിനിമയിലേക്ക് മടങ്ങി വരാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്താണ് അടൂരിന്റെ അധ്യക്ഷതയിലുള്ള ഒരു കമ്മിറ്റിയുടെ റെക്കമന്‍ഡേഷന്‍ പോകുന്നത്. അത് പലതും അംഗീകരിക്കപ്പെട്ടില്ല എന്നുമാത്രമല്ല, വലിയ എതിര്‍പ്പും ഉണ്ടായി. ഫെസ്റ്റിവല്‍ നടത്തുന്നതിനെക്കുറിച്ചും അവാര്‍ഡുകള്‍ കൊടുക്കുന്നതിനെക്കുറിച്ചുമെല്ലാം അതില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പുതിയ സിനിമകളെ പ്രൊമോട്ട് ചെയ്യാന്‍ 25 ലക്ഷം കൊടുക്കാനുള്ള ഒരു പ്രൊപ്പോസല്‍ ഉണ്ടായിരുന്നു. എന്നാല്‍ പലതും നടപ്പാക്കിയില്ല. അതേക്കുറിച്ച് എന്ത് പറയുന്നു?

അതില്‍ അവര്‍ എടുത്തത് റെഗുലേറ്ററി അതോറിറ്റി ഉണ്ടാക്കണമെന്ന് പറഞ്ഞ കാര്യം മാത്രമാണ്. അന്നത്തെ അവസ്ഥയില്‍ റെഗുലേറ്ററി അതോറിറ്റി വേണമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ അത്യാവശ്യമല്ല. എല്ലാം മാറി.

മോണോപൊളി മാറി. വൈഡ് റിലീസ് വന്നു. 60-100 തിയേറ്ററിലൊക്കെയല്ലെ റിലീസ് ചെയ്യുന്നത്. വേറൊന്നായിരുന്നു, ഡിജിറ്റല്‍ സിസ്റ്റം ഏര്‍പ്പെടുത്തുക. ടിക്കറ്റിങ്ങും കളക്ഷനുമൊക്കെ  അപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് വീട്ടിലിരുന്നു തന്നെ അറിയാം. അതും നടപ്പിലാക്കിയില്ല. 

സര്‍ക്കാര്‍ അവാര്‍ഡ് കിട്ടുന്നതും അല്ലെങ്കില്‍ മികച്ചതെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്യുന്ന സിനിമകള്‍ സര്‍ക്കാര്‍ തിയേറ്ററുകളില്‍ കുറഞ്ഞത് മൂന്ന് ആഴ്ച ഓടിക്കാനുള്ള തീരുമാനം ഉണ്ടാകണം. അതില്‍ ആളുകള്‍ വരാതിരിക്കുന്നതിലുള്ള നഷ്ടം സര്‍ക്കാര്‍ നികത്തണം എന്നൊരു ശുപാര്‍ശയുമുണ്ടായിരുന്നു. അത് ചെയ്യാവുന്നതായിരുന്നു.

ഈ റെഗുലേറ്ററി അതോറിറ്റിയുടെ കാര്യം പറയുമ്പോള്‍ മലയാള സിനിമയില്‍ ഇപ്പോള്‍ വലുതായി ചര്‍ച്ച ചെയ്യുന്ന കാര്യമാണ് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്. സ്ത്രീകളുടെ വിഷയങ്ങള്‍ വലുതായി പൊങ്ങിവരുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പല  ഗൗരവതരമായ കാര്യങ്ങളും ഉണ്ടെന്നാണ് പുറത്തുവരുന്നത്. എന്താണ് സാറിന്റെ അഭിപ്രായം? മലയാള സിനിമയില്‍ സ്ത്രീകള്‍ എത്ര അരക്ഷിതരാണ്?

റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് കമ്മിറ്റി തന്നെ പറഞ്ഞതാണ്. സിനിമയില്‍ സ്ത്രീകള്‍ അരക്ഷിതരാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്റെ ഒരു സിനിമയിലും അത്തരം അനുഭവമില്ല. മദ്യപിക്കുമായിരുന്ന നരേന്ദ്ര പ്രസാദ് പോലും മദ്യപിച്ച് എന്റെ സെറ്റില്‍ വൈകി വന്നിട്ടില്ല. പുറത്ത് അദ്ദേഹം എന്ത് ചെയ്യുന്നുവെന്നത് എന്റെ വിഷയമല്ല. അതുപോലെ മറ്റൊരാളായിരുന്നു ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍. അദ്ദേഹം മദ്യം കഴിച്ചിട്ട് ആ ഭാഗത്തേ വന്നിട്ടില്ല. വളരെ സാധുവായ മനുഷ്യനാണ്. എനിക്കിവരുമായൊന്നും ഒരു മോശം അനുഭവമില്ല. ഇവരാരും അങ്ങനെ മോശമായി പെരുമാറുന്നവരല്ല.

പിന്നെ കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഉഭയസമ്മതപ്രകാരം ഒരുമിച്ച് താമസിക്കുന്നവര്‍ പിണങ്ങുമ്പോള്‍ കേസ് കൊടുക്കുന്ന തെറ്റായ പ്രവണതയെക്കുറിച്ച്. ഒരാള്‍ക്ക് ഇഷ്ടപ്പെടാതെ വരുമ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞ് കേസ് കൊടുക്കുന്നു. അത് നിയമത്തെ ദുരുപയോഗം ചെയ്യലാണ്. ഒട്ടും ആശാസ്യമായ പ്രവണതയല്ല. 

സ്ത്രീകള്‍ക്ക് മാന്യത കൊടുക്കണം. അവരോട് അമാന്യമായി പെരുമാറാന്‍ പാടില്ല. സംശയമൊന്നുമില്ല. പക്ഷേ, സിനിമാക്കാര്‍ മുഴുവന്‍ ഇത്തരക്കാരാണെന്നു പറയുന്നത് ശരിയല്ല. ഒരുപാട് നല്ല മനുഷ്യര്‍ ജോലി ചെയ്യുന്ന ഇടമാണ് സിനിമ. വഷളന്മാരും ഉണ്ടായിരിക്കാം. അത് സമൂഹത്തില്‍ എല്ലായിടത്തുമുണ്ട്. സിനിമയ്ക്ക് മാത്രമെന്താ പ്രത്യേകത?

ഒടുവില്‍ ഉണ്ണിക്കൃഷ്ണനെക്കുറിച്ച് പറഞ്ഞുവല്ലോ? എങ്ങനെയാണ് ഒടുവിലിലേക്ക് എത്തുന്നത്?പലപ്പോഴും മുഖ്യധാരാസിനിമയില്‍ ഒടുവില്‍ മാത്രം പരിഗണിക്കപ്പെടുന്ന നടനാണല്ലോ അദ്ദേഹം?

പല സിനിമകളിലും ഒടുവിലിനെ ഞാന്‍ കണ്ടിട്ടുണ്ട്, ശ്രദ്ധിച്ചിട്ടുണ്ട്. എനിക്ക് വളരെ പ്രത്യേകത തോന്നിയ നടനാണ് അദ്ദേഹം. ചിലരെ കാണുമ്പോള്‍ തന്നെ അത്തരമൊരിഷ്ടം തോന്നും. അതുപോലെ തന്നെ എനിക്ക് ഇഷ്ടപ്പെട്ട നടനാണ് അലന്‍സിയര്‍. എനിക്ക് വളരെ പ്രത്യേകത തോന്നിയ നടനാണ്. എന്റെ സുഖാന്ത്യം എന്ന ഷോര്‍ട്ട് ഫിലിമില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  

മമ്മൂട്ടി താങ്കള്‍ക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ്. അങ്ങയുടെ മൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മറുവശത്ത് നില്‍ക്കുന്ന മലയാളത്തിലെ മറ്റൊരു മികച്ച നടനുണ്ട് - മോഹന്‍ലാല്‍. അദ്ദേഹം താങ്കളുടെ സിനിമകളില്‍ വന്നിട്ടേയില്ല. എന്തുകൊണ്ടാണത്?    

മമ്മൂട്ടി ഒരു സംവിധായകന് തീര്‍ത്തും ആശ്രയിക്കാവുന്ന നടനാണ്. വളരെ സത്യസന്ധനായ നടന്‍. നമുക്ക് അദ്ദേഹത്തോട് ഒരു കാര്യം സംസാരിച്ചുറപ്പിക്കാനാകും. മറ്റാര്‍ക്കും അതില്‍ മമ്മൂട്ടിയെ സ്വാധീനിക്കാനാകില്ല. മാത്രമല്ല, തീര്‍ത്തും അര്‍പ്പണ മനോഭാവമുള്ള ഒരു വ്യക്തിയാണ്. എന്നോട് ഒരുതരം താരജാഡകളും കാണിച്ചിട്ടില്ല. വളരെ ബഹുമാനപൂര്‍വ്വമേ എന്നോട് പെരുമാറിയിട്ടുള്ളൂ. എനിക്കും അദ്ദേഹത്തോട് വളരെ ഇഷ്ടമാണ്. എന്റെ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ രണ്ടെണ്ണത്തിന് ദേശീയ അവാര്‍ഡും കിട്ടിയിട്ടുണ്ട്.  

മോഹന്‍ലാലിന്റെ കാര്യത്തില്‍ എനിക്ക് അദ്ദേഹവുമായി ഒരുമിച്ച് സിനിമ ചെയ്യാനുള്ള അവസരമുണ്ടായിട്ടില്ല. അത്രേയുള്ളൂ. മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കൊടുത്തത് ഞാനാണെന്നറിയാമോ? ഞാന്‍ അധ്യക്ഷനായുള്ള ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. അതിനുശേഷം എന്നെ കാണാനായി മോഹന്‍ലാല്‍ സുഹൃത്തിനൊപ്പം ഇവിടെ വന്നിരുന്നു.

അടൂര്‍ എന്ന സംവിധായകന്റെ കാഴ്ചപ്പാടില്‍ ഇവരിലാരാണ് മികച്ച നടന്‍?

അത്തരമൊരു താരതമ്യം സാധ്യമല്ല. മോഹന്‍ലാലിന് തന്റേതായ ഒരു രീതിയുണ്ട്. അതിലൂടെ ആളുകളെ കയ്യിലെടുക്കാനറിയാം അദ്ദേഹത്തിന്. ഇപ്പോള്‍ മോഹന്‍ലാല്‍ ചെയ്യുന്നതധികവും സ്ഥിരം വേഷമാണ് - നല്ലവനായ റൗഡി. അത് സഹിക്കാന്‍ പറ്റില്ല. പക്ഷേ, അദ്ദേഹം വളരെയധികം കഴിവുള്ളൊരു നടനാണ്. അതില്‍ സംശയമൊന്നുമില്ല.

മമ്മൂട്ടി മറ്റൊരു തരം നടനാണ്. അദ്ദേഹത്തിന്റേത് ഈ രീതിയേയല്ല. മമ്മൂട്ടിക്ക് പാടിക്കൊണ്ട് അഭിനയിക്കാനൊന്നും കഴിയില്ല. മോഹന്‍ലാല്‍ എന്തും ചെയ്യും. ശരീരം നന്നായി വഴങ്ങും. മമ്മൂട്ടിയങ്ങനെയല്ല. മറ്റൊരു രീതിയാണ് അദ്ദേഹത്തിന്റേത്. താരതമ്യം ചെയ്യുന്നതിലര്‍ത്ഥമില്ല. മറ്റൊന്ന് ഇന്ത്യക്ക് പുറത്ത് മമ്മൂട്ടി വളരെ അറിയപ്പെടുന്നൊരു നടനാണ്.

ഒരു അടൂര്‍ സിനിമയില്‍ എന്തുകൊണ്ട് മോഹന്‍ലാലിനെ ഇതുവരെ കണ്ടിട്ടില്ല?

അങ്ങനെ കാണണമെന്ന് എന്താണ് നിര്‍ബ്ബന്ധം? ഓരോ സിനിമയ്ക്കും ആ കഥാപാത്രത്തിന് യോജിക്കുന്നയാളെയാണ് ഞാന്‍ അന്വേഷിക്കുന്നത്. നേരെ തിരിച്ച് ഒരു നടന് വേണ്ടിയല്ല ഞാന്‍ സിനിമ ചെയ്യുന്നത്. നടന്മാര്‍ക്കുവേണ്ടി സിനിമ ചെയ്യുന്നവരാണ് മറ്റു പലരും. അവരുടെ ഡേറ്റ് കിട്ടാനായി തിരക്കഥയുമായി വന്ന് അവരെ വായിച്ചു കേള്‍പ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. അതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

ഞാന്‍ എഴുതുന്ന തിരക്കഥയില്‍ അതാത് കഥാപാത്രത്തിന് ചേരുന്നവരെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അങ്ങനെയാരുമില്ലെങ്കില്‍ ഞാന്‍ പരസ്യം ചെയ്യും. പലരേയും അഭിമുഖം നടത്തിയാണെടുക്കുന്നത്. പലരും അങ്ങനെ വന്നവരാണ്. ഗംഗാധരന്‍ നായര്‍ ഒരു സിനിമയില്‍ നായകനാകുമെന്നാരെങ്കിലും കരുതിയിരുന്നോ? ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഒരു പ്രത്യേകതരം രൂപവും ഭാവവുമൊക്കെ ഞാന്‍ ഉപയോഗിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശുദ്ധവും ശക്തവുമായ സംസാരരീതിയൊക്കെ ഞാന്‍ ആ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. സ്ഫുടമല്ലാതെ സംസാരിക്കുന്നയാള്‍ ചെയ്താല്‍ ആ കഥാപാത്രം നന്നാകില്ല. സംഭാഷണത്തില്‍ ഒരു ആജ്ഞാശക്തി വേണം.

അതേസമയം അയാള്‍ക്ക്  ചെറിയൊരു കോങ്കണ്ണുണ്ട്. അത് ഞാന്‍ കഥാപാത്രത്തിന്റെ രൂപീകരണത്തിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും ഞാന്‍ അദ്ദേഹത്തോട് ഇവിടെ വരാന്‍ പറയാറുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ മുഖം പല തവണ പഠിച്ച ശേഷമാണ് ആ കഥാപാത്രത്തിനുവേണ്ടി തെരഞ്ഞെടുക്കുന്നത്. ആര്‍ക്കുമറിയാത്തവരായിരുന്നു അങ്ങനെ വന്നവരില്‍ പലരും.

സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ - ഇന്ത്യന്‍ സിനിമയിലെ മൂന്ന് അതികായര്‍. മൂന്നുപേരുമായും അങ്ങേയ്ക്ക് ബന്ധമുണ്ട്. ഇവരിലാരാണ് അങ്ങയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്?

ഇവരില്‍ മൃണാള്‍ദാ ഏറെക്കുറെ താമസിച്ച് വന്നയാളാണ്. എന്നെ സ്വാധീനിച്ചുവെന്നു പറയാവുന്നത് റേയും ഘട്ടക്കുമാണ്. ഘട്ടക്ക് എന്റെ അദ്ധ്യാപകനായിരുന്നു. എനിക്ക് അദ്ദേഹവുമായി വ്യക്തിബന്ധമുണ്ടായിരുന്നില്ല. റേയും സെന്നുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അവര്‍ക്കെന്നെയും എന്റെ സിനിമകളും ഇഷ്ടമായിരുന്നു. മൃണാള്‍ദാ എന്റെയൊരു ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു. 

കേരളത്തില്‍ നിന്നാരെങ്കിലുമൊക്കെ പോകുമ്പോള്‍ അദ്ദേഹം എന്നെ അന്വേഷിക്കാറുണ്ടായിരുന്നു. ഞങ്ങളൊരു കുടുംബമാണെന്നാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്. റേയും അതുപോലെ തന്നെയായിരുന്നു. എന്നോട് വളരെ വാത്സല്യമായിരുന്നു. എന്റെ സിനിമകള്‍ വളരെ ഇഷ്ടമായിരുന്നു. ഓരോ തവണയും എന്റെ സിനിമകള്‍ കല്‍ക്കട്ടയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ കാണാന്‍ വരും, അഭിപ്രായം പറയും. എന്റെ സിനിമ കണ്ട ശേഷം എന്നോട് അടുത്ത ദിവസം വരാന്‍ പറയും. പിറ്റേന്ന് കാണുമ്പോള്‍ അതിനെക്കുറിച്ച് ദീര്‍ഘമായി ആഴത്തില്‍ സംസാരിക്കും. അതുപോലെയുള്ള മാസ്റ്റേഴ്സ് എന്റെ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ബഹുമതിയാണ്.      

റേയുടെ ചിത്രങ്ങളില്‍ അങ്ങയുടെ ഇഷ്ടസിനിമകള്‍ ഏതൊക്കെയാണ്?

അപു ത്രിലോജിയാണ് പ്രധാനം. അതുപോലെ തന്നെ പ്രധാനമാണ് ദേവി എന്ന മറ്റൊരു സിനിമയും. ജല്‍സാഖര്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട മറ്റൊരു സിനിമയാണ്. അതുപോലെ തന്നെയാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സിനിമകളും. സോനാര്‍ കെല്ല എന്നൊരു സിനിമയുണ്ട്, അതിഗംഭീരമാണ്. അതുപോലൊരു സിനിമ മറ്റാരും ചെയ്തിട്ടില്ല. അദ്ദേഹം അങ്ങനെ മഹാസിദ്ധികളുള്ള ഒരാളായിരുന്നു.

ലോകസിനിമയില്‍ അങ്ങയെ സ്വാധീനിച്ച മാസ്റ്റേഴ്സ് ആരൊക്കെയാണ്?

റേ ലോകസിനിമയിലെ തന്നെ പ്രമുഖരിലൊരാളാണ്. ലോകസിനിമയില്‍ പലരുമുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയ ഒരാളാണ് ജര്‍മന്‍ സംവിധായകനായ വെര്‍നെര്‍ ഹെര്‍സോഗ്. അദ്ദേഹത്തിന് ഇവിടെയും ഒരുപാട് ആരാധകരുണ്ടായിരുന്നു.

കൊറിയന്‍ ചലച്ചിത്രകാരന്‍ കിംകിഡുക്കിനും ഇവിടെ ഏറെ ആരാധകരുണ്ടായിരുന്നു?

അദ്ദേഹം മറ്റൊരു തരം സംവിധായകനാണ്. പക്ഷേ, അദ്ദേഹത്തിന്റേയും സിനിമകള്‍ വളരെ ഒറിജിനലാണ്. ഒരുതരം പെര്‍വെര്‍ഷനുണ്ട് അദ്ദേഹത്തിന്. പക്ഷേ, വര്‍ക്കുകള്‍ തികച്ചും ഒറിജിനലാണ്. അദ്ദേഹം ഒരു ചേരിയില്‍നിന്ന് വന്നയാളാണ്. അദ്ദേഹം ഒരു ചിത്രകാരനുമൊക്കെയാണ്. അദ്ദേഹം വരച്ച ചിത്രങ്ങളൊക്കെ കണ്ട് ഇഷ്ടപ്പെട്ട് ഒരു ഫ്രെഞ്ചുകാരന്‍ അദ്ദേഹത്തെ അങ്ങോട്ടു കൊണ്ടുപോകുകയായിരുന്നു. അങ്ങനെയാണ് സിനിമകളൊക്കെ വരുന്നത്. ഒറിജിനല്‍ സിനിമകളാണ്. പക്ഷേ, ക്രൈമിന്റേയും സെക്സിന്റേയും അതിപ്രസരമാണ് സിനിമകളില്‍.

അവസാനത്തെ ചോദ്യത്തിലേക്ക്. അങ്ങയുടെ പന്ത്രണ്ട് സിനിമകളില്‍ ഒരെണ്ണം മാത്രമേ ഞാന്‍ കാണാതുള്ളൂ - പിന്നെയും. ആ സിനിമ ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തി. അവയോട് അങ്ങ് വളരെ രൂക്ഷമായി  പ്രതികരിക്കുകയും ചെയ്തു. വിമര്‍ശനങ്ങളോട് അസഹിഷ്ണുതയുള്ള വ്യക്തിയാണോ അടൂര്‍? അതുപോലെ ആ സിനിമ വേണ്ടരീതിയില്‍ കാഴ്ചക്കാരുമായി സംവദിച്ചില്ല എന്ന് തോന്നുന്നുണ്ടോ?  

രണ്ടപകടം അവിടെ സംഭവിച്ചിട്ടുണ്ട്. ഈ സിനിമ എടുക്കാന്‍ കാരണം സുകുമാരക്കുറുപ്പാണ്. അയാള്‍ക്കെന്തു സംഭവിച്ചുവെന്ന് ജനങ്ങള്‍ ഇപ്പോഴും ചോദിക്കുന്നുണ്ട്. ആ ഒരു ദുരൂഹതയില്‍ നിന്നാണ് ഞാന്‍ ഇതെഴുതാന്‍ തുടങ്ങുന്നത്. പക്ഷേ, അത്  കുറുപ്പിന്റെ കഥയല്ല. സുകുമാരക്കുറുപ്പ് എന്റെ ബന്ധുവാണോയെന്ന് വരെ പത്രക്കാര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. കുറുപ്പ് മധ്യതിരുവിതാംകൂറിലാണെന്നല്ലാതെ എനിക്ക് അയാളെക്കുറിച്ച് അധികമൊന്നുമറിയില്ല.

പലരും എന്നോട് ചോദിച്ചിട്ടുണ്ട് കുറുപ്പിനെ ന്യായീകരിക്കാനെടുത്ത സിനിമയാണോയെന്ന്. ഞാന്‍ അവരോട് ചോദിക്കുക അവര്‍ സിനിമ കണ്ടോയെന്നാണ്. സത്യത്തില്‍ അതിനെക്കുറിച്ചുള്ള സിനിമയല്ലിത്. അത് യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ സ്വത്വത്തെക്കുറിച്ചുള്ള ഒരു സിനിമയാണ്. അത് പലര്‍ക്കും മനസ്സിലായിട്ടില്ല. സുകുമാരക്കുറുപ്പിന്റെ കഥ കാണാനാണ് പലരും പോയത്. അതില്‍ എനിക്കെന്തു ചെയ്യാനാകും? മറ്റാരെങ്കിലും പറയേണ്ടെന്നു കരുതിയാണ് ഞാന്‍ തന്നെ കുറുപ്പിന്റെ കാര്യം പറഞ്ഞത്. അത് പക്ഷേ, കുറുപ്പിനെക്കുറിച്ചുള്ള സിനിമയല്ല. ഞാനത് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ കുറുപ്പിനെക്കുറിച്ച് മറ്റാരോ ഒരു സിനിമയെടുക്കുകയും ചെയ്തു. അതിന് മുന്‍പ് എന്‍.എച്ച് 47 എന്ന പേരില്‍ മറ്റൊരു സിനിമ വന്നിട്ടുണ്ട്. ഞാനിതൊന്നും കണ്ടിട്ടില്ല.

എന്റെ സിനിമ ഇതൊന്നുമല്ല. ഒരാള്‍ ജീവിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? What is the meaning of living? being? ഇയാള്‍ സ്വന്തം മരണം വ്യാജമായി നിര്‍മ്മിക്കുന്ന ഒരാളാണ്. അതിനുശേഷം എന്ത് സംഭവിക്കുന്നു? അയാളുടെ പദ്ധതി തന്നെയായിരുന്നല്ലോ അത്? അതിനുശേഷം അയാള്‍ പറയുന്നത് ധാരാളം പണം കിട്ടും അതുകൊണ്ട് എവിടെയെങ്കിലും പോയി ജീവിക്കാമെന്നാണ്. 

പക്ഷേ, മരണം വ്യാജമായി നിര്‍മ്മിക്കുന്നതിലൂടെ അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ മരണം സംഭവിക്കുകയാണ്. അയാള്‍ക്ക് അയാളുടെ മുഖം ഒരിടത്തും കാണിക്കാന്‍ കഴിയില്ല. അയാളുടെ പേര് മാറ്റേണ്ടിവരും. മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല. ഒരര്‍ത്ഥത്തില്‍ അയാള്‍ മരിക്കുകയാണ്. അതിനെക്കുറിച്ചാണ് ആ സിനിമ.  എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണത്.  
      
വിമര്‍ശകരോട് ഞാന്‍ രൂക്ഷമായി പ്രതികരിച്ചിട്ടില്ല. പക്ഷേ, പലപ്പോഴും വിമര്‍ശകര്‍ നേരെ സിനിമ പോലും കാണാത്തവരാണ്. സിനിമാ വിമര്‍ശകരാകാന്‍ ഇവരില്‍ പലര്‍ക്കും എന്താണ് യോഗ്യത? പലരും അന്താരാഷ്ട്ര ചലച്ചിത്രമേള  ഇവിടെ നടക്കുമ്പോള്‍പോലും കാണാന്‍ കൂട്ടാക്കാത്തവരാണ്.

ദിലീപ്, കാവ്യാ മാധവന്‍ എന്ന ജോഡി വന്നതാണോ സിനിമയ്‌ക്കെതിരെ അങ്ങനെയൊരു വികാരം വരാന്‍ കാരണം? പ്രത്യേകിച്ചും നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍?

നടിയെ ആക്രമിച്ച കേസൊക്കെ അതിനുശേഷം വരുന്നതാണ്. ആ കേസില്‍പോലും പല കാര്യങ്ങളുണ്ട്. ഡി.ജി.പിയായിരുന്ന ശ്രീലേഖ പറഞ്ഞത് ശരിയാണ്.  ഒരുപാട് കള്ളക്കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിലൊന്ന്  ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് പള്‍സര്‍ സുനി വന്നുവെന്നാണ്. ഒരാളും അങ്ങനെ വന്നിട്ടില്ല. അത്ര കൃത്യമായാണ് ഞങ്ങള്‍ ഷൂട്ടിംഗ് ആസൂത്രണം ചെയ്യുന്നത്. ഞാന്‍ ഇത്തരം വാര്‍ത്ത കണ്ടിട്ട് അതിനെതിരായി ഒരു പ്രസ്താവന കൊടുക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് പറയുകയും ചെയ്തു.

താങ്കളുടെ സിനിമയിലേക്ക് തിരിച്ചുവരാം. അടുത്ത സിനിമയെക്കുറിച്ചുള്ള ചര്‍ച്ച എന്തായി?

അടുത്ത സിനിമയെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. ഇത് വളരെ മോശം സമയമാണ്. അടുത്തിടെ ഇറങ്ങിയ പല സിനിമകള്‍ക്കും മുതല്‍മുടക്ക് തിരിച്ച് കിട്ടിയിട്ടില്ല. ഇത്രയും നാളും എനിക്കുള്ളൊരു സന്തോഷം ഞാന്‍ കാരണം ആര്‍ക്കും നഷ്ടം വന്നിട്ടില്ല. ഒരു നിര്‍മ്മാതാവിനെ കുത്തുപാള എടുപ്പിക്കാന്‍ എനിക്ക് താല്പര്യമില്ല. പലരും സിനിമയെടുക്കണമെന്ന് പറഞ്ഞ് എന്നെ  സമീപിക്കാറുണ്ട്. അവരോട് കൃത്യമായി ഞാന്‍ പറയാറുണ്ട് നിങ്ങള്‍ക്ക് കാശ് നഷ്ടപ്പെടാനുള്ള ത്രാണിയുണ്ടോ? കാരണം, ഈ സിനിമയ്ക്ക് അവാര്‍ഡ് കിട്ടുമെന്നോ മുടക്ക്മുതല്‍ തിരിച്ച കിട്ടുമെന്നോ ഉറപ്പില്ല.

താങ്കളുടെ 12 സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?

പന്ത്രണ്ടും എനിക്കിഷ്ടപ്പെട്ടവയാണ്. ഒന്നുപോലും എടുത്തതില്‍ എനിക്ക് പശ്ചാത്താപമില്ല. ഏറ്റവും അവസാനം ചെയ്ത സിനിമയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് - ഇപ്പോഴും എപ്പോഴും. ഇപ്പോള്‍ എനിക്കേറ്റവുമിഷ്ടം പിന്നെയും എന്ന സിനിമയാണ്. അത് ലോകം മുഴുവന്‍ മറിച്ചു പറഞ്ഞാലും ഞാന്‍ മാറില്ല. എന്റെ എത്രയോ കാലത്തെ അനുഭവജ്ഞാനമാണ് അതില്‍ വരുന്നത്. എന്റെയൊരു സര്‍ഗ്ഗാത്മകമായ വളര്‍ച്ച അങ്ങനെയാണ്.

ഒരു സിനിമയെക്കുറിച്ചും എനിക്ക് ചെയ്യേണ്ട എന്നു തോന്നിയിട്ടില്ല. I don't make low budget movies, I don't make high budget movies. I make right budget movies. കുറയുകയുമില്ല, കൂടുകയുമില്ല. ഒരു നയാപൈസ പോലും ഞാന്‍ വേസ്റ്റ് ചെയ്യാറില്ല.

ഒ.ടി.ടി സിനിമയുടെ സാദ്ധ്യതകള്‍ കൂടിയിട്ടുണ്ടോ?

അത് സിനിമയുടെ നാശമാണ്. സിനിമ ഒരു തിയേറ്ററില്‍ കാണേണ്ടതാണ്. ഒരുപാട് ഓടിയ സിനിമകളാണ് ഒ.ടി.ടിയില്‍ വരുന്നത്. അതൊരു ടി.വി സീരിയല്‍ കാണുന്നത് പോലെയാണ്. ഇപ്പോള്‍ അവര്‍ തന്നെ ടെലി സീരീസ് ചെയ്യുന്നുണ്ട്.      
                 
താങ്കളുടെ 12 സിനിമകളും ഒരുമിച്ചിറക്കാനുള്ള ഒരു പദ്ധതിയുണ്ടായിരുന്നല്ലോ?

അത് നടന്നില്ല. ആ പദ്ധതിയുമായി വന്നവര്‍ക്ക് അതിനുള്ള ത്രാണി ഇല്ലായിരുന്നു.

ഈ ലേഖനം കൂടി വായിക്കൂ

'ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ