'ഒന്നും ഓരോ സിഖ്കാരനും ഇന്നും മറന്നിട്ടോ പൊറുത്തിട്ടോ ഇല്ല, കാലം ചെല്ലുന്തോറും ആ വ്രണത്തിന് വേദന കൂടുന്നേ ഉള്ളൂ'

ടാക്സി ഡ്രൈവര്‍ എയര്‍പോര്‍ട്ടില്‍ കാത്തുനിന്നിരുന്നു.  തന്റെ നാട്ടില്‍ എത്തിയ യാത്രികരെ സ്വീകരിക്കുന്നതില്‍ അയാള്‍ക്ക് അത്ര വലിയ ആവേശമുണ്ടെന്ന് തോന്നിയില്ല
'ഒന്നും ഓരോ സിഖ്കാരനും ഇന്നും മറന്നിട്ടോ പൊറുത്തിട്ടോ ഇല്ല, കാലം ചെല്ലുന്തോറും ആ വ്രണത്തിന് വേദന കൂടുന്നേ ഉള്ളൂ'

ത്തവണ യാത്ര പഞ്ചാബിലേക്കെന്ന് ഉറപ്പിച്ച നിമിഷംതൊട്ട് മനസ്സ് ബല്ലേ ബല്ലേ മോഡിലാണ്. കണ്ണൂര്‍, മുംബൈ എയര്‍പോര്‍ട്ടുകളിലെ നീണ്ട കാത്തിരിപ്പുകളില്‍ ഒരു രാവും പകലും കളഞ്ഞ് അമൃത്സര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ സായാഹ്നമായിരുന്നു. നാലാമത്തെ സിഖ് ഗുരുവും അമൃത്സര്‍ നഗരസ്ഥാപകനുമായ ശ്രീ ഗുരു രാംദാസ് ജിയുടെ പേരാണ് എയര്‍പോര്‍ട്ടിന്. അത്ര ഗംഭീരമായ എയര്‍പോര്‍ട്ടൊന്നുമല്ല, ലഗേജിനുവേണ്ടി കാത്തുനില്‍ക്കുമ്പോള്‍ ചുറ്റും നില്‍ക്കുന്ന അരോഗദൃഢഗാത്രരായ പഞ്ചാബി പുരുഷന്മാരേയും കൈനിറയെ ചുവന്ന മൈലാഞ്ചിയും വളകളും ഇട്ട കടുംനിറ ചായ ചുണ്ടുകളുമുള്ള അതിസുന്ദരികളായ പഞ്ചാബി പെണ്ണുങ്ങളേയും കണ്ടിട്ട് മതിവരുന്നില്ല. ആരോഗ്യത്തില്‍  ഒട്ടും മോശമല്ല പഞ്ചാബി പെണ്ണുങ്ങളും. കടുകെണ്ണ മണം ചുറ്റും പരക്കുന്നു. സൗത്ത് ഇന്ത്യയില്‍നിന്നും മുകളിലേക്ക് കയറിവരുമ്പോള്‍ മൂക്കില്‍ അടിക്കുന്ന ഈ കടുകെണ്ണ മണം യാത്രയുടെ ഉന്മാദഗന്ധങ്ങളിലൊന്നാണ്. 

ടാക്സി ഡ്രൈവര്‍ എയര്‍പോര്‍ട്ടില്‍ കാത്തുനിന്നിരുന്നു.  തന്റെ നാട്ടില്‍ എത്തിയ യാത്രികരെ സ്വീകരിക്കുന്നതില്‍ അയാള്‍ക്ക് അത്ര വലിയ ആവേശമുണ്ടെന്ന് തോന്നിയില്ല. പൊടിപിടിച്ച അമൃത്സര്‍ നിരത്തിലൂടെ കാര്‍ പൊയ്‌ക്കൊണ്ടിരുന്നു. നിരത്തിന്റെ ഇരുവശക്കാഴ്ചകള്‍ക്കും ആകെ ദാരിദ്ര്യം. ഒട്ടും വൃത്തിയില്ലാത്ത റോഡരികുകള്‍. പൊടിപിടിച്ച കെട്ടിടങ്ങള്‍. ഇങ്ങനെയാണോ അമൃത്സര്‍ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. ഇത് പുരാതനാ അമൃത്സര്‍ ആണ്. സുവര്‍ണ്ണക്ഷേത്രത്തിന്റെ ഭാഗത്താണ് വൃത്തിയുള്ളത്. അവിടെ കാണാന്‍ നല്ലതാണ്.  

വഴിയില്‍ ഒരിടത്ത് തമ്പടിച്ച് കിടക്കുന്ന ഒരു കൂട്ടം സിഖ്കാരെ കണ്ടപ്പോള്‍ അയാള്‍ ചാര്‍ജ്ജായി. കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ ഗ്രാമങ്ങളില്‍നിന്നും വന്നവരാണ്. അവര്‍ക്കുള്ള ഭക്ഷണം കൊണ്ടുവന്ന വലിയ ട്രക്കുകള്‍ ടെന്റിനരികെ കിടക്കുന്നു. ഈ പന്തല്‍ ഒഴിയാറില്ല. ഒരുകൂട്ടര്‍ ഡല്‍ഹിയിലേക്ക് പോകുമ്പോള്‍  ഗ്രാമങ്ങളില്‍നിന്ന് പുതിയവര്‍ സമരപ്പന്തലില്‍  എത്തും - അയാള്‍ പറഞ്ഞു. പൊടിപിടിച്ച ഗലിയില്‍നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന ഹോട്ടലിന് കൊടുത്ത കാശ് പാഴാവുമോ എന്ന് തോന്നുംവിധം പഴക്കം. റൂം നോക്കുമ്പോള്‍  അത്യാവശ്യം വൃത്തിയും സൗകര്യവുമുണ്ട്. രാത്രി ഭക്ഷണം പാക്കേജിലുണ്ട്. അതും തപ്പി ഭക്ഷണമുറിയില്‍ ചെന്നപ്പോള്‍ അവിടെ ശൂന്യം. ഭക്ഷണം മുറിയിലേക്ക് എത്തിച്ചുതരാം എന്ന് സ്റ്റാഫ്. കൊവിഡ് തകര്‍ത്ത ഹോട്ടല്‍ ടൂറിസം പച്ചപിടിച്ച് വരുന്നതേയുള്ളൂ എന്നു തോന്നി പരിമിതമായ സ്റ്റാഫിനെ വെച്ചുള്ള തട്ടി ഒപ്പിക്കല്‍ പരിപാടികള്‍ കണ്ടപ്പോള്‍, അവരേയും പറഞ്ഞിട്ടു കാര്യമില്ല. നടു ഒന്ന് നിവര്‍ത്തിയിട്ട് വേണ്ടേ തലഉയര്‍ത്തി നേരെ നില്‍ക്കാന്‍. പറഞ്ഞ നേരമൊക്കെ കഴിഞ്ഞിട്ടാണെങ്കിലും ഭക്ഷണം എത്തി. രാജ്മ പയര്‍കറിയും ആലുപറാത്തയും. രണ്ടും ഒരു ബിലോ ആവറേജ് ടേസ്റ്റഡ് സാധനം.

സന്ധ്യ കഴിഞ്ഞപ്പോള്‍ രാത്രി ഗലികളിലൂടെ ഒന്ന് നടക്കാനിറങ്ങി. മങ്ങിയ പ്രകാശമുള്ള വഴിവിളക്കുകള്‍. മുഖഭംഗി ഇല്ലാത്ത കടകള്‍. വാഹനങ്ങള്‍ മുഴുവന്‍ പൊടിയില്‍ ആറാടി നില്‍ക്കുന്നു; കളര്‍ ഏതെന്നുപോലും അറിയാത്തവിധം. കഴുകിയിട്ട് മാസങ്ങള്‍ ആയിക്കാണണം. ഒക്കെയും ഏറെ വിലകൂടിയ വാഹനങ്ങള്‍. എല്ലാ വണ്ടികളും ഇക്കോലത്തില്‍ ഓടുമ്പോള്‍ കഴുകി വൃത്തിയാക്കി വണ്ടി കൊണ്ടുനടക്കുന്നവനെ ആവും 'ആ വണ്ടി നോക്ക്' എന്ന് പറഞ്ഞ് ആളുകള്‍ ഇവിടെ കളിയാക്കുന്നത്. എന്തൊക്കെയോ ചെറുതരം സ്നാക്സ് കഴിച്ച് റൂമിലെത്തി ഉറങ്ങാന്‍ കിടന്നു. ഡ്രൈവറോട് നേരത്തെ വരാന്‍ പറഞ്ഞിട്ടുണ്ട്.

രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കോംപ്ലിമെന്ററിയാണ്. ഒരു കപ്പ് ചായയ്ക്കും വെണ്ണയോ ജാമോ തേക്കാത്ത രണ്ട് പ്ലെയിന്‍ ബ്രഡിനും മുക്കാല്‍ മണിക്കൂറാണ് അവര്‍ ഹോട്ടല്‍ ലോബിയില്‍ കാത്തിരുത്തിയത്. മറ്റു വിഭവങ്ങള്‍ ഒന്നും തന്നെ ഇല്ല, ബുഫെ ബ്രേക്ക് ഫാസ്റ്റ് എന്നൊക്കെ പറഞ്ഞിട്ട്. നാളെ ബ്രേക്ക് ഫാസ്റ്റ് വേണ്ട പകരം അതിന്റെ കാശ് കുറച്ച് തന്നാല്‍ മതി എന്ന് പറയേണ്ടിവന്നു. 

ഡ്രൈവര്‍ അഴുക്കും പൊടിയും ചെളിയും നിറഞ്ഞ ഏതൊക്കെയോ ഊടുവഴികളിലൂടെ ചുറ്റിക്കറക്കി ആദ്യം കൊണ്ടുപോയത് ദുര്‍ഗിയാന മന്ദിറിലേക്കായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. ചാറിയിട്ടൊന്നുമല്ല. നനച്ചു കുതിര്‍ക്കാന്‍ പാകത്തിന് കാര്യമായിട്ട് തന്നെ. മഴയൊന്ന് ഒതുങ്ങാന്‍ ദുര്‍ഗിയാനയിലേക്കുള്ള വഴിത്താരയിലൊരിടത്ത് ഏറെ നേരമിരുന്നു, ചെരുപ്പ് സൂക്ഷിക്കുന്നതിനടുത്തുള്ള ബെഞ്ചില്‍. മറ്റൊരിടത്തെ ജനങ്ങളേയും അവരുടെ വസ്ത്രധാരണ രീതിയേയും പെരുമാറ്റങ്ങളേയും വെറുതെ നിരീക്ഷിച്ചിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടമാണ് എന്നതിനാല്‍ മഴ ഒട്ടും മുഷിപ്പിച്ചില്ല.

ദുര്‍ഗിയാന ഹിന്ദുക്ഷേത്രമാണെങ്കിലും വാസ്തുവിദ്യ സിഖുകാരുടെ ഹര്‍മന്ദിര്‍ സാഹിബിന് തുല്യമാണ്. പതിനാറാം നൂറ്റാണ്ടിലെ ക്ഷേത്രം 1921-ല്‍ ഒന്ന് പുതുക്കിയതാണ് ഇപ്പോള്‍ കാണുന്നത്. വിശാലമായ ജലപ്പരപ്പിനു നടുവിലാണ് ആരാധനാലയം. അവിടേക്ക് പോകാന്‍ ജലപ്പരപ്പിന് നടുവിലൂടെ നീണ്ട മാര്‍ബിള്‍ പാത. ദുര്‍ഗിയാന എന്ന പേര് കേട്ടപ്പോള്‍ തന്നെ ഊഹിച്ചിരുന്നു പ്രധാന ആരാധനാമൂര്‍ത്തി ദേവി ദുര്‍ഗ്ഗയായിരിക്കുമെന്ന്. ഹനുമാന്‍, ലക്ഷ്മി, വിഷ്ണു, സീതാരാമന്മാര്‍ ഒക്കെയുണ്ട് ജലപ്പരപ്പിനു നടുവിലെ  ആരാധനാലയത്തില്‍. നിറയെ സന്ദര്‍ശകരുണ്ട് മഴയായിട്ടും. അവിടം കണ്ടു മടങ്ങിവന്നാല്‍ തൊട്ടടുത്ത് തന്നെ ഒരു ഹനുമാന്‍ ക്ഷേത്രമുണ്ട്. കുളത്തിനു പുറത്ത്. അവിടേക്കുള്ള ഇടനാഴി നിറച്ചും പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടകളാണ്. എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ക്ക് ഈ ക്ഷേത്രം ഇത്രമേല്‍ പ്രാധാന്യം ഉള്ളത് എന്നതിന് ഉത്തരം നല്‍കി ക്ഷേത്രമുറ്റത്ത് ഒരു വൃക്ഷം നില്‍ക്കുന്നുണ്ട്. അത് നിറച്ചും പ്രാര്‍ത്ഥനാപൂര്‍വ്വം കെട്ടിയ മഞ്ഞച്ചരടുകളാണ്. ആ വൃക്ഷത്തിലത്രെ ലവകുശന്മാര്‍ ശ്രീരാമന്റെ ദിഗ്വിജയ യാഗാശ്വത്തെ ബന്ധിച്ചത്. യാഗാശ്വത്തേയും കൊണ്ട് ദേശങ്ങളില്‍നിന്നും ദേശങ്ങളിലേക്ക് സഞ്ചരിച്ചിരുന്ന ഹനുമാന്‍ യാഗാശ്വത്തെ രണ്ട് ബാലകര്‍ ബന്ധിച്ചു എന്നതറിഞ്ഞ നിമിഷം വാത്സല്യമടക്കാതെ ഒന്ന് ഗൂഢമായി പുഞ്ചിരിച്ചിരിക്കണം. അതിനെ ബന്ധിക്കാനുള്ള ധൈര്യവും ശക്തിയും ലവകുശന്മാര്‍ക്കേ ഉണ്ടാവൂ എന്ന് ഹനുമാനറിയാമല്ലോ. കുട്ടികള്‍ക്ക് ധൈര്യവും ശക്തിയും കിട്ടാനുള്ള വഴിപാടാണ് വൃക്ഷത്തിലെ മഞ്ഞച്ചരടുകള്‍. നൂറ്റാണ്ടുകള്‍ പിന്നിട്ടതെന്ന് പറയപ്പെടുന്ന ഹനുമാന്റെ ഏകശിലാ വിഗ്രഹവും ഇവിടെ ഉണ്ട്. പ്രാകൃത രീതിയില്‍ വാനരരൂപം കൊത്തിയ ഒരു ശില.

ക്ഷേത്രദര്‍ശനത്തിനുശേഷം നേരെ പോയത് സുവര്‍ണ്ണക്ഷേത്രത്തിലേക്കാണ്. അവിടെയെത്തുന്നതിന് തൊട്ടു മുന്‍പ്  ജാലിയന്‍വാലാബാഗ് മ്യൂസിയമുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ദിനംപ്രതി എത്തുന്ന വേള്‍ഡ് റെക്കോഡ്, ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ സുവര്‍ണ്ണക്ഷേത്രത്തിനാണ്. അത്യാവശ്യം നല്ല മഴയും ചെറിയ തോതില്‍ ഇടിമിന്നലും ഒക്കെ ഉണ്ടായിട്ടും സുവര്‍ണ്ണക്ഷേത്ര പാതകള്‍ ജനനിബിഡം.  ജനം ഇവിടെ ഒരു മഹാസാഗരമാണ്. ദിവസം ഒരു ലക്ഷത്തിലധികമാണത്രെ ഇവിടെ സന്ദര്‍ശകര്‍. ആദ്യം പ്രഭാതഭക്ഷണം. അതുകഴിഞ്ഞാവാം സുവര്‍ണ്ണക്ഷേത്രം എന്ന് തീരുമാനിച്ചു.

പഞ്ചാബി കുല്‍ച്ചക്ക് പേരുകേട്ട അതായത്, കുല്‍ച്ച കണ്ടുപിടിച്ചത് തന്നെ തങ്ങള്‍ ആണെന്ന അവകാശവാദം ഉന്നയിക്കുന്ന ബ്രദേഴ്സ് ധാബയില്‍ കയറി. നല്ല തിരക്കുണ്ട് അകത്ത്. പേരും പെരുമയും കേട്ടറിഞ്ഞ് എത്തിയവരാണ് അധികവും. കുല്‍ച്ചയും കടലക്കറിയും തൈരും അച്ചാറും ഒരു പ്രത്യേക തരം ചട്ട്ണിയും അടങ്ങിയ പ്രഭാതഭക്ഷണം മോശമല്ല. പക്ഷേ, ഇതിലും നല്ല കുല്‍ച്ച ഞാന്‍ മറ്റെവിടൊന്നൊക്കെയോ കഴിച്ചിട്ടുണ്ട്. പല ഉന്നത വ്യക്തിത്വങ്ങളും വലിയ വലിയ സിനിമാതാരങ്ങളും  ഇവിടെ വന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോ ബ്രദേഴ്സ് ദാബക്ക് കിട്ടിയ സ്വാദ് അംഗീകാര സര്‍ട്ടിഫിക്കറ്റുകള്‍പോലെ ഫ്രെയിം ചെയ്ത് അവിടവിടെയായി തൂക്കിയിട്ടിരിക്കുന്നു. ആളുകള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അത് വരാന്‍ എടുക്കുന്ന നേരം കൊണ്ട് ദാബയിലെ ആ ചിത്രങ്ങളും തങ്ങളേയും ഒറ്റ  ഫ്രെയിമിലാക്കി സെല്‍ഫിയടിക്കുന്നു. ഞാന്‍ കഴിച്ച ഏറ്റവും മഹത്തരവും സ്വാദിഷ്ടവുമായ കുല്‍ച്ച ബ്രദേഴ്സ് ദാബയിലേതാണെന്ന് പറയാനാവുമെന്ന് കരുതിയാണ് അങ്ങോട്ട് പോയതെങ്കിലും 'തരക്കേടില്ലാത്ത ഒരു പഞ്ചാബി കുല്‍ച്ച' എന്നു പറഞ്ഞ് തിരിച്ചിറങ്ങേണ്ടിവന്നു.

ഇനി സുവര്‍ണ്ണക്ഷേത്രത്തിലേക്ക്. ധാബക്ക് തൊട്ടടുത്തുള്ള അതിവിശാലമായ തുറന്ന സ്‌ക്വയറില്‍ വലിയൊരു ക്ലോക്കും പഞ്ചാബ് മുഖ്യമന്ത്രിയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന സ്‌ക്രീനും വച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രവും ഇടയ്ക്കിടെ സ്‌ക്രീനില്‍ തെളിയുന്നു. നിറയെ പ്രാവുകള്‍ പാറിനടക്കുന്ന സ്‌ക്വയറില്‍ അതിന് തീറ്റ കൊടുക്കുകയാണ് ചിലര്‍. തീറ്റ അവിടെനിന്നും വാങ്ങാന്‍ കിട്ടും.
പഴയ അമൃത്സര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്താണ് സുവര്‍ണ്ണക്ഷേത്രം. അവിടേക്ക് എത്തും മുന്‍പെ ആണ് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയം കണ്ണീരായി ഉരുകിയൊലിപ്പിച്ച ചരിത്രമുള്ള ജാലിയന്‍വാലാ ബാഗ്. ജാലിയന്‍വാലാ ബാഗ്  ഹത്യകാണ്ഢ് സാക്ഷിയായി പഞ്ചാബുകാര്‍ ഇന്നും അത് അതേപടി നിലനിര്‍ത്തിയിരിക്കുന്നു. ഇന്ത്യയും പഞ്ചാബും ഉള്ളിടത്തോളം മറക്കാനും പൊറുക്കാനും പറ്റാത്ത മുറിവുപോലെ. അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അടച്ചിട്ടിരിക്കുന്നു. ചില ഭാഗങ്ങളേ കാണാന്‍ പറ്റൂ. നടക്കല്ല് പാകിയ വൃത്തിയുള്ള വഴികള്‍. വഴികള്‍ക്ക് ഇരുവശവും നിറയെ കടകള്‍. മറ്റൊരു ലോകത്ത് എത്തിയപോലെ. ഇതുവരെ കണ്ട അമൃത്സര്‍ കാഴ്ചകളെ ആകെ അത് തകിടം മറിക്കുന്നു. വഴിവക്കില്‍ നിറയെ കാസ്റ്റ് അയേണ്‍ ചാരുപടികളുള്ള സിമെന്റ് ബെഞ്ചുകള്‍. ഭംഗിയുള്ള വഴിവിളക്കുകള്‍. ആറോളം ഏക്കറില്‍ പരന്നുകിടക്കുന്നു. ജാലിയന്‍വാലാ ബാഗ് പൊതു ഉദ്യാനം. 1919 ഏപ്രില്‍ 13-ന് നടന്ന ദുരന്തത്തിന്റെ കഥ പറയുന്ന ബുള്ളറ്റ് അടയാളം നിറഞ്ഞ ചുവരുകള്‍ അതേപടി  നിലനിര്‍ത്തിയിരിക്കുന്നത് കണ്ടപ്പോഴേ നെഞ്ച് വിങ്ങിത്തുടങ്ങി. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ആയിരക്കണക്കിന് നിരപരാധികളുടെ ജീവനെടുത്ത കൊലയാളിക്കിണര്‍ അടച്ചിട്ടത് നന്നായി. ഇല്ലെങ്കില്‍ ഇന്നു മുഴുവന്‍ മനസ്സ് ആ കാഴ്ചയുടെ അസ്വസ്ഥത പേറിയേനെ. 

എന്തെല്ലാമാണ് വിദേശികള്‍ നമ്മളോട് ചെയ്ത ക്രൂരതകള്‍ എന്നോര്‍ത്ത് നില്‍ക്കുമ്പോള്‍ ഉദ്ദംസിംഗ് പകല്‍ സ്വപ്നത്തിലെന്നോണം  മുന്നില്‍ നെഞ്ച് വിരിച്ചു വന്ന് നിന്നു. ആ കുപ്രസിദ്ധ കൂട്ടക്കൊല നടക്കുമ്പോള്‍ കേവലം കൗമാരപ്രായക്കാരനായ ഉദ്ദംസിംഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ജനറല്‍ ഡയറെ വധിക്കാനായി വിദേശത്ത് എത്തുകയും അവിടെ വെച്ച് ഡയറിനെ വധിക്കുകയും ചെയ്തു. ഉധംസിംഗിന്റെ ചിതാഭസ്മം ഇവിടെ ഉണ്ട്. ചെറുപ്പത്തില്‍ ഷേര്‍സിംഗ് എന്ന പേരുണ്ടായിരുന്ന ഉദ്ദംസിംഗ് കാംബോജ് വിഭാഗത്തില്‍പ്പെട്ട ക്ഷത്രിയനായിരുന്നു. 

അമൃത്‌സര്‍
അമൃത്‌സര്‍

അമൃത്സറിലെ ഒരു കൂട്ടം വിപ്ലവകാരികളുമായി ഏറ്റുമുട്ടി ബ്രിട്ടീഷ് സൈന്യം വിജയം വരിച്ചു എന്നാണ് ജനറല്‍ ഡയര്‍ അന്ന് തന്റെ മേലധികാരികള്‍ക്ക് സന്ദേശം അയച്ചത്. അവര്‍ ജനറലിന്റെ നടപടി ശരിവെച്ച് തിരിച്ച് മറുപടിയും നല്‍കി. ബ്രിട്ടീഷുകാരുടെ കിരാതമായ ചില പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ തികച്ചും സമാധാനപരമായി ബൈശാഖിദിന മഹോത്സവത്തില്‍ ഒത്തുകൂടിയ അതിസാധാരണക്കാരായ ജനക്കൂട്ടമായിരുന്നു ആ വിപ്ലവകാരികള്‍. അതില്‍ത്തന്നെ ഏറെയും സ്ത്രീകളും കുട്ടികളും. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് ഈ സംഭവം 'മൃഗീയം' എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കേണ്ടിവന്നു. സാമ്രാജ്യത്ത ഗര്‍വ്വിന് മായ്ച്ചിടാനാവാത്ത മനുഷ്യത്വം അദ്ദേഹത്തില്‍ എവിടെയോ ബാക്കിനിന്നിരുന്നതുകൊണ്ട് ജാലിയന്‍വാലാ ബാഗില്‍ എത്തുന്ന ഏതൊരു ഇന്ത്യക്കാരന്റേയും ഹൃദയം പ്രതികാരവാഞ്ഛയില്‍ തുടിക്കും. അപ്പോള്‍ പിന്നെ അത് എന്നും കാണുന്ന പഞ്ചാബി ഹൃദയങ്ങളുടെ  കാര്യം പറയാനുണ്ടോ? അവരുടെ പൂര്‍വ്വപിതാക്കള്‍ നിസ്സഹായരായി വെടിയേറ്റുവീണ ഇടമാണത്. കുട്ടികളുടേയും സ്ത്രീകളുടേയും ശവങ്ങള്‍ കുന്നുകൂടിയ കിണര്‍ ജാലിയന്‍വാലാ ബാഗ്  മൈതാനത്തല്ല ഓരോ പഞ്ചാബിയുടേയും ഹൃദയത്തിലാണ് രക്താങ്കിതമായി രേഖപ്പെട്ട് കിടക്കുന്നത്.

ഇനി സുവര്‍ണ്ണക്ഷേത്രത്തിലേക്ക്. അവിടേക്കുള്ള വഴിവക്കിലെ കടകളില്‍ കണ്ട വളകളും മോതിരങ്ങളും കൊതിപ്പിച്ചതിനാല്‍ കേറി നോക്കി. ഒക്കെയും  എനിക്ക് ഓവര്‍ സൈസാണ്. ആജാനുബാഹുക്കളായ പഞ്ചാബി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അണിയാന്‍ പാകത്തില്‍ ഉള്ളവയാണ് ഏറിയതും.
മനുഷ്യാദ്ധ്വാനത്താല്‍ നിര്‍മ്മിച്ചെടുത്ത ഏക്കര്‍ കണക്കിന് പരന്നുകിടക്കുന്ന അതിവിശാലമായ കുളത്തിന് നടുവില്‍ സുവര്‍ണ്ണനിറത്തില്‍ ഹര്‍മന്ദിര്‍ സാഹിബ്. അതിനു ചുറ്റും അനേകം മാര്‍ബിള്‍  നിര്‍മ്മിതികള്‍, നടപ്പാതകള്‍. ജനം ഒരു സാഗരം പോലെ മഴയത്തെ തിരമാലയായ് സുവര്‍ണ്ണക്ഷേത്രത്തിലേക്ക് അലച്ചു നീങ്ങുന്നു. ജനത്തിരക്ക് കണ്ട് അന്തംവിട്ടു നില്‍ക്കുന്ന എന്നോട് ഡ്രൈവര്‍ പറയുന്നു. മഴ ആയതോണ്ട് ഇന്ന് ശകലം തിരക്ക് കുറവ് ഉണ്ട് എന്ന്. മൂന്നും നാലും തട്ടുകള്‍ ഉള്ള വിശാലമായ പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടി ഇട്ടാല്‍ അത് അവിടെനിന്ന് കണ്ടുപിടിക്കാനും തിരിച്ച് എടുക്കാനും പഞ്ചാബി ഡ്രൈവര്‍മാര്‍ക്ക് തന്നെ പാടാണ്. സ്വന്തം നിലക്ക് വണ്ടിയും കൊണ്ടുവരുന്നവര്‍ ഒന്ന് ചക്രം ചവിട്ടും.
                                                             
സുവര്‍ണ്ണക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരികെ ജലം ഒഴുകുന്ന ഒരു മാര്‍ബിള്‍ പാത്തി ഉണ്ട്. ചെരിപ്പ് കൗണ്ടറില്‍ കൊടുത്ത് കാലുകള്‍ ആ ജലപ്പാത്തിയില്‍ കഴുകിവേണം അകത്ത് കയറാന്‍. ചൂടേല്‍ക്കാതിരിക്കാന്‍ മാര്‍ബിള്‍ പ്രതല നടപ്പാതകളില്‍ ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു. തലയില്‍ കെട്ടാന്‍ മഞ്ഞനിറത്തില്‍ ഗോള്‍ഡന്‍ ടെംബിള്‍ എന്നെഴുതിയ ടവ്വല്‍ കിട്ടും. അവര്‍ തന്നെ തലയില്‍ കെട്ടിത്തരും. ചെറിയ പൈസ കൊടുക്കണം എന്നുമാത്രം.

ക്ഷേത്രം ഭൂനിരപ്പിനു താഴെയാണ്. പടികള്‍ ഇറങ്ങണം താഴേക്ക്.  ഇവിടെ എത്തുന്നവര്‍ മനസ്സിലെ സകല അഹന്തയും ഈഗോയും അവസാനിപ്പിച്ച് അങ്ങേയറ്റം താഴ്ന്ന മനസ്സോടെ വരണമെന്നതിന്റെ പ്രതീകമത്രെ ഭൂനിരപ്പില്‍ നിന്നുള്ള ക്ഷേത്രത്തിന്റെ ഈ താഴ്ച. സിഖ് മത വിശ്വാസികള്‍ അഗാധമായ പ്രാര്‍ത്ഥനകളിലാണ്. വെറും സന്ദര്‍ശകര്‍ കാഴ്ചയുടെ അവിശ്വനീയതയിലും. തിരക്കും മഴയും കാരണം ധൃതിവെച്ച് അകത്തു കയറാതെ അല്പനേരം ക്ഷേത്ര ഇടനാഴിയില്‍ ഇരുന്നു. വിശ്വാസികള്‍ വിശാലമായ ജലാശയത്തില്‍ കുളിക്കുന്നുണ്ട്. ഒരു ചടങ്ങുപോലെ ഉടുവസ്ത്രസഹിതം മുങ്ങിനിവരുന്നു. സിഖുകാരിലെ ആയുധാഭ്യാസികളായ നിഹാംഗുകള്‍ നീല വസ്ത്രവും തലപ്പാവും കുന്തവും കൃപാണും കൊണ്ട് ക്ഷേത്രത്തിനകത്ത് ധാരാളം ഉണ്ട്. ക്ഷേത്ര സംരക്ഷണം അവരുടെ ചുമതലയിലാണ്. നടപ്പാതയില്‍ ഇരുന്ന എന്റെ തൊട്ടടുത്ത് നന്നേ പ്രായമുള്ള ഒരു സിഖ് വനിത കിടക്കുന്നുണ്ടായിരുന്നു. വെറുതെ അവരോട് സംസാരിച്ചിരുന്നു. അവര്‍ അനാഥയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ നല്‍കുന്ന നാണയത്തുട്ടുകളാണ് ജീവിത സമ്പാദ്യം. വര്‍ഷങ്ങളായി ഇവിടെ ഈ നടപ്പാതയില്‍ കിടക്കുന്നു. പൊതു ടോയ്ലെറ്റില്‍ കുളിക്കുന്നു. ലങ്കാര്‍ എന്ന സമൂഹ അടുക്കളയില്‍നിന്നും ഭക്ഷണം കഴിക്കുന്നു. നന്നേ ചെറുപ്പത്തില്‍ ദാരിദ്ര്യം കാരണം പഞ്ചാബിലെ കുടുംബം ഡല്‍ഹിയില്‍ വീട്ടുവേലയ്ക്ക് വിറ്റതാണ് അവരെ. അനേക കാലത്തെ യാതനയ്ക്കുശേഷം മധ്യപ്രായം കഴിഞ്ഞപ്പോള്‍ ഒരു വെളിപാട്‌പോലെ സുവര്‍ണ്ണക്ഷേത്രത്തിലേക്ക് ഒളിച്ചോടി വന്നതാണവര്‍ ഡല്‍ഹിയില്‍നിന്ന്. പാവം! സംസാരത്തിനിടെ പെട്ടെന്ന് അവര്‍ അസാധാരണമായ ഒരു അഭിമാനത്തോടെ ശരീരത്തില്‍നിന്നും പുതപ്പ് നീക്കി എന്നോട് പറഞ്ഞു. ഞാന്‍ ശരിക്കും സര്‍ദാരിണിയാണ്. എന്റെ കൃപാണ്‍ കണ്ടോ? പൂണൂലു പോലെയിട്ട തുകല്‍ വാറിനകത്ത് ഒരു തുകലുറയ്ക്കുള്ളില്‍ ആ സര്‍ദാരിണിയുടെ ഗാംഭീര്യം കൃപാണ്‍ എന്ന ചെറുതരം കത്തിയായി ശാന്തമായി ഉറങ്ങുന്നു. ഒരു യാതനാപൂര്‍ണ്ണ ജീവിതത്തില്‍ അവര്‍ നെഞ്ചേറ്റിയ ഒരേ ഒരു ആത്മാഭിമാന അടയാളം. കുറച്ചു നേരം സംസാരിച്ചപ്പോഴേക്കും അവര്‍ക്ക് ക്ഷീണം വന്നു. അവര്‍ ക്ഷേത്രക്കുളത്തെ ചുറ്റിയുള്ള മാര്‍ബിള്‍ പാതയില്‍ വിരിച്ച ചുവന്ന പരവതാനിയില്‍ ഇരിക്കുന്ന എനിക്കടുത്ത് ചുരുണ്ടുകൂടി കിടന്നു.

അപ്പോഴേക്കും റോന്ത് ചുറ്റുന്ന നിഹാംഗുകള്‍ കുന്തമുനകൊണ്ട് പതുക്കെ തട്ടി അവരോട് എണീറ്റിരുന്നു പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. വാര്‍ദ്ധക്യത്തിന്റെ അവശതയും അനാഥത്വവും മൂലം സുവര്‍ണ്ണക്ഷേത്രം ജീവിതാഭയമാക്കിയ അവരെപ്പോലുള്ള മറ്റുള്ളവരും നിഹാംഗുകളെ കാണുമ്പോള്‍ മാത്രം ഭയത്തോടെ എണീറ്റിരുന്നു പ്രാര്‍ത്ഥിക്കുന്നപോലെ ഉരുവിടുന്നു.

മഴ മാറിയപ്പോള്‍ പതുക്കെ ക്ഷേത്രക്കുളവക്കിലൂടെ നടന്നു. അത്യധികം വൃത്തിയുള്ള ജലപ്പരപ്പില്‍ ചുവപ്പില്‍ സുവര്‍ണ്ണരാശിയുള്ള മീനുകള്‍ തുള്ളിക്കളിക്കുന്നു. കുളം വട്ടം ചുറ്റുന്നതിനിടെ ലങ്കാറില്‍ കയറി. ഇവിടെ എത്തുന്ന അത്രയും പേര്‍ക്ക് രുചികരമായ ഭക്ഷണം വൃത്തിയില്‍ വിളമ്പുന്ന സമൂഹ അടുക്കളയാണ് ലങ്കാര്‍. നിലത്ത് ചമ്രം പടിഞ്ഞിരിക്കണം. അതാണെനിക്ക് തീരെ വയ്യാത്തതും. വൃത്തിയുള്ള പാത്രങ്ങള്‍, ഗ്ലാസ്, ചപ്പാത്തി രണ്ട് തരം കറികള്‍, ഖീര്‍ അഥവാ പായസം ഇതൊക്കെയുണ്ട്. ചപ്പാത്തി തരുമ്പോള്‍ കൈകൂപ്പി കുമ്പിളാക്കി പിടിച്ച് വേണം വാങ്ങാന്‍. അത് ഭക്ഷണത്തോടുള്ള ആദരവാണ്. നമുക്കിവിടെ അത്തരം പരിപാടി ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ ചപ്പാത്തിക്ക് നേരെ പ്ലേറ്റ് എടുത്ത് പൊക്കിപ്പിടിച്ചു. ഇതിലോട്ടിട്ടോ എന്നപോലെ. വിളമ്പുന്നവന് വന്ന ദേഷ്യം! അപ്പോഴാണ് മറ്റുള്ളവര്‍ ഭക്ഷണം വാങ്ങുന്ന രീതി ശ്രദ്ധിച്ചത്. ലങ്കാര്‍ അടുക്കളയില്‍ പ്രതിഫലം പറ്റാതെ സഹായിക്കുന്നതാണ് സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള സിഖ്കാരുടെ വഴിപാട് പ്രാര്‍ത്ഥനകളില്‍ ഒന്ന്, ജലാശയത്തിനു നടുവിലെ സ്വര്‍ണ്ണാങ്കിത എടുപ്പിനുള്ളിലാണ് ഗ്രന്ഥസാഹിബ് എന്ന സിഖ്കാരുടെ വിശുദ്ധഗ്രന്ധം. ഹര്‍മന്ദിര്‍സാഹിബ് എന്ന് വിളിപ്പേരുള്ള അതിനകത്ത് എത്താന്‍ നീണ്ട മാര്‍ബിള്‍ നടപ്പാതയുണ്ട് ജലാശയത്തിന് നടുവിലൂടെ. ചുവരുകളില്‍ സ്വര്‍ണ്ണം പൂശിയും മകുടത്തില്‍ രത്‌നം പതിച്ചും അതിമനോഹരമാക്കിയ അതിനകത്താണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വെടിയുണ്ട പതിഞ്ഞ വിശുദ്ധ സിഖ് ഗ്രന്ഥം.

താന്‍ തന്നെ പാലുകൊടുത്ത് വളര്‍ത്തിയ ഭിന്ദ്രന്‍വാലയെന്ന പാമ്പിന്‍കുഞ്ഞ് തന്റെ കൈക്ക് കൊത്തുകയും രാജ്യസുരക്ഷയ്ക്ക് ഭീഷണി ആവുകയും ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധി അവരുടെ തനിസ്വഭാവം പുറത്തെടുത്തു. ആന്തരികമായി അതിശക്തയായ, ഡിറ്റേക്ടര്‍ സ്വഭാവം ഉള്ളില്‍ പതുങ്ങിക്കിടക്കുന്ന അവര്‍ ഇന്ത്യ കണ്ട എക്കാലത്തേയും  മനോധൈര്യമുള്ള പട്ടാള ജനറല്‍മാരേയും കൂട്ടുപിടിച്ച് നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാസ്തവത്തില്‍ അവര്‍ അവരുടെതന്നെ മരണപത്രത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ പോലെയായി. ബ്ലൂസ്റ്റാര്‍ നടപടിയുടെ കൃത്യം ആറാം മാസം അവര്‍ അനുചരരായ സിഖുകാരാല്‍ വധിക്കപ്പെട്ടു. തുടര്‍ന്ന് നടന്ന കിരാതമായ സിഖ് കൂട്ടക്കൊലയില്‍ ഇന്ത്യ നടുങ്ങി.

ഒന്നും ഓരോ സിഖ്കാരനും ഇന്നും മറന്നിട്ടോ പൊറുത്തിട്ടോ ഇല്ല. കാലം ചെല്ലുന്തോറും ആ വ്രണത്തിന് വേദന കൂടുന്നേ ഉള്ളൂ എന്ന് അവരോട് സംസാരിക്കുമ്പോള്‍ അറിയാം. ഇന്ത്യന്‍ പട്ടാളം സ്വന്തം സിവിലിയന്‍സിനു നേരെ നടത്തിയ ഏറ്റവും വലിയ യുദ്ധം തന്നെ ആയിരുന്നു ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍. സൈനികരും നിരപരാധികളായ ക്ഷേത്ര സന്ദര്‍ശകരും ഭീകരരും അടക്കം ആയിരങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്. ഇന്ത്യാ-പാക് യുദ്ധത്തില്‍ പോലും ഇന്ത്യ ഉപയോഗിക്കാന്‍ മടിച്ച അത്യധികം വിനാശകാരിയായ ടാങ്കുകളും ഉഗ്രസ്ഫോടനാത്മകതയുള്ള ആയുധങ്ങളും അന്ന് ഇന്ത്യയ്ക്ക് സ്വന്തം ജനതയ്ക്ക് നേരെ പ്രയോഗിക്കേണ്ടിവന്നു. അതിനു കാരണം സൈന്യത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച ആയുധശേഖരവും മികച്ച പരിശീലനം ലഭിച്ച ഭീകരരുമായിരുന്നു അന്ന് സുവര്‍ണ്ണക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. ഭീകരരുടെ എണ്ണമാവട്ടെ, സൈന്യം പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടി ആയിരുന്നുതാനും.
ഇന്ത്യയുടെ പല വിജയങ്ങള്‍ക്കും ചുക്കാന്‍പിടിച്ച്, ഇന്ത്യന്‍ സൈനികരെ പരിശീലിപ്പിച്ച ജനറല്‍ ഷാബേദ്സിംഗ് ആയിരുന്നു പില്‍ക്കാലത്ത് ഭിന്ദ്രന്‍വാലയ്ക്ക് ഒപ്പം ചേര്‍ന്ന് ഇന്ത്യക്ക് എതിരെ പോരാടിയത് എന്നത് മറ്റൊരു വൈചിത്ര്യം. ഇന്ത്യന്‍ സൈനികരെ ഒരുകാലത്ത് താന്‍ തന്നെയാണ് പരിശീലിപ്പിച്ചിരുന്നത് എന്നതിനാല്‍ ഇന്ത്യന്‍ സൈനികരുടെ നീക്കങ്ങള്‍ ആ ജനറലിന് മനപ്പാഠമായിരുന്നു. നാലുവശവും തുറന്നുകിടക്കുന്ന സുവര്‍ണ്ണക്ഷേത്രത്തില്‍ അതുകൊണ്ട് തന്നെ സൈന്യത്തിന് കനത്ത ആള്‍നാശവും മറ്റ് നഷ്ടങ്ങളും സഹിക്കേണ്ടിവന്നു. ഒരു ദിവസംകൊണ്ട് തീരുമെന്ന് കരുതിയ ബ്ലൂസ്റ്റാര്‍ ദിവസങ്ങള്‍ നീളുകയും ചെയ്തു. സുവര്‍ണ്ണക്ഷേത്രത്തില്‍ പലയിടത്തും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. അതില്‍ ഭിന്ദ്രന്‍വാലയ്ക്ക് വിശുദ്ധന്റേയും സിഖ്മത രക്ഷകന്റേയും വീരപരിവേഷമാണ്.

നിവൃത്തികേടുകൊണ്ട് മാത്രം ഉള്ളില്‍ പതുക്കിവെച്ചതാണെന്ന് അനുഭവിച്ച വേദനകള്‍ എന്ന് പറയാതെ പറയുന്നുണ്ട് ആ ഫലകങ്ങള്‍. നമ്മള്‍ ഒരുപാട് വേദനിച്ചവരാണ്, ഒരുപാട് സഹിച്ചവരാണ് അത് മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തല്‍പോലെ. ഏറെ മുറിവേറ്റവരും മുറിവുകള്‍ ഉള്ളില്‍ ഉള്ളവരുമാണ് സിഖ് ജനത. അതില്‍ സംശയം ഒന്നുമില്ല. കാരണങ്ങള്‍ എന്തോ ആവട്ടെ. ചിലരുടെ ചെയ്തികള്‍ക്ക് ഒരു ജനതയും അതിന്റെ വിശ്വാസവും മുഴുവന്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് പലപ്പോഴും, അതിക്രൂരമായി. മുഗളന്മാരും ഗുരു അര്‍ജ്ജുന്‍സിംഗും തമ്മിലുള്ള പോരിനു ശേഷമിന്നോളം. എന്നാല്‍ ഇന്ത്യയ്ക്ക് നേരെയുള്ള ഏത് വൈദേശിക ആക്രമണത്തിനോടും ജീവനെ കൂസാതെ ധീരം പോരാടിയ ചരിത്രമുള്ളവരാണവര്‍. എന്നിട്ടും സ്വന്തം രാജ്യം തങ്ങളെ അങ്ങേയറ്റം നിന്ദ്യമായും മോശമായും കൈകാര്യം ചെയ്തു എന്ന അടങ്ങാപരാതി ഉള്ളില്‍ ഉള്ളവര്‍. ഏത് സിഖ്കാരനോട് അല്പനേരം സംസാരിച്ചാലും അത് അവരുടെ ഉള്ളില്‍നിന്നും തനിയെ പൊന്തിവരും. എന്നാലോ എല്ലാ പരാതികള്‍ക്കും അപ്പുറം കറകളഞ്ഞ ദേശസ്നേഹം ഉള്ളവര്‍.

ഇന്ത്യാ-പാക്  വിഭജനത്തിലേറ്റ മുറിവുകള്‍ വീണ്ടും വീണ്ടും ആഴത്തിലാഴത്തില്‍ ആവുന്ന വിധമായി പിന്നീടങ്ങോട്ട് സ്വതന്ത്ര ഇന്ത്യയില്‍  പഞ്ചാബിന്റേയും സിഖ് ജനതയുടേയും ചരിത്രം. പുതുതലമുറയിലെ ഏത് കുഞ്ഞിനും അറിയാം വിഭജനത്തില്‍ പഞ്ചാബ് ജനത അനുഭവിച്ചത് എന്താണെന്ന്. ആ ഓര്‍മ്മ തലമുറകള്‍ തലമുറകളിലേക്ക് കൃത്യമായി കൈമാറിയിട്ടുണ്ട്. മറന്നുപോവരുതെന്ന നിര്‍ബ്ബന്ധ ബുദ്ധിയില്‍.

അമൃത്സര്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഹര്‍പ്രീതിനെ  സുവര്‍ണ്ണക്ഷേത്ര ഇടനാഴിയില്‍ വെച്ച് പരിചയപ്പെട്ടപ്പോള്‍ അവള്‍ക്കും പറയാനുള്ളത് ഇതൊക്കെത്തന്നെ. തന്റെ തറവാട് പാകിസ്താനിലെ ലാഹോറിലാണെന്നും തന്റെ നാനിക്ക് വിഭജനശേഷം പിന്നീടൊരിക്കലും ഇന്ത്യയിലെ തങ്ങളുടെ വീട്ടിലേക്ക് വരാനായില്ല എന്നും. നേരം ഇരുട്ടിവെളുക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ടവരും ബന്ധുക്കളും തറവാടുമൊക്കെ തങ്ങള്‍ക്ക് അത്രയെളുപ്പം പോവാന്‍ സാധിക്കാത്ത മറ്റൊരു രാഷ്ട്രത്തിലാണ് ഇപ്പോള്‍ എന്നറിഞ്ഞ ഞെട്ടല്‍ പഞ്ചാബ് ജനത ഇപ്പോഴും പേറുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് പാകിസ്താനിലെ പഞ്ചാബും ലാഹോറും ഒന്നും ശത്രുരാജ്യമല്ല. അവരുടെ പൂര്‍വ്വപിതാക്കന്മാരുടെ മണ്ണാണ്.

വിഭജനത്തെ തുടര്‍ന്നുണ്ടായ രക്തരൂഷിത കലാപങ്ങളുടെ നേര്‍ചിത്രങ്ങള്‍ അവര്‍ പാര്‍ട്ടീഷന്‍ മ്യൂസിയത്തില്‍ അതേപടി സൂക്ഷിച്ചിരിക്കുന്നു. ഞങ്ങളുടെ ചോരയില്‍ കുതിര്‍ന്ന മണ്ണാണിതെന്ന് മണ്‍മറഞ്ഞവര്‍ പുതുതലമുറയോട് പറയുംപോലെ.

സമയമെടുത്ത് വിശദമായിത്തന്നെ പലരേയും കണ്ടും സംസാരിച്ചും കാഴ്ചകള്‍ കണ്ടും ചില  നേരങ്ങളില്‍ മൗനമായി ചരിത്രത്തോടു സംവദിച്ചും സുവര്‍ണ്ണക്ഷേത്രം കണ്ടുതീര്‍ത്തപ്പോള്‍ നേരം ഉച്ചതിരിഞ്ഞിരുന്നു. ഇന്നിനി മറ്റൊന്നിനും വയ്യാത്ത വിധം കണ്ണ് കാഴ്ചകളാലും മനസ്സ് ചിന്തകളാലും നിറഞ്ഞിരിക്കുന്നു.

തിരിച്ചു ഹോട്ടല്‍ മുറിയിലെത്തി നന്നായൊന്നു വിശ്രമിച്ച ശേഷം അമൃത്സര്‍ അങ്ങാടി കാണാന്‍ ഇറങ്ങി. അല്ലറ ചില്ലറ ഷോപ്പിങ്ങും പ്രാദേശിക രുചികള്‍ രുചിച്ചും നേരം പോവുന്നതറിയാതെ തെണ്ടിത്തിരിഞ്ഞു. റൂമില്‍ ചെന്നു കിടന്നതും സുന്ദരമായ  മറ്റൊരു  പ്രഭാതത്തിലേക്ക് കണ്ണു  തുറന്നതേ ഓര്‍മ്മയില്‍ ഉള്ളൂ. റെഡി ആവുമ്പോള്‍ ഡ്രൈവറുടെ കാള്‍. അയാള്‍ നേരത്തെ എത്തിയിരിക്കുന്നു. ഇന്നലെ അയാള്‍ കാണിക്കുന്ന ചില അലസതകള്‍ക്ക് നേരെ ചെറിയ കംപ്ലയിന്റ് പറഞ്ഞിരുന്നു. അതാവണം ഇല്ലാത്ത ഉഷാറ് ഉണ്ടെന്നു കാണിച്ച് അയാള്‍ രാവിലെ തന്നെ വന്നത്. ഞാന്‍ ഇന്ന്  നിങ്ങള്‍ക്ക്  ഒരു സര്‍പ്രൈസ് തരുന്നുണ്ട്. ഒരു ഡ്രൈവറും കൊണ്ടുപോവാത്ത ഒരിടത്തേക്ക് ഞാന്‍ കൊണ്ടുപോവാം പകരം ഞാന്‍  നല്ലവനാണ് എന്ന് എന്നെ അയച്ച കമ്പനിയോട് നിങ്ങള്‍ പറയണം. അയാള്‍ പറഞ്ഞു. അതൊക്കെ പറയാം നിങ്ങള്‍ കാര്യങ്ങള്‍ മര്യാദയ്ക്ക് സമയം എടുത്ത് കാണിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷമായി.

ഇന്ന് വാത്മീകി ആശ്രമമാണ് കാണാന്‍ ഉദ്ദേശിക്കുന്നത്. പിന്നെ വാഗാ ബോര്‍ഡറും. വാത്മീകി ആശ്രമം അമൃത്സറില്‍നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ്. ടൂറിസ്റ്റുകള്‍ സാധാരണ ഇവിടെ കാണാന്‍ വരാത്തതിനാല്‍  ആ പഞ്ചാബി ഡ്രൈവറും വാത്മീകി ആശ്രമം ആദ്യമായിട്ടു കാണുകയാണ്. നിങ്ങള്‍ ഇതൊക്കെ എങ്ങനെയാണ് അറിഞ്ഞത് എന്ന് അയാള്‍ കൗതുകപ്പെടുകയും ചെയ്തു. ഇവിടെയും ജലാശയത്തിനു നടുവിലാണ് വാത്മീകി ആശ്രമം.  അത് മാര്‍ബിള്‍ നിര്‍മ്മിതമായ പുതിയകാല നിര്‍മ്മിതിയാണ്. ഹര്‍ മന്ദിര്‍ സാഹിബും ദുര്‍ഗിയാനയുമൊക്കെ ജലപ്പരപ്പിനു നടുവില്‍ നില്‍ക്കുന്നപോലെ ഇതും ജലവിശാലതയ്ക്ക് നടുവില്‍ സ്ഥിതിചെയ്യുന്നു.

ഇവിടെയാണ് വാത്മീകിയുടെ ആശ്രമം ഉണ്ടായിരുന്നതത്രെ. തൊട്ടപ്പുറത്ത് ലവകുശന്മാരെ വാത്മീകി പഠിപ്പിച്ചിരുന്ന മണ്ണുപൊത്തി ഉണ്ടാക്കിയ ചെറിയൊരു കുടീരം ത്രേതായുഗത്തിലെന്നപോലെ തന്നെ കുമ്മായം പൂശി നില്‍ക്കുന്നു. യാഗാശ്വത്തെ ബന്ധിച്ചവര്‍ ആരാണെന്ന് ചോദിച്ചറിഞ്ഞ് ഹനുമാന്‍ വാത്മീകി ആശ്രമത്തിലെത്തുമ്പോള്‍ ഹനുമാനെ ലവകുശന്മാര്‍ ബന്ധിച്ചിട്ട വൃക്ഷം ഇവിടെ ഉണ്ട്. ലവകുശന്മാരോടുള്ള വാത്സല്യാതിരേകത്താല്‍ അവരുടെ ബന്ധനത്തോട് സഹകരിച്ച് അടങ്ങി ഒതുങ്ങി ബന്ധനസ്ഥനായി നില്‍ക്കുന്ന ഹനുമാനെ കണ്ട് അത്ഭുതപ്പെടുന്ന സീത ഹനുമാന്റെ ശക്തിയെക്കുറിച്ച് മക്കളോട് പറഞ്ഞെങ്കിലും അതവര്‍ക്ക് വിശ്വാസമാകുന്നില്ല.  തങ്ങള്‍ കെട്ടിയിട്ട നിസ്സാരനായ ഈ കുരങ്ങനെപ്പറ്റിയാണോ അമ്മ പറയുന്നതെന്നായി അവര്‍. ഒടുവില്‍ സീതക്ക് ഹനുമാനോട് തന്റെ ശക്തി അവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പറയേണ്ടണ്ടിവന്നു. അപ്പോള്‍ ഹനുമാന്‍ അവിടെ കിടന്നിരുന്ന ഒരു പുല്‍ക്കൊടി എടുത്ത് ഭൂമിയില്‍ ഒന്ന് തോണ്ടിയപ്പോള്‍ രൂപപ്പെട്ടതത്രെ അതിവിശാലമായ ഈ കുളം. ഇതും മറ്റു ജലസ്രോതസ്സുകളെപ്പോലെ മികച്ച രീതിയില്‍ വൃത്തിയില്‍ പരിപാലിക്കപ്പെടുന്നു. ഒരിടത്ത് വാത്മീകി ആശ്രമത്തില്‍ സീത കുളിച്ചിരുന്ന ഒരു കുളം ഉണ്ട്. ഭൂഗര്‍ഭ ലെവലില്‍നിന്ന് പടികള്‍ ഇറങ്ങിച്ചെന്നാല്‍ കിണര്‍പോലെ ഒരു കുളം. ഇതില്‍ സീത കുളിച്ചിട്ടുണ്ടാവുമോ എന്ന സംശയമോ ചോദ്യമോ ഒരിക്കലും വരില്ല. അത്രയ്ക്കും പ്രാചീനമായ ഒന്ന്. പലരും വിശ്വാസപൂര്‍വ്വം ജലം കുപ്പികളില്‍ ശേഖരിക്കുന്നു. തീര്‍ത്ഥം പോലെ നെറുകയില്‍ ഒഴിക്കുന്നു. ഹനുമാനെ ബന്ധിച്ച വൃക്ഷം, ലവകുശന്മാരുടെ പഠനകുടീരം, സീതയുടെ കുളിയിടം, ലവകുശന്മാരുടെ ചില കളിപ്പാട്ടങ്ങള്‍  ഒക്കെ ത്രേതായുഗത്തില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. ഒന്നും മിനുക്കിയിട്ടും പുതുക്കിയിട്ടും ഇല്ല. അതിന്റേതായ അതിപ്രാചീനത അതിനുണ്ട്താനും. ആ കുളിക്കിണറില്‍നിന്നും ജലമിറ്റുവീഴുന്ന കേശഭാരത്തോടെ സീത ഇപ്പോള്‍ കേറിയങ്ങ് പോയതേ ഉള്ളൂ എന്ന് തോന്നും. ശിശുസഹജ ലജ്ജയോടെ രണ്ട് ബാലകര്‍ സന്ദര്‍ശകരെ കണ്ട് ഇവിടെ എവിടെയോ ഒളിച്ചുനില്‍ക്കുന്നുണ്ടെന്നും ഒരു ജ്ഞാനവൃദ്ധന്‍ ഈ ആല്‍മരച്ചോട്ടില്‍നിന്ന് ഒരു മഹാകാവ്യത്തിന്റെ താളിയോലകളുമായി ഇപ്പോഴങ്ങ് എഴുന്നേറ്റ് പോയതേ ഉള്ളൂ എന്നൊക്കെ തോന്നും.  
 
വാത്മീകി ആശ്രമത്തില്‍നിന്നും നേരെ പോയത് വാഗാബോര്‍ഡറിലേക്കാണ്. അമൃത്സര്‍ വിട്ടതും പഞ്ചാബ് അതിന്റെ ഭംഗിയോടെ തെളിഞ്ഞുവന്നു. വിശാല കൃഷിയിടങ്ങള്‍. വീതിയേറിയ റോഡുകള്‍. ട്രാക്റ്ററുകള്‍. ധാബകള്‍. പഞ്ചാബി വീടുകള്‍ അവയ്ക്ക് മുന്നിലിട്ട കയറ്റുകട്ടിലുകള്‍. ഇതുവരെയുള്ള പഞ്ചാബ് കാഴ്ചകളില്‍ മനസ്സില്‍ ഇടം കിട്ടാതെ പതുങ്ങിക്കിടന്ന ബല്ലേ ബല്ലേ ഇവിടെ എത്തുമ്പോള്‍ തല പൊക്കുന്നു. ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയിലെ അവസാന ഹോട്ടലിനു മുന്നില്‍ അയാള്‍ കാര്‍ നിര്‍ത്തി. അത് അടച്ച് കിടക്കുന്നു. കൊവിഡിനു ശേഷം തുറന്നിട്ടില്ല. 

വാഗാ ബോര്‍ഡറും ക്ലോസ്ഡാണ്. അതിര്‍ത്തിയിലെ പേരുകേട്ട ആ സൈനികാഭ്യാസം കൊവിഡിനു ശേഷം പുനരാരംഭിച്ചിട്ടില്ല. അതിര്‍ത്തി ഗ്രാമമായ അട്ടാരിയിലെ നെയിം ബോര്‍ഡുകള്‍ക്ക് താഴെയും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ലാഹോര്‍, പാകിസ്താന്‍ എന്നൊക്കെ എഴുതി ദൂരം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ക്ക് താഴെയും നിന്ന് ഫോട്ടോയെടുത്ത് തൃപ്തിപ്പെട്ടു.  

വാഗ അതിര്‍ത്തിയില്‍ സന്ദര്‍ശകര്‍ കുറവാണ്, സൈനികാഭ്യാസം ഇല്ലാത്തതിനാല്‍. അങ്ങ് ദൂരെ പാകിസ്താന്റെ കൊടിമരം കാണാം. അതിര്‍ത്തിയിലെ ഗെയ്റ്റും സന്ദര്‍ശക ഗ്യാലറിയും ഒന്നും കാണാനായില്ല. വളരെ മുന്‍പേ വെച്ചുതന്നെ  കമ്പിവേലികൊണ്ട് സന്ദര്‍ശകരെ തടഞ്ഞിരിക്കുന്നു. ഒരു വരവുകൂടെ വരേണ്ടിവരും ബോര്‍ഡറിലെ സൈനികാഭ്യാസം കാണാന്‍. ഇന്ത്യന്‍ പതാകകളും തൊപ്പികളും വാങ്ങാന്‍ അല്ലറചില്ലറ ആയുള്ള സന്ദര്‍ശകര്‍ക്ക് തീരെ താല്പര്യം ഇല്ല. അതൊക്കെ ഗ്യാലറിയില്‍ ഒന്നിച്ചിരുന്ന് വീശുമ്പോഴല്ലേ ദേശസ്നേഹം അതിന്റെ ഒരു എനര്‍ജിയില്‍ എത്തൂ. കച്ചവടക്കാര്‍ക്കും നിരാശ. വാഗ സെറിമണി നിര്‍ത്തിവെച്ചത് അമൃത്സറിലേക്ക്  വരുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞു.

വാഗ അതിര്‍ത്തിയില്‍നിന്നും തിരിച്ചു മടങ്ങാന്‍ കാറില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു.  ഇനിയാണ് ഞാന്‍ പറഞ്ഞ സര്‍പ്രൈസ്. അയാളുടെ തറവാട് ഈ ഭാഗത്തെവിടെയോ ആണ്. ഇനി  അങ്ങോട്ട് കൊണ്ടുപോവാനാണോ പരിപാടി എന്ന് കരുതി ഞാന്‍. എന്നാല്‍, അയാള്‍ ആ അതിര്‍ത്തി ഗ്രാമത്തിന്റെ ഉള്‍വഴിയിലൂടെ പാകിസ്താന്‍ അതിര്‍ത്തിയില്‍ ചേര്‍ന്നുനില്‍ക്കുന്ന ഒരു പ്രദേശത്തേക്കാണ് കൊണ്ടുപോയത്.  നോക്കിയാല്‍ കാണുന്ന ദൂരത്ത് മുള്ളുവേലി. അതിനപ്പുറം പാകിസ്താന്റെ ഗോതമ്പ് വയലുകള്‍. ഒരേ മണ്ണിനെ ഒരേ ഒരു മുള്ളുവേലി രണ്ട് രാജ്യങ്ങളായി, അതും ശത്രുരാജ്യങ്ങളായി തിരിക്കുന്നു. 

മുള്‍വേലിക്കപ്പുറം വെള്ളനിറത്തില്‍ പാകിസ്താന്റെ ഔട്ട് പോസ്റ്റ് കാണാം. ആവേശം മൂത്ത് നമ്മുടെ ഭാഗത്തെ ഗോതമ്പ്  വയലിലൂടെ അല്പം മുന്നോട്ട് നടന്നതും ഡ്രൈവര്‍ ഭീതിയോടെ വിലക്കി - ഇനി മുന്നോട്ടുപോവരുത്. അവര്‍ നമ്മളെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടാവും. കേരളത്തില്‍നിന്നും പോയി പാകിസ്താന്റെ ഉണ്ട വാങ്ങി ചാവണ്ട എന്നു കരുതി വേഗം പിന്നിലേക്കു തന്നെ നീങ്ങി. ഇന്ത്യയുടേയും പാകിസ്താന്റേയും  അതിര്‍ത്തി കണ്ടില്ല എന്ന സങ്കടം അയാള്‍ തീര്‍ത്തുതന്നു. ഒരിക്കല്‍ ഈ ഭാഗത്തെ കുറെ പ്രദേശം പാകിസ്താന്‍ പട്ടാളം പിടിച്ചെടുത്തപ്പോള്‍ ആ പ്രദേശം തിരിച്ചെടുക്കാന്‍ പ്രാണന്‍  പൊലിച്ച സിഖ് ഭടന്മാരുടെ വീരസ്മരണയ്ക്ക് പണിത വീര്‍ മണ്ഡപ് കാണാനായിരുന്നു പിന്നെ അയാള്‍ ഏതൊക്കെയോ ഗ്രാമീണ വഴികളിലൂടെ കൊണ്ടുപോയത്. അതിനു തൊട്ടടുത്ത് കമ്പിവേലിക്കപ്പുറം പാകിസ്താന്‍ ഗോതമ്പ് വയലുകള്‍, ഇപ്പുറം ഇന്ത്യന്‍ ഗോതമ്പ് വയലുകള്‍. രണ്ടിലും കൃഷിക്കാര്‍ ഉണ്ട്. അവര്‍ തമ്മില്‍ പരസ്പരം നോക്കുന്നുണ്ടാവുമോ, മിണ്ടിപറയുന്നുണ്ടാവുമോ എന്നാലോചിച്ചു. ഒന്നുമില്ലെങ്കിലും മണ്ണ് മണക്കുന്ന ഒരു ചെറുചിരിയെങ്കിലും തമ്മില്‍ കൈമാറാനുണ്ടാവുമോ? 

പിന്നെ അയാള്‍ കൊണ്ടുപോയത് മഹാരാജ രഞ്ജിത്ത്സിംഗിന്റെ തവ്വായിഫ്ഖാന എന്ന നീന്തല്‍ക്കുളത്തിലേക്കാണ്. അതിവിശാലമായ കുളം വറ്റി വരണ്ട് കിടപ്പാണ്. കുളത്തിന് ഇരുവശവും നിറയെ സ്നാനഗൃഹങ്ങള്‍. ചുടുകട്ട നിര്‍മ്മിതിയാണ്. തികച്ചും കലാപരമായ നിര്‍മ്മിതി. തവ്വായിഫ് എന്നാല്‍ ഗണിക എന്നാണര്‍ത്ഥം. സംഗീതനൃത്താദി  കലകളില്‍  വിദഗ്ദ്ധരായ രാജകീയ ഗണികകള്‍. ആയിരത്തോളം അതിസുന്ദരികളായ തവ്വായിഫുകള്‍ സ്നാന ഗൃഹത്തില്‍ രാജാവിനൊപ്പം പൗര്‍ണ്ണമി രാത്രിയില്‍ ആടിയും പാടിയും നീന്തിത്തുടിക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്കൂ. നേര്‍ത്ത വിളക്കുനാളം മിന്നിയാളുന്ന ചുവന്ന കല്‍ച്ചുമരുകള്‍. നിശയുടെ അതീവ ലോലയാമങ്ങള്‍. സുഗന്ധദ്രവ്യലേപനാദികളുടെ ഉന്മത്തഗന്ധം. വാദ്യോപകരണങ്ങളുടെ മൃദുസംഗീതം. എന്ത് രസമായിരിക്കും ഒരു രാജാവിന്റെ ആ രാജകീയ സ്നാനം. 

അവിടേക്കുള്ള വഴിയില്‍ ചെറിയൊരു ഇരുമ്പ് പാലവും കാണാം. അതും മഹാരാജാ രഞ്ജിത്സിംഗ് പണികഴിപ്പിച്ചതത്രെ. അതിനെ ചുറ്റിപ്പറ്റി ഒരു കഥയുണ്ട്. രാജാവിന് ഏറെ പ്രിയപ്പെട്ട ഒരു തവ്വായിഫ് രാജകീയ സ്നാനത്തിന് വരുന്നതിനിടെ ഈ നീര്‍ച്ചോലയില്‍ ഉണ്ടായിരുന്ന മരപ്പാലം ഒടിഞ്ഞ് താഴെ വീണത്രെ.  ഒരിക്കലും ഒടിയാത്ത  പാലം  നിര്‍മ്മിച്ചുതരും വരെ താനീ നീര്‍ച്ചോലയില്‍ നില്‍ക്കുമെന്ന് ആ വാശിക്കാരി പറഞ്ഞു. രാജാവ് രാത്രിക്ക് രാത്രി പണിതത്രെ ആ ഇരുമ്പ് പാലം. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പേരുപോലുമില്ലാത്ത ഏതോ തവ്വായിഫിനോട് രാജാവിനോടുള്ള സ്നേഹം പറഞ്ഞുതന്ന് ആ പാലം കേടുപാടില്ലാതെ നില്‍ക്കുന്നു. രാജാവിന്റെ സ്നാനഗൃഹം ഇന്ത്യയിലും കോട്ട പാകിസ്താനിലുമാണിപ്പോള്‍. വഴിയിലൊരിടത്തുനിന്നും പഞ്ചാബി കുല്‍ച്ചയും  രസഗുളയും ലസ്സിയും കുറുമക്കറിയും കഴിച്ചു. 

ഒഥന്റിക് പഞ്ചാബി ഫുഡ് ഒന്നുമല്ല. ഡ്രൈവര്‍ തലേന്നത്തെ ഞങ്ങളുടെ പരാതി പാടെ മായ്ച്ചീടും വിധം അമൃത്സര്‍ നഗരത്തിന്റെ ഉള്‍നാടുകളിലൂടെ കൊണ്ടുപോയി. മനസ്സിലുണ്ടായിരുന്നൊരു പഞ്ചാബിന്റെ ഏകദേശ ചിത്രം പോലെ നിറയെ ഗോതമ്പ് വയലുകളും മറ്റു കൃഷികളുമായി ആകെ ഹരിതാഭ കാഴ്ചകള്‍.

തിരിച്ച് അമൃത്സറില്‍ എത്തി അമൃത്സറിന്റെ ഹൃദയഭാഗത്തുള്ള ഗോവിന്ദ്ഗഡ് കോട്ടയിലേക്കാണ് പോയത്. മിസരി കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ കോട്ട ആദ്യം സിഖ്കാരും പിന്നെ ബ്രിട്ടീഷ്‌കാരും സ്വന്തമാക്കി. ഇപ്പോഴത്  ഇന്ത്യന്‍ സൈന്യത്തിന്റെ കോട്ടയാണ്. പഞ്ചാബിന്റെ പൈതൃകം പറയുന്ന ഒരു ലൈവ് മ്യൂസിയം കൂടെയാണ് ഇതിപ്പോള്‍.

നിറയെ വളവുകളും തിരിവുകളുമുള്ള കോട്ട ശത്രുവിന്റെ ആക്രമണത്തിനു മുന്‍പ് വേണ്ടത്ര സമയം കിട്ടുക എന്ന ഉദ്ദേശ്യത്തില്‍ നിര്‍മ്മിച്ചതാണ്. മഹാരാജ രഞ്ജിത്ത്‌സിംഗ് സിഖ് വിഭാഗത്തിന്റെ തോഷഖാന അഥവാ ട്രഷറിയായി ഇവിടം ഉപയോഗിച്ചിരുന്നു. നരിച്ചീറും കടവാവലും മണക്കുന്ന കോട്ടയുടെ ഇരുള്‍മുറിയിലൊന്നില്‍ മഹാരാജ രഞ്ജിത്ത്സിംഗിനെ കുറിച്ചുള്ള ത്രിഡി ഷോ ഉണ്ട്. പഞ്ചാബി അല്ലാഞ്ഞിട്ടുതന്നെ നമുക്ക് രഞ്ജിത്ത്‌സിംഗിന്റെ ജീവചരിത്രം കേട്ടിട്ട് രോമാഞ്ചം വരുന്നു. അപ്പൊ പിന്നെ പഞ്ചാബികളുടെ കാര്യം പറയേണ്ടതുണ്ടോ?    
                                
കോട്ട സന്ദര്‍ശനം കഴിഞ്ഞതും നേരെ താമസസ്ഥലത്തേക്ക് തിരിച്ചു. നാളെ രാവിലെയാണ് തിരിച്ചു ഫ്‌ലൈറ്റ്. പിന്നെ ഒന്നു ഫ്രഷായി കിട്ടുന്ന സമയം മുഴുവന്‍ അമൃത്സറിനെ കൂടുതലറിയാന്‍ കൊതിച്ച് നഗരവീഥിയിലേക്ക് ഇറങ്ങി. കാല്‍നടയായും ഓട്ടോയില്‍ സഞ്ചരിച്ചും ഷോപ്പിംഗ് നടത്തിയും അമൃത്സറിന്റെ വിവിധ രുചികള്‍ ആസ്വദിച്ചും ഒന്‍പതു മണിവരെ നടന്നു. അത് കഴിഞ്ഞും നടക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. കൊവിഡ് നിയന്ത്രിക്കാനുള്ള കര്‍ഫ്യൂ ഒന്‍പത് മണിക്ക് തുടങ്ങും. മാസ്‌കോ കടകളില്‍ ഡിസ്പോസിബിള്‍ ഗ്ലാസ്സോ ഉപയോഗിക്കാത്ത നാട്ടില്‍, ആളുകള്‍ക്ക് കൂട്ടം ചേരുന്നതില്‍ ഒരു നിയന്ത്രണവും ഇല്ലാത്ത സുവര്‍ണ്ണക്ഷേത്രം പോലെ ഒന്ന് ഉള്ളിടത്ത്, ഈ കര്‍ഫ്യൂ എന്ത് ഗുണം ചെയ്യുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഒരു ചടങ്ങ് എന്നതിലപ്പുറം.

രാവിലെ വീണ്ടും ഗുരു രാംദാസ് ജി എയര്‍പോര്‍ട്ടിലേക്ക്. അന്നുതന്നെ രാത്രി കണ്ണൂര്‍ എയര്‍പോര്‍ട്ടിനടുത്തുള്ള തട്ടുകടയില്‍നിന്നും കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ചുണ്ടിലൊരു ചിരി ഊറിയത് രാവിലെ ആയിരക്കണക്കിന് മൈലുകള്‍ക്ക് അപ്പുറമുള്ള അമൃത്സറില്‍നിന്നും കാപ്പി കുടിച്ചവള്‍ അന്നുതന്നെ വൈകിട്ട് ഇന്ത്യയുടെ ഇങ്ങേ അറ്റത്തുള്ള കണ്ണൂരിലെ ഒരു തട്ടുകടയില്‍നിന്നും കാപ്പി കുടിക്കുന്ന ശാസ്ത്രത്തിന്റെ പുരോഗതി ഓര്‍ത്താണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com