'തട്ടമിട്ട ഇസ്ലാം, പാട്ടു പാടുന്ന ഇസ്ലാം, വൈക്കം മുഹമ്മദ് ബഷീറിന്റെ ഇസ്ലാം'

ഈ സംവാദം ഒരു മലയാളി കണ്ണൂര്‍  മുസ്ലിം എന്ന നിലയില്‍ ഇസ്ലാമിന്റെ പരിമിതികള്‍ കുറേക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുന്നതില്‍ സഹായിച്ചു
'തട്ടമിട്ട ഇസ്ലാം, പാട്ടു പാടുന്ന ഇസ്ലാം, വൈക്കം മുഹമ്മദ് ബഷീറിന്റെ ഇസ്ലാം'

സ്സെന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച, യുക്തിവാദി സി. രവിചന്ദ്രനും ഇസ്ലാമിസ്റ്റ് മുഹമ്മദ് വേളവും സംവാദകരായി  പങ്കെടുത്ത ''മനുഷ്യന്‍ ധാര്‍മ്മിക ജീവിയോ? ഇസ്ലാം നാസ്തിക സംവാദം ഒരു മലയാളി മുസ്ലിം എന്ന നിലയില്‍, പുതിയ ചില പാഠങ്ങള്‍ നല്‍കി. അതില്‍, ടി. മുഹമ്മദ് വേളം പറഞ്ഞ ഇസ്ലാം ഒഴുകുന്ന നദിയാണ്'' എന്നത് ഇസ്ലാമിനെക്കുറിച്ച് ഒരു ഇസ്ലാമിസ്റ്റില്‍നിന്ന് കേട്ട ഏറ്റവും മനോഹരമായ ഒറ്റവരി കവിതയാണ്. കവിത നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍, ആ വരിയിലെ കാവ്യാത്മകതയില്‍ പുളകിതരാവാം. എന്നാല്‍, വാസ്തവം എന്താണ്? സി. രവിചന്ദ്രന്‍ വെളുപ്പെടുത്തിയതുപോലെ 'വെള്ളം ചേര്‍ത്ത മതമാണ്', കഠിനവും പൗരുഷ പദാവലികളും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആചാരബദ്ധവുമായ മതാത്മകതയെ ഇത്തിരിയെങ്കിലും അയവുള്ളതാക്കി തീര്‍ത്തത്. ആ രണ്ടു സംവാദകരും ജനാധിപത്യവേദിയില്‍ ആശയങ്ങള്‍ അന്യോന്യം അവതരിപ്പിച്ചു. സി. രവിചന്ദ്രനെപ്പോലെ ആശയങ്ങള്‍ ലളിതമായും നര്‍മ്മത്തോടേയും അവതരിപ്പിക്കാന്‍ സഹജമായ കഴിവുള്ള ഉജ്ജ്വലനായ ഒരു സംവാദകനെ, മുഹമ്മദ് വേളം വെറുപ്പോ കാലുഷ്യമോ പരനിന്ദയോ കൂടാതെ, അഭിമുഖീകരിക്കുകയും ഇസ്ലാമികമായ കാഴ്ചപ്പാടുകള്‍ സ്ഫുടമായി അവതരിപ്പിക്കുകയും ചെയ്തു.

എന്നാല്‍, ഈ സംവാദം ഒരു മലയാളി കണ്ണൂര്‍  മുസ്ലിം എന്ന നിലയില്‍ ഇസ്ലാമിന്റെ പരിമിതികള്‍ കുറേക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുന്നതില്‍ സഹായിച്ചു. സോഷ്യല്‍ മീഡിയകളില്‍ ആ സംവാദ വീഡിയോകളുടെ ചുവടെ  മുസ്ലിം യൗവ്വനങ്ങളുടെ കമന്റുകളായി പ്രത്യക്ഷപ്പെടുന്ന 'നാസ്തിക ദൈവം തോറ്റേ...' എന്ന രീതിയിലുള്ള വായ്ത്താരികള്‍ക്കപ്പുറം, ആ സംവാദത്തിന്റെ ഫലശ്രുതി എന്താണ്? ആരാണ് യുക്തിഭദ്രമായി കാര്യങ്ങള്‍ അവതരിപ്പിച്ചത്? ചെറിയ ചില ഉദാഹരണങ്ങളിലൂടെ അത് പരിശോധിക്കാം.

സംവാദ ശേഷം സദസ്സില്‍നിന്ന് ഷുക്കൂര്‍  വക്കീലുമായി ബന്ധപ്പെട്ട ഒരു ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന് മുഹമ്മദ് വേളം രണ്ടാമത് നല്‍കിയ ഉത്തരത്തിലെ ഒരു വരി: 'അത് ഷുക്കൂര്‍ വക്കീലിന്റെ ചോയ്സ്' എന്നാണ്. ഇസ്ലാം മതമെന്ന നിലയില്‍  ഒരു 'ചോയ്സ്' ആയി കാണുകയും അതില്‍ ജീവിക്കുകയും ചെയ്യുന്ന ഷുക്കൂര്‍ വക്കീലിനും ഭാര്യയ്ക്കും ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശം ഒരു 'ചോയ്സ്' അല്ലാതായത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാന്‍ 'ഒരു മിനുട്ട്' പോലും മുഹമ്മദ് വേളം സമയം കണ്ടെത്തിയില്ല. 'ഇസ്ലാം ഒഴുകുന്ന നദിയാണ്' എന്ന കാവ്യാത്മകത റദ്ദായിപ്പോകുന്നുണ്ട് ആ ഉത്തരത്തില്‍. ഇസ്ലാം ഒഴുകുന്ന ഒരു നദിയാവണമെങ്കില്‍, വി.പി. സുഹ്റയും ഷുക്കൂര്‍ വക്കീലും ഭാര്യയും പറയുന്നതിലും നാം എന്‍ഗേജാവേണ്ടതുണ്ട്. ഇസ്ലാമിക അനന്തരാവകാശ പിന്തുടര്‍ച്ചാരീതികളില്‍ സ്ത്രീയെ കൂടി മനസ്സിലാക്കുന്ന, പുതിയ കാലത്തിന്റെ സ്ത്രീ ശാക്തീകരണത്തെ  ഉള്‍ക്കൊള്ളുന്ന ഒരു തുല്യതാബോധം ഉണ്ടാവേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍, സ്റ്റേറ്റും ആ വിഷയത്തില്‍ അത്തരം വിഷയങ്ങളില്‍ പാണ്ഡിത്യവും നിലപാടുകളുമുള്ള സ്ത്രീകളുടെ അഭിപ്രായങ്ങള്‍ കൂടി എന്താണ് എന്ന് ആരായുന്നതിനു പകരം ഒരു കൂട്ടം പണ്ഡിതന്മാരോടാണ് അഭിപ്രായം തേടിയത്. മതത്തെപ്പോലെ പാര്‍ട്ടിയും പുരുഷന്മാരാല്‍ നയിക്കപ്പെടുകയും നിര്‍ണ്ണയിക്കപ്പെടുകയും നിര്‍വ്വചിക്കപ്പെടുകയും ചെയ്യുന്ന 'ആണ്‍കോയ്മയുടെ ആകെത്തുകയാണ്' എന്നതാണ് ആ വിഷയത്തിലുള്ള സ്റ്റേറ്റിന്റെ നിലപാടുകളില്‍നിന്നും മനസ്സിലാവുന്നത്. സി. രവിചന്ദ്രന്‍/മുഹമ്മദ് വേളം മുഹമ്മദ് സംവാദവും ഇസ്ലാമുമായി ബന്ധപ്പെട്ട ഏറ്റവും സങ്കീര്‍ണ്ണമായ ആ വിഷയത്തെ ഇരുട്ടില്‍ത്തന്നെ നിര്‍ത്തുന്നു. 

ഗാന്ധിയും സ്വര്‍ഗവും നരകവും

''ഗാന്ധിജി സ്വര്‍ഗ്ഗത്തിലോ നരകത്തിലോ'' എന്ന ഒരു സദസ്യന്റെ ചോദ്യത്തിന് ഖുര്‍ആനിലെ ഒരു വരി ഉദ്ധരിച്ചുകൊണ്ട് ''ഈ ചോദ്യം പ്രവാചകന്‍ മോസസ്സിനോട് ചോദിക്കുന്നുണ്ട്, പൂര്‍വ്വികരെ സംബന്ധിച്ച വിധിയെന്താണ്?  അതിന്റെ മറുപടി എന്റെ നാഥന്റെ അടുത്താണ്'' എന്ന് (മോസസ്) പറയുന്നുണ്ട് എന്ന് മുഹമ്മദ് വേളം പറയുന്നുണ്ട്. ഏറ്റവും മനോഹരമായ ഉത്തരമാണത്. എന്നാല്‍, പൂര്‍വ്വികരെ സംബന്ധിച്ച മോശയുടെ ആ മറുപടി തന്നെയാണോ മുഹമ്മദ് നബിക്കും മുഹമ്മദ് നബിയിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഇസ്ലാമിനുമുള്ളത്? അല്ല എന്ന് മദ്രസയില്‍ പോയി മതത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയ ഏതു കുട്ടിക്കുമറിയാം. സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും ആളുകളെ കയറ്റിവിടുന്ന റിക്രൂട്ട്മെന്റ് ഏജന്റുകളായിട്ടാണ് പ്രവാചകന്മാരും പൗരോഹിത്യവും ഭൂമിയില്‍ പ്രവര്‍ത്തിച്ചത്. മുഹമ്മദ് നബിക്കു ശേഷം ഇസ്ലാമിന്റെ പേരില്‍ രൂപപ്പെട്ട പുരുഷ ഇസ്ലാമിസ്റ്റ് രൂപപകര്‍ച്ചകള്‍ അതിന്റെ അക്രമാസക്തമായ രീതിയില്‍ ഏറ്റവും ഒടുവിലായി താലിബാനില്‍ കാണാം. ഇനി, നരകശിക്ഷയെക്കുറിച്ചുള്ള മാരകമായ അവതരണങ്ങളില്‍നിന്ന് സെമിറ്റിക് മതങ്ങള്‍ ഒട്ടും മുക്തമല്ല എന്നു മാത്രമല്ല, വെള്ളിയാഴ്ച ഉച്ചകളിലും ഞായറാഴ്ച പ്രഭാതങ്ങളിലും അതിന്റെ അതിശയോക്തി നിറഞ്ഞ അവതരണങ്ങള്‍ നാം കേള്‍ക്കുകയും ചെയ്യുന്നു. ഇതിന് ഞാന്‍ മതത്തില്‍നിന്നുള്ള ഒരു ഉദ്ധരണി തന്നെ എടുത്തു ചേര്‍ക്കാം:

''അനസില്‍നിന്ന്, 'ലാഇലാഹ ഇല്ലല്ലാഹു' എന്നു പ്രഖ്യാപിക്കുകയും ഹൃദയത്തില്‍ ബാര്‍ലിമണിത്തൂക്കമെങ്കിലും നന്മയുണ്ടാവുകയും ചെയ്യുന്നവരെല്ലാം നരകത്തില്‍നിന്നും മുക്തരാവും'' (മൂന്നു പ്രാവശ്യം നബി ഇത് ആവര്‍ത്തിച്ചു). (സ്വഹീഹുല്‍ ബുഖാരി).

ഗോഡ്‌സെയുടെ വെടിയേറ്റ് 'ഹേ, റാം' എന്ന് ഉരുവിടുകയും രക്തസാക്ഷിയാവുകയും ചെയ്ത, ഗാന്ധിജിയുടെ സ്വര്‍ഗ്ഗ പ്രവേശന സാധ്യത ഈ ഹദീസ് വെച്ചുകൊണ്ട് വിശകലനം ചെയ്യുമ്പോള്‍ എന്താണ് മനസ്സിലാവുന്നത്? ഇത്രയുമാണത്,  കലിമ ചൊല്ലാത്തവര്‍ മുസ്ലിങ്ങളുമല്ല, അവര്‍  ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ സ്വര്‍ഗ്ഗാവകാശികളുമല്ല. അതുകൊണ്ടാണ് മുഹമ്മദ് വേളം ഒരു അടവ് നയം എന്ന നിലയില്‍ മോസസിനെ ഉദ്ധരിച്ചു വിശദീകരിക്കുന്നത്.

എന്തായാലും, ഗാന്ധിജി ഇസ്ലാം വാഗ്ദാനം ചെയ്യുന്ന  സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കേണ്ടതില്ല, രക്തസാക്ഷിയായ ഗാന്ധിജി തന്നെ ഒരു സ്വര്‍ഗ്ഗമാണ്.
ഇനി മറ്റൊരു ചോദ്യവും മുഹമ്മദ് വേളത്തിന്റെ ഉത്തരവും പരിശോധിക്കാം:
''ഒരു മുസ്ലിം മരണശേഷം ബോഡി മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ്'' എന്ന  ചോദ്യത്തിന് ''അത് പറ്റും എന്നാണ് എന്റെ ധാരണ...'' എന്ന് അയഞ്ഞ മട്ടില്‍ പറഞ്ഞതിനു ശേഷം  വിഷയത്തില്‍ മതത്തിന്റെ  ക്രൈറ്റീരിയ (മാനദണ്ഡം) എന്തു പറയുന്നു എന്നു, പരിശോധിച്ചു പറയാം എന്ന മുഹമ്മദ് വേളം പറയുന്ന ആ  മറുപടിയില്‍നിന്ന് ''മുസ്ലിം കിഡ്നി ആവശ്യമുണ്ട്'' എന്ന കുപ്രസിദ്ധമായ ആ മാധ്യമം പരസ്യത്തിന്റെ അടഞ്ഞ ബോധ്യത്തില്‍നിന്നും ഒരിഞ്ച് പോലും ജമാഅത്തെ ഇസ്ലാമി ധൈഷണികത മുന്നോട്ടു പോയിട്ടില്ല എന്ന് വ്യക്തമാക്കുന്നു. അതില്‍ എന്താണ് ആലോചിക്കാനുള്ളത്, അങ്ങനെ ഒരു മുസ്ലിം മരണാനന്തരം ബോഡി മെഡിക്കല്‍ കോളേജിനു നല്‍കാന്‍ സന്നദ്ധരാവുന്നത് ഒരു മാതൃകാപ്രവര്‍ത്തനമല്ലേ?  പ്രത്യേകിച്ചും, മുസ്ലിം സമുദായത്തില്‍നിന്ന് ഡോക്ടര്‍മാരുടെ പ്രവാഹം തന്നെയുണ്ടാകുന്ന ഇക്കാലത്ത്? അങ്ങനെ നല്‍കിയാല്‍ ഖബറിലെ ചോദ്യോത്തരങ്ങളും മതപ്രഭാഷകരുടെ ഒരു നിത്യപ്രചോദിത വിഷയവും നഷ്ടമാവും. മുഹമ്മദ് വേളം സത്യസന്ധമായി പറഞ്ഞ ആദ്യ മറുപടിയാണ് ശരി, ''അത് പറ്റും എന്നാണ് എന്റെ ധാരണ.'' ആ ധാരണയ്ക്ക് മുഹമ്മദ് വേളത്തിന്  മതത്തില്‍നിന്ന് ഒരു ശരിയുത്തരം കിട്ടട്ടെ എന്ന് റബ്ബുല്‍ ആലമീനായ തമ്പുരാനോട് പ്രാര്‍ത്ഥിക്കുന്നു. ഒരു മതനിഷേധിയുമായി പരസ്യമായ സംവാദത്തിന്റെ ക്രൈറ്റീരിയ എന്താണ്? അത് സംപ്രേഷണം ചെയ്യുന്ന യുട്യൂബിന്റെ ക്രൈറ്റീരിയ എന്താണ്? മതത്തില്‍ യുട്യൂബിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പുതിയ കാലത്തിന്റെ അനിവാര്യമായ ആശയപ്രചരണരീതി എന്ന നിലയില്‍ മൈക്ക് ഉപയോഗിക്കുന്നതുപോലെ, യുട്യൂബ് ഉപയോഗിക്കുന്നു. മതത്തില്‍ അതിന്റെ മാനദണ്ഡം അന്വേഷിച്ചുപോയിട്ട് ഒന്നും കണ്ടെത്താനാവില്ല. സഹജമായി വളരുന്ന ധാര്‍മ്മികതപോലെ, സഹജമായ ആ അനിവാര്യതയേയും ഖുര്‍ആനിലും ഹദീസിലും യുട്യൂബ് വിഷയത്തില്‍ ഒരു മാര്‍ഗ്ഗ  നിര്‍ദ്ദേശമില്ലാതിരുന്നിട്ടുകൂടി 'ഒരു ടൂള്‍' ആയി മതം ഉപയോഗിക്കുന്നു. മതത്തിന്റെ ക്രൈറ്റീരിയ ആ വിഷയത്തില്‍ ഒരു മതപ്രഭാഷകനും അന്വേഷിക്കുന്നില്ല.

ഇനി 'മനുഷ്യര്‍ ധാര്‍മ്മിക ജീവിയോ' എന്നു ചോദിച്ചാല്‍, രവിചന്ദ്രന്റെ ഉത്തരമാണ് ശരി. പലതരം ബോധ്യങ്ങളിലൂടെ രൂപപ്പെട്ടതും വളര്‍ന്നതുമാണ് സഹജമായ ആ ധാര്‍മ്മികത. അത്തരം ധാര്‍മ്മികതകള്‍ രൂപപ്പെടുത്തുന്നതില്‍ മതവും അവയുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇസ്ലാമിനെ, സര്‍വ്വകാലത്തേക്കുമുള്ള ധാര്‍മ്മികതയുടെ ക്രൈറ്റീരിയയായി ഇസ്ലാമിസ്റ്റുകള്‍ കാണുന്നു. ഈ ക്രൈറ്റീരിയയെ മറികടന്നവരാണ്, മലബാര്‍ മുസ്ലിങ്ങള്‍. തട്ടമിട്ട ഇസ്ലാം, പാട്ടു പാടുന്ന ഇസ്ലാം, അവരവരുടെ ബോധ്യങ്ങളില്‍ തുള്ളിച്ചാടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ  ഇസ്ലാം. ബഷീര്‍ ഇവിടെ ജീവിച്ചു, മരിച്ചു. എന്നാല്‍, സ്വതന്ത്ര ചിന്തകരായ മുസ്ലിം ചിന്തകര്‍ക്കു വധശിക്ഷ നല്‍കിയ ഒരു പാരമ്പര്യം കൂടി ഇസ്ലാം ഭരണകൂട ചരിത്രങ്ങള്‍ക്കുണ്ട്. ഒറ്റ ഉദാഹരണം മാത്രമെടുത്തെഴുതിയാല്‍, പേര്‍ഷ്യന്‍ ജന്തുകഥകളുടെ സമാഹാരം  'കലീല വ ദിംന' അടക്കമുള്ള കൃതികളുടെ പരിഭാഷകനും The book of Courtly Etiquette തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമായ ഇബ്നു അല്‍ മുഖഫ ''മത ഭരണകൂടം അവരുടെ അണികളെ യുക്തിരഹിത അണികളാക്കിത്തീര്‍ക്കുന്ന മതത്തിന്റെ  കളിപ്പാവകള്‍'' എന്ന് തുറന്നെഴുതിയപ്പോള്‍ ജീവന്‍ തന്നെ പകരമായി അബ്ബാസിദ് ഭരണകൂടം തിരിച്ചെടുത്തു. അല്‍ മുഖഫയെ വധിക്കുകയാണുണ്ടായത്. ഇസ്ലാം മാത്രമല്ല, ക്രൈസ്തവസഭയും തീവ്ര ഹിന്ദുത്വയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വതന്ത്ര ചിന്തകരേയും ജനാധിപത്യ മാനവികാ വാദികളേയും നിര്‍ദ്ദയമായി വേട്ടയാടിയിട്ടുണ്ട്. സ്വതന്ത്ര ചിന്തകര്‍ നല്‍കിയ ചോരയാണ് നാം ഇന്ന് അനുഭവിക്കുന്ന തുറസ്റ്റുകള്‍ക്കു കാരണം. സി. രവിചന്ദ്രനും മുഹമ്മദ് വേളവും സംവാദത്തില്‍ ഏര്‍പ്പെട്ട കോഴിക്കോട്  നളന്ദയില്‍ സന്നിഹിതരായ ആ സദസ്സ് പോലും ഒരു മതസ്റ്റേറ്റില്‍ സാധ്യമല്ല.

ജനാധിപത്യം അറിവിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്നു, ആകാംക്ഷാഭരിതമാക്കുന്നു. മതത്തില്‍നിന്നുള്ള ധാര്‍മ്മിക ചികിത്സകൊണ്ട് മാത്രം മനുഷ്യരുടെ, ചുരുങ്ങിയത്, സ്ത്രീകളുടെയെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ല. ഇസ്ലാമിസ്റ്റുകളെ പ്രചോദിപ്പിച്ച ഇമാം ഗസ്സാലി പോലും, മതത്തിന്റെ ധര്‍മ്മചികിത്സയാണ് എല്ലാ കാലത്തേക്കുമുള്ള പരിഹാരമായി നിര്‍ദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകം, ഠവല യീീസ ീള സിീംഹലറഴലല്‍ പറയുന്നതാണ് ഇസ്ലാമിസ്റ്റുകളുടെ ദര്‍ശനം. 'ഇസ്ലാം നിഷ്‌കര്‍ഷിക്കുന്ന മതപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ട്' മതത്തിന്റെ ശാസ്ത്രം പ്രചരിപ്പിക്കുന്നതിലാണ് അതിന്റെ യശസ്സ്. വിഭിന്നമായ ആലോചനകളില്‍ മുഴുകുന്ന സ്വതന്ത്ര ചിന്തകരെ ഇമാം ഗസ്സാലി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ആ ചിന്തയുടെ തുടര്‍ച്ചകള്‍ ഇപ്പോഴും കാണാം. മുഹമ്മദ് വേളത്തേയും അത് പ്രചോദിപ്പിക്കുന്നു.

മതത്തിലെ സ്വതന്ത്ര ചിന്തകര്‍ക്ക് എടുക്കാവുന്ന ചില വരികള്‍ സ്വഹീഹുല്‍ ബുഖാരിയിലുണ്ട്:

അബൂഹുറൈറയില്‍നിന്ന്: നബി പറഞ്ഞു: മതം വളരെ സരളമാണ്. അതിനെ കഠിന തരമാക്കുന്നവര്‍ പരാജയമടയാതിരിക്കില്ല. അതിനാല്‍ കര്‍മ്മങ്ങളില്‍ മിതത്വം പാലിക്കുക. പരമാവധി പൂര്‍ണ്ണത വരുത്തുക. സന്തുഷ്ടരാവുക. പ്രഭാതവും സായാഹ്നവും രാവിന്റെ ഒരംശവും ആരാധനയ്ക്കായി നീക്കിവെയ്ക്കുക. ''രവീന്ദ്ര ടാഗോര്‍ അദ്ദേഹത്തിന്റെ മിസ്റ്റിക് കവിതയില്‍ ഇതേ ആശയം മറ്റൊരു വിധത്തില്‍ അവതരിപ്പിക്കുന്നു: നാഥാ, എത്ര ലളിതമാണ് അങ്ങയുടെ ഭാഷണം. മനുഷ്യര്‍ എല്ലാം സങ്കീര്‍ണ്ണമാക്കി.''

മതത്തില്‍ വെള്ളം ചേര്‍ക്കുക, അത്രതന്നെ അരഗന്റായ യുക്തിവാദത്തിലും വെള്ളം ചേര്‍ക്കുക. അങ്ങനെ 'ഡയലോഗുകള്‍ എല്ലാം ഡയല്യൂട്ടാ'ക്കുക.

സ്വാഭാവികമായും ഇത് വായിക്കുന്നവരില്‍ ഒരു സംശയമുണ്ടാകാനിടയുണ്ട്. എന്തുകൊണ്ട് മുഹമ്മദ് വേളത്തിന്റെ മറുപടികള്‍ മാത്രം പരിശോധിക്കുന്നു എന്ന്. ആ സംവാദത്തില്‍, അതിവൈകാരികമായി സി. രവിചന്ദ്രന്‍ ഒന്നും പറയുന്നില്ല. അതു മാത്രമാണ് കാരണം. മതത്തിനകത്ത് ജീവിക്കുന്ന എന്നെപ്പോലെയുള്ള സാധാരണ മതജീവിക്ക് മതത്തിലെ വെളിച്ചം പോലെ, അതിലെ ഇരുട്ടുമെന്താണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരം സംവാദങ്ങള്‍ വേറൊരു ആലോചനയില്‍, മതവിശ്വാസികളും മതവാദികളും അവരുടെ പ്രചരണായുധമാക്കും. അത് തിരിച്ചറിയുക എന്നതിലാണ് 'യുക്തിവാദി'കളുടെ യുക്തി നഷ്ടപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com