'കൂറ്റനാട് നിന്ന് അപ്പം കൊണ്ടുവന്ന് കൊച്ചിയില്‍ വിറ്റ് ഒറ്റ ദിവസംകൊണ്ട് തിരിച്ചെത്താം എന്നൊക്കെ പറയുന്നത് ബോറാണ്'

ചില മനുഷ്യര്‍ അങ്ങനെയാണ്. നാം അവരെക്കുറിച്ച്, 'ഇതാ, ഈ നേതാവ് ആളുകളെ ചേര്‍ത്തു പിടിക്കുന്നല്ലൊ' എന്നു കരുതുമ്പോള്‍, അവര്‍ അവരെ കൈവിട്ടുകളയും
'കൂറ്റനാട് നിന്ന് അപ്പം കൊണ്ടുവന്ന് കൊച്ചിയില്‍ വിറ്റ് ഒറ്റ ദിവസംകൊണ്ട് തിരിച്ചെത്താം എന്നൊക്കെ പറയുന്നത് ബോറാണ്'

ചില മനുഷ്യര്‍ അങ്ങനെയാണ്. നാം അവരെക്കുറിച്ച്, 'ഇതാ, ഈ നേതാവ് ആളുകളെ ചേര്‍ത്തു പിടിക്കുന്നല്ലൊ' എന്നു കരുതുമ്പോള്‍, അവര്‍ അവരെ കൈവിട്ടുകളയും. ഗോവിന്ദന്‍ മാഷിന്റെ 'പ്രതിരോധ യാത്ര' ജനങ്ങളുടെ ഉള്ളറിയാനുള്ള ഒരു യാത്രയായിട്ടാണ് ആദ്യമൊക്കെ തോന്നിയത്. ജനങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാനുള്ള ഒരു മനസ്സ് അദ്ദേഹം എല്ലാ പരിപാടികളിലും കാത്തുവെച്ചു. സാധാരണ മനുഷ്യരുടെ പരിഹരിക്കപ്പെടേണ്ട നിരവധി പരാതികള്‍, പരിഭവങ്ങള്‍ അദ്ദേഹം കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, പ്രതിരോധ യാത്ര മാളയിലെത്തിയപ്പോള്‍ ഗോവിന്ദന്‍ മാഷ് ആ മൈക്ക് ഓപ്പറേറ്ററോട് വാക്കുകൊണ്ട് തട്ടിക്കയറിയത് ഒട്ടും ശരിയായില്ല. ഒരു തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാവ്, ഒരു തൊഴിലാളിയോട് പെരുമാറേണ്ടത് അങ്ങനെയല്ല. ആ 'പരസ്യ ശാസന' കണ്ട ചെറുപ്പക്കാരന്റെ കുടുംബത്തിന് ഗോവിന്ദന്‍ മാഷോടുള്ള മനോഭാവം എന്തായിരിക്കും? 

വളരെ സ്‌നേഹമുള്ള, സൗമ്യനായ മാഷ് ഇങ്ങനെ പെരുമാറിയത് നിരാശയുണ്ടാക്കി.

അതുപോലെ കെ റെയില്‍ വന്നാല്‍ കൂറ്റനാട് നിന്ന് അപ്പം കൊണ്ടുവന്ന് കൊച്ചിയില്‍ വിറ്റ് ഒറ്റ ദിവസംകൊണ്ട് കൂറ്റനാടേക്ക് തിരിച്ചെത്താം എന്നൊക്കെ പറയുന്നത് ബോറാണ്. ഒരു കാര്യം 'ബോറായി' എന്നു സത്യസന്ധമായി പറയുമ്പോഴാണ് പിന്നീട് പുതിയ തുറസ്സുകളുണ്ടാവുക.

സുകുമാര്‍ അഴീക്കോടിന്റെ വേദികളിലും മൈക്കും വാക്കും ചുണ്ടും വേറെ വേറെ നില്‍ക്കുന്ന അനുഭവമുണ്ടായിരുന്നു. മൈക്ക് ഓപ്പറേറ്റര്‍ അഴീക്കോടിന്റെയല്ല, സദസ്സിന്റെ പ്രതിനിധിയാണ്. ഉച്ചരിക്കുന്ന ഓരോ വാക്കും ഏറ്റവും സ്ഫുടമായ ശബ്ദത്തില്‍ ഏറ്റവും പിന്നിലിരിക്കുന്ന ആളിലും എത്തിക്കുക എന്നതാണ് മൈക്ക് ഓപ്പറേറ്റര്‍ ആഗ്രഹിക്കുന്നത്. അഴീക്കോട് ചില വേദികളില്‍ മൈക്ക് ഓപ്പറേറ്ററോട് ക്ഷുഭിതനാവുന്നത് ഈ ലേഖകന്‍ കണ്ടിട്ടുണ്ട്.

ചില വേദികളില്‍ സൗണ്ട് അരോചകമാവുന്ന വിധത്തില്‍ ഉച്ചത്തിലായിരിക്കും. ഈയിടെ കണ്ണൂര്‍ നഗരത്തിലെ ചുവരുകളില്‍ ഒരു പോസ്റ്റര്‍ കണ്ടു. 'ആരാധനാലയങ്ങളിലെ ശബ്ദശല്യം കുറക്കാന്‍ വിശ്വാസികള്‍ ഇടപെടണം' എന്നതായിരുന്നു അതിലെ വരികള്‍. ആരാധനാലയങ്ങളില്‍ പ്രസംഗങ്ങള്‍ മനുഷ്യരുടെ സ്വച്ഛത നഷ്ടപ്പെടുത്തുന്നവിധം ഒച്ചയിലായിരിക്കും. 

ദൈവത്തെക്കുറിച്ചു പറയാന്‍ എന്തിനാണിത്ര ഒച്ച? ദൈവം ബധിരനാണോ? ചില മതപ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ മൈക്കിനു കയ്യുണ്ടെങ്കില്‍, ആ പ്രഭാഷകരുടെ മുഖത്തടിക്കുമെന്നു തോന്നാറുണ്ട്.

തബലയുടെ ആ മാന്ത്രിക വിരലുകള്‍, സക്കീര്‍ ഹുസൈന്‍ ഒരു വേദിയിലിരുന്ന് തബല വായിക്കുമ്പോള്‍, തബലക്കു നേരെ മൈക്ക് ഒടിഞ്ഞുകുത്തി വീഴുമ്പോള്‍ അത് ഒരു കൈകൊണ്ട് നേരെയാക്കുന്നത് കണ്ടിരുന്നു. ഒരു കൈകൊണ്ട് തബല വായിക്കുമ്പോള്‍, മറുകൈകൊണ്ട് മൈക്ക് നേരെയാക്കുന്നു, എത്രയോ വട്ടം. വളരെ, ക്ഷമയോടെ. അതൊരു മോശം മൈക്കാണ്, സംശയമില്ല. സക്കീര്‍ ഹുസൈനു ക്ഷോഭിക്കാന്‍ ആവോളം കാരണമുണ്ട്. എന്നാല്‍, ഒരു ക്ഷോഭവും ആ മുഖത്തുണ്ടായിരുന്നില്ല.

എന്തായാലും പ്രഭാഷണങ്ങള്‍ക്കോ ഗാനമേളകള്‍ക്കോ ഇടയ്ക്ക് മൈക്ക് ഓപ്പറേറ്റര്‍ കയറിവന്നു തടസ്സപ്പെടുത്തുന്നത് ഒട്ടും നല്ല കാര്യമല്ല. ഏതോ നിവൃത്തികേട് കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്. എന്നാല്‍, ഗോവിന്ദന്‍ മാഷ് തന്റെ നീരസം, ആ രീതിയില്‍ പറയേണ്ടതില്ലായിരുന്നു. കാരണം, രാഷ്ട്രീയം ക്ഷമയുടെകൂടി കലയാണ്. അന്യോ ന്യം കേള്‍ക്കുമ്പോള്‍ മാത്രമല്ല, പറയുമ്പോഴും. ആരുടേയും മാനം കെടുത്താതിരിക്കുക എന്നത് ഏറ്റവും ലളിതവും സത്യസന്ധവുമായ കാര്യമാണ്. 

എന്നാല്‍, മൈക്ക് ഓപ്പറേറ്റര്‍മാരും ഇടയ്ക്കു കയറി വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ശബ്ദം അല്പം കുറഞ്ഞാല്‍ തന്നെ എന്താണ് പ്രശ്‌നം?

ഒരു പ്രശ്‌നവുമില്ല. വലിയ ശബ്ദത്തില്‍ സംസാരിച്ചാല്‍ ലോകം മാറുകയൊന്നുമില്ല.

****
നാം ഒഴിവാക്കേണ്ട ഒരു ചോദ്യമുണ്ട്.

ഏതാണെന്നോ?

ബസ് യാത്രയ്ക്കിടയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന തികച്ചും വ്യക്തിപരമായ ഈ ധര്‍മ്മസങ്കടം വായനക്കാര്‍ക്കു ബാലിശമായി തോന്നിയേക്കാം. ബസ്, മാനസിക സഞ്ചാരങ്ങളുടെ ഇരിപ്പുകേന്ദ്രങ്ങളാണ്. എന്നാല്‍, ഈയിടെയായി നേരിടേണ്ടിവരുന്ന ഒരു ചെറിയ പ്രശ്‌നമുണ്ട്.

മിക്കവാറും സീറ്റുകള്‍ ഒഴിഞ്ഞ ബസ് നോക്കിയാണ് കയറിയിരിക്കുക. സീറ്റുകള്‍ നിറഞ്ഞാണെങ്കില്‍, അടുത്ത ബസ് വരുന്നതുവരെ കാത്തിരിക്കും. കണ്ണൂരില്‍നിന്ന് മാടായിയിലേക്ക് ധാരാളം ബസുകള്‍ ഉള്ള റൂട്ടാണ്. മുന്‍ ഡോറിനു രണ്ടോ മൂന്നോ സീറ്റ് പിറകിലായി, വിന്‍ഡോ സീറ്റിനരികില്‍ ഇരിക്കാന്‍ ശ്രമിക്കും. ആരെങ്കിലും അവിടെയിരുന്നില്ലെങ്കില്‍. 
ചില ബസുകളില്‍ ആലോചനകളുടെ രസച്ചരട് മുറിയാത്ത പാട്ടുകള്‍ വെക്കും. മറ്റു ചിലപ്പോള്‍ അരോചകപ്പിപ്പിരിപ്പാട്ടുകള്‍. എങ്കിലും ഒരിടത്ത് ഇറങ്ങാനുള്ളതല്ലേ, സഹിക്കും. ഇറക്കത്തിനിടയില്‍ ഒരു കുഞ്ഞുറുക്കവുമുണ്ട്.

എന്നാല്‍, ഈയിടെയായി ഈ ഇരുത്തം അത്ര ശരിയാവുന്നില്ല. ബസിലെ സീറ്റു ക്രമീകരണങ്ങള്‍ ദുഷിച്ചുനാറിയ വ്യവസ്ഥയുടെ സഞ്ചരിക്കുന്ന രൂപകമാണ്. സ്ത്രീകള്‍, അമ്മയും കുഞ്ഞും, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍  ഈ ക്രമീകരണങ്ങള്‍ക്കിടയില്‍ നാലഞ്ചു സീറ്റുകളാണ് 'പൊതു'വായിട്ടുള്ളത്. എല്ലാ സീറ്റുകളിലും എല്ലാവര്‍ക്കുമിരിക്കാവുന്ന സിസ്റ്റമാണ് നല്ലത്. പ്രായമുള്ളവരേയും ഭിന്നശേഷിക്കാരേയും കണ്ടാല്‍ എണീറ്റ് കൊടുക്കാത്തവര്‍ ഉണ്ടോ? 

ഒഴിച്ചിട്ട ചില്ലറ പൊതു സീറ്റുകളിലാണ് മധ്യവയസ്‌കരും യുവാക്കളും ഇരിക്കേണ്ടത്. ആ പൊതു സീറ്റില്‍, ചതുര ജനാലക്കടുത്ത് ഇരുന്ന് എന്തെങ്കിലുമൊക്കെ ആലോചിക്കുമ്പോഴായിരിക്കും, 'ബേക്കില് ഒര് സീറ്റ്ണ്ട്, ഒന്ന് മാറിയിരിക്കോ' എന്ന ചോദ്യവുമായി വന്ന് പ്രതിസന്ധിയിലാക്കുക. രണ്ടു ദിവസം മുന്‍പ് ഒരു പ്രായം ഉള്ള ഒരു സ്ത്രീ, 'ബേക്കിലേക്ക് ഒന്ന് മാറിയിരിക്കോ' എന്നു ചോദിച്ചപ്പോള്‍ 'ഉമ്മാമ എന്റെ അടുത്തിരുന്നോ, ഇവിടെ ഒഴിവുണ്ടല്ലോ' എന്നു പറഞ്ഞപ്പോള്‍ ഇരുന്നില്ല. ആ സീറ്റില്‍ ഞാന്‍ മാത്രമായിരുന്നു. ഉമ്മാമാക്ക് ഇരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. ഞാന്‍ കഴിയുന്നത്ര ഒതുങ്ങിയുമാണിരുന്നത്. ഉമ്മാമ ഇരുന്നില്ല എന്നു മാത്രമല്ല, 'ഇപ്പഴത്തെ പുള്ളറ്ക്ക് അദബില്ല' (മര്യാദയില്ല) എന്ന് ആത്മഗതമായി പറയുകയും ചെയ്തു. അതു കേട്ടിട്ടും ഞാന്‍ എണീറ്റ് നില്‍ക്കാനൊന്നും പോയില്ല. ട്രെയിനിലോ ഫ്‌ലൈറ്റിലോ ആണും പെണ്ണും അടുത്തിരുന്നാല്‍ ഒരു പ്രശ്‌നവുമില്ല. ബസിലാണ് ഈ ധര്‍മ്മസങ്കടം.

ഈ കുറിപ്പെഴുതുന്ന ഇന്ന് വളരെ സങ്കടമുണ്ടാക്കുന്ന ഒരനുഭവം പിന്നെയുമുണ്ടായി. ഒരു ചെറുപ്പക്കാരനും യുവതിയും (ഭാര്യയായിരിക്കാം) ബസില്‍ കയറി. ചെറുപ്പക്കാരന് എന്റെ അരികില്‍ സീറ്റുകിട്ടി. അയാള്‍ ഇരുന്നയുടന്‍ പറഞ്ഞു:
'ഒന്ന് ബേക്കിലിരിക്കോ.'

ഞാന്‍ പറഞ്ഞു:

'പറ്റില്ല. സ്ത്രീകളുടെ ഭാഗത്ത് സീറ്റ് ഒഴിവുണ്ട്. അവരോട് ആടയിരിക്കാന്‍ പറയൂ...'

അയാളുടെ മുഖമൊന്ന് ഇരുണ്ടു.

നാം ബസ് യാത്രയ്ക്കിടയില്‍ സഹയാത്രികരോട് ഒഴിവാക്കേണ്ട ഒരു ചോദ്യമാണ്:

'ഒന്ന് ബേക്കിലിരിക്കോ.'

അല്ലെങ്കില്‍ തന്നെ പുറത്തേക്കു നോക്കി തുപ്പുക, കൈപ്പടംകൊണ്ട് മൂക്ക് പൊത്തിപ്പിടിക്കാതെ തുമ്മുക, യാതൊരു ഔചിത്യവുമില്ലാതെ ഫോണില്‍ ഉറക്കെ സംസാരിക്കുക  തുടങ്ങി നിരവധി അരോചകമായ അനുഭവങ്ങള്‍ക്കിടയിലാണ് 'ഒന്ന് ബേക്കിലിരിക്കോ' എന്ന മാരകമായ ചോദ്യം. ഏറ്റവും രസകരമായ കാര്യം മിക്കവാറും പുരുഷന്മാര്‍ സ്ത്രീകളോട് ഇങ്ങനെ പറയാറില്ല എന്നതാണ്. സ്ത്രീകള്‍ക്ക് റിസര്‍വ്വ് ചെയ്ത സീറ്റ് കാലിയാണെങ്കിലും പുരുഷന്മാര്‍ക്കെന്നോ സ്ത്രീകള്‍ക്കെന്നോ ഇല്ലാതെ ഒഴിച്ചിട്ട പൊതുസീറ്റില്‍ വന്നിരുന്ന് ആളാവുന്ന ചില സ്ത്രീകളുണ്ട്. കാണുമ്പോള്‍ കലിവരുമെങ്കിലും അവരോട് 'പോയി ഒന്ന് മുന്‍പിലിരിക്കോ' എന്നു പറയാന്‍ മനസ്സു വരില്ല.

എനിക്കറിയാവുന്ന ആദരണീയനായ ഒരു എഡിറ്റര്‍ ബസില്‍ ഏറ്റവും പിന്നിലെ സീറ്റിലാണ് എപ്പോഴുമിരിക്കുക. മുന്നില്‍ സീറ്റുകള്‍ കാലിയാണെങ്കിലും. കാരണം, 'ബേക്കിലിരിക്കോ' ചോദ്യം കേട്ടു മടുത്ത അയാള്‍, ഏറ്റവും ബാക്കിലിരിപ്പിടം സ്ഥിരമായി കണ്ടെത്തി.

ചരിത്രത്തിലെ ആ മുസ്ലിമിനെ ഏത് ആര്‍ക്കൈവില്‍ തിരയണം?

ശരിയാണ്, നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും സുപ്രധാനമായ സമരവഴികള്‍, ചിന്താപ്രവാഹങ്ങള്‍, അധികാര സമവായങ്ങള്‍ തീര്‍ത്ത ഒരു പ്രസ്ഥാനത്തിന്റെ ആശയത്തുടര്‍ച്ചകള്‍, 137 വര്‍ഷമായി തുടരുന്ന യാത്ര. ഈയിടെ പത്രങ്ങളില്‍ വന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ എണ്‍പത്തിയഞ്ചാം പ്ലീനറി സെഷന്റെ ഈ മുഴുപേജ് പരസ്യത്തിലെ ഗാന്ധിജി മുതല്‍ നരസിംഹറാവുവില്‍ അവസാനിക്കുന്ന ആദ്യനിര ചിത്രം നമുക്ക് എന്തു സന്ദേശമാണ് നല്‍കുന്നത്? നരസിംഹ റാവുവിന്റെ തുടര്‍ച്ചയാണോ കോണ്‍ഗ്രസ്സ്? എവിടെ ഇന്ത്യന്‍ ചരിത്രത്തിലെ നിത്യപ്രചോദകനായ മൗലാനാ അബുല്‍ കലാം ആസാദ്? ഒരൊറ്റ മുസ്‌ലിം നേതാവ് ഇല്ലാത്ത കോണ്‍ഗ്രസ്സ്. ദേശീയ ധാരയില്‍ പ്രചോദിപ്പിച്ച, ഇന്ത്യയോട് ചേര്‍ന്നു നിന്ന, ഇന്ത്യയെ ജീവവായു ആയി കണ്ട, ആ മനുഷ്യരില്‍ ഒരാള്‍പോലും ഇതിലില്ല. ആരെ, എത്തരം സന്ദേശവാഹകരെ തൃപ്തിപ്പെടുത്താനാണ് അവരെ ഒഴിവാക്കിയത്? ചരിത്രത്തിന്റെ പുതിയ പൗരനിര്‍മ്മിതിയാണോ ഇത്? ഇതില്‍ ചേര്‍ത്തുനിര്‍ത്തിയ ചിലരെങ്കിലും കോണ്‍ഗ്രസ്സിനോട് ഇടഞ്ഞുനിന്നവരാണ്. അവര്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ഇന്ത്യന്‍ ജനതയുടെ ആശയങ്ങളേയും അഭിലാഷങ്ങളേയുമാണ് സ്പര്‍ശിച്ചത്. മൗലാനാ അബുല്‍ കലാം ആസാദും ധീരനായ അബ്ദുറഹ്മാന്‍ സാഹിബും അതിര്‍ത്തിഗാന്ധിയുമില്ലെങ്കില്‍ ആ ഇന്ത്യ, ക്വാസി നുസ്രുള്‍ എഴുതിയ വരികളിലെ 'ഒറ്റ ഞെട്ടില്‍ പല പൂക്കള്‍ വിരിയുന്ന' ഇന്ത്യയല്ല. ജയറാം രമേശ് ആ പരസ്യത്തില്‍ ഖേദം പ്രകടിപ്പിച്ചു. കേരളത്തിലെ നേതാക്കള്‍ അതു കണ്ടിട്ടില്ലായിരിക്കാം.

ഈ ​ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com