'ബി.ജെ.പി ഗവണ്‍മെന്റിന്റെ സമീപനങ്ങള്‍ വലിയ തോതില്‍ നമ്മുടെ സാമ്പത്തികരംഗത്തെ ബാധിക്കുന്നു'

ജി.എസ്.ടി പരിഷ്‌കരണമാണ് സാമ്പത്തിക ബന്ധങ്ങളില്‍ സംസ്ഥാനങ്ങളുടെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും ബാധിച്ച ഏറ്റവും വലിയ പ്രശ്‌നം
'ബി.ജെ.പി ഗവണ്‍മെന്റിന്റെ സമീപനങ്ങള്‍ വലിയ തോതില്‍ നമ്മുടെ സാമ്പത്തികരംഗത്തെ ബാധിക്കുന്നു'

സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ എങ്ങനെയാണ് മാനേജ് ചെയ്യുന്നത്? 

ല്ലാക്കാലത്തും സര്‍ക്കാരുകള്‍ക്കു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടെങ്കിലും ഈ ഘട്ടത്തില്‍ ഉണ്ടായ ബുദ്ധിമുട്ട് ഒരു സാധാരണ ബുദ്ധിമുട്ടാണെന്നു പറയാന്‍ കഴിയില്ല. രണ്ടുമൂന്ന് ഘടകങ്ങളുണ്ട്. ഒന്ന്, സാമ്പത്തികരംഗത്ത് വല്ലാത്ത ഒരു തകര്‍ച്ച ലോകത്താകെ ഉണ്ടാകുന്ന പശ്ചാത്തലം. യുദ്ധംപോലുള്ള സംഗതികള്‍പോലും പൊട്ടിപ്പുറപ്പെട്ടത് സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കൂടിയാണ്. രാജ്യങ്ങളുടെ സാമ്പത്തിക താല്പര്യങ്ങളും ലോക സാമ്പത്തിക ബന്ധങ്ങളും പലപ്പോഴും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ട്. 

കൊവിഡ് കഴിഞ്ഞ ശേഷമുള്ള വലിയ പ്രശ്‌നങ്ങള്‍ ലോകത്താകെ നില്‍ക്കുന്നു; അതൊരു വശത്ത്. ഈയൊരു പ്രതിസന്ധി സ്വാഭാവികമായും ഇന്ത്യയിലുമുണ്ട്. എന്നാല്‍, ആ ഒരു ബുദ്ധിമുട്ടിനേക്കാള്‍ ഉപരി ബി.ജെ.പി ഗവണ്‍മെന്റ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സ്വീകരിക്കുന്ന സമീപനങ്ങള്‍ വലിയ തോതില്‍ നമ്മുടെ സാമ്പത്തികരംഗത്തെ ബാധിക്കുന്നുണ്ട്. നേരത്തേ കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് പ്രശ്‌നങ്ങളൊക്കെ ഇതുപോലെ തന്നെയായിരുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പലപ്പോഴും കേന്ദ്രത്തിന് അനുകൂലമായി തീരുമാനമെടുക്കുന്നു എന്ന പ്രശ്‌നം സ്വാതന്ത്ര്യം കിട്ടിയ കാലം മുതലേ ഉണ്ട്; രാഷ്ട്രീയാധികാരത്തിന്റെ കാര്യത്തിലുണ്ട്. 

രാഷ്ട്രീയാധികാരം, സംസ്ഥാന ഗവണ്‍മെന്റുകളുടെ അവകാശങ്ങള്‍, ഭരണപരമായ കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ സാമ്പത്തിക പരമാധികാരത്തെ ബാധിക്കുന്ന കാര്യം, കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നത്, ഇങ്ങനെ ധാരാളം കാര്യങ്ങള്‍ ഉണ്ട്. പക്ഷേ, ഇപ്പോള്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങുകയും ബി.ജെ.പി ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പാക്കുകയും ചെയ്ത ജി.എസ്.ടി പരിഷ്‌കരണമാണ് സാമ്പത്തിക ബന്ധങ്ങളില്‍ സംസ്ഥാനങ്ങളുടെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും ബാധിച്ച ഏറ്റവും വലിയ പ്രശ്‌നം. ഭരണഘടനാ അസംബ്ലിയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തുതന്നെ വില്‍പന നികുതിപോലുള്ള കാര്യങ്ങള്‍ കേന്ദ്രത്തിലേക്ക് എടുത്തുകൂടേ എന്ന ചര്‍ച്ച വന്നപ്പോള്‍ ഡോ. അംബേദ്കര്‍ തന്നെ പറഞ്ഞു, ആകെ അവശേഷിക്കുന്ന വളരെക്കുറച്ച് അധികാരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ളത്. അതില്‍ വളരെ പരിമിതമായ സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ പെടുന്നതാണ് ഈ വില്‍പന നികുതി. അതുകൊണ്ട് അതുകൂടി എടുത്താല്‍പിന്നെ സംസ്ഥാനങ്ങള്‍ക്ക് യാതൊരു അധികാരവുമുണ്ടാകില്ല. 

ആ സാമ്പത്തികാധികാരം കൂടി, വില്‍പന നികുതികൂടി കേന്ദ്ര ഗവണ്‍മെന്റിന്റെ കയ്യിലേക്ക് പൂര്‍ണ്ണമായി പോകുന്ന സ്ഥിതി വന്നതാണ് ജി.എസ്.ടി. ജി.എസ്.ടി വന്നപ്പോള്‍ത്തന്നെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഞാനപ്പോള്‍ പാര്‍ലമെന്റംഗം എന്ന നിലയില്‍ സി.പി.എമ്മിന്റെ അഭിപ്രായം ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ജി.എസ്.ടി വന്നു. അതോടെ നമുക്കുണ്ടായിരുന്ന ടാക്സേഷന്‍ പവറിന്റെ നല്ലൊരു ഭാഗവും കേന്ദ്രത്തിനു വിട്ടുകൊടുക്കേണ്ടി വന്നു, അല്ലെങ്കില്‍ ജി.എസ്.ടി കൗണ്‍സിലിനു വിട്ടുകൊടുക്കേണ്ടിവന്നു. കൗണ്‍സിലെന്നു പറഞ്ഞാല്‍ കേന്ദ്രത്തിനാണ് മുന്‍കൈ. അതിന്റേ ഭാഗമായി ആകെ സംസ്ഥാനങ്ങള്‍ക്ക് അവശേഷിച്ചത് മദ്യത്തിന്റേയും പെട്രോളിന്റേയും ഡീസലിന്റേയും ടാക്‌സില്‍നിന്ന് ഈടാക്കാനുള്ള അവകാശം മാത്രമാണ്. 

സംസ്ഥാനങ്ങള്‍ക്ക് ഓരോ വര്‍ഷം കഴിയുമ്പോഴും 14 ശതമാനം വെച്ച് ശരാശരി ടാക്‌സ് വര്‍ദ്ധന ഉണ്ടായിരുന്നു. ഈ വര്‍ദ്ധന സംരക്ഷിക്കുന്ന തരത്തില്‍ത്തന്നെ കാര്യങ്ങള്‍ ചെയ്യുമെന്നും വര്‍ദ്ധന കിട്ടുന്നില്ലെങ്കില്‍ അത്രയും തുക പ്രൊട്ടക്റ്റഡ് റവന്യൂ എന്ന നിലയില്‍ കേന്ദ്രം തരുമെന്നുമായിരുന്നു ഉറപ്പ്. ഇതാണ് നഷ്ടപരിഹാരത്തിന്റെ തിയറി. അതിന്റെകൂടെ വേറൊരു കാര്യം കൂടി ഉണ്ടായിരുന്നു: റവന്യൂ ന്യൂട്രല്‍ റേറ്റ്. ആകെ നൂറു രൂപയുടെ സാധനം വില്‍ക്കുകയാണെങ്കില്‍ ഒരു 15 - 16 രൂപയുടെ നികുതി ഉണ്ടാകും. ഈ 15, അല്ലെങ്കില്‍ 16% റവന്യൂ ന്യൂട്രല്‍ റേറ്റ് സംരക്ഷിക്കും എന്നുള്ള ധാരണ ഉണ്ടായിരുന്നു. ജി.എസ്.ടി നടപ്പാക്കി വന്നപ്പോള്‍ 2022 ജൂണ്‍ 30 വരെയുള്ള അഞ്ചു വര്‍ഷക്കാലമാണ് ജി.എസ്.ടി നഷ്ടപരിഹാരം കിട്ടിയത്. നമുക്ക് 12000 കോടിയിലധികം കിട്ടി. ഈ പണം പെട്ടെന്ന് ഇല്ലാതായി. 

ആ ആഘാതത്തില്‍നിന്ന് കേരളം കരകയറിയിട്ടുണ്ടോ. എന്തൊക്കെയാണ് ചെയ്ത പരിഹാരങ്ങള്‍? 

ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള ആദ്യത്തെ തിരിച്ചടിയാണ്. ഇതിനൊപ്പം വളരെ വിലക്കൂടിയ ചില ഇനങ്ങളുടെ നികുതിയൊക്കെ കുറച്ചിട്ട് ഇവര്‍ റവന്യൂ ന്യൂട്രല്‍ റേറ്റ് 11 ശതമാനമായി കുറഞ്ഞു. അപ്പോള്‍, കളക്റ്റ് ചെയ്തുകൊണ്ടിരുന്ന നികുതി കുറവുവന്നു, അങ്ങനെയുള്ള വരുമാനവും കുറഞ്ഞു. പ്രോട്ടക്റ്റഡ് റവന്യൂ പോയി, പൊതുവിലുള്ള റവന്യൂ കുറഞ്ഞു. സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ പറ്റില്ല, അധികാരങ്ങള്‍ മുഴുവന്‍ കേന്ദ്രത്തിന്റെ കയ്യിലായിപ്പോയി. മറ്റൊന്ന്, നമുക്കു തന്നുകൊണ്ടിരുന്ന ടാക്‌സ് ഡിവിഷന്‍; ഡിവിസിബിള്‍ പൂളില്‍ നിന്നു നമുക്കു കിട്ടേണ്ടത് 41 ശതമാനമാണ്. അങ്ങനെ താഴോട്ടു കൊടുക്കുമ്പോള്‍ നൂറ് രൂപയില്‍ നിന്ന് നമുക്കു കിട്ടിക്കൊണ്ടിരുന്നത് 3.85 ശതമാനമാണ്. അത് ഇപ്പോള്‍ 1.92 ആയി. നേരെ പകുതിയായി കുറഞ്ഞു. ഈ വര്‍ഷാവസാനം വരുമ്പോള്‍ നമുക്കു ഡിവിസിബിള്‍ പൂളില്‍നിന്ന് കിട്ടേണ്ടിയിരുന്നത് 18000 കോടി രൂപയാണ്. പഴയ നിരക്കിലായിരുന്നെങ്കില്‍ 36000 കോടി കിട്ടുമായിരുന്നു. 18000 കോടിയുടെ കുറവ് അതില്‍ വന്നു. പിന്നെ, വായ്പയെടുക്കാനുള്ള നമ്മുടെ അധികാരം വെട്ടിക്കുറച്ചു. നമ്മുടെ ട്രഷറിയില്‍ കിടക്കുന്ന പണം പോലും ബോറോയിംഗില്‍പ്പെടുത്തി. പബ്ലിക് അക്കൗണ്ട് എന്നു പറയും; ഇതിന്റെ പേരില്‍ അതും വെട്ടിക്കുറക്കുകയാണ്. ഇത്രയും കാര്യങ്ങള്‍ തുടര്‍ച്ചയായി സംസ്ഥാനത്തിനു മുകളില്‍ വന്ന ഒരു ഘട്ടം സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായിട്ടാണ്. ഇതാരും ഗൗരവത്തില്‍ മനസ്സിലാക്കുന്നില്ല. ഇടതുമുന്നണി ഗവണ്‍മെന്റിന്റെ ഫിനാന്‍സ് മാനേജ്മെന്റിലെ പ്രശ്‌നമായിട്ടാണ് പല മുഖ്യധാരാ മാധ്യമങ്ങള്‍പോലും കാണുന്നത് എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. നമുക്കു കിട്ടേണ്ട അവകാശങ്ങള്‍ മുഴുവന്‍ കവര്‍ന്നെടുത്തുകൊണ്ടു പോകുന്നു. ഉദാഹരണത്തിന്, കേരളത്തിനു കടമെടുക്കുന്നത് ഒഴിച്ചു കിട്ടേണ്ട റവന്യൂ വരുമാനം (നികുതിയേതര വരുമാനം, കേന്ദ്രത്തില്‍നിന്നു കിട്ടേണ്ട ഗ്രാന്റ് തുടങ്ങിയതെല്ലാം കൂടി നോക്കുമ്പോള്‍) നൂറു രൂപ കിട്ടുമ്പോള്‍ അതില്‍ 60 ശതമാനത്തിലധികം സംസ്ഥാന ഗവണ്‍മെന്റ് മാത്രമായി ഉണ്ടാക്കേണ്ടിവരുന്നു. ഇതു നേരത്തെ അന്‍പത് ശതമാനത്തില്‍ താഴെയായിരുന്നു. അതിനും കുറച്ചുകൂടി മുന്‍പ് കുറച്ചുകൂടി കൂടുതല്‍ കിട്ടുമായിരുന്നു. 60 ശതമാനത്തിലധികം എന്നു പറഞ്ഞാല്‍ നമ്മളങ്ങ് വരുമാനം കൂട്ടിയതു മാത്രമല്ല, അവര്‍ തരുന്നത് വെട്ടിക്കുറച്ചതുമാണ്. എന്നാല്‍, ഇന്ത്യ മുഴുവന്‍ ഒരേ ഏകീകൃത രൂപമാണോ? അല്ല. നമുക്ക് 55 ശതമാനമുണ്ടായിരുന്നപ്പോള്‍ യു.പിയില്‍ 33 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അവര്‍ക്ക് 40 ശതമാനത്തിനടുത്തേ ഉള്ളൂ. ബീഹാറിന് 25 ശതമാനമേ ഉള്ളൂ. എല്ലാ സംസ്ഥാനങ്ങളെക്കുറിച്ചും പറയുന്നില്ല. പക്ഷേ, നമ്മളെക്കാള്‍ അധികം ഈ നിരക്കിലേക്ക് എത്തുന്നത് മഹാരാഷ്ട്രപോലെ ഒന്നോ രണ്ടോ സംസ്ഥാനം മാത്രമേയുള്ളൂ. കേരളത്തിന്, ആകെ കേരളം ഉണ്ടാക്കുന്ന വരുമാനത്തിന്റെ മഹാഭൂരിഭാഗവും നമ്മള്‍ സ്വന്തം നിലയില്‍ ഉണ്ടാക്കണം എന്നു പറഞ്ഞാല്‍ ബാക്കി തരാനുള്ളത് കേന്ദ്രം തരുന്നില്ല എന്നാണ് അര്‍ത്ഥം. ഈ രണ്ടു കാര്യങ്ങളും എന്തുകൊണ്ടോ കേരളത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എന്തുകൊണ്ടോ എന്നു ഞാന്‍ പറഞ്ഞത്, ഈ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങളെല്ലാം കേരളത്തിന്റെ താല്പര്യത്തിനെതിരായി വാര്‍ത്ത കൊടുക്കുന്നതാണ് എന്നു ഞാന്‍ കരുതുന്നില്ല. അങ്ങനെ കൊടുക്കുന്നതല്ല. പക്ഷേ, അവര്‍ അതു മനസ്സിലാക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. പ്രതിപക്ഷം അന്ധമായാണ് ഈ കാര്യങ്ങളെ കാണുന്നത്. ബി.ജെ.പിയുടെ ഭാഗത്തു നിന്നു ന്യായമൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, കേന്ദ്രം ബി.ജെ.പി ഗവണ്‍മെന്റാണ്. 

ട്രഷറി പൂട്ടുമെന്നും ശമ്പളം മുടങ്ങുമെന്നുമുള്ള പ്രതീതിയാണ് കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നത്. അതു മറികടക്കുന്നത് എങ്ങനെ? 

നമ്മള്‍ പറഞ്ഞുതുടങ്ങിയത് പ്രതിസന്ധിയുണ്ടായിട്ടും കേരളം അതു മാനേജ് ചെയ്യുന്നു എന്നാണല്ലോ. വാസ്തവത്തില്‍ കഴിഞ്ഞ ജനുവരി മുതല്‍ വലിയൊരു വിഭാഗം മാധ്യമങ്ങള്‍ പറഞ്ഞത് കേരളം ഇപ്രാവശ്യം ശമ്പളം കൊടുക്കാനും ബാക്കി പേമെന്റ് കൊടുക്കാനും ബുദ്ധിമുട്ടും ട്രഷറി അടച്ചുപൂട്ടും എന്നാണ്. അവര്‍ പറഞ്ഞതിനു ഞാന്‍ തെറ്റു പറയില്ല. കാരണം, 40000 കോടി രൂപയുടെ വെട്ടിക്കുറവാണ് ഈ പറഞ്ഞ തരത്തില്‍ വന്നത്. ഇത്രയും കുറവ് വരുമ്പോള്‍ എങ്ങനെ നമ്മള്‍ പിടിച്ചുനില്‍ക്കും? വളരെ ബുദ്ധിമുട്ടായിരുന്നു. ശമ്പളംപോലും കൊടുക്കാന്‍ ബുദ്ധിമുട്ടി എന്നത് ശരിയാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരിപ്പിച്ചത്, രണ്ടിനാണല്ലോ നേരത്തെ കിഫ്ബിയുടെ വെട്ടിക്കുറച്ചതു കൂടാതെ 2710 കോടിയോളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. ആകെ നമുക്ക് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 2000 കോടി രൂപ പോലും എടുക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് എത്തിച്ചു. മാര്‍ച്ചില്‍ മാത്രം 20000 കോടി രൂപയ്ക്കു മുകളിലാണ് ചെലവ് വരുക; 22000 കോടി രൂപയോളം വരും. വാര്‍ത്തകള്‍ ശരിയായിരുന്നു. പക്ഷേ, നമ്മള്‍ പലതരത്തില്‍ അതു മാനേജ് ചെയ്തു. സാമ്പത്തിക മാനേജ്മെന്റിന്റെ ചില ടെക്നിക്കുകളൊക്കെയുണ്ട്. അതു തല്‍ക്കാലത്തേക്കേ ചെയ്യാന്‍ പറ്റൂ. അടിസ്ഥാനപരമായ ഒരു കാര്യം, നമ്മള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സാധിച്ച ഒരു 'ഫൈനാന്‍ഷ്യല്‍ ഇംപ്രൂവ്മെന്റ്' ഉണ്ട്. കൊവിഡ് കാലത്ത് സാമ്പത്തിക നില വളരെ തകര്‍ന്നിരുന്നു. അവിടുന്നു നല്ലൊരു വളര്‍ച്ച വന്നു. 2021-ല്‍ ഈ ഗവണ്‍മെന്റ് വരുമ്പോള്‍ അന്നത്തെ നമ്മുടെ വരുമാനം 47000 കോടി രൂപയേ ഉണ്ടായിരുന്നുള്ളൂ; ആ മാര്‍ച്ചില്‍. അത് അടുത്ത മാര്‍ച്ച് ആയപ്പോള്‍ 58000 കോടിയും ഈ മാര്‍ച്ചില്‍ 70000 കോടിയുമായി. വിവിധ നികുതി ഇനത്തില്‍ 23000 കോടി രൂപ വര്‍ദ്ധിച്ചു. 50 ശതമാനം വര്‍ദ്ധനവാണ്. ഇതുകൂടാതെ നികുതിയേതര വരുമാനം വര്‍ദ്ധിച്ചു. 26000 കോടിയോളം രൂപ നമുക്കു തനതായി ഇംപ്രൂവ്മെന്റ് ഉണ്ടായി. ഫലപ്രദമായി സമാഹരിക്കാന്‍ കഴിഞ്ഞു. സാമ്പത്തിക വളര്‍ച്ചയാണ് പ്രധാനപ്പെട്ട കാര്യം. മുന്‍ ഗവണ്‍മെന്റിന്റേയും ഈ ഗവണ്‍മെന്റിന്റേയും കാലത്തെ പുനരുജ്ജീവന പാക്കേജുകളുണ്ടല്ലോ ഇതെല്ലാം വന്നതിന്റേ ഗുണമുണ്ടായി. ആ വളര്‍ച്ച നമ്മളെ സഹായിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ, 2021-ഓടെ വന്ന അധികച്ചെലവുണ്ട്. ശമ്പള പരിഷ്‌കരണം വലിയ അധികച്ചെലവ് വരുത്തി. 16000 കോടി രൂപയോളം അധിക ബാധ്യതയാണ് ഒരു വര്‍ഷം വരുന്നത്. ഇന്ത്യയില്‍ ഒരു സംസ്ഥാനവും കൊടുക്കാതിരുന്നപ്പോഴും നമ്മള്‍ കൊടുക്കാതിരുന്നിട്ടില്ല. ഇങ്ങനെ മാനേജ് ചെയ്തു, വരുമാനം വര്‍ദ്ധിപ്പിച്ചു. പക്ഷേ, എന്നും ഇതുപോലെ വരുമാനം വര്‍ദ്ധിക്കില്ല. 

കൊവിഡില്‍ താഴെക്കിടന്നിടത്തുനിന്ന് മേലോട്ടു വന്നതുപോലെ എപ്പോഴും വര്‍ദ്ധിക്കണമെന്നില്ല. നമ്മള്‍ പരമാവധി ചെയ്യുന്നുണ്ട്. നമുക്ക് അര്‍ഹമായ പങ്ക് തരേണ്ടതല്ലേ. അതും കൂടി നമുക്കു കിട്ടിയിരുന്നെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ നമുക്കു ചെയ്യാമായിരുന്നു. നമ്മള്‍ ഒരുവിധത്തില്‍ വിശപ്പടക്കി മുന്നോട്ടു പോയി; സമാധാനം എന്നല്ല. നമുക്കു കൂടുതല്‍ നന്നായിട്ടു കഴിയാമായിരുന്നു എന്നുള്ളതാണ്. പക്ഷേ, പ്രതിസന്ധിക്കിടയിലും ഈ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലും നമ്മള്‍ ഒറ്റ പ്രവര്‍ത്തനംപോലും തടഞ്ഞുവച്ചില്ല. 22090 കോടി രൂപയാണ് മാര്‍ച്ച് മാസത്തില്‍ ഖജനാവില്‍ നിന്നു പുറത്തേക്കു പോയത്. ഏപ്രിലില്‍ എങ്ങനെ ശമ്പളം കൊടുക്കും എന്നു പത്രങ്ങള്‍ എഴുതി. ഏപ്രിലില്‍ ശമ്പളം മുടങ്ങിയില്ലെന്നു മാത്രമല്ല, 60 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് രണ്ട് ഗഡു സാമൂഹിക പെന്‍ഷന്‍ കൊടുക്കുന്നത്. 

ഇതെല്ലാം നന്നായി മാനേജ് ചെയ്തുവെന്നു പറയുമ്പോഴും ഇങ്ങനെ ശ്വാസംമുട്ടി പോകേണ്ട കാര്യമില്ലല്ലോ കേരളത്തിന് എന്നതാണ് പ്രധാനം. ആളോഹരി വരുമാനം നമുക്കു ദേശീയ ശരാശരിയേക്കാള്‍ വലിയ തോതില്‍ വര്‍ദ്ധനയുണ്ട്, രാജ്യത്തെ ഏതു കാര്യമെടുത്താലും നമ്മള്‍ മുന്നിലാണ്. വിദ്യാഭ്യാസത്തിന്റേയും ആരോഗ്യത്തിന്റേയും മാത്രം കാര്യത്തിലല്ല. നമ്മളൊരു ഉപഭോക്തൃ സംസ്ഥാനമാണ്. അങ്ങനെയുള്ള കേരളത്തില്‍ നമുക്ക് അര്‍ഹമായത് കിട്ടാതെ നമ്മള്‍ ശ്വാസംമുട്ടി ഓരോ മാസവും എങ്ങനെങ്കിലും നടത്തിപ്പോകേണ്ട സ്ഥിതിയല്ല. കിട്ടേണ്ട പണം കൂടി കിട്ടിയാല്‍ ശരിയായ പാതയില്‍ കൂടുതല്‍ വളര്‍ച്ച നമ്മുടെ സംസ്ഥാനത്തിന് ഉണ്ടാകും. തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്ന പുതിയ മേഖലകള്‍ നമുക്കു വികസിപ്പിക്കാന്‍ പറ്റും.

കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങളോ അവഗണനയോ ബുദ്ധിമുട്ടിക്കലുകളോ എല്ലാ സംസ്ഥാനങ്ങളേയും ഒരുപോലെയല്ല ബാധിക്കുന്നതെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നതില്‍ ഒരു രാഷ്ട്രീയമില്ലേ? 

അതാണ് ഏറ്റവും വലിയ പ്രശ്‌നം. ധനകാര്യമന്ത്രി എന്ന നിലയിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇതിനെ ഒരു പരിമിതമായ രാഷ്ട്രീയ അളവിലല്ല ഞാന്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയത്തിനൊക്കെ അപ്പുറം കേരളം എന്ന സംസ്ഥാനത്തിനു കിട്ടേണ്ട അര്‍ഹമായ കാര്യങ്ങള്‍ കിട്ടുന്നില്ല. അതു കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം എന്ന നിലയിലേ അല്ല പറയുന്നത്. നമുക്ക് അര്‍ഹമായി കിട്ടേണ്ട കാര്യങ്ങള്‍ നേരത്തേ ഉള്ളതിനേക്കാള്‍ വെട്ടിക്കുറച്ച് വെട്ടിക്കുറച്ച് ഇങ്ങനെയാണ് പോകുന്നതെങ്കില്‍ അടുത്ത വര്‍ഷമാകുമ്പോഴേയ്ക്കും കേരളത്തിന് ആകെയുണ്ടാകുന്ന റവന്യൂ വരുമാനത്തിന്റെ 65 - 70 ശതമാനവും കേരളം തനതായി ഉണ്ടാക്കണം. കേന്ദ്രത്തിനു നികുതി ഇനത്തില്‍ ഒരു രൂപ കൊടുക്കുമ്പോള്‍ അതില്‍നിന്ന് 20 പൈസ, 30 പൈസ, 40 പൈസ മാത്രം തിരിച്ചു കിട്ടുന്ന സംസ്ഥാനങ്ങളുണ്ട്, ഒരു രൂപ കൊടുക്കുമ്പോള്‍ 2 രൂപ 70 പൈസ കിട്ടുന്ന സംസ്ഥാനങ്ങളുമുണ്ട്. അങ്ങനെയൊരു സാമ്പത്തിക അസന്തുലനം ഉണ്ടാക്കാന്‍ പാടില്ല. വേറെ ചില മാനദണ്ഡങ്ങള്‍ ഉണ്ടാക്കണം. പക്ഷേ, പെര്‍ഫോം ചെയ്യുന്ന സംസ്ഥാനങ്ങളെ, കാര്യങ്ങള്‍ കിട്ടേണ്ട സംസ്ഥാനങ്ങളെ ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങള്‍ വഴി ബുദ്ധിമുട്ടിക്കാന്‍ പാടില്ല. കാരണം, കേന്ദ്രത്തിന്റേ കയ്യിലാണ് അധികാരങ്ങള്‍. പലതരത്തിലും അധികാരം അവര്‍ക്ക് ഉപയോഗിക്കാം. അതിന്റകത്ത് നമ്മളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്. അത് ഓരോ മേഖലയിലും കൂടിക്കൂടി വരികയാണ്. അത് മനസ്സിലാക്കിയില്ലെങ്കില്‍ വെറും രാഷ്ട്രീയ കാര്യത്തിന്റെ പേരില്‍, നാല് സീറ്റിന്റേയും അതതു സമയത്തെ കാര്യങ്ങളുടേയും അടിസ്ഥാനത്തില്‍ കാണാന്‍ പാടില്ല. 

കഴിഞ്ഞ ജനുവരിയില്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തില്‍ ചൂണ്ടിക്കാണിച്ച മിസ് മാനേജ്മെന്റ്, ധൂര്‍ത്ത്, നികുതി പിരിവിലെ വീഴ്ച, അഴിമതി എന്നീ നാല് കാര്യങ്ങളില്‍ ഇപ്പോഴത്തെ പ്രതികരണം എന്താണ്? 

കട്ടപ്പുറത്തായ കേരളം എന്നായിരുന്നു അതിന്റേ തലക്കെട്ടു തന്നെ. പക്ഷേ, ധവളപത്രം പുറത്തിറക്കിയ ശേഷം നിയമസഭയില്‍പ്പോലും അവര്‍ അതിനെക്കുറിച്ചു സംസാരിച്ചില്ല. നിയമസഭയില്‍ അവസാനത്തെ ഒരു സെഷന്‍ മുഴുവന്‍ അവര്‍ ബഹളമുണ്ടാക്കി ചര്‍ച്ച നടക്കാതിരിക്കുകയാണ് ചെയ്തത്. പക്ഷേ, ആദ്യം ബജറ്റ് അവതരിപ്പിച്ച ഫെബ്രുവരി മൂന്നു മുതല്‍ നടന്ന ആ ഘട്ടത്തില്‍ അവര്‍ ഇക്കാര്യമൊന്നും പറഞ്ഞില്ലല്ലോ. 

കട്ടപ്പുറത്തായ കേരളം എന്നതിന് ഉപോത്ബലകമായി ഏതെങ്കിലും പോയന്റ് അവര്‍ക്കു പറയാന്‍ പറ്റുന്നുണ്ടായിരുന്നോ. ഇല്ല. വാസ്തവത്തില്‍ നികുതി പിരിവിന്റെ കാര്യത്തില്‍ ഒരു സംസ്ഥാനത്തിന് ആകെ കിട്ടിക്കൊണ്ടിരുന്ന 47000 കോടിയില്‍നിന്ന് 70000 കോടിയിലേക്ക് രണ്ടു വര്‍ഷംകൊണ്ട് വന്നു. ഇനിയും കൂടുതല്‍ സമാഹരിക്കണം; അതിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറേ നികുതി പഴയത് കിട്ടാനുണ്ട് എന്നൊക്കെയാണ് അവര്‍ പറയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെയൊക്കെയാണ് കിട്ടാനുള്ളതില്‍ മഹാഭൂരിപക്ഷവും. കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയും വാട്ടര്‍ അതോറിറ്റിയും തരാനുണ്ട്. അതൊക്കെ എത്രത്തോളം വാങ്ങിച്ചെടുക്കാന്‍ പറ്റും? അവര്‍ വാങ്ങിയ മറ്റെല്ലാ കടങ്ങള്‍ക്കും സര്‍ക്കാര്‍ ഗ്യാരന്റി കൊടുത്തതും കൂടി നമ്മുടെ ചുമലിലാണ് ഇപ്പോള്‍. പൊതുമേഖലാ സ്ഥാപനമാണ്, നേരിട്ടു സര്‍ക്കാരല്ല. പക്ഷേ, ഗ്യാരന്റി കൊടുത്തിരിക്കുന്നത് സര്‍ക്കാരാണ്. അപ്പോള്‍ അത്തരം സ്ഥാപനങ്ങളില്‍നിന്നു കിട്ടാനുള്ളതുണ്ട്, പിന്നെ വളരെ പഴക്കമുള്ളതുണ്ട്. ഇതിനൊക്കെ നടപടിക്രമങ്ങള്‍ എടുക്കാത്തതല്ല. പക്ഷേ, അതിന്റകത്ത് ഇപ്പോള്‍ വലുതായിട്ട് വര്‍ദ്ധിച്ചിട്ടില്ല. കഴിയുന്നത്ര പിരിച്ചെടുക്കുകയാണ്. പ്രതിപക്ഷ നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് അവരുടെ കൂടി അഭിപ്രായങ്ങള്‍ ചോദിച്ചിട്ടാണ് ചെയ്യുന്നത്. അവര്‍ പറയുന്നതുവച്ച് നിയമസഭയ്ക്കകത്തും കമ്മിറ്റികള്‍ക്കകത്തുമൊക്കെ ഞങ്ങള്‍ ആ കാര്യങ്ങളില്‍ ഇടപെടാറുണ്ട്. പിന്നെ, ഭരണപരമായ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചുള്ള വിമര്‍ശനവും ഈ നികുതി സമാഹരണവുമായി ബന്ധപ്പെട്ടു തന്നെ വരും. ചെലവ് ചുരുക്കുന്ന കാര്യമാണ് മറ്റൊന്ന്. മാധ്യമങ്ങളിലാണ് വലിയ ക്യാംപെയ്ന്‍ വരുന്നത്. ഭയങ്കര ചെലവാണ്, മന്ത്രിമാര്‍ പുറത്തുപോയിട്ട് 43 ലക്ഷം രൂപ ഹോട്ടലില്‍ താമസിക്കാനായി എന്നൊക്കെ. 

കൃഷിക്കാര്‍ പുറത്തുപോകുന്നതിനു രണ്ടു കോടി രൂപ മാറ്റിവയ്ക്കുന്ന കാര്യം കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്നു. കേരളത്തില്‍നിന്നു കൃഷി ചെയ്യുന്ന ആളുകളാണ് പോകുന്നത്. നമ്മുടെ മണ്ണും കാലാവസ്ഥയുമുള്ള രാജ്യങ്ങളില്‍ എങ്ങനെയാണ് കൃഷി ചെയ്യുന്നത്, അല്ലെങ്കില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങനെയാണ് ചെലവു കുറഞ്ഞ വിധം കൃഷി ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് പോകുന്നത്. ലോകത്തെവിടെയെങ്കിലും ഉള്ളിടത്തു പോയാലല്ലാതെ ഇതു കാണാന്‍ പറ്റുമോ. പണ്ട് ഇല്ലാത്ത പുതിയ പല സൗകര്യങ്ങളും നമുക്കു കിട്ടുന്നുണ്ട്, ഡിജിറ്റല്‍ ലോകത്തുനിന്ന്. കൃഷി ചെയ്യാന്‍ പുതിയ രീതികള്‍. ഇതു നമ്മള്‍ പഠിക്കണ്ടേ? കൃഷിക്കാര്‍ മാത്രമല്ല, മാധ്യമ പ്രവര്‍ത്തകരും അക്കാദമിക മേഖലകളില്‍ ഉള്ളവരും പോയി പഠിക്കണം എന്നാണ് അഭിപ്രായം. 

വിദ്യാര്‍ത്ഥികളെ പുറത്തുവിടാനുള്ള ഒരു പ്രോജക്റ്റ് വച്ചിട്ടുണ്ട് ഇപ്രാവശ്യം. ഇവിടെ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ രണ്ടോ മൂന്നോ മാസം പുറത്തു പോയി തത്തുല്യമായി ഗവേഷണം അവിടെയും നടത്തി വരട്ടെ. അതല്ലാതെ നമ്മള്‍ ഒരു വാട്ടര്‍ടൈറ്റ് കമ്പാര്‍ട്ടുമെന്റായി നില്‍ക്കുകയല്ല വേണ്ടത്. മന്ത്രിമാരുടെ യാത്രകളുമായി ബന്ധപ്പെടുത്തി ധൂര്‍ത്തുകളെക്കുറിച്ചു പറയുന്നത് പൊളിറ്റിക്കല്‍ ക്യാംപെയ്നാണ്. പിന്നെ ഉദ്യോഗസ്ഥര്‍ക്ക് കാറ് വാങ്ങുന്നതില്‍ ഒരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയുണ്ട് എന്നു തോന്നിയിട്ടില്ല. പക്ഷേ, നിയന്ത്രണം വേണ്ട കാര്യങ്ങളില്‍ അതു വേണം എന്നതിനോടു പൂര്‍ണ്ണമായി യോജിക്കുന്നു. ഉടന്‍ നിയന്ത്രണം കൊണ്ടുവരാം. 

ചെലവു ചുരുക്കല്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കേണ്ടതു തന്നെയല്ലേ. എന്തൊക്കെ നിയന്ത്രണങ്ങളാണ് വരുത്തുക?
 
ഞാന്‍ കാണുന്ന ചെലവു ചുരുക്കലിന്റേ മേഖല മറ്റു പലതുമുണ്ട്. കൊല്ലത്തെ ഒരു കോടതി സമുച്ചയത്തിന്റെ കാര്യം നേരത്തെ സംസാരിച്ചിരുന്നു. മറ്റു പല സ്ഥലങ്ങളിലും വലിയ കെട്ടിടങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അമിത ചെലവുകളും കാണുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നിമിഷം ഒരുമിച്ചു ചെലവാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍. ഇതില്‍ നിയന്ത്രണം വേണം. ഇതു ഞാന്‍ എടുത്തു പറയാന്‍ കാര്യം, 147 കോടി രൂപയാണ് ഒരു ജില്ലാ കോടതി സമുച്ചയത്തിനു വന്നത്. പരിശോധിച്ച കാര്യമാണ്. അമിതമായി അവര്‍ ചെലവാക്കി എന്നു ഞാന്‍ പറയുന്നില്ല. അതിലെ ഡിസൈന്‍ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് മാറേണ്ടിയിരുന്നത്. 

ഏതായാലും അതിന്റെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയോടുള്‍പ്പെടെ സംസാരിച്ചു. ഡിസൈനില്‍ത്തന്നെ കുറച്ചുകൂടി മാറ്റം വരുത്തണമെന്ന അഭിപ്രായം വച്ചു, മാറ്റം വരുത്തി. മൊത്തം ഘടനയില്‍ മാറ്റം വരുത്തി. ഇപ്പോള്‍ പറയുന്നത് 80-90 കോടിയില്‍ തീരുമെന്നാണ്. പല ഓഫീസുകളും എടുക്കാനിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനേക്കാള്‍ സൗകര്യമുള്ള മുറികളൊന്നും വേണ്ടല്ലോ. ഒരു വ്യക്തിയെയല്ല പറയുന്നത്, ഒരുദ്യോഗസ്ഥനും അവിടെ സ്ഥിരമായി ഇരിക്കാന്‍ പോകുന്ന ആളല്ല. പല ഓഫീസുകളും നോക്കൂ. ഒന്നും നന്നായി ചെയ്യരുത് എന്ന മഹാപിശുക്ക് പറയുന്നതല്ല. പക്ഷേ, ഓവര്‍ ഡിസൈന്‍ ആകരുത്. ഓഫീസ് പണിയുന്നതിലായാലും റോഡ് പണിയുന്നതിലായാലും കെട്ടിടങ്ങള്‍ പണിയുന്നതിലായാലും പരിപാടികള്‍ സംഘടിപ്പിക്കുന്നതിലായാലും. വളരെ ലാവിഷായും അല്ലാതെയും പരിപാടികള്‍ നടത്താം. 

എങ്ങനെയാണോ വളരെ പിടിച്ചുപിടിച്ച് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നത് ആ തരത്തില്‍ ചെയ്യണം. എന്നാല്‍, ഗവണ്‍മെന്റിന്റെ ആവശ്യമായ റെസ്പെക്റ്റൊക്കെ നിലനിര്‍ത്തി ചെയ്യുകയും വേണം. സര്‍ക്കാരിനൊരു ഓഫീസ് പണിയുമ്പോള്‍ ഓഫീസിന്റെ നിലവാരമനുസരിച്ചു ചെയ്യണം. ഈ തരത്തില്‍ പലതുമുണ്ട്. വേണ്ട ചെലവുകള്‍ ചുരുക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ വേണം. ഓഫീസിനകത്ത് രാവിലെ മുതല്‍ രാത്രി വരെ ആവശ്യമില്ലാതെ ഫാനുകളും ലൈറ്റുകളും ഇടുന്നതും തെരുവ് വിളക്കുകള്‍ ഇട്ടേക്കുന്നതും ഇതിനൊക്കെ വൈദ്യുതി പാഴാകുന്നതും മുതല്‍ ചെലവു ചുരുക്കല്‍ വേണം. പക്ഷേ, ഇവിടെയെല്ലാം ആത്മാര്‍ത്ഥമായിട്ടല്ല പൊളിറ്റിക്കല്‍ ക്യാംപെയ്നുവേണ്ടിയാണ് പലപ്പോഴും പല കാര്യങ്ങളും പറയുന്നത്. അതോടു കൂടി അതിനു തുടര്‍ച്ച ഇല്ലാതെ വരും. തുടര്‍ച്ച വരണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ഓരോന്നിനും പിന്നാലെ നടന്നു നോക്കണം. ഒരു താലൂക്ക് കോടതിയുടെ കാര്യം പറയാം. സ്ഥലം പറയുന്നില്ല. 48 കോടിയാണ് എസ്റ്റിമേറ്റ്. ഒരു ലക്ഷം, ഒന്നര ലക്ഷം ചതുരശ്ര അടി വേണോ ഒരു താലൂക്ക് കോടതിക്ക്? കോടതി അറിഞ്ഞിട്ടായിരിക്കില്ല. ചില ഉദ്യോഗസ്ഥര്‍ ചെയ്യുന്നതാണ്. ഏതായാലും പൊതുമരാമത്ത് മന്ത്രിയും വകുപ്പും അക്കാര്യത്തില്‍ നല്ലതുപോലെ ശുഷ്‌കാന്തി കാണിക്കുന്നുണ്ട്. ഓരോ വകുപ്പിലും ഇത്തരം ശുഷ്‌കാന്തി വരുന്നുണ്ട്. മഹാഭൂരിഭാഗം ഉദ്യോഗസ്ഥരും ഇത്തരം കാര്യങ്ങളില്‍ വളരെ സ്ട്രിക്റ്റായ നിലപാടെടുക്കുന്നവരാണ്. അത്തരം ആവശ്യമില്ലാത്ത ചെലവുകള്‍ വെട്ടണം. അതേസമയം ഏറ്റവും പുതിയ സാങ്കേതികവിദ്യ വേണം; അതിനു പണം വേണ്ടിവരും എന്നു പറഞ്ഞു വാങ്ങിക്കാതിരിക്കാന്‍ പറ്റില്ല. പിന്നെ പ്രതിപക്ഷം പറയുന്നത് അഴിമതിയാണ്. അഴിമതി നടക്കുന്നതും നിയന്ത്രിക്കാത്തതുമായ ഏത് പ്രത്യേക സംഭവമാണ് അവര്‍ക്ക് എടുത്തു പറയാന്‍ കഴിഞ്ഞത്? അത്തരം കേസുകള്‍ നമ്മള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. എന്നുവച്ച് എല്ലാ അഴിമതിയും നൂറു ശതമാനം ഇല്ലാതായി എന്ന സര്‍ട്ടിഫിക്കറ്റൊന്നും നമുക്കു കൊടുക്കാന്‍ കഴിയില്ല. അഴിമതിയുണ്ടെങ്കില്‍ അതിനെതിരെ കര്‍ശനമായ നിലപാടെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. 

രാഷ്ട്രീയ അഴിമതി പൂര്‍ണ്ണമായി ഇല്ലാതിരിക്കുകയും ഉദ്യോഗസ്ഥ അഴിമതി പരമാവധി ഇല്ലാതാക്കുകയുമാണല്ലോ ചെയ്യാവുന്നത്. അതിനെന്താണ് ചെയ്യുന്നത്? 

അങ്ങനെയേ ചെയ്യാന്‍ പറ്റുകയുള്ളൂ, അതാണ് ചെയ്യാന്‍ പറ്റുന്ന കാര്യം. സുതാര്യമായി കാര്യങ്ങള്‍ ചെയ്യുക. ഒരു വര്‍ക്ക് വരുമ്പോള്‍ ടെന്‍ഡറിടുന്നത് എന്തുകൊണ്ടാണ്, സുതാര്യമായിരിക്കാനാണല്ലോ. എന്നു പറയുന്നതുപോലെ ഏതു കാര്യത്തിലും സുതാര്യത ഉണ്ടാവുക, ചെലവിന്റെ കാര്യത്തില്‍ നിയന്ത്രണമുണ്ടാവുക, അഴിമതി കണ്ടുപിടിക്കാവുന്നത്ര കണ്ടുപിടിക്കാന്‍ വളരെ വിജിലന്റായി കാര്യങ്ങള്‍ ചെയ്യുക. യു.ഡി.എഫ് അഴിമതിയെക്കുറിച്ചു പറഞ്ഞു. ഏതെങ്കിലുമൊരു കാര്യം പറഞ്ഞാല്‍ അതു വിശ്വസനീയമായി പറയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു പ്രചാരണത്തിനുവേണ്ടി അന്നേരം പറയുക, പിന്നെ ഒരു തെളിവില്ലാതിരിക്കുക എന്നതു ശരിയല്ല. അതൊരു പ്രശ്‌നമാണ്. അതില്‍ കുറച്ചുകൂടി കൃത്യമായ ഒരു നിലപാട് വേണം. രാഷ്ട്രീയമായി എടുക്കുന്ന നിലപാടുകള്‍ പോലും പലപ്പോഴും അതാണ്.

ബജറ്റ് അവതരണ വേളയിൽ
ബജറ്റ് അവതരണ വേളയിൽ

എന്താണ് ഉദ്ദേശിക്കുന്നത് ആ പറഞ്ഞതില്‍? 

രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ സി.പി.എം ഉള്‍പ്പെടെ ഇടതുപക്ഷം കൃത്യമായ നിലപാടെടുത്തു. മുഖ്യമന്ത്രി ഉള്‍പ്പെടെ ആദ്യമേ പറഞ്ഞു, രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം കളയുന്നത് ശരിയായ നടപടിയല്ല. അത് ജനാധിപത്യത്തിനു ഭൂഷണമല്ല, ജനാധിപത്യ അവകാശങ്ങളെ ധ്വംസിക്കുന്നതാണ്. അതുകൊണ്ട് ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു. ഈയൊരു സമീപനം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലെ ഇടതുപക്ഷത്തിനു നേരെ വരുന്ന ആക്രമണങ്ങളോടു കാണിക്കാറുണ്ടോ. ഇല്ലല്ലോ. അവര്‍ക്ക് എല്ലാം കിട്ടണം. തിരിച്ച് ഉണ്ടാവുകയുമില്ല. കോണ്‍ഗ്രസ്സിനെ അവര്‍ തന്നെ ഇല്ലാതാക്കിയത് ഇങ്ങനെയാണ്. ഈയൊരു സമീപനമാണ് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയ്ക്കു കാരണം.

വികസനപദ്ധതികളില്‍ പ്രത്യേകിച്ചും അടിസ്ഥാന സൗകര്യ മേഖലയില്‍ കിഫ്ബിക്കു നല്‍കുന്ന പ്രാധാന്യം ഈ കാര്യങ്ങളിലെ ബജറ്റ് വിഹിതം ലാഭിക്കാനും വേറെ കാര്യങ്ങള്‍ക്കു പ്രയോജനപ്പെടുത്താനും ഉപകരിക്കുന്നുണ്ടോ?
 
റിസര്‍വ്വ് ബാങ്കിന്റേ ഇപ്പോഴത്തെ സമീപനമനുസരിച്ച്, കിഫ്ബി എടുക്കുന്ന വായ്പ മുഴുവനും സംസ്ഥാന ഗവണ്‍മെന്റിന്റെ വായ്പയാണ്. അധികമായി ഒരു പതിനായിരം കോടി രൂപയുടെ പ്രവൃത്തി ഒരു ദിവസം ചെയ്യാന്‍ കഴിയും എന്ന തരത്തിലാണ് തുടക്കത്തില്‍ ആലോചിച്ചതെങ്കില്‍ അത് ഇപ്പോളവര്‍ നമ്മുടെ ആകെ കടത്തില്‍പെടുത്തുകയാണ്. നമ്മള്‍ എടുക്കുന്ന പത്തോ മുപ്പത്തിരണ്ടായിരമോ കോടിയില്‍നിന്ന് ഈ തുകയങ്ങു പോകും. ഇതാണ് നമ്മുടെ പ്രവര്‍ത്തനം തടയാന്‍ അവര്‍ ചെയ്യുന്ന കാര്യം. സംസ്ഥാന ഗവണ്‍മെന്റിനെ ശ്വാസംമുട്ടിക്കാന്‍ വളരെ ആസൂത്രിതമായ ഒരു നീക്കമാണത്. ഞാനവിടെയാണ് പറഞ്ഞത്, ഇതെല്ലാം വന്നിട്ടും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആറായിരം കോടിയുടെ സ്ഥാനത്ത് ഈ രണ്ടു വര്‍ഷമായിട്ട് 18000 കോടി നമ്മള്‍ ചെലവാക്കി. 6000 കോടി ദേശീയപാതയ്ക്കു മാത്രം കൊടുത്തതുകൊണ്ടാണല്ലോ ഈ കാസര്‍കോട് - തിരുവനന്തപുരം ഇത്ര വേഗത്തില്‍ പൂര്‍ത്തിയാകുന്നത്. ഈ പണികളൊക്കെ നടക്കുന്നു. ഇതിനെ ശ്വാസം മുട്ടിക്കുകയാണ് അവരുടെ ഉദ്ദേശ്യം. ഇതിപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പു വര്‍ഷമാണ്. എങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കാം എന്ന തരത്തില്‍ പല കാര്യങ്ങളും അവര്‍ നടത്തും. 

ഈ തെറ്റിദ്ധരിപ്പിക്കല്‍ ഒരു ക്യാംപെയ്നാക്കാനാണോ ഇടതുമുന്നണിയുടെ പരിപാടി? 

തല്‍ക്കാലത്തേക്കൊന്നു കണ്ണില്‍ പൊടിയിടാന്‍ ഒറ്റയടിക്ക് എല്ലാത്തിനും വില കൂട്ടിയിട്ട് തെരഞ്ഞെടുപ്പാകുമ്പോള്‍ ഗ്യാസിന്റെ വില കുറച്ചു കുറയ്ക്കും, പെട്രോളിന്റെയൊക്കെ കുറയ്ക്കും. അവര്‍ ഇതു സാധാരണ ചെയ്യുന്നതാണ്. ചില ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ കൂട്ടി. കര്‍ണാടക തെരഞ്ഞെടുപ്പു വരാന്‍ പോകുന്നതുകൊണ്ട് കുറച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കൂട്ടുകയോ മറ്റോ ചെയ്തിട്ട് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കുറച്ചേക്കും. സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കുമൊക്കെ ചെറിയ ചെറിയ ആനുകൂല്യങ്ങള്‍ കൊടുക്കും. ഇതു കഴിഞ്ഞിട്ട് വീണ്ടുമൊരിക്കല്‍ക്കൂടി വരാന്‍ അവസരം കിട്ടിയാല്‍ ഇപ്പോഴത്തെ ഇന്ത്യയല്ലാതാക്കും. ഇതാണ് ബി.ജെ.പിയുടെ ലൈന്‍. എല്ലാ മേഖലയും തകര്‍ക്കും. നമ്മള്‍ വെറുതെ പറയുന്നതല്ല; ചരിത്രം മുതല്‍ എല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ്. നേരത്തെ എഴുതപ്പെടാത്ത കാര്യങ്ങളിലാണ് കൈവെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എ.ഡി 1200 മുതലുള്ള എഴുതപ്പെട്ട, അറിയാവുന്ന ചരിത്രം മുഴുവന്‍ പരസ്യമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഇതൊന്നും കുട്ടികളെ പഠിപ്പിക്കേണ്ട എന്നു പറയുകയാണ്. വേരുകളില്ലാത്ത ജനതയാക്കി മാറ്റുകയാണ്; ചരിത്രം എന്നത് വേരാണ്. വേരില്‍ നിന്നിട്ടെ ഒരു സമൂഹത്തിനു മുന്നോട്ടു പോകാന്‍ പറ്റുകയുള്ളു. വേരുകളില്ലാത്ത ഒരു വൃക്ഷം എങ്ങനെ നിലനില്‍ക്കും? അതുപോലെയാണ് ചരിത്രമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത്. മിത്തുകളും കഥകളും പറയുന്നതുപോലെയല്ല, എഴുതപ്പെട്ട ചരിത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇനി അവര്‍ വന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ എങ്ങനെ ബാധിക്കും, ജുഡീഷ്യറിയെ എങ്ങനെ ബാധിക്കും, സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ഗവണ്‍മെന്റ് വേണോ? 2025-ല്‍ ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായിട്ട് ഇന്ത്യയിലെ ജനാധിപത്യത്തെ എങ്ങനെ ഒരു ഏകശിലാഘടനയിലേക്ക് എത്തിക്കും തുടങ്ങിയ കാര്യങ്ങള്‍ വരികയാണ്. അതിനുവേണ്ടി എന്തും ചെയ്യും. കാരണം, ഈ തെരഞ്ഞെടുപ്പില്‍കൂടി ഒരു അവസരം കിട്ടിയാല്‍പിന്നെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. തെരഞ്ഞെടുപ്പിനു മുന്‍പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ എന്തും ചെയ്യും, മാധ്യമങ്ങളുടെ കാര്യത്തിലുള്‍പ്പെടെ. അതു ഭരണകക്ഷി, പ്രതിപക്ഷം എന്ന നിലയില്‍ മാറിനില്‍ക്കാതെ എല്ലാവരും കാണണം, മാധ്യമങ്ങള്‍ ഉള്‍പ്പെടെ. വാസ്തവത്തില്‍ സങ്കടകരമാണ് മാധ്യമങ്ങളുടെ കാര്യം. അനലറ്റിക്കലായ സമീപനമെടുക്കേണ്ടപ്പോള്‍ അങ്ങനെ തന്നെ എടുക്കണം. 

കേരളത്തില്‍ ഇന്ധന സെസ് രണ്ടു രൂപ കൂട്ടിയത് വലിയ വിമര്‍ശനവും പ്രതിഷേധവുമുയര്‍ത്തിയല്ലോ. തെരഞ്ഞെടുപ്പ് വരാനിരിക്കെ ആ നടപടി എങ്ങനെ ന്യായീകരിക്കും? 

ഇന്ധന സെസ് വഴി പരമാവധി വരാവുന്നത് 700-800 കോടി രൂപയേ ഉള്ളു. അതും മദ്യത്തില്‍ നിന്നുള്ളതും കൂടി കൂട്ടിയാലും പരിഹരിക്കാന്‍ കഴിയാവുന്ന ഗ്യാപ്പല്ല കേരളത്തിനുള്ളത്. പക്ഷേ, ജനങ്ങളുടെ ഇടയില്‍ പറഞ്ഞിട്ടാണ് ഞങ്ങള്‍ ചെയ്തത്. സാധാരണ, പെട്രോളിന്റെ നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റില്‍ പറയണ്ട. മദ്യത്തിന്റേയും ഇന്ധനത്തിന്റേയും വിലയും പല നികുതികളും കൂട്ടുന്നതിന് ഒരു വിജ്ഞാപനം മതി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 13 തവണ പെട്രോള്‍ വില കൂട്ടുകയും നാല് തവണ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ഒരു സെസ്സിന്റെ കാര്യം മാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ കെ.എം. മാണി അദ്ദേഹത്തിന്റേ ബജറ്റില്‍ പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാം പറയാതെയാണ് കൂട്ടിയത്. പക്ഷേ, ഞങ്ങള്‍ എന്തുകൊണ്ടാണ് അതു പറഞ്ഞതെന്നുവച്ചാല്‍, കേരളം ഇങ്ങനെയൊരു പ്രശ്‌നം നേരിടുന്നുണ്ട്, ഈ രണ്ടു രൂപ സെസ് നമ്മള്‍ വാങ്ങുന്നത് ഇന്ന കാര്യത്തിനാണ് എന്നു ജനം അറിയാനാണ്. 11000 കോടി രൂപ സാമൂഹിക ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നുണ്ട്. ചികിത്സയും മറ്റുമായി സാമൂഹിക ക്ഷേമ പ്രവര്‍ത്തനം വേറെയുമുണ്ട്. അതിന്റെ 10 ശതമാനം പോലും വരുന്നില്ല കൂട്ടിയത്. അതൊരു മെസ്സേജാണ്; ജനങ്ങള്‍ ചര്‍ച്ച ചെയ്തല്ലോ. അങ്ങനെ ചര്‍ച്ച ചെയ്തതുകൊണ്ടാണ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ചോദിക്കാന്‍ ചെന്നപ്പോള്‍ ''ഞങ്ങളുടെ കാര്യത്തിനല്ലേ രണ്ടു രൂപ വാങ്ങുന്നത്'' എന്ന് അവര്‍ ചോദിക്കുന്നത്. കേന്ദ്രം കൂട്ടുന്നതിനു നിങ്ങളൊന്നും പറയുന്നില്ലല്ലോ എന്നു കുറേ ആളുകള്‍ ചോദിച്ചല്ലോ. കേന്ദ്രം എത്ര രൂപയാണ് സെസ് വാങ്ങുന്നത്, 20 രൂപ. അതിനു പ്രതിഷേധം വരാത്തതെന്താ? ഇതുകഴിഞ്ഞ് ഒറ്റയാഴ്ച കഴിഞ്ഞപ്പോഴാണല്ലോ പാചക വാതകത്തിന്റെ വില സിലിന്‍ഡറിന് 50 രൂപ കൂട്ടിയത്. എന്തുകൊണ്ടാണ് പ്രതിഷേധം വരാത്തത്? പ്രമുഖ പത്രങ്ങള്‍ ജനങ്ങളുടെ അടുത്ത് ചെന്ന് ഇന്ധന സെസിനെതിരെ ഇന്ന സമരം ചെയ്യണം എന്നു പറയുകയാണല്ലോ. ബജറ്റ് അവതരിപ്പിക്കുന്ന അന്നുതന്നെ പ്രതിഷേധം ഇത്രയും കാലത്തിനിടയില്‍ ഉണ്ടായിട്ടുണ്ടോ? എന്താ അവര്‍ വിചാരിച്ചത്. രണ്ട് രൂപ കൂട്ടിയത് ഒരു രൂപ കുറയ്ക്കും; എങ്കില്‍പിന്നെ കുറയ്ക്കുന്നത് ഞങ്ങള്‍ പറഞ്ഞിട്ടാണെന്നു വന്നോട്ടെ. ബജറ്റ് നടപ്പാകുന്നത് ഏപ്രില്‍ ഒന്നു മുതലാണ്; അതിന് ഫെബ്രുവരി മൂന്നിനും നാലിനും നിരാഹാര സമരം നടത്തേണ്ട കാര്യമുണ്ടോ? വഴിനീളെ കരിങ്കൊടിയും അട്ടഹാസവുമായി നടക്കേണ്ട കാര്യമുണ്ടോ? അതുകൊണ്ടാണ് കാര്യങ്ങളെ ഗൗരവത്തോടെയല്ല പ്രതിപക്ഷം കണ്ടത് എന്ന തോന്നലുണ്ടാക്കിയത്. 

സമരം ചെയ്യാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടല്ലോ? 

അതെ, ആ അവകാശം ചോദ്യം ചെയ്യുകയല്ല. അതിന്റെ കാര്യവുമില്ല. പക്ഷേ, ഒരാഴ്ച കഴിഞ്ഞ് ഗ്യാസിന്റെ വില കൂട്ടിയപ്പോള്‍ അവരെടുത്ത നിലപാട് ജനങ്ങളുടെ മുന്നിലുണ്ട്. ജനങ്ങള്‍ക്കു മനസ്സിലായി. രണ്ടു വര്‍ഷംകൊണ്ട് 400 രൂപ വര്‍ധിപ്പിച്ചിട്ടും ഇവരുടെ പ്രതിഷേധം വരാതിരുന്നത് എന്തുകൊണ്ടാണ് എന്നു ജനങ്ങള്‍ സ്വാഭാവികമായും ചോദിച്ചു. ബി.ജെ.പി ഗവണ്‍മെന്റ് എന്തു ചെയ്താലും ഒന്നും പറയാത്ത പ്രതിപക്ഷ നേതാവും സംഘങ്ങളും യു.ഡി.എഫും അക്കാര്യത്തില്‍ ഒന്നും പറയുന്നില്ല. അതില്‍ മാധ്യമങ്ങളും എടുത്ത സമീപനത്തെക്കുറിച്ചും പറയേണ്ടിവരും. വല്ലാത്ത രാഷ്ട്രീയം ഇതിലുണ്ട്. ജനുവരി മാസം മുതല്‍ ശമ്പളം കൊടുക്കാതെ ഖജനാവ് അടച്ചുപൂട്ടിച്ച് കേരളത്തെ തകര്‍ക്കാന്‍ നടന്ന ശ്രമത്തേയും കണ്ട ജനങ്ങളാണ്. ആ ജനങ്ങളെ എല്ലാം കൂട്ടിച്ചേര്‍ത്ത് വിശ്വാസത്തിലെടുത്തിട്ടാണ് ഇത് പറയുന്നത്. പറയാതെ പോകാന്‍ പറ്റില്ല. രാഷ്ട്രീയമാണ് പറയുന്നത് എന്ന ശക്തമായ ദേഷ്യം അവര്‍ക്കുണ്ടാകാം. ഇതൊന്നും വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ താല്പര്യങ്ങള്‍ക്കോ പറയുന്നതല്ലല്ലോ. 

അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനം നിറവേറ്റിയോ?
 
കേരളത്തെ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഒരു മിഷന്‍ മോഡില്‍ ചെയ്യുന്നതിനാണ് നോളജ് ഇക്കോണമി മിഷന്‍. നേരിട്ടു തൊഴില്‍ കൊടുക്കല്‍ അല്ല ആ ദൗത്യം. കെ ഡിസ്‌ക് എന്നത് നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ്. ജോലി കൊടുക്കുന്നത് അതുമായി ലിങ്ക് ചെയ്താണ് വരുന്നത്. പല കാര്യങ്ങളിലും ഈയൊരു അന്തരീക്ഷമുണ്ടാക്കുന്നതിന്റെ പശ്ചാത്തലമാണ് ഒരുക്കുന്നത്. ഗവേഷണം നടത്തുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ കണക്കനുസരിച്ച് പണം കൊടുത്താല്‍ വിജയിക്കുന്ന ഗവേഷണവും പരാജയപ്പെടുന്ന ഗവേഷണവും ഉണ്ടാകും. റിസ്‌ക്കെടുക്കാനുള്ള അവസരം കൊടുക്കണം, അത്തരത്തിലുള്ള സംവിധാനങ്ങള്‍ വേണം. അതൊക്കെയാണ് കെ ഡിസ്‌ക് ചെയ്യുന്നത്.
 
തൊഴിലെടുക്കാന്‍ പ്രാപ്തിയുള്ളവരെ പരിശീലിപ്പിക്കുന്ന വലിയ പ്രക്രിയ നടക്കുന്നുണ്ട്. അസാപ്പും മറ്റും അതാണ് ചെയ്യുന്നത്. പോസിറ്റീവായ ഒരു ചിന്തയും വളര്‍ച്ചയും വരുന്നുണ്ട് എന്നാണ് എന്റെ ധാരണ. ജമ്പ് ചെയ്ത് കയറുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇതൊന്നും ഒരു ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ ചെയ്യുന്നതല്ല. വ്യവസായങ്ങളുടെ കാര്യത്തില്‍ വളരെ പോസിറ്റീവായ ടെന്റന്‍സി വരുന്നുണ്ട്. ആ ടെന്റന്‍സി വളരെ പ്രധാനമാണ്. വ്യവസായം ചെയ്യാന്‍ പോകുന്നത് മോശപ്പെട്ട ഒരു കാര്യമാണ് എന്ന ചിന്താഗതി ഒരുകാലത്ത് ഇവിടെ ഉണ്ടായിരുന്നല്ലോ, സത്യമല്ലേ. എന്തുകൊണ്ടോ അങ്ങനെയുണ്ടായി. വ്യവസായി എന്നു പറഞ്ഞാല്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമാണ് എന്ന സ്ഥിതി. അതേസമയം നമ്മുടെ ഐ.ടി ബൂം, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയതൊക്കെ വരാന്‍ തുടങ്ങിയതോടെ സ്ഥിതി മാറി. ബെല്‍ബോട്ടം പാന്റുമിട്ട് ആളുകളെ അടിച്ചിടുന്ന ആളല്ല വ്യവസായി എന്ന ധാരണ രൂപപ്പെട്ടു. നമ്മുടെ നാട്ടില്‍ വ്യവസായങ്ങള്‍ ഉണ്ടാകണം; പ്രത്യേകിച്ചും വിജ്ഞാനാധിഷ്ഠിത വ്യവസായം എന്നു പറഞ്ഞാല്‍ നല്ലതുപോലെ ചിന്തിച്ച് പുതിയ ആശയങ്ങള്‍ കൊണ്ടുവരണം. അങ്ങനെയൊരു ബോധം ആളുകളില്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം തളിപ്പറമ്പിനടുത്ത് എം. വിജിന്‍ എം.എല്‍.എയുടെ കല്യാശ്ശേരി മണ്ഡലത്തില്‍പ്പെട്ട ഒരു സ്ഥലത്ത് പോയി. പഴയ ഒരു ക്ലേ ഫാക്ടറി നവീകരിച്ച് മുന്നൂറോളം ആളുകള്‍ ജോലി ചെയ്യുകയാണ്. ഐ.ടി മാത്രമൊന്നുമല്ല; മറ്റു പലതിന്റേയും പ്രമോഷനുണ്ട്. അവരുടെ ആ ഇനീഷ്യേറ്റീവാണ് പ്രധാനം. ഇത് നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ വ്യത്യാസമാണ്. ഞാന്‍ കാണുന്ന ഒരു വ്യാപകമായ വ്യത്യാസം അതാണ്. 

സര്‍വ്വകലാശാലകളിലെ ഗവേഷണത്തിന്റെ ഫലം തന്നെ മുമ്പത്തേതില്‍നിന്നു മാറിപ്പോയിരിക്കുന്നു. ഗവേഷണം ചെയ്യുന്നവര്‍ അതില്‍നിന്നു സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി തൊഴില്‍ സംരംഭകരായി മാറുന്ന സ്ഥിതി. ട്രാന്‍സ്ലേഷന്‍ ലാബുകള്‍ എന്ന സങ്കല്പം തന്നെ മുന്നോട്ടു വെച്ച് ബജറ്റില്‍ 25 കോടി വകയിരുത്തി. മുന്‍പ് യൂണിവേഴ്സിറ്റിക്ക് ഇത്രയും പണം കിട്ടുന്നത് ചിന്തിക്കാനാകില്ല. അതു ഫലപ്രദമായി ചെയ്യേണ്ടത് അവിടെത്തന്നെയുള്ളവരാണ്. ഇതൊന്നും കെട്ടിടം കെട്ടിയിടാനല്ല. കെട്ടിടത്തിനു കുറച്ചു പണം, ലാബിനൊരു വിഹിതം, പ്രവര്‍ത്തന മൂലധനം എന്ന നിലയില്‍ അടുത്ത ഒരു നാലഞ്ചു വര്‍ഷത്തേക്ക് ഒന്ന് ഡവലപ് ചെയ്തു നില്‍ക്കണം, അതുകഴിയുമ്പോള്‍ സ്വയം പര്യാപ്തമാകണം. അതല്ലാതെ നമ്മുടെ പരമ്പരാഗത യൂണിവേഴ്സിറ്റി രീതിയനുസരിച്ചാണെങ്കില്‍ കെട്ടിടം കെട്ടിയിടും കുറച്ചു തസ്തികകള്‍ ഉണ്ടാക്കും പണം ഇങ്ങനെ കിട്ടിക്കൊണ്ടിരിക്കും. ഇത് അതിനല്ല. നിങ്ങള്‍ കണ്ടുപിടിക്കുന്ന കാര്യങ്ങള്‍ ഉല്പന്നമാക്കാന്‍ കഴിയണം. ഇതിന്റെയൊരു എക്‌സ്പാന്‍ഷന്‍ എന്ന നിലയ്ക്കാണ് നമ്മള്‍ സയന്‍സ് പാര്‍ക്കുകള്‍ ആലോചിച്ചത്. നാല് സയന്‍സ് പാര്‍ക്ക് പൂര്‍ത്തിയാകുമ്പോള്‍ 1000 കോടി രൂപയാണ് ചെലവ്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ ഒന്ന്, കേരള യൂണിവേഴ്സിറ്റിയില്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍. 

കേന്ദ്രം ഈടു വാങ്ങാതെ കുറഞ്ഞ പലിശയ്ക്ക് സംരംഭകര്‍ക്കു വായ്പ കൊടുക്കാന്‍ തരുന്ന പണം കേരളത്തിന്റേ ചാനലൈസിംഗ് ഏജന്‍സികള്‍ നിര്‍ബ്ബന്ധമായും ഈട് വാങ്ങി മാത്രം വായ്പ കൊടുക്കുന്ന സ്ഥിതിയുണ്ട്. അത് പ്രതിസന്ധിയിലാക്കിയ സംരംഭകരുമുണ്ട്. ഈ സമീപനം മാറ്റേണ്ടതല്ലേ? 

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) മുന്‍പത്തേക്കാള്‍ വളരെ വലിയ തോതില്‍ പലിശ കുറച്ച് സംരംഭങ്ങള്‍ക്ക് വായ്പ കൊടുക്കുന്നത് കാണാതെ പോകരുത്. ദേശവത്കൃത ബാങ്കുകളേക്കാള്‍ മെച്ചപ്പെട്ട ഏജന്‍സി എന്ന നിലയിലേക്ക് കെ.എഫ്.സിയിലേക്കു മാറി ധാരാളം ആളുകള്‍ വരുന്നുണ്ട്. അവിടെനിന്നുതന്നെ ഒരു കോടി രൂപ വരെയൊക്കെ ഒരു ഗ്യാരന്റിയുമില്ലാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റുമൊക്കെ കൊടുക്കുന്നുണ്ട്. ഞാന്‍ ബജറ്റില്‍ ആദ്യം തന്നെ അവതരിപ്പിച്ച ഒരു സംഗതിയായിരുന്നു ഇന്ററസ്റ്റ് സബ്വെന്‍ഷന്‍. സൗജന്യങ്ങള്‍ പലതും നമ്മള്‍ കൊടുക്കുന്നുണ്ടെങ്കിലും അതിനേക്കാള്‍ പ്രധാനമാണ് ആളുകള്‍ക്ക് വരുമാനമുണ്ടാക്കാന്‍ പ്രാപ്തിയുണ്ടാക്കി കൊടുക്കുക എന്നത്. 

ഒരാള്‍ക്ക് 1000 രൂപ സൗജന്യമായി കൊടുക്കുന്നതിനേക്കാള്‍ നല്ലതാണ് അയാള്‍ക്ക് 2000 രൂപ സ്വന്തമായി ഉണ്ടാക്കാന്‍ 
കഴിവുണ്ടാക്കുക എന്നത്. ഇതിനു മുന്‍ഗണന കൊടുക്കുന്ന സമീപനമാണ് ഗവണ്‍മെന്റിന്റേത്. അതുകൊണ്ടുതന്നെ കൊവിഡ് പാക്കേജിന്റെ കാലത്ത് ആയിരക്കണക്കിനു കോടി രൂപയുടെ വായ്പയ്ക്ക് പലിശ സബ്സിഡി കൊടുക്കാന്‍ തീരുമാനിച്ചു. ഇതൊക്കെ ഫലപ്രദമായി നടത്തുന്നതില്‍ നമ്മുടെ ബാങ്കിംഗ് സംവിധാനത്തിനു പരിമിതിയുണ്ട് എന്നു സമ്മതിക്കുന്നു. പക്ഷേ, നാല് ശതമാനം പലിശയ്ക്ക് ഈടു വാങ്ങാതെ പത്തു കോടി രൂപ വരെ ചില പ്രോജക്റ്റുകള്‍ക്ക് കൊടുത്തിട്ടുണ്ട്. 

രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പു തന്നെ ഈ സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടല്ലോ? അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ ശ്രദ്ധ കൊടുക്കേണ്ടിവരുന്നത് വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനയെ ബാധിക്കുന്നുണ്ടോ? 

സ്വാഭാവികമായും ആക്രമണം കൂടുതലായി വരുമ്പോള്‍ അതിനു മറുപടി പറയാനും വിശദീകരിക്കാനും കുറേ സമയം പോകും. യഥാര്‍ത്ഥത്തില്‍ ആക്രമണം പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനുമെതിരെ മാത്രമാണെന്നു കരുതുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ സ്വഭാവം കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരായിട്ടുതന്നെ വരും. വിമര്‍ശിക്കരുത് എന്നൊന്നുമല്ല പറയുന്നത്. പല കാര്യങ്ങളും നടപ്പാക്കിയെടുക്കാനുള്ള വേഗതയേയും സാധ്യതയേയും ബാധിക്കുന്നുണ്ട്. വളരെ ഒബ്ജക്റ്റീവായ വിമര്‍ശനങ്ങളാണെങ്കില്‍ പ്രശ്‌നമില്ല. അതു നമുക്കു വ്യക്തമാക്കിക്കൊടുക്കാന്‍ കഴിയും.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com