വിരസമല്ലാത്ത രതിയുടെ സരസ ലോകം

കുറ്റവും ശിക്ഷയും പാപവും മാപ്പും ഇല്ലാത്ത ഒരു ലോകം മതങ്ങള്‍ക്കില്ല. സ്വതന്ത്ര പ്രണയം മതങ്ങള്‍ നിഷിദ്ധമാക്കിയതിന് കാരണം ലൈംഗികതക്ക് ലൈസന്‍സ് കൊടുക്കുന്ന വിവാഹം വരുമാനമാര്‍ഗ്ഗമായതാണ്
വിരസമല്ലാത്ത രതിയുടെ സരസ ലോകം

നുഷ്യരാശിയെ അതിന്റെ അഗാധമായ ലൈംഗികതയുമായി ബന്ധിപ്പിച്ചിട്ടുണ്ട് ഇതിഹാസങ്ങള്‍. പാതിവ്രത്യത്തിന്റേയും ലൈംഗിക സദാചാര ത്തിന്റേയും ആദ്യ ഇര അഹല്യയാണ്, അതിസുന്ദരിയായ അഹല്യ. അഹല്യ എന്നാല്‍ ഹലം വീഴാത്ത, ഉഴുതുമറിക്കാത്ത എന്നര്‍ത്ഥം. ആ അഹല്യയെ പിതാവ് കൈപിടിച്ചു കൊടുക്കുന്നത് മഹര്‍ഷി ഗൗതമനാണ്. കാലത്തിന്റെ പൊളിറ്റിക്കല്‍ കറക്റ്റനസിനെ ഒന്നു തട്ടിന്‍പുറത്തു വച്ചാല്‍, സഞ്ജയന്‍ സത്യവതിയേയും പരാശരനേയും വിശേഷിപ്പിച്ചതുപോലെ അലുവാക്കഷണം പോലത്തെ പെണ്ണും ഉപ്പിലിട്ട കയ്പന്‍നാരങ്ങപോലുള്ള മുനിയും. അഹല്യയെ എങ്ങനെയെങ്കിലും ഒന്നു ഭോഗിക്കാനായി കൊതിക്കുന്നത് ഇന്ദ്രനാണ്, വിശ്വസുന്ദരികളുടെ ഫാം തന്നെ സ്വന്തമായുള്ളയാള്‍. 

അഹല്യയില്‍ ഇന്ദ്രന്‍ പയറ്റുന്നത് റൊബോട്ടിക്‌സിന്റെ രീതിശാസ്ത്രമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിസൈന്‍, മാനുഫാക്ചറിങ്ങ്, ഓപ്പറേഷന്‍. ബ്രാഹ്മമുഹൂര്‍ത്തമാണെന്നു തെറ്റിദ്ധരിപ്പിച്ച് മുനിയെ ആദ്യം ആശ്രമം വിട്ടിറക്കി, മുനി ഇറങ്ങിയ ശുഭമൂഹൂര്‍ത്തത്തില്‍ ഇന്ദ്രന്‍ മുനിയായി രൂപമാറ്റം വരുത്തി, മയങ്ങുന്ന അഹല്യയില്‍ മോഹമുണര്‍ത്തി, അഹല്യയെ യഥേഷ്ടം ഭോഗിച്ചു. മുനി സംഗതികളുടെ ഇരിപ്പുവശം അകക്കണ്ണില്‍ കണ്ടു. തെളിവായി കണ്‍മുന്നില്‍ പ്രത്യക്ഷത്തില്‍ താനായി നില്‍ക്കുന്ന ഇന്ദ്രനും. രണ്ടിനേയും ശപിച്ചു. തന്റെ ആശ്രമത്തില്‍ കയറി അതിക്രമം കാണിച്ച ഇന്ദ്രനു കൊടുത്ത ശിക്ഷയുമായി താരതമ്യം ചെയ്താല്‍ ഇന്ദ്രനെ തടുക്കാന്‍ ശേഷിയില്ലാതിരുന്ന അഹല്യയ്ക്കു കിട്ടിയ ശിക്ഷ കടുത്തതായിരുന്നു. അഹല്യയെ പാറയാക്കി ആശ്രമം ഉപേക്ഷിച്ച് ഗൗതമന്‍ ഹിമാലയം കയറി. ശ്രീരാമപാദ സ്പര്‍ശത്താല്‍ അഹല്യ ശാപമോക്ഷം നേടിയപ്പോള്‍ രാമന്‍ ആദ്യം ചെയ്തത് അഹല്യയുടെ പാദങ്ങളില്‍ നമസ്‌കരിക്കുകയായിരുന്നു. അവിടെയൊരു യുഗത്തിന്റെ പുരോഗതിയായാവണം വാത്മീകി അടയാളപ്പെടുത്തിയത്. അഹല്യയെ നിരപരാധിയാക്കുന്നത് കാലമാണ്, വളര്‍ന്ന ബോധമാണ്, നീതിശാസ്ത്രങ്ങളായിരുന്നില്ല. 

അതിരാവിലെ മയക്കത്തിലായിരുന്ന, നിശ്ചലയായ ഗംഗയെ കണ്ടപ്പോഴാണ് തനിക്കു തെറ്റിയതായി ഗൗതമനു തോന്നുന്നത്. ഗൗതമന്‍ പണ്ടേ ചില്ലറക്കാരനായിരുന്നില്ല, അഹല്യയ്ക്ക് രണ്ടു ദത്തുപുത്രന്മാരെ കിട്ടിയിരുന്നു, ബാലിയും സുഗ്രീവനും. ആ രണ്ടു മക്കളോടുള്ള മാതൃവാത്സല്യത്തില്‍ അഹല്യ ഭര്‍ത്തൃവാത്സല്യത്തിനു ലേശം ഭംഗം വരുത്തി. ഇത് ഗൗതമനെ പ്രകോപിപ്പിച്ചു, കണ്‍ട്രോളു പോയ മുനി, അന്നു ശപിച്ചത് പിള്ളേരെ ആയിരുന്നു - രണ്ടും വാനരക്കോലമായി പോവട്ടെ. അഹല്യ-ഗൗതമ ദാമ്പത്യമല്ല, പക്ഷേ, കുഞ്ഞുങ്ങള്‍ ദമ്പതിമാരുടെ ലൈംഗികതയുടെ അന്തകരാവുന്ന വിഷയം എസ്തര്‍ പെരേല്‍ മെയ്റ്റിംഗ് ഇന്‍ കേപ്റ്റിവിറ്റിയില്‍ വിവരിക്കുന്നുണ്ട്. അഹല്യമാര്‍ക്ക് ഗൗതമന്റെ പിന്‍മുറക്കാരില്‍നിന്നുമുള്ള ശാപമോക്ഷവും മോചനവും സാധ്യമാവാന്‍ പോവുന്നത് സെക്‌സ് ടെക്നോളജിയെ പ്രണയിക്കുമ്പോഴാണ്, സെക്‌സ്ടെക് ലോകത്തെ ഇനിയങ്ങോട്ട് ഉഴുതുമറിക്കുമ്പോഴാണ്. ഹലം വീഴാത്ത അഹല്യമാരുടെ ശപിക്കപ്പെട്ട ജീവിതത്തില്‍നിന്നുമുള്ള വിമോചനത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ പോവുന്നതെന്നു തോന്നിപ്പിക്കുന്നതാണ് സമീപകാല വായനകള്‍. നന്നാവാന്‍ ഗൗതമന്‍മാര്‍ക്ക് ഇനിയും അവസരങ്ങളുണ്ടെന്ന പ്രഖ്യാപനവുമാണത്. 

എസ്തർ പെരേൽ
എസ്തർ പെരേൽ

ചാരമാവുന്ന സദാചാരവും രതിയുടെ നൂതന ലോകവും 

മെയ്റ്റിങ് ഇന്‍ കാപ്റ്റിവിറ്റി എന്ന തന്റെ ഗ്രന്ഥത്തില്‍ എസ്തര്‍ പെരേല്‍ കൗണ്‍സലിങ്ങിനു വന്നൊരു പെണ്‍കുട്ടിയുടെ വാക്കുകള്‍ വിവരിക്കുന്നുണ്ട്. ''ഒരു പെണ്ണെന്ന നിലയില്‍ അംഗീകരിക്കപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; അമ്മയെന്നല്ല, ഭാര്യയെന്നല്ല, കൂട്ടുകാരിയെന്നല്ല. ഒരു ആണെന്ന നിലയില്‍ അലനെ കാണുവാനുമാണ് എനിക്കിഷ്ടം. ഒരു നോട്ടമാവാം, ഒരു മൃദുസ്പര്‍ശമാവാം, അതൊരു വാക്കിലൂടെയുമാവാം. പദവികളുടെ മാറാപ്പുകളൊന്നുമില്ലാതെ അവനെന്നെ കാണണം.'' 
അദീലെ, അവള്‍ക്കും അലനുമിടയിലെ തൃഷ്ണയുടെ തലം അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. പതിച്ചുകൊടുത്ത റോളുകളില്‍ വ്യക്തിയെ തളച്ചിടുമ്പോഴല്ല, റോളുകളില്‍നിന്നു വലിച്ചു പുറത്തിട്ട വ്യക്തിയെ സമഗ്രതയില്‍ കാണുമ്പോഴാണ് ഓരോ നോട്ടവും പുതിയ ദര്‍ശനമാവുന്നത്. ആസക്തിയെ നിലനിര്‍ത്തുക പുതിയ കാഴ്ചകളാണ്. ഇറോട്ടിക് ഇന്റലിജന്‍സ് ആവശ്യപ്പെടുന്നത് ബന്ധങ്ങളുടെ ഇഴയടുപ്പമല്ല, ബോധപൂര്‍വ്വമായ ഒരകല്‍ച്ചയാണ്, ആ സ്പേസിനെ ജീവസ്സുറ്റതാക്കുമ്പോഴാണ് വിരസമല്ലാത്ത രതിയുടെ സരസലോകം സാധ്യമാവുന്നത്. 
 
സ്വഹൃദയം സൂക്ഷിക്കാന്‍ നോക്കിയാല്‍ 
സ്വശരീരം സുരക്ഷിതമാക്കാന്‍ നോക്കിയാല്‍ 
സ്വഗൃഹത്തിലേക്ക് 
പെണ്ണ് കൊണ്ടുവരിക മാനഹാനിയാണ് 
അതിലും വലിയൊരു 
മിഥ്യാബോധം ലോകത്തെന്താണ്?

പുതുതലമുറ കവികളില്‍ പ്രശസ്തയായ കനേഡിയന്‍ പൗരയായ രുപി കൗറിന്റെ വരികളുടെ മൊഴിമാറ്റമാണ് മുകളില്‍, നമ്മുടെ നിലവിലെ സദാചാര സാഹചര്യത്തെയാവണം കവി കോറിയിട്ടത്.

അതിരുകളറിയാത്ത പക്ഷിയാണ് മനുഷ്യന്റെ കാമനകള്‍. സുരക്ഷിതത്വബോധം സദാ ആണിനു മാത്രമല്ല, പെണ്ണിനും ഒപ്പമുള്ളതാണ് ഒരല്പം സാഹസികതയും. അറിയുന്തോറും അനാവരണം ചെയ്യപ്പെടുന്ന നിഗൂഢതകള്‍, അനുഭവവേദ്യമാവുന്ന പുതുമകള്‍, അനിവാര്യമായ അതിന്റെ അപകടങ്ങള്‍ ഇതൊക്കെയും ആണിനേയും പെണ്ണിനേയും ഒരുപോലെ മുന്നോട്ടു നയിക്കുന്ന ഘടകങ്ങളാണ് എന്തിലെങ്കിലുമൊക്കെ ചേര്‍ത്തുനിര്‍ത്തുന്നതും. ആ സാഹസികതയുടെ സ്പേസിലേക്കുള്ള സാങ്കേതികവിദ്യയുടെ, നിര്‍മ്മിതബുദ്ധിയുടെ അന്വേഷണങ്ങളാവണം സെക്‌സ്ടെക്, ഭാവിയുടെ രതിസാമ്രാജ്യം. സ്വയംഭോഗത്തെ എതിര്‍ത്ത ബോധം തീര്‍ച്ചയായും സാങ്കേതികഭോഗത്തേയും എതിര്‍ക്കും, പക്ഷേ, എതിര്‍പ്പുകളെ മറികടന്നു പോവുകയാണ് ശാസ്ത്രത്തിന്റെ രീതി, ടെക്നോളജിയുടേയും. ലൈംഗികശേഷി ഉള്ള ഒരാള്‍ ജീവിതത്തില്‍ എന്നെങ്കിലും സ്വയംഭോഗത്തിലേര്‍പ്പെടാതെയാണ് സ്വയംഭോഗത്തെ എതിര്‍ത്തത് എന്നു കരുതുക സാധ്യമല്ല. വര്‍ത്തമാന-ഭാവി ലോകത്ത് തന്റെ രതിബോധത്തിനു പറ്റിയ ടൂളിനെ, റൊബോട്ടിനെ തന്നെ സൃഷ്ടിച്ചെടുക്കുന്ന നിര്‍മ്മിതബുദ്ധിയെ പഴിക്കാനും അതുമായി ഇണചേര്‍ന്നവര്‍ തന്നെയുണ്ടാവും. എസ്.കെയുടെ ഒരുദേശത്തിന്റെ കഥയില്‍ ഗാന്ധിത്തൊപ്പി വച്ചു കള്ളുഷാപ്പു പിക്കറ്റ് ചെയ്യുന്ന ഒരു കുഞ്ഞാപ്പുവുണ്ട്, പരമസ്വാതികനായ കൃഷ്ണന്‍ മാസ്റ്ററുടെ ലോകതരികിടയായ മകന്‍. ഇളനീരെന്ന വ്യാജേന തൊണ്ടില്‍ കള്ളുകുടിച്ച് ഒടുവില്‍ ബോധം കെട്ടുപോയ കുഞ്ഞാപ്പുവിന്റെ നേരവകാശികളാണ് എന്തിനേയും എതിര്‍ക്കുന്നവരില്‍ ഒരു വലിയ വിഭാഗം എന്നും. 

ഡിഎച് ലോറൻസ്
ഡിഎച് ലോറൻസ്

കുറ്റവും ശിക്ഷയും പാപവും മാപ്പും ഇല്ലാത്ത ഒരു ലോകം മതങ്ങള്‍ക്കില്ല. സ്വതന്ത്ര പ്രണയം മതങ്ങള്‍ നിഷിദ്ധമാക്കിയതിന് കാരണം ലൈംഗികതക്ക് ലൈസന്‍സ് കൊടുക്കുന്ന വിവാഹം വരുമാനമാര്‍ഗ്ഗമായതാണ്. വിവാഹത്തിനകത്തെ ലൈംഗികബന്ധം വിഹിതവും പുറത്തേത് അവിഹിതവും ആയത് അങ്ങനെയാണ്. സ്വതന്ത്ര ലൈംഗികതയെ, പ്രണയത്തെ പൗരോഹിത്യം എതിര്‍ത്തതും ലൈംഗികതയെ പ്രത്യുല്പാദനത്തോട് കൂട്ടിക്കെട്ടിയതും അതുകൊണ്ടാണ്. എന്താണ് വിഹിതം, എന്താണ് അവിഹിതം? സഹസ്രാബ്ദങ്ങള്‍ക്കു മുന്നേയുള്ള ബോധത്തിന്റെ മിന്നാമിനുങ്ങുവെട്ടത്തില്‍ തീരുമാനിക്കപ്പെട്ടതാണ് വിഹിതവും അവിഹിതവും. വിശ്വാസത്തിന്റെ സ്വാധീനം ഭീകരമാണ്. തേങ്ങ വെട്ടി വെയിലത്തുണക്കി പല കൈമറിഞ്ഞ് ചക്കിലെത്താതെ, പച്ചത്തേങ്ങ നേരെ വെളിച്ചണ്ണയാക്കിയതിനെ നമ്മള്‍ വിളിക്കുന്നത് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നാണ്. വെര്‍ജിന്‍/വര്‍ജിനിറ്റിയുടെ വേരുകള്‍ തേടി പോയാല്‍ ചെന്നെത്തുക വിശ്വാസത്തിലാണ്. കന്യകാത്വം അവിഭാജ്യഘടകമായിരുന്ന കന്യാദാനമായിരുന്നു വിവാഹം. അവിടെയാണ് വെര്‍ജിനിറ്റിയുടെ വിപണിമൂല്യം. ജൈവികചോദനയായ സ്വാഭാവിക ഇണചേരലില്‍നിന്നും അതിന്റെ മുഖ്യദൗത്യം തന്നെ അപ്രസക്തമാക്കി ലൈംഗികബന്ധത്തെ, ഒരു രസലീലയാക്കി എന്നേ ഇതിഹാസങ്ങള്‍ തന്നെ ഉയര്‍ത്തിയെടുത്തതാണ്! ഇങ്ങ് യമുനാ തീരത്തും അങ്ങ് ഈജിപ്തിലേയും ആഫ്രിക്കയിലേയും നദീതീരങ്ങളിലേയും മുളങ്കാടുകളിലേയും രസലീലകളുടെ, രതികാവ്യങ്ങളുടെ മഹാപാരമ്പര്യം അവകാശപ്പെടാവുന്ന സംസ്‌കാരമാണ് മാനവികതയുടേത്. ഇവിടെ ആ ഭാഷയെ നമ്മള്‍ വിളിച്ചത് സംസ്‌കൃതം എന്നാണ്, പ്രാകൃതം എന്നല്ല. സംസ്‌കാരം എന്നത് ജൈവികചോദനകളെ ലംഘിക്കലാണ്, അതിനപ്പുറത്തേക്ക് അതിനെ വളര്‍ത്തലാണ്. 

ഇവിടെ നമ്മള്‍ ആയകാലത്തു മലകയറണോ, ആവാത്ത കാലത്തു കയറുവാനായി കാത്തുനില്‍ക്കണോ, ഇനി പള്ളിയില്‍ ആണു കയറി ആത്മീയതയെ ഉണര്‍ത്തിയാല്‍ മതിയോ, പെണ്ണിനെ കയറ്റിയാല്‍ ആത്മീയതക്കു കോട്ടം തട്ടുമോ എന്നൊക്കെ ആലോചിച്ച് ചത്തുപോവുന്ന കാലത്താണ് ലോകം ശാസ്ത്രവും സാങ്കേതികവിദ്യയും അതിന്റെ രഥയാത്രയുമായി മുന്നോട്ടുതന്നെ പോവുന്നത്. മറക്കരുത്, നമ്മുടെ ജഗന്നാഥന്റെ രഥമുണ്ട്, അതില്‍നിന്നും സായിപ്പ് ഒരു പദമുണ്ടാക്കിയിട്ടുണ്ട് - ജഗ്ഗര്‍നോട്. ജഗന്നാഥന്റെ രഥത്തിനു വഴിവേണ്ട, കരയോ വെള്ളമോ എന്തുമാവട്ടെ, പോവുന്നിടം അതു വഴിയാക്കിക്കൊള്ളും. അങ്ങനെ സകലതിനേയും ഇടിച്ചു ലവലാക്കി പോവുന്ന പോക്കിനെയാണ് ജഗ്ഗര്‍നോട് എന്ന പദം കൊണ്ട് സായിപ്പ് വിവക്ഷിക്കുന്നത്. സെക്‌സ്ടെക് ഒരു ജഗ്ഗര്‍നോട്ടാണ്, അത് അതിന്റെ വഴിയില്‍ തന്നെ മുന്നോട്ടു പോവും എന്നറിയാല്‍ താഴെയിട്ട ലിങ്കിലെ2 ഫോര്‍ബ്സ് മാഗസിനിലെ ലേഖനം വായിച്ചാല്‍ മതി, ഇവിടെ അതിലെ അത്യാവശ്യം ചില കാര്യങ്ങളുണ്ട്. 

നമുക്ക് ഇന്നും സെക്‌സ് എന്താണെന്നും ജെന്‍ഡര്‍ എന്താണെന്നും കൃത്യമായി ഒന്നു നിശ്ചയിക്കാന്‍ തന്നെ ആയിട്ടില്ല. സ്ഥാനത്തും അസ്ഥാനത്തും ലിംഗം എഴുന്നള്ളിക്കുകയാണ് ഭാഷയില്‍, ലിംഗവ്യത്യാസം, എതിര്‍ലിംഗം എന്നൊക്കെ വായിക്കുമ്പോള്‍ ഉടുതുണി പൊക്കി കാണിക്കുന്ന ഒരു പ്രതീതിയാണ് ഉളവാകുന്നത്. സെക്‌സിനു ചുറ്റിലുമായി ചിന്തയെ കെട്ടിയിട്ട് ഒടുവില്‍ ലോകോത്തര സദാചാര പൊലീസുകാരായി മാറി ഒന്നുകില്‍ കിട്ടിയവനെ തല്ലിക്കൊന്ന്, അല്ലെങ്കില്‍ കിട്ടിയതു വാങ്ങിപ്പോവുന്ന ജന്മങ്ങളുടെ ലോകത്തു തന്നെയാണ് സെക്സിനോട് ടെക്നോളജിയെ കൂട്ടിക്കെട്ടി, ലൈംഗികതയെ, അതിന്റെ ആസ്വാദനത്തെ ലോകം ഇന്ന് പുനര്‍നിര്‍വ്വചിക്കുന്നത്. 

സ്വാഭാവിക പ്രത്യുല്പാദനത്തെ ബാധിക്കുന്ന ഒന്നും അടുപ്പിക്കാന്‍ പാടില്ലെന്ന ഒരു കാഴ്ചപ്പാട് മതനിര്‍മ്മിതിയാണ്. സ്വാഭാവികമാണ് ആ നിര്‍മ്മിതബോധത്തെ നിര്‍മ്മിതബുദ്ധി തകര്‍ത്തെറിയുന്നത്. എല്ലാവരും സന്തതികളെ ഉല്പാദിപ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുവാനാണ്? വംശശുദ്ധി, വംശം വേരറ്റുപോവുക എന്നിത്യാദി വിഡ്ഢിത്തങ്ങളൊക്കെയും ശാസ്ത്രത്തിന്റെ ചൂടിലും വെളിച്ചത്തിലും കരിഞ്ഞുപോവുന്നതു മാത്രമാണ്. 

ഓപ്പൺ എഐ ലോ​ഗോ
ഓപ്പൺ എഐ ലോ​ഗോ

ലൈംഗികതയുടെ തുല്യവിതരണം 

ഭേദപ്പെട്ടത്, സമാസമം, സുരക്ഷിതം, ശരാശരി - ആ നാലു ചുമരുകള്‍ക്കുള്ളിലെ മെരുക്കപ്പെട്ട ലൈംഗികത, സഹ്യന്റെ മകനേയും മകളേയും കെണിവെച്ചു പിടിച്ച് ഗുരുവായൂരിലെ ആനക്കൂട്ടില്‍ തളച്ച് ആനപ്രേമം തള്ളിമറിക്കല്‍ മാത്രമാണ്. കൂട്ടിലെ ആനജീവിതം പോലെതന്നെ അതു വിരസവുമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, നാലുചുവരുകള്‍ മനുഷ്യനെ തളച്ചിട്ട മൃഗത്തില്‍നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. കാരണം മൃഗം പ്രാകൃതവും മനുഷ്യന്‍ സംസ്‌കൃതവുമാണ് എന്നതാണ്, സംസ്‌കൃതം കാപട്യമാണെന്നതുമാണ്. 

മനുഷ്യന്റെ ലൈംഗികതയെ ഏറെയും നിര്‍ണ്ണയിക്കുന്നതു അവന്റേതു മാത്രമായൊരു ഭാവനാലോകമാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഒരന്തരവും അതാണ്. മറ്റൊരാളെ സ്പര്‍ശിക്കാതെ തന്നെ തന്റെ ലൈംഗിക ഭാവനകളുടെ ലോകത്തിരുന്നു വേണ്ടുവോളം ലൈംഗികസുഖം ആസ്വദിക്കുവാനുള്ള ശേഷി മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്, ബന്ധങ്ങളിലെ ഇഴയടുപ്പത്തെ നിലനിര്‍ത്തുന്നതും സ്‌നേഹബന്ധത്തിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതുമായ അറ്റകുറ്റപ്പണികളാണ് ലൈംഗികബന്ധങ്ങള്‍ എന്നും മനുഷ്യശരീരങ്ങളത്രയും വൈയക്തികമായ ചരിത്രങ്ങളുടേയും സാംസ്‌കാരികമായ അനുശാസനകളുടേയും ലിഖിതങ്ങള്‍ പേറുന്നതാണെന്നും എസ്‌തേര്‍ നിരീക്ഷിക്കുന്നുണ്ട്. 

ഡി.എച്ച്. ലോറന്‍സിന്റെ വിഖ്യാതമായ ലേഡി ചാറ്റര്‍ലിസ് ലവറില്‍നിന്നും ഒരു പാസ്സേജ് മൊഴിമാറ്റുന്നു - ''കടന്നുപോകുവാന്‍ ബുദ്ധിമുട്ടുള്ള, ശരീരമുരയുന്ന മുള്ളുകളും ചില്ലകളുമുള്ള മരങ്ങളുടെ മതിലുകള്‍ക്കിടയിലൂടെ അയാള്‍ അവളെ മുന്നോട്ടു നയിച്ചു, ഒരല്പമിടത്ത് വീണുകിടന്ന ചില്ലകളുടെ കൂമ്പാരത്തിനടുത്തേക്ക്. ഒന്നോ രണ്ടോ ഉണങ്ങിയവ അയാള്‍ എടുത്തെറിഞ്ഞു, അതിനു മുകളിലായി അയാളുടെ കോട്ടും വേസ്റ്റ് കോട്ടും വിരിച്ചു. ഇറുകിയ ഷോര്‍ട്സിലും ഷര്‍ട്ടിലുമായി അടുത്തുനിന്നു അവളെ സാകൂതം നോക്കുന്ന അയാളുടെ കണ്ണുകളിലെ ആസക്തി അവളെ ആ ചില്ലകളുടെ മേലേയ്ക്ക് ചായ്ച്ചുകിടത്തി, കാട്ടില്‍ മരച്ചില്ലകള്‍ക്കു താഴെയായി ഒരു മൃഗമെന്നോണം. അയാള്‍ കുറച്ചൊക്കെ കരുതലോടെ, പതുക്കെ അവളെ ശരിയായി കിടത്തി. എങ്കിലും; പക്ഷേ, അയാളുടെ അക്ഷമ അവളുടെ അടിക്കുപ്പായത്തിന്റെ ചരട് പൊട്ടിച്ചുകളഞ്ഞു, അനങ്ങാതെ, ചേതനയറ്റു കിടക്കുകയല്ലാതെ, അതൊന്നു അഴിച്ചെടുക്കാന്‍ അവളവനെ സഹായിച്ചതുമില്ല. പിന്നീട് അയാള്‍ സ്വന്തം മുന്‍ഭാഗം കൂടി നഗ്‌നമാക്കി, അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അവളിലമര്‍ന്ന അയാളുടെ നഗ്‌നശരീരം അവള്‍ക്ക് അനുഭവവേദ്യമായി. ഒരു നിമിഷത്തേക്ക്. പെട്ടെന്ന് ഒന്നുകൂടി വികസിച്ച്, ഒരു വിറയലോടെ അയാള്‍ അവളിലമര്‍ന്നു. പിന്നെ പതുക്കെ അയാള്‍ ചലിക്കാന്‍ തുടങ്ങുമ്പോഴേക്കും പെട്ടെന്നു വന്നെത്തിയ രതിമൂര്‍ച്ഛയുടെ നിസ്സഹായതയില്‍ പുതിയ, അന്നുവരെ അപരിചിതമായ പുളകങ്ങളുടെ ഓളങ്ങള്‍ അവളില്‍ അലയടിച്ചു.''

മുകളില്‍ അതിമനോഹരമായി പുരുഷലൈംഗികതയെ, അതിന്റെ അക്ഷമയെ, കരുതലില്ലായ്മയെ ഒക്കെയും ലോറന്‍സ് കൃത്യമായി വരച്ചിടുന്നുണ്ടെങ്കിലും കോണിക്ക് ആയൊരു ലൈംഗികബന്ധത്തില്‍നിന്നും എന്താവും കിട്ടിയിട്ടുണ്ടാവുക? അയാളുടെ രതിമൂര്‍ച്ചയ്ക്കും അവളുടെ നിരാശയുടേയും ഇടയില്‍ കൃത്യമായ ഒരു സ്പെയ്സ് ഉണ്ട്. ആ സ്പേസില്‍ സെക്‌സും ടെക്നോളജിയും കൈകോര്‍ക്കുന്നെങ്കില്‍ അതെങ്ങനെയാണ് പ്രകൃതിവിരുദ്ധമാവുക? ആ ന്യായത്തില്‍ കൃഷി ഒരു സംസ്‌കാരമാണെന്ന് നമ്മള്‍ പറയുമ്പോള്‍തന്നെ അതു പ്രകൃതി വിരുദ്ധമാണ്. പക്ഷേ, വിശപ്പിനു പരിഹാരം കൃഷിയാണെങ്കില്‍ തൃഷ്ണയ്ക്ക് പരിഹാരം ടെക്നോളജിയാവുന്നതിനെ എന്തിന് എതിര്‍ക്കണം?

ലൈംഗികതൃഷ്ണയെന്നത് മോഹമാണ്, ആഗ്രഹിക്കുന്നത് സ്വായത്തമാക്കാനുള്ള അഭിനിവേശത്തിന്റ കലയാണത്. ഇറോട്ടിക് ലൈഫ് ഒരര്‍ത്ഥത്തില്‍ ഫാമിലി ലൈഫ്, സോഷ്യല്‍ ലൈഫ് എന്നതിന്റെയൊന്നും നിര്‍വ്വചനങ്ങളുടെ പരിസരത്തുകൂടി വരുന്നതല്ല. ഇറോട്ടിക് സ്പേസ് എന്നതു ബന്ധങ്ങളുടെ മാറാപ്പുകളില്ലാതെ, പരസ്പരമുള്ള ലൈംഗികാകര്‍ഷണത്തിന്റെ സഞ്ചാരപഥത്തില്‍ ഉണ്ടാവുന്ന സ്പേസാണ്. അവിടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ റോബര്‍ട്ടിനു കഴിയാതെ വരുമ്പോള്‍, റൂബിയുടെ കാമനകളെ തൃപ്തിപ്പെടുത്താനാവാതെ വരുമ്പോള്‍ ആ സ്പേസിലേക്ക് അതിനു സാധ്യമാവുന്ന റൊബോട്ട് റൂബിയുടെ ആവശ്യമാണ്, മറിച്ചും. അത്രയേ ഉള്ളൂ സെക്സ്ടെക്. 

ടെക്നോളജിയുടെ യുഗത്തില്‍ സെക്‌സിന്റെ ഭാവി എന്താണ് എന്ന തന്റെ വോഗ് മാഗസിനിലെ ലേഖനത്തില്‍ ബല്ലി കൗര്‍ ജസ്വാള്‍ പറയുന്നതു നോക്കൂ: വേണമെങ്കില്‍ അമിതമായൊരു ശുഭാപ്തിവിശ്വാസിയായി എന്നെ നിങ്ങള്‍ കരുതിക്കോളൂ, പക്ഷേ, ഈ മാറ്റങ്ങളൊന്നും മാനവരാശിയുടെ പതനത്തിലേക്കാണെന്നു ഞാന്‍ കരുതുന്നേയില്ല. ചില ബേസിക് ഫങ്ഷനുകള്‍ നൂതനമായി രീതിയില്‍ എളുപ്പമാക്കാനുള്ള സാങ്കേതിക മാറ്റങ്ങള്‍ മാത്രമാണവ. ഭാവിയില്‍ ലൈംഗികത വ്യത്യസ്തമായി തോന്നിയേക്കാം, ഇന്നു ബസില്‍ കയറി പണിക്കുപോവുന്നത് നാളെ ജെറ്റ്പാക്ക് ധരിച്ച് പറന്നുപോവുന്നതുപോലെ മാത്രം. ലൈംഗികത കൂടുതല്‍ പ്രാപ്യമായേക്കാം, അതിനെ ഉപരിപ്ലവതയായി വ്യാഖ്യാനിച്ചേക്കാം. അതൊന്നും ബന്ധങ്ങളുടെ ആഴത്തിലെ മാനുഷികമൂല്യങ്ങളെ ഇല്ലാതാക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ വെര്‍ച്വല്‍ ജീവിതം സാധാരണ ജീവിതംപോലെ തന്നെയല്ലേ? ഒരു ഫേസ്ബുക്ക് പ്രതികരണ യുദ്ധത്തിലും അമ്മാവനുമായുള്ള അത്താഴത്തല്ലിലും ഉണ്ടാവുന്ന ദ്വേഷം ഒന്നുതന്നെയാണെന്നു മനസ്സിലാക്കിയാല്‍ മതി. 

ബല്ലി തുടരുന്നു: സോഷ്യല്‍മീഡിയ ലൈംഗികതയുടെ ഭാവിയെക്കുറിച്ചുള്ള എന്റെ ശുഭാപ്തിവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഉഭയസമ്മതം, സെക്‌സ് പോസിറ്റിവിറ്റി, പ്രത്യുല്പാദന ആരോഗ്യവും വിഷയമായ വിവിധ സംഭാഷണങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. #MeToo, Times Up തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ലോകമെമ്പാടുമുള്ള സ്ത്രീകളെ പ്രാപ്തരാക്കുന്നുണ്ട്. ഒരു മെഷീനോട് എന്ത് ചോദ്യവും ചോദിക്കാനും കണ്ണിമചിമ്മുന്ന വേഗതയില്‍ ഉത്തരം നേടാനും കഴിയുന്ന കാലവുമാണ്. അതേ, നൂതനയുഗത്തില്‍ പ്രശ്‌നപരിഹാരത്തിനു വേണ്ടത് പഴകിദ്രവിച്ച മത-പ്രത്യയശാസ്ത്ര ടൂളുകളല്ല, കാലികമായ പുതിയ ടൂളുകളാണ്. 

ഡിയാ​ഗോ വെലസ്കസിന്റെ ടോയ്ലറ്റ് ഓഫ് വീനസ്
എന്ന ചിത്രം. കടപ്പാട് കോർബിസ് ​ഗ്യാലറി കളക്ഷൻ

അഫ്ഗാനിസ്ഥാനിലെ പ്രതീക്ഷയുടെ പെണ്‍സ്വരങ്ങളിലൊന്നായ ഡോ. പര്‍വീന്‍ പഷ്വാക്കിന്റെ 'ചുംബനം' എന്ന കവിത നോക്കൂ. 

നിന്റെ ചുണ്ടിന്റെ സുഗന്ധം 
ആരിലെങ്കിലും നിക്ഷേപിക്കുക
ഹേ ചുവന്ന റോസാപുഷ്പമേ
നീ ക്ഷണം വാടിപ്പോയേക്കാം...
കാറ്റ് പറഞ്ഞു...
ജൂണ്‍ മാസ രാവ് പാതിയിലെത്തുമ്പോള്‍
ചന്ദ്രന്‍ വയസ്സറിയിക്കുമ്പോള്‍
ഒരു കാറ്റ് വന്നു ചുവന്ന റോസാപ്പൂവിനെ പുണരുമ്പോള്‍
പൂക്കള്‍ നിരനിരയായി മോഹാലസ്യത്തിലേക്കു വീഴുമ്പോള്‍
എന്റെ പ്രിയനേ വരിക
പുണരുക, ചുംബനങ്ങളാല്‍ മൂടൂക...

കരുത്തിനെപ്പറ്റി, ശാക്തീകരണത്തെപ്പറ്റി, പിന്തുണയെപ്പറ്റി സംസാരിക്കുന്ന പെണ്‍സ്വരങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നു...
അതെ! സ്വയം വിശ്വസിക്കാത്ത എന്തെങ്കിലുമൊന്ന് എങ്ങനെയാണ് നമുക്കു നേടാനാവുക? 
നമ്മുടെ ബലഹീനത ആസ്വദിക്കുകയും അതു നമുക്കെതിരെ തന്നെ ഉപയോഗിക്കുകയും ചെയ്യുന്നവരെ നിങ്ങളെന്തിനതു കാണിക്കണം?

സഹായം വാഗ്ദാനം ചെയ്യുന്നവര്‍ തന്നെ സ്വന്തം ഭാര്യമാരേയും പെണ്‍കുട്ടികളേയും സഹോദരിമാരേയും വീട്ടില്‍ തടവിലാക്കുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെയാണ് ആ സഹായഹസ്തങ്ങളെ വിശ്വസിക്കാനാവുക? നമുക്കു കളി തുടരേണ്ടതുണ്ട്... മുന്നോട്ടേക്കുള്ള പ്രയാണം...

നമ്മള്‍ ശക്തരാണ്...
കാര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്...
നിങ്ങളുടെ സഹായത്തിന് നന്ദി...
പക്ഷേ, എല്ലാം സ്വയം ഞാന്‍ ചെയ്യാം!

പക്ഷേ, എല്ലാം സ്വയം ഞാന്‍ ചെയ്യാം! എന്ന പൊള്ളിക്കുന്ന വാചകത്തില്‍ പര്‍വീന്‍ പകരുന്ന ബോധത്തിലാണോ അന്നാ ലീ നിര്‍മ്മിതബുദ്ധിയെ മെരുക്കി ചിലതൊക്കെയും യാഥാര്‍ത്ഥ്യമാക്കുന്നത് എന്നു തോന്നിപ്പോവും. നമുക്കൊന്നിനി ലയേണസ്സ് എന്ന സെക്ഷ്വല്‍ വെല്‍നസ് കമ്പനിയുടെ സ്ഥാപകയായ അന്നാ ലീയിലേക്കു പോവാം. അവളുടെ തന്നെ ഭാഷയില്‍, ''ഒരു കുഞ്ഞായിരുന്നപ്പോള്‍, ലൈംഗികമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു. സംസ്‌കാരത്തിലെ സ്വാഭാവിക രീതിയില്‍, പലരെയുംപോലെ ഞാനും അതെന്നിലുളവാക്കിയ ഭയവും ലജ്ജയും കുറ്റബോധവും അത്രയും മറച്ചുപിടിച്ചു, നിശബ്ദത പാലിച്ചു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വേദന അരിച്ചിറങ്ങി, 10 വര്‍ഷത്തിലേറെ ഞാന്‍ അങ്ങനെ തുടര്‍ന്നു. വിഷാദത്തിന്റെ പുതിയ ആഴങ്ങള്‍ ഞാനളന്നുപോയി എന്ന് ഇന്നെനിക്കറിയാം. അന്നു പക്ഷേ, മാനസികാരോഗ്യത്തെക്കുറിച്ച് ഒന്നും അറിയാത്തതിനാല്‍, ഞാന്‍ തകര്‍ന്നുവെന്നു മാത്രം കരുതി. ഈ ലോകത്തിനി ജീവിക്കാന്‍ തന്നെ ആഗ്രഹിക്കാത്ത ഒരുകാലത്തിലൂടെ ഞാന്‍ കടന്നുപോയിക്കൊണ്ടിരുന്നു. ജീവിതത്തിലെ ഒരു 'ഘട്ടം' മാത്രമായാണ് എന്റെ കുടുംബം എന്നുമത് കണ്ടത്. ചുമക്കാനുള്ള എന്റെ കുരിശാണിതെന്ന ആത്മനിന്ദയാല്‍ ഞാനാ ഏകാന്തതയെ പുല്‍കി, യഥാര്‍ത്ഥത്തില്‍ ഞാനാരാണെന്ന സത്യം എനിക്ക് എന്റെ അമ്മയുമായി പോലും പങ്കുവെയ്ക്കുവാന്‍ കഴിഞ്ഞില്ല.''

ടൈറ്റന്റെ വീനസ് ഓഫ് ഉർബിനോ
/ ഫോട്ടോ: നിക്കോള ലോറുസോ

ഒരു വലിയ ശതമാനത്തിനും ജീവിതത്തില്‍ അനുഭവിക്കുവാന്‍ തന്നെയാവാത്ത രതിമൂര്‍ച്ഛയെ വിസ്മയകരമായ ഒരനുഭവമാക്കാന്‍ സഹായിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട് വൈബ്രേറ്റര്‍ വികസിപ്പിച്ചത് ആമസോണില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന അന്നയാണ്. ലോകമെമ്പാടും കലാലയങ്ങളിലും കോണ്‍ഫറന്‍സുകളിലും താരമാണ് 2020-ലെ ഫോര്‍ബ്സ് 'മുപ്പതില്‍' താഴെയുള്ള മുപ്പതിലൊരാളായ അന്ന. ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള ധാരണ വികസിപ്പിക്കുന്നതിനും ഗവേഷണം വിപുലീകരിക്കാനും സ്ത്രീ ലൈംഗികത പാപവും തെറ്റുമാണെന്ന അബദ്ധ ധാരണകളെ ഇല്ലാതാക്കുവാനുമുള്ള ഒരു വലിയ ദൗത്യമാണ്, അന്നയും അന്നയെപ്പോലുള്ളവരും ഏറ്റെടുത്തിരിക്കുന്നത്. 

തൃഷ്ണയുടെ കൊടുംചൂടിന് സെക്‌സ്ടെക് ഇളംകാറ്റായി 

അശ്ലീലമല്ല, സ്‌നേഹമാവട്ടെ എന്ന സന്ദേശവുമായി സിന്‍ഡ് ഗാലപ് മെയ്ക ലവ് നോട് പോണ്‍ (Make Love Not Porn)ന് തുടക്കം കുറിച്ചത് 2013-ല്‍. ഉഭയസമ്മതം, ആശയവിനിമയം, ലൈംഗികമൂല്യങ്ങള്‍, ലൈംഗിക പെരുമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തെ ആദ്യത്തെ ഉപയോക്താക്കള്‍ സൃഷ്ടിച്ച സോഷ്യല്‍ സെക്‌സ് വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്ഫോമായി അതിനെ മാറ്റിയത് ഒരു വലിയ ലക്ഷ്യവുമായാണ് - ബലാത്സംഗ സംസ്‌കാരം അവസാനിപ്പിക്കുക. മറ്റൊരാള്‍ എന്തു കരുതുന്നു എന്നത് ശ്രദ്ധിക്കേണ്ട ഒന്നേയല്ലെന്ന് സിന്‍ഡി ഗാലപ്. 

വിസ്മയകരമായ, പരസ്പരസമ്മതത്തോടെയുള്ള, ലൈംഗികവിനിമയം എവിടെനിന്നു മാതൃകയാക്കാം? അശ്ലീല ഇടങ്ങളില്‍നിന്നു കാണുന്ന വൈകൃതങ്ങളില്‍നിന്നു വ്യത്യസ്തമായി അതൊക്കെ എങ്ങനെ സാധ്യമാക്കാമെന്ന് ലോകത്തെ കാണിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സിന്‍ഡി പറയുന്നു. നിക്ഷേപകരെ കണ്ടെത്തുന്നതിലുള്ള വെല്ലുവിളികളെ അവര്‍ മറികടന്നത്, ലോകത്തിലെ ആദ്യത്തെ സമര്‍പ്പിത സെക്‌സ്ടെക് ഫണ്ട് സ്വരൂപിച്ചുകൊണ്ടാണ്. എം.എല്‍.എന്‍.പി, വേര്‍തിരിക്കാനാവാത്ത രണ്ടു കാര്യങ്ങളുടെ, യഥാര്‍ത്ഥ ലൈംഗികതയുടേയും ഊഷ്മളമായ ബന്ധങ്ങളുടേയും ഒരു കാഴ്ചയാണെന്ന് ഫോര്‍ബ്സ് ലേഖനം പറയുന്നു. പ്രേക്ഷകരുടെ ആന്തരികമായ മുന്‍വിധികളേയും പക്ഷപാതങ്ങളേയും തകര്‍ക്കുന്നതാണത് എന്ന് അവര്‍ അവകാശപ്പെടുന്നു.

''പ്രോസ്തെറ്റിക് കൈകളും കാലുകളും ഉണ്ട്, എന്തുകൊണ്ട് ജനനേന്ദ്രിയങ്ങള്‍ പാടില്ല?'' എന്ന ചോദ്യമാണ് ഒരു സെക്‌സ്ടെക് നൂതന സാങ്കേതിക വിദ്യയായ ഢഉഛങ എന്ന ആപ്പ്-കണക്റ്റഡ് അഡല്‍റ്റ് വെയറബിള്‍ വികസിപ്പിക്കുന്നതിലേക്ക് മറ്റൊരു പെണ്‍കുട്ടിയെ, സ്‌കിമൂടെക് (SkiiMoo Tech) സ്ഥാപക ഗ്ലെനിസ് കിനാര്‍ഡ് മൂറിനെ നയിച്ചത്. അതു തന്നെപ്പോലുള്ളവരുടേയും എല്‍.ജി.ബി.ടി സമൂഹത്തിന്റേയും പല ശാരീരിക വൈകല്യമുള്ളവരുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്നതാണെന്ന് ആത്മാഭിമാനത്തോടെ കിനാര്‍ഡ് മൂര്‍ പറയുന്നുണ്ട്. 

ലോകത്ത് 130 കോടിയോളം ജനത, 16 ശതമാനം പേര്‍, നമ്മളില്‍ ആറില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അവരുടെ ലൈംഗിക ആവശ്യങ്ങളെപ്പറ്റി ആരെങ്കിലും ഓര്‍ക്കാറുണ്ടോ? അവരുടെ ആവശ്യങ്ങളെപ്പറ്റിയുള്ള ചിന്തയും അവരോടുള്ള കരുതലുമാണ് ഹീതര്‍ മോറിസണെ ഹാന്‍ഡി എന്ന സെക്‌സ്ടെകിലേക് നയിച്ചത്. ശാരീരിക വൈകല്യമുള്ളവരില്‍ 50 ശതമാനം പേര്‍ക്ക് സ്വയം ലൈംഗികാനന്ദം കണ്ടെത്തുക അസാധ്യമാണെന്ന് അവര്‍ കണ്ടെത്തി. 63 ശതമാനം പേരുടെ കൈകളുടെ പ്രവര്‍ത്തനം പരിമിതമായിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്തതില്‍ 92 ശതമാനം പേരും അവര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ലൈംഗികാസ്വാദന ഉപകരണങ്ങള്‍ ആഗ്രഹിച്ചവരാണ്. ഒരു വലിയ അംഗപരിമിത സമൂഹം അവരുടെ ലൈംഗിക ആവശ്യങ്ങളുടേയും ലൈംഗിക ആരോഗ്യത്തിന്റേയും കാര്യത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടും സ്വയം പഴിച്ചും നില്‍ക്കുന്ന കാലത്ത് പൊള്ളയായ സദാചാരത്തിന്റെ മതിലുകള്‍ ഇടിച്ചുനിരത്തി അവര്‍ക്ക് അരികിലേക്കെത്തിയത് മതങ്ങളോ തത്ത്വശാസ്ത്രങ്ങളോ അല്ല, സാങ്കേതികവിദ്യയാണ്, സെക്‌സ്ടെക്. അവരെ ചേര്‍ത്തുപിടിക്കുന്ന കരുതലിന്റെ കരങ്ങള്‍ ബോധത്തിന്റെ തീരവും ഏറെയും വനിതകളുടേതാണെന്നത് ശ്രദ്ധേയമാണ്. 

അന്ന ലീ
അന്ന ലീ

''സ്‌നേഹനിധിയായ ഒരു പങ്കാളി ഉണ്ടായിരുന്നിട്ടും സ്വകാര്യ ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ ഞാന്‍ രതിമൂര്‍ച്ചയേ അനുഭവിച്ചിരുന്നില്ല. ഏകാന്തതയും ലജ്ജയുമായിരുന്നു ആകെ. പോണ്‍സൈറ്റുകളില്‍ തിരഞ്ഞു കണ്ടെത്തിയതാവട്ടെ, എനിക്കു വേണ്ടതുമായിരുന്നില്ല. പല സ്ത്രീകള്‍ക്കും ഇതൊരു സാധാരണ അനുഭവമാണ്. എപ്പോഴും മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കു സ്വന്തം ആനന്ദത്തിനു മുന്‍ഗണന നല്‍കുക ബുദ്ധിമുട്ടാണ്. അതിനായി ഒരിടം സൃഷ്ടിക്കേണ്ടതുണ്ടെന്ന് എനിക്കു മനസ്സിലായി - മികച്ച ലൈംഗികതയെ പ്രചോദിപ്പിക്കുന്ന ഒരു സ്ഥലം. അവിടമാണ് ആഫ്റ്റര്‍ഗ്ലോ.'' വാക്കുകള്‍ ആഫ്റ്റര്‍ഗ്ലോയുടെ സ്ഥാപകയും സി.ഇ.ഒയുമായ ലില്ലി സ്പാര്‍ക്‌സിന്റേതാണ്. 2020 മാര്‍ച്ചില്‍ തുടങ്ങിയ ആഫ്റ്റര്‍ഗ്ലോയ്ക്ക് നിരവധിയാണ് ഉപഭോക്താക്കള്‍. ആഫ്റ്റര്‍ഗ്ലോ ഒരു നൈതിക അശ്ലീല പ്ലാറ്റ്ഫോമാണ്, ലൈംഗികത രസകരമാക്കാന്‍ ഗൈഡഡ് സ്വയംഭോഗവും വെല്‍നസ് വ്യായാമങ്ങളും ചേരുന്ന ഒരിടം. 

സാധാരണയായി അടച്ച വാതിലുകള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന ലൈംഗികതയുടെ, വിശിഷ്യാ സ്ത്രീലൈംഗികതയുടെ ഒരു ലോകത്ത്, ലോറ ഡികാര്‍ലോ സാമൂഹിക ധാരണകളെ കുടഞ്ഞെറിഞ്ഞ് സെക്‌സ്ടെക്കിലെ നൂതനത്വങ്ങള്‍ക്കു തുടക്കമിട്ടത് 2017-ലാണ്. ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നമ്മള്‍ ഇതൊക്കെയും ചര്‍ച്ച ചെയ്യുന്നതു തന്നെ, അതും ഒളിച്ചും പാത്തും. ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ റോബോട്ടിക്‌സ് ആന്‍ഡ് എന്‍ജിനീയറിംഗുമായി സഹകരിച്ചാണ് പ്രധാന ഉപകരണം ഓസെ അവര്‍ വികസിപ്പിച്ചെടുത്തത്; ഇന്നുവരെ, ഓസെ കമ്പനിയുടെ ഏറ്റവും ജനപ്രിയ ഉല്പന്നമായി തുടരുന്നു, ഒരുപാട് അപവാദങ്ങള്‍ പിന്നിട്ട ഉല്പന്നം മൊത്തം വില്‍പ്പനയുടെ 36 ശതമാനം വരുമെന്ന് ഫോര്‍ബ്സ് മാഗസിന്‍ പറയുന്നു. 2020-ല്‍, നടിയും മോഡലും ആക്ടിവിസ്റ്റുമായ കാരാ ഡെലിവിംഗ്നെ ലോറ ഡികാര്‍ലോയ്ക്കൊപ്പം സഹ ഉടമയും ക്രിയേറ്റീവ് അഡൈ്വസറും ആയി ചേര്‍ന്നു, ഡികാര്‍ലോയും ടീമും ബോധവല്‍ക്കരണത്തിലൂടെയും ആക്റ്റിവിസത്തിലൂടെയും ലജ്ജയുടേയും പാപത്തിന്റേയും അതിരുകള്‍ മാറ്റിവരച്ചു. കാലങ്ങളായി തുടരുന്ന മതിലുകള്‍ തകര്‍ത്ത് തങ്ങളുടെ സ്റ്റാര്‍ട്ടപ്പായ സെക്‌സ്ടെകിലേക്ക് ഏഴ് മില്യണ്‍ ഡോളര്‍ സമാഹരിച്ചിരിക്കുന്നു. 

ടെക് ഇന്‍ഡസ്ട്രി പുരുഷമേധാവിത്വത്തിന്റെ മേഖലയാണെന്നത് രഹസ്യമല്ല, ലോകത്തെ 31 ശതമാനം പുരുഷന്മാരേയും ബാധിക്കുന്ന ശീഘ്രസ്ഖലനത്തിന്, ലൈംഗികാശങ്കകള്‍ക്കു പരിഹാരവുമായി വന്നത് പക്ഷേ, ഒരു പെണ്‍കുട്ടിയാണ് - പട്രീഷ്യ ലോപ്പസ്, തന്റെ സെക്‌സ്ടെക് ആയ MYHIXEL-ലിലൂടെ. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഉല്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുരുഷന്മാര്‍ക്ക് ആവശ്യത്തിനുള്ളത് ഇല്ലെന്ന തിരിച്ചറിവാണ് ലോപ്പസിനെ അതിലേക്കു നയിച്ചത്. പട്രീഷ്യ പറയുന്നു: ''സ്ത്രീകള്‍ക്കു ലൈംഗിക ബന്ധം പ്രയാസകരമാണെന്നും പുരുഷന് അതു നിഷ്പ്രയാസമാണെന്നും ആയിരുന്നു എതാണ്ട് എല്ലാവരുടേയും ധാരണ. പുരുഷ ലൈംഗിക ആശങ്കകള്‍ക്കു പ്രകൃതിദത്തമായ പരിഹാരങ്ങളുടെ അഭാവം വിപണിയിലുണ്ടെന്ന് ഞാന്‍ കണ്ടു.'' ആരോഗ്യം, സാങ്കേതികവിദ്യ, ബോധവല്‍ക്കരണം എന്നിവയുടെ സംയോഗത്തിലൂടെ പുരുഷാരോഗ്യത്തിന് അതര്‍ഹിക്കുന്ന ശ്രദ്ധ നല്‍കേണ്ടതാണെന്ന തോന്നലാണ് പുതിയൊരു ബ്രാന്റ് നിര്‍മ്മിതിയിലേക്കു തന്നെ എത്തിച്ചതെന്ന് പട്രീഷ്യ പറയുന്നു. മലയാള ദിനപത്രങ്ങളിലെ, കാനാടിമഠം മോഡല്‍ കുഞ്ഞന്‍ പരസ്യങ്ങളിലൂടെ വടക്കോട്ടൊഴുകുന്ന മലയാളിപുരുഷന്‍മാരുടെ കോടികള്‍ വാര്‍ത്തയായിട്ട് കാലമേറെ ആയിട്ടില്ല. 

കാരാ ഡെലിവിങ്
കാരാ ഡെലിവിങ്

ടെക്ക് കാലത്തെ സെക്‌സ്

സാങ്കേതികവിദ്യയുടെ യുഗത്തില്‍ ആളുകള്‍ക്കിടയിലെ പരസ്പര വിശ്വാസ്യത ബുദ്ധിമുട്ടാണെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നുതന്നെയാണ് ഓസ്ട്രേലിയന്‍ പോഡ്കാസ്റ്ററും സെക്‌സ്ടെക് മേഖലയിലെ അറിയപ്പെടുന്ന സംരംഭകയുമായ ബ്രയോണി കോള്‍ പറഞ്ഞത്. ഒട്ടനവധി താല്പര്യങ്ങളുടേയും പ്രലോഭനങ്ങളുടേയും ഇതരവിചാരങ്ങളുടേയും ലോകത്ത്, എല്ലാം ഒരു തിരഞ്ഞെടുപ്പിലേക്ക് പോവുക സാധ്യമാണെന്ന് അവര്‍ വിശദീകരിക്കുന്നു. ബന്ധത്തില്‍ നിന്നുള്ള വ്യതിചലനം പങ്കാളി കാരണമാവണമെന്നില്ല. പ്രലോഭനങ്ങളുടെ ഘോഷയാത്രയില്‍ അതിന്റെ നിയന്ത്രണം എളുപ്പമല്ല. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവശേഷം വിവാഹമോചന നിരക്ക് ക്രമാതീതമായി ഉയര്‍ന്നു, പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനിച്ചവരുടെ ജനറേഷനിലെ ആളുകള്‍ പഴയ ഹൈസ്‌കൂള്‍കാല പ്രണയികളുമായി വീണ്ടും ബന്ധം പുലര്‍ത്തിയതായിരുന്നു കാരണം. ഇന്ന് ആളുകള്‍ വളരെ വൈകി വിവാഹം കഴിക്കുന്നത് കാണാം, എല്ലാവരുമല്ല. 

സാങ്കേതികവിദ്യ ബന്ധങ്ങളെ തകര്‍ക്കും എന്നു പറയുന്നവര്‍ അതു കൂട്ടിച്ചേര്‍ത്ത ബന്ധങ്ങളുടെ കണക്കുകള്‍ പരിശോധിക്കാറുണ്ടോ എന്നതു സംശയമാണ്. എത്രതന്നെ പുരോഗമിച്ചാലും മനുഷ്യര്‍ പരസ്പരം ബന്ധിപ്പിക്കപ്പെടാന്‍ വിധിക്കപ്പെട്ടരാണെന്നു തന്നെയാണ് ടെക്നോളജിയുടെ ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്. 

ആഫ്റ്റർ ​ഗ്ലോ സിഇഒ ലില്ലി സ്പാർക്സ്
ആഫ്റ്റർ ​ഗ്ലോ സിഇഒ ലില്ലി സ്പാർക്സ്

ആരെങ്കിലുമായി ബന്ധപ്പെടേണ്ടതിന്റെ, അടുത്തിടപഴകേണ്ടതിന്റെ ആവശ്യകതയൊന്നും ഇല്ലാതാകുന്നതല്ല, മനുഷ്യന്‍ അടിസ്ഥാനപരമായി സാമൂഹ്യജീവിയാണ്. ഭക്ഷണം, ഉറക്കം, പാര്‍പ്പിടം, ഒക്കെയും പോലെ അടിസ്ഥാന ആവശ്യമാണ് ലൈംഗിക സംതൃപ്തിയും. ലൈംഗികതയുടെ മേഖലകളില്‍ കാലമിന്നോളം സാധ്യമാവാത്ത, നവീകരിക്കപ്പെടാനുള്ള, ആസ്വാദനത്തെ വിഴുങ്ങുന്ന തമോഗര്‍ത്തങ്ങളുണ്ട്. അവിടേക്ക് കടന്നുകയറാന്‍ സെക്‌സ്ടെക്കിനു കഴിയുമെങ്കില്‍, എന്തിനു പഴിക്കണം?

സൂചിക:

Mating in Captivity Unlocking Erotic Intelligence by Esther Perel 
Lady Chatterley's Lover by D.H. Lawrence
https://www.forbes.com/sites/marijabutkovic/2021/06/10/next-generation-of-sextech-entrepreneurs-is-here-disrupting-the-37-billion-sexual-wellness-market/?sh=69380d4c73d2
https://hivelife.com/future-of-sex-sextech/
https://www.vogue.in/culture-and-living/content/future-of-sex-in-the-age-of-technology-dating-apps-intimacy-essay
https://www.who.int/news-room/fact-sheets/detail/disability-and-health#:~:text=Key%20facts,earlier%20than%20those%20without%20disabilities.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com