പാകിസ്താന്‍ ദേശീയ പതാക അതിര്‍ത്തി അറിയാതെ പാറിക്കളിച്ച ബാലൂര്‍ഘട്ട്

അന്ന് മുഴങ്ങിയ ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യങ്ങളും ആക്രോശങ്ങളും ഇന്ത്യയൊന്നാകെ പടരുന്ന സമരാഗ്‌നിക്കു പകരുന്ന ഹവിസ്സായി മാറി
പാകിസ്താന്‍ ദേശീയ പതാക അതിര്‍ത്തി അറിയാതെ പാറിക്കളിച്ച ബാലൂര്‍ഘട്ട്

ന്ത്യയില്‍ ആദ്യം സ്വാതന്ത്ര്യം ലഭിച്ച സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഇന്ത്യയ്ക്ക് മുഴുവനായല്ലേ സ്വാതന്ത്ര്യം കിട്ടിയതെന്ന് ആരും തിരിച്ചു ചോദിക്കും. എന്നാല്‍, ചരിത്രത്തില്‍ മറിച്ചൊരു അനുഭവം രേഖപ്പെടുത്തപ്പെട്ട് കിടപ്പുണ്ട്. അത് പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ ബാലൂര്‍ഘട്ടിലാണ് നടന്നിട്ടുള്ളത്. ഇത് ഇന്ത്യയുടെ അതിര്‍ത്തി ജില്ലയാണ്. പഴയ കിഴക്കന്‍ പാകിസ്താനായ ഇന്നത്തെ ബംഗ്ലാദേശിനേയും ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള ബംഗാളിനേയും ചേര്‍ത്തുപിടിച്ച് കിടക്കുന്ന ജില്ലയാണ് ദിനാജ്പൂര്. അടുത്തിടെ ദിനാജ്പൂരിലെ ബാലൂര്‍ഘട്ട് ഉള്‍പ്പെടുന്ന ഏതാനും സ്ഥലങ്ങളും അതിര്‍ത്തിയും ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ആവേശമുണര്‍ത്തുന്ന ഈ വിവരവും ഒപ്പം അക്ഷീണം പത്രപ്രവര്‍ത്തനരംഗത്ത് തുടരുകയും ചെയ്യുന്ന ഒരാളേയും കണ്ടുമുട്ടിയത്. സംസാരിച്ചുവന്നപ്പോള്‍ ഒരു മഹാപ്രയാണത്തിന് എണ്‍പതാണ്ടുകളുടെ പഴക്കവും മറ്റൊന്നിന് അരനൂറ്റാണ്ടിന്റെ തുടര്‍ച്ചയുമുണ്ടെന്നു മനസ്സിലായി. ഒപ്പം പാകിസ്താന്‍ ദേശീയ പതാക അതിര്‍ത്തി അറിയാതെ പാറിക്കളിച്ചതിന്റെ ചരിത്രവും ബാലൂര്‍ഘട്ടിനുണ്ടെന്ന് അറിഞ്ഞപ്പോള്‍ കൗതുകം ഇരട്ടിച്ചു. 

കാലം 1942. ഇന്ത്യയിലെങ്ങും മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നു. സെപ്തംബര്‍ പതിന്നാലാം തീയതി പ്രഭാതത്തില്‍  സരോജ് രഞ്ജന്‍ ചതോപാദ്ധ്യായയുടെ ആഹ്വാനമനുസരിച്ച് ഏതാണ്ട് ആയിരത്തി ഇരുന്നൂറോളം വരുന്ന സ്വാതന്ത്ര്യസമര പോരാളികളും സാധാരണക്കാരും തൊഴിലാളികളും കര്‍ഷകരും യുവ വിദ്യാര്‍ത്ഥികളും ബാലൂര്‍ഘട്ടിനടുത്തുള്ള ഡങ്കിഘട്ടില്‍ തടിച്ചുകൂടി. ദാമോയ്ര്‍ഘട്ട്, പട്ട്ണിത്തല, പോര്‍ഷ, തപന്‍ തുടങ്ങിയ സമീപദേശങ്ങളിലുള്ളവരായിരുന്നു അവര്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ക്വിറ്റ് ഇന്ത്യാ സമരത്തില്‍ തങ്ങള്‍ക്കെന്തു ചെയ്യാനാവുമെന്നാണ് അവര്‍ ആലോചിച്ചത്. ആലോചനകള്‍ തീരാന്‍ നിമിഷനേരം പോലും വേണ്ടിവന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് സമരക്കാര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഡങ്കിഘട്ടില്‍നിന്നും അവര്‍ നേരെ ബാലൂര്‍ഘട്ട് ലക്ഷ്യമാക്കി നടന്നു. സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, പോസ്റ്റ് ഓഫീസ്, ടെലഫോണ്‍ എക്സ്ചേഞ്ച്, കോടതി, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിങ്ങനെ ബ്രിട്ടീഷധികാരം ആധിപത്യം പുലര്‍ത്തിനില്‍ക്കുന്ന സകല സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും രേഖകള്‍ അഗ്‌നിക്കു സമര്‍പ്പിച്ചായിരുന്നു അവരുടെ പ്രയാണം. ചില കെട്ടിടങ്ങളും കത്തിച്ചു. പോകുന്ന വഴി ആ യുവസംഘത്തിനൊപ്പം ധാരാളമാളുകള്‍ ചേരുകയും അത് ആയിരത്തിയഞ്ഞൂറോളം ആളുകളുള്ള വലിയ സംഘമാവുകയും ചെയ്തു. ആ സംഘം അന്നത്തെ ട്രഷറി കെട്ടിടത്തിലേക്കാണ് നടന്നെത്തിയത്. 

ചുവന്ന ഇഷ്ടികകളാല്‍ പടുത്തുയര്‍ത്തപ്പെട്ടതും ബ്രിട്ടീഷ് അധികാരത്തിന്റെ മൂര്‍ത്തരൂപമായതുമായ ട്രഷറി ഓഫീസിനു മുകളില്‍ യൂണിയന്‍ ജാക്ക് നിര്‍ഭയം ഇളകുന്നുണ്ട്. കാറ്റിലുള്ള അതിന്റെ ഇളക്കം കണ്ടാല്‍ വിറളിപിടിച്ചാണ് അത് പാറുന്നതെന്നും അഴിച്ചുവിട്ടാല്‍ ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കുമെന്നും തോന്നിപ്പോകും. അന്ന് വിഭജിച്ചിട്ടില്ലാത്ത ഇന്ത്യയുടെ ഉള്ളിലെ ഒരു ചെറിയ ബംഗ്ലാഗ്രാമമായിരുന്നു ബാലൂര്‍ഘട്ട്. രോഷാകുലരായ ജനക്കൂട്ടം ട്രഷറി കെട്ടിടം കയ്യടക്കുകയും കൊള്ളയടിക്കുകയും ഫയലുകള്‍ കത്തിക്കുകയും ചെയ്തു. അഹങ്കാരത്തോടെ പറക്കുന്ന യൂണിയന്‍ ജാക്ക് അഴിച്ച് അവര്‍ നിലത്തിറക്കി ഇന്ത്യ സ്വപ്നം കാണുന്ന സ്വാതന്ത്ര്യത്തിന്റെ മൂവര്‍ണ്ണക്കൊടി മുകളിലേക്കുയര്‍ത്തി. അന്ന് മുഴങ്ങിയ ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യങ്ങളും ആക്രോശങ്ങളും ഇന്ത്യയൊന്നാകെ പടരുന്ന സമരാഗ്‌നിക്കു പകരുന്ന ഹവിസ്സായി മാറി. മഹാത്മാഗാന്ധി ഈ സംഭവം നിസ്സാരമായി അവഗണിക്കാതെ ഏറ്റെടുക്കുകയും 1942 സെപ്തംബര്‍ 18-ന് രാജ്യമാകെ ഈ സമരമുറ പടര്‍ത്തുകയും ചെയ്തു. അതിന്റെ ആരംഭം ബാലൂര്‍ഘട്ടില്‍നിന്നായിരുന്നു.

പിയൂഷ് കാന്തിദേവ്
പിയൂഷ് കാന്തിദേവ്

അല്പായുസ്സായ സ്വാതന്ത്ര്യസാക്ഷാത്കാരം

ആ ഒരു ദിവസത്തേക്ക് തങ്ങളുടെ പ്രദേശം സ്വതന്ത്രമായെന്നാണ് ബാലൂര്‍ഘട്ടിലെ സ്വാതന്ത്ര്യസമര ദാഹികള്‍ വിശ്വസിച്ചത്. ട്രഷറി കെട്ടിടത്തിനു മുകളില്‍ സ്വതന്ത്രവായു ശ്വസിച്ച് സോല്ലാസം പറക്കുന്ന മൂവര്‍ണ്ണക്കൊടി നോക്കി പ്രദേശവാസികള്‍ ഹര്‍ഷാതിരേകത്തോടെ നിന്നു. അന്നവിടെ തടിച്ചുകൂടിയ സ്ത്രീകളും പുരുഷന്മാരും കുട്ടികളും സന്തോഷത്തോടെ എന്തുതന്നെ ചെയ്തിരിക്കില്ല! അവര്‍ ഇളകിമറിഞ്ഞിട്ടുണ്ടാവണം. ഇനിയൊരിക്കലും ഇന്ത്യന്‍ പതാക താഴുകയില്ലെന്നു വിചാരിച്ചുകാണണം. കാലം പിന്നോട്ടുപോയി ആ ദിവസത്തെ മുഴുവന്‍ ചിത്രങ്ങളും നമുക്ക് കാണിച്ചുതന്നിരുന്നെങ്കില്‍ നമ്മള്‍ ഇന്ത്യാക്കാരുടെ വിമോചനമോഹങ്ങളുടെ തീവ്രത പുത്തന്‍ തലമുറക്കറിയാന്‍ സാധിക്കുമായിരുന്നു.  

വിവരമറിഞ്ഞ് എത്തിയ ബ്രിട്ടീഷ് പൊലീസ് മൂവര്‍ണ്ണക്കൊടി അഴിച്ചെറിയുകയും ദേശവാസികളെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പുരുഷന്മാര്‍ക്ക് ഗ്രാമവും വീടും വിട്ട് ഓടേണ്ടിവന്നു. അവരെ തേടി ഹിലിയിലെ ഗൂര്‍ഖാ റജിമെന്റില്‍ നിന്നെത്തിയ പട്ടാളക്കാരില്‍നിന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ള ഗൂര്‍ഖാ റജിമെന്റ് ബാലൂര്‍ഘട്ടില്‍ നടത്തിയ നരനായാട്ട് ബംഗാള്‍ സംസ്ഥാനം ഞെട്ടലോടെ ഓര്‍ക്കുന്ന വലിയ കലാപങ്ങളിലൊന്നാണ്. തപന്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ളതും ബാലൂര്‍ഘട്ടില്‍നിന്നും ഏതാണ്ട് നാല് കിലോമീറ്റര്‍ അകലത്തിലുള്ളതുമായ പരീലാഘട്ടില്‍ നാലുപേര്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചു. പൊലീസിന്റെ തോക്കുകളെ അമ്പും വില്ലുമായി നേരിട്ട ഗ്രാമീണരിലെ ആധാര്‍ ബര്‍മ്മന്‍, ചോട്ടു ബര്‍മ്മന്‍, അട്ടാവോ ഓറിവോണ്‍, കേക്ര ബര്‍മ്മന്‍ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. പതിനേഴോളം പേര്‍ക്ക് മാരകമായി പരിക്കേറ്റു. ദിനാജ്പൂര് ജയിലിലടയ്ക്കപ്പെട്ട സ്വാതന്ത്ര്യ സമര പോരാളികളില്‍ പലരും പിന്നീട് ഇന്ത്യ സ്വതന്ത്രമായതിനുശേഷമാണ് പുറംലോകം കണ്ടത്. 

എണ്‍പത് വര്‍ഷം മുന്‍പ് നടന്ന ആ സംഭവത്തില്‍ പങ്കെടുത്ത ആളുകളിലൊരാളാണ് പ്രഫുല്ലകുമാര്‍ ദേവ്. സരോജ് രഞ്ജന്‍ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനിറങ്ങിത്തിരിച്ച സമരഭടന്മാരില്‍ ഒരാള്‍. ബാലൂര്‍ഘട്ടില്‍നിന്നും അറസ്റ്റ് ചെയ്യപ്പെട്ട് രാഷ്ട്രീയ തടവുകാരനായി ദിനാജ്പൂര് ജയിലില്‍ അടയ്ക്കപ്പെട്ട പ്രഫുല്ലകുമാര്‍ ദേവും പുലിന്‍ ബിഹാരി ദാസ് ഗുപ്തയും രാധാമോഹന്‍ മൊഹന്തോയും മറ്റും പുറത്തിറങ്ങുമ്പോള്‍ ഇന്ത്യ സ്വതന്ത്രവായു ശ്വസിക്കുകയായിരുന്നു. അതില്‍ പ്രഫുല്ലകുമാര്‍ ദേവ് പിന്നീട് നൂറ്റിപ്പത്തുവയസ്സുവരെ സ്വന്തം നാടായ ബാലൂര്‍ഘട്ടില്‍ ജീവിച്ചു. സ്വതന്ത്രഭാരതത്തില്‍ അഞ്ഞൂറ്റിമുപ്പത്തിനാല് സ്വാതന്ത്ര്യസമര ഭടന്മാര്‍ ബാലൂര്‍ഘട്ടില്‍ ഉണ്ടായിരുന്നു എന്നാണ് കേള്‍ക്കുന്നത്. അന്നത്തെ ദിനാജ്പൂര് ജയില്‍ ഇന്ന് ജില്ലയുടെ ആസ്ഥാനമായ ബാലൂര്‍ഘട്ടിലെ മ്യൂസിയമാണ്. പഴയ ജയിലിന്റെ ഓര്‍മ്മയുണര്‍ത്തുന്ന കൂറ്റന്‍ മതിലും വാതിലുകളും മറ്റും സന്ദര്‍ശകര്‍ക്കു കാണാന്‍ കഴിയും. 
 
'ബാലൂര്‍ഘട്ട് ഡേ' എന്നറിയപ്പെടുന്ന ഈ സംഭവത്തിനു പിന്നില്‍ അണിനിരന്നവരിലൊരാളായ പ്രഫുല്ലകുമാര്‍ ദേവിന്റേയും സാമൂഹികപ്രവര്‍ത്തകയായിരുന്ന ആശാലതയുടേയും ഏക മകനാണ് പിയൂഷ് കാന്തിദേവ്. അദ്ദേഹം കഴിഞ്ഞ നാല്‍പ്പത്തിയെട്ടു വര്‍ഷമായി 'ബാലൂര്‍ഘട്ട് ബര്‍ത്ത' എന്ന വീക്ക്ലി ന്യൂസ്പേപ്പര്‍ പുറത്തിറക്കുന്നുണ്ട്. ജനതാ ടാക് എന്നായിരുന്നു തുടക്കക്കാലത്ത് പത്രികയുടെ പേര്. പിന്നീട് 1977-ല്‍ ബാലൂര്‍ഘട്ട് ബര്‍ത്ത എന്ന പേരില്‍ അംഗീകാരം കിട്ടി. ആദ്യ ലക്കം മുതല്‍ അതിന്റെ പ്രസാധകനും പത്രാധിപരും പിയൂഷ് കാന്തിദേവാണ്. ഈ എഴുപത്തിനാലുകാരന്‍  ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ എട്ട് ബ്ലോക്കുകളിലുള്ള വായനക്കാരെ മുന്നില്‍ക്കണ്ട് നാല്‍പ്പത്തിയെട്ടു വര്‍ഷമായി മുടങ്ങാതെ ഒരു വാരിക പ്രസിദ്ധീകരിക്കുന്നു എന്നത് എനിക്ക് കൗതുകകരമായി തോന്നി. അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചത് അങ്ങനെയാണ്. 

ബാലൂർഘട്ടിലെ പാകിസ്താൻ അതിർത്തിയിൽ റോന്ത് ചുറ്റുന്ന ഇന്ത്യൻ സൈനികർ
ബാലൂർഘട്ടിലെ പാകിസ്താൻ അതിർത്തിയിൽ റോന്ത് ചുറ്റുന്ന ഇന്ത്യൻ സൈനികർ

ഒരു ദേശത്തിന്റെ ചരിത്രരേഖ

ബംഗാളികള്‍ ലക്ഷ്മിപൂജ (ലൊക്കിപൂജ എന്നാണ് അവര്‍ പറയുക) ആചരിക്കുന്ന ഒരു ഞായറാഴ്ച ദിവസമാണ് പിയൂഷ് കാന്തിദേവിനെ കാണാനായി ഞാന്‍ ചെന്നത്. ബാലൂര്‍ഘട്ട് പട്ടണത്തില്‍ തന്നെയുള്ള തെരുവിലെ സാമാന്യം ഭേദപ്പെട്ട ഇരുനില വീട്ടിലാണ് അദ്ദേഹവും ഭാര്യയും താമസിക്കുന്നത്. തലേന്ന് ഫോണില്‍ സംസാരിച്ചിരുന്നതിനാല്‍ അവര്‍ കാത്തിരിക്കുകയായിരുന്നു. ഇരിപ്പുമുറിയില്‍ ഇരിക്കുമ്പോള്‍ മുന്‍പിലുള്ള അലമാരയില്‍ ബൈന്റ് ചെയ്തു വച്ചിരിക്കുന്ന തടിച്ച ഫയലുകള്‍ കണ്ടു. അതില്‍ വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ചോദിച്ചപ്പോള്‍ ബാലൂര്‍ഘട്ട് ബര്‍ത്തയുടെ ആരംഭകാലം മുതലുള്ള ലക്കങ്ങളാണ് അതെന്ന് അദ്ദേഹം പറഞ്ഞു. കൗതുകത്തോടെ ഞാനതെടുത്ത് ഓരോന്നായി മറിച്ചുനോക്കി. പഴയ അച്ചടിക്കാലത്തിന്റെ മണമുള്ള താളുകള്‍. മറ്റൊരു സംസ്ഥാനത്തെ അച്ചടിയുഗത്തെ ഞാന്‍ തൊട്ടറിയുകയായിരുന്നു. ജനതാ ടാക്ക് എന്ന പേര് മാറ്റുന്ന വിവരം വായനക്കാരെ അറിയിച്ച പത്രാധിപക്കുറിപ്പ് അദ്ദേഹം എനിക്ക് കാണിച്ചുതന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ദേശത്തിന്റെ പ്രാദേശിക ചരിത്രവും വിശേഷങ്ങളുമാണ് എന്റെ കൈയില്‍ അരനൂറ്റാണ്ടിന്റെ പഴക്കത്തോടെ ഇരിക്കുന്നതെന്നു മനസ്സിലായി. 

അച്ഛനെക്കുറിച്ച് ആവേശത്തോടെ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സംസാരം തുടങ്ങിയത്. രാഷ്ട്രീയ തടവുകാരനും സ്വാതന്ത്ര്യസമരഭടനുമായി ജീവിച്ച അച്ഛന്റേയും സാമൂഹ്യപ്രവര്‍ത്തനം ജീവിതസാഫല്യമായി കൊണ്ടുനടന്നിരുന്ന അമ്മയുടേയും ഏക മകന്‍ അടിയുറച്ച സാമൂഹിക പ്രതിബദ്ധതയില്‍ ജീവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍, ഒരിക്കല്‍പ്പോലും താനൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും അംഗമായിരുന്നില്ലെന്ന് റായ്പൂര്‍ പ്രൈമറി വിദ്യാലയത്തിലെ അദ്ധ്യാപകനായി 2010-ല്‍ വിരമിച്ച പിയൂഷ് കാന്തിദേവ് പറഞ്ഞു. 

ബംഗാള്‍ സി.പി.എം ഭരിക്കുന്ന കാലത്തും ഇപ്പോഴും റവലൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ (ആര്‍.എസ്.പി) കോട്ടയാണ് ബാലൂര്‍ഘട്ട്. ബംഗാളില്‍ മറ്റെങ്ങും കാണാനാവാത്തവിധം പാര്‍ട്ടിക്കൊടികളാല്‍ അലംകൃതമായിരുന്നു ടൗണും പരിസരപ്രദേശങ്ങളും. എല്ലായ്പോഴും താനൊരു പത്രപ്രവര്‍ത്തകന്‍ മാത്രമാണെന്നു പറയുന്ന പിയൂഷ് കാന്തിദേവ് ബാലൂര്‍ഘട്ട് പ്രസ്സ് ക്ലബ്ബ് അംഗവും കൂടിയാണ്. സ്വന്തമായി ഓഫീസുണ്ടെങ്കിലും ഭാര്യയുടെ സഹായത്തോടെ വീട്ടിലിരുന്നാണ് അടുത്തകാലത്തായി വാരികയുടെ പ്രവര്‍ത്തനങ്ങള്‍ അധികവും നടത്തുന്നത്. മൂവായിരം പ്രതി അച്ചടിക്കുന്ന പത്രം രണ്ടായിരത്തോളം പ്രതി തപാലിലൂടെയാണ് അയക്കുന്നത്. നാല് പേജ് മുതല്‍ എട്ടും ചിലപ്പോള്‍ പന്ത്രണ്ടും പേജ് വരെ അച്ചടിക്കും. വില ഒറ്റപ്രതി രണ്ടുരൂപ. അച്ചടിക്കൂലി മുതലാവുമോ എന്നു ചോദിച്ചപ്പോള്‍ കഷ്ടിച്ച് എന്നായിരുന്നു മറുപടി. കാര്യമായ പരസ്യവരുമാനമൊന്നുമില്ലെങ്കിലും വാര്‍ഷികവരിക്കാരുടെ സഹായത്തിലും സ്വന്തം കൈയില്‍നിന്നുള്ള കാശിറക്കിയുമാണ് പിടിച്ചുനില്‍പ്പ്. ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ച് വര്‍ഷാവര്‍ഷം ഇറക്കുന്ന വിശേഷാല്‍പ്രതിയില്‍ കാര്യമായ പരസ്യം ലഭിക്കും. അന്‍പത് രൂപയാണ് വിശേഷാല്‍പ്രതിയുടെ വില. എങ്ങനേയും വാരിക മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകണമെന്ന ഇച്ഛാശക്തിയാണ് പിന്നിലെന്നു വ്യക്തം. 

പ്രാദേശിക വാര്‍ത്തകള്‍ക്കു പുറമെ ബംഗാളിനുള്ളിലെ പ്രമുഖരായ എഴുത്തുകാരുടേയും നവാഗതരുടേയും പരിസരവാസികളുടേയും സാഹിത്യരചനകളും ബാലൂര്‍ഘട്ട് ബര്‍ത്തയിലൂടെ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. സത്യജിത് റായ്, മൃണാള്‍സെന്‍, സുമിത്ര ചതോപാദ്ധ്യായ, ബനഫൂല്‍, ദിനേഷ്ദാസ് തുടങ്ങിയ പ്രമുഖര്‍ ബാലൂര്‍ഘട്ട് ബര്‍ത്തയില്‍ എഴുതിയിട്ടുണ്ട്. ദല്‍ഹിയിലും കൊല്‍ക്കത്തയിലും കറസ്പോണ്ടന്റുമാരും ജില്ലയിലുടനീളം പതിനൊന്നോളം റിപ്പോട്ടര്‍മാരും ബാലൂര്‍ഘട്ട് ബര്‍ത്തയ്ക്കുണ്ട്. വാരികയുടെ സഹപത്രാധിപ പിയൂഷ് കാന്തിദേവിന്റെ ഭാര്യയും മുന്‍ അദ്ധ്യാപികയുമായ കൃഷ്ണാദേവാണ്. ഇരുവര്‍ക്കും കൂടി രണ്ടു മക്കള്‍. 

പിയൂഷ് കാന്തിദേവും ഭാര്യ കൃഷ്ണ ദേവും
പിയൂഷ് കാന്തിദേവും ഭാര്യ കൃഷ്ണ ദേവും

സ്വാതന്ത്ര്യത്തിന്റെ വേഷപ്പകര്‍ച്ചകള്‍

വാരികയുടെ അന്‍പതാം വാര്‍ഷികം ബാലൂര്‍ഘട്ടില്‍ വച്ച് കേമമായി നടത്താനുള്ള ആലോചനകളിലാണ് പിയൂഷ് കാന്തിദേവും കൃഷ്ണാദേവും. പത്രപ്രവര്‍ത്തനത്തിലും പൊതുകാര്യത്തിലും താല്പര്യമില്ലാതെ മക്കള്‍ മാതാപിതാക്കളെ ബാലൂര്‍ഘട്ടിലാക്കി അവരുടെ കുടുംബത്തോടൊപ്പം ദല്‍ഹിയിലും ഹൈദരാബാദിലും കഴിയുകയാണ്. പിയൂഷ് കാന്തിദേവിനു ശേഷം അവര്‍ ഈ പൈതൃകസ്വത്ത് ഏറ്റെടുക്കുമോ? സാധ്യത തീരെയില്ലെന്ന് പിയൂഷിനുപോലും ബോധ്യമുണ്ട്. പിയൂഷിന്റേയും ഭാര്യയുടേയും കാലശേഷം ഇനിയൊരു അരനൂറ്റാണ്ടിനെ വഹിക്കാന്‍ ബാലൂര്‍ഘട്ട് ബര്‍ത്തയ്ക്ക് കഴിയുകയില്ല. കാലാന്തരത്തില്‍ ബൈന്റ് ചെയ്തു വച്ചിട്ടുള്ള ഫയലുകള്‍ നാശമാകും. ഇരുന്നു ചികഞ്ഞാല്‍ കിട്ടാനിടയുള്ള മറവിയില്‍ പോയിട്ടുള്ള പല വിവരങ്ങളും അറിവുകളും അങ്ങനെ അപ്രത്യക്ഷമാകും. എങ്കിലും ആ പത്രമരണത്തെ തടുക്കാന്‍ ആര്‍ക്കും കഴിയുകയില്ല. 

വിഭജനവുമായി ബന്ധപ്പെട്ട മറ്റൊരു പ്രാധാന്യം കൂടി ബാലൂര്‍ഘട്ടിനുണ്ട്. ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ടായി പകുത്ത് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിക്കുമ്പോള്‍ അതിനായി മുന്നോട്ടുവച്ച ഉപാധി ഹിന്ദുമതത്തിന്റേയും മുസ്ലിം മതത്തിന്റേയും അടിസ്ഥാനത്തില്‍ വിഭജനം നടത്താം എന്നായിരുന്നല്ലോ. അങ്ങനെ കിഴക്കന്‍ ബംഗാള്‍ വിഭജിച്ച് പാകിസ്താന്റെ ഭാഗമായി. മതാടിസ്ഥാനത്തില്‍ പലരും അങ്ങുമിങ്ങും മാറി. അന്ന് അതിര്‍ത്തി കണ്ടെത്തിയത് ഓരോ പ്രദേശത്തേയും പൊലീസ് സ്റ്റേഷനുകളേയും അവയുടെ പരിധിയിലെ ജനസാന്ദ്രതയേയും കണക്കിലെടുത്തായിരുന്നു. അങ്ങനെ നിശ്ചയിക്കപ്പെട്ട വരയില്‍ വിചിത്രമായ വിഭജനമാണ് ബംഗാളിനു കുറുകെയുണ്ടായത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാതിരുന്നതെന്ന് തീര്‍ത്തു പറയാന്‍ സാധിക്കുന്ന ഏറെക്കുറെ അശാസ്ത്രീയമായ ആ വിഭജനത്തില്‍ ബംഗാളിനും ഇന്നത്തെ ബംഗ്ലാദേശിനും ഉള്ളില്‍ ഒട്ടനവധി നാട്ടുരാജാക്കന്മാരുടേയും സാമന്തന്മാരുടേയും ഗ്രാമങ്ങളും ഉള്‍പ്പെട്ടുപോയി. ഇരു രാജ്യങ്ങളും തമ്മില്‍  നിരന്തരമായി നടന്ന ചര്‍ച്ചകള്‍ക്കും സന്ധിസംഭാഷണങ്ങള്‍ക്കും ശേഷം സമീപഭൂതകാലത്തിലാണ് ആ അവസ്ഥ പരിഹരിക്കപ്പെട്ടത്. അതുവരെ ഇന്ത്യയ്ക്കുള്ളില്‍ ബംഗ്ലാദേശിയായും ബംഗ്ലാദേശില്‍ ഇന്ത്യക്കാരായും ജീവിക്കേണ്ടിവന്ന മനുഷ്യരുടെ അനേകം ഗ്രാമങ്ങളുണ്ടായിരുന്നു ഇരു രാജ്യത്തിന്റേയും അതിര്‍ത്തിപ്രദേശങ്ങളില്‍. 

പറഞ്ഞുവന്നത് ബാലൂര്‍ഘട്ടിന്റെ ചരിത്രത്തിലെ ഒരു ഓര്‍മ്മയെക്കുറിച്ചാണ്. 1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രയായപ്പോള്‍ മുന്നേ നിശ്ചയിക്കപ്പെട്ട വിഭജനത്തിന്റെ ധാരണയില്‍ ബാലൂര്‍ഘട്ടില്‍ സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ന്നത് കിഴക്കന്‍ പാകിസ്താന്‍ പതാകയാണ്. പിന്നീട് നിജസ്ഥിതി വെളിവാകും വരെ മൂന്നുദിവസം അതായത് ആഗസ്റ്റ് 18 വരെ ചന്ദ്രക്കലയുള്ള പച്ചക്കൊടി ബാലൂര്‍ഘട്ടില്‍ പാറിക്കളിച്ചു. തങ്ങള്‍ പാകിസ്താന്റെ ഭാഗമാണെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ തങ്ങള്‍ പാകിസ്താനിലായിപ്പോയതില്‍ ദുഃഖിക്കുകയായിരുന്നു ബാലൂര്‍ഘട്ടിലെ ഹിന്ദുഭൂരിപക്ഷം. ബൗണ്ടറി കമ്മിഷന്റെ വ്യക്തത വന്നതോടെ മൂന്നു ദിവസത്തിനുശേഷം പച്ചക്കൊടിയുടെ സ്ഥാനത്തേക്ക് മൂവര്‍ണ്ണക്കൊടിയേറി. മൂന്നു ദിവസം വൈകി ബാലൂര്‍ഘട്ടിലും സ്വാതന്ത്ര്യം പുലര്‍ന്നു. അതിനാല്‍ ഇന്നും ബാലൂര്‍ഘട്ടിലെ ആളുകളോട് സ്വാതന്ത്ര്യദിനം എന്നാണെന്നു ചോദിച്ചാല്‍ അവര്‍ പറയുന്ന ഉത്തരം ആഗസ്റ്റ് 18 എന്നായിരിക്കും. ഇന്നും ബാലൂര്‍ഘട്ടില്‍ മാത്രം ആഗസ്റ്റ് 18-നാണ് ആഗസ്റ്റ് 15. അതായത് ബാലൂര്‍ഘട്ടില്‍ ഇപ്പോഴും മൂന്നു ദിവസം വൈകിയാണ് സ്വാതന്ത്ര്യദിനം. ഓര്‍ത്തുനോക്കിയാല്‍ ചരിത്രത്തിലെ തമാശകളിലൊന്ന്. വിഭജനകാലത്തെ അസ്വസ്ഥമായ ഓര്‍മ്മകളിലൊന്ന്. ഇന്ന് അത്രയ്ക്കേ ഈ പഴയ പിശകിനു പ്രാധാന്യമുള്ളൂ. എങ്കിലും ഒരാചാരം പോലെ ബംഗാളികള്‍ അതും ആഘോഷിക്കുന്നു. 

എട്ട് പതിറ്റാണ്ടായി എല്ലാ വര്‍ഷവും സെപ്തംബര്‍ 14-ന് ബാലൂര്‍ഘട്ട് ദേശവാസികള്‍ ഡാങ്കിഘട്ടില്‍  ഒത്തുകൂടുന്നുണ്ട്. എങ്കിലും 1997 സെപ്തംബര്‍ 14 വരെ ഡാങ്കിഘട്ടില്‍ ഒരു സ്മാരകമുണ്ടായിരുന്നില്ല. ഒടുവില്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൊന്ന് നടന്ന ഡാങ്കിഘട്ടിലും സ്മൃതികുടീരമുണ്ടായി. ചരിത്രത്തിന്റെ ഉജ്ജ്വലമായ ഓര്‍മ്മകള്‍ പേറുന്നവരും പഴയ പോരാളികളുടെ മക്കളും പുതിയ തലമുറയും ഡാങ്കിയില്‍നിന്നും പ്രദക്ഷിണവും ഘോഷയാത്രയുമായി എല്ലാ വര്‍ഷവും പഴയ ട്രഷറി കെട്ടിടത്തിലേക്കെത്തും. അതുപോലെ പിയൂഷ് കാന്തിദേവിന്റേയും മറ്റുള്ളവരുടേയും പരിശ്രമഫലമായി 2021 ഡിസംബര്‍ 30-ന് ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനത്ത് 1942-ന്റെ ഓര്‍മ്മയ്ക്കായി ഒരു സ്മൃതികുടീരം സ്ഥാപിക്കപ്പെട്ടു. അവിടെ പ്രഭാഷണങ്ങളും പുഷ്പാര്‍ച്ചനയും നടത്തി പട്ടണവാസികള്‍ മടങ്ങും. കഴിഞ്ഞ വര്‍ഷം ബാലൂര്‍ഘട്ട് ബൈസിക്കിള്‍ കമ്യൂണിറ്റി വിപുലമായ സൈക്കിള്‍ റാലിയും സംഘടിപ്പിച്ചിരുന്നു. എല്ലാ വര്‍ഷവും ഇങ്ങനെ എന്തെങ്കിലും വ്യത്യസ്തമായ ആഘോഷങ്ങള്‍ ഉണ്ടാവും. എണ്‍പത് വര്‍ഷമായി ഇത് മുടങ്ങാതെ നടക്കുന്നു.

ബാലൂര്‍ഘട്ടില്‍നിന്നും മടങ്ങുമ്പോള്‍ ഒന്നേ മനസ്സിലുണ്ടായിരുന്നുള്ളൂ. മനുഷ്യരുടേയും രാജ്യങ്ങളുടേയും സ്വാതന്ത്ര്യത്തിന് എത്ര വേഷപ്പകര്‍ച്ചകളുണ്ട്!

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com