ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്കാര്‍ക്കു വേണ്ടി ചെയ്യാത്ത ഒരു കാര്യം!

അദ്ദേഹം കയ്യില്‍ വാച്ചുകെട്ടാറില്ലായിരുന്നു. അദ്ദേഹത്തിന്റെ പോക്കറ്റില്‍ ഒരു പേഴ്സ് ഇല്ലായിരുന്നു. അദ്ദേഹം സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കാറില്ലായിരുന്നു
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്കാര്‍ക്കു വേണ്ടി ചെയ്യാത്ത ഒരു കാര്യം!

മ്മന്‍ ചാണ്ടി മരിച്ചോ എന്നു ചോദിച്ചാല്‍ അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്നു പറയാനാണ് എനിക്കിഷ്ടം. എങ്ങനെയാണ് അദ്ദേഹം ജനഹൃദയങ്ങളില്‍ ജീവിച്ചിരിക്കുന്നത്? കോണ്‍ഗ്രസ്സിലെ അനിഷേധ്യ നോതാവായിരുന്നതുകൊണ്ടോ അരനൂറ്റാണ്ടിലേറെ എം.എല്‍.എ ആയിരുന്നതുകൊണ്ടോ, രണ്ടു തവണ കേരളത്തില്‍ മുഖ്യമന്ത്രി ആയിരുന്നതുകൊണ്ടോ ഒന്നുമല്ല അദ്ദേഹം ജനഹൃദയങ്ങളില്‍ ജീവിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയോട് രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉള്ളവരുടെ ഉള്ളിലും ഒരു 'ഉമ്മന്‍ ചാണ്ടി' ഒളിഞ്ഞിരിക്കുന്നുണ്ടെന്നുള്ള വസ്തുത ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പല രാഷ്ട്രീയ നേതാക്കളെ കാണുമ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. ആ ഉമ്മന്‍ ചാണ്ടിയെ അവര്‍ ഭയപ്പെട്ടിരുന്നു - ജനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന, ജനങ്ങള്‍ സ്‌നേഹിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെ.

ഉമ്മന്‍ ചാണ്ടിയെപ്പോലെ ആകാന്‍ ഉമ്മന്‍ ചാണ്ടിക്കു മാത്രമെ കഴിയൂ. ഉമ്മന്‍ ചാണ്ടിയാകാന്‍ ഒരാള്‍ ജനങ്ങളോടു സ്‌നേഹവും കരുതലും കാണിക്കണം, ത്യാഗം അനുഭവിക്കണം, സ്വന്തം സമയം മറ്റുള്ളവര്‍ക്കായി നീക്കിവയ്ക്കണം, പരാതിയും പരിഭവവും കേള്‍ക്കാന്‍ ചെവികൊടുക്കണം, മനസ്സു മടുക്കാതെ സേവനം ചെയ്യണം, ഉറക്കമിളച്ചും ഊണ് ഉപേക്ഷിച്ചും സഞ്ചരിക്കണം, കൃത്യനിഷ്ഠ പാലിക്കണം, പുഞ്ചിരിക്കണം, ഒരു കാതം കൂടെ സഞ്ചരിക്കേണ്ടവന്റെ കൂടെ അഞ്ചുകാതം സഞ്ചരിക്കണം, മറ്റുള്ളവന്റെ കുരിശ് ചുമക്കണം, വെറുപ്പും വിദ്വേഷവും ത്യജിക്കണം... ഇങ്ങനെ ഒത്തിരി കാര്യങ്ങളുണ്ട്. 

വാച്ചും പേഴ്‌സുമില്ലാത്ത നേതാവ് 

ഉമ്മന്‍ ചാണ്ടിയില്‍ ഞാന്‍ കാണുന്ന രണ്ടുമൂന്ന് കുറവുകളുണ്ട് ഒന്ന്, അദ്ദേഹം കയ്യില്‍ വാച്ചുകെട്ടാറില്ലായിരുന്നു. രണ്ട്, അദ്ദേഹത്തിന്റെ പോക്കറ്റില്‍ ഒരു പേഴ്സ് ഇല്ലായിരുന്നു. മൂന്ന്, അദ്ദേഹം സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കാറില്ലായിരുന്നു. ഇതൊന്നും ഇല്ലാതെ ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രീയ നേതാവിന് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും? ആ നിലയില്‍ ഉമ്മന്‍ ചാണ്ടി ഒരു അത്ഭുത വ്യക്തിത്വം തന്നെ. എം.എല്‍.എ ആയിരിക്കുമ്പോഴും മന്ത്രി ആയിരിക്കുമ്പോഴും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരിക്കുമ്പോഴും കാറില്‍ സഞ്ചരിക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഞാന്‍ കണ്ടിട്ടുണ്ട്. അര്‍ദ്ധരാത്രിയില്‍ വഴിയില്‍ കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചു വണ്ടിയില്‍ ഞെരുങ്ങിയിരുന്നു സഞ്ചരിക്കുന്നവരെ കണ്ടിട്ടില്ലേ? അതുപോലെ സ്വന്തം വണ്ടിയില്‍ ''ലിഫ്റ്റ്' ചോദിച്ചു കയറി സഞ്ചരിക്കുന്ന ഒരു അത്ഭുത വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി. എന്റെ ഒരു അനുഭവം പറയാം. എന്റെ ഭാര്യമാതാവ് സ്ട്രോക്ക് വന്ന് ആശുപത്രിയിലായി. ഞാനും ഭാര്യയും രണ്ടു മക്കളും രാത്രിയില്‍ കോട്ടയത്തുനിന്ന് മലബാര്‍ എക്സ്പ്രസ്സില്‍ കയറി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി. ഞങ്ങള്‍ ട്രെയിന്‍ ഇറങ്ങി ഓട്ടോറിക്ഷയ്ക്ക് കാത്തുനിന്നപ്പോള്‍ അതാ, ഉമ്മന്‍ ചാണ്ടി ഒരു ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ വരുന്നു. പുലര്‍ച്ചെ നാലര അഞ്ചായി. നല്ല മഴ. ഒപ്പം ക്ഷീണിച്ച കുട്ടികളുടെ കരച്ചില്‍. ഭാര്യയ്ക്ക് അമ്മയെ കാണാന്‍ ആശുപത്രിയിലെത്തണം. ആകെക്കൂടി ഞാന്‍ വിഷണ്ണിച്ചു നില്‍ക്കുകയാണ്. 
ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന എന്നെ കണ്ടിട്ട് ഉമ്മന്‍ ചാണ്ടി ചോദിച്ചു:

''എങ്ങോട്ടാ?''

ആശുപത്രിയിലേക്കാണെന്നു ഞാന്‍ മറുപടി പറഞ്ഞു. അപ്പോഴേയ്ക്കും ഉമ്മന്‍ ചാണ്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ കെ.സി. അബുവും സംഘവും എത്തി. ഒരു ടാക്സിക്കാറാണ്. എല്ലാവരും നോക്കിനില്‍ക്കെ, കാറില്‍ കയറാന്‍ ഞങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഞങ്ങള്‍ കയറും മുന്‍പ് കുറേപ്പേര്‍ കാറില്‍കയറി. ഞങ്ങള്‍ നാലുപേരും കയറിപ്പറ്റി. ഒടുവില്‍ നോക്കുമ്പോള്‍ അതാ, ഉമ്മന്‍ ചാണ്ടി ഔട്ടായിരിക്കുന്നു! എന്റെ കൊച്ചുമകളെ മടിയിലിരുത്തി ഒടുവില്‍ അദ്ദേഹവും കയറി. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗസ്റ്റ് ഹൗസിലേക്ക് പോകേണ്ട കാര്‍ അദ്ദേഹം മാവൂര്‍ റോഡിലെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്കു തിരിച്ചുവിട്ടു. ഇങ്ങനെയായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹം സഞ്ചരിച്ചത് ജനങ്ങളുടെ കൂടെയായിരുന്നു. മനുഷ്യന്റെ വേദനയും സങ്കടവും തിരിച്ചറിയാനുള്ള സിദ്ധിയാണ് ഉമ്മന്‍ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത്. ഞാന്‍ കണ്ടിട്ടുള്ള എല്ലാ സന്ദര്‍ഭത്തിലും, അതു വീട്ടിലായാലും നാട്ടിലായാലും വലിയൊരു ജനസഞ്ചയത്തിന്റെ നടുവിലായിരുന്നു ഉമ്മന്‍ ചാണ്ടി. അതിരാവിലെ, അല്ലെങ്കില്‍ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ ചെന്നാല്‍ ഒരു പെരുന്നാളിന്റെ തിരക്ക് ഞാനവിടെ കണ്ടിട്ടുണ്ട്. 

ഒരിക്കല്‍ ഞാന്‍ പുതുപ്പള്ളി പള്ളിയില്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രിയായതിന്റെ സ്വീകരണം കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി കാറില്‍ കയറാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്ന് ഒരു വൃദ്ധ നിലവിളിച്ചുകൊണ്ട് കാറിനു സമീപത്തേക്കു വന്നു. ആ സ്ത്രീ ഉമ്മന്‍ ചാണ്ടിയുടെ കാല്‍ക്കല്‍ വീണ് കരയുകയാണ്. 

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിധി വന്ന ശേഷം സന്തോഷത്തോടെ ഫോണിൽ പ്രതികരിക്കുന്ന ഉമ്മൻ ചാണ്ടി. അരികിൽ കൊച്ചുമകൻ/ എക്സ്പ്രസ് ഫോട്ടോ
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിധി വന്ന ശേഷം സന്തോഷത്തോടെ ഫോണിൽ പ്രതികരിക്കുന്ന ഉമ്മൻ ചാണ്ടി. അരികിൽ കൊച്ചുമകൻ/ എക്സ്പ്രസ് ഫോട്ടോ

''എന്റെ കുഞ്ഞൂഞ്ഞേ പോകല്ലേ...'' എന്നു പറഞ്ഞുകൊണ്ടാണ് കരച്ചില്‍. മുഖ്യമന്ത്രിപദം ഏറ്റ ഘട്ടത്തില്‍ കുറെ പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. ആ സ്ത്രീയെ അവര്‍ തടയാന്‍ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി കൂടെ നിന്ന സഹായിയോട് ഇങ്ങനെ പറഞ്ഞു:

''ഈ അമ്മയെ കാറില്‍ അവരുടെ വീട്ടില്‍ എത്തിക്കണം. അവരുടെ ആവശ്യം എന്താണെന്നു ചോദിച്ച് എന്നെ അറിയിക്കണം.''

ഇങ്ങനെയായിരുന്നു ഉമ്മന്‍ ചാണ്ടി. കരയുന്നവരുടേയും വേദനിക്കുന്നവരുടേയും ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു വലിയ സന്മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. നമ്മള്‍ സിനിമാതാരങ്ങളേയും വലിയ നേതാക്കളേയും അറിയുന്നതുപോലെയായിരുന്നു ഉമ്മന്‍ ചാണ്ടി പാവപ്പെട്ട ജനങ്ങളെ തിരിച്ചറിഞ്ഞിരുന്നത്. കല്യാണവീട്ടില്‍ പോയി സന്തോഷത്തിലും മരിച്ചവീട്ടില്‍ പോയി ദുഃഖത്തിലും പങ്കുചേരുന്ന ഉമ്മന്‍ ചാണ്ടി തികച്ചും വ്യത്യസ്തനായിരുന്നു. 

കുമരകത്ത് ജനിച്ചതെങ്കിലും കോട്ടയത്തും തിരുവനന്തപുരത്തും ഉമ്മന്‍ ചാണ്ടി എന്നും പുതുപ്പള്ളിക്കു സ്വന്തമായിരുന്നു. തിരുവനന്തപുരത്തെ 'പുതുപ്പള്ളി' ഹൗസില്‍നിന്നു വെള്ളിയാഴ്ച രാത്രി പുതുപ്പള്ളിയിലെത്തിയാല്‍ കുറഞ്ഞത് നൂറ് പരിപാടിയിലെങ്കിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു. ഞായറാഴ്ച രാവിലെ ആറരയ്ക്ക് പുതുപ്പള്ളി പള്ളിയിലെ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത് കല്‍ക്കുരിശ്ശില്‍ തിരിയും കൊളുത്തിയിട്ടാണ് ഉമ്മന്‍ ചാണ്ടി എങ്ങോട്ടെങ്കിലും പോയിരുന്നത്. മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ ആയിരിക്കുമ്പോഴും ഒരാശാന ഞായറാഴ്ച കുരുത്തോല പിടിച്ച് വിശ്വാസികളുടെ ഒപ്പം നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സാധാരണക്കാരില്‍ സാധാരണക്കാരന്‍ മാത്രമായിരുന്നു. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയിലും ഭക്തിപൂര്‍വ്വം പങ്കെടുക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു. ഒരിക്കല്‍ ഞാനും കാലടി യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലറായിരുന്ന കെ.എസ്. രാധാകൃഷ്ണനും ഉമ്മന്‍ ചാണ്ടിയും കൂടി പത്തനാപുരത്തു തോമാ മാര്‍ ദീവനാസ്യോസ് മെത്രാപ്പോലീത്തായുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഞങ്ങള്‍ക്കു ഭക്ഷണം വിളമ്പിയപ്പോള്‍ മാത്രമാണ് അന്ന് മൂന്നുനോമ്പാണെന്ന് ഞാന്‍ ഓര്‍ത്തത്. ഉമ്മന്‍ ചാണ്ടി മീനും ഇറച്ചിയും ഒന്നും കഴിച്ചില്ല. ഇങ്ങനെ ഒരു വിശ്വാസിയുടെ ആചാരാനുഷ്ഠാനങ്ങളെല്ലാം ഉമ്മന്‍ ചാണ്ടി പാലിച്ചിരുന്നു. 

പുതുപ്പള്ളിയില്‍ 1970-ലാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ ഇ.എം. ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയുടെ ജയത്തിനുവേണ്ടി ഇലക്ഷന്‍ രംഗത്തുണ്ടായിരുന്ന പി.സി. ചെറിയാന്‍ പടിഞ്ഞാറെക്കര പിന്മാറി. ഇരുപത്തിയേഴാം വയസ്സില്‍  തുടങ്ങിയ ജയം അരനൂറ്റാണ്ട്  പിന്നിട്ടു കഴിഞ്ഞു. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി എന്നും കുഞ്ഞൂഞ്ഞാണ്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ ചടങ്ങുകളില്‍ വേദിയില്‍ ഇരിക്കുമ്പോള്‍ ആളുകള്‍ വന്ന് ആലിംഗനം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സെക്യൂരിറ്റി നോക്കിനിന്നാലും ആ സ്‌നേഹചുംബനങ്ങള്‍ മുടങ്ങിയിരുന്നില്ല. എം.എല്‍.എ ആയിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്കാര്‍ക്കുവേണ്ടി ചെയ്യാത്ത ഒരു കാര്യമുണ്ട് - പുതുപ്പള്ളിയില്‍ അദ്ദേഹം ഒരു പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചില്ല! പൊലീസിനെ വിളിച്ചു വിരട്ടാനോ എതിരാളികളെ അധിക്ഷേപിക്കാനോ ഉമ്മന്‍ ചാണ്ടി ഒരിക്കലും തുനിഞ്ഞിട്ടില്ല. കേരളത്തിലെ ചില പ്രമുഖ നേതാക്കള്‍ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോഴും വേദനിപ്പിച്ചപ്പോഴും ഒരു വിശുദ്ധനെപ്പോലെയാണ്  ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിട്ടുള്ളത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com