മിലന്‍ കുന്ദേര; മറവിയുടെ രാഷ്ട്രീയം, പലായനത്തിന്റെ ഓര്‍മ്മ

വീണ്ടെടുക്കുമ്പോഴും അപര്യാപ്തമാകുന്ന ഓര്‍മ്മയുടെ വിദൂരപാതകളില്‍ പലായനത്തിന്റെ അനിശ്ചിതത്വം കൂടിക്കലരുമ്പോള്‍ കുന്ദേരയുടെ കഥാപാത്രങ്ങള്‍ ആശ്രയമറ്റവരായി മാറുന്നു
മിലന്‍ കുന്ദേര
മിലന്‍ കുന്ദേര

കാലമേറെ ചെല്ലുമ്പോള്‍ മറ്റ് എഴുത്തുകാരില്‍നിന്നും വ്യതിരിക്തമായി മിലന്‍ കുന്ദേരയെ നാം എങ്ങനെയാവും ഓര്‍മ്മിക്കുക? മാഞ്ഞുപോയ സ്മരണകളുടെ ഇല്ലാവാതിലുകളില്‍ മുട്ടിവിളിച്ച നിസ്സഹായരായ മനുഷ്യരുടെ പ്രതിനിധിയായോ? നൃശംസതയുടെ ഇരുണ്ട കോട്ടകള്‍ ഓര്‍മ്മയുടെ ദിവ്യസ്ഫുരണമാര്‍ന്ന വാക്കുകളാല്‍ തുറന്നുതന്ന മാന്ത്രികനായോ? ഏകാധിപത്യത്തിന്റെ ഭീഷണമായ പ്രത്യയശാസ്ത്രത്തിനെതിരെ അക്ഷരങ്ങളുടെ ഉണ്‍മയെ ആയുധമാക്കിയ വിമതസ്വരമായോ? പലായനത്തിന്റെ അനിവാര്യതയും മറവിയുടെ രാഷ്ട്രീയവും അനന്യമായ ദാര്‍ശനിക ബോധ്യത്തോടെ സാഹിത്യത്തില്‍ അയാളപ്പെടുത്തിയ എഴുത്തുകാരനായോ? ഓര്‍മ്മയായി മാറിയ ഓര്‍മ്മയായോ? 
1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലോവോക്യയിലെ ബേര്‍നോ (Brno) നഗരത്തില്‍ ജനിച്ച മിലന്‍ കുന്ദേര യൂറോപ്യന്‍ സാഹിത്യത്തിലെ വേറിട്ട ശബ്ദമായി നിലകൊണ്ടു. അദ്ദേഹത്തിന്റെ പിതാവ് ലുഡ്‌വിക് കുന്ദേര പ്രശസ്തനായ സംഗീജ്ഞനായിരുന്നു. നാസികളുടെ അധിനിവേശം തന്റെ തലമുറയിലെ മറ്റുള്ളവരെപ്പോലെ കുന്ദേരയിലും കമ്യൂണിസ്റ്റ് ആഭിമുഖ്യത്തിനു കാരണമായി. പാര്‍ട്ടി അംഗമായിരുന്ന കുന്ദേര പ്രാഗിലെ ചാള്‍സ് യൂണിവേഴ്‌സിറ്റിയില്‍ കലയും സാഹിത്യവും പഠിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരം, 1948ല്‍ ചെക്കോസ്ലോവോക്യയില്‍ കമ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വന്നു. 1950ല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പുറത്താക്കപ്പെട്ട കുന്ദേര ഏകാധിപത്യം വിതയ്ക്കുന്ന വിനാശത്തെ വിശകലനം ചെയ്തു തുടങ്ങി. വ്യക്തിപരമായ ഈ അനുഭവമാണ് 'The Joke' എന്ന നോവലിനു പ്രചോദനമായത്. 1956ല്‍ പാര്‍ട്ടി കുന്ദേരയുടെ അംഗത്വം പുന:സ്ഥാപിച്ചെങ്കിലും 1970ല്‍ വീണ്ടും പുറത്താക്കപ്പെട്ടു. 1968ലെ 'പ്രാഗ് വസന്തം' കുന്ദേരയ്ക്ക് പ്രതീക്ഷയുടെ തണലേകിയെങ്കിലും അതേ വര്‍ഷമുണ്ടായ റഷ്യന്‍ അധിനിവേശം രാജ്യത്തെ വീണ്ടും ഏകാധിപത്യത്തിന്റെ കടുത്ത ഇരുളിലാഴ്ത്തി. കമ്യൂണിസത്തെ പിന്‍പറ്റുന്ന തന്റെ ആദ്യകാല കൃതികളായ 'Man, a Wide Garden' (1953), 'Monologues' (1957) എന്നീ കവിതാസമാഹാരങ്ങളും 'The Owners' of the Keys' (1962) എന്ന നാടകവും പില്‍ക്കാലത്ത് കുന്ദേര കയ്യൊഴിഞ്ഞു. സോവിയറ്റ് സോഷ്യലിസ്റ്റ് റിയലിസവും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ നിഷേധിക്കുന്ന അവാങ് ഗാര്‍ദ് സാഹിത്യവും തമ്മിലുള്ള വൈരുദ്ധ്യം പ്രമേയവല്‍ക്കരിച്ച 'Arguing about Our Inheritance' എന്ന ലേഖനം കുന്ദേരയ്ക്ക് വിനയായി. കമ്യൂണിസ്റ്റ് ഭരണകൂടം എഴുത്തുകാരെ അടിമകളാക്കുന്നതിനെതിരെ 1967ലെ സാഹിത്യസമ്മേളനത്തില്‍ കുന്ദേര നടത്തിയ പ്രഭാഷണം വിവാദങ്ങള്‍ ഉയര്‍ത്തി. അതേ വര്‍ഷം പ്രസിദ്ധീകരിച്ച 'The Joke' എന്ന നോവല്‍ ഏകാധിപത്യത്തിന്റെ പരിഹാസ്യത തുറന്നുകാട്ടിയതോടെ കുന്ദേരയ്ക്ക് പാര്‍ട്ടിയില്‍നിന്നും പുറത്തേക്കുള്ള വഴി തുറന്നു. പ്രാഗിലെ ഫിലിം അക്കാദമിയിലെ അദ്ധ്യാപക ജോലി അദ്ദേഹത്തിനു നഷ്ടമായി. കുന്ദേരയുടെ കൃതികള്‍ ചെക്കോസ്ലോവാക്യയിലെ വായനശാലകളില്‍നിന്നും പുസ്തകശാലകളില്‍നിന്നും അപ്രത്യക്ഷമായി. തന്റെ ആദ്യകാല കമ്യൂണിസ്റ്റ് ആഭിമുഖ്യത്തിനുള്ള പ്രായശ്ചിത്തമെന്നപോലെ 'Life is Elsewhere' (1973) എന്ന നോവലില്‍ അതിഭാവുകത്വം നിറഞ്ഞ ശൈലിയേയും അപക്വമായ യുവകാമനകളേയും ആത്മരതിയേയും കുന്ദേര പരിഹസിക്കുന്നു. 1975ല്‍ ഭാര്യ, വേര (Vera)യുമൊത്ത് കുന്ദേര ഫ്രാന്‍സിലേക്കു പലായനം ചെയ്തു. 2023ല്‍ 94ാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ ദേശീയതയുടെ ഇടുങ്ങിയ ഇടങ്ങളെ മറികടന്ന കുന്ദേര, സമഗ്രാധിപത്യത്തിന്റെ എക്കാലത്തേയും വലിയ വിമര്‍ശകരില്‍ ഒരാളായി മാറിയിരുന്നു. 

ജനതയില്‍ വിധേയത്വം നിലനിര്‍ത്തുവാന്‍ സമഗ്രാധിപത്യത്തിന് എപ്പോഴും ഇരകളെ ആവശ്യമാണ്. സര്‍വ്വസാധാരണമായ 
ജീവിതചര്യകളില്‍, നിസ്സാരതകളില്‍ അവര്‍ രാജ്യദ്രോഹത്തിനുള്ള പഴുതുകള്‍ കണ്ടെത്തുന്നു. പരിഹാസ്യമായ ഈ നിഷ്ഠുരതയുടെ ഇരുള്‍വീണ ലോകമാണ് 'The Joke' എന്ന നോവലില്‍ കുന്ദേര ആലേഖനം ചെയ്യുന്നത്. ലുഡ്‌വിക്കിന്റെ നിര്‍ദോഷമായ ഒരു തമാശ അയാളുടെ ജീവിതത്തെ അപ്രതീക്ഷിതമായി അനിശ്ചിതത്വത്തിലാഴ്ത്തുന്നു. 1950ല്‍ ഈ സംഭവം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥിയായിരുന്ന ലുഡ്‌വിക്ക് ചെക്ക് കമ്യൂണിസ്റ്റ് ഭരണകൂടത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. സദാ ഗൗരവഭാവമാര്‍ന്ന ഒരു സഹപാഠിയെ ഒന്നു കളിയാക്കുവാനായി അയാള്‍ അവള്‍ക്ക് ഒരു കാര്‍ഡ് അയക്കുന്നു. അതില്‍ ലുഡ്‌വിക്ക് ഇങ്ങനെ എഴുതി: 'Optimism is the opium of the people. A healthy atmosphere stinks of stupidtiy. Long live Trotsky'. സ്റ്റാലിന്റെ നിലപാടുകള്‍ക്കു പ്രതിരോധം തീര്‍ക്കുന്ന രാഷ്ട്രീയ വീക്ഷണങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന അവള്‍ക്ക് ഈ വരികളിലെ ഫലിതം ആസ്വദിക്കുവാന്‍ കഴിഞ്ഞില്ല. വ്യക്തിപരമായ ഈ സന്ദേശത്തില്‍ ഭരണകൂടം വിപല്‍സൂചനകള്‍ വായിച്ചെടുക്കുന്നു. പാര്‍ട്ടി മേലാളന്മാര്‍ക്ക് അനഭിമതനാകുന്ന ലുഡ്‌വിക്കിനെ സുഹൃത്തുക്കളും കയ്യൊഴിയുന്നു. കോളേജില്‍നിന്നും പുറത്താക്കപ്പെടുന്ന അയാള്‍ക്ക് ഏറെ വര്‍ഷങ്ങള്‍ ഖനികളില്‍ നിര്‍ബ്ബന്ധിത സേവനം ചെയ്യേണ്ടിവരുന്നു. ഭരണകൂടത്തിന്റെ കഴുകന്‍ കണ്ണുകള്‍ ലുഡ്‌വിക്കിനെ നിരന്തരം നിരീക്ഷിക്കുന്നു. പാര്‍ട്ടിലൈനില്‍നിന്നും വ്യതിചലിച്ച ലുഡ്‌വിക്കിന്റെ ജീവിതം സാമൂഹിക ആഭിമുഖ്യമില്ലാത്ത, വ്യക്തിനിഷ്ഠമായ താല്പര്യങ്ങള്‍ മാത്രമുള്ള ഒരു പ്രതിലോമകാരിയായി അയാള്‍ വിലയിരുത്തപ്പെടുന്നു. അയാളുടെ വരികളിലെ തമാശ അവര്‍ക്കു പ്രതിവിപ്ലവത്തിന്റെ ആപല്‍സൂചനയാകുന്നു. ഫലിതം 
പ്രത്യയശാസ്ത്രപരമായ ദൗര്‍ബ്ബല്യമാകുന്ന ലോകത്ത് ചിരി വന്‍ വിനയാകുന്നു. ഖനിയിലെ കഠിനമായ ശിക്ഷാകാലത്തു ലഭിക്കുന്ന അവധിദിനങ്ങളിലൊന്നില്‍ അയാള്‍ മൂകയായ ലൂസി എന്ന യുവതിയുമായി അടുപ്പത്തിലാകുന്നു. സദാ ഭയചകിതയായ അവളോടുള്ള പ്രണയം ലുഡ്‌വിക്കിനെ നിരാശയിലാഴ്ത്തുന്നു.

ശിക്ഷാകാലാവധി കഴിഞ്ഞ് പഠനം പൂര്‍ത്തീകരിച്ച ലുഡ്‌വിക്ക് ഒരു പ്രമുഖ ശാസ്ത്രജ്ഞനായി മാറുന്നു. തന്നെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുവാന്‍ കൂട്ടുനിന്ന പൂര്‍വ്വകാല സുഹൃത്ത് പാവെലിനോടുള്ള അമര്‍ഷം അയാളെ വിട്ടൊഴിയുന്നില്ല. പാവെലിന്റെ ഭാര്യ ഹെലീനയെ കാണാനിടയായതോടെ ഒരു പ്രതികാര പദ്ധതിക്ക് ലുഡ്‌വിക് രൂപമേകുന്നു. ഹെലീനയോടു പ്രണയം നടിച്ച് പാവെലിനോടു പ്രതികാരം ചെയ്യുക. ഹെലീനയെ ഒഴിവാക്കുവാന്‍ തക്കംപാര്‍ത്തിരുന്ന പാവെലിനു അവളുടെ പ്രണയം ആശ്വാസമാകുമ്പോള്‍ ലുഡ്‌വിക്കിന്റെ ജീവിതം തന്നെ വലിയൊരു തമാശയാകുന്നു. നോവലിന്റെ ആമുഖത്തില്‍ കുന്ദേര കുറിക്കുന്ന വരികള്‍ ലുഡ്‌വിക്കിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു: 'മനുഷ്യന്‍ ഒരു ഫലിതത്തിന്റെ കെണിയിലകപ്പെട്ട് വ്യക്തിപരമായ ദുരന്തം അനുഭവിക്കുന്നു.' മറ്റുള്ളവര്‍ക്ക് ലുഡ്‌വിക്കിന്റെ അനുഭവം പരിഹാസ്യമായി തോന്നാം. ഫലിതം, ദുരന്തത്തിന്റെ ഇരയായി മാറുവാനുള്ള അയാളുടെ അവകാശം നിഷേധിക്കുന്നുവെന്നതാണ് അയാളുടെ ദുരന്തം. അയാള്‍ നിസ്സാരതകളില്‍ അഭിരമിക്കുവാന്‍ വിധിക്കപ്പെട്ടവനാകുന്നു. സോവിയറ്റ് ആധിപത്യകാലത്തെ ചെക്ക് ജീവിതത്തെ പരിഹസിക്കുന്ന ഈ നോവല്‍ നിരോധിക്കപ്പെട്ടതില്‍ അതിശയമില്ല. നോവല്‍ മാത്രമല്ല, അതിനെ ആധാരമാക്കി ചെക്ക് ന്യൂ വേവ് സംവിധായകന്‍ ഖമൃീാശഹ ഖശൃല െഎടുത്ത സിനിമയും നിരോധിക്കപ്പെട്ടു. ഭീതിയും 
ദുരന്തവും വിതയ്ക്കുന്ന സമഗ്രാധിപത്യത്തെ എതിരിടുവാന്‍ എഴുത്തുകാരന്റെ കൈവശമുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഹാസ്യം തന്നെയാണെന്ന് ഈ നോവലിലൂടെ കുന്ദേര തെളിയിക്കുന്നു. ഫലിതമായിത്തീര്‍ന്ന തന്റെ പ്രതികാരത്തെക്കുറിച്ച് ദാര്‍ശനികമായി വിശകലനം ചെയ്യുന്ന ലുഡ്‌വിക് ഏകാധിപത്യം നിലനില്‍ക്കുമ്പോള്‍ ജീവിതം അടിസ്ഥാനപരമായി ഫലിതം മാത്രമാണെന്നും അതു ചരിത്രപരമായ അനിവാര്യതയാണെന്നും തിരിച്ചറിയുന്നു. 

സ്വത്വത്തിന്റെ അനിശ്ചിതത്വം

കുന്ദേരയുടെ കഥാലോകത്തെ അടിസ്ഥാന ധാരകളായ കുടിയേറ്റവും ഓര്‍മ്മയും പ്രമേയമാകുന്ന നോവലാണ് The Book of laughter and Forgetting (1979). സകല അധികാര സ്വരൂപങ്ങളേയും എതിര്‍ക്കുന്ന സ്വാതന്ത്ര്യദാഹിയും ഏകാധിപത്യത്തെ പ്രതിരോധിക്കുന്നവനുമായ എഴുത്തുകാരന്റെ സാന്നിദ്ധ്യം ഈ നോവലില്‍ ദൃശ്യമാണ്. മറവിയുടെ രാഷ്ട്രീയവും പലായനവും പ്രവാസവുമേകുന്ന സ്വത്വത്തിന്റെ അനിശ്ചിതത്വവും ഓര്‍മ്മയും മറവിയും തമ്മിലുള്ള വൈരുദ്ധ്യവും പാരസ്പര്യവും കുന്ദേരയുടെ പില്‍ക്കാല നോവലുകളില്‍ എന്നപോലെ ഇതിലും പ്രകടമാകുന്നു. മരണത്തിന്റെ ഇരട്ടമുഖങ്ങള്‍ അസ്തിത്വരാഹിത്യവും ശവശരീരത്തിന്റെ ഭൗതികമായ അസ്തിത്വവുമാണെന്നു കുന്ദേര പറയുന്നു. ഈ നോവലിലെ മിറെക് എന്ന കഥാപാത്രത്തിലൂടെ കുന്ദേരയുടെ ഏറ്റവും പ്രശസ്തമായ ഒരു വാക്യം അധികാരഘടനകള്‍ക്കെതിരെയുള്ള ഓര്‍മ്മയുടെ നിരന്തര പ്രതിരോധം എന്ന ആശയം പ്രകടമാക്കുന്നു: 'അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടം മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ പോരാട്ടം തന്നെയാണ്'. ഭൂതകാല സ്മരണകള്‍ മായ്ച്ച് അതിനെ തിരുത്തിയെഴുതുവാനുള്ള അധികാരഘടനയുടെ പരിശ്രമം മനുഷ്യചരിത്രത്തില്‍ ഉടനീളം ആവര്‍ത്തിച്ചുകാണുന്ന ഭീതിദമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഏകാധിപതികള്‍ ജനതകള്‍ക്കുമേല്‍ ചരിത്രപരമായ മറവിയും നിര്‍മ്മിത ചരിത്രവും ഒരേസമയം അടിച്ചേല്പിക്കുന്നു. ഇവയില്‍നിന്നും വിമോചനം നേടുവാന്‍ ആഗ്രഹിക്കുന്ന കുന്ദേരയുടെ കഥാപാത്രങ്ങള്‍ പക്ഷേ, അതില്‍ പൂര്‍ണ്ണമായും വിജയിക്കുന്നില്ല. 

പ്രാഗ് വസന്തത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് അലക്‌സാണ്ടര്‍ ദ്യൂബ്‌ചെക്കിനെ പുറത്താക്കി സോവിയറ്റ് യൂണിയന്‍ അവരോധിച്ച ഗുസ്താവ് ഹ്യൂസാക്ക് അറിയപ്പെടുന്നതുതന്നെ മറവിയുടെ പ്രസിഡന്റ് എന്നാണ്. വന്യമായ ക്രൂരതകളിലൂടെ ജനജീവിതം ദുസ്സഹമാക്കിയശേഷം ഏകാധിപത്യം അവയെല്ലാം മറക്കുവാന്‍ ആവശ്യപ്പെടുന്നു; ഇരകള്‍ കുറ്റവാളികളും അധികാരികളുടെ പിണിയാളുകള്‍ രാജ്യതാല്പര്യം സംരക്ഷിക്കുന്നവരുമായി മാറുന്നു. എങ്കിലും ഓര്‍മ്മയുടെ ചെറുത്തുനില്‍പ്പില്‍ സ്മരണകള്‍ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ പലപ്പോഴും പരിഹാസ്യമാകുന്നു. 

'The Book of Laughter and Forgetting' എന്ന നോവലിന്റെ നാലും (നഷ്ടപ്പെട്ട കത്തുകള്‍) ആറും ഭാഗങ്ങള്‍ (മാലാഖമാര്‍) റ്റാമിന എന്ന പ്രവാസിയുടെ ജീവിതം പ്രമേയമാക്കുന്നു. 'ഇത് റ്റാമിനയെക്കുറിച്ചുള്ള നോവലാണ്; അവളുടെ അസാന്നിദ്ധ്യത്തില്‍ അവള്‍ക്കുവേണ്ടിയുള്ള നോവലും'. നോവലിലെ വിവിധ കഥാധാരകളില്‍ റ്റാമിനയുടെ കഥ പ്രതിഫലിക്കുന്നു. പ്രവാസജീവിതം ഒരു വര്‍ഷം പിന്നിടുമ്പോള്‍ റ്റാമിനയുടെ ജീവിതത്തെ ദുരന്തപൂരിതമാക്കിക്കൊണ്ട് അവളുടെ ഭര്‍ത്താവ് മരണമടയുന്നു. നിരാശയുടെ കയത്തിലാഴുന്ന അവള്‍ ആത്മഹത്യയില്‍ അഭയം തേടുവാന്‍ ഉറക്കഗുളികകള്‍ കഴിച്ചശേഷം ഉള്‍ക്കടലിലേക്കു നീന്തിപ്പോകുന്നു. കൊടും ശൈത്യത്തിന്റെ കാരമുള്ളുകള്‍പോലെ തന്റെ ശരീരത്തെ ചുഴലുന്ന സമുദ്രജലം അവളെ മൃത്യുവിന്റെ കൈവഴിയില്‍നിന്നും ജീവിതത്തിലേക്കു കരകയറ്റുന്നു. പിന്നെ, റ്റാമിനയുടെ ജീവിതം നീണ്ട ഒരു നിശ്ശബ്ദതയായി മാറുന്നു. ആ നിശ്ശബ്ദതയില്‍ കഴിഞ്ഞുപോയ പന്ത്രണ്ടു വര്‍ഷങ്ങള്‍ മറവിയിലാണ്ടുപോകുന്നു. പക്ഷേ, അവള്‍ അറിയാതെ തന്നെ ഓര്‍മ്മയുടെ പ്രതിരോധവും ഉടലെടുക്കുന്നു. തന്റെ ഭര്‍ത്താവിന്റെ മുഖം മറവിയുടെ ഏതോ വിദൂരവന്യതയില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് അവള്‍ ഭീതിയോടെ തിരിച്ചറിയുന്നു. തുടര്‍ന്ന്, ഈ പ്രതിസന്ധിയെ തരണം ചെയ്യുവാനുള്ള ശ്രമത്തില്‍, കണ്‍മുന്നില്‍ കാണുന്ന മനുഷ്യരുടെ മുഖങ്ങള്‍ക്കു കൂടുതല്‍ ഇരുളിമയേകിയും ചെവിയുടെ ആകൃതി രൂപാന്തരപ്പെടുത്തിയുമൊക്കെ അവള്‍ തന്റെ മനസ്സില്‍ അയാളുടെ രൂപം നിര്‍മ്മിച്ചെടുക്കാന്‍ തുനിയുന്നു. പക്ഷേ, അവയെല്ലാം മറവിയുടെ ചതിക്കുഴികളില്‍ പെട്ടുപോകുന്ന വൃഥായത്‌നങ്ങളായി മാറുന്നു. തന്റെ ഭൂതകാലം പുനര്‍നിര്‍മ്മിക്കുവാനുള്ള ഒരേയൊരു മാര്‍ഗ്ഗം പ്രാഗില്‍നിന്നും തന്റെ ജീവിതസ്മരണകള്‍ കുറിച്ചുവെച്ച നോട്ട്ബുക്കുകളും ഭര്‍ത്താവിന്റെ പ്രണയലേഖനങ്ങളും വീണ്ടെടുക്കുക മാത്രമാണെന്ന് റ്റാമിന കരുതുന്നു. 

ഓര്‍മ്മയും രതിയും തമ്മിലുള്ള വിസ്മയകരമായ പാരസ്പര്യവും ഈ നോവലില്‍ പ്രകടമാണ്. പ്രാഗില്‍നിന്നും തന്റെ നോട്ട്ബുക്കുകള്‍ വീണ്ടെടുത്തു നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്ന ഹ്യൂഗോയുമായുള്ള വേഴ്ച്ചയോടെ റ്റാമിനയ്ക്ക് രതി ഓര്‍മ്മയുടെ വിനാശമാകുന്നു. മറ്റൊരു കഥാപാത്രമായ കാറല്‍ തന്റെ കാമുകി ഈവയും ഭാര്യ മാര്‍കീതയുമായി രതിയില്‍ ഏര്‍പ്പെടുമ്പോള്‍ ബാല്യകാല സ്മരണയുടെ തീവ്രകാമനയില്‍ ഓര്‍മ്മയും രതിയും തമ്മിലുള്ള അന്തരം പ്രകടമാകുന്നു. ഇരുവരുമൊത്തുള്ള വേഴ്ച്ചയുടെ പാരമ്യത്തില്‍ ചതുരംഗമത്സരത്തില്‍ രണ്ട് എതിരാളികളെ ഒരുമിച്ചു കീഴടക്കിയ ബോബി ഫിഷറാണ് താനെന്ന് കാറല്‍ മുരളുന്നു. രതിയെ ഒരു മത്സരവും കീഴടക്കലുമായി കാണുന്ന ഈ പുരുഷാധികാര വീക്ഷണം കാറലിന്റെ ഭാര്യ മാര്‍കീതയ്ക്ക് പരിഹാസ്യമായി തോന്നുന്നു. കാറലിനു രതി ആത്മരതിയാകുന്നതോടെ അവനോടുള്ള പ്രണയസ്മരണകള്‍ അകന്ന് അവളുടെ കാമന ഈവയുടെ ശരീരം തേടുന്നു.

നോവലിന്റെ നാലാം ഭാഗത്തിലെ ചിരിയെക്കുറിച്ചുള്ള ആഖ്യാനത്തില്‍ മാലാഖമാര്‍ക്ക് സാത്താനോടുള്ള വൈരത്തെ കുന്ദേര ആക്ഷേപഹാസ്യ ശൈലിയില്‍ വിവരിക്കുന്നു. മാലാഖമാര്‍ക്കും പിശാചുക്കള്‍ക്കും ലോകത്തിനുമേല്‍ അധികാരമുണ്ട്. ഇവര്‍ തമ്മിലുള്ള അധികാര വടംവലിയേക്കാള്‍ ആവശ്യം ഒരു സമരസപ്പെടലാണ്. മാലാഖമാരുടെ അര്‍ത്ഥവത്തായ ലോകം മനുഷ്യനു താങ്ങാനാവാത്ത ഭാരമാണ്; പിശാചുക്കളുടെ നിരര്‍ത്ഥകമായ ലോകമാകട്ടെ, ജീവിതത്തിന്റെ സാദ്ധ്യതകളെത്തന്നെ ഇല്ലാതാക്കുന്നു. മനുഷ്യാസ്തിത്വത്തിന്റെ അപൂര്‍ണ്ണത പ്രശ്‌നവല്‍ക്കരിക്കാതിരുന്ന പറുദീസയില്‍ ചിരി ഇല്ലായിരുന്നുവെന്ന് പിശാച് പറയുന്നു. പിശാചിന്റെ ചിരി വിദ്വേഷത്തിന്റെ തനിമയായതിനാല്‍, ആദിപിതാക്കളുടെ പതനത്തിനു ശേഷം ഉടലെടുത്ത ചിരി മനുഷ്യസ്വത്വത്തിലെ പൈശാചിക മുദ്രയാകുന്നു. 

മിലന്‍ കുന്ദേര
മിലന്‍ കുന്ദേര

ഏകാധിപത്യത്തിന്റെ സ്വത്വപ്രതിസന്ധികള്‍

കുന്ദേരയുടെ ഏറ്റവും മികച്ച നോവലായി കരുതപ്പെടുന്ന The Unbearable Lightness of Being (1984) ഏകാധിപത്യം ഉളവാക്കുന്ന സ്വത്വപ്രതിസന്ധികള്‍ ചിത്രീകരിക്കുന്നു. പക്ഷേ, ബഹുസ്വരതയാര്‍ന്ന ഈ നോവലിനെ അതുമാത്രമായി കാണരുത്. ഫോട്ടോഗ്രാഫുകള്‍ ചരിത്രനിമിഷങ്ങളുടെ അവശേഷിപ്പാകുന്നതുപോലെ പുതിയ അര്‍ത്ഥങ്ങളുടെ വാഹകരുമാണ്. അവ പരസ്പരവിരുദ്ധമായ സൂചനകളേകി നോവലിന്റെ ആഖ്യാനത്തിന്റെ ഭാഗമാകുന്നു. ഓര്‍മ്മയെ വീണ്ടെടുക്കുവാനുള്ള ഉപാധികളാകുന്ന ഫോട്ടോകള്‍ പക്ഷേ, ഭൂതകാലത്തിനു പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുന്നു. ഏകാധിപത്യത്തെ സംബന്ധിച്ചിടത്തോളം അവ സ്വകാര്യ നിമിഷങ്ങളുടേയോ ചരിത്രസംഭവങ്ങളുടേയോ അടയാളം മാത്രമല്ല, രാഷ്ട്രീയ മാനമാര്‍ന്ന പ്രഹരശേഷിയുള്ള ആയുധങ്ങള്‍ കൂടിയാണ്. ഭരണകൂടത്തിന് അനഭിമതനാകുന്ന ഡോക്ടര്‍ റ്റോമസ്, ഭാര്യ തെരേസ, നാടുവിട്ടുപോകുന്ന സാബിന എന്ന പെയിന്റര്‍, അദ്ധ്യാപകനായ ഫ്രാങ്‌സ് എന്നിവരാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഭീതിയുണര്‍ത്തുന്ന സമഗ്രാധിപത്യത്തിന്റെ ചുഴിയിലകപ്പെട്ട് ഇവരെല്ലാം ജീവിതനിരാസത്തിന്റേയും ശൂന്യതയുടേയും ഇരകളാകുന്നു. റഷ്യന്‍ അധിനിവേശകാലത്ത് തെരേസ പ്രാഗിലെ തെരുവീഥികളില്‍നിന്നും മനുഷ്യാവസ്ഥയുടെ പരിഭ്രാന്തിയും ഭീതിയും രോഷവും ചെറുത്തുനില്‍പ്പും തന്റെ ക്യാമറയില്‍ പകര്‍ത്തിയെടുക്കുന്നു. പില്‍ക്കാലത്ത് ഈ ഫോട്ടോകള്‍ ഭരണകൂടത്തിന് എതിരാളികളെ തിരിച്ചറിയുവാനുള്ള രേഖകളാകുന്നു. ഹിറ്റ്‌ലറുടെ ചിത്രങ്ങള്‍ നോക്കിക്കാണുന്ന ആഖ്യാതാവ് ഏകാധിപത്യത്തിന്റെ നിഷ്ഠുരതകള്‍ മറവിയിലാഴുന്നതില്‍ ആകുലചിത്തനാവുന്നു. 

പ്രാഗിലെ പ്രമുഖ ശസ്ത്രക്രിയാവിദഗ്ദ്ധനായ റ്റോമസ് അനിയന്ത്രിതമായ രതിയുടെ വഴികളില്‍ അഭിരമിക്കുന്നു. 1968ല്‍ ദ്യൂബ്‌ചെക്ക് കമ്യൂണിസ്റ്റ് ഭരണത്തിനു മാനുഷിക മുഖമേകുവാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ റ്റോമസ് രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു. തങ്ങളുടെ മനുഷ്യവിരുദ്ധമായ പ്രവൃത്തികള്‍ക്കു പ്രായശ്ചിത്തമായി, തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും അഗമ്യഗമനത്തിലൂടെ പാപത്തിന്റെ കൊടുമുടികള്‍ കയറുകയായിരുന്നുവെന്നു തിരിച്ചറിഞ്ഞ് സ്വയം അന്ധത വരിച്ച് നാടുവിട്ടുപോയ ഈഡിപ്പസ് രാജാവിന്റെ മാതൃക, കമ്യൂണിസ്റ്റുകാര്‍ പിന്തുടരണമെന്ന് റ്റോമസ് വാദിച്ചു. റഷ്യന്‍ അധിനിവേശം വീണ്ടും ഏകാധിപത്യ പ്രവണതകള്‍ ദൃ!ഢീകരിച്ചതോടെ തന്റെ വാദഗതികള്‍ രേഖാമൂലം പിന്‍വലിക്കുവാന്‍ അധികാരികള്‍ റ്റോമസിനോട് ആവശ്യപ്പെടുന്നു. അതിനു വഴങ്ങാതിരുന്നപ്പോള്‍ സോവിയറ്റ് യൂണിയനോടുള്ള വിധേയത്വം പ്രഖ്യാപിക്കണമെന്നായി ആവശ്യം. പ്രതിഷേധസ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള ഈ നീക്കവും ചെറുക്കുന്ന അയാള്‍ പ്രാഗിലെ ജോലി ഉപേക്ഷിച്ച് ഒരു ചെറുപട്ടണത്തില്‍ അഭയം തേടുന്നു. പക്ഷേ, അധികാരികള്‍ അയാളെ ഭിഷഗ്വര വൃത്തിയില്‍നിന്നും വിലക്കുന്നു. 

ഉപജീവനത്തിനായി കടകളുടെ ജാലകങ്ങള്‍ വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്ന റ്റോമസ് വീണ്ടും അനേകം രതിബന്ധങ്ങളില്‍ സ്വയം വിസ്മരിക്കുന്നു. വാഴ്‌വിന്റെ ഭാരമൊഴിഞ്ഞ് അയാള്‍ തന്നെ ഒരു ശൂന്യതയായി മാറുന്നു. കുന്ദേരയുടെ പല കഥാപാത്രങ്ങള്‍ക്കും രതി ഭീതിയുടെ ഭരണമുയര്‍ത്തുന്ന ആകുലതകളില്‍നിന്നുള്ള മോചനമാര്‍ഗ്ഗമാണ്. സാബിനയുടെ കാമുകനായ ഫ്രാങ്‌സ് സൗമ്യതയുടെ ആള്‍രൂപമാണ്. വന്യവും അക്രമാസക്തവുമാകണം രതിയെന്നു കരുതുന്ന അവള്‍ക്ക് അയാള്‍ ഒരു ബാധ്യതയാകുന്നു. പോള്‍ പോട്ടിന്റെ കെമര്‍ റൂഷ് ഭരണത്തില്‍ കംബോഡിയയില്‍ നടന്ന ഉന്മൂലനത്തിനെതിരെ പ്രതിഷേധസ്വരമുയര്‍ത്തിയ ഫ്രാങ്‌സ് വാടകക്കൊലയാളികള്‍ക്ക് ഇരയാകുന്നു. സാബിനയാകട്ടെ, രാജ്യവും കുടുംബവും കാമുകരേയും കൈവെടിഞ്ഞ് പലായനത്തിലൂടെ അസ്തിത്വത്തിന്റെ ഭാരമില്ലായ്മയിലേക്ക് ഉള്‍വലിയുന്നു. നൈതികതയെ തിരസ്‌കരിക്കുന്ന ഏകാധിപത്യത്തില്‍ ഏത് ഇരയും സ്വയരക്ഷയ്ക്കായി വേട്ടക്കാരനായി മാറാമെന്നത് ഉള്‍ക്കിടിലമുളവാക്കുന്ന ഒരു തോന്നലായി ഈ നോവലില്‍ അലയടിക്കുന്നു.

കാാീൃമേഹശ്യേ (1989)യില്‍ കുന്ദേര ഉത്തരാധുനികതയുടെ ആഖ്യാനതന്ത്രങ്ങള്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. മരണവും അനശ്വരതയും പ്രധാന പ്രമേയങ്ങളായ ഈ നോവലില്‍ എഴുത്തിലൂടെ ഉരുത്തിരിയുന്ന യാഥാര്‍ത്ഥ്യം അടിസ്ഥാനപരമായും ഒരു നിര്‍മ്മിതി മാത്രമാണെന്ന് അനുനിമിഷം ഓര്‍മ്മിപ്പിക്കുന്നു. ഗെഥേയും ഹെമിങ്‌വേയും ഉള്‍പ്പെടെ നോവലിലെ പല കഥാപാത്രങ്ങളും മരണമടഞ്ഞവരാണ്. പല കഥാപാത്രങ്ങളും കൊല ചെയ്യപ്പെടുന്നു. ആത്മഹത്യ ചെയ്യാന്‍ ഒരുമ്പെടുന്ന ഒരാളെ രക്ഷിക്കുവാനായി പൊടുന്നനെ കാര്‍ വെട്ടിത്തിരിച്ച ആഗ്‌നസ് മൃത്യുവിനു കീഴടങ്ങുന്നു. മരണവും അനശ്വരതയും വേര്‍പെടുത്താനാവാത്ത ഇരട്ടകളാണെന്ന് കുന്ദേര പറയുന്നു. അവര്‍ക്ക് മാര്‍ക്‌സ്എംഗല്‍സ്, റോമിയോജൂലിയറ്റ്, ലോറല്‍ഹാര്‍ഡി ദ്വയങ്ങളേക്കാള്‍ പൂര്‍ണ്ണതയുണ്ട്. മരണാനന്തരം കണ്ടുമുട്ടുന്ന ഗെഥേയും ഹെമിങ്‌വേയും തങ്ങളുടെ പ്രശസ്തിയുടെ കാരണങ്ങള്‍ തിരയുന്നു. തന്റെ ഗ്രന്ഥങ്ങള്‍ വായിക്കാതെ അവര്‍ തന്നെക്കുറിച്ചു കൃതികള്‍ രചിക്കുന്നുവെന്നാണ് ഹെമിങ്‌വേയുടെ പരാതി. അതുതന്നെയാണ് അനശ്വരതയെന്നാണ് ഗെഥെയുടെ പ്രതികരണം. അനശ്വരതയെന്നാല്‍ ശാശ്വതമായ വിചാരണതന്നെ. നോവലിന്റെ ഘടനയെക്കുറിച്ചും അത് ഉരുവംകൊണ്ടതിനെക്കുറിച്ചും കുന്ദേര വിലയിരുത്തുന്നു. നാടകീയമായ സംഘര്‍ഷം നോവലിന്റെ ശാപമാണ്; ഉദ്വേഗമുണര്‍ത്തുന്ന കഥാഗതിയും അതിന് ആവശ്യമില്ല. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന ഈ നോവലിനെക്കുറിച്ച് പ്രൊഫസര്‍ അവനേറിയസുമായി ആശയവിനിമയം നടത്തവേ അതിന്റെ ആറാം ഭാഗം നോവലിനുള്ളിലെ നോവലും രതിയെക്കുറിച്ച് താനെഴുതിയ ഏറ്റവും വേദനാജനകമായ കഥയുമാണെന്ന് കുന്ദേര പറയുന്നു. ഈ നോവലിന്റെ പേരെന്തെന്ന് അവനേറിയസ് ചോദിക്കുമ്പോള്‍ 'The Unbearable Lightness of Being' എന്നാണ് കുന്ദേരയുടെ മറുപടി. അതു മറ്റാരോ നേരത്തെത്തന്നെ എഴുതിയതല്ലേ എന്ന ചോദ്യത്തിനുള്ള കുന്ദേരയുടെ മറുപടി ഇപ്രകാരമാണ്: 'ഞാന്‍ തന്നെയാണ് അത് എഴുതിയത്; എന്നാല്‍, ശീര്‍ഷകത്തിന്റെ കാര്യത്തില്‍ ഒരു പിശകുപറ്റി. ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിനാണ് ആ തലക്കെട്ടു ചേരുക.' കാലം കടന്നുപോകവേ കൃതികള്‍ പുതിയ അര്‍ത്ഥങ്ങള്‍ നേടുന്നു. ഗെഥെ എഴുതിയ  ഒരു താരാട്ട് പില്‍ക്കാലത്തു മരണസൂചകമായ ഒരു കവിതയായി മാറുന്നു. നോവലിലെ സംഭവങ്ങളും നിരന്തരമായി പരിണമിച്ച് പുതിയ അര്‍ത്ഥങ്ങള്‍ തേടുന്നു. യാഥാര്‍ത്ഥ്യത്തിന്റെ അനുസ്യൂതമായ രൂപാന്തരങ്ങളില്‍ എല്ലാം സന്ദിഗ്ദ്ധതയാര്‍ന്ന് പുതുരൂപങ്ങള്‍ അണിയുന്നു.

മിലന്‍ കുന്ദേര
മിലന്‍ കുന്ദേര

മന്ദചനലങ്ങളുടെ ചാരുത തേടുന്ന സ്ലോനെസ്

ഫ്രെഞ്ച് ഭാഷയില്‍ കുന്ദേര എഴുതിയ ആദ്യ നോവലാണ് 'Slowness' (1995). വേഗത മുഖമുദ്രയായ ആധുനിക കാലത്ത് മന്ദചലനങ്ങളുടെ ചാരുത തേടുന്ന ഈ നോവലില്‍ ഒരു രാവിന്റെ  കാലദൈര്‍ഘ്യത്തില്‍ വ്യത്യസ്ത കാലങ്ങളിലെ സംഭവങ്ങള്‍ സംയോജിക്കുന്നു. ഗ്രാമപ്രദേശത്തെ സത്രത്തിലേക്കു യാത്ര തിരിക്കുന്ന നോവലിസ്റ്റും ഭാര്യയും വേഗതയേകുന്ന ഹരത്തില്‍ സ്വയം മറന്ന് അവരെ കടന്നുപോകുന്ന ഒരു യുവാവിനെ കാണുന്നു. യാത്രയ്ക്കിടെ കുന്ദേര വായിക്കുന്ന Vivant Denon cNn¨ 'No Tomorrow' എന്ന നോവലില്‍ 18ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പ്രഭു ഇതേ സത്രത്തിലേക്ക് ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പു നടത്തിയ യാത്രയുടെ വിവരണമുണ്ട്. രാത്രിയില്‍ ആനന്ദകരമായ രതിയിലേര്‍പ്പെടുന്ന പ്രഭുവിനു തിടുക്കമേതുമില്ലായിരുന്നു. കഥാപാത്രമായ ഈ പ്രഭുവിന്റെ മറ്റൊരു ഭാവനാരൂപമാണ് ബൈക്കില്‍ അവരെ കടന്നുപോയ യുവാവ്. അയാള്‍ ഒരു ചെക്ക് എന്റമോളജിസ്റ്റാണ്. യാഥാര്‍ത്ഥ്യം ഭാവനയും ഇഴചേരുന്ന ആഖ്യാനത്തില്‍ 1968ലെ റഷ്യന്‍ അധിനിവേശം തകര്‍ത്ത ഭൂതകാലം പേറുന്ന ഒരു ശാസ്ത്രജ്ഞനും ഇടതുപക്ഷ ബുദ്ധിജീവിയായ ബെര്‍ക്കും ജൂലി എന്ന ടൈപ്പിസ്റ്റും അവിടെയെത്തുന്നു. ആ രാവില്‍ അവരുടെ കാമനകള്‍ ഇഴചേരുകയും പിരിയുകയും ചെയ്യുന്നത് എങ്ങനെയെന്ന് ഈ നോവലില്‍ ആഖ്യാനം ചെയ്യുന്നു. 

മെറ്റഫിക്ഷണലായ ഈ ആഖ്യാനരീതി കുന്ദേര തന്റെ 'Identtiy' (1997), 'Ignorance' (2000), 'The Festival of Insignificance' (2014) എന്നീ നോവലുകളിലും തുടരുന്നു. 'കറലിേേശ്യ'യില്‍ വിവാഹമോചിതയായ ഷന്താള്‍, കാമുകനായ ഴാങ് മാര്‍ക്കുമൊത്ത് ഒരു കടലോര നഗരത്തില്‍നിന്നും മടങ്ങിപ്പോകുന്നു. കാണാതായവരെക്കുറിച്ചുള്ള ഒരു ടെലിവിഷന്‍ പരിപാടി കാണുന്ന ഷന്താള്‍ ഉല്‍ക്കണ്ഠാകുലയാകുന്നു. ഴാങ് മാര്‍ക്കിനെ അവന്റെ അസാന്നിധ്യത്തിലും കാണണമെന്ന ചിന്ത അവളില്‍ ഉടലെടുക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ അതിരുകള്‍ ലംഘിക്കുന്ന ആഖ്യാനത്തിലേക്ക് കുന്ദേര തന്നെ കടന്നുവരുന്നു. ഈ കഥയുടെ ഏതോ ഒരു നിമിഷം മുതല്‍ ഷന്താളും ഴാങ് മാര്‍ക്കും സ്വപ്നലോകത്ത് ആമഗ്‌നരായിരിക്കുവാന്‍ സാദ്ധ്യതയുണ്ടെന്ന് നോവലിസ്റ്റ് പറയുന്നു. ഭ്രമാത്മകതയും യാഥാര്‍ത്ഥ്യവും അതിര്‍വരമ്പുകള്‍ തിരിച്ചറിയാനാവാത്ത രണ്ടു മേഖലകളാണെന്നും ഇതില്‍ എവിടെയോ ആണ് സ്വപ്നങ്ങള്‍ നിലനില്‍ക്കുന്നതെന്നും സൂചിപ്പിച്ചുകൊണ്ട് നോവല്‍ അവസാനിക്കുന്നു. പ്രവാസിയുടെ മടക്കയാത്രയും ഓര്‍മ്മയും മറവിയും 'കഴിീൃമിരല' എന്ന നോവലിലും കാണാം. ഇരുപതു വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം ഐറീന്‍ പ്രാഗിലേക്കു മടങ്ങുന്നു. 1989ലെ കമ്യൂണിസത്തിന്റെ തകര്‍ച്ചയാണ് അവളെ അതിനു പ്രേരിപ്പിക്കുന്നത്. വിമാനത്താവളത്തില്‍ വച്ച് അവള്‍ പഴയ പരിചയക്കാരനായ മറ്റൊരു പ്രവാസി യോസഫിനെ കണ്ടുമുട്ടുന്നു. അയാള്‍ ഒരു വെറ്ററിനറി ഡോക്ടറാണ്. മടങ്ങിവരവ് ഇരുവരേയും അസ്വസ്ഥരാക്കുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം കല്ലറയില്‍നിന്നും മടങ്ങിവരുന്നതുപോലെയുള്ള അനുഭവം മാതൃഭാഷയില്‍ വാക്കുകള്‍ മനസ്സിലാവുമെങ്കിലും അപരിചിതത്വം വിട്ടൊഴിയുന്നില്ല. പ്രവാസിയുടെ സ്വത്വത്തിനു മടങ്ങിവരുവാനാവില്ലെന്ന യാഥാര്‍ത്ഥ്യവും ജീവിതത്തിന് അര്‍ത്ഥമേകിയത് പ്രവാസമാണെന്ന തിരിച്ചറിവും അവര്‍ക്കു താങ്ങാനാവുന്നില്ല. സ്വന്തം നാട്ടില്‍ അവര്‍ അന്യവല്‍കരിക്കപ്പെട്ടവരും അപരിചിതരും മാത്രമാകുന്നു. പാരിസ് നഗരമാണ് പശ്ചാത്തലമെങ്കിലും റഷ്യന്‍ അധിനിവേശത്തിന്റെ അടയാളങ്ങള്‍ കുന്ദേരയുടെ 'The Festival of Insignificance'-ലും പ്രകടമാണ്. ഒറ്റപ്പെടലിനെ അതിജീവിക്കുവാന്‍ ശ്രമിക്കുന്ന നാലു സുഹൃത്തുക്കളെയാണ് കുന്ദേര അവതരിപ്പിക്കുന്നത്. ജോലിയില്‍നിന്നും വിരമിച്ച യൂണിവേഴ്‌സിറ്റി അദ്ധ്യാപകനായിരുന്ന റാമോണ്‍, കേറ്ററിംഗ് ജോലിക്കാരനായ ചാള്‍സ്, അവസരങ്ങള്‍ ലഭിക്കാത്തതില്‍ നിരാശനായ കാലിബല്‍ എന്ന നടന്‍, ബാല്യകാലത്ത് തന്നെ ഉപേക്ഷിച്ച അമ്മയുടെ സ്മരണകളില്‍ ജീവിക്കുന്ന അലെയ്ന്‍. സ്റ്റാലിന്റെ സാന്നിദ്ധ്യം 'The Memoirs of Nikita Khrushchev' എന്ന കൃതിയിലൂടെ നോവലില്‍ നിറയുന്നു. അവരുടെ ചര്‍ച്ചകളില്‍ സ്റ്റാലിനെക്കുറിച്ചുള്ള പല ഉപാഖ്യാനങ്ങളും കടന്നുവരുന്നുണ്ട്. ലൈംഗികത, ചരിത്രം, തത്ത്വചിന്ത, വാര്‍ദ്ധക്യം, അതിജീവനം, മരണം  ഈ വിഷങ്ങളെല്ലാം അവരുടെ ചിന്തയില്‍നിന്നും ഒഴിഞ്ഞുപോകുന്നില്ല. ഉന്നതമായ ചിന്താധാരയില്‍നിന്നും താഴേക്കു നോക്കുമ്പോള്‍ ദൃശ്യമാകുന്ന മനുഷ്യന്റെ ശാശ്വതമായ മൗഢ്യം ചിരിയുണര്‍ത്തുന്നുവെന്ന് അലെയ്ന്‍ പറയുന്നു. ഈ ലോകത്തെ പുനര്‍നിര്‍മ്മിക്കുവാനോ അതിന്റെ അപകടങ്ങള്‍ ഒഴിവാക്കുവാനോ അവര്‍ക്കാവില്ല. ലോകത്തിനെ ഗൗരവമായി പരിഗണിക്കാതിരിക്കുക എന്നതാണ് പ്രതിരോധം. കാരണം, തമാശകള്‍ക്കു പഴയ ശക്തിയില്ലാതായിരിക്കുന്നു. 

വീണ്ടെടുക്കുമ്പോഴും അപര്യാപ്തമാകുന്ന ഓര്‍മ്മയുടെ വിദൂരപാതകളില്‍ പലായനത്തിന്റെ അനിശ്ചിതത്വം കൂടിക്കലരുമ്പോള്‍ കുന്ദേരയുടെ കഥാപാത്രങ്ങള്‍ ആശ്രയമറ്റവരായി മാറുന്നു. എങ്കിലും ഓര്‍മ്മയുടെ പ്രതിരോധം ചമച്ച് അവര്‍ ഏകാധിപത്യം ഉളവാക്കിയ ആഘാതങ്ങളെ അതിജീവിക്കുവാന്‍ ശ്രമിക്കുന്നു. വിട്ടുമാറാത്ത ആകുലതകളും ജീവിതത്തിന്റെ നിരര്‍ത്ഥകതയും ആദ്യമേകുന്ന പരിഭ്രമം ക്രമേണ ഫലിതമായി മാറുന്നു. ദുരന്തങ്ങളെ ചിരികൊണ്ടു നേരിടുന്ന വിദൂഷകന്റെ ദാര്‍ശനികമായ കരുത്ത് അവര്‍ക്കു തണലേകുന്നു. സമഗ്രാധിപത്യത്തെ നേരിടുവാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഉഴറുന്ന അവര്‍ വിജയം നേടുന്നതിലല്ല, പ്രതിരോധം ഉയര്‍ത്തുന്നതിലാണ് മനുഷ്യത്വത്തിന്റെ നിലനില്‍പ്പിന്റെ ആധാരമെന്നു തിരിച്ചറിയുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com