അപമാന ഭാരത്തിൽ താഴുന്ന നമ്മുടെ ശിരസുകൾ

അപമാന ഭാരത്തിൽ താഴുന്ന നമ്മുടെ ശിരസുകൾ

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികവേളയില്‍ രാജ്യത്തോട് അദ്ദേഹം ആഹ്വാനം ചെയ്തത് സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വരണമെന്നാണ്

സ്ത്രീകള്‍ക്കെതിരേയുള്ള ക്രൂരമായ ബലാത്സംഗത്തിന്റെ വാര്‍ത്തകള്‍ ഓരോ തവണയും കേള്‍ക്കുമ്പോള്‍ അപമാനഭാരത്താല്‍ നമ്മുടെ ശിരസുകള്‍ താഴ്ന്നുപോകുന്നു.  

2014-ല്‍ തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാനമന്ത്രി മോദിയുടെ വാക്കുകളാണ് ഇത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികവേളയില്‍ രാജ്യത്തോട് അദ്ദേഹം ആഹ്വാനം ചെയ്തത് സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വരണമെന്നാണ്. ഈ വര്‍ഷത്തെ ബജറ്റ് അവതരണത്തിനു തൊട്ടുമുന്‍പെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് അദ്ദേഹം വീണ്ടും വാചാലനായി. പൊതുസമൂഹത്തില്‍ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും തുല്യതയും ബഹുമാനവും ഉറപ്പുവരുത്തിയേ പുരോഗതി കൈവരിക്കാനാകൂവെന്നായിരുന്നു ആ വാക്കുകള്‍. പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ 80,000 കോടിയുടെ പദ്ധതി പ്രഖ്യാപനവും നടന്നു. കേവലം അര്‍ത്ഥരഹിതമായ ഈ വാക്കുകള്‍ക്കപ്പുറം എന്താണ് ഇന്ത്യന്‍ സ്ത്രീശാക്തീകരണത്തിന്റെ അവസ്ഥ?  നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകളോടുള്ള കൊടുംക്രൂരതകളോട് സര്‍ക്കാരിനുള്ള മനോഭാവമെന്താണ്? ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു നടപടികളാണ് സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്? 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബി.ജെ.പി അധികാരത്തിലെത്തിയ ഇക്കഴിഞ്ഞ ഒന്‍പതു വര്‍ഷം സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നു. 2021-ലെ കണക്കുകളാണ് ഏറ്റവുമൊടുവില്‍ നമുക്ക് മുന്നിലുള്ളത്. അതാകട്ടെ, കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടന്ന കണക്കെടുപ്പും. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2021-ല്‍ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 31,677. ഈ രാജ്യത്ത് ദിവസവും ശരാശരി 87 ബലാത്സംഗങ്ങള്‍ നടന്നു. ഇത് ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട കണക്കുകള്‍ മാത്രം. ഭൂരിഭാഗവും രേഖപ്പെടുത്താത്തവയാണ്. പരാതിപോലും നല്‍കാന്‍ കഴിയാത്ത സ്ത്രീകള്‍ ഒരു പട്ടികയിലും ഉള്‍പ്പെടില്ല. ജീവഭയവും അപമാനവുംകൊണ്ട് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. മൊത്തം കുറ്റകൃത്യങ്ങളില്‍ എഴുപതു ശതമാനത്തിലധികവും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളാണ്. വുമണ്‍ ആന്‍ഡ് മെന്‍ ഇന്ത്യ 2022-ലെ റിപ്പോര്‍ട്ട് പ്രകാരം ബലാല്‍ക്കാരത്തിന് ഇരയാകുന്നതില്‍ ഭൂരിഭാഗവും 18-30 പ്രായത്തിനിടയിലുള്ളവരാണ്. 

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനക്കണക്കില്‍ സര്‍ക്കാരിന് ആശങ്കയില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. മറിച്ച് അതിക്രമം നടത്തുന്നവരെ സംരക്ഷിക്കുക കൂടി ചെയ്യുകയാണ് സര്‍ക്കാര്‍. കത്വ, ഉന്നാവോ, ഹത്രാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ക്രൂരകൃത്യങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് അതിക്രമം നടത്തിയവര്‍ക്ക് അനുകൂലമായിരുന്നു. പൊലീസ് ഉള്‍പ്പെടെയുള്ള ഭരണസംവിധാനം പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഇരകളെ പീഡിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നത് മോദി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. മാനക്കേട് എന്ന് പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ച വാക്ക് രണ്ടര്‍ത്ഥത്തില്‍ എടുക്കാം. ഒന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ അഭിമാനം നഷ്ടമായെന്ന രീതിയില്‍. മാനക്കേടിന്റെ വൈകാരികത മാറ്റിവച്ച് യഥാര്‍ത്ഥ പ്രശ്നത്തെ നേരിടാതെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികളെടുക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഗുസ്തിതാരങ്ങള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഇത്തവണ വിജയാഘോഷത്തോടെയാണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനം തന്നെ എത്തിയത്. ഗുസ്തിതാരങ്ങള്‍ക്കെതിരേയും വനിതാപത്രപ്രവര്‍ത്തകര്‍ക്കുമെതിരെ ബി.ജെ.പി സൈബര്‍പോരാളികള്‍ നടത്തുന്ന ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ നിയന്ത്രിക്കാനോ അതിനെതിരേ നടപടിയെടുക്കാനോ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ബി.ജെ.പിയുടെ ഈ പിന്തിരിപ്പന്‍ സമീപനം സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെ ഫലത്തില്‍ സഹായിക്കുന്നു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനേയും ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ടവരേയും പോലെയുള്ള കുറ്റവാളികളെ സംരക്ഷിക്കുകയും ഹത്രാസ് ബലാത്സംഗ സംഭവം അന്താരാഷ്ട്ര ഗൂഢാലോചനയായി തള്ളുകയും ചെയ്തതതാണ് ഇതില്‍  കൂടുതല്‍ ഭയാനകമായത്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം ഭയാനകമാണ് - സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഗവണ്‍മെന്റിനു തീരെ ആശങ്കയില്ല. നേരെമറിച്ച്, അത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന പുരുഷന്മാര്‍ക്ക് ശിക്ഷ ലഭിക്കില്ലെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ നിത്യസംഭവമായി. ഭീഷണി മുഴക്കുന്നവര്‍ പലരും ഭരണകക്ഷിയിലെ അംഗങ്ങളാണ്, ചിലര്‍ മന്ത്രിസഭയിലേയും പാര്‍ട്ടിയിലേയും ഉന്നതരാണ്. ചിലര്‍ പ്രധാനമന്ത്രി തന്നെ പിന്തുടരുന്നുവെന്ന് വീമ്പിളക്കുന്നു.

ചുരാചന്ദ്പുരിൽ നിന്നു പലായനം ചെയ്യുന്ന മെയ്തി സ്ത്രീകൾ
ചുരാചന്ദ്പുരിൽ നിന്നു പലായനം ചെയ്യുന്ന മെയ്തി സ്ത്രീകൾ

മുറിവുണങ്ങാത്ത നാട്

രാജ്യത്തെ ഞെട്ടിച്ച അതിക്രമങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് മണിപ്പൂരിലേത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഷനായി ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്ത പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ അതിക്രമം നടന്ന ഗ്രാമം. ഇതിനു പിന്നാലെ സമാനമായ നിരവധി സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കലാപം തുടങ്ങിയിട്ട് 77 ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. കേവലം മുതലക്കണ്ണീരിലോ ആശ്വാസവാക്കിലോ തീരുന്നതല്ല ഇത്. രാജ്യത്തെ ഒരു സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് 11 ആഴ്ച പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരക്ഷരമെങ്കിലും പറയാന്‍ തയ്യാറായത് എന്നത് ഇന്ത്യ എന്ന ജനാധിപത്യ വ്യവസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയുടെ നേര്‍സാക്ഷ്യമാണ്. 

മണിപ്പൂരിലെ വംശീയ കലാപത്തില്‍ ഇതിനകം കൊല്ലപ്പെട്ടത് 155-ലധികം ആളുകളാണ്. 50,000-ത്തിലധികം പേര്‍ക്ക് സ്വന്തം മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നു. ക്രിസ്ത്യന്‍ പള്ളികളും വീടുകളും ഗ്രാമങ്ങളുമെല്ലാം എല്ലാം കൊള്ളിവയ്ക്കപ്പെട്ടു. സ്ത്രീകള്‍ക്കെതിരെ വ്യാപകമായ അതിക്രമങ്ങള്‍ നടന്നു. ഇന്റര്‍നെറ്റ് നിരോധനം മൂലം അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നില്ലെന്നു മാത്രം. കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിലുള്ള ക്രൂരകൃത്യം ശരിക്കും നടന്നത് മെയ് നാലിനാണ്. അധികാരികള്‍ക്ക് ഇതേക്കുറിച്ച് വിവരമുണ്ടായിരുന്നു.

അതേസമയം, മണിപ്പൂരില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണെന്നു വിളിച്ചുപറഞ്ഞ സി.പി.ഐ ദേശീയ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. ന്യൂനപക്ഷ വേട്ടയാണെന്ന പ്രമേയം പാസ്സാക്കിയ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നടപടി കൊളോണിയല്‍ ബോധത്തിന്റെ പ്രതിഫലനമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ ഒന്നടങ്കം ആക്ഷേപം ഉയര്‍ത്തുന്നു. അപഹാസ്യമായ രീതിയില്‍ ദേശീയ വികാരം ഉണ്ടാക്കിയെടുക്കാനായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നതായിരുന്നു. അങ്ങനെയിരിക്കെയാണ് മണിപ്പൂരിലെ യഥാര്‍ത്ഥ അവസ്ഥ ലോകത്തിനു മുന്‍പില്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവരുന്നത്. 

പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനാണ് പ്രതിപക്ഷം കരുതിക്കൂട്ടി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് എന്നായിരുന്നു ആദ്യം സര്‍ക്കാര്‍ പ്രതികരിച്ചത്. എന്നാല്‍, സുപ്രീംകോടതിയുടെ ഇടപെടലോടെയാണ് പ്രതികരിക്കാന്‍ പ്രധാനമന്ത്രി നിര്‍ബ്ബന്ധിതമായത്. 77 ദിവസത്തെ മൗനത്തിനു ശേഷം പ്രധാനമന്ത്രി മണിപ്പൂരില്‍ മനുഷ്യത്വം മരിച്ചെന്നു പ്രഖ്യാപിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ക്കും ഇതേ വാദമാണ്. മനുഷ്യത്വരഹിതം എന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് വിശേഷിപ്പിച്ചത് മനുഷ്യത്വത്തിനെതിരേയുള്ള കുറ്റകൃത്യമെന്നാണ്. മനുഷ്യത്വമില്ലായ്മയ്ക്കപ്പുറം മറ്റു ചില പരാജയങ്ങള്‍ കൂടി ഈ സംഭവത്തിനു പിന്നിലുണ്ട്. പൊലീസ് കസ്റ്റഡിയില്‍നിന്ന് എങ്ങനെയാണ് ഈ യുവതികളേയും കുടുംബാംഗങ്ങളേയും ജനക്കൂട്ടത്തിനു കിട്ടുക. പൊലീസ് എന്തിന് ഇവരെ ആള്‍ക്കൂട്ടത്തിനു വിട്ടുകൊടുത്തു. വീഡിയോ പുറത്തുവരുന്നതുവരെ എന്തുകൊണ്ട് യാതൊരു നിയമനടപടികളും സ്വീകരിച്ചില്ല. ഭൂരിപക്ഷ സമുദായം സംസാരിക്കുന്ന അതേ ഭാഷയിലാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണത്തെ ന്യായീകരിച്ചത്.

ഭൂരിപക്ഷ ജനവിഭാഗമായ മെയ്തികളെ പട്ടികവര്‍ഗ്ഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കു സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചുള്ള മണിപ്പൂര്‍ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് മേയ് ആദ്യവാരം കലാപം തുടങ്ങിയത്. ഭൂമി അവകാശത്തര്‍ക്കങ്ങളും ലഹരിക്കൃഷിക്കെതിരായ നടപടികളും ഉപകരണങ്ങളായി മാറി. ഇപ്പോഴത്തെ കലാപത്തിനു മുഖ്യകാരണമായി കരുതപ്പെടുന്ന ഹൈക്കോടതി വിധിതന്നെ കോടതിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും ഭാഗത്തുണ്ടായ ജാഗ്രതക്കുറവായിരുന്നു. ഏതെങ്കിലും വിഭാഗത്തെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്നു നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല. കേന്ദ്ര സര്‍ക്കാര്‍ പിഴവു ചൂണ്ടിക്കാട്ടിയതുമില്ല. ഹൈക്കോടതി വിധി തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെങ്കിലും സമയം വൈകിയിരുന്നു. 

കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ജാഗ്രതയോടെയുള്ള സമീപനമുണ്ടായില്ല. മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി വിവിധ വംശീയ-മത വിഭാഗങ്ങളെ സൗകര്യപൂര്‍വ്വം ഉപയോഗിച്ചതിന്റെ ചരിത്രവും ആവര്‍ത്തിക്കുകയായിരുന്നു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ഇടപെടലുകള്‍ വേണ്ടത്ര ഫലം കണ്ടതുമില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമാധാനസമിതിപോലും അവഗണിക്കപ്പെട്ടു. മെയ്തി വിഭാഗക്കാരനും ആ വിഭാഗത്തിന്റെ വക്താവുമായ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. രാജി ആവശ്യം പോലും നാടകീയമായ നീക്കങ്ങളിലൂടെ അട്ടിമറിക്കപ്പെട്ടു. മുഖ്യമന്ത്രിയെ മാറ്റിയാല്‍ അത്  ബി.ജെ.പിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും പരാജയമായി വിലയിരുത്തുമെന്നു കണക്കാക്കിയാണ് മുഖ്യമന്ത്രി രാജിവയ്ക്കാത്തതും മോദി സര്‍ക്കാര്‍ മുഖ്യമന്ത്രിയെ മാറ്റാത്തതും. കലാപം കെട്ടടങ്ങുമെന്ന പ്രതീക്ഷയില്‍ അവിടുത്തെ വാര്‍ത്തകളും വിവരങ്ങളും ഒളിച്ചുവയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതലേ ശ്രമിച്ചത്. 
 
ചരിത്രത്തില്‍നിന്ന് ഒരു പാഠവും സര്‍ക്കാര്‍ ഉള്‍ക്കൊണ്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. മണിപ്പൂരില്‍ മാത്രം 39 വംശീയവിഭാഗങ്ങളുണ്ട്. തനിമയും പാരമ്പര്യവും ഉയര്‍ത്തി അവര്‍ നടത്തുന്ന സംരക്ഷണശ്രമങ്ങള്‍ അക്രമത്തിലും വംശീയപോരിലും എത്താറുണ്ട്. 1992-ല്‍ നാഗകളും കുക്കികളും തമ്മിലുള്ള സംഘര്‍ഷം കലാപത്തിലും കൊള്ളിവയ്പ്പിലും ആയിരക്കണക്കിനു പേരുടെ പലായനത്തിനുമാണ് നിദാനമായത്. 1997-ല്‍ കുക്കികളും പെയ്തേ വംശജരും തമ്മിലുള്ള സംഘര്‍ഷവും സമാന സ്ഥിതിയുണ്ടാക്കി. പല തീവ്രവാദ ഗ്രൂപ്പുകളുമായുണ്ടാക്കിയ കരാര്‍ കലാപകാരികള്‍ക്കു സംരക്ഷണവും നല്‍കി. മണിപ്പൂരിന് തൊട്ടടുത്ത് കിടക്കുന്ന ആസാമില്‍ 1983-ല്‍ നടന്ന നെല്ലി കൂട്ടക്കൊല നടന്നിട്ട് നാല് ദശാബ്ദം പിന്നിടുന്നു. ആറ് മണിക്കൂറിനുള്ളില്‍ 2000 മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കലാപകാരണത്തെക്കുറിച്ചുള്ള തിവാരി കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കണ്ടിട്ടില്ല. തുടര്‍ന്ന് ആസാം കരാര്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ഒപ്പിടുകയായിരുന്നു. കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശിക്ഷയോ ഇരകള്‍ക്കു നീതിയോ കിട്ടിയില്ല. പിന്നീടും കലാപങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. 2012-ല്‍ കൊക്റാജറിലും 2014-ല്‍ ബക്സയിലും കലാപമുണ്ടായി. 

ചുരുക്കിപ്പറഞ്ഞാല്‍ കലാപം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്വക്കുറവ് മണിപ്പൂരിന്റെ മാത്രം പ്രശ്നമല്ല. നിലവിലെ പ്രതിസന്ധി മണിപ്പൂരില്‍ ഒതുങ്ങണമെന്നില്ല. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം അത്രയേറെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതു സംസ്ഥാനത്തും എപ്പോള്‍ വേണമെങ്കിലും ഗുരുതരമായ ക്രമസമാധാനത്തകര്‍ച്ചയുണ്ടാകാം.

അങ്ങനെ നോക്കുമ്പോള്‍ മണിപ്പൂര്‍ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെറിയ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍പ്പോലും രാഷ്ട്രപതിഭരണം ബി.ജെ.പി ആവശ്യപ്പെടാറുണ്ട്. എന്നാല്‍, രണ്ടുമാസത്തിലേറെയായി കലാപം നടക്കുന്ന സംസ്ഥാനത്ത് അത്തരമൊരു ആവശ്യത്തിനു മുറവിളിയുണ്ടായില്ല.  സൈന്യത്തിനോ പൊലീസിനോ ക്രമസമാധാനപാലന സംവിധാനങ്ങള്‍ക്കോ നിയന്ത്രിക്കാന്‍ കഴിയാത്തവിധം ആഭ്യന്തരയുദ്ധത്തിലേക്ക് അത് വഴിതെളിക്കുകയും ചെയ്തു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പലതവണ മുഖ്യമന്ത്രിയെ മാറ്റിയിട്ടുണ്ട്. അര്‍ദ്ധരാത്രിയില്‍പോലും നേതൃമാറ്റം നടന്നിട്ടുണ്ട്.  എന്നാല്‍, മണിപ്പൂരില്‍ ഭരണഘടനാപരമായി രാഷ്ട്രപതിഭരണത്തിനു സാധ്യതയുണ്ടായിട്ടും അതൊന്നും കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചു. 

നരേന്ദ്ര മോദി
നരേന്ദ്ര മോദി

ലോകത്തെ ഹീനകൃത്യങ്ങള്‍

ഒന്നാം ലോകയുദ്ധകാലത്ത് അര്‍മേനിയയിലും രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലറുടെ ജര്‍മനിയിലും സ്ത്രീകള്‍ക്കെതിരേയുള്ള വേട്ടയാടലുകളുണ്ടായിരുന്നു. ചരിത്രത്തില്‍ നടന്ന വംശീയ വെറിയുടേയും കലാപങ്ങളുടേയും ഇരകള്‍ ഏറെയും സ്ത്രീകളും കുട്ടികളും ആയിരുന്നു. മതം, ഗോത്രം, വംശം, ജാതി തുടങ്ങിയ വേര്‍തിരിവുകള്‍ക്കുവേണ്ടി ബലാത്സംഗം ആയുധമായി. പുരുഷന്‍ ഒരു തവണ കൊല്ലപ്പെടുമ്പോള്‍ ബലാത്സംഗത്തിനിരയാവുന്ന സ്ത്രീകള്‍ രണ്ടുതവണ കൊല്ലപ്പെടുന്നു എന്നതാണ് ശരി. ബലാത്സംഗത്തോടെ സ്ത്രീ മാനസികമായും ശാരീരികമായും കൊല്ലപ്പെടുന്നു. പിന്നെ യഥാര്‍ത്ഥ മരണവും. 

ചരിത്രത്തില്‍ വംശഹത്യകള്‍ വ്യാപകമായി നടന്ന അര്‍മേനിയ, ബംഗ്ലാദേശ്, ബോസ്നിയ, ഇറാക്ക്, റുവാണ്ട, കോംഗോ, ബറുണ്ടി, ശ്രീലങ്ക, സിറിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. ബോസ്നിയയില്‍ 20,000-ത്തിനും 30,000-ത്തിനും ഇടയില്‍ മുസ്ലിം സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. പുരുഷന്മാരെ പ്രത്യേക കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കൊണ്ടുപോയി കൊന്നുതള്ളി. പത്തു വര്‍ഷം നീണ്ടുനിന്ന കോംഗോ യുദ്ധത്തിന്റെ ബാക്കിപത്രം 40 ലക്ഷം പേരുടെ മരണത്തിന്റെ കണക്കു മാത്രമായിരുന്നില്ല. വംശഹത്യാപോരിന്റെ മറവില്‍ നടന്ന കൂട്ടബലാത്സംഗത്തിന്റെ കണക്ക് കൂടിയായിരുന്നു. കോംഗോ പടയാളികളില്‍ 61 ശതമാനം പേരും എച്ച്.ഐ.വി ബാധിതരായിരുന്നു. അതുകൊണ്ടുതന്നെ ബലാത്സംഗത്തിനിരയായ 30 ശതമാനം സ്ത്രീകളും എച്ച്.ഐ.വി ബാധിതരായി. റുവാണ്ടന്‍ വംശശുദ്ധീകരണത്തിന്റെ ഭാഗമായി നടന്ന ബലാത്സംഗത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഗര്‍ഭിണികളാക്കപ്പെട്ടു. പ്രതിഷേധത്തിന്റേയും വംശനശീകരണത്തിന്റേയും പ്രതീകമായിരുന്നു ഇത്. അങ്ങനെ ജനിക്കപ്പെട്ട കുഞ്ഞുങ്ങള്‍ വെറുക്കപ്പെട്ടവരായി വളര്‍ന്നു. റുവാണ്ടയില്‍ 2000 മുതല്‍ 5000 വരെ ഇത്തരം കുട്ടികള്‍ വളരുന്നു. ഇവര്‍ യുദ്ധക്കുട്ടികള്‍ എന്നറിയപ്പെട്ടു. ഇറാക്കിലും സിറിയയിലു ഇസ്ലാമിക് സ്റ്റേറ്റ് യസീദി ന്യൂനപക്ഷ സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. നൈജീരിയയില്‍ ബോക്കോഹറാം എന്ന ഭീകരസംഘടന നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി ലൈംഗിക അടിമകളാക്കി. 2003-ല്‍ പടിഞ്ഞാറന്‍ സുഡാനിലെ ഡര്‍ഫറില്‍ ആഭ്യന്തരയുദ്ധത്തിന്റ ഭാഗമായി വ്യാപകമായി വംശഹത്യകള്‍ നടന്നു. പ്രതികാരം വ്യാപകവും ക്രൂരവുമായി ബലാത്സംഗത്തിലേക്കും മറ്റു ലൈംഗിക അക്രമത്തിലേക്കും നീങ്ങിയത് യാതൊരു മറയും ഇല്ലാതെയാണ്. 

യുദ്ധങ്ങളില്‍ എന്നും ബലാല്‍ക്കാരങ്ങള്‍ ആയുധങ്ങളായി. ജര്‍മന്‍ സൈന്യം ബല്‍ജിയത്തിലും ജൂതന്മാര്‍ക്കെതിരേയും ഈ കൃത്യം നടപ്പാക്കി. ബര്‍ലിന്‍ കീഴടക്കാന്‍ എത്തിയ സോവിയറ്റ് സൈനികരും ചെയ്തത് മറ്റൊന്നല്ല. നാസികളോടുള്ള പ്രതികാരമായിരുന്നു അത്. ജപ്പാന്‍ ഒരുകാലത്ത് ചൈനയിലും ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മീനിയയിലും പാകിസ്താന്‍ പട്ടാളക്കാര്‍ കിഴക്കന്‍ ബംഗാള്‍ എന്ന ബംഗ്ലാദേശിലും സെര്‍ബുകള്‍ ബോസ്നിയയിലും ഈ വംശശുദ്ധീകരണ തന്ത്രം പയറ്റിയത് ചരിത്രത്തിലുണ്ട്. 1971-ലെ ബംഗ്ലാദേശ് ആഭ്യന്തര യുദ്ധത്തില്‍ ലക്ഷക്കണക്കിനു സ്ത്രീകളാണ് ബലാല്‍ക്കാരത്തിന് ഇരകളായത്. വെറും ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ ഒരു ലക്ഷത്തോളം സ്ത്രീകളെയാണ് പാക് പട്ടാളം മാനഭംഗം ചെയ്തത്. 1937-ല്‍ ജപ്പാന്‍ ഇംപീരിയല്‍ ആര്‍മി ചൈനയിലെ 'നാന്‍ജിംഗ്' പ്രവിശ്യ കീഴടക്കുന്നത്. വെറും ആറാഴ്ച നടന്ന യുദ്ധത്തില്‍ മൂന്നു ലക്ഷം പേര്‍ കൊല്ലപ്പെട്ടു. കാല്‍ലക്ഷം പേരാണ് ബലാത്സംഗത്തിനിരയായത് ആറാഴ്ച കൊണ്ടാണെന്നോര്‍ക്കണം. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ന്യൂറംബര്‍ഗ് വിചാരണയില്‍ ഒറ്റ ബലാത്സംഗക്കേസുപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് വസ്തുത. യുദ്ധക്കുറ്റങ്ങളുടെ ഒരു ഭാഗമായി മാത്രമാണ് ഇത്തരം സ്ത്രീവേട്ടയെ കണ്ടത്. രണ്ടാം ലോകയുദ്ധത്തിനുശേഷവും ഇതൊക്കെ പലതവണ ആവര്‍ത്തിക്കപ്പെട്ടു. അധികാരം, മൂലധനാധിപത്യം, സൈനിക ഏകാധിപത്യം, മതതീവ്രഭരണം എന്നിവയുടെ ബലത്തില്‍ കീഴ്പെടുത്തലിന്റെ പഴയ തന്ത്രം കൂടിയായ ബലാത്സംഗത്തിനു യാതൊരു മാറ്റവും ഇല്ല. ശ്രീലങ്ക, ബോസ്നിയ, കോംഗോ, ഇറാക്ക്, കിഴക്കന്‍ ബംഗാള്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ സംഭവിച്ചത് അതാണ്.

ബലാത്സംഗം ആയുധമാകുമ്പോള്‍

ചരിത്രത്തില്‍ വര്‍ഗ്ഗ, വംശീയ, ഗോത്ര കലാപങ്ങളില്‍ ബലാത്സംഗം എന്നും  ആയുധമായിട്ടുണ്ട്. പാകിസ്താന്‍ വിഭജനസമയത്തും കിഴക്കന്‍ പാകിസ്താന്‍ വിഭജനകാലത്തും അതിര്‍ത്തികളിലും സ്ത്രീശരീരങ്ങളെ യുദ്ധഭൂമിയായി കണ്ടത് ഇന്നും ഭയാനകമായ ഓര്‍മ്മകളാണ്. മോദി സര്‍ക്കാരിന്റെ കാലത്ത് നടന്ന കത്വ സംഭവത്തില്‍ വംശീയവെറിയായിരുന്നു ഹീനകൃത്യത്തിനു പിന്നില്‍. മുസ്ലിം ബക്കര്‍വാള്‍ വിഭാഗക്കാരായ നാടോടി വിഭാഗത്തിലെ പിഞ്ചുകുഞ്ഞാണ് ഇരയായത്. ആസൂത്രിതമായിരുന്നു ഈ സംഭവം. പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ഹത്രാസ് കേസില്‍ പ്രതികളില്‍ മൂന്നുപേരെ വെറുതേവിട്ടു. ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സെന്‍ഗര്‍ പ്രതിയായ ഉന്നാവോ കേസിനു പിന്നീട് സംഭവിച്ച  ഗതി ഈ ലോകം കണ്ടതാണ്. എം.എല്‍.എക്കെതിരെ കേസ് നല്‍കിയതിനു പിന്നാലെ സെന്‍ഗറിന്റെ സഹോദരനും മറ്റും പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചു; പഴയ കേസുകള്‍ പൊടിതട്ടിയെടുത്തു. ഒടുവില്‍ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. എന്നിട്ടും പരാതിയുമായി മുന്നോട്ടുപോയ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. പെണ്‍കുട്ടിയും പ്രധാന സാക്ഷിയായ അമ്മായിയും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തില്‍ 2019 ജൂലൈ 29-ന് ലോറി ഇടിച്ചു. അപകടത്തില്‍ അമ്മായി മരിച്ചു. ദിവസങ്ങളോളം മരണത്തോടു മല്ലടിച്ച ശേഷം പെണ്‍കുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നു. അപകടത്തെത്തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ട് കേസ് ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.  മുഖമില്ലാത്ത ആള്‍ക്കൂട്ടം ചെയ്യുന്ന പ്രവൃത്തികള്‍ 1984-ല്‍ ഡല്‍ഹിയിലും 2002-ല്‍ ഗുജറാത്തിലും നടന്ന വംശഹത്യയിലുമുണ്ടായി. 1947-ലെ ഇന്ത്യാ വിഭജന കാലത്ത് നടന്ന വംശീയ - വര്‍ഗ്ഗീയ കലാപങ്ങളില്‍ വ്യാപകമായ ബലാത്സംഗങ്ങള്‍ നടന്നു. നിരവധി ഹിന്ദു - മുസ്ലിം - സിഖ് വനിതകള്‍ ഗര്‍ഭിണികളായി. ഇവര്‍ക്കു ജനിച്ച കുട്ടികള്‍ ജീവിതകാലം മുഴുവന്‍ അപമാനത്തിന്റേയും പീഡനത്തിന്റേയും അനാഥത്വത്തിന്റേയും പ്രതീകമായി അവര്‍ വളര്‍ന്നു. കിഴക്കന്‍ ബംഗാളില്‍ 1971-ലെ സൈനിക ഇടപെടലില്‍ ബംഗാളി സ്ത്രീകളോട് പാക് പട്ടാളം പറഞ്ഞത് ഞങ്ങള്‍ നിങ്ങളെക്കൊണ്ട് പഞ്ചാബി കുഞ്ഞുങ്ങളെ പ്രസവിപ്പിക്കുമെന്നാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com