പൂര്‍ണ്ണമായും മാറാനാവാതെ, നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവാതെ പ്രതിസന്ധിയിലകപ്പെട്ടവര്‍

ബംഗാള്‍ ഉള്‍ക്കടലും ആന്‍ഡമാന്‍ കടലും ചേരുന്നിടത്തുള്ള ചെറുതും വലുതുമായ 572 ദ്വീപുകളുടെ സമൂഹമാണ് ആന്‍ഡമാന്‍-നിക്കോബാര്‍
പൂര്‍ണ്ണമായും മാറാനാവാതെ, നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവാതെ പ്രതിസന്ധിയിലകപ്പെട്ടവര്‍

1921-ലെ കലാപത്തോട് ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ജനവിഭാഗത്തെ, കേന്ദ്രത്തിലേയോ കേരളത്തിലേയോ ഗവണ്‍മെന്റുകളും പൊതുജനം തന്നെയും പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ചെന്നുപെട്ട മലയാളികളും അവരുടെ പിന്‍മുറക്കാരുമാണ്. കലാപകാരികളെന്നും അതിനെ അനുകൂലിച്ചവരെന്നുമുള്ള കുറ്റം ചുമത്തപ്പെട്ട് തടവറകളില്‍ കഴിഞ്ഞവരും പിന്നീട് പ്രേരണയാലോ സമ്മര്‍ദ്ദത്താലോ കേരളം വിട്ട് കുടിയേറിയവരും അവരുടെയെല്ലാം പിന്‍തലമുറകളില്‍പെട്ടവരും കേരളം കയ്യൊഴിഞ്ഞ ആന്‍ഡമാനിലെ മലയാളികളില്‍ പെടുന്നു. അവരുടെ കൃത്യമായ സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കുക എളുപ്പമല്ല. പലരും ആന്‍ഡമാന്‍ സമൂഹത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചവരാണ്. അവരുടെ പൂര്‍വ്വികര്‍ ഏതേതിടങ്ങളില്‍നിന്ന് കുടിയേറിയവരാണെന്നോ അവരാരാണെന്ന് തന്നെ കൃത്യമായ രേഖകളില്ല. അവരെക്കുറിച്ച് വ്യക്തികളോ സ്ഥാപനങ്ങളോ ഗൗരവപ്പെട്ട ഗവേഷണപഠനം നടത്തിയതായി അറിവുമില്ല. ഇവര്‍ക്കു വേണ്ടി കേരള സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ സന്നദ്ധ-സമുദായ സംഘടനകളോ ക്ഷേമ പരിപാടികളോ പുനരധിവാസ പദ്ധതികളോ നടത്തിയതായും കാണുന്നില്ല. അവരില്‍ പലര്‍ക്കും നഷ്ടപ്പെട്ട കേരളത്തിലെ സ്വത്തുവകകളിലുള്ള അവകാശം സംരക്ഷിക്കാനോ വീണ്ടെടുക്കാനോ ശ്രമങ്ങളുണ്ടായിട്ടില്ല. നാടുമായുള്ള ബന്ധം പാടെ വിച്ഛേദിക്കപ്പെട്ട് തുറന്ന തടവറയിലെന്നപോലെ കഴിയാന്‍ അന്നും ഇന്നും വിധിക്കപ്പെട്ടവരാണ് ആന്‍ഡമാനിലെ മലയാളി സമൂഹം. 

തുരുത്തുകളുടെ സമൂഹം

ബംഗാള്‍ ഉള്‍ക്കടലും ആന്‍ഡമാന്‍ കടലും ചേരുന്നിടത്തുള്ള ചെറുതും വലുതുമായ 572 ദ്വീപുകളുടെ സമൂഹമാണ് ആന്‍ഡമാന്‍-നിക്കോബാര്‍. ഇന്തോനേഷ്യ, തായ്ലന്റ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ക്കു സമീപം, 150 കിലോമീറ്റര്‍ ദൂരത്തില്‍ കിടക്കുന്ന രണ്ട് ദ്വീപുസമൂഹങ്ങള്‍. സമുദ്രത്തില്‍ മുങ്ങിപ്പോയ ആരക്കന്‍ പര്‍വ്വതനിരകളുടെ ശേഷിപ്പുകളാണ് ഈ ദ്വീപ് സമൂഹങ്ങള്‍ എന്നു കണക്കാക്കപ്പെടുന്നു. 8,249 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ദ്വീപുകളില്‍ 38 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. 325 ദ്വീപുകള്‍ ആന്‍ഡമാനിലും 247 ദ്വീപുകള്‍ നിക്കോബാറിലും പെടുന്നു. തലസ്ഥാനമായ പോര്‍ട്ട് ബ്ലയര്‍, വടക്ക് കൊല്‍ക്കത്ത നഗരവുമായി 1,255 കിലോമീറ്ററും, പടിഞ്ഞാറ് വിശാഖപട്ടണവുമായി 11,900 കിലോമീറ്ററും തെക്ക് ചെന്നൈയുമായി 11,900 കിലോമീറ്ററും അകലമുണ്ട്. ദക്ഷിണേന്ത്യയുടെ ഭാഗമായാണ് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളെ കണക്കാക്കുന്നത്. സ്വാതന്ത്ര്യാനന്തരം ദ്വീപുകള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഭരിക്കുന്നു.

മുപ്പതിനായിരം വര്‍ഷങ്ങളുടെ ജനിതക പാരമ്പര്യം കണക്കാക്കപ്പെട്ടിട്ടുള്ള ജര്‍വ, നിക്കോബാറീസ് ഗോത്രസമൂഹങ്ങള്‍ക്കൊപ്പം, ബംഗാള്‍-തെലങ്കാന-കേരളം എന്നിവിടങ്ങളില്‍നിന്ന് നാടുകടത്തപ്പെട്ടവരോ കുടിയേറിയവരോ ആയ ജനവിഭാഗങ്ങളുടെ നാലാമത്തേയും അഞ്ചാമത്തേയും തലമുറക്കാരും ചേര്‍ന്നാല്‍ ഈ ദ്വീപുകളിലെ ജനസമൂഹങ്ങളായി. 2022-ലെ കണക്കുകള്‍ പ്രകാരം 434,192 ആണ് ജനസംഖ്യ. ഇവരില്‍ 69.45 ശതമാനം ഹിന്ദുവിഭാഗങ്ങളില്‍ പെടുന്നവരാണ്. 21.7 ശതമാനം ക്രൈസ്തവരും 8.51 ശതമാനം മുസ്ലിങ്ങളുമാണ്. ബാക്കിയുള്ളവരില്‍ ജൈനന്മാര്‍, ബുദ്ധിസ്റ്റുകള്‍ തുടങ്ങിയവരും പെടുന്നു. ജര്‍വകളും നിക്കോബാറീസും അടങ്ങുന്ന ഗോത്രവര്‍ഗ്ഗങ്ങള്‍ 8.27 ശതമാനമാണുള്ളത്. പഴയ മലബാര്‍ ഭാഗത്തുനിന്ന് നാടുകടത്തപ്പെട്ടവരോ കുടിയേറ്റം നടത്തിയവരോ ആയ ആളുകളാണ് ഇവിടെയെത്തിയ ആദ്യ മലയാളികള്‍. അവരുടെ പിന്‍തലമുറക്കാരും ക്രൈസ്തവരും ഹിന്ദുക്കളും ചേര്‍ന്നാല്‍ ഇന്നത്തെ മലയാളി സമൂഹമായി. 

2011-ലെ ജനസംഖ്യ കണക്ക് പ്രകാരം 2,02,871 പുരുഷന്മാരും 1,77,710 സ്ത്രീകളും അവരില്‍ 2,37,093 പേര്‍ ഗ്രാമങ്ങളിലും 1,43,488 പേര്‍ പോര്‍ട്ട്ബ്ലയറടക്കമുള്ള നഗരങ്ങളിലുമാണ് താമസിക്കുന്നത്. നഗരത്തില്‍ കഴിയുന്നവരേക്കാള്‍ കൂടുതല്‍, ഇരട്ടിയോളം ഗ്രാമങ്ങളിലാണ് കഴിയുന്നത്. മലയാളികളില്‍ കൂടുതല്‍ പേര്‍ ഗ്രാമത്തിലാവാനാണ്  സാധ്യതയെന്നു കണക്കാക്കപ്പെടുന്നു. ചെറുകിട കൃഷിക്കാരും കച്ചവടക്കാരും കൂലിപ്പണിക്കാരുമാണ് മലയാളികളില്‍ കൂടുതല്‍. 1921-നു ശേഷം കുടിയേറിയവര്‍ ആന്‍ഡമാന്‍ സ്‌കീമിലൂടെ വന്നെത്തിയവരാണ്. കലാപാനന്തരം കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് കൃഷിഭൂമിയും തൊഴിലും വാഗ്ദാനം ചെയ്ത് മലബാറിലെ മുസ്ലിങ്ങളെ നാടുകടത്താനുള്ള ബ്രിട്ടീഷുകാരുടെ ഒരു തന്ത്രമായിരുന്നു ആന്‍ഡമാന്‍ സ്‌കീം. ഇതിനെതിരേ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും അല്‍അമീന്‍ പത്രവും നടത്തിയ പ്രതിഷേധം ശ്രദ്ധേയമാണ്. മാപ്പിള മുസ്ലിങ്ങളുടെ ആത്മവീര്യം തകര്‍ക്കാനും കഷ്ടപ്പാടുകളിലേക്കും ദുരിതങ്ങളിലേക്കും നാടുകടത്താനുള്ള ഗൂഢാലോചനയാണെന്ന് അബ്ദുറഹിമാന്‍ ആരോപിച്ചു. ആന്‍ഡമാനിലേക്കുള്ള മുസ്ലിം കുടിയേറ്റം കുറയ്ക്കുവാന്‍ അത് കാരണമായി. അല്‍-അമീനിലൂടെ നടത്തിയ ശക്തമായ പ്രതിഷേധത്താല്‍ പദ്ധതി ബ്രിട്ടീഷുകാര്‍ പിന്‍വലിച്ചു.  എങ്കിലും കുറച്ച് പേരെയെങ്കിലും ആകര്‍ഷിക്കാനും കുടിയേറ്റം നടത്താനും ആന്‍ഡമാന്‍ സ്‌കീം കാരണമായി. 

ആൻഡമാനിലെ മഞ്ചേരിയിലേക്ക് സർവീസ് നടത്തുന്ന ബസ്. തിരൂർ, വണ്ടൂർ, മണ്ണാർക്കാട് എന്നീ സ്ഥലങ്ങളും ആൻഡമാനിലുണ്ട്
ആൻഡമാനിലെ മഞ്ചേരിയിലേക്ക് സർവീസ് നടത്തുന്ന ബസ്. തിരൂർ, വണ്ടൂർ, മണ്ണാർക്കാട് എന്നീ സ്ഥലങ്ങളും ആൻഡമാനിലുണ്ട്

കുടിയേറ്റക്കാരായ തടവുകാര്‍ 

1921-ലെ കലാപത്തോടനുബന്ധിച്ചാണ് നൂറുകണക്കിന് മാപ്പിള മുസ്ലിങ്ങളെ കുറ്റവാളികള്‍ എന്ന മുദ്രകുത്തി, ശിക്ഷയായി തടവ് വിധിക്കുകയുണ്ടായി. ഹ്രസ്വകാല തടവാണ്  ഭൂരിപക്ഷത്തിനും വിധിച്ചിരുന്നത്. എന്നാല്‍, അവരെ സെല്ലുലാര്‍ ജയിലിലേക്കാണ് അയച്ചിരുന്നത്. അവര്‍ക്കാര്‍ക്കും തടവ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുവാന്‍ കഴിയുമായിരുന്നില്ല. തടവുകാരെന്ന മുദ്രകുത്തലും യാത്രയ്ക്കുള്ള പെര്‍മിഷന്‍ കിട്ടായ്കയും ഭൂരിഭാഗം ആളുകളേയും ആന്‍ഡമാനില്‍ തന്നെ നിര്‍ത്താന്‍ കാരണമാക്കി. കുറഞ്ഞ തടവുകാര്‍ക്കു മാത്രമാണ് നാട്ടില്‍നിന്ന് കുടുംബത്തെ അങ്ങോട്ടേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞത്. പിന്നീട് ആന്‍ഡമാന്‍ സ്‌കീമിലൂടെ എത്തിയവരും സ്വാതന്ത്ര്യലബ്ധിക്കുശേഷം തൊഴില്‍ തേടിപ്പോയവരും  അവരുടെ കുടുംബാംഗങ്ങളുമടങ്ങുന്നവരും  ചേര്‍ന്നാല്‍ മലയാളികളുടെ എണ്ണം പൂര്‍ത്തിയായി. 1954-1961 കാലത്ത് 134 മുസ്ലിം കുടുംബങ്ങള്‍ ഇവിടേക്ക് കുടിയേറിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 1970 കാലഘട്ടത്തില്‍ വിദ്യാസമ്പന്നരായ മലയാളികള്‍ സര്‍ക്കാര്‍ ജോലിയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഇവിടെയെത്തി. അവരില്‍ ചിലര്‍ സ്ഥിരതാമസമാക്കി. 

റംഗത്ത്, ഭിജില്‍പൂര്‍, ഫെറാര്‍ഗഞ്ച്, റങ്ങചങ്ങ് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും മലയാളി കുടിയേറ്റ പ്രദേശങ്ങള്‍ രൂപംകൊണ്ടത്. തെക്കന്‍ ആന്‍ഡമാനിലെ ബാംബുഷുറന്‍, ഹോപ് ടൗണ്‍, വിംബര്‍ലി ഗഞ്ച്, ഒറാസ്രാജ്, മന്നാര്‍ഘട്ട്, സത്യൂപാര്‍ട്ട് ഗഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ മലയാളി കോളനികള്‍ ഉണ്ടായിരുന്നു. ഭൂരിഭാഗം മാപ്പിള മുസ്ലിങ്ങള്‍ ബാക്കിയായതും ഈ പ്രദേശങ്ങളിലാണ്. 

തിരസ്‌കാരത്തിന്റെ ദുരന്തപര്‍വ്വം

ആന്‍ഡമാനിലെ മലയാളി സമൂഹത്തിന്റെ നിര്‍മ്മിതിക്കു ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്‌കാരികവുമായ പല ഘടകങ്ങളും അടയിരിപ്പുണ്ട്. സാമൂഹ്യ-രാഷ്ട്രീയ പരിസരങ്ങളുടെ സ്വാധീനവും സമ്മര്‍ദ്ദവും ഈ ജനവിഭാഗത്തെ വ്യത്യസ്തമായ ഒരു സമൂഹമാക്കി മാറ്റാന്‍ കാരണമാക്കി. കുടിയേറ്റക്കാരായ മറ്റു മലയാളികള്‍ക്കില്ലാത്ത സാമൂഹിക ദുരന്തം അനുഭവിക്കുന്നവരാണ് ഇവര്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിലേക്കും തൊഴില്‍പരമായ കുടിയേറ്റം നടത്തിയ മലയാളികളെ കേരളം എന്നും സ്വീകരിച്ചിട്ടേയുള്ളു. ഇന്ത്യയിലെ തന്നെ പല നഗരങ്ങളിലുമുള്ള മലയാളിസമൂഹം എത്തിപ്പെട്ട സ്ഥലത്തും ആദരണീയരാണ്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വരുമാനം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സവിശേഷ സ്തൂപമാണ്. ആന്‍ഡമാനിലെ മലയാളികളായ കുടിയേറ്റക്കാര്‍ അപമാനിതരാണ്, ഉപേക്ഷിക്കപ്പെട്ടവരാണ്. കേരളത്തിന്റെ സവിശേഷ മണ്ഡലങ്ങളിലൊന്നിലും അവരുടെ സാന്നിദ്ധ്യമില്ല. തിരസ്‌കാരങ്ങളുടെ ദുരന്തപര്‍വ്വത്തിനു പിന്നിലുള്ള ഘടകങ്ങളും കാരണങ്ങളും പലതും അപഗ്രഥിക്കപ്പെട്ടിട്ടില്ല. അതു നടത്താതെ ഈ മലയാളി സമൂഹത്തിന്റെ ദൈന്യമുഖം വിശകലനം ചെയ്യാനുമാവില്ല. അവ പലതാണ്:

1
ആന്‍ഡമാനിലേക്ക് ആദ്യം നാട് കടത്തപ്പെടുന്ന മലയാളികള്‍ മലബാര്‍ കലാപവുമായി ബന്ധമുള്ളവരോ അങ്ങനെ കുറ്റം ചുമത്തപ്പെടുകയോ ചെയ്തവരാണ്. ഒരു ദേശത്തിന്റെ പിന്നോക്കാവസ്ഥയും പീഡനങ്ങളും ചൂഷണവും ഉണ്ടാക്കിവെച്ച ദുരന്തമായിരുന്നു മലബാര്‍ കലാപം. അവഗണനയും വിവേചനവും കീഴാളവര്‍ഗ്ഗ മുസ്ലിം സമൂഹത്തോടുള്ള ബ്രിട്ടീഷ് നയങ്ങളുടെ ഇരകളുമായിരുന്നു കലാപകാരികളും അവരെ പിന്താങ്ങിയവരും. കലാപം ബ്രിട്ടീഷുകാരുടെ നിര്‍മ്മിതിയായിരുന്നുവെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ അപഗ്രഥിക്കപ്പെട്ടിട്ടുണ്ട്. ഒരു സമൂഹത്തിന്റെ ആത്മവീര്യത്തേയും പ്രതിഷേധത്തേയും തകര്‍ക്കാനുള്ള ഗൂഢതന്ത്രത്തിലെ ബലിയാടുകളാണ് 1921-ലെ മലബാറിലെ മാപ്പിള മുസ്ലിങ്ങള്‍. കലാപത്തെ ക്രൂര മര്‍ദ്ദനമുറകള്‍കൊണ്ടും നിഷ്ഠുരമായ മാനസിക പീഡനങ്ങള്‍കൊണ്ടും അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. അതിന്റെ ബാഹ്യപ്രകടനങ്ങളാണ് തടവുകാരേയും പിന്നെ പൊതുജനത്തെയും ആന്‍ഡമാനിലേക്ക് നാടുകടത്തിയത്. ക്രൂരതയുടെ ചോരക്കളമായിരുന്നു സെല്ലുലാര്‍ ജയിലായിരുന്നു അവര്‍ക്ക് വിധിക്കപ്പെട്ട ഇടം. തടവുകാരില്‍ ഏറെപ്പേരും സംശയത്തിന്റെ കരിനിഴലില്‍ പിടിക്കപ്പെട്ടവരായിരുന്നു. പട്ടാളക്കോടതിയില്‍ അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ അവസരമുണ്ടായിരുന്നില്ല. കൂടുതല്‍ പേരും കുറഞ്ഞകാലത്തേക്ക് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായിരുന്നു. നിവര്‍ന്നുകിടക്കാനാവാത്ത  സെല്ലുകളില്‍വെച്ച് തന്നെ പലരും മരിക്കുകയായിരുന്നു. കോടതി വിധിച്ചവരേയും തടവറയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരേയും സെല്ലുലാര്‍ ജയിലിനടുത്തുണ്ടായിരുന്ന തൂക്കുമരത്തില്‍ കേറ്റുകയായിരുന്നു. മൂന്ന് പേരെ ഒരേസമയം തൂക്കിക്കൊല്ലാനുള്ള സംവിധാനം സെല്ലുലാര്‍ ജയിലില്‍ ഉണ്ടായിരുന്നു. തടവറയില്‍നിന്നിറങ്ങിയവര്‍ക്ക് അവിടെത്തന്നെ കഴിയുക എന്നതു മാത്രമെ തിരഞ്ഞെടുക്കാനുണ്ടായിരുന്നുള്ളൂ. മടക്കയാത്ര എന്ന സ്വപ്നം ഉപേക്ഷിക്കുവാനേ അവര്‍ക്ക് നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. അവരാണ് ആന്‍ഡമാനിലെ ആദ്യ മലയാളികള്‍.

ആൻഡമാനിലെ വണ്ടൂർ മഹാത്മാ​ഗാന്ധി മറൈൻ നാഷണൽ പാർക്ക്
ആൻഡമാനിലെ വണ്ടൂർ മഹാത്മാ​ഗാന്ധി മറൈൻ നാഷണൽ പാർക്ക്

2
ആന്‍ഡമാനില്‍നിന്ന് മറ്റെങ്ങോട്ടും പോകാന്‍ കഴിയുമായിരുന്നില്ല, ആന്‍ഡമാനില്‍ തന്നെ സ്ഥിരതാമസമാക്കുക എന്നതു മാത്രമേ തടവുകാര്‍ക്ക് തിരഞ്ഞെടുക്കാനുണ്ടായിരുന്നുള്ളൂ. ഭൂരിഭാഗം തടവുകാര്‍ക്കും തടവുകാലം കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവാത്തവിധം പ്രശ്‌നങ്ങളുണ്ടായിരുന്നു. എപ്പോഴെങ്കിലുമേ കപ്പലുകളുണ്ടായിരുന്നുള്ളൂ. കപ്പല്‍ യാത്ര നടത്താനുള്ള പെര്‍മിഷന്‍ ലഭിക്കാനും ടിക്കറ്റ് കിട്ടാനും എമ്പാടും തടസ്സങ്ങളുണ്ടായിരുന്നു. എല്ലാം ശരിയായാലും കാലാവസ്ഥ അനുയോജ്യമാകുന്ന സമയത്തു മാത്രമേ യാത്ര സാധ്യമായിരുന്നുള്ളൂ. പലര്‍ക്കും സാമ്പത്തികമായ ബാധ്യതകള്‍ ഉണ്ടായിരുന്നു. തുണ്ടംഭൂമിയില്‍ കൃഷിയോ കൂലിപ്പണിയോ ആയിരുന്നു അവരുടെ ഉപജീവനമാര്‍ഗ്ഗം. ഒന്നിലധികം പേര്‍ക്ക് യാത്ര നടത്താന്‍ സാധിക്കുന്ന അവസ്ഥയായിരുന്നില്ല പലര്‍ക്കും. ഇക്കാര്യത്താല്‍ തടവുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നാട്ടില്‍ പോയിവരാന്‍ തടസ്സമാവുകയായിരുന്നു. 

3
തടവുകാരായ മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനോ പോയിവരാനോ സാധിക്കാത്തതിന്റെ സാമൂഹിക കാരണങ്ങളിലൊന്ന്, കേരളത്തിലെ ബന്ധുജനങ്ങളുടെ സമീപനമായിരുന്നു. കലാപത്തില്‍ പങ്കെടുത്തവരോ കുറ്റമാരോപിക്കപ്പെട്ടവരോ ആയ ആളുകളുമായുള്ള തുടര്‍ബന്ധം രാഷ്ട്രീയപരവും വര്‍ഗ്ഗീയപരവുമായ പകപോക്കലിനു കാരണമാകുമോ എന്ന ഭയം നാട്ടിലെ ബന്ധുക്കാര്‍ക്കുണ്ടായിരുന്നു. നാട്ടില്‍ കലാപക്കാരുടെ ബന്ധുജനങ്ങളോട് ബ്രിട്ടീഷ് ഗവണ്‍മെന്റ് വെച്ചുപുലര്‍ത്തിയിരുന്ന മനോഭാവം സംശയജടിലമായിരുന്നു. തടവുകാരുടെ തിരിച്ചുവരവ് പ്രാദേശിക പൊലീസുകാരില്‍ പ്രതികൂലമായ പ്രതികരണമാണ് ഉണ്ടാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ആന്‍ഡമാന്‍കാരുടെ  വരവ് കുടുംബാംഗങ്ങള്‍ക്കു വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയിരുന്നത്. ഭയാശങ്കകളോടെയാണ് കുടുംബക്കാര്‍ അവരുടെ തിരിച്ചുവരവിനെ അഭിമുഖീകരിച്ചിരുന്നത്. കലാപാനന്തര മലബാറിലെ താറുമാറായ കുടുംബഘടനയും സാമൂഹികമായ അരക്ഷിതാവസ്ഥയും തടവറയില്‍ കിടന്നവര്‍ക്കു തിരിച്ചുവരാന്‍ അനുകൂലമായ അരീക്ഷമായിരുന്നില്ല ഉണ്ടാക്കിയിരുന്നത്. 

4
ആന്‍ഡമാനില്‍നിന്നുള്ള തിരിച്ചുവരവ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കാതിരിക്കാന്‍ മറ്റൊരു പ്രധാന ഘടകമായിരുന്നു, തടവുകാരുടെ നാട്ടിലെ സ്വത്തുവകകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍. തടവുശിക്ഷയ്ക്ക് വിധിച്ചവരുടേയും ആന്‍ഡമാനിലേയ്ക്ക് നാടുകടത്തപ്പെട്ടവരുടേയും സ്വത്ത് നാട്ടില്‍ ബാക്കിയായവര്‍ പങ്കിട്ടെടുത്തിരുന്നു. ചിലരുടെ തിരിച്ചുവരവ്, സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കി. ആന്‍ഡമാനില്‍നിന്നു കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ സഹോദരങ്ങള്‍ക്ക് ഹോട്ടലില്‍ താമസിക്കേണ്ടിവന്നിരുന്നു. ബന്ധുജനങ്ങളില്‍ ചിലര്‍ അവരെ കാണാന്‍ പോലും അവസരം നല്‍കിയില്ല. സ്വത്തവകാശം അറിയിച്ച ചിലര്‍ക്കെങ്കിലും ദുഃഖകരമായ പ്രതികരണമാണ് ഉണ്ടാക്കിയിരുന്നത്. ഇതിനപ്പുറം, നാട്ടിലുള്ളവര്‍ നാടുകടത്തിയവരുടെ ബന്ധുക്കളാണെന്നറിയാന്‍ ആഗ്രഹിച്ചിരുന്നില്ല. അത് സാമൂഹിക പദവിയെ ബാധിക്കാതിരിക്കാനായിരുന്നു. മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ എന്നു മുദ്രകുത്തപ്പെടാതിരിക്കാനാണ് പലരും ആഗ്രഹിച്ചിരുന്നത്. സ്വന്തം കുടുംബത്തില്‍നിന്നുള്ള ഈ പ്രതികരണത്താല്‍ ആന്‍ഡമാനിലുള്ളവര്‍ കേരളത്തിലേക്ക് വരാതിരിക്കുകയോ നിയമപരമായ നടപടികള്‍ക്കു പോകാതിരിക്കുകയോ ചെയ്യുകയായിരുന്നു.

5
ഭാര്യയേയും മക്കളേയും കൊണ്ടുപോകാന്‍  കഴിഞ്ഞവര്‍ക്ക് ആന്‍ഡമാനില്‍ കുടുംബസമേതം കഴിയാന്‍ സാധിച്ചപ്പോള്‍ നാടുമായുള്ള ബന്ധം ക്രമേണ ഇല്ലാതാകാന്‍ കാരണമായി. 'ആന്‍ഡമാന്‍ സ്‌കീമി'ല്‍ ചിലര്‍ക്കു കുടുംബസമേതം ആന്‍ഡമാനില്‍ സ്ഥിരതാമസത്തിനു വഴിയൊരുക്കി. അറുപതുകള്‍ വരെയുള്ള തൊഴില്‍പരമായ കുടിയേറ്റം കുടുംബത്തോടെ അവിടെയെത്താന്‍ കാരണമാക്കുകയും ചെയ്തിരുന്നു. കലാപത്തിനുശേഷം നാല് പതിറ്റാണ്ടാകുന്നതോടെ സ്ഥിരതാമസമാക്കിയ മുസ്ലിങ്ങള്‍ പ്രത്യേക സമുദായമായി മാറിക്കഴിഞ്ഞിരുന്നു. വൈവാഹികബന്ധവും സൗഹൃദവും വെച്ചുപുലര്‍ത്തുന്ന ഒരു സ്വജാതിയ സമുദായമായി മാറാന്‍ മാപ്പിള മുസ്ലിങ്ങള്‍ക്കു കഴിഞ്ഞു. 

6
ആന്‍ഡമാനില്‍നിന്നുള്ള തിരിച്ചുവരവിനോ അവരുടെ പുനരധിവാസത്തിനോ കേരളത്തിലെ ബ്രിട്ടീഷ് സര്‍ക്കാരിനോ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഗവണ്‍മെന്റിനോ കേരള ഗവണ്‍മെന്റിനോ യാതൊരുവിധ പദ്ധതികളും ഉണ്ടായിരുന്നില്ല. ആന്‍ഡമാനിലെ മലയാളി മുസ്ലിങ്ങള്‍ എന്ന ഒരു വിഭാഗത്തെ കേരളത്തിലുള്ള മുസ്ലിം സംഘടനകള്‍പോലും പരിഗണിച്ചിരുന്നില്ല. രാഷ്ട്രീയ സംഘടനകള്‍ക്ക് അവരൊരു വോട്ടുബാങ്കായിരുന്നില്ല. ആന്‍ഡമാനിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികളും ദുരിതാശ്വാസനിധിയും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍നിയമനങ്ങളിലുള്ള സംവരണവും മലയാളികള്‍ക്ക് അവിടെത്തന്നെ കഴിഞ്ഞുകൂടാനുള്ള പ്രേരണയായി. മലബാറിലെ മാപ്പിള മുസ്ലിങ്ങള്‍ ആന്‍ഡമാനില്‍തന്നെ കഴിഞ്ഞുകൂടാന്‍ ഇതും ഒരു കാരണമായിട്ടുണ്ട്. 

7
ആന്‍ഡമാനിലെ മലബാര്‍ മാപ്പിള മുസ്ലിങ്ങള്‍ക്ക് ഒരു വോട്ടുബാങ്കാകാനോ സമ്മര്‍ദ്ദസംഘമായി കഴിയാനോ കഴിഞ്ഞിരുന്നില്ല. ആന്‍ഡമാനില്‍പോലും അവര്‍ക്കു രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി വാദിക്കാനോ സമരം ചെയ്യാനോ ആരുമുണ്ടായിരുന്നില്ല. ആദ്യകാലത്ത് ആന്‍ഡമാന്‍ പാര്‍ലമെന്റ് മണ്ഡലം ബംഗാളിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമൊക്കെ ബംഗാളിയെയായിരുന്നു പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുത്തിരുന്നത്. പിന്നീടാണ് പാര്‍ലമെന്റ് നിയോജകമണ്ഡലത്തിന്റെ പരിധി നിര്‍ണ്ണയത്തില്‍ മാറ്റങ്ങള്‍ വന്നതും ആന്‍ഡമാനില്‍നിന്നുള്ള ഒരാള്‍ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതും. തെരഞ്ഞെടുപ്പുകളില്‍ എന്നാലും ഒരു മലയാളി സ്ഥാനാര്‍ത്ഥിയായി വരിക എന്നത് വിദൂരസ്വപ്നമായി നില്‍ക്കുന്നു. കേന്ദ്രഭരണപ്രദേശമായതിനാല്‍ ഭരണകാര്യനിര്‍വ്വഹണത്തിന്റെ മേലധികാരിയായി നിയമിക്കുന്ന 'ലഫ്റ്റനന്റ് ഗവര്‍ണര്‍ ജനറലുമാര്‍' ഉത്തരേന്ത്യന്‍ താല്പര്യങ്ങള്‍ക്കു മാത്രമാണ് മുന്‍തൂക്കം കൊടുത്തിട്ടുള്ളത്. 

സെല്ലുലാർ ജയിൽ
സെല്ലുലാർ ജയിൽ

മലയാളികളുടെ സ്വത്വപ്രതിസന്ധി

ഇന്ത്യയിലെ മറ്റ് ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കാത്ത അനുഭവങ്ങളും പ്രശ്‌നങ്ങളുമാണ് ആന്‍ഡമാന്‍ മലയാളികളുടേത്. ഫീല്‍ഡ് സ്റ്റഡിയും മറ്റൊന്നല്ല വെളിപ്പെടുത്തുന്നത്. മലയാളക്കരയുമായുള്ള ബന്ധം വിച്ഛേദിക്കാനും ആന്‍ഡമാനിലെ  ജനവിഭാഗങ്ങളുമായി കൂടിച്ചേര്‍ന്ന് കുറ്റവാളി-കുടിയേറ്റ സമുദായത്തിന്റെ സാമൂഹിക സ്വത്വബോധം കൈവെടിഞ്ഞ് സങ്കരസമൂഹത്തിന്റെ ഭാഗമായിത്തീരാനുമാണ് മലയാളികള്‍ നിര്‍ബ്ബന്ധിതരായിത്തീര്‍ന്നത്. ഒരു പൊതുസമൂഹത്തില്‍ പൂര്‍ണ്ണമായും ലയിച്ചുചേരാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. മുഖ്യധാരാ സമൂഹത്തില്‍ വേറിട്ടൊരു അസ്തിത്വം പ്രകടമാക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നും തോന്നുന്നില്ല. ഈ സ്വത്വപ്രതിസന്ധി സാമൂഹികമായോ രാഷ്ട്രീയമായോ ശ്രദ്ധിക്കപ്പെട്ടിട്ടുമില്ല. 

രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ സൈന്യം ആന്‍ഡമാന്‍ കീഴടക്കിയിരുന്നു. ഭീകരമായ യുദ്ധമുഖം അന്ന് അനുഭവിച്ചിട്ടുള്ള ഏക ഇന്ത്യന്‍ സമൂഹം കുടിയേറിയവരോ അവിടെ ചെന്നു പെട്ടവരോ ആണ്. ജപ്പാന്‍ ഭരണത്തിന്റെ ദുരന്തങ്ങള്‍ നേരിട്ടറിഞ്ഞവര്‍ അടുത്തകാലം വരെയും ആന്‍ഡമാനിലുണ്ടായിരുന്നു. അതിനെക്കുറിച്ച് കേട്ടറിഞ്ഞവര്‍ ഇന്നുമുണ്ട്. എന്നാല്‍, അധിനിവേശക്കാലം കഴിഞ്ഞ് ആന്‍ഡമാന്‍കാരോട് ബ്രിട്ടീഷുകാര്‍ അനുകമ്പാപൂര്‍വ്വം പെരുമാറിയിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഇരകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന സ്വതന്ത്ര ഇന്ത്യയും നല്‍കിയിട്ടില്ല. 
പീഡനങ്ങളുടെ ബ്രിട്ടീഷ് ഭരണകാലത്തും അവഗണനയുടെ ഇന്ത്യന്‍ ഭരണനാളുകളിലും ആന്‍ഡമാനിലെ മലയാളികള്‍ ഇന്ത്യന്‍ ഐഡന്റിറ്റി നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഹിന്ദിയാണ് അവരുടെ പൊതുഭാഷ. വീട്ടിനകത്തുപോലും മലയാളി ഹിന്ദിയിലാണ് സംസാരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ആന്‍ഡമാനിലെ മറ്റ് ഭാഷാപ്രദേശങ്ങളില്‍നിന്നു വന്ന സമുദായങ്ങളോട് ഐക്യപ്പെട്ട് കഴിയാന്‍ ശ്രമിച്ചിട്ടുണ്ട്. മലയാളം കാത്തുസൂക്ഷിച്ചുകൊണ്ട് വിശേഷപ്പെട്ട കേരളബന്ധം ഉണ്ടാകാന്‍ പോകുന്നില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. മലയാള ദേശത്തുനിന്നുള്ളവരുടെ അവഗണനയില്‍ താങ്ങാനാവാത്ത ഒരു സാംസ്‌കാരിക ഭാരം ഉപേക്ഷിക്കാനും ഒരു പൊതുഭാഷയിലൂടെ സമന്വയിപ്പിക്കാനുമാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. മാതൃഭാഷയോട് വിച്ഛേദിക്കപ്പെട്ട അവസ്ഥയായിരുന്നതിനാല്‍ കേരളീയമായ ആചാരങ്ങള്‍ക്കോ ഉത്സവങ്ങള്‍ക്കോ അമിതമായ പ്രാധാന്യം ആന്‍ഡമാനിലെ മലയാളികള്‍ നല്‍കിയിരുന്നുമില്ല. ഹോളി പോലുള്ള ഉത്സവങ്ങളില്‍ ഐക്യപ്പെടാനാണ് മലയാളികള്‍ ശ്രമിച്ചിട്ടുള്ളത്. 

കുടിയേറുകയും സ്ഥിരതാമസത്തിനു തിരഞ്ഞെടുക്കുകയും ചെയ്ത മലയാളികള്‍ അവര്‍ വന്നുചേര്‍ന്ന പ്രദേശത്തിന്റെ പേരുകള്‍ നല്‍കിയിരുന്നു. മഞ്ചേരി, വണ്ടൂര്‍, കൊണ്ടോട്ടി, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങള്‍ ഇന്നും മറ്റൊരു പേരിലല്ല പ്രാദേശികമായി അറിയപ്പെടുന്നത്. മാപ്പിള മുസ്ലിങ്ങള്‍ മൗലൂദും റാത്തീബും മുന്‍കാലങ്ങളില്‍ നടത്തിയിരുന്നു. മലയാളി സമൂഹവുമായി മാത്രമാണ് വൈവാഹികബന്ധം വെച്ചുപുലര്‍ത്തുന്നത്. മുന്‍പ് നാട്ടില്‍വന്ന് വിവാഹം കഴിച്ച് നാടുമായുള്ള ബന്ധം നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചിരുന്നു, ശ്രമങ്ങളും നടത്തിയിരുന്നു. അത് നിരാകരിക്കപ്പെട്ടപ്പോള്‍ ആന്‍ഡമാനിലെ സ്വസമുദായവുമായി മാത്രം വിവാഹബന്ധം കാത്തുസൂക്ഷിച്ച് മുസ്ലിം ഐഡിന്റിറ്റി നിലനിര്‍ത്താനാണ് അവര്‍ക്കു കഴിഞ്ഞത്. സാഹചര്യങ്ങളാല്‍, സാമൂഹികവും രാഷ്ട്രീയവുമായ ഒറ്റപ്പെടുത്തലുകളാല്‍, ദേശീയ ധാരയിലേക്കു നീങ്ങിയവരാണ് ആന്‍ഡമാന്‍ മലയാളികള്‍. അതുകൊണ്ടുതന്നെ നാട്ടിലുള്ള ജാതീയമായ ശ്രേണീകരണം ആന്‍ഡമാനിലെ മലയാളികളെ പ്രത്യേകിച്ച് മുസ്ലിങ്ങളെ, ബാധിച്ചിട്ടില്ല. കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ഇപ്പോഴും ഭാഗികമായെങ്കിലും നടമാടുന്ന ജാതിസമാന വിഭാഗങ്ങള്‍ ആന്‍ഡമാനിലില്ല. അമ്പട്ടന്‍മാര്‍/ഒസ്സാന്‍മാര്‍, മുക്കുവര്‍, കോയമാര്‍, കേയിമാര്‍, തങ്ങള്‍മാര്‍ തുടങ്ങിയ ജാതിസമാന വിഭാഗീകരണമോ ശ്രേണീകരണമോ ആന്‍ഡമാനിലെ മുസ്ലിങ്ങള്‍ക്കിടയില്‍ കാണാനില്ല. സാമ്പത്തികാവസ്ഥയുടേയും അധികാരത്തിന്റേയും മാനദണ്ഡങ്ങളില്‍ അടിയൂന്നിയ വര്‍ഗ്ഗീകരണമാണ് ആന്‍ഡമാനിലെ മലയാളികള്‍ക്കുമിടയില്‍ നിലകൊള്ളുന്നത്. ഉപരിവര്‍ഗ്ഗ, മധ്യമവര്‍ഗ്ഗ, കീഴാളവര്‍ഗ്ഗ ശ്രേണീകരണം മലയാളികള്‍ക്കിടയിലും കാണാനാവും. ചില മുസ്ലിം കുടുംബങ്ങളുടെ ഗള്‍ഫ് ബന്ധം ഈ സാര്‍വ്വദേശീയ സ്വഭാവമുള്ള ശ്രേണീകരണത്തെ നിലനിര്‍ത്താന്‍ കൂടുതല്‍ സഹായിച്ചിട്ടുണ്ട് എന്നു നിരീക്ഷിക്കാനാവുന്നു. 

പോർട്ട് ബ്ലെയർ- ന്യൂയോർക്ക് ടൈംസിനു വേണ്ടി പോറസ് ചൗധരി പകർത്തിയ ചിത്രം
പോർട്ട് ബ്ലെയർ- ന്യൂയോർക്ക് ടൈംസിനു വേണ്ടി പോറസ് ചൗധരി പകർത്തിയ ചിത്രം

കൈയൊഴിഞ്ഞ കേരളം

സാമൂഹികമായി ഇന്ന് പ്രധാനമായും മൂന്ന് വിഭാഗങ്ങളാണ് ആന്‍ഡമാന്‍ ദ്വീപുകളിലുള്ളത്. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ്ഗങ്ങള്‍, ഇന്ത്യയുടെ ചില ഭാഗങ്ങളില്‍നിന്ന് മുന്‍പെ വന്നിട്ടുള്ള പ്രാദേശിക നിവാസികള്‍, തൊഴില്‍പരമായ കുടിയേറ്റം നടത്തിയവര്‍ എന്നീ വിഭാഗങ്ങളാണ് ഇന്ന് കാണാനാവുക. മറ്റുള്ളവരുമായി സാമൂഹികബന്ധം വെച്ചുപുലര്‍ത്താതെ ഒറ്റപ്പെട്ട് കഴിയുന്നവരാണ് ഗോത്രവര്‍ഗ്ഗക്കാര്‍. ഒരുകാലത്ത് കുടിയേറ്റക്കാര്‍ക്ക് എതിരെ വിഷം പുരട്ടിയ അമ്പുകളെയ്ത് പ്രതിരോധിച്ചവരാണവര്‍. ഗോത്രവര്‍ഗ്ഗക്കാര്‍ സര്‍ക്കാര്‍ പതിച്ചുകൊടുത്ത സ്ഥലങ്ങളില്‍ പരബന്ധമില്ലാതെ ഇന്നും കഴിയുന്നു. പല ദേശങ്ങളില്‍നിന്നു തടവറയില്‍ കിടന്നവരുടേയും നാടുകടത്തപ്പെട്ടവരുടേയും പുത്തന്‍ തലമുറയാണ് പ്രാദേശിക നിവാസികളില്‍പെടുന്നത്. ഈ 'ലോക്കല്‍സ്' വിഭാഗത്തിന്റെ ഭാഗമായാല്‍ അവര്‍ക്ക് വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. അതുകൊണ്ടുതന്നെ കുടിയേറ്റക്കാര്‍ക്ക് '342 സര്‍ട്ടിഫിക്കറ്റുകള്‍' നേടി ലോക്കലുകളുടെ പദവിയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നു. ഈയൊരു സാധ്യത മലയാളികളെ അവിടെത്തന്നെ താമസിച്ച് പോരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു. ആന്‍ഡമാന്‍ ഐഡന്റിറ്റി നിയമപരവും രാഷ്ട്രീയവുമായി നിലനിര്‍ത്തി അവര്‍ ദ്വീപുസമൂഹങ്ങളില്‍ കഴിയുന്നു. എന്നാല്‍ അവരില്‍നിന്ന്, പ്രത്യേകിച്ച് ആന്‍ഡമാനിലെ മുസ്ലിം മലയാളികളില്‍നിന്ന്, ഉന്നത വിദ്യാഭ്യാസമോ ഉയര്‍ന്ന ഉദ്യോഗമോ നേടിയവര്‍ അധികമൊന്നുമില്ലതാനും. തുറന്ന സമൂഹത്തില്‍ അംഗമാകാനും പൊതുധാരയില്‍ ലയിക്കാനും അതേസമയം പ്രാദേശികമായ ചില അടയാളങ്ങള്‍ കയ്യൊഴിയാനാവാത്തവിധം നിലനിര്‍ത്താനും പാടുപെടുന്ന ഒരു ജനവിഭാഗമായി മാറിയിരിക്കുന്നു ആന്‍ഡമാനിലെ മലയാളികള്‍. പൂര്‍ണ്ണമായും മാറാനാവാതെ, നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവാതെ പ്രതിസന്ധിയിലകപ്പെട്ടവരാണ് ഇക്കൂട്ടര്‍. ഒരുപക്ഷേ, രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍കൊണ്ട് ആന്‍ഡമാന്‍ ദ്വീപുസമൂഹത്തില്‍ പാടെ അലിഞ്ഞുചേരാനിടയുള്ളവരാണ് അവര്‍. അപ്പോള്‍ മതപരവും രാഷ്ട്രീയവുമായ സ്വത്വത്തിനപ്പുറം മറ്റൊന്നും അവരില്‍ അവശേഷിക്കാനും സാധ്യതയില്ലെന്ന് ഊഹിക്കാനാവും.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com