എതിരെന്ന ജീവിതസമരചരിത്രം  തൊടുത്തുവിടുന്ന നൂറ് കണക്കിനു ചോദ്യങ്ങൾ 

എതിരില്ലാത്ത ധൈഷണിക ജീവിതം
എതിരെന്ന ജീവിതസമരചരിത്രം  തൊടുത്തുവിടുന്ന നൂറ് കണക്കിനു ചോദ്യങ്ങൾ 

നാം ശരീരമല്ല അറിവാകുന്നു. ഈ ശരീരമില്ലാതെ പോയാലും അറിവായ നാം പ്രകാശിച്ചുകൊണ്ട് തന്നെയിരിക്കും” - നാരായണഗുരു

ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നൊബേൽ സമ്മാനജേതാവായേനെ” എന്ന് ഡോ. കെ.എൻ. രാജിനോട് നിശിതമായി പ്രസ്താവിച്ച ഡോ. കുഞ്ഞാമനിൽ തെളിയുന്നത് അറിവിലൂടെ സ്‌ഫുടം ചെയ്‌തെടുത്ത അതുല്യമായ ഇച്ഛാശക്തിയുടെ വെളിച്ചമാണ്. 1974-ൽ കോഴിക്കോട് സർവ്വകലാശാലയിൽനിന്നും സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ എം.എ കരസ്ഥമാക്കിയ കുഞ്ഞാമൻ മാഷ് വിവേചനപൂർണ്ണമായ ജീവിതസാഹചര്യങ്ങളെ വിമോചനാത്മകമായ വിജ്ഞാനമാക്കി പരിവർത്തിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ താൻ കെ.എൻ. രാജിന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ നൊബേൽ സമ്മാനജേതാവാകുമായിരുന്നു എന്ന ധീരമായ പ്രസ്താവന ഇന്ത്യൻ സാമൂഹ്യവ്യവസ്ഥിതിയോടുള്ള ചരിത്രവിമർശനമായിരുന്നു. അദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധങ്ങൾ അടിമുടി വ്യവസ്ഥാ വിമർശനമാണ് സംവഹിച്ചത്. കേരളത്തിലെ തെക്കൻ, വടക്കൻ ജീവിതത്തിലെ ആദിവാസി ജീവിതത്തെക്കുറിച്ചുള്ള പഠനവും ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണത്തെക്കുറിച്ചുള്ള ഡോക്ടറൽ പ്രബന്ധവും ഇതാണ് തെളിയിക്കുന്നത്. Development of Tribal Economy, Globalization: A Subaltern Perspective, Economic Development and Social Change, കേരളത്തിലെ വികസന പ്രതിസന്ധികൾ തുടങ്ങിയ ഡോ. കുഞ്ഞാമന്റെ സുപ്രധാന കൃതികൾ ഇന്ത്യൻ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെ ആഴത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നവയാണ്. രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനു ശേഷം സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്ക് ലഭിച്ച ഡോ. കുഞ്ഞാമന്റെ ജീവിതം ഒരു സമൂഹത്തിനാകെ പ്രചോദനാത്മകമാണ്. കഠിനമായ വിപരീത സാഹചര്യങ്ങളോട് പോരാടി വിജയിച്ച ഈ മഹാപ്രതിഭ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനു നിറഞ്ഞ വെളിച്ചമാണ്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട സമൂഹത്തിലെ ഒരു പ്രതിനിധിക്ക് ഇന്ത്യൻ അസമത്വ സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിക്കുന്ന ആയിരം വിഘാതങ്ങൾ താണ്ടിവേണം വൈജ്ഞാനിക പടവുകൾ കീഴടക്കുവാൻ. അത് അത്രമേൽ ലളിതമായ ഒന്നല്ലതാനും. ഇങ്ങനെ നോക്കുമ്പോൾ ഡോ. കുഞ്ഞാമന്റെ ജീവിതം അടിമുടി ഇന്ത്യൻ അസമത്വ സാമൂഹ്യവ്യവസ്ഥിതിയുടെ നിശിതമായ വിമർശന സ്ഥാനമായിരുന്നു.

കുഞ്ഞാമൻ മാഷിന്റെ എതിരെന്ന ജീവിതസമരചരിത്രം ആ അർത്ഥത്തിൽ വർത്തമാന ഇന്ത്യയോടും വർത്തമാന കേരളത്തോടും നൂറ് കണക്കിനു ചോദ്യങ്ങൾ തൊടുത്തുവിടുന്നുണ്ട്. ആ ചോദ്യങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് പൊതുബുദ്ധിജീവിയും സാമൂഹ്യ സൈദ്ധാന്തികനും സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനും ചരിത്രപണ്ഡിതനുമായ ഡോ. കുഞ്ഞാമനോടുള്ള മഹത്തായ ആദരവ്.

ദളിതന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കണമെങ്കിൽ അയാൾ മൂട്ടയായി പുനർജ്ജനിക്കേണ്ടിവരും എന്ന സാമൂഹ്യവിമർശനം സാമൂഹ്യവ്യവസ്ഥിതിയെ ആഴത്തിൽ മനസ്സിലാക്കിയ ഒരാളിൽനിന്നുമുളവാകുന്നതാണ്. മുഖ്യമന്ത്രി കസേരയിൽ മാത്രമല്ല, ആസൂത്രണ ബോർഡിന്റെ വൈസ്ചെയർമാനോ കേരളത്തിൽ ഒരു വൈസ്ചാൻസിലറുടെ കസേരയിൽ ഇരിക്കാനോ കഴിയണമെങ്കിൽ ഒരു ദളിതന് മൂട്ടയായി പുനർജ്ജനിക്കേണ്ടിവരുമെന്ന കുഞ്ഞാമൻ മാഷുടെ ആഴമേറിയ വ്യവസ്ഥാവിമർശനം ‘നവോത്ഥാന കേരളം’ എന്നാശയത്തെ തന്നെയാണ് വിധ്വംസാത്മകമായി വിമർശിക്കുന്നത്. ഈ വിമർശനം ഉയർന്നുവരുന്നത് ഭരണഘടനാ ജനായത്ത ബോധ്യത്തിൽനിന്നാണ്. ദളിത് ജനവിഭാഗങ്ങളെ ചരിത്രകർത്തൃത്വങ്ങളായി ദർശിക്കുന്നതിനാലാണ് അവർക്കും മറ്റ് മനുഷ്യരെപ്പോലെതന്നെ ഉന്നത പദവികൾ അലങ്കരിക്കാൻ കഴിയുമെന്ന് കുഞ്ഞാമൻ പ്രഖ്യാപിച്ചത്. ഇതിൽനിന്നും ദളിത് ജനവിഭാഗങ്ങളെ തടയുന്നത് സവർണ്ണ ബ്രാഹ്മണ്യ വ്യവസ്ഥിതിയാണ്. ഈ വ്യവസ്ഥിതി ദളിത് വിഭാഗങ്ങളെ കേവലം ‘ഗുണഭോക്താക്കളാക്കി’ മാത്രം മാറ്റിത്തീർക്കുകയും അതിൽ ചിന്തിക്കുന്ന കർത്തൃത്വങ്ങളെന്ന പങ്കാളിത്തം നിഷേധിക്കുകയും ചെയ്യുന്നു. ധിഷണാപരമായ ഈ പങ്കാളിത്ത നിഷേധത്തെ ഡോ. കുഞ്ഞാമൻ ചോദ്യം ചെയ്തു.

അധികാരത്തിന്റെ സ്തുതിപാഠകരായി ജനത്തെ പ്രജകളായി സ്ഥാനാന്തരപ്പെടുത്തുന്ന കാലത്താണ്, “യോജിക്കുന്നവരിൽനിന്നും ആരാധകരിൽനിന്നും നാം ഒന്നും പഠിക്കുന്നില്ല, വിയോജിപ്പിൽനിന്നാണ് പഠിക്കുന്നത്” എന്ന് ഡോ. കുഞ്ഞാമൻ സധൈര്യം പ്രഖ്യാപിച്ചത്. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ സംബന്ധിച്ച റോസാ ലക്‌സംബർഗിന്റെ വാക്കുകൾ ഇവിടെ സ്മരണീയമാണ്. വിയോജിക്കുന്നവരെ തടവറകൾക്കുള്ളിലകപ്പെടുത്തുന്ന കാലത്ത് വിയോജിപ്പിന്റെ ജനാധിപത്യത്തെക്കുറിച്ച് കുഞ്ഞാമൻ മാഷ് ഓർമ്മിപ്പിക്കുന്നു.

സമത്വമില്ലാത്ത സമൂഹത്തിൽ നീതിയുണ്ടാകില്ലെന്നും നീതിയുടെ അടിസ്ഥാന ശിലകൾ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണെന്നും ഡോ. ബി.ആർ. അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് കുഞ്ഞാമൻ മാഷ് വിശദീകരിക്കുന്നുണ്ട്. നിയമം ഉള്ളതുകൊണ്ട് മാത്രം നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാതിനിധ്യ ജനായത്തം ശക്തമായാൽ മാത്രമേ ഇന്ത്യൻ സമൂഹത്തിൽ സമത്വം പുലരൂ. അതിനുള്ള ഉപാധിയാണ് സംവരണം. സാമൂഹികനീതിയുടെ ഭാഗമാണ് സംവരണം എന്ന് കുഞ്ഞാമൻ മാഷ് പറയുന്നുണ്ട്. “തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതലും ദളിത് - ആദിവാസി വിഭാഗങ്ങളാണ്. എന്തുകൊണ്ട് അവർക്ക് വ്യവസായം തുടങ്ങാനുള്ള സഹായം കൊടുത്തുകൂടാ?” - ഡോ. കുഞ്ഞാമന്റെ ചരിത്രപരമായ ഈ ചോദ്യം പങ്കാളിത്ത സാമൂഹിക ജനായത്തം എന്ന ആശയത്തെ മുൻനിർത്തിയുള്ളതാണ്. വ്യവസായികളായി ദളിത് - ആദിവാസി ജനവിഭാഗങ്ങളെ കാണാൻ താല്പര്യപ്പെടാത്ത സാമൂഹ്യവ്യവസ്ഥിതി തുടരുന്നു എന്നാണ് ഇതിനർത്ഥം. കേരളത്തിലെ പൊതുപണം ഏറ്റവും കൂടുതൽ ഒഴുകിയെത്തുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ശൂന്യാൽ ശൂന്യതരമാണെന്ന് വിവരാവകാശരേഖകൾ തെളിയിക്കുന്നു. .പി. രവീന്ദ്രന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ‘സ്വകാര്യക്കോളനികൾ’ എന്ന ഗ്രന്ഥം തെളിവുകൾ നിരത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദളിത് ആദിവാസി പുറന്തള്ളൽ ഹിംസകളും സവർണ്ണ മേൽക്കോയ്മയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദളിതൻ എന്നു പറഞ്ഞാൽ കായികാധ്വാനവുമായി മാത്രം കാണുന്ന വ്യവസ്ഥിതിയാണ് ഇത്തരം പുറന്തള്ളൽ ഹിംസയുടെ നിദാനമെന്ന് കുഞ്ഞാമൻ മാഷ് നിരീക്ഷിക്കുന്നുണ്ട്.

ഭരണഘടനാ ജനായത്തത്തെ വിമോചനാത്മകമായ തുറവിയായി ഡോ. കുഞ്ഞാമൻ ദർശിച്ചു. “ദളിതരെ മനുഷ്യജീവികളായി ആദ്യമായി പരിഗണിച്ചത് ഭരണഘടനയാണ്” എന്ന കുഞ്ഞാമൻ മാഷുടെ വാക്കുകൾ ഇതിന്റെ നിദർശനമാണ്.

സനാതനധർമ്മം മഹത്തരമാണെന്നും രാമൻ ജഗദാനന്ദ കാരകനാണെന്നും ഇതിഹാസ കാവ്യങ്ങൾ മാനവികമാണെന്നും പുരോഗമനകാരികൾ തന്നെ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ, ഈ സനാതനധർമ്മവും ഇതിഹാസ പാഠങ്ങളും ദളിതരെ മനുഷ്യരായി കണ്ടില്ല. ഇന്ത്യൻ ഭരണഘടനയാണ് ദളിതരെ മനുഷ്യരായി പരിഗണിച്ചത് എന്ന കുഞ്ഞാമൻ മാഷുടെ അഗാധ നിരീക്ഷണം മഹിതമെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ പാരമ്പര്യം ദളിതരോട് ചെയ്ത ക്രൂര ഹിംസകളെയാണ് വിചാരണ ചെയ്യുന്നത്. ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ വികസിക്കാനുള്ള എല്ലാ അവസരങ്ങളും ലഭ്യമാകേണ്ടതുണ്ടെന്ന് ഡോ. ബി.ആർ. അംബേദ്കർ പ്രസ്താവിക്കുന്നുണ്ട്. വ്യക്തിയെ വ്യക്തിയല്ലാതാക്കി കേവലം വർണ്ണക്രമത്തിൽ ശ്രേണീകരിച്ച് വ്യക്തിവികാസം തന്നെ തടയുന്ന വ്യവസ്ഥാക്രമമാണ് വർണ്ണധർമ്മം എന്ന ജാതി അസമത്വ വ്യവസ്ഥ. ഈ വർണ്ണധർമ്മമൂല്യം നശിച്ചാൽ മാത്രമേ ഓരോ വ്യക്തിക്കും അവരുടെ കഴിവിനനുസരിച്ച് അവസരം ലഭ്യമാകൂ. ‘സമാന അവസരം വ്യത്യസ്ത രീതിയിലാണ് പ്രയോഗിക്കപ്പെടുന്നത്’ എന്ന് സൂചിപ്പിക്കുന്നതിലൂടെ വർണ്ണധർമ്മം ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥിതിയിൽ സൃഷ്ടിക്കുന്ന കൊടിയ അസമത്വത്തെയാണ് ഡോ. കുഞ്ഞാമൻ വരച്ചിടുന്നത്. ഈ അസമത്വത്തെ പരിഹരിക്കാനുള്ള ഉപാധിയാണ് പ്രാതിനിധ്യ ജനായത്തം എന്ന ആശയത്തെ സംവഹിക്കുന്ന സംവരണം. പങ്കാളിത്ത സാമൂഹികതയാണ് സംവരണത്തിന്റെ കാതൽ. അത് എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഭരണ അധികാരരംഗങ്ങളിൽ ഉറപ്പുവരുത്തുന്നു. ഈ ജനായത്ത ആശയത്തെയാണ് സാമ്പത്തിക സംവരണം തുരങ്കം വച്ചിരിക്കുന്നത്. ‘സാമ്പത്തിക സംവരണം നയരാഹിത്യത്തെ കാണിക്കുന്നു, നയത്തെയല്ല’ എന്ന് പ്രൊഫ. കുഞ്ഞാമന്റെ നിരീക്ഷണം ഇവിടെ സാധുവായിത്തീരുന്നു.

കേരളത്തിൽ നടന്ന ഭൂപരിഷ്‌കരണത്തെ സുവർണ്ണകർമ്മമായി വ്യാഖ്യാനിക്കുമ്പോൾ മൗലികമായ അനവധി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഭൂപരിഷ്‌കരണത്തിന്റെ സാധുതയെ പ്രൊഫ. കുഞ്ഞാമൻ വിമർശിക്കുന്നത്. ഭൂരഹിത കർഷകത്തൊഴിലാളികൾക്കു ഭൂമി ലഭിച്ചില്ല എന്ന വിമർശനം ഭൂപരിഷ്‌കരണത്തെ സംബന്ധിച്ച മാഷുടെ കാതലായ ചോദ്യമാണ്. ഇരുപതിനായിരത്തിലധികം വരുന്ന കേരളത്തിലെ ദളിത് കോളനികൾ ഭൂപരിഷ്‌കരണത്തിന്റെ ഗുണഭോക്താക്കൾ ആരായിരുന്നു എന്ന ചോദ്യമാണ് ഉണർത്തുന്നത്. പാട്ടക്കാരനു ഭൂമി കൊടുക്കലാണ് ഫലത്തിൽ സംഭവിച്ചത് എന്ന് കുഞ്ഞാമൻ മാഷ് പറയുമ്പോൾ കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം ദളിത് ജനവിഭാഗങ്ങൾക്കു ഫലപ്രദമായി അനുഭവത്തിൽ വന്നില്ല എന്നാണ് തെളിയിക്കുന്നത്. ഉപരിമധ്യവർഗ്ഗം നിയന്ത്രിക്കുന്ന ഒരു സാമ്പത്തികരംഗം കേരളത്തിൽ സൃഷ്ടിക്കപ്പെടാൻ കാരണം വികലമായ ഭൂപരിഷ്‌കരണമാണെന്നും പ്രൊഫ. കുഞ്ഞാമൻ നിരീക്ഷിക്കുന്നു. ദളിതർക്ക് വിഭവാധികാരം നിഷേധിക്കുന്ന നടപടികളിലൂടെ സവർണ്ണതയും ബ്രാഹ്മണ്യവും അക്കാദമിക തലത്തിലടക്കം ശക്തിപ്പെടുകയാണ് ചെയ്തത് എന്ന നിരീക്ഷണവും മാഷ് അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സവർണ്ണ ഇടങ്ങളായി നിലനിർത്തിയാണ് അക്കാദമിക രംഗത്ത് ബ്രാഹ്മണ്യത്തെ സംരക്ഷിച്ചു നിലനിർത്തുന്നത്. ദളിത് പുറന്തള്ളിലൂടെയാണ് ബ്രാഹ്മണ്യസംരക്ഷണം കേരളത്തിലും ഉറപ്പുവരുത്തുന്നത്.

കുഞ്ഞാമൻ മാഷ് അവതരിപ്പിക്കുന്ന ഈ വിമർശനങ്ങൾ വികസന പരിപ്രേക്ഷ്യത്തെ സംബന്ധിച്ചും കാതലായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ‘വികസനത്തിൽ’നിന്നും പുറന്തള്ളപ്പെടുന്ന ദളിത് - ആദിവാസി ജനതയുടെ സാമൂഹ്യജീവിതത്തിൽ ഊന്നിനിന്നുകൊണ്ടാണ് സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനായ കുഞ്ഞാമൻ മാഷ് ഈ ചോദ്യങ്ങൾ അവതരിപ്പിക്കുന്നത്. “കഴിവ് ഉണ്ടാകണമെങ്കിൽ ഭൗതിക സാഹചര്യം വേണം. അത് ഇല്ലാത്തവർക്ക് വികസിക്കാനാകില്ല” എന്ന പ്രൊഫ. കുഞ്ഞാമന്റെ നിരീക്ഷണം ഒരു സാമ്പത്തിക ദാർശനിക പടുവിന്റേതാണ്. ദളിത് ആദിവാസി വിഭാഗങ്ങളുടെ ഇ-ഗ്രാന്റ്‌സും ഗവേഷണ ഫെലോഷിപ്പുകളും കൃത്യമായി വിതരണം ചെയ്യാതെ അവരെ അപമാനിക്കുന്ന ഭരണകൂട ശക്തികൾ അടിത്തട്ട് ജനതയുടെ വികസന പരിപ്രേക്ഷ്യത്തെ സംബന്ധിച്ച് ഉത്സുകരല്ലെന്നാണ് യാഥാർത്ഥ്യം ബോധ്യപ്പെടുത്തുന്നത്. ഗ്രാന്റുകൾക്കും ഫെലോഷിപ്പുകൾക്കുമായി ഭരണകൂടശക്തികൾക്കു മുന്‍പിൽ സമരം ചെയ്യേണ്ടിവരുന്ന ദളിത് ജനവിഭാഗങ്ങൾ വികസന പുറന്തള്ളൽ ഹിംസയെയാണ് ദൃശ്യവൽക്കരിക്കുന്നത്. ഒരിക്കലും സവർണ്ണ വിഭാഗങ്ങൾക്ക് ഇത്തരം സമരങ്ങൾ ആവശ്യമായി വരുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്. ‘സ്വാതന്ത്ര്യമാണ് വികസനം’ എന്ന അമർത്യാസെന്നിന്റെ ആശയത്തെ മുൻനിർത്തി ദാരിദ്ര്യം, രോഗം, നിരക്ഷരത, പാർപ്പിടമില്ലായ്മ എന്നിവയിൽനിന്നുള്ള സ്വാതന്ത്ര്യമാണ് വികസനം എന്ന് കുഞ്ഞാമൻ ചരിത്രപരമായി വ്യാഖ്യാനിക്കുന്നുണ്ട്. “ആദിവാസികൾ ഇന്ത്യയിൽ വികസനം ആവശ്യപ്പെട്ടിട്ടില്ല. ഭൂമിയാണ് ആവശ്യപ്പെട്ടത്” എന്ന കുഞ്ഞാമൻ മാഷിന്റെ വാക്കുകൾ അടിത്തട്ട് ജനതയുടെ വികസനത്തെക്കുറിച്ചുള്ള മൗലികമായ ദർശനമാണ് പങ്കുവെയ്ക്കുന്നത്. പരാശ്രിതത്വം ഇല്ലാതെ സ്വതന്ത്രമായി കഴിവ് ഉപയോഗിക്കാൻ കഴിയണമെങ്കിൽ ഭൗതികസാഹചര്യം ലഭ്യമാകണം എന്ന മാഷിന്റെ ആശയം സാർത്ഥകമാണ്. എല്ലാവർക്കും സാമ്പത്തിക അടിത്തറയുള്ള, സ്വത്തുള്ള ജനാധിപത്യത്തെയാണ് കുഞ്ഞാമൻ മാഷ് ദർശിച്ചത്. പാവപ്പെട്ടവർക്ക് സ്വാഭാവികമായി ഗുണം ലഭിക്കുന്ന ഒന്നായി വികസനം മാറണമെങ്കിൽ എല്ലാവർക്കും സ്വത്തുള്ള ജനാധിപത്യം സൃഷ്ടിക്കപ്പെടണം. സാമ്പത്തികാടിത്തറയില്ലാതെ വൈജ്ഞാനികാധികാരികളായി മാറാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഠിനാധ്വാനമാണ് പുരോഗതിയുടെ അടിസ്ഥാനമെന്ന പാരമ്പര്യബോധ്യത്തെ കുഞ്ഞാമൻ ചോദ്യം ചെയ്തത് അടിസ്ഥാന ജനതയുടെ ചരിത്രം തിരിച്ചറിഞ്ഞ സാമ്പത്തിക ദർശനത്തിലൂടെയാണ്. ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്ത ദളിത് വിഭാഗങ്ങൾ പുരോഗമിക്കാതിരുന്നത് കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞുവച്ചു. സാമ്പത്തിക കുത്തക നിലനിർത്തിയിരുന്ന വരേണ്യ ജാതി അസമത്വ ക്രമമാണ് ദളിതരെ സാമ്പത്തിക വികാസത്തിൽനിന്നു തടഞ്ഞതെന്ന് ഇതിൽനിന്നു സ്‌പഷ്ടമാണ്.

ജനാധിപത്യത്തെ സൃഷ്ടിക്കുന്നത് ഡിസ്‌കഷൻ (ചർച്ച), ഡിബേറ്റ് (സംവാദം), ഡിസെന്റ് (വിയോജിപ്പ് ) എന്നീ മൂന്ന് ‘ഡി’കളാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് കുഞ്ഞാമൻ മാഷ് ഈ ലോകത്തുനിന്നും ശരീരം മാത്രം ഉപേക്ഷിച്ച് കടന്നുപോയത്. രോഹിത് വെമുലയുടെ ആത്മാഹൂതിയെക്കുറിച്ചുള്ള സന്ദർഭത്തിൽ കുഞ്ഞാമൻ പറഞ്ഞത്, “വ്യവസ്ഥിതിക്ക് കീഴടങ്ങാത്ത ഒരാളായതുകൊണ്ടാണ് അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടിവന്നത്” എന്നാണ്. സ്വന്തം കാര്യത്തിലും അദ്ദേഹം വ്യവസ്ഥയ്ക്ക് കീഴടങ്ങാത്ത മരണത്തിലൂടെ വ്യവസ്ഥാവിമർശകനായ വിമർശജ്ഞാനിയായും എതിരില്ലാത്ത മഹാധൈഷണികനായും നിലകൊള്ളുന്നു. ഗുരുവിന്റെ വാക്കുകൾ കടമെടുത്താൽ കുഞ്ഞാമൻ മാഷിന്റെ ധൈഷണിക ജീവിതം പകർന്നുവെച്ച ‘അറിവ്’ അദ്ദേഹത്തിന്റെ ദേഹവിയോഗത്തിലും പ്രകാശിച്ചുകൊണ്ട് തന്നെയിരിക്കും.

ഈ റിപ്പോർട്ട് കൂടി വായിക്കാം
ഹമാസ് ഭീകര സംഘടനയാണോ?

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com