ആഷര്‍ നടത്തിയ ബൗദ്ധിക, ഭൗതിക യാത്രകള്‍

റൊണാള്‍ഡ് ഇ. ആഷറിനെ മലയാളത്തിന്റെ സ്വന്തം ആഷര്‍ എന്നാണ് തകഴി ശിവശങ്കരപ്പിളള വിശേഷിപ്പിച്ചത്
ആഷര്‍ നടത്തിയ ബൗദ്ധിക, ഭൗതിക യാത്രകള്‍

റൊണാള്‍ഡ് ഇ. ആഷറിനെ മലയാളത്തിന്റെ സ്വന്തം ആഷര്‍ എന്നാണ് തകഴി ശിവശങ്കരപ്പിളള വിശേഷിപ്പിച്ചത്. നേരില്‍ കാണാന്‍ സമയം ചോദിച്ചുകൊണ്ട്, എറണാകുളത്തുനിന്ന് ആഷര്‍ തകഴിക്ക് മലയാളത്തില്‍ കത്തെഴുതുകയായിരുന്നു. തകഴി ആ കത്തിന് മറുപടി എഴുതിയില്ല. പകരം നേരിട്ട് കാണാനെത്തി.

അജന്ത ഹോട്ടലില്‍ അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. മുട്ടോളം എത്തുന്ന ഒരു സരായിയും ബനിയനും ധരിച്ച ഇംഗ്ലീഷ്‌കാരന്‍ എന്നെ മുറിയിലേക്ക് സ്വീകരിച്ചു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ ചോദിച്ചു:

'ഡോക്ടര്‍ റൊനാള്‍ഡ് ആഷറാണോ? ഞാന്‍ തകഴി ശിവശങ്കരപ്പിള്ളയാണ്.'

കടിച്ചു മുറിച്ചു മലയാളത്തില്‍ തന്നെയായിരുന്നു മറുപടി.

'അതെ.'

മറുപടി കേട്ടപ്പോള്‍ എഴുതുന്നതു പോലെ മലയാളത്തില്‍ സംസാരിക്കാന്‍ വിഷമം ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നി (മലയാളത്തിന്റെ ആഷര്‍- തകഴി). 

തകഴിയുടേയും ബഷീറിന്റേയും ദേവിന്റേയും മാത്രമല്ല, അക്കാലത്ത് ലഭ്യമായ ഒട്ടുമിക്ക മലയാള കഥാസാഹിത്യവും അപ്പോഴേക്ക് ആഷര്‍ വായിച്ചു മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. തകഴിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിന്നീട് തോട്ടിയുടെ മകന്‍ പരിഭാഷപ്പെടുത്തിയത് ഭേദഗതികള്‍ക്കായി അയച്ചുകൊടുക്കുകയും ചെയ്തു. തകഴിയുമായുള്ള ആദ്യത്തെ കണ്ടുമുട്ടലിനും പ്രസ്തുത തര്‍ജ്ജമയ്ക്കും ഇടയില്‍, ആഷര്‍ അതിനകം നിരവധി തവണ കേരളത്തില്‍ എത്തുകയും തകഴി അടക്കമുള്ള നിരവധി എഴുത്തുകാരുടെ വീടുകളില്‍ താമസിക്കുകയും കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ട് ഒരു സാധാരണ മലയാളിയെപ്പോലെതന്നെ കേരളത്തിന്റെ പൊതു ഇടങ്ങളില്‍  ഇടപെട്ടു പരിചയിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.

മലയാളം പഠിച്ച വിദേശികള്‍

മലയാളഭാഷ പഠിച്ച പണ്ഡിതന്മാര്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. റോബര്‍ട്ട്  ഡ്രമ്മണ്ട് (ഗ്രാമര്‍ ഓഫ് ദ മലയാളം ലാംഗ്വേജ് : 1799),  അര്‍ണോസ് പാതിരി (മലയാളം സംസ്‌കൃതം / മലയാളം പോര്‍ച്ചുഗീസ് നിഘണ്ടുക്കള്‍ 1681-1732), ബഞ്ചമിന്‍ ബെയിലി  (മലയാള അച്ചടിയുടെ പ്രാരംഭകന്‍ 1791- 1871), റോബര്‍ട്ട് കാള്‍ഡ്വല്‍ (ദ്രാവിഡ ഭാഷാ വ്യാകരണം 1814- 1891) , ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (മലയാള ഭാഷാ വ്യാകരണം, മലയാളംഇംഗ്ലീഷ് നിഘണ്ടു 1814- 1893) അങ്ങനെ പലരും. ഇവരെല്ലാം തങ്ങളുടെ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലയാളഭാഷ പഠിക്കാന്‍ ആരംഭിച്ചവരായിരുന്നു. അതെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിലോ അതിനു മുമ്പോ ആയിരുന്നുതാനും. മാത്രമല്ല, അങ്ങനെ ഭാഷ പഠിച്ചതിന്റെ ഭാഗമായാണ് അവരില്‍ പലരും പിന്നീട്  മലയാളസാഹിത്യം വായിക്കാനും എഴുതാനും ആരംഭിച്ചത്. അര്‍ണോസ് പാതിരി, ഉമ്മാടെ ദുഃഖം പോലുള്ള പാനപ്പാട്ടുകള്‍വരെ രചിച്ചയാളാണല്ലോ. ബഞ്ചമിന്‍ ബെയ്‌ലിയുടെ സംഭാവനകള്‍ അമൂല്യങ്ങളായാണ് കരുതപ്പെടുന്നത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് അത്യസാധാരണരീതിയില്‍ മലയാളഭാഷയെ സമ്പന്നമാക്കിയ ആളാണ്. നിഘണ്ടു നിര്‍മ്മാണത്തിനായി അദ്ദേഹം ശേഖരിച്ച ഗ്രന്ഥങ്ങള്‍ പലതും  മലയാളസാഹിത്യത്തിന്റേയും കേരളചരിത്രത്തിന്റേയും അതിപ്രാചീനവും അമൂല്യവുമായ ഈടുവയ്പുകള്‍ ആയിരുന്നു. തലശ്ശേരിരേഖകള്‍, പഴശ്ശിരേഖകള്‍, അഞ്ചടി ജ്ഞാനപ്പാന എന്നിവ അടക്കമുള്ള രേഖകളും കൃതികളും അവയില്‍നിന്ന്, പിന്നീട് ഡോ. സ്‌കറിയ സക്കറിയ തന്റെ ഗവേഷണത്തിന്റെ ഭാഗമായി,  ട്യൂബിങ്ടണ്‍ സര്‍വ്വകലാശാലയിലെ ഗുണ്ടര്‍ട്ടുശേഖരത്തില്‍നിന്നും കണ്ടെടുക്കുക വഴി  മലയാള ഭാഷാസാഹിത്യചരിത്രത്തിന്റെ അമൂല്യഭാഗമായി മാറുകയും ചെയ്തു. മലയാളത്തിലെ ആദ്യത്തെ പാട്ടുസാഹിത്യകൃതിയായ രാമചരിതത്തെക്കുറിച്ച് മലയാളികള്‍ അറിയുന്നതുതന്നെ ഗുണ്ടര്‍ട്ട് നിഘണ്ടുവിലൂടെയായിരുന്നു.

ആര്‍.ഇ. ആഷറും ഇവരെപ്പോലെ തന്നെ വിദേശിയായ ഭാഷാശാസ്ത്രജ്ഞനാണ്. മലയാളഭാഷാ പണ്ഡിതനുമാണ്. എന്നാല്‍ മറ്റ് പാശ്ചാത്യഭാഷാപണ്ഡിതരോട് സമാനതകളേക്കാള്‍ വ്യത്യസ്തതകളുള്ള ആളാണ് അദ്ദേഹം. ആഷര്‍ മിഷനറിയായിരുന്നില്ല. അദ്ദേഹം എത്തിച്ചേര്‍ന്നത് ഇരുപതാം നൂറ്റാണ്ടിലുമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കൊളോണിയല്‍ അധിനിവേശം അവസാനിപ്പിച്ച് സാമ്രാജ്യാധികാരികള്‍ ഇന്ത്യ വിട്ട് പോയശേഷം  എത്തിയ ആള്‍. അദ്ദേഹത്തെ ഭരിച്ചത് തികച്ചും ഭാഷാശാസ്ത്രപരവും വൈജ്ഞാനികപരവുമായ താല്പര്യങ്ങളായിരുന്നു. മറ്റൊരു വ്യത്യാസം കൂടിയുണ്ട്. ആഷര്‍ മലയാളം പഠിച്ചത് മറ്റുള്ളവരെപ്പോലെ ഭാഷാപഠനത്തിന്റെ ഭാഗമായിട്ടായിരുന്നില്ല. മറിച്ച്  മലയാളത്തിലെ കഥാസാഹിത്യവുമായി ബന്ധപ്പെട്ടതുകൊണ്ട് കൂടുതല്‍ അറിയാനായി  മലയാളഭാഷ പഠിക്കുകയായിരുന്നു. 

മലയാളസാഹിത്യത്തിന്റെ അപൂര്‍വ്വസുന്ദരമായ വശീകരണത്തില്‍ കുടുങ്ങി, മലയാളഭാഷയുടെ പൊരുളറിവുകള്‍ നല്‍കുന്ന ഭാവപ്രപഞ്ചം അന്വേഷിച്ച് കേരളത്തിലെത്തിയ  ആള്‍ എന്നു ചുരുക്കം. ഗൗരവത്തോടെ ഭാഷാപഠനത്തില്‍ മുന്നേറിയ അദ്ദേഹവും പിന്നീട്  നേരത്തേ പറഞ്ഞ വിദേശീയരെപ്പോലെതന്നെ മലയാളഭാഷാ പണ്ഡിതനായി വളരുകയും പ്രതിഷ്ഠാപിതനായിത്തീരുകയും ചെയ്തു.

ഹെർമൻ ​ഗുണ്ടർട്ട്
ഹെർമൻ ​ഗുണ്ടർട്ട്

ഭാഷാശാസ്ത്രജ്ഞനായ ആഷര്‍

സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ ഭാഷാശാസ്ത്രവകുപ്പില്‍ ജോലി ചെയ്യവേ, ദ്രാവിഡഭാഷാഗോത്രത്തില്‍ ഉള്‍പ്പെട്ട ക്ലാസ്സിക്കല്‍ ഭാഷയായ തമിഴ്, അദ്ദേഹത്തിന്റെ പഠനവിഷയമായി മാറുകയാണുണ്ടായത്. അങ്ങനെ തൊഴില്‍പരമായ ആവശ്യം മുന്‍നിര്‍ത്തി,  തമിഴ്മണ്ണില്‍ നിന്നുകൊണ്ടുതന്നെ തമിഴ് പഠിക്കാനും കൂടുതല്‍ ഗവേഷണം നടത്താനുമായിട്ടാണ്  ആഷര്‍ ദക്ഷിണേന്ത്യയിലേക്കെത്തുന്നത്. തമിഴ്‌നാട് അദ്ദേഹത്തിന് രണ്ടാം വീടായി മാറി എന്നദ്ദേഹം പറയുന്നുണ്ട് (കേരളവും മലയാള സാഹിത്യവും). ദ്രാവിഡഗോത്രത്തില്‍ തമിഴുമായി ഏറ്റവും അധികം ബന്ധം പുലര്‍ത്തുന്ന  ഭാഷ മലയാളമാണ്. തമിഴ് പഠനത്തിനിടയില്‍ അദ്ദേഹം തൊട്ടടുത്ത സംസ്ഥാനത്തിന്റെ ഭാഷയായ മലയാളവും അങ്ങനെ ശ്രദ്ധിക്കാന്‍ തുടങ്ങുകയായിരുന്നു. അതിന് അദ്ദേഹത്തെ സഹായിച്ചത് തകഴി അടക്കമുള്ള നവോത്ഥാന കാല എഴുത്തുകാരുടെ സാഹിത്യകൃതികളായിരുന്നു.

തുടര്‍ന്ന്, താന്‍ വായിച്ചറിഞ്ഞ എഴുത്തുകാരെത്തേടി കേരളത്തിലേക്ക് ആഷര്‍ എത്തിച്ചേരുകയും ഹരിതസുന്ദരമായ കേരളത്തിന്റെ പ്രകൃതിഭംഗിയിലും രീതിഭേദങ്ങളിലും ഇവിടുത്തെ മനുഷ്യരിലും സംസ്‌കാരത്തിലും സ്വയം ആകൃഷ്ടനായി മാറുകയും ചെയ്തു.  

മലയാളഭാഷയേയും സാഹിത്യത്തേയും  മലയാളികളേയും കൂടുതലറിയാനായി അദ്ദേഹം നടത്തിയ ബൗദ്ധികവും ഭൗതികവുമായ യാത്രകളാണ് പിന്നീട് ഈടുറ്റ ഭാഷാശാസ്ത്രസാഹിത്യ പഠനങ്ങളും വിവര്‍ത്തനങ്ങളുമായി മാറിയത്.

മലയാളഭാഷയ്ക്ക് വ്യാകരണം

താന്‍ വായിച്ച സാഹിത്യകാരെ സ്വയം അന്വേഷിച്ച് കണ്ടെത്തി സംവദിക്കുകയും കേരളത്തില്‍ താമസിച്ച് മലയാളികളോട് ഇടപെട്ട് മലയാളം  പഠിച്ചെടുക്കുകയും ചെയ്യുകവഴി ക്രമേണ ഗൗരവപൂര്‍വ്വമുള്ള ഭാഷാപഠനത്തിലേക്ക് ആഷര്‍ എത്തിച്ചേര്‍ന്നു. മലയാളം എന്ന പേരില്‍ ടി.സി. കുമാരിയുമായി ചേര്‍ന്ന് ഒരു വിവരണാത്മക വ്യാകരണം രചിക്കുന്നതില്‍വരെ ഈ പഠനഗവേഷണങ്ങള്‍ പ്രയോജനപ്പെടുകയുണ്ടായി. തന്റെ മലയാളഭാഷാ പഠനങ്ങളില്‍ കൈത്താങ്ങായവരില്‍ ചിലരെ അനുസ്മരിച്ചുകൊണ്ടാണ് ആഷര്‍ ങമഹമ്യമഹമാ എന്ന പേരില്‍ തയ്യാറാക്കിയ വ്യാകരണ ഗ്രന്ഥത്തിന്റെ ആമുഖം തയ്യാറാക്കിയിട്ടുള്ളത്. ആഷറിന്റെ വിപുലമായ വ്യക്തിബന്ധങ്ങളുടെ ഒരേകദേശ രൂപം ആ പേരുകള്‍ നല്‍കുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, സുകുമാര്‍ അഴീക്കോട്, ശൂരനാട് കുഞ്ഞന്‍പിള്ള, കെ.എം. ജോര്‍ജ്, കെ. അയ്യപ്പപണിക്കര്‍, ഡി.സി. കിഴക്കേമുറി, വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍, കെ.പി. നാരായണ പിഷാരടി, കെ. പി. മോഹനന്‍, പി. ലത, കെ.പി. കമലം, എസ്. വേലായുധന്‍, കെ.എം. പ്രഭാകരവാര്യര്‍, വി.ഐ. സുബ്രഹ്മണ്യം, സി.കെ. നളിനബാബു, എന്‍. ഉണ്ണിക്കൃഷ്ണന്‍, പി. സോമശേഖരന്‍ നായര്‍, അച്ചാമ്മ കോയില്‍പ്പറമ്പില്‍, ഏലിയാസ് വാലന്റൈന്‍ അങ്ങനെ നിരവധി പേര്‍. പേരു പറയാത്ത നിരവധി മലയാളി സുഹൃത്തുക്കളേയും അദ്ദേഹം ആ ആമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്. തമിഴിനോട് പണ്ഡിതോചിതമായ ബന്ധമാണുള്ളതെങ്കില്‍ മലയാളത്തോട് മധുരമായ ഹൃദയൈക്യമാണ് ഉള്ളതെന്ന് ആഷര്‍  തന്നെ നിരവധി സൗഹൃദ ഭാഷണങ്ങളിലൂടെ സൂചിപ്പിച്ചിട്ടുമുണ്ട് (ആര്‍.ഇ. ആഷറിന്റെ തെരഞ്ഞെടുത്ത പതിമൂന്ന് ഭാഷാസാഹിത്യ ലേഖനങ്ങളുടെ സമാഹാരമായ മലയാളഭാഷാ സാഹിത്യപഠനങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ എഡിറ്റര്‍മാരായ  ഡോ. എസ് വേലായുധന്‍, ഡോ.എം.എം. ബഷീര്‍ എന്നിവര്‍ ഇക്കാര്യം പ്രത്യേകം പ്രസ്തുത പുസ്തകത്തിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തുന്നുമുണ്ട്).

തകഴി
തകഴി

കേസരി, തകഴി, ദേവ്  ആഷറിന്റെ വീക്ഷണത്തില്‍

മലയാളസാഹിത്യം പഠിച്ചുകൊണ്ടാണ് ആഷര്‍, മലയാളഭാഷ പഠിക്കാന്‍ ആരംഭിച്ചത് എന്ന് സൂചിപ്പിച്ചുവല്ലോ. അതിനായി അദ്ദേഹം പണ്ഡിതോചിതമായ തയ്യാറെടുപ്പുകള്‍ ആയിരുന്നു നടത്തിയത്.  മലയാളസാഹിത്യത്തെ രൂപപ്പെടുത്തിയ എല്ലാ സാഹിത്യരാഷ്ട്രീയ പ്രവണതകളും അദ്ദേഹം സൂക്ഷ്മമായി മനസ്സിലാക്കിയിരുന്നു. ഇതിലദ്ദേഹത്തെ ഏറ്റവും അധികം സഹായിച്ചത് ഡോ. സുകുമാര്‍ അഴീക്കോടായിരുന്നു.

മലയാള പ്രഭാഷണകലയുമായി തന്നെ ബന്ധപ്പെടുത്തിയ ആളെന്ന നിലയിലും അഴീക്കോടിനെ ങമഹമ്യമഹമാ എന്ന തന്റെ വ്യാകരണ പുസ്തകത്തിന്റെ ആമുഖത്തില്‍ ആഷര്‍ നന്ദിയോടെ അനുസ്മരിക്കുന്നുണ്ട്. മലയാളസാഹിത്യത്തെ നവീകരിച്ചതില്‍ കേസരി ബാലകൃഷ്ണപിള്ളയുടെ സംഭാവന മലയാളസാഹിത്യ സംബന്ധിയായ എല്ലാ പഠനങ്ങളിലും അദ്ദേഹം എടുത്തു പറയുന്നുണ്ട്. മലയാളി എഴുത്തുകാര്‍ക്ക് ഫ്രെഞ്ചുഭാഷാ സാഹിത്യം പരിചയപ്പെടുത്തിക്കൊടുത്ത കേസരി, മലയാളത്തില്‍ സൃഷ്ടിച്ച സാഹിത്യവിപ്ലവത്തിന്റെ പ്രാധാന്യം അദ്ദേഹം സൂക്ഷ്മമായിത്തന്നെ തിരിച്ചറിഞ്ഞിരുന്നു. അത് ആഴത്തില്‍ തിരിച്ചറിയാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു.

ഇംഗ്ലീഷ് മാതൃഭാഷ ആയിട്ടുള്ള  ഒരു ഇംഗ്ലണ്ടുകാരനായിരുന്നു ആഷറെങ്കിലും സര്‍വ്വകലാശാലയില്‍ അദ്ദേഹം പഠിച്ച വിഷയം  ഫ്രെഞ്ച്ഭാഷയും സാഹിത്യവും ആയിരുന്നു. ഫ്രെഞ്ച് റിയലിസ്റ്റിക് പ്രസ്ഥാനത്തോട് പ്രത്യേകിച്ച് മോപ്പസാങ്ങിനോടും എമിലി  സോളയോടും  തകഴിക്കുള്ള  കടപ്പാട് അദ്ദേഹം കൂടുതല്‍ കൃത്യമായി തിരിച്ചറിയാന്‍ ഇതു കാരണമാകുന്നുണ്ട്. എമിലി സോളയെപ്പോലെ കഥകളില്‍ സാമൂഹിക വിമര്‍ശനം ഉള്‍ക്കൊള്ളിക്കുകയായിരുന്നു തകഴി എന്നദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍, തകഴിയുടെ വിഭിന്നതയും ആഷര്‍ തിരിച്ചറിയുന്നുണ്ട്:

'പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രെഞ്ച്‌റിയലിസ്റ്റ് നോവലിന്റെ ഒരു വെറും അനുകര്‍ത്താവ് അല്ല തകഴി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ക്കും വിരോധാഭാസങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടുന്നു. പ്രശ്‌നങ്ങളുടെ ആഴങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലുന്നു (കേരളത്തിലെ മൂന്ന് നോവലിസ്റ്റുകള്‍). തകഴി ഭാഷയ്ക്ക്  അല്ല പ്രാധാന്യം കൊടുക്കുന്നത്; ആശയപ്രചരണത്തിനാണ് എന്ന് അദ്ദേഹം  സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട്. മറ്റൊരു നവോത്ഥാന എഴുത്തുകാരനായ കേശവദേവും തന്റെ എഴുത്തില്‍  ആശയപ്രചരണത്തിനു നല്‍കിയ പ്രാമുഖ്യം അദ്ദേഹം തിരിച്ചറിയുന്നുണ്ട്. സമൂഹത്തിലേക്ക് തിരിച്ചുപിടിച്ച കണ്ണാടിയെന്നവണ്ണം തന്റെ എഴുത്തിനെ വീക്ഷിച്ച ദേവ്, തന്റെ ഒരു കൃതിക്ക് കണ്ണാടി എന്നു തന്നെ പേരിട്ടു എന്ന് ആഷര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, കിട്ടാവുന്ന വസ്തുതകള്‍ക്കിടയില്‍ നിന്ന്, ആധാരങ്ങളുടെ ബഹുലതയില്‍നിന്ന് ചരിത്രകാരന്‍ ഒരു തെരഞ്ഞെടുപ്പ് നടത്തുന്ന നിമിഷത്തില്‍ തന്നെ അതില്‍ വ്യക്തിപരമായ ഒരംശം പ്രതിഫലിച്ചു തുടങ്ങും... പ്രകൃതിക്കു നേരെ താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന കണ്ണാടിയില്‍ പ്രതിബിംബിച്ചു കണ്ടത് പകര്‍ത്തുക മാത്രമേ താന്‍ ചെയ്യുന്നുള്ളൂ എന്ന് നോവല്‍ എഴുത്തുകാരന്‍ അവകാശപ്പെട്ടേക്കാം. അപ്പോഴും ആ കണ്ണാടി ചലിപ്പിക്കുകയും തിരിക്കുകയും ചെയ്യുന്നത് അയാളാണ് എന്ന വസ്തുത ബാക്കിനില്‍ക്കുന്നു. ഏതൊക്കെ പ്രത്യേകതകളിലൂടെ ആ കണ്ണാടി കടന്നുപോകണമെന്നും എന്തൊക്കെ പ്രത്യേകതകള്‍ കണ്ണാടിയില്‍ കാണണമെന്നും തീരുമാനിച്ചത് അയാള്‍ തന്നെ (തെന്നിന്ത്യന്‍ കഥകളിലെ സാമൂഹിക വിമര്‍ശനം) എന്ന് കൃത്യമായി ഓര്‍മ്മിപ്പിക്കാനും ആഷര്‍ മറന്നില്ല. ഭാഷയിലുള്ള നിര്‍മ്മിതികളാണ് സാഹിത്യം എന്ന ഉത്തരാധുനിക സാഹിത്യവീക്ഷണത്തോട് ഏറെ  അടുത്തുനില്‍ക്കുന്ന ഈ സമീപനം ആഷറിനെ സമകാലികനായ സാഹിത്യവിമര്‍ശകനായും മാറ്റുന്നുണ്ട്.  കേശവദേവിന്റെ 'ഓടയില്‍നിന്ന്' എന്ന നോവലിലെ പ്രധാന  കഥാപാത്രമായ പപ്പു   തൊഴിലുകള്‍ മാറുന്നുണ്ടെങ്കിലും തൊഴിലാളിവര്‍ഗ്ഗത്തിന് അപ്പുറം പോകുന്നില്ല എന്നും (പോട്ടര്‍, ബീഡി തെറുപ്പുകാരന്‍, സോഡാകമ്പനി, നെയ്ത്തുകമ്പനി എന്നിവിടങ്ങളിലെ ജോലിക്കാരന്‍, റിക്ഷാവലിക്കാരന്‍) സമ്പന്നര്‍ മാത്രമല്ല ശ്രദ്ധേയമായ ജീവിതം നയിക്കുന്നത് എന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്തത് എന്നും ആഷര്‍ നിരീക്ഷിക്കുന്നു. എന്നാല്‍, പ്രസ്തുത നോവലിന്റെ പരിമിതികളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഓടയില്‍നിന്ന് എന്ന നോവലിലെ  ലക്ഷ്മിയെ പണക്കാരന്‍ വന്നു പ്രണയിക്കുന്നതില്‍ കൃത്യമായി അതിഭാവന എന്ന ദൂഷ്യം ആഷര്‍ തിരിച്ചറിയുന്നു. എങ്കിലും ഓടയില്‍നിന്ന് എന്ന നോവലില്‍, ഗ്രന്ഥകാരന്റെ ആശയഗതിയില്‍നിന്ന് കഥാഗതി വഴുതിയില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

സുകുമാർ അഴീക്കോട്
സുകുമാർ അഴീക്കോട്

കേരളീയ സവിശേഷതകള്‍ നിരീക്ഷിച്ചറിയുമ്പോള്‍

കേരളീയരുടെ സവിശേഷതകള്‍ ആഷര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.  എന്തും വിവാദവിഷയം ആക്കുന്നവരാണ് കേരളീയര്‍. രാഷ്ട്രീയ പ്രതിബദ്ധതയുള്ള ജനത. ഉയര്‍ന്ന സാക്ഷരത. ഉയര്‍ന്ന സാഹിത്യതല്പരത. ആരെയും പെട്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കേരളീയരുടെ മാനസികാവസ്ഥയും അദ്ദേഹം തിരിച്ചറിയുന്നു. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ പ്രത്യേകത സാഹിത്യത്തിലും പ്രതിഫലിക്കുന്നു എന്നാണ് ആഷര്‍ കരുതുന്നത്. വിശേഷണങ്ങളുടെ ഉത്തമാവസ്ഥയിലല്ലാതെ കേരളത്തെക്കുറിച്ച് എഴുതാന്‍ പറ്റില്ല; സംസാരിക്കാന്‍ കഴിയില്ല എന്ന് ആഷര്‍ പറഞ്ഞിട്ടുണ്ട്. പ്രകൃതിദൃശ്യങ്ങളുടെ ആകര്‍ഷണീയതയും കേരളത്തിന്റെ ഒരു ഭാഗവും വിരസമോ ഏകതാനമോ അല്ലാതെ കാണപ്പെടുന്നതും അദ്ദേഹത്തെ ആകര്‍ഷിച്ചിട്ടുണ്ട്. മനോഹരമായ ദന്തശില്പങ്ങളും ഓടുകൊണ്ടുള്ള പ്രതിമാശില്പങ്ങളും ഉള്ള ഗംഭീരമായ ഹിന്ദു ക്ഷേത്രങ്ങളിലേക്ക് എത്തിനോക്കാന്‍ ഒരു വിദേശീയന് ഇപ്പോഴും കഴിയുന്നില്ലെന്നത്  ഖേദകരമായ കാര്യമായും  അദ്ദേഹം സൂചിപ്പിക്കുന്നു. പാരമ്പര്യ നൃത്തങ്ങളുടെ മനോഹാരിതയും ബഹുമുഖമായ വൈവിധ്യമുള്ള സംസ്‌കാരവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഈ കൊച്ചു സംസ്ഥാനത്തില്‍ സഹവര്‍ത്തിക്കുന്ന വിവിധ മതവിഭാഗങ്ങളുടെ പെരുപ്പം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ കാര്യമാണ്.  ഇന്ത്യയിലെ മറ്റിടങ്ങളില്‍ സാധ്യമല്ലാത്ത ഒരു രീതിയായാണ് ഇതിനെ അദ്ദേഹം കരുതുന്നത്. 'കേരളത്തിന്റെ ആകര്‍ഷണീയതകളിലൊന്ന് ഒരുപക്ഷേ, അതിന്റെ ബഹുമുഖമായ വൈവിധ്യമാണ്. ഈ വൈവിധ്യത്തിന്റെ ഒരു പ്രധാന വശം കൂടിയ ജനസാന്ദ്രതയുള്ള ഈ കൊച്ചു സംസ്ഥാനത്തില്‍ സഹവര്‍ത്തിക്കുന്ന വിവിധ മതവിഭാഗങ്ങളുടെ പെരുപ്പമാണ്. തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെപ്പോലെ ലോകത്തില്‍ മറ്റെവിടെയാണ് പലതരക്കാരായ മുസ്‌ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് താമസിക്കുന്നത്' (കേരളവും മലയാള സാഹിത്യവും). മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളജനതയില്‍- ജാതിമത വര്‍ഗ്ഗഭേദങ്ങള്‍ക്കപ്പുറം തൊണ്ണൂറ്റാറു ശതമാനത്തിന്റേയും ഭാഷ മലയാളമാണെന്നതും തനതു സവിശേഷതയായി ആഷര്‍ കണ്ടെടുക്കുന്നുണ്ട്. മലയാള സാഹിത്യകാരന്മാര്‍ വ്യത്യസ്ത ജാതിമതങ്ങളുടെ കഥ പറയുമ്പോഴും പക്ഷം പിടിക്കാതെ കഥ പറയുന്ന രീതി അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നദ്ദേഹം എഴുതിയിട്ടുണ്ട്. മലയാള സാഹിത്യകാരന്മാരുടെ പൊതുസ്വഭാവം ആയിട്ടാണ് ആഷര്‍ ഇതിനെ കാണുന്നത്. 

വിയോജിപ്പ് രണ്ടു കാര്യങ്ങളില്‍

കേരളത്തിലെ രണ്ടു കാര്യങ്ങളാണ് അദ്ദേഹത്തില്‍ വിയോജിപ്പ് സൃഷ്ടിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന കേരളത്തില്‍ ജലദൗര്‍ലഭ്യം ഉണ്ട് എന്നുള്ളതാണ് ഒന്നാമത്തേത്. വരാന്‍ ഏറ്റ സന്ദര്‍ശകന്‍ കൂടിക്കാഴ്ചയ്ക്ക് നിശ്ചിതസമയത്ത് എത്തിച്ചേരാത്തതാണ് അദ്ദേഹത്തെ നിരാശപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ കാര്യം. സൂക്ഷ്മമായി ചില വ്യത്യാസങ്ങള്‍ ഇംഗ്ലീഷിനെക്കാളും എളുപ്പത്തില്‍ മലയാളത്തില്‍ പ്രകടിപ്പിക്കാം എന്നുള്ളത് തിരിച്ചറിഞ്ഞുകൊണ്ട് വരാമെന്നുള്ള ഉറച്ച തീരുമാനവും വരാന്‍ കഴിഞ്ഞേക്കാം എന്ന പ്രസ്താവവും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസ്സിലാവാത്തത് ആയിരുന്നു രണ്ടാമത്തെ ഇച്ഛാഭംഗത്തിന്  പ്രധാന കാരണം എന്ന് അദ്ദേഹം പിന്നീട് രേഖപ്പെടുത്തുന്നുമുണ്ട്. പ്രയോഗങ്ങളിലൂടെ  ക്രിയയിലെ സൂക്ഷ്മകാല വ്യത്യാസങ്ങള്‍ അവതരിപ്പിക്കാനുള്ള മലയാളത്തിന്റെ പ്രത്യേകത അദ്ദേഹം സ്വാനുഭവത്തിലൂടെ തന്നെ തിരിച്ചറിയുകയായിരുന്നു.

തമിഴ് മലയാളം തുലനം ചെയ്യുന്ന ആഷര്‍

പദസമ്പത്തില്‍ മറ്റു ദ്രാവിഡ ഭാഷകളെ അപേക്ഷിച്ച് കലര്‍പ്പില്ലായ്മ ഏറ്റവും കുറഞ്ഞ ഭാഷ മലയാളമാണ്. പുറമേ നിന്നുള്ള ഏതു ഭാഷയില്‍നിന്നും വാക്കിനെ സ്വാഗതം ചെയ്യാന്‍ മലയാളം തയ്യാറാണ് എന്നതിനാലാണിങ്ങനെ. തമിഴ് അങ്ങനെയല്ല; പദങ്ങള്‍ സ്വീകരിച്ചാല്‍ പോലും അവയെ തമിഴീകരിച്ചിട്ടാണ് സ്വീകരിക്കാറുള്ളത്. തമിഴില്‍ സാഹിത്യഭാഷയും വാമൊഴി ഭാഷയും പരസ്പരം വേര്‍തിരിഞ്ഞു നില്‍ക്കുന്ന രീതി ഉണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇരട്ടഭാഷകത്വം എന്ന പ്രതിഭാസത്തിനിത്  രൂപം കൊടുക്കുന്നു. എന്നാല്‍ കേരളത്തിലെ എഴുത്തുകാര്‍ പ്രത്യേകിച്ച് നോവലിസ്റ്റുകള്‍ ഈ രണ്ട് രീതികളും തമ്മിലുള്ള വിടവ് കുറയ്ക്കുന്ന രീതിയിലുള്ള ഭാഷയാണ് ആദ്യകാല കൃതിയായ ഇന്ദുലേഖ മുതല്‍ കൃതികളില്‍ ഉപയോഗിച്ചത്. 

ബഷീർ
ബഷീർ

ബഷീര്‍

ഡോക്ടര്‍ കെ.എം. ജോര്‍ജ് വൈക്കം മുഹമ്മദ് ബഷീറിനെ സോഷ്യലിസ്റ്റ് റിയലിസ്റ്റിക് ഗ്രൂപ്പിലാണ് പെടുത്തുന്നത്. പക്ഷേ, ആഷര്‍ അതിനോട് യോജിക്കുന്നില്ല. ബഷീറിനെ ഒരു കള്ളിയിലും ഒതുക്കിനിര്‍ത്താനാവില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സാമൂഹ്യവിമര്‍ശന ങ്ങളുണ്ടെങ്കിലും ധ്വന്യാത്മകമാണ് ബഷീറിയന്‍ ശൈലി. 'കഥ, അതിനേക്കാള്‍ അതു പറയുന്ന രീതി  അതാണ് ബഷീറിന്റെ സാഹിത്യത്തിലെ ശ്രദ്ധേയമായ പ്രത്യേകത' (ബഷീറിന്റെ ലോകം)  സമൂഹത്തെ പരോക്ഷമായി അദ്ദേഹം വിമര്‍ശിക്കുന്നുണ്ട് താനും. പക്ഷേ, സാമൂഹ്യപ്രശ്‌നങ്ങളില്‍ സ്വാഭിപ്രായം പ്രകടമാക്കാന്‍ വേണ്ടി ഒരിക്കലും കഥയില്‍നിന്ന് വ്യതിചലിക്കാത്ത ആളാണ് ബഷീര്‍. ഏറെ പണിപ്പെട്ട്  മിനുക്കുപണികള്‍ നടത്തിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കപ്പെടുന്നതുകൊണ്ടാണ് ബഷീറിന്   ഉല്‍കൃഷ്ട കൃതികള്‍ രചിക്കാനായത് എന്നദ്ദേഹം കരുതുന്നു. സംക്ഷിപ്തതയുടെ കാര്യത്തില്‍, കലാവീക്ഷണത്തില്‍  ഫ്‌ലാബേറിനോട് ബഷീറിനെ ആഷര്‍ താരതമ്യപ്പെടുത്തുന്നുണ്ട്. 'ബഷീര്‍ രചനാസമ്പ്രദായങ്ങളില്‍ ഫ്‌ലാബേര്‍ മട്ടുകാരനാണ്. കൃത്യമായി വാക്കുകള്‍ കണ്ടെത്തുന്നതിലും അവതരണശില്പം ഒരുക്കുന്നതിലും ബഷീര്‍ ബദ്ധശ്രദ്ധനാണ്. ഫ്‌ലാബേറിന്റെ നേരിട്ടുള്ള യാതൊരു സ്വാധീനവും ബഷീറില്‍ കാണാനാവില്ല' (തെന്നിന്ത്യന്‍ കഥകളിലെ സാഹിത്യവിമര്‍ശം). ഫ്‌ലാബേറിനെപ്പോലെ, സമകാലികരെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ കൃതികളും വലിപ്പം കുറഞ്ഞവയാണ്. സാമൂഹ്യ വിമര്‍ശം ലക്ഷ്യമാക്കുന്നുണ്ടെങ്കിലും അദ്ദേഹം ഒരു എഴുത്തുകാരനേയും അനുകരിക്കുന്നില്ല. ശബ്ദങ്ങള്‍ അശ്ലീല സാഹിത്യമാണെന്ന് കരുതുന്നവരുടെ സാഹിത്യാസ്വാദനത്തിന് എന്തോ പന്തികേടുണ്ടെന്ന് വേണം പറയാന്‍ എന്നദ്ദേഹം വിലയിരുത്തുന്നു. ബഷീറിന്റെ കൃതികളില്‍ ഏറ്റവും തീക്ഷ്ണമായ ട്രാജഡി ബാല്യകാലസഖിയാണ് എന്നും വര്‍ത്തമാനകാലത്ത് ജീവിക്കൂ  എന്ന് മുസ്‌ലിംസമുദായത്തോട് പറയുന്ന കൃതിയാണ് 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന കൃതി എന്നും ആഷര്‍ പറയുന്നു.

കൃതികളുടെ പശ്ചാത്തലം തിരക്കുന്ന ആഷര്‍

തര്‍ജ്ജമകള്‍ക്കായി കൃതി തിരഞ്ഞെടുത്തു കഴിയുമ്പോള്‍ അവയുടെ പശ്ചാത്തലം സൂക്ഷ്മമായി പഠിക്കുന്ന രീതി ആഷര്‍ക്ക് ഉണ്ടായിരുന്നു. ബഷീറിന്റെ കൃതികളിലെ ആത്മകഥാംശം അദ്ദേഹം അങ്ങനെയാണ് തിരിച്ചറിയുന്നത്. ബാല്യകാലസഖി ആദ്യം ഇംഗ്ലീഷിലാണ് എഴുതിയത് എന്ന് അദ്ദേഹം മനസ്സിലാക്കുന്നുണ്ട്. ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്നു എന്ന കൃതിയിലെ  ആന ഒരു പ്രതീകമായി ഉപയോഗിക്കുന്നതിന്റെ പിന്നിലെ കാര്യങ്ങള്‍ ബഷീര്‍ പറഞ്ഞദ്ദേഹം  മനസ്സിലാക്കുന്നുണ്ട്. 'ഇസ്ലാമിന്റെ പഴയ പ്രൗഢിയെ വരച്ചുകാട്ടുക എന്നുള്ളതായിരുന്നു എന്റെ ഉദ്ദേശ്യം. അതേസമയം ഭൂതകാലത്തിന്റെ ചുമടും താങ്ങിക്കൊണ്ട് ഇക്കാലത്തെ മുസ്‌ലിങ്ങള്‍ വര്‍ത്തമാനകാല ജീവിതത്തോട് പൊരുത്തപ്പെടാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നതിനെ  ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിച്ചക്കാരായാലും ശരി, അറവുകാരായാലും ശരി മഹാനായ അക്ബറുടെ നേര്‍വഴിയാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്നവരാണ് അധികവും. ആന ആ ഭൂതകാല പാരമ്പര്യത്തിന്റെ ചിഹ്നമാണ്' (ആഷര്‍ക്ക് ബഷീര്‍ അയച്ച കത്തില്‍നിന്ന്). 

സമകാലികമായി ജീവിക്കാന്‍ വിസമ്മതിക്കുന്ന ഇസ്‌ലാം മതത്തെ വിമര്‍ശിക്കുക കൂടിയാണ് ബഷീര്‍ ചെയ്യുന്നത് എന്ന് ആഷര്‍ തിരിച്ചറിയുന്നുണ്ട്. മാത്രമല്ല, ബഷീറിന്റെ സമസ്ത കൃതികളും അദ്ദേഹം  വിശദമായി വായിച്ച് നിരീക്ഷിക്കുന്നുണ്ട്.

പ്രേമലേഖനം പ്രസിദ്ധീകരിക്കപ്പെട്ട ഉടനെ നിരോധിക്കപ്പെട്ടത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഹിന്ദു യുവാവ് ക്രിസ്ത്യന്‍ യുവതിയുടെ മുമ്പില്‍ തലകുനിച്ചത് (യോഗാഭ്യാസം ചെയ്യുകയായിരുന്നു) ശരിയായില്ലത്രേ എന്ന് അന്നത്തെ ലോകം കുറ്റപ്പെടുത്തിയതിനെ പരിഹസിച്ച് ആഷര്‍ എഴുതുകയും ചെയ്യുന്നു. അസഭ്യം തീണ്ടിയിട്ടില്ലാത്ത, വിപ്ലവാത്മക രാഷ്ട്രീയ വീക്ഷണങ്ങള്‍ ഇല്ലാത്ത, ഏതെങ്കിലും സമുദായത്തെ എതിര്‍ക്കാത്ത ഒരു കൃതിയാണിതെങ്കിലും മദ്രാസിലെ ഒരു പത്രത്തില്‍ പുസ്തകത്തെക്കുറിച്ച് പറഞ്ഞു കണ്ടതിന്റെ  അടിസ്ഥാനത്തില്‍ നിരോധിക്കപ്പെടുകയായിരുന്നു എന്ന് ആഷര്‍ നിരീക്ഷിക്കുന്നുണ്ട്.

ആർഇ ആഷർ
ആർഇ ആഷർ

വിവര്‍ത്തനം

ഒരു സാഹിത്യം പുറമേ അറിയപ്പെടാതിരിക്കുന്നതിനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന് അതിലെ മഹത്തായ കൃതികള്‍ ഒന്നും തന്നെ അന്യഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുന്നില്ല എന്നതാണ് എന്ന് ആഷര്‍ നിരീക്ഷിക്കുന്നു. ലോകസാഹിത്യ നിലവാരമുള്ള കൃതികള്‍ ജനിക്കുന്ന ഭാഷയായി മലയാളത്തെ അദ്ദേഹം കാണുന്നു. കേരളത്തിലെ മൂന്നു നോവലിസ്റ്റുകളുടെ പ്രധാന കൃതികള്‍ തര്‍ജ്ജമ ചെയ്തുകൊണ്ട് കുറവ് പരിഹരിക്കാന്‍ സ്വയം ഉദ്യമിക്കുകയും ചെയ്തു. തകഴിയുടെ തോട്ടിയുടെ മകന്‍, ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന് എന്നീ നോവലുകള്‍, കെ.പി. രാമനുണ്ണിയുടെ സൂഫിപറഞ്ഞ കഥ എന്നിവയാണവ. തമിഴിനെപ്പോലെ ക്ലാസ്സിക്കല്‍ സാഹിത്യത്തിന്റെ ഒരു മഹാഭാരം മലയാളം ചുമക്കുന്നില്ല എന്നതിനാല്‍ മലയാളത്തിനു പുതുമയെ വരവേല്‍ക്കാന്‍ എളുപ്പം കഴിയുന്നു എന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. 

വിവര്‍ത്തനത്തിലെ ബഷീര്‍

വിവര്‍ത്തന കൃതികള്‍ പുനഃസൃഷ്ടിയാണ് എന്ന റോമന്‍ യാക്കോബ്‌സണിന്റെ അഭിപ്രായത്തെയാണ് ആഷര്‍ തന്റെ വിവര്‍ത്തനത്തില്‍ പിന്തുടരുന്നത്. പ്രഥമദൃഷ്ടിയില്‍ തന്നെ ലളിതം എന്ന് തോന്നുന്ന ബഷീര്‍ കൃതികളിലെ  ഭാഷ വിവര്‍ത്തകരെ പരുങ്ങലിലാക്കാന്‍ പോരുന്നതാണ് എന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരു വാക്ക് മതിയാകുന്നിടത്ത് രണ്ടു വാക്കുകള്‍ ഉപയോഗിക്കാന്‍ ബഷീര്‍ ഒരിക്കലും മെനക്കെടാറില്ല. വ്യാകരണ നിയമങ്ങള്‍ ഒപ്പിച്ച് മലയാളം എഴുതാന്‍ ബഷീര്‍  ശ്രമിച്ചിട്ടില്ല. ബഷീറിന്റെ ശൈലി തര്‍ജ്ജമയെ ചെറുത്തുനില്‍ക്കുന്ന വിധത്തിലാണ് എന്ന് ആഷര്‍ പറയുന്നത് അതുകൊണ്ടാണ്. (ബാല്യകാലസഖിയിലെ ചില ഉദാഹരണങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയാണ് ബഷീറിന്റെ വിവര്‍ത്തനത്തില്‍ ആഷര്‍ സ്വീകരിച്ച സമീപനവും നേരിട്ട വെല്ലുവിളികളും സാമാന്യമായി സൂചിപ്പിക്കാനൊരുങ്ങുന്നത്). ബാല്യകാലസഖി എന്ന കൃതിയിലുള്ള   പ്രാദേശിക ഭാഷാഭേദത്തെ പിന്തുടരാതെയാണ്  അദ്ദേഹം വിവര്‍ത്തനം ചെയ്യുന്നത്. ബാല്യകാലസഖി എന്ന പേര് തന്നെ പ്രശ്‌നഭരിതമാണ് എന്ന് ആഷര്‍ നിരീക്ഷിക്കുന്നുണ്ട്. സഖി എന്നതിനു തുല്യമായി ഒരു പദം  ആംഗലേയത്തിലില്ല. ഗേള്‍ഫ്രണ്ട് എന്നു പ്രയോഗിച്ചാല്‍  മറ്റൊരു അര്‍ത്ഥച്ഛായയാകും വായനക്കാര്‍ക്ക് ലഭിക്കുക.  അതിനാല്‍ childhood friend എന്നുതന്നെ ആഷര്‍ ഉപയോഗിക്കുകയാണ്. അതിസാധാരണമായ പല പ്രയോഗങ്ങളും വെല്ലുവിളി ഉയര്‍ത്തിയതായി ആഷര്‍ എഴുതുന്നുണ്ട്. മൂലകൃതിയില്‍ മാമ്പഴം എന്ന് പറയുന്നിടത്തെല്ലാം ങമിഴീല െഎന്ന പ്രയോഗമാണ്  ആഷറിന്റെ വിവര്‍ത്തനത്തില്‍ക്കാണുന്നത്. മാമ്പഴത്തിന്റെ കാലം വന്നു എന്നതിനെ came the mango season എന്നും കാണാം.  ബഷീര്‍ സൃഷ്ടിച്ചെടുക്കുന്ന ശബ്ദസമൂഹങ്ങള്‍ വിവര്‍ത്തനം ചെയ്യുക പ്രയാസകരമാണ്.  പ്‌ടോന്ന് മാമ്പഴം വീണു എന്നതിനെ with a bang എന്ന രീതിയില്‍ പരിഭാഷപ്പെടുത്തുകയാണ് ആഷര്‍. എന്റുമ്മോ എന്ന് നിലവിളി വരുന്നിടത്തെല്ലാം വലഹു എന്ന് എഴുതി സമമൂല്യത തേടുകയാണ്. ഝൂ എന്ന് പേടിപ്പിക്കാന്‍ ഉപയോഗിച്ച ശബ്ദത്തെ Grrr എന്ന ആംഗലേയ ഗര്‍ജ്ജനമാക്കി മാറ്റിയിരിക്കുന്നു. ഒരു നെല്ലിട  പോലുള്ള സംസ്‌കാര ബദ്ധപ്രയോഗങ്ങളുയര്‍ത്തുന്ന വെല്ലുവിളി, അവയുടെ  പരാവര്‍ത്തനം ഉപയോഗിച്ചുകൊണ്ട്  (ഒരു നെല്ലിട മാറിയില്ല-she did not budge an inch). മറികടക്കാന്‍ ശ്രമിക്കുന്നു.  തെങ്ങും തേങ്ങയും വെള്ളയ്ക്കയും എല്ലാം ഉള്ള ഭാഷയാണ് മലയാളം. എന്നാല്‍ coconut, cocontu tree, tiny coconut എന്നൊക്കെയേ ആംഗലേയത്തില്‍ പ്രയോഗിക്കാനാകൂ.  കേരളത്തിന്റേയും ആംഗലേയ പ്രദേശത്തിന്റേയും  ഭൂപ്രകൃതി, സസ്യജാലങ്ങള്‍, സംസ്‌കാരം എന്നിവയെല്ലാം തമ്മില്‍ ഒന്നിനൊന്ന്  വിഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇതുതന്നെയാണ് ഒരു ഭാഷയില്‍ സൂചകമായും മറ്റൊരു ഭാഷയില്‍ തത്തുല്യമായ വാക്കിന്റെ അഭാവമായും  കടന്നുവരുന്നത്. അതിനാല്‍ വാഴ, മാവ്, പ്ലാവ്, തെങ്ങ് എന്ന് മലയാളത്തില്‍  ഉപയോഗിക്കുന്നിടത്തെല്ലാം അതതിന്റെ ഫലങ്ങളോട് tree ചേര്‍ത്തുപയോഗിക്കുകയേ ആംഗലേയത്തില്‍ തരമുള്ളൂ (banana tree, mango tree, Jackfruti tree എന്നിങ്ങനെ). നമ്മുടെ ഭാഷയില്‍ ഞാലിപ്പൂവന്‍പഴം, ചുണ്ടില്ലാക്കണ്ണന്‍ എന്നിങ്ങനെ വാഴപ്പഴങ്ങളുടെ വൈവിധ്യത്തെ അടയാളപ്പെടുത്താന്‍ മാര്‍ഗ്ഗമുണ്ട്. എന്നാല്‍ Plantains എന്ന വാക്കുകൊണ്ട് വൈവിധ്യത്തെ ഏകരൂപമാക്കി അവതരിപ്പിക്കാനേ ആംഗലേയത്തില്‍ സാധിക്കൂ. പൊന്നുമ്മോ എന്നതിനെ umma dear എന്ന് പ്രയോഗിക്കുക വഴി പ്രയോഗത്തിലെ പ്രിയതയും സമുദായഭേദവും ആവിഷ്‌കരിക്കാനാകുന്നു. നമ്മുടെ ഭാഷയില്‍ മഴയുടെ വൈവിധ്യങ്ങള്‍ അനുഭവിപ്പിക്കാന്‍ കഴിയും. എന്തെന്നാല്‍ വ്യത്യസ്ത തരം മഴ അനുഭവിക്കുന്ന ജനതയാണ് നാം. അതിനാല്‍ അവയെ കുറിക്കാന്‍ വൈവിധ്യമുള്ള പദശേഖരങ്ങളും നമുക്കുണ്ട്. എന്നാല്‍, ആംഗലേയ ഭാഷയില്‍ (സംസ്‌കാരത്തില്‍) ആ വൈവിധ്യമില്ലാത്തതിനാല്‍ ചാറ്റല്‍ മഴയ്ക്ക്  light rain എന്നേ പ്രയോഗിക്കാനാകുന്നുള്ളൂ.

പാര പോലുള്ള നഖങ്ങളെ spiky nails എന്ന് പ്രയോഗിക്കുമ്പോഴും ലക്ഷ്യഭാഷാ കേന്ദ്രിതമായി  ഇത്തരം അഭാവങ്ങളെ മറികടക്കാനുള്ള ശ്രമം കാണാം. നുറുങ്ങു പെണ്ണ്, ഒരു പീക്കിരിപ്പെണ്ണ് (A slip of a girl, little insignificant girl) തുടങ്ങിയ ബഷീറിന്റെ പ്രയോഗങ്ങള്‍ അര്‍ത്ഥത്തിനപ്പുറം ഭാവാര്‍ത്ഥം കൂടി ജനിപ്പിക്കുന്നവയാണ്. ഭാഷയില്‍ ഒരു വാക്കിന് പദാര്‍ത്ഥത്തിനപ്പുറം ഭാവാര്‍ത്ഥം കൂടി ഉണ്ടെന്ന് ജോര്‍ജ് മാത്തന്‍ (ബാലാഭ്യസനത്തെക്കുറിച്ച്) പറയുന്നത് ഇതാണ്. നിന്റെ പേരെന്താടി എന്ന ചോദ്യത്തെ Hey, you what's your name എന്നാണ് ആഷര്‍ വിവര്‍ത്തനം ചെയ്യുന്നത്. നിന്റെ പേരെന്താടീന്ന് എന്നതിനെ hey you എന്നും വിവര്‍ത്തനം ചെയ്യുന്നത് കാണാം. നീ എന്നു വിളിച്ചതിന്റെ പേരില്‍ സുഹ്‌റ കയര്‍ക്കുന്നത് ആംഗലേയ ഭാഷയ്ക്ക് മനസ്സിലാക്കാനാവില്ല എന്നതിനാലാണ് വല്യ എന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നത്.  ലോകം എന്നത് ആഷര്‍ people എന്നാക്കുന്നു. (ഇനി അവള്‍ ഇടിച്ചു എന്നു ലോകം അറിഞ്ഞാല്‍ വലിയ കുറച്ചിലല്ലേ) ഉമ്മാണ എന്ന ആണയിടലിനെ on my honour എന്നാക്കുന്നു. ത്യാഗം എന്ന വാക്ക് ബഷീര്‍ രണ്ടിടത്ത് രണ്ടര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നുണ്ട്. Sacrifice, unselfish എന്ന രണ്ടു വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഈ പ്രയോഗങ്ങളിലെ വ്യത്യസ്ത അര്‍ത്ഥധ്വനികള്‍, ആഷര്‍ മറികടക്കാന്‍ ശ്രമിക്കുന്നത് As if she were making a great sacrifice - മഹാത്യാഗം. നഖം മുറിക്കാന്‍ സമ്മതിക്കുന്ന സന്ദര്‍ഭം  Thatt ruly unselfish perosn said very graciously (ആ നല്ലവനായ മഹാത്യാഗി). കണക്കില്‍ മോശമാണ് മജീദ് എന്നാണ് ബഷീര്‍ എഴുതുന്നത്. കണക്കുകൂട്ടലില്‍  എന്നാണ് പ്രകരണാര്‍ത്ഥമെന്ന് തിരിച്ചറിഞ്ഞ് arithmetic എന്നുതന്നെ  ആഷര്‍ പ്രയോഗിക്കുന്നതു കാണാം. ഉമ്മിണി ബല്യ ഒന്ന് എന്നതിനെ a rather big one എന്നാണ് ആഷര്‍ തര്‍ജ്ജമ ചെയ്യുന്നത്.

ഇവിടെയെല്ലാം വിവര്‍ത്തകനായ ആഷര്‍, പദാനുപദ സമീപനരീതിയല്ല, വിവക്ഷിതാര്‍ത്ഥത്തെ  പിന്തുടരുന്ന രീതിയാണ് സ്വീകരിച്ചു കാണുന്നത്. വിവര്‍ത്തനത്തില്‍ പദസമാനതയോ പദസമമൂല്യതയോ അല്ല ലക്ഷ്യഭാഷയുടെ സംസ്‌കാരത്തേയും വായനക്കാരേയും കണക്കിലെടുക്കുന്ന അര്‍ത്ഥപ്രതീതികളാണ് തേടേണ്ടതെന്ന കാഴ്ചപ്പാടാണ് ആഷര്‍ പിന്തുടരുന്നത്. 

വിവര്‍ത്തനം ചെയ്യേണ്ടത് ഭാഷണകൃത്യത്തെ 

വാക്യവിജ്ഞാനത്തെ(Syntax)ക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് ആഷറിന്റെ ങമഹമ്യമഹമാ എന്ന വ്യാകരണകൃതി തുടങ്ങുന്നത് (സാമ്പ്രദായിക വ്യാകരണങ്ങളിലെല്ലാം അക്ഷരമാലയില്‍ ആരംഭിച്ച് വാക്യവിജ്ഞാനത്തിലേക്ക് പോകുന്ന രീതിയാണ് സാധാരണം). തന്റെ വ്യാകരണ സമീപനത്തില്‍, വാക്യത്തിന്റെ കേന്ദ്രമായി ഭാഷണകൃത്യം (Speech act) എന്ന ആശയത്തെ അദ്ദേഹം സ്വീകരിച്ചു കാണുന്നുണ്ട്. വാക്യംകൊണ്ട് ഉദ്ദേശിക്കുന്ന അര്‍ത്ഥത്തെ/ചെയ്യാനുദ്ദേശിക്കുന്ന കൃത്യത്തെ വിശദീകരിക്കാനാണ് അദ്ദേഹം ടുലലരവ മര േഎന്ന സംജ്ഞ ഉപയോഗിക്കുന്നത്. ഈ സംജ്ഞ പ്രയോഗവിജ്ഞാനത്തിലെ (Pragmatics) കേന്ദ്രപ്രമേയമാണ്. മലയാളവ്യാകരണത്തില്‍ ഇദംപര്യന്തമായി ഭാഷണകൃത്യം  (Speech act) എന്ന സങ്കല്പനത്തെ പ്രവേശിപ്പിച്ച വയ്യാകരണനാണ് ആഷര്‍. വാക്കും സന്ദര്‍ഭവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍  വാക്യത്തിന്റെ പൊരുള്‍  ഭാഷണ കൃത്യം  തിരിച്ചറിയണമെന്ന് ആഷര്‍ അതിനാല്‍ എഴുതിക്കാണുന്നു. പ്രയോഗവിജ്ഞാനത്തിലെ കേന്ദ്രസമീപനമായ ഇക്കാര്യം വിവര്‍ത്തനത്തില്‍ സ്വീകരിക്കുന്നതിനാല്‍  ആഷറിന്റെ വിവര്‍ത്തനം സംസ്‌കാരോന്മുഖവും ചലനാത്മകവുമാണ്. പദാര്‍ത്ഥത്തിനപ്പുറം/വാക്യാര്‍ത്ഥത്തിനപ്പുറം അവയിലൂടെ ധ്വനിപ്പിക്കുന്ന പൊരുളെന്തെന്നാണ് വാക്യത്തിലും വാക്കിലും തിരയേണ്ടതെന്ന സമീപനം ആഷര്‍  വിവര്‍ത്തനത്തിലും പിന്തുടരുകയാണ്.

Why don't you carry them (എടുത്തോണ്ടു ബാ പെണ്ണേ). You're Joking (പോ ചെറ്ക്കാ) എന്നൊക്കെ വിവര്‍ത്തനം ചെയ്യുമ്പോള്‍ വാക്യം കൊണ്ട് ചെയ്യുന്ന കൃത്യമേതെന്ന് തിരിച്ചറിഞ്ഞ് പ്രയോഗാര്‍ത്ഥമാണ് ആഷര്‍ കണ്ടെടുക്കുന്നത്. എന്നാല്‍, വിവര്‍ത്തനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കേവലം ഭാഷാപ്രശ്‌നമായി മാത്രമല്ല ആഷര്‍ കരുതുന്നത്. മലയാളഭാഷയില്‍  കലാമേന്മയുള്ള കൃതികള്‍ സൃഷ്ടിച്ച ബഷീറിന്റെ കൃതികളെ വിവര്‍ത്തനം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന പ്രതിസന്ധികളെന്ന നിലയില്‍ അവയെ കാണാന്‍ ആഷര്‍ തയ്യാറാകുന്നുണ്ട്. 'ബഷീറിന്റെ കൃതികള്‍ മറ്റേതു ഭാഷയില്‍ പുനഃസൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ആളിനും നേരിടേണ്ടിവരുന്നത് ആ കൃതിയുടെ കലാമേന്മ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്' (ബഷീര്‍ കൃതികളുടെ വിവര്‍ത്തനം ചില ചിന്തകള്‍) എന്ന്  ആഷര്‍ എഴുതുന്നത് അതുകൊണ്ടുകൂടിയാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.