ജനാധിപത്യ മൂല്യങ്ങളോ നിയമനിര്‍മ്മാണസഭകളുടെ അധികാരമോ ഒന്നുമല്ല ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്ക് വിഷയം

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് നിയമനിര്‍മ്മാണസഭകള്‍ക്കും ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനുമുള്ള അധികാരങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്
ജനാധിപത്യ മൂല്യങ്ങളോ നിയമനിര്‍മ്മാണസഭകളുടെ അധികാരമോ ഒന്നുമല്ല ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്ക് വിഷയം

തു സന്ദര്‍ഭത്തിലായാലും ഇന്ത്യന്‍ ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിന് അതിന്റെ മൗലികഘടന വിലമതിക്കാനാകാത്ത മാര്‍ഗ്ഗദര്‍ശിത്വമാണ് നല്‍കുന്നതെന്ന് ജനുവരി 21-നു ചീഫ് ജസ്റ്റിസ് ഒഫ് ഇന്ത്യ ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത് ഒരു സ്വതന്ത്ര, പരമാധികാര, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന നിലയില്‍ നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പ് സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ദിവസങ്ങള്‍ക്കു മുന്‍പ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഇതു സംബന്ധിച്ച് നടത്തിയ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചന്ദ്രചൂഡിന്റെ ഈ നിലപാടിനെ കാണുന്നത്. മുംബൈയില്‍, നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ നാനി എ. പാല്‍ക്കിവാലയെ അനുസ്മരിച്ചു പ്രഭാഷണം നടത്തുമ്പോഴാണ് ചന്ദ്രചൂഡ് ഭരണഘടനയുടെ മൗലിക ഘടനയെ സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കുന്നത്. ചന്ദ്രചൂഡിന്റെ ഈ നിലപാട് ഇന്ത്യന്‍ ഭരണക്രമത്തേയും സാമൂഹ്യഘടനയേയും സമഗ്ര ഹിന്ദുത്വാധിപത്യത്തിനു കീഴ്പെടുത്താനുള്ള ശ്രമങ്ങള്‍ അത്ര എളുപ്പത്തില്‍ വിജയിപ്പിച്ചെടുക്കാനാകില്ല എന്നു വെളിവാക്കുന്നതാണ്.
 
''മുന്നോട്ടുള്ള യാത്ര ഭരണഘടനയുടെ വ്യാഖ്യാതാക്കള്‍ക്കും വ്യാഖ്യാനങ്ങള്‍ നടപ്പാക്കുന്നവര്‍ക്കും ദുഷ്‌കരമാകുമ്പോള്‍ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടന ധ്രുവനക്ഷത്രംപോലെ അവര്‍ക്കു ദിശാസൂചിയാകുന്നു'' എന്നാണ് ചന്ദ്രചൂഡ് പറഞ്ഞത്. കേരളത്തിന്റെ 1969-ലെ ഭൂപരിഷ്‌കരണ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പരമോന്നത നീതിപീഠത്തെ സമീപിച്ച സ്വാമി കേശവാനന്ദ ഭാരതിയുടെ അഭിഭാഷകനായിരുന്ന നാനി പാല്‍ക്കിവാലയുടെ അനുസ്മരണച്ചടങ്ങ് തന്നെയാണ് ചന്ദ്രചൂഡ് തന്റെ നിലപാട് വ്യക്തമാക്കാന്‍ തെരഞ്ഞെടുത്തത് എന്നതും അര്‍ത്ഥഗര്‍ഭമായി. ജനപ്രതിനിധിസഭയ്ക്ക് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അവകാശമുണ്ടെങ്കിലും അതിന്റെ മൗലിക ഘടനയും അടിത്തറയായിരിക്കുന്ന തത്ത്വങ്ങളും മാറ്റിമറിക്കാനാകില്ലെന്ന സുപ്രധാന വിധി ഉണ്ടായത് കേശവാനന്ദ ഭാരതി കേസിലാണ്. 

2014-ലെ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്‍മെന്റ് കമ്മിഷന്‍ ആക്ട് (എന്‍.ജെ.എ.സി) അസാധുവാക്കിയ സുപ്രിം കോടതി വിധിയെ സംബന്ധിച്ച് ഉപരാഷ്ട്രപതി ഡിസംബര്‍ ഏഴിനു രാജ്യസഭയില്‍ നടത്തിയ പ്രസ്താവന പാര്‍ലമെന്റിന്റേയും ജുഡീഷ്യറിയുടേയും അധികാരങ്ങളെക്കുറിച്ച് തിരികൊളുത്തിയ വിവാദങ്ങളുടെ തുടര്‍ച്ചയിലാണ് ചന്ദ്രചൂഡിന്റെ ഈ നിലപാടു വ്യക്തമാക്കല്‍ ഉണ്ടായതെന്നും പ്രസക്തമാണ്. 2015-ലെ സുപ്രീം കോടതി വിധിയിലൂടെ പാര്‍ലമെന്റിന്റെ പരമാധികാരം എന്ന കാര്യത്തില്‍ ഗൗരവതരമായ ഒത്തുതീര്‍പ്പാണ് ഉണ്ടായതെന്നും ജനത്തിന്റെ തീര്‍പ്പിനെ തീര്‍ത്തും അവഗണിക്കുന്നുവെന്നുമാണ് അന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ആക്ഷേപിച്ചത്. നിയമമന്ത്രി കിരണ്‍ റിജിജു കൊളീജിയം സമ്പ്രദായം സുതാര്യമല്ലെന്നും അതിനു പകരംവെയ്പ് ആവശ്യമാണെന്നും നേരത്തെ പ്രസ്താവിച്ചിരുന്നു. 

എന്നാല്‍, ധന്‍ഖറിന്റെ പരാമര്‍ശത്തിനു തൊട്ടുപിറകെ, പ്രത്യേകിച്ച് ആരുടേയും പേരുകള്‍ പരാമര്‍ശിക്കാതെ, ഭരണഘടന പ്രകാരം നിയമത്തിന്റെ 'last artiber' തങ്ങളാണെന്നും ഗവണ്‍മെന്റ് അതിന്റെ കൊളീജിയം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന പക്ഷം ആ പേരുകാരെല്ലാം ''നിയമിക്കപ്പെടേണ്ടിവരുമെന്നും'' സുപ്രീം കോടതി ഉറപ്പിച്ചു പറയുകയും ചെയ്തു. കൊളീജിയം സംവിധാനത്തെ വിമര്‍ശിക്കുന്ന കേന്ദ്രമന്ത്രിമാരോട് സ്വയം നിയന്ത്രിക്കണമെന്ന് ഉപദേശിക്കാനും ജസ്റ്റിസ് എസ്.കെ. കൗള്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് നിയമനിര്‍മ്മാണസഭകള്‍ക്കും ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനുമുള്ള അധികാരങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ഭരണപ്രക്രിയയില്‍ ഇവ തമ്മിലുള്ള അനുരഞ്ജനമാണ് ഈ നിര്‍വ്വചനങ്ങളുടെ അന്തസ്സത്ത. പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കുമാണ് അവരവരുടെ അധികാരപരിധിക്കുള്ളില്‍ നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം. ഈ അധികാരവും അങ്ങേയറ്റത്തെ അധികാരമല്ല. എന്തുകൊണ്ടെന്നാല്‍ ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന എല്ലാ നിയമങ്ങളുടേയും ഭരണഘടനാപരമായ സാധുതയെക്കുറിച്ച് തീര്‍പ്പു കല്പിക്കാനുള്ള അധികാരം ജുഡീഷ്യറിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ ഉണ്ടാക്കുന്ന നിയമം ഭരണഘടനയുടെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടെങ്കില്‍, അത്തരമൊരു നിയമം അസാധുവെന്നോ ഡഹേൃമ ്ശൃല െആയോ പ്രഖ്യാപിക്കാന്‍ സുപ്രീം കോടതിക്കാണ് അധികാരം. ഇങ്ങനെ നിയമങ്ങളുടെ സാധുത പരിശോധിക്കാനും തീര്‍പ്പുകല്പിക്കാനും അധികാരം നല്‍കുന്നതുകൊണ്ട് ഭരണത്തിനായുള്ള കര്‍ക്കശമായ ചട്ടക്കൂട് എന്ന സ്വഭാവം ഭരണഘടനയ്ക്കുണ്ടാകരുതെന്നും അതിനു രൂപം നല്‍കിയവര്‍ വിചാരിച്ചു. അതിനാല്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനു നല്‍കി. ഭേദഗതി ചെയ്യാന്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368 പാര്‍ലമെന്റിന്റെ ഭേദഗതി അധികാരങ്ങള്‍ പരമമാണെന്ന ധാരണ നല്‍കുന്നു. എന്നാല്‍, സ്വാതന്ത്ര്യത്തിനു ശേഷം പാര്‍ലമെന്റ് അടക്കമുള്ള ജനപ്രതിനിധി സഭകളുടെ ഈ അധികാരത്തില്‍ കോടതി ഇടപെടലുകള്‍ പലതവണ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പാസ്സാക്കിയ എന്‍.ജെ.എ.സി 2015-ല്‍ അസാധുവാക്കിയ വിധി വിവാദമാകുന്നതും ഭരണഘടനയുടെ പരമോന്നത പ്രാമാണ്യത്തെ ഗവണ്‍മെന്റ് വക്താക്കള്‍ ചോദ്യം ചെയ്യുന്നതും. 

ജനേച്ഛയെ ചൊല്ലി ഒരു വിവാദം

മതരാഷ്ട്രം സ്ഥാപിക്കുകയെന്ന അജന്‍ഡ മുന്‍നിര്‍ത്തി ഭരണം നടത്തുന്ന ഹിന്ദുത്വ ഗവണ്‍മെന്റ് അധികാരമേറ്റശേഷം കോടതികള്‍ പുറപ്പെടുവിച്ച പല വിധികളും നീതിബോധമുള്ള ആര്‍ക്കും അനീതിയുള്ളതെന്നു തോന്നുന്ന തരത്തിലായിരുന്നു. ബാബ്റി മസ്ജിദ് ഹിന്ദുത്വഭീകരര്‍ തകര്‍ത്ത കേസിലടക്കം നമ്മുടെ നാട് കണ്ടത് ഭരണഘടന ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കു വിരുദ്ധമായിരുന്നുവെന്ന് പരക്കേ വിമര്‍ശനമുണ്ട്. ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെയും തെരഞ്ഞെടുപ്പ് സംഭാവനകള്‍ പൂര്‍ണ്ണമായും ബി.ജെ.പിക്കു ലഭിക്കാന്‍ വഴിയൊരുക്കുന്ന ഇലക്ടറല്‍ ബോണ്ട് വ്യവസ്ഥയ്‌ക്കെതിരെയും സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ യഥാസമയം സുപ്രീം കോടതി പരിഗണിക്കാത്തതുമെല്ലാം വിവാദങ്ങളായിരുന്നു. എന്നിരുന്നാലും, നാട്ടിലെ നിയമസംവിധാനം പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലാക്കാനാകില്ലെന്ന ബോദ്ധ്യമാണ് സുപ്രിംകോടതിയുടെ പ്രാമാണികതയെ വെല്ലുവിളിക്കുന്നതിനു ബി.ജെ.പി ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നത്. കൊളീജിയത്തില്‍ യൂണിയന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധി വേണമെന്നു നിര്‍ദ്ദേശിച്ച് റിജിജു ചീഫ് ജസ്റ്റിസിനു കത്തെഴുതാനും മുതിര്‍ന്നിട്ടുണ്ട്.

സുപ്രീം കോടതിക്കും ഭരണഘടനയ്ക്കുമെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും മറ്റും ആരംഭിച്ചിട്ടുള്ള ആക്രമണം ഇതിന്റെ ഭാഗമാണ്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സുപ്രീം കോടതിയുടെ കൊളീജിയം സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്നാണ് റിജിജുവിന്റെ വാദം. 1993 മുതല്‍ തുടരുന്ന രീതി മാറ്റാന്‍ 2014-ല്‍ ബി.ജെ.പി അധികാരമേറ്റ ഉടനെ ശ്രമം ആരംഭിച്ചതാണ്. ആ വര്‍ഷം യൂണിയന്‍ ഗവണ്‍മെന്റ് പാസ്സാക്കിയ ദേശീയ ജഡ്ജി നിയമന കമ്മിഷന്‍ (എന്‍.ജെ.എ.സി) അസാധുവാണെന്ന് 2015-ല്‍ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. യൂണിയന്‍ ഗവണ്‍മെന്റ് ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് കൊളീജിയം നിര്‍ദ്ദേശിക്കുന്ന പേരുകള്‍ അംഗീകരിക്കാതെ പരമാവധി വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ടായി. കേന്ദ്ര ഗവണ്‍മെന്റിന്റെ വിഭാഗീയവും വര്‍ഗ്ഗീയവുമായ രാഷ്ട്രീയ അജന്‍ഡയ്ക്ക് വഴങ്ങില്ലെന്ന് അവര്‍ക്കു തോന്നുന്നവരുടെ നിയമനമാണ് അംഗീകരിക്കാത്തത്. നിയമനം വൈകുന്നതുമൂലം, ജഡ്ജിയാകാന്‍ സമ്മതം നല്‍കിയിരുന്ന മുതിര്‍ന്ന ചില അഭിഭാഷകര്‍ അതു പിന്‍വലിച്ച സംഭവങ്ങളും ഉണ്ടായി. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്, നീതിപൂര്‍വ്വമായും നിഷ്പക്ഷമായും കേസുകളില്‍ തീര്‍പ്പുകല്പിക്കാന്‍ പ്രാപ്തരായ നിയമജ്ഞരുടെ സേവനമാണ് ഇതുമൂലം രാജ്യത്തിനു ലഭിക്കാതെ പോകുന്നത്. കൊളീജിയത്തെ മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന 1973-ലെ കേശവാനന്ദ ഭാരതി കേസിലെ സുപ്രധാന വിധിയെപ്പോലും ഉപരാഷ്ട്രപതി തള്ളിപ്പറഞ്ഞു. ജനാധിപത്യത്തില്‍ പാര്‍ലമെന്റിനാണ് മേല്‍ക്കൈ എന്ന വാദം ഉയര്‍ത്തിയാണ് കേശവാനന്ദ ഭാരതി കേസിലെ വിധിയെ അവര്‍ തള്ളിക്കളഞ്ഞത്. പാര്‍ലമെന്റിനുള്ള അധികാരംപോലും ഭരണഘടന നല്‍കുന്നതാണ്. 'ജനാധിപത്യ'വാദത്തിന്റെ മറവില്‍ ഭൂരിപക്ഷാധിപത്യം അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ഇതുവഴി യൂണിയന്‍ ഗവണ്‍മെന്റ് നടത്തുന്നത്. 

ജനവിധിയേയും ജനപ്രതിനിധി സഭകളുടെ പരമാധികാരത്തേയും ഇക്കാര്യത്തില്‍ എടുത്തു പറയുന്ന യൂണിയന്‍ ഗവണ്‍മെന്റും അതിന്റെ വക്താക്കളും ഹിന്ദുത്വകക്ഷിക്കു ഭൂരിപക്ഷമില്ലാത്ത പ്രദേശങ്ങളിലെ ജനപ്രതിനിധിസഭകളുടെ ഇച്ഛകളോട്, സംസ്ഥാന ഗവണ്‍മെന്റുകളോട് ഏതു തരത്തില്‍ ഇടപെടുന്നു എന്നു പരിശോധിച്ചാല്‍ നിയമനങ്ങളില്‍ ജുഡീഷ്യറി എടുക്കുന്ന സ്വാതന്ത്ര്യത്തോടും അതിന്റെ അധികാരത്തോടുമുള്ള യൂണിയന്‍ ഗവണ്‍മെന്റ് നിലപാടിലെ പൊള്ളത്തരം വ്യക്തമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധിസഭകുളുടെ പരമാധികാരത്തെക്കുറിച്ച് പലവട്ടം ആവര്‍ത്തിക്കുന്ന ജഗദീപ് ധന്‍ഖര്‍ ബംഗാളില്‍ ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ എടുത്ത നിലപാടുകള്‍ ആ സംസ്ഥാനത്തെ ജനഹിതത്തെ മാനിച്ചുള്ളവയായിരുന്നോ എന്നു പരിശോധിക്കുന്നത് ഈ സന്ദര്‍ഭത്തില്‍ നന്നായിരിക്കും. കേരളത്തില്‍ത്തന്നെ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു മുകളില്‍ തനിക്കുണ്ടെന്നു കരുതുന്ന അധികാരത്തെക്കുറിച്ച് ഗവര്‍ണര്‍ നടത്തുന്ന പ്രസ്താവനകള്‍ വിവാദമായതാണ്. അതതു സംസ്ഥാനങ്ങളിലെ നിയമസഭകള്‍ക്കും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ക്കും തരിമ്പും വിലകല്പിക്കാതെ സൂപ്പര്‍ മുഖ്യമന്ത്രിമാരായി ഹിന്ദുത്വകക്ഷി നിയമിക്കുന്ന ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. ഹിന്ദു രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് സംസ്ഥാനങ്ങളുടെ പേരുമാറ്റാന്‍പോലും ഗവര്‍ണര്‍മാര്‍ ശ്രമം നടത്തുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ ഓര്‍ക്കുക. 

അതായത് ജനാധിപത്യ മൂല്യങ്ങളോ നിയമനിര്‍മ്മാണസഭകളുടെ അധികാരമോ ഒന്നുമല്ല ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്ക് വിഷയമെന്ന് യൂണിയന്‍ ഗവണ്‍മെന്റിന്റെ ഇതുവരെയുള്ള നടപടികളില്‍നിന്നും വ്യക്തമാകുന്നുണ്ട്. അത് മതരാഷ്ട്ര പദ്ധതി നടപ്പാക്കലാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ഒരു വംശീയ ജനാധിപത്യ ക്രമമായി പരിവര്‍ത്തിപ്പിക്കലും സമഗ്രാധിപത്യവുമാണ്. ആ പ്രവര്‍ത്തനം തീവ്രമാക്കാന്‍ സുപ്രീംകോടതിയടക്കമുള്ള മുഴുവന്‍ നിയമസംവിധാനത്തേയും ഹിന്ദുത്വശക്തികളുടെ കൈപ്പിടിയിലൊതുക്കുകയാണ് ലക്ഷ്യം. ഈയടുത്തായി സുപ്രീം കോടതി യൂണിയന്‍ ഗവണ്‍മെന്റിനെതിരെ കടുത്ത ചില വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതോടെയാണ് ഏതുവിധേനയും ജുഡീഷ്യറിയെ സ്വന്തം ചൊല്‍പ്പടിക്കു നിര്‍ത്താന്‍ സംഘപരിവാര്‍ ശ്രമം ശക്തിപ്പെടുത്തുന്നത്. 

1973-ലെ കേശവാനന്ദ ഭാരതി വിധിയില്‍ സുപ്രീംകോടതി എടുത്തുപറഞ്ഞ അടിസ്ഥാന ഘടനാ സിദ്ധാന്തത്തോട് താന്‍ യോജിക്കുന്നില്ലെന്ന് ധന്‍ഖര്‍ പറഞ്ഞതിനു ദിവസങ്ങള്‍ക്കു ശേഷമാണ് ചന്ദ്രചൂഡിന്റെ അഭിപ്രായങ്ങള്‍. ആ വിധി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ഇല്ലാതാക്കാനോ ഭേദഗതി ചെയ്യാനോ പാര്‍ലമെന്റിന് അധികാരമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു. നിയമഭേദഗതികള്‍ക്കുള്ള അധികാരങ്ങള്‍ ചില നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്നും ആ വിധി പറഞ്ഞു. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍.ജെ.എ.സി) നിയമം സുപ്രീംകോടതി റദ്ദാക്കിയതിനെ പരാമര്‍ശിച്ച് പാര്‍ലമെന്റിന്റെ അധികാരം പരമോന്നതമാണെന്നും കോടതികള്‍ക്കു നിയമനിര്‍മ്മാണം നടത്താനാവില്ലെന്നുമാണ് ധന്‍ഖര്‍ പറഞ്ഞത്.

''ഭരണഘടനയുടെ മേല്‍ക്കോയ്മ (Supremacy of the Constitution), നിയമവാഴ്ച, അധികാര വിഭജനം (Separation of Power), ജുഡീഷ്യല്‍ റിവ്യു, മതേതരത്വം, ഫെഡറലിസം, സ്വാതന്ത്ര്യം, വ്യക്തിയുടെ അന്തസ്സ്, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടന അല്ലെങ്കില്‍ തത്ത്വശാസ്ത്രം.'' ഇതായിരുന്നു നാനി പല്‍ക്കിവാല അനുസ്മരണ ചടങ്ങില്‍ ചന്ദ്രചൂഡ് പറഞ്ഞത്. ജുഡീഷ്യല്‍ റിവ്യൂവിനെക്കുറിച്ചും അധികാരവിഭജനത്തെക്കുറിച്ചും സര്‍വ്വോപരി ഭരണഘടനയുടെ മേല്‍ക്കോയ്മയെക്കുറിച്ചും അടിവരയിട്ടു പറഞ്ഞ് അദ്ദേഹം നടത്തിയ പ്രഭാഷണം മേല്‍ച്ചൊന്ന ഘടകങ്ങളിലധിഷ്ഠിതമായ ഇന്ത്യന്‍ ജനജീവിതത്തിന്റെ സ്ഥായീഭാവത്തെ അത്രയെളുപ്പത്തില്‍ തകര്‍ക്കാനൊക്കില്ല എന്നുതന്നെയാണ്.

കൊളീജിയം സംവിധാനം ഉണ്ടായത് ഇങ്ങനെ

* ജഡ്ജിമാരുടെ നിയമനം മുന്‍നിര്‍ത്തി ഏകദേശം മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കൊളീജിയം. ഈ സംവിധാനത്തില്‍, ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരുടെ ഒരു സംഘമാണ് ജുഡീഷ്യറിയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് നിയമനം നടത്തുന്നത്. 

* കൊളീജിയം എന്ന സംവിധാനം ഉണ്ടാകുന്നതിനു മുന്‍പേ, ജഡ്ജിമാരുടെ നിയമനം രാഷ്ട്രപതിയുടെ അനുവാദത്തോടുകൂടി രാഷ്ട്രപതി യോഗ്യരെന്നു കരുതുന്ന ജഡ്ജിമാരുമായി കൂടിയാലോചിച്ചു നടത്തിയിരുന്നു. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍നിന്നാണ് കൊളീജിയം സംവിധാനം പിറക്കുന്നത്. 1970-ളില്‍ നടന്ന 'കോര്‍ട്ട് പാക്കിംഗ്' (കോടതിയിലെ ജഡ്ജിമാരുടെ ഘടന മാറ്റുന്ന രീതി), ഹൈക്കോടതി ജഡ്ജിമാരുടെ കൂട്ട സ്ഥലംമാറ്റം, സി.ജെ.ഐയുടെ ഓഫീസിലേക്കുള്ള രണ്ടു സൂപ്പര്‍സെഷനുകള്‍ എന്നിവ ഈ സംഘര്‍ഷം രൂക്ഷമാക്കി.

* എസ്.പി. ഗുപ്ത കേസ് (ഡിസംബര്‍ 30, 1981) The first Judges Case എന്നും അറിയപ്പെടുന്നു. കേസ് ജുഡീഷ്യല്‍ നിയമനങ്ങളില്‍ എക്‌സിക്യൂട്ടീവിനു മേല്‍ക്കൈ നല്‍കി, അതേസമയം സി.ജെ.ഐയുമായുള്ള രാഷ്ട്രപതിയുടെ കൂടിയാലോചന 'പൂര്‍ണ്ണവും ഫലപ്രദവുമാകണം' എന്നും നിരീക്ഷിക്കുകയുണ്ടായി. 

* രണ്ടാമത്തെ ജഡ്ജിമാരുടെ കേസ് (ഒക്ടോബര്‍ 6, 1993) ജുഡീഷ്യറിക്കു പ്രഥമസ്ഥാനം നല്‍കി. ''ഇത് ജുഡീഷ്യല്‍ കുടുംബത്തിനുള്ളിലെ ഒരു വിഷയമായതിനാല്‍ എക്‌സിക്യൂട്ടീവിന് ഇക്കാര്യത്തില്‍ തുല്യമായ അഭിപ്രായം പറയാന്‍ കഴിയില്ല'' -വിധി ന്യായീകരിച്ചു. ആര്‍ട്ടിക്കിള്‍ 124(2)ലെ കണ്‍സള്‍ട്ടേഷന്‍ എന്ന വാക്കിന്റെ അര്‍ത്ഥം സി.ജെ.ഐയുടെ സമ്മതം അല്ലെങ്കില്‍ ഉടമ്പടി എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന് ഒന്‍പതംഗ ബെഞ്ച് വ്യക്തമാക്കി. ഇത് കൊളീജിയത്തിന്റെ പ്രാരംഭ പതിപ്പ് അവതരിപ്പിക്കുന്നതിലേക്കു നയിച്ചു, അവിടെ സി.ജെ.ഐ നിയമനങ്ങളെക്കുറിച്ച് തന്റെ രണ്ട് മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിയാലോചിക്കും, കൂടാതെ ഈ കൂട്ടായ അഭിപ്രായത്തിനായിരിക്കും പ്രാഥമികത. അങ്ങനെ, നിയമന പ്രക്രിയയിലെ എക്‌സിക്യൂട്ടീവ് ഘടകം കുറച്ചു എന്നിരുന്നാലും 1993-ലെ വിധിയുടെ ആഴത്തിലുള്ള വായന കാണിക്കുന്നത് ജഡ്ജിമാരുടെ നിയമനം പങ്കാളിത്തസ്വഭാവമുള്ള ഭരണഘടനാപരമായ ഒരു പ്രവര്‍ത്തനമാണെന്നാണ്.

* ഭരണഘടനാപരമായ സ്ഥാനങ്ങളിലിരിക്കുന്ന എല്ലാവരുടേയും കൂട്ടായ്മ ഇക്കാര്യത്തിലുണ്ടാകുന്നത് അവര്‍ക്കിടയില്‍ ആരാണ് ഒന്നാമതു വരേണ്ടത് എന്ന ആശയത്തെ മറികടക്കാന്‍ സഹായിക്കുമെന്നും അന്ന് കോടതി പറഞ്ഞിരുന്നു.

* 1998-ലെ മൂന്നാമത്തെ കേസ് ജുഡീഷ്യല്‍ നിയമനങ്ങള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കും സി.ജെ.ഐമാര്‍ നാല് സുപ്രീം കോടതി ജഡ്ജിമാരുമായി കൂടിയാലോചിക്കണമെന്നു തീര്‍പ്പുണ്ടാക്കി. കൊളീജിയം അങ്ങനെ ഇന്നത്തെ രൂപത്തില്‍ നിലവില്‍ വന്നു. 

* കൊളീജിയം സംവിധാനം ഭരണഘടനയില്‍ വേരൂന്നിയതല്ല. വിവിധ സുപ്രീംകോടതി വിധികളിലൂടെ പരിണമിച്ചുണ്ടായതാണ്.

* ഈ സംവിധാനത്തില്‍, ഒരു അഭിഭാഷകനെ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ജഡ്ജിയായി ഉയര്‍ത്തുമ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോ നടത്തുന്ന അന്വേഷണത്തിലൊതുങ്ങുന്നു ഗവണ്‍മെന്റിന്റെ പങ്ക്. കൊളീജിയത്തിന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഗവണ്‍മെന്റിനു എതിര്‍പ്പുകള്‍ ഉന്നയിക്കുകയോ വ്യക്തത തേടുകയോ ചെയ്യാം. എന്നാല്‍, കൊളീജിയം അതേ പേരുകള്‍ തന്നെയാണ് ആവര്‍ത്തിക്കുന്നതെങ്കില്‍ അവരെ ആ തസ്തികയിലേക്ക് നിയമിക്കാന്‍ ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായങ്ങള്‍ പ്രകാരം ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്. 

* കൊളീജിയം സംവിധാനത്തിനു ഒരു പകരംവെയ്പിനു ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. ലോക്സഭയിലും രാജ്യസഭയിലും പാര്‍ലമെന്റ് അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇതു സംബന്ധിച്ച ബില്‍ പാസ്സാകണം. പകുതിയില്‍ കുറയാത്ത സംസ്ഥാനങ്ങളുടെ നിയമസഭകളില്‍ ഇതിനു അംഗീകാരവും വേണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com