പിന്നീടൊരിക്കലും കേട്ടില്ല സിനിമയില്‍ ലേഖയുടെ ശബ്ദം...

കാണാന്‍ മാത്രമല്ല, വോയ്‌സ് ബൂത്തില്‍ ഒരു കസേരയിലിരുന്ന് യേശുദാസിന്റെ നാദമാധുരി ലൈവായി ആസ്വദിക്കാന്‍ കൂടി ഭാഗ്യമുണ്ടായി അവള്‍ക്ക്
പിന്നീടൊരിക്കലും കേട്ടില്ല സിനിമയില്‍ ലേഖയുടെ ശബ്ദം...

തോ സ്വപ്നലോകത്തായിരുന്നു പതിനാറുകാരി. തൊട്ടരികെനിന്ന് ഗന്ധര്‍വ്വ ഗായകന്‍ ഹൃദയം തുറന്നു പാടുമ്പോള്‍ കോരിത്തരിക്കാത്തവരുണ്ടാകുമോ? സിനിമയില്‍ ആദ്യമായി പാടാന്‍ കൊല്ലത്തുനിന്നു വണ്ടികയറി വന്നിരിക്കയാണ് താന്‍ എന്ന വസ്തുതപോലും ആ മായക്കാഴ്ചയുടെ ലഹരിയില്‍ മറന്നുപോയെന്ന് ലേഖ. 

കാണാന്‍ മാത്രമല്ല, വോയ്‌സ് ബൂത്തില്‍ ഒരു കസേരയിലിരുന്ന് യേശുദാസിന്റെ നാദമാധുരി ലൈവായി ആസ്വദിക്കാന്‍ കൂടി ഭാഗ്യമുണ്ടായി അവള്‍ക്ക്. 48 വര്‍ഷങ്ങള്‍ക്കിപ്പുറവും രോമാഞ്ചമുണര്‍ത്തുന്ന ഓര്‍മ്മ. തനിക്കുവേണ്ടി മാത്രമായാണോ പ്രിയ ഗായകന്‍ പാടുന്നതെന്നു പോലും സങ്കല്പിച്ചുപോയ നിമിഷങ്ങള്‍. അന്ന് മതിമറന്നാസ്വദിച്ച പാട്ട് ഇന്നുമുണ്ട് കാതുകളില്‍: ''കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു കളമൊഴി നിന്‍ കയ്യിലൊരു കുളിരുമ്മവെച്ചു...'' പടം സമസ്യ (1976). രചന: ഒ.എന്‍.വി. കുറുപ്പ്. സംഗീതം: കെ.പി. ഉദയഭാനു. 

അതേ ചിത്രത്തിലായിരുന്നു ഗായികയായി ലേഖ എന്ന ലേഖ കെ. നായരുടെ അരങ്ങേറ്റവും; ''അഭയം നീയേ ആശ്രയം നീയേ ഗുരുവായൂരപ്പാ'' എന്ന ഗാനത്തിലൂടെ. സിനിമയില്‍ ലേഖയുടെ ശബ്ദത്തില്‍ കേട്ട ആദ്യത്തേയും അവസാനത്തേയും പാട്ട്. ''എന്റെ പാട്ടിനെക്കാള്‍ മനസ്സില്‍ നിറവാര്‍ന്നു നില്‍ക്കുന്നത് ''കിളി ചിലച്ചു'' എന്ന പാട്ട് ദാസേട്ടന്‍ മൈക്കിനു മുന്നില്‍നിന്നു പാടുന്ന കാഴ്ചയാണ്. ഇടയ്ക്ക് ഓര്‍ക്കസ്ട്രയുടെ ഭാഗം എത്തുമ്പോള്‍ അദ്ദേഹം തിരിഞ്ഞ് എന്നെ നോക്കി മനോഹരമായ ഒരു പുഞ്ചിരി സമ്മാനിക്കും. മൂന്നു തവണ ആ പാട്ട് പാടി എന്നാണ് ഓര്‍മ്മ. മൂന്നും ഗംഭീരമായിരുന്നു. എങ്കിലും മൂന്നാമത്തെ ടേക്കാണ് ഓക്കെ ചെയ്തത്'' - ലേഖ. 

അന്നു പൂര്‍ണ്ണമായി അറിയില്ല തനിക്കു വീണുകിട്ടിയ അപൂര്‍വ്വ സൗഭാഗ്യത്തിന്റെ മൂല്യം. അതറിഞ്ഞത് കുറച്ചുകൂടി മുതിര്‍ന്ന ശേഷമാണ്. സാധാരണഗതിയില്‍ പാട്ട് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തുന്ന ഒന്നും വെച്ചുപൊറുപ്പിക്കില്ല യേശുദാസ്. റെക്കോര്‍ഡിംഗുമായി ബന്ധമില്ലാത്തവര്‍ക്ക് കണ്‍സോളില്‍പോലും ആ സമയത്ത് പ്രവേശനം നിഷിദ്ധം. അതേ ഗായകനൊപ്പം ഗാനലേഖനവേളയില്‍ വോയ്‌സ് ബൂത്തില്‍ ഇരിക്കാന്‍ കഴിയുക എന്നത് ചില്ലറ ഭാഗ്യമാണോ? പലര്‍ക്കും അവിശ്വസനീയമായി തോന്നിയേക്കാവുന്ന കാര്യം. 

ഭരണി സ്റ്റുഡിയോയിലെ കണ്‍സോളിലിരുന്ന് റെക്കോര്‍ഡിംഗ് നിയന്ത്രിച്ച ഗൗരവക്കാരനായ മനുഷ്യന്റെ പേര് കോടീശ്വരറാവു എന്നാണെന്ന് ആരോ പറഞ്ഞറിഞ്ഞു. യേശുദാസിന്റെ ആദ്യ ഗാനം ആലേഖനം ചെയ്ത സൗണ്ട് എന്‍ജിനീയര്‍. ''വോയ്‌സ് ബൂത്തിന്റെ ചില്ലുപാളിക്കപ്പുറത്ത് നോക്കിയാല്‍ ഓര്‍ക്കസ്ട്രക്കാര്‍ ഇരിക്കുന്നതു കാണാം. അവരില്‍ ഒരാളെ ഓര്‍മ്മയുണ്ട് - എല്‍. വൈദ്യനാഥന്‍. ഓര്‍ക്കസ്ട്ര കണ്ടക്ട് ചെയ്യുക മാത്രമല്ല, വയലിനും സൈലോഫോണും വായിക്കുകയും ചെയ്തു അദ്ദേഹം. പാട്ട് ചിട്ടപ്പെടുത്തിയത് ഉദയഭാനു അങ്കിളാണെങ്കിലും വാദ്യവിന്യാസത്തിന്റെ ചുമതല വൈദ്യനാഥന്‍ സാറിനായിരുന്നു...'' - ലേഖയുടെ ഓര്‍മ്മ. 

മൂന്നര പതിറ്റാണ്ടിനു ശേഷം തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഉദയഭാനുവിന് ആദരം അര്‍പ്പിച്ചുകൊണ്ട് അരങ്ങേറിയ പരിപാടിയില്‍ യേശുദാസ് ''കിളി ചിലച്ചു'' ആലപിക്കുന്നതിനു സാക്ഷ്യംവഹിച്ചവരില്‍ ലേഖയുമുണ്ടായിരുന്നു. ''അത്രയും വര്‍ഷം കഴിഞ്ഞിട്ടും ദാസേട്ടനോടുള്ള എന്റെ ആരാധനയ്ക്ക് തരിമ്പും മങ്ങലേറ്റിട്ടില്ല എന്നു തിരിച്ചറിഞ്ഞ ദിവസം കൂടിയായിരുന്നു അത്. പൊടുന്നനെ ആ പഴയ പതിനാറുകാരിയായി മാറിയപോലെ തോന്നി എനിക്ക്. കാലമെത്ര മാറിയാലും സാങ്കേതികവിദ്യയും ജീവിതശൈലിയും ഒക്കെ മാറിമറിഞ്ഞാലും ദാസേട്ടനോടും അദ്ദേഹത്തിന്റെ ശബ്ദത്തിനോടുമുള്ള ആരാധന അതേപോലെ നിലനില്‍ക്കും എന്റെ മനസ്സില്‍...''

കിളി ചിലച്ചു എന്ന ​ഗാനത്തിന്റെ റെക്കോർഡിങിന് ശേഷം ലേഖ യേശുദാസിനൊപ്പം
കിളി ചിലച്ചു എന്ന ​ഗാനത്തിന്റെ റെക്കോർഡിങിന് ശേഷം ലേഖ യേശുദാസിനൊപ്പം

കേട്ടുതീരാത്ത പാട്ട് 

''കിളി ചിലച്ചു''വിന്റെ റെക്കോര്‍ഡിംഗ് ദിവസം കാലത്ത് കാറില്‍ സ്റ്റുഡിയോയ്ക്ക് മുന്നില്‍ വന്നിറങ്ങുന്ന ഗന്ധര്‍വ്വ ഗായകന്റെ രൂപം ഇന്നുമുണ്ട് മനസ്സില്‍. ശുഭ്രവസ്ത്രധാരി. താടിയും മീശയുമൊന്നുമില്ല അന്ന്. നീണ്ടമുടിയാണ്. വന്നയുടന്‍ ഉദയഭാനുവില്‍നിന്നു പാട്ടു പഠിച്ചു അദ്ദേഹം. ഇടയ്ക്ക് നൊട്ടേഷന്‍ എഴുതിയെടുത്തു. ഉദയഭാനുവിന്റെ അനിയനും ഗായകനുമായ ചന്ദ്രമോഹനും ഉണ്ടായിരുന്നു സ്റ്റുഡിയോയില്‍ എന്നോര്‍ക്കുന്നു ലേഖ. ''ആരാണ് എന്നോട് ബൂത്തില്‍ പോയി ഇരിക്കാന്‍ പറഞ്ഞത് എന്നറിയില്ല. ചിലപ്പോള്‍ ഉദയഭാനു അങ്കിള്‍ ആയിരിക്കാം. എന്തായാലും ദാസേട്ടന്‍ മറുത്തൊന്നും പറഞ്ഞില്ല. എന്റെ അച്ഛനെ നേരത്തെ അറിയാം അദ്ദേഹത്തിന്'' - ലേഖ ഓര്‍ക്കുന്നു. അക്കാലത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. കൃഷ്ണന്‍ നായരാണ് ലേഖയുടെ അച്ഛന്‍. പില്‍ക്കാലത്ത് ഡി.ജി.പിയായി ഉയര്‍ന്ന അതേ കൃഷ്ണന്‍ നായര്‍ തന്നെ. 

റെക്കോര്‍ഡിംഗിനിടയ്ക്ക് പാട്ടിന്റെ ചരണത്തില്‍ ''ഒരു സുഖനിമിഷത്തിന്‍ നറുമണമോ അതിലൂറും നിര്‍വൃതി തേന്‍കണമോ'' എന്ന വരിയിലെ നിര്‍വൃതി എന്ന വാക്ക് ട്യൂണില്‍ കൃത്യമായി ഒതുങ്ങിനില്‍ക്കാതെ വന്നപ്പോള്‍ അതിന്റെ ഈണമൊന്ന് മാറ്റാമോ എന്നു ഗായകന്‍ ചോദിക്കുന്നതിന്റെ നേര്‍ത്ത ഓര്‍മ്മയുണ്ട്. ഒടുവില്‍ അതേ വാക്ക് ഭംഗി ചോരാതെ തന്നെ അദ്ദേഹം ആലപിക്കുകയും ചെയ്തു. ''പാടിത്തീര്‍ന്നപ്പോള്‍ സത്യത്തില്‍ സങ്കടമായിരുന്നു. എത്ര കേട്ടാലും മതിവരാത്ത ശ്രവ്യാനുഭവമാണല്ലോ ആ ശബ്ദസൗന്ദര്യം...''
സുശീലാമ്മയുടെ ശബ്ദത്തില്‍ ''നിറപറ ചാര്‍ത്തിയ പൂക്കുലപോലെ'' എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് ആയിരുന്നു പിന്നെ. മറക്കാനാവാത്ത മറ്റൊരനുഭവം. അതു കഴിഞ്ഞു കുളത്തൂപ്പുഴ രവിയും സംഘവും പാടിയ ''പൂജയും മന്ത്രവും'' എന്ന പാട്ട്. അതേ രവിയാണ് പില്‍ക്കാലത്ത് മലയാളത്തിന്റെ അഭിമാനമായി മാറിയ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററായി വളര്‍ന്നതെന്നറിഞ്ഞത് വര്‍ഷങ്ങള്‍ക്കു ശേഷമാണെന്ന് പറയുന്നു ലേഖ. ''റെക്കോര്‍ഡിംഗ് കഴിഞ്ഞു കുറേ നേരം കൂടി സ്റ്റുഡിയോയില്‍ എന്റെ അമ്മയുമായി സംസാരിച്ചിരുന്നു അദ്ദേഹം. അക്കാലത്തെ ജീവിതപ്രാരാബ്ധങ്ങളെക്കുറിച്ചാണ് അധികവും പറഞ്ഞത് എന്നാണോര്‍മ്മ.''

ലേഖ കെ നായർ
ലേഖ കെ നായർ

രാത്രി വൈകിയായിരുന്നു ലേഖയുടെ പാട്ടിന്റെ റെക്കോര്‍ഡിംഗ്. അഞ്ചുതവണ പാടി. കൂട്ടത്തില്‍ നന്നായെന്ന് റെക്കോര്‍ഡിസ്റ്റിനു തോന്നിയ വേര്‍ഷന്‍ ഓക്കെ ചെയ്യുകയും ചെയ്തു. ഒരു സംഘഗാനത്തില്‍ കൂടി (മംഗലാതിര രാത്രി) പങ്കാളിയായ ശേഷം അമ്മയോടൊപ്പം സ്റ്റുഡിയോ വിടുമ്പോള്‍ പാതിരാത്രി. അരനൂറ്റാണ്ടോളം മുന്‍പ് പാടി റെക്കോര്‍ഡ് ചെയ്ത ''അഭയം നീയേ'' എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും ചെറിയൊരു സങ്കോചം തോന്നും ലേഖയ്ക്ക്. ''എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞതെങ്കിലും കുറേക്കൂടി ശ്രദ്ധിച്ചു പാടാമായിരുന്നു എന്നാണെന്റെ തോന്നല്‍.''

പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തത് 1975-ലാണെങ്കിലും ഡാന്‍സര്‍ തങ്കപ്പന്‍ സംവിധാനം ചെയ്ത 'സമസ്യ' റിലീസായത് 1976 ഫെബ്രുവരിയില്‍. മധു, കമല്‍ഹാസന്‍, സോമന്‍, ശ്രീവിദ്യ എന്നീ താരങ്ങളെല്ലാം ഉണ്ടായിട്ടും പടം ബോക്‌സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. ''കൊല്ലം കുമാര്‍ തിയേറ്ററില്‍നിന്നാണ് അമ്മയോടൊപ്പം ഞാന്‍ പടം കണ്ടത്. എന്റെ പാട്ടിനൊപ്പം ശ്രീവിദ്യ ചുണ്ടനക്കുന്നത് വിസ്മയത്തോടെ കണ്ടിരുന്നത് ഓര്‍മ്മയുണ്ട്.'' അതേ സിനിമയില്‍ ശ്യാം സംഗീതം നല്‍കിയ രണ്ടു പാട്ടുകള്‍ കൂടിയുണ്ടായിരുന്നു. അടിതൊട്ട് മുടിയോളം (ജാനകി), മൃഗമദ സുഗന്ധ തിലകം (യേശുദാസ്).

കിളി ചിലച്ചു എന്ന ​ഗാനം വേദിയിൽ പാടുന്ന യേശുദാസ്. സമീപം ഉദയഭാനു
കിളി ചിലച്ചു എന്ന ​ഗാനം വേദിയിൽ പാടുന്ന യേശുദാസ്. സമീപം ഉദയഭാനു

ബാബുരാജിനുവേണ്ടി 

പിന്നീടൊരിക്കലും കേട്ടില്ല സിനിമയില്‍ ലേഖയുടെ ശബ്ദം. രാമു കാര്യാട്ടിന്റെ 'ദ്വീപ്' എന്ന ചിത്രത്തില്‍ ബാബുരാജിന്റെ ഈണത്തില്‍ കലാനിലയം രാജശേഖരനോടൊപ്പം ഒരു കവിതാശകലം പാടി റെക്കോര്‍ഡ് ചെയ്തതാണ്. പക്ഷേ, പടത്തില്‍ പാട്ട് ഇടം നേടിയില്ല. തിരുവനന്തപുരത്തെ മെരിലാന്‍ഡ് സ്റ്റുഡിയോയിലിരുന്ന് വയലാറിന്റെ 'സര്‍ഗ്ഗസംഗീത'ത്തിലെ ''ആ മണ്‍മെത്തകള്‍'' എന്നു തുടങ്ങുന്ന വരികള്‍ ബാബുക്ക ഹാര്‍മോണിയം വായിച്ചു പാടിത്തരുന്നതാണ് 'ദ്വീപി'നെക്കുറിച്ചുള്ള ലേഖയുടെ ദീപ്തമായ ഓര്‍മ്മ. 

കൊല്ലം ഫാത്തിമ കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു സിനിമയില്‍ ലേഖയുടെ അരങ്ങേറ്റം. ഒ.എന്‍.വിയുമായി അടുത്ത സൗഹൃദമുണ്ട് എഴുത്തുകാരന്‍ കൂടിയായ ലേഖയുടെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ക്ക്. തിരുവനന്തപുരത്തുള്ള ഒ.എന്‍.വിയുടെ വീട്ടില്‍ ചെന്നപ്പോള്‍ അമ്മയുടെ ആഗ്രഹപ്രകാരം ലേഖ ഒരു പാട്ട് പേടിക്കേള്‍പ്പിക്കുന്നു കവിയെ - ''കേളീനളിനം വിടരുമോ'' 'തുലാവര്‍ഷം' എന്ന ചിത്രത്തില്‍ വയലാര്‍ - സലില്‍ ചൗധരി സഖ്യം ഒരുക്കിയ പാട്ട്. ''ആ സമയത്ത് പടവും പാട്ടും പുറത്തിറങ്ങിയിരുന്നില്ല. ഏതോ ഗാനമേളയില്‍ ദാസേട്ടന്‍ പാടിയത് സ്പൂള്‍ ടേപ്പില്‍ റെക്കോര്‍ഡ് ചെയ്തത് ആവര്‍ത്തിച്ചു കേട്ട് പഠിച്ചെടുക്കുകയായിരുന്നു ഞാന്‍'' - ലേഖയുടെ ഓര്‍മ്മ. 

ലേഖ ശാരദയോടൊപ്പം
ലേഖ ശാരദയോടൊപ്പം

പാട്ട് ഒ.എന്‍.വിക്ക് ഇഷ്ടപ്പെട്ടിരിക്കണം. 'സമസ്യ' എന്ന സിനിമയുടെ കമ്പോസിംഗ് വേളയില്‍ ഗായികയായി ലേഖയുടെ പേര് നിര്‍ദ്ദേശിച്ചത് അദ്ദേഹം തന്നെ. ഒ.എന്‍.വിയുടെ വീട്ടില്‍ വെച്ചാണ് പാട്ട് പഠിച്ചത് എന്നോര്‍ക്കുന്നു ലേഖ. ''നിറപറ ചാര്‍ത്തിയ'' എന്ന പാട്ടിന്റെ ട്യൂണ്‍ കേട്ടപ്പോള്‍ അതു പാടണം എന്നൊരു ആഗ്രഹം ഉള്ളില്‍ ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ, ആ പാട്ടില്‍ നേര്‍ത്തൊരു വിഷാദ സ്പര്‍ശമുണ്ട്. ആദ്യം തന്നെ അത്തരമൊരു പാട്ട് പാടേണ്ട എന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. തുടക്കം ഒരു കൃഷ്ണഭക്തിഗാനത്തില്‍ നിന്നാവട്ടെ എന്നു നിര്‍ദ്ദേശിച്ചത് ഒ.എന്‍.വി അങ്കിളാണ്. ഒരു അഷ്ടമിരോഹിണി ദിവസമായിരുന്നു റെക്കോര്‍ഡിംഗ് എന്നു വ്യക്തമായി ഓര്‍ക്കുന്നു.''

'ദ്വീപി'നുശേഷം സിനിമയില്‍നിന്ന് അകന്നെങ്കിലും സംഗീതത്തില്‍നിന്ന് അകലാനാകില്ലായിരുന്നു ലേഖയ്ക്ക്. ആകാശവാണിക്കുവേണ്ടി നാല്‍പതോളം ലളിതഗാനങ്ങള്‍ പാടി. കോളേജ് അദ്ധ്യാപികയായിട്ടായിരുന്നു ഉദ്യോഗപര്‍വ്വം. വിരമിച്ചത് ചെമ്പഴന്തി എസ്.എന്‍. കോളേജില്‍നിന്ന്.  സിനിമയില്‍ കൂടുതല്‍ പാടാനാകാത്തതില്‍ നിരാശ, സങ്കടം? ഇല്ലേയില്ല എന്നു മറുപടി. കുടുംബജീവിതം, ഉദ്യോഗം ഇതൊക്കെയായിരുന്നു പ്രധാനം. പാടിയ പാട്ട് അത്ര കേമമാണെന്നു തോന്നിയിട്ടുമില്ല. വിദൂരമായ ഭൂതകാല സ്മരണയുടെ ഭാഗം മാത്രമാണ് ഇന്നത്. 

''ആ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ തെളിയുക ഭരണി സ്റ്റുഡിയോയിലെ മൈക്കിലേക്ക് ഭാവദീപ്തമായി പാടുന്ന ദാസേട്ടന്റെ രൂപമാണ്; കാതില്‍ ഒഴുകിയെത്തുക ആ പാട്ടും... ''കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു കളമൊഴി നിന്‍ കയ്യിലൊരു കുളിരുമ്മവെച്ചു...'' ഒരിക്കലൂം മറവിയില്‍ മറയാത്ത അപൂര്‍വ്വ നിമിഷങ്ങള്‍...''

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com