ബൈബിളിലെ സാധാരണ മനുഷ്യര്‍ തിരുവിതാംകൂറില്‍ ആരാകുന്നു?

അടിമയുടെ തോലിനെ ആവരണമാക്കിയ ജ്ഞാനശരീരി എന്നു നമുക്കു പൊയ്കയില്‍ അപ്പച്ചനെ വിളിക്കാം 
ബൈബിളിലെ സാധാരണ മനുഷ്യര്‍ തിരുവിതാംകൂറില്‍ ആരാകുന്നു?

2023ഫെബ്രുവരി 17 (കുംഭം5) പൊയ്ക യില്‍ ശ്രീ കുമാരഗുരുദേവന്റെ 
145ാമത് ജന്മദിനമാണ്. അടിമയുടെ തോലിനെ ആവരണമാക്കിയ ജ്ഞാനശരീരി എന്നു നമുക്കു പൊയ്കയില്‍ അപ്പച്ചനെ വിളിക്കാം. എന്തെന്നാല്‍ ഒരു നൂറ്റാണ്ടു മുന്‍പു തിരുവിതാംകൂറില്‍ നടത്തിയ സവിശേഷമായ ഒരു ഇടപെടല്‍ പല നിലയിലും കൂടുതല്‍ പ്രാധാന്യത്തോടെ ഇന്നു വായിക്കപ്പെടുകയാണല്ലൊ. ബാല്യത്തില്‍ അദ്ദേഹത്തിനെ വിളിച്ചുവന്നത് കൊമരന്‍ എന്നായിരുന്നു. അതുകൊണ്ടുതന്നെയാണ് ശ്രീകുമാരഗുരുദേവന്‍ എന്ന് അദ്ദേഹം ഇന്നറിയപ്പെടുന്നത്. അതേസമയം പ്രജാസഭാരേഖകളില്‍ ഉള്‍പ്പെടെ പൊയ്കയില്‍ യോഹന്നാന്‍ എന്നാണ് കാണപ്പെടുന്നത്. ഈ മൂന്നു പേരുകളും സവിശേഷമായ ഒരു ചരിത്രകാലത്തിന്റെ സങ്കീര്‍ണ്ണതയെ ആണ് വ്യക്തമാക്കിത്തരുന്നത്. കാണുന്നില്ലൊരക്ഷരവും എന്ന വരി പരിചയമില്ലാത്ത ഒരു മലയാളിയും ഇന്നുണ്ടാവില്ല. പൊയ്കയില്‍ അപ്പച്ചന്‍ എഴുതിയ ഈ വരികള്‍ വ്യക്തമാക്കുന്നത് ചരിത്രത്തിന്റെ സങ്കീര്‍ണ്ണതയെ ആണ്.

ഭാരതീയ വര്‍ണ്ണാശ്രമ വ്യവസ്ഥ ഏകപക്ഷീയമായി തകര്‍ത്തെറിഞ്ഞ സമൂഹങ്ങളുടെ ചിത്രം നമുക്ക് ഇതില്‍നിന്നും വായിച്ചെടുക്കാം. പൊയ്കയില്‍ അപ്പച്ചന്റെ കുടുംബം ഒരു ക്രൈസ്തവ ജന്മികുടുംബത്തിന്റെ കുടിയാന്മാരായിരുന്നു. അടിമത്തം വേഷം മാറിയതിന്റെ പേരാണല്ലോ ജന്മി  കുടിയാന്‍ സമ്പ്രദായം എന്നത്. അതുകൊണ്ടുതന്നെ ജന്മിത്വ അധികാരത്തിനപ്പുറത്ത് യാതൊരു സ്വാതന്ത്ര്യവും ഒരു കുടിയാനു ലഭ്യമാകുമായിരുന്നില്ല. ആയതിനാല്‍ ജന്മിമാര്‍ നല്‍കുന്ന മതം സ്വീകരിക്കാന്‍ ഏതൊരു കുടിയാനും തയ്യാറാകേണ്ടിവന്നിരുന്നു. ഇന്ത്യയിലുടനീളം തദ്ദേശിയര്‍ക്ക് അവരുടെ അറിവിടങ്ങളെ കൈവിട്ടുകളയേണ്ടിവന്നത് ഇത്തരം അധികാരഘടനകളുടെ മനുഷ്യവിരുദ്ധ കയ്യേറ്റങ്ങളാലാണ്.

വ്യക്തിത്വം പൂര്‍ണ്ണമായി എടുത്തുകളയപ്പെട്ട മനുഷ്യവിരുദ്ധ സമ്പ്രദായങ്ങളായ ജാതിവ്യവസ്ഥയും അടിമത്തവും അതിന്റെ തുടര്‍രൂപമായ ജന്മിത്വവും വിമര്‍ശനപരമായി പഠിക്കപ്പെട്ടിട്ടില്ല എന്നു മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പല ചിന്തകന്മാരും ഫ്യൂഡലിസത്തിനെ പ്രസക്തിയോടെ വിലയിരുത്തുന്ന ഏകപക്ഷീയവാദികള്‍ കൂടിയാണ്. അവര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യവിരുദ്ധ അധികാര ഘടനകളെയാണ്. ഇവര്‍ നിര്‍മ്മിച്ചെടുത്ത അറിവുരൂപങ്ങളില്‍നിന്നും പുറത്തുനില്‍ക്കേണ്ടിവന്ന സവിശേഷമായ ഒരു ജ്ഞാനമാര്‍ഗ്ഗമായിരുന്നു പൊയ്കയില്‍ അപ്പച്ചന്‍ നിര്‍മ്മിച്ചെടുത്ത പ്രത്യക്ഷരക്ഷയുടെ ജ്ഞാനമാര്‍ഗ്ഗം.

നമുക്ക് അറിയാവുന്നതുപോലെ, ഒരു ക്രിസ്തുമത സുവിശേഷകന്‍ ആയിക്കൊണ്ടാണ് പൊയ്കയില്‍ അപ്പച്ചന്‍ തന്റെ മതപരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, ഈ ആത്മീയ പ്രവര്‍ത്തനം പല പരിണാമങ്ങള്‍ക്കും പ്രേരണയായിത്തീര്‍ന്നു. ബൈബിളിനെ മറ്റൊരു ദേശത്തു നടന്നതും സംഭവിച്ചതുമായ ആഖ്യാനങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയില്ല എന്നതാണ് പ്രത്യേകതയുള്ള സംഗതി. ഒരുപക്ഷേ, ഏഷ്യന്‍ ജ്ഞാനപരിസരത്തു നിന്നുകൊണ്ട് ബൈബിളിനെ വിമര്‍ശനപരമായി വിലയിരുത്തിയ അപൂര്‍വ്വം വ്യക്തികളിലൊരാളായി നമുക്ക് അപ്പച്ചനെ കാണാവുന്നതാണ്. വിമര്‍ശനാത്മക ചിന്തപോലുള്ള പ്രസ്ഥാനങ്ങള്‍ യൂറോപ്പില്‍ വരുന്നതിനും തൊട്ടുമുന്‍പാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു വിമര്‍ശനാത്മക ചിന്ത പൊയ്കയില്‍ അപ്പച്ചന്‍ തുറന്നിട്ടത്. ബൈബിളിലെ അടിമയും ഉടമയും ആര് എന്ന ചോദ്യമാക്കി ബൈബിളിലെ സാധാരണ മനുഷ്യര്‍ തിരുവിതാംകൂറില്‍ ആരാകുന്നു എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് ഭാരതീയ വര്‍ണ്ണാശ്രമ  ജാതിവ്യവസ്ഥയുടെ നുകത്തിനു പുറത്തുകടക്കാന്‍ ഉതകുന്ന ഒരു ആലോചനയാണ് അപ്പച്ചന്‍ മുന്നോട്ടുവച്ചത്.

ബൈബിളിനെ അപ്പച്ചന്‍ ഒഴിവാക്കുന്നതിലൂടെ വരേണ്യഹിന്ദു ധര്‍മ്മങ്ങളെയാണ് അദ്ദേഹം ഒഴിവാക്കുന്നത് എന്നു പറയുവാനാവും. ഹിന്ദുവര്‍ണ്ണാശ്രമ ധര്‍മ്മങ്ങളെ ഒഴിവാക്കണമെങ്കില്‍ ബൈബിളിനേയും ഒഴിവാക്കേണ്ടതുണ്ട് എന്ന് അദ്ദേഹത്തിനു ബോധ്യപ്പെടുകയായിരുന്നു. ബൈബിളിനെ മാറ്റിപ്പണിതു എന്നു പറയാന്‍ സാധിക്കുകയില്ല. പകരം മറ്റൊരു ദൈവദര്‍ശനം മുന്നോട്ടുവയ്ക്കുവാനാണ് അപ്പച്ചന്‍ ശ്രമിച്ചത്. ഈ നവ ദൈവദര്‍ശനം ഹിന്ദുധര്‍മ്മങ്ങളില്‍നിന്നുള്ള വിടുതലും അതേസമയം ഇന്ത്യന്‍ ആയതും അതോടൊപ്പം സാര്‍വ്വദേശീയവും ആയിരുന്നു.

സഭാ ആസ്ഥാനത്തെ മണ്ഡപം
സഭാ ആസ്ഥാനത്തെ മണ്ഡപം

ഹിന്ദുമതവും അതുപോലെ ക്രൈസ്തവമതവും പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന പാപബോധം എന്ന ഒന്നിനെ അപ്പച്ചന്‍ പുന:പരിശോധിക്കുകയും തള്ളിക്കളയുകയുമുണ്ടായി. 'അടിമസന്തതികള്‍ക്ക് പാപമില്ല' എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ ആജന്മമായി തുടര്‍ന്നുവരുന്നതും ഓരോരുത്തരും സ്വീകരിക്കേണ്ടതുമാണ് പാപം, പാപ സ്വീകരണം എന്ന പൗരോഹിത്യ ഭയനിര്‍മ്മിതിയെ തിരസ്‌കരിക്കാനും സാധാരണ മനുഷ്യരെ അതില്‍നിന്നും വിമോചിപ്പിക്കാനും അപ്പച്ചനു സാധിച്ചു.

പാപം, ശാപം, മരണം, സ്വര്‍ഗ്ഗവിധി തുടങ്ങിയ ആത്മീയഭയങ്ങളില്‍നിന്നും മനുഷ്യരെ വിമോചിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. തനിക്കൊപ്പം സഞ്ചരിക്കുന്നവര്‍ ശാപമില്ലാത്ത മനുഷ്യരാണെന്നും സുന്ദരികളും സുന്ദരന്മാരുമായ മക്കളാകുന്നു മനുഷ്യര്‍ എന്നും അദ്ദേഹം വിലയിരുത്തി. അവരെക്കുറിച്ചുള്ള പാട്ടുകള്‍ അദ്ദേഹം പാടി. ഇത് പകലന്തിയോളം അധ്വാനിക്കുന്ന മനുഷ്യര്‍ക്കു പുതുവെളിച്ചം നല്‍കി. ഭൂമിയിലെ സമാധാനം നിറഞ്ഞ ജീവിതമാകുന്നു സ്വര്‍ഗ്ഗം എന്ന നിലപാടു സ്വീകരിച്ചുകൊണ്ട് ഭാരതീയ വര്‍ണ്ണാശ്രമ വിശ്വാസങ്ങള്‍ക്കു പകരം ഇന്ത്യന്‍ ആത്മീയധാരയുടെ ഭാഗമായി തന്റെ ദര്‍ശനങ്ങളെ നവീകരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, സ്വതന്ത്രമായ വീക്ഷണങ്ങള്‍കൊണ്ട് സമ്പന്നവുമാണ് പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ദര്‍ശനങ്ങള്‍ എന്നു കാണാം.

അടിമസന്തതികളുടെ സാര്‍വ്വദേശിയ മാനം

അടിമസന്തതികള്‍ എന്ന ഒരു പ്രയോഗം കുമാരഗുരുദേവന്‍ നടത്തുകയുണ്ടായി. ഈ പ്രയോഗം പലതരത്തില്‍ പില്‍ക്കാലത്ത് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ക്‌സിയന്‍ വിശകലനക്കാര്‍ ഈ പ്രയോഗം ഒഴിവാക്കേണ്ടതാണ് എന്നു പറയുകയുണ്ടായി. അവര്‍ പറഞ്ഞത് ഒരു അടിമബോധം പിന്‍തുടരുന്നതിന് ഈ പ്രയോഗം കാരണമാകും എന്നാണ്. എന്നാല്‍, അപ്പച്ചന്‍ ഉപയോഗിക്കുന്ന അടിമസന്തതികള്‍ എന്ന പ്രയോഗം ഒരു സാര്‍വ്വദേശീയ പ്രയോഗമായിട്ടാണ് നാം മനസ്സിലാക്കേണ്ടത്. കാരണം ലോകത്തിലെ മുഴുവന്‍ അടിമജനതയോടുമാണ് അദ്ദേഹം സംസാരിക്കുന്നത്. അതില്‍ ആഫ്രിക്കന്‍ അടിമകളും യൂറോപ്യന്‍ അടിമകളും ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡത്തിലേയും അടിമകള്‍ ഉള്‍പ്പെടും. സ്പാര്‍ട്ടക്കസ്സും മറ്റും റോമന്‍ അടിമകള്‍ ആയിരുന്നല്ലോ. ഇങ്ങനെ ലോകത്തിലെ മുഴുവന്‍ അടിമകള്‍ക്കും വേണ്ടിയുള്ള ഒരു കാഴ്ചപ്പാടായി അപ്പച്ചന്റെ അടിമസന്തതികള്‍ എന്ന പ്രയോഗം മാറിത്തീരുന്നു. എന്നാല്‍ ഈ സാര്‍വ്വദേശീയമാനം ആധുനിക എഴുത്തുകാരാല്‍ കാണാതെ പോവുകയാണുണ്ടായത്.

അപ്പച്ചന്റെ ദര്‍ശനത്തിലെ ഈ സാര്‍വ്വദേശീയമാനത്തെ മറച്ചുപിടിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് മാര്‍ക്‌സിയന്‍ സാഹിത്യമായി രുന്നു. എന്തെന്നാല്‍ സാര്‍വ്വദേശീയത മാര്‍ക്‌സിയന്‍ സാഹിത്യത്തില്‍ മാത്രമേ ഉള്ളൂ എന്ന പരിമിത വളയത്തില്‍ അവര്‍ കറങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ ഇതര ദര്‍ശനങ്ങളേയും സാഹിത്യത്തേയും ഇരുളില്‍ നിര്‍ത്താന്‍ ഇവര്‍ ശ്രമിച്ചുവന്നു. ദളിത് സാഹിത്യമാണ് ഇത്തരം ഇരുളിനെ തച്ചുടച്ചത്. വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ പറയാന്‍ ശ്രമിച്ചതും കേരളത്തില്‍ അടിമസമ്പ്രദായം നിലനിന്നിരുന്നില്ല എന്നായിരുന്നു. വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ സൃഷ്ടിച്ച രണ്ടു ചരിത്രവിരുദ്ധതകളുണ്ടായിരുന്നു. ഒന്ന് കേരളത്തില്‍ അടിമസമമ്പ്രദായം നിലനിന്നിരുന്നില്ല എന്ന് ഇവര്‍ വാദിച്ചു. രണ്ട് കേരളത്തില്‍ ജന്മിസമ്പ്രദായം മനുഷ്യവിരുദ്ധമായിരുന്നില്ല എന്നു സ്ഥാപിക്കുവാന്‍ ഇവര്‍ ശ്രമിച്ചു.

ഈ രണ്ടവസ്ഥകളോടും തൊണ്ണൂറുകള്‍വരെ നിശബ്ദമായി ഏറ്റുമുട്ടിയ ഒരു ആശയമായിരുന്നു പ്രത്യക്ഷരക്ഷാ ദൈവസഭയുടേത്. പൊയ്കയില്‍ അപ്പച്ചന്‍ പാടിയ പാട്ടുകള്‍ ചരിത്രസത്യങ്ങളായും ഓര്‍മ്മകളുടെ തുടര്‍ച്ചകളായും വാമൊഴികളായും രേഖപ്പെട്ടിരുന്നു. ഈ രേഖകള്‍ ഒരു വലിയ അന്വേഷണങ്ങളായിരുന്നു എന്നു പിന്‍കാലത്ത് തിരിച്ചറിയപ്പെട്ടു.

പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകള്‍ ചരിത്രത്തില്‍നിന്നും സ്വീകരിച്ചവയായിരുന്നു. ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യഘട്ടത്തില്‍ എഴുതിയ ഈ പാട്ടുകള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ അടിത്തറയുണ്ട്. കുറഞ്ഞത് ഒരു നൂറ്റാണ്ട് മുന്‍പുണ്ടായിരുന്ന ഓര്‍മ്മകളേയും ചരിത്രത്തേയും ചേര്‍ത്തുവെച്ചുകൊണ്ടാണ് ഈ പാട്ടുകള്‍ എഴുതിയത്. ആയിരത്തി എണ്ണൂറുകളുടെ കേരള പശ്ചാത്തലം എന്താണ് എന്നു വ്യക്തമാക്കിത്തരുന്നുണ്ട്, ആയിരത്തി തൊള്ളായിരത്തി പത്തിലേയും ഇരുപതിലേയും ഈ പാട്ടുകള്‍. അതുകൊണ്ടുതന്നെ ചരിത്രരേഖകളായി ഈ പാട്ടുകള്‍ മാറുകയായിരുന്നു. 1800കളിലും പ്രബല മതങ്ങള്‍ തദ്ദേശ ജനതകളെ അടിമകളാക്കി വിറ്റിരുന്നു. അവയുടെ രചനകളായിരുന്നു അപ്പച്ചന്റെ പാട്ടുകള്‍. 15ാം നൂറ്റാണ്ടു മുതല്‍ വികസിക്കുന്ന യൂറോപ്യന്‍ കോളനികളും പത്താം നൂറ്റാണ്ടു മുതല്‍ പിടിമുറുക്കിയ ആര്യാധിനിവേശ കോളനി ഭരണത്തേയും വിമര്‍ശിക്കുന്ന നിലപാടായിരുന്നു ഈ പാട്ടുകള്‍ ആവിഷ്‌കരിച്ചത്. തെക്കുനിന്നും വടക്കുനിന്നും വന്ന അധികാര സംവിധാനങ്ങള്‍ ഇവിടുത്തെ മനുഷ്യരെ വേട്ടയാടുന്നതിനെക്കുറിച്ച് അപ്പച്ചന്‍ എഴുതുന്നുണ്ട്. ലോകത്തിലെ ഏതൊരു അടിമസമൂഹത്തിനും മനസ്സിലാകുംവിധത്തില്‍ വൈകാരികവും ആര്‍ദ്രവുമാണ് ഈ പാട്ടുകള്‍. ആര്യന്‍ അധികാര സംവിധാനങ്ങള്‍ വേട്ടയാടപ്പെട്ട ജനതയെക്കുറിച്ച് മൂന്നു ചരിത്രമുഹൂര്‍ത്തങ്ങളില്‍ ഊന്നി നിന്നുകൊണ്ടാണ് കുമാരഗുരുദേവന്‍ എഴുതുന്നത്. ഒന്നാമത്തേത് സിന്ധു നാഗരികത മുതലുള്ള ഇന്ത്യന്‍ ചരിത്രവുമായി ബന്ധപ്പെടുത്തുന്നതാണെങ്കില്‍, രണ്ടാമത്തേത് പത്താം നൂറ്റാണ്ടു മുതല്‍ 18ാം നൂറ്റാണ്ടുവരെയുള്ള കാലത്തേ നോക്കിക്കാണുന്നതാണ്. മൂന്നാമത്തേതാകട്ടെ, താന്‍ ഉള്‍പ്പെടെയുള്ള സമകാല ലോകത്തെക്കുറിച്ചാണ്. ഇനിയും നാലാമത്തെ ഘട്ടമാകട്ടെ, ഭാവിയെ സംബന്ധിച്ചതുമാണ്. ചരിത്രത്തിലൂന്നുകയും ഭാവിയെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന വിശകലനങ്ങളാണ് അപ്പച്ചന്റെ പാട്ടുകള്‍ എന്നു കാണാം. 

ഭൂമിക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പരിശ്രമത്തോടൊപ്പം സ്ഥാപനങ്ങളുടെ ആവശ്യകതയും പ്രാധാന്യത്തോടെ അദ്ദേഹം കണ്ടു. നെയ്ത്തുശാലകള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ശാലകളും ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളും നിര്‍മ്മിച്ചു. ഹോസ്റ്റല്‍ സംവിധാനം തുടങ്ങിവച്ചു. സമ്പാദ്യശീലം പരിശീലിപ്പിക്കുകയും സാമ്പത്തിക വിനിമയരീതി മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. കെ.കെ. കൊച്ച് വിലയിരുത്തിയിട്ടുള്ളതുപോലെ, പരിഷ്‌കരണം എന്ന ആശയത്തിന്റെ പ്രയോഗം കുമാരഗുരുദേവന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. ജന്മിമാരുടെ പണിയിടങ്ങളില്‍ പകലന്തിയോളം അധ്വാനിക്കുന്ന മനുഷ്യരുടെ കുടിലുകള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ കുട്ടികളെ കുളിപ്പിച്ച് വൃത്തിയുള്ളവരാക്കിയും വീടും അടുപ്പും പര്യമ്പുറവും തൂത്തു വൃത്തിയാക്കിയിടുകയും ചെയ്തിരുന്നു. തൊഴില്‍ കഴിഞ്ഞ് മടങ്ങിവരുന്നവര്‍ വൃത്തിയും വെടിപ്പുമുള്ള ആവാസയിടങ്ങള്‍ കാണുമ്പോള്‍, അതിശയിക്കുകയും ഒരു അപ്പച്ചനും മറ്റും വന്നിരുന്നു എന്നു കുട്ടികള്‍ രക്ഷിതാക്കളോട് പറയുമ്പോള്‍ പൊട്ടിക്കരയുകയും ചെയ്തിരുന്നു. അപ്പച്ചന്‍ എന്ന വാക്കിന് മധ്യകേരളത്തില്‍ അപ്പൂപ്പന്‍, മുത്തച്ഛന്‍ എന്നാണര്‍ത്ഥം. കുട്ടികള്‍ വിളിച്ചുവന്ന ഈ പേരില്‍നിന്നാണ് പൊയ്കയില്‍ അപ്പച്ചന്‍ എന്ന പേര് രൂപപ്പെട്ടത്. എം.ആര്‍. രേണുകുമാറിന്റെ 'കാണുന്നുണ്ടനേകമക്ഷരങ്ങള്‍' എന്ന കവിത ഇതിനെയാണ് രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യവസ്ഥാപിതമായ ഏതെങ്കിലും ഒരു പേരോ നാമമോ അതില്‍മാത്രം ഊന്നുകയോ ചെയ്യുന്ന രീതികളില്‍നിന്നും വ്യത്യസ്തമായി സങ്കീര്‍ണ്ണമാണ് തദ്ദേശ ജനത കടന്നുപോയവഴികള്‍ എന്നു തിരിച്ചറിയുന്നിടത്താണ് ചരിത്രത്തോട് നമുക്കു നീതിചെയ്യാന്‍ കഴിയുക. മഹാത്മാ അയ്യന്‍കാളി, തിരുവിതാംകൂര്‍ പ്രജാസഭയില്‍ നല്‍കിയ നാമനിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊയ്കയില്‍ യോഹന്നാന്‍ എന്ന പേരില്‍ അപ്പച്ചന്‍ 1921, 1931 എന്നീ കാലഘട്ടത്തില്‍ പ്രജാസഭാ അംഗമാകുന്നത്. തുടര്‍ന്ന് പാമ്പാടി ജോണ്‍ ജോസഫ് പ്രജാസഭാ അംഗമാകുന്നുണ്ട്. തിരുവിതാംകൂറിലെ തദ്ദേശ ജനതകളുടെ പ്രതിനിധികള്‍ എന്ന നിലയിലാണ് ഇതു സംഭവിക്കുന്നത്. ആധുനിക കാലത്തു മാത്രമാണ് ഇത്തരത്തില്‍ സ്വതന്ത്ര നിലപാടുകളുള്ള നേതൃത്വങ്ങള്‍ക്ക് പ്രാതിനിധ്യ അവകാശം നല്‍കപ്പെട്ടുള്ളൂ. ആധുനിക കാലത്തിനു മുന്‍പുള്ള അധികാരരൂപങ്ങള്‍ ഭരിക്കുന്നവരുടെ ദാസന്മാരെ മാത്രമേ തിരഞ്ഞെടുത്തിരുന്നുള്ളൂ. വൈവിധ്യങ്ങളേയും സ്വതന്ത്ര നിലപാടുകളേയും അവര്‍ നിശബ്ദമാക്കിയിരുന്നു.

ഇരവിപേരൂരിലെ അടിമ സ്മാരക സ്തംഭം
ഇരവിപേരൂരിലെ അടിമ സ്മാരക സ്തംഭം

ആധുനിക അവബോധത്തിന്റെ ഭാഗമായിരുന്നു പി.ആര്‍.ഡി.എസ്സിന്റെ വീക്ഷണങ്ങള്‍. ദാര്‍ശനികമായി അത് ദ്രാവിഡ പദ്ധതികളുടെ ഭാഗമായിരുന്നു. ഭൗതിക ജീവിതത്തില്‍ പരിവര്‍ത്തനം സംഭവിക്കേണ്ടതിനെക്കുറിച്ചാണ് അതു വാദിച്ചത്. പ്രത്യക്ഷം, പരോക്ഷം എന്നീ ദ്വന്ദ്വത്തെ നമുക്കു പരിചയമുണ്ട്. മരണാനന്തര സ്വര്‍ഗ്ഗജീവിതം, സര്‍വ്വംമായ തുടങ്ങിയ ദര്‍ശനങ്ങള്‍ക്കുള്ളിലെല്ലാം പരോക്ഷ രക്ഷയുടെ സ്വഭാവമാണുള്ളത്. എന്നാല്‍, ഭൗതിക ജീവിതത്തില്‍ സമ്പത്തും അധികാരവും കീഴടക്കുന്നവര്‍ അതേസമയം സാധാരണക്കാര്‍ക്ക് പരോക്ഷ രക്ഷയാണ് പ്രദാനം ചെയ്യുന്നത് എന്ന് അപ്പച്ചന്‍ വിലയിരുത്തുകയുണ്ടായി. ആയതില്‍ പ്രത്യക്ഷമായിത്തന്നെ രക്ഷ, ഭൗതിക ജീവിതത്തിന്റെ പ്രത്യക്ഷമായ വികാസം, ദൈവം വിദൂരത്തിലല്ല, അടിമയുടെ തോല്‍ ധരിച്ച് അവരുടെ ഒപ്പം ഉണ്ട് എന്ന പ്രത്യക്ഷത തുടങ്ങിയ ആശയങ്ങള്‍ ഇവിടെ വീക്ഷിക്കാം. ദുഃഖവും ദുരിതവും സ്വര്‍ഗ്ഗപ്രവേശനത്തിന്റെ വഴിയായി ചിത്രീകരിക്കപ്പെടുന്ന ആത്മീയധാരകളെ കയ്യൊഴിഞ്ഞുകൊണ്ടാണ് അപ്പച്ചന്‍ പ്രത്യക്ഷരക്ഷ എന്ന വഴി സ്ഥാപിച്ചെടുത്തത്.

പ്രജാസഭയില്‍ അംഗമായിരിക്കുമ്പോഴും ഭൂമി, തൊഴില്‍, വിദ്യാഭ്യാസം, പ്രാതിനിധ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് അദ്ദേഹം സംസാരിച്ചത്. മാത്രവുമല്ല, കിഴക്കന്‍ തിരുവിതാംകൂറിലെ ഭൂ അവകാശസമരങ്ങളില്‍ പങ്കെടുക്കുകയും നേതൃനിരയില്‍ നില്‍ക്കുകയും ചെയ്തു. പ്രസ്തുത സമരങ്ങളില്‍ അയ്യന്‍കാളിയും ഐക്യദാര്‍ഢ്യം നല്‍കിക്കൊണ്ട് പങ്കെടുക്കുകയുണ്ടായി എന്നാണ് ചരിത്രം. ഭൂമിയുടെ അവകാശത്തിനായി മറ്റൊരു മാതൃക സ്വീകരിക്കാന്‍ അപ്പച്ചന്‍ തയ്യാറായി. പി.ആര്‍.ഡി.എസ്സിലെ ഓരോ അംഗങ്ങളും ചില്ലിക്കാശുകള്‍ സ്വരുക്കൂട്ടാനും സ്വന്തം നിലയ്ക്ക് ഭൂമി വാങ്ങാനും അദ്ദേഹം അംഗങ്ങളോട് ഉപദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അമര, ഇരവിപേരൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഭൂമി വാങ്ങാന്‍ പി.ആര്‍.ഡി.എസ്സിനു സാധിച്ചു. ഇത് മുന്‍ മാതൃകകള്‍ ഇല്ലാതിരുന്ന ഒന്നായിരുന്നു. അടിസ്ഥാന മനുഷ്യര്‍ക്ക് സ്വത്തുടമസ്ഥതാബോധം നല്‍കാന്‍ ഇതിലൂടെ സാധിച്ചു. കേരളത്തിലെ അവസാനത്തെ അടിമ എന്ന് അറിയപ്പെടുന്ന യിരമ്യാവ് ഉള്‍പ്പെടെയുള്ള തലമുറ സ്വന്തം നിലയ്ക്ക് ഭൂമിയുടെ അവകാശത്തിനായുള്ള ശ്രമങ്ങള്‍ നടത്തുന്നത് കാണാന്‍ സാധിക്കും. കിഴക്കന്‍ മേഖലകളിലെ തോട്ടം പ്രദേശങ്ങളിലേയ്ക്ക് കുടിയേറ്റം രൂപപ്പെടുകയും ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി, ചക്കക്കാനം, കാപ്പിപ്പതാല്‍, ആദിയാര്‍പുരം, പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങള്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളില്‍ ഭൂമിയുടെ ഉടമകളായി മാറുന്നതും പഠിക്കപ്പെടേണ്ട ഒന്നാണ്. ജീവിതാവബോധവും ദൈവദര്‍ശനവും ചേര്‍ത്തുവയ്ക്കാന്‍ സാധിച്ച ഒരു പദ്ധതി നിര്‍മ്മിക്കാന്‍ ഇതില്‍നിന്നും സാധിച്ചിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. വി.വി. സ്വാമിയും ഇ.വി. അനിലും വിലയിരുത്തിയിട്ടുള്ളതുപോലെ ഒരു ജീവിതചര്യ രൂപപ്പെടുത്താന്‍ അപ്പച്ചന്റെ ദര്‍ശനങ്ങള്‍ക്കു സാധിച്ചിരുന്നു. ജ്ഞാനം എന്ന പ്രയോഗം അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. ഒരു ജ്ഞാനദര്‍ശനം, ജ്ഞാനപദ്ധതി രൂപപ്പെടുത്താന്‍ പി.ആര്‍.ഡി.എസ്സിനു സാധിച്ചിരുന്നു. ഇത്തരമൊരു ഇടപെടലിനെ മാതൃകയാക്കിക്കൊണ്ടാണ് ഡോ. പ്രദീപന്‍ പാമ്പിരികുന്ന്, 'എരി' എന്ന നോവല്‍ എഴുതുന്നത്. മറ്റൊന്ന് ആദിയാര്‍ ജനത എന്ന പ്രയോഗമായിരുന്നു. ഇന്ത്യയിലെ തദ്ദേശീയരെ ആദ്യര്‍ എന്ന അര്‍ത്ഥത്തില്‍ വിളിക്കുന്ന ആദിയാര്‍ എന്ന പ്രയോഗം സവിശേഷതകള്‍ ഏറെയുള്ളതാണ്.

പൊയ്കയില്‍ അപ്പച്ചന്റെ പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുകളും ഒരു എഴുത്തു സംസ്‌കാരത്തെ രൂപപ്പെടുത്തിയതിനെക്കുറിച്ച് ഡോ. ഒ.കെ. സന്തോഷ് വിലയിരുത്തിയിട്ടുണ്ട്. ദളിത് സാഹിത്യത്തിലെ സജീവമായ ഒരു ധാരയായി പി.ആര്‍.ഡി.എസ്. സാഹിത്യം ഇന്നു മാറിത്തീര്‍ന്നിട്ടുണ്ട്. കവിതകളും കഥകളും നോവലുകളും നാടകങ്ങളും നിരവധി ഗാനങ്ങളും പ്രഭാഷണങ്ങളും ഗവേഷണ പ്രബന്ധങ്ങളും ഉള്‍പ്പെടെ നിരവധി രചനാരൂപങ്ങള്‍കൊണ്ട് ഏറെ ചലനം സൃഷ്ടിക്കുന്ന ഒന്നായി ഇന്ന് പൊയ്കയില്‍ അപ്പച്ചന്റെ ദര്‍ശനം മാറിത്തീര്‍ന്നിട്ടുണ്ട്. ഡോ. സനല്‍ മോഹന്‍, ഡോ. കെ.എസ്. മാധവന്‍, ഡോ. വിനില്‍ പോള്‍ ഉള്‍പ്പെടെയുള്ളവരുടെ ചരിത്ര പഠനങ്ങളും ഈ മേഖലയെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ഡോ. ബി.ആര്‍. അംബേദ്കര്‍ ചിന്തയോടും ദളിത്  ബഹുജന ചിന്തയോടും ജനാധിപത്യ ആശയങ്ങളോടും ഐക്യപ്പെടുന്ന ദര്‍ശനം എന്ന നിലയില്‍ പൊയ്കയില്‍ കുമാരഗുരുദേവന്റെ ആശയങ്ങള്‍ കാലത്തിന്റെ മുന്നറ്റത്തിന് ആവശ്യഘടകമായ ഒന്നാണെന്നു ബോധ്യപ്പെട്ട സന്ദര്‍ഭത്തിലാണ് നാം ജീവിക്കുന്നത്. അദ്ദേഹത്തിനുവേണ്ടി കൂടുതല്‍ ഉചിതമായ സ്മാരകങ്ങള്‍ ഉണ്ടാവട്ടെ എന്നു പ്രത്യാശിക്കുകയും ചെയ്യുന്നു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com