യുഗപ്രഭാവനായ നെല്‍സണ്‍ മണ്ടേലയോടൊപ്പം അണിനിരന്നുകൊണ്ട് ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി രണ്ട് മലയാളികള്‍ കൂടി പോരാടി. പൊലീസ് മര്‍ദ്ദനവും ശിക്ഷയും അനുഭവിച്ചു. ധീരരും സാഹസികരുമായിരുന്നു ആ യുവാക്കള്‍. ബില്ലി നായരും പോള്‍ ജോസഫും. മലയാളികള്‍ അറിയാത്ത മലയാളികള്‍.
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയപ്പാര്‍ട്ടി ഗാന്ധിയന്‍ മൂല്യങ്ങളില്‍ ഉറച്ചു നിന്ന് സമാധാനപരമായ പ്രക്ഷോഭങ്ങളാണ് നടത്തിയിരുന്നത്. എന്നാല്‍, രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ആയുധമെടുത്ത് പോരാടാന്‍ പാര്‍ട്ടി തീരുമാനിച്ചു. യുവനേതാവായ മണ്ടേലയെ സായുധ ഒളിപ്പോര്‍ സംഘത്തിന്റെ തലവനായി 1961 ജൂണില്‍ ചുമതലയേല്പിച്ചു. സമാധാനപരമായ സമരങ്ങളെ അധികാരം കയ്യാളിയ വെള്ളക്കാര്‍ അടിച്ചമര്‍ത്തി. ഭരണകൂടഭീകരതയുടെ അടയാളങ്ങളായി കൂട്ടക്കൊലകള്‍ നടന്നു. തെരുവുകള്‍ രക്തക്കളമായി. വിദ്യാര്‍ത്ഥികളെപ്പോലും തല്ലിച്ചതച്ചത് ലോകത്തെ നടുക്കി.
ഇന്നേയ്ക്ക് 60 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡിസംബര്‍ 16-നാണ് സായുധ ഒളിപ്പോരിന്റെ പിറവി കുറിച്ച് ആദ്യത്തെ ബോംബ് സ്‌ഫോടനം ഡര്‍ബന്‍ നഗരത്തില്‍ നടന്നത്. തുടര്‍ന്നുള്ള നാളുകളില്‍ സ്‌ഫോടനം ആവര്‍ത്തിച്ചു.
ഒളിപ്പോരില്‍ മണ്ടേലയുടെ വിശ്വസ്തരായ അനുയായികളില്‍, ഭരണകൂടത്തിന്റെ അനീതിക്ക് എതിരെ ജ്വലിച്ച ആ രണ്ട് മലയാളികള്‍ കൂടി ഉള്‍പ്പെടും. മലയാളികള്‍ അറിയാത്ത ചരിത്രം.
പോള്‍ ജോസഫ് വയസ്സ് 92
യുഗപ്രഭാവനായ നെല്‍സണ്‍ മണ്ടേലയോടൊപ്പം ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മലയാളി. പൊലീസിന്റെ ലാത്തിയടിയും ലോക്കപ്പ് മര്‍ദ്ദനവും ജയില്‍ ശിക്ഷയും വേണ്ടുവോളം അനുഭവിച്ചു. മലയാളികള്‍ അറിയാത്ത മലയാളിയാണ് അദ്ദേഹം.
ദക്ഷിണാഫ്രിക്ക ബ്രിട്ടീഷ് കോളനിയായിരുന്നു. കറുത്തവരായ നാട്ടുകാരേയും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരേയും വിദ്വേഷത്തോടെ അകറ്റിനിര്‍ത്തിയ വര്‍ണ്ണവിവേചന നയം ഭരണകൂടം നടപ്പിലാക്കി. അതിനെതിരെയാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അണിചേര്‍ന്ന് പോള്‍ ജോസഫും പോരാടിയത്. പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവായ മണ്ടേല അന്ന് ജൊഹന്നാസ്ബര്‍ഗിലെ അഭിഭാഷകനായിരുന്നു.
പോള്‍ ജോസഫ് ജൊഹന്നസ്ബര്‍ഗില്‍ ജനിച്ചു വളര്‍ന്നു. അന്നമ്മയാണ് അമ്മ. 1897-ല്‍ എറണാകുളം മൂവാറ്റുപുഴ വാഴക്കുളം ഗ്രാമത്തില്‍നിന്ന് തന്റെ അമ്മാവന്റേയും അമ്മായിയുടേയും കൂടെ ജൊഹന്നസ്ബര്‍ഗില്‍ എത്തിയ അന്നമ്മ കുതിരവണ്ടിക്കാരന്‍ വീരസ്വാമിയെ രണ്ടാം വിവാഹം കഴിച്ചു. പോള്‍ ജോസഫ് ഉള്‍പ്പെടെ അഞ്ച് മക്കളുണ്ട്. ആദ്യ ഭര്‍ത്താവ് മരിച്ചുപോയി.
ഗാന്ധിജിയുടെ സമരഭൂമി കൂടിയായിരുന്നു ദക്ഷിണാഫ്രിക്ക. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ച് നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ചു. വര്‍ണ്ണവിവേചനത്തിന് എതിരെ ആദ്യ സമരം അദ്ദേഹം നയിച്ചു. നീണ്ട 20 വര്‍ഷങ്ങള്‍ക്കു ശേഷം 1915-ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി മുംബൈയിലേക്ക് തിരിച്ചു. ഗാന്ധിജിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമാധാനപരമായ സമരപരിപാടികള്‍ ആരംഭിച്ചു.
വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ 1945-ലാണ് പോള്‍ ജോസഫ് ആദ്യമായി പീറ്റര്‍ മാരിസ് ബര്‍ഗ് റെയില്‍വേ സ്റ്റേഷന്‍ കാണുന്നത്. 1893-ല്‍ ഇവിടെ വെച്ചാണ് ഗാന്ധിജിയെ ഒരുകൂട്ടം വെള്ളക്കാര്‍ ട്രെയിനില്‍നിന്നു തള്ളി താഴെയിട്ടത്. വെള്ളക്കാര്‍ക്ക് റിസര്‍വ്വ് ചെയ്തിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ അദ്ദേഹം കയറിയതായിരുന്നു കുറ്റം.
ചെറുപ്പത്തില്‍ത്തന്നെ പോള്‍ ജോസഫ് സമരം തുടങ്ങി. റെയില്‍വേ വെയിറ്റിങ് റൂമിലും ബസിലും വെള്ളക്കാര്‍ക്കു മാത്രമുള്ള സീറ്റിലിരുന്നു. പൊലീസ് എത്തി ലാത്തികൊണ്ടടിച്ച് വലിച്ചിഴച്ചു. ലോക്കപ്പില്‍ ഭക്ഷണം നല്‍കാതെ പാര്‍പ്പിച്ചു.
പഠിപ്പ് പൂര്‍ത്തിയാക്കി ചെറിയ ജോലികള്‍ കിട്ടിയപ്പോഴും അദ്ദേഹത്തിന്റെ സമരാവേശം വര്‍ദ്ധിച്ചു. ചില ദിവസങ്ങളില്‍ രാത്രി മകനെ കാണാതായപ്പോള്‍ അന്നമ്മയ്ക്ക് ആകാംക്ഷയായിരുന്നു. മകന്‍ അപ്പോള്‍ ലോക്കപ്പിലായിരുന്നു. സമരം ചെയ്തതിനു പൊലീസ് മര്‍ദ്ദനം അനുഭവിച്ചു.
ഒരു ദിവസം രാവിലെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച അന്നമ്മയെ നടുക്കി. മുഖത്തും കഴുത്തിലും ദേഹത്തും രക്തപ്പാടുകള്‍. അവശനായി മകന്‍ കട്ടിലില്‍ തളര്‍ന്നുവീണു. ഭരണകൂട ഭീകരതയുടെ അടയാളങ്ങള്‍ ആയിരുന്നു മകന്റെ ദേഹത്ത്. അമ്മ പൊട്ടിക്കരഞ്ഞു.
പോള്‍ ജോസഫ് ഇപ്പോള്‍ ലണ്ടനില്‍നിന്നും അകലെ മില്‍ഹില്‍ നഗരത്തില്‍ താമസിക്കുന്നു. വീടിന്റെ പേര് 'ആനന്ദ് ഭവന്‍' മരിച്ചുപോയ മകന്‍ ആനന്ദിന്റെ സ്മരണക്കായി ആ പേരിട്ടു. ഭാര്യ അഡ്‌ലൈഡ് 90-ാം വയസ്സില്‍ 2022 ഒക്ടോബര്‍ 29-ന് അന്തരിച്ചു. മൂന്നു പെണ്‍മക്കളുണ്ട്. 1965-ല്‍ ജൊഹന്നസ്ബര്‍ഗില്‍നിന്നും പൊലീസിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ പോള്‍ ജോസഫ് ലണ്ടനില്‍ എത്തിയശേഷമാണ് അമ്മ അന്നമ്മ അന്തരിച്ചത്. 1964 മുതല്‍ നേതാക്കളെല്ലാം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷം 1990-ലാണ് മണ്ടേല മോചിതനായത്.
പോള്‍ ജോസഫിനെ ഈ ലേഖകനു നീണ്ട തിരയലിനു ശേഷം കണ്ടെത്താന്‍ കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ പോള്‍ ജോസഫിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ചിലര്‍ ഗ്രന്ഥകാരന്മാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മറ്റു ചിലരെ ബന്ധപ്പെടാന്‍ കഴിഞ്ഞതുമില്ല. ആധികാരിക ഗ്രന്ഥമെഴുതിയ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി ചരിത്ര പ്രൊഫസര്‍ പാഡ്രെ ഒ. മാലെയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും പിന്നീട് മറുപടി കിട്ടി. ''അദ്ദേഹം സുഖമില്ലാതെ ചികിത്സയിലാണ്. വിശ്രമം.''
ഒടുവില്‍, അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഡേവിഡ് ജെയിംസ് സ്മിത്ത് വഴികാട്ടിയായിരുന്നു. ''പോള്‍ ജോസഫ് മലയാളിയാണോ?'' ചോദിച്ചു.
''അദ്ദേഹം മലയാളിയാണ്. തീര്‍ച്ച. കേരളത്തെക്കുറിച്ച് എനിക്കറിയാം. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. ലണ്ടനിലാണ്. പക്ഷേ, എവിടെയാണെന്ന് അറിയില്ല.'' ഇതായിരുന്നു ഡേവിഡ് സ്മിത്തിന്റെ മറുപടി. ഒടുവില്‍ അരനൂറ്റാണ്ടായി ലണ്ടനില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയും മുന്‍ ലോസണ്‍ നഗര മേയറുമായ ഫിലിപ്പ് എബ്രഹാമാണ് അദ്ദേഹവുമായി ഈ ലേഖകനെ ബന്ധപ്പെടുത്തിയത്. അനാരോഗ്യം അലട്ടുന്നുണ്ടെങ്കിലും പോള്‍ ജോസഫ് ദൃഢസ്വരത്തില്‍ സംസാരിച്ചു. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേലയോടൊപ്പം പ്രക്ഷോഭങ്ങളില്‍ പങ്കാളിയായ സംഭവങ്ങള്‍ എല്ലാം കണ്ണികള്‍ പൊട്ടാതെ ഓര്‍മ്മിച്ച് അനാവരണം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഓര്‍മ്മകള്‍ ഇങ്ങനെയായിരുന്നു
''ഏതാണ്ട് 67 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മണ്ടേലയെ ആദ്യമായി ജൊഹന്നസ്ബര്‍ഗില്‍ വെച്ച് പരിചയപ്പെട്ടത്. 'റെഡ് സ്‌ക്വയര്‍' അവിടെ പ്രസിദ്ധമാണ്. രാഷ്ട്രീയ യോഗങ്ങള്‍ അവിടെ നടക്കും. ഇന്ത്യന്‍ വംശജരായ നിരവധി പേരുണ്ട്. കൂടാതെ സൗത്ത് ആഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സഖാക്കളും.'' മണ്ടേല അന്നു പാര്‍ട്ടിയുടെ സമര്‍ത്ഥനായ സംഘാടകനും യുവനേതാവുമായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം. തുറന്ന സംസാരം. ഇന്ത്യന്‍ വംശജരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി അടുപ്പിക്കുന്നതില്‍ മണ്ടേല മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.''
''എന്നെക്കുറിച്ച് അറിയാന്‍ താങ്കള്‍ ആഗ്രഹിക്കുന്നതില്‍ വളരെ നന്ദി. കേരളത്തിന്റെ മണ്ണിന്റെ മണം ഉള്‍ക്കൊണ്ട് മലയാളത്തില്‍ സംസാരിക്കണമെന്നുണ്ട്.'' പക്ഷേ, പോള്‍ ജോസഫ് പൊട്ടിച്ചിരിച്ചു. ''ഏതാനും വാക്കുകള്‍ അറിയാം. പണ്ട് അമ്മ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതു സുഖകരമായ ഓര്‍മ്മ. ആ വാക്കുകളൊക്കെ മറന്നുപോയി.'' തൊട്ടടുത്ത് ഇരിക്കുന്ന തമിഴ്നാട്ടുകാരിയായ ഭാര്യ അഡ്‌ലൈഡ് ശബ്ദിക്കുന്നത് കേള്‍ക്കാം. ''ഇനി കുറച്ചുകഴിഞ്ഞ് സംസാരിച്ചാല്‍ മതി. അല്പം വിശ്രമിക്കൂ.''
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമരപരിപാടികളില്‍ അഡ്‌ലൈഡും പങ്കെടുത്തിട്ടുണ്ട്. മണ്ടേലയുടെ ഭാര്യ വിന്നി മണ്ടേലയുടെ ആത്മസുഹൃത്തായി മാറാന്‍ കഴിഞ്ഞു. പൊരിവെയിലിലും സമരം ചെയ്തവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും നല്‍കാന്‍ എന്നും മുന്‍പന്തിയില്‍ അഡ്‌ലൈഡും വിന്നി മണ്ടേലയും ഉണ്ടാകും. സമരക്കാര്‍ക്കു പരിചിതമായ മുഖങ്ങള്‍.
അരമണിക്കൂറിനു ശേഷം വീണ്ടും വിളിക്കുമ്പോള്‍ പോള്‍ ജോസഫ് സംസാരിക്കും. ''കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകള്‍ എല്ലാം എന്റെ വിരല്‍ത്തുമ്പില്‍ ഉണ്ട്. നമുക്കു പലപ്പോഴായി സംസാരിക്കാം.''
രണ്ട് ദിവസത്തിനു ശേഷം വിളിച്ചാല്‍ വീണ്ടും ചരിത്രസംഭവങ്ങള്‍ ഓര്‍മ്മിച്ചു പറയും. ''ഞങ്ങളെല്ലാം ഗാന്ധിയന്‍ രീതിയില്‍ തികച്ചും സമാധാനപരമായ സമരങ്ങളാണ് നടത്തിയത്. പക്ഷേ, പൊലീസ് മൃഗീയമായി പെരുമാറി. വെറും കാടന്മാര്‍. ഭരണകൂടം അവരെ കയറൂരി വിട്ടിരുന്നു. പുരുഷന്മാര്‍ക്കെല്ലാം പൊലീസിന്റെ ലാത്തി അടി ഏല്‍ക്കുക പതിവായിരുന്നു.''
''കള്ളക്കേസുകള്‍ പതിവായിരുന്നു. പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിടും. കുടിക്കാന്‍ പച്ചവെള്ളം പോലും തരില്ല. അത്രയ്ക്ക് മൃഗീയമായിരുന്നു പൊലീസിന്റെ പെരുമാറ്റം.''
രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍ മറുപടി ഇല്ലായിരുന്നു. കാത്തിരുന്നു. ഒരു ദിവസം രാത്രി അദ്ദേഹം തിരിച്ചു വിളിച്ചുകൊണ്ട് പറഞ്ഞു:
''നടക്കുന്നതിനിടയില്‍ വീണ്ടും പരിക്കുപറ്റി. ശുശ്രൂഷിക്കാന്‍ ഭാര്യ അടുത്തുണ്ട്.''
ഒരു മാസം കഴിഞ്ഞപ്പോള്‍ അഡ്‌ലൈഡും അവശയായി. കൈകുത്തി വീണു പരിക്കേറ്റു.
നീണ്ട രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും സംസാരിക്കാന്‍ കഴിഞ്ഞത്. ചരിത്ര സംഭവങ്ങള്‍ വീണ്ടും പറഞ്ഞു. ചില കുറിപ്പുകളും വാട്‌സ്ആപ്പില്‍ അയച്ചു.
''ഇതിഹാസ പുരുഷനായ മണ്ടേലയോ ടൊപ്പം സ്വാതന്ത്ര്യത്തിനായി പോരാടാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം'' -പോള്‍ ജോസഫ് പറഞ്ഞു.
''1930-ല്‍ ഞാന്‍ ജനിച്ചത് ജൊഹന്നസ്ബര്‍ഗിനു സമീപമുള്ള ഫെറിനാസ് ടൗണിലാണ്. അതൊരു ചേരിപ്രദേശം. കറുത്തവരായ നാട്ടുകാരും ഇന്ത്യാക്കാരും സങ്കരവര്‍ഗ്ഗക്കാരും താമസിച്ചിരുന്നു. വെള്ളക്കാരുടെ കുട്ടികള്‍ ഞങ്ങളെ കാണുമ്പോള്‍ പുച്ഛത്തോടെ അലറും 'You black dogs go away' പൂച്ചക്കണ്ണുകളോടെ അവര്‍ തുറിച്ചുനോക്കും. പിറുപിറുക്കും. ചീത്ത വാക്കുകള്‍ പറയും. അതുതന്നെ വേദനിപ്പിച്ചു.
''1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം എനിക്കോര്‍മ്മയുണ്ട്. അന്ന് എനിക്കു വയസ്സ് 17. ഞങ്ങള്‍ തെരുവിലിറങ്ങി ആഘോഷം നടത്തി. മധുരപലഹാരങ്ങള്‍ പലരും അത്രയ്ക്ക് തന്നു. മറക്കാനാവാത്ത ആഘോഷം പക്ഷേ, വെള്ളക്കാര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.''
''പക്ഷേ, വര്‍ണ്ണവിവേചനം എന്നെ വല്ലാതെ അലട്ടി. ബസില്‍ കയറിയാല്‍ വെള്ളക്കാര്‍ക്ക് മാത്രം സീറ്റ്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ പാടില്ല. പള്ളിയില്‍ പോയാല്‍ പിന്നില്‍ നില്‍ക്കണം. സിനിമയില്‍ കറുത്തവരും വെളുത്തവരും ഒന്നിച്ചുനില്‍ക്കുന്ന രംഗങ്ങള്‍ ഉണ്ടെങ്കില്‍ അതു മുറിച്ചു നീക്കിയാണ് പ്രദര്‍ശിപ്പിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ വെള്ളക്കാരായ കുട്ടികള്‍ ഞങ്ങളെ ആക്രമിക്കാറുണ്ട്.''
വര്‍ണ്ണവിവേചന നയത്തിന് എതിരെ പോരാടാന്‍ ഈ ഘട്ടത്തില്‍ ഡര്‍ബന്‍ നഗരത്തില്‍ മറ്റൊരു മലയാളി യുവാവും ഉണ്ടായിരുന്നു. അദ്ദേഹമാണ് ബില്ലി നായര്‍. അദ്ദേഹവും വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിച്ചു. വര്‍ണ്ണവിവേചന നയത്തിന് എതിരെ സമരം ചെയ്യുക പതിവായിരുന്നു. പൊലീസ് മര്‍ദ്ദനം പലപ്പോഴും അനുഭവിച്ചു. വിദ്യാഭ്യാസത്തിനു ശേഷം ഒരു ഡയറിയില്‍ ചെറിയൊരു ജോലി കിട്ടി. തൊഴില്‍ ഉടമയുടെ ചൂഷണത്തിന് എതിരെ ശബ്ദിച്ചു. അതോടെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി ബന്ധപ്പെട്ട ബില്ലി നായര്‍ ക്രമേണ ആ രംഗത്ത് സജീവമായി. അദ്ദേഹവും മണ്ടേലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.
''ചിലപ്പോഴൊക്കെ ബില്ലി നായര്‍ ജൊഹന്നസ് ബര്‍ഗില്‍ എത്തി. ഞങ്ങള്‍ ഒന്നിച്ച് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഓഫീസില്‍ പോയി മണ്ടേലയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തു. സുഹൃദ്ബന്ധം അങ്ങനെ വിശാലമായി'' -പോള്‍ ജോസഫ് പറഞ്ഞു.
പാലക്കാട് ജില്ലയിലെ കോങ്ങാട്ടിനു സമീപമുള്ള കുണ്ടളശ്ശേരി ഗ്രാമത്തില്‍നിന്നു തൊഴില്‍ തേടിയാണ് ബില്ലി നായരുടെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ 1920-ല്‍ മുംബൈയില്‍നിന്നും കപ്പല്‍ കയറി ഡര്‍ബനില്‍ എത്തിയത്. കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലിയെടുക്കാന്‍ നൂറു കണക്കിന് ഇന്ത്യാക്കാര്‍ അന്ന് ദക്ഷിണാഫ്രിക്കയില്‍ എത്തിയിരുന്നു. ഗുജറാത്തില്‍നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. ദക്ഷിണേന്ത്യക്കാര്‍ തീരെ കുറവായിരുന്നു.
ഡര്‍ബനില്‍ എത്തിയ കൃഷ്ണന്‍ നായര്‍ പാര്‍വ്വതി എന്ന തമിഴ്നാട്ടുകാരിയെ വിവാഹം കഴിച്ചു. അതില്‍ ആറ് മക്കളുണ്ട്. മൂത്തതാണ് ബില്ലി നായര്‍. കൃഷ്ണന്‍ നായര്‍ കുറച്ചുകാലം ഒരു തോട്ടത്തില്‍ ജോലിയെടുത്ത ശേഷം പിന്നീട് ഒരു കപ്പലില്‍ ജോലിക്കു ചേര്‍ന്നു. മൂന്നു മാസം കൂടുമ്പോള്‍ വീട്ടില്‍വരും. കുട്ടികളുമായി അധികം ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കപ്പലില്‍ കയറും. പാര്‍വ്വതിക്ക് മാര്‍ക്കറ്റിലെ ഒരു പച്ചക്കറിക്കടയിലായിരുന്നു ജോലി. ചെറിയ വരുമാനംകൊണ്ട് ജീവിച്ചു.
1929-ലാണ് ബില്ലി നായര്‍ ജനിച്ചത്. ചെറിയ തൊഴിലുകള്‍ എടുത്ത് ട്രേഡ് യൂണിയന്‍ രംഗത്ത് മെല്ലെ വളര്‍ന്നു. ഡര്‍ബന്‍ ഡയറി വര്‍ക്കേഴ്‌സ് യൂണിയന്‍ പടുത്തുയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങള്‍ 1955 മുതല്‍ ശക്തിപ്പെട്ടു. സമരങ്ങള്‍ എല്ലാം തികച്ചും സമാധാനപരമായി നടന്നുവെങ്കിലും ഭരണകൂടം പലപ്പോഴും അടിച്ചമര്‍ത്തി. കരിനിയമങ്ങള്‍ പ്രയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്തു. അക്കാലത്ത്, പാര്‍ട്ടി പ്രസിഡന്റ് ആല്‍ബര്‍ട്ട് ലുത്തുലി തികഞ്ഞ ഗാന്ധിയനായിരുന്നു. അഹിംസയുടെ മാര്‍ഗ്ഗത്തിലൂടെയുള്ള സമരത്തിന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസ് അതിക്രമങ്ങള്‍ ഉണ്ടായിട്ടും പിറ്റേന്നു സമരക്കാര്‍ സമാധാനപരമായി ഒത്തുകൂടി.
''1960 മാര്‍ച്ച് 21-ലെ ദുരന്തം ഞങ്ങളെ ഞെട്ടിപ്പിച്ചു'' -പോള്‍ ജോസഫ് ഓര്‍മ്മിച്ചു. ''ജൊഹന്നസ് ബര്‍ഗിനു സമീപം ഷാര്‍പ്പ്വില്‍ നഗരത്തില്‍ ഉണ്ടായ പൊലീസ് വെടിവെയ്പില്‍ 69 പേര്‍ കൊല്ലപ്പെട്ടു. തെരുവ് രക്തക്കളമായി. പഞ്ചാബിലെ ജാലിയന്‍ വാലാബാഗ് പോലൊരു ദുരന്തം.
നേതാക്കള്‍ വിവരമറിഞ്ഞ് അവിടെയെത്തി. രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹങ്ങള്‍ പൊലീസ് ആംബുലന്‍സിലേക്ക് മാറ്റിക്കൊണ്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ ആരെയും അടുപ്പിച്ചില്ല. പൊലീസ് വലിയൊരു വലയം സൃഷ്ടിച്ചു. പ്രവര്‍ത്തകരെ അടിച്ചോടിച്ചു.''
സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ മറ്റു പാര്‍ട്ടിക്കാരെ പൊലീസ് പിന്തുടര്‍ന്ന് ലാത്തിക്കടിച്ചു. 700-ഓളം പേര്‍ക്ക് പരിക്കേറ്റു. പലരുടേയും കൈകാലുകള്‍ ഒടിഞ്ഞു. അതിനു ഒരാഴ്ചയ്ക്കു മുന്‍പാണ് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ചുവീഴ്ത്തി റോഡിലൂടെ വലിച്ചിഴച്ചത്.
ഷാര്‍പ്പ്വില്‍ കൂട്ടക്കൊല ലോകരാഷ്ട്രങ്ങളെ നടുക്കി. ലോകത്തിലെ എല്ലാ പത്രങ്ങളും പ്രാമുഖ്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അമേരിക്കയിലും ബ്രിട്ടനിലും കറുത്തവര്‍ഗ്ഗക്കാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കറുത്തവരുടെ നാട്ടില്‍ വെള്ളക്കാരായ പിശാചുക്കള്‍ കൂട്ടക്കൊല നടത്തിയെന്ന് പത്ര തലക്കെട്ടുകള്‍.
1960-ല്‍ ഏപ്രില്‍ മാസത്തില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ഭരണകൂടം നിരോധിച്ചു.
നേതാക്കളേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. മണ്ടേലയും ഞാനും ബില്ലി നായരും മറ്റും ഒളിവിലായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട ഇന്ത്യന്‍ വംശജരായ നേതാക്കളേയും പൊലീസ് പിടികൂടി. സംശയം തോന്നുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായി തടങ്കലിലാക്കി. ഭരണകൂട ഭീകരതയുടെ കരിനിഴല്‍ ദക്ഷിണാഫ്രിക്കയില്‍ എങ്ങും പരന്നു.
ഒളിവില്‍ കഴിഞ്ഞ നേതാക്കള്‍ പൊലീസിന്റെ കണ്ണുകള്‍ വെട്ടിച്ച് പലയിടങ്ങളിലും രഹസ്യമായി സമ്മേളിച്ചു. പൊലീസിന്റെ ഏറ്റവും വലിയ നോട്ടപ്പുള്ളി മണ്ടേലയായിരുന്നു. അദ്ദേഹത്തിനുവേണ്ടി വലിയ തിരയല്‍ പൊലീസ് നടത്തി. ഈ ഘട്ടത്തില്‍ പ്രത്യേക പരിശീലനം നേടിയ രഹസ്യപൊലീസ് ബ്രിട്ടനില്‍നിന്ന് എത്തി. കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
''ഞങ്ങളുടെ വീടുകളില്‍ അര്‍ദ്ധരാത്രിപോലും പൊലീസ് റെയ്ഡ് നടത്തി. എന്റേയും ബില്ലി നായരുടേയും കുടുംബാംഗങ്ങളെ എന്നും ഭീഷണിപ്പെടുത്തി. വിന്നി മണ്ടേലയെ വീട്ടുതടങ്കലിലാക്കി. ഈ ഘട്ടത്തില്‍ മണ്ടേലയുടെ മകളെ എന്റെ ഭാര്യ അഡ്‌ലൈഡ് സംരക്ഷിച്ചു.
ഒളിവില്‍ കഴിഞ്ഞ നേതാക്കളുമായി രഹസ്യമായി ബന്ധപ്പെട്ടുകൊണ്ട് സന്ദേശങ്ങള്‍ കൈമാറാന്‍ ബില്ലി നായരെ മണ്ടേല ചുമതലപ്പെടുത്തി. ഡര്‍ബന്‍ നഗരത്തില്‍ ഇരുപതോളം ട്രേഡ് യൂണിയനുകളെ നയിച്ചിരുന്ന ബില്ലി നായര്‍ക്ക് വലിയൊരു സുഹൃദ്വലയമുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവന്‍ പണയപ്പെടുത്തിയാണ് രഹസ്യമായി പലയിടങ്ങളിലും സമ്മേളിച്ചിരുന്നത്. ചിലരെ പൊലീസ് പിടികൂടി വഴിയിലിട്ട് മര്‍ദ്ദിച്ചു.
''സമാധാനപരമായി സമരം നടത്തിയിട്ട് കാര്യമില്ല; അത് അര്‍ത്ഥശൂന്യമാണെന്ന് ഒളിവില്‍ കഴിഞ്ഞ നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. അതിനു വളരെ മുന്‍പുതന്നെ അണികളില്‍ അതൃപ്തി ഉണ്ടായിരുന്നു. ആയുധമെടുത്ത് സമരം ചെയ്യണം - ജീവന്‍മരണ പോരാട്ടമായി നമുക്കു മുന്നേറാം. എന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. പക്ഷേ, പാര്‍ട്ടി പ്രസിഡന്റ് അതിനു തയ്യാറായില്ലെങ്കിലും അണികളുടെ നിലപാടിന് അദ്ദേഹത്തിനു വഴങ്ങേണ്ടിവന്നു.
1961 ജൂണില്‍ നിര്‍ണ്ണായകമായ യോഗം ജൊഹന്നസ്ബര്‍ഗിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ നടന്നു. ആയുധമെടുത്ത് പോരാടന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ സായുധ ഒളിപ്പോര്‍ വിഭാഗം പിറന്നു. എം.കെ എന്നു പേരിട്ടു. യുവാവായ മണ്ടേലയെ ഒളിപ്പോര്‍ വിഭാഗത്തിന്റെ തലവനായി നിയോഗിച്ചു. അദ്ദേഹത്തോടൊപ്പം അണിനിരന്നവരില്‍ ബില്ലി നായരും പോള്‍ ജോസഫും നിര്‍ണ്ണായക ഘട്ടത്തിലെ പാര്‍ട്ടി ചരിത്രത്തില്‍ പ്രമുഖ പങ്കു വഹിക്കുകയും ചെയ്തു.
''തിരിഞ്ഞുനോക്കുമ്പോള്‍, ധീരമായ തീരുമാനമായിരുന്നു അത്. സായുധ ഒളിപ്പോര്‍ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഞാനും ബില്ലി നായരും ഉള്‍പ്പെടുന്നു.'' അഭിമാനത്തിന്റെ സ്വരത്തില്‍ പോള്‍ ജോസഫ് പറഞ്ഞു.
അതിനുശേഷം നാലഞ്ച് മാസങ്ങള്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. പോള്‍ ജോസഫും അഡ്‌ലൈഡും ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. 2022 മാര്‍ച്ച് മാസത്തോടെയാണ് വീണ്ടും സംസാരിക്കാന്‍ കഴിഞ്ഞത്. അപ്പോള്‍ പോള്‍ ജോസഫ് അവശനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ചില ഭാഗങ്ങള്‍ മക്കള്‍ വാട്ട്‌സ്ആപ്പില്‍ അയച്ചുതന്നു.
2021 ഫെബ്രവരിയിലാണ് ആദ്യമായി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചത്. അതിനു ശേഷം 15 പ്രാവശ്യം പലപ്പോഴായി സംസാരിച്ചു.
2022 നവംബര്‍ ആദ്യം അദ്ദേഹത്തിന്റെ ഒരു ബന്ധു എന്നെ അഡ്‌ലൈഡിന്റെ മരണവാര്‍ത്ത അറിയിച്ചു. ഒക്ടോബര്‍ 29-നായിരുന്നു അന്ത്യം. ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ശവസംസ്‌കാര ചടങ്ങ്. പോള്‍ ജോസഫിനെ അനുശോചനം അറിയിച്ചുവെങ്കിലും പിന്നീട് അദ്ദേഹവുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. തന്റെ ജൊഹന്നസ് ബര്‍ഗ് ജീവിതം ഒരു പുസ്തകമായി അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ടഹൗായീ്യ ളൃീാ വേല ഴീഹറലി രശ്യേ' എന്നാണ് പേര്. ജൊഹന്നസ് ബര്‍ഗില്‍ 1860-ല്‍ സ്വര്‍ണ്ണം കണ്ടെത്തിയതോടെയാണ് സ്വര്‍ണ്ണനഗരം എന്ന് അറിയപ്പെട്ടത്. ഖനി തൊഴിലാളികള്‍ കൂടുതലും ചൈനയില്‍നിന്നാണ് എത്തിയത്.
ബില്ലി നായര്‍ ഒളിപ്പോര്‍ കമാന്‍ഡര്‍
സായുധ ഒളിപ്പോര്‍ സംഘത്തെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. മണ്ടേലയും അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസിന്റെ കണ്ണുകള്‍ വെട്ടിച്ച് അള്‍ജീരിയ, മൊറോക്കോ, എത്യോ പ്യ എന്നീ രാജ്യങ്ങളില്‍ 1961 ആഗസ്റ്റില്‍ പര്യടനം നടത്തി. നവംബറില്‍ തിരിച്ചെത്തി. ഒളിപ്പോരിനെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളും വായിച്ചു. നിരവധി പോരാളികളുമായി അള്‍ജീരിയയില്‍ കൂടിക്കാഴ്ചകള്‍ നടത്തി. ''ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയത്തിലെ കൊടുങ്കാറ്റിന്റെ ദിനങ്ങളായിരുന്നു ഇത്'' -പോള്‍ ജോസഫ് അനുസ്മരിച്ചു. ബില്ലി നായര്‍ നേറ്റാളിലെ ഒളിപ്പോര്‍ കമാന്‍ഡറിന്റെ ചുമതലയേറ്റു. നിരവധി വിശ്വസ്തരായവര്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെ മാത്രം പ്രയോഗിച്ചാല്‍ മതിയെന്നു തീരുമാനിച്ചു.
അതീവ രഹസ്യമായിട്ടായിരുന്നു ഞാനും ബില്ലി നായരും ഡര്‍ബനിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ അര്‍ദ്ധരാത്രി കൂടിക്കാഴ്ച നടത്തിയത്. 'രഹസ്യപൊലീസ്' പോലൊരു സംഘം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അവര്‍ പൊലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. വാഹനയാത്രകള്‍ ഒഴിവാക്കി. പൊലീസ് റോഡില്‍ നിരന്നുനിന്ന് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നുണ്ടായിരുന്നു.
''തിരിഞ്ഞു നോക്കുമ്പോള്‍ കഴിഞ്ഞതൊക്കെ അതീവ സാഹസികമായ ദിനങ്ങളായിരുന്നു. പൊലീസിന്റെ പിടിയില്‍പ്പെടാതെ ഞങ്ങള്‍ ഒളിത്താവളങ്ങള്‍ മാറിമാറി കഴിഞ്ഞു. ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും ഉള്ള നിരവധി പ്രവര്‍ത്തകര്‍ കൂടെ ഉണ്ടായിരുന്നു. ചിലരെയൊക്കെ പൊലീസ് പിടികൂടി കണക്കിനു മര്‍ദ്ദിച്ചിട്ടുണ്ട്. പക്ഷേ, അവരൊന്നും രഹസ്യങ്ങള്‍ കൈവിട്ടില്ല'' -അദ്ദേഹം ഓര്‍മ്മിച്ചു.
ഇതിനിടയില്‍ സ്‌ഫോടകവസ്തുക്കള്‍ അതീവ രഹസ്യമായി ദക്ഷിണാഫ്രിക്കന്‍ അതിര്‍ത്തിയില്‍ എത്തിത്തുടങ്ങി. അവയ്ക്കുള്ള പാതകള്‍ സുഗമമാക്കുന്ന ജോലിയും ബില്ലി നായര്‍ അവിശ്വസനീയമായ രീതിയില്‍ നിര്‍വ്വഹിച്ചു. ചില അവസരങ്ങളില്‍ സാംബിയ അതിര്‍ത്തി വരെ ഞങ്ങള്‍ ഒന്നിച്ചു പോയി. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്ന അള്‍ജീരിയന്‍ സഖാക്കള്‍ സമര്‍ത്ഥരായിരുന്നു. ആസൂത്രണം അതീവ സൂക്ഷ്മമായിരുന്നു. ചില അവസരങ്ങളില്‍ പൊലീസ് പിടിച്ചുവെങ്കിലും അള്‍ജീരിയക്കാര്‍ രക്ഷപ്പെട്ടു.
മണ്ടേല ആത്മകഥയില്‍ എഴുതി: ''അക്രമത്തില്‍ താല്പര്യമുള്ളതുകൊണ്ടല്ല ആയുധമെടുക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘകാലമായി കറുത്തവരായ ഞങ്ങളെ അടിമകളെപ്പോലെ ചവിട്ടിമെതിച്ച വെള്ളക്കാരുടെ കോളനി ഭരണത്തിന് എതിരെ ശബ്ദിക്കാനുള്ള ധൈര്യം കാണിക്കുകയായിരുന്നു ലക്ഷ്യം. ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം.''
''1955 ജൂണ്‍ 26-ന് ബില്ലി നായര്‍ ചരിത്രപുരുഷനായി'' പോള്‍ ജോസഫ് ഓര്‍മ്മിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് ബ്രിട്ടീഷ് കോളനി വാഴ്ചയില്‍നിന്നും മോചനം കൂടിയേ തീരൂ എന്ന് 3000 പേര്‍ യോഗം ചേര്‍ന്ന് ആവശ്യപ്പെട്ട മഹാസമ്മേളനം നടന്നു. ക്ലഫ് ടൗണ്‍ നഗരത്തിലായിരുന്നു ആ ചരിത്രസംഭവം. 'കോണ്‍ഫെഡറേഷന്‍ ഓഫ് പീപ്പിള്‍സ്' എന്നു പേരിട്ട യോഗത്തില്‍ സ്വാതന്ത്ര്യാവകാശരേഖ അവതരിപ്പിച്ച് ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തിലൂടെ ബില്ലി നായര്‍ സദസ്സിനെ സ്വാധീനിച്ചു. ആ യോഗത്തില്‍ സഞ്ചാരവിലക്ക് മൂലം മണ്ടേലയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ഈ യോഗത്തോടെ ബില്ലി നായരുടെ സംഘടനാ നേതൃപാടവം ഉയര്‍ന്ന തലത്തില്‍ എത്തി. അദ്ദേഹത്തിന്റെ പ്രസംഗം അത്രയ്ക്ക് ഉജ്ജ്വലമായിരുന്നു. അദ്ദേഹം തന്നെ രേഖ അവതരിപ്പിക്കട്ടെ എന്നായിരുന്നു പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.
''യോഗം പൊലീസിനെ പ്രകോപിപ്പിച്ചു. പൊലീസ് വേദിയിലേക്ക് ഇരച്ചുകയറി. ബില്ലി നായരുടെ കയ്യില്‍നിന്ന് രേഖ തട്ടിയെടുത്തു വലിച്ചുകീറി. മാത്രമല്ല, പൊലീസും ആള്‍ക്കൂട്ടവും സംഘര്‍ഷത്തിലായി'' -പോള്‍ ജോസഫ് പറഞ്ഞു.
ഇതറിഞ്ഞ ഭരണകൂടം പ്രതികാരനടപടി എന്നോണം പാര്‍ട്ടി ഓഫീസുകള്‍ പൊലീസ് റെയ്ഡ് ചെയ്തു. പലരേയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. ''പക്ഷേ, എന്നെയും ബില്ലി നായരേയും പിടികൂടാന്‍ കഴിഞ്ഞില്ല.''
പൊലീസിന്റെ ശല്യം ഞങ്ങളുടെ കുടുംബത്തിനു സഹിക്കേണ്ടിവന്നു. ബില്ലി നായരുടെ അമ്മയേയും സഹോദരങ്ങളേയും പൊലീസ് ചോദ്യം ചെയ്തു. എന്നും പൊലീസിന്റെ ശല്യമായിരുന്നു. പാര്‍ട്ടി നിരോധിച്ചതോടെ ഞങ്ങള്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു.
ഒളിവില്‍ കഴിയവെ ബില്ലി നായര്‍ വിവാഹിതനായി. നാട്ടുകാരിയായ എല്‍സിയെ രാത്രി ഒരു ഒളിസങ്കേതത്തില്‍ വെച്ച് മോതിരമണിയിച്ചു. എല്‍സി കറുത്തവര്‍ഗ്ഗക്കാരിയായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുണ്ടായിരുന്നു. ഒരു വസ്ത്രനിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്നു.
''1956-ല്‍ ഞങ്ങള്‍ 170-ഓളം പേര്‍ പ്രതികളായ ഒരു കേസിന്റെ വിചാരണ നടന്നു. അതാണ് രാജ്യദ്രോഹ (treason) കേസ്. മണ്ടേലയും ഞാനും ബില്ലി നായരും പാര്‍ട്ടി പ്രസിഡന്റ് ആല്‍ബര്‍ട്ട് ലിത്തുലുവും മറ്റു നിരവധി പേരും പ്രതികളായിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു ആരോപണം, ഈ കേസിന്റെ വിചാരണവേളയിലാണ് ബില്ലി നായരും ഞാനും മണ്ടേലയും കൂടുതല്‍ സൗഹൃദം സ്ഥാപിച്ചത്'' -പോള്‍ ജോസഫ് പറഞ്ഞു.
പക്ഷേ, ഈ കേസ് വ്യത്യസ്തമായിരുന്നു. വളരെ നിഷ്പക്ഷനായിരുന്നു വെള്ളക്കാരന്‍ ജഡ്ജി. ഭൂരിപക്ഷം ജഡ്ജിമാരും ഭരണകൂടത്തെ അനുകൂലിച്ച് വിധി എഴുതിയപ്പോള്‍ ഈ കേസ് വിചാരണ തുടങ്ങിയപ്പോള്‍ തന്നെ ജഡ്ജി പറഞ്ഞു: ''തികച്ചും ദുര്‍ബ്ബലമായ സാക്ഷിമൊഴികള്‍.''
''ഞങ്ങളെല്ലാം റിമാന്റിലായിരുന്നു. ആറുമാസം കഴിഞ്ഞപ്പോള്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കി. മാത്രമല്ല, അറുപതോളം പേരെ പ്രതിപ്പട്ടികയില്‍നിന്ന് അപ്പോള്‍ തന്നെ ഒഴിവാക്കി. പിന്നീട് കേസ് പലപ്പോഴായി അവധിക്കു വെച്ചു. ഒടുവില്‍ 1961-ലാണ് വിധി പറഞ്ഞത്. പാര്‍ട്ടി നിരോധനം പ്രാബല്യത്തിലായിരുന്നതിനാല്‍ പ്രതികള്‍ ഭൂരിഭാഗവും ഒളിവിലായിരുന്നു. ജഡ്ജി വിധി പറഞ്ഞു: എല്ലാ പ്രതികളേയും വെറുതെ വിട്ടു.
ഈ വിധി ഭരണകൂടത്തെ ഞെട്ടിച്ചു. വിധിയില്‍ ജഡ്ജി പ്രോസിക്യൂഷനെ കഠിനമായി വിമര്‍ശിച്ചിരുന്നു.
''ഒരൊറ്റ പ്രതിയെപ്പോലും കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ വിദൂരമായ ഒരു സാക്ഷിമൊഴി പോലുമില്ല. പ്രോസിക്യൂഷന്‍ ഇങ്ങനെ കള്ളക്കഥകള്‍ മെനയരുത്. നിരുത്തരവാദപരമായ രീതിയിലാണ് ഈ കേസ് കൈകാര്യം ചെയ്തത്. ദക്ഷിണാഫ്രിക്കയില്‍ പത്രങ്ങള്‍ക്ക് സെന്‍സറിങ് ഉണ്ടായിരുന്നതിനാല്‍ വിധി ജനങ്ങള്‍ അറിഞ്ഞില്ല. എന്നാല്‍, അയല്‍രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും വിധി പത്രങ്ങള്‍ പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിച്ചു. ലണ്ടന്‍ പത്രങ്ങള്‍ അത് പ്രസിദ്ധീകരിച്ചത് ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അസ്വസ്ഥമാക്കുകയും ചെയ്തു.
തികഞ്ഞ നിഷ്പക്ഷമതികളായ ജഡ്ജിമാരും ഉണ്ടെന്ന് അതു ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. പൊലീസിന്റെ പ്രതികാര നടപടികള്‍ക്ക് അതോടെ ആഴം കൂടി. കൂടുതല്‍ കള്ളക്കേസുകള്‍ എടുക്കാന്‍ ആഭ്യന്തരവകുപ്പ് തന്ത്രങ്ങള്‍ സ്വീകരിച്ചു.
പാര്‍ട്ടി പ്രസിഡന്റിന് നൊബേല്‍ പുരസ്‌കാരം
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആദ്യമായി ഒരു കറുത്തവര്‍ഗ്ഗക്കാരനെ തേടി എത്തി.
1960 ഒക്ടോബറില്‍ നൊബേല്‍ കമ്മിറ്റിയുടെ ആസ്ഥാനമായ ഒസ്ലോവില്‍നിന്നു പ്രഖ്യാപനമുണ്ടായി: ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആല്‍ബര്‍ട്ട് ല്ത്തുലുവിനാണ് സമാധാനത്തിനുള്ള പുരസ്‌കാരം.
ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി ഗാന്ധിയന്‍ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ടുള്ള സമാധാനപരമായി പാര്‍ട്ടി നടത്തിവന്ന പ്രക്ഷോഭങ്ങളെ അംഗീകരിച്ചു കൊണ്ടാണ് പുരസ്‌കാരം. ലോക പത്രങ്ങള്‍ പ്രാമുഖ്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. പക്ഷേ, പാര്‍ട്ടി പ്രസിഡന്റിന് അനുയായികളുമായി ആഹ്ലാദം പങ്കിടാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഒറ്റപ്പെട്ടവന്റെ ദുഃഖം അനുഭവിച്ച് വീട്ടിലിരുന്നു. കാരണം പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലമായിരുന്നു. നേതാക്കള്‍ ഭൂരിഭാഗവും ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ജയിലുകളില്‍ കഴിഞ്ഞു. സാധാരണ പ്രവര്‍ത്തകര്‍ക്കുപോലും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. സംശയം തോന്നിയവരെയെല്ലാം പൊലീസ് പിടികൂടി. ചിലര്‍ ഓടി രക്ഷപ്പെട്ടു.
ഒളിവില്‍ കഴിയുന്ന നേതാക്കള്‍ യോഗം ചേര്‍ന്നു ഭാവിപരിപാടികള്‍ ആലോചിക്കുന്നതായി ലുത്തുലുവിനു സന്ദേശം കിട്ടിയിരുന്നു. സമാധാനപരമായി നടത്തുന്ന സമരങ്ങള്‍ക്ക് എതിരെ അണികളിലുള്ള മുറുമുറുപ്പ് പ്രസിഡന്റ് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. ആയുധമെടുത്ത് പോരാടാന്‍ അണികള്‍ ഒരുക്കം നടത്തുന്നതിന്റെ സൂചനകള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നു.
പ്രസിഡന്റിന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. അദ്ദേഹം ആദരണീയനായ അദ്ധ്യാപകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തെ അറസ്റ്റില്‍നിന്നും ഒഴിവാക്കിയിരുന്നു.
വീട്ടിലെ ജനലിലൂടെ നോക്കിയാല്‍ അദ്ദേഹത്തിനു ശൂന്യമായ തെരുവ് കാണാം. ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചിരുന്നു. അതിനാല്‍ ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. പത്രങ്ങള്‍ക്ക് സെന്‍സറിങ് ഉണ്ടായിരുന്നതിനാല്‍ രാഷ്ട്രീയ വാര്‍ത്തകള്‍ അറിയാന്‍ കഴിഞ്ഞില്ല. മണ്ടേലയും കൂടെയുള്ള വിശ്വസ്തരും പകലും രാത്രിയിലും ഒളിത്താവളങ്ങള്‍ മാറിമാറി കഴിഞ്ഞു.
സ്‌ഫോടനം പ്രസിഡന്റിനെ നടുക്കി
സായുധ ഒളിപ്പോര്‍ സംഘം പിറവിയെടുക്കുന്നത് അറിയിക്കാന്‍ ബോംബ് സ്‌ഫോടനം കൂടിയേ തീരൂ എന്നു നേതൃത്വം തീരുമാനിച്ചു. എപ്പോള്‍ വേണം? അതായിരുന്നു ചര്‍ച്ചാവിഷയം.
1960-ലാണ് പ്രസിഡന്റിന് പുരസ്‌കാരം ലഭിച്ചതെങ്കിലും 1961 ഡിസംബര്‍ 10-നാണ് അത് സ്വീകരിക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്ക് പ്രസിഡന്റിനു ഭരണകൂടം അനുമതി നല്‍കി. പ്രസിഡന്റ് പുരസ്‌കാരം സ്വീകരിച്ച ശേഷം മാത്രം മതി ബോംബ് സ്‌ഫോടനമെന്ന് ഒളിവിലെ നേതൃത്വം തീരുമാനിച്ചു. ഡിസംബര്‍ 10-ന് ല്ത്തുലി പുരസ്‌കാരം സ്വീകരിച്ചു. പ്രൗഢഗംഭീരമായ ചടങ്ങായിരുന്നു ഒസ്ലോമില്‍. ലോകമെങ്ങുമുള്ള ടെലിവിഷന്‍ ചാനലുകള്‍ അതു മണിക്കൂറുകളോളം സംപ്രേക്ഷണം ചെയ്തു. പിറ്റേന്നു പത്രങ്ങള്‍ പ്രാമുഖ്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. നിരവധി നേതാക്കള്‍ ചടങ്ങിന് എത്തിയിരുന്നു.
1961 ഡിസംബര്‍ 16-നു രാത്രിയാണ് ല്ത്തുലി ഡര്‍ബന്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. അതിനുശേഷം മതി ബോംബ് സ്‌ഫോടനം എന്നു നേതൃത്വം തീരുമാനിച്ചിരുന്നു. അന്നു രാത്രി എട്ടിനു ശേഷം ആദ്യത്തെ ബോംബ് സ്‌ഫോടനം ഡര്‍ബന്‍ നഗരത്തില്‍ നടന്നു. അതിനുശേഷം പോര്‍ട്ട് എലിസബത്തിലും ജൊഹന്നസ് ബര്‍ഗിലും സ്‌ഫോടനങ്ങള്‍ നടന്നു.
സ്‌ഫോടന വാര്‍ത്ത താമസിച്ചാണ് ല്ത്തുലി അറിഞ്ഞത്. അദ്ദേഹം തീവ്രദുഃഖത്തിലായിരുന്നു. വിദേശ റേഡിയോകളും സ്‌ഫോടനത്തിനു പ്രാധാന്യം നല്‍കി. ചില വിദേശ പത്രങ്ങള്‍ സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ എഴുതി: ''ഒരു ഭാഗത്ത് സമാധാനത്തിനു പുരസ്‌കാരം. മറുഭാഗത്ത് പുരസ്‌കാര ജേതാവിന്റെ അനുയായികള്‍ ബോംബ് പൊട്ടിച്ചു ആഹ്ലാദിച്ചു'' എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍.
സ്‌ഫോടനം ഭരണകൂടത്തെ ഞെട്ടിച്ചു. അതിന്റെ പ്രത്യാഘാതങ്ങള്‍ നോര്‍വേയില്‍ നൊബേല്‍ കമ്മിറ്റി ആസ്ഥാനത്തും അലയടിച്ചു. സ്‌ഫോടനം സര്‍ക്കാര്‍ ഓഫീസുകളെ ലക്ഷ്യമാക്കിയായിരുന്നു. ആദ്യ സ്‌ഫോടനത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌ഫോടനങ്ങള്‍ പലയിടങ്ങളില്‍ നടന്നു. ഭരണകൂടത്തിനു പരിഭ്രാന്തിയായി. കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. തിരച്ചില്‍ വ്യാപകമാക്കി. നാട്ടുകാര്‍ക്കു വഴിയില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയായി പൊലീസും പട്ടാളവും നിരത്തിലിറങ്ങി.
ഈ ഘട്ടത്തില്‍ ഒളിവിലുള്ള പല നേതാക്കളുടേയും വീടുകളില്‍ പൊലീസ് പരിശോധന നടന്നു. കുടുംബാംഗങ്ങളെ പൊലീസ് പീഡിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് ല്ത്തുലിയുടെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കയറിയിറങ്ങി. അദ്ദേഹത്തെ ചോദ്യം ചെയ്തു.
''എവിടെനിന്നാണ് സ്‌ഫോടകവസ്തുക്കള്‍ എത്തിയത്? മണ്ടേല എവിടെ ഒളിച്ചിരിക്കുന്നു? വിദേശ ഫണ്ട് പാര്‍ട്ടി പ്രവര്‍ത്തനത്തിനു കിട്ടുന്നുവെന്ന് അറിഞ്ഞു. അത് എവിടെ?''
ല്ത്തുലിക്ക് ഒന്നും അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു: ''ഞാന്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു. എനിക്കൊന്നും അറിയില്ല.''
ഒളിവില്‍ കഴിയുന്നവര്‍ക്കുവേണ്ടി തിരച്ചില്‍ ദിവസങ്ങള്‍ കഴിയുന്തോറും വ്യാപകമാക്കി.
1962 ആഗസ്തില്‍ മണ്ടേലയെ ഒരു ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തു. ബില്ലി നായര്‍, മറ്റു നേതാക്കളായ അഹമ്മദ് കത്രാട, വാള്‍ട്ടര്‍ സിസുലു തുടങ്ങിയവരും അറസ്റ്റിലായി.
നേതാക്കള്‍ അറസ്റ്റിലായതോടെ പോള്‍ ജോസഫിനു ദുരന്തത്തിന്റെ നാളുകളായി. അദ്ദേഹത്തെ തേടി പൊലീസ് പലയിടങ്ങളിലും അലഞ്ഞു. പക്ഷേ, അതീവ സമര്‍ത്ഥമായ ആസൂത്രണങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നടത്തി. അദ്ദേഹം പൊലീസിന്റെ കണ്ണുകള്‍ വെട്ടിച്ച് അയല്‍രാജ്യമായ ബോട്‌സ്വാനയില്‍ എത്തി. അവിടെനിന്ന് സാംബിയയിലും രണ്ടര വര്‍ഷത്തോളം ആര്‍ക്കും പിടികൊടുക്കാതെ കഴിഞ്ഞശേഷം 1965 ആദ്യത്തില്‍ ലണ്ടനില്‍ എത്തി. അതിനുമുന്‍പ് തന്നെ അദ്ദേഹത്തിന്റെ ഭാര്യ അഡ്‌ലൈഡും കുട്ടികളും അമ്മ അന്നമ്മയും ലണ്ടനില്‍ എത്തിയിരുന്നു. അവിടെയുള്ള പാര്‍ട്ടി അനുഭാവികളും ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയും ചേര്‍ന്നാണ് വിലപ്പെട്ട സഹായങ്ങള്‍ നല്‍കിയത്.
ലണ്ടന്‍ വിമാനത്താവളത്തില്‍ അഡ്‌ലൈഡ് കാത്തുനിന്നിരുന്നു. എമിഗ്രേഷന്‍ വകുപ്പ് ചില സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ചുവെങ്കിലും അതൊക്കെ തരണം ചെയ്യാന്‍ അഡ്‌ലൈഡിനു അനായാസമായി കഴിഞ്ഞു. ''സമര്‍ത്ഥരായ ചില സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവരാണ് അഡ്‌ലൈഡിനോടൊപ്പം തന്നെ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ സഹായിച്ചത്'' -പോള്‍ ജോസഫ് ഓര്‍മ്മിച്ചു.
ഒരു വാടകവീട് ലഭിച്ചു. ചെറിയ വരുമാനത്തിന് ഒരു ജോലിയും കിട്ടി. അങ്ങനെ ലണ്ടന്‍ ജീവിതം തുടങ്ങി. പല പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അതൊക്കെ തരണം ചെയ്തു. ഭാര്യയും ചെറിയ ജോലികള്‍ ചെയ്തു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നിരവധി അനുഭാവികള്‍ ലണ്ടനില്‍ ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ അവര്‍ ആത്മാര്‍ത്ഥമായി സഹായിച്ചു. കാലം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ക്കു ജോലി കിട്ടി. അങ്ങനെ നില മെച്ചപ്പെട്ടു. ഇപ്പോള്‍ അവര്‍ക്കും കുടുംബങ്ങളായി.
പോള്‍ ജോസഫ് ഇപ്പോള്‍ അവശനായി. എല്ലാ പ്രതിസന്ധിയിലും കൂടെ നിന്നിരുന്ന ഭാര്യ അഡ്‌ലൈഡിന്റെ നിര്യാണം താങ്ങാന്‍ കഴിയാത്ത തീവ്രദുഃഖമാണ് നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യചരിത്രമെഴുതുമ്പോള്‍ വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയ പോള്‍ ജോസഫിനു പ്രത്യേക കടപ്പാട് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പാഡ്രെമാലെ രേഖപ്പെടുത്തിയിട്ടുണ്ട്.
തടവറയില്‍നിന്ന് രാഷ്ട്രത്തലവന്റെ കസേരയിലേക്ക്
1964-ല്‍ മണ്ടേലയെ 20 വര്‍ഷം കഠിനതടവിന് പ്രിട്ടോറിയ കോടതി ശിക്ഷിച്ചു. നിരവധി നേതാക്കളും ശിക്ഷിക്കപ്പെട്ട് ജയിലില്‍ എത്തി. രാജ്യദ്രോഹക്കുറ്റമാണ് തെളിയിക്കപ്പെട്ടത്.
മറ്റൊരു രാജ്യദ്രോഹ കേസില്‍ ബില്ലി നായരും 1964-ല്‍ തന്നെ ശിക്ഷിക്കപ്പെട്ടു. എല്ലാവരും കുപ്രസിദ്ധ ഭീകര തടവറയായ റോബന്‍ ദ്വീപ് ജയിലില്‍ എത്തി. കറുത്തവരായ തടവുകാരെ മാത്രം പാര്‍പ്പിച്ച ജയില്‍ കേപ് ടൗണ്‍ നഗരത്തില്‍നിന്നും ഏഴ് മൈല്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപിലായിരുന്നു. തടവുകാരെ കിരാതന്മാരായ ജയില്‍ വാര്‍ഡന്മാര്‍ നേരിട്ടു. മര്‍ദ്ദനവും പരുഷമായ പെരുമാറ്റവും തടവുകാര്‍ക്കു നേരിടേണ്ടിവന്നു. പക്ഷേ, മണ്ടേല ഉള്‍പ്പെടെ നാട്ടുകാരായ കറുത്തവരായ തടവുകാര്‍ മനസ്സിന്റെ കരുത്തുകൊണ്ട് ജയിലിലെ അഗ്‌നിപരീക്ഷകള്‍ അതിജീവിച്ചു. തടവുകാരെ പൊരിവെയിലില്‍ പാറപൊട്ടിക്കാന്‍ ചുമതലപ്പെടുത്തി. എടുത്താല്‍ പൊങ്ങാത്ത ചുറ്റിക എടുത്ത് പാറപൊട്ടിക്കണം. ജയിലില്‍ ഭക്ഷണവും നിലവാരം കുറഞ്ഞതായിരുന്നു. ചില അവസരങ്ങളില്‍ വിശന്നുവലഞ്ഞു. ആദ്യകാലത്ത് കുടിക്കാന്‍ ഉപ്പുവെള്ളമായിരുന്നു. അസുഖം ബാധിച്ചാല്‍ മരുന്നോ ഡോക്ടറുടെ സേവനമോ വേണ്ടത്ര ലഭിച്ചിരുന്നില്ല. ശൈത്യമേറിയ രാത്രിയില്‍ ഒരു കീറിയ കരിമ്പടം മാത്രം. തണുത്തുവിറച്ചു. ഏഴെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയിലിലെ സ്ഥിതി ഭേദമായി. റെഡ്‌ക്രോസും പാര്‍ലമെന്ററി കമ്മിറ്റിയും നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു. പോസ്റ്റല്‍ ട്യൂഷന്‍ വഴി പഠിക്കാനും അവസരം ലഭിച്ചു. ബി.എ ബിരുദവും ചില ഡിപ്ലോമ കോഴ്‌സുകളും ബില്ലി നായര്‍ ജയിച്ചു. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള നിയമബിരുദം മണ്ടേലയും നേടി.
ഈ ഘട്ടത്തില്‍ മാക്മഹാരാജ് എന്ന ഇന്ത്യന്‍ വംശജനും ജയിലില്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ മികച്ച ആസൂത്രകനായിരുന്നു അദ്ദേഹം. മറ്റൊരു ഇന്ത്യന്‍ വംശജനായിരുന്നു അഹമ്മദ് കത്രാട. 1984-ല്‍ ശിക്ഷ കഴിഞ്ഞ് ബില്ലി നായര്‍ മോചിതനായി. തിരിച്ച് ഡര്‍ബന്‍ നഗരത്തില്‍ എത്തി. തന്റെ ഭാര്യ എല്‍സിയോടൊപ്പം താമസിച്ചുവെങ്കിലും പാര്‍ട്ടി നിരോധനം പ്രബല്യത്തിലായിരുന്നതിനാല്‍ പൊലീസിന്റെ പീഡനം സഹിക്കേണ്ടിവന്നു.
1990-ല്‍ നീണ്ട 27 വര്‍ഷത്തെ ശിക്ഷയ്ക്കു ശേഷം മണ്ടേല മോചിതനായി. അതിനു രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ട്. യൂറോപ്പിലും അമേരിക്കയിലും മണ്ടേലയെ മോചിപ്പിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്കു ശക്തി കിട്ടിക്കഴിഞ്ഞിരുന്നു. 1985-ല്‍ ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടീഷ് കോളനി ഭരണം കടുത്ത മനുഷ്യാവകാശ ധ്വംസനമായി ഐക്യരാഷ്ട്രസഭ ശക്തിയായി അപലപിച്ചുകൊണ്ട് പ്രമേയം പാസ്സാക്കിയതോടെ ചിത്രം മാറി. ബ്രിട്ടനിലും മണ്ടേലയെ മോചിപ്പിക്കാനുള്ള സമരങ്ങള്‍ക്കു തെരുവുകള്‍ സാക്ഷ്യം വഹിച്ചു. 1990 ഫെബ്രുവരി രണ്ടിന് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നിരോധനം പിന്‍വലിച്ചു. 11-ന് മണ്ടേലയെ മോചിപ്പിച്ചു.
രാത്രിയെ പകലാക്കി ആദ്യം ജൊഹന്നസ്ബര്‍ഗിലാണ് വന്‍ പ്രകടനം നടന്നത്. ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ നിരവധി നഗരങ്ങളില്‍ നടന്നു. ബില്ലി നായരും മറ്റു നേതാക്കളും മണ്ടേലയോടൊപ്പം ഉണ്ടായിരുന്നു. ലോകമെങ്ങുമുള്ള ടെലിവിഷന്‍ ചാനലുകള്‍ മണിക്കൂറുകളില്‍ നീണ്ടുനിന്ന പരിപാടികള്‍ക്കാണ് മണ്ടേലയുടെ മോചനം പശ്ചാത്തലമാക്കി അവതരിപ്പിച്ചത്.
വിക്ടര്‍ വെഴ്സ്റ്റര്‍ ജയിലില്‍നിന്നു ഭാര്യ വിന്നി മണ്ടേലയുടെ കൈകള്‍ പിടിച്ചുകൊണ്ട് മണ്ടേല പുറത്തിറങ്ങിയ ചിത്രം ലോകമെങ്ങുമുള്ള പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.
ജയില്‍ മോചിതനായ മണ്ടേല ലോകമെങ്ങും പര്യടനം നടത്തി. ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോയുമായി നടത്തിയ കൂടിക്കാഴ്ച ചരിത്രപ്രസിദ്ധമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യത്തിനായി ആദ്യം ശബ്ദമുയര്‍ത്തിയത് ക്യൂബയായിരുന്നു. ഇന്ത്യയിലും അദ്ദേഹം എത്തി. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു അദ്ദേഹത്തെ സ്വീകരിച്ചു. ജനനിബിഡമായ സ്വീകരണത്തില്‍, വേദിയില്‍നിന്നുകൊണ്ട് ഗംഗാജലം കുടിച്ച ശേഷം തൊഴുകയ്യോടെ നിന്ന ശേഷമാണ് പ്രസംഗമാരംഭിച്ചത്. ബ്രിട്ടനില്‍ നല്‍കിയ സ്വീകരണം മണിക്കൂറുകളോളം തെരുവുകളില്‍ നീണ്ടുനിന്നു.
1993-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മണ്ടേലയ്ക്കു ലഭിച്ചു. പക്ഷേ, ചടങ്ങ് കാണാന്‍ മുന്‍ പാര്‍ട്ടി പ്രസിഡന്റ് ല്ത്തുലി ഉണ്ടായിരുന്നില്ല. 1967-ല്‍ അദ്ദേഹം അന്തരിച്ചു. 1987-ല്‍ അന്തര്‍ദ്ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡ് മണ്ടേലയ്ക്ക് കിട്ടിയിരുന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് ഒലിവര്‍ തംബോ പുരസ്‌കാരം സ്വീകരിച്ചു.
1994 ഏപ്രില്‍ മാസത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ജനാധിപത്യരീതിയിലുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നു. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് ആദ്യമായി വോട്ട് ചെയ്യാന്‍ അവസരം കിട്ടി. മണ്ടേല ആദ്യമായി വോട്ടു ചെയ്തു. 1994 മെയ് 10-ന് ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാരനായ ആദ്യത്തെ പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റു. ചടങ്ങില്‍ സംബന്ധിക്കാന്‍ ഫിഡല്‍ കാസ്‌ട്രോ എത്തിയിരുന്നു. ബില്ലി നായര്‍ എം.പിയായി. ദക്ഷിണാഫ്രിക്കയില്‍ എം.പിയായ ആദ്യത്തെ മലയാളി. അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. മന്ത്രിയാകാന്‍ മണ്ടേല അദ്ദേഹത്തെ ക്ഷണിച്ചുവെങ്കിലും നന്ദിപൂര്‍വ്വം അതു നിരസിച്ചു. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായി തീര്‍ന്ന ബില്ലി നായര്‍ തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തിയുള്ള നിരവധി നിയമനിര്‍മ്മാണങ്ങള്‍ക്ക് മണ്ടേല സര്‍ക്കാരിന്റെ വഴികാട്ടിയായിത്തീര്‍ന്നു.
2007-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ബില്ലി നായര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നല്‍കി. വിദേശത്തുള്ള ഇന്ത്യാക്കാര്‍ വിവിധ രംഗങ്ങളില്‍ നല്‍കുന്ന സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന് എതിരെയുള്ള പോരാട്ടത്തില്‍ മഹത്തായ പങ്കുവഹിച്ചതിനായിരുന്നു പുരസ്‌കാരം. അന്നത്തെ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍ കലാമില്‍നിന്നു പുരസ്‌കാരം സ്വീകരിച്ചു.
2008-ല്‍ ഡര്‍ബന്‍ നഗരത്തില്‍ വച്ച് 79-ാം വയസ്സില്‍ ബില്ലി നായര്‍ അന്തരിച്ചു. ഭാര്യ എല്‍സി 2010-ല്‍ അന്തരിച്ചു. ഏക മകള്‍ ലണ്ടനിലാണ്.
ഒരു തവണ മാത്രമേ മണ്ടേല പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുള്ളൂ. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചില്ല. സാമൂഹിക സേവനരംഗത്ത് വിലപ്പെട്ട സേവനങ്ങള്‍ നല്‍കി. പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആത്മകഥകള്‍ പ്രസിദ്ധീകരിച്ചത്. അതിന്റെ രണ്ടാംഭാഗം എഴുതണമെന്ന് ആഗ്രഹിച്ചു. പക്ഷേ, അതു പൂര്‍ത്തിയായില്ല.
2013-ല്‍ 95-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. എല്ലാ വര്‍ഷവും ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് ലോകമെങ്ങും മണ്ടേല ദിനമായി ആചരിക്കുന്നു.
മണ്ടേല അപ്രതീക്ഷിതമായി പോള്‍ ജോസഫിന്റെ വസതിയില്‍
1965-ല്‍ ലണ്ടനില്‍ അഭയം തേടിയ ശേഷം മണ്ടേലയുമായി കാണാന്‍ പോള്‍ ജോസഫിനു കഴിഞ്ഞില്ല. പലപ്പോഴും സന്ദേശങ്ങള്‍ കൈമാറി. ഫോണില്‍ സംസാരിച്ചു, അത്രമാത്രം. മണ്ടേല 1994-ല്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് ടെലിവിഷനില്‍ കണ്ട് പോള്‍ ജോസഫും ഭാര്യയും ആഹ്ലാദിച്ചു. അതുപോലെ 1990-ല്‍ ജയില്‍ മോചിതനായ പരിപാടിയും കണ്ടു. എന്നാല്‍, 2008-ല്‍ ഒരു ദിവസം മണ്ടേല തന്റെ ലണ്ടനിലുള്ള വസതിയില്‍ എത്തി. വരുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് ഫോണില്‍ വിളിച്ചത്.
മണ്ടേല എത്തി. പോള്‍ ജോസഫും ഭാര്യ അഡ്‌ലൈഡും ചേര്‍ന്നു സ്വീകരിച്ചു. സന്തോഷം നിയന്ത്രിക്കാന്‍ കഴിയാതെ അവരെല്ലാം തുള്ളിച്ചാടി.
പോള്‍ ജോസഫ് പറഞ്ഞു. അന്ന് മണ്ടേലയുടെ 90-ാം പിറന്നാള്‍ ആയിരുന്നു.
അഡ്‌ലൈഡ് പുറത്തിറങ്ങി ഒരു കേക്കും മധുരപലഹാരങ്ങളും വാങ്ങി. മധുരം നുകര്‍ന്നുകൊണ്ട് മണ്ടേല പിറന്നാള്‍ ആഘോഷിച്ചു. ''ആ ദിവസം അവിസ്മരണീയമായിരുന്നു'' -പോള്‍ ജോസഫ് പറഞ്ഞു. നീണ്ട 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മണ്ടേലയെ വീണ്ടും കാണാന്‍ കഴിഞ്ഞത്. രണ്ട് അവസരങ്ങളിലാണ് ഞങ്ങള്‍ തീവ്രദുഃഖത്തിലായത്. പോള്‍ ജോസഫ് പറഞ്ഞു. '1992-ല്‍ മണ്ടേലയും ഭാര്യയും വിവാഹമോചനം നേടി. തികച്ചും വ്യക്തിപരമായ കാരണങ്ങളായിരുന്നു.''
മണ്ടേല അത് പത്രസമ്മേളനത്തില്‍ ജൊഹന്നസ്ബര്‍ഗിലാണ് അറിയിച്ചത്. ''അന്നു ഞങ്ങള്‍ പൊട്ടിക്കരഞ്ഞു. അതുപോലെ മണ്ടേല അന്തരിച്ച ദിവസവും ഞങ്ങള്‍ ദുഃഖത്തില്‍ അമര്‍ന്നു'' -പോള്‍ ജോസഫ് പറഞ്ഞു.
മണ്ടേലയുടെ സവിശേഷ വ്യക്തിത്വം- ''ആരോടും പകയില്ലാത്ത ഒരു വലിയ മനുഷ്യന്‍'' അദ്ദേഹം നിറഞ്ഞ ഹൃദയത്തോടെ പറഞ്ഞു.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക