വ്യവസായിയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സതീര്‍ത്ഥ്യനും മലയാളിയുമായ, പ്രാണ്‍ കുറുപ്പ് (2016ല്‍ അന്തരിച്ചു) എഴുതിയ ഒരു പുസ്തകമുണ്ട്. 'അരവിന്ദ് കെജ്രിവാള്‍ & ദി ആം ആദ്മി പാര്‍ട്ടി: ആന്‍ ഇന്‍സൈഡ് ലുക്ക്' എന്ന ആ പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു.
''In the world of politics, the AAP is akin to an open source movement. Its leader, Arvind, is in some sense, a pioneer like Linus Torvalds. He and his party have a defined a broad framework within which they operate - direct transparent funding, open candidate selection process, decentralised decision making, no high command, people empowerment, involving people in decision making, and commitment to the implementation of strict laws that act as deterrents.'
അതില്‍ ആം ആദ്മി പാര്‍ട്ടിയെ അദ്ദേഹം ഉപമിക്കുന്നത് ഒരു സ്വതന്ത്ര സോഫ്റ്റ്വെയറിനോടാണ്. രസകരമാണ് ഈ ഉപമ. എന്താണ് ഈ ഉപമയുടെ പൊരുളെന്ന് അദ്ദേഹം പുസ്തകത്തില്‍ വിശദമാക്കിയിട്ടുണ്ട്.
എന്നാല്‍, ഈ പുസ്തകമെഴുതപ്പെട്ട കാലത്തില്‍നിന്നും ആം ആദ്മി പാര്‍ട്ടി ഏറെ മുന്നോട്ടുപോയി. 'ഇടതും വലതുമല്ലാതെ ഒരു പാര്‍ട്ടി' എന്നാണ് തുടക്കം മുതല്‍ക്കേ ഈ പാര്‍ട്ടിയെ ആ പാര്‍ട്ടിക്കാര്‍ തന്നെ വിശേഷിപ്പിച്ചു പോന്നിരുന്നത്. എന്നാല്‍, ആ പാര്‍ട്ടിയുടെ നിലപാടുകളെ ആസ്പദമാക്കി രാഷ്ട്രീയ നിരീക്ഷകര്‍ ആം ആദ്മിയെ നിര്‍വ്വചിച്ചത് ഒരു പ്രത്യയശാസ്ത്രാനന്തര പാര്‍ട്ടി (Post-ideological party) എന്ന നിലയിലാണ്. പ്രാണ്‍ കുറുപ്പ് അവകാശപ്പെട്ടതുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന തത്ത്വങ്ങള്‍ക്കുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറുള്ള ഒരു പാര്‍ട്ടി എന്ന നിലയിലൊന്നും ഈ കക്ഷിയെ വിശേഷിപ്പിക്കാനാകില്ല. ഒരു സ്വതന്ത്ര സോഫ്റ്റ്വെയറിനെപ്പോലെ പുതുരീതിയില്‍ വികസിപ്പിച്ചെടുക്കാമെന്നുള്ള സവിശേഷത മാത്രം അതു നിലനിര്‍ത്തിയിരിക്കുന്നു.
''നമ്മുടെ രാഷ്ട്രത്തിന്റെ രാഷ്ട്രീയം മാറ്റുക എന്നതാണ് ആം ആദ്മിയുടെ ലക്ഷ്യം. അതേസമയം അഴിമതി, ഡൈനാസ്റ്റി രാഷ്ട്രീയം, വര്‍ഗ്ഗീയത, രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണം എന്നിവ അവസാനിപ്പിക്കുക എന്നതാണ് അതിന്റെ ദൗത്യം. സര്‍ക്കാരില്‍ സുതാര്യതയും പരിഷ്‌കരണവും ഉത്തരവാദിത്വവും കൊണ്ടുവരിക എന്നതാണ് കാഴ്ചപ്പാട്'' എന്നാണ് പ്രാണ്‍ കുറുപ്പ് അന്ന് ആ പുസ്തകത്തില്‍ കുറിച്ചത്.
എന്നാല്‍ ഈ നിലപാടുകളിലും ലക്ഷ്യങ്ങളിലും ഇന്നു മാറ്റമുണ്ടായിട്ടില്ലേ? മാറ്റമുണ്ടായിട്ടില്ല എന്ന് ഇന്നു തീര്‍ത്തും പറയാനാകില്ല എന്നതാണ് വസ്തുത. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായിട്ടുള്ള ഹിന്ദുത്വവല്‍ക്കരണ ശ്രമങ്ങളില്‍ പങ്കുപറ്റാനും ആ പാര്‍ട്ടിക്കു മടിയുണ്ടായിട്ടില്ലെന്നു സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നു. ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ്സിനെപ്പോലെത്തന്നെ പൂര്‍ണ്ണമായും ഒരു ഹിന്ദുത്വ പാര്‍ട്ടി എന്നു വിശേഷിപ്പിക്കാനൊന്നും സാധ്യമല്ല. എന്നാല്‍, തരാതരം പോലെ സാഹചര്യത്തിനു അനുസൃതമായി ഈ പാര്‍ട്ടിയെ 'ഡവലപ്പ്' ചെയ്യാന്‍ അതിന്റെ ദേശീയ പ്രാദേശിക നേതൃത്വങ്ങള്‍ക്കു കഴിയുമെന്ന സവിശേഷത ഇപ്പോഴും തുടരുന്നു. കോണ്‍ഗ്രസ്സിനേക്കാള്‍ നന്നായി ഹിന്ദു രാഷ്ട്രീയത്തില്‍ പങ്കുപറ്റാന്‍ അതിനു കഴിയുമെന്നും ഈയടുത്തു പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തോടുകൂടി ഒരു ദേശീയ പാര്‍ട്ടി എന്ന പദവിയിലേക്ക് ആം ആദ്മി പാര്‍ട്ടി ചുവടുവെച്ചിരിക്കുന്നു. എങ്ങനെയാണ് ഇതു സാദ്ധ്യമായത്?
ആം ആദ്മി പാര്‍ട്ടി എന്ന ഹിന്ദുത്വ സ്റ്റാര്‍ട്ട് അപ്
അരവിന്ദ് കെജ്രിവാള്‍ സഹസ്ഥാപകനായ ഒരു സ്റ്റാര്‍ട്ടപ്പാണ് ആം ആദ്മി പാര്‍ട്ടി എന്ന ഒരു സങ്കല്പം കൂടി പ്രാണ്‍ കുറുപ്പ് പുസ്തകത്തില്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഡല്‍ഹിയിലും പഞ്ചാബിലും ഗുജറാത്തിലും ഗോവയിലുമൊക്കെ അതു പലപ്പോഴായി എതിരിട്ട പാര്‍ട്ടികളുടെ പ്രായം കണക്കാക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി തുടക്കക്കാര്‍ തന്നെയാണ്.
2012-ല്‍ 'ക്രൗഡ് സോഴ്സ് ഫണ്ടിംഗ്' നടത്തിയാണ് ഈ 'സ്റ്റാര്‍ട്ടപ്പ്' സ്ഥാപിതമാകുന്നത്. കെജ്രിവാള്‍ മുന്നോട്ടുവെച്ച അടിസ്ഥാനപരമായ, സുതാര്യവും അഴിമതിരഹിതവും പൊതുജനക്ഷേമത്തെ മുന്‍നിര്‍ത്തുന്നതുമായ ഒരു ഭരണസംവിധാനം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനു സാമ്പത്തികമായും ആശയപരമായും നിരവധി വ്യക്തികളും കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളും പ്രസ്ഥാനങ്ങളും അതിനു തുടക്കത്തില്‍ത്തന്നെ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് (Angel investors) ആയി ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ആ പാര്‍ട്ടിയുടെ 'എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരില്‍' ആര്‍.എസ്.എസ്സുമുണ്ടായിരുന്നു എന്ന വസ്തുത പിന്നീട് വെളിപ്പെടുത്തിയത് ആദ്യകാലത്ത് അരവിന്ദ് കെജ്രിവാളിനൊപ്പം പ്രവര്‍ത്തിച്ചയാളും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയുമായ പ്രശാന്ത് ഭൂഷണാണ്. ആം ആദ്മി പാര്‍ട്ടിക്ക് തുടക്കം കുറിച്ച അന്നാ ഹസാരേയുടെ പ്രസ്ഥാനത്തെ താങ്ങിനിര്‍ത്തുന്നത് ആര്‍.എസ്.എസ് ആണെന്ന ബോധ്യമുണ്ടായിട്ടും കെജ്‌രിവാള്‍ അതേക്കുറിച്ച് നിശ്ശബ്ദനായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു. അന്നാ ഹസാരേയുടെ സാന്നിദ്ധ്യത്തേയും ആര്‍.എസ്.എസ് പിന്തുണയേയും ഉപയോഗപ്പെടുത്തിയാണ് കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയവുമായി കെജ്രിവാള്‍ മുന്നോട്ടു പോയതെന്ന് കോണ്‍ഗ്രസ്സ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും പഞ്ചാബിലും ഗോവയിലും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന വേളയില്‍ പ്രിയങ്കാ വാദ്ര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളും ആവര്‍ത്തിച്ചിരുന്നു.
ഇത്തവണ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തില്‍ അവഗണിക്കാനാകാത്ത ഒരു ശക്തിയായി ആം ആദ്മി പാര്‍ട്ടി മാറി എന്നതാണ്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വലിയൊരു മുന്നേറ്റവുമുണ്ടാക്കി. 2020-ലാണ് മൂന്നാമത്തെ തവണയും ഡല്‍ഹിയില്‍ സംസ്ഥാനഭരണവും ആം ആദ്മി പാര്‍ട്ടി കൈപ്പിടിയിലൊതുക്കുന്നത്.
2012-ലാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുകയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ആദ്യമായി അരവിന്ദ് കെജ്‌രിവാളും സംഘവും സാന്നിദ്ധ്യമറിയിക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍. ആ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. ഒരു ബീറ്റാ വെര്‍ഷന്‍ ലോഞ്ച് ആണ് അന്നു നടന്നത്. അനവസരത്തില്‍ ഉല്‍ക്കര്‍ഷേച്ഛ പ്രകടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥിരം പതിവ് ആം ആദ്മി പാര്‍ട്ടിയും അനുവര്‍ത്തിച്ചതുകൊണ്ട് 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ 434 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ പാര്‍ട്ടിക്ക് 414 സീറ്റുകളില്‍ കെട്ടിവെച്ച കാശ് നഷ്ടമാകുകയാണ് ഉണ്ടായത്. എന്നാല്‍, നിരന്തരം പരാജയപ്പെട്ടാലും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രവണതയും നിലവിലുള്ള അവസ്ഥയെ മറികടന്ന് മുന്നോട്ടുപോകാനുള്ള കഴിവും ആം ആദ്മി പാര്‍ട്ടി പ്രകടിപ്പിച്ചു. പ്രബലരായ എതിരാളികളെ അവരുടെ പ്രവര്‍ത്തന മാര്‍ഗ്ഗവും രീതികളും മാറ്റാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ സ്വന്തം വഴികളെ പുനര്‍നിര്‍വ്വചിക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളെപ്പോലെ ആം ആദ്മി ചില പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കാന്‍ മുതിര്‍ന്നു. ചിലപ്പോഴൊക്കെ വമ്പന്മാരുടെ മേഖലകളിലേക്ക് ഇടിച്ചുകയറാനും സ്റ്റാര്‍ട്ടപ്പുകളെപ്പോലെ അതിനു സാധിച്ചു.
എന്താണ് ഈ മുന്നേറ്റത്തിന്റെ പൊരുളും സാധ്യതകളും എന്നന്വേഷിക്കുമ്പോള്‍ ഒരു ചോദ്യം പ്രധാനമായും ഉയര്‍ന്നുവരുന്നു. അത് ഒരു ഹിന്ദുത്വ പാര്‍ട്ടിയാണോ അതോ അതു സ്വയം വിശേഷിപ്പിക്കുന്നതുപോലെ ഇടതും വലതുമല്ലാത്ത ഒരു പാര്‍ട്ടിയാണോ?
ഇങ്ങനെയൊരു കാര്യം അന്വേഷിക്കുന്നതിനു മുന്‍പേ എന്താണ് ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ എന്നു വിലയിരുത്തേണ്ടതുണ്ട്. രണ്ടാമതൊരു റിപ്പബ്ലിക്കിന്റെ പിറവി ആസന്നമായിരിക്കുന്നതിന്റെ വക്കിലാണ് ഇന്ത്യാരാജ്യം എന്നതാണ് യാഥാര്‍ത്ഥ്യം. ഹിന്ദുത്വ അജന്‍ഡയ്ക്ക് അനുസരിച്ച് സാമൂഹ്യജീവിതത്തിന്റേയും ഭരണത്തിന്റേയും തലങ്ങളില്‍ വന്‍ അഴിച്ചുപണിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെ ഐഡന്റിറ്റിയെ മാത്രം മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല യൂറോപ്പിലേതുപോലെ ഇന്ത്യ എന്ന ദേശരാഷ്ട്രം (Nation State). ഹിന്ദുജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കു തുല്യാവകാശവും തുല്യ പരിഗണനയും ലഭ്യമാകുന്ന രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിനെ നമ്മുടെ രാഷ്ട്രശില്പികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍, കുറേശ്ശെ കുറേശ്ശേയായി ഹിന്ദുത്വ അജന്‍ഡയ്ക്ക് അനുസൃതമായി സര്‍വ്വമണ്ഡലങ്ങളിലും നടക്കുന്ന അഴിച്ചുപണി ഇന്ത്യയെ ഒരു 'വംശീയ റിപ്പബ്ലിക്' എന്ന നിലയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നുണ്ട്. ഇങ്ങനെ സംജാതമാകുന്ന സാമൂഹ്യ, രാഷ്ട്രീയക്രമം ഹിന്ദുത്വത്തിന്റേതാകുമെന്ന തിരിച്ചറിവിലും യാഥാര്‍ത്ഥ്യബോധത്തിലുമാണ് ഇന്നുള്ള നമ്മുടെ രാഷ്ട്രീയകക്ഷികളുടെ ദേശീയ നേതൃത്വങ്ങള്‍. വിശേഷിച്ചും കോണ്‍ഗ്രസ്സിന്റെ നേതൃത്വം. സാമ്പത്തികമായി മുതലാളിത്ത ആധുനികതയുടേയും സാമൂഹികമായി ബ്രാഹ്മണിക്കലുമായ ഈ പുതിയ രാഷ്ട്രീയക്രമത്തില്‍ തങ്ങളുടെ പങ്ക് ഉറപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികള്‍ ശക്തിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഇന്ത്യാരാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയകക്ഷിയും പ്രതിപക്ഷത്തെ പ്രബല സാന്നിദ്ധ്യവുമായ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നിറംമാറ്റങ്ങള്‍ വെളിവാക്കുന്നത്. ജമ്മു-കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ ചെറുത്തുകൊണ്ട് രൂപീകൃതമായ ഗുപ്കര്‍ സഖ്യത്തില്‍നിന്നു കോണ്‍ഗ്രസ്സ് പിന്‍മാറിയതും പാര്‍ലമെന്റില്‍ ഏകീകൃത സിവില്‍കോഡ് ചര്‍ച്ചയ്‌ക്കെടുത്ത സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ്സിന്റെ പക്ഷത്തുനിന്നും പ്രകടമായ ബോധപൂര്‍വ്വമുള്ള വീഴ്ചയും ഇതു വ്യക്തമാക്കുന്നുണ്ട്.
ശരിക്കും പറഞ്ഞാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് എല്ലാക്കാലത്തും പ്രകടമായ ഹിന്ദുത്വ ചായ്‌വ് ഉണ്ടായിരുന്നു. ഗുല്‍സാരിലാല്‍ നന്ദയെപ്പോലുള്ള നേതാക്കള്‍ ഗോവധ നിരോധനം എന്ന ഹിന്ദുത്വ അജന്‍ഡയെ പിന്‍താങ്ങിയപ്പോള്‍ സവര്‍ക്കറെ ദേശസ്‌നേഹിയെന്നു വിശേഷിപ്പിച്ച് ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്മാരകമായി സ്റ്റാമ്പ് ഇറക്കാനും അദ്ദേഹത്തിന്റെ പേരിലുള്ള ഫണ്ടിലേക്ക് 11,000 രൂപ സംഭാവന ചെയ്യാനും ഇന്ദിരാഗാന്ധി മറന്നില്ല. അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരാ-ദേവരസ് കത്തിടപാടുകളും സഞ്ജയ് ഗാന്ധിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ദലിത്-മുസ്‌ലിം വംശീയോന്‍മൂലന പരിപാടികളും തുര്‍ക്ക്മാന്‍ ഗേറ്റ് സംഭവവും അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള രണ്ടാംവരവിലെ ഇന്ദിരാഭരണവും നാനാജി ദേശ്മുഖിനെപ്പോലുള്ളവരുടെ കോണ്‍ഗ്രസ്സ് ബാന്ധവവും ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയാനുള്ള ഹിന്ദുത്വശക്തികളുടെ അജന്‍ഡയ്ക്ക് കരണ്‍സിംഗിനെപ്പോലുള്ള നേതാക്കളില്‍നിന്നും ലഭിച്ച പിന്തുണയും രാജീവിന്റെ ഭരണകാലത്തെ ശിലാന്യാസവും നരസിംഹറാവുവിന്റെ നിശ്ശബ്ദതയേയും നിഷ്‌ക്രിയതയേയും സാക്ഷിയാക്കി നടന്ന കര്‍സേവയും ബാബറി മസ്ജിദ് തകര്‍ക്കലും കോണ്‍ഗ്രസ്സ് ഭരണത്തിലിരുന്ന കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന കൂട്ടക്കൊലകളും (ഇന്ദിരാഗാന്ധി വധത്തിനു ശേഷം നടന്ന ഡല്‍ഹി കൂട്ടക്കൊല ഉള്‍പ്പെടെ) അവയിലെ ഹിന്ദുത്വ പങ്കാളിത്തവുമെല്ലാം വിരല്‍ ചൂണ്ടുന്നത്, നെഹ്‌റുവിനെപ്പോലുള്ള ദൃഢചിത്തരായ ചില നേതാക്കളുടെ ഇടപെടലുകള്‍ നിമിത്തം കുറച്ചുകാലത്തേക്ക് തടഞ്ഞുനിര്‍ത്താനായെങ്കിലും കോണ്‍ഗ്രസ്സ് പൊതുവേ ചാഞ്ഞുനിന്നത് ഹിന്ദുത്വപക്ഷത്തേക്കാണ് എന്നാണ്. ഒടുവില്‍ പൗരത്വബില്ലിനെ രാഹുല്‍ ഗാന്ധി ആദ്യം എതിര്‍ത്തു പറഞ്ഞത് അസമിലേക്കുള്ള ബംഗ്ലാദേശി കുടിയേറ്റത്തെ നിയമവിധേയമാക്കുന്നു എന്ന വാദത്തെ ആധാരമാക്കിയായിരുന്നു. ഗുപ്കര്‍ സഖ്യത്തില്‍നിന്നുമുള്ള പിന്‍മാറ്റത്തെ ന്യായീകരിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസ്സ് നേതാവ് വ്യക്തമാക്കിയത് പ്രത്യേക പദവി റദ്ദാക്കിയ രീതിയോടാണ് തങ്ങള്‍ക്ക് വിയോജിപ്പ് എന്നായിരുന്നു.
കേരളം പോലെ അപൂര്‍വ്വം ചില സംസ്ഥാനങ്ങളിലൊഴികെ (കേരളത്തിലത് മുഖ്യമായും ന്യൂനപക്ഷ പ്രമാണിമാരുടേയും ചില സവര്‍ണ്ണ ഹിന്ദുജാതികളുടേയും പാര്‍ട്ടിയാണ്) മറ്റെല്ലായിടങ്ങളിലും തെരഞ്ഞെടുപ്പുകളുടെ സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഹിന്ദുത്വ വേഷം കെട്ടാന്‍ തയ്യാറായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ രാഹുല്‍ ഗാന്ധി തന്റെ കശ്മീരി ബ്രാഹ്മണ, കശ്യപ ഗോത്ര പൈതൃകത്തെ പ്രതി ഊറ്റം നടിച്ചത് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ്സിനെ ഇക്കാര്യത്തില്‍ വെല്ലുന്ന പ്രകടനമാണ് ആം ആദ്മി പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. 2017-ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പിനു മുന്നോടിയായി അവിടത്തെ ബ്രാഹ്മണ സമുദായസംഘടനയുടെ പിന്തുണ നേടാന്‍ ആ പാര്‍ട്ടിക്കായിരുന്നു. കോണ്‍ഗ്രസ്സിനെപ്പോലെ ഹിന്ദുത്വ അജന്‍ഡയിലെ പൗരത്വബില്‍, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങളിലെല്ലാം ആം ആദ്മി പാര്‍ട്ടിയുടെ നിലപാടുകള്‍ ഹിന്ദുത്വ പ്രീണനം മുന്‍നിര്‍ത്തിയായിരുന്നു. പൗരത്വബില്ലിനെ എതിര്‍ക്കുന്നതിനു കെജ്‌രിവാള്‍ മുന്നോട്ടുവെച്ച ന്യായം അത് വംശീയ ദേശീയതയ്ക്ക് തുടക്കം കുറിക്കും എന്നല്ല; മറിച്ച് പാകിസ്താനികള്‍ക്കു ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്നാണ്. ഡല്‍ഹിയിലെ വംശീയ കലാപങ്ങള്‍ക്ക് കാരണം രോഹിംഗ്യ മുസ്‌ലിങ്ങളാണ് എന്നു കുറ്റപ്പെടുത്താനും ഒരിക്കല്‍ ആം ആദ്മി നേതാക്കള്‍ ഒരുമ്പെട്ടിട്ടുണ്ട്. രാമജന്‍മഭൂമി പ്രശ്‌നം, സംവരണം തുടങ്ങിയ തര്‍ക്കവിഷയങ്ങളിലെല്ലാം ഹിന്ദുത്വശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്.
ഗുജറാത്ത് നിയമസഭ, ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ ഒരു ഗണ്യശക്തിയായി ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നു കഴിഞ്ഞു. ഈ വര്‍ഷം തന്നെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം അതൊരു കേവലം ഡല്‍ഹി പാര്‍ട്ടിയല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദുത്വ സ്‌പെക്ട്ര(ഹിന്ദു തീവ്രരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുമഹാസഭയ്ക്കും സംഘ്പരിവാറിനും പുറമേ ഹിന്ദു രാഷ്ട്രീയവും ക്ഷേമത്തിന്റെ രാഷ്ട്രീയവും ഒരുപോലെ ഉന്നയിക്കുന്ന ആം ആദ്മി അടക്കമുള്ള ഹിന്ദു-മൃദുഹിന്ദു കക്ഷികളും കൂടി ഉള്‍പ്പെടുന്ന വിഭാഗം) ത്തില്‍ പങ്കാളിത്തമുണ്ടാക്കുന്നതു മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സ് നടത്തുന്ന തന്ത്രപരമായ നീക്കങ്ങളെ മറികടന്നുകൊണ്ട് കോണ്‍ഗ്രസ്സിന്റെ തന്നെ ചെലവിലാണ് ദേശീയതലത്തില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ ഈ വളര്‍ച്ച അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയത്തിലേക്ക് ജനശ്രദ്ധ തിരിയാന്‍ കാരണമായിട്ടുണ്ട്; ഇനി മുതല്‍ അദ്ദേഹം രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഒരു താല്‍ക്കാലിക പ്രതിഭാസമല്ല. അടിമുടി തകര്‍ച്ചയെ നേരിടുകയാണ് കോണ്‍ഗ്രസ്സ്. ബി.ജെ.പിയുടെ തേരോട്ടത്തെ മറികടക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരതയാത്രയൊന്നും പോരാ. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനു പ്രായോഗികമായി ഒന്നും ചെയ്യാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ വരുംവര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനത്ത് ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെജ്‌രിവാളിനു അവസരമുണ്ടെന്ന് ജനം കരുതിയാല്‍ അത്ഭുതമില്ല.
2011-ല്‍, രണ്ടാം യു.പി.എ ഗവണ്‍മെന്റ് അഴിമതിയില്‍ മുങ്ങിനിന്ന ഒരുകാലത്ത് ഒരു സിവില്‍ സൊസൈറ്റി പ്രസ്ഥാനം എന്ന നിലയില്‍ അരങ്ങേറിയ അന്നാ ഹസാരേയുടെ അഴിമതിവിരുദ്ധ സമരങ്ങളിലാണ് ആം ആദ്മി പാര്‍ട്ടിയുടെ വേര്. അറബ് രാജ്യങ്ങളിലെ ഏകാധിപത്യ വാഴ്ചകള്‍ക്കും അഴിമതിക്കുമൊക്കെ എതിരെയുള്ള അറബ് വസന്തം എന്നറിയപ്പെട്ട സമരങ്ങള്‍ നടന്ന ഒരുകാലമായിരുന്നു അത്. ഇന്റര്‍നെറ്റും ഇതര വാര്‍ത്താവിനിമയ ഉപാധികളും ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരുന്ന ഇക്കാലത്ത് ഇന്ത്യക്കാരേയും ഈ വാര്‍ത്തകള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നതു തീര്‍ച്ച. എന്നാല്‍, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ തന്നെ ഹസാരേയുടെ പ്രസ്ഥാനത്തിനു പിന്തുണ ലഭിച്ചു. അറബ് രാഷ്ട്രങ്ങളില്‍നിന്നും വിഭിന്നമായി ഒട്ടനവധി ജനാധിപത്യ പരീക്ഷണങ്ങള്‍ക്കു വിധേയമായിട്ടുള്ള ഇന്ത്യയില്‍ നേരത്തേതന്നെ അഴിമതി തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ജനാധിപത്യ വികേന്ദ്രീകരണത്തിനും വേണ്ടതു ഭരണസംവിധാനത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ഇവയെ ശക്തിപ്പെടുത്തണമെന്നും കാലാനുസൃതമായും ശാസ്ത്രീയമായും പരിഷ്‌കരിക്കണമെന്നും നിയമങ്ങള്‍ക്കു കൂടുതല്‍ മൂര്‍ച്ച നല്‍കുകയും വേണം എന്ന ആവശ്യത്തോടു ഭരണാധികാരികള്‍ കാലങ്ങളായി മുഖം തിരിച്ചു നിന്നു എന്നതായിരുന്നു നമ്മുടെ നാട്ടിലെ പ്രശ്‌നം. മാറ്റത്തിനുവേണ്ടിയുള്ള സിവില്‍ സൊസൈറ്റിയുടെ അദമ്യമായ ആ ആഗ്രഹത്തില്‍നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉടലെടുക്കുന്നത്. ആ സമരങ്ങള്‍ ഫലത്തില്‍ ഗുണം ചെയ്തത് ബി.ജെ.പിക്കും അതിന്റെ മുന്നണിക്കുമാണ്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ പരീക്ഷണം അതോടെ അവസാനിച്ചു.
മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ ഹിന്ദുത്വശക്തികള്‍ ക്രമേണ ശക്തിയാര്‍ജ്ജിച്ചുവരികയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ സാമൂഹ്യതലത്തില്‍ ഹിന്ദുത്വശക്തികള്‍ക്ക് വിഭിന്നമായ ഒരു നിലപാട് കൈക്കൊള്ളാതിരിക്കുക എന്ന ഒരു നയം കെജ്‌രിവാള്‍ കൈക്കൊള്ളുകയായിരുന്നു. നേരത്തെ, അഴിമതിവിരുദ്ധ സമരങ്ങള്‍ക്ക് അടിത്തറയായിട്ടുള്ള ഒരു വിഭാഗം സാംസ്‌കാരിക-സാമൂഹിക തലങ്ങളില്‍ ഇത്തരമൊരു കാഴ്ചപ്പാട് ഉള്ളവരായിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു.
എന്നാല്‍, ഇതുവരെ ഒരിക്കല്‍പോലും ഹിന്ദുത്വ അജന്‍ഡയ്ക്കുള്ള പിന്തുണകൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് മുസ്‌ലിം-മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയം. പഞ്ചാബ് തെരഞ്ഞെടുപ്പ് കാലത്ത് ആ പാര്‍ട്ടിക്ക് ഖലിസ്ഥാനികളുമായി ബന്ധമുണ്ടെന്ന ആരോപണം വരെ ഉയര്‍ന്നുവന്നിരുന്നു. പൗരത്വനിയമവിരുദ്ധ സമരങ്ങളെ പിന്തുണക്കാതെ നിലകൊണ്ടപ്പോള്‍ തന്നെ അതിനു മുസ്‌ലിം വോട്ടുകള്‍ ഉറപ്പാക്കാനായി.
കോണ്‍ഗ്രസ്സില്‍നിന്നും വ്യത്യസ്തമാക്കുന്നത്
ഹിന്ദുത്വ രാഷ്ട്രീയം പറയേണ്ടിടത്ത് പറഞ്ഞും അല്ലാത്തിടത്തു നിശ്ശബ്ദമായും തന്ത്രപരമായി നിലകൊണ്ടും നേട്ടമുണ്ടാക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സിനേക്കാള്‍ മികച്ച ഫലം കൊയ്യാനാകുന്നതിനു കാരണം മറ്റൊന്നുകൂടിയാണ്. ചെറുകിട-ഇടത്തരം വ്യവസായികള്‍ക്കും സംരംഭകര്‍ക്കും പ്രാമുഖ്യമുള്ള ഗുജറാത്തില്‍ സമ്പത്തിനേയും വിശ്വാസത്തേയും കോര്‍ത്തിണക്കുന്ന ഒരു രാഷ്ട്രീയ പ്രസ്താവന അരവിന്ദ് കെജ്‌രിവാള്‍ നടത്തിയത് ഓര്‍ക്കുക. മോദിയുടെ സാമ്പത്തിക നയത്തേയോ ഡീമോണിറ്റൈസേഷനേയോ കുറ്റപ്പെടുത്താനോ പകരം നടപടികള്‍ ആവശ്യപ്പെടുന്നതിനു ഊന്നല്‍ നല്‍കുന്നതിനോ അല്ല ആ സന്ദര്‍ഭം അദ്ദേഹം തെരഞ്ഞെടുത്തത്. നാടിന്റെ സാമ്പത്തികോത്കര്‍ഷത്തിനു കറന്‍സി നോട്ടില്‍ ഗണപതിയുടേയും ലക്ഷ്മിയുടേയും പടങ്ങള്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്. പോര്‍ബന്തറുകാരനായ മഹാത്മാഗാന്ധിയേക്കാള്‍ പ്രാധാന്യം ഗുജറാത്തിക്ക് ലക്ഷ്മിയോടോ ഗണപതിയോടോ ഉണ്ടാകുമെന്ന് അദ്ദേഹം സംശയിച്ചതുപോലുമില്ല. മുസ്‌ലിം രാഷ്ട്രമായ ഇന്തോനീസ്യയിലാകാമെങ്കില്‍ ഇന്ത്യയ്ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നായിരുന്നു ചോദ്യം. എവിടെ എന്തു വില്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിനറിയാം. ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വം മറ്റിടങ്ങളിലും അത്തരമൊരു സമീപനം തന്നെ സ്വീകരിക്കുന്നു.
ആ പാര്‍ട്ടി, കോണ്‍ഗ്രസ്സ് പാര്‍ട്ടി പഴയകാലങ്ങളില്‍ അനുവര്‍ത്തിച്ച സാധാരണക്കാരനെ മുന്‍പില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നു. പറഞ്ഞതു മുഴുവന്‍ നടപ്പാക്കാനായില്ലെങ്കിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെക്കാള്‍ ക്ഷേമനടപടികളുടെ കാര്യത്തില്‍ വിശ്വസിക്കാനാകുന്നത് ആം ആദ്മി പാര്‍ട്ടിയെ ആണെന്നു ജനം കരുതുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ആ പാര്‍ട്ടിയെ ഗാന്ധിയന്‍ ടച്ചുള്ള ഒരു ഇടതുപക്ഷ പാര്‍ട്ടി എന്നു കരുതാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ തയ്യാറായിരുന്നു എന്നത് ഇതോടു ചേര്‍ത്തുവായിക്കുക. പഴയ സോഷ്യലിസ്റ്റ് സ്വാധീനത്തിലുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയെപ്പോലെ ഒന്ന്. ഇതാണ് ആം ആദ്മി പാര്‍ട്ടിക്കു ഗുണം ചെയ്ത മറ്റൊരു കാര്യം. ഗവണ്‍മെന്റിന്റെ ക്ഷേമനടപടികള്‍ പൂര്‍വ്വാധികം ശക്തിപ്പെടുത്തുമെന്നും സുതാര്യമായി നടപ്പാക്കുമെന്നും തെരഞ്ഞെടുപ്പുകളില്‍ ആ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ക്ഷേമമുഖമുള്ള ആം ആദ്മി രാഷ്ട്രീയം ഇടതുപക്ഷ പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായി ഒരു ലോകവീക്ഷണത്തേയോ ആശയസംഹിതയേയോ അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നുമില്ല.
ഹിന്ദുരാഷ്ട്രീയത്തെ തള്ളിപ്പറയാതെ ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജനങ്ങളെ അഭിമുഖീകരിക്കുകയെന്ന തന്ത്രമാണ് മുന്‍തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി അനുവര്‍ത്തിച്ചത്. ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ആ തന്ത്രം തന്നെ പയറ്റി. അതു വിജയിക്കുകയും ചെയ്തു. ഹിന്ദുത്വ സ്‌പെക്ട്രത്തില്‍ വലതുപക്ഷത്ത് ബി.ജെ.പിയാണെങ്കില്‍ ഇടതുപക്ഷത്ത് ആം ആദ്മി പാര്‍ട്ടിയാണ് എന്ന് തോന്നിപ്പിക്കുകയും ചെയ്തു.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക