തന്റെ ഉള്ളില്‍ മറഞ്ഞുകിടന്ന ജീവിത ബോധവും സൗന്ദര്യ മൂല്യങ്ങളും അപ്പന്‍ ആധുനിക കൃതികളില്‍ കണ്ടെത്തി

മലയാളത്തില്‍ അറുപതുകളില്‍ രൂപമെടുത്ത വ്യത്യസ്ത സൗന്ദര്യബോധം പ്രകടമാക്കിയ കലാസൃഷ്ടികളുടെ ഉള്ള് വേഗത്തില്‍ തിരിച്ചറിയുവാന്‍ കെ.പി. അപ്പന് കഴിഞ്ഞു 
തന്റെ ഉള്ളില്‍ മറഞ്ഞുകിടന്ന ജീവിത ബോധവും സൗന്ദര്യ മൂല്യങ്ങളും അപ്പന്‍ ആധുനിക കൃതികളില്‍ കണ്ടെത്തി

റുപതുകളില്‍ എല്ലാ സാഹിത്യരൂപങ്ങളിലും സര്‍ഗ്ഗാത്മകമായ കലാപമുണ്ടായി. ആരെങ്കിലും ആലോചിച്ചു തീരുമാനിച്ചുറപ്പിച്ച സമരമല്ലായിരുന്നു അത്. കാലം ആവശ്യപ്പെട്ടതായിരുന്നു അത്. എന്‍.വി. കൃഷ്ണവാര്യരുടേയും അക്കിത്തത്തിന്റേയും എം. ഗോവിന്ദന്റേയും കവിതകളിലാണ് ആധുനികത ആദ്യം കടന്നുവന്നത്. കാല്പനികതയ്ക്ക് എതിരെയുള്ള പ്രതിഷേധമായി അതാരംഭിച്ചു. ആധുനികത കവിതയുടെ വേരുകള്‍ തേടിപ്പോയാല്‍ 1948ല്‍ പുറത്തുവന്ന എന്‍.വി. കൃഷ്ണവാര്യരുടെ 'നീണ്ട കവിതകളി'ലായിരിക്കും എത്തിച്ചേരുക. പിന്നീട് ഒരുസംഘം കവികള്‍ പ്രത്യക്ഷപ്പെട്ട് മലയാള കവിതയുടെ ദിശ തിരിച്ചുവിടുന്നതാണ് കവിതാചരിത്രത്തില്‍ കാണുന്നത്. അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, ആറ്റൂര്‍ രവിവര്‍മ്മ, എം.എന്‍. പാലൂര്‍, ചെറിയാന്‍ കെ. ചെറിയാന്‍, മാധവന്‍ അയ്യപ്പത്ത് തുടങ്ങിയവര്‍ പുതിയ വഴികള്‍ വെട്ടിത്തെളിച്ചു തുടങ്ങി. രൂപത്തിലും ഭാവത്തിലും പുതിയ വഴികള്‍ വെട്ടിത്തെളിച്ച നിരവധി കവിതകള്‍ അന്ന് പുറത്തു വന്നു. അയ്യപ്പപ്പണിക്കര്‍ 'ശീതസമര'വും 'കുരുക്ഷേത്ര'വും അന്‍പതുകളില്‍ തന്നെ എഴുതിക്കഴിഞ്ഞിരുന്നു. 1964ല്‍ ആണ് 'കുരുക്ഷേത്രം' പ്രസിദ്ധീകരിച്ചത്. മലയാള കവിതയില്‍ വിപ്ലവബോധമുള്ള കവിതകളെഴുതി ഒരു 'ചുവന്ന ദശകം' തന്നെ സൃഷ്ടിച്ച ഒരു കൂട്ടം കവികള്‍ അന്‍പതുകളില്‍ ഉണ്ടായിരുന്നു. വയലാര്‍, ഒ.എന്‍.വി, 
പി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ ചങ്ങമ്പുഴയുടെ കാല്പനിക പാരമ്പര്യത്തെ പിന്തുടര്‍ന്നവരാണ്. ആ കാലത്തുതന്നെ  അയ്യപ്പപ്പണിക്കര്‍ കാല്പനികതയോട് കലഹിക്കുന്ന നവീന ഭാവുകത്വം സൃഷ്ടിക്കുവാനുള്ള തീവ്രശ്രമം നടത്തിയിരുന്നു. 'ഭാര്‍ഗ്ഗവി' (1952), 'തീര്‍ത്ഥാടനം' (1954), 'പുരൂരവസ്' (1959) തുടങ്ങിയ നിരവധി കവിതകളില്‍ അതു കാണാം. അറുപതുകളില്‍ 'അഗ്‌നിപൂജ', 'ഹേ, ഗഗാറിന്‍', 'മൃത്യുപൂജ' തുടങ്ങിയ കവിതകളെഴുതി. മലയാള കവിതയുടെ ഗതി തിരിച്ചുവിട്ട കവികളില്‍ പ്രമുഖനാണ് മാധവന്‍ അയ്യപ്പത്ത്. അദ്ദേഹം 1959ല്‍ 'മണിയറയില്‍' എന്ന കവിത പ്രസിദ്ധീകരിച്ചു. പിന്നീട് 'മണിയറയിലേക്ക്', 'പ്രതിമയുടെ മുന്‍പില്‍' എന്നീ കവിതകളെഴുതി. തുടര്‍ന്ന് 'സ്വപ്നസുന്ദരി', 'വെളിച്ചത്തിലേക്ക്', 'ബസ്‌സ്‌റ്റോപ്പില്‍' എന്നിങ്ങനെയുള്ള കവിതകളും എഴുതി. കക്കാട് അറുപതുകളുടെ തുടക്കത്തില്‍ത്തന്നെ 'പാതാളത്തിന്റെ മുഴക്ക'വും 'ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്നും', 'നഗരത്തിലെ കണ്വനും' (1963) എഴുതി. ചെറിയാന്‍ കെ. ചെറിയാന്‍ 'ഭസ്മാസുരന്‍' (1962), 'പള്ളിമുറ്റത്ത്' (1962), 'ജീവിതമെന്ന ബോറ്' (1963), 'പാലാഴിമഥനം' (1964) എന്നീ കവിതകള്‍ എഴുതി. 1966ല്‍ പുറത്തു വന്ന 'പുതുമുദ്രകള്‍' എന്ന സമാഹാരം ആ മാറ്റത്തെ എടുത്തുകാണിക്കുന്ന പുസ്തകമാണ്. കവിതയില്‍ പുതിയൊരു ഭാവുകത്വത്തിന്റെ വരവ് അറിയിക്കുന്ന ധാരാളം കവിതകള്‍ അറുപതുകളുടെ ആദ്യപകുതിയില്‍ത്തന്നെ ഉണ്ടായി. താമസിയാതെ സച്ചിദാനന്ദനും കടമ്മനിട്ട രാമകൃഷ്ണനും ഡി. വിനയചന്ദ്രനും മറ്റും ഈ സംഘത്തില്‍ ചേര്‍ന്ന് അന്നത്തെ പൊതുവായ കാവ്യസമ്പ്രദായങ്ങളെ രചനകളിലൂടെ വെല്ലുവിളിച്ച് പുതിയ കാവ്യസംസ്‌കാരത്തിന് അടിത്തറ പണിയാന്‍ മുന്നോട്ടുവന്നു. 

ചെറുകഥയില്‍ കാക്കനാടന്‍, എം. മുകുന്ദന്‍, ഒ.വി. വിജയന്‍, എം.പി. നാരായണപിള്ള, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ കഥയെ സംബന്ധിക്കുന്ന പഴയ ധാരണകളെ പൊട്ടിച്ചുകളഞ്ഞ് പുതിയ കഥാശില്പങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങി. ഒ.വി. വിജയന്‍ അന്‍പതുകളില്‍ തന്നെ ഭിന്നമായ സൗന്ദര്യപാഠങ്ങള്‍ തേടുന്ന കഥകളെഴുതി തുടങ്ങിയിരുന്നു. കാക്കനാടന്റെ 'കാലപ്പഴക്കം' (1962), 'പുറത്തേക്കുള്ള വഴി', 'ഒറ്റയാന്‍' (1964), 'പതിനേഴ്', 'കണ്ണാടി വീട്' (1965), എം.പി. നാരായണപിള്ളയുടെ 'മുരുകന്‍ എന്ന പാമ്പാട്ടി', 'കള്ളന്‍' (1962), 'ജോര്‍ജ് ആറാമന്റെ കോടതി', എം. മുകുന്ദന്റെ 'വീട്' (1963) 'കള്ളന്‍ നായ' എന്നിവയൊക്കെ അറുപതുകളുടെ ആദ്യ പകുതിയില്‍ത്തന്നെ പുറത്തുവന്നിരുന്നു. സക്കറിയയുടെ ആദ്യ കഥയായ 'ഉണ്ണി എന്ന കുട്ടി' 1964ല്‍ പുറത്തുവന്നു. 1962 ജൂലൈ മാസത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള 'പാപത്തിന്റെ മറ' എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി. 1963 അവസാനം തന്റെ ആദ്യ കഥ സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചു. കഥയുടെ മൗലികതയും കരുത്തും കണ്ട് എന്‍.വിയും എം.ടിയും ആലോചിച്ച് 1964ലെ റിപ്പബ്ലിക് പതിപ്പില്‍ മലയാള ഭാഷയെ പ്രതിനിധീകരിക്കുന്ന കഥയായി പ്രസിദ്ധീകരിച്ചതാണ് 'ഉണ്ണി എന്ന കുട്ടി'. പിന്നീട് അപൂര്‍വ്വ സുന്ദരങ്ങളായ നിരവധി കഥകള്‍ സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി. 1964ല്‍  'അയാള്‍ അവള്‍', 'എലികള്‍', 'മഴ', 'പിന്നെയും ഒരു സന്ധ്യ', 1965ല്‍ 'ചങ്ങാടം', 'സൃഷ്ടി', 1966ല്‍ 'കുന്ന്', 'മുള്ള്', 'പിന്നീടുള്ള വര്‍ഷങ്ങളില്‍', 'വല', 'അവിശ്വാസി', 'അ എന്ന വേട്ടക്കാരന്‍' തുടങ്ങി വ്യത്യസ്ത ഭാവുകത്വം പ്രകടിപ്പിക്കുന്ന നിരവധി കഥകള്‍ സക്കറിയ എഴുതി. ആധുനികരുടെ കഥാസമാഹാരങ്ങള്‍ പിന്നീട് പുറത്തുവന്നു തുടങ്ങി. എം.പി. നാരായണപിള്ളയുടെ ആദ്യ കഥാസമാഹാരമായ 'മുരുകന്‍ എന്ന പാമ്പാട്ടി' 1966ല്‍ പുറത്തുവന്നു. ഒ.വി. വിജയന്റെ 'ഉച്ചകോടി' എന്ന കഥാസമാഹാരം 1967ല്‍ പ്രസിദ്ധീകരിച്ചു. അറുപതുകളുടെ പകുതി കഴിഞ്ഞപ്പോഴേക്കും പുതിയ കഥാകാരന്മാരുടെ  പുതിയ കഥകളുടെ വന്‍പ്രവാഹം തന്നെ ഉണ്ടായി. സേതുവും പത്മരാജനും വ്യത്യസ്ത കഥകളുമായി കടന്നുവന്നു.  പത്മരാജന്‍ 1965ല്‍ 'ലോല' (കൗമുദി ആഴ്ചപ്പതിപ്പ്)യും 1967ല്‍ 'ചൂണ്ടല്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന കഥയും എഴുതി. സേതുവിന്റെ ആദ്യ കഥയായ 'ദാഹിക്കുന്ന ഭൂമി' വരുന്നത് 1967ല്‍ ആണ്. പട്ടത്തുവിള കരുണാകരനും ടി.ആറും എം. സുകുമാരനും വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന കഥകളെഴുതി. അറുപതുകളുടെ പകുതി കഴിഞ്ഞപ്പോള്‍ ആധുനികരായ എഴുത്തുകാരുടെ നിരവധി കഥാസമാഹാരങ്ങള്‍ പുറത്തുവന്നു. കാക്കനാടന്റെ 'കച്ചവടം', 'കണ്ണാടി വീട്'; പത്മരാജന്റെ 'പ്രഹേളിക', 'അപരന്‍' സേതുവിന്റെ 'പ്രകാശത്തിന്റെ ഉറവിടം' എന്നിങ്ങനെ വ്യത്യസ്ത സ്വഭാവങ്ങള്‍ പുലര്‍ത്തുന്ന ധാരാളം കഥാസമാഹാരങ്ങള്‍ അക്കാലത്ത് പുറത്തിറങ്ങി. ഈ കഥകള്‍ മലയാള ചെറുകഥയെ ഭിന്നമായ ഒരു തലത്തിലേയ്ക്ക് ഉയര്‍ത്തി. വായനക്കാര്‍ പതുക്കെ പതുക്കെയാണ് ഈ കഥകളുടെ ഉള്ളിലേക്ക് പ്രവേശിച്ചത്. അന്ന് മലയാള സാഹിത്യത്തെ അടക്കിഭരിച്ച നിരൂപകര്‍ പുത്തന്‍ കഥകളുടെ വന്‍പ്രവാഹം ഇവിടെ ഉണ്ടായിട്ടും 'കമാന്ന്' ഒരക്ഷരം ഉരിയാടിയില്ല. കാല്പനികതയുടെ ഭാവുകത്വത്തില്‍നിന്നും പുറത്തുവരാന്‍ കഴിയാത്തവിധത്തില്‍ അവര്‍ അതിന്റെ തടവറയിലായിരുന്നു.

അന്‍പതുകളില്‍ തന്നെ നവോത്ഥാന സാഹിത്യത്തില്‍നിന്നും ഭിന്നമായ ജീവിത സമീപനവും വീക്ഷണവും സ്വീകരിച്ചുകൊണ്ട് രചന നിര്‍വ്വഹിച്ച എഴുത്തുകാര്‍ നോവല്‍ രംഗത്തുമുണ്ടായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍, പോഞ്ഞിക്കര റാഫി, പാറപ്പുറത്ത്, കോവിലന്‍, രാജലക്ഷ്മി എന്നിവര്‍ എഴുതിയ നോവലുകള്‍ അതിനു തെളിവുകള്‍ നല്‍കുന്നു. 1958ല്‍ പുറത്തുവന്ന എം.ടിയുടെ 'നാലുകെട്ട്' പോഞ്ഞിക്കര റാഫിയുടെ 'സ്വര്‍ഗ്ഗദൂതന്‍' പാറപ്പുറത്തിന്റെ 'അന്വേഷിച്ചു കണ്ടെത്തിയില്ല' കോവിലന്റെ 'എ മൈനസ് ബി'; രാജലക്ഷ്മിയുടെ 'ഒരു വഴിയും കുറെ നിഴലുകളും' (1958), 'ഉച്ചവെയിലും ഇളംനിലാവും' (1960) എന്നീ നോവലുകള്‍ മലയാള നോവലിനെ വ്യത്യസ്ത തീരങ്ങളിലേക്ക് നയിച്ചു. എം.ടിയുടെ 'മഞ്ഞ്' 1964ല്‍ പുറത്തുവന്നതോടെ പുതിയൊരു ഭാവുകത്വത്തിലേക്ക് മലയാള നോവല്‍ കുതിച്ചു. സാമൂഹിക നോവലുകളുടെ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തിയ മരണത്തിന്റേയും കാലത്തിന്റേയും സാന്നിദ്ധ്യം അനുഭവിപ്പിച്ച നോവലാണ് 'മഞ്ഞ്.' മലയാള നോവല്‍ റിയലിസത്തിനപ്പുറത്തേക്ക് പോയി അഗാധമായ മാനസിക ഭാവങ്ങളും മനുഷ്യന്റെ ഏകാന്തതയും മൃത്യുബോധവും സൂക്ഷ്മമായി അനുഭവിച്ചു തുടങ്ങുന്നത് 'മഞ്ഞി'ന്റെ വരവോടെയാണ്. മഞ്ഞ് വെറും മഞ്ഞല്ല, 'പൊള്ളുന്ന മഞ്ഞാ'ണെന്ന് മലയാളി പതുക്കെയാണ് മനസ്സിലാക്കിയത്. ആധുനികത ഭാവുകത്വത്തിന്റെ ആദ്യ സ്ഫുരണങ്ങള്‍ 'മഞ്ഞി'ല്‍ കാണാം. കാക്കനാടന്‍ 1966ല്‍ 'സാക്ഷി', 'വസൂരി' എന്നീ നോവലുകളിലൂടെ മലയാളിയുടെ ഭാവുകത്വത്തെ ഉടച്ചുവാര്‍ക്കുകയും വായനക്കാരെ അമ്പരപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന പുതിയൊരു ജീവിതവീക്ഷണം അവതരിപ്പിക്കുകയും ചെയ്തു. എം.ടിയുടെ 'മഞ്ഞി'ല്‍നിന്നും കാക്കനാടന്റെ 'സാക്ഷി'യിലേക്ക് വലിയ ദൂരമുണ്ട്. മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തിലെ ആദ്യ നോവല്‍ കാക്കനാടന്റെ 'സാക്ഷി'യാണ്. മൂല്യങ്ങള്‍ തകര്‍ന്ന ഒരു ലോകത്തിന്റെ യഥാര്‍ത്ഥ അവസ്ഥ പരുക്കന്‍ ഭാഷയിലും അക്രമാസക്തമായ ശൈലിയിലുമാണ് കാക്കനാടന്‍ അവതരിപ്പിച്ചത്. 'സാക്ഷി'യില്‍ സ്വന്തം പിതാവിന്റെ മരണത്തെക്കുറിച്ച് നായകന്‍ ഇപ്രകാരം ചിന്തിക്കുന്നു:

'കിട്ടുക്കുറുപ്പ്  ചാകുകയാണ്. ജീവിതത്തില്‍ പാലിച്ച സാമര്‍ത്ഥ്യവും കൃത്യനിഷ്ഠയും മരണത്തില്‍ പാലിക്കുന്നില്ലെന്നേയുള്ളൂ. അതു മോശം. എത്രയും വേഗം ചാകാന്‍ പഠിക്കണം.'

മനുഷ്യബന്ധങ്ങള്‍ക്കു സംഭവിച്ച ആപല്‍ ക്കരമായ മാറ്റങ്ങളും ആധുനിക മനുഷ്യന്‍ നേരിടുന്ന തത്ത്വചിന്താപരമായ പ്രശ്‌നങ്ങളും കാക്കനാടന്‍ ശക്തമായി ആവിഷ്‌കരിച്ചു. സാഹിത്യത്തിലെ പുതു പ്രവണതകള്‍ ചെറുതരംഗമായി തുടങ്ങി വലിയ ചലനങ്ങളും വന്‍മാറ്റങ്ങളുമുണ്ടാക്കി ഒടുവില്‍ എല്ലാവിധ യാഥാസ്ഥിതിക വിശ്വാസങ്ങളേയും കടപുഴക്കിയെറിയുന്ന കൊടുങ്കാറ്റായി മാറുന്നതാണ് അറുപതുകളുടെ ഒടുവില്‍, അതായത് 1969ല്‍ സംഭവിച്ചത്. ആ വര്‍ഷം മലയാള സാഹിത്യചരിത്രത്തെ വഴിതിരിച്ചുവിട്ട വര്‍ഷമാണ്. ആ വര്‍ഷം അഞ്ച് മലയാള നോവലുകള്‍ പുറത്തുവന്നു. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം', എം. മുകുന്ദന്റെ 'ദല്‍ഹി'; കാക്കനാടന്റെ 'ഉഷ്ണമേഖല'; എം.ടി. വാസുദേവന്‍ നായരുടെ 'കാലം'; വി.കെ.എന്റെ 'ആരോഹണം' എന്നീ നോവലുകളാണ് അവ. മലയാളത്തിലെ വായനക്കാരുടെ സാഹിത്യബോധത്തേയും സൗന്ദര്യബോധത്തേയും ജീവിതധാരണകളേയും ഭാഷാസങ്കല്പങ്ങളേയും തിരുത്തിക്കുറിച്ച നോവലുകളായിരുന്നു അവയെന്നു പറയാം. തൊട്ടടുത്ത വര്‍ഷം 1970ല്‍ ആനന്ദിന്റെ 'ആള്‍ക്കൂട്ട'വും കോവിലന്റെ 'തോറ്റങ്ങളും' പുറത്തുവന്നു. അതോടുകൂടി മലയാളത്തിലെ ആധുനികതാപ്രസ്ഥാനം പഴയ വായനക്കാരേയും എഴുത്തുകാരേയും അത്ഭുതപ്പെടുത്തിയും പ്രകോപിപ്പിച്ചും പാരമ്പര്യത്തിന്റെ വഴികളില്‍നിന്നും മാറി ഒഴുകിത്തുടങ്ങി. സാഹിത്യത്തിലെ പഴകിയ ശീലങ്ങളേയും അഭിരുചികളേയും തുടച്ചുനീക്കി പുതിയ സൗന്ദര്യമൂല്യങ്ങളും ധാരണകളും ശക്തമായിത്തീര്‍ന്നു. ഈ കാലത്ത്, അറുപതുകളുടെ പകുതി കഴിഞ്ഞപ്പോള്‍ നാടകത്തിലും സിനിമയിലും പുതുരീതികളും വന്‍മാറ്റങ്ങളും പരീക്ഷണങ്ങളും ശക്തമായി തുടങ്ങി. നിലവിലിരുന്ന മൂല്യസങ്കല്പങ്ങളേയും സൗന്ദര്യധാരണകളേയും പാടേ ലംഘിച്ച് സാഹിത്യത്തിലുണ്ടായ വന്‍മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാന്‍ യാഥാസ്ഥിതിക പാരമ്പര്യത്തിലുറച്ചുനിന്ന വായനക്കാരും വിമര്‍ശകരും മടിച്ചുനിന്നു.

ആധുനിക കവിതയ്ക്ക് പ്രതിരോധം തീര്‍ത്തുകൊണ്ട് നല്ല വായനക്കാരും വിമര്‍ശകരും രംഗത്തുവന്നിരുന്നു. എം. ഗോവിന്ദന്റെ 'സമീക്ഷ' (19631966) പുതിയ സാഹിത്യസങ്കല്പങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് രംഗത്തുവന്നു. 1968 മുതല്‍ അയ്യപ്പപ്പണിക്കരുടേയും മറ്റും നേതൃത്വത്തില്‍ പുറത്തുവന്ന 'കേരള കവിത' എന്ന പ്രസിദ്ധീകരണം കവിതയിലുണ്ടായ ഭാവുകത്വ വിപ്ലവത്തെ തുറന്നുകാട്ടി. എം.കെ. സാനു, എം. ലീലാവതി, എം. തോമസ് മാത്യു, കെ.എസ്. നാരായണ പിള്ള, അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, എം. ഗംഗാധരന്‍, ഡോ. കെ. രാഘവന്‍ പിള്ള, ഡോ. എം.എം. ബഷീര്‍ തുടങ്ങിയവര്‍ ആധുനിക കവികള്‍ സൃഷ്ടിച്ച പാരമ്പര്യ നിഷേധത്തെപ്പറ്റിയും കവിതയില്‍ രൂപമെടുത്ത പുതിയ ഭാവുകത്വത്തെപ്പറ്റിയും എഴുതുവാന്‍ മുന്നോട്ടുവന്നു. ഡോ. എം.എം. ബഷീര്‍ എഡിറ്റ് ചെയ്ത 'നവീന കവിത' (1968) എന്ന പുസ്തകത്തില്‍ ഡോ. കെ. രാഘവന്‍ പിള്ളയുടെ 'കവിതയിലെ ഭാഷ'; എം. തോമസ് മാത്യുവിന്റെ 'പുതിയ സൗന്ദര്യാവബോധത്തിന്റെ സൃഷ്ടി'; കെ.പി. ശങ്കരന്റെ 'കാവ്യനിരൂപണത്തിന്റെ പുതിയ പാതകള്‍'; സച്ചിദാനന്ദന്റെ  'കാലഘട്ടത്തിന്റെ കവിത'; കെ.എസ്. നാരായണപിള്ളയുടെ 'ഒരു ഐതിഹാസിക ജീവചരിത്രം'; എം.കെ. സാനുവിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' തുടങ്ങിയ ലേഖനങ്ങളുണ്ട്. എം. അച്ചുതന്റെ 'കവിതയും കാലവും' (1965) എന്ന പുസ്തകത്തില്‍ ആധുനിക കവിതയിലെ ഇമേജറിയെപ്പറ്റി ചില നല്ല നിരീക്ഷണങ്ങള്‍ കാണാം. ടി.എസ്. എലിയട്ട് ഇംഗ്ലീഷ് കവിതയില്‍ കൊണ്ടുവന്ന ശിഥില ബിംബ(Broken images)ങ്ങളെക്കുറിച്ച് പറഞ്ഞിട്ട് മലയാളത്തിലെ ആധുനിക കവികള്‍ സൃഷ്ടിച്ച ബിംബകല്പനകളെപ്പറ്റി ഉള്‍ക്കാഴ്ചയോടെ എഴുതുന്നുണ്ട്. ആധുനിക കവിതയില്‍ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണം അറുപതുകളില്‍ ശക്തമായിരുന്നു. കവിതാപഠനങ്ങളുടെ ഒരു സമാഹാരം 'കുരുക്ഷേത്രം' എന്ന പേരില്‍ സച്ചിദാനന്ദന്‍ 1970ല്‍ പ്രസിദ്ധീകരിച്ചു. സച്ചിദാനന്ദന്റെ ആദ്യ പുസ്തകമാണത്. മലയാളത്തിലെ ആധുനിക കവിതയുടെ പിന്നിലെ ലാവണ്യസങ്കല്പങ്ങളും അതിലെ ആഖ്യാനത്തിന്റെ സവിശേഷതകളും ഏറ്റവും ഹൃദ്യമായി സച്ചിദാനന്ദന്‍ അതില്‍ അവതരിപ്പിക്കുന്നുണ്ട്. 'ആധുനിക കവിതയിലെ ആധുനികതയും കവിതയും' എന്ന ആദ്യ ലേഖനത്തില്‍ ഭാഷാകവിതയില്‍ പുതിയൊരു സെന്‍സിബിലിറ്റി പിറന്നതായി ചൂണ്ടിക്കാണിക്കുന്നു. സമകാലിക കവിതയും ആധുനിക കവിതയും തമ്മിലുള്ള വ്യത്യാസം എടുത്തു കാണിക്കുന്നു. തുടര്‍ന്നുള്ള ലേഖനങ്ങളില്‍ അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം'; 'പുരൂരവസ്സ്', സുഗതകുമാരിയുടെ 'കാളിയമര്‍ദ്ദനം'; ചെറിയാന്‍ കെ. ചെറിയാന്റെ 'പാലാഴി മഥനം'; മാധവന്‍ അയ്യപ്പത്തിന്റെ 'മണിയറയില്‍' എന്നീ കവിതകള്‍ വിശദമായി പരിശോധിച്ച് ആധുനിക കവിത സൃഷ്ടിച്ച സൗന്ദര്യവിപ്ലവം വിശദമാക്കുന്നു. സ്വന്തം അനുഭവം പറഞ്ഞാല്‍ ആധുനിക കവിത ആസ്വദിക്കാന്‍ സച്ചിദാനന്ദന്റെ ഈ പുസ്തകം എന്നെ വളരെയധികം സഹായിച്ചു. തൃശൂരിലെ ജ്വാലാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ആറു രൂപയായിരുന്നു. അന്ന് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ആറു രൂപ വളരെ ബുദ്ധിമുട്ടി സംഘടിപ്പിച്ചാണ് ഈ പുസ്തകം വാങ്ങിയത്. 

എന്നാല്‍, ആധുനികതയോടുള്ള എതിര്‍പ്പും അന്ന് ഏറ്റവും ശക്തമായിരുന്നു. 'കേരള കവിത'യുടെ ഒരു ലക്കം തൃശൂര്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ട അവസരത്തില്‍ വൈലോപ്പിള്ളി 'നമ്മുടെ പുതിയ കവികള്‍ ഏതു സ്‌കൂളിലാണ് പഠിച്ചതെന്ന്' ചോദിച്ചു. വൈലോപ്പിള്ളിയുടെ ആ ചോദ്യം ഒരുപാട് കാലം ആധുനികതയെ പരിഹസിക്കുവാന്‍ അതിന്റെ എതിരാളികള്‍ ഉപയോഗിച്ചു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് പ്രൊഫ. മുണ്ടശ്ശേരി 'ഏതു സ്‌കൂളിലാണ് പഠിച്ചത്' എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തില്‍ ആധുനിക കവികളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ആധുനിക കവികള്‍ ഛന്ദസ്സിനെ ഒടിച്ചുമടക്കിയും ടെക്‌നിക്കുകള്‍ കടം വാങ്ങുകയും ചെയ്ത് കവിതയെ നശിപ്പിക്കുന്നുവെന്ന് മുണ്ടശ്ശേരി ആക്ഷേപിച്ചു. ആധുനിക കവികളെ 'വഞ്ചിത ഗര്‍ഭിണി'കളായിട്ടാണ് പ്രൊഫ. സുകുമാര്‍ അഴീക്കോട് 'ആധുനിക കവിതയിലെ പ്രമേയം' ('നവീന കവിത') എന്ന ലേഖനത്തില്‍ കണ്ടത്. ആധുനിക കവിത 'മേലും കീഴും നോക്കാത്ത അനുകരണം' ആണെന്നും അത് 'ദുര്‍ഭഗ സൃഷ്ടികളായ കപടാനുകരണങ്ങളാ'ണെന്നും അഴീക്കോട് ആക്ഷേപിക്കുന്നുണ്ട്. തായാട്ട് ശങ്കരന്‍ ജീര്‍ണ്ണതയുടെ പ്രതീകമായി പുതിയ കവിതയെ വിലയിരുത്തി. അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്ര'ത്തെ കവിതയായിപ്പോലും അംഗീകരിക്കുവാന്‍ വിമര്‍ശകര്‍ തയ്യാറായില്ല. ആധുനിക കവിതയെ പിഴച്ചകാലത്തിന്റെ പിഴച്ച കവിതയായി പലരും വിലയിരുത്തി. പൊതുവേ ആധുനികതയോട് അന്നത്തെ പാരമ്പര്യത്തിന്റെ ആരാധകരായ ചിന്തകര്‍ വച്ചുപുലര്‍ത്തിയ സമീപനം ഇങ്ങനെയുള്ളതായിരുന്നു.

കെ.പി.അപ്പന്‍
കെ.പി.അപ്പന്‍

എന്നാല്‍, അപൂര്‍വ്വം ചില എഴുത്തുകാര്‍ ആധുനിക കവിത നമ്മുടെ കവിതാപാരമ്പര്യത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇ.എം.ജെ. വെണ്ണിയൂര്‍ 1963ലെ സി.ജെ. സ്മാരക പ്രസംഗസമിതി സംഘടിപ്പിച്ച കവിതാ സെമിനാറില്‍ അവതരിപ്പിച്ച 'ആധുനിക കവിതയുടെ സവിശേഷതകള്‍' എന്ന പ്രബന്ധത്തില്‍ മലയാള കവിതയിലെ ആധുനികതയെപ്പറ്റി ഉള്‍ക്കാഴ്ചയോടെ പ്രതിപാദിക്കുന്നുണ്ട്. കാല്പനികതയുടെ സ്ഥിരം ശീലുകളെ വിമര്‍ശിക്കുന്ന വെണ്ണിയൂര്‍ ആധുനികര്‍ നടത്തുന്ന മലയാള കവിതയ്ക്ക് പുതിയൊരു ഡിക്ഷന്‍ കണ്ടെത്തുവാനുള്ള പരീക്ഷണങ്ങളെ ആദരിക്കുന്നുണ്ട്. കാലഹരണപ്പെട്ട കാല്പനിക ശൈലിയും ദര്‍ശനവും കവിതാരംഗത്തെ നിര്‍ജ്ജീവമാക്കിയെന്നു പറയുന്ന അദ്ദേഹം ആധുനികതയുടെ വരവിനെ സ്വാഗതം ചെയ്തു. പുതിയ കവിതയിലെ ഇമേജറികള്‍ക്ക് യന്ത്രച്ചുവയുണ്ടെങ്കില്‍ അത് പുതിയ കാലത്തിന്റെ സ്വഭാവം കൊണ്ടാണ് എന്നു ചൂണ്ടിക്കാണിച്ചു. പുതിയ താളക്രമം സൃഷ്ടിക്കുന്ന അയ്യപ്പപ്പണിക്കരുടെ 'ഹേ ഗഗാറിന്‍' എന്ന കവിതയുടെ പുതുമയും മൗലികതയും വെളിപ്പെടുത്തി. അണുബോംബിന്റെ നിഴലില്‍ ജീവിക്കുന്നവര്‍ക്ക് പഴയ ശൈലിയും താളവും വീക്ഷണവും പറ്റുകയില്ല എന്ന് തുറന്നു പറഞ്ഞു. മാത്രമല്ല, ആധുനികതയുടെ സൗന്ദര്യ ശാസ്ത്രത്തിലേക്ക് വിരല്‍ചൂണ്ടുവാനും അദ്ദേഹത്തിന് 1963ല്‍ തന്നെ കഴിഞ്ഞു. വെണ്ണിയൂര്‍ ആ ബന്ധത്തില്‍  ഇപ്രകാരമെഴുതി:

'കോമാളിത്തവും ദുരന്തവും അതാണ് ആധുനിക ജീവിതം. അത് കവിതയിലുണ്ട്. പുറമേ പരിഹാസവും ഐറണിയും.'

വെണ്ണിയൂര്‍ പറയുന്ന ഈ സ്വഭാവങ്ങളെല്ലാം അന്നത്തെ കവിതയില്‍ ഉണ്ടായിരുന്നു. അന്‍പതുകളില്‍ ഗോവിന്ദനും പണിക്കരും മറ്റു ചില കവികളും ഫലിതപരിഹാസത്തിലൂടെ ജീവിതത്തിന്റെ തകര്‍ച്ചയും ദുരന്തവും ചിത്രീകരിച്ചിരുന്നു. ഇതെല്ലാം നിരൂപണത്തില്‍ ശക്തിയായി കടന്നുവന്നത് അറുപതുകളുടെ ഒടുവിലും എഴുപതുകളുടെ തുടക്കത്തിലുമായിരുന്നു എന്നു മാത്രം. 

കഥയുടേയും നോവലിന്റേയും രംഗത്തുണ്ടായ മാറ്റങ്ങളെ അംഗീകരിക്കുവാനും വ്യാഖ്യാനം ചമയ്ക്കുവാനും കൂടുതലാളുകള്‍ മുന്നോട്ടു വന്നില്ല. ജോസഫ് മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, എസ്. ഗുപ്തന്‍ നായര്‍, തായാട്ട് ശങ്കരന്‍, പി.കെ. ബാലകൃഷ്ണന്‍, എം. കൃഷ്ണന്‍ നായര്‍, എം.ആര്‍. ചന്ദ്രശേഖരന്‍ തുടങ്ങിയ അന്നത്തെ പ്രമുഖ വിമര്‍ശകരാരും അക്കാലത്ത് മലയാള ഗദ്യ സാഹിത്യത്തില്‍ രൂപമെടുത്ത പുതിയ സാഹിത്യത്തേയും അതിന്റെ പിന്നിലുള്ള അപരിചിതവും ഭിന്നവുമായ കാഴ്ചപ്പാടുകളും കണ്ടെത്താന്‍ മുന്നോട്ടു വന്നില്ല. മാത്രമല്ല, പുതിയ മാറ്റങ്ങളെ അവഗണിക്കുകയും ചിലപ്പോള്‍ പരിഹസിക്കുകയുമാണുണ്ടായത്. അന്ന് സാഹിത്യവിമര്‍ശന രംഗം അടക്കിഭരിച്ച വിമര്‍ശനസിംഹങ്ങള്‍ക്കൊന്നും അന്നത്തെ പുതിയ സാഹിത്യത്തെ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ആധുനിക സാഹിത്യത്തിന്റെ ധമനികളില്‍ പ്രവഹിച്ചുകൊണ്ടിരുന്ന സവിശേഷമായ സൗന്ദര്യോര്‍ജ്ജത്തെ ഉള്‍ക്കൊള്ളാന്‍ വേണ്ട സഹൃദയത്വവും സംവേദനശക്തിയും അവര്‍ക്കില്ലാതെ പോയി. റൊമാന്റിസിസ്സവുമായി ഇഴുകിച്ചേര്‍ന്നുപോയ വിമര്‍ശകരുടെ അഭിരുചിയും കാഴ്ചപ്പാടും ഭാവുകത്വവും ആധുനികരുടെ സൃഷ്ടികളില്‍നിന്നും അവരെ അകറ്റി. കേസരിയെപ്പോലെ സമകാലിക സാഹിത്യത്തെ വിടര്‍ന്ന കണ്ണുകള്‍കൊണ്ട് കാണുവാനോ പരിചയപ്പെടുത്തുവാനോ വിലയിരുത്തുവാനോ അന്നത്തെ വിമര്‍ശകര്‍ക്കു കഴിഞ്ഞില്ല.

നമ്മുടെ സാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന പരിണാമങ്ങള്‍ പ്രമുഖ വിമര്‍ശകര്‍ മനസ്സിലാക്കിയില്ലെങ്കിലും ചില സര്‍ഗ്ഗാത്മക എഴുത്തുകാര്‍ അത് മനസ്സിലാക്കിയിട്ടുണ്ട്. അതിലൊരാള്‍ എം.ടിയാണ്. അദ്ദേഹം എഴുതിയ 'കാഥികന്റെ പണിപ്പുര' (1963) എന്ന പുസ്തകത്തില്‍ നവോത്ഥാനകാല സാഹിത്യത്തില്‍നിന്നും വേര്‍പെട്ട് പിറവിയെടുത്ത പുതിയ ഭാവുകത്വത്തെക്കുറിച്ച് ചിലത് പറയുന്നുണ്ട്. അദ്ദേഹം ഇപ്രകാരം എഴുതി: 'എനിക്കു വേണ്ടിയാണ് ഞാനെഴുതുന്നത്..., കഥയുടെ ആത്മീയ ജീവിതം എന്നില്‍ തന്നെയാണ്. എന്റെ ഹൃദയത്തിലാണ് മുളക്കുന്നത്. കിളിര്‍ക്കുന്നതും പടരുന്നതും പൂത്തുകയറുന്നതും എന്റെ ഹൃദയത്തില്‍ തന്നെ.' കലയേയും സൗന്ദര്യത്തേയും സംബന്ധിക്കുന്ന പുതിയൊരു കാഴ്ചപ്പാടിലേക്ക് സൂചന നല്‍കുന്ന വാക്കുകളാണ് ഇവ. നമ്മുടെ ഭാഷയില്‍ നല്ല രാഷ്ട്രീയ നോവലുകളോ ആക്ഷേപഹാസ്യ പ്രധാനമായ നോവലുകളോ ഹെര്‍മന്‍ ഹെസ്സിന്റെ 'സിദ്ധാര്‍ത്ഥ' പോലുള്ള ദാര്‍ശനിക നോവലുകളോ ഉണ്ടായിട്ടില്ല എന്ന് എം.ടി ഖേദത്തോടെ എഴുതുന്നു. സ്വന്തം കാലത്തെ തിരിച്ചറിയുവാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. ആധുനിക ജീവിതം നേരിടുന്ന ശൂന്യതയെപ്പറ്റി അദ്ദേഹം ഇപ്രകാരം എഴുതി:

'ഇന്നാകട്ടെ, ജീവിതത്തിന്നൊരു ശൂന്യതയുണ്ട്; ഏക സ്വരതയുണ്ട്; വിരസതയുണ്ട്; ഈ ശൂന്യതയില്‍നിന്നും കോരിയെടുത്താണ് ഇന്നും മിക്കവാറും നാളെയും നമുക്ക് നിര്‍മ്മാണം നടത്തേണ്ടത്.'
അവ്യക്തവും ആശങ്കാകുലനായ ഒരുതരം വ്യര്‍ത്ഥതാബോധത്തെക്കുറിച്ചും എം.ടി സൂചിപ്പിക്കുന്നുണ്ട്. മൂല്യങ്ങള്‍ തകര്‍ന്ന ഈ ലോകത്തെ മനുഷ്യരുടെ നിസ്സഹായതയും അസ്വാസ്ഥ്യവും ഉള്‍ക്കൊണ്ട് അദ്ദേഹം എഴുതി:

'ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുടെ ശ്മശാന പുഷ്പങ്ങള്‍ നോക്കിയാണ് ആധുനിക മനുഷ്യന്‍ സഞ്ചരിക്കുന്നത്. ഭൂതകാലത്തിലും അയവിറക്കത്തക്ക മാധുര്യമേറിയ യാതൊന്നുമില്ല. അവന്‍ ഭീരുവാണ്, സംശയാലുവാണ്, പരതന്ത്രനാണ്. അവനെ സൃഷ്ടിക്കുവാന്‍ റോഡില്‍ പ്രതിമകളുടെ സുന്ദരരേഖകളും വളവുകളും കൊണ്ടുള്ള കുറ്റമറ്റ ആകാരം നല്‍കിയാല്‍ മതിയാവുകയില്ല. പിക്കാസോവിന്റെ 'മിനോട്ടര്‍' പോലെ വികൃതവും സങ്കീര്‍ണ്ണവുമാണ് അവന്റെ രൂപം.'

സ്വന്തം കാലത്തേയും വരാന്‍ പോകുന്ന കാലത്തേയും ആഴത്തിലറിഞ്ഞ തത്ത്വചിന്തകന്റെ ദൃഢശബ്ദത്തിലാണ് ഇവിടെ എം.ടി സംസാരിക്കുന്നത്. ഈ വാക്കുകള്‍ വരാന്‍ പോകുന്ന വ്യത്യസ്ത ഭാവുകത്വം പ്രകടിപ്പിക്കുന്ന രചനകള്‍ക്കുള്ള ആമുഖമായി മാറുന്നു. ആധുനിക മനുഷ്യന്റെ ജീവിതം നേരിട്ട ശൂന്യതാബോധവും വ്യര്‍ത്ഥതാബോധവും അറുപതുകളുടെ തുടക്കത്തില്‍ത്തന്നെ എം.ടി അറിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നു. ഇതൊക്കെ മലയാളത്തിലെ സാഹിത്യചിന്തയെ സ്വാധീനിച്ചത് പിന്നീടാണ്. ആധുനിക വിമര്‍ശനത്തിന്റേയും ആദ്യ രശ്മികള്‍ എം.ടിയുടെ ചിന്തകളില്‍ തെളിഞ്ഞുവരുന്നു. എം.ടി ഇതെഴുതുമ്പോള്‍ ആധുനിക രചനകള്‍ ഉണ്ടായി തുടങ്ങുന്നതേയുള്ളൂ. ആധുനികതാ പ്രസ്ഥാനത്തിലെ പ്രധാന കഥകളും നോവലുകളും പുറത്തുവന്നത് പിന്നീടാണ്. കാലത്തിന്റെ ആന്തരനാദം കേള്‍ക്കുവാന്‍ കഴിഞ്ഞതുകൊണ്ടാണ് ഭാവി ഇത്ര കൃത്യമായി പ്രവചിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത്. ഈ സിദ്ധിവിശേഷം അന്നത്തെ വിമര്‍ശകര്‍ക്ക് ആര്‍ക്കും ഉണ്ടായിരുന്നില്ല.

പുതിയകാലത്തെ പഠിക്കുവാന്‍ പുതിയകാലത്തിന്റെ ദര്‍ശനവും സൗന്ദര്യബോധവും ആവശ്യമായിരുന്നു. 'സാക്ഷി', 'ഖസാക്കിന്റെ ഇതിഹാസം', 'ദല്‍ഹി' തുടങ്ങിയ നോവലുകള്‍ പ്രകടിപ്പിച്ച ആപല്‍ക്കരമായ മനോഭാവവും ആഖ്യാനകലയിലെ നവീനതയും മനുഷ്യജീവിതത്തെപ്പറ്റിയുള്ള ദാര്‍ശനികമായ കാഴ്ചപ്പാടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തിടത്തോളം അവയെല്ലാം ആസ്വാദനത്തിനു പുറത്താകും. ആധുനിക നോവലുകളിലെ മൂല്യവ്യവസ്ഥയേയും പരമ്പരാഗതമായ സദാചാര മൂല്യങ്ങളേയും തകര്‍ത്തെറിയുന്ന കലാപവാസനയും പ്രതിഷേധവും ഉള്‍ക്കൊള്ളുവാന്‍ പല പ്രമുഖര്‍ക്കും കഴിയാതെ പോയി.  അതാണ് അന്നത്തെ യാഥാസ്ഥിതിക വായനക്കാര്‍ക്കും വിമര്‍ശകര്‍ക്കും സംഭവിച്ചത്. അറുപതുകളുടെ ഒടുവില്‍ പ്രബലമായ സാഹിത്യത്തിലെ ആധുനിക ധാരകള്‍ വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ അന്നത്തെ വായനക്കാര്‍ക്കു പൊതുവില്‍ കഴിഞ്ഞതുമില്ല. എന്നാല്‍, വ്യത്യസ്തമായ സൗന്ദര്യബോധവും അന്നത്തെ ലോക സാഹിത്യത്തിലെ അന്തര്‍ധാരകളും ചിന്താധാരകളും ഉള്‍ക്കൊണ്ട വായനക്കാര്‍ക്കു പുതിയ കൃതികളിലേക്ക് അനായാസം പ്രവേശിക്കുവാന്‍ കഴിഞ്ഞു. ആദ്യം അതൊരു ന്യൂനപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, സാവധാനത്തില്‍ ആധുനിക സാഹിത്യകൃതികള്‍ പുതിയ തലമുറയില്‍പ്പെട്ട വായനക്കാരില്‍ വലിയ ചലനങ്ങളുണ്ടാക്കി. ആധുനികരിലെ പ്രക്ഷോഭ വാസനയും പുതിയ ജീവിത ദര്‍ശനവും ശക്തവും വ്യത്യസ്തവുമായ ഭാഷാശൈലിയും പുതിയ തലമുറയെ സര്‍ഗ്ഗാത്മകമായി പ്രചോദിപ്പിക്കുകയും അവരില്‍ വിസ്മയകരമായ വിധത്തില്‍ സൗന്ദര്യലഹരി സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍, സാഹിത്യത്തിലെ പുതുഭാവുകത്വത്തെ അംഗീകരിക്കുവാന്‍ പഴയ തലമുറയില്‍പ്പെട്ട വിമര്‍ശകര്‍ മാത്രമല്ല, സര്‍ഗ്ഗാത്മക എഴുത്തുകാരും തയ്യാറായില്ല. ദേവും തകഴിയും ബഷീറുമെല്ലാം ആധുനികതയ്ക്ക് എതിരെ ശബ്ദിച്ചു. ആധുനികതയുടെ പിന്നിലെ ദര്‍ശനവും സൗന്ദര്യവും വിശദീകരിക്കുവാന്‍ പുതിയ വിമര്‍ശകരും രംഗത്തുവന്നു. അവരില്‍ പ്രമുഖനാണ് കെ.പി. അപ്പന്‍.

ലോകസാഹിത്യത്തിലെ ആധുനികമായ സൗന്ദര്യബോധവും ദര്‍ശനവും നിറഞ്ഞ മികച്ച രചനകളും ആധുനിക സൗന്ദര്യശാസ്ത്ര ചിന്തകളും അതിന്റെയെല്ലാം പിന്നിലുള്ള തത്ത്വചിന്തയും വളരെ സമയമെടുത്ത് വായിച്ചു മനസ്സിലാക്കിയ കെ.പി. അപ്പന് മലയാളത്തില്‍ അറുപതുകളില്‍ രൂപമെടുത്ത വ്യത്യസ്ത സൗന്ദര്യബോധം പ്രകടമാക്കിയ കലാസൃഷ്ടികളുടെ ഉള്ള് വേഗത്തില്‍ തിരിച്ചറിയുവാന്‍ കഴിഞ്ഞു. ആധുനിക നോവലുകളിലേയും ചെറുകഥകളിലേയും ഭാഷയുടെ പുതുമയും ആഖ്യാനത്തിന്റെ മൗലികതയും ദര്‍ശനത്തിന്റെ സവിശേഷതയും വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു സാധിച്ചു. തന്റെ ഉള്ളില്‍ മറഞ്ഞുകിടന്നിരുന്ന ജീവിതബോധവും സൗന്ദര്യമൂല്യങ്ങളും അപ്പന്‍ ആധുനിക കൃതികളില്‍ കണ്ടെത്തുകുകയായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. കുട്ടിക്കാലം മുതല്‍ യാഥാര്‍ത്ഥ്യത്തെ പച്ചയായി ചിത്രീകരിക്കുന്ന കൃതികളോടും ഭൗതികപ്രശ്‌നങ്ങളെ രചനയുടെ ഭാഗമായി സ്വീകരിക്കുന്ന രചനകളോടും താല്പര്യക്കുറവ് അപ്പനുണ്ടായിരുന്നു. കുട്ടിക്കാലത്തെ വായനകളില്‍ അത് പ്രകടമായത് മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. ജീവിതത്തോട് ദാര്‍ശനികമായ കാഴ്ചപ്പാട് സ്വീകരിച്ച ഒ.വി. വിജയനോടും മുകുന്ദനോടും കൂടുതല്‍ അടുപ്പം തോന്നുകയും ചെയ്തു. തകഴിയുടേയും ദേവിന്റേയും കഥകള്‍ വായിച്ച സമയനഷ്ടം ആധുനികരുടെ കഥകള്‍ വായിച്ച് വീണ്ടെടുത്തുവെന്ന് പിന്നീട് കേശവദേവിന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന് കടുത്ത അലോസരം സൃഷ്ടിക്കും വിധം അപ്പന്‍ പ്രസംഗിച്ചിട്ടുണ്ട്. എന്തായാലും പുതിയ സാഹിത്യത്തെ അത്യന്തം താല്പര്യത്തോടെ വായിക്കുകയും അതിന്റെ പിന്നിലുള്ള ദാര്‍ശനിക പ്രശ്‌നങ്ങളും ലാവണ്യ സങ്കല്പങ്ങളും കണ്ടെത്തുകയും ചെയ്യുന്നതില്‍ അതീവ താല്പര്യം പ്രകടിപ്പിച്ചു അപ്പന്‍.

(തുടരും)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com