തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദി തന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെക്കുറിച്ച് അതീവ ബോധവാനാണ്...

ഒരിക്കല്‍ യു.എസ് വിസ നിഷേധിക്കപ്പെട്ടയാളാണ് മോദി. എന്നാല്‍, ഈ സന്ദര്‍ശനത്തോടെ യു.എസ് കോണ്‍ഗ്രസ്സിനെ രണ്ടാം തവണ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദി തന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെക്കുറിച്ച് അതീവ ബോധവാനാണ്...

ന്ത്രണ്ടു മാസങ്ങള്‍ക്കു ശേഷം നടക്കാനുള്ള വലിയ രാഷ്ട്രീയ യുദ്ധത്തിനുള്ള സ്റ്റാര്‍ട്ടിങ് ലൈന്‍ വരച്ചിട്ടത് രണ്ടു ഭൂഖണ്ഡങ്ങളിലെ രണ്ടു സ്ഥലങ്ങളിലാണ്- വാഷിങ്ടണ്‍ ഡി.സിയിലും ഇങ്ങ് ബിഹാറിലെ പാറ്റ്നയിലും. വൈറ്റ്ഹൗസിലെ സൗത്ത് ലോണില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആര്‍ഭാട വിരുന്നും സ്വീകരണവും ഏറ്റുവാങ്ങിയ മോദി ഒരുകാലത്ത് വിലക്കപ്പെട്ടതെല്ലാം സ്വന്തമാക്കിയാണ് തിരിച്ചെത്തിയത്. പ്രതിരോധ - ബഹിരാകാശ ഗവേഷണം, യുദ്ധവിമാന സാങ്കേതികവിദ്യ, ആണവമേഖലയിലെ സഹകരണം തുടങ്ങി ഒരുകാലത്ത് ഇന്ത്യ ആവശ്യപ്പെട്ടിട്ടും നിഷേധിച്ചവയാണ് ഇത്തവണ മോദിയിലൂടെ യു.എസ് നല്‍കിയത്. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ കാലത്ത് യു.എസുമായുള്ള നയതന്ത്രബാന്ധവം ബി.ജെ.പിക്ക് രാഷ്ട്രീയഗുണകരമാകുമെന്നു തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 

ഒരിക്കല്‍ യു.എസ് വിസ നിഷേധിക്കപ്പെട്ടയാളാണ് മോദി. എന്നാല്‍, ഈ സന്ദര്‍ശനത്തോടെ യു.എസ് കോണ്‍ഗ്രസ്സിനെ രണ്ടാം തവണ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി.  ഇന്ത്യന്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു പ്രധാനമന്ത്രിക്ക് ഇത്തരത്തില്‍ ഒരു സ്വീകരണം ലഭിക്കുന്നത്. 2016-ലും യു.എസ് കോണ്‍ഗ്രസ്സിനെ മോദി അഭിസംബോധന ചെയ്തിട്ടുണ്ട്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലും നെല്‍സണ്‍ മണ്ടേലയ്ക്കും ശേഷം ഇത്തരത്തില്‍ അവസരം ലഭിക്കുന്ന ലോക നേതാവായി മോദി. ഈ നേട്ടങ്ങളൊക്കെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു. ഈജിപ്താകട്ടെ, പരമോന്നത ബഹുമതിയും നരേന്ദ്ര മോദിക്കു നല്‍കി. രാജ്യാന്തര രംഗത്ത് ഉന്നത ബഹുമതി നേടുന്നതടക്കമുള്ളവ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുമെന്നുറപ്പാണ്.  

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധം സൂക്ഷിച്ചിരുന്ന മോദി ബൈഡനുമായും സൗഹൃദത്തിലാകുന്നത് സുഗമമായ ബന്ധം മാത്രം ലക്ഷ്യമിട്ടല്ല. സൂക്ഷ്മമായ തിരക്കഥയ്ക്കു ശേഷമാണ് മോദിയുടെ യു.എസ് സന്ദര്‍ശനം. ബൈഡന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും ശക്തരായ മോദി വിരുദ്ധരായിരുന്നു. ജാമി റാസ്‌കിന്‍ അടക്കമുള്ളവര്‍ യു.എസ് കോണ്‍ഗ്രസ്സിലെ പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്തു. യു.എസുമായി ഊഷ്മളബന്ധം നിലനിര്‍ത്താനുള്ള മോദിയുടെ തീരുമാനത്തിനു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഈ സന്ദര്‍ശനത്തിനു ശേഷം വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. 

മോദിയെ അഭിവാദ്യം ചെയ്യാൻ കാത്തു നിൽക്കുന്ന പ്രവാസികൾ
മോദിയെ അഭിവാദ്യം ചെയ്യാൻ കാത്തു നിൽക്കുന്ന പ്രവാസികൾ

പ്രതിച്ഛായാ നിര്‍മ്മാണം

ഇന്ത്യയോടൊപ്പം വളരുക എന്നാണ് ഈ സന്ദര്‍ശനത്തിലുടനീളം മോദി ഉയര്‍ത്തിയ ആഹ്വാനം. ഇതുവരെയുള്ള ഇന്ത്യയുടെ സാമ്പത്തികനില ഭദ്രമാണെന്നും ഇനിയങ്ങോട്ട് വികസനത്തിന്റെ യാത്ര വേഗത്തിലാകുമെന്നാണ് മോദിയുടെ വാഗ്ദാനം. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും ജനാധിപത്യം വാക്കാല്‍ മാത്രമാണെന്നുമുള്ളത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യം നടുങ്ങിവിറച്ച 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ ഇന്ത്യ - ദി മോദി ക്വസ്റ്റ്യയന്‍ ഡോക്യുമെന്ററി ലോകത്തെമ്പാടും ചര്‍ച്ചയുമായി. ഡോക്യുമെന്ററി നിരോധിച്ച നടപടിയില്‍ പരക്കെ പ്രതിഷേധവുമുണ്ടായി. പാശ്ചാത്യ രാജ്യങ്ങളില്‍ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് അന്ന് കേന്ദ്രസര്‍ക്കാരിനു പിന്തുണയുമായി വന്നത്. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റമടക്കമുള്ള വിഷയങ്ങളില്‍ ഗൗരവ പിന്തുണ വ്യാപകമായി ആര്‍ജ്ജിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞതുമില്ല.  ഇതിന്റെ അടിസ്ഥാനത്തിലാണ് 2024-ന് മുന്നോടിയായി പ്രതിച്ഛായ നിര്‍മ്മിതിക്ക് അദ്ദേഹം നേരിട്ടിറങ്ങിയത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം മോദി തന്റെ അന്താരാഷ്ട്രാ പ്രതിച്ഛായയെക്കുറിച്ച് അതീവ ബോധവാനുമാണ്.

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളില്‍ വിവേചനമില്ലെന്ന് അഭിപ്രായപ്പെട്ട മോദി മതത്തിന്റേയോ ജാതിയുടേയോ പ്രായത്തിന്റേയോ അടിസ്ഥാനത്തില്‍ ജനത വിവേചനം നേരിടുന്നില്ലെന്ന പ്രസ്താവനയാണ് നടത്തിയത്. ഇത്തരമൊരു വിചിത്ര വാദഗതി വിദേശരാജ്യങ്ങളില്‍ പ്രചരിപ്പിക്കുകയെന്ന ദുരൂഹത കൂടി ഈ സന്ദര്‍ശനങ്ങള്‍ക്കുണ്ട്. രാജ്യത്തിന്റെ ആത്മാവിലും രക്തത്തിലും ജനാധിപത്യം അലിഞ്ഞുചേര്‍ന്നിരിക്കുന്നുവെന്നാണ് മോദി പ്രഖ്യാപിച്ചത്. 

മറ്റൊന്ന്, ഇന്ത്യയിലെ പ്രതിച്ഛായാ നിര്‍മ്മിതിക്കു പുറമേ ആഗോള നേതാവ് എന്ന പദവി കൂടി മോദിക്കും ആര്‍.എസ്.എസിനും വേണം. അതിനു വഴിയൊരുക്കലാണ് ആഗോളതലത്തിലുള്ള ഈ ക്യാപയിനിങ്ങിനു പിന്നില്‍. ഈ വര്‍ഷം നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഉള്‍പ്പെടെയുള്ള നയതന്ത്ര നീക്കങ്ങളിലൂടെ ആദരവും നിക്ഷേപവും നേടാന്‍ കഴിയുന്ന ഏക നേതാവ് എന്ന പ്രതിച്ഛായ നേടാനാകുമെന്ന് മോദിയും കൂട്ടരും കരുതുന്നു. വികാസ് പുരുഷ് എന്ന പഴയ ലേബലിന്റെ 'ആഗോള' പുനരവതരണം. ഇന്ത്യയെ ശക്തിപ്പെടുത്താന്‍, ഇന്ത്യാക്കാര്‍ക്ക് അവസരമൊരുക്കാനെന്ന പേരിലാണ് മോദി ഇത്തവണത്തെ വിദേശയാത്രകളെല്ലാം ഉപയോഗിച്ചത്. കഴിഞ്ഞ മാസം ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനു കിട്ടിയ വന്‍ സ്വീകരണം തനിക്കല്ല, ഇന്ത്യയ്ക്കാണെന്നാണ് മോദി മറുപടിപ്രസംഗത്തില്‍ പറഞ്ഞത്. അതായത് ഇന്ത്യന്‍ വികസന നായകന്‍ താന്‍ തന്നെയാണെന്ന  വ്യംഗ്യാര്‍ത്ഥം അതിനുണ്ട്.

ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ രേഖയില്‍ 58 ഖണ്ഡികകള്‍ ഇന്ത്യയ്ക്ക് വളരെയധികം പ്രയോജനകരമായ രീതിയില്‍ സാങ്കേതികവിദ്യയിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്ന് ഒബാമ-ട്രംപ് ഭരണകൂടത്തില്‍ ന്യൂനപക്ഷ പ്രത്യേക ഉപദേശകനായിരുന്ന ക്നോക്‌സ് തെംസ് ടൈംസിലെഴുതിയ ലേഖനത്തില്‍  വിമര്‍ശിക്കുന്നുണ്ട്. പരിഷ്‌കരിച്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലില്‍ ഇന്ത്യയെ സ്ഥിരമായി ഉള്‍പ്പെടുത്തുമെന്നുള്ള ഉറപ്പും മോദി വാങ്ങിയെടുത്തിട്ടുണ്ട്. ഭീകരവാദത്തിന്റെ പേരില്‍ അമേരിക്കയെക്കൂടി ഉള്‍പ്പെടുത്തി പാകിസ്താനെ വിമര്‍ശിക്കാന്‍ സാധിച്ചു. ഇതൊക്കെ രാഷ്ട്രീയ നേട്ടമായി ബി.ജെ.പി അവതരിപ്പിക്കാനിരിക്കുകയാണ്. അതായത് ഇനിയുള്ള നാളുകളില്‍ പ്രഖ്യാപനത്തിന്റെ പ്രതിച്ഛായ പുരുഷനിര്‍മ്മിതിക്കുള്ള ആയുധങ്ങള്‍ മോദി സംഭരിച്ചെന്നര്‍ത്ഥം. 

സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന ജി-20 യോഗത്തിലും പ്രധാനമന്ത്രി തന്നെയാകും ആകര്‍ഷണം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലും മോദി തന്നെയാവും പ്രധാന താരം. അവസരങ്ങളെ സാധ്യതകളായി കാണുന്ന ബി.ജെ.പിക്ക് ഇതെല്ലാം ഫലപ്രദമായി ഉപയോഗിക്കുക എന്ന ദൗത്യം മാത്രമാണുള്ളത്. 

പാറ്റ്നയിൽ നടന്ന പ്രതിപക്ഷ നേതാക്കൻമാരുടെ സമ്മേളനത്തിനു ശേഷം
പാറ്റ്നയിൽ നടന്ന പ്രതിപക്ഷ നേതാക്കൻമാരുടെ സമ്മേളനത്തിനു ശേഷം

പാറ്റ്‌നയിലെ പടപ്പുറപ്പാട്

വിദേശത്ത് മോദി പറക്കുമ്പോള്‍ ഇവിടെ പാറ്റ്നയില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കുകയായിരുന്നു. ഏറെ രാഷ്ട്രീയ വിപ്ലവങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ബിഹാറില്‍. സ്വാതന്ത്ര്യസമര കാലത്ത്, 1917-ല്‍ ചമ്പാരനില്‍ മഹാത്മാഗാന്ധി സത്യഗ്രഹത്തിനും 1977-ല്‍ ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പോരാട്ടവും തുടക്കം കുറിച്ചത് ബിഹാറിന്റെ മണ്ണില്‍ നിന്നാണ്. എഴുപതുകളില്‍ ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന കാലത്താണ് രാജ്യം കണ്ട ഏറ്റവും വലിയ നേതാവിനെതിരെ പടയൊരുങ്ങിയത്. ഏതായാലും 2024-ലെ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പോരാടാന്‍ തീരുമാനിച്ചുകൊണ്ടാണ് പട്ന സമ്മേളനം അവസാനിച്ചത്. 15 പാര്‍ട്ടികളില്‍നിന്നായി 32 നേതാക്കള്‍ പങ്കെടുത്ത കൂട്ടായ്മ അടുത്ത മാസം വീണ്ടും, കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ചേരും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം യോഗം ചേരാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ ചെന്നൈയും കൊല്‍ക്കത്തയും മുംബൈയുമൊക്കെ കൂട്ടായ്മയ്ക്ക് വേദിയാകും. 

കോണ്‍ഗ്രസ്സിനു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ജെ.ഡി.യു, ആര്‍.ജെ.ഡി, സി.പി.എം, സി.പി.ഐ, എന്‍.സി.പി, ശിവസേന (ഉദ്ധവ് താക്കറെ), സമാജ് വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ജെ.എം.എം, സി.പി.ഐ (എംഎല്‍) എന്നിവയാണ് പട്ന സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ട്ടികള്‍.  മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി എന്നിവയടക്കമുള്ള പാര്‍ട്ടികളും അടുത്ത യോഗത്തില്‍ പങ്കെടുത്തേക്കും. 'ഫോട്ടോസെഷന്‍' എന്നാണ് ബി.ജെ.പി ഈ യോഗത്തെ പരിഹസിച്ചത്. ഏതായാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കഴിഞ്ഞ ദശാബ്ദങ്ങളില്‍ മോദി സൃഷ്ടിച്ച മാറ്റങ്ങളിലധികം ഈ ഫോട്ടോസെഷനില്‍നിന്ന് പ്രതീക്ഷിക്കാം. മമത ബാനര്‍ജിയും നിതീഷ്‌കുമാറും അഖിലേഷ് യാദവുമൊക്കെ നിറഞ്ഞുനിന്ന വേദിയില്‍ പ്രധാനപ്പെട്ട രണ്ട് കോണ്‍ഗ്രസ് വ്യക്തിത്വങ്ങളുമുണ്ടായിരുന്നു- മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും.

വിട്ടുവീഴ്ചകള്‍ക്കു തയ്യാറായി കോണ്‍ഗ്രസ് നിലയുറപ്പിച്ചാല്‍ പ്രതിപക്ഷമുന്നണി ലക്ഷ്യം കണ്ടേക്കാം എന്ന പ്രതീക്ഷ ഈ യോഗം നല്‍കുന്നു. ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ എതിര്‍പ്പറിയിച്ച ആം ആദ്മി പാര്‍ട്ടി അടുത്ത യോഗത്തില്‍ പങ്കെടുക്കില്ല. രാജ്യസഭയില്‍ ഓര്‍ഡിനന്‍സിന് അനുകൂല നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. നവീന്‍ പട്നായിക്കിന്റെ ബി.ജെ.ഡി, ആന്ധ്രയിലെ വൈ.എസ്.ആര്‍.പി, തെലങ്കാനയിലെ ബി.ആര്‍.എസ് എന്നിവ ഒറ്റയ്ക്ക് മത്സരിക്കുകയും എന്‍.ഡി.എ സര്‍ക്കാരിനു വിവേചന പിന്തുണ കൊടുക്കുകയും ചെയ്തിട്ടുള്ള പാര്‍ട്ടികളാണ്.  ആം ആദ്മി പാര്‍ട്ടിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകാനുള്ള സാധ്യതയും കുറവാണ്. എന്നാല്‍, പ്രതിപക്ഷ ഐക്യത്തിനായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നാണ് നിതീഷിന് രാഹുല്‍ നല്‍കിയ ഉറപ്പ്. അങ്ങനെയെങ്കില്‍ 2024-ല്‍ ബി.ജെ.പി നേരിടുക ചെറുപാര്‍ട്ടികളുടെ വലിയ നിരയാണ്. പ്രതിപക്ഷ നിരയിലേക്ക് കുറച്ചുകൂടി ചെറുപാര്‍ട്ടികള്‍ കടന്നുവന്നേക്കാം എന്നല്ലാതെ വലിയ പാര്‍ട്ടികള്‍ ഇനി വരാനുള്ള സാധ്യത കുറവാണ്. ഒഡീഷ ഭരിക്കുന്ന ബി.ജെ.ഡി, ആന്ധ്രയിലെ വൈ.എസ്.ആര്‍.പി, തെലങ്കാനയിലെ ബി.ആര്‍.എസ് തുടങ്ങിയവ ഒറ്റയ്ക്ക് മത്സരിക്കുകയും എന്‍.ഡി.എ സര്‍ക്കാരിന് വിഷയാധിഷ്ഠിത പിന്തുണ കൊടുക്കുകയും ചെയ്യുകയെന്ന നിലപാട് മുന്‍പേ സ്വീകരിച്ചിട്ടുണ്ട്. ബി.ആര്‍.എസിനാണെങ്കില്‍, കോണ്‍ഗ്രസ്സാണ് തെലങ്കാനയിലെ വലിയ എതിരാളികള്‍.

ഇവരെല്ലാം കോണ്‍ഗ്രസ്സിനോട് കാണിക്കുന്ന കൂറിനേക്കാള്‍ ബി.ജെ.പിയോടും അടുപ്പം പുലര്‍ത്തുന്നവരാണ് എന്നതാണ് വസ്തുത. ഭാരത് രാഷ്ട്രസമിതി നേതാവ് കെ. ചന്ദ്രശേഖര്‍ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് വാചാലനാകുമെങ്കിലും മഹാരാഷ്ട്രയിലും തെലങ്കാനയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള തീരുമാനത്തില്‍ ബി.ജെ.പിയേക്കാള്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചത് അദ്ദേഹമാണ്. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി, തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെ, ദീര്‍ഘകാലം എന്‍.ഡി.എയുടെ ഭാഗമായിരിക്കുകയും കര്‍ഷകസമര സമയത്ത് പുറത്തുവരികയും ചെയ്ത പഞ്ചാബ് പാര്‍ട്ടി അകാലിദള്‍ തുടങ്ങിയവ ബി.ജെ.പിയോടൊപ്പം എന്‍.ഡി.എയില്‍ തുടരാനാണ് സാധ്യത. മായാവതിയുടെ ബി.എസ്.പിയും എന്‍.ഡി.എയ്ക്കൊപ്പം തുടര്‍ന്നേക്കാം. എന്നാല്‍, പ്രതിപക്ഷ ഐക്യം സാധ്യമായാല്‍ ബി.ജെ.പിക്ക് തങ്ങളുടെ സഖ്യസാധ്യതകള്‍ പുനരവലോകനം ചെയ്യേണ്ടിവരും. ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ മറ്റൊരു വഴിയും ബി.ജെ.പിക്കു നിലവിലില്ല. ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവും അമിത്ഷായും തമ്മില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. അകാലിദളുമായുള്ള ബന്ധം പുതുക്കാനും ബി.ജെ.പി ശ്രമം തുടരുന്നു. എച്ച്.ഡി. ദേവഗൗഡയുടെ ജെ.ഡി.എസും ബി.ജെ.പിക്ക് ഒപ്പമാണ്. 

മമതയും രാ​ഹുലും
മമതയും രാ​ഹുലും

കണക്കുണ്ട് നേതാവില്ല

2014-ല്‍ കോണ്‍ഗ്രസ്സിനു കിട്ടിയത് 44 സീറ്റുകളാണ്. യു.പി.എ സഖ്യത്തിന് 59 ഉം. 2019-ല്‍ കോണ്‍ഗ്രസ്സിന് 52 സീറ്റുകള്‍ കിട്ടിയപ്പോള്‍ യു.പി.എ സഖ്യം 88 സീറ്റുകള്‍ നേടി. 2014-ല്‍ ബി.ജെ.പി തനിച്ച് നേടിയത് 282 സീറ്റുകളാണ്. 2019-ല്‍ ബി.ജെ.പി സീറ്റ് നില 303 ആക്കി. പട്നയില്‍ ചേര്‍ന്ന 15 പാര്‍ട്ടികളില്‍ തൃണമൂല്‍, ആം ആദ്മി പാര്‍ട്ടി, ജെ.ഡി.യു എന്നിവയും ഇടതുപാര്‍ട്ടികളും പി.ഡി.പിയുമാണ് യു.പി.എ സഖ്യത്തിലില്ലാതിരുന്നത്. ഇനി, ഈ പാര്‍ട്ടികള്‍ ചേരുമ്പോള്‍ വലിയൊരു നേട്ടം യു.പി.എ സഖ്യത്തിനുണ്ടാകുമോ എന്നത് പരിശോധിക്കപ്പെടണം. 2019-ല്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത് 22 സീറ്റാണ്, 2014-ല്‍ 34 ഉം. രണ്ടു സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി 18 സീറ്റുകള്‍ നേടി. രണ്ട് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ഇടതിന് സീറ്റൊന്നും ലഭിച്ചില്ല. ആം ആദ്മി പാര്‍ട്ടി ഇതുവരെ ലോക്സഭയില്‍ വിജയിച്ചിട്ടില്ല. ബിഹാറില്‍ എന്‍.ഡി.എയുടെ ഭാഗമായാണ് 2019-ല്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യു മത്സരിച്ചത്. അന്ന് 16 സീറ്റുകളും ബി.ജെ.പി 17 സീറ്റുകളും ഉള്‍പ്പെടെ 40-ല്‍ 39 സീറ്റുകളും എന്‍.ഡി.എ നേടി. ബാക്കിയുള്ള ഒരു സീറ്റാണ് കോണ്‍ഗ്രസ്സിനു കിട്ടിയത്. 2014-ല്‍ ഒറ്റയ്ക്ക് മത്സരിച്ച ജെ.ഡി.യു നേടിയത് രണ്ടു സീറ്റുകള്‍ മാത്രം. അന്ന് ബി.ജെ.പിയുടെ 22 സീറ്റുകള്‍ ഉള്‍പ്പെടെ 31 സീറ്റുകള്‍ എന്‍.ഡി.എയും ഏഴു സീറ്റുകള്‍ യു.പി.എയും നേടി. ഇടതുപക്ഷത്തിന് 2019-ല്‍ കിട്ടിയത് ആകെ അഞ്ച് സീറ്റുകളാണ്. ഉത്തര്‍പ്രദേശിലാകട്ടെ 2019-ല്‍ ബി.എസ്.പി- എസ്.പി സഖ്യത്തില്‍ 15 സീറ്റിലാണ് ജയിക്കാന്‍ കഴിഞ്ഞത്. 

ചുരുക്കിപ്പറഞ്ഞാല്‍ തൃണമൂലും ജെ.ഡി.യുവും ശിവസേനയും എസ്.പിയും ഇടതുപക്ഷവും ചേര്‍ന്നാല്‍ പോലും കേവലഭൂരിപക്ഷം തികയ്ക്കില്ല. രാഷ്ട്രീയമാണ്, സാഹചര്യം എപ്പോള്‍ വേണമെങ്കിലും മാറാമെന്നിരിക്കെ ഇതൊരു കൃത്യമായ കണക്കല്ല. നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തി അധികം സീറ്റുകള്‍ നേടിയാല്‍ മാത്രമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കു ഗുണമുണ്ടാകൂ. നൂറോളം സീറ്റുകളെങ്കിലും അധികം നേടാന്‍ പ്രതിപക്ഷ ഐക്യത്തിനു കഴിയണം. കര്‍ണാടകയിലെ വിജയത്തില്‍നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊണ്ട കോണ്‍ഗ്രസ്സാകട്ടെ, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ്. അതായത് കോണ്‍ഗ്രസ് നൂറ്റിയമ്പതിലധികം സീറ്റുകള്‍ നേടിയാല്‍ മാത്രമേ ഈ പ്രതിപക്ഷ നടപടികള്‍കൊണ്ട് ഗുണമുണ്ടാകൂ. എന്നാല്‍, എണ്‍പതുകള്‍ക്കു ശേഷം ഒരിക്കലും കോണ്‍ഗ്രസ് ആ നിലയിലെത്തിയിട്ടില്ലെന്നതാണ് വസ്തുത. യു.പി.എ രൂപീകരിച്ച 2004-ല്‍ പോലും 145 സീറ്റുകളാണ് കോണ്‍ഗ്രസ്സിനു നേടാനായത്. അതേസമയം ബി.ജെ.പിയുടെ സീറ്റ് നില ഒരിക്കല്‍പോലും താഴോട്ട് പോയിട്ടില്ലെന്നതാണ് പ്രത്യേകത.  പ്രതിപക്ഷത്തെ അലട്ടുന്ന മറ്റൊരു പ്രശ്നം ഏവര്‍ക്കും സ്വീകാര്യനായ ഒരു നേതാവിനെ തെരഞ്ഞെടുക്കാനാകുന്നില്ലെന്നതാണ്. മോദിക്കെതിരെ പോരാടാന്‍ അത്തരമൊരു ശക്തനായ നേതാവ് അനിവാര്യവുമാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com