'മുള്‍ക്കിരീടമില്ലാത്ത, താടിയില്ലാത്ത ക്രിസ്തു! ചിറകുകള്‍ ഇല്ലാത്ത മാലാഖമാര്‍!'

ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ പേരുകേട്ട സെന്റ് ആന്റണീസ് ബസലിക്കയാണ് പാദുവായിലെ വേറൊരു ആകര്‍ഷണം
'മുള്‍ക്കിരീടമില്ലാത്ത, താടിയില്ലാത്ത ക്രിസ്തു! ചിറകുകള്‍ ഇല്ലാത്ത മാലാഖമാര്‍!'

മുള്ളുവേലികളില്ലാത്ത, പട്ടാളക്കാരോ പരിശോധനകളോ ഇല്ലാത്ത രാജ്യാതിര്‍ത്തികള്‍ ഒന്നൊന്നായി പിന്നിട്ടാണ് പാരീസില്‍നിന്ന് ഞങ്ങള്‍ ഇറ്റലിയിലെ പാദുവായിലെത്തിയത്. ഇവിടുന്ന് വെനീസിലേക്ക് അധികം ദൂരമില്ല; അരമണിക്കൂര്‍ നേരത്തെ ബസ് യാത്ര. റോമയെക്കാള്‍ പഴക്കമുണ്ട് പാദുവാ നഗരത്തിന്. 3000 വര്‍ഷത്തെ ചരിത്രം. ക്രിസ്തുവിനു മുന്‍പ്, 1183-ലാണ് പാദുവായുടെ ഉദയം. കേക്കിനും ബിസ്‌കറ്റിനും ഗലെറ്റോ എന്നു വിളിക്കുന്ന ഇറ്റാലിയന്‍ ഐസ്‌ക്രീമിനും പ്രസിദ്ധമാണിവിടം. പാദുവായിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനും നഗരനിര്‍മ്മിതികളിലെ ചുവര്‍ചിത്രങ്ങളും യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചവയാണ്. അതിശയകരമായ കൊത്തുപണികളാല്‍ സമ്പന്നമായ ശില്പങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന തൂണുകള്‍ തെരുവില്‍ പലേടത്തും കണ്ടു.

ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ പേരുകേട്ട സെന്റ് ആന്റണീസ് ബസലിക്കയാണ് പാദുവായിലെ വേറൊരു ആകര്‍ഷണം. മികച്ച പ്രഭാഷകനും തിരുഗ്രന്ഥത്തില്‍ അഗാധ പണ്ഡിതനും അശരണരോടും രോഗാതുരരോടും കരുണയുള്ളവനുമായ പാതിരിയായിരുന്നുവത്രെ, പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ജനിച്ച സെന്റ് ആന്റണി. മരണാനന്തരം, സെന്റ് ആന്റണിയെപ്പോലെ ഇത്രവേഗം വിശുദ്ധരാക്കപ്പെട്ട വ്യക്തികള്‍ റോമന്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ഏറെയില്ലെന്നാണ് വിശ്വാസികളുടെ മതം. അദ്ദേഹം മരിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ്, 1232-ല്‍, പള്ളി നിര്‍മ്മാണം തുടങ്ങുന്നത്. ബസലിക്കയുടെ പുറംഭാഗം, റോമന്‍, ബൈസന്റൈകന്‍, ഗോഥിക് ശൈലികളുടെ സമ്മിശ്ര രചനാരീതിയാല്‍ ശ്രദ്ധേയമാണ്. ചുവപ്പു കലര്‍ന്ന തവിട്ടുനിറത്തില്‍ വെളുത്തവരകളോടുകൂടിയ ബാഹ്യഭാഗത്തിന് വെനീസിലെ സെന്റ് മാര്‍ക്ക് ബസലിക്കയോട് സാമ്യം തോന്നും. ഈ പള്ളിയുടെ ശില്പി ആരെന്നത് അജ്ഞാതമാണ്.

വേനല്‍കാലം ഇവിടെ അസ്തമനസമയം എട്ടരയാണ്. ഏഴരയോടെ പാദുവായിലെ രാജ് ദര്‍ബാര്‍ എന്ന പഞ്ചാബി റസ്റ്റോറന്റിലെത്തി. ഇന്നത്തെ ഡിന്നര്‍ അവിടെയാണ്. യൂറോപ്പിലെങ്ങും ഉത്തരേന്ത്യന്‍ ഭക്ഷണശാലകള്‍ ധാരാളമുണ്ട്. പുലര്‍കാലങ്ങളില്‍ താമസിക്കുന്ന ഹോട്ടലുകളില്‍ കിട്ടുന്ന വൈവിദ്ധ്യമാര്‍ന്ന ലോക്കല്‍ ബ്രേക്ക്ഫാസ്റ്റാണ് ഞങ്ങള്‍ക്കു പ്രിയതരം.

പാദുവായില്‍തന്നെയാണ് രാത്രിവാസം, മാര്‍ക്കോണി ഹോട്ടലില്‍. സുഭഗമായ രംഗാലങ്കാരങ്ങളാല്‍ ആകര്‍ഷകമാണ് ഹോട്ടല്‍ ലോബി. വിശാലവും വൃത്തിയേറിയതുമായ കിടപ്പുമുറിയിലെ റെഫ്രിജറേറ്ററില്‍ മിനി ബാര്‍ സജ്ജീകരിച്ചിരിക്കുന്നു. വിസ്തൃതമായ ശുചിമുറി ഒരു ഗ്ലാമര്‍ റൂംപോലെ തോന്നിച്ചു.

പാദുവായിലും വെനീസിലും പരിസരങ്ങളിലും അഞ്ചേമുക്കാലോടെ സൂര്യന്‍ ഉദിക്കും, മെയ് മാസത്തില്‍. പുലരിയില്‍ ഒന്നു നടക്കാനിറങ്ങി. വഴിയോരത്ത് നമ്മുടെ നാട്ടിലെ പെട്ടിക്കടപോലുള്ള ഒരു ചെറുകട കണ്ട് അങ്ങോട്ട് നടന്നു. എഴുപതിലേറെ പ്രായമായ ഒരാളാണ് കടക്കാരന്‍. ഒരു മോണിംഗ് കോഫി കഴിക്കാമെന്നു കരുതിയാണ് അവിടെ ചെന്നത്. ഇറ്റാലിയന്‍ കോഫി ഓര്‍ഡര്‍ ചെയ്യും മുന്നേ നന്നായി ഹോംവര്‍ക്ക് ചെയ്യണമെന്നാണ് കാപ്പി ഗവേഷകര്‍ പറയുന്നത്. രാവിലെ പതിനൊന്നു മണിക്കു മുന്‍പേ കഴിക്കാവുന്നതും ലഞ്ചിനും ഡിന്നറിനും ശേഷം കുടിക്കാവുന്നതും പകല്‍ ഏതു സമയത്ത് വേണേലും രുചിക്കാവുന്നതും ദഹനത്തിനു സഹായിക്കുന്നതുമായ പല കാപ്പിയിനങ്ങള്‍ ഉണ്ട്. എസ്പ്രെസ്സോയും കപ്പൂച്ചിനോയും കഫെ ലാറ്റെയുമെല്ലാം അവയില്‍ പ്രസിദ്ധങ്ങളാണ്. നാട്ടിലിപ്പോള്‍ അവിടവിടെയായി ഇറ്റാലിയന്‍ കഫേകള്‍ തുറന്നിട്ടുണ്ടെങ്കിലും എനിക്കൊട്ടും പരിചിതമല്ല, ഇറ്റാലിയന്‍ കാപ്പി. അപ്പൂപ്പന്റെ കടയിലെ കാപ്പിക്ക് നല്ല കയ്പാണ് തോന്നിയത്. തോന്നലല്ല, നല്ല കഷായക്കയ്പുതന്നെ. അവിടെ ഒരു പാത്രത്തില്‍ പച്ച മധുരം ഞാന്‍ കപ്പിലേക്ക് കോരിയൊഴിച്ചു. എന്നിട്ടും കാപ്പിയുടെ കയ്പിനു മാറ്റമില്ല. എന്റെ ഭാവം കണ്ട് അപ്പൂപ്പനു ചിരിപൊട്ടുന്നുണ്ട്. നാട്ടുഭാഷയില്‍ അദ്ദേഹം പറഞ്ഞതൊന്നും എനിക്കൊട്ടു തിരിഞ്ഞില്ലതാനും.

പാദുവ
പാദുവ

ആ 'പെട്ടിക്കട'യില്‍ അവശ്യവസ്തുക്കള്‍ പലതും ലഭിക്കും. മദ്യക്കുപ്പികള്‍ നിരനിരയായി വെച്ചത് കാണാം. അപ്പൂപ്പനേയും ആ കടയും ചേര്‍ത്ത് എടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ നാട്ടിലെ കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും സന്ദേഹം. അത് ചായക്കടയോ അതോ ചാരായക്കടയോ എന്ന്. കോളയോ സോഡയോ വില്‍ക്കുംപോലെ, ഇതുപോലുള്ള കുഞ്ഞന്‍ പീടികകളിലും മിനി മാര്‍ക്കറ്റുകളിലും അവര്‍ മദ്യവും വില്‍ക്കുന്നു. എവിടെയൊക്കെ എന്തൊക്കെ വിറ്റാലും ശരി, അവരവര്‍ക്ക് ആവശ്യമുള്ളതു മാത്രമേ ആളുകള്‍ വാങ്ങുന്നുള്ളൂ. അതും ഒരു സംസ്‌കാരമാണ്. 

'മാര്‍ക്കോണി'യിലെ ബ്രേക്ക്ഫാസ്റ്റ് സൂപ്പറായിരുന്നു. മുട്ടയും ചീസും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന ഫ്രിറ്റാറ്റയെ കൂടാതെ ബേക്ക് ചെയ്ത മുട്ടയും സോസേജുകളും. പഴച്ചാറുകളും പഴങ്ങളും ബ്രഡും ബട്ടറും ഫ്രൂട്ട് ജാമും തിളപ്പിച്ച പാലും കോണ്‍ഫ്‌ലേക്‌സുമെല്ലാം അടങ്ങുന്നതാണ് പ്രാതല്‍. ധാന്യമാവും മുട്ടയും സ്ട്രോബെറിയും വെണ്ണയും മേപ്ള്‍ സിറപ്പും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന റിക്കോട്ട എന്ന പേരുള്ള പാന്‍ കേക്ക് ഇറ്റലിക്കാരുടെ ഒരു സവിശേഷ വിഭവമാണ്. 

ഇനി, റോമാ നഗരത്തിനകത്തുള്ള ചെറുരാജ്യമായ വത്തിക്കാനിലേക്കാണ് സഞ്ചാരം. ഏതാണ്ട് 53000 മൈലുകളുള്ള ഒരു റോഡ് ശൃംഖല നാലാം നൂറ്റാണ്ടില്‍തന്നെ റോമാക്കാര്‍ പണിതുണ്ടാക്കിയിട്ടുണ്ട്! എല്ലാ പാതകളും റോമായിലേക്കു നീളുകയാണ് എന്ന ചൊല്ലുണ്ടായത് അതിനാലാണത്രേ. പാദുവായില്‍നിന്ന് അഞ്ഞൂറിലേറെ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മാര്‍പാപ്പയുടെ നാട്ടിലെത്താന്‍ അഞ്ചു മണിക്കൂറെങ്കിലും വേണം. സംഘാംഗമായ സുശീലന്‍ സാര്‍ മൈക്ക് കയ്യിലെടുത്തു. താന്‍ കാണാന്‍ പോകുന്ന എല്ലാ സ്ഥലങ്ങളെക്കുറിച്ചുമുള്ള ചെറുകുറിപ്പുകള്‍ തയ്യാറാക്കിയ ചെറിയ നോട്ടുപുസ്തകം കയ്യിലുണ്ട്. ഐ.എസ്.ആര്‍.ഒയില്‍ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം റോമായുടെ വിശേഷങ്ങള്‍ ഒന്നൊന്നായി പറയാന്‍ തുടങ്ങി. 

1870-ലാണ് റോമാ പട്ടണം ഇറ്റലിയുടെ ഭരണസിരാകേന്ദ്രമാവുന്നത്. അതുവരെ ഫ്‌ലോറന്‍സിനായിരുന്നു തലസ്ഥാന പദവി. എ.ഡി 107-110-ല്‍, ട്രേയ്ജന്‍ ചക്രവര്‍ത്തിയുടെ കാലത്താണ്, റോമില്‍ ആദ്യമായി ഒരു ഷോപ്പിംഗ് മോള്‍ നിര്‍മ്മിക്കുന്നത്! അവിടെ ഒട്ടനവധി വൈവിദ്ധ്യമുള്ള വസ്തുക്കളുടെ വില്‍പന നടന്നിരുന്നു നമ്മളൊക്കെ ഒരു വലിയ മോള്‍ കാണാന്‍ തുടങ്ങിയത് എന്നാണെന്നു ഞാന്‍ അന്നേരം ചിന്തിച്ചു. ലോകത്തെ മുന്തിയ സര്‍വ്വകലാശാലകളില്‍ ഒന്നായ യൂണിവേഴ്സിറ്റി ഓഫ് റോം-ലാ സാപിയെന്‍സാന- സ്ഥാപിക്കുന്നത് 1303-ലാണ്. ആധുനിക റോമായില്‍ 280 ജലധാരകളും 900 ക്രിസ്തീയ ദേവാലയങ്ങളും ഉണ്ട്.

കലയുടേയും സംസ്‌കാരത്തിന്റേയും വിളഭൂമിയായിരുന്ന ഫെറാറയും ബോലോഞ്ഞ്യയും പിന്നിട്ട് മദ്ധ്യ ഇറ്റലിയിലെ ഫ്‌ലോറന്‍സിലേക്ക് കടക്കുകയാണ്, ഇനി. റോമായുടെ 230 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി, പ്രശാന്തവും സൗമ്യവുമായി കാണപ്പെടുന്ന മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു നഗരം. വയലേലകള്‍ക്കും മുന്തിരിത്തോട്ടങ്ങള്‍ക്കും വീഞ്ഞിനും കായ്കനിത്തോട്ടങ്ങള്‍ക്കും പ്രസിദ്ധം. ഇന്നത്തെ ഫ്‌ലോറന്‍സിന്റെ പ്രതാപം എന്നു പറയുന്നത് അതിന്റെ ചരിത്രം തന്നെയാണ്. ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ, ചിത്ര രചയിതാക്കളായ മൈക്കല്‍ ആഞ്ജലോ, ലിയനാഡോ ഡാവിഞ്ചി, കവിയും തത്വജ്ഞാനിയുമായ ഡാന്റെച-ഇവരെല്ലാവരും പിറന്നുവീണത് ഈ മണ്ണിലാണ്. നവോത്ഥാനത്തിന്റെ കളിത്തൊട്ടിലാണ് ഫ്‌ലോറന്‍സ്. കലാസ്‌നേഹികളുടെ സ്വര്‍ഗ്ഗം. മാസ്റ്റര്‍പീസുകളാല്‍ സമ്പന്നമായ, ലോകപ്രശസ്തമായ രണ്ടു ആര്‍ട്ടോ ഗാലറികള്‍ ഫ്‌ലോറന്‍സിലാണ്. ചരിത്രവും കലകളും സംസ്‌കാരവും ശില്പസൗന്ദര്യവും ഇഷ്ടപ്പെടുന്ന ഏതൊരാളും നിര്‍ബ്ബന്ധമായും വന്നു കാണേണ്ട സ്ഥലമാണ് ഫ്‌ലോറന്‍സ്. ഞങ്ങള്‍ക്ക് പക്ഷേ, ഈ വഴിയിലൂടെയൊന്ന് കടന്നുപോകാനേ ഭാഗ്യമുണ്ടായുള്ളൂ. ഉച്ചഭക്ഷണത്തിനായി ഫ്‌ലോറന്‍സിലാണ്, ഞങ്ങളുടെ സാരഥിയായ ആല്‍ഫ്രഡോ വണ്ടി നിര്‍ത്തിയത്. 

തനി ഇറ്റാലിയനായ, ഇന്നിപ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലായി 30 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഓട്ടോഗ്രില്‍ ഹൈവേ റെസ്റ്റോറന്റില്‍നിന്നാണ് ഇന്നത്തെ ലഞ്ച്. യൂറോപ്പില്‍ അറുനൂറിലേറെ ഓട്ടോഗ്രില്‍ ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളുണ്ട്. ഓരോ 27 കിലോമീറ്റര്‍ പിന്നിടുമ്പോഴും ഒരു ഓട്ടോഗ്രില്‍ കാണാമത്രേ! പാസ്തയും സാന്‍ഡ്വിച്ചും സാലഡും കുക്കീസും കാപ്പിയും കഴിച്ച് ഞങ്ങള്‍ വീണ്ടും റോമായിലേക്കുള്ള പാതയിലെത്തി. 

പ്രസന്നമായ പട്ടണങ്ങളും മനോജ്ഞമായ ഗ്രാമങ്ങളും രമണീയമായ പ്രകൃതിയുമാണ് വഴിയിലുടനീളം ഞങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഫേസ്ബുക്കില്‍ കേറി, 'ഇനി റോമായിലേക്ക്' എന്നു സ്റ്റാറ്റസിട്ടു. ഇനിയുമുണ്ട് മൂന്നുമണിക്കൂര്‍ നേരത്തെ യാത്ര. മയക്കത്തിലേക്കു വഴുതി വീഴുന്നവരെ ഉണര്‍ത്താനായി, സക്കീന ഡോക്ടറും സരളടീച്ചറും സംഘവും അന്താക്ഷരി കളിക്കാനുള്ള ഒരുക്കത്തിലാണ്. ഇറ്റലിയിലെ ഗ്രാമചിത്രങ്ങള്‍ പകര്‍ത്താനായി ഞാന്‍ ക്യാമറ കയ്യിലേന്തി. 

പാദുവയിലെ സെയിന്റ് ആന്റണീസ് ബസലിക്ക
പാദുവയിലെ സെയിന്റ് ആന്റണീസ് ബസലിക്ക

വത്തിക്കാന്‍ മ്യൂസിയത്തില്‍ 

44 ഹെക്ടര്‍ മാത്രം വിസ്തൃതിയുള്ള, ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനിലേക്കാണ് ഞങ്ങള്‍ പിന്നീട് കാലൂന്നിയത്. ടൈബര്‍ നദിയുടെ പടിഞ്ഞാറേക്കരയിലാണ് കത്തോലിക്കാസഭയുടെ അധിപനായ പോപ്പിന്റെ ഈ ആസ്ഥാനം. ഇറ്റലിയില്‍ പ്രവേശിക്കാനുള്ള അതേ രേഖകള്‍ ഉപയോഗിച്ച് വത്തിക്കാനില്‍ പ്രവേശിക്കാം. റോം സിറ്റി സെന്ററില്‍നിന്ന് നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ, വത്തിക്കാന്‍ സിറ്റി എന്ന ക്രിസ്തുരാജ്യത്തിലേക്ക്. ഇറ്റലിയേയും വത്തിക്കാനേയും വേര്‍തിരിക്കുന്ന വെളുത്ത അതിരടയാളം കണ്ടു. ഒരു കാല്‍ ഇറ്റലിയിലും മറ്റൊന്ന് വത്തിക്കാനിലും ഉറപ്പിച്ചുനിര്‍ത്തി ഫോട്ടോ പകര്‍ത്തുന്ന തിരക്കിലാണ് സഞ്ചാരികള്‍.

വത്തിക്കാന്‍ മ്യൂസിയത്തിനു മുന്നില്‍ അന്തൊനേല സെര്വോകണി ഞങ്ങളെ കാത്തുനില്‍പുണ്ടായിരുന്നു. ഇളംമഞ്ഞ ജീന്‍സും ഷര്‍ട്ടിനു മുകളില്‍ നീലജാക്കറ്റുമാണ് വേഷം. ആവേശമോടെ അവര്‍ ഞങ്ങളെ സ്വാഗതം ചെയ്തു. രണ്ടുദിവസത്തെ റോമാ വാസക്കാലത്ത് അന്തൊനേല ഒപ്പമുണ്ടാവും. ഇതുവരെ കാണാത്ത കാഴ്ചകളിലേക്കു നയിക്കാന്‍. 

വത്തിക്കാന്‍ പാലസിലെ മ്യൂസിയത്തിനുള്ളിലൂടെ, ചിത്രങ്ങളും ശില്പങ്ങളുമൊന്നും കാണാതെ, അതിവേഗത്തിലൊന്നു നടന്നുപോകണമെങ്കില്‍പോലും രണ്ടു മണിക്കൂര്‍ വേണ്ടിവരും. വശങ്ങളിലും ചുവരുകളിലും മച്ചുകളിലുമെല്ലാമുള്ള മോഹനശില്പങ്ങളും ചിത്രലേഖനങ്ങളും കലാഖ്യാനങ്ങളും കണ്ടുകണ്ട് ആസ്വദിച്ചാണ് നാം നീങ്ങുന്നതെങ്കില്‍ നാലു മണിക്കൂര്‍ കഴിഞ്ഞേ പുറത്തിറങ്ങാനാവൂ.

മാര്‍പാപ്പയുടെ ഭവനവും പൂവാടികളും ആര്‍ട്ട്ഗാലറികളും ചാപ്പലുകളുമെല്ലാമുള്ള, ഒരു രാജഹര്‍മ്മ്യത്തോടുപമിക്കാവുന്ന ഈ മ്യൂസിയം കോംപ്ലക്‌സ് നിര്‍മ്മാണത്തിനു തുടക്കം കുറിക്കുന്നത് ജൂലിയസ് രണ്ടാമന്‍ പാപ്പയുടെ കാലത്താണ്, 16-ാം നൂറ്റാണ്ടില്‍. 17-ാം നൂറ്റാണ്ടു മുതല്‍ പോപ്പിന്റെ വാസം ഈ കൊട്ടാരത്തിലാണ്. എന്നാല്‍, 2013-ല്‍ സ്ഥാനാരോഹണം ചെയ്ത സൗത്ത് അമേരിക്കയിലെ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസില്‍ ജനിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെ താമസിക്കാന്‍ കൂട്ടാക്കിയില്ല. കര്‍ദ്ദിനാളന്മാര്‍ താമസിക്കുന്ന, രണ്ടു മുറികള്‍ മാത്രമുള്ള ഒരു അപാര്‍ട്ട്‌മെന്റാണ് തന്റെ വാസത്തിനായി അദ്ദേഹം കണ്ടെത്തിയത്. റോമായിലെ ബിഷപ്പായിരുന്ന ഫ്രാന്‍സിസ് പാപ്പ കത്തോലിക്കാസഭയിലെ മാറ്റത്തിന്റെ വക്താവാണ്. 

പോപ്പുമാര്‍ പല കാലങ്ങളിലായി ശേഖരിച്ച പെയിന്റിംഗുകള്‍, ചുവര്‍ചിത്രങ്ങള്‍, പ്രാചീനമായ ശില്പങ്ങള്‍, ചിത്രത്തിരശ്ശീലകള്‍ എന്നിവയെല്ലാം കൂടി 70,000-ത്തോളം വരും. അവയില്‍നിന്നു തെരഞ്ഞെടുത്ത 20,000 കലാരൂപങ്ങള്‍ 54 ഗാലറികളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയേ വത്തിക്കാനില്‍ നിറഞ്ഞുനില്‍ക്കുന്ന വിസ്മയക്കാഴ്ചകള്‍ നമ്മെ അമ്പരപ്പിക്കുന്നവയാണ്. 

ചിരസമ്മതവും ഉല്‍കൃഷ്ടവുമായ അതിപുരാതന ശില്പങ്ങളും നവോത്ഥാനകാല ചിത്രകലകളും മൈക്കലാന്‍ജലോയുടേയും റാഫേലിന്റേയും ചുവര്‍ചിത്രങ്ങളും ഈജിപ്ഷ്യന്‍ മമ്മികളുമൊക്കെയാണ് ഈ മ്യൂസിയക്കാഴ്ചകളില്‍ സ്മരണാര്‍ഹമായവ എന്നു തോന്നി. 

ഈജിപ്ഷ്യന്‍ മ്യൂസിയം, എട്രസ്‌കന്‍ മ്യൂസിയം, റാഫേലിന്റെ മുറികള്‍, സിസ്റ്റീന്‍ ചാപ്പല്‍ എന്നിവിടങ്ങളിലെ കാഴ്ചകള്‍ ഓരോന്നോരോന്നായി മിഴികളിലേക്ക് ആവാഹിക്കാനായി ഞങ്ങള്‍ അകത്തുകേറി. ചുവരുകളിലേയും സീലിങ്ങിലേയും ഓരോ ഇഞ്ചിലും അത്യാകര്‍ഷകമായ കലാസൃഷ്ടികളാണ്. ആദ്യമാദ്യം എവിടേക്കു നോക്കണം, എന്തെല്ലാം കാണണം എന്ന് അന്ധാളിച്ചുപോവും ആരും. ഉള്ളില്‍ നല്ല തിരക്കാണ്. ബഹളം കാരണം, കൂടെയുള്ളവര്‍ക്ക് താന്‍ പറയുന്നതു കേള്‍ക്കാന്‍ പ്രയാസമാവും എന്നതിനാല്‍ അന്തൊനേല എല്ലാവര്‍ക്കും ഓരോ ഹെഡ് സെറ്റുകള്‍ നല്‍കി. കോളര്‍ മൈക്കിലൂടെ അവരുടെ സംസാരം ഇപ്പോള്‍ വ്യക്തമാവുന്നുണ്ട്. 

ഗ്രിഗറി പതിനാലാമന്‍ മാര്‍പാപ്പ, 1839-ല്‍ സ്ഥാപിച്ചതാണ് ഗ്രിഗോറിയന്‍ ഈജിപ്ഷ്യന്‍ മ്യൂസിയം. പുരാതന ഈജിപ്തില്‍നിന്നും ശേഖരിച്ച കലാവസ്തുക്കളാണ് പ്രധാനമായും ഇവിടെ കാണുക. ക്രിസ്തുവിനു മുന്‍പുള്ള മൂന്നും രണ്ടും സഹസ്രാബ്ദങ്ങളില്‍ ഫറവോമാരുടെ കാലത്ത് ഉപയോഗിച്ചിരുന്ന, കല്ലില്‍ മനോഹരമായി കൊത്തിയുണ്ടാക്കിയ ശവപേടകങ്ങളും ചിത്രലിപികളും പാപ്പിറസ് ചുരുളുകളില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളും മമ്മികളുമെല്ലാം ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ പ്രോജ്ജ്വലമായ മാനവചരിത്ര സ്മാരകങ്ങളാണ്. 

എട്രസ്‌കന്‍ മ്യൂസിയമാണ് മറ്റൊന്ന്. പുരാതന ഇറ്റലിയിലെ മദ്ധ്യദേശത്തുള്ള എത്രൂറിയയിലെ ജനങ്ങളും അവരുടെ ഭാഷയും സംസ്‌കാരവും പ്രാചീന റോമാക്കാരില്‍ വലിയ സ്വാധീനം ചെലുത്തിയതിന്റെു സൂചനകള്‍ ഈ മ്യൂസിയത്തില്‍ കാണാം. ഒരായിരം വര്‍ഷത്തെ എട്രസ്‌കന്‍ ജനതയുടെ പുരാവൃത്തങ്ങളിലൂടെ കടന്നുപോകാന്‍ ഒരവസരമേകുന്നവയാണ് അവിടെയുള്ള കരകൗശലസൃഷ്ടികള്‍. 22 എക്‌സിബിഷന്‍ മുറികളാണ് ഈ വിഭാഗത്തിലുള്ളത്.

നവോത്ഥാന കാലഘട്ടം അതിന്റെ ഔന്നത്യത്തിലെത്തിയ വേളയില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ പെയിന്ററും ശില്പിയുമായിരുന്നു റാഫേല്‍. 1483-1520 കാലത്താണ് ഈ പ്രതിഭാധനന്‍ ജീവിച്ചിരുന്നത്. ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പയുടെ ഭവനത്തിലെ നാലു മുറികളിലാണ് റാഫേലിന്റെ രചനകള്‍ അലങ്കരിച്ചിട്ടുള്ളത്. 'റാഫേലിന്റെ മുറികള്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. രണ്ടു മുറികളില്‍ മുഴുവനായും അദ്ദേഹം വരച്ച ചിത്രങ്ങളാണ്. 1520-ല്‍ റാഫേല്‍ മരിക്കുമ്പോള്‍ പാതിവഴിയിലായ രചനകള്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ പൂര്‍ത്തീകരിച്ചതാണ് മറ്റു രണ്ടു മുറികളിലുള്ളത്. 

റാഫേല്‍ വരച്ച കന്യാമറിയത്തിന്റെ ചിത്രം ഏറെ പ്രചുരപ്രചാരം നേടിയതാണ്. സ്പഷ്ടതയും ലാളിത്യവും അനായാസതയുമാണ് ഈ കലാകാരന്റെ രചനയുടെ സവിശേഷതകളായി വിവരിക്കപ്പെടുന്നത്. വെറും 37 വര്‍ഷക്കാലമേ ഉയിരോടെയിരുന്നുള്ളൂവെങ്കിലും എന്നുമെന്നും വാഴ്ത്തപ്പെടേണ്ട, സാര്‍ത്ഥകമായ ജീവിതമായിരുന്നു റാഫേലിന്റേത്. വിജ്ഞാനാഭ്യുദയ കാലഘട്ടം അതിന്റെ ഉത്തുംഗാവസ്ഥയില്‍ എത്തിയ നേരം കലാലോകത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്നു ഈ ധിഷണാശാലി. ലിയനാര്‍ഡോ ഡാവിഞ്ചിക്കും മൈക്കലാഞ്ജലോയ്ക്കുമൊപ്പം റാഫേല്‍ സൃഷ്ടിച്ച പ്രതിഭയുടെ സ്ഫുരണങ്ങള്‍ നമുക്ക് വത്തിക്കാന്‍ മ്യൂസിയത്തില്‍ കാണാം. 

സിസ്റ്റീൻ ചാപ്പലിലെ ചുവർ ചിത്രങ്ങൾ
സിസ്റ്റീൻ ചാപ്പലിലെ ചുവർ ചിത്രങ്ങൾ

സിസ്റ്റീന്‍ ചാപ്പലിലെ ചിത്രങ്ങള്‍  

വത്തിക്കാന്‍ മ്യൂസിയത്തില്‍ അവസാനം നാമെത്തുന്നത് സിസ്റ്റീന്‍ ചാപ്പലിലേക്കാണ്. 15-ാം നൂറ്റാണ്ടിന്റെു അവസാനം, സിക്സ്റ്റസ് ആറാമന്‍ മാര്‍പാപ്പയ്ക്കുവേണ്ടി നിര്‍മ്മിച്ച പേപ്പല്‍ ചാപ്പലാണ് ഇത്. ചുടുകട്ടകളില്‍ തീര്‍ത്ത്, ദീര്‍ഘചതുരാകൃതിയിലുള്ള കെട്ടിടം. അകത്തെ ചുവരുകളില്‍ കമാനരൂപത്തിലുള്ള വലിയ ജാലകങ്ങള്‍. 

ആദമിന്റെ സൃഷ്ടി മുതല്‍ മഹാപ്രളയം വരെയുള്ള സംഭവങ്ങളുടെ ചിത്രണങ്ങള്‍ സിസ്റ്റീന്‍ ചാപ്പലിനുള്ളില്‍ കാണാം. ചുവരുകളില്‍, യേശുവിന്റേയും മോശയുടേയും ജീവിതകാല രംഗങ്ങള്‍ വരച്ചിട്ടിരിക്കുന്നു. ഫ്‌ലോറന്‍സില്‍നിന്നുള്ള നവോത്ഥാനഘട്ടത്തില്‍ ജീവിച്ചിരുന്ന കലാകാരന്മാരുടെ രചനകളാണ് മിക്കതും. 

എന്നാല്‍, 1508-നും 1512-നുമിടയില്‍, സിസ്റ്റീന്‍ ചാപ്പലിലെ മേല്ത്താട്ടില്‍, ലോകമെന്നും ആരാധിക്കുന്ന ചിത്രകാരനും ശില്പിയും കവിയുമായ മൈക്കലാഞ്ജലോ വരച്ചിട്ട, ലാസ്റ്റ് ജഡ്ജ്മെന്റ് എന്ന പേരില്‍ പ്രസിദ്ധമായ, മാസ്റ്റര്‍പീസുകള്‍ക്കു മുന്നില്‍ നാം അത്ഭുത പരതന്ത്രരാവാതെ തരമില്ല. സീലിങ്ങിലെ ചിത്രരചന കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ക്കുശേഷമാണ്, 1536-'41 കാലത്ത്, ചാപ്പലിലെ അള്‍ത്താരയുടെ ചുവരുകളിലെ ചിത്രങ്ങള്‍ അദ്ദേഹം പൂത്തിയാക്കിയത്. അന്ത്യനാളിലെ ക്രിസ്തുവിന്റെ രണ്ടാംവരവും ദൈവത്തിന്റെ അന്ത്യവിധിയുമാണ് അവിടെ ചിത്രീകരിച്ചിരിക്കുന്നത്. ക്രിസ്തുവിനു ചുറ്റും കൂടിയിരിക്കുന്ന മുന്നൂറിലേറെയുള്ള മനുഷ്യരുടെ പ്രതിരൂപങ്ങള്‍. അവരില്‍ അപ്പോസ്തലരും ദിവ്യരും ശിഷ്യഗണങ്ങളും രക്തസാക്ഷികളും മാലാഖമാരും രാക്ഷസരുമൊക്കെയുണ്ട്. സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവരും നരകത്തിലേക്ക് താഴ്ത്തപ്പെടുന്നവരുമുണ്ട്. 

വേദപുസ്തകത്തില്‍ പറയുന്നതില്‍നിന്ന് വ്യത്യസ്തമായാണ് കലാകാരന്റെ പല സങ്കല്പങ്ങളും ഈ രചനകളില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ആസ്വാദകര്‍ക്കു കണ്ടെത്താനാവും. മുള്‍ക്കിരീടമില്ലാത്ത, താടിയില്ലാത്ത ക്രിസ്തുവിനെയാണ് നമുക്കിവിടെ കാണാന്‍ കഴിയുക! മാലാഖമാര്‍ക്കാകട്ടെ, ചിറകുകളുമില്ല!

പുണ്യാളന്മാരേയും സാധാരണ മനുഷ്യരിലെ പുരുഷന്മാരേയുമെല്ലാം ചിത്രകാരന്‍ നഗ്‌നരായിട്ടാണ് വരച്ചിരുന്നത്. വര പൂര്‍ത്തിയാവും മുന്നേ, പോള്‍ മൂന്നാമന്‍ മാര്‍പാപ്പയും മതകര്‍മ്മികളുടെ ചുമതലക്കാരന്‍ സെസേനയും ചിത്രങ്ങള്‍ കാണാന്‍ എത്തിയത്രെ. പാപ്പയുടെ ചാപ്പലില്‍ വെയ്ക്കാന്‍ കൊള്ളാവുന്നതല്ല ഇവയെന്നും വല്ല പൊതു ശൗചാലയങ്ങളിലോ മറ്റോ സ്ഥാപിക്കാമെന്നുമായിരുന്നു സെസേനയുടെ പക്ഷം. നഗ്‌നത പാപമായി കരുതുന്ന പുരോഹിത വര്‍ഗ്ഗം ചിത്രത്തിലെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന ഭാഗങ്ങള്‍ പെയിന്റടിച്ചു മറച്ചുവെന്ന് ചരിത്രം! സെസേനയെ പരിഹസിക്കുന്ന ഒരു ചിത്രം വരച്ചുകൊണ്ട് മൈക്കലാഞ്ജലോ ഇതിനോട് പ്രതികരിച്ചത് പിന്നീട് വിവാദമായിരുന്നു. സിസ്റ്റീന്‍ ചാപ്പലില്‍വെച്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവാദമില്ല. പോപ്പിന്റെ നേതൃത്വത്തിലുള്ള വിശുദ്ധകര്‍മ്മങ്ങളെല്ലാം നടക്കുന്നത് സസ്റ്റീന്‍ ചാപ്പലില്‍ വെച്ചാണ്. പാപ്പയെ തെരഞ്ഞെടുക്കാനുള്ള കര്‍ദ്ദിനാളന്മാരുടെ സമ്മേളനം ചേരുന്നതും ഇവിടെത്തന്നെ.
ടൈബര്‍ നദിയുടെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന രണ്ടു ഡസനോളം പാലങ്ങള്‍ റോമാ നഗരത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. അപ്പെന്നൈന്‍ മലനിരകളിലെ അരുവികളില്‍നിന്നാണ് നദിയുടെ ഉത്ഭവം. 406 കിലോമീറ്റര്‍ സഞ്ചരിച്ച് ടിറെനിയന്‍ കടലില്‍ പതിക്കുന്ന ടൈബര്‍ ഇറ്റലിയിലെ മൂന്നാമത്തെ നീളമേറിയ പുഴയാണ്. റോമാക്കാര്‍ വിളിക്കുന്ന പേര് ആല്‍ബുലെ എന്നാണ്. വെള്ളത്തിനു വെള്ളനിറമായതിനാലാണത്രെ ഈ പേര്. ക്രിസ്തുവിനു മുന്‍പ്, തൊള്ളായിരാമാണ്ടില്‍ അന്നാട് ഭരിച്ചിരുന്ന ടൈബറിയസ് എന്ന രാജാവ് ആല്‍ബുലോയില്‍ മുങ്ങിമരിച്ചുവെന്നും അതില്‍ പിന്നെയാണ് ഈ നദി ടൈബര്‍ എന്നറിയപ്പെടാന്‍ തുടങ്ങിയതെന്നും ചരിത്രകുതുകികള്‍ കണ്ടെത്തുന്നു.

ഈ ലേഖനം കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com