യാഥാര്‍ത്ഥ്യത്തിന്റെ പൊടിയിട്ട് വിളക്കിയെടുത്ത മാടമ്പള്ളി 

യാഥാര്‍ത്ഥ്യത്തിന്റെ പൊടിയിട്ട് വിളക്കിയെടുത്ത മാടമ്പള്ളി 

നിഗൂഢതയും ഏകാന്തതയും ഭീതിയുമെല്ലാം കലര്‍ന്ന സാമാന്യഭാഷയില്‍ മാടമ്പള്ളി ആദ്യം തൊട്ടേ സംസാരിച്ചു തുടങ്ങുന്നുണ്ട്

മാടമ്പള്ളി എന്ന കാലപ്പഴക്കമുള്ള തറവാടിനെ പ്രധാന കഥാപാത്രമാക്കി മുപ്പതാണ്ടുകള്‍ക്ക് മുന്‍പ് ചിത്രീകരിക്കപ്പെട്ട മലയാള സിനിമയാണ് 'മണിച്ചിത്രത്താഴ്' (1993). മലയാള സിനിമയായി കണക്കാക്കപ്പെടുന്നുവെങ്കിലും തമിഴും അതിലെ പ്രധാന വിനിമയ ഭാഷയാണ്. സിനിമയില്‍ അന്തര്‍ലീനമായിരുന്ന ഫോക്‌ലോറിനു പുറമേ അതില്‍നിന്ന് ഉല്പാദിപ്പിക്കപ്പെട്ട ധാരാളം ഫോക്‌ലോറുകളുമുണ്ടായി. പ്രേക്ഷകശ്രദ്ധയും സാമ്പത്തിക വിജയവും നേടിയ പ്രസ്തുത സിനിമയിലൂടെ നാഗവല്ലിയും മാടമ്പള്ളിയുമൊക്കെ പ്രതീകങ്ങളായി. ജനപ്രിയ ചലച്ചിത്രത്തിനും മികച്ച നടി(ശോഭന)ക്കുമുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും ആ സിനിമയ്ക്ക് ലഭിച്ചു.

ഉറക്കം കഴിഞ്ഞപോലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഗംഗ, നാഗവല്ലി എന്ന മറ്റൊരു യാഥാര്‍ത്ഥ്യത്തെക്കൂടി അഭിമുഖീകരിച്ച് മടങ്ങിയെത്തിയതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും തമിഴ് ഭാഷ സംസാരിക്കുന്നതുമായ നാഗവല്ലിയുടെ വിശ്വരൂപം അറിയാനും ഉള്‍ക്കൊള്ളാനും ഗംഗയ്ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. മറ്റുള്ളവര്‍ക്ക് നാഗവല്ലി അദൃശ്യയും കഥകളില്‍ മാത്രം ജീവിതമുള്ള പ്രേതാത്മാവുമാണ്. ഏവര്‍ക്കും ദൃശ്യമാവുന്നതും സംവദിക്കാനാവുന്നതും മാത്രമല്ല യഥാര്‍ത്ഥ്യം. 'നന്‍പകല്‍ നേരത്ത് മയക്കം' (ലിജോ ജോസ് പെല്ലിശ്ശേരി/2023) എന്ന മുപ്പതാണ്ടുകള്‍ക്കിപ്പുറമിറങ്ങിയ സിനിമയില്‍ ജെയിംസ് എന്ന കഥാപാത്രം സുന്ദരമായി മാറുമ്പോള്‍ എത്തിച്ചേരുന്ന ഭാഷയ്ക്കും ദേശത്തിനുമപ്പുറത്തുള്ള ലോകം സമകാലികമാണ്. തമിഴ് സംസാരിക്കുന്ന സുന്ദരത്തിന് സ്വന്തം കൂട്ടരോടെന്നപോലെ അപരിചിതനായ ജെയിംസിന്റെ കൂട്ടരോടും ഇടപെടാനാവുന്നുണ്ട്. ഒരുറക്കംകൊണ്ട് സുന്ദരമാവുകയും ഉണര്‍ന്നെഴുന്നേറ്റ് ജെയിംസാവുകയും ചെയ്ത പരിവര്‍ത്തനത്തിന് സിനിമ വിശദീകരണമൊന്നും നല്‍കുന്നില്ല. എന്നാല്‍, ഗംഗ നാഗവല്ലിയായതിന്റെ വിശദീകരണമാണ് 'മണിച്ചിത്രത്താഴ്' എന്ന സിനിമ. ഗംഗയുടെ യാത്രകള്‍ സ്ഥലപരമായിരുന്നില്ല. അത് മാടമ്പള്ളിയുടെ ഭൂതവര്‍ത്തമാനങ്ങളിലൂടെയുള്ള ചുറ്റിത്തിരിയലുകളായിരുന്നു. ഏതുവഴി സഞ്ചരിച്ചാല്‍ എവിടെയെത്തുമെന്ന ഒരു നിശ്ചയവുമില്ലാത്ത ആ രാവണന്‍ കോട്ടയില്‍ രണ്ടു യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ വഴി പിഴക്കാതെ ഗംഗയും നാഗവല്ലിയും സഞ്ചരിച്ചു. മനോരാജ്യത്തിലൂടെയുള്ള സഞ്ചാരമായതുകൊണ്ട് ആര്‍ക്കും പിന്തുടരാന്‍ കഴിഞ്ഞില്ല. അവിടെ സമയത്തും അസമയത്തും പ്രത്യക്ഷരാകുന്ന മറ്റു പലരും ഒറ്റയൊറ്റയാളുകളല്ല. ഓരോരുത്തരും പലതരം സാന്ദര്‍ഭിക ജീവിതങ്ങളുടെ ആകെത്തുകയാണ്.

പഴയകാലത്തിന്റെ വാസ്തുശില്പങ്ങളായ തറവാടുകള്‍ അവയുടെ ആകാരവും ഉള്ളടക്കങ്ങളും നിശ്ചലതയും ജീര്‍ണ്ണതയുമെല്ലാം കൊണ്ട് ആധുനിക കാലത്തോട് അപരിചിതഭാഷയില്‍ പലതും സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഭൂതകാലം വര്‍ത്തമാനത്തില്‍ ഇടപെടുന്ന രീതിയാണത്. ഭൂതങ്ങള്‍ തങ്ങളുടെ പൂര്‍ത്തീകരിക്കാത്ത ചില ദൗത്യങ്ങള്‍ വര്‍ത്തമാനകാലത്തില്‍ നടത്തിയെടുക്കുകയുമാവാം. ജീര്‍ണ്ണതയാണ് ഭൂതകാല നിര്‍മ്മിതികളുടെ പ്രധാന പരസ്യവാചകം. ഒരോ നിര്‍മ്മാണത്തിലും അതിന്റെ നാശവും പൂര്‍വ്വ നിശ്ചിതമാണ്. അറിവ്, പുരോഗതി തുടങ്ങിയ സങ്കല്പങ്ങളിലെല്ലാം ജീര്‍ണ്ണതയുടെ വിത്തുകളുമുണ്ട്. പുതിയതെന്തും പഴയതിനെക്കൂടി സൃഷ്ടിക്കുന്നു.

കാലവും സ്ഥലവും സംയോജിപ്പിക്കപ്പെട്ട മാടമ്പള്ളി അതിന്റെ പൂര്‍ണ്ണരൂപത്തില്‍ സിനിമയില്‍ ദൃശ്യമല്ല. സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും കാണുന്ന ഭാഗികദൃശ്യങ്ങള്‍ അതിന്റെ മുഴുരൂപത്തെ ഭാവനാത്മകമാക്കുന്നു. പെയിന്റടിച്ചു മിനുക്കിയാലും അതിന്റെ പ്രാചീനതയും ജീര്‍ണ്ണതയും ആര്‍ക്കും ബോദ്ധ്യപ്പെടും. പുതുക്കലുകള്‍ നടക്കുന്നത് പഴക്കങ്ങള്‍ക്കു മേലാണ്. നിഗൂഢതയും ഏകാന്തതയും ഭീതിയുമെല്ലാം കലര്‍ന്ന സാമാന്യഭാഷയില്‍ മാടമ്പള്ളി ആദ്യം തൊട്ടേ സംസാരിച്ചു തുടങ്ങുന്നുണ്ട്. എന്നാല്‍, പുരാതത്ത്വത്തിന്റെ വിശിഷ്ട ഭാഷയറിയുന്ന ഒരാളുമായി ആദ്യമായി സംസാരിക്കുകയാണ്.

യാഥാര്‍ത്ഥ്യത്തിനും അ(തീത)യഥാര്‍ത്ഥ്യത്തിനും ഇടയില്‍ കൂടിയാണ് സിനിമയുടെ സഞ്ചാരമെങ്കിലും പലവിധ യാഥാര്‍ത്ഥ്യങ്ങളുടേയും പ്രശ്‌നപരിഹാരങ്ങളുടേയും ശുഭാന്ത്യത്തിലാണ് സിനിമ എത്തിച്ചേരുന്നത്. എല്ലാ ചോദ്യങ്ങളുടേയും ഉത്തരം അന്ത്യരംഗത്തില്‍ അടങ്ങിയിട്ടുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന കാര്യത്തിലും സിനിമ വിജയിച്ചു. പലതരം ഭാഷണങ്ങള്‍കൊണ്ടാണ് വൈരുദ്ധ്യങ്ങള്‍ പരിഹരിക്കപ്പെട്ട അനുഭവമുണ്ടാക്കിയത്. 

യാദൃച്ഛികതകളും അയു(ത്യു)ക്തികളും കൊണ്ടു മാത്രം തുറക്കപ്പെടുന്നതല്ല മാടമ്പള്ളി. കല്‍ക്കട്ടയിലുള്ള നകുലനും അമ്മയും ഗംഗയും വരുമ്പോള്‍ താമസിക്കാന്‍ വേണ്ടിയാണ് അത് പെയിന്റടിച്ചു പുതുക്കുന്നത്. നകുലന്‍ മാടമ്പള്ളിയില്‍തന്നെ താമസമാക്കുന്നത് മുന്‍ നിശ്ചയപ്രകാരമായിരുന്നു. ഗംഗ തന്റെ പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലമായി തെക്കിനി തന്നെ തെരഞ്ഞെടുക്കുന്നതും കൊല്ലനെക്കൊണ്ട് പുതിയ താക്കോല്‍ പണിയിക്കുന്നതുമൊന്നും യാദൃച്ഛികമല്ല. വിലപിടിച്ച പല വസ്തുക്കളും അവിടെയുണ്ടെന്ന് നകുലന്റെ അമ്മ ഗംഗയോട് പറഞ്ഞിട്ടുണ്ട്. അരിച്ചുപെറുക്കി നോക്കിയിട്ടും ഒന്നും കണ്ടില്ലെന്നും എല്ലാം ആ അടച്ചുപൂട്ടിയ മുറിയിലായിരിക്കുമെന്നും ഗംഗ നകുലനോട് പറയുന്നു. അവ നഷ്ടപ്പെടാതിരിക്കാന്‍ പറഞ്ഞുണ്ടാക്കുന്നതാണ് പ്രേതകഥകളെന്ന് ഗംഗയ്ക്ക് നന്നായറിയാം. നകുലന്‍ അതു തുറക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യുന്നു.

കാലത്തിന്റെയും ജീര്‍ണ്ണതയുടെയും ഭാഷണങ്ങള്‍

പുതിയതായി പണിയിച്ച താക്കോലുകൊണ്ട് തെക്കിനി തുറക്കുമ്പോള്‍ ഉയരുന്ന ഒച്ചയും വാതില്‍പാളികളെ ബന്ധിച്ച എട്ടുകാലി വലകളുടെ ദൃശ്യവും കാലത്തിന്റേയും ജീര്‍ണ്ണതയുടേയും രണ്ടു ഭാഷണങ്ങളാണ്. സിനിമയില്‍ ദൃശ്യമല്ലെങ്കിലും അതില്‍നിന്നുയരുന്ന പഴമയുടെ ഗന്ധവും പൊടിയും പ്രേക്ഷകര്‍ക്കനുഭവിക്കാന്‍ കഴിയും. പ്രകൃതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് പലപ്പോഴും ജീര്‍ണ്ണതയായി അനുഭവപ്പെടുക. മനുഷ്യന്റെ നിര്‍മ്മാണങ്ങള്‍ക്കുമേല്‍ പ്രകൃതി പാഴ്‌ചെടികളായും വള്ളിപ്പടര്‍പ്പുകളായും ഇടപെടും. മാടമ്പള്ളിയില്‍ ഓരോ വസ്തുവിനുമേലും പൊടിയുടെ ആവരണമായും എട്ടുകാലി വലകളായും ജീര്‍ണ്ണത നിര്‍മ്മാണം നടത്തിയിട്ടുണ്ട്. ഗംഗ അതെല്ലാം തുടച്ചുമാറ്റി നാഗവല്ലിയുടെ ചിത്രം തെളിച്ചമുള്ളതാക്കുന്നു. നിരവധി വാതിലുകളും താഴുകളും കടന്നുചെന്നാല്‍ അതിനുള്ളില്‍ അതിപ്രാചീനമായ ഭാഷയും കലകളും ആടയാഭരണങ്ങളുമെല്ലാമുണ്ട്. ഗംഗ അത്യുത്സാഹത്തോടെയാണ് നാഗവല്ലിയുടെ മാലകളോരോന്നും പേരെടുത്തു പറഞ്ഞ് ഡോ. സണ്ണിക്കു പരിചയപ്പെടുത്തുന്നത്. അവയില്‍നിന്ന് ചരിത്രവും സംസ്‌കാരവും കണ്ടെത്തുന്ന പഠനങ്ങള്‍ക്കൊന്നും ഗംഗ മുതിരുന്നില്ല. ചിലങ്കയുടെ കാലപ്പഴക്കം സംബന്ധിച്ച് സണ്ണിയോട് തര്‍ക്കിക്കുമ്പോള്‍ മാത്രമാണ് തന്റെ പുരാവസ്തുജ്ഞാനത്തെക്കുറിച്ച് ഗംഗ സൂചിപ്പിക്കുന്നത്. സണ്ണിയുടെ വിജ്ഞാന മേല്‍ക്കോയ്മ ചോദ്യം ചെയ്യപ്പെടുന്ന ഒരേ ഒരു സന്ദര്‍ഭവുമാണത്. തെക്കിനിയില്‍ കണ്ടതൊന്നും ഗംഗ നകുലനുമായി പങ്കുവെയ്ക്കുന്നില്ല. സണ്ണിയൊഴിച്ച് ആരും അതിനകത്തു പ്രവേശിക്കുന്നതുമില്ല.

രോഗാന്വേഷണം സത്യാന്വേഷണമായി മാറുന്ന സിനിമയാണ് 'മണിച്ചിത്രത്താഴ്.' മാടമ്പള്ളിയുടെ ഘടനയില്‍ നിലനില്‍ക്കുന്ന അയുക്തികതകള്‍ക്കും രഹസ്യങ്ങള്‍ക്കും പുറമേ സിനിമ സൃഷ്ടിക്കുകയും പാതിവഴിയിലുപേക്ഷിക്കുകയും ചെയ്ത പല ആഖ്യാനങ്ങളുടേയും ആസ്ഥാനവുമാണത്. എന്നാല്‍, സകലതിന്റേയും ഉറവിടമെന്നു കരുതപ്പെടുന്ന തെക്കിനി ഇടയ്ക്കുവെച്ച് ഉപേക്ഷിക്കപ്പെടുകയാണ്. പുരാവസ്തുക്കളെ വിട്ട് സിനിമ പിന്നീട് രോഗിയുടെ പിന്നാലെയാണ് സഞ്ചരിക്കുന്നത്. ഗംഗയെ രോഗിണിയാക്കുക എന്ന പ്രാഥമിക കര്‍ത്തവ്യമായിരുന്നു പുരാവസ്തുക്കളെ പൊതിഞ്ഞ കഥകള്‍ക്കും അവയുടെ ആവാസസ്ഥാനമായ തെക്കിനിക്കുമുണ്ടായിരുന്നത്. ആവാഹനത്തിനും ഉച്ചാടനത്തിനുമായി എത്തുന്ന ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും തെക്കിനിയെ പരിഗണിക്കുന്നതേയില്ല. സണ്ണി പറഞ്ഞുകേട്ട രോഗവിവരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ അദ്ദേഹവും നിഗമനങ്ങളിലേക്കെത്തുന്നു. ഗംഗ തുറന്നതിനുശേഷം പിന്നീടത് പൂട്ടിയിട്ടില്ല. അവസാനരംഗത്തില്‍ തെക്കിനിയിലോ എവിടെ വേണമെങ്കിലും പൊയ്‌ക്കൊള്ളാന്‍ സണ്ണിയുടെ അനുജ്ഞ ലഭിക്കുന്നുണ്ടെങ്കിലും ഗംഗ ആ പുരാവസ്തുകേന്ദ്രം വീണ്ടും സന്ദര്‍ശിക്കുന്നില്ല.

സണ്ണിയുടെ വരവിനുശേഷം മാടമ്പള്ളിയില്‍ നടക്കുന്ന സകല സംഭവങ്ങളുടേയും ആധികാരികവും ആധുനികവുമായ വിശദീകരണം അദ്ദേഹത്തിന്റേതാണ്. തമ്പിയും ഉണ്ണിത്താനും മറ്റും അതിനെ ദുര്‍ബ്ബലമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. രോഗത്തിന്റെ ഉത്ഭവം, വളര്‍ച്ച, അതിന്റെ കാരണങ്ങള്‍, ഗംഗയുടെ ഭൂതഭാവികള്‍ എന്നിവയെക്കുറിച്ചെല്ലാം സണ്ണി അസന്ദിഗ്ദ്ധമായ ഉത്തരങ്ങള്‍ നല്‍കുന്നു. അവിടെ നടക്കുന്നതും നടക്കാനിരിക്കുന്നതുമെല്ലാം കാണുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ക്യാമറക്കണ്ണ് സണ്ണിയാണ്. നാഗവല്ലിയുടെ ഭാഗിക ദര്‍ശനം കിട്ടിയ സണ്ണിക്ക് തമിഴ് ഭാഷയുമറിയാം. ഗംഗയുടെ തമിഴ് ഭാഷണം നാഗവല്ലിയാകുമ്പോള്‍ മാത്രം ലഭിക്കുന്നതാണെന്നാണ് സണ്ണി പറയുന്നത്. എന്നാല്‍, പലതരം പ്രാവീണ്യങ്ങള്‍ ഒന്നിച്ചുചേര്‍ന്ന അത്ഭുതമാണ് സണ്ണി. പല ഭാഷകളുമറിയുന്ന അയാള്‍ വാതിലുകളോരോന്നും തുറക്കുന്നത് അദൃശ്യവും ആധികാരികവുമായ അത്തരം താക്കോലുകള്‍ കൊണ്ടാണ്. 'ആഖ്യാനത്തിലെ മറ്റെല്ലാ ഭാഷണങ്ങളുടേയും യഥാര്‍ത്ഥ അര്‍ത്ഥം വെളിപ്പെടുത്തുന്ന അതിഭാഷ(ാലമേഹമിഴൗമഴല)യാണ് സണ്ണിയുടേത്. ആഖ്യാനത്തിലെ എല്ലാ വിടവുകളേയും വൈരുദ്ധ്യങ്ങളേയും അന്തിമമായി പരിഹരിക്കുന്നതും' ഈ അതിഭാഷയാണ്.1 മലയാളവും തമിഴും മനശ്ശാസ്ത്രത്തിന്റെ പാരമ്പര്യ/ആധുനിക ഭാഷകളുമെല്ലാം അതില്‍ ലയിപ്പിക്കപ്പെട്ടിരിക്കുന്നു.

ആധുനികതയുടെ കൊടിയിറങ്ങുകയും സമാന്തര സിനിമാപ്രസ്ഥാനം പുതിയ ദിശയിലേക്ക് പ്രവേശിക്കുകയും ചെയ്ത കാലത്താണ് മലയാള സിനിമയില്‍ അഭിനവ വീരനായകന്മാരുടെ രംഗപ്രവേശം. ഭൂതകാലമായിരുന്നു അവരുടെയെല്ലാം മൂലധനം. പാരമ്പര്യഭൂതങ്ങളെ ചെറിയ മിനുക്കുപണികളോടെ പുനരാനയിക്കുന്നതില്‍ തല്പരരായിരുന്ന അവരുടെ പ്രധാന പ്രവര്‍ത്തന മണ്ഡലം മുടങ്ങിക്കിടന്ന ക്ഷേത്രാചാരങ്ങളുടെ പുനരുജ്ജീവനമായിരുന്നു. അത് ദേശാധികാരത്തില്‍ ഇടപെടാനുള്ള അവസരവുമൊരുക്കി. മാടമ്പള്ളിയിലും തറവാട്ടു ക്ഷേത്രത്തിലെ മുടങ്ങിക്കിടന്ന നവരാത്രി ആഘോഷം നടത്തപ്പെടുന്നുണ്ട്.

സംഗീതകലാരസികരും ഹാസ്യവിശാരദന്മാരുമായ മംഗലശ്ശേരി നീലകണ്ഠനും (ദേവാസുരം) ജഗന്നാഥനും (ആറാം തമ്പുരാന്‍) ഇതര കഥാപാത്രങ്ങളും മലയാളിയുടെ പൂര്‍വ്വകാലത്തില്‍ സുഷുപ്തിയിലാണ്ടു കിടക്കുന്നുണ്ടായിരുന്നു. എഴുപതുകള്‍ വരെ നവോത്ഥാന പാരമ്പര്യത്തിന്റെ പല ധാരകള്‍ പിന്തുടര്‍ന്ന മലയാളസിനിമയ്ക്ക് അവരെ അരികുകളില്‍ മാറ്റിനിര്‍ത്താനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. സമാന്തര സിനിമയാകട്ടെ, ആവിഷ്‌കാരത്തിലും പ്രമേയത്തിലും ഭിന്നരീതി സ്വീകരിച്ചപ്പോള്‍ നവോത്ഥാനവും മറ്റും കാലിക വിഷയങ്ങളല്ലാതായി. സ്വയംവര(1972)ത്തില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും പ്രണയവും കുടുംബവും ഉള്‍പ്പെട്ട സംഘര്‍ഷസ്ഥാനം രാഷ്ട്രീയ വ്യവസ്ഥകളാണ്. നവോത്ഥാനാശയങ്ങളെ പിന്തുടര്‍ന്ന നിര്‍മ്മാല്യ(1973)ത്തില്‍ അത് വിശ്വാസത്തിന്റെ ബലിയാണ്.

ഒരേ വര്‍ഷമാണ് (1993) ദേവാസുരവും മണിച്ചിത്രത്താഴും സ്‌ക്രീനിലെത്തിയത്. ആറാംതമ്പുരാനും (1997) നരസിംഹവും (2000) രാവണപ്രഭു(2001)വുമൊക്കെ പിന്നാലെ വന്നു. ദേവാസുരത്തിന്റെ തുടര്‍ച്ചയായിരുന്നു രാവണപ്രഭു. പ്രത്യക്ഷമായ തുടര്‍ച്ചകളല്ലെങ്കിലും പ്രമേയത്തിലും നായകസ്വരൂപത്തിലും ഈ സിനിമകളെല്ലാം പല സാമ്യങ്ങളും പുലര്‍ത്തി. എല്ലാ സിനിമകളിലും മോഹന്‍ലാലാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സിനിമയില്‍ ഇരട്ടറോളിലുമെത്തി (രാവണപ്രഭു). ഫ്യൂഡല്‍ അധികാരങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ പിന്തുടര്‍ച്ചകള്‍ ധൂര്‍ത്തരും ധിക്കാരികളുമാക്കിയ നായക കഥാപാത്രങ്ങളായിരുന്നു ഈ സിനിമകളെ കൂട്ടിയിണക്കിയത്. (എല്ലാവരും വലിയ തറവാടുകളുടെ പേരുകളിലാണ് അറിയപ്പെട്ടത്. മംഗലശ്ശേരി, മണപ്പള്ളി, പൂവള്ളി, മുണ്ടക്കല്‍, കണിമംഗലം, മാടമ്പള്ളി...) സാമൂഹ്യ ജീര്‍ണ്ണതയുടെ അവസാനത്തെ ചില ആളിക്കത്തലുകളായിരുന്നു അവരിലൂടെ പ്രക്ഷേപിക്കപ്പെട്ട പൊങ്ങച്ച വിലാസങ്ങള്‍. ആത്യന്തികമായി അവരാരും വിജയികളാവുന്നില്ല. പരാജയങ്ങളും ആത്മനാശവുമായിരുന്നു അവരെ കാത്തിരുന്നത്. പാരമ്പര്യങ്ങളില്‍ പലതും വ്യാജ നിര്‍മ്മിതികളാണെന്ന് തെളിയിക്കപ്പെട്ടു. പാരമ്പര്യത്തിന്റെ അടിസ്ഥാനമെന്ന് കരുതപ്പെട്ടിരുന്ന മംഗലശ്ശേരി മാധവമേനോന്‍ എന്ന പൈതൃകം തന്നെ വ്യാജമാണെന്നു വന്നപ്പോള്‍ നീലകണ്ഠന്‍ ഒരു പൊള്ളമനുഷ്യനായിത്തീര്‍ന്നു. നരസിംഹത്തിലുമുണ്ട് ശിഥിലമാക്കപ്പെടുന്ന പിതൃബിംബ സങ്കല്പം. ക്ഷേത്രാധികാരവും ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് നീലകണ്ഠനും ദേശക്കോയ്മ നേടുന്നത്. വെളിച്ചപ്പാടിന്റെ പള്ളിവാള്‍ പിടിച്ചുവാങ്ങി നീലകണ്ഠന്‍ വെട്ടിമാറ്റിയത് മുണ്ടക്കല്‍ ശേഖരന്റെ വലതു കയ്യാണ്.

'നിര്‍മ്മാല്യ'ത്തിലെ വെളിച്ചപ്പാട് മണ്‍മറഞ്ഞിട്ട് അന്നേക്ക് രണ്ടു ദശകങ്ങള്‍ കഴിഞ്ഞിരുന്നു. വെളിച്ചപ്പാടിനുശേഷം പിറന്ന ഒരു തലമുറയ്ക്ക് പ്രായപൂര്‍ത്തിയുമെത്തിയിരുന്നു. ദേവിയുടെ ഭക്തനാണെന്ന അഹങ്കാരം മാത്രമുണ്ടായിരുന്ന വെളിച്ചപ്പാട് ആത്മനിന്ദയുടെ പാരമ്യത്തില്‍ പള്ളിവാളുകൊണ്ട് ശിരസ്സില്‍ ആഞ്ഞുവെട്ടി സ്വയം ബലിയാവുകയാണ് 
ചെയ്തത്. വെളിച്ചപ്പാടിനൊപ്പമുള്ള ജനക്കൂട്ടം ഒരു പൊതുകാര്യത്തിനുവേണ്ടി സംഘടിച്ച ദരിദ്രനാരായണന്മാരാ(നാരായണിയും)യിരുന്നു. ക്ഷേത്രോദ്ധാരണമൊന്നും വെളിച്ചപ്പാടിന്റെ പദ്ധതിയായിരുന്നില്ല.

തൊണ്ണൂറുകള്‍ക്കു ശേഷമുള്ള നായകരുടെ ക്ഷേത്ര പുനരുദ്ധാരണവും ഉത്സവാഘോഷങ്ങളും പകയില്‍നിന്നു രൂപംകൊണ്ട പ്രതികാര നിര്‍വ്വഹണങ്ങള്‍ കൂടിയായിരുന്നു. കുടുംബവഴക്കുകളില്‍ നിന്നാണ് അവ ഉടലെടുക്കുന്നത്. നവമുതലാളിത്തത്തിന്റേയോ ഫ്യൂഡല്‍ പാരമ്പര്യങ്ങളുടേയോ നീക്കിയിരിപ്പില്‍നിന്നാണ് അതിനുള്ള മൂലധനം സ്വരൂപിക്കപ്പെട്ടത്. ജഗന്നാഥന് (ആറാം തമ്പുരാന്‍) ആറാംതമ്പുരാനായി വാഴാനുള്ള പണവും സ്വാധീനവും ആള്‍ബലവും നല്‍കുന്നത് അധോലോക ബന്ധങ്ങളാണ്. അയാള്‍ക്കൊപ്പമുള്ള സംഘം യാതൊരു ലക്ഷ്യവും ആശയവും കൊണ്ട് നയിക്കപ്പെടുന്നവരല്ല. നായകവേഷത്തിന്റെ വീരപരിവേഷം കാത്തുസൂക്ഷിക്കുക എന്നതാണ് അവരില്‍ നിക്ഷിപ്തമായ ജോലി.

ദേവാസുരത്തിലെന്നപോലെ സ്വശരീരത്തേയും ചേഷ്ടകളേയും പരിഹാസവിഷയമാക്കുന്ന, മോഹന്‍ലാലിന്റെ അഭിനയരീതി മണിച്ചിത്രത്താഴിലും തുടരുന്നുവെങ്കിലും അതിന്റെ ആഖ്യാനവും അതിലെ നായകത്വവും വ്യത്യസ്തമാണ്. അനുചരവൃന്ദം കൂട്ടിനില്ലാത്ത ഡോ. സണ്ണിക്ക് പാരമ്പര്യ മൂലധനവുമില്ല. അയാള്‍ മനശ്ശാസ്ത്രജ്ഞനും ക്രിസ്ത്യാനിയും ശബരിമല ഭക്തനുമാണ്. ക്രിസ്ത്യാനികള്‍ക്ക് ചൊവ്വാദോഷമില്ലെന്നു പറഞ്ഞുകൊണ്ട് ശ്രീദേവിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന മതേതരനുമാണ്. സകല പക്ഷങ്ങളേയും സ്വപക്ഷമാക്കുന്നൊരാള്‍.

നിര്‍മ്മാല്യത്തിലെ രോഗം

പുതിയ താക്കോല്‍ പണിയിച്ച് തെക്കിനി തുറക്കാന്‍ കൂട്ടുനിന്നവര്‍ക്ക് അസുഖം (വസൂരി) വന്നതായി ശ്രീദേവി പറയുന്നതിന്റെ യാഥാര്‍ത്ഥ്യം സിനിമ വെളിപ്പെടുത്തുന്നില്ല. താക്കോലുണ്ടാക്കിയ കൊല്ലനും സഹായിക്കും രോഗം വന്നെങ്കില്‍ അത് മാടമ്പള്ളിക്കു പുറംലോകവുമായി ഇടപെടാനുള്ള കണ്ണിയാവുമായിരുന്നു. എന്നാല്‍, മണിച്ചിത്രത്താഴില്‍ പുറംലോകം പുറത്തുതന്നെ നില്‍ക്കുകയാണ്. രോഗഭീതിയുടെ പഴുതുപയോഗിച്ചാണ് ശ്രീദേവിയും ചന്തുവും അവിടെ താമസമാരംഭിക്കുന്നത്. താക്കോല്‍ നിര്‍മ്മാണവുമായി നേരിട്ടു ബന്ധപ്പെട്ട അല്ലിക്കോ ചന്തുവിനോ മുറിതുറന്ന 
ഗംഗയ്‌ക്കോ അസുഖങ്ങളൊന്നും ഉണ്ടാവുന്നതുമില്ല. എന്നാല്‍, തെക്കിനി ബന്ധിക്കാന്‍ വന്ന ചികിത്സകരിലൊരാളായ കാട്ടുപറമ്പന്‍ രോഗിയായി മാറിയ വൈരുദ്ധ്യം നിലനില്‍ക്കുകയും ചെയ്യുന്നു.

കല്‍ക്കട്ടയില്‍നിന്നു വരുമ്പോഴേ ഗംഗ യില്‍ ഒരു 'രോഗി'യുണ്ട്. അത് വെളിപ്പെടാനുള്ള സന്ദര്‍ഭം മാത്രമായിരുന്നു മാടമ്പള്ളി. പുരാവസ്തു വിജ്ഞാനിയായ ആ രോഗിയാണ് തെക്കിനിയിലേക്കുള്ള പ്രവേശനം സാദ്ധ്യമാക്കിയത്. തമ്പി, കാട്ടുപറമ്പന്‍, സണ്ണി, ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരെല്ലാം മനസ്സിന്റേയും ശരീരത്തിന്റേയും തറവാടിന്റേയും ചികിത്സകരാണ്. ചിലരെല്ലാം സാന്ദര്‍ഭിക വൈദ്യന്മാരായിരിക്കുന്നപോലെ ചിലരെല്ലാം സാന്ദര്‍ഭിക രോഗികളുമാണ്. അവിടെ രോഗി, വൈദ്യന്‍ തുടങ്ങിയവ സ്ഥിരാംഗങ്ങളല്ല. ഡോ. സണ്ണി തന്നെ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിക്കുന്ന ആളാണ്.

നിര്‍മ്മാല്യത്തിലെ രോഗം തികച്ചും ഭൗതികമായിരുന്നു. നാട്ടുകാരെയാകെ ബാധിച്ച വസൂരി രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് ഗുരുതി കഴിക്കാന്‍ തീരുമാനിക്കുന്നത്. വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ നാടാകെ തെണ്ടിയിട്ടാണ് അതിനുവേണ്ട ധനസമാഹരണം നടത്തുന്നത്. പരസ്യമായി ദൈവനിന്ദ നടത്തിയ ഒരാളേയും രോഗം ബാധിക്കുന്നതുമില്ല. അവിടെ ആധുനിക വൈദ്യം തീര്‍ത്തും അസന്നിഹിതമാണ്. മണിച്ചിത്രത്താഴില്‍ 'ചിത്തഭ്രമം' മാറ്റാനാണ് പലതരം വൈദ്യങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്. 'രസകരമായ രോഗം' എന്ന് സണ്ണി വിളിക്കുന്ന രോഗത്തിന്റെ ചികിത്സകള്‍ അതിലേറെ രസകരമാണ്.

ഗംഗയ്ക്ക് രോഗനിവൃത്തിയും പ്രേക്ഷകര്‍ക്കു സംശയനിവൃത്തിയും ആശ്വാസവും നല്‍കുന്ന പരിഹാരങ്ങളോടെ മണിച്ചിത്രത്താഴ് ശുഭപര്യവസായിയാകുന്നു. ആധുനികതയും പാരമ്പര്യവും പരസ്പരം അറിഞ്ഞും അംഗീകരിച്ചും കൈകൊടുത്തു പിരിയുന്നു. സണ്ണിയുടെ ആധുനിക വൈദ്യശാസ്ത്രത്തിന് ഗംഗ നന്ദി പറയുന്നു. അതാണ് അവസാനം വിജയിച്ചതെന്നു സ്ഥാപിക്കപ്പെടുന്നു. അവസാന രംഗത്തില്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടില്ലെങ്കിലും അദ്ദേഹമൊരുക്കിയ മന്ത്രവാദക്കളത്തിലാണ് ഉച്ചാടനം പൂര്‍ത്തിയാവുന്നത്.

നാഗവല്ലിയുടെ ലോകത്തില്‍നിന്ന് അധികം മുന്നേറാത്തതാണ് മാടമ്പള്ളിയുടെ ദേശം. കേരളീയാധുനികതയുടെ അക്കാലത്തെ അടയാളങ്ങളൊന്നും അവിടെ ദൃശ്യമല്ല. ലോകം ആഗോള ഗ്രാമമായി മാറിയ ഒരുകാലത്തിന്റെ ചിഹ്നങ്ങളും അവിടെയില്ല. പുറംലോകത്തെക്കുറിച്ചോ ചുറ്റുമുള്ള സമൂഹത്തെക്കുറിച്ചോ പരാമര്‍ശങ്ങളില്ല. നകുലന്റെ ഒരു വാഹനമല്ലാതെ വേറെ വാഹനങ്ങളൊന്നും കാണാനില്ല. സണ്ണിയെ വിളിക്കാനായി മാത്രം ഒരു ടെലിഫോണ്‍ അവിടെയുണ്ട്. എന്നാല്‍, ഒരാളും അതിലേക്കു വിളിക്കുന്നില്ല. അമ്മയും നകുലനും ഗംഗയും അതുവരെ ജീവിച്ച കല്‍ക്കട്ടയില്‍നിന്ന് വിവരങ്ങളൊന്നും വരുന്നില്ല. നകുലന്റെ ബോംബെയിലുള്ള സഹോദരിക്കൊപ്പം കഴിയുന്ന അമ്മയുമായും സമ്പര്‍ക്കങ്ങളില്ല (ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ തുടര്‍ച്ചയായി അക്കാലത്ത് കല്‍ക്കട്ടയിലും ബോംബെയിലുമൊക്കെ കലാപങ്ങള്‍ അരങ്ങേറിയിട്ടുണ്ട്). സിനിമാ ടാക്കീസ് എന്ന സര്‍വ്വസാധാരണമായ പൊതുവിടം അവിടെയെങ്ങുമുള്ളതായി കേള്‍ക്കുന്നില്ല. ആല്‍ത്തറയിലിരുന്ന് വൃദ്ധരായ ചിലര്‍ ചൊല്ലുന്ന അക്ഷരശ്ലോകവും ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കഥകളിയുമാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടു കലാനിര്‍വ്വഹണങ്ങള്‍. പൊതുസമൂഹത്തിന്റെ പരിമിത സാന്നിദ്ധ്യം വെളിപ്പെടുന്ന രണ്ടു സന്ദര്‍ഭങ്ങളുമാണവ. മാടമ്പള്ളിയിലെത്തിയ ശേഷം ഗംഗയും നകുലനും ചേര്‍ന്നു പുറംയാത്രകളോ മറ്റു പരിപാടികളോ ആവിഷ്‌കരിക്കുന്നില്ല. ധാരാളം ഒഴിവുസമയവും പുസ്തകങ്ങളുമാണ് ഗംഗയ്ക്ക് സ്വന്തം. അവയാണ് ജീവിതത്തിന്റെ അകവും പുറവും നിശ്ചയിക്കുന്നത്. ഭൗതികയാത്രകള്‍ പരിമിതപ്പെട്ടപ്പോഴാണ് ഗംഗ മനോരാജ്യ യാത്രകള്‍ക്കിറങ്ങിപ്പുറപ്പെട്ടത്. 'അഭിലാഷങ്ങളുടെ പുരാവസ്തുശാലയാണ് എന്റെ ലൈബ്രറി' എന്ന് സൂസന്‍ സൊണ്ടാഗ് പറയുന്നുണ്ട്. തെക്കിനി തന്നെ വായനാമുറിയായി ഗംഗ തെരഞ്ഞെടുത്തതും വെറുതെയല്ല.

മാടമ്പള്ളിയുടെ അകത്തും പുറത്തും പതിയിരുന്ന ഇരുട്ടാണ് നാഗവല്ലിക്ക് ജീവിതം നീട്ടി നല്‍കിയത്. വൈദ്യുതിയുടെ വരവോടെ രാത്രികള്‍ക്കു പുതിയ അര്‍ത്ഥങ്ങള്‍ കൈവരുകയും പ്രേതങ്ങളുടെ ആവാസവ്യവസ്ഥ അസ്ഥിരമാവുകയും ചെയ്തിരുന്നു. ഫോട്ടോഗ്രാഫിയും അനുബന്ധ സാങ്കേതികതകളും മനുഷ്യര്‍ക്ക് അദൃശ്യമായിരുന്ന പലതിനേയും പ്രത്യക്ഷമാക്കിത്തന്നു. ലളിതമായ സാങ്കേതികവിദ്യകൊണ്ട് ത്രികാലജ്ഞാനികളായ പ്രേതങ്ങളുടെ കണ്‍കെട്ടാനാവുമെന്ന് വന്നു. ഭാര്‍ഗ്ഗവിനിലയത്തിലെ നീലവെളിച്ചം തൂകിയ മണ്ണെണ്ണ വിളക്കുകള്‍ സൃഷ്ടിച്ച പ്രഭാവലയം അസ്തമിച്ചിരുന്നു. ആധുനികതയെ പാടെ തിരസ്‌കരിച്ചുകൊണ്ടല്ല മാടമ്പള്ളിയും നിലനിന്നത്. സ്വയമറിയാതെ അത് പുതുക്കപ്പെട്ടുകൊണ്ടിരുന്നു.

പാരമ്പര്യം പിന്തുണച്ചാല്‍ മടിച്ചുനില്‍ക്കാത്ത ആധുനികതയും ആധുനികതയുടെ പിന്തുണയില്‍ പുതുജീവന്‍ കിട്ടുന്ന പാരമ്പര്യവും ചേര്‍ന്നാണ് നാഗവല്ലിയുടെ വിധി നിര്‍ണ്ണയിച്ചത്. പല്‍ചക്രങ്ങളും ചങ്ങലയുമുപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട, കൈകൊണ്ട് കറക്കാവുന്ന ഒരു പ്രാചീന യന്ത്രസംവിധാനത്തെ അവലംബിച്ചാണ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഒരുക്കിക്കൊടുത്ത മന്ത്രവാദക്കളത്തില്‍ ഉച്ചാടനക്രിയ അരങ്ങേറിയത്. യഥാര്‍ത്ഥത്തില്‍ സിനിമപോലൊന്ന് അവിടെ സംഭവിക്കുന്നു. കണ്ണിന്റെ കാഴ്ചാവേഗത്തെ മറികടന്നുകൊണ്ട് ഗംഗയ്ക്കു മുന്നില്‍ ഒരുവശത്ത് നകുലനേയും മറുവശത്ത് ശങ്കരന്‍ തമ്പിയുടെ ഡമ്മിയും കെട്ടിവെച്ചുകൊണ്ടുള്ള ഒരു കണ്‍കെട്ടു വിദ്യയായിരുന്നു അത്. യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവും കൂടിക്കുഴയുന്ന രംഗസംവിധാനമാണ് അതിനെ സാധൂകരിക്കുന്നത്. ആ രംഗം കാണാന്‍ ഉദ്വേഗപൂര്‍വ്വം കാണികളായി നില്‍ക്കുന്ന സിനിമയിലെ കഥാപാത്രങ്ങളും സിനിമ കാണുന്ന കാണികളും തമ്മില്‍ അന്തരമില്ല. അത് ഒരേ സമയം നാഗവല്ലിയേയും സിനിമക്കകത്തും പുറത്തുമുള്ള കാണികളേയും ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ നാഗവല്ലിയുടെ മാത്രം കണ്ണുകള്‍ കെട്ടുകയും മറ്റെല്ലാ കണ്ണുകളും തുറന്നിടുകയും ചെയ്ത ആ രംഗം സിനിമയ്ക്കു മാത്രം സാദ്ധ്യമായ ദൃശ്യവല്‍ക്കരണമാണ്. അതുവരേയും നാഗവല്ലിയാണ് എല്ലാവരുടേയും കണ്ണുകെട്ടിക്കൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അതേസമയം യുക്തിയും അയുക്തിയും കലര്‍ന്ന പ്രസ്തുത രംഗം വിശ്വാസത്തിന്റെ കണ്ണും കെട്ടുകയാണ്.

എല്ലാവരും സന്തോഷപൂര്‍വ്വം കൈവീശിപ്പിരിയുന്നുവെങ്കിലും പരിഹരിക്കാത്ത നിരവധി രോഗങ്ങള്‍/ചോദ്യങ്ങള്‍ ബാക്കിയിട്ടാണ് സിനിമ പര്യവസാനിക്കുന്നത്. നായക വിജയത്തോടെ എല്ലാം ശുഭപര്യവസായിയാവുന്ന ഇതര സിനിമകളില്‍നിന്ന് മണിച്ചിത്രത്താഴിനെ വേര്‍തിരിക്കുന്നത് സിനിമയുടെ പാഠത്തിനകത്ത് പരിഹരിക്കാതെ വിട്ട കാര്യങ്ങളാണ്. സിനിമയ്ക്കകത്തുതന്നെ നിക്ഷിപ്തമായിരുന്ന വൈരുദ്ധ്യങ്ങള്‍ സിനിമയെക്കുറിച്ചുള്ള ഏകമുഖവായനകളെ പിന്തുണച്ചില്ല. ദ്വന്ദ്വ വ്യക്തിത്വം എന്ന് സണ്ണി വിശദീകരിക്കുന്ന മനശ്ശാസ്ത്ര തത്ത്വംകൊണ്ട് എല്ലാം പരിഹരിക്കപ്പെടാത്തതുകൊണ്ടാണ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ സഹായം തേടേണ്ടിവരുന്നത്. ലോകത്തില്‍ ഒരു വൈദ്യശാഖയിലും ഇതിന് മരുന്നില്ലെന്ന് സണ്ണി പ്രഖ്യാപിക്കുന്നു. ബാക്കിയുള്ളത് ദിവ്യാത്ഭുത(ാശൃമരഹല)മായിരുന്നു. അതാണ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. 

പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിച്ചുകൊണ്ടല്ല, അവയെ സമന്വയിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. നാഗവല്ലിയെ ഭാവനാലോകത്തു മാത്രം നിര്‍ത്തിയതിനാല്‍ പല ചോദ്യങ്ങളും ഒഴിവാക്കാനായി. മാടമ്പള്ളിയില്‍നിന്ന് സന്ദേഹങ്ങളോ ചോദ്യങ്ങളോ ഉയരുന്നില്ല. സ്വാഭാവികമെന്ന രീതിയെന്ന നിലയില്‍ എല്ലാ അയുക്തികതകളും അംഗീകരിക്കപ്പെട്ട വ്യവസ്ഥയാണത്. യുക്തിയുടെ ഭാഷ സംസാരിച്ച നകുലനും ഗംഗയും കല്‍ക്കട്ടയിലേക്ക് തിരിച്ചയക്കപ്പെട്ടു. അതിനു മുന്‍പുതന്നെ മന്ത്രവാദക്കളത്തിലേക്ക് ഇരുവരേയും ആവാഹിച്ചിരുത്തുന്ന ഇടനിലക്കാരന്റെ ജോലി സണ്ണി നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. മന്ത്രവാദ പലകയിലെ ഒരുവശത്ത് നകുലനും മറുവശത്ത് ശങ്കരന്‍ തമ്പിയേയും പ്രതിഷ്ഠിച്ച സാഹസികതയായിരുന്നു അത്. അല്പമൊന്നു പിഴച്ചാല്‍ നകുലന്‍ ബലിയാക്കപ്പെടുമായിരുന്നു.

നാഗവല്ലി പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും സ്ത്രീസ്വാതന്ത്ര്യത്തിന്റേയും നവ മാതൃകയായപ്പോള്‍ ഗംഗ നകുലന്റേതു മാത്രമായി കല്‍ക്കട്ടയിലേക്ക് മടങ്ങി. 'വിടമാട്ടേന്‍...' എന്ന് നകുലനോട് ക്ഷോഭിക്കുന്ന ഗംഗയുടെ പ്രകടനം സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അതിതീവ്രഭാഷയിലുള്ള 'നാട്യാത്മക ഉച്ചാരണ'(Performative utterance)മായിരുന്നെങ്കില്‍ മന്ത്രവാദക്കളത്തില്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ ആജ്ഞക്കു കീഴടങ്ങി ദണ്ഡനമേറ്റുവാങ്ങിയ നാഗവല്ലി അതിന്റെ വിപരീതവുമായി. ഒഴിഞ്ഞുപൊയ്‌ക്കൊള്ളാമെന്ന ഉറപ്പിലായിരുന്നു സാങ്കല്പിക വധത്തിന് അനുമതി നല്‍കിയത്.

രോഗം ഭേദമാകാത്ത കാട്ടുപറമ്പന്‍ ഇപ്പോഴും അവിടെ അലയുന്നുണ്ട്. അത്രയേറെ സങ്കീര്‍ണ്ണമല്ല കാട്ടുപറമ്പന്റെ രോഗം. തെക്കിനിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെടുന്നതിലൂടെ സ്വാഭാവികമായി പരിഹരിക്കപ്പെടേണ്ടതായിരുന്നു അത്. സകലതിന്റേയും പ്രഭവകേന്ദ്രമായതും പാതിവഴിയിലുപേക്ഷിക്കപ്പെട്ടതുമായ തെക്കിനിയുടെ ഭാവിയെക്കുറിച്ച് സിനിമ നിശ്ശബ്ദമാണ്. നാഗവല്ലിയെ പുറത്താക്കിയ സ്ഥിതിക്ക് അതിനി മണിച്ചിത്രത്താഴിട്ടു പൂട്ടേണ്ട കാര്യമില്ല. ഗംഗയുടെ പ്രവേശത്തിനുശേഷം അത് പൂട്ടാന്‍ ആര്‍ക്കും ധൈര്യമുണ്ടായിട്ടില്ല. അതിനു ശ്രമിച്ചപ്പോഴാണ് കൂടെയുള്ളവരെ വെറുതെ വിട്ട് കാട്ടുപറമ്പനെ മാത്രം ചിത്തഭ്രമം പിടികൂടിയത്. കാട്ടുപറമ്പന്റെ രോഗം തന്നെ അങ്ങനെ വൈരുദ്ധ്യം നിറഞ്ഞതാണ്. പാരമ്പര്യത്തിന് ആഘോഷിക്കാന്‍ ബാക്കിവെച്ചതാണത്.

സിനിമ തുടങ്ങുമ്പോള്‍ കേള്‍ക്കുന്ന നാടന്‍ പാട്ടിന്റെ അസംബന്ധതയ്‌ക്കൊപ്പം മാടമ്പള്ളിയുടെ അത്ഭുതാകാരത്തെ സൂചിപ്പിക്കുന്ന ദൃശ്യവും കാണാം. ഏതു മനസ്സിനേയും ശരീരത്തേയും വിഴുങ്ങുന്ന പാരമ്പര്യത്തിന്റെ ബൃഹദ്‌രൂപമാണത്. അതിന്റെ വിസ്തൃതി മനുഷ്യന്റെ വലുപ്പവുമായി പൊരുത്തപ്പെടുന്നതല്ല. ആരേയും ചെറുതാക്കുന്നതാണ് അതിന്റെ അദൃശ്യമായ പൂര്‍ണ്ണരൂപം. ഏതസംബന്ധങ്ങളും അതിന്റെ നിഗൂഢതകൊണ്ട് ന്യായികരിക്കപ്പെടും. അതിനുള്ളില്‍നിന്നു കേള്‍ക്കുന്ന നിലവിളികള്‍, ഉടയുന്ന പാത്രങ്ങള്‍, തീ പിടിക്കുന്ന ശരീരങ്ങള്‍ എന്നിവയൊന്നും യാഥാര്‍ത്ഥ്യവുമായി അനുപാതമില്ലാത്തതാണ്. അയഥാര്‍ത്ഥ്യങ്ങളേയും അതിയാഥാര്‍ത്ഥ്യങ്ങളേയും യാഥാര്‍ത്ഥ്യത്തിന്റെ പൊടിയിട്ട് വിളക്കിയെടുത്തതാണ് മാടമ്പള്ളി എന്ന അനുഭവം.

സിനിമ തന്നെയും ദൃശ്യം, ശബ്ദം, ചലനം എന്നിവയ്‌ക്കൊപ്പം നിശബ്ദതയും ഇരുട്ടും നിശ്ചലതയും പല മാനങ്ങളില്‍ കൂടിച്ചേര്‍ന്നതും സാങ്കേതികതയുടെ ഭാഷകൊണ്ടുമാത്രം തുറക്കാവുന്നതുമായ വൈരുദ്ധ്യങ്ങളുടെ മറ്റൊരു മാടമ്പള്ളിയാണ്. ജീര്‍ണ്ണതയുടെ നിര്‍മ്മാണം നടക്കുന്ന ഒരു ഭാവനാസ്ഥലം.

റഫറന്‍സ്:
ഉണ്ണിക്കൃഷ്ണന്‍ ബി., ജനപ്രിയത: ഹര്‍ഷവും അതിവര്‍ത്തനവും
(ഭാഷാപോഷിണി, നവംമ്പര്‍ 2002)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com