കരയിലെ ഏറ്റവും വലിയ ജീവി?- 'ആമ' എന്ന് ഉത്തരമെഴുതിയാല്‍ പകുതി മാര്‍ക്ക്, കാരണം 'ആന'യിലെ 'ആ' അതിലുണ്ട്!

വ്യവസായവല്‍ക്കൃത സമൂഹത്തില്‍ എല്ലാ ശാപങ്ങളുടേയും ഉറവിടം നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് ഇവാന്‍ ഇല്ലിച്ച് എന്ന മനഃശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുകയുണ്ടായിട്ടുണ്ട്
കരയിലെ ഏറ്റവും വലിയ ജീവി?- 'ആമ' എന്ന് ഉത്തരമെഴുതിയാല്‍ പകുതി മാര്‍ക്ക്, കാരണം 'ആന'യിലെ 'ആ' അതിലുണ്ട്!

വ്യവസായവല്‍ക്കൃത സമൂഹത്തില്‍ എല്ലാ ശാപങ്ങളുടേയും ഉറവിടം നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് ഇവാന്‍ ഇല്ലിച്ച് എന്ന മനഃശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുകയുണ്ടായിട്ടുണ്ട്. എളുപ്പത്തില്‍ മെരുക്കിയെടുക്കാവുന്ന, ചിന്താശൂന്യരായ പൗരന്മാരെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വിദ്യാലയങ്ങള്‍ തന്നെയാണെന്നും അധികാരത്തെ വണങ്ങാനും അന്യവല്‍ക്കരണത്തെ സ്വീകരിക്കാനും സ്ഥാനങ്ങള്‍ നല്‍കുന്ന സേവനങ്ങളെ വിലമതിച്ചുകൊണ്ട് അവയെ പരമാവധി പ്രയോജനപ്പെടുത്താനുമൊക്കെയാണ് വിദ്യാലയങ്ങളില്‍വെച്ച് വ്യക്തി പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വ്യക്തിക്കു വേണ്ടത് എന്താണെന്ന് ഏറ്റവും നന്നായി അറിയുന്നത് അധികാരങ്ങളില്‍ ഇരിക്കുന്നവര്‍ മാത്രമാണെന്ന ധാരണ അരക്കിട്ടുറപ്പിക്കുന്ന പരിശീലനമാണ് വ്യക്തിക്കു വിദ്യാലയങ്ങളില്‍നിന്നും ലഭിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനകീയ ചര്‍ച്ചകളും ദേശീയ വിദ്യാഭ്യാസ പരിഷ്‌കരണവും ഈ നിഗമനങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

എഴുത്തും വായനയും അറിയാത്തവര്‍

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഒരു ജനാധിപത്യ ഭരണക്രമമായി വളര്‍ന്നുവന്ന ഇന്ത്യ, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനു ശ്രമിക്കുകയുണ്ടായി. എന്നാല്‍, ബ്രിട്ടീഷുകാരില്‍നിന്നും പൈതൃകമായി ലഭിച്ച വരേണ്യ വിദ്യാഭ്യാസ സമ്പ്രദായം, നീതിപൂര്‍വ്വകമായ വികസനത്തേക്കാള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തേയും പാശ്ചാത്യ ശാസ്ത്രത്തേയുമാണ് പരിപോഷിപ്പിച്ചത്. അത്തരമൊരു വിദ്യാഭ്യാസം കൂടുതല്‍ അസമത്വങ്ങള്‍ സൃഷ്ടിക്കുമെന്ന യാഥാര്‍ത്ഥ്യബോധമുള്ളതുകൊണ്ട്, ജനാഭിലാഷം നിറവേറ്റുന്നതിനായി വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനും പുനഃസംഘടനയ്ക്കുമായി ഇന്ത്യാ ഗവണ്‍മെന്റ് നിരവധി കമ്മിഷനുകള്‍ക്കും കമ്മിറ്റികള്‍ക്കും രൂപം നല്‍കി. അത്യന്തം വൈവിധ്യമുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ വിദ്യാഭ്യാസത്തിനേ കഴിയൂ എന്നതുകൊണ്ട് പ്രവര്‍ത്തനത്തില്‍ ധാര്‍മ്മികത വിശ്വാസപ്രമാണമാക്കുകയും അതിന്റെ സാംസ്‌കാരിക ചിന്ത വേരോടുകയും ചെയ്താല്‍ നമ്മുടെ സമൂഹത്തെ സമൃദ്ധിയിലേക്കും ശാക്തീകരണത്തിലേക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിലേക്കും മാറ്റാന്‍ വിദ്യാഭ്യാസം കൊണ്ട് കഴിയുമന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1964-ല്‍ ഡോ. ഡി.എസ്. കോത്താരി അദ്ധ്യക്ഷനായി, കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിഷനെ നിയമിച്ചത്. രാജ്യഭരണത്തിന്റെ താത്ത്വിക സമ്പ്രദായങ്ങളെല്ലാം മാറ്റിമറിക്കപ്പെട്ട ആധുനിക സമൂഹം, ആഡംബരത്തിനും അധികാരത്തിനുമപ്പുറം യാതൊരു ധാര്‍മ്മികതയും സഹവര്‍ത്തിത്വവും അംഗീകരിക്കാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ ഭരിക്കുന്നവരുടെ രുചിക്കനുസരിച്ചുള്ള കമ്മിറ്റികളും കമ്മിഷനുകളും കൂടെക്കൂടെ രൂപംകൊള്ളുകയും അവയെല്ലാം കോടികള്‍ തുലച്ച് കടന്നുപോവുകയും ചെയ്തു.

ഇന്ത്യയില്‍ അഞ്ചുകോടിയിലേറെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ എഴുത്തും വായനയും അറിയാത്തവരാണെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖയില്‍ പറയുന്നു. കസ്തൂരി രംഗന്‍ അദ്ധ്യക്ഷനായ കമ്മിഷന്‍ പറയുന്നത്, ഇതു തുടര്‍ന്നാല്‍ 2030 ആവുമ്പോഴേക്കും രാജ്യത്ത് 10 കോടിയിലേറെ കുട്ടികള്‍ അഞ്ചാം ക്ലാസ്സ് പൂര്‍ത്തിയാക്കിയാലും എഴുത്തും വായനയും അറിയാത്തവരായി തീരുമെന്നാണ്. വ്യാപകമല്ലാത്ത പ്രീ-പ്രൈമറി വിദ്യാഭ്യാസം, കുട്ടികളുടെ പോഷകാഹാരക്കുറവ്, അനാരോഗ്യം, താല്പര്യമുണര്‍ത്തുന്ന പാഠ്യപദ്ധതികളുടെ അഭാവം, യോഗ്യതയും പരിശീലനവുമില്ലാത്ത അദ്ധ്യാപകരുടെ ശിക്ഷണവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ലോകത്തെ മികച്ച നിലവാരം പുലര്‍ത്തുന്ന നൂറ്റിയന്‍പത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നും ഒരെണ്ണം പോലുമില്ലെന്നുള്ളത് എന്താണ് സൂചിപ്പിക്കുന്നത്. എന്‍.ഐ.ടികളും ഐ.ഐ.ടികളും നിരവധി സര്‍വ്വകലാശാലകളും നിലവിലുള്ള ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം എത്ര ശോചനീയമാണെന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ.

വിദ്യാഭ്യാസം പൗരന്റെ അവകാശമായി ഭരണഘടന വ്യക്തമാക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന ഭരണഘടനാഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയത് 2002-ല്‍ ആണ്. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള നിര്‍ബ്ബന്ധിതവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസാവകാശ നിയമം 2009-ല്‍ പാസ്സാക്കുകയും 2010 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്തുകയുമുണ്ടായി. ആറ് മുതല്‍ 14 വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബ്ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക, വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കുക, വിവേചനരഹിതമായ വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കുക, അയല്‍പക്ക വിദ്യാലയം എന്ന ലക്ഷ്യത്തിലെത്തുക, വികലാംഗരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു സാഹചര്യം സൃഷ്ടിക്കുക, സാധുക്കളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അവരിഷ്ടപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ പ്രാപ്യമാക്കുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ പരിധിയില്‍ വന്നത്. കേന്ദ്രീയ-നവോദയാ വിദ്യാലയങ്ങള്‍ ഇതര ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങള്‍, സ്വാശ്രയ വിദ്യാലയങ്ങള്‍, സാധാരണ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ എങ്ങനെ വ്യത്യസ്ത ഭാഷാ,വിഷയങ്ങളും പാഠ്യപദ്ധതികളും പഠനരീതികളും ഭക്ഷണം, വസ്ത്രരീതികളും നിലവിലുള്ള ഒരു രാജ്യത്ത് വിദ്യാഭ്യാസം എന്നിങ്ങനെ വിവേചനരഹിതമാകും? മേല്‍വിവരിച്ച ഏതെങ്കിലും കാര്യങ്ങളില്‍ ലക്ഷ്യം വരിക്കാന്‍ ഒരു പതിറ്റാണ്ടിലേറെക്കഴിഞ്ഞിട്ടും സര്‍ക്കാറിനായിട്ടുണ്ടോ എന്ന് പരിശോധിക്കണ്ടതില്ലേ?

വിവിധ സിലബസ്സ് സമ്പ്രദായമാണ് ഇന്ന് വിദ്യാലയങ്ങളില്‍. കുട്ടി വളരുന്ന സാഹചര്യം, പ്രായം, ബുദ്ധിവികാസം, ഉള്‍ക്കാഴ്ച, അഭിരുചി എന്നിവയ്ക്കനുസരിച്ചുള്ള ഒരു പാഠ്യപദ്ധതി അനിവാര്യമായിരുന്ന കാലത്താണ് പാഠപുസ്തകങ്ങളില്‍നിന്നും അക്ഷരമാലകള്‍ നീക്കം ചെയ്തുകൊണ്ടുള്ള പരിഷ്‌കാരം കൊണ്ടുവന്നത്. മലയാളം, ഇംഗ്ലീഷ് അക്ഷരങ്ങളും മാസങ്ങളും നാളുകളും ഗുണകോഷ്ടവുമൊക്കെ നിത്യവും ഉരുവിട്ട് പഠിച്ചിരുന്ന കുട്ടികള്‍ക്ക് അതിന്റെയൊന്നും ആവശ്യം ആധുനിക ലോകത്തില്ലെന്ന നിഗമനത്തിലാണ് പിന്നീടുള്ള പരിഷ്‌കാരങ്ങളുണ്ടായത്. ഇത് നമ്മുടെ തനതായ ശൈലികളില്‍നിന്നും സംസ്‌കാരത്തില്‍നിന്നും കുട്ടികളെ മാറ്റിനിര്‍ത്താനേ ഉപകരിച്ചുള്ളൂ. ''ശരിയായ വിദ്യാഭ്യാസം പഠിതാക്കളുടെ ഏറ്റവും നല്ല കഴിവുകള്‍ പുറത്തുകൊണ്ടുവരിക എന്നതാണ്. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങള്‍ കുട്ടികളുടെ തലയില്‍ കൂമ്പാരം കൂട്ടിയതുകൊണ്ട് ഇത് സാദ്ധ്യമല്ല'' എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും അറിയാത്ത ഒരു തലമുറയാണ് ഇന്ന് വളര്‍ന്നുവരുന്നത്. ആനയെ കണ്ടാല്‍ അത് ആനയാണെന്നും 'വെള്ളച്ചാട്ടം' കണ്ടാല്‍ വെള്ളച്ചാട്ടമാണെന്നും കുട്ടി തിരിച്ചറിഞ്ഞാല്‍ മതിയെന്നും 'ആന' എന്നും 'വെള്ളച്ചാട്ടം' എന്നും എഴുതാനോ വായിക്കാനോ ഉള്ള കഴിവ് നിര്‍ബ്ബന്ധമല്ലെന്നുമുള്ള തരത്തിലുള്ള വിദ്യാഭ്യാസമാണ് നിലനില്‍ക്കുന്നത്. കരയിലെ ഏറ്റവും വലിയ ജീവി ഏത് എന്ന ചോദ്യത്തിനു കുട്ടി 'ആമ' എന്ന് ഉത്തരമെഴുതിയാല്‍ പകുതി മാര്‍ക്ക് കൊടുക്കാനെന്നും അതിനു കാരണം 'ആന'യിലെ 'ആ' അതിലുണ്ടെന്നുമാണത്രെ! ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍നിന്നും പത്താംക്ലാസ്സ് വിജയിച്ച് പുറത്തുവരുന്ന ഒരു വലിയ ശതമാനം കുട്ടികള്‍ക്കും മലയാളത്തില്‍ ഒരു ഖണ്ഡിക തെറ്റുകൂടാതെ എഴുതാനും വായിക്കാനും കഴിയില്ല എന്നത് എത്ര പരിതാപകരമാണ്. അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കും പൊതുവിജ്ഞാനമില്ലാത്തവര്‍ക്കും തെറ്റായി ഉത്തരമെഴുതുന്നവര്‍ക്കും വാരിക്കോരി മാര്‍ക്ക് കൊടുത്ത് സെക്കണ്ടറിയും ഹയര്‍സെക്കണ്ടറിയും ഡിഗ്രിയുമൊക്കെ പാസ്സാക്കിയെടുക്കുന്ന ഒരു തലമുറയില്‍നിന്നും എന്തു നേട്ടമാണ് രാജ്യം അഭിലഷിക്കുന്നത്? ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി വരുന്നവരില്‍ പോലും ഇത്തരക്കാരുണ്ടെന്നാണ് രഹസ്യമായ സത്യം. ഇവരാണ് അടുത്ത തലമുറയിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെടേണ്ടവര്‍ എന്നു വരുമ്പോള്‍ ഇരുളടഞ്ഞ ഒരു ഭാവിയിലേക്കേ നോക്കാനാവുന്നുള്ളൂ.

സിലബസും പഠനരീതിയും 

ദേശീയതലത്തില്‍, മികച്ച കലാലയങ്ങളില്‍ പ്രവേശനം ലഭിക്കുന്ന മലയാളീ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് ലഭിച്ചിരുന്ന കുട്ടികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇവിടെ ധാരാളം പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍, കുട്ടികളുടെ നിലവാരത്തകര്‍ച്ച കാരണം അഡ്മിഷന് പ്രവേശനപരീക്ഷ നിര്‍ബ്ബന്ധമാക്കിയപ്പോള്‍ പ്രവേശനം ലഭിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. അറിവില്ലാത്തവനെ ബുദ്ധിമാനാക്കുന്ന താഴ്ന്ന ക്ലാസ്സുകളിലെ പ്രവണതയും നിലവാരം കുറഞ്ഞ സിലബസ്സും പഠന-പാഠ്യരീതികളുമാണ് ഇതിനു കാരണമായി പറയുന്നത്.

പഠനത്തോടൊപ്പം തൊഴിലിനും പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസരീതിയാണ് പല വിദേശ രാജ്യങ്ങളും പിന്തുടരുന്നത്. കാലത്ത് നേരത്തെ തുടങ്ങുന്ന വിദ്യാലയ സമ്പ്രദായവും പഠനവും ഉച്ചയോടെ അവസാനിക്കുകയും ശേഷം സമയം ജോലി ചെയ്തു പ്രതിഫലമുണ്ടാക്കി ജീവിതം സ്വന്തം നിലയില്‍ കരുപിടിപ്പിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മുടെ നാട്ടില്‍ വിദ്യാലയ പഠനസമയം നഷ്ടപ്പെട്ടാലും മതപഠന സമയം നഷ്ടപ്പെട്ടുകൂടെന്ന് വാദിക്കുന്നവരാണ് വലിയൊരു വിഭാഗം. വിദ്യാലയ സമയം രാവിലെ എട്ടു മുതല്‍ ഒരു മണി വരെയാക്കാന്‍ ഖാദര്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതോടെ മതേതര വാദികള്‍ എന്നു നടിക്കുന്നവര്‍ പോലും ഇതിനെതിരെ രംഗത്തെത്തി. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയുള്ള ഭരണസംവിധാനമാണ് നമ്മുടെ പലവിധത്തിലുള്ള വളര്‍ച്ചയ്ക്കും വിഘാതമായി നില്‍ക്കുന്നത്. രാജ്യത്തിന്റെ ബൗദ്ധികവും സാമ്പത്തികവും സാംസ്‌കാരികവും ധാര്‍മ്മികവുമായ ഉന്നമനത്തേക്കാള്‍ മതപരമായ ഉയര്‍ച്ചയിലാണ് പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദേശീയതലത്തില്‍ ഹൈന്ദവ അജന്‍ഡ വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഗവേഷണ വിഷയങ്ങളില്‍പ്പോലും ഉള്‍പ്പെടുത്താന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ബ്ബന്ധ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണത്രേ. വളര്‍ന്നുവരുന്ന തലമുറയെ മുഴുവന്‍ തങ്ങളുടെ ഭാഗമാക്കി മാറ്റാനുള്ള കേന്ദ്രത്തിന്റെ കുത്സിത ശ്രമങ്ങളാണ് നടക്കുന്നതെങ്കില്‍ ഇവാന്‍ ഇല്ലിച്ചിന്റെ അഭിപ്രായത്തിനു പ്രസക്തിയേറുകയാണല്ലോ. സര്‍വ്വകലാശാലകളുടെ മേന്മകള്‍ കുറയുകയും പശ്ചാത്തല സൗകര്യത്തിന്റെ അഭാവം വര്‍ദ്ധിക്കുകയും യോഗ്യരായ അദ്ധ്യാപകര്‍ കുറഞ്ഞുവരികയും കാലഹരണപ്പെട്ട പാഠ്യപദ്ധതികള്‍ അടിച്ചേല്പിക്കുകയും ചെയ്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ നല്ല വിദ്യാഭ്യാസം തിരഞ്ഞുപോകുന്നു. കേരളത്തില്‍, ഒരുകാലത്ത് ഏറെ വിലമതിക്കപ്പെട്ടിരുന്ന സയന്‍സ്, കണക്ക് വിഷയങ്ങള്‍ പഠിക്കാന്‍ കുട്ടികളില്ലാത്ത അവസ്ഥ വന്നിരിക്കയാണെന്നാണ് സര്‍വ്വകലാശാലകളുടെ കണക്കുകള്‍ നല്‍കുന്ന സൂചന. കേരള, കാലിക്കറ്റ്, എം.ജി സര്‍വ്വകലാശാലകളില്‍ ഫിസിക്‌സിന് 1102-ഉം കെമിസ്ട്രിക്ക് 988-ഉം കണക്കിന് 1491-ഉം സീറ്റുകളാണത്രേ ഒഴിഞ്ഞുകിടക്കുന്നത്. കോളേജുകളില്‍ ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ജോലി സ്ഥിരതയും ഇക്കാരണത്താല്‍ അങ്കലാപ്പിലാണ്.

അറിവില്ലാത്തവരെ അറിവുള്ളവരെന്നും പണ്ഡിതരെന്നും പറഞ്ഞ് വിജയശതമാനം കൂട്ടിയതുകൊണ്ട് രാജ്യത്തിന് സംഭവിക്കുന്ന മൂല്യച്യുതി എത്ര വലുതാണെന്നു മനസ്സിലാക്കണം. വിജ്ഞാനവും തൊഴിലും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണെങ്കിലും മനുഷ്യമനസ്സിന്റെ സാംസ്‌കാരിക ഉന്നതിയും വിദ്യാഭ്യാസംകൊണ്ട് സ്വായത്തമാക്കേണ്ടതുണ്ട്. ബാല്യത്തില്‍ സ്‌നേഹവും ബഹുമാനവും അംഗീകാരവും ലാളനകളും നിരുപാധികം ലഭിക്കുകയും ആത്മവിശ്വാസത്തോടെ വളര്‍ന്നുവരികയും ചെയ്തിട്ടുള്ളവര്‍, സമ്പൂര്‍ണ്ണ വ്യക്തികളായിത്തീരാന്‍ സാദ്ധ്യത കൂടുതലാണെന്ന് കാള്‍റോജേഴ്സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. പുതിയ തലമുറയില്‍ നല്ലൊരു ശതമാനത്തിനും രക്ഷിതാക്കളുടെ ലാളനകള്‍ ലഭിക്കുന്നത് മൊബൈല്‍ ഫോണിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമാണ്. ഔദ്യോഗിക ജീവിതത്തിലെ തിരക്കും ഗൃഹാഭാരവും രക്ഷിതാക്കള്‍ക്കും സമയമില്ല എന്നുള്ളതാണ് വസ്തുത. മഹത്തരമായ ഒരു പൈതൃകവും സംസ്‌കാരവും നമുക്കുണ്ടായിരുന്നു. അതിന്റെ അന്തസ്സത്ത സ്‌നേഹമായിരുന്നു. മഹത്തരങ്ങളായ ആശയങ്ങളില്‍നിന്നും വ്യതിചലിക്കുമ്പോള്‍ മനുഷ്യത്വം അന്യമായിപ്പോകുന്നു. സ്‌നേഹം സ്വാര്‍ത്ഥതയായി മാറുന്നു. അവകൊണ്ടുതന്നെ യുവതലമുറയില്‍ നല്ലൊരു വിഭാഗം നിരാശയിലും വിഷാദത്തിലുമാണിന്ന് ജീവിക്കുന്നത്. 

വിദ്യാഭ്യാസമേന്മ ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസരംഗത്ത് സമൂലമായ പരിഷ്‌കാരങ്ങള്‍ അത്യന്താപേക്ഷിതമാണ്. അദ്ധ്യാപനം പവിത്രവും മഹത്തരവുമായ ഒരു കര്‍ത്തവ്യമാണ്. ആ കര്‍ത്തവ്യം കലാപരമായി കൈകാര്യം ചെയ്യുകയെന്നതാണ് അദ്ധ്യാപകരുടെ കടമ. പണവും സ്വാധീനവുമുള്ളവരെ അദ്ധ്യാപകരായി സ്വീകരിക്കാതെ അക്കാദമീയ പാരമ്പര്യമുള്ള അറിവും അഭിരുചിയുമുള്ളവരെ നിയമിക്കുകയയാണ് അഭികാമ്യം. വിദ്യാഭ്യാസാവകാശ ബില്ലിനെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച ലിസാ ജേക്കബ്ബ്, അഭിരുചി അദ്ധ്യാപനത്തിനു പ്രത്യേക മാനദണ്ഡമാക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതും ഓര്‍ക്കേണ്ടതുണ്ട്. മികച്ച അക്കാദമീയ പാരമ്പര്യമുള്ളവര്‍ മറ്റു തൊഴിലും വിദ്യാഭ്യാസവും തേടുകയും പലരും വിദേശങ്ങളിലേക്ക് ചേക്കേറുകയും ചെയ്യുമ്പോള്‍, ഒരു തൊഴില്‍ എന്നതിലുപരി ഈ ജോലിക്കു പ്രാധാന്യമില്ലാതാവുന്നു. അദ്ധ്യാപകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം.

എല്ലാ മേഖലകളും സ്വാധീനത്തിന്റേയും സമ്പത്തിന്റേയും അധികാരത്തിന്റേയും മേല്‍ക്കോയ്മയില്‍ ഞെരിഞ്ഞമരുമ്പോള്‍ ആത്മാര്‍ത്ഥതയ്ക്കും ധാര്‍മ്മികതയ്ക്കും സത്യസന്ധതയ്ക്കും സ്ഥാനമില്ലാതാവുന്നു. അതുകൊണ്ടുതന്നെ വിദ്യാലയങ്ങളില്‍ സാംസ്‌കാരിക വ്യാപനത്തിനുള്ള സാഹചര്യമുണ്ടാക്കാനും വിദ്യാഭ്യാസ വിഷയങ്ങള്‍ക്കു പ്രാധാന്യമുള്ള അന്തരീക്ഷമൊരുക്കാനും സര്‍ക്കാര്‍ സന്നദ്ധരാവണം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com