കേശവദേവിന്റെ വരവ് തന്നെ വിവാദത്തിന് തിരികൊളുത്തിക്കൊണ്ടായിരുന്നു...

ഇന്ത്യയിലെ എല്ലാ ഭാഷകളിലേയും പ്രമുഖ എഴുത്തുകാരെ ആകാശവാണിയില്‍ പ്രൊഡ്യൂസര്‍മാരായി നിയമിച്ചു തുടങ്ങിയത് 1950കളുടെ മധ്യത്തിലായിരുന്നു
കേശവദേവിന്റെ വരവ് തന്നെ വിവാദത്തിന് തിരികൊളുത്തിക്കൊണ്ടായിരുന്നു...

ഹാകവി ജി. ശങ്കരക്കുറുപ്പും പി. കേശവദേവും സി.ജെ. തോമസും ആകാശവാണിയില്‍ ജോലി ചെയ്തിരുന്നു: തിരുവനന്തപുരം നിലയത്തില്‍ പ്രൊഡ്യൂസര്‍മാരായിരുന്നു, ശങ്കരക്കുറുപ്പും കേശവദേവും; സി.ജെ. തോമസ് അസിസ്റ്റന്റ് പ്രൊഡ്യൂസറും. മൂന്നാളും ഏതാണ്ട് ഒരേ കാലത്ത് നിയമിതരായി; പല കാരണങ്ങളാല്‍, ആകാശവാണിയില്‍നിന്ന് എല്ലാവരും വിട്ടുപോയി.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയായിരുന്ന ഡോ. കെഷ്‌ക്കറിന്റെ തീരുമാനത്തെ തുടര്‍ന്ന്, ഇന്ത്യയിലെ എല്ലാ ഭാഷകളിലേയും പ്രമുഖ എഴുത്തുകാരെ ആകാശവാണിയില്‍ പ്രൊഡ്യൂസര്‍മാരായി നിയമിച്ചു തുടങ്ങിയത് 1950കളുടെ മധ്യത്തിലായിരുന്നു. ഇതിന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കിയില്ല. ഡോ. ഹരിവംശറായി ബച്ചന്‍, സുമിത്രാനന്ദ് പന്ത്, കാളിന്ദീ ചരണ്‍ പാണിഗ്രാഹി, പ്രേമേന്ദ്രമിത്ര, വി. സീതാരാമയ്യ തുടങ്ങിയവരെ വിവിധ ആകാശവാണി നിലയങ്ങളില്‍ നിയമിച്ചു.

ജി. ശങ്കരക്കുറുപ്പിനെ പ്രഭാഷണങ്ങള്‍, സാഹിത്യ പരിപാടികള്‍, ചിത്രീകരണങ്ങള്‍ തുടങ്ങിയ പരിപാടികളുടെ ചുമതലയുള്ള 'സ്‌പോക്കണ്‍ വേഡ്' വിഭാഗത്തില്‍ പ്രൊഡ്യൂസറായി നിയമിച്ചത് 1956 ജൂലൈയിലായിരുന്നു. അതിന് ഏതാനും ദിവസം മുന്‍പ്, അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് വിരമിച്ചിരുന്നു. മലയാള പണ്ഡിതനായിരുന്നു, അദ്ദേഹം അവിടെ.

അക്കൊല്ലത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ആകാശവാണി ഡല്‍ഹിയില്‍ നടത്തിയ ആദ്യത്തെ ദേശീയ കവി സമ്മേളനമായിരുന്നു, ജി. ശങ്കരക്കുറുപ്പിന് ആകാശവാണിയിലേക്കുള്ള വഴി തുറന്നത്.

1955 ഡിസംബറില്‍ ശങ്കരക്കുറുപ്പിന്റെ എറണാകുളത്തെ വീടിനു മുന്നില്‍ 'ആള്‍ ഇന്ത്യ റേഡിയോ, കോഴിക്കോട്' എന്ന ബോര്‍ഡ് വച്ച ഒരു കാര്‍ വന്നുനിന്നു. അതില്‍ നിന്നിറങ്ങിവന്നു, ഉറ്റ സ്‌നേഹിതനും ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്ററുമായ പി.സി. കുട്ടിക്കൃഷ്ണന്‍ എന്ന ഉറൂബ്. ഒപ്പമുള്ളത്, സ്റ്റേഷന്‍ ഡയറക്ടര്‍ പി.വി. കൃഷ്ണമൂര്‍ത്തി. അദ്ദേഹം പറഞ്ഞു: ആദ്യ ദേശീയ കവി സമ്മേളനത്തില്‍ അങ്ങ് മലയാളത്തെ പ്രതിനിധീകരിക്കണം.

മഹാകവി വള്ളത്തോളാണ് ഡല്‍ഹിക്കു പോകേണ്ടത്. അനാരോഗ്യം അദ്ദേഹത്തിനു തടസ്സമായി. 'നാട്ടില്‍ത്തന്നെ കൂട്ടില്ലാതെ എങ്ങും പോകാത്ത സ്വഭാവമാണ് എനിക്കു പണ്ടേ. പോരെങ്കില്‍, അനാരോഗ്യവും. ഞാന്‍ ഒഴിയാന്‍ നോക്കി. ആ സ്‌നേഹിതന്മാര്‍ വിട്ടില്ല' ('ഓര്‍മ്മയുടെ ഓളങ്ങളില്‍') ഒപ്പം ഉറൂബിനേയും അയയ്ക്കാമെന്ന് കൃഷ്ണമൂര്‍ത്തി ഉറപ്പു നല്‍കി.

പുതിയ കവിത എഴുതാനുള്ള സമയമില്ല. സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് 1947 ആഗസ്റ്റ് 15ന് മദ്രാസ് ആകാശവാണി നിലയത്തില്‍ നടത്തിയ ദക്ഷിണേന്ത്യന്‍ കവി സമ്മേളനത്തില്‍ അവതരിപ്പിച്ച 'വന്ദനം പറയുക' എന്ന കവിത തന്നെ അവിടെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ആ കവിത കേട്ട്, മഹാകവി ഒളപ്പമണ്ണയടക്കമുള്ള എഴുത്തുകാരും ശ്രോതാക്കളും അഭിനന്ദിച്ചിരുന്നു.

'സ്വതന്ത്ര ഭാരതത്തെപ്പറ്റി ആദര്‍ശാത്മകമായ ഒരു ഹൃദയത്തിന്റെ ആകാംക്ഷ രേഖകളുള്ള' ആ കവിത ആശയം ചോരാതെ ഗദ്യത്തില്‍ പരിഭാഷപ്പെടുത്തിക്കൊടുത്താല്‍, ഹിന്ദിക്കവിതയായി ദേശീയ കവി സമ്മേളനത്തില്‍ താന്‍ തന്നെ അവതരിപ്പിക്കാമെന്ന് പ്രശസ്ത ഹിന്ദി കവിയായ ദിന്‍കര്‍ജി ശങ്കരക്കുറുപ്പിന് ഉറപ്പു നല്‍കി. രാഷ്ട്രഭാഷാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്തെത്തിയ അദ്ദേഹത്തെ അവിചാരിതമായി പരിചയപ്പെടുകയായിരുന്നു.

പാര്‍ലമെന്റംഗവും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.പി. മാധവന്‍ നായരാണ് മഹാകവിക്കും ഉറൂബിനും ഡല്‍ഹിയില്‍ ആതിഥ്യമരുളിയത്.

ജനവരി 25ന്, 'മഞ്ഞുകട്ട പൊതിഞ്ഞ പോലുള്ള രാത്രി'യില്‍, ഖദര്‍ ഷര്‍ട്ടുമിട്ട്, ഖദര്‍ ഷാളും പുതച്ച് ദേശീയ കവിസമ്മേളന വേദിയില്‍ എത്തിയ ശങ്കരക്കുറുപ്പിനെ കണ്ട മാത്രയില്‍, ഹിന്ദിയിലെ പ്രമുഖ വിപ്ലവ കവികളിലൊരാളായ ബാലകൃഷ്ണ ശര്‍മ്മ എന്ന നബീല്‍ തന്റെ വൂളന്‍ കോട്ട് ഊരി ശങ്കരക്കുറുപ്പിനെ നിര്‍ബ്ബന്ധപൂര്‍വ്വം ധരിപ്പിച്ചു.

ആകാശവാണി തിരുവനന്തപുരം നിലയം
ആകാശവാണി തിരുവനന്തപുരം നിലയം

തറയില്‍ കംബള വിരിപ്പില്‍ വട്ടം കൂടിയിരുന്ന് നടത്തുന്ന മുഷായിരകള്‍ (സംഗീത സദസ്സ്) പോലെയാണ് കവി സമ്മേളന വേദി. അത് ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. അദ്ദേഹവും കവികള്‍ക്കൊപ്പം തറയിലിരുന്നു.

'സര്‍വ്വാദരണീയനായ നെഹ്‌റു വലത്, ഹിന്ദിഭാരതത്തിലെ കവി ഭീഷ്മരായ മൈഥിലീ ശരണ്‍ ഗുപ്ത ഇടത്ത്. ആ രണ്ട് മഹാശിഖരങ്ങളുടെ നടുക്ക് കേരളത്തിലെ ചെറിയ നാടന്‍ കവി, നബീന്‍ ധരിപ്പിച്ച കുട്ടിക്കുപ്പായവുമിട്ട്...'
അകാരാന്ത ക്രമത്തിലായിരുന്നു, കവിത അവതരിപ്പിക്കാനുള്ള ഭാഷകള്‍ നിശ്ചയിച്ചിരുന്നത്. ആദ്യം മാതൃഭാഷയിലുള്ള കവിത. തുടര്‍ന്ന് അതിന്റെ ഹിന്ദി പരിഭാഷ. അര്‍ദ്ധരാത്രി വരെ നെഹ്‌റു സശ്രദ്ധം കവിതകള്‍ കേള്‍ക്കുകയും ഇടയ്ക്ക് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹം യാത്ര പറഞ്ഞിറങ്ങിയ ശേഷം പുലര്‍ച്ചെയായിരുന്നു, മലയാളത്തിന്റെ ഊഴം എത്തിയത്.

ആതിഥേയരായിരുന്നു, അവസാനം. മൈഥിലീശരണ്‍ ഗുപ്തയാണ് കവി. സംഘാടകര്‍ ജി. ശങ്കരക്കുറുപ്പിനോട് ചോദിച്ചു: നേരം വൈകി. കവിതയിലെ ഏതാനും വരികള്‍ മാത്രം ചൊല്ലിയാല്‍ പോരെ?

അദ്ദേഹം പ്രതിഷേധിച്ചു. ഇത് മലയാളത്തോടുള്ള അവഗണനയായി അദ്ദേഹത്തിനു തോന്നി. 'എന്റെ കവിത മുഴുവന്‍ വായിക്കും; വായിക്കയാണെങ്കില്‍. അല്ലെങ്കില്‍, ഒരു വരിയും വായിക്കയില്ല.'

ഇതു കേട്ട് ദിന്‍കര്‍ജി എത്തി, ഉദ്യോഗസ്ഥനോട് കയര്‍ത്തു, 'ആ കവിത മുഴുവന്‍ വായിക്കണം. അതിന്റെ തര്‍ജ്ജമ ഞാന്‍ വായിക്കും.'

മൈഥിലീശരണ്‍ ഗുപ്തയുടെ കാല്‍ തൊട്ടു വന്ദിച്ച ശേഷമായിരുന്നു, ജി. ശങ്കരക്കുറുപ്പ് തന്റെ കവിത അവതരിപ്പിച്ചത്. തുടര്‍ന്ന്, അദ്ദേഹത്തെ അടുത്തിരുത്തി, ദിന്‍കര്‍ജി ഭാവപ്രകടനത്തോടെ അതിന്റെ ഹിന്ദി വിവര്‍ത്തനം അവതരിപ്പിച്ചപ്പോള്‍ അഭിനന്ദനപ്രവാഹമായിരുന്നു. 'കവിസമ്മേളനം കഴിഞ്ഞപ്പോള്‍ കര്‍ണ്ണാടക മഹാകവിയായ വേന്ദ്രെ വേഗം വന്ന് എന്നെ കെട്ടിപ്പിടിച്ച് പ്രശംസിച്ചു: ഇത് ജിയുടെ ദിവസമായിരുന്നു.'

ആ കവി സമ്മേളനം കാണാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടുമുണ്ടായിരുന്നു. പക്ഷേ, ജി. ശങ്കരക്കുറുപ്പ് അതറിയുന്നത്, ഷഷ്ടിപൂര്‍ത്തി ആഘോഷത്തില്‍ ഇ.എം.എസ് ഇക്കാര്യം അനുസ്മരിച്ചപ്പോഴായിരുന്നു...

അടുത്ത ദിവസം, കെ.പി. മാധവന്‍ നായരുടെ ഔദ്യോഗിക വസതിയില്‍, കയ്യില്‍ പൂമാലകളും പുഷ്പങ്ങളുമായി പത്തു പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ ജി. ശങ്കരക്കുറുപ്പിനെ കാണാനെത്തി. ദിനകര്‍ജി പരിഭാഷപ്പെടുത്തി അവതരിപ്പിച്ച ആ ദേശീയ ഗാനമെഴുതിയ കവിയെ നേരില്‍ കണ്ട്, സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കാനെത്തിയവരായിരുന്നു, അവര്‍.

'ഈ കവി സമ്മേളനം ഉണ്ടാക്കിയ യാദൃച്ഛികമായ 'ഇംപ്രഷന്‍' ആണ് തിരുവനന്തപുരം നിലയത്തില്‍ എന്നെ പ്രൊഡ്യൂസറാക്കാന്‍ പ്രേരകം' എന്ന് മഹാകവി ജി. ശങ്കരക്കുറുപ്പ് രേഖപ്പെടുത്തിയിട്ടുണ്ടു്. ആ വര്‍ഷം ജൂണില്‍ കൊച്ചിയില്‍ നടത്തിയ സാഹിത്യപരിഷത് രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി ഡോ. കെഷ്‌കറായിരുന്നു.

'മരക്കൊമ്പുകളില്‍ പലതരം കിളികളുടെ രാഗമേള പ്രക്ഷേപണം' നടക്കുന്ന സുന്ദരമായ 'ഭക്തി വിലാസ'ത്തിലെ ഔദ്യോഗിക ജീവിതം പക്ഷേ, അത്ര മനോഹരമായിരുന്നില്ലെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

തിരുവിതാംകൂര്‍ റേഡിയോ നിലയത്തില്‍ ജോലി ആരംഭിച്ചവരുള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തുനിന്നുള്ള പുതിയ പ്രൊഡ്യൂസര്‍മാരെ ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമായിരുന്നു.

പ്രക്ഷേപണം ചെയ്യുന്ന പ്രഭാഷണങ്ങള്‍, നാടകങ്ങള്‍, സാഹിത്യ രചനകള്‍, ബാലസാഹിത്യകൃതികള്‍ തുടങ്ങിയവയുടെ സ്‌ക്രിപ്റ്റുകള്‍ പരിശോധിക്കുക, പരിപാടികളുടെ മൂന്ന് മാസത്തെ ഷെഡ്യൂള്‍ തയ്യാറാക്കി, സ്റ്റേഷന്‍ ഡയറക്ടറുടെ അംഗീകാരത്തിനു സമര്‍പ്പിക്കുക തുടങ്ങിയ ചുമതലകളായിരുന്നു, സ്റ്റേഷന്‍ ഡയറക്ടര്‍ ആര്‍. ജയപാല്‍ റാവു ശങ്കരക്കുറുപ്പിന് നല്‍കിയത്. 'എനിക്ക് ദുര്‍വഹ ഭാരമായി; സര്‍വ്വതന്ത്ര സ്വതന്ത്രരായിരുന്ന പലര്‍ക്കും അസുഖവും.'
അന്ന് ആദ്യം നാടകത്തിന്റെ പ്രൊഡ്യൂസര്‍ കെ. പത്മനാഭന്‍ നായരായിരുന്നു. കുട്ടികളുടെ പരിപാടികളുടെ ചുമതല വീരരാഘവന്‍ നായര്‍ക്ക്. വിദ്യാഭ്യാസ പരിപാടികളുടെ ചുമതല വഹിച്ചിരുന്നത് പഴയ സുഹൃത്തായ നാഗവള്ളി ആര്‍.എസ്. കുറുപ്പായിരുന്നു. സ്‌ക്രിപ്റ്റ് റൈറ്റര്‍മാരായി തിരുനയിനാര്‍കുറിച്ചി മാധവന്‍ നായരും ജഗതി എന്‍.കെ. ആചാരിയും. സംഗീത വിഭാഗത്തിന്റെ ചുമതല തൃശൂര്‍ പി. രാധാകൃഷ്ണന്. പ്രോഗ്രാം അസിസ്റ്റന്റുമാരായി ശങ്കരക്കുറുപ്പിന്റെ രണ്ടു ശിഷ്യരും അവിടെയുണ്ടായിരുന്നു  പി. പുരുഷോത്തമന്‍ നായരും സി. സത്യഭാമയും.

ഒരു മാസത്തിനകം തന്നെ ഭാരത സര്‍ക്കാര്‍ കശ്മീരിലേക്കയച്ച സാംസ്‌കാരിക സംഘത്തില്‍ അദ്ദേഹത്തേയും ഉള്‍പ്പെടുത്തി. തിരിച്ചെത്തി, 'കശ്മീരിന്റെ ഹൃദയത്തിലൂടെ' എന്ന പേരില്‍ അദ്ദേഹം മൂന്ന് പ്രഭാഷണങ്ങള്‍ നടത്തി. അവ 'മുത്തും ചിപ്പിയും' എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധാരാളം കീര്‍ത്തനങ്ങള്‍, ലഘു നാടകം, ദേശീയ പ്രഭാഷണ പരിപാടിയില്‍ പ്രഭാഷണങ്ങള്‍ അങ്ങനെ ചുരുങ്ങിയ കാലത്തിനകം ജി. ശങ്കരക്കുറുപ്പിന്റെ ധാരാളം രചനകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. മണ്‍മറഞ്ഞ കവികളെ, രാഷ്ട്രീയ നേതാക്കളെയൊക്കെ ഭാവനയില്‍ കണ്ട് അഭിമുഖ സംഭാഷണം നടത്തുന്ന പുതുമയാര്‍ന്ന ഒരു പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് അദ്ദേഹം എഴുതിയതാണ്, 'ചെറുശ്ശേരിയെക്കണ്ടു.'

കാളിദാസ ജയന്തിക്ക് വിപുലമായ പരിപാടികള്‍ പ്രക്ഷേപണം ചെയ്തതും അദ്ദേഹം ഓര്‍മ്മക്കുറുപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാളിദാസ സാഹിത്യത്തെ അധികരിച്ച് സിമ്പോസിയം, 'മേഘസന്ദേശ'ത്തിന്റെ സംഗീതാവിഷ്‌കരണം തുടങ്ങിയ പരിപാടികള്‍...

അന്ന് പ്രക്ഷേപണ ഭാഷ രൂപപ്പെട്ടുവരുന്നതേയുണ്ടായിരുന്നുള്ളൂ. അത് സാധാരണക്കാരുടെ ഭാഷയോ പണ്ഡിതഭാഷയോ? കെ. പത്മനാഭന്‍ നായര്‍ എഴുതി:

'പ്രക്ഷേപണ സാഹിത്യത്തിന് അതിന്റേതായ മുഖമുണ്ട്, ശൈലിയുണ്ട്. വ്യത്യാസമുണ്ട്.... തിരുവനന്തപുരം നഗരത്തിലെ സാധാരണ ജനങ്ങളുടെ പ്രയോഗങ്ങളും ശൈലികളുമാണ് ജഗതിയും വീരനും പരിപാടികളില്‍ ഉപയോഗിക്കുക... ഇമ്പമേറിയ ആ വാമൊഴികളെ വരമൊഴിയാക്കി മഹാകവി തിരുത്തും. അപ്പോള്‍ സ്വാഭാവികതയും രസികതയും മങ്ങും. കവിത്വത്തോടൊപ്പം സഹൃദയത്വവും കൂടിയുള്ള ജി, സ്വയം പിന്‍മാറി' ('റേഡിയോ തരംഗം').

അദ്ദേഹത്തിനെതിരെ ശത്രുക്കള്‍ അയയ്ക്കുന്ന പരാതിക്കത്തുകള്‍ക്ക് കുറവുണ്ടായിരുന്നില്ല. 'അസൂയാലുക്കളും അസഹിഷ്ണുക്കളുമായ ശത്രുക്കള്‍ എന്റെ സാഹിത്യജീവിതത്തിലേതിനേക്കാള്‍ കൂടുതലായിരുന്നു, റേഡിയോ ജീവിതത്തില്‍.'

ജയ്പാല്‍ റാവുവിനു പകരം ഹൈദരാബാദ് നിലയത്തില്‍നിന്ന് വന്ന എം.വി. രാജഗോപാല്‍ എന്ന പുതിയ ഡയറക്ടറെക്കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നതിങ്ങനെ: 'സ്വേച്ഛാധിപത്യത്തോട് എപ്പോഴും ചേര്‍ന്നുനില്‍ക്കുന്ന ആശ്രിത പ്രതിപത്തി. പ്രക്ഷേപണ കലയെക്കാള്‍ ആംഗലേയ ഭരണകാലത്തെ ഭരണ'കല'യിലായിരുന്നു, ആ ഇംഗ്ലണ്ട്  റിട്ടേണ്‍ഡ് ഫിലോസഫി വിദഗ്ദ്ധനു സ്വാധീനം.'

അദ്ദേഹം തൃശൂര്‍ സന്ദര്‍ശനത്തിനു പോയപ്പോള്‍, തിരിച്ചുവരുന്ന വഴി എറണാകുളത്തെ ചില സാഹിത്യകാരന്മാരെ കാണണമെന്ന് ശങ്കരക്കുറുപ്പിനോട് പറഞ്ഞിരുന്നു. സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം അറിയിച്ചതനുസരിച്ച്, സെക്രട്ടറി കുറേ എഴുത്തുകാരെ ക്ഷണിച്ചു വരുത്തി, ഏറെ നേരം കാത്തിരുന്നു. ഡയറക്ടര്‍ അവരെ കാണാതെ, നേരെ തിരുവനന്തപുരത്തിനു മടങ്ങി. അറിയിക്കുക പോലും ചെയ്തില്ല. 'ഇത് എന്നെയും പരിഷത്തിനേയും അതിന്റെ സുഹൃത്തുക്കളേയും അവഗണിക്കുന്നതായിട്ടേ എനിക്ക് ഗണിക്കാന്‍ കഴിഞ്ഞുള്ളൂ.'

ഇതിനിടയില്‍, നാടക പരിപാടികളുടെ പ്രൊഡ്യൂസറായി പി. കേശവദേവും അസിസ്റ്റന്റ് പ്രൊഡ്യൂസറായി സി.ജെ. തോമസും നിയമിതരായി. എല്ലാവരും ഇരുന്നത് ഒരേ മുറിയിലായിരുന്നു.

സ്റ്റേഷന്‍ ഡയറക്ടര്‍, 'put the producer down' എന്നൊരു മന്ത്രം ജപിച്ചു എന്ന മുഖവുരയോടെ ജി. ശങ്കരക്കുറുപ്പ്, തന്റെ ഔദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടിവന്ന ദുഃഖകരമായ ഒട്ടേറെ സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. ഒരു ദിവസം അവരുടെ മുറിയില്‍നിന്ന് ടെലിഫോണും കസേരകളും എടുത്തുകൊണ്ടുപോയി. ഫാനും ചലിക്കാതെയായി...

പ്രക്ഷേപണം ചെയ്യാനുള്ള രചനകള്‍ മുന്‍കൂട്ടി അയച്ചുതരണമെന്നാണ് നിയമം. പ്രമുഖ എഴുത്തുകാര്‍, പക്ഷേ, റെക്കാര്‍ഡിങ്ങിനു വരുമ്പോള്‍ കൊണ്ടുവരുകയാണ് പതിവ്. വയലാറിനെ കവിത അവതരിപ്പിക്കാന്‍ ക്ഷണിച്ചപ്പോള്‍, പത്തു ദിവസം മുന്‍പ് രചന അയച്ചുകിട്ടിയില്ലെന്നു പറഞ്ഞ് സ്റ്റേഷന്‍ ഡയറക്ടര്‍ അസ്വസ്ഥനായി. ശങ്കരക്കുറുപ്പ് പറഞ്ഞു: 'എങ്കില്‍ ആ പരിപാടി ക്യാന്‍സല്‍ ചെയ്‌തേക്കൂ... എനിക്ക് ചേര്‍ത്തലയില്‍ പോയി അത് വാങ്ങിക്കൊണ്ടുവരുക സാധ്യമല്ല.'

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് അദ്ദേഹത്തെ അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ട ശങ്കരക്കുറുപ്പിന് സുഖമില്ലാതായി. അടുത്ത ദിവസം നിലയത്തില്‍ ഇരുന്ന്, പരിപാടിയുടെ എഡിറ്റിങ്ങില്‍ സഹായിച്ചാല്‍ മതിയെന്ന് നാഗവള്ളി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പക്ഷേ, ഡയറക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടു. നേരിട്ടെത്തി, ശബ്ദമുയര്‍ത്തി ക്ഷോഭിച്ചു, അദ്ദേഹം: '...ഇതാണ് താങ്കള്‍ക്ക് എന്നോടുള്ള ആറ്റിറ്റിയൂഡെങ്കില്‍, എക്‌സ്പ്ലനേഷനല്ല, എന്റെ രാജി തന്നെ ഇപ്പോള്‍ എഴുതിത്തന്നേക്കാം. എനിക്കു ചെറിയ പെന്‍ഷനുണ്ട്: പോരാത്തതു വല്ലതും എഴുതിയാല്‍ കിട്ടും. ഒരു ചെറിയ വീടുമുണ്ട് എറണാകുളത്ത്. ഞാന്‍ യാചിച്ചിട്ടു തന്നതല്ല, ഈ ജോലി.'

ഡയറക്ടറുമായി അദ്ദേഹം പിന്നീട് രമ്യതയിലെത്തി. അപ്പോഴാണ്, സാഹിത്യ സലാഹ്കര്‍ അഥവാ ഉപദേഷ്ടാവ് എന്ന പുതിയൊരു തസ്തിക ആകാശവാണിയില്‍ വരുന്നത്. പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ വീട്ടിലിരുന്ന് കേട്ട്, നിരൂപണങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ചാല്‍ മതി. ഓഫീസില്‍ വരേണ്ട. ഹിന്ദി കവി സുമിത്രാനന്ദ പന്തിനെ ഈ തസ്തികയില്‍ നിയമിച്ചിരുന്നു.

കൂടുതല്‍ സ്വാതന്ത്ര്യവും എഴുതാന്‍ സമയവും സ്വൈര്യവും സ്വസ്ഥതയുമുണ്ടാകും. ശമ്പളം 700 രൂപയില്‍നിന്ന് 500 ആയി കുറയുമെങ്കിലും; 1957 ഡിസംബറില്‍ ജി. ശങ്കരക്കുറുപ്പ് സാഹിത്യ സലാഹ്കറായി പുതിയ ജോലിയില്‍ പ്രവേശിച്ചു.
മനശ്ശല്യങ്ങള്‍ തീര്‍ന്ന സന്തോഷത്തില്‍ അദ്ദേഹം ആര്‍.സി. ശര്‍മ്മയുടെ സഹായത്തോടെ ബംഗാളിയില്‍നിന്ന് 'ഗീതാഞ്ജലി' വിവര്‍ത്തനം ചെയ്തു തുടങ്ങി.

പിന്നെ, മഹാകവി വെണ്ണിക്കുളവുമായി ചെസ് കളി...

അധികകാലം ഉപദേഷ്ടാവായിരിക്കാന്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ കാരണം അദ്ദേഹത്തിനു കഴിഞ്ഞില്ല. 1958 ഏപ്രില്‍ മാസത്തില്‍ മഹാകവി ജി. ശങ്കരക്കുറുപ്പ് ആകാശവാണിയിലെ ജോലി രാജിവച്ച്, എറണാകുളത്തേക്ക് മടങ്ങി.

പക്ഷേ, മരിക്കും വരെ അദ്ദേഹം ആകാശവാണിയുമായി അടുത്ത ബന്ധം പുലര്‍ത്തി. കവിത വായിക്കാനും കവി സമ്മേളനങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി അനേക തവണ ആകാശവാണിയുടെ വേദികളിലെത്തി. ദേശീയ കവി സമ്മേളനങ്ങളില്‍ പിന്നെയും അദ്ദേഹം മലയാളത്തെ പ്രതിനിധീകരിച്ചു. അദ്ദേഹത്തിന്റെ 'സാഗര ഗീതം' എന്ന കവിത ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചത് ഹരിവംശറായി ബച്ചനായിരുന്നു. മറ്റൊരു ദേശീയ കവി സമ്മേളനത്തിനായി എഴുതിയതാണ്, 'മുടന്തന്‍ കുറുക്കന്‍മാര്‍.'

ജി. ശങ്കരക്കുറുപ്പ് ആകാശവാണി വിടും മുന്‍പ് സി.ജെ. തോമസ് രാജിവച്ചിരുന്നു. പിന്നാലെ, പി. കേശവദേവിനെ പുറത്താക്കി.

കേശവ​ദേവും സീതാലക്ഷ്മിയും
കേശവ​ദേവും സീതാലക്ഷ്മിയും

പി. കേശവദേവിന്റെ വിവാഹം, അറസ്റ്റ്, സി.ജെയുടെ രാജി

പി. കേശവദേവ്  തിരുവനന്തപുരം നിലയത്തില്‍ നാടകവിഭാഗത്തിന്റെ പ്രൊഡ്യൂസറായി ജോലിയില്‍ പ്രവേശിച്ചത് 1956 നവംബര്‍ 7നായിരുന്നു. അതേസമയത്തു തന്നെ, നിരൂപകനും നാടകകൃത്തും ഇംഗ്ലീഷ് അദ്ധ്യാപകനുമായിരുന്ന സി.ജെ. തോമസ് അസിസ്റ്റന്റ് പ്രൊഡ്യൂസറായി നിയമിക്കപ്പെട്ടു.

കമ്യൂണിസ്റ്റ് സഹയാത്രികനായി തുടങ്ങി, അവരുടെ കടുത്ത വിമര്‍ശകനായി മാറിയ കേശവദേവ് അക്കാലത്ത് കോണ്‍ഗ്രസ് നേതാക്കളുമായി സൗഹാര്‍ദ്ദത്തിലായി. ജീവിതം വഴിമുട്ടി നില്‍ക്കുന്ന സമയം. എ.പി. ഉദയഭാനു, പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ.പി. മാധവന്‍ നായര്‍ എന്നിവരുമായുണ്ടായ ബന്ധം വഴിത്തിരിവായി. 'ആ സമ്പര്‍ക്കം സ്വന്തം ജീവിതത്തിലും പ്രയോജനപ്പെടേണ്ടതാണല്ലോ എന്ന് ചിന്തിക്കാന്‍ വേണ്ടത്ര പ്രായോഗിക ബുദ്ധി കേശവദേവിനുണ്ടായിരുന്നു. ആകാശവാണിയില്‍ ഒരു നിയമനം ലഭിക്കുക എന്ന ആശയം അപ്പോഴാണ് ഉദിക്കുന്നത്' പ്രൊ. എം.കെ. സാനു എഴുതുന്നു.

'എതിര്‍പ്പ് തന്റെ ആജന്മത്തൊഴിലാക്കിയ ഈ സര്‍വ്വതന്ത്ര സ്വതന്ത്രന്‍ എങ്ങനെ റേഡിയോ സ്റ്റേഷനിലെ നിയന്ത്രണങ്ങള്‍ക്ക് വിനീതവിധേയനായ ഒരു വെറും ഉദ്യാഗസ്ഥനായി?' എന്‍.വി. കൃഷ്ണവാര്യര്‍ കേശവദേവിനോട് തന്നെ നേരിട്ടു ചോദിച്ചു. 'എന്റെ മുന്നില്‍ അപ്പോള്‍ ഉണ്ടായിരുന്ന പ്രശ്‌നം ജീവിക്കണോ വേണ്ടയോ എന്നതായിരുന്നു. എനിക്കു ജീവിക്കണം. ഞാന്‍ ജീവിതം തെരഞ്ഞെടുത്തു' എന്നായിരുന്നു ദേവ് നല്‍കിയ ഉത്തരം.

ദേവിന്റെ വരവ് തന്നെ വിവാദത്തിന് തിരികൊളുത്തിക്കൊണ്ടായിരുന്നു.

അദ്ദേഹം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ കെ. പത്മനാഭന്‍ നായരാണ് നാടകത്തിന്റെ പ്രൊഡ്യൂസര്‍. ഒരു ജോലിക്കു രണ്ടുപേര്‍.

കേശവദേവിനെ നാടകത്തിന്റെ ചുമതല ഏല്പിക്കാന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. പക്ഷേ, പത്മനാഭന്‍ നായര്‍ അതിനു വിസമ്മതിച്ചു. ദേവിന് കടുത്ത അതൃപ്തിയുണ്ടായെങ്കിലും, പൊരുതി നേടിയ നാടക പ്രൊഡ്യൂസര്‍ പദവി കൈമാറാന്‍ പത്മനാഭന്‍ നായര്‍ ഒരുക്കമല്ലായിരുന്നു. കുറച്ചു ദിവസം നീണ്ടുനിന്ന പ്രതിസന്ധി അവസാനിച്ചത്, പത്മനാഭന്‍ നായരെ കോഴിക്കോട്ടേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ടായിരുന്നു.

ആരെയും വകവയ്ക്കാത്ത സ്വഭാവമുള്ള ദേവിന് ആകാശവാണിക്കകത്തെ അന്തരീക്ഷം അത്ര പിടിച്ചില്ല. സ്‌നേഹിതനായ ജി. ശങ്കരക്കുറുപ്പിനോട് പോലും ചില അവസരങ്ങളില്‍ അനിഷ്ടം മറച്ചുവച്ചില്ല.

പ്രക്ഷേപണത്തിനായി നാടകം തെരഞ്ഞെടുക്കുക, അനുയോജ്യരായ നടീനടന്മാരെ ക്ഷണിച്ചുവരുത്തി പരിശീലനം നല്‍കി റേഡിയോ നാടകം തയ്യാറാക്കുക ഇവയൊക്കെയാണ് ചുമതലകള്‍.

ഒരിക്കല്‍ കാളിദാസ ജയന്തിക്ക് എന്തൊക്കെ പരിപാടികളൊരുക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ സംസ്‌കൃത പരിപാടികളുടെ ചുമതലയുള്ള സി. സത്യഭാമ ജി. ശങ്കരക്കുറുപ്പിനെ കണ്ടു. ഓരോ വിഭാഗവും ചെയ്യേണ്ട വിവിധ പരിപാടികള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. 'മാളവികാഗ്‌നിമിത്ര'ത്തിന്റെ നാടകാവിഷ്‌കാരവും ഇതില്‍ ഉള്‍പ്പെടും.

പരിപാടികള്‍ തീര്‍ച്ചപ്പെടുത്താന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ജയപാല്‍ റാവു യോഗം വിളിച്ചപ്പോള്‍ കേശവദേവിന് ദേഷ്യം വന്നു. 'ഞാനേതു നാടകമാണെടുക്കേണ്ടതെന്ന് മറ്റാരും നിര്‍ദ്ദേശിക്കുന്നത് എനിക്കിഷ്ടമല്ല.'

സി.ജെ. തോമസിനെ നാടക വിഭാഗത്തില്‍ നിര്‍ത്താന്‍ ജി. ശങ്കരക്കുറുപ്പ് സ്റ്റേഷന്‍ ഡയറക്ടറോട് അഭ്യര്‍ത്ഥിച്ചു. 'ദേവിന്റെ വിഭാഗത്തിലാകട്ടെ, എന്നെ സഹായിച്ചാല്‍ മതി.'

പക്ഷേ, 'തോമസ് എന്നെ സഹായിക്കാനാണ്, എനിക്ക് ഉപദേശം തരാനല്ല' എന്ന് കേശവദേവ് ഇടയ്ക്കിടെ പറയുന്നത് കേട്ട് തനിക്ക് അസ്വസ്ഥതയുണ്ടായതായി ജി. ശങ്കരക്കുറുപ്പ് എഴുതിയിട്ടുണ്ട്.

('മൂന്നുപേരും മൂന്ന് സ്വഭാവക്കാര്‍. അവര്‍ തമ്മിലുള്ള ബന്ധം ഒരിക്കലും നല്ലതായിരുന്നില്ല. നേരത്തെ തന്നെ നിലയത്തിലുണ്ടായിരുന്നവരുമായി ഇണങ്ങി പോകാനും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല' എന്ന് പ്രൊ. എം.കെ. സാനു അക്കാലത്തെക്കുറിച്ച് എഴുതി).

ഇബ്‌സന്റെ രചനകളെക്കുറിച്ചും നാടക സിദ്ധാന്തങ്ങളെക്കുറിച്ചും പഠനം നടത്തിയിട്ടുള്ള സി.ജെ. തോമസ് റേഡിയോയ്ക്കുവേണ്ടിയും ധാരാളം നാടകങ്ങള്‍ എഴുതി. അദ്ദേഹത്തിന്റെ നാടകങ്ങള്‍ സംഭാഷണ പ്രധാനമാകാന്‍ കാരണം ഈ റേഡിയോ ബന്ധമാകാം. സംഭാഷണമേറെയുള്ളതും സംഭവങ്ങള്‍ വിരളവുമായ സംസ്‌കൃത നാടകങ്ങളുടെ റേഡിയോ രൂപാന്തരം ആകര്‍ഷകമാക്കാന്‍ സി.ജെ. തോമസിന് പ്രത്യേക കഴിവുണ്ടായിരുന്നുവെന്ന് ജി. ശങ്കരക്കുറുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സി.ജെ. 'മൃച്ഛകടികം', 'വസന്തസേന' എന്ന പേരില്‍ അവതരിപ്പിച്ചതു കേട്ടപ്പോള്‍, ഒരു ആധുനിക നാടകം പോലെ അനുഭവപ്പെട്ടു, ജിക്ക്.

പക്ഷേ, സി.ജെ. തോമസ് അധികകാലം ആകാശവാണിയില്‍ തുടര്‍ന്നില്ല. ദക്ഷിണേന്ത്യന്‍ ബുക്ക് ട്രസ്റ്റില്‍ പ്രൊഡക്ഷന്‍ ഓഫീസറായി ജോലി കിട്ടിയതിനെ തുടര്‍ന്ന് അദ്ദേഹം അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ജോലി രാജിവച്ചു. അവിടെയും അദ്ദേഹം കുറച്ചു കാലമേ തുടര്‍ന്നുള്ളൂ. കാരണം, ഏതു ജോലിയില്‍ പ്രവേശിക്കുമ്പോഴും ഒരു രാജിക്കത്ത് എഴുതി കീശയില്‍ സൂക്ഷിക്കുവാന്‍ അദ്ദേഹം മറക്കാറില്ല. അഭിപ്രായവ്യത്യാസം തോന്നുന്ന ആദ്യ സന്ദര്‍ഭത്തില്‍ത്തന്നെ അത് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെന്നായിരുന്നു സി.ജെ. തോമസിനെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ വിലയിരുത്തിയത്.

ഇതിനിടയില്‍, ജയ്പാല്‍ റാവുവിനു പകരം എം.വി. രാജഗോപാല്‍ സ്റ്റേഷന്‍ ഡയറക്ടറായി നിയമിതനായി. റാവുവിന്റെ യാത്രയയപ്പ് യോഗത്തില്‍ കേശവദേവ് നടത്തിയ പ്രസംഗം പുതിയ ഡയറക്ടറെ പ്രകോപിപ്പിച്ചു. 'ഇവിടെ 'സ്റ്റിഫ് നെക്കഡ്' ഓഫീസേഴ്‌സല്ല ആവശ്യം, റാവുവിനെപ്പോലെ സഹൃദയത്വവും കലാരസികത്വവും മനഷ്യത്വവുമുള്ള വ്യക്തികളെയാണ്.'
പുതിയ പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ ഒട്ടേറെ പ്രതികാര നടപടികളുണ്ടായി. അവരെ പുകച്ചു പുറത്തു ചാടിക്കാനായിരുന്നു, ശ്രമം. ഒരു നാടക റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കെ, കേശവദേവ് ഉണ്ണാന്‍ പോയ സമയം നോക്കി, ഡയറക്ടറെത്തി; 'സ്‌ക്രിപ്റ്റ് അംഗീകരിച്ചിട്ടില്ല. ഇന്ന് പ്രോഗ്രാമില്ല' എന്നു പറഞ്ഞ് അവരെ തിരിച്ചയച്ചു.

കലാകാരന്മാരേയും നാടകത്തിന്റെ പ്രൊഡ്യൂസറായ തന്നെയും അവഹേളിച്ചതില്‍ ഏറെ ക്ഷുഭിതനായി, കേശവദേവ്.

'ദേവിന്റെ നേരെ പക കവിളിലിട്ടുകൊണ്ടു നടക്കുകയായിരുന്നു, അവര്‍. അനുകൂല സമയം വന്നപ്പോള്‍, ദേവിന്റെ ജീവിതത്തില്‍ ചില പരിവര്‍ത്തനം വന്നപ്പോള്‍, രാഷ്ട്രീയ ശത്രുക്കള്‍ പകവീട്ടാനൊരുങ്ങിയപ്പോള്‍, സ്റ്റേഷന്‍ ഡയറക്ടര്‍ ദേവിന്റെ കോണ്‍ട്രാക്റ്റ് അവസാനിപ്പിച്ചു, സാമര്‍ത്ഥ്യത്തില്‍,' എന്നാണ് ജി. ശങ്കരക്കുറുപ്പ് അനുസ്മരിക്കുന്നത്.

അന്ന് 54 വയസ്സുണ്ടായിരുന്ന പി. കേശവദേവ്, നാടക പ്രവര്‍ത്തകയും പ്രസംഗകയുമായിരുന്ന ഗോമതിയമ്മയുമായുള്ള വിവാഹബന്ധം നിലനില്‍ക്കെ, 18 വയസ്സുള്ള സീതാലക്ഷ്മിയെ വിവാഹം കഴിച്ചു. തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച്, തൈക്കാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ മിഡ്‌വൈഫായ അമ്മ കുഞ്ഞിക്കുട്ടി നല്‍കിയ പരാതിയില്‍ കേശവദേവിനേയും നവ വധുവിനേയും 1958 ജനവരി 25ന് പൊലീസ് അറസ്റ്റു ചെയ്തു. സീതാലക്ഷ്മിയെ രജിസ്റ്റര്‍ വിവാഹം കഴിച്ച് കോട്ടയത്തിനും കൊച്ചിക്കും പോയി, തിരിച്ചെത്തിയപ്പോഴായിരുന്നു, അറസ്റ്റ്. 36 വയസ്സിന് ഇളയതായ സീതാലക്ഷ്മിയുമായുള്ള വിവാഹം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ആകാശവാണിയില്‍ ജോലി കിട്ടിയപ്പോള്‍, വഴുതക്കാട്ടെ വാടക വീട്ടിലായിരുന്നു കുടുംബസമേതം ദേവും ഭാര്യ ഗോമതിയമ്മയും വിദ്യാര്‍ത്ഥിനിയായ മകള്‍ രേണുകയും താമസിച്ചിരുന്നത്. അവരെ അധികം താമസിയാതെ കായംകുളത്തെ വീട്ടിലാക്കി. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സീതാലക്ഷ്മി ദേവിന്റെ പുസ്തകങ്ങള്‍ വായിച്ച് ആരാധികയും പിന്നെ, കാമുകിയുമായി തീര്‍ന്നു.

തമ്പാന്നൂര്‍ പൊലീസ്‌സ്റ്റേഷനില്‍നിന്ന് ദേവിനേയും സീതാലക്ഷ്മിയേയും റോഡിലൂടെ നടത്തിയായിരുന്നു, കോടതിയില്‍ കൊണ്ടുപോയത്. 'പെണ്ണുമോഷണക്കേസില്‍ തൊണ്ടിസഹിതം' പിടിക്കപ്പെട്ട 'വൃദ്ധ വര'നേയും കൗമാരക്കാരിയായ വധുവിനേയും കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. കെ. ബാലകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, കെ.എസ്. കൃഷ്ണന്‍ തുടങ്ങിയ ചില സുഹൃത്തുക്കള്‍ സഹായിക്കാനെത്തി. രണ്ടാളും ജാമ്യത്തിലിറങ്ങി.

പി കേശവദേവ്, ജി ശങ്കരക്കുറുപ്പ്, ഉറൂബ് എന്നിവർ ഒരു സാഹിത്യ സമ്മേളനത്തിൽ
പി കേശവദേവ്, ജി ശങ്കരക്കുറുപ്പ്, ഉറൂബ് എന്നിവർ ഒരു സാഹിത്യ സമ്മേളനത്തിൽ

കേശവദേവിനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ഇടതുപക്ഷ സഹയാത്രികര്‍ പോലും ആവശ്യപ്പെട്ടു. 'കേരള കൗമുദി' അടക്കമുള്ള പത്രങ്ങള്‍ മുഖപ്രസംഗങ്ങളുമെഴുതി.

അങ്ങനെ, 1958 ഫെബ്രുവരി 6ന് പി. കേശവദേവിനെ ആകാശവാണിയില്‍നിന്ന് പിരിച്ചുവിട്ടു. 'കോണ്‍ട്രാക്റ്റ് അവസാനിപ്പിച്ചിരിക്കുന്നു' എന്ന ഒറ്റവരി കത്തായിരുന്നു, ഡയറക്ടര്‍ നല്‍കിയത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് കേശവദേവ് പത്രസമ്മേളനം നടത്തി, ആരോപണമുന്നയിച്ചു. ആരെയും നോട്ടീസ് നല്‍കാതെ പിരിച്ചുവിടുന്നത് നീതിക്കു നിരക്കുന്നതല്ലെന്നായിരുന്നു, അദ്ദേഹത്തിന്റെ വാദം. തനിക്ക് മൂന്ന് മാസത്തെ വേതനം നല്‍കണമെന്നാവശ്യപ്പെട്ട്, അഡ്വ. പറവൂര്‍ ടി.കെ. നാരായണ പിള്ള മുഖേന കേശവദേവ് ആകാശവാണി അധികൃതര്‍ക്ക് വക്കീല്‍ നോട്ടീസയച്ചു.
പക്ഷേ, എന്നും നിഷേധിയായ കേശവദേവിന് ഇക്കാര്യത്തില്‍ അടിപതറി. അടുത്ത സുഹൃത്തുക്കളില്‍ മിക്കവരും അദ്ദേഹത്തെ പിന്തുണച്ചില്ല. അങ്ങനെ, ധാര്‍മ്മികമായും നിയമപരമായും കേശവദേവ് പരാജയപ്പെട്ടു.

പിന്നാലെ, ജി. ശങ്കരക്കുറുപ്പും രാജിവച്ചതോടെ, പ്രമുഖ എഴുത്തുകാരെ ആകാശവാണി പ്രൊഡ്യൂസര്‍മാരാക്കിയ പരീക്ഷണം പരാജയപ്പെട്ടു. പക്ഷേ, ദേവിന്റെ ജീവിതത്തില്‍ ആകാശവാണിക്കാലാനന്തരം സൗഭാഗ്യങ്ങളേറെയുണ്ടായതായി എം.കെ. സാനു രേഖപ്പെടുത്തുന്നു. 'ഓടയില്‍നിന്ന്' സിനിമയായി, വന്‍വിജയം നേടി. ആ കൃതി പാഠപുസ്തകവുമായി. 'അയല്‍ക്കാര്‍' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ദേവ് സമ്പന്നനായി.

'സാഹിത്യത്തിന്റെ ലക്ഷ്യമായി ജീവിതത്തെ നേരത്തെ തെരഞ്ഞെടുത്തിരുന്ന' കേശവദേവ്, ഷഷ്ടിപൂര്‍ത്തിക്കു തൊട്ടു മുന്‍പ് നടത്തിയ വിവാഹത്തെ എന്‍.വി. കൃഷ്ണവാര്യര്‍ കാമാസക്തിയുടെ തലത്തിലുള്ള, 'ഹൃദയത്തിന്റെ വിശപ്പാ'യല്ല കണ്ടത്. 'ഭൗതിക സമൃദ്ധിയെക്കാള്‍ വികാരവായ്‌പോടെ സ്‌നേഹിക്കുകയും മനശ്ശാന്തിയോടെ സഹവസിക്കുകയും ചെയ്യാവുന്ന ഒരു പത്‌നിയും പുത്രനുമടങ്ങിയ സന്തുഷ്ടകുടുംബം പ്രതിനിധാനം ചെയ്യുന്ന മാനുഷികം മാത്രമായ സൗഖ്യമായിരുന്നു' അദ്ദേഹത്തിന്റെ ലക്ഷ്യം എന്നാണ് ദേവിന്റെ നാടോടി ജീവിതവും ദീര്‍ഘവും ദുസ്സഹവുമായ ഒരു യാതനയായി മാറിയ അദ്ദേഹത്തിന്റെ ആദ്യ ദാമ്പത്യജീവിതവും അടുത്തറിഞ്ഞ എന്‍.വിയുടെ ബോദ്ധ്യം.

ഈ ലേഖനം കൂടി വായിക്കൂ 

'പഞ്ചാക്ഷരീമേളം ആസ്വാദകര്‍ക്കായി രൂപപ്പെടുത്തിയ ഒന്നാണ്'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com