ഒരുപക്ഷേ, മലയാളി സ്ത്രീകളോളം മാറിടം ഒരു പ്രശ്‌നഭൂമികയായി അനുഭവിച്ചവര്‍ മറ്റൊരിടത്തുമുണ്ടാവാനിടയില്ല

ഒരുപക്ഷേ, മലയാളി സ്ത്രീകളോളം മാറിടം ഒരു പ്രശ്‌നഭൂമികയായി അനുഭവിച്ചവര്‍ മറ്റൊരിടത്തുമുണ്ടാവാനിടയില്ല

B 32 ബ്രായുടെ സൈസ് മുതല്‍ 44 സൈസ് വരെയുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് ശ്രുതി ശരണ്യത്തിന്റെ ഈ ചലച്ചിത്രം അവതരിപ്പിക്കുന്നത്

'സ്ത്രീക്ക് കംഫര്‍ട്ടബിള്‍ ആവാനോ ആനന്ദിക്കാനോ നിര്‍വൃതിപ്പെടാനോ ആശ്വസിക്കാനോ ആഘോഷിക്കാനോ ഒരു തേങ്ങയും വ്യവസ്ഥ നീട്ടിവച്ചുതരുമെന്ന് ഒരു പ്രതീക്ഷ വേണ്ട. നമ്മള്‍ പരസ്പരം കൈകോര്‍ക്കുക തന്നെ. പോരാടി കിട്ടിയതേയുള്ളൂ കൈയില്‍' 

(അനു പാപ്പച്ചന്റെ എഫ്.ബി. പോസ്റ്റില്‍നിന്ന്)

സ്ത്രീജീവിതത്തെ അടിമുടി നിയന്ത്രിക്കുന്നതില്‍ വ്യവസ്ഥ എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നു. ലിഖിതവും അലിഖിതവുമായ നിയമങ്ങള്‍കൊണ്ട് അവളെ പൂട്ടിയിടാനാണ് സമൂഹം വ്യഗ്രത കാണിച്ചത്. ഇതിനെതിരെയുള്ള പോരാട്ടങ്ങള്‍ സിനിമകളിലൂടെ പലപ്പോഴും ആവിഷ്‌കൃതമായിട്ടുണ്ട്.  ഈ പ്രശ്‌നപരിസരത്തെ ഇത്തരം സിനിമകളുടെ പതിവുരീതികളില്‍നിന്ന് വ്യത്യസ്തമായാണ് ശ്രുതി ശരണ്യം 'B 32 മുതല്‍ 44 വരെ' എന്ന സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. 

B 32- 44 ലെ ആണിടങ്ങള്‍

ആറു സ്ത്രീ ജീവിതങ്ങളെ തുല്യപ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ഈ സിനിമയിലെ ആണിടങ്ങളെ ഒന്നു നോക്കാം. മാലിനിയുടെ പങ്കാളി വിവേക്, ജയയുടെ പങ്കാളി ജോസഫ്, റേച്ചലിന്റെ കൂട്ടുകാരന്‍ ശരണ്‍, നിധിയുടെ അച്ഛന്‍ സുരേഷ്, സ്ത്രീപക്ഷ സിനിമകളുടെ സംവിധായകന്‍(?) കരുണ്‍ പ്രസാദ്, റേച്ചലിന്റെ മൊഴി രേഖപ്പെടുത്തുന്ന പൊലീസുകാരന്‍. 'ചേട്ടന്റെ മുലയൊന്ന് പിടിച്ചോട്ടേ' എന്നു വിറച്ചോണ്ട് ചോദിക്കുന്ന കൗമാരക്കാരന്‍, 'വിത്ത് ബൂബ്‌സ്, വിത്തൗട്ട് ബൂബ്‌സ്' എന്നു പറയുന്ന കൗമാരത്തിലേയ്‌ക്കെത്തുന്ന കുട്ടി  ഇവരൊക്കെ എങ്ങനെയാണ് സ്ത്രീവിരുദ്ധരാവുന്നതെന്ന് പ്രക്ഷുബ്!ധതകളില്ലാതെ സിനിമ വിശദീകരിക്കുന്നുണ്ട്. ഓരോരുത്തരേയും ഇതിലെ സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതും ശ്രദ്ധേയമാണ്. 'സ്ത്രീപക്ഷ'സിനിമാക്കാരനും നിശ്ചയമായും സ്ത്രീപക്ഷത്തു നില്‍ക്കേണ്ട പൊലീസുകാരനും നിധിയുടെ അച്ഛന്‍ സുരേഷും അയാളുടെ നിഴലുമാത്രമായ അവളുടെ അമ്മയും ഈ സമൂഹത്തില്‍നിന്ന് സ്‌ക്രീനിലേയ്ക്ക് എടുത്തുവെച്ച കഥാപാത്രങ്ങള്‍ തന്നെയാണ്. 'എന്തൊരു പറ്റിപ്പാണെടീ' എന്നൊരൊറ്റ വാചകത്തില്‍ ഇമാനെ വിവാഹം കഴിച്ചവന്റെ മാനസികാവസ്ഥയും തുറന്നുവെച്ചിട്ടുണ്ട് സിനിമയില്‍. 

സ്തനാര്‍ബ്ബുധത്തെത്തുടര്‍ന്ന് രണ്ടു മുലകളും എടുത്തുമാറ്റപ്പെട്ട മാലിനിയുടെ ജീവിതപങ്കാളിയാണ് വിവേക്.  തുടക്കത്തില്‍ നമ്മില്‍ താല്പര്യം തോന്നിക്കുന്ന ഒരു കഥാപാത്രമെന്നുള്ളതുകൊണ്ട് വിവേകിനെ മാത്രം കുറച്ചൊന്ന്  വിശകലനവിധേയമാക്കാം. ഒരു പരസ്യനിര്‍മ്മാണ കമ്പനിയിലാണ് അയാളുടെ ജോലി. വളരെ സൗമ്യനും മാലിനിയുടെ കാര്യങ്ങളെല്ലാം നോക്കുന്നയാളെന്നുമൊക്കെ ആദ്യം നമുക്കു തോന്നുമെങ്കിലും പതിയെ പതിയെ അയാളുടെ കാപട്യം വെളിയില്‍ വരുന്നുണ്ട്. മുല നീക്കം ചെയ്യപ്പെട്ട പങ്കാളിയെ അയാള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. മാത്രമല്ല, അവിടെ ജോലിക്കെത്തുന്ന ജയയുടെ മുലയളവുകള്‍ അയാള്‍ക്കു കൃത്യമായി അറിയുകയും ചെയ്യാം  എന്നിടത്താണ്  അയാളിലെ 'മലയാളി പുരുഷന്റെ' തനിനിറം വെളിച്ചം കാണുന്നത്. താന്‍ നിര്‍ബ്ബന്ധിച്ചില്ല എന്നു പുറമെ പറയാമെങ്കിലും ജയ അവള്‍ക്കിഷ്ടമില്ലാത്ത ബ്രായുടെ പരസ്യമോഡലിലേയ്ക്ക് എത്തിച്ചേര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് അയാള്‍ക്കൊഴിയാനാവില്ല. ലിംഗസമത്വം കാണിക്കുന്ന, ന്യൂ ജനറേഷന്റെ പ്രതിനിധിയെന്നു തോന്നിപ്പിക്കുന്ന വിവേക്  സ്‌നേഹത്തെക്കാളേറെ പണത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും സാമ്പത്തികവുമുള്ള നിധിയുടെ അച്ഛന്റേയും അമ്മയുടേയും വിപരീതസ്ഥാനത്ത് നമുക്ക് റേച്ചലിന്റെ അമ്മയേയും അച്ഛനേയും കാണാം. മകള്‍ക്ക് ഒരു പ്രതിസന്ധിഘട്ടമുണ്ടായപ്പോള്‍ അവളോടൊപ്പം നില്‍ക്കുന്ന റേച്ചലിന്റെ അച്ഛന്‍ നിഷ്‌കളങ്കനായ ഒരു പുരുഷകഥാപാത്രമാണ്. 

ശ്രുതി ശരണ്യം
ശ്രുതി ശരണ്യം

ആനന്ദം... ആനന്ദം... 

സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥയാണ് മാലിനി. ലിംഗസമത്വത്തെക്കുറിച്ചും ദാമ്പത്യജീവിതത്തെക്കുറിച്ചും ശരിയായ അവബോധമുള്ളവള്‍. അതേ മനോഭാവമുള്ള പങ്കാളിയെന്നു കരുതിയ വിവേകിന്റെ ഭാവമാറ്റം മനസ്സിലാകുമ്പോള്‍ അയാളില്‍നിന്നു മാറി  നില്‍ക്കാനും വീണ്ടും അടുപ്പിക്കാതിരിക്കാനും തലച്ചോറുള്ളവള്‍. ജീവിതാവസ്ഥകളോട് പൊരുതി തങ്ങളുടെ ആനന്ദം കണ്ടത്താന്‍ ശ്രമിക്കുന്നവരാണ് മറ്റു സ്ത്രീ കഥാപാത്രങ്ങളും. ഏറെ നിസ്സഹായയായ നിധി പോലും അവസാനം തന്റെ സ്വത്വം തിരിച്ചറിഞ്ഞെത്തുന്നുണ്ട്.  ഇവര്‍ക്കെല്ലാം  അഭയമായി മാറാന്‍ സാമൂഹ്യനീതി വകുപ്പിലെ ആ ഉദ്യോഗസ്ഥയ്ക്കാവുന്നുണ്ട്. മോഡലിങ്ങിനെ അപമാനമായി അനുഭവിച്ചയിടത്തുനിന്നും പ്രൊഫഷനായി കാണാവുന്നയിടത്തേയ്ക്കുള്ള മാറ്റമാണ് ജയയില്‍ കാണുന്നത്. കഥയേയും കഥാപാത്രങ്ങളേയും ജയയെന്ന നൂലിലാണ് സംവിധായിക കെട്ടിയുറപ്പിച്ചിട്ടുള്ളത്. 'ആദാമിന്റെ വാരിയെല്ലി'ല്‍ സംവിധായകനേയും ക്യാമറാമാനേയും തട്ടിത്തെറിപ്പിച്ചു പുറത്തേയ്ക്കു പായുന്ന അമ്മിണിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഇതിലെ ജയ. അധികസമയമില്ലെങ്കിലും റേച്ചലിന്റെ അമ്മയും ജയയുടെ അമ്മായിയമ്മയും സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. മുല മറയ്ക്കാന്‍ പാടുപെടുന്ന ട്രാന്‍സ്മാന്‍ സിയാനും മുലയില്ലാത്ത വിഷമം പേറുന്ന ഇമാനും പ്രണയപൂര്‍വ്വം ചുംബിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നതും നമ്മുടെ ചിന്തകള്‍ തുടരുന്നതും. ഇടയ്ക്കിടെ കേള്‍പ്പിച്ചിരുന്ന ആനന്ദം പാട്ടിന്റെ ഈരടികള്‍ പരിപൂര്‍ണ്ണ ആനന്ദത്തില്‍ ഇഴുകിച്ചേരുന്നതും ഇവിടെത്തന്നെ.
 

സിനിമയുടെ പേരില്‍ പലതുമുണ്ട്

ആ 32 മുതല്‍ 44 വരെ എന്ന പേര് ഒരു പ്രതീകമാണ്. ഒരുപക്ഷേ, മലയാളിസ്ത്രീകളോളം മാറിടം ഒരു പ്രശ്‌നഭൂമികയായി അനുഭവിച്ചവര്‍ മറ്റൊരിടത്തുമുണ്ടാവാനിടയില്ല. ആ 32 ബ്രായുടെ സൈസ് മുതല്‍ 44 സൈസ് വരെയുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. ഒരു കഥാപാത്രത്തിന്റേയും ഭൂതകാല ജീവിതത്തിലേയ്ക്കു പോകാതെ വര്‍ത്തമാനകാലം മാത്രമാണ് സിനിമയില്‍ കാണിക്കുന്നത്. ഓരോ കഥാപാത്രവും ആവശ്യപ്പെടുന്ന ഭാവം തന്മയത്വത്തോടെ പ്രതിഫലിപ്പിക്കുവാന്‍ അഭിനേതാക്കള്‍ക്കായിട്ടുണ്ട്. അവയെല്ലാം മനോജ്ഞമായി കൂട്ടിയിണക്കാന്‍ ശ്രുതി ശരണ്യത്തിലെ സംവിധായികയ്ക്കുമായി. 

'പുറപ്പെട്ടേടത്താണൊരായിരം കാതം അവള്‍ നടന്നിട്ടും' എന്നിനി ഒരു കവിക്കും എഴുതാനിടവരാതിരിക്കാന്‍ തക്കവണ്ണം നമ്മെ മുന്നോട്ടുകൊണ്ടുപോകാന്‍ പര്യാപ്തമാണ് ഈ ചലച്ചിത്രകാവ്യം. പക്ഷേ, എത്ര പേരിലേയ്ക്ക് ഇതെത്തും എന്നൊരു ചോദ്യം ബാക്കിയാവുന്നുണ്ട്.  !

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com