'അഗാധ സ്‌നേഹം, കാലുഷ്യമില്ലാത്ത സൗഹൃദം'- മാമുക്കോയ ഓര്‍മ്മ

'അഗാധ സ്‌നേഹം, കാലുഷ്യമില്ലാത്ത സൗഹൃദം'- മാമുക്കോയ ഓര്‍മ്മ

അറിവുകൊണ്ടും ജീവിതംകൊണ്ടും വിസ്മയകരമായ സാന്നിധ്യമായി അദ്ദേഹം എപ്പോഴും നിലകൊണ്ടു

വ്യക്തിപരമായി എനിക്കും സര്‍ഗ്ഗാത്മകമായി നമുക്കെല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട രണ്ടുപേര്‍ വിടപറഞ്ഞ ആഴ്ചയാണ് കടന്നുപോകുന്നത്. സ്‌നേഹത്തിന്റേയും കരുതലിന്റേയും അനേകം നിമിഷങ്ങള്‍ രേഖപ്പെടുത്തിയ ജെമിനി ശങ്കരേട്ടനും മാമുക്കോയക്കയും. വാക്കുകള്‍ ചിലരെ ഓര്‍ക്കുമ്പോള്‍ കൂടുതല്‍ ആര്‍ദ്രമാകുന്നു. നമ്മുടെ കാലം അവരോട് കടപ്പെട്ടിരിക്കുന്നു.

മാമുക്കോയയുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ അഗാധമായ സ്‌നേഹം അനുഭവപ്പെടുത്തുന്നവയാണ്. കാലുഷ്യമില്ലാത്ത സൗഹൃദം മാത്രമല്ല, അറിവുകൊണ്ടും ജീവിതംകൊണ്ടും വിസ്മയകരമായ സാന്നിധ്യമായി അദ്ദേഹം എപ്പോഴും നിലകൊണ്ടു. വാക്കുകള്‍ ഉറപ്പോടെ തന്നെ പൊതുവേദികളില്‍ പറഞ്ഞു. എല്ലാ ദിവസവും വാട്സാപ്പില്‍ ഒരു പാട്ടോ തമാശയോ തന്നെക്കുറിച്ചുള്ള തഗ്ഗുകളോ അയച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മാമുക്കോയ പങ്കുവെച്ച ഓര്‍മ്മ 'ഇടവഴികളു'ടെ വായനക്കാരുമായി പങ്കു വെയ്ക്കുന്നു. മാമുക്കോയയുടെ ബാല്യത്തിലേതാണ് ഈ അനുഭവം.  

ഈ കോളം മാമുക്കോയക്ക് സമര്‍പ്പിക്കുന്നു

''സ്‌കൂളില് പഠിക്ക്ന്ന കാലത്ത് ഞാന്‍ നന്നായി പഠിക്ക്ന്ന കുട്ടിയായിര്ന്നു. പഠിപ്പില് മാത്രമല്ല, കളിയിലും പാട്ടിലും എല്ലാറ്റിലും ഒന്നാമനായിര്ന്നു. കളിയും പാട്ടും സമാസമം ചേര്‍ന്ന് നിക്ക്ന്ന നാടാണ് കോഴിക്കോട്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും പാട്ട്കാരേയും കളിക്കാരേയും കാണാം. പേര്‌കേട്ട ഗസല്‍ ഗായകര്‍ കോഴിക്കോട്ണ്ടായിര്ന്നു. പെരുമയുള്ള ഫുട്‌ബോള്‍ കളിക്കാരും. നാട്ട്കാര് ഒന്നും രണ്ടും വര്‍ത്തമാനം പറഞ്ഞാല്‍ അട്ത്ത നിമിഷം തന്നെ പാട്ടിലേക്ക് വഴുതിവീഴും. പാട്ടറിയാത്ത ആരുമുണ്ടായിര്ന്നില്ല കോഴിക്കോട്. ഞങ്ങള്‍ കുട്ടികളും അങ്ങനെതന്നെ. സ്‌കൂളില് ഒഴിവു കിട്ട്ന്ന നേരത്ത് പൊട്ടിയ സ്ലേറ്റില്‍ വെരല് മുട്ടി ഞങ്ങള് പാട്ട് പാടും. ഹിന്ദി പാട്ട്കളായിരുന്നു അധികവും. 

ഒരു ദിവസം ഉച്ചയ്ക്ക് ഞങ്ങള്‍ കുറച്ച് കുട്ടികള് ളുഹ്‌റ് നിസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോയി. അതൊരു പരീക്ഷാദിവസമായിരുന്നു. ഉത്തരങ്ങളെല്ലാം പച്ചവെള്ളംപോലെ എഴുതിവെച്ചിട്ടാണ് ഞങ്ങള്‍ എറങ്ങിയത്. മരക്കണക്ക് അറിയുന്നതുകൊണ്ട് കണക്കു പരീക്ഷ എനിക്ക് എളുപ്പമായിരുന്നു. പള്ളീലെത്തി. ഉത്തരങ്ങള് നന്നായി എഴുതിയ സന്തോഷത്തില് നിസ്‌കാരത്തിനിടയില്‍ അറിയാണ്ട് രണ്ടുവരി ഹിന്ദി പാട്ട് ചുണ്ടില് വന്നുപോയി. അറിയാണ്ട് അത് പാടിപ്പോയി.

ലേകേ പഹ്ലെ...
പ്യാര്‍ പരേഗോ...

നിസ്‌കാരത്തിനു നിന്ന കുട്ടികളെല്ലാം അതുകേട്ട് ചിരിച്ചു.

ദൂരെ നിന്ന് ഉസ്താദ് ഒരു വടിയുമായി വന്ന് ഓരോരുത്തരേയും അടുത്തു വിളിച്ച് ചന്തിക്ക് പടപടാ അടി തുടങ്ങി.

അതിനിടയില് അഴികളില്ലാത്ത ജനാലയിലൂടെ ഞാന്‍ എറങ്ങി ഓടി. ഒരുവിധം ഓടിക്കെതച്ച് നേരെ ചെന്നുപെട്ടത് സ്‌കൂളിലെ പ്രഭാകരന്‍ മാഷെ മുന്നില്. എന്നോട് വളരെ പിരിശമുള്ള മാഷാണ്. സാഹിത്യസമാജത്തില് എനിക്ക് മോണോ ആക്ട് പഠിപ്പിച്ച് തന്നത് പ്രഭാകരന്‍ മാഷാണ്. എന്റെ കെതപ്പും മുഖത്തെ പരിഭ്രമവും കണ്ട് മാഷ് ചോദിച്ചു:
''എന്താടാ പറ്റിയത്?''

ഞാന്‍ നടന്നത് നടന്നതുപോലെ പറഞ്ഞു. പ്രഭാകരന്‍മാഷ് എന്നെ ചേര്‍ത്ത് പിടിച്ച് ഇങ്ങനെ പറഞ്ഞു:

''പള്ളി ദൈവത്തിന്റെ ആലയമാണ്. അവിടെ അച്ചടക്കത്തില് നില്‍ക്കേണ്ടേ? പ്രാര്‍ത്ഥനയില്‍ സിനിമാപാട്ട് പാടിയത് ശരിയായില്ല...''

അതിനുശേഷമാണ് രസം.

പ്രഭാകരന്‍ മാഷ് എന്നെയും കൊണ്ട് പള്ളിയില് പോയി. ഉസ്താദിനെ കണ്ടു. ഇവന് മാപ്പ് കൊടുക്കണമെന്നു പറഞ്ഞു. ഉസ്താദ് എന്റെ കൈ പിടിച്ചു. സാരില്ല്യ. കുട്ടികള് പാട്ട് പാടുന്നതും പടച്ചോന് ഇഷ്ടാ... പക്ഷേ, പ്രാര്‍ത്ഥനയില്‍ അങ്ങനെ പാടാന്‍ പാടില്ല...

നല്ല ഉസ്താദ്. നല്ല മാഷ്...''

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com