മാറ്റിയെഴുതാനോ പൊളിച്ചെഴുതാനോ സാധിക്കാത്ത ഭരണഘടനയുടെ സേഫ്റ്റി വാള്‍വ്

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാദങ്ങള്‍ക്കു ശേഷം 1973 ഏപ്രില്‍ 24-ാം തീയതി പുറപ്പെടുവിച്ച വിധിയുടെ മണിമുഴക്കം നമ്മുടെ ഭരണഘടനാ കോടതികളില്‍ ഇന്നും മുഴങ്ങിക്കേള്‍ക്കുകയാണ്
മാറ്റിയെഴുതാനോ പൊളിച്ചെഴുതാനോ സാധിക്കാത്ത ഭരണഘടനയുടെ സേഫ്റ്റി വാള്‍വ്

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ജനാധിപത്യ മതേതര പോരാട്ടത്തിനു ശക്തമായ അടിത്തറ നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാകവചമായ വിധിയെന്നാണ് കേശവാനന്ദഭാരതി കേസ് എന്ന പേരിലറിയപ്പെടുന്ന ഹിസ് ഹോളിനസ് കേശവാനന്ദഭാരതി ശ്രീപദഗലവേരു V/s സ്റ്റേറ്റ് ഓഫ് കേരള (AIR 1973 SC 1461) എന്ന സുപ്രീംകോടതിയുടെ 13 ജഡ്ജിമാരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ വിധി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാദങ്ങള്‍ക്കു ശേഷം 1973 ഏപ്രില്‍ 24-ാം തീയതി പുറപ്പെടുവിച്ച വിധിയുടെ മണിമുഴക്കം നമ്മുടെ ഭരണഘടനാ കോടതികളില്‍ ഇന്നും മുഴങ്ങിക്കേള്‍ക്കുകയാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട  ഭരണകക്ഷിക്കു മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയുടെ ചട്ടക്കൂടിനെ മാറ്റിമറിച്ചുകൊണ്ട് അടിസ്ഥാന ഘടനയെ പൊളിച്ചെഴുതാന്‍ പാര്‍ലമെന്റിന് അവകാശമില്ല എന്നതാണ് വിധിയുടെ സാരാംശം. ഫലത്തില്‍ കേശവാനന്ദഭാരതി കേസ് സാധാരണ സുപ്രീംകോടതിയില്‍ നടന്ന ഒരു കേസ് മാത്രമായിരുന്നില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ പാര്‍ലമെന്റും സുപ്രീംകോടതിയും പരമാധികാരത്തിനുവേണ്ടിയുള്ള ശക്തമായൊരു പോരാട്ടത്തിനുള്ള വേദിയായിരുന്നു 66 ദിവസം നീണ്ടുനിന്ന വാദങ്ങളില്‍ അവസാനിച്ച സുപ്രധാനമായ വിധി. 

1963-ലെ കേരള ഭൂപരിഷ്‌കരണ നിയമവും പിന്നീട് 1969-ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതിനിയമവും 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ 29-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ 14,19(1) (എഫ്), 25,26,31 എന്നീ അനുച്ഛേദങ്ങളില്‍ കൂടി ഉറപ്പു നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിച്ച കാസര്‍ഗോട്ടെ കേശവാനന്ദ മഠാധിപതി ബോധിപ്പിച്ച കേസാണ് ഈ ചരിത്രവിധിയില്‍ പരിസമാപിച്ചത്.

കേശവാനന്ദ കേസിന്റെ ആരംഭം ശരിക്കും 1967-ലെ ഗോലക് നാഥ് V/s സ്റ്റേറ്റ് ഓഫ് പഞ്ചാബ് (AIR 1967 SC 1643)  കേസിലെ സുപ്രീംകോടതിയുടെ 11 ജഡ്ജിമാരടങ്ങിയ വിധിയില്‍ നിന്നാണ്. ചീഫ് ജസ്റ്റിസ് സുബ്ബറാവുവിന്റെ നേതൃത്വത്തിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി അന്നത്തെ പ്രതിപക്ഷ കക്ഷികള്‍ ആഘോഷിച്ചപ്പോള്‍ രോഷാകുലരായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. ആ വിധിയോടുകൂടി കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും തമ്മിലുള്ള തുറന്ന സംഘട്ടനത്തിനു തന്നെ തുടക്കം കുറിച്ചു. ഭരണഘടനയുടെ അനുച്ഛേദം 368 അനുസരിച്ചുളള പാര്‍ലമെന്റിന്റെ ഭരണഘടനാ ഭേദഗതി ചെയ്യുവാനുള്ള അധികാരം ഉപയോഗിച്ചുകൊണ്ട് ഭരണഘടനയുടെ 3-ാം ഭാഗത്തില്‍ വിവരിച്ച മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാടില്ലയെന്ന ഗോലക്നാഥ് കേസിലെ 5-നെതിരെ 6 ജഡ്ജിമാരുടെ ഭൂരിപക്ഷ വിധി പ്രശസ്ത നിയമപണ്ഡിതന്മാരായ എം.സി. സെതല്‍ വാദ്, മുന്‍ അറ്റോര്‍ണി ജനറല്‍ എച്ച്.എം. സീര്‍വായി എന്നിവരുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്ന ഒരു വിധിയായിരുന്നു. ഗോലക് നാഥ് കേസിലെ വിധിയെ മറികടക്കുവാനുള്ള ഉദ്ദേശം വെച്ച് പാര്‍ലമെന്റ് പാസ്സാക്കിയ 24-ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് മൗലികാവകാശത്തിനെതിരെ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനും നിയമസഭകള്‍ക്കും അധികാരമില്ലെന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ അനുച്ഛേദം 13 (2)ന്റെ നിര്‍വ്വചനത്തില്‍ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടുകയില്ലെന്ന് കേശവാനന്ദഭാരതി കേസ് വിധിച്ചെങ്കിലും അനുച്ഛേദം 368 അനുസരിച്ചുള്ള പാര്‍ലമെന്റിന്റെ ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള അധികാരം മുഖാന്തിരം ഭരണഘടനയുടെ അടിസ്ഥാനഘടന പൊളിച്ചെഴുതാനാവില്ലെന്ന ഭൂരിപക്ഷ വിധി ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയും തേജസ്സും നിലനിര്‍ത്താന്‍ സാധിച്ചുവെന്നതാണ് സത്യം. ഗോലക് നാഥ് കേസിലെ വിധി പ്രസ്താവിച്ച് കഷ്ടിച്ച് രണ്ടരമാസം പിന്നിട്ടപ്പോള്‍ 1967 ഏപ്രില്‍ 11-ന് ചീഫ് ജസ്റ്റിസ് സുബ്ബറാവു രാജിവെച്ച് രാഷ്ട്രപതി സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടപടി ഗോലക് നാഥ് കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്ന ആരോപണം കൂടുതല്‍ ബലപ്പെടുത്തും വിധമുള്ള നടപടിയായി ആരോപിക്കപ്പെട്ടിരിക്കുന്നു. 

ഇന്ത്യന്‍ ജൂഡിഷ്യറിയുടെ കരുത്തും ആര്‍ജ്ജവവും ചരിത്രത്തില്‍ ഏറ്റവും വ്യക്തമായും അസന്ദിഗ്ദ്ധമായും വിളിച്ചോതിയ വിധിയായിരുന്നു കേശവാനന്ദഭാരതി കേസ്. വിധിയില്‍ ക്ഷുഭിതമായ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ചില നടപടികള്‍ കൈക്കൊണ്ടു. ഇന്നത്തെപ്പോലെ സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടേയും നിയമനത്തിനും പ്രമോഷനും ഉള്ള അപ്രമാദിത്വം അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന കൊളീജിയത്തിനായിരുന്നില്ല. മറിച്ച് കേന്ദ്രസര്‍ക്കാരിനായിരുന്നു. കേശവാനന്ദഭാരതി കേസിലെ വിധി പ്രസ്താവിച്ച് തൊട്ടുള്ള ദിവസം തന്നെ ഏറ്റവും സീനിയര്‍ ആയിരുന്ന മൂന്ന് ജഡ്ജിമാരെ മറികടന്നുകൊണ്ട് ജൂനിയര്‍ ജഡ്ജിമാരില്‍ നാലാമനായിരുന്ന ജസ്റ്റിസ് എ.എന്‍. റേയെ ചീഫ് ജസ്റ്റിസായി നിയമിക്കുകയും ചീഫ് ജസ്റ്റിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയ ഉടനെ 3 സീനിയര്‍ ജഡ്ജിമാര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചൊഴിയുകയെന്ന അത്യപൂര്‍വ്വ സംഭവവും ഉണ്ടായി. പിന്നീട് ചീഫ് ജസ്റ്റിസ് എ.എന്‍. റേയുടെ നേതൃത്വത്തിലെ 13 അംഗ ബെഞ്ച് സ്വമേധയാ കേശവാനന്ദഭാരതി കേസ് പുന:പരിശോധിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ പല്‍ക്കിവാലയുടെ രണ്ട് ദിവസത്തെ പ്രക്ഷോജ്ജ്വലമായ വാദത്തെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് പൊടുന്നനെ ആ 13 അംഗ ബെഞ്ച് പിരിച്ചുവിട്ടതായി പ്രഖ്യപിച്ച നടപടി കേശവാനന്ദഭാരതി കേസിലെ നിയമം കൂടുതല്‍ ശക്തമായി നിലനിര്‍ത്താന്‍ സാധിച്ചുവെന്നതാണ് ചരിത്രസത്യം. പക്ഷേ, കേശവാനന്ദഭാരതി കേസിലെ വിധിയില്‍ അസംതൃപ്തരായ കേന്ദ്രസര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് 1976 ഡിസംബര്‍ 18-ാം തീയതി പാര്‍ലമെന്റ് പാസ്സാക്കിയ 42-ാം ഭേദഗതി നിയമമനുസരിച്ച് കോടതിക്ക് ഇടപെടാന്‍ പറ്റാത്തവിധം ഭരണഘടന അടിമുടി പൊളിച്ചെഴുതാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന ഭേദഗതി നിയമം നടപ്പില്‍ വരുത്തുകയും ആ ഭേദഗതി നിയമം 1980 വരെ ആരും ചോദ്യംചെയ്യപ്പെടാതെ പ്രാബല്യത്തില്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം 1980-ല്‍ മിനര്‍വ മില്‍സ് V/s യൂണിയന്‍ ഓഫ് ഇന്ത്യ (AIR 1980 SC 1789)   കേസില്‍ ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലെ മറ്റൊരു ബെഞ്ച് 42-ാം ഭരണഘടനാ ഭേദഗതി അസാധുവാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചതോടു കൂടി ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റിയെഴുതാനോ പൊളിച്ചെഴുതാനോ പാര്‍ലമെന്റിന് അധികാരമില്ലെന്ന കേശവാനന്ദഭാരതി കേസിലെ വിധി ആവര്‍ത്തിക്കപ്പെട്ടു. അതോടുകൂടി ഭരണഘടന അനുച്ഛേദം 368 അനുസരിച്ച് പാര്‍ലമെന്റിന് ഭരണഘടനയിലെ ആവശ്യമായ ഭേദഗതികളോ മാറ്റങ്ങളോ വരുത്തുവാനുള്ള പരിമിതമായ അധികാരമേയുള്ളൂവെന്നും അല്ലാതെ ഭരണഘടനയുടെ അടിസ്ഥാന ഘടനയോ ചട്ടക്കൂടോ മാറ്റിയെഴുതാനോ പൊളിച്ചെഴുതാനോ അധികാരമില്ലെന്നുമുള്ള കേശവാനന്ദഭാരതി കേസിലെ വിധി കൂടുതല്‍ ശക്തമായി രാജ്യത്തെ നിയമമായി നിലകൊള്ളാനുള്ള സാഹചര്യമുണ്ടായി. 

കേശവാനന്ദഭാരതി
കേശവാനന്ദഭാരതി

അത്യപൂര്‍വ്വമായ ഭിന്നവിധികള്‍

കേശവാനന്ദഭാരതി കേസ് വിധിയിലെ 13 ജഡ്ജിമാരില്‍ 6 ജഡ്ജിമാര്‍ വീതം രണ്ട് തട്ടുകളിലായി നിലകൊണ്ടു. ചീഫ് ജസ്റ്റിസ് എസ്.എം. സിക്രി, ജസ്റ്റിസുമാരായ ഷേലറ്റ്, കെ.എസ്. ഹെഗ്ഡെ, ജഗന്‍ മോഹന്‍ റെഡ്ഡി, എ.എന്‍. ഗ്രോവര്‍, എ.കെ. മുഖര്‍ജി എന്നീ ആറ് ജഡ്ജിമാര്‍ പാര്‍ലമെന്റിനു ഭരണഘടന ഭേദഗതി ചെയ്യുവാന്‍ പരിമിതമായ അധികാരമേയുള്ളൂവെന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്നു. പാര്‍ലമെന്റിനു മൗലികാവകാശം ഭേദഗതി ചെയ്തുകൊണ്ടുളള ഭരണഘടനാ ഭേദഗതി നിയമം പാസ്സാക്കാന്‍ പോലും അധികാരമില്ലെന്ന് ഗോലക് നാഥ് കേസില്‍ വിധിയെഴുതിയ ജഡ്ജിമാരാണ് ജസ്റ്റിസ് സിക്രിയും ജസ്റ്റിസ് ഷേലറ്റും. അതുകൊണ്ടുതന്നെ ഗോലക് നാഥ് കേസിനു ശേഷം കേശവാനന്ദഭാരതി കേസില്‍ വാദം കേള്‍ക്കുന്ന മേല്‍വിവരിച്ച രണ്ട് ജഡ്ജിമാരുടെ നിലപാടുകള്‍ വളരെ പ്രകടമായിരുന്നു. ഗോലക് നാഥ് കേസ് കേശവാനന്ദഭാരതി കേസില്‍ പുന:പരിശോധിക്കപ്പെട്ടതുകൊണ്ടുതന്നെ ജസ്റ്റിസ് സിക്രിയും ജസ്റ്റിസ് ഷേലറ്റും കേശവാനന്ദഭാരതി കേസ് കേള്‍ക്കരുതെന്ന് സെതല്‍വാദിനെപ്പോലുള്ള നിയമപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു. ജസ്റ്റിസുമാരായ എ.എന്‍. റേ (ജസ്റ്റിസ് എ.എന്‍. റെയെയാണ് മൂന്നു സീനിയര്‍ ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് കേശവാനന്ദ കേസ് വിധി പ്രസ്താവിച്ചട്ടതിനു ശേഷം ചീഫ് ജസ്റ്റിസായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്) ഡി.ജി. പലേക്കര്‍, കെ.കെ. മാത്യു, എസ്.എന്‍. ദ്വിവേദി, എം.എച്ച്. ബെഗ്, വൈ.വി. ചന്ദ്രചൂഡ് എന്നീ ജഡ്ജിമാര്‍ പാര്‍ലമെന്റിനു ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അതിരറ്റ അധികാരമുണ്ടെന്നുള്ള അഭിപ്രായക്കാരായിരുന്നു. ഇതിനു രണ്ടിനും ഇടയിലുള്ള അഭിപ്രായമായിരുന്നു ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടേത്. അതായത് അനുച്ഛേദം 368 പ്രകാരം പാര്‍ലമെന്റിനു ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരം ഉണ്ട്. പക്ഷേ, ആ അധികാരം വെറും ഭേദഗതി ചെയ്യുവാനുള്ളതു മാത്രമാണ്. അല്ലാതെ ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റിയെഴുതാനോ ഭരണഘടനയുടെ ചട്ടക്കൂട് പൊളിച്ചെഴുതാനോ ഉള്ള അധികാരമായി ഭേദഗതി അധികാരത്തെ വ്യാഖ്യാനിക്കാന്‍ പാടില്ല എന്നതാണ് ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ അഭിപ്രായം. അതുകൊണ്ടുതന്നെ കേശവാനന്ദഭാരതി കേസില്‍ ഭൂരിപക്ഷ വിധിയോ ന്യൂനപക്ഷ വിധിയോ ഉണ്ടായിരുന്നില്ലെന്ന അഭിപ്രായക്കാരും നിയമരംഗത്തുണ്ടായിരുന്നു. 13 ജഡ്ജിമാരില്‍ 11 ജഡ്ജിമാര്‍ ചേര്‍ന്നെഴുതിയ ഒമ്പതു വിധികള്‍ വായിച്ചുകഴിഞ്ഞതില്‍ പിന്നെ പാര്‍ലിമെന്റിനു ഭരണഘടന ഭേദഗതി ചെയ്യന്നതിനു പരിമിതികളുണ്ടെന്നും ഭേദഗതി അധികാരമുപയോഗിച്ച് ഭരണഘടനയുടെ അടിസ്ഥാനഘടന പൊളിച്ചെഴുതാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്ന അഭിപ്രായക്കാരനായ ചീഫ് ജസ്റ്റിസ് സിക്രി 'ഭൂരിപക്ഷ അഭിപ്രായം' എന്ന കുറിപ്പുണ്ടാക്കി 13 ജഡ്ജിമാര്‍ക്കും അഭിപ്രായങ്ങള്‍ക്കായി നല്‍കിയെങ്കിലും ഒമ്പതു ജഡ്ജിമാര്‍ മാത്രം അത് ശരിവെച്ചുകൊണ്ട് ഒപ്പിടുകയും നാലു ജഡ്ജിമാര്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും ചെയ്തതില്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റിയെഴുതാനോ ഭരണഘടനയുടെ ചട്ടക്കൂട് പൊളിച്ചെഴുതാനോ ഉള്ള അധികാരമായി ഭരണഘടനയുടെ അനുച്ഛേദം 368 നല്‍കുന്ന ഭേദഗതി അധികാരത്തെ വ്യാഖ്യാനിക്കാന്‍ പാടില്ല എന്ന വിധി ഭൂരിപക്ഷ വിധിയായി ഫലത്തിലും ബലത്തിലും രാജ്യത്തെ നിയമമായി മാറി. ചീഫ് ജസ്റ്റിസ് സിക്രി തയ്യാറാക്കി ഒമ്പതു ജഡ്ജിമാര്‍ ഒപ്പിട്ട ഭൂരിപക്ഷാഭിപ്രായക്കുറിപ്പ് സുപ്രീം കോടതിയുടെ പ്രമാണശേഖരത്തില്‍ സൂക്ഷിച്ചത് ഇതോടൊന്നിച്ചു ചേര്‍ക്കുന്നു.
 
കേസിലെ വാദങ്ങള്‍ തര്‍ക്കങ്ങളായി മാറിയപ്പോള്‍

കേശവാനന്ദഭാരതി കേസില്‍ മഠാധിപതിക്കുവേണ്ടി സുപ്രസിദ്ധ നിയമജ്ഞന്‍ നാനി പല്‍ക്കിവാല ഹാജരായപ്പോള്‍  ഇന്ത്യാ ഗവണ്‍മെന്റിനുവേണ്ടി അറ്റോര്‍ണി ജനറല്‍ നിരന്‍ഡേയും കേരള സര്‍ക്കാരിനു വേണ്ടി എച്ച്.എം. സീര്‍വായും ഹാജരാവുകയുണ്ടായി. മഠാധിപതി സുപ്രീം കോടതിയില്‍ കേസ് ഫയലാക്കാന്‍ വേണ്ടി ബാരിസ്റ്റര്‍ എം.കെ. നമ്പ്യാരെയായിരുന്നു സമീപിച്ചിരുന്നതെന്നും പക്ഷേ, അസുഖം കാരണം എം.കെ. നമ്പ്യാരുടെ നിര്‍ദ്ദേശപ്രകാരമാണ് പല്‍ക്കിവാലയെ കേസ് ഏല്പിച്ചിരുന്നെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഒരിക്കല്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഭരണഘടനാ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അതിരറ്റ പരമാധികാരമുണ്ടെന്ന അഭിപ്രായക്കാരനും പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എച്ച്.എന്‍. ബഹുഗുണയുടെ അടുത്ത ബന്ധുവുമായിരുന്ന ജസ്റ്റിസ് എസ്.എന്‍. ദ്വിവേദി വാദങ്ങള്‍ക്കിടയില്‍ പലപ്പോഴും പല്‍ക്കിവാലയും ജസ്റ്റിസ് ദ്വിവേദിയുമായുള്ള തര്‍ക്കകോലാഹലങ്ങളായി മാറിയിട്ടുണ്ടായിരുന്നു. നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് തന്നെ ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നുവെന്ന് ആരംഭിച്ച് ഈ ഭരണഘടനയെ ജനങ്ങള്‍ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കു തന്നെ പ്രദാനം ചെയ്യുന്നുവെന്നായിരിക്കെ ജനങ്ങള്‍ തിരഞ്ഞെടുത്ത പാര്‍ലമെന്റിനു  ഭൂരിപക്ഷമനുസരിച്ച് ആ ഭരണഘടനയെ മാറ്റാനും ഭേദഗതി ചെയ്യാനും പറ്റില്ലെന്ന വാദം എങ്ങനെ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എസ്.എന്‍. ദ്വിവേദിയുടെ ചോദ്യത്തിന് നാനി പല്‍ക്കിവാലയുടെ മറുപടി ഏവരേയും നിശ്ശബ്ദരാക്കും വിധമായിരുന്നു. പാര്‍ലമെന്റില്‍ ഭരണകക്ഷിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടായിരിക്കെ ഇന്ത്യയുടെ പ്രധാനമന്ത്രിയും പ്രസിഡന്റും ഒരു പ്രത്യേക കുടുംബത്തില്‍നിന്നുമായിരിക്കണമെന്ന ഒരു ഭേദഗതി പാര്‍ലമെന്റില്‍ കൊണ്ടുവരികയാണെങ്കില്‍ സ്വാഭാവികമായും ഭൂരിപക്ഷാടിസ്ഥാനത്തില്‍ ഭേദഗതി ബില്‍ പാസ്സാവുകയും നിയമമാവുകയും ചെയ്യുമല്ലോ- അപ്രകാരമുള്ള ഒരു അധികാരമാണോ അനുച്ഛേദം 368 കൊണ്ട് ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഉദ്ദേശിച്ചിരുന്നതെന്നായിരുന്നു പല്‍ക്കിവാലയുടെ മറുചോദ്യം. പാര്‍ലമെന്റ് മെമ്പര്‍മാര്‍ ചിത്തഭ്രമം സംഭവിച്ചവരാണെന്നാണോ മിസ്റ്റര്‍ പല്‍ക്കിവാല കരുതുന്നതെന്ന ജസ്റ്റിസ് എസ്.എന്‍. ദ്വിവേദിയുടെ  ചോദ്യത്തിനും നാനി പല്‍ക്കിവാലയുടെ മറുപടി കുറിക്കുകൊള്ളുന്ന വിധമായിരുന്നു. പാര്‍ലമെന്റ് മെമ്പര്‍മാരുടെ ഏതൊരു നടപടിയും വിലയിരുത്തേണ്ടത് വിവേകമുള്ള പാര്‍ലമെന്റിനു സാദ്ധ്യമല്ല. മറിച്ച് അവിവേകികളായ പാര്‍ലമെന്റിനു ചെയ്യാന്‍ കഴിയുന്നതാണെന്നായിരുന്നു പല്‍ക്കിവാലയുടെ മറുചോദ്യം. നമ്മുടെ പാര്‍ലമെന്റേറിയനിസമെന്നാല്‍ ഭൂരിപക്ഷാധിപത്യമല്ല. മറിച്ച് ഭരണഘടനയുടെ ഓരോ അനുച്ഛേദവും എഴുതി നിയമമാക്കിയ ഭരണഘടനാ നിര്‍മ്മാണാത്മാക്കള്‍ മനസ്സില്‍ കരുതിവെച്ച ഉദ്ദേശ്യങ്ങളാണ് - പല്‍ക്കിവാല കൂട്ടിച്ചേര്‍ത്തു. ഒരു പ്രതിമയുണ്ടാക്കി അതിനടിയില്‍ ഇത് ഭേദഗതി ചെയ്യാവുന്നതാണെന്ന് എഴുതിവെച്ചാലതിന്റെ അര്‍ത്ഥം പ്രതിമ പൊളിച്ചു നിര്‍മ്മിക്കുകയെന്നല്ല എന്നായിരുന്നു പല്‍ക്കിവാലയുടെ മറ്റൊരു വാദം. അതുകൊണ്ടുതന്നെയാണ് 368-ാം അനുച്ഛേദത്തില്‍ 'ഭേദഗതി'  എന്ന വാക്ക് എഴുതിച്ചേര്‍ത്തത് അല്ലാതെ മാറ്റിയെഴുതുകയെന്നോ പൊളിച്ചെഴുതകയൊ എന്നല്ല. അല്ലാതെ ആ ഭേദഗതിയധികാരം ഒരിക്കലും ഭരണഘടനയെ പൊളിച്ചെഴുതാനോ അതിന്റെ അടിസ്ഥാനഘടനയോ ചട്ടക്കൂടോ പൊളിച്ചെഴുതാനോ അര്‍ത്ഥമാക്കിക്കൂടയെന്നതായിരുന്നു പല്‍ക്കിവാലയുടെ മൂര്‍ച്ചയേറിയ വാദങ്ങള്‍.

നാനി പൽക്കിവാല
നാനി പൽക്കിവാല

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍

ഭരണഘടനയുടെ അനുച്ഛേദം 368 അനുസരിച്ചുള്ള ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ മാറ്റിയെഴുതാനുള്ള അധികാരമല്ല എന്ന് കേശവാനന്ദഭാരതി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി. ചീഫ് ജസ്റ്റിസ് സിക്രിയുടെ വിധിന്യായത്തില്‍ ഭരണഘടനയുടെ അപ്രമാദിത്വം, ജനാധിപത്യ റിപ്പബ്ലിക്കന്‍ രീതിയിലെ ഗവണ്‍മെന്റ്, ഭരണഘടനയുടെ മതേതര സ്വഭാവം, നിയമനിര്‍മ്മാണ സഭയില്‍നിന്നും ഭരണനിര്‍വ്വഹണ വിഭാഗത്തില്‍നിന്നും വേര്‍പെടുത്തപ്പെട്ട സ്വതന്ത്ര ജൂഡീഷ്യറി, ഭരണഘടനയുടെ ഫെഡറല്‍ ഘടന എന്നിവയാണ് ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് വിവരിച്ചപ്പോള്‍ ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ വിവരിച്ച വ്യത്യസ്ത അവകാശങ്ങളില്‍കൂടി ഉറപ്പു നല്‍കിയിട്ടുള്ള വ്യക്തികളുടെ അന്തസ്സും വ്യക്തിസ്വാതന്ത്ര്യവും 4-ാം ഭാഗത്തില്‍ പ്രതിപാദിച്ചിട്ടുള്ള ക്ഷേമരാഷ്ട്രവും എന്നിവയാണ് ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് ജസ്റ്റിസുമാരായ ഷേലറ്റ്, ഗ്രോവര്‍ എന്നിവരുടെ വിധിയില്‍ വിവരിക്കുകയുണ്ടായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളാണെന്ന് ജസ്റ്റിസുമാരായ കെ.എസ്. ഹെഗ്ഡെയും മുഖര്‍ജിയും എഴുതിയ വിധിയില്‍ വ്യക്തമാക്കി. പിന്നീട് സുപ്രീംകോടതി പുറപ്പെടുവിച്ച നിരവധി വിധികളില്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളും അടിസ്ഥാനഘടനയും വിപുലീകരിക്കുകയുണ്ടായി. പാര്‍ലമെന്റിനു ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള പരിമിതമായ അവകാശങ്ങള്‍ മാത്രമേയുള്ളൂവെന്നതും മൗലികാവകാശങ്ങളും നിര്‍ദ്ദേശക തത്ത്വങ്ങളും സമന്വയിപ്പിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളാണെന്ന് 1980-ലെ മിനര്‍വ്വാമില്‍ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും യഥേഷ്ടം അവരവരിഷ്ടപ്പെടുന്ന മതവിശ്വാസങ്ങള്‍ പിന്തുടരാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടനയുടെ അടിസ്ഥാനഘടനയാണെന്ന് 1994-ലെ ബൊമ്മെ കേസില്‍ (1994) 3 എസ്.സി.സി സുപ്രീംകോടതി വിധിയുണ്ടായി. ഭരണഘടനയുടെ 3-ാം ഭാഗത്തില്‍ വിവരിച്ച മൗലികാവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുവാനുള്ള വ്യക്തിയുടെ അവകാശം ഉറപ്പുനല്‍കിയിട്ടുള്ള അനുച്ഛേദം 32 ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളില്‍പ്പെട്ടതാണെന്ന് 1996-ലെ ബോധിസത്വവഗൗതം V/s സുബ്രത ചക്രവര്‍ത്തി കേസില്‍ [(1996) എസ്.ബി.സി 490] സുപ്രീം കോടതി വിധി പ്രസ്താവിക്കുകയുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലമെന്റ് പാസ്സാക്കിയ 39-ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് പ്രധാനമന്ത്രി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്സഭാ സ്പീക്കര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് കോടതിയില്‍ ചോദ്യം ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള അനുച്ഛേദം 329 എ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്ന കാരണത്താലാണ് സുപ്രീംകോടതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നത്. പാര്‍ലമെന്റിലെ ഇരുസഭകളും ഭരണകക്ഷിയും പ്രതിപക്ഷ കക്ഷികളും യോജിച്ച് പാസ്സാക്കുകയും രാജ്യത്തെ ഇരുപതോളം നിയമസഭകള്‍ ശരിവെയ്ക്കുകയും ചെയ്ത സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരെ നിയമിക്കുന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്മെന്റ് കമ്മിഷനു രൂപം നല്‍കിയ 99-ാം ഭരണഘടനാ ഭേദഗതി നിയമവും 2014-ലെ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്മെന്റ് കമ്മിഷന്‍ ആക്ടും സുപ്രീംകോടതി അസാധുവായി പ്രഖ്യാപിച്ചത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്ന കാരണത്താലായിരുന്നു. പാര്‍ലമെന്റിലെ ഭരണകക്ഷിയുടെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി രാജ്യത്തെ ഭരണഘടനയെ മാറ്റിയെഴുതാനോ പൊളിച്ചെഴുതാനോ സാധിക്കാത്ത വിധത്തിലുള്ള ജനാധിപത്യ മതേതര ഭരണ വ്യവസ്ഥിതി രാജ്യത്ത് എന്ന് നിലനിര്‍ത്താനുതകുന്ന ഭരണഘടനയുടെ ഒരു സേഫ്റ്റി വാള്‍വായി ചരിത്രം എന്നും കണക്കാക്കുന്ന ഒരു സുപ്രധാന വിധിയാണ് കേശവാനന്ദഭാരതി കേസ്. രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലെ എന്‍.ഡി.എ. സര്‍ക്കാര്‍ മുന്‍ ചീഫ് ജസ്റ്റിസ് വെങ്കട ചെല്ലയ്യ തലവനായി ഭരണഘടനാ പുനരവലോകന കമ്മിഷനെ നിയോഗിച്ചെങ്കിലും അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിച്ച ഫലം കാണാതിരുന്നതിന്റെ കാരണവും കേശവാനന്ദഭാരതി കേസിലെ വിധി തന്നെയായിരുന്നു. 

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ഏകീകൃത സിവില്‍ കോഡാണ്. ലിംഗനീതിയുടെ പേരില്‍ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളും പിന്തുടരുന്ന പിന്തുടര്‍ച്ചാ നിയമങ്ങളും വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങളും ഏകീകരിപ്പിക്കുകയെന്നതാണോ ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതില്‍  രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. കേശവാനന്ദഭാരതി കേസിലെ വിധി രാജ്യത്ത് ഫലത്തിലും ബലത്തിലും നിലനില്‍ക്കുന്നിടത്തോളം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിധം ഇന്ത്യയുടെ മതേതര സ്വഭാവം മാറ്റിക്കൊണ്ട് ഭരണഘടന പൊളിച്ചെഴുതാന്‍ സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാറിനറിയാം. അപ്രകാരം തങ്ങള്‍ ഉദ്ദേശിക്കുന്നവിധം ഒരു ഭരണഘടന യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ കേശവാനന്ദഭാരതി കേസിലെ ചരിത്രവിധി പുനഃപരിശോധനയ്ക്കും വിധേയമാക്കണം. ആയതിന് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിന് അപ്രമാദിത്വം ഉണ്ടാവണം. അതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരുടെ നിയമനങ്ങള്‍ വെച്ചു പാര്‍പ്പിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന കാലതാമസം സുപ്രീംകോടതിയുടെ ശക്തമായ വിമര്‍ശങ്ങള്‍ക്കു ഹേതുവായിരുന്നു. 

കേശവാനന്ദഭാരതി കേസ് പുനഃപരിശോധനയെന്ന ലക്ഷ്യം സാദ്ധ്യമാവണമെങ്കില്‍ സുപ്രീം കോടതിയില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ജഡ്ജിമാരുണ്ടാവണം. ആ ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ടാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം സമ്പ്രദായത്തെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവും ഉപരാഷ്ട്രപതി ജഗദീപ് ധന്‍ക്കറും രംഗത്തുവന്നത്. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ തലവനായ കൊളീജിയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു ആവശ്യപ്പെട്ടത്. 99-ാം ഭരണഘടനാ ഭേദഗതി നിയമമനുസരിച്ചുണ്ടായിരുന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്മെന്റ് കമ്മിഷന്‍ നിയമം സുപ്രീം കോടതി അസാധുവായി പ്രഖ്യാപിക്കാനുണ്ടായിരുന്ന പ്രധാന കാരണം നിര്‍ദ്ദിഷ്ട നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്മെന്റ് കമ്മിഷനില്‍ കേന്ദ്ര നിയമമന്ത്രിയുടെ സാന്നിദ്ധ്യവും വ്യക്തമായ നിശ്ചിത യോഗ്യതയൊന്നും വ്യവസ്ഥ ചെയ്യാതെ പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് പ്രതിപക്ഷ നേതാവ് ചേര്‍ന്നുള്ള കമ്മിറ്റി നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് പ്രമുഖ വ്യക്തികളുടെ പ്രാതിനിധ്യവുമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി കേന്ദ്രസര്‍ക്കാരാണെന്നും അതുകൊണ്ടുതന്നെ ന്യായാധിപന്മാരെ നിയമിക്കുന്ന പ്രക്രിയയില്‍ വ്യവഹാരിയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്കെതിരാണെന്ന കാരണത്താലായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ ന്യൂനപക്ഷ വിധിക്കെതിരെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധി മുഖാന്തിരം നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്മെന്റ് കമ്മിഷന്‍ നിയമം സുപ്രീം കോടതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ചെലമേശ്വറിന്റെ ന്യൂനപക്ഷ വിധി തികച്ചും അവ്യക്തവും അബദ്ധജഡിലവുമാണെന്ന് നിയമരംഗത്തെ പ്രമുഖര്‍ പോലും അഭിപ്രായപ്പെട്ടിരുന്നു.

ഇന്ദിരാ ​ഗാന്ധി
ഇന്ദിരാ ​ഗാന്ധി

കേശവാനന്ദഭാരതി കേസിലെ വിധി തൊട്ട് ഇന്നേവരെയുണ്ടായ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ നിരവിധി അനുകൂലവും പ്രതികൂലവുമായ സുപ്രീംകോടതിയുടെ എണ്ണമറ്റ വിധികള്‍ ഭരണഘടനയുടെ അനുച്ഛേദം 368-ാം വകുപ്പിന്റെ ഉദ്ദേശ്യം ഒരിക്കലും ഭരണഘടന പുനരവലോകനമല്ലെന്നും വെറും ഭേദഗതിയധികാരം മാത്രമേ പാര്‍ലമെന്റിനുള്ളൂവെന്നും ബോദ്ധ്യപ്പെടുത്തുന്നതാണ്. ലോകത്തിലെ ചില രാജ്യങ്ങളിലെ ഭരണഘടനയില്‍ 'ഭേദഗതി' എന്നതിനു പകരം 'മാറ്റം' എന്ന പദം ഉപയോഗിച്ചതില്‍നിന്നും ആ ഭരണഘടനകളുടെ നിര്‍മ്മാതാക്കളുടെ ഉദ്ദേശ്യം മനസ്സിലാക്കാവുന്നതാണ്. ആസ്ത്രേലിയന്‍ ഭരണഘടനയില്‍ 'ഭരണഘടനാ മാറ്റം'  എന്ന വാക്കുതന്നെയാണ് ചേര്‍ത്തിരിക്കുന്നത്. അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭരണഘടന മൊത്തത്തില്‍ മാറ്റിയെഴുതാനുള്ള അധികാരം തന്നെയാണ്. അത്തരം ഒരു മാറ്റത്തിന് പാര്‍ലമെന്റിലെ വോട്ടെടുപ്പ് മാത്രമല്ല, ഭരണനിര്‍മ്മാണ സമിതിയെ തെരഞ്ഞെടുത്തത് പോലുള്ള വോട്ടെടുപ്പും ആവശ്യമാണ്. എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 368 അനുസരിച്ച് പാര്‍ലമെന്റിനുള്ള പരിമിതമായ ഭേദഗതിയധികാരത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിനു മറ്റൊരു ഭരണഘടന ഏതു പാര്‍ട്ടി എത്ര ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നാലും യാഥാര്‍ത്ഥ്യമാക്കുക അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെയാണ് കേശവാനന്ദഭാരതി കേസിലെ വിധി അരനൂറ്റാണ്ട് പിന്നിട്ടിട്ടും ശക്തവും കരുത്തുള്ള രാജ്യത്തെ നിയമമായി നിലനില്‍ക്കുന്നത്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com