ബി.ജെ.പിയുടെ പണ രാഷ്ട്രീയത്തെ ശക്തമായി ചെറുത്ത ഡികെ

ദൊഡ്ഡലഹള്ളി കെംപെഗൗഡ ശിവകുമാര്‍ എന്ന ഡി.കെയെക്കുറിച്ച്. അദ്ദേഹം പയറ്റിത്തെളിഞ്ഞ മാനേജ്‌മെന്റ് പൊളിറ്റിക്‌സിനെക്കുറിച്ച്
ബി.ജെ.പിയുടെ പണ രാഷ്ട്രീയത്തെ ശക്തമായി ചെറുത്ത ഡികെ
Published on
Updated on

കാവേരിയുടെ കൈവഴിയായ അര്‍കാവതി നദിക്കരയിലാണ് കനകപുര. തലസ്ഥാനമായ ബംഗളുരുവിന് തെക്ക് 55 കിലോമീറ്റര്‍ മാറിക്കിടക്കുന്ന കനകപുര ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ നിയമസഭാമണ്ഡലമായിരുന്നു. കനകപുരയിലെ ഹരോബലി ഗ്രാമത്തില്‍ കപാലിബേട്ട എന്ന സ്ഥലത്ത് 101 അടി ഉയരമുള്ള ഒരു ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കാന്‍ ഡി.കെ.ശി എന്നറിയപ്പെടുന്ന ഡി.കെ. ശിവകുമാര്‍ തീരുമാനിച്ചു. സ്ഥലം എം.എല്‍.എയായ അദ്ദേഹം സ്വന്തം പൈസ മുടക്കി പത്തേക്കര്‍ സ്ഥലം സര്‍ക്കാരിന്റെ കൈയില്‍നിന്ന് വാങ്ങി ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ സ്ഥാപിക്കുമെന്നത് പ്രഖ്യാപിച്ചു. ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ കൂടുതലുള്ള സ്ഥലത്ത് പ്രതിമ സ്ഥാപിക്കുന്ന രാഷ്ട്രീയ മുതലെടുപ്പാണെന്ന് ബി.ജെ.പി ആരോപിച്ചു. തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയ ഒരു കുറ്റവാളി ഇറ്റലിക്കാരിയായ ഒരു സ്ത്രീയെ സന്തോഷിപ്പിക്കാനാണ് ഇത്രയും വലിയ പ്രതിമ സ്ഥാപിക്കുന്നതെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയായ അനന്തകുമാര്‍ ഹെഗ്‌ഡെ പറഞ്ഞത്.

ചെറുചിരിയോടെയാണ് ഈ ആരോപണങ്ങള്‍ക്ക് ഡി.കെ. മറുപടി പറഞ്ഞത്. അവിടുത്തെ ജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിമ വേണമെന്ന് പറഞ്ഞു. ഞാന്‍ സഹായിക്കുമെന്ന വാഗ്ദാനം ഞാന്‍ നിറവേറ്റി. അത് അധികാരത്തിനു വേണ്ടിയല്ല. ആത്മസംതൃപ്തിയ്ക്കുവേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ജീവിതത്തില്‍ ചെയ്യേണ്ടിവരും. കനകപുരയില്‍ നൂറുകണക്കിന് അമ്പലങ്ങള്‍ ഞാന്‍ നിര്‍മ്മിച്ചിട്ടുണ്ട്. മുപ്പതോളം ഏക്കര്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്, ഒപ്പം പല സംഘടനകള്‍ക്കും. മതേതരമാണ് എന്റെ രാഷ്ട്രീയം എന്നായിരുന്നു ആ വാര്‍ത്താസമ്മേളനത്തില്‍ ഡി.കെയുടെ പ്രഖ്യാപനം. പ്രീണനരാഷ്ട്രീയം എന്ന ആരോപണത്തെ മറികടക്കാന്‍ അതുവഴി ഡി.കെയ്ക്ക് കഴിഞ്ഞു. കനകപുരയിലെ കരിങ്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.കെയുടെ രാഷ്ട്രീയത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്. അതൊരു മാനേജ്‌മെന്റ് പൊളിറ്റിക്‌സും റിസോര്‍ട്ട് രാഷ്ട്രീയവുമാണെന്ന് ചിലര്‍ വാദിക്കുന്നു. എന്തുതന്നെയായാലും ബി.ജെ.പിയുടെ സര്‍വ്വസന്നാഹങ്ങളേയും വര്‍ഗ്ഗീയ രാഷ്ട്രീയത്തേയും നേരിടാന്‍ ഡി.കെ. ശിവകുമാറിന്റെ ആവനാഴിയിലെ അമ്പുകള്‍തന്നെ വേണമെന്ന് കരുതുന്നവരും കുറവല്ല.

യോഗേന്ദ്രയാദവ് ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ള കുരുക്ഷേത്ര യുദ്ധമായിരുന്നു  ഇത്തവണ കര്‍ണാടകത്തിലേത്. കര്‍ണാടകം കൈപ്പിടിയിലാക്കുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഡി.കെ. എന്ന തന്ത്രശാലിയോടാണ്. ദേശീയ രാഷ്ട്രീയത്തില്‍ അതികായനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നരേന്ദ്ര മോദിയെ നേരിടാനുള്ള ചങ്കുറപ്പാണ് ഡി.കെയെ വ്യതിരിക്തനാക്കുന്നത്. പണവും ഭരണാധികാരവുമടക്കം സര്‍വ്വസന്നാഹങ്ങളേയും ഇറക്കുമതി ചെയ്ത ബി.ജെ.പിയുടെ തന്ത്രങ്ങളെ തകര്‍ക്കാന്‍ ആളിന് ആളും പണത്തിന് പണവും ഡി.കെ ഇറക്കി. ഹൈക്കമാന്റിനേയും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരേയും സര്‍ക്കാരുകളേയും പലതവണ രക്ഷിച്ചതും ഡി.കെയായിരുന്നു. കോണ്‍ഗ്രസ്സിന്റെ ട്രബിള്‍ ഷൂട്ടറായി ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ആവുന്ന രീതിയിലെല്ലാം കുടുക്കാനും കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശ്രമിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന അദ്ദേഹം 50 ദിവസമാണ് തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. ഏജന്‍സികളുടെ അന്വേഷണത്തോടെ കീഴടങ്ങല്‍ പ്രഖ്യാപിച്ച പല നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും മുന്നില്‍ ഒറ്റയാനായി നില്‍ക്കുകയാണ് ഡി.കെ.

ശിവകുമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ സംബന്ധിച്ചിടത്തോളം അത്രത്തോളം പ്രധാനപ്പെട്ട വ്യക്തിയാണ്. കാരണം ബി.ജെ.പിയുടെ പണ രാഷ്ട്രീയം കോണ്‍ഗ്രസ്സിനെ തീര്‍ത്തും ഇല്ലാതാക്കാന്‍ ശ്രമിച്ച സമയങ്ങളില്‍ അതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വന്‍ സമ്പത്ത് അതിന് അദ്ദേഹത്തെ സഹായിച്ചുകാണും. എന്നിരുന്നാലും, സാമ്പത്തിക താല്പര്യങ്ങള്‍ മാത്രമായി അദ്ദേഹം രാഷ്ട്രീയത്തെ ചുരുക്കിയിരുന്നെങ്കില്‍ അന്വേഷണ ഏജന്‍സികളുടെ വേട്ടയില്ലാതെ അദ്ദേഹത്തിന് ബി.ജെ.പിയെ തെരഞ്ഞെടുക്കാമായിരുന്നു. ബി.ജെ.പിയെ പോകില്ലെന്ന് ഉറപ്പുള്ള ഒരു നേതാവായി അദ്ദേഹം  കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുകയാണ്. 

തന്ത്രങ്ങളും കൗശലങ്ങളും

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരുന്നു ഇത്തവണത്തെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. വിജയം കോണ്‍ഗ്രസ്സിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ആവേശവും ആത്മവിശ്വാസവും പകരുമെന്നുറപ്പ്. ദക്ഷിണേന്ത്യയില്‍ അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനത്തുനിന്നും ബി.ജെ.പിയെ പുറത്താക്കിയതിനു പിന്നിലെ തന്ത്രങ്ങള്‍ 60 വയസ്സുകാരനായ ഡി.കെ. ശിവകുമാറിന്റേതായിരുന്നുവെന്നതില്‍ സംശയമില്ല. സിദ്ധരാമയ്യ മുതിര്‍ന്ന നേതാവും നല്ല രാഷ്ട്രീയക്കാരനുമാണെന്നതില്‍ സംശയമില്ല. എന്നാല്‍, തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും പാര്‍ട്ടിയെ നയിക്കുന്നതിലും അത്ര മികച്ചയാളല്ല അദ്ദേഹം. ശിവകുമാര്‍ പി.സി.സി അധ്യക്ഷനായതോടെ സ്ഥിതിമാറി. പ്രായോഗിക തന്ത്രങ്ങളിലും കൗശലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. 'ഇരട്ട എഞ്ചിന്‍' സര്‍ക്കാരിനെ തകര്‍ക്കാനായി അഴിമതിയാണ് ആയുധമായി ശിവകുമാര്‍ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്‌ക്കെതിരേയുള്ള ജമ്യ ഇങ ക്യാംപയിന്‍ വന്‍വിജയവുമായി. സുനില്‍ കനഗോലുവിനെപ്പോലെയുള്ള ഉപദേശകരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ നീക്കങ്ങളെല്ലാം. ജീവിതച്ചെലവ് ഉയരുന്നതും വിലക്കയറ്റവും തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞുവെന്നതും നേട്ടമായി. 

രണ്ട് സീറ്റില്‍ മത്സരിക്കണമെന്നായിരുന്നു സിദ്ധരാമയ്യയുടെ ആഗ്രഹം. എന്നാല്‍, ഇത് നടക്കില്ലെന്ന് ശിവകുമാര്‍ ആദ്യമേ വ്യക്തമാക്കി.  ഒടുവില്‍ ദേശീയനേതൃത്വം ഇടപെട്ടു. ഫലത്തില്‍ അത് കോണ്‍ഗ്രസ്സിനു ഗുണകരമാകുകയും ചെയ്തു. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും കരുതിയത്. എന്നാല്‍, 130 സീറ്റുകളിലധികം കിട്ടുമെന്ന് ആത്മവിശ്വാസത്തോടെ ശിവകുമാര്‍ ആവര്‍ത്തിച്ചിരുന്നു. എതിര്‍ചേരിയിലുള്ള പല നേതാക്കളേയും ഡി.കെ. കോണ്‍ഗ്രസ്സിലെത്തിച്ചു, ജഗദീഷ് ഷെട്ടാറടക്കം. ആവശ്യപ്പെട്ട മണ്ഡലം കിട്ടാത്തതായിരുന്നു ഷെട്ടാര്‍ ബി.ജെ.പി വിടാന്‍ കാരണം. എന്നാല്‍, ഈ അതൃപ്തി കൃത്യസമയത്ത് മുതലെടുക്കാനും സീറ്റ് വാഗ്ദാനം ചെയ്ത് ഒപ്പം ചേര്‍ക്കാനും ഡി.കെയ്ക്കും സംഘത്തിനുമായി. ഷെട്ടാര്‍ തോറ്റെങ്കിലും കൂടുമാറ്റമുണ്ടാക്കിയ പ്രതിച്ഛായാനിര്‍മ്മിതി കോണ്‍ഗ്രസ്സിനു നേട്ടമായി. യെദ്യൂരപ്പയുടെ വിശ്വസ്തനായിരുന്ന സാവഡിയുടെ കൂറുമാറ്റം ബി.ജെ.പിയെ ഞെട്ടിച്ചു. കനകപുരയില്‍ കഴിഞ്ഞതവണ തനിക്കെതിരേ മത്സരിച്ച നാരായണ ഗൗഡയെ ഒപ്പം ചേര്‍ത്തതും ഡി.കെയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഗൗഡയ്‌ക്കൊപ്പം ജെ.ഡി.എസ് നേതാവായ പ്രഭാകര്‍ റെഡ്ഡിയും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. കനകപുര തനിക്കൊപ്പമാണെന്ന് ഡി.കെയ്ക്ക് ഉറപ്പായിരുന്നു. വളരെ കുറച്ചു സമയം മാത്രമാണ് സ്വന്തം മണ്ഡലത്തില്‍ പ്രചരണത്തിനായി അദ്ദേഹം ചെലവഴിച്ചതും. സഹോദരന്‍ ഡി.കെ. സുരേഷും ഭാര്യ ഉഷ ശിവകുമാറുമാണ് കനകപുരയില്‍ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. 

സ്വന്തം സമുദായമായ വൊക്കലിഗയുടെ പിന്തുണ പൂര്‍ണ്ണമായും നേടുന്നതില്‍ ഡി.കെയുടെ തന്ത്രങ്ങള്‍ വിജയിച്ചെന്നു വേണം കരുതാന്‍. ലിംഗായത്ത് കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രബലമായ വിഭാഗമാണ് ഇവര്‍. സ്വാതന്ത്ര്യത്തിനു ശേഷം ഒരു പ്രധാനമന്ത്രിയും ഏഴു മുഖ്യമന്ത്രിമാരുമുണ്ടായ സമുദായം. ജെ.ഡി.എസ്സിനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ഈ സമുദായം ഇത്തവണ കോണ്‍ഗ്രസ്സിനാണ് ഗുണകരമായത്. ടിപ്പുസുല്‍ത്താനെ വധിച്ചത് വൊക്കലിഗ സമുദായക്കാരാണെന്ന വസ്തുതാവിരുദ്ധമായ പ്രചാരം ബി.ജെ.പിക്ക് തിരിച്ചടിയുമായി. ഇതിനെതിരേ ഡി.കെ. നേരിട്ട് രംഗത്തുവരികയും ചെയ്തു. വൊക്കലിഗ സമുദായത്തിന് മുഖ്യമന്ത്രി എന്ന രീതിയിലാണ് ഡി.കെ. പ്രചരണം നടത്തിയത്. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വൊക്കലിഗ സമുദായത്തില്‍നിന്ന് മുഖ്യമന്ത്രിയുണ്ടാകാന്‍ പോകുന്നത്. 'സോണിയ ഗാന്ധി തന്നെ പാര്‍ട്ടി അധ്യക്ഷനാക്കി. ഇനി നിങ്ങളുടെ ഊഴമാണ്. ഈ അവസരം നഷ്ടമാക്കരുത്' എന്നാണ് ഡി.കെ. ശിവകുമാര്‍ സമുദായത്തോട് ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിന്റെ രക്ഷകന്‍

1962 മേയ് 15ന് ബംഗളൂരുവിലെ കനകപുരയില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ശിവകുമാറിന്റെ ജനനം. കെംപെഗൗഡ പിതാവാണ്. മാതാവ് ഗൗരമ്മ. രാഷ്ട്രീയമീമാംസയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ശിവകുമാര്‍. ആര്‍.സി. കോളേജില്‍ പഠിക്കുന്ന സമയത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവായാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. വിദ്യാര്‍ത്ഥിനേതാവായിരിക്കുമ്പോള്‍ തന്നെ കഴിവുറ്റ നേതൃപാടവത്തിനുടമ. 19831985 കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി. 1987ല്‍ ജില്ലാ പഞ്ചായത്തിലേക്ക്. ആദ്യ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുമ്പോള്‍ പ്രായം 25. തോല്‍വിയായിരുന്നു ഫലം. പിന്നെ, 1989ല്‍ ബംഗളുരു ജില്ലയിലെ സാത്തന്നൂരില്‍നിന്ന് എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്തി നിയമസഭയിലെത്തുമ്പോള്‍ ഡി.കെയ്ക്ക് പ്രായം 27. 1991ല്‍ എസ്. ബംഗാരപ്പയെ മുഖ്യമന്ത്രിയാകാന്‍ പിന്തുണച്ചതിന് പ്രതിഫലമായി കിട്ടിയത് മന്ത്രിസ്ഥാനം. കിട്ടിയ വകുപ്പ് ജയിലും. പിന്നീടങ്ങോട്ട് എസ്.എം. കൃഷ്ണ, സിദ്ധരാമയ്യ, കുമാരസ്വാമി സര്‍ക്കാരുകളില്‍ ഊര്‍ജ്ജം, ജലവിഭവം, നഗരവികസനം, ആഭ്യന്തരം, മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 

ചോദിച്ചാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് തന്നിലെ നേതാവിനെ കണ്ടെത്തിയതെന്നു പറയും അദ്ദേഹം. 1994ലും 1999ലും 2004ലും സാത്തന്നൂരില്‍നിന്ന് ജയിച്ച് നിയമസഭയിലെത്തി. പിന്നീട് ദേവഗൗഡ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയ സമയത്ത് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ ചുരുക്കം കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്നു ശിവകുമാര്‍. എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായപ്പോള്‍ ശിവകുമാര്‍ നഗരവികസനമന്ത്രിയായി. 2022ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേവഗൗഡയ്‌ക്കെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ശിവകുമാര്‍ ഒതുക്കപ്പെട്ടു. എന്നാല്‍, നേതൃത്വത്തിനെതിരെ പരസ്യമായി നീങ്ങാന്‍ ഡി.കെ. ഒരിക്കല്‍പോലും ശ്രമിച്ചില്ല. 2014ല്‍ ഊര്‍ജ്ജമന്ത്രിയായി. 2017ല്‍ കര്‍ണാടക പി.സി.സി പ്രസിഡന്റാകാനുള്ള അവസരം ലഭിച്ചെങ്കിലും സിദ്ധരാമയ്യ എതിര്‍ത്തതിനാല്‍ നടന്നില്ല. അപ്പോഴും നിശ്ശബ്ദനായി അദ്ദേഹം തുടര്‍ന്നു. എന്നാല്‍, നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം  ബി.ജെ.പിയുടെ തന്ത്രങ്ങളെ തോല്‍പ്പിച്ച് ഡി.കെ കോണ്‍ഗ്രസ്സിന്റെ രക്ഷകനായി.

2002ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയില്‍ പാര്‍പ്പിച്ചത് ഡി.കെ. ശിവകുമാറായിരുന്നു. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിലപേശല്‍ നടത്തിയപ്പോഴാണ് അതിനെ നേരിടാന്‍ ദേശീയ നേതൃത്വം ശിവകുമാറിനെ ഏര്‍പ്പാടാക്കിയത്. കന്നി ഓപ്പറേഷന്‍ വിജയമായിരുന്നു. ബംഗളൂരുവിലെ തന്റെ റിസോര്‍ട്ടിലേക്ക് ഇവരെ മാറ്റിപ്പാര്‍പ്പിച്ചാണ് ഡി.കെ. ആ പ്രതിസന്ധി പരിഹരിച്ചത്. വിശ്വാസവോട്ടെടുപ്പിന്റെ അന്ന് അവരെ മുംബൈയിലേക്ക് കൊണ്ടുപോയി. അന്നു മുതല്‍ ഹൈക്കമാന്റിന്റെ പ്രിയപ്പെട്ടവനാണ് ഡി.കെ. ദേശീയതലത്തില്‍ ഈ പേര് ശ്രദ്ധേയമാകുന്നതും അന്നാണ്. ഗാന്ധി കുടുംബവുമായുള്ള ബന്ധവും ഇതോടെ ദൃഢമായി. 

പിന്നെയും പലതവണ റിസോര്‍ട്ട് രാഷ്ട്രീയം ആവര്‍ത്തിക്കപ്പെട്ടു. 2017 ഓഗസ്റ്റില്‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ബി.ജെ.പി ശ്രമിച്ചപ്പോള്‍ ശിവകുമാറിനെ ഇറക്കിയാണ് പാര്‍ട്ടി ഇതു തടഞ്ഞത്. 

ഗുജറാത്തില്‍ നിന്നുള്ള 47 കോണ്‍ഗ്രസ് എം.എല്‍.എമാരെ ബിഡദിയിലെ ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ താമസിപ്പിച്ചായിരുന്നു ഇത്. അതിനു ശേഷം ബി.ജെ.പിയുടെ കണ്ണിലെ കരടാണ് ഡി.കെ. തുടര്‍ച്ചയായി കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകള്‍ വരുന്നതും അതിനുശേഷമാണ്. 2013ലും 2018ലും കനകപുരയില്‍ നിന്നാണ് ജയിച്ചു കയറിയ ശിവകുമാര്‍ 2018ല്‍ തോല്‍പ്പിച്ചത് ജെ.ഡി.എസിലെ പി.ജി.ആര്‍ സിന്ധ്യയെയാണ്. 80,000 വോട്ടുകള്‍ക്ക് മുകളിലായിരുന്നു ഭൂരിപക്ഷം. എന്നാല്‍, ഭരണത്തുടര്‍ച്ചയ്ക്ക് ഒരു സാധ്യതയും ആ സമയത്തുണ്ടായിരുന്നില്ല. യെദ്യൂരപ്പയാകട്ടെ, സര്‍ക്കാരുണ്ടാക്കാന്‍ ശ്രമങ്ങളും തുടങ്ങി. കുമാരസ്വാമിക്ക് കൈ കൊടുത്താല്‍ ബി.ജെ.പിയെ പുറത്താക്കാമെന്നും പാര്‍ട്ടിക്ക് ഭരണത്തില്‍ തുടരാമെന്നും സിദ്ധരാമയ്യയ്ക്ക് ബുദ്ധി ഉപദേശിച്ചത് ഡി.കെയാണ്. സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ അണിയറയില്‍ കരുക്കള്‍ നീക്കി. ഒടുവിലത് വിജയം കണ്ടു. 

രാഷ്ട്രീയവൈരം മറന്ന ഡി.കെ

ദേവഗൗഡ കുടുംബവുമായി നിരന്തരം പോരടിച്ചിരുന്ന ഡി.കെ. ഈ രാഷ്ട്രീയവിരോധം മറന്നാണ് സഖ്യസര്‍ക്കാര്‍ രൂപീകരണത്തിനിറങ്ങിയത്. ഓപ്പറേഷന്‍ താമരയെ വെല്ലുന്ന തന്ത്രങ്ങളായിരുന്നു അത്. 2018ല്‍ സഖ്യധാരണയിലൂടെ അധികാരത്തിലേറിയ കോണ്‍ഗ്രസ്ദള്‍ സര്‍ക്കാരിനെ ഒന്നരവര്‍ഷത്തിലേറെ പിടിച്ചുനിര്‍ത്തിയത് ശിവകുമാറിന്റെ കരുനീക്കങ്ങളായിരുന്നു. ഓപ്പറേഷന്‍ താമരയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങളെല്ലാം ശിവകുമാര്‍ വെട്ടിനിരത്തി. എന്നാല്‍, 2019ല്‍ ജൂലൈയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാരിനെ ബി.ജെ.പി വീഴ്ത്തി. ശിവകുമാര്‍ എഫക്ട് പരാജയപ്പെടുകയും ചെയ്തു. 2019 ജൂലൈയില്‍ കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ അവര്‍ താമസിച്ച മുംബൈയിലെ ഹോട്ടലില്‍ ചെന്നശേഷം സ്വയം അറസ്റ്റ് വരിക്കാനും ഡി.കെ തയ്യാറായി. പ്രതിസന്ധികളിലെല്ലാം രക്ഷകനായി അവതരിച്ച ഡി.കെയെ പി.സി.സി അധ്യക്ഷനാക്കിയത് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെയായിരുന്നു.
 
കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാനുറങ്ങിയിട്ടില്ല. സോണിയാഗാന്ധി ജയിലില്‍ എന്നെ കാണാന്‍ വന്നത് ഒരിക്കലും മറക്കാനാവില്ല. കര്‍ണാടക കൈവെള്ളയില്‍ വച്ചു കൊടുക്കുമെന്ന് ഞാന്‍ ഉറപ്പുകൊടുത്തിരുന്നു. വിജയപ്രഖ്യാപനത്തിന് ശേഷം ഡികെ പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. പറഞ്ഞ വാക്ക് ഡി.കെ. പാലിച്ചു. അങ്ങനെ വാഗ്ദാനം നിറവേറ്റാന്‍ ശേഷിയുള്ള ചുരുക്കംചില നേതാക്കളിലൊരാളാണ് ഡികെ. 

കുരുക്കുകളെ അതിജീവിച്ച് 

പലതവണ കിണഞ്ഞ് പരിശ്രമിച്ചിട്ടാണ് ഡി.കെയ്ക്ക് താല്‍ക്കാലികമായെങ്കിലും കുരുക്കിടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞത്. ഡല്‍ഹി സഫ്ദര്‍ജങ് റോഡിലെ ഫ്‌ലാറ്റില്‍നിന്ന് എട്ടരക്കോടി രൂപയുടെ ഹവാലപ്പണം പിടികൂടിയെന്ന കേസില്‍ അറസ്റ്റിലായി. ശര്‍മാ ട്രാവല്‍സ് ബസ് കമ്പനി ഉടമ സുനില്‍ കുമാര്‍ ശര്‍മയുടെ സഹായത്തോടെ ഹവാല പണം ഡല്‍ഹിയില്‍നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുക്കിയെന്ന് ആരോപിച്ചുള്ള കേസിലായിരുന്നു അറസ്റ്റ്. 50 ദിവസം തിഹാര്‍ ജയിലില്‍ കഴിഞ്ഞു. റോഡ്‌ഷോയോടെയായിരുന്നു ജാമ്യം ലഭിച്ചശേഷം മടങ്ങിവരവ്. 

എ.ഐ.സി.സിക്ക് ഫണ്ട് തരപ്പെടുത്തുന്നവരില്‍ പ്രധാനിയെന്നുപോലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ ആദായനികുതി വകുപ്പ് ശിവകുമാറിനെതിരെ ആരോപണമുയര്‍ത്തി. ദുബായില്‍ ഷോപ്പിങ് മാള്‍, ലണ്ടന്‍, മുംബൈ എന്നിവിടങ്ങളിലായി 125 ഫ്‌ലാറ്റുകള്‍ തുടങ്ങിയവയെല്ലാം ശിവകുമാറിന്റെ പേരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വെളിപ്പെടുത്തിയത് 840 കോടി രൂപയുടെ ആസ്തിയാണ്. ഡി.കെയുടെ വ്യാപാരപങ്കാളികളായ സച്ചിന്‍ നാരായണ, ഡല്‍ഹി കര്‍ണാടക ഭവനിലെ ലെയ്‌സന്‍ ഓഫീസറായ ആഞ്ജനേയ ഹനുമന്തയ്യ, ശര്‍മ ട്രാവല്‍സ് ജീവനക്കാരന്‍ എന്‍. രാജേന്ദ്ര എന്നിവരും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നു. 

ആത്മഹത്യ ചെയ്ത വി.ജി. സിദ്ധാര്‍ത്ഥയുടെ ഉടമസ്ഥതയിലുള്ള കഫെ കോഫി ഡേയുമായുള്ള ശിവകുമാറിന്റെ ബന്ധത്തെ കുറിച്ചും സിംഗപ്പൂരിലെ ബെനാമി ഇടപാടുകളെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. സിദ്ധാര്‍ത്ഥയുടെ ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്നു ഡി.കെ. ശിവകുമാര്‍. കോണ്‍ഗ്രസ് നേതാവായ കൃഷ്ണ പിന്നീടാണ് ബി.ജെ.പിയില്‍ എത്തിയത്. ഗൗഡ വിഭാഗത്തില്‍നിന്നുള്ളവരും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരുമാണ് ശിവകുമാറും സിദ്ധാര്‍ത്ഥയും. ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ടു നടത്തിയ ആദായനികുതി റെയ്ഡുകളാണ് പിന്നീട് സിദ്ധാര്‍ത്ഥയിലേക്കും എത്തിയതെന്നും അദ്ദേഹത്തിന്റെ പതനത്തിനു കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ വിവാഹം ചെയ്തത് സിദ്ധാര്‍ത്ഥയുടെ മകന്‍ അമര്‍ത്യയാണ്. ശിവകുമാറിന്റെ അമ്മ ഗൗരമ്മയ്‌ക്കെതിരെയും ബിനാമി കേസ് നിലവിലുണ്ട്.

തിഹാർ ജയിലിൽ നിന്നു ബം​ഗളൂരുവിലെത്തിയ ശിവകുമാറിന് അണികൾ ഒരുക്കിയ സ്വീകരണം. 2019ലെ ചിത്രം
തിഹാർ ജയിലിൽ നിന്നു ബം​ഗളൂരുവിലെത്തിയ ശിവകുമാറിന് അണികൾ ഒരുക്കിയ സ്വീകരണം. 2019ലെ ചിത്രം

1989
സാത്തന്നൂരില്‍നിന്ന് 27ാം വയസ്സില്‍ എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്തി നിയമസഭയില്‍.

1999 
നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി. കുമാരസ്വാമിയേയും പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യ അനിതാ കുമാരസ്വാമിയേയും സാത്തന്നൂരില്‍നിന്നു പരാജയപ്പെടുത്തി. 2018ല്‍ ദളിന്റെ പി.ജി.ആര്‍ സിന്ധ്യയെ തോല്‍പ്പിച്ച് കനക്പുരയില്‍നിന്ന് എംഎല്‍എ.

1991 
ബംഗാരപ്പയെ മുഖ്യമന്ത്രിയാകാന്‍ പിന്തുണച്ചതിന് ആദ്യമായി മന്ത്രിസ്ഥാനം. പിന്നീടിങ്ങോട്ട് എസ്.എം. കൃഷ്ണ, സിദ്ധരാമയ്യ, കുമാരസ്വാമി സര്‍ക്കാരുകളില്‍ മന്ത്രി.

2002
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കനക്പുരയില്‍ ദേവഗൗഡയോടു പരാജയപ്പെട്ടു. പിസിസി വര്‍ക്കിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

2002 
മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയില്‍ പാര്‍പ്പിച്ചു.

2017
ഓഗസ്റ്റില്‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ബി.ജെ.പി ശ്രമിച്ചപ്പോള്‍ ശിവകുമാറിനെ പാര്‍ട്ടി ഇറക്കി. ഗുജറാത്തില്‍ നിന്നുള്ള 47 കോണ്‍ഗ്രസ് എം.എല്‍.എമാരെ ബിഡദിയിലെ ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ താമസിപ്പിച്ചായിരുന്നു ഇത്. 

2018
കോണ്‍ഗ്രസ് ദള്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. ദേവഗൗഡ കുടുംബവുമായുള്ള വൈരം ഡി.കെ. മറന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വെളിപ്പെടുത്തിയ ആസ്തി 840 കോടി രൂപ.

2019
ഡി.കെയുടെ തന്ത്രങ്ങള്‍ പിഴച്ചു. സഖ്യസര്‍ക്കാര്‍ വീണു.

2020
ജൂലൈയില്‍ ദിനേശ് ഗുണ്ടുറാവുവിനു പകരക്കാരനായി ഡി.കെ. കെ.പി.സി.സി പ്രസിഡന്റായി.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.