ഒരേ സമയം തെളിഞ്ഞതും നിഗൂഢവുമായ കവിതയുടെ ചുംബനങ്ങള്‍

ഒരേ സമയം തെളിഞ്ഞതും നിഗൂഢവുമായ കവിതയുടെ ചുംബനങ്ങള്‍

നമ്മുടെയെല്ലാം മനസ്സുകള്‍ ഇത്രയും ഊഷരമായ പശ്ചാത്തലത്തില്‍ വേരൂന്നിയവയായതുകൊണ്ട് '69ന്റെ ആദ്യവായന ഏത് മോഡേണിസ്റ്റിനേയും ഞെട്ടിക്കും. ചിലരില്‍ അറപ്പും ഉളവാക്കും. സാരമില്ല. നമ്മള്‍ ഇത് വീണ്ടും വായിക്കും.

ണ്ടു പേര് മാത്രമുള്ള ഇടപാടുകളാണ് സെക്‌സും വായനയും. (ഹസ്തഭോഗമാണ് ബെസ്റ്റ് അഥവാ One in the hand is better than two in the bush എന്നും Threesome is awsome എന്നുമെല്ലാം വിചാരിക്കുന്ന അപവാദികളെ ഇവിടെ കൂട്ടിയിട്ടില്ല).
രണ്ടു പങ്കാളികള്‍ മാത്രമുള്ള സെക്‌സ്. റൈറ്ററും റീഡറും മാത്രമുള്ള വായനയും. അങ്ങനെ അനൂപ് ചന്ദ്രന്റെ ഈ സെക്‌സ് ഹൈക്കുകളും നിങ്ങള്‍ റീഡറും തമ്മില്‍ ബന്ധപ്പെടാനൊരുങ്ങുമ്പോള്‍ ഫോര്‍പ്ലേ എന്നൊക്കെ പേരിട്ടിട്ടായാലും ഈ അവതാരികയും കൊണ്ട് ഇടയില്‍ക്കേറി നില്‍ക്കാന്‍ ശ്രമിക്കുന്നത് ബോറാണെന്നറിയാം. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് അതിനു മുതിരുന്നത്. അനൂപ് ചന്ദ്രന്‍ ദീര്‍ഘകാല കൂട്ടുകാരനാണ്, സെക്‌സ് ഏറെ പ്രിയപ്പെട്ട വിഷയവും.

അനൂപ് കോട്ടപ്പടിക്കാരന്. ഇതെഴുതുന്ന ആള്‍ കണ്ടാണശ്ശേരിക്കാരനും. രണ്ടിനുമിടയിലാണ് ഗുരുവായൂര്‍. ഗുരുവായൂരമ്പലത്തിന്റെ ശ്രീകോവിലില്‍ വടക്കുഭാഗത്ത് മുകളിലായി സ്ഥാപിച്ചിരിക്കുന്ന ചെറുപ്രതിമകളില്‍ ഒരു വദനസുരതവും (fellatio) ശില്പീകരിച്ചിട്ടുണ്ട്. ഗുരുവായൂരിലെ തിരക്കില്‍ മാത്രമല്ല, വീട്ടിലും പുറത്തും വെച്ച് ഏത് മനുഷ്യജന്തുവിനെ (ഒറ്റയ്ക്കും കൂട്ടായും) കാണുമ്പോഴും സെക്‌സ് സെക്‌സ് എന്നാണ് ആദ്യം ആലോചിക്കുന്നത്. എന്നുവെച്ചാല്‍ അവരോട് എല്ലാവരോടും  ആണായാലും പെണ്ണായാലും എല്‍.ജിബി.ടി ആയാലും  സെക്‌സ് ചെയ്യണമെന്ന കൊതിയല്ല, അവരെല്ലാം ഓരോ സെക്‌സ് ബന്ധത്തിന്റെ സന്തതികളാണല്ലോ എന്നാണ് ഓര്‍ത്തുപോകാറ് (അതിലെ പല പങ്കാളികള്‍ക്കും, പ്രത്യേകിച്ച് പെണ്ണുങ്ങളില്‍ പലര്‍ക്കും, രതിമൂര്‍ച്ഛ കിട്ടിയില്ല എന്ന മാതിരിയുള്ള പരാതികളൊക്കെ അവിടെ നില്‍ക്കട്ടെ. അതിനുള്ള 69 പരിഹാരങ്ങളാണ് ഇവിടെ വായിക്കാന്‍ പോകുന്നത്). എന്നിട്ടും എന്താണ് നമുക്കെല്ലാം സെക്‌സ് ഒരു മിണ്ടാവിഷയമായത്?
സെക്‌സിന് ടെക്സ്റ്റ് ബുക്കും കാമത്തിന് ദേവനും ലിംഗത്തിനു പൂജയുമുള്ള നാടാണിതെന്നോര്‍ക്കണം. അത് ഇന്ത്യയുടെ പൊതുകാര്യം. കേരളത്തിലേയ്ക്കു വന്നാലോ, സ്ത്രീപുരുഷ ബന്ധങ്ങളുടെ ട്രയല്‍ ആന്‍ഡ് എററിന്റെ ഒറ്റവാക്കായ ഡേറ്റിംഗിനു സമാനമായി സംബന്ധം എന്നൊരു ലൂസ് സംവിധാനവും വാക്കുമുള്ള നാടായിരുന്നു കേരളം. ക്രിസ്തീയതയും ഇടതുപക്ഷവും ചേര്‍ന്നാണ് കേരളത്തിലേയ്ക്ക് സദാചാരം ഇറക്കുമതി ചെയ്തത്. (സദാ ചാരം മൂടിക്കിടക്കുന്ന കനലുകള്‍). വിക്ടോറിയന്‍ മൂല്യങ്ങള്‍ എന്നായിരുന്നു അതിനു പേര്. വിക്ടോറിയാ രാജ്ഞിയുടെ (1819-1901) സ്വകാര്യജീവിതത്തെപ്പറ്റി ഓര്‍ക്കുമ്പോഴോ? അവരുടെ ഭര്‍ത്താവ് 1861ല്‍ മരിക്കുമ്പോള്‍ രണ്ടു പേരുടേയും പ്രായം 42. പിന്നീട് തന്നേക്കാള്‍ ഏഴ് വയസ്സിന് ഇളപ്പമായിരുന്ന ജോണ്‍ ബ്രൗണ്‍ (1826-1883) എന്ന സ്‌കോട്‌ലാന്‍ഡുകാരനുമായും 44 വയസ്സിന് ഇളപ്പമായിരുന്ന മുഹമ്മദ് അബ്ദുള്‍ കരീമുമായും വിക്ടോറിക്കുണ്ടായിരുന്ന (1863-1909) കൂട്ടുകെട്ടുകളിലാണ് കൊട്ടാരം വിമര്‍ശകര്‍ ചാരനിറം ആരോപിക്കുന്നത് (വിക്ടോറിയ ആന്‍ഡ് അബ്ദുള്‍ എന്നൊരു നോവലുണ്ടായി, അടുത്തകാലത്ത് അതില്‍നിന്നൊരു സിനിമയും. വിക്ടോറിയാജോണ്‍ ബ്രൗണ്‍ സൗഹൃദത്തെപ്പറ്റിയും സിനിമകളുണ്ട്).
ഇന്ത്യ, കേരളം, യൂറോപ്പ് എന്നിവിടങ്ങളിലെ പഴയ വഴികളെല്ലാം ഇങ്ങനെയായി രുന്നെങ്കിലും ആധുനിക കാലത്ത് രതി ഒരു വിലക്കപ്പെട്ട വിഷയമായിത്തീര്‍ന്നു. ഒടുവില്‍ തിരുത്തപ്പെടുകയോ ആത്മഹത്യകളില്‍ ഒടുങ്ങുകയോ ചെയ്യുന്ന അവിഹിതബന്ധങ്ങളുടെ ഒറ്റതിരിഞ്ഞുള്ള കഥകള്‍ മാത്രമായി പിന്നീട് ഇക്കാര്യത്തിലെ ആവിഷ്‌കാരങ്ങള്‍. ട്രാന്‍സ് ലൈംഗികതയ്ക്കു ലഭിച്ചു തുടങ്ങിയിരിക്കുന്ന സ്വീകാര്യത മാത്രമാണ് മാക്രോലെവലില്‍ ഈ വിഷയത്തിലുണ്ടായിട്ടുള്ള പരിചരണങ്ങള്‍.
നമ്മുടെയെല്ലാം മനസ്സുകള്‍ ഇത്രയും ഊഷരമായ പശ്ചാത്തലത്തില്‍ വേരൂന്നിയവയായതുകൊണ്ട് '69ന്റെ ആദ്യവായന ഏത് മോഡേണിസ്റ്റിനേയും ഞെട്ടിക്കും. ചിലരില്‍ അറപ്പും ഉളവാക്കും. സാരമില്ല. നമ്മള്‍ ഇത് വീണ്ടും വായിക്കും. ഇടയ്ക്കിടെ മറിച്ചു നോക്കും. ആദ്യവായനയില്‍ത്തന്നെ നമ്മള്‍ സുഖിച്ചിരുന്നു എന്ന തിരിച്ചറിവായിരിക്കും രണ്ടാം വായനയിലുണ്ടാകാന്‍ പോകുന്ന ഞെട്ടല്‍. അങ്ങനെ നമുക്ക് കൂടുതല്‍ സുഖം പിടിക്കും. ഒടുവിലോ, പേടി മുഴുവനും പോയി ഇത് നമ്മളെ ചിന്തിപ്പിച്ചും തുടങ്ങും.
ലൈംഗികതയെപ്പറ്റിയുള്ള (അല്ലെങ്കില്‍ യോനികതയെപ്പറ്റിയുള്ള) സാധ്യമായ എല്ലാ ആംഗിളുകളിലൂടെയും അനൂപ് ക്യാമറ വെയ്ക്കുന്നു. പലതിലും പെണ്ണിന്റെ കാഴ്ചപ്പാടിലൂടെ. ഒരെണ്ണത്തിലെങ്കിലും ത്രിരതിയാണോ എന്നു കൗതുകമുണര്‍ത്തുന്ന നെടുങ്കന്‍ നെടുവീര്‍പ്പിലൂടെ:
(തുണിയില്ലാത്ത
ഞങ്ങളുടെ പിന്‍ഭാഗം
നോക്കി അവള്‍ ചിരിച്ചു

'മഴയില്‍ കളിക്കും കുട്ടികള്‍'

മുലകള്‍
പകുത്തെടുത്തു നുണയുമ്പോള്‍
പരവശയായി വിളിച്ചു

'എന്റെ ഇരട്ട വൃദ്ധരേ').
ബയോളജിയെപ്പറ്റി എന്തിനായിരുന്നു നമ്മുടെ ഭയോളജികള്‍ എന്നു കളിയാക്കുന്നു ചില വരികള്‍:

(നിന്നെ വായിക്കുന്നു
ഞാന്‍
നാവിനാല്‍
നീയെന്നെ എഴുതുന്നു
അടിവയറ്റിലെ
മിന്നല്‍പ്പിണരിനാല്‍)

സഹജമായ രതിയെ മെരുക്കാനെത്തുന്ന ആധുനിക പ്രച്ഛന്നതകള്‍ക്കുമേല്‍ ചിരിയുടെ മേമ്പൊടി തൂവുന്നു ചിലത്:

(ഐ പില്‍
കഴിക്കും മുന്ന്
നാം പരസ്പരം നോക്കി,
എല്ലാ ആസൂത്രണങ്ങളും വിജയിച്ച കുറ്റവാളികളെപ്പോലെ
ഐ കില്‍
ഐ കില്‍
നീ നിശ്ശബ്ദമായി കരഞ്ഞു).

(ലോഡ് ചെയ്ത 
രണ്ട് തോക്കുകളായി
നിന്റെ മുലകള്‍
എനിക്കു നേരെചൂണ്ടുന്നു.

ട്രിഗമര്‍ത്തുക
ഛിന്നഭിന്നമാകട്ടെ
ഞാനെന്ന ഏകാധിപതി).

(കോണ്ടമണിയുമ്പോളതു
നോക്കി മൊഴിഞ്ഞവള്‍
'ഡിസ്‌പോസിബിള്‍
ഗര്‍ഭപാത്രമേ നന്ദി').

(പ്രിയപ്പെട്ടവനേ
നീ മരിച്ചുപ്പോയതില്‍പ്പിന്നെ
ഉറങ്ങും നേരമെന്നും
വൈബ്രേറ്റര്‍ മോഡിലാക്കി
മൊബൈല്‍ ഫോണ്‍
പാന്റീസിനുള്ളില്‍ തിരുകും
നിന്റെ നമ്പറില്‍ നിന്നൊരു
വിളി കാത്ത്.

ഒരു നാള്‍
നിന്റെ വിളി വരുമ്പോള്‍
ഞാനെടുക്കില്ല
തുടരട്ടെ അനന്തമായി
ആ വിറയല്‍).

(ഇണചേരുമ്പോള്‍
നീയറിയാതെ
ഞാന്‍ റെക്കോര്‍ഡിയ
നമ്മുടെ ശബ്ദമാണ്
ഞാന്‍ കേട്ട ഏറ്റവും വലിയ
സംഗീതം).

(ബ്രായ്ക്കു ഞാന്‍
മുലക്കണ്ണട എന്നു പേരിടും.
പക്ഷേ,
കണ്ണടയൂരുമ്പോഴാണ്
കാഴ്ച
മൂര്‍ച്ചയുള്ളതാകുന്നത്).

എല്ലാം ഒടുങ്ങിയെന്ന് ആശ്വസിക്കുമ്പോള്‍ വാത്സല്യത്തിന്റെ വെള്ളച്ചാട്ടത്തില്‍ മുക്കിക്കൊല്ലുന്നു, Innocence is sexier than you think എന്ന പണ്ടു വായിച്ച പരസ്യവാചകം തല തിരിച്ചെഴുതുന്നു:

(രതിമൂര്‍ച്ഛയില്‍
എന്റെ പെണ്ണേ
നിനക്കൊരു
സ്‌കൂള്‍ കുട്ടിയുടെ ഛായ
കാണാതായ
രണ്ട് പെണ്‍കുട്ടികളുടെ
അച്ഛന്‍
അവരെത്തേടി
അലയുന്നതിന്റെ തോന്നലില്‍
എനിക്ക്
കരയാന്‍ തോന്നുന്നു).

(അവളുടെ 
അവസാന സമ്മാനം
ഇളം ചൂടുവെള്ളം നിറയ്ക്കുമ്പോള്‍
ഉടലെടുക്കുന്ന നഗ്‌നപാവ
'Fuck her when I away from you'
ഇങ്ങനെ ഒരു കുറിപ്പും.

മലര്‍ന്നു നിവര്‍ന്നു കിടക്കുമ്പോള്‍
അവളെ ഓര്‍ത്തില്ല
ഇതൊരു പാവയെന്നും 
അവസാന സമ്മാനമെന്നും

കുട്ടികള്‍ക്കേ കഴിയൂ
കളിപ്പാട്ടങ്ങളോട് മിണ്ടാന്‍ 
ഇണചേരാന്‍
കുട്ടികളുടെ ഭാഷ പഠിക്കുന്നു).

കാല്പനിക പ്രണയത്തിന്റെ തേന്‍ പുരട്ടി 
വരുന്നു പിന്നെയും ചില ഇരട്ടിമധുരങ്ങള്‍:

(നിന്നില്‍ നുഴഞ്ഞുകയറി
ഖബ്ബറടങ്ങാന്‍ കൊതി.
നിന്റെ ഉടല്‍
എന്റെ ശവകുടീരമാക്കട്ടെ).

(ടക്ക്വീലയില്‍ കുതിര്‍ത്ത നിന്നെ
നക്കാന്‍ തുടങ്ങിയതും
നിന്റെയുടല്‍
സ്ഫടിക കുപ്പിയായി.

സുതാര്യമാം നിന്നുടലിലൂടെ കാണാം
എന്റെ പേരു കുത്തിയ
നിന്റെ ഹൃദയത്തിന്റെ
ആനന്ദനൃത്തം).

ദാര്‍ശനിക വിതാനങ്ങളിലേയ്ക്ക് ഉയരുന്നു ചിലത്:

(നിന്റെ തുടകള്‍ക്കിടയിലാകുമ്പോഴെല്ലാം
സന്ദേഹിയാകും
നിന്നില്‍ നിന്നിറങ്ങിയതോ ഞാന്‍
നിന്നിലേക്കു കയറുന്നതോ ഞാന്‍)

ആണുങ്ങള്‍ എഴുതിയ സെക്‌സെഴുത്തിനെയെല്ലാം പില്‍ക്കാല പ്രാബല്യത്തോടെ ഒരു കവയിത്രി എന്നെന്നേയ്ക്കുമായി റദ്ദാക്കി എന്നു നമുക്കറിയാം (കവച്ചതു മതിയോ നിനക്ക്). ആ വരിയുടെ വാലില്‍ക്കെട്ടാന്‍ യോഗ്യതയുള്ള ഒന്നല്ല എത്രയോ വരികള്‍ ഇതിലുണ്ടെന്നതാണ് ഇതു വായിക്കുമ്പോള്‍ ആണെന്ന നിലയില്‍ അഹങ്കരിക്കാന്‍ (ആശ്വസിക്കാനും) തോന്നിപ്പിക്കുന്നത്.
ലൈംഗികതയില്‍ പെണ്ണിനുതന്നെ 
മേല്‍ക്കൈ എന്ന് നട്ടെല്ലില്‍ പിടിച്ചു കുലുക്കി എഴുത്തച്ഛന്‍ പാടിയിട്ടുണ്ട് (മഹാഭാരതം കിളിപ്പാട്ട്). അനൂപിന്റെ അയല്‍നാട്ടുകാരന്‍ നാലപ്പാട്ട് നാരായണ മേനോന്‍ ഹാവ്‌ലോക് എലിസിന്റെ പുസ്തകത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടെഴുതിയ രതിസാമ്രാജ്യത്തിലും ആ വരികള്‍ ഉദ്ധരിച്ചിരിക്കുന്നു.

'ഇന്ധനങ്ങളില്‍ തൃപ്തി വരുമാറില്ലഗ്‌നിക്കു,
സിന്ധുവിന്നില്ല തൃപ്തി വാഹിനികളിലേതും,
അന്തകന്നില്ല സര്‍വജന്തുക്കളിലും തൃപ്തി,
ബന്ധുരാംഗികളായ നാരിമാര്‍ക്കതുപോലേ
പുരുഷന്മാരില്‍ത്തൃപ്തി വരുമാറില്ലയല്ലോ.
അഗമ്യഗമനമെന്നുള്ളതില്ലംഗനമാര്‍
ക്കകതാരിങ്കലൊരുനാളുമെന്നറിഞ്ഞാലും:
താതനാകിലും നിജപുത്രനെന്നിരിക്കിലും,
ഭ്രാതാവാകിലും മറ്റു പൗത്രാധിയെന്നാകിലും,
സ്വേദിക്കുമല്ലോ യോനി രഹസി കാണുന്നേരം
ഹേതുവേതുമേ വേണ്ടാ കേവലം സ്വാഭാവികം.'
ഒരു മനുഷ്യസ്ത്രീ അവരുടെ ജീവിതകാലത്ത് ഉല്പാദിപ്പിക്കാന്‍ പോകുന്ന അണ്ഡങ്ങളത്രയും അവര്‍ ഗര്‍ഭസ്ഥശിശുവായിരിക്കെത്തന്നെ അവരുടെ വയറ്റില്‍ (ഗര്‍ഭസ്ഥശിശുവിന്റെ ഗര്‍ഭത്തില്‍) ഉരുവപ്പെടുന്നു. ഊസൈറ്റുകള്‍ (Oocytes) എന്നറിയപ്പെടുന്ന ഇവയാണ് എഴുത്തച്ഛന്റെ കവിതയ്ക്കു പിന്നിലെ ശാസ്ത്രമായി രതിയില്‍ സ്ത്രീക്ക് മേല്‍ക്കൈ (മേല്‍ക്കാലുകളും) നല്‍കുന്നത്. ഈ ശാസ്ത്രീയതയത്രയും എഴുത്തച്ഛന്റെ നിരാര്‍ദ്രയില്ലാതെ എഴുതിത്തരികയാണ് അനൂപ്.

(64 കലകള്‍
64 കളങ്ങള്‍
നീ വെളുപ്പ്
ഞാന്‍ കറുപ്പ്
കരുക്കള്‍ നാം
കളി തുടങ്ങാമിനി
തോല്‍ക്കില്ലിതില്‍ നാം
ജയിക്കില്ലാരുമേ.
കളിക്കലാണു
പരമാനന്ദം)

ഇനി ഇതിനെ ഒരു പക്കാ സാഹിത്യരൂപമെന്ന നിലയിലും ഒന്നു മുട്ടിനോക്കട്ടെ. എഴുത്തുകാര്‍ അഞ്ചു തരമുണ്ടെന്നാണ് ഇതെഴുതുന്ന ആളിന്റെ വിചാരം. 1) നല്ല എഴുത്തുകാര്‍ 2) പ്രധാനപ്പെട്ട എഴുത്തുകാര്‍ 3) പ്രിയപ്പെട്ട എഴുത്തുകാര്‍ 4) വലിയ എഴുത്തുകാര്‍ 5) എഴുതാന്‍ പ്രേരിപ്പിക്കുന്ന എഴുത്തുകാര്‍ (അതേ ക്രമത്തില്‍. അതായത് എഴുതാന്‍ പ്രേരിപ്പിക്കുന്ന എഴുത്തുകാരനാണ് ഏറ്റവും മുകളില്‍. ഔന്നത്യങ്ങള്‍ എപ്പോഴും ഏകാന്തതയിലായിരിക്കും എന്നാണല്ലൊ. അതുപോലെ എഴുതാന്‍ പ്രേരിപ്പിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ ആളേറെയില്ല. ഇതെഴുതുന്ന ആളിനെ സംബന്ധിച്ചിടത്തോളം ഒരു മിലാന്‍ കുന്ദേര, ഒരു ബെര്‍ണാഡ് ഷ്‌ലിംഗ്... അങ്ങനെ അപൂര്‍വ്വം പേര്. (ലൈംഗികതയെക്കുറിച്ച് തുറന്നെഴുതിയവരാണ് ഈ രണ്ടു പേരും എന്നത് യാദൃച്ഛികം). മലയാളത്തില്‍ ഇപ്പോഴിതാ അങ്ങനെ ആദ്യമായൊരാള്‍, അനൂപ് ചന്ദ്രന്‍ എന്നു പറയാന്‍ തോന്നുന്നു 69 വായിച്ചു കഴിഞ്ഞപ്പോള്‍. ഇതിലെ ചിലതെല്ലാം കോപ്പി പേസ്റ്റു ചെയ്ത് ചിലര്‍ക്കെങ്കിലും അയച്ചു കൊടുക്കാന്‍ തോന്നുന്നപോലെത്തന്നെയാണ് ഇതുപോലെ പല വരികളും കുത്തിക്കുറിക്കാന്‍ തോന്നുന്നതും (മൂത്രക്കുഴലേ മൂത്രക്കുഴിയില്‍ ചേര്‍ന്നാല്‍ തീരുമോ പരവേശം?)
ഗസല്‍ എന്ന കവിതയിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് കണ്‍വെളിച്ചം എന്നു പ്രയോഗിക്കുന്നത്. അനൂപ് ആ കണ്‍വെളിച്ചത്തിന്റെ രശ്മിയെ ഇത്രടം നീട്ടുന്നതു നോക്കുക:

(സൂര്യനെതിരെ നഗ്‌നയായി 
ഞാന്‍ കിടക്കുന്നു.
സൂര്യന്‍ പരാതിപ്പെട്ടു:
ഭൂമിയിലെ സകല പൂക്കളും
എന്നെക്കണ്ടുവിടര്‍ന്നിരിക്കുന്നു
നീ മാത്രം വിരിയാത്തതെന്ത് ?

ഞാന്‍ പറഞ്ഞു:
അതിനെ വിടര്‍ത്താന്‍ സാധ്യമല്ല
സൂര്യനോ മറ്റാര്‍ക്കോ
അതിനൊരു കാമുകന്‍ വേറെയുണ്ട്
അവന്റെ കണ്‍വെളിച്ചം മാത്രം മതി).

ഒരേ സമയം തെളിഞ്ഞതും നിഗൂഢവുമായ കവിതയുടെ ചുംബനങ്ങളാണ് ഈ വാക്കുകള്‍ നീട്ടുന്നത്.
69. പാപത്തില്‍നിന്നു സെക്‌സിനെ മോചിപ്പിക്കുന്നു ഈ പൊസിഷന്‍. അതൊരു വലിയ കാര്യമാണ്. ഇതൊരു വെലിക്കളയലാണ് (exorcising) ഈ പൊസിഷനില്‍ എതിരാളിയുടെ രതിവാതില്‍ മാത്രമേയുള്ളൂ കണ്ണിലും വായിലും. മറ്റുള്ളത് സ്വര്‍ഗ്ഗമാകുന്ന അപൂര്‍വ്വ നിമിഷം (മറ്റെല്ലായ്‌പ്പോഴും സാര്‍ത്ര് പറഞ്ഞത്  The other is hell - സത്യം). നിഷ്‌കളങ്കവും ശുദ്ധവുമായ രതിയുടെ വെടിക്കെട്ടാണിത് (കണ്ടാണശ്ശേരി ഭാഷയില്‍ മരുന്നുപണി. വേറെ എവിടെയോ കമ്പക്കെട്ട്. നോട്ടീസില്‍ കരിമരുന്നു പ്രയോഗം). പാവപ്പെട്ടവനും പണക്കാരനും വിവരമുള്ളവനും ഇല്ലാത്തവനും അംഗപരിമിതനും സര്‍വാംഗസുന്ദരനുമെല്ലാം ഏറ്റവും സന്തോഷം തരുന്നതും പണച്ചെലവുണ്ടാകാന്‍ പാടില്ലാത്തതും ആവശ്യമുള്ളപ്പോള്‍ ലഭ്യമാകേണ്ടതുമായ ജീവിതത്തിന്റെ അര്‍ത്ഥം.
ഒറ്റയ്‌ക്കെടുത്താല്‍ എല്ലാ ക്രിയാപദങ്ങളും 
തെറിയാവുന്ന ഭാഷയില്‍ (വെച്ചു, ഇട്ടു, കൊടുത്തു, കളഞ്ഞു, നനഞ്ഞു, പോയി, ഇറക്കി, കേറ്റി...) രതി തിരിച്ചിട്ടാല്‍ തിരയാകുന്നത് യാദൃച്ഛികമായിരിക്കില്ല. അവസാനിക്കാത്തതായി, മടുക്കാതെ തുടരുന്നതായി തിര മാത്രമേയുള്ളൂ, രതിയും. അതുകൊണ്ട് വരൂ, ഈ തിരകളില്‍ മുങ്ങാം.

(9 ഉം
6 ഉം
രണ്ട് മനുഷ്യര്‍ എന്നിരിക്കട്ടെ
96 എന്തൊരു സ്‌നേഹരഹിതമായ കിടപ്പാണത്
ഒന്നു മറിഞ്ഞുതിരിഞ്ഞാല്‍ മതി
69 ആകും.
ആരാദ്യം മറ്റൊരാളുടെ
ഉടലിന്നുള്ളില്‍ കയറി
ആത്മാവു കണ്ടെടുക്കുമെന്ന
എരിപൊരി സഞ്ചാരത്തില്‍
69 പിടപിടയ്ക്കുന്നു).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com