ദാരിയുഷ്: റിയലിസത്തിന്റെയും നാടോടിക്കഥകളുടെയും സവിശേഷമായ ഇടകലരല്‍ 

ഇത് എനിക്കിനി സഹിക്കാൻ കഴിയില്ല. എനിക്ക് പോരാടാൻ ആഗ്രഹമുണ്ട്. എന്നെ കൊല്ലൂ, നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും എന്റെമേൽ ചെയ്യൂ, എന്നെ നശിപ്പിക്കൂ. പക്ഷേ, എന്റെ അവകാശം എനിക്ക് വേണം.
ദാരിയുഷ്: റിയലിസത്തിന്റെയും നാടോടിക്കഥകളുടെയും സവിശേഷമായ ഇടകലരല്‍ 

റാന്റെ സിനിമയുടെ വികാസവഴികളിൽ ആവർത്തിക്കപ്പെടുന്ന പേരാണ് ദാരിയുഷ് മെഹർജുയി. ലോകസിനിമയിൽ പടർന്നുകയറിയ ഇറാന്റെ സിനിമാനേട്ടങ്ങളിൽ ഒരു വിധത്തിലും മാറ്റിനിർത്താൻ സാധിക്കാത്ത പ്രതിഭയാണ് അദ്ദേഹം. ടെഹ്‌റാനടുത്തുള്ള വസതിയിൽ ഒക്ടോബർ 14-ന് അജ്ഞാതരാൽ അദ്ദേഹവും ഭാര്യയും തിരക്കഥാകൃത്തുമായ വഹിദെ മൊഹമ്മദിഫറും കഴുത്തിൽ കുത്തേറ്റ് മരണപ്പെട്ടു. അടുത്തിടെ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടിരുന്നു വഹിദെ. നിലപാടിനൊപ്പം കർക്കശമായ ചിട്ടകളിലാണ് ദാരിയുഷ് മെഹർജുയിയുടെ ജീവിതം. കലാപരമായും ബുദ്ധിപരമായും അദ്ദേഹത്തിന്റെ സിനിമകൾ മികച്ചുനിൽക്കുന്നതിന്റെ കരുത്തുറ്റ ആശയതലത്തിലാണ്. കർക്കശമായ മതചിട്ടകളുടെ പരിസരങ്ങളിലാണ് വളർന്നതെങ്കിലും മതവിശ്വാസത്തെ ഉപേക്ഷിച്ചുകൊണ്ട്, മാനവികമായ കാഴ്ചപ്പാടോടെ സിനിമകളെ സമീപിക്കുകയാണ് അദ്ദേഹം ചെയ്തത്.

അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ ഗാവ് (Gaav / The Cow, 1969) ഏറെ വിമർശനശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്. ഇറാനിയൻ നവതരംഗത്തിന്റെ ആദ്യസിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ സിനിമ സാമൂഹികമായതും മനശ്ശാസ്ത്രപരവുമായ കാഴ്ചകളിലൂടെ നമ്മെ വിഭ്രമിപ്പിക്കുന്നതാണ്. ഒരു പശുവിൽ കേന്ദ്രീകരിക്കുന്ന ആശയപരിസരമാണ് സിനിമ മുന്നോട്ടുവെയ്ക്കുന്നതെങ്കിലും അന്യവല്‍ക്കരണത്തിന്റേയും സാമൂഹികമായ അവസ്ഥാന്തരങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. വളരെ ചെറിയ വിഷയത്തെ അതിന്റെ വൈകാരികമായ പശ്ചാത്തലത്തിലേക്ക് മാറ്റിയെഴുതുന്നതിലൂടെ സിനിമയുടെ കാഴ്ചാനുഭവത്തെ മാറ്റിത്തീർക്കുക മാത്രമല്ല, ചിന്തയെ കൂടുതൽ കരുത്തുള്ളതാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. സെൻസർ ബോർഡുമായുള്ള അദ്ദേഹത്തിന്റെ സംഘർഷങ്ങൾ ഈ സിനിമ മുതൽ ആരംഭിക്കുന്നതാണ്. സർക്കാരിന്റെ സാമ്പത്തികസഹായമുള്ള സിനിമാനിർമ്മാണമായിരുന്നുവെങ്കിലും സിനിമയുടെ പ്രദർശനത്തിനായി അദ്ദേഹത്തിന്റെ കടമ്പകൾ പലതും കടക്കേണ്ടതായിവന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ സിനിമാജീവിതം ഇത്തരം സംഘർഷങ്ങളിലൂടെയാണ് മുന്നേറിയതെന്നു പറയാം.

ടെഹ്‌റാനിലെ മധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച ദാരിയുഷ് ചെറുപ്പം മുതലേ സംഗീതത്തിലും ചിത്രരചനയിലും സിനിമയിലും താല്പര്യം കാണിച്ചു. കടുത്ത മതവിശ്വാസങ്ങളുടെ ചുറ്റുപാടുകളായിരുന്നുവെങ്കിലും അദ്ദേഹം തന്റെ താല്പര്യങ്ങളുടെ ലോകത്തിലൂടെയാണ് സഞ്ചരിച്ചത്. സിനിമയുടെ കാഴ്ചകളിലൂടെ സഞ്ചരിച്ച അദ്ദേഹം സ്വന്തമായി ഒരു പ്രൊജക്ടറുണ്ടാക്കി അതിലൂടെ സിനിമാ പ്രദർശനം നടത്തുകയും ചെയ്തു. അമേരിക്കൻ സിനിമകളുടെ പ്രിന്റുകളാണ് ഏറെയും പ്രദർശിപ്പിച്ചത്. എന്നാൽ, ക്രമേണ ‘ബൈസിക്കിൾ തീവ്‌സ്’ പോലുള്ള സിനിമകൾ അദ്ദേഹത്തിന്റെ ചിന്തകളിൽ വലിയ മാറ്റമുണ്ടാക്കി. സിനിമാ ജീവിതമായി മാറുന്ന നിമിഷങ്ങളിൽ ലോസ് ആഞ്ചൽസിലെ കാലിഫോർണീയ സർവ്വകലാശാലയിൽ സിനിമാ വിഭാഗത്തിൽ പഠനത്തിനായി ചേർന്നു. ആഗ്രഹിച്ചുകൊണ്ട് എത്തിയ ഇടമായിരുന്നുവെങ്കിലും ക്രമേണ അദ്ദേഹത്തിന് അതിൽ താല്പര്യം കുറഞ്ഞു. സാങ്കേതികതയിലൂന്നിയ ഹോളിവുഡിന്റെ കാഴ്ചകൾ അദ്ദേഹത്തെ മടുപ്പിച്ചുവെന്നതാണ് യാഥാർത്ഥ്യം. തത്ത്വചിന്തകളിലേക്ക് പഠനം മാറിയ അദ്ദേഹം ആ വിഷയത്തിൽ ബിരുദം നേടി. 1964-ൽ പാർസ് റിവ്യൂ എന്ന പേരിൽ ഒരു സാഹിത്യമാസിക ആരംഭിക്കുകയും ചെയ്തു.

സിനിമയെ ഗൗരവമായി സമീപിക്കണമെന്ന പാഠങ്ങളിൽനിന്നുമാണ് അദ്ദേഹം 1965-ൽ ടെഹ്‌റാനിൽ തിരികെ എത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘ഡയമണ്ട് 33’ (Diamond 33, 1967) വലിയ ബജറ്റിൽ ഒരുക്കിയ സിനിമയായിരുന്നു. സാങ്കേതികമികവുകൊണ്ട് ശ്രദ്ധേയമായെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ട ആ സിനിമ ഹോളിവുഡിന്റെ കാഴ്ചകളെ പിൻപറ്റിയുള്ളതായിരുന്നു. ഹോളിവുഡിന്റെ സാങ്കേതിക, മായിക കാഴ്ചകളല്ല സിനിമയുടെ വിഷയമെന്ന ദാരിയുഷിന്റെ തത്ത്വശാസ്ത്രം അടുത്ത സിനിമയിൽ കണ്ടെത്താനാവും. 1960-കളിലെ ധവളവിപ്ലവത്തിന്റേയും ഭൂപരിഷ്‌കരണനയങ്ങളുടേയും തുടർച്ചകളിൽ കർഷകരുടേയും തൊഴിലാളികളുടേയും ജീവിതക്രമീകരണങ്ങളുമൊക്കെ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യത്തിലാണ് ഗാവ് നിർമ്മിച്ചത്. ആ സാമൂഹ്യ സാഹചര്യങ്ങളിലാണ് ദാരിയുഷ് തന്റെ പശുവിനെ നിർമ്മിച്ചെടുക്കുന്നത്.

ഇറാനിയൻ സാമൂഹികപ്രശ്‌നങ്ങളുമായി നിരന്തരം ഇടപെട്ടിട്ടുള്ള സംവിധായകനാണ് ദാരിയുഷ്. ഒരേസമയം റിയലിസത്തിന്റേയും അസംബന്ധ നാടോടിക്കഥയുടേയും സവിശേഷമായ ഇടകലരൽ സംഭവിക്കുന്നുവെന്ന് തോന്നുമ്പോഴും അവിശ്വസനീയമായ സൂക്ഷ്മതയിലൂടെ വിശാലമായ അർത്ഥതലം സൃഷ്ടിക്കുന്നുണ്ട്. അതിശയകരമായ ഛായാഗ്രഹണത്തിലൂടെ ഗാവ് നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ഗ്രാമീണർ, ഗ്രൂപ്പുകൾ, വാതിലുകൾ, ചുവരുകൾ തുടങ്ങി കാഴ്ചകളുടെ ആവർത്തനത്തെ വിസ്മയിപ്പിക്കുന്ന അനുഭവമാക്കി തീർക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. ഇറാനിയൻ നവസിനിമയുടെ ഭാഗമായ ഗാവ് ഏറെ പ്രതിരോധങ്ങളിലൂടെയാണ് കടന്നുപോയത്. 1971-ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ആ സിനിമ പ്രദർശിപ്പിക്കുന്നത് അക്ഷരാർത്ഥത്തിൽ കടത്തിക്കൊണ്ടുപോയാണ്. സർക്കാർ ധനസഹായം ഉണ്ടായിരുന്നിട്ടും സിനിമ സെൻസർ ബോർഡിന് മുന്നിൽത്തന്നെ ഉത്തരങ്ങളില്ലാതെ നിന്നു. അതുവരെയുണ്ടായിരുന്ന സിനിമാബോധ്യങ്ങളെ വെല്ലുവിളിക്കുന്ന അനുഭവമായി അവർക്ക് തോന്നിയതിനാലാവാം, അത്. ആ പ്രശ്‌നങ്ങൾ പിന്നെയും അദ്ദേഹത്തിന്റെ സിനിമകളിൽ സംഭവിച്ചു.

അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയായ മിസ്റ്റർ നെയ്‌വ് (Aghaye Halou / Mr. Naive, 1970) മികച്ച പ്രതികരണം തിയേറ്ററിൽ സൃഷ്ടിച്ചുവെന്ന് മാത്രമല്ല, ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചു. പ്രസിദ്ധമായ സാഹിത്യകൃതികളെ അവലംബിച്ചുള്ള സിനിമാവഴികളായിരുന്നു ദാരിയുഷ് പ്രധാനമായും തെരഞ്ഞെടുത്തിരുന്നത്. കൂടുതൽ ആകർഷകവും കാലികവുമായ വിഷയങ്ങളിലൂടെ സഞ്ചരിക്കാനാണ് അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. ‘ദ പോസ്റ്റ്മാൻ’ (Postchi / The Postman, 1971) എന്ന സിനിമ തീർത്തും രാഷ്ട്രീയമായ ആശയത്തെ ഉൾകൊള്ളുന്നതായിരുന്നു. കാൾ ബുക്‌നറുടെ വൊയ്‌സെക് എന്ന നാടകത്തെ ആധാരമാക്കി നിർമ്മിച്ച ഈ സിനിമയും സെൻസർഷിപ്പിന്റെ മുന്നിൽ പെട്ടു. എന്നാൽ കാൻ, ബെർലിൻ ഉൾപ്പെടെയുള്ള വിവിധ മേളകളിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടുകയുണ്ടായി.

ദാരിയുഷും ഭാര്യയും 
ദാരിയുഷും ഭാര്യയും 

ദാരിയുഷ് സെൻസർ ബോർഡിനെ ഭരണകൂടത്തിന്റെ ഉപകരണമായാണ് കണ്ടത്. അത് സിനിമയുടെ സ്വതന്ത്രമായ നിലനിൽപ്പിനെ ബാധിക്കുമെന്ന വാദമുയർത്തിക്കൊണ്ടേയിരുന്ന അദ്ദേഹത്തിന് തന്റെ സിനിമകൾ പലപ്പോഴും അതിന്റെ കുരുക്കിൽപ്പെടുന്നത് അനുഭവിക്കേണ്ടിവന്നു. ഗ്രാമീണദാരിദ്ര്യത്തിന്റെ കാഴ്ചകൾ രാജ്യമുയർത്തിപ്പിടിക്കുന്ന ആധുനികക്രമങ്ങൾക്ക് കോട്ടം തട്ടിക്കുന്നവിധത്തിൽ പരിഗണിക്കപ്പെടുമെന്നതാണ് ഗാവിനെ വിലക്കിലും പിന്നീട് നിയന്ത്രിതമായ വ്യവസ്ഥകളിൽ പ്രദർശനവും അനുവദിക്കുന്നതിലേക്ക് എത്തിച്ചത്. മതപരവും രാജ്യനിലപാടുകളിലൂന്നിയ ചിന്തകളും രൂപം കൊടുത്ത സാഹചര്യത്തിൽ ദാരിയുഷിന്റെ സിനിമകളുടെ പിറവിയും അവയുടെ കാഴ്ചകളും അത്ര എളുപ്പമായിരുന്നില്ല. ഭരണകൂടവുമായുള്ള സംഘർഷാവസ്ഥകളിൽനിന്നും ഇറാനിയൻ സിനിമയെ കൂടുതൽ ശക്തമായ ഇടങ്ങളിലേക്ക് നയിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ഒരുവേള ഫ്രാൻസിലേക്ക് കുടിയേറുകയും ചെയ്യുന്നുണ്ട്. ലോകത്തെ സിനിമാ ആസ്വാദകർക്കിടയിൽ മികവുറ്റ കാഴ്ചകൾ ഒരുക്കിയ സംവിധായകനെന്ന നിലയിൽ മികച്ച പ്രതികരണം നൽകിയിരുന്നു. ഭരണകൂടം സൃഷ്ടിച്ച സംഘർഷാത്മക സാഹചര്യം മാറുകയും 1983-ൽ അദ്ദേഹത്തെ ഇറാനിലേക്ക് തിരികെ വരാനും കൂടുതൽ സജീവമായി സിനിമകളിലേക്ക് കടക്കാനുമുള്ള സ്ഥിതി രൂപപ്പെടുകയും ചെയ്തു.

അപ്പോഴേക്കും ‘ദ സൈക്കിൾ’ (Dayereh Mina / The Cycle, 1973), ‘ദ സ്‌കൂൾ വി വെന്റ് ടു’ (Hayate Poshti Madreseye Adl-e-Afagh / The School We Went To, 1981), ‘ഡോക്യുമെന്ററിയായ ജേണി ടു ദ ലാന്റ് ഒഫ് റിബൗഡ്’ (Voyage au pays De Rimbaud / Journey to the Land of Rimbaud,1983) എന്നിവ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. തിരികെ നാട്ടിലെത്തിയ ശേഷം ഫറാബി ഫൗണ്ടേഷന്റെ സഹായത്തോടെ നിർമ്മിച്ച സിനിമയാണ് ‘ദ ടെനന്റ്‌സ്’ (Ejareh-Neshinha / The Tenants, 1987.) തകർന്നുവീഴാറായ അപാർട്ട്‌മെന്റിന്റെ വിവിധ നിലകളിൽ താമസിക്കുന്ന, വിവിധതരം പൗരന്മാരുടെ ജീവിതങ്ങളെ അവതരിപ്പിക്കുന്ന ഹാസ്യാത്മകമായ സിനിമയാണിത്. അത്രയൊന്നും പ്രത്യേകതകൾ അവകാശപ്പെടാനില്ലാത്ത സിനിമയാണ് അതെങ്കിലും ബോക്‌സ് ഓഫീസിൽ വലിയ റെക്കോർഡുകളാണ് ദ ടെനന്റ്‌സ് നേടിയത്. അദ്ദേഹത്തിന്റെ അടുത്ത സിനിമയായ ‘ഹാമൗണും’ (Hamoun, 1990) വലിയ വിജയമായിരുന്നു. ‘ബാനു’ (Baanoo / The Lady, 1992), ‘സാറ’ (Sara, 1993) എന്നീ സിനിമകൾ സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് കഥയെ നയിക്കുന്നത്. സെൻസർ ബോർഡിന്റെ കർശനമായ നിയന്ത്രണങ്ങളാൽ അപ്പോഴേക്കും വീണ്ടും സിനിമാനിർമ്മാണത്തിലെ പ്രശ്‌നങ്ങൾ അദ്ദേഹം അനുഭവിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹം എഴുതുന്നുണ്ട്; “(സെൻസർ ബോർഡിന്റെ) ഈ നിയന്ത്രണങ്ങൾ കാരണം ഉപേക്ഷിക്കപ്പെട്ട ഉന്നതമാംവിധം യോഗ്യമായ തീമുകൾ ധാരാളം ഉണ്ട്. എന്റെ ചലച്ചിത്ര നിർമ്മാണപ്രക്രിയയ്ക്കിടയിലും സെൻസർഷിപ്പും സമൂഹത്തെ നിയന്ത്രിക്കുന്ന സാഹചര്യങ്ങളും എന്നെ നിരന്തരം ഉല്‍ക്കണ്ഠപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നു. സ്ത്രീകളെക്കുറിച്ച് ഞാൻ ചെയ്ത നാല് സിനിമകളും പൊതുവായിട്ടുള്ളതാണ്. ബാനുവിന് വിലക്ക് വന്നപ്പോൾ ഞാൻ സാറ ഒരുക്കി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഞാൻ ശാഠ്യത്തോടെ അതേ ആശയത്തെ വിപുലപ്പെടുത്തി. പിന്നീട് പരി (Pari, 1995) കുഴപ്പത്തിലാകുകയും അതിന്റെ സെൻസർഷിപ്പിന്റെ അനന്തരഫലങ്ങൾ ഞാൻ അനുഭവിക്കുകയും ചെയ്തു.”

സെൻസർഷിപ്പിനെ അതിജീവിച്ച്, ആധികാരികമായും കലാപരമായും സിനിമയെ സമീപിക്കുകയും അതിന്റെ ജനപ്രീതിയെ കാലങ്ങളോളം സജീവമാക്കുകയും ചെയ്തുകൊണ്ടാണ് ദാരിയുഷിന്റെ സിനിമകൾ മുന്നോട്ടുപോയത്. ‘ടേൽസ് ഓഫ് ആൻ ഐലന്റ്’ (Tales of an Island, 2000), ‘ദ മിക്‌സ്’ (The Mix, 2000), ‘ബെമാനി’ (Bemani, 2002), ‘ദ മ്യൂസിക് മാൻ’ (Santouri / The Music Man, 2007), ‘അസെമാൻ-ഇ മഹമ്മൂദ്’ (Aseman-e mahboob, 2011), ‘ഓറഞ്ച് സ്യൂട്ട്’ (Narenji Poush / Orange Suit, 2012), ‘ഗോസ്റ്റ്‌സ്’ (Ashbah / Ghosts, 2014) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് സിനിമകൾ. 2022-ൽ പുറത്തിറങ്ങിയ ‘എ മിനോറാ’ണ് (LA Minor / A Minor, 2022) അവസാന സിനിമ. അവസാന ഘട്ടത്തിലും സെൻസർഷിപ്പിന്റെ പ്രശ്‌നങ്ങൾ അദ്ദേഹം അനുഭവിക്കുകയും കർക്കശമായ വാദങ്ങൾ ഉയർത്തുകയും ചെയ്തു. സെൻസർ ബോർഡുമായി ഇത്രമാത്രം സംഘർഷത്തിലേർപ്പെട്ട മറ്റൊരു സിനിമാപ്രവർത്തകൻ അദ്ദേഹത്തിന്റെ സമകാലികരായി ഉണ്ടാവില്ല.

ഒരു കൊലയിലൂടെ അവസാനിപ്പിക്കാവുന്ന ആശയമല്ല അദ്ദേഹം സൃഷ്ടിച്ചെടുത്തതും തന്റെ സിനിമകളിലൂടെ അവതരിപ്പിച്ചതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർത്തപ്പെടുന്ന വെറുപ്പിന്റെ രാഷ്ട്രീയവൈരം കലാകാരന്മാർക്കെതിരെ കുതിക്കുന്ന അഭിശപ്തമായ നാളുകളൊന്നായി മാത്രമേ ദാരിയുഷ് മെഹർജുയിയുടേയും അദ്ദേഹത്തിന്റെ ഭാര്യയുടേയും കൊലപാതകങ്ങളെ കാണാനാവുകയുള്ളൂ. ഇറാനിയൻ സിനിമയിൽ അദ്ദേഹം സൃഷ്ടിച്ചെടുത്ത ഒരു ലോകമുണ്ട്. മാനവികതയുടെ തലം. ലോകമാകെ മാനവികതയുടെ ധീരമായ ചെറുത്തുനിൽപ്പുകൾ ഉയർത്തപ്പെടുകതന്നെ ചെയ്യുമെന്ന പ്രതീക്ഷകളിലാണ് ദാരിയുഷ് ഇനി ജീവിതമാകുക. അദ്ദേഹത്തിന്റെ സിനിമകളും.

ഈ ലേഖനം കൂടി വായിക്കാം:

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com