ഇന്ത്യന്‍ രാഷ്ട്രീയം:അധികാരവഴിയിലെഅറിയപ്പെടാത്ത കഥകള്‍ 

ഇന്ത്യന്‍ രാഷ്ട്രീയം:അധികാരവഴിയിലെഅറിയപ്പെടാത്ത കഥകള്‍ 

രാഷ്ട്രീയത്തില്‍ അധികാരം കയ്യാളുന്നവരും അല്ലാത്തവരും എപ്പോഴും ചിന്തിക്കുന്നത് അധികാരത്തെക്കുറിച്ചാണ്. ആനുഷംഗികമായി ജനങ്ങള്‍ അതില്‍ കടന്നുവന്നാലായി. രാഷ്ട്രീയത്തില്‍ ഒരവസരമേയുള്ളൂ എന്ന ബോധ്യത്തില്‍ കൈവശമുള്ള അസ്ത്രം കുറിക്കുകൊള്ളിക്കാനുള്ള വെമ്പലാണ് ഏവര്‍ക്കും. അഗ്‌നിപരീക്ഷകളെല്ലാം കടന്ന് മുകളിലെത്തുന്നവര്‍ പക്ഷേ, കഴിയുന്നത് അധികാരത്തിന്റെ ഏകാന്തതയിലുമാണ്. കുലപതിയുടെ ഏകാന്തത എന്ന മാര്‍ക്വേസ് കൃതിയിലെ കുലപതിയുടെ അവസ്ഥ.

പിരമിഡിനെ ഓര്‍മ്മിപ്പിക്കുന്നതാണല്ലോ അധികാരത്തിന്റെ ഘടന. മുനമ്പ് എപ്പോഴും ഒറ്റപ്പെട്ട് നില്‍ക്കുന്നു. നാട്ടരചന് ആരോട് മനസ്സുതുറക്കാനാവും, തന്നോട് അല്ലാതെ എന്ന് റോമ ചക്രവര്‍ത്തി മാര്‍ക്വേസ് ഒറേലിയസ് വിലപിച്ചത് അതുകൊണ്ടാവണം. രാഷ്ട്രത്തലവന്‍, രാഷ്ട്രീയ നേതാവ്, കമ്പനി സി.ഇ.ഒ, ആരായാലും ആള്‍കൂട്ടത്തില്‍ തനിയെ നില്‍ക്കുന്നു, തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, എടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയാകുമ്പോള്‍ പ്രത്യേകിച്ചും. ''അതെ അധികാരത്തിന്റെ മേല്‍ത്തട്ട് ഏകാന്തമാണ്, നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വിശേഷിച്ചും'' എന്ന് മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്. വി.പി. സിങ്ങും വാജ്പേയിയും ഇത് ശരിവെയ്ക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് ഭരണത്തലവന് എന്തും ചെയ്യാനാകുമെന്ന് തോന്നിയേക്കാം. പക്ഷേ, വാസ്തവം പലപ്പോഴും വ്യത്യസ്തമാണ്.

നരസിംഹറാവു
നരസിംഹറാവു

ഇതിന്റെ ഉദാഹരണമാണ് ഇന്ത്യന്‍ രാഷ്ട്രീയം. പല 'പൊതു' നയങ്ങള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും പിന്നില്‍ സ്ഥാപിത താല്‍പ്പര്യങ്ങളാണ്. അപവാദങ്ങള്‍ മാറ്റിവെച്ചാല്‍, അവ ദീര്‍ഘവീക്ഷണമോ പ്രത്യയശാസ്ത്ര ശാഠ്യങ്ങളോ ഇല്ലാത്തതുമാണ്. ''എനിക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയ ദര്‍ശനമോ ഇസമോ ഇല്ല. സോഷ്യലിസത്തെപ്പോലും ഞാനൊരു ഉപകരണമായി കാണുന്നു'' എന്ന ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍ ചിന്താമൃതമാണ്. 1986-ല്‍ മുസ്ലിം വനിതാ ബില്ലിനോട് വിയോജിച്ചുകൊണ്ട് ആഭ്യന്തര സഹമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍, അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ വേണ്ടി നരസിംഹറാവു പറഞ്ഞതാണ് ഇതിന്റെ മറ്റൊരുദാഹരണം - ''ആരിഫ്, നമ്മള്‍ രാഷ്ട്രീയക്കളരിയിലാണ് പയറ്റുന്നത്, നമ്മള്‍ക്കു വേണ്ടത് വോട്ടാണ്. അതെന്തിനു നശിപ്പിക്കണം? പറയൂ, നമ്മള്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ആണോ?''  ഖാന്‍ ഇത് ചെവിക്കൊണ്ടില്ലെന്നത് മറ്റൊരു കാര്യം.
 
തീരുമാനങ്ങള്‍ യഥാസമയം എടുക്കാതിരിക്കുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മറ്റൊരു സ്വഭാവമാണ്. അപവാദം മാറ്റിവെച്ചാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍/പ്രധാനമന്ത്രിമാര്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. തീരുമാനം ഇല്ലെന്നതുതന്നെ ഒരു തീരുമാനമാണെന്നാണ് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റ അഭിപ്രായം. ''ഇതിനര്‍ത്ഥം ഒന്നും ചെയ്യുന്നില്ലെന്നല്ല, അതിനെക്കുറിച്ച് ചിന്തിക്കുന്നു. പക്ഷേ, ഒടുവില്‍ ഒന്നും ചെയ്യണ്ടെന്നു തീരുമാനിക്കുന്നു'', അദ്ദേഹം തുടര്‍ന്നു പറയുന്നു.

പി.എന്‍. ഹക്സര്‍ 
പി.എന്‍. ഹക്സര്‍ 
ഡി.പി. ധര്‍
ഡി.പി. ധര്‍

എടുക്കുന്ന തീരുമാനങ്ങളുടെ പിന്നില്‍ പലപ്പോഴും ഏതാനും ചില വ്യക്തികളാവും പങ്കാളികള്‍. ബന്ധപ്പെട്ട മന്ത്രിമാര്‍പോലും അതിനെക്കുറിച്ച് മുന്‍കൂട്ടി അറിയണമെന്നില്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് അവര്‍ ഏറ്റവുമധികം വിശ്വാസത്തില്‍ എടുത്തിരുന്നത് പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന പി.എന്‍. ഹക്‌സറിനേയും ഡി.പി. ധറിനേയുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അവര്‍ എടുത്ത പല തീരുമാനങ്ങളിലും ഇവരുടെ കയ്യൊപ്പ് കാണാം. ചിലപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുപോലും മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബാങ്ക് ദേശസാല്‍ക്കരണം ഒരുദാഹരണം മാത്രം.

1967 ജൂലൈ ഒന്‍പതിന് എ.ഐ.സി.സി മീറ്റിംഗില്‍ ബാങ്കുകളുടെമേല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുന്നത്തിനെക്കുറിച്ചൊരു കുറിപ്പ് അവര്‍ അവതരിപ്പിച്ചു. ''ധൃതിയില്‍ തയ്യാറാക്കിയ ശിഥില ചിന്തകള്‍'' എന്നു പറഞ്ഞാണ് അത് ഉപസംഹരിച്ചത്. 10-ാം ദിനം 'ശിഥില ചിന്തകള്‍' യാഥാര്‍ത്ഥ്യമായി, 14 ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടു. 1985-ല്‍ രാജീവ് ഗാന്ധി അസം ഉടമ്പടി ഒപ്പുവെച്ചപ്പോഴും തൊണ്ണൂറുകളില്‍ ജമ്മു - കശ്മീര്‍, അയോധ്യാ പ്രശ്‌നങ്ങളില്‍ നരസിംഹറാവു ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയപ്പോഴും സംഭവിച്ചത് ഇതുതന്നെ. ആഭ്യന്തരമന്ത്രിയായിരുന്ന എസ്.ബി. ചവാനുപോലും ഒന്നും അറിയുമായിരുന്നില്ല!

ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും
ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും

ഇന്ദിരാഗാന്ധിയുടെ രണ്ടാമൂഴത്തില്‍ പഞ്ചാബ് പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരും അകാലിദളുമായി ഉണ്ടാകുമായിരുന്ന സമാധാന ഉടമ്പടി അവസാന നിമിഷം അട്ടിമറിക്കപ്പെട്ടതും ഇതുപോലെ ഇപ്പോഴും രഹസ്യമായി നില്‍ക്കുന്നു. ഇതിനു കാരണക്കാരന്‍ അരുണ്‍ നെഹ്രു ആണെന്നാണ് അണിയറ സംസാരം. ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ സ്വരണ്‍ സിങ് അകാലികളുമായി ഏകദേശ ധാരണയില്‍ എത്തുകയും അതിന്റെ വിശദാംശം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.സി. സേഥിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പ്രഖ്യാപനത്തിന്റെ ഉള്ളടക്കം എത്തിച്ചേര്‍ന്ന ധാരണയ്ക്ക് നിരക്കുന്നതായിരുന്നില്ല എന്നുമാത്രം. തലേരാത്രി (3 നവംബര്‍, 1982) ഇന്ദിരാഗാന്ധി അതില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയെന്ന് മാര്‍ക് ടളിയും സതീഷ് ജേക്കബും രേഖപ്പെടുത്തുന്നു.

അത്തരമൊരു ഉടമ്പടിയില്‍ ഒപ്പ്വയ്ക്കുന്നത് അകാലികള്‍ക്ക് കീഴടങ്ങലായി വ്യാഖ്യാനിക്കപ്പെടുമെന്നും നടക്കാനിരിക്കുന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും അരുണ്‍ നെഹ്രു രാജീവിനേയും ഇന്ദിരയേയും ബോധ്യപ്പെടുത്തിയെന്ന് മാധ്യമപ്രവര്‍ത്തകയായ നീരജ ചൗധുരിയും വാദിക്കുന്നു (ഒീം ജൃശാല ങശിശേെലൃ െഉലരശറല). ചരിത്രത്തില്‍ 'പക്ഷേക്ക്' സ്ഥാനമില്ലെങ്കിലും അന്ന് ആ ഉടമ്പടി ഒപ്പുവെച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി എന്താകുമായിരുന്നു എന്നു ചോദിക്കാന്‍ തോന്നുന്നു, വൃഥാവിലാണെങ്കിലും.


കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ പ്രശ്‌നപരിഹാരത്തെക്കാള്‍ രാഷ്ട്രീയ നിലനില്‍പ്പിനാണ് പലപ്പോഴും മുന്‍തൂക്കമെന്നു മുകളില്‍ സൂചിപ്പിച്ചുവല്ലോ. ''സ്ഥാപിത താല്പര്യങ്ങളും തരംതാണ സമീപനങ്ങളും സത്യസന്ധമായ കാഴ്ചപ്പാടുകളും തമ്മിലുള്ള സംഘര്‍ഷമാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ നിര്‍ണ്ണയിക്കുന്നത്'' എന്ന നരസിംഹറാവുവിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. മിക്കപ്പോഴും അവസാനം പറഞ്ഞത് തമസ്‌കരിക്കപ്പെടുന്നു. ഏകകക്ഷി ഭരണം മുന്നണി ഭരണത്തിനു വഴിമാറിയതോടെ രാഷ്ട്രീയത്തില്‍ കിടമത്സരം വര്‍ദ്ധിക്കുകയും തീരുമാനമെടുക്കല്‍ പ്രക്രിയ അതിസങ്കീര്‍ണ്ണമാകുകയും ചെയ്തു. വികസനത്തേയും രാഷ്ട്ര നിര്‍മ്മാണത്തേയും കുറിച്ച് തുടക്കത്തിലുണ്ടായിരുന്ന സമവായം ഇല്ലാതായത് 'പൊതു' നയങ്ങളുടെ പ്രതിലോമത വര്‍ദ്ധിപ്പിക്കാനും ഉതകി. ഇന്ദിരാഗാന്ധി ഇതിനെ ഒരു കലയും ശാസ്ത്രവുമായി വളര്‍ത്തിയെങ്കില്‍ അവരുടെ പിന്‍ഗാമികള്‍ അതേ പാത പിന്തുടര്‍ന്നു. ഇപ്പോള്‍ അത് നരേന്ദ്ര മോദിയില്‍ പൂര്‍ണ്ണത തേടുന്നു.


ഇത്തരം വളവും തിരിവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവമാണെങ്കിലും ഇന്ദിരാ ഗാന്ധിയുടെ രണ്ടാം വരവിലും (1980) വി.പി. സിങ് പ്രധാനമന്ത്രിയായതിലും മുന്നണി ബന്ധങ്ങളിലെ പ്രവചനാതീത സ്വഭാവത്തിലും ഇതു തെളിഞ്ഞുകാണാം. ചില സങ്കീര്‍ണ്ണ പ്രശ്‌നങ്ങളില്‍ - ഉദാഹരണത്തിന് 1986-ലെ മുസ്ലിം വനിതാനിയമം, ആണവ പരീക്ഷണം (1998), ഇന്ത്യാ-അമേരിക്ക അണവോര്‍ജജ ഉടമ്പടി, അയോധ്യാ പ്രശ്‌നം - ഇന്ത്യന്‍ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങളിലും ഇതു വ്യക്തമാണ്. എല്ലാറ്റിലും പൊതുവായുള്ളത് രാഷ്ട്രീയ കണക്കുകൂട്ടലും കിഴിക്കലുമാണ്. ജ്യോതിഷം ചെലുത്തന്ന സ്വാധീനവും ചെറുതല്ല.

ഇന്ദിരയുടെ രണ്ടാമൂഴവും 
വി.പി.സിങ്ങിന്റെ പ്രധാനമന്ത്രി പദവും 

1977-ലെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് സഫ്ദര്‍ജംഗ് റോഡിലെ സ്വവസതിയില്‍ ഇരുന്നുകൊണ്ട് ഇന്ദിരാഗാന്ധി മോഹന്‍ മീകിന്‍ ഡിസ്റ്റിലറി ഉടമകളായ കപില്‍ മോഹനോടും അനില്‍ ബാലിയോടും പറഞ്ഞുതുടങ്ങി: ''ഞാന്‍ ഏതെങ്കിലും മലയോരത്തേക്ക് പിന്‍വാങ്ങിയാലോ എന്നാലോചിക്കയാണ്. ഒരുവേള, ഹിമാചല്‍ പ്രദേശിലെ ഏതെങ്കിലുമൊരു പര്‍ണ്ണശാലയില്‍ ഇരുന്ന് ആത്മകഥ എഴുതിയാലുമായി.'' ''നോമിനേഷന്‍ സമര്‍പ്പിച്ച് തിരിച്ചിറങ്ങി അവിടെ കൂടിനിന്നവരോട് സംസാരിച്ചപ്പോള്‍ തന്നെ എന്തോ പന്തികേടുള്ളതുപോലെ തോന്നി. പഴയപോലുള്ളൊരു ആവേശം ആരിലും കണ്ടില്ല'', സ്വന്തം പരാജയം മുന്‍കൂട്ടി കണ്ടതുപോലെ അവര്‍ തുടര്‍ന്നു. പരാജയം അവരെ വല്ലാതെ ഉലച്ചു. പെട്ടെന്ന് എങ്ങും പോകാനില്ലാത്ത അവസ്ഥ. സ്വന്തമായി വാഹനമില്ല, ടെലിഫോണ്‍ ഓപ്പറേറ്റര്‍ ഇല്ല, ഏറ്റവുമടുത്ത സുഹൃത്തുക്കളുടെ നമ്പര്‍പോലും ഓര്‍മ്മയില്ല. ഇന്ദിരയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി, അധികാരത്തിനു വെളിയിലെ ഏകാന്തത, സ്വന്തം ചെയ്തികള്‍ പിഴയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഒറ്റപ്പെടല്‍.

വി.പി. സിങ്
വി.പി. സിങ്


എന്നാല്‍, ഒടുവില്‍ നാം കണ്ടത് അവര്‍ പര്‍വ്വതസാനുക്കളില്‍ പോകുന്നതല്ല, അധികാര രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതാണ്. തന്നെയും കുടുംബത്തേയും ജനതാ സര്‍ക്കാര്‍ വേട്ടയാടാന്‍ ആരംഭിച്ചതോടെ അവര്‍ പൊരുതാന്‍ നിശ്ചയിച്ചു. ഹരിദ്വാറിലെത്തി ആത്മീയ ഗുരുവായ ശ്രീ മാ ആനന്ദമയിയുടെ അനുഗ്രഹം വാങ്ങി. തുടര്‍ന്ന് ദളിതരുടെ കൂട്ടുക്കൊല നടന്ന ബീഹാറിലെ ബെല്‍ചിയില്‍ ചെന്ന് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. തിരികെ പോരുംവഴി പാറ്റ്നയില്‍ ജയപ്രകാശ് നാരായണനെ സന്ദര്‍ശിക്കാനും സമയം കണ്ടെത്തി. 1977 ഒക്ടോബര്‍ മൂന്നിന് സി.ബി.ഐ അറസ്റ്റ് ചെയ്തതോടെ തിരിച്ചുവരവിന്റെ പോരാട്ടം ആരംഭിച്ചു. തുടര്‍ന്നുണ്ടായ നാടകീയരംഗങ്ങളെ അവര്‍ അവസരമാക്കി മാറ്റി. ഒറ്റരാത്രികൊണ്ട് അടിയന്തരാവസ്ഥയിലെ വില്ലനില്‍നിന്ന് അവര്‍ രക്തസാക്ഷിയായി മാറി.
എന്നാല്‍, തന്റെ പതനത്തിനു കാരണക്കാരനായ രാജ് നാരായണനുമായി ബന്ധം സ്ഥാപിച്ചതാണ് ഇക്കാര്യത്തില്‍ അവര്‍ എടുത്ത നിര്‍ണ്ണായക ചുവടുവെയ്പ്. ഇതിനു മുന്‍കൈ എടുത്തത് സഞ്ജയ് ഗാന്ധിയും കപില്‍ മോഹനനും.

മൊറാര്‍ജി ദേശായി
മൊറാര്‍ജി ദേശായി

നാരായണനുമായുള്ള ആദ്യ മീറ്റിംഗില്‍ തന്നെ മൊറാര്‍ജി ദേശായിയെ മാറ്റി ചരണ്‍സിംഗിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനമായി. മദ്യവിരോധിയായ ദേശായിയെ മാറ്റുന്നതില്‍ മദ്യലോബിക്ക് ഏറെ താല്പര്യം ഉണ്ടായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. മകന്‍ സുരേഷ് റാമിനെതിരെ ഉണ്ടായ ലൈംഗികാരോപണം ഉപയോഗപ്പെടുത്തി ജഗ്ജീവന്‍ റാമിനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കുകയും ചെയ്തു. കാര്യങ്ങള്‍ ഈ വിധമായിട്ടും പക്ഷേ, ചരണ്‍സിങ് വഴങ്ങിയില്ല. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എത്തി കാര്യം തിരക്കിയെങ്കിലും സിങ് ഒഴിഞ്ഞുമാറി. ഇത്രയുമായപ്പോള്‍ കാര്യമെന്താണെന്ന് അദ്ദേഹം ഊഹിച്ചു. ''സിങ്ങിന്റെ ജ്യോത്സ്യനെ നേരില്‍ കണ്ട് ഞാന്‍ കാര്യം പറഞ്ഞു. ''ഇത് അദ്ദേഹത്തിന് നല്ല കാലമല്ല'' ജ്യോതിഷി മൊഴിഞ്ഞു. കാലത്തെ നല്ലതാക്കാന്‍ ഞാന്‍ അയാളെ പ്രേരിപ്പിച്ചു'', കമല്‍നാഥ് സൂചിപ്പിച്ചു.

'ഇതേത്തുടര്‍ന്ന് പദവിയേറ്റെടുക്കാന്‍ പറ്റിയ സമയമിതാണെന്ന് ജ്യോതിഷി സിങ്ങിനെ ബോധ്യപ്പെടുത്തുകയും അദ്ദേഹം മന്ത്രിസഭയില്‍നിന്നു രാജിവെയ്ക്കുകയും ചെയ്തു''. സോഷ്യലിസ്റ്റുകളെ വശത്താക്കുന്നതിന് ജോര്‍ജ് ഫെര്‍ണാണ്ടസിനെ സ്വാധീനിക്കേണ്ടിയിരുന്നു. ഇതിനായി നിയോഗിച്ചത് മധു ലിമായേയും. 1979 ജൂലൈ 12-ന് സര്‍ക്കാരിനെ പിന്താങ്ങിക്കൊണ്ട് പാര്‍ലമെന്റില്‍ സംസാരിച്ച ഫെര്‍ണാണ്ടസ് ജൂലൈ 14-നു ചുവടുമാറ്റി. മന്ത്രിസഭ വിടാന്‍ ആദ്യം അദ്ദേഹം വിസമ്മതിച്ചപ്പോള്‍ ലിമായ് അവസാനത്തെ അടവ് പ്രയോഗിച്ചു. ''നമ്മളുടെ ഇത്രയും കാലത്തെ സുഹൃദ്ബന്ധത്തിന് യാതൊരു വിലയുമില്ലേ?'', ലിമായ് വികാരഭരിതനായി ചോദിച്ചു. ''അതാണ് കാര്യമെങ്കില്‍ ഞാന്‍ നളെ രാജിവെച്ചേക്കാം'', ഫെര്‍ണാണ്ടസ് പ്രതികരിച്ചു. ശേഷം ചരിത്രം.

ചരണ്‍ സിങ് 
ചരണ്‍ സിങ് 


ചരണ്‍സിങ്ങിനെ അധികനാള്‍ പ്രധാനമന്ത്രിയായി വാഴിക്കാന്‍ ഇന്ദിരാഗാന്ധിക്ക് ഉദ്ദേശ്യമില്ലായിരുന്നുയെന്നത് വാസ്തവം തന്നെ. എന്നാല്‍, ഒരുമാസംപോലും തികയ്ക്കാതെ അദ്ദേഹം പുറത്തുപോയതിന്റെ പിന്നില്‍ ഒരു 'ഈഗോ' പ്രശ്‌നമുണ്ട്. പദവിയേറ്റെടുത്ത ഉടന്‍ ഇന്ദിരയെ സന്ദര്‍ശിക്കാന്‍ സിങ് തീരുമാനിക്കുകയും അവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പൂക്കളുമായി പോര്‍ട്ടിക്കോവില്‍ കാത്തുനില്‍ക്കുകയും ചെയ്തു. എന്നാല്‍, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇന്ദിരയുടെ വീട്ടില്‍ കയറാതെ കടന്നുപോയി. പ്രധാനമന്ത്രി അവരെ അങ്ങോട്ട് ചെന്നു കാണുകയല്ല അവര്‍ ഇങ്ങോട്ടു വന്നു കാണുകയാണ് വേണ്ടതെന്ന് സിങ്ങിനെ ഏതോ ബന്ധു ഉപദേശിച്ചത്രെ. സത്യപാല്‍ മാലിക്കിനെ വിശ്വസിക്കാമെങ്കില്‍, ഇതോടെ കുപിതയായ ഇന്ദിര പൂക്കള്‍ വലിച്ചെറിഞ്ഞ് അകത്തേക്ക് പോയി. അബദ്ധം മനസ്സിലാക്കിയ സിങ് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും, 'അബ് നഹിം' (ഇപ്പോള്‍ അല്ല) എന്നായിരുന്നു അവരുടെ പ്രതിവചനം . ഫലമോ, 23 ദിവസത്തിനുള്ളില്‍ അദ്ദേഹത്തിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു. തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്തു.

വി.പി. സിങ് പ്രധാനമന്ത്രിയായതിലും ഇത്തരം പടലപ്പിണക്കവും അവസരവാദവും അവയുടേതായ പങ്കുവഹിച്ചതായി കാണാം. കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ രൂപീകരിച്ച പ്രതിപക്ഷമുന്നണി തന്നെ അവസരവാദത്തിന്റെ ഉദാഹരണമാണല്ലോ. ''ഒരു പൊതുശത്രുവിനെ തുരത്താന്‍ ഇടതു മുതല്‍ വലതുവരെയുള്ളവര്‍ ഒരുമിച്ചു വന്നു'' എന്ന് വാജ്പേയി പറഞ്ഞത് ഓര്‍ക്കുക. യു.പിയിലെ മഥുരയില്‍ തെരഞ്ഞെടുപ്പ് (1989) പ്രചരണവേളയില്‍ ഉണ്ടായൊരു സംഭവം ഇതു കുറച്ചുകൂടി വ്യക്തമാക്കുന്നു. സ്ഥലത്ത് എത്തിയ സിങ് കണ്ടത് ബി.ജെ.പിയുടേയും ജനതാദളിന്റേയും കൊടികള്‍കൊണ്ട് അലങ്കരിച്ച വേദിയാണ്. ഇതോടെ വേദിയില്‍ കയറാന്‍ വിസമ്മതിച്ച അദ്ദേഹം ബി.ജെ.പി ജനറല്‍ സെക്രട്ടറി ഗോവിന്ദാചാര്യയോട് കാര്യം പറഞ്ഞു. ''അങ്ങയുടെ ആള്‍ക്കാരോട് പാര്‍ട്ടിക്കൊടികള്‍ അഴിച്ചുമാറ്റാന്‍ പറയു. ഇല്ലെങ്കില്‍ നാം ചെയ്യുന്നതെല്ലാം വൃഥാവിലാകും. നമ്മള്‍ വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടിവരും... ഒരിക്കല്‍ രാജീവ് ഗാന്ധി പുറത്തായാല്‍ പിന്നെ നമുക്കു തമ്മില്‍ പൊരുതാം. അപ്പോള്‍ ആരു ജയിക്കുമെന്നു നോക്കാം'', ഇതായിരുന്നു അതിന്റെ ഉള്ളടക്കം. ഇത്രയും ലളിതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങള്‍, എക്കാലവും.

മറുവശത്ത്, സിങ്ങിന്റെ പ്രധാനമന്ത്രി മോഹത്തെ ചന്ദ്രശേഖര്‍ എതിര്‍ത്തതോടെ അതിനെ മറികടക്കാന്‍ ചാണക്യതന്ത്രങ്ങള്‍ മെനയേണ്ടിവന്നു. ഇതിനായി ചന്ദ്രശേഖറിന്റെ സമ്മതത്തോടെ ദേവീലാലിനെ പ്രധാനമന്ത്രിയാക്കാമെന്നു പരസ്യമായും ചന്ദ്രശേഖറെ അറിയിക്കാതെ സിങ്ങിനെയാക്കാമെന്നു രഹസ്യമായും തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗില്‍ ഈ തിരകഥ അരങ്ങേറി. വി.പി. സിങ് ദേവീലാലിന്റ പേര് നിര്‍ദ്ദേശിച്ചു, ചന്ദ്രശേഖര്‍ അതിനെ പിന്താങ്ങി. എന്നാല്‍, ദേവീലാല്‍ സ്ഥാനത്യാഗം ചെയ്യുകയും പകരം സിങ്ങിന്റെ പേര് മുന്നോട്ടു വയ്ക്കുകയും ചെയ്തു! ചതി മനസ്സിലാക്കിയ ചന്ദ്രശേഖര്‍ രോഷത്തോടെ വേദി വിട്ടു. വി.പി. സിങ് മന്ത്രിസഭയുടെ പതനം ഇവിടെ തുടങ്ങി. ഭരണത്തെ രക്ഷിക്കാന്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രിസഭയുടെ പതനത്തിനുശേഷം സിങ്ങും വാജ്പേയിയും തമ്മില്‍ നടന്ന സംഭാഷണം, നമ്മുടെ രാഷ്ട്രീയത്തിന്റെ ഉള്ളറയിലേക്ക് വെളിച്ചം വീശുന്നതാണ്. ''പെട്ടെന്നു പിന്തുണ പിന്‍വലിക്കാനുള്ള കാരണമെന്താണ്? നിങ്ങളുടെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്ന മണ്ഡലില്‍നിന്നാണല്ലോ ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടത്'' എന്ന സിങ്ങിന്റെ ചോദ്യത്തിന് വാജ്പേയിയുടെ ഉത്തരം ഒരു മറുചോദ്യമായിരുന്നു: ''പ്രചോദനം ഉള്‍ക്കൊള്ളാന്‍ അതു നടപ്പിലാക്കേണ്ടതുണ്ടോ?''  പാര്‍ട്ടിഭേദമന്യേ വ്യക്തിബന്ധങ്ങള്‍ രാഷ്ട്രീയത്തെ സാരമായി സ്വാധീനിക്കുന്നുവെന്നും, ഉദാഹരണ സഹിതം, നീരജ ചൗധുരി വാദിക്കുന്നു.

വാജ്പേയ്, അദ്വാനി
വാജ്പേയ്, അദ്വാനി

വാജ്പേയിയും നരസിംഹറാവുവും തമ്മിലുള്ള അടുപ്പം അദ്വാനിയുടേയും അദ്ദേഹത്തിന്റെ വലംകയ്യായ കല്യാണ്‍ സിങ്ങിന്റേയും രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിച്ചു എന്ന് അവര്‍ വിശദമാക്കുന്നുണ്ട്. 1990-ലെ രഥയാത്രയോടെ എല്‍.കെ. അദ്വാനി പ്രധാനമന്ത്രി പദത്തിലെത്തുമെന്നു വിശ്വസിക്കപ്പെട്ടിരുന്നപ്പോഴാണ് അദ്ദേഹത്തെ പ്രതിയാക്കി ഹവാല കേസില്‍ സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചത് (1996) എന്നത് സ്മരണീയമാണ്. ഇത് വാജ്പേയിയെ സഹായിക്കാനാണെന്ന് അദ്വാനി കരുതിയത്രേ. മായാവതി മന്ത്രിസഭ വീണപ്പോള്‍ (1995) സിങ്ങിനെ ബദല്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ അനുവദിക്കാതിരുന്നതും ഇതേ അച്ചുതണ്ടാണെന്ന വാദം, പ്രധാനമന്തിയുടെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന കേന്ദ്രമന്ത്രി ഭുവനേഷ് ചതുര്‍വേദിയെ ഉദ്ധരിച്ചുകൊണ്ട്, നീരജ സമര്‍ത്ഥിക്കുന്നു. മൂവരും - വാജ്പേയ്, റാവു, ചതുര്‍വേദി - ഐക്യരാഷ്ട്രസഭയുടെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. തന്റെ തട്ടകമായ യു.പിയില്‍ സിങ്ങ് മുഖ്യമന്ത്രിയാകുന്നതിലെ അപകടം തിരിച്ചറിഞ്ഞ വാജ്പേയ് റാവുവിനെ അക്കാര്യം ബോധ്യപ്പെടുത്തുകയും ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാന്‍ അദ്ദേഹം ചതുര്‍വേദിയെ ചുമതലപ്പെടുത്തുകയും ചെയ്തു. രാത്രി ഗവര്‍ണര്‍ മോത്തിലാല്‍ വോറയുമായി ചതുര്‍വേദി ബന്ധപ്പെട്ടപ്പോള്‍ വോറ പറഞ്ഞത് ഇങ്ങനെ: ''പക്ഷേ, സിങ്ങ് എന്നെ കാണാന്‍ സന്ദര്‍ശകമുറിയില്‍ കാത്തിരിക്കുകയാണല്ലോ.'' ചതുര്‍വേദി ഉറച്ച സ്വരത്തില്‍ പറഞ്ഞു, ''അദ്ദേഹം മുഖ്യമന്ത്രിയാകരുത്.'' ''ഒ.കെ'' എന്നായിരുന്നു തിരിച്ചുള്ള മറുപടി. കല്യാണ്‍ സിങ്ങ് അക്കുറി മുഖ്യമന്ത്രി ആയില്ലെന്നത് ചരിത്രം. ഇതിന്റെയൊക്കെ പ്രത്യുപകാരമാണത്രേ ജെ.എം.എം കോഴകേസില്‍ റാവുവിനെ വാജ്പേയ് രക്ഷിച്ചെടുത്തത്.

അരുണ്‍ നെഹ്രുവിന്റെ രാഷ്ട്രീയ പ്രവേശനത്തിലും സഞ്ജയ് ഗാന്ധി യു.പി മുഖ്യമന്ത്രി ആകാതിരുന്നതിലും വ്യക്തിബന്ധങ്ങള്‍ തന്നെ മുഖ്യം. ആദ്യത്തേതില്‍ യാദൃച്ഛികതയുമുണ്ട്. ഇന്ദിരാഗാന്ധി റായ്ബറേലി സീറ്റ് ഒഴിഞ്ഞപ്പോള്‍ (1980) പകരം ആരെ നിര്‍ത്തണമെന്ന ആലോചന അവരുടെ വീട്ടില്‍ നടക്കുമ്പോഴാണ് മനേക ഗാന്ധി അരുണ്‍ നെഹ്രുവിന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. ഇതോടെ സഞ്ജയ് ഗാന്ധി അദ്ദേഹത്തെ വിളിച്ചുവരുത്തി. സ്യൂട്ടും ടൈയും അണിഞ്ഞെത്തിയ നെഹ്രുവിനോട് സഞ്ജയ് കാര്യം പറയുകയും, ''കോണാട്ട് പ്ലേസിലെ ഖാദിബസാറില്‍ പോയി കുര്‍ത്ത പൈജാമ വാങ്ങി അവ ഉപയോഗിച്ചു തുടങ്ങാന്‍'' നിര്‍ദ്ദേശിക്കുകയും ചെയ്തു. അരുണ്‍ നെഹ്രുവിന്റെ രാഷ്ട്രീയ അരങ്ങേറ്റം കുപ്പായം മാറുന്ന വേഗത്തില്‍ കഴിഞ്ഞു. അതേസമയം, സഞ്ജയന്റെ മുഖ്യമന്ത്രി പദം ഇന്ദിരാഗാന്ധി 'ചീ' എന്ന ഒറ്റവാക്കില്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. യു.പി നിയമസഭയിലെ കോണ്‍ഗ്രസ് സാമാജികര്‍ അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുത്തെങ്കിലും അവര്‍ വഴങ്ങിയില്ല. സമ്മര്‍ദ്ദം കൂടിയപ്പോള്‍ എച്ച്.ആര്‍. ഭരദ്വാജിനെ വിളിച്ച് അവര്‍ കാര്യം പറഞ്ഞു: ''നിങ്ങളുടെ സുഹൃത്ത് സഞ്ജയിനോട് പറഞ്ഞേക്ക് അയാള്‍ക്ക് മുഖ്യമന്ത്രിയാകാന്‍ പറ്റില്ലെന്ന്. അയാള്‍ നിര്‍ബ്ബന്ധം പിടിച്ചാല്‍ ഞാന്‍ പ്രധാനമന്ത്രിപദം രാജിവയ്ക്കുമെന്നുകൂടി അറിയിച്ചേക്കൂ.'' സഞ്ജയിനെ തന്റെ പിന്‍ഗാമിയാക്കാനാണ് അവര്‍ ഉദ്ദേശിച്ചത്. അതിനുമുന്‍പ് മറ്റേതെങ്കിലും പദവിയിലിരുന്നു വിവാദങ്ങളില്‍പ്പെടരുതെന്ന് അവര്‍ ആഗ്രഹിച്ചു എന്നുമാത്രം. എത്ര നിസ്സാരവും യാദൃച്ഛികവും വ്യക്തിനിഷ്ഠവുമാണ് ഇന്ത്യന്‍ രാഷ്ട്രീയം എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ?

മുസ്ലിം വനിതാബില്ലും അയോദ്ധ്യയും 

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യു ടേണ്‍ എന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങളാണ് രണ്ടും. പിടിപ്പുകേടിന്റേയും ആശയകുഴപ്പത്തിന്റേയും ഭീരുത്വത്തിന്റേയും സര്‍വ്വോപരി കാപട്യത്തിന്റേയും ആകെത്തുക. ഷാബാനു കേസിലെ കോടതിവിധി അസ്ഥിരപ്പെടുത്താന്‍ മുസ്ലിം ലീഗ് എം.പി ബനാത്ത്വാല അവതരിപ്പിച്ച ബില്ലാണല്ലോ ആദ്യത്തേതിന്റെ പശ്ചാത്തലം ഒരുക്കിയത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത അഭിപ്രായഭിന്നത രാജീവ് ഗാന്ധിയെ ആശയകുഴപ്പത്തിലാക്കി. ഇതോടെ ബില്ലിനെ നഖശിഖാന്തം എതിര്‍ത്ത ആരിഫ് മുഹമ്മദ് ഖാനെ അദ്ദേഹം തുടക്കത്തില്‍ പ്രോത്സാഹിപ്പിക്കുകയും പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കുകയും ചെയ്തു. മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടിനെതിരെ ആശയപ്രചരണം നടത്തണമെന്നുവരെ അദ്ദേഹത്തോട് രാജീവ് ആവശ്യപ്പെട്ടു.


മറുവശത്ത്, ബില്ലിനെ അനുകൂലിച്ച് സംസാരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിയാവുര്‍ റഹ്മാന്‍ അന്‍സാരിയേയും ചുമതലപ്പെടുത്തി! ഇതിനിടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍, വജാഹ്ത് ഹബീബുള്ള, കോടതി ഉത്തരവിനെ സര്‍ക്കാര്‍ എതിര്‍ക്കേണ്ടതില്ലെന്നും എതിര്‍പ്പുള്ളവര്‍ പുനഃപരിശോധനാ ഹര്‍ജിയുമായി കോടതിയെ സമീപിക്കട്ടെ എന്ന തരത്തില്‍ ഒരു കുറിപ്പ് പ്രധാനമന്ത്രിക്കു നല്‍കുകയും ചെയ്തു. ''പക്ഷേ, ആ കുറിപ്പ് മടങ്ങിവന്നില്ല... സാധാരണഗതിയില്‍ പ്രധാനമന്ത്രിയുടെ പ്രതികരണത്തോടെ തിരികെ വരേണ്ടതായിരുന്നു'', ഹബീബുള്ള സൂചിപ്പിച്ചു. ഒടുവില്‍ സര്‍ക്കാര്‍ തന്നെ കോടതി വിധിക്കെതിരെ ബില്‍ അവതരിപ്പിച്ച് പാസ്സാക്കി പ്രശ്‌നം പരിഹരിച്ചു.

ഇതിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നത് രാജീവിനു പുതിയ തലവേദനയായി. ഇതിനു പരിഹാരം നിര്‍ദ്ദേശിച്ചത് അരുണ്‍ നെഹ്രുവാണെന്ന് നീരജ സൂചിപ്പിക്കുന്നു. ''തര്‍ക്ക സ്ഥലത്തിന്റെ ഗേറ്റ് തുറന്നുകൊടുക്കൂ... ഹിന്ദുക്കള്‍ക്ക് സന്തോഷമാകും'' അരുണ്‍ നെഹ്രുവിന്റെ ഉപദേശം ഇങ്ങനെ പോയി. 1986 ഫെബ്രുവരി ഒന്നിന് ഗേറ്റ് തുറക്കുകയും ചെയ്തു. ആനുഷംഗികമായി മറ്റൊരു കാര്യംകൂടി ഇവിടെ ഓര്‍ക്കേണ്ടിയിരിക്കുന്നു - 1987 ജനുവരി മാസം മുതല്‍ രാമായണം സീരിയല്‍ ദൂര്‍ദര്‍ശന്‍ സംപ്രേക്ഷണം ചെയ്യാനും തുടങ്ങി. വീണ്ടും അയോധ്യയിലെ ഗേറ്റ് തുറന്ന കാര്യത്തിലേക്കു വന്നാല്‍, അതില്‍ ഒരു വലിയ ട്വിസ്റ്റ് പില്‍ക്കാലത്തുണ്ടായി. ഹബീബുള്ളയുടെ അഭിപ്രായത്തില്‍ ''രാജീവ് ഗാന്ധി പ്രശ്‌നം അരുണ്‍ നെഹ്രുവും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്‌തെങ്കിലും ഗേറ്റ് തുറക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചില്ല!'' രാജീവ് തന്നെ ഇത് തന്നോടു സൂചിപ്പിച്ചു എന്നാണ് ഹബീബുള്ളയുടെ ഭാഷ്യം. ''താങ്കള്‍ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണല്ലോ പൂട്ട് തുറന്നു കൊടുത്തത്'' എന്ന അദ്ദേഹത്തിന്റ ചോദ്യത്തിന് രാജീവിന്റെ മറുപടി ഇതായിരുന്നു: ''അതെ. പക്ഷേ, അത് ആജ്ഞാപിച്ചതാരാണെന്ന് എനിക്കറിയില്ല. ഗേറ്റ് തുറന്നു കൊടുക്കും വരെ എനിക്കതിനെക്കുറിച്ച് അറിവുമുണ്ടായിരുന്നില്ല. അതിന്റെ ഉത്തരവാദി ആരാണെന്നു കണ്ടുപിടിക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ്!'' (ഒീം ജൃശാല ങശിശേെലൃ െഉലരശറല). ഇതിലൂടെ സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നുവോ അതോ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ അധികാരത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ ഏകാന്തതയില്‍ കഴിയുന്നതിന്റെ സാക്ഷിപത്രമാണോ ഇത്?

രാജീവ് ഗാന്ധി
രാജീവ് ഗാന്ധി

ഉത്തരം എന്തുതന്നെ ആയാലും, പ്രശ്‌നം കലാശിച്ചത് ബാബ്റി മസ്ജിദിന്റെ തകര്‍ക്കലിലാണല്ലോ. അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് നരസിംഹറാവു ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനുമാവില്ല. പ്രശ്‌നപരിഹാരത്തിനു നാല് നിര്‍ദ്ദേശങ്ങളാണ് അദ്ദേഹത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നതെന്ന് നീരജ വാദിക്കുന്നു. അയോധ്യയും സമീപസ്ഥലങ്ങളും കേന്ദ്രഭരണപ്രദേശമാക്കുക, അലഹബാദ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസിന്റെ തീര്‍പ്പ് വേഗത്തിലാക്കുക, സര്‍വ്വകക്ഷി പ്രതിനിധിസംഘത്തെ അയോധ്യയിലേക്ക് അയയ്ക്കുക, പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുക. ഓരോ ഒഴിവുകഴിവു പറഞ്ഞ് ഇതില്‍നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി. പ്രസിഡന്റ് ഭരണമെന്ന ആശയം മുന്നോട്ടുവെച്ചത് ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗോഡ്ബൊള്‍ ആണ്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് യു.പി ഗവര്‍ണര്‍ (സത്യനാരായണ റെഡ്ഡി) ശിപാര്‍ശ ചെയ്താല്‍ പ്രഖ്യാപിക്കാമെന്നായി. ഡല്‍ഹിയില്‍ വെച്ച് (26 നവംബര്‍ 1992) റെഡ്ഡി ഇത് സമ്മതിച്ചെങ്കിലും യു.പിയില്‍ തിരിച്ചെത്തിയ ശേഷം ചുവട് മാറ്റി.

മാത്രമല്ല, ഡിസംബര്‍ ഒന്നിന് പ്രസിഡന്റ് ഭരണത്തെ എതിര്‍ത്തുകൊണ്ടൊരു രഹസ്യ കുറിപ്പ് പ്രധാനമന്ത്രിക്ക് അയയ്ക്കുകയും ചെയ്തു. റെഡ്ഡിയും റാവുവും തമ്മിലുള്ള രഹസ്യധാരണയുടെ പുറത്താണ് ഇങ്ങനെ സംഭവിച്ചത് എന്നു വിശ്വസിക്കുന്ന ധാരാളം പേരുണ്ട്. ഇതെന്തായാലും ഒന്നുണ്ട് കര്‍സേവകര്‍ പള്ളി പൊളിച്ചുതുടങ്ങിയപ്പോള്‍ റാവുവിനെ ബന്ധപ്പെടാന്‍ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതുകൊണ്ടാവണം, സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം റാവുവിനെ കാണാനെത്തിയ മെയ്ന്‍സ്ട്രീം പത്രാധിപര്‍ നിഖില്‍ ചക്രവര്‍ത്തി അദ്ദേഹത്തോട് ചോദിച്ചത്, ''ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് 12 മണിക്കുശേഷം താങ്കള്‍ പൂജ ചെയ്യുകയായിരുന്നെന്ന് കേട്ടല്ലോ?'' പള്ളി പൊളിക്കാന്‍ നരസിംഹറാവു കൂട്ടുനിന്നു എന്നു പറയാനുള്ള തെളിവൊന്നും നമുക്കു മുന്നില്‍ ഇല്ലെങ്കിലും സംഭവത്തിലുടനീളം അദ്ദേഹത്തിന്റെ കെടുകാര്യസ്തതയും കാപട്യവും അനങ്ങാപ്പാറ സമീപനവും പ്രകടമായിരുന്നു എന്നു പറയാതെ വയ്യ. അദ്ദേഹവുമായി സോണിയാ ഗാന്ധി തെറ്റിപ്പിരിഞ്ഞതില്‍ ഇതു വഹിച്ച പങ്ക് ചെറുതല്ല. സോണിയയെ ഏറ്റവുമധികം ദുഃഖത്തില്‍ ആഴ്ത്തിയൊരു സംഭവമാണ് പള്ളി പൊളിച്ചത്. മാത്രമല്ല, അതു തകര്‍ക്കാന്‍ റാവു അവസരമുണ്ടാക്കി എന്നും അവര്‍ വിശ്വസിച്ചു. 

മന്‍മോഹന്‍സിങ്ങും ജോര്‍ജ് ബുഷും
മന്‍മോഹന്‍സിങ്ങും ജോര്‍ജ് ബുഷും

ആണവ പരീക്ഷണവും 
ആണവോര്‍ജ്ജ ഉടമ്പടിയും
 

ഇതുവരെ പറഞ്ഞുവന്നതില്‍നിന്നു വ്യത്യസ്തമായി ഇവിടെ പ്രശ്‌നം നമ്മുടെ നയങ്ങളില്‍ വിദേശ ശക്തികള്‍ വിശേഷിച്ച് അമേരിക്ക, എത്രത്തോളം സ്വാധീനിക്കുന്നു എന്നതാണ്. ആണവ പരീക്ഷണത്തിന്റെ (രണ്ടാമത്തെ) കാര്യമെടുത്താല്‍ അത് ഒരുതവണ മാറ്റിവയ്‌ക്കേണ്ടിയും പിന്നീട് അതീവ രഹസ്യമായി ചെയ്യേണ്ടിയും വന്നു. അതിനു നാം ആദ്യം തുനിയുന്നത് 1995-ല്‍ നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണല്ലോ. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ അതു കണ്ടെത്തുകയും അംബാസിഡര്‍ ഫ്രാങ്ക് വൈസ്നര്‍, അതിന്റെ ഫോട്ടോഗ്രാഫുമായി വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയേയും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് നരേഷ് ചന്ദ്രയേയും നേരില്‍ കണ്ട് അതില്‍നിന്നു പിന്മാറാന്‍ ആവശ്യപ്പെടുകയുണ്ടായി . പരീക്ഷണത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന മുഖര്‍ജി പത്രക്കാരോട് അത് നിഷേധിക്കുകയും ചെയ്തു. പോരാത്തതിന്, പ്രസിഡന്റ് ക്ലിന്റണ്‍ മുഖര്‍ജിയുടെ പത്ര പ്രഖ്യാപനം റാവുവിന്റെ ശ്രദ്ധയിലും പെടുത്തി. ''ഞാനും പത്രവാര്‍ത്ത കണ്ടു. അത് എനിക്ക് വിട്ടേക്കൂ. ഞാന്‍ അക്കാര്യം താമസംവിനാ വ്യക്തമാക്കാം'' എന്ന റാവുവിന്റെ പ്രതികരണത്തില്‍ പ്രശ്‌നം തല്‍ക്കാലം അവസാനിച്ചു.

രണ്ടാം ടെസ്റ്റിന്റെ രണ്ടാമൂഴം ആരംഭിക്കുന്നത് വാജ്പേയ് രണ്ടാംതവണ പ്രധാനമന്ത്രിയായപ്പോഴാണ്. പദവി ഏറ്റെടുത്തയുടന്‍ അദ്ദേഹം എ.പി.ജെ. അബ്ദുള്‍ കലാമിനോടും ആര്‍. ചിദംബരത്തിനോടും ടെസ്റ്റിനുള്ള ഒരുക്കം തുടങ്ങാന്‍ ആവശ്യപ്പെടുകയും 1998 ഏപ്രില്‍ എട്ടിന് ഇക്കാര്യം ഔപചാരികമായി തീരുമാനിക്കുകയും ചെയ്തു. ഇതിനിടയില്‍ അമേരിക്കയുടെ യു.എന്‍ പ്രതിനിധി ബില്‍ റിച്ചാര്‍ഡ്സണ്‍ രാജ്യരക്ഷാമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ കണ്ട് ചോദിച്ചു: ''ജോര്‍ജ്, ആണവ പരീക്ഷണത്തിന്റെ കാര്യത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലല്ലോ?'' ''തീര്‍ച്ചയായും ഇല്ല'' എന്നായിരുന്നു ഫെര്‍ണാണ്ടസിന്റെ നിര്‍ദ്ദോഷവും സത്യസന്ധവുമായ മറുപടി! കാരണം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രിജേഷ് മിശ്രയ്ക്കും ഏതാനും ശാസ്ത്രജ്ഞന്മാര്‍ക്കും മാത്രമാണ് ഇക്കാര്യം അപ്പോള്‍ അറിയാമായിരുന്നത്. സൈനിക മേധാവികളും എല്‍.കെ. അദ്വാനിയും യശ്വന്ത് സിന്‍ഹയും ജസ്വന്ത് സിങ്ങും ജോര്‍ജ് ഫെര്‍ണാണ്ടസും അറിയുന്നത് മേയ് എട്ടിനാണ്. അപ്പോഴും ടെസ്റ്റിന്റെ തീയതി (മേയ്-11) അവരെ അറിയിച്ചിരുന്നില്ല. പ്രസിഡന്റ് കെ.ആര്‍. നാരായണനെ അറിയിച്ചതാകട്ടെ, ടെസ്റ്റ് കഴിഞ്ഞിട്ടും. മുതിര്‍ന്ന സഹപ്രവര്‍ത്തകനും ആണവ പരീക്ഷണത്തിന്റെ വക്താവുമായ തന്നെ ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാതിരുന്നതിന്റെ വിഷമം, പരീക്ഷണ വിജയത്തിന്റെ സന്തോഷത്തിനിടയിലും അദ്വാനിയുടെ മുഖത്ത് നിഴലിച്ചിരുന്നു. അധികാര മുനമ്പിലെ ഈ ഏകാന്തത അദ്ദേഹത്തെ വല്ലാതെ ഉലച്ചു.

ഇതേ ബോധ്യം തന്നെയാവണം ഇന്ത്യാ-അമേരിക്ക ആണവോര്‍ജ്ജ ഉടമ്പടിയുടെ കാര്യത്തില്‍ മന്‍മോഹന്‍ സിങ്ങിനെ സ്വാധീനിച്ചതും. ഇടതുപക്ഷത്തിന്റേയും ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകുമ്പോള്‍ ഒരു ചെറുപിഴപോലും മാരകമായേക്കാമെന്ന ചിന്ത അദ്ദേഹത്തെ അലട്ടിയിട്ടുണ്ടാവണം. 2004-ല്‍ യു.എന്‍ ജനറല്‍ അസംബ്ലിയുടെ മീറ്റിംഗിനിടയില്‍ മന്‍മോഹന്‍ സിങ്ങും ജോര്‍ജ് ബുഷും കണ്ടുമുട്ടിയതോടെയാണ് ഇതിനെക്കുറിച്ചുള്ള ചിന്ത മുളപൊട്ടുന്നത്. ''എനിക്ക് താങ്കള്‍ക്കുവേണ്ടി എന്തു ചെയ്യാനാവും'' എന്ന ബുഷിന്റെ ചോദ്യവും ''ഊര്‍ജ്ജ പ്രതിസന്ധിയും ഇന്ധന വിലവര്‍ദ്ധനവുമാണ് ഇന്ത്യയെ കുഴയ്ക്കുന്ന പ്രശ്‌നങ്ങള്‍'' എന്ന സിങ്ങിന്റെ ഉത്തരവുമാണ് ഇതിലേക്കുള്ള ആദ്യ ചുവടു വയ്പ്. 2005 ജൂലൈ എട്ടിന് ജി 8 ഉച്ചകോടിക്കിടയില്‍ കണ്ടപ്പോഴും സംഭാഷണ തുടര്‍ന്നു: ''എണ്ണവില $100 ആയാല്‍ അത് ഇന്ത്യയ്ക്ക് ദോഷകരമാകും, അമേരിക്കയുടെ കാര്യവും അതുതന്നെ. അതുകൊണ്ട് ആണവോര്‍ജ്ജ കാര്യത്തില്‍ നമുക്ക് സഹകരിച്ചു നീങ്ങാം'', ബുഷ് തന്റെ ഇംഗിതം വ്യക്തമാക്കി. 

ഇതോടെ കാര്യങ്ങള്‍ ധ്രുതഗതിയിലായി. ജൂലൈ 18-ന് സിങ്ങിന് ബുഷിന്റെ വക വിരുന്നൊരുങ്ങി, രണ്ടു വര്‍ഷത്തിനിടെ വൈറ്റ്ഹൗസ് സംഘടിപ്പിച്ച ഏറ്റവും വലിയ ചടങ്ങ്. സ്വാഗതമായി ബുഷും സിങ്ങും പറഞ്ഞത് ഇരുരാജ്യങ്ങളും തമ്മിലുണ്ടാകാന്‍ പോകുന്ന ബന്ധത്തിന്റെ സൂചനയായി. ''ഭൂഗോളത്തിന്റെ പാതിക്കപ്പുറവും ഇപ്പുറവുമാണ് ഇന്ത്യയും അമേരിക്കയുമെങ്കിലും നമ്മുടെ രാജ്യങ്ങള്‍ പണ്ടത്തെക്കാള്‍ അടുത്തിരിക്കുന്നു'' എന്ന് ബുഷും ''ക്രിസ്റ്റഫര്‍ കൊളമ്പസ് മുഴുമിപ്പിക്കാതെ പോയ യാത്രയെക്കുറിച്ച് കേട്ടുവളര്‍ന്നവരാണ് ഞങ്ങള്‍... ആ മഹാനായ സഞ്ചാരിയുടെ യാത്ര മുഴുമിപ്പിക്കാന്‍ ഞാന്‍ അമേരിക്കന്‍ ജനങ്ങളെ ക്ഷണിക്കുന്നു!'' കൊളമ്പസ് അമേരിക്കയെ കോളണിയാക്കിയതുപോലെ ബുഷ് ഇന്ത്യയെ കീഴടക്കണമെന്നാണോ സിങ് ഉദ്ദേശിച്ചത് എന്നറിയില്ല. പക്ഷേ, വാക്കുകള്‍ കുറച്ചുകൂടി സൂക്ഷിച്ച് ഉപയോഗിക്കാമായിരുന്നു എന്നു തോന്നുന്നു.

ഇതുവരെ കാര്യങ്ങള്‍ സുഗമമായി നീങ്ങിയെങ്കിലും ഉടമ്പടിയുടെ കാര്യത്തില്‍ ഭിന്നത ഉടലെടുത്തു. ഇന്ത്യന്‍ സിവില്‍ ആണവനിലയങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ കമ്മിഷന്റെ പരിശോധനയ്ക്ക് വിധേയമാക്കുന്നതായിരുന്നു തര്‍ക്കവിഷയം. ഇന്ത്യയുടെ പരമാധികാരത്തേയും തോറിയം അധിഷ്ഠിതമായ 3-സ്റ്റേജ് ആണവോര്‍ജ്ജ പദ്ധതിയേയും ദോഷകരമായി ബാധിക്കുമെന്ന ആറ്റോമിക് എനര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്കറുടെ വാദമായിരുന്നു കീറാമുട്ടി. ''കകോദ്കര്‍ സന്തുഷ്ടനല്ലെങ്കില്‍ നമുക്ക് മുന്നോട്ടു പോകാനാവില്ല'' എന്ന് മന്‍മോഹനും വ്യക്തമാക്കി. ഒടുവില്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റ്, കോണ്ടലീസ റൈസിന്റെ ഇടപെടലാണ് ഉടമ്പടി ഒപ്പിടുന്നതിലേക്ക് നയിച്ചത്. വിരുന്നിന്റെ അന്ന് അതിരാവിലെ അവര്‍ പ്രധാനമന്ത്രിയെ കണ്ട് ചോദിച്ചു: ''മിസ്റ്റര്‍ പ്രൈംമിനിസ്റ്റര്‍... താങ്കളും പ്രസിഡന്റ് ബുഷും ഇന്തോ-അമേരിക്കന്‍ ബന്ധത്തില്‍ പുതിയ അദ്ധ്യായം രചിക്കാന്‍ തുടങ്ങുകയാണ്. അത് താങ്കള്‍ക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിയാം, അതുപോലെത്തന്നെയാണ് പ്രസിഡന്റിനും... താങ്കളുടെ ഉദ്യോഗസ്ഥരോട് പ്രശ്‌നപരിഹാരം തേടാന്‍ പറയൂ'' റൈസുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കകോദ്കറോട് അദ്ദേഹത്തിന്റെ നിലപാട് എഴുതിത്തരാന്‍ സിങ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ 3-സ്റ്റേജ് സ്ട്രാറ്റജിക് പ്രോഗ്രാമിന്റെ സ്വയംഭരണം അടിയറവെയ്ക്കാനാവില്ല, ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പിന്റെ ഉള്ളടക്കം. ഈ നിര്‍ദ്ദേശമാണ് പ്രശ്‌നപരിഹാരമായതും 2006 മാര്‍ച്ച് മൂന്നിന് ഉടമ്പടി ഒപ്പുവെയ്ക്കുന്നതില്‍ കലാശിച്ചതും.

മുകളില്‍ പ്രതിപാദിച്ച ഓരോന്നും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഒരു കാര്യം വ്യക്തമാകും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അകവും പുറവും തമ്മില്‍ വലിയ അന്തരമുണ്ട്. സുതാര്യവും ജനാധിപത്യപരവുമെന്ന് നാം കരുതുന്ന പലതിനും അവയുമായി പുലബന്ധം പോലുമില്ല. ചിലപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം അര്‍ത്ഥമില്ലാത്ത ആരവമായും ഉന്മാദമായും കത്തിവേഷമായും കരിവേഷമായും താടിവേഷമായും അരങ്ങ് തകര്‍ക്കും. 

അപൂര്‍വ്വമായി, ആരവങ്ങള്‍ അടങ്ങി ആരോഗ്യകരമായ ചിന്തയായും അര്‍ത്ഥമുള്ള ഭാഷണമായും വേഷങ്ങളില്‍ പച്ചയും മിനുക്കവും മാറിമാറി അരങ്ങത്ത് വന്നെന്നിരിക്കും. സംശയമില്ല, രാഷ്ട്രീയം അധികാരത്തിന്റെ കലയാണ്. രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചില്ലെങ്കില്‍ ജനാധിപത്യമില്ല. പക്ഷേ, അധികാര രാഷ്ട്രീയത്തിന്റെ ലക്ഷമണരേഖ എവിടെ വരയ്ക്കുമെന്നതാണ് പരമപ്രധാനം. ദര്‍ശനവും പ്രയോഗവും സമന്വയപ്പെട്ട് അധികാരത്തര്‍ക്കത്തിനപ്പുറം പൊതുനന്മയിലേക്ക്, അതിനെ കൊണ്ടുപോയില്ലെങ്കില്‍ ജനാധിപത്യം കത്തിവേഷത്തില്‍ അരങ്ങ് തകര്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com