'ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്; ഉല്‍പതിഷ്ണുവാകുക എന്നത് ഒരു രാഷ്ട്രീയ മര്യാദയാണ്'

ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍ - ഇങ്ങനെ രണ്ട് രാഷ്ട്രീയ ബിംബങ്ങള്‍ മലയാളികളുടെ മനസ്സിലുണ്ട്. രാഷ്ട്രീയം താരതമ്യങ്ങളുടെ കലയുമാണ്
'ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്; ഉല്‍പതിഷ്ണുവാകുക എന്നത് ഒരു രാഷ്ട്രീയ മര്യാദയാണ്'

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ വിജയം കോണ്‍ഗ്രസ്സിന് ഏതെങ്കിലും തരത്തിലുള്ള ഉണര്‍വ്വ് നല്‍കുമോ? ആ വിജയം ഉമ്മന്‍ ചാണ്ടി എന്ന ജനപ്രിയ നേതാവിന് ആ നാട് വോട്ടുകൊണ്ട് നല്‍കിയ ആദരാഞ്ജലികള്‍ മാത്രമാണ് എന്ന വൈകാരിക വായനയ്ക്കപ്പുറം എന്താണ് കേരളീയ പൊതു സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്? കോണ്‍ഗ്രസ് ഇങ്ങനെ പോയാല്‍ ഒരു 'കട്ടിള പാര്‍ട്ടി'യായി ഭാവിയില്‍ മാറുമോ? കണ്ണൂരിലിരുന്ന് ചിന്തിക്കുമ്പോള്‍ ഇത്രയുമാണ് തോന്നുന്നത്:

ഒന്ന്:

ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍ - ഇങ്ങനെ രണ്ട് രാഷ്ട്രീയ ബിംബങ്ങള്‍ മലയാളികളുടെ മനസ്സിലുണ്ട്. രാഷ്ട്രീയം താരതമ്യങ്ങളുടെ കലയുമാണ്. അത്തരം താരതമ്യ മനോഭാവങ്ങളില്‍, ഉമ്മന്‍ ചാണ്ടി എന്ന ചിരിക്കുന്ന ഭാവത്തോടാണ് മലയാളികള്‍ക്കിഷ്ടം. എന്നാല്‍, മറ്റൊരു ചോദ്യത്തിന്റെ മുനമ്പില്‍നിന്ന് ഈ ചോദ്യം വരാം, വാസ്തവത്തില്‍ നിങ്ങള്‍ ചിരിച്ചുകൊണ്ട് എത്ര നേരം നില്‍ക്കും? ഉമ്മന്‍ ചാണ്ടിയെപ്പോലെ ആള്‍കൂട്ടത്തിനിടയില്‍ പ്രസന്നവദനനായി നില്‍ക്കാന്‍ എത്ര നേരം സാധിക്കും? ആ അസാധ്യതയെ മലയാളികള്‍ ഇഷ്ടപ്പെട്ടു. പക്ഷേ, ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കിടയില്‍ നില്‍ക്കേണ്ടിവന്നു എന്നത് ആ ജനതയുടെ പരാജയമാണ്. തോറ്റ ജനത എപ്പോഴും ഇത്തരമൊരു പ്രതീകത്തെ കൊതിക്കുന്നു. ദാസ്യം ആ ജനതയുടെ ലക്ഷണമാണ്. സര്‍ക്കാരാപ്പീസുകളില്‍ ദാസ്യത്തോടെ നിന്നും കയറിയിറങ്ങിയും തോറ്റ മനുഷ്യരാണ് ഉമ്മന്‍ ചാണ്ടിക്കു ചുറ്റും നിവേദനമായി നിന്നത്. ഒന്നു മാറി ചിന്തിച്ചുനോക്കൂ, അപ്പോള്‍ മലയാളികള്‍ ആശ്രിതത്വം നഷ്ടപ്പെട്ട നിവേദക സംഘമായി തോന്നുന്നില്ലേ? അങ്ങനെ ഒരാള്‍കൂട്ടം ഒരു മുഖ്യമന്ത്രിയുടെ ചുറ്റും നില്‍ക്കേണ്ടി വരുന്നത് ആ സ്റ്റേറ്റിന്റെ പരാജയമല്ലേ?

രണ്ട്:

ഉമ്മന്‍ ചാണ്ടി/പിണറായി വിജയന്‍ ഇങ്ങനെ രണ്ട് പിതൃബിംബങ്ങള്‍ മലയാളികള്‍ക്കു മുന്നിലുണ്ട്. ഈ പിതൃബിംബങ്ങളില്‍ പിണറായി കുടുംബത്തെ മലയാളികള്‍ക്കിഷ്ടമല്ല. കാരണം, അസൂയ. അസൂയ മാത്രമാണ് അതിന്റെ പിന്നില്‍ സുഹൃത്തുക്കളെ. കമ്യൂണിസ്റ്റുകാര്‍ എന്നും മ്യൂസിയം പീസായി കാണണമെന്ന് ആഗ്രഹിക്കുന്ന എക്‌സ്പയേര്‍ഡ് പാര്‍ട്ടി താത്വിക വിചാരങ്ങളില്‍ അഭിരമിക്കുന്നവരെ നമുക്കെത്രയോ കാണാം. ജലത്തില്‍ മീനെന്നപോലെ അവര്‍ നമുക്കിടയിലുണ്ട്. കമ്യൂണിസ്റ്റ്കാരുടെ മക്കള്‍ക്ക് കാറ് നിഷിദ്ധം, മികച്ച വിദ്യാഭ്യാസം നിഷിദ്ധം, ലക്ഷ്വറി ഹോട്ടലിലെ ബിരിയാണി നിഷിദ്ധം, വിദേശയാത്ര നിഷിദ്ധം-ഇങ്ങനെ നിഷിദ്ധങ്ങളുടെ നീണ്ട ലിസ്റ്റ് കമ്യൂണിസ്റ്റ് തലമുറയ്ക്ക് മുന്നിലുണ്ട്. അരുത്, അരുത്-ഈ വായ്ത്താരി കേട്ടുവളര്‍ന്ന് ഭാവനതന്നെ നഷ്ടപ്പെട്ട ആ തലമുറയെ നാം അധികം പ്രശംസിക്കരുത്. മക്കള്‍ പുതിയ ലോകത്തിന്റെ സാധ്യതകള്‍ കണ്ടുപഠിക്കട്ടെ. എന്റെ മക്കള്‍ക്ക് 'അതാകാ'മെങ്കില്‍ കമ്യൂണിസ്റ്റുകള്‍ക്കും 'അതാകാം.' ഏത്? ലോകം തുറന്നിട്ട മാസ്മരികമായ ആനന്ദങ്ങളും സുഖ സൗകര്യങ്ങളും തൊഴില്‍ സാധ്യതകളും.

മൂന്ന്:

പിണറായി വിജയന്‍ നിവേദക ആള്‍കൂട്ട ദാസ്യത്തെ മാറ്റിനിര്‍ത്തി, സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയെങ്കില്‍ അതൊരു വിജയമാണ്. നിവേദനങ്ങളുടെ കടലാസ് തുണ്ടുകളുമായി നില്‍ക്കുന്ന ആള്‍കൂട്ടവും അതിനിടയില്‍ നില്‍ക്കുന്ന ഒരു നേതാവും, വായനക്കാര്‍ എന്നോട് ക്ഷമിക്കൂ, എന്നെ ഒട്ടും പ്രചോദിപ്പിക്കുന്നില്ല. അപ്പോള്‍ പിണറായി പ്രചോദിപ്പിക്കുന്നു എന്നാണോ? ഒട്ടുമില്ല.

നിവേദകസംഘത്തെ മാറ്റിനിര്‍ത്തിയതുപോലെ, തനിക്കു മുന്നിലും പിന്നിലും ചുറ്റുമായി നില്‍ക്കുന്ന പൊലീസ് ബന്തവസ്സിന്റെ അധികബാധ്യതകള്‍ ഒരു നേതാവിനും ചേര്‍ന്നതല്ല എന്ന തിരിച്ചറിവില്‍ അതില്‍നിന്നുകൂടി മാറിനില്‍ക്കാന്‍ പിണറായിക്ക് സാധിക്കേണ്ടതുണ്ട്. പിന്നെ ചില കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കേണ്ടതുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ സുതാര്യമായ വിശദീകരണങ്ങള്‍ ജനാധിപത്യ ബാധ്യതയുടെ ഭാഗമാണ്. മന്‍മോഹന്‍ സിങ്ങിന്റെ മൗനമാണ് ഇന്ന് കാണുന്ന മറ്റൊരിന്ത്യയെ സാധ്യമാക്കിയത്. 

എന്നാല്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ഒരു സെക്രട്ടറി എന്ന നിലയില്‍ കുറേക്കൂടി ആലോചനയോടെ. സംസാരിക്കേണ്ടതുണ്ട് എന്നുകൂടി പറയാം. ഉല്‍പതിഷ്ണുവാകുക എന്നത് ഒരു രാഷ്ട്രീയ മര്യാദയാണ്. കാരണം, ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുക എന്നത്, ചുവരെഴുത്തിലൂടെ വളര്‍ന്ന ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയെ ആരും പഠിപ്പിക്കേണ്ടതില്ല. ''ഓനാരപ്പാ പാര്‍ട്ടിയെ പഠിപ്പിക്കാന്‍'' എന്ന ചിന്ത വിമര്‍ശകരോടുള്ള മനോഭാവമായി വളര്‍ന്നാല്‍, ചരിത്രം വലിയ തോല്‍വികള്‍ കൊണ്ടുവരും.

എന്നാല്‍, പുതുപ്പള്ളിയില്‍നിന്ന് യഥാര്‍ത്ഥ പാഠം മനസ്സിലാക്കുകയാണെങ്കില്‍ ദീര്‍ഘ വിജയങ്ങള്‍ പാര്‍ട്ടിക്കു മുന്നില്‍ തുറക്കും. മുഹമ്മദ് റിയാസ് പറഞ്ഞതുപോലെ, പുതുപ്പള്ളി അവസാനത്തെ തിരഞ്ഞെടുപ്പൊന്നുമല്ലല്ലോ.

കാണുന്ന ചുകപ്പെല്ലാം കാവിയായി കാണുന്ന ഇസ്ലാമിസ്റ്റിക് യൗവ്വനം

ഞാന്‍ ആദ്യമായി കാണുന്ന ലൈന്‍മാന്‍ തമ്പാന്‍ ചേട്ടനാണ്. മാടായിയില്‍ ഞങ്ങളുടെ പഴയ വീട്ടില്‍ ഇടക്കിടെ കറന്റ് പോകുന്ന ആ പഴയകാല ദിനങ്ങളില്‍ തമ്പാന്‍ ചേട്ടന്‍ വന്ന് ഒന്നുകില്‍ ഇലക്ട്രിക് തൂണില്‍ കയറി ഫ്യൂസ് കെട്ടും, അല്ലെങ്കില്‍ മെയിന്‍ സ്വിച്ച് ബോര്‍ഡിലെ 'അടിച്ച' ഫ്യൂസ് നേരായി കെട്ടും. അന്ന്, ഇപ്പോള്‍ ഒരു ചാനലില്‍ ഉള്ളവര്‍ക്ക് ബാധിച്ച രോഗം പോലെ, ചുകപ്പെല്ലാം കാവിയായി കാണുന്നതിനു പകരം മഞ്ഞയായി കാണുന്ന കാലമായിരുന്നു. സൂക്ഷിച്ചുനോക്കിയാല്‍ മാത്രം ഒരു മഞ്ഞവര ബള്‍ബില്‍ കാണുന്ന ഫിലമെന്റ് രാത്രികള്‍. എങ്കിലും ആ ബള്‍ബ്, മലയാളിയുടെ തലവരപോലെ ഇത്തിരിയെങ്കിലും മുനിഞ്ഞുകത്തുന്നല്ലോ എന്നതില്‍ ആശ്വാസം കൊണ്ടു. പിണറായി വൈദ്യുതിമന്ത്രിയായി വന്നപ്പോള്‍ ആണ് 'വെളിച്ചത്തിനെന്തു വെളിച്ചം' എന്ന ബഷീര്‍ മൊഴിയുടെ ആലങ്കാരിക ദീപ്തി അക്ഷരാര്‍ത്ഥത്തില്‍ പ്രകാശിച്ചു തുടങ്ങിയത്. സി.പി.എമ്മിനേയും പിണറായി വിജയനേയും വെറുക്കാനും വിമര്‍ശിക്കാനും രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്താന്‍ ഒരുപാടൊന്നും വിയര്‍ക്കേണ്ടതില്ല. എന്നിരിക്കെ, സി.പി.എമ്മിന്റെ ഉള്ള 'വെളിച്ച'ത്തേയും ആ രാഷ്ട്രീയ 'ചുകപ്പിനേ'യും 'കാവി'യാത്മകമാക്കാന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ബുദ്ധിജീവികള്‍ പാടുപെടുന്നത് എന്തുകൊണ്ടാണ്?

ഒന്ന്:

ചരിത്രത്തിന്റെ കാലാതീതമായ ഒറ്റ ശരി/ഒറ്റ പ്രവാഹം - ഇസ്ലാം, ഇസ്ലാം, ഇസ്ലാം മാത്രമാണ് എന്ന ചിന്തയുടെ മസ്തിഷ്‌ക പ്രക്ഷാളനത്തില്‍ ചുകപ്പെല്ലാം കാവിയായി തോന്നും, പാട്ടെല്ലാം രണഗീതമായി കേള്‍ക്കും.

രണ്ട്:

പുതുതായി രൂപപ്പെടുന്ന എല്ലാ ടെക്‌നിക്കുകളും ഗോത്രകാലത്തിന്റെ മൂല്യങ്ങളുടെ പ്രബോധനങ്ങള്‍ക്ക് ഉപയോഗിക്കും. അങ്ങനെ ഒരു മതേതര സമൂഹത്തിലെ യൗവ്വനങ്ങള്‍ക്കിടയില്‍ മതത്തിന്റെ ആന്തരിക ബലതന്ത്രം ബുദ്ധിജീവി നാട്യത്തോടെ അവതരിപ്പിക്കും.

മൂന്ന്:

ഇസ്ലാംമത പരിഗണനകള്‍ മാത്രം അടിസ്ഥാന പാഠാവലിയായി സ്വീകരിച്ച് ദളിത് സമൂഹത്തെപ്പോലും പാട്ടിലാക്കാന്‍ ശ്രമിക്കും. ദളിത് ജനതയുടെ ജൈവരൂപത്തെ ഉള്‍ക്കൊള്ളല്‍ ശേഷിയുള്ളതുകൊണ്ടല്ല ഇത്. പിന്നെയോ? അവരിലേക്കും മതാത്മക രാഷ്ട്രീയമായി പടര്‍ന്നു കയറാനുള്ള മതയുക്തി.

നാല്:

സി.പി.എം എന്ന ഏറെക്കുറെ അവര്‍ണരും കീഴാളരും ഉള്ള കമ്യൂണിസ്റ്റ് പ്രാതിനിധ്യം രാഷ്ട്രീയമായി അധികാരം കയ്യാളുമ്പോള്‍ സവര്‍ണ മുസ്ലിങ്ങള്‍ക്കുണ്ടാവുന്ന അങ്കലാപ്പ്.

അഞ്ച്:

ചരിത്രത്തിന്റെ സമകാലിക സന്ദേഹങ്ങള്‍ക്ക് മതാത്മക പോംവഴികള്‍ ഉണ്ടെന്ന് ഈ കാലത്തും അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. കാലത്തിന് ഇസ്ലാമിസ്റ്റ് ആഖ്യാനങ്ങള്‍ വഴി ആധുനികതയ്‌ക്കെതിരെ നിലകൊള്ളുന്ന സങ്കീര്‍ണ്ണ ബദലുകള്‍ വ്യാജമായി അവതരിപ്പിക്കുന്നു.

ആറ്:

പുതിയ ഫാസിസ്റ്റ് ചരിത്രാഖ്യാനങ്ങള്‍ക്കെതിരെ വളരെ സൂക്ഷ്മമായ ജാഗ്രത പുലര്‍ത്തുന്നതിനു പകരം, 'കണ്ണടച്ചിരുട്ടാക്കി' കമ്യൂണിസമാണ് ഇന്ത്യയെ ബാധിച്ച ഭൂതം എന്ന കഥാവതരണങ്ങള്‍. ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍ കേരളത്തിലെങ്കിലും ഉണ്ടാക്കിത്തീര്‍ത്ത മാറ്റങ്ങള്‍ ഇസ്ലാമിസ്റ്റ് യൗവ്വനങ്ങള്‍ കാണാറേയില്ല. അത്തരം വായനകള്‍ മുസ്ലിങ്ങളെ രാഷ്ട്രീയമായി പ്രചോദിപ്പിക്കുമെന്ന ഭയം.

അതായത്, സനാതനധര്‍മ്മം എന്നത്, ഒന്നു തിരിച്ചിട്ടാല്‍ മതാത്മക ധര്‍മ്മമായി.

സനാതനധര്‍മ്മമെന്ന് കേള്‍ക്കുമ്പോള്‍, സവര്‍ണ ഫാസിസ്റ്റുകള്‍ക്ക് ഉണ്ടാവുന്ന അത്ര തന്നെയുണ്ടാവുന്ന ആന്തരിക ബലതന്ത്രമാണ്, അതിന്റെ കാലിടറാത്ത ആഖ്യാനമാണ് ഇസ്ലാം എന്നു കേള്‍ക്കുമ്പോള്‍ ഇസ്ലാമിസ്റ്റ് യൗവ്വനങ്ങള്‍ക്കും അതിന്റെ ആചാര്യ പദവി കയ്യാളുന്ന ബുദ്ധിജീവികള്‍ക്കുമുള്ളത്. അപ്പോള്‍ കാണുന്ന ചുകപ്പെല്ലാം കാവിയായി തോന്നും. അങ്ങനെ സന്ദേഹ കാവ്യങ്ങളുണ്ടാക്കും.

തമ്പാന്‍ ചേട്ടന്‍ തൂണിലേക്ക് കയറുമ്പോള്‍ പറയും:

ഉയരത്തിലാണ് മോനെ കറന്റ്. വെളിച്ചങ്ങളെല്ലാം ഉയരത്തിലാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ഉയരത്തിലല്ലേ? നമുക്കു തൊടാനാവുമോ? എന്നാ നമുക്കു ബള്‍ബ് തൊടാം. ഷോക്കടിക്കാതെ നോക്കണം...

'ചന്ദ്രയാന്റെ' കാലത്തും സനാതനധര്‍മ്മവും മതവുമൊക്കെയാണ് മനുഷ്യരെ ഷോക്കടിപ്പിക്കുന്നത്. ഹിന്ദുത്വവും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് യൗവ്വനവും ആ കവലയില്‍ ഒറ്റ നിറത്തില്‍ ജാഥ നയിക്കുമ്പോള്‍, കാണുന്ന ചുകപ്പൊക്കെ കാവിയായി തോന്നും.

ജാഗ്രത.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com