തലമുറകളുടെ തുടര്‍ച്ച, ഉപരിതലത്തിനടിയിലൂടെ ഒഴുകുന്ന ആത്മീയതയുടെ ഉറവകള്‍

ഇന്ത്യന്‍ സിനിമാഭൂപടത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മറാത്തി ചലച്ചിത്രങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു  പ്രമേയമാണ് ഗോദാവരി കൈകാര്യം ചെയ്യുന്നത്
തലമുറകളുടെ തുടര്‍ച്ച, ഉപരിതലത്തിനടിയിലൂടെ ഒഴുകുന്ന ആത്മീയതയുടെ ഉറവകള്‍

Don't seek the water, get thirst 
-Rumi

ലമുറകളുടെ ഭാരമില്ലാതെ അവയുടെ വേരുകള്‍ അന്വേഷിക്കുക, അതുവഴി ജീവിതം സാര്‍ത്ഥകമായി മുമ്പോട്ട് കൊണ്ടുപോകുക. ജീവിതത്തില്‍  തണല്‍ തരുന്ന മരങ്ങളുടെ വേരുകള്‍ വീടിന്റെ ചുമരില്‍ വിള്ളലുകള്‍ വീഴ്ത്തുന്നത് തിരിച്ചറിയുക.' ഈ അടുത്ത് പ്രഖ്യാപിച്ച 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ്  നേടിയ മറാത്തി ചിത്രം ഗോദാവരി (Godavari,2021) ഇങ്ങനെ അവസാനിക്കുന്നു. തലമുറകളുടെ  തുടര്‍ച്ചയെ ഗോദാവരി നദിയുടെ ഒഴുക്കുമായി താരതമ്യം ചെയ്യുന്ന ചിത്രം, പാരമ്പര്യത്തേയും  ജീവിതത്തേയും കുറിച്ച് 
ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തടസ്സമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയും ചിലപ്പോള്‍ ജീവിതങ്ങളില്‍ കടന്നുകയറി നാശങ്ങള്‍ വിതയ്ക്കുകയും ചെയ്യുന്ന ഗോദാവരി നദിയെ തലമുറകളുടെ തുടര്‍ച്ചയായി സ്വീകരിച്ചുകൊണ്ട്, അടിസ്ഥാന ജീവിതപ്രശ്‌നങ്ങള്‍ ചിത്രം മുമ്പോട്ട് വെയ്ക്കുന്നു. ഇന്ത്യന്‍ സിനിമാഭൂപടത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മറാത്തി ചലച്ചിത്രങ്ങളില്‍നിന്ന്   തികച്ചും 
വ്യത്യസ്തമായൊരു  പ്രമേയമാണ് നിഖില്‍ മഹാജന്‍ (Nikhil Mahajan) സംവിധാനം ചെയ്ത ഗോദാവരി കൈകാര്യം ചെയ്യുന്നത്. ജാതീയ വേര്‍തിരിവുകളും അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളും തീവ്രമായി ആവിഷ്‌കരിച്ചുകൊണ്ട് ലോകസിനിമയില്‍ തന്നെ ശ്രദ്ധേയങ്ങളായ ചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മറാത്തി സിനിമയുടെ ചരിത്രത്തില്‍, ജീവിതത്തിന്റെ   അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കുന്ന ഗോദാവരി ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിക്കുന്നു. ജീവിതത്തെപ്പറ്റി കൂടുതല്‍  ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നൊരു യാഥാര്‍ത്ഥ്യമായി, സാഹിത്യത്തിലും സിനിമയടക്കമുള്ള കലാരൂപങ്ങളിലും  മരണം കടന്നുവരാറുണ്ടെങ്കിലും, ഗോദാവരിയില്‍  ഇതിന്റെ സാന്നിധ്യം  തികച്ചും  വ്യത്യസ്തമാണ്. ചിത്രത്തിന്റെ നിര്‍മ്മാണത്തിനു  കാരണമായതും ഒരു മരണമാണെന്നത്  ശ്രദ്ധേയമാണ്. ഗോദാവരിയുടെ സംവിധായകന്‍ നിഖില്‍ മഹാജന്റേയും ചിത്രം  നിര്‍മ്മിച്ച് അതില്‍ മുഖ്യവേഷം ചെയ്ത ജീതേന്ദ്ര ജോഷി (Jeetendra Joshi)യുടേയും അടുത്ത സുഹൃത്തായിരുന്ന, പ്രശസ്ത നടനും ഹിന്ദിമറാത്തി സിനിമാ  സംവിധായകനുമായിരുന്ന നിഷികാന്ത് കാമത്തി(Nishikant Kamat)ന്റെ അകാലചരമമാണ്  ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനു കാരണമാകുന്നത്. നിഷികാന്ത് കാമത്തിന്റെ ഓര്‍മ്മയിലാണ്, ജീതേന്ദ്ര ജോഷി അഭിനയിക്കുന്ന, ഗോദാവരിയിലെ കേന്ദ്ര കഥാപാത്രത്തിന് അതേ  പേര് നല്‍കാന്‍ ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍  തീരുമാനിച്ചത്. സമീപകാലത്ത് അന്താരാഷ്ട്ര ചലച്ചിത്രരംഗത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച ചിത്രമാണ് 
ഗോദാവരി. 2021ല്‍ നടന്ന  വാങ്കുവര്‍ (Vancouver) ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ഗോദവാരിയുടെ വേള്‍ഡ് പ്രീമിയര്‍ നടന്നത്. 2022ലെ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, അതേ വര്‍ഷം നടന്ന ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രവുമായിരുന്നു. 52ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍  ജീതേന്ദ്ര ജോഷിക്കു മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ഗോദാവരി, അവിടെ  സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്   കരസ്ഥമാക്കി. 2021 നവംബറില്‍ നടന്ന ന്യൂസ്‌ലാന്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, 2021ല്‍  പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധാനം, ക്യാമറ, സംഗീതം എന്നിവയ്ക്ക്  പുരസ്‌കാരങ്ങള്‍ നേടി. ഏറ്റവുമൊടുവിലിപ്പോള്‍ 69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധാനത്തിനുള്ള  സ്വര്‍ണ്ണകമല്‍ നിഖില്‍ മഹാജന് ഗോദാവരി നേടിക്കൊടുത്തു.

ഗോദാവരി
ഗോദാവരി

സുക്ഷ്മതലങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം

മൂന്ന് തലമുറകളുടെ ജീവിതം ആവിഷ്‌കരിക്കുന്ന ഗോദാവരിയിലെ കേന്ദ്രകഥാപാത്രം ആദ്യന്തം ചിത്രത്തില്‍ സജീവസാന്നിധ്യമായി അനുഭവപ്പെടുന്ന ഗോദാവരി നദി തന്നെയാണ്. ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെ കടന്നുപോകുന്ന  ചിത്രം, ഉപരിതലത്തിനടിയിലൂടെ ഒഴുകുന്ന ആത്മീയതയുടെ ഉറവകള്‍ പരിശോധിക്കുന്നു. തലമുറകളുടെ തുടര്‍ച്ചയും അവയ്ക്കിടയില്‍ ആരുമറിയാതെ രൂപപ്പെടുന്ന  അകലവും ചിത്രം വിശകലനം ചെയ്യുന്നു. ജീവിതത്തിന്റെ  ഒട്ടുമിക്ക  പരിസരങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നുവെന്ന വസ്തുത, അതിന്റെ സമകാലീന പ്രസക്തിയിലേക്ക് വിരല്‍ചൂണ്ടുന്നു. വര്‍ത്തമാനഭൂതകാലങ്ങളിലൂടെ സഞ്ചരിക്കുന്ന ഗോദാവരി, അടിസ്ഥാന കുടുംബബന്ധങ്ങള്‍ മുതല്‍ വികസനപാരിസ്ഥിതിക വിഷയങ്ങള്‍ വരെ,  ചര്‍ച്ച ചെയ്യുന്നു. വിശ്വാസം, മരണം, പ്രതീക്ഷ, പാരമ്പര്യം, ആധുനികത, മലിനീകരണം, പ്രകൃതിദുരന്തം എന്നിങ്ങനെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രമേയങ്ങളും പല തലങ്ങളിലായി ചിത്രം വിശകലനം ചെയ്യുന്നു. എല്ലാറ്റിനടിയിലൂടെയും  സദാ ഒഴുകിക്കൊണ്ടിരിക്കുന്ന  ഗോദാവരി നദി  ചിത്രത്തില്‍  സജീവസാന്നിധ്യമായി  മാറുന്നു. പ്രധാന  കഥാപാത്രം നിഷികാന്ത് ദേശ്മുഖിന്റെ   ജീവിതത്തില്‍ സംഭവിക്കുന്ന ആന്തരികവും ഭൗതികവുമായ മാറ്റങ്ങള്‍ ചിത്രീകരിക്കുന്ന ഗോദാവരി, അയാളുള്‍പ്പെടുന്ന മൂന്ന് തലമുറകളെക്കുറിച്ചും അവയിലെ വ്യത്യസ്തങ്ങളായ  ജീവിതസമീപനങ്ങളെപ്പറ്റിയും ആഴത്തില്‍ ചിന്തിക്കുന്നു. ഗോദാവരിയുടെ തീരത്തുള്ള  പൗരാണിക നഗരമായ നാസിക്കില്‍ ജീവിക്കുന്ന നിഷികാന്തിന്, മറ്റെല്ലാവരേയും പോലെ നഗരത്തിലുടെ ഒഴുകുന്ന നദിയുടെ സവിശേഷതകള്‍  തിരിച്ചറിയാന്‍ കഴിയുന്നില്ല. എല്ലാറ്റിനേയും എല്ലാവരേയും ഒരേപോലെ വിമര്‍ശിക്കുന്ന അയാള്‍, നദിയെ ശാസ്ത്രീയമായി മാത്രം സമീപിക്കുന്നു. വെറുമൊരു ജലസ്രോതസ്സ് എന്നതിനപ്പുറം അയാള്‍ക്കു മുന്‍പില്‍ അതിനൊരു അസ്തിത്വവുമില്ല. ഗോദാവരിയിലെ മാലിന്യം, നഗരത്തിന്റെ വികസനം തടയുന്ന അതിന്റെ ഒഴുക്ക് എന്നിവയെക്കുറിച്ച്  മാത്രമാണ് അയാള്‍ ചിന്തിക്കുന്നത്. വിശ്വാസത്തിന്റെ ഭാഗമായി നദിയില്‍ കുളിക്കുന്നവര്‍ക്ക്, അതുണ്ടാക്കാന്‍ സാധ്യതയുള്ള രോഗങ്ങളെപ്പറ്റി അയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. കുടുംബസ്വത്തായ, നഗരത്തിലെ കച്ചവടസ്ഥാപനങ്ങളില്‍നിന്ന് വാടക പിരിക്കുന്ന, എപ്പോഴും ചുണ്ടില്‍ സിഗരറ്റ് പുകയുന്ന, എല്ലാവരോടും ദേഷ്യപ്പെടുന്ന നിഷികാന്ത് മിക്കവാറും സമയങ്ങളില്‍  അസ്വസ്ഥനായി കാണപ്പെടുന്നു. നാസിക് പബ്ലിക് ലൈബ്രറിയില്‍ ജോലിയുള്ള, അപൂര്‍വ്വമായി മാത്രം സംസാരിക്കുകയും  എപ്പോഴും പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന, അയാളുടെ അച്ഛന്‍ നീലകണ്ഠ ദേശ്മുഖ്, ഓര്‍മ്മകള്‍ നഷ്ടപ്പെട്ട്, കിടക്കവിട്ടെഴുന്നേല്‍ക്കാന്‍  കഴിയാത്ത   മുത്തച്ഛന്‍ നാരോശങ്കര്‍ ദേശ്മുഖ് എന്നിവരുടെ ഇളംതലമുറയില്‍പ്പെടുന്ന നിഷികാന്ത് അവരില്‍നിന്ന് തികച്ചും വ്യത്യസ്തനാണ്. വൃദ്ധനായ നാരോശങ്കര്‍ ദേശ്മുഖ് എപ്പോഴും ഒരേ കാര്യം മാത്രം ചോദിച്ചുകൊണ്ടിരിക്കുന്നു: 'ഗോദാവരിയിലെ വെള്ളം ഹനുമാന്‍ പ്രതിമയുടെ  കണങ്കാല്‍ വരെ എത്തിയോ?' എന്ന ആശങ്കയോടെയുള്ള അയാളുടെ ചോദ്യം, നദിയിലുണ്ടാകാന്‍ പോകുന്ന  വെള്ളപ്പൊക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണെന്ന്  ചിത്രത്തിന്റെ അവസാന ഭാഗത്ത് മാത്രമാണ് പ്രേക്ഷകര്‍  തിരിച്ചറിയുന്നത്. മുന്‍പ് ഗോദാവരിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയ തുണിക്കടയെക്കുറിച്ചും അത് കാരണം ആത്മഹത്യചെയ്ത അതിന്റെ ഉടമസ്ഥനെപ്പറ്റിയും അയാളുടെ മകനെ സഹായിച്ച നാരോശങ്കറെന്ന വലിയ മനുഷ്യനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ചിത്രം അതിന്റെ അവസാന ഭാഗത്ത് നല്‍കുന്നു. കുടുംബത്തോടൊപ്പം കഴിയാതെ നഗരത്തിലെ സ്വന്തം മുറിയില്‍ താമസിക്കുന്ന നിഷികാന്ത്, ഭാര്യ ഗൗതമിയേയും മകള്‍ സരിതയേയും അപൂര്‍വ്വമായി മാത്രമേ കാണുന്നുള്ളൂ.  നഗരത്തിലെ കാസവ്  മാത്രമാണ്   അയാള്‍ക്ക് ആകെയുള്ള ഒരേ ഒരു സുഹൃത്ത്. വീടിനു പുറത്ത് കാസവുമായി മാത്രമേ  നിഷികാന്ത്  ബന്ധപ്പെടുന്നുള്ളൂ. അയാള്‍ അപൂര്‍വ്വമായി  വരാറുള്ള വീട്ടില്‍ അമ്മ ഭാഗീരഥിയടക്കമുള്ള എല്ലാ കുടുംബാംഗങ്ങളും അയാളോട് സ്‌നേഹത്തോടെ   ഇടപഴകുന്നു. പതിവായി വാടക പിരിച്ച് വീട്ടിലെത്തിക്കുന്ന അയാള്‍, അതിന്റെ പ്രയാസങ്ങള്‍ എല്ലായ്‌പ്പോഴും  അവരോട് പറയുന്നു. എല്ലാ വാടകക്കാരേയും ഒഴിപ്പിച്ച ശേഷം അവിടെ പുതിയ കെട്ടിടങ്ങള്‍ പണിയണമെന്ന് നിഷികാന്ത് അഭിപ്രായപ്പെടുന്നു. അതിനോട് വീട്ടുകാര്‍ വിയോജിക്കുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന  അസ്വസ്ഥതകളെ തണുപ്പിക്കാന്‍ ശ്രമിക്കുന്ന ഭാര്യയും അമ്മയും അതില്‍ പരാജയപ്പെടുന്നു. അച്ഛന്റെ സാന്നിധ്യത്തിനായി വളരെയധികം ആഗ്രഹിക്കുന്ന മകള്‍ സരിതയെ നിഷികാന്തിനു  പലപ്പോഴും അവഗണിക്കേണ്ടി വരുന്നു. ഗോദാവരി നദിയിലെ ബലികര്‍മ്മങ്ങളിലൊന്നും വിശ്വാസമില്ലാത്ത  നിഷികാന്തിനെയാണ് ചിത്രത്തിന്റെ തുടക്കത്തില്‍ പ്രേക്ഷകര്‍ കാണുന്നത്.

പരമ്പരയെന്നാലെന്താണെന്ന മകളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാതെ വിഷമിക്കുന്ന നിഷികാന്ത്, അതിനായി കാസവിനോട് ആവശ്യപ്പെടുന്നു. സരിതയ്ക്ക് പരമ്പരയുടെ അര്‍ത്ഥം പറഞ്ഞുകൊടുക്കുന്ന കാസവ്, ഗോദാവരി നദിയുമായി ബന്ധത്തെപ്പെടുത്തിയാണ് അത്  വിശദീകരിക്കുന്നത്. കാരണം, കസാവിനെ സംബന്ധിച്ചിടത്തോളം പരമ്പരയെന്നാല്‍  
ഗോദാവരി നദി തന്നെയാണ്. നിലയ്ക്കാതെ ഒഴുകുന്ന നദിയുടെ ഉത്ഭവസ്ഥാനത്ത്  അതിലൊരു  പൂവെറിഞ്ഞാല്‍, പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും കടന്ന് അത് സമുദ്രത്തിലെത്തിച്ചേരുന്നു. ഒന്നിന് പുറകെ മറ്റൊന്നായി കടന്നുവരുന്ന തലമുറകളെ ഇങ്ങനെ നദിയുടെ ഒഴുക്കുമായി കാസവ് ബന്ധപ്പെടുത്തുന്നു. നഗരത്തിലെ ഉത്സവത്തിനിടയില്‍  ആകസ്മികമായി ഗോദാവരിയില്‍ വീണ് കാണാതായ മകനെ തിരയുന്ന ആള്‍ ചിത്രത്തില്‍ പലപ്പോഴായി കടന്നുവരുന്നു. തലമുറകളെക്കുറിച്ചുള്ള   കാസവിന്റെ ഈ വിശദീകരണം കേള്‍ക്കാനിടയാകുന്ന അയാള്‍ക്ക് അത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. നദിയിലൂടെ ഒഴുകിവന്ന ആ പൂവ് പട്ടണത്തില്‍ എവിടെയായിരിക്കും എത്തിയതെന്ന് അയാള്‍ ആകാംക്ഷയോടെ കസാവിനോട് ചോദിക്കുന്നു. കൈവിട്ടുപോയ മകനെ കാണാമെന്ന പ്രതീക്ഷയോടെ,  അയാളെപ്പോഴും  പുഴയിലേക്ക്  സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. നഗരത്തിലെ ബാങ്കില്‍  ഉദ്യോഗസ്ഥനായ അയാളുടെ കയ്യിലുള്ള പെട്ടിയില്‍ കോര്‍ത്ത ചരടില്‍  വ്യത്യസ്ത നിറങ്ങളുള്ള ബലൂണുകള്‍ കാണാം. അയാളില്‍ നിന്നകന്നുപോയ മകനെപ്പോലുള്ള കൊച്ചുകുട്ടികള്‍ക്കായുള്ളതാണ് ആ വര്‍ണ്ണബലൂണുകള്‍. അവയിലൊരെണ്ണം അയാള്‍ സരിതയ്ക്ക് നല്‍കുന്നു. 

ഭൂരിഭാഗവും ഹിന്ദുമതവിഭാഗത്തിലുള്ളവര്‍  താമസിക്കുന്ന നാസിക് പട്ടണത്തിലൂടെ ഒഴുകുന്ന ഗോദാവരിയില്‍, ഗംഗാനദിയിലെപ്പോലെ, മരിച്ച ആത്മാക്കള്‍ക്കു മോക്ഷം കിട്ടാനായി അവരുടെ ബന്ധുക്കള്‍ കര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ ചിത്രം, ഹിന്ദുമത വിശ്വാസവുമായി ഒരുതരത്തിലും ബന്ധപ്പെടുന്നില്ലെന്ന് സംവിധായകന്‍ അടിവരയിട്ട് പറയുന്നു: 'ഇത് മതവുമായി ബന്ധപ്പെട്ട ഒരു ചിത്രമേയല്ല. കുടുംബബന്ധങ്ങളിലോ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന നദിയിലോ വിശ്വാസമില്ലാത്ത ഒരാളെക്കുറിച്ചുള്ള ചിത്രമാണിത്. അയാള്‍, നിഷികാന്ത്  രണ്ട് മരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എങ്ങനെ പുതിയ  വിശ്വാസങ്ങളില്‍ എത്തിച്ചേരുന്നുവെന്ന്  ചിത്രം  പറയുന്നു' മഹാജന്‍ വിശദീകരിക്കുന്നു. നിഷികാന്തിന്റെ ഈ രണ്ട് വ്യത്യസ്ത ജീവിതങ്ങളും മികച്ച രീതിയില്‍ ചിത്രം ദൃശ്യവല്‍കരിക്കുന്നു. ഇവയ്ക്ക് ഗോദാവരി നദി  സാക്ഷ്യം വഹിക്കുന്നു. ആദ്യത്തേതില്‍ നിഷികാന്ത് നദിയെ അവഗണിക്കുകയാണെങ്കില്‍ രണ്ടാമത്തെ ഭാഗത്ത് അതയാള്‍ക്ക് പുതിയ അറിവുകളും അനുഭവങ്ങളും നല്‍കുന്നു. ജീതേന്ദ്ര ജോഷിയുടെ അഭിനയമികവില്‍ ഈ രണ്ട് ഭാഗങ്ങളും തീവ്രമായ ജീവിതകാഴ്ചകളാകുന്നു. ഗോദാവരിയിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ജീതേന്ദ്ര ജോഷിക്ക്   ലഭിച്ചിട്ടുണ്ട്.

ഗോദാവരി
ഗോദാവരി

ജീവിതത്തിന്റെ പ്രവാഹങ്ങളും അടിയൊഴുക്കുകളും

ഗോദാവരിയുടെ ആദ്യദൃശ്യത്തില്‍തന്നെ സംവിധാനത്തിലേയും ഛായാഗ്രഹണത്തിലേയും മികവ് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്നു. മന്ദമായി  ഒഴുകിക്കൊണ്ടിരിക്കുന്ന ഗോദാവരി നദിക്കരയില്‍ ഇരിക്കുന്ന നിഷികാന്ത്. അയാളുടെ അടുത്തേക്ക് ഒഴുകിവരുന്ന, പൂജിച്ച പൂക്കളും അണയാത്ത ദീപവുമുള്ള ഒരു കൊച്ചു പാത്രം. ഏതോ ഒരു വിശ്വാസി നദിക്ക് സമര്‍പ്പിച്ച അതെടുത്ത് കൈയിലുള്ള സിഗരറ്റ് കത്തിക്കുന്ന നിഷികാന്ത്. ആചാരങ്ങളോടും വിശ്വാസങ്ങളോടുമുള്ള  അയാളുടെ സമീപനം ഈ ആദ്യ ദൃശ്യത്തില്‍തന്നെ വ്യക്തമാക്കപ്പെടുന്നു. അവിടെ നിന്ന് എഴുന്നേല്‍ക്കുന്ന അയാള്‍,  തെരുവുകളിലൂടെ നടന്ന്,  കടകളില്‍ ചെന്ന് വാടക പിരിച്ചെടുക്കുന്നു. ഇവിടെ നിഷികാന്ത് ഒന്നു സംസാരിക്കുന്നില്ലെന്നത് പ്രേക്ഷകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പശ്ചാത്തലത്തില്‍ നാം കേള്‍ക്കുന്ന, 'ഭൂതകാല ഓര്‍മ്മകള്‍ മനസ്സില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്നു' എന്ന 'പ്രേതഗാനം' എഴുതിയത് ജീതേന്ദ്ര ജോഷിയാണ് (ജോഷി, 'പ്രേതഗാന'മെന്നാണ് തന്റെ ആ കവിതയെ വിശേഷിപ്പിക്കുന്നത്) ബാര്‍ബര്‍ ഷോപ്പില്‍  ചെന്നപ്പോള്‍   അച്ഛന്‍ അവിടെ ഇരിക്കുന്നത് കാണുന്ന നിഷികാന്ത് ഒന്നും പറയാതെ ഇറങ്ങി പോകുന്നു. അപൂര്‍വ്വം ആളുകളൊഴികെ മറ്റെല്ലാവരും കൊടുക്കുന്ന 
വാടകയുമായി അയാള്‍ വീട്ടിലേക്ക് വരുന്നു. വാടക അവിടെ ഏല്പിക്കുന്ന നിഷി, തന്റെ താമസസ്ഥലത്തിന്റെ വാടക പിന്നീട് തരാമെന്ന് പറയുന്നത്  പ്രത്യേകമായി നമ്മുടെ ശ്രദ്ധയില്‍ പെടുന്നു. ഈ ദൃശ്യങ്ങളിലൂടെ  നിഷിയുടെ സങ്കീര്‍ണ്ണമായ വ്യക്തിത്വം ചിത്രം വ്യക്തമാക്കുന്നു. വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുന്ന മകളോട് കള്ളം പറയേണ്ടിവരുന്നുണ്ടെങ്കിലും  നിഷിക്ക്  അവളോട് കറകളഞ്ഞ സ്‌നേഹമുണ്ട്. അനാവശ്യമായി ദേഷ്യപ്പെട്ടതിന് ഭാര്യ ഫോണ്‍ കട്ട് ചെയ്തപ്പോള്‍, ഉടനെ അവരെ വീണ്ടും  വിളിക്കുന്ന നിഷി, സ്‌നേഹത്തോടെ അവരോട് സംസാരിക്കുന്നു. വാഹനത്തില്‍  സ്‌കൂളില്‍ പോകും വഴി, തെരുവില്‍ വെച്ച് അച്ഛനെ കാണുന്ന സരിത,  സ്‌നേഹപൂര്‍വം അയാളെ വിളിക്കുമ്പോള്‍ നിഷി സങ്കടപ്പെടുന്നു. പഴയ വാടകകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയവ  നിര്‍മ്മിക്കാനുള്ള പദ്ധതി  ആരംഭിക്കാന്‍ നിഷികാന്ത് തീരുമാനിക്കുന്നു.  അമ്മ, ഭാര്യ ഗൗതമി എന്നിവര്‍ അതിനോട് വിയോജിക്കുമ്പോള്‍  ഒരിക്കലും വീട്ടില്‍ തീരുമാനങ്ങളെടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അയാള്‍ ഓര്‍മ്മിക്കുന്നു. തനിക്കുവേണ്ടി, എല്ലാം മറ്റുള്ളവര്‍ തീരുമാനിക്കയായിരുന്നു, അയാള്‍ കുറ്റപ്പെടുത്തുന്നു. പുതിയ കെട്ടിടങ്ങള്‍ വന്നുകഴിഞ്ഞാല്‍ നദി നേരിട്ട് കാണാന്‍ കഴിയില്ലെന്നു പറയുന്ന അമ്മയോട്, നദി മരണം മാത്രമേ കൊണ്ടുവരുന്നുള്ളൂ എന്നയാള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഗോദാവരിയുടെ ഉത്ഭവസ്ഥാനത്തുനിന്നെടുത്ത, മരിക്കാന്‍ പോകുമ്പോള്‍ കുടിക്കുന്ന  തീര്‍ത്ഥജലം, പൂപ്പല്‍ പിടിച്ചുകഴിഞ്ഞുവെന്ന് അയാള്‍ പറയുന്നു. കുപ്പിക്കകത്ത് അടച്ച ജലം പോലെയുള്ള അവരുടെ ജീവിതങ്ങളെന്ന് അയാള്‍ കുറ്റപ്പെടുത്തുന്നു.

എപ്പോഴും നദിയിലെ ജലനിരപ്പിനെക്കുറിച്ച് ആശങ്കപ്പെടുന്ന മുത്തച്ഛനോട്, ജീവിക്കുന്നവരുടെ കാര്യത്തെപ്പറ്റി വല്ലപ്പോഴെങ്കിലും ചിന്തിക്കാന്‍ പറയുന്ന നിഷി, ഗോദാവരിക്കു ചുറ്റും ജീവിക്കുന്നവരെക്കുറിച്ചാണ് അദ്ദേഹം ആശങ്കപ്പെട്ടിരുന്നതെന്ന് ഒടുവില്‍ മാത്രമാണ് തിരിച്ചറിയുന്നത്.  തുടക്കത്തില്‍,  മാലിന്യം അടിഞ്ഞുകൂടിയ  ഒരിടമായി മാത്രമേ നിഷിക്ക് ഗോദാവരിയെ കാണാന്‍ കഴിയുന്നുള്ളൂ. 'നാം നോക്കുന്നു, പക്ഷേ, കാണുന്നില്ല. കേള്‍ക്കുന്നു, പക്ഷേ, ശ്രദ്ധിക്കുന്നില്ല. നിഷികാന്തിന്റെ നിശ്ശബ്ദത നാം കേള്‍ക്കുന്നു, അയാളുടെ കണ്ണുകളിലെ വേദന നാം കാണുന്നു.' ജീതേന്ദ്ര ജോഷി നിഷികാന്തിനെപ്പറ്റി ഇങ്ങനെ പറയുന്നു. അയാളെ 'വെറുപ്പിന്റെ ഫാക്ടറി' എന്നാണ്  ജോഷി വിശേഷിപ്പിക്കുന്നത്. നിഷികാന്തിന്റെ പൂര്‍വ്വകാല ജിവിതത്തെപ്പറ്റി ഒന്നും പറയാതെ, സംവിധായകന്‍  പ്രേക്ഷകരെ അയാളില്‍നിന്നു  വൈകാരികമായി  മാറ്റിനിര്‍ത്തുന്നു. പ്രേക്ഷകര്‍ മാറിനിന്നുകൊണ്ട് നിഷികാന്തിന്റെ ജീവിതത്തെ നോക്കുകയും കാണുകയും അറിയുകയും ചെയ്യുന്നു.

ജീവിതത്തിന്റെ അനുസ്യൂതമായ പ്രവാഹവും അതിലെ അടിയൊഴുക്കുകളും  അന്വേഷിക്കുന്നൊരു ചിത്രമാണ് ഗോദാവരി. ജനനവും മരണവും ഒരേപോലെ സമീപിച്ചുകൊണ്ട്  ജീവിതത്തിന്റെ സ്വാഭാവികതകളായി അവയെ സ്വീകരിക്കാന്‍  ചിത്രം ആവശ്യപ്പെടുന്നു. പ്രാചീനതയെ താലോലിച്ചുകൊണ്ടിരിക്കാതെ, ആധുനിക ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കാന്‍ ഗോദാവരി പറയുന്നു. മരണത്തെക്കുറിച്ചുള്ള ചിന്ത ജീവിതത്തെപ്പറ്റി ആഴത്തില്‍ ചിന്തിക്കാന്‍  പ്രേരിപ്പിക്കുന്നുവെന്ന സത്യം ഗോദാവരി അടിവരയിടുന്നു. 

നിഷികാന്തിന്  നിരന്തരം അനുഭവപ്പെടുന്ന തലവേദന അയാളെ ഒരു ഡോക്ടറുടെ അടുത്തെത്തിക്കുന്നു. പരിശോധനകള്‍ക്കൊടുവില്‍ അയാള്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നു. കേവലം രണ്ട് മാസം മാത്രമേ ഇനി ജീവിതമുള്ളൂവെന്ന് അറിയുന്ന  നിഷികാന്ത് പെട്ടെന്ന് അമ്പരക്കുന്നുണ്ടെങ്കിലും, പിന്നീട്  അയാള്‍ ജീവിതത്തെക്കുറിച്ച് കൂടുതല്‍  ചിന്തിക്കാന്‍ തയ്യാറാകുന്നു.  നിഷികാന്ത്  ഭാര്യയോട് തന്റെ രോഗവിവരം  പറയുന്ന ദൃശ്യം ചിത്രത്തിലെ   ശ്രദ്ധേയമായൊരു കാഴ്ചയാണ്. തന്റെ വീട്ടിലെ മുറിയില്‍ കംപ്യൂട്ടര്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന നിഷിയുടെ അടുത്തേക്ക് വരുന്ന ഭാര്യ. അവരോട് രോഗവിവരം  പറയുന്ന നിഷി, ഒന്നും സംഭവിക്കാത്തതുപോലെ കളി തുടരുന്നു. വാര്‍ത്ത  കേട്ട് തകര്‍ന്നുപോകുന്ന ഭാര്യ, അത്  സത്യമാണോ എന്ന് അയാളോട് ചോദിക്കുന്നു. അന്ന് രാത്രി അവിടെ താമസിച്ച് അവര്‍ നിഷിയെ ആശ്വസിപ്പിക്കുന്നു. പിന്നീട് എല്ലാ കുടുംബാംഗങ്ങളും നിഷിയുടെ രോഗവിവരമറിയുന്നു.  ഡോക്ടറുടെ റിപ്പോര്‍ട്ട് വായിക്കുന്ന അച്ഛന്‍ നീലകണ്ഠ, നിഷിയോട്  ഒന്നും പറയാനാകാതെ ബാഗുമെടുത്ത്   നേരെ പോകുന്നത് ഗോദാവരിയുടെ  കരയിലേക്കാണ്. അവിടെയിരുന്ന്  മനസ്സ് ശാന്തമായ ശേഷം മാത്രമേ അയാള്‍ക്ക് തന്റെ താവളമായ നാസിക് പബ്ലിക് ലൈബ്രറിയിലെ പതിവ്  ഇരിപ്പിടത്തിലിരിക്കാന്‍  കഴിയുന്നുള്ളൂ.

ഗോദാവരി
ഗോദാവരി

മരണം അടുത്തെന്നറിയുന്ന നിഷിയുടെ ജീവിതത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ ദൃശ്യമാകുന്നു. ചുറ്റുമുള്ള വൃക്ഷങ്ങളേയും ചെടികളേയും മാത്രമല്ല, അയല്‍ക്കാരേയും അയാള്‍ നോക്കാനും കാണാനും തുടങ്ങുന്നു. ആരംഭിക്കാന്‍ പോകുന്ന  പുതിയ നിര്‍മ്മാണ പദ്ധതിക്ക് അമ്മയുടെ പേരായ ഭാഗീരഥിയെന്ന് നല്‍കുമ്പോള്‍ അത് ഗോദാവരിയുടെ മറ്റൊരു പേരാണെന്ന് അയാള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ ബില്‍ഡര്‍ കമലാകറില്‍നിന്ന് അതറിയുമ്പോള്‍ അയാള്‍ സന്തോഷിക്കുന്നു. ഗോദാവരിയുടെ കരയില്‍ വന്നിരിക്കുന്ന നിഷികാന്ത് ഒരു സ്വപ്നം കാണുന്നു: നദിയിലിറങ്ങി കുളിക്കുന്ന ഒരു തീര്‍ത്ഥാടകനെ, അതിലെ വെള്ളം അശുദ്ധമാണെന്ന് പറഞ്ഞ്  അയാള്‍ തടയാന്‍ ശ്രമിക്കുന്നു. അത് കാര്യമാക്കാതെ നദിയിലെ വെള്ളം കുടിക്കാനൊരുങ്ങുന്ന അയാളോട്, അത് മൂലമുണ്ടാകാന്‍ സാധ്യതയുള്ള  രോഗങ്ങളെക്കുറിച്ച് നിഷി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ നദി മലിനീകരിക്കുന്നവരെ ശിക്ഷിക്കാനാണ് തീര്‍ത്ഥാടകന്‍ അയാളോട്  ആവശ്യപ്പെടുന്നത്. ഗോദാവരിയോടുള്ള നിഷിയുടെ സമീപനത്തിലെ വ്യത്യാസമാണ് ഈ സ്വപ്നം സൂചിപ്പിക്കുന്നത് . 
രോഗം സ്ഥിരീകരിക്കപ്പെട്ട ശേഷം, നിഷികാന്ത്  പതിവായി കുടുംബവീട്ടിലേക്ക് വരാന്‍ തുടങ്ങുന്നു. ഗോദാവരിയില്‍ വെള്ളപ്പൊക്കമുണ്ടാവില്ലെന്ന് പറഞ്ഞ് അയാള്‍ മുത്തച്ഛനെ ആശ്വസിപ്പിക്കുന്നു. പതിവിനു വിപരീതമായി അയാള്‍  അച്ഛനുമൊന്നിച്ച്  പുറത്തുപോകുന്നു. അതേപോലെ അമ്മയുടെ ആശ്വാസവാക്കുകള്‍  സ്വീകരിക്കുന്നു. ഗോദാവരിയുടെ തീരത്ത് വന്നിരുന്ന്  മുന്‍പ് കാണാതിരുന്ന കാഴ്ചകള്‍ നിഷി  കാണുന്നു, വാര്‍ത്തകള്‍ അറിയുന്നു. അധികം താമസിയാതെ സംഭവിക്കുന്ന മുത്തച്ഛന്റെ പെട്ടെന്നുള്ള മരണം, അയാള്‍ നേരിട്ട് കാണുന്നു. മകളുണ്ടാക്കിയ കളി ഫോണില്‍ മുത്തച്ഛനുമായി സംസാരിച്ചുകൊണ്ടിരുന്ന നിഷി, തലമുറകള്‍ക്കിടയിലെ  വ്യത്യാസങ്ങളെക്കുറിച്ച് അദ്ദേഹത്തോട് സംശയനിവാരണം വരുത്തുകയായിരുന്നു. നദിയുടെ ഭാഷയെപ്പറ്റി അന്വേഷിച്ചുകൊണ്ട്, തന്റെ ചിതാഭസ്മം ഗോദാവരിയിലൊഴുക്കിയാല്‍, മരണം തിരിച്ചറിഞ്ഞ്  നദി  അത് മറ്റുള്ളവരെ  അറിയിക്കുമോ എന്ന് അയാള്‍ ചോദിക്കുകയായിരുന്നു. ഈ ചോദ്യങ്ങള്‍ക്കു  ശേഷമാണ് മുത്തച്ഛന്‍ മരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ വിശദമായി സംവിധായകന്‍ ചിത്രീകരിക്കുന്നു. എല്ലാവരും പിരിഞ്ഞുപോയിട്ടും ചിതയ്ക്കരികില്‍ നില്‍ക്കുന്ന നിഷി പുറത്തേക്കു നോക്കുമ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥനെ കാണുന്നു.  അയാളുടെ ബാഗില്‍കെട്ടിയ ചരടില്‍നിന്ന് ചുവന്ന ബലൂണുകള്‍ അപ്പോഴും കാറ്റില്‍ പറന്നുകൊണ്ടിരുന്നു. ഓടിച്ചെന്ന് നിഷിയെ അയാള്‍ കെട്ടിപ്പിടിക്കുന്നു, അവര്‍ പരസ്പരം ആശ്വസിപ്പിക്കുന്നു. വികാരസാന്ദ്രമായ ഇത്തരം ദൃശ്യങ്ങളിലൂടെ ഗോദാവരി മുന്‍പോട്ട് പോകുന്നു. അതിനുശേഷം ചിതയ്ക്കടുത്ത് വരുന്ന കാര്‍ത്തിക്, മുത്തച്ഛന്റെ ജീവിതത്തില്‍ നിഷി അറിയാത്തൊരു അദ്ധ്യായം അയാള്‍ക്കു മുന്‍പില്‍ തുറക്കുന്നു. മുന്‍പുണ്ടായ പ്രളയത്തില്‍ നശിച്ച  തുണിക്കടയില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തപ്പോള്‍, സഹായങ്ങള്‍ നല്‍കുകയും തന്റെ വിദ്യാഭ്യാസച്ചെലവ് വഹിക്കയും ചെയ്ത മുത്തച്ഛനെക്കുറിച്ച് കാര്‍ത്തിക്ക് ദുഃഖത്തോടെ പറയുന്നു. തങ്ങള്‍ക്കിടയില്‍ എഴുത്തുകുത്തുകളുണ്ടായിരുന്നുവെന്ന് കാര്‍ത്തിക്ക് പറയുന്നതുകേട്ട് അത്ഭുതപ്പെടുന്ന നിഷിയുടെ മനസ്സിലുള്ള  മുത്തച്ഛന്റെ ചിത്രം  അടിമുടി മാറുന്നു. മുത്തച്ഛന്റെ ആത്മാവിന്റെ  മോക്ഷത്തിനായി നദിയില്‍ മുങ്ങാന്‍ ആവശ്യപ്പെടുന്ന കാസവിനോട് നിഷി എതിര്‍പ്പ് പ്രകടപ്പിക്കുന്നുണ്ടെങ്കിലും, ഒടുവില്‍ അയാളത് ചെയ്യുന്നു. തന്റെ മരണക്രിയകള്‍ നടത്താന്‍ സുഹൃത്ത് കസാവിനോട് നിഷി ആവശ്യപ്പെടുന്നു. തന്റെ  ജാതി അതനുവദിക്കുന്നില്ലെന്ന് കസാവ് പറയുന്നുണ്ടെങ്കിലും നിഷിയുടെ നിര്‍ബ്ബന്ധം മൂലം അയാള്‍ ആ കര്‍മ്മങ്ങള്‍  ചെയ്യുന്നു.

നീലകണ്ഠയും മകന്‍ നിഷികാന്തും തമ്മില്‍ ആദ്യമായി  സംസാരിക്കുന്നത് ഗോദാവരിയുടെ അവസാന ഭാഗത്ത് മാത്രമാണ്. ആ സംഭാഷണം ചിത്രത്തില്‍ വളരെ പ്രസക്തമാണ്. കുടുംബത്തിന്റെ ചരിത്രം വിശദമാക്കുന്ന നീലകണ്ഠ, അതില്‍ തന്റെ ഭാഗം  കൃത്യമായി സൂചിപ്പിക്കുന്നു. ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യാന്‍ പാടില്ലെന്ന് അടിവരയിട്ട് പറയുന്ന നീലകണ്ഠ, വീടുകളുടെ ചുമരുകള്‍ തകര്‍ത്തുകൊണ്ട് തഴച്ചുവളരുന്ന തണല്‍വൃക്ഷങ്ങളുടെ വേരുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. 'ജലം അന്വേഷിക്കാതെ, ദാഹത്തെക്കുറിച്ച് മാത്രം ചിന്തിക്കുക'യെന്ന റൂമിയുടെ പ്രശസ്തമായ വാചകത്തോടെയാണ് നീലകണ്ഠ സംഭാഷണം ആരംഭിക്കുന്നത്. പരമ്പരകളുടെ ഭാരമേല്‍ക്കാതെ, അവയുടെ വേരുകള്‍ക്കായി അന്വേഷണങ്ങള്‍ നടത്തുകയാണ് വേണ്ടതെന്ന അയാളുടെ  ഉപദേശം നിഷികാന്ത് സ്വീകരിക്കുന്നു. അതാണ് ചെയ്യേണ്ടതെന്ന് ഇതിനകം അയാള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

ഷാമിന്‍ കുല്‍ക്കര്‍ണിയുടെ ഛായാഗ്രഹണവും പ്രഫുല്ലചന്ദ്രയുടെ സംഗീതവും വളരെയേറെ ഊര്‍ജ്ജം  നല്‍കി  ഗോദാവരിയെ മികച്ചൊരു ദൃശ്യശ്രാവ്യാനുഭവമാക്കി മാറ്റുന്നു. ഹിന്ദിമറാത്തി സിനിമകളിലെ മുതിര്‍ന്ന അഭിനേതാവായിരുന്ന വിക്രം ഗോഖലെ, നടി നീന കുല്‍ക്കര്‍ണ്ണി എന്നിവര്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായി ജീതേന്ദ്ര ജോഷിയും ഗോദാവരിയെ വിജയത്തിലെത്തിക്കുന്നു. 

ഗോദാവരിയുടെ സംവിധായകന്‍ നിഖില്‍ മഹാജന്‍, 'ഇന്റര്‍നാഷണല്‍ ഫിലിം സ്‌കൂള്‍ ഓഫ് സിഡ്‌നി'യില്‍ നിന്നാണ് ചലച്ചിത്രസംവിധാനത്തില്‍  ബിരുദം നേടിയത്. നിരവധി സിനിമകളിലും സീരിയലുകളിലും പ്രവര്‍ത്തിച്ചശേഷം, 2011ല്‍ 'ഹാഫ് എ ബില്യണ്‍ ഡ്രീംസ്' (Half a Billion Dreams) എന്ന ഡോക്യുമെന്ററി അദ്ദേഹം സംവിധാനം ചെയ്തു. 2012ല്‍ സംവിധാനം ചെയ്ത 'പൂനെ 52' (Pune-52) ആണ് മഹാജന്റെ  ആദ്യ ഫീച്ചര്‍ ഫിലിം. അതിനുശേഷം സംവിധാനം ചെയ്ത ഗോദാവരിക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധാനത്തിനുള്ള സ്വര്‍ണ്ണത്താമരയടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 

നിഖില്‍ മഹാജന്‍
നിഖില്‍ മഹാജന്‍

അഭിമുഖം

ഈ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നു

പരിഭാഷ: സി.വി. രമേശന്‍ 

ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചശേഷം ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായി?

അങ്ങനെ പ്രത്യേകിച്ച്  ഒരു മാറ്റവുമുണ്ടായില്ല. അത് വലിയൊരു ബഹുമതി തന്നെയാണ്, വളരെ സന്തോഷം തോന്നുന്നു. എന്റെ സിനിമാജീവിതത്തില്‍ ഇതെന്തൊക്കെ മാറ്റങ്ങളുണ്ടാക്കുമെന്ന് കാലത്തിനു മാത്രമേ പറയാന്‍ കഴിയൂ. എനിക്കു വലിയ സന്തോഷമുണ്ട്, കാരണം രാജ മൗലി, സഞ്ജയ് ലീല ബന്‍സലി എന്നിവരെപ്പോലുള്ള പ്രഗത്ഭ സംവിധായകര്‍ മത്സരിച്ച ദേശീയ സിനിമാരംഗത്ത് ലഭിച്ച മികച്ച സംവിധായകനെന്ന ബഹുമതി വളരെ വലുത് തന്നെയാണ്. സത്യസന്ധമായാണ്  ഞാന്‍ ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. ഒരു ദേശീയ അംഗീകാരം എന്റെ സ്വപ്നമായിരുന്നു. അത് ലഭിച്ച സ്ഥിതിക്ക് ഇനി വിശ്രമവും കാത്തിരിപ്പുമില്ല. ആ നിലവാരത്തെ അംഗീകരിച്ചേ പറ്റൂ. അതെന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ മെച്ചപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.

അന്തരിച്ച സംവിധായകന്‍ നിഷികാന്ത് കാമത്തിന്റെ ഓര്‍മ്മയ്ക്കാണ് നിങ്ങള്‍ ഗോദാവരി സംവിധാനം ചെയ്തത്. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായവര്‍ക്ക് ഇപ്പോഴെന്താണ് പറയുവാനുള്ളത്?

നിഷികാന്ത് സാറിനുവേണ്ടിയാണ് ഞങ്ങള്‍ ഗോദാവരി നിര്‍മ്മിച്ചത്. അഷുതോഷ് ഗൗരിക്ക(Ashutosh Gowariker)റുടെ സ്വദേശ് (Swades, 2004)  കണ്ടതോടെയാണ് ഞാന്‍ സിനിമാരംഗത്ത് വരുന്നത്. നിഷികാന്ത് സാറിന്റെ  മുംബൈ മേരി ജാന്‍ (Mumbai Meri Jaan, 2008) കണ്ടയുടന്‍ സംവിധായകനാകണമെന്ന് ഞാന്‍ തീരുമാനിച്ചു. അന്ന് സിനിമയെക്കുറിച്ച് എനിക്കൊരു അറിവുമില്ലായിരുന്നു. എന്നെ  സിനിമാലോകത്തേക്ക് എത്തിച്ചവര്‍ക്കുവേണ്ടി, മികച്ച 
സംവിധാനത്തിനുള്ള സ്വര്‍ണ്ണത്താമര നേടിയത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. അവരുടെ ചിന്തകളും നിലപാടുകളും പ്രവര്‍ത്തനങ്ങളും പിന്തുടര്‍ന്നുകൊണ്ട്, ആ മഹത്തായ പാരമ്പര്യം മുന്‍പോട്ടു കൊണ്ടുപോകാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്. നിഷി സാര്‍ സിനിമാപ്രവര്‍ത്തനങ്ങള്‍ വഴി സ്വന്തം പ്രവര്‍ത്തനമണ്ഡലം എങ്ങനെ വിപുലീകരിച്ചോ ആ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞാനും ശ്രമിക്കുന്നതാണ്.

താങ്കളുടെ സുഹൃത്ത് ജീതേന്ദ്ര ജോഷി (ഗോദാവരിയുടെ നിര്‍മ്മാതാവ്, മുഖ്യ നടന്‍)യെപ്പറ്റി എന്താണ് പറയുവാനുള്ളത്?

ജിത്തു എനിക്ക് സഹോദരനെപ്പോലെയാണ്. ഞങ്ങളെ ആര്‍ക്കും പിരിക്കാനാകില്ല. എന്റെ അമ്മയ്ക്ക് ജിത്തു മകനും ജിത്തുവിന്റെ അമ്മയ്ക്ക് ഞാനൊരു മകനുമാണ്. ഞങ്ങള്‍ പരസ്പരം കലഹിക്കാറുണ്ട്, അടിപിടി കൂടാറുണ്ട്. എന്നാല്‍, ഞങ്ങളെപ്പോഴും ഒരുമിച്ചുതന്നെയാണ്. അവന്‍ ലോകത്തിനു മുന്‍പില്‍ ഭ്രാന്ത്പിടിച്ചതുപോലെ പെരുമാറുന്നു. അത് അവന്റെ ഉള്ളിലെ സത്യം കാരണമാണ്. അവനെപ്പോലെ കറകളഞ്ഞ സ്വഭാവമുള്ള അധികം പേരൊന്നും ഈ ലോകത്തിലില്ല. അവന് ഭ്രാന്താണെന്നാണ് എല്ലാവരും കരുതുന്നത്, അത് അവന്റെ ആത്മാര്‍ത്ഥത കാരണം മറ്റുള്ളവര്‍ക്ക് തോന്നുന്നതാണ്.

ഗോദാവരി പ്രതീക്ഷിച്ചതുപോലെ തിയേറ്ററില്‍ വിജയം നേടിയില്ല. എന്താണതിന് കാരണമായി തോന്നുന്നത്?

ഗോദാവരി പ്രതീക്ഷിച്ചിരുന്നതുപോലെ പ്രദര്‍ശനവിജയം നേടിയില്ലെന്നത് വാസ്തവമാണ്. പക്ഷേ, പ്രേക്ഷകരെ കുറ്റപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. 'Wade', 'Baipan Bhari Deva' പോലെയുള്ള ചിത്രങ്ങള്‍ നല്ല  രീതിയിലാണ്  പ്രേക്ഷകര്‍ സ്വീകരിച്ചത്. അതിനാണവര്‍ തിയേറ്ററില്‍ വരുന്നത്. സിനിമ സാമ്പത്തികമായി വിജയിക്കണമെങ്കില്‍ എന്നെപ്പോലുള്ള സംവിധായകര്‍ (സംവിധായികമാരും) പ്രേക്ഷകരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്തേ പറ്റൂ. നിര്‍ദ്ദിഷ്ട ബഡ്ജറ്റിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പറ്റുന്ന ചിത്രങ്ങളെക്കുറിച്ച് അവര്‍ ആലോചിക്കണം. അങ്ങനെയാവുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്കും സൗകര്യമായിരിക്കും. ഈ ദേശീയ പുരസ്‌കാരത്തോടെ എന്റെ അടുത്ത ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രേക്ഷകരുണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അടുത്ത പദ്ധതികള്‍ എന്തൊക്കെയാണ്?

ഇപ്പോള്‍ എന്റെ ഉത്തരവാദിത്വം വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനാല്‍  കലാമൂല്യമുള്ള മികച്ച  ചിത്രങ്ങള്‍ നിര്‍മ്മിക്കുകയെന്നത് തന്നെയാണ് എന്റെ പ്രധാന ലക്ഷ്യം. 'ഞമീമെവലയ' ആണ് എന്റെ അടുത്ത ചിത്രം. മറാത്തിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു ത്രില്ലറായിരിക്കും അത്. അടുത്ത വര്‍ഷം അതിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനാണ് പരിപാടി.

ഗോദാവരിയെക്കുറിച്ച് എന്തെങ്കിലും പ്രത്യേക ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനുണ്ടോ?

വിക്രം ഗോഖലെ അങ്കിളുമായുള്ള നിമിഷങ്ങള്‍ മറക്കാന്‍ പറ്റാത്തവയാണ്. നാസിക്കില്‍വെച്ച് ഷൂട്ടിങ്ങ് നടക്കുമ്പോള്‍ രാജ്യത്ത് കൊറോണ പിടിമുറുക്കിയിരുന്നു. ഷൂട്ടിങ്ങ് കാണാന്‍ ജനങ്ങള്‍ ഒരുമിച്ചുകൂടി നില്‍ക്കുന്നു. വിക്രം ഗോഖലെ, സഞ്ജയ് മോനെ, നീന കുല്‍ക്കര്‍ണി തുടങ്ങിയ  സീനിയര്‍ അഭിനേതാക്കള്‍ സെറ്റിലുണ്ട്. അവരുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. 

ദിവസത്തില്‍ ഒരു  പ്രത്യേക സമയത്ത്  മാത്രം ഷൂട്ടിങ്ങ് നടത്തി വിക്രം ഗോഖലെ അങ്കിളിനെ  കൂടുതല്‍ വിഷമിപ്പിക്കാതെ നോക്കി. ഒന്നാമത്തെ ദിവസം ഷൂട്ടിങ്ങ് കഴിഞ്ഞശേഷം  എന്നെ ആലിംഗനം ചെയ്തുകൊണ്ട് അങ്കിള്‍ പറഞ്ഞു: 

'നിനക്കൊരു ദേശീയ പുരസ്‌കാരം ലഭിക്കും.' 'അങ്കിള്‍ നാം ഒരു ദിവസത്തെ ഷൂട്ടിങ്ങ് മാത്രമെ പൂര്‍ത്തിയാക്കിയിട്ടുള്ളു. ഞാന്‍ പറഞ്ഞു.' പക്ഷേ, ഞാന്‍ ധാരാളം സിനിമകള്‍ ചെയ്തിട്ടുണ്ട്. അങ്കിളിന്റെ ആ വാക്കുകള്‍ ഒരു ആശീര്‍വാദം പോലെ ഞാന്‍ സ്വീകരിച്ചു. ഇപ്പോള്‍ ആ വാക്കുകള്‍ സത്യമായി മാറി. അദ്ദേഹം ഇന്നുണ്ടായിരുന്നുവെങ്കില്‍  ഈ വാര്‍ത്തയറിഞ്ഞ് ആദ്യമായി എന്നെ വിളിക്കുന്ന ആള്‍ അദ്ദേഹമായിരിക്കുമെന്ന് തീര്‍ച്ചയാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com