ജഗനെ പിണക്കി നായിഡുവിനെ പിന്തുണയ്ക്കാന്‍ കേന്ദ്രം തയ്യാറാകുമോ?

കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ, എതിരാളിയായ ജഗന്‍മോഹന്‍ റെഡ്ഡി നടപ്പാക്കിയതാണ് ഈ രാഷ്ട്രീയ പ്രതികാരമെന്ന് ടി.ഡി.പി ആരോപിക്കുന്നു
ജഗനെ പിണക്കി നായിഡുവിനെ പിന്തുണയ്ക്കാന്‍ കേന്ദ്രം തയ്യാറാകുമോ?

കോളിളക്കം ഈ അറസ്റ്റ്

സെപ്റ്റംബര്‍ 10-ന് 10 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനിടയില്‍ വെളുപ്പിന് നാലരയോടെയാണ് ടി.ഡി.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റു ചെയ്യുന്നത്. രണ്ട് പ്രമുഖ രാഷ്ട്രീയകക്ഷികള്‍ പരസ്പരം പോരടിച്ചു നില്‍ക്കുന്ന ആന്ധ്രയില്‍ ഇത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ, എതിരാളിയായ ജഗന്‍മോഹന്‍ റെഡ്ഡി നടപ്പാക്കിയതാണ് ഈ രാഷ്ട്രീയ പ്രതികാരമെന്ന് ടി.ഡി.പി ആരോപിക്കുന്നു. ഏതായാലും വൈ.എസ്.ആര്‍ കോണ്‍ഗ്രസാകട്ടെ ഇത് ആഘോഷമാക്കി. നടിയും വൈ.എസ്.ആര്‍.സി.പി നേതാവുമായ റോജ നൃത്തം ചെയ്ത് മധുരവിതരണം നടത്തി. എന്‍.ടി. ആറിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാര്‍വതി അദ്ദേഹത്തിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന വരെ നടത്തി. ഈ സംഭവവികാസങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആന്ധ്രാ രാഷ്ട്രീയത്തെ എങ്ങനെയാകും സ്വാധീനിക്കുക?

ചന്ദ്രബാബു നായിഡു
ചന്ദ്രബാബു നായിഡു

ചേരാം ചേരികളില്‍

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എഎസ്.ആര്‍ കോണ്‍ഗ്രസും നായിഡുവിന്റെ ടി.ഡി.പിയും തമ്മിലാണ് ഇനി പോര്. ഇവര്‍ക്കിടയില്‍ ബി.ജെ.പി ചേരിമറിഞ്ഞ് അധികാരലബ്ധിക്കായി കാത്തിരിക്കുന്നു. രണ്ട് വള്ളത്തിലും കാലുവയ്ക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷി ഇത്തവണ ആരാകുമെന്നതാണ് നിര്‍ണായകം. മോദി സര്‍ക്കാരിനു രാജ്യസഭയിലും ലോക്സഭയിലും നിര്‍ണായക ഘട്ടങ്ങളില്‍ പിന്തുണ നല്‍കിയിട്ടുണ്ട് ജഗന്‍. രണ്ട് തവണ എ.ന്‍ഡി.എ വിട്ട നായിഡുവാകട്ടെ അമിത്ഷാ അടക്കമുള്ളവരുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്നു. നായിഡുവിന്റെ അറസ്റ്റോടെ മറ്റൊരു നാടകീയ നീക്കം കൂടി നടന്നു. നായിഡുവിന് പിന്തുണ നല്‍കി പവന്‍ കല്യാണിന്റെ ജനസേന ശക്തമായി വന്നു.  ഇത്  സ്വാഭാവികമായും ബി.ജെ.പിയെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പ്രതിപക്ഷ മുന്നണി ജഗനെ നേരിടുന്നതിലേക്ക് എത്തി. എന്നാല്‍, ഇപ്പോള്‍ തന്റെ അറസ്റ്റിനു പിന്നില്‍ ബിജെപി നേതാക്കള്‍ക്കും അറിവുണ്ടെന്ന അഭ്യൂഹം പരക്കുമ്പോള്‍ നായിഡു എന്തു തീരുമാനമെടുക്കും? അതുപോലെ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിലപാടും നിര്‍ണായകം. ജഗനെ പിണക്കിക്കൊണ്ട് നായിഡുവിനെ പിന്തുണയ്ക്കാന്‍ കേന്ദ്രം തയ്യാറാകുമോ.

അറസ്റ്റ് എന്തിന്

നായിഡു മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍(2016) ആരംഭിച്ച സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ നടപ്പാക്കിയ പദ്ധതികളില്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് നൈപുണ്യശേഷി ഉയര്‍ത്തുന്നതിനായിരുന്നു 3,356 കോടി രൂപയുടെ ഈ പദ്ധതികള്‍. കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ കോഴ്സുകള്‍ നല്‍കാനായിരുന്നു ലക്ഷ്യം. നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സീമെന്‍സ്, ഇന്‍ഡസ്ട്രി സോഫ്റ്റ് വെയര്‍, ഡിസൈന്‍ ടെക് സിസ്റ്റംസ് എന്നിവയുമായി കരാറിലെത്തി.  17 എണ്ണം ഉദ്ഘാടനം ചെയ്യപ്പെട്ടു. 2021 മാര്‍ച്ചില്‍ നിയമസഭയില്‍ ഈ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വെളിപ്പെടുത്തി. ഡിസംബറില്‍ പൊലീസും പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി.

ജഗന്‍ മോഹന്‍ റെഡ്ഡി
ജഗന്‍ മോഹന്‍ റെഡ്ഡി

പ്രധാന ആരോപണങ്ങള്‍

1.    ടെണ്ടര്‍ നടപടികള്‍  പാലിച്ചിട്ടില്ല. 
2.    മന്ത്രിസഭയുടെ അനുമതിയില്ല
3.    പദ്ധതിച്ചെലവിന്റെ 90% സ്വകാര്യകമ്പനിയും 10% സര്‍ക്കാരും എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു
4.    സ്വകാര്യനിക്ഷേപം വരുന്നതിനു മുന്‍പേ 371 കോടി സര്‍ക്കാര്‍ മുടക്കി
5.    ഇല്ലാത്ത സേവനങ്ങള്‍ക്ക് 5 ഷെല്‍ കമ്പനികള്‍ വഴി പണം സ്വകാര്യ അക്കൗണ്ടുകളിലെത്തിച്ചു
6.    ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ ചീഫ് സെക്രട്ടറിയോ ഈ കരാറിനെ ചോദ്യം ചെയ്തില്ല
7.    നേട്ടമുണ്ടാക്കിയത് ടി.ഡി.പി 
8.     തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍  നായിഡു

ഭാവിവഴികള്‍

പവന്‍ കല്യാണിന്റെ സഹായത്തോടെ ടി.ഡി.പിയെ തകര്‍ത്ത് ആന്ധ്രയിലെ മുഖ്യ പ്രതിപക്ഷമാവുക എന്നതായിരുന്നു മുന്‍പ് ബി.ജെ.പിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അടിത്തട്ടില്‍ ടിഡിപിക്ക് ഇന്നും ശക്തമായ സാന്നിധ്യമുണ്ട്.  പവന്‍ കല്യാണ്‍ വഴി  നായിഡു ബി.ജെ.പി സഹകരണം ഉറപ്പാക്കുമെന്ന് കരുതുന്നവരുണ്ട്. അതല്ല, നായിഡുവിന്റെ ബി.ജെ.പി പ്രവേശനം ജഗന്‍ തടഞ്ഞതാണെന്ന വാദവും നിലവിലുണ്ട്. ഏതായാലും   ഒരു തവണ കൂടി അധികാരം നഷ്ടമാവുകയും കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലില്ലാതെ അടുത്ത അഞ്ചു വര്‍ഷം കൂടി തുടരുക എളുപ്പമല്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. രണ്ടു തവണ എന്‍.ഡി.എ വിട്ട ചരിത്രമുണ്ട് നായിഡുവിന്. എങ്കിലും നായിഡു തിരികെ എത്തിയാല്‍ സ്വീകരിക്കാന്‍ തന്നെയായിരിക്കും ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനിക്കുക. എന്നാല്‍, അങ്ങനെ വന്നാല്‍ ജഗന്റെ കാര്യത്തില്‍ ഒരു പുനര്‍ചിന്തനം അനിവാര്യമായി വേണ്ടിവരും. 

ഭുവനേശ്വരി, നാരാ ലോകേഷ്, മരുമകൾ ബ്രഹ്മണി എന്നിവർ ചന്ദ്ര ബാബുവിനെ പാർപ്പിച്ച രാജമഹേന്ദ്രവരം ജയലിനു മുന്നിൽ
ഭുവനേശ്വരി, നാരാ ലോകേഷ്, മരുമകൾ ബ്രഹ്മണി എന്നിവർ ചന്ദ്ര ബാബുവിനെ പാർപ്പിച്ച രാജമഹേന്ദ്രവരം ജയലിനു മുന്നിൽ

രാഷ്ട്രീയ ജീവിതം ഇതുവരെ

കോണ്‍ഗ്രസില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ചന്ദ്രബാബു ആദ്യം നിയമസഭയിലെത്തുന്നത് 1978ല്‍ ചന്ദ്രഗിരിയില്‍ നിന്ന്. ടി. അഞ്ജയ്യ മന്ത്രിസഭയില്‍ സിനിമാറ്റോഗ്രാഫി മന്ത്രിയായി. എന്‍.ടി.രാമറാവുവിനെ ആദ്യമായി കാണുന്നത് അന്നാണ്. 1980ല്‍ എന്‍.ടി.ആറുടെ മകള്‍ ഭുവനേശ്വരിയുമായി വിവാഹം. 1982 മാര്‍ച്ചില്‍ എന്‍ടിആര്‍ ടിഡിപി രൂപീകരിച്ചു.  ആ തെരഞ്ഞടുപ്പില്‍ ചന്ദ്രഗിരിയില്‍ ടി.ഡി.പി സ്ഥാനാര്‍ത്ഥിയോട് ചന്ദ്രബാബു തോറ്റു. പിന്നാലെ ഭാര്യാപിതാവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1985ല്‍ മത്സരിക്കാന്‍ നില്‍ക്കാതെ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനാണ് അദ്ദേഹം താത്പര്യം കാണിച്ചത്. 1989ല്‍ കുപ്പത്ത് നിന്ന് മത്സരിച്ച് ജയിച്ചു. അന്നു മുതല്‍ അതായി അദ്ദേഹത്തിന്റെ മണ്ഡലം.

1995 ഓഗസ്റ്റില്‍ എന്‍.ടി.ആറും ടിഡിപി എംഎല്‍എമാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഭരിക്കുന്നത് രണ്ടാംഭാര്യ ലക്ഷ്മിപാര്‍വതിയാണെന്നായിരുന്നു നേതാക്കളുടെ വാദം. 1993-ലാണ് എന്‍.ടി.ആര്‍ ലക്ഷ്മി വിവാഹം ചെയ്യുന്നത്. ചന്ദ്രബാബുവായിരുന്നു വിമതരുടെ നേതാവ്. അങ്ങനെ ഭാര്യാപിതാവിനു പകരം ചന്ദ്രബാബു മുഖ്യമന്ത്രിയായി. ആധുനികസാങ്കേതിക വിദ്യക്കും അടിസ്ഥാനസൗകര്യവികസനത്തിനുമായിരുന്നു ആ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്. 1999-ലെ തെരഞ്ഞെടുപ്പില്‍ 294 സീറ്റുകളില്‍ 185 സീറ്റുകളും ടി.ഡി.പി തൂത്തുവാരിയതോടെ നായിഡു രണ്ടാമതും അധികാരത്തിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 മണ്ഡലങ്ങളില്‍ 29എണ്ണത്തിലും പാര്‍ട്ടിക്ക് ജയിക്കാനായി. എന്‍ഡിഎ സര്‍ക്കാരില്‍ ബിജെപി കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി ടിഡിപി മാറി. അധികാരത്തോടൊപ്പം അദ്ദേഹത്തിന് രാഷ്ട്രീയവൈരികളുമേറി. 2003 ഒക്ടോബര്‍ ഒന്നിന് മൈന്‍ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു. തിരുപ്പതി ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിയ അദ്ദേഹത്തെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ആക്രമിച്ചു. ഭരണവിരുദ്ധവികാരത്തെത്തുടര്‍ന്ന് അടുത്ത തവണ ടി.ഡി.പി സര്‍ക്കാരിന് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനായില്ല. പകരം വന്നത് വൈ.എസ്.ആറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. വൈ.എസ്.ആറിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ വിജയം കണ്ടതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ ടി.ഡി.പി വീണ്ടും തോറ്റു. 2009 സെപ്റ്റംബറില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈഎസ്ആര്‍ കൊല്ലപ്പെട്ടതോടെ ടി.ഡി.പിക്ക് അധികാരത്തില്‍ വരാന്‍ സുവര്‍ണാവസരമൊരുങ്ങി. കോണ്‍ഗ്രസില്‍ നിന്ന് ഒറ്റപ്പെട്ട് പുറത്തുവന്ന ജഗന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി 2009ല്‍ രംഗത്തെത്തി. 

2014-ല്‍ തെലങ്കാനാ രൂപീകരണം സംബന്ധിച്ച പ്രക്ഷോഭം ആളിക്കത്തി. തുടര്‍ന്ന് ആന്ധ്ര വിഭജിക്കപ്പെട്ടു. അതോടെ ജഗനായി ചന്ദ്രബാബുവിന്റെ പ്രധാന എതിരാളി. ആ തെരഞ്ഞെടുപ്പില്‍ ടി.ഡി.പി കഷ്ടിച്ചാണ് ജയിച്ചത്. വോട്ടുവിഹിതത്തില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം മുന്നില്‍. അങ്ങനെ, മൂന്നാമതും നായിഡു അധികാരത്തിലേറി. അമരാവതിയെന്ന സ്വപ്നതലസ്ഥാനം നിര്‍മിക്കാനായി ചന്ദ്രബാബുവിന്റെ ലക്ഷ്യം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി അതിനു തടസമായി. ഈ സമയത്ത് സംസ്ഥാനത്തുടനീളം പദയാത്ര നടത്തിയ ജഗന്‍ 2019ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2019ല്‍ കേവലം 23 സീറ്റുകളില്‍ മാത്രമാണ് ടി.ഡി.പിക്ക് ജയിക്കാനായത്. അന്നു മുതല്‍ ഇന്ന് വരെ രാഷ്ട്രീയപ്രസക്തി നിലനിര്‍ത്താന്‍ ചന്ദ്രബാബു ശ്രമിക്കുകയാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com