'അവര്‍ സ്വപ്നം കണ്ടത് അവരുടെ ഇന്ത്യയായിരുന്നു, അവരുടെ വിശ്വാസപ്രമാണങ്ങളുടെ ഇന്ത്യ'

ടാഗോര്‍ തന്റെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ കത്തുകളായാണ് എഴുതിയത്. അസംഖ്യം കത്തുകള്‍. 1956-ല്‍ ഈ കത്തുകള്‍ (Letters from Russia) റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു
'അവര്‍ സ്വപ്നം കണ്ടത് അവരുടെ ഇന്ത്യയായിരുന്നു, അവരുടെ വിശ്വാസപ്രമാണങ്ങളുടെ ഇന്ത്യ'

ക്ഷിണേന്ത്യയിലെ തൊട്ടുകൂടായ്മയ്ക്കെതിരെ പ്രചാരണം നടത്തിയിരുന്ന ഗാന്ധി, 1934 ജനുവരിയിലെ ബീഹാര്‍ ഭൂകമ്പത്തെ, തൊട്ടുകൂടാത്തവര്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ക്കെതിരെ മറ്റുള്ളവര്‍ ചെയ്ത വലിയ പാപത്തിനുള്ള 'ദൈവശിക്ഷ'യായി വ്യാഖ്യാനിച്ചു. ''ഭൂകമ്പം ഒരു ദൈവശിക്ഷയാണെന്ന് എന്നോടൊപ്പം വിശ്വസിക്കാന്‍ നിങ്ങള്‍ അന്ധവിശ്വാസികളായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഹരിജന്മാര്‍ എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ ചെയ്ത വലിയ പാപം''.  1934 ജനുവരി 28-ന് പത്രത്തില്‍ ഇതു വായിച്ച ടാഗോര്‍ ഒരു പ്രസ്താവന തയ്യാറാക്കി ഗാന്ധിജിക്ക് അയച്ചു. 1934 ഫെബ്രുവരി 16-ന് ഹരിജനില്‍ 'ബീഹാര്‍ ഭൂകമ്പം' എന്ന പേരില്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടു. ''തൊട്ടുകൂടായ്മയെന്ന സ്വയംസൃഷ്ടമായ സാമൂഹിക ആചാരത്തെ അന്ധമായി പിന്തുടരുന്നവര്‍ ബീഹാറിലെ ചില ഭാഗങ്ങളിലേക്ക് ദൈവത്തിന്റെ പ്രതികാരം ഇറക്കിവിട്ടതായി മഹാത്മാഗാന്ധി പ്രസ്താവിച്ചത് എന്നെ വേദനിപ്പിച്ചു. ഇത് നിര്‍ഭാഗ്യകരമാണ്, കാരണം ഇത്തരത്തിലുള്ള അശാസ്ത്രീയമായ വീക്ഷണം നമ്മുടെ നാട്ടുകാരില്‍ വലിയൊരു വിഭാഗം സത്യമെന്ന് വിശ്വസിക്കുന്നു'',  ആദ്യത്തെ ഖണ്ഡികയില്‍തന്നെ ടാഗോര്‍ എഴുതി: ''നൈതികമൂല്യങ്ങളുടെ അപചയത്തെ പ്രകൃതിയിലെ പ്രതിഭാസങ്ങളുമായി ബന്ധപ്പെടുത്തരുത്.'' എങ്കിലും ഗാന്ധിജിയും ടാഗോറും ഒരിക്കലും ശത്രുത പുലര്‍ത്തിയില്ല. 1915-ല്‍ ഗാന്ധിയും ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ടാഗോറിന്റെ ശാന്തിനികേതന്‍ സന്ദര്‍ശിക്കാനായി എത്തിയപ്പോഴാണ്  അവര്‍ നേരില്‍ കാണുന്നത്. അതിനും ഒരു വര്‍ഷം മുമ്പേ ടാഗോറിനു സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നുവെങ്കിലും ഗാന്ധി അന്ന് ഗാന്ധിജിയായി വളര്‍ന്നിരുന്നില്ല.

ഇനി സമകാലത്തിലേക്ക്: 2020 സെപ്റ്റംബര്‍ 11, സോവിയറ്റ് യൂണിയനില്‍ രവീന്ദ്രനാഥ ടാഗോര്‍ നടത്തിയ സന്ദര്‍ശനത്തിന്റെ 90-ാം വാര്‍ഷികത്തെ അടയാളപ്പെടുത്തുന്നു. 1930 സെപ്റ്റംബര്‍ 11-നാണ് ടാഗോര്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചത്. സ്റ്റോക്ക്ഹോമിലെ സോവിയറ്റ് അംബാസഡറായിരുന്ന അലക്സാണ്ടര്‍ അരോസ്യേവിനെ കണ്ടപ്പോള്‍ അദ്ദേഹം സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. മറ്റ് രാജ്യങ്ങളുമായി സാംസ്‌കാരിക ബന്ധം സ്ഥാപിക്കുന്നതില്‍ തല്പരനായിരുന്നു എഴുത്തുകാരന്‍ കൂടിയായ അരോസ്യേവ് എങ്കിലും അദ്ദേഹം സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ടു എന്ന കാര്യം ശ്രദ്ധേയമാണ്. വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്ന അനറ്റോലി ലുനാചാര്‍സ്‌കി ആയിരുന്നു ടാഗോറിനെ പ്രത്യേകമായി താല്പര്യമെടുത്ത് റഷ്യയിലേക്ക് ക്ഷണിച്ചത്. പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, നാടകകൃത്തും നിരൂപകനുമായിരുന്നു അനറ്റോലി ലുനാചാര്‍സ്‌കി. ബുദ്ധമത ദര്‍ശനങ്ങളില്‍ തല്പരനായിരുന്ന സെര്‍ജി ഓള്‍ഡന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള ബുദ്ധിജീവികള്‍ക്കിടയില്‍  ടാഗോറിന്റെ സന്ദര്‍ശനം വലിയ വാര്‍ത്തയായിരുന്നു. 

ടാഗോര്‍ തന്റെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ കത്തുകളായാണ് എഴുതിയത്. അസംഖ്യം കത്തുകള്‍. 1956-ല്‍ ഈ കത്തുകള്‍ (Letters from Russia) റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എന്നാല്‍, ഇതിലെ പതിമൂന്നാമത്തെ കത്ത് സ്റ്റാലിന് ഇഷ്ടപ്പെട്ടില്ല. സോവിയറ്റ് ഭരണകൂടത്തെക്കുറിച്ച് ടാഗോര്‍ വിമര്‍ശനാത്മക പരാമര്‍ശങ്ങളായിരുന്നു പതിമൂന്നാമത്തെ കത്തിന്റെ ഉള്ളടക്കം. തല്‍ഫലമായി, റഷ്യന്‍ ദിനപത്രമായ ഇസ്വെസ്റ്റിയയുമായി ടാഗോര്‍ നടത്തിയ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ സ്റ്റാലിന്‍ അനുമതി നല്‍കിയില്ല. ഗോര്‍ബച്ചേവ് അധികാരത്തില്‍ വന്നതിനുശേഷം 1988-ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. 

​ഗാന്ധിജിക്കൊപ്പം ടാ​ഗോർ
​ഗാന്ധിജിക്കൊപ്പം ടാ​ഗോർ

റഷ്യാര്‍ ചിത്തി

സോവിയറ്റ് നാടിനെക്കുറിച്ച് ടാഗോര്‍ എഴുതിയതെല്ലാം റഷ്യന്‍ മണ്ണില്‍നിന്നുള്ളവയല്ല. 1930  സെപ്റ്റംബര്‍ 20-നാണ് ടാഗോര്‍ റഷ്യയില്‍നിന്ന് ആദ്യത്തെ കത്ത് എഴുതുന്നത്. 1930  സെപ്റ്റംബര്‍ 25-നാണ് റഷ്യയില്‍നിന്നുമുള്ള അവസാനത്തെ കത്ത് എഴുതുന്നത്. മോസ്‌കോയില്‍നിന്നും സെപ്റ്റംബര്‍ 25-ന് സോവിയറ്റ് തീരം വിട്ട അദ്ദേഹം സെപ്റ്റംബര്‍ 28-ന് ബെര്‍ലിനിലെത്തി. അന്നാണ് നാലാമത്തെ കത്ത് നാട്ടിലേക്ക് എഴുതിയത്. തന്റെ നാലാമത്തേയും അഞ്ചാമത്തേയും ആറാമത്തേയും കത്തുകളില്‍ റഷ്യയെക്കുറിച്ചുള്ള തന്റെ മതിപ്പുകളെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിക്കുന്നത്. ഒക്ടോബര്‍ 3-ന് എഴുതിയ ഏഴാമത്തെ കത്തു മുതല്‍ പക്ഷേ, അദ്ദേഹം സ്വരം മാറ്റുന്നു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ജര്‍മന്‍ നിര്‍മ്മിത കപ്പലായിരുന്ന എസ്.എസ്. ബ്രെമെനില്‍ നിന്നായിരുന്നു അദ്ദേഹം ഏഴാമത്തെ കത്ത് എഴുതിയത്. തുടര്‍ന്നുള്ള കത്തുകളിലും സോവിയറ്റ് യൂണിയനിലെ കാഴ്ചകള്‍ തന്റെ മനസ്സിലുയര്‍ത്തിയ ചോദ്യങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അന്തസ്സും പ്രത്യാശയുമില്ലാതെ ജീവിക്കുന്ന ലോകത്തിനു മുന്നിലേക്ക് ഊരും പേരുമില്ലാത്തവര്‍ എന്നും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. അതാണ് തന്റെ ആദ്യത്തെ കത്തിലൂടെ ടാഗോറും ചോദിക്കുന്നത്. ''ദാനധര്‍മ്മത്തിലൂടെ ശാശ്വതമായി ഒന്നും കെട്ടിപ്പടുക്കാന്‍ കഴിയില്ല'' എന്നത് പഴയ ക്രിസ്തീയ ആദര്‍ശമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ''തുല്യനാകുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് യഥാര്‍ത്ഥ സഹായം നല്‍കാന്‍ കഴിയൂ'',  പരോപകാരശീലത്തെ സോഷ്യലിസവുമായി ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: ''താന്‍ ബഹുമാനിക്കാത്തവരോട് നന്മ ചെയ്യാന്‍ മനുഷ്യന് കഴിയില്ല'' എന്നതിനെ ലളിതമായ മനഃശാസ്ത്രമായാണ് അദ്ദേഹം കാണുന്നത്. 

മറ്റുള്ളവരെ ബഹുമാനിക്കുന്നത് നിയമപ്രകാരം ഔപചാരികമാവേണ്ട ഒരു മൂല്യമാക്കി മാറ്റിയിരിക്കുന്നു. സാമൂഹ്യസമത്വത്തെ നിര്‍വ്വചിക്കുകയും നിലനിറുത്തുകയും ചെയ്യുന്നത് രാഷ്ട്രീയമായ മൂല്യബോധമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ''എല്ലാവരും തുല്യരാണ്'' എന്ന ആശയത്തെ സാമൂഹ്യപ്രേരിതമായ ഒരു നൈതികതയായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള ധാര്‍മ്മികപ്രേരണ പ്രത്യക്ഷമാവുന്നത് ഈ സമത്വമനോഭാവത്തില്‍ നിന്നാണ്. സാമൂഹികമായി ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്ന  ഇത്തരം മൂല്യങ്ങള്‍ക്കെതിരെയുള്ള പ്രധാന ശത്രു 'സ്വാര്‍ത്ഥതാല്പര്യങ്ങള്‍' ആണെന്ന് ടാഗോര്‍ അവിടെ കണ്ടു. തന്റെ കത്തുകളില്‍ അദ്ദേഹം അതിനെ അടയാളപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള സ്വാര്‍ത്ഥതാല്പര്യങ്ങള്‍ അധികാരസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത് അദ്ദേഹം നിരീക്ഷിച്ചു.  അതേസമയം പരസ്പര ബഹുമാനം, പരോപകാരം, സമത്വം എന്നീ ആശയങ്ങള്‍ ഭൗതികവാദപരമായ അടിത്തറയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നതിനാല്‍ അനുഭവവേദ്യമായിത്തന്നെ തുടര്‍ന്നു. ''ഭൂമിയുടെ അവകാശം ധാര്‍മ്മികമായി ഭൂവുടമയുടേതല്ല, മറിച്ച് കര്‍ഷകന്റേതാണ്'' എന്ന മാര്‍ക്സിസ്റ്റ് ചിന്താഗതിയാണ് ടാഗോറിനു ശ്രദ്ധേയമായി തോന്നിയത്. അധികാര ഇടങ്ങളിലെ സ്വാര്‍ത്ഥതാല്പര്യപ്രശ്നത്തിന് കമ്യൂണിസ്റ്റ് റഷ്യ വൈകാതെ തന്നെ ഒരു പരിഹാരം സ്വയം കണ്ടെത്തുമെന്ന് ടാഗോര്‍ കരുതി. എന്നാല്‍, അതിന് എത്ര സമയമെടുക്കുമെന്ന് പറയാന്‍ അദ്ദേഹത്തിനായില്ല. കമ്യൂണിസ്റ്റ് ഭരണത്തിന്‍കീഴിലുള്ള പുതിയ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചു പഠിക്കാനാണ് ടാഗോര്‍ റഷ്യ സന്ദര്‍ശിച്ചത്. പുതിയ അദ്ധ്യാപനരീതികള്‍ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. അവയെ തന്റെ എഴുത്തുകളിലുടനീളം അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. എങ്കിലും ''ജീവനുള്ള മനസ്സ് എന്ന തത്ത്വവുമായി പൊരുത്തപ്പെടാത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായം'' നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് തന്റെ ആദ്യ കത്തില്‍തന്നെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

പയനിയേഴ്സ് കമ്മ്യൂണ്‍

സോവിയറ്റ് വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ അതിശയിപ്പിച്ച ചില കാര്യങ്ങളെക്കുറിച്ച് ടാഗോര്‍ വാചാലനാകുന്നുണ്ട്. 1930  ഒക്ടോബര്‍ ഒന്നിന് ബെര്‍ലിനില്‍നിന്ന് എഴുതിയ തന്റെ അഞ്ചാമത്തെ കത്തില്‍ പയനിയേഴ്സ് കമ്മ്യൂണ്‍ എന്ന പഠനകേന്ദ്രത്തിലേക്കുള്ള തന്റെ സന്ദര്‍ശനത്തെക്കുറിച്ച് ടാഗോര്‍ വിവരിക്കുന്നുണ്ട്. അനാഥരായ കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. അവഗണനയുടേയും അസ്വസ്ഥതയുടേയും ലക്ഷണങ്ങളില്ലാതിരുന്ന അവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചോദ്യങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഉത്തരം നല്‍കുകയും ചെയ്തു. അവര്‍ 'ജീവനുള്ള പത്രങ്ങ'ളാണോ എന്നുപോലും അദ്ദേഹം സംശയിച്ചു. പഞ്ചവത്സരപദ്ധതി എന്നാലെന്തെന്ന് കുട്ടികളായ അവര്‍ പറയുന്നത് കേട്ട് അദ്ദേഹം അതിശയിച്ചു. തന്റെ ഏഴാമത്തെ കത്തില്‍ സോവിയറ്റുകള്‍ മ്യൂസിയത്തെ ഒരു പെഡഗോഗിക്കല്‍ ഉപാധിയായി ഉപയോഗിക്കുന്നതിനെക്കുറിച്ച്  എഴുതിയപ്പോഴും അദ്ദേഹം വിമര്‍ശനത്തിന്റെ സ്വരം പുറത്തെടുത്തിരുന്നില്ല.

സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് റഷ്യന്‍ സമൂഹത്തില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നതായി അദ്ദേഹം കണ്ടെത്തി. 1930  സെപ്റ്റംബര്‍ 19-ന് എഴുതിയ തന്റെ രണ്ടാമത്തെ കത്തിലാണ് ടാഗോര്‍ ഇങ്ങനെ നിരീക്ഷിക്കുന്നത്. സമൂഹത്തിന്റെ സാമ്പത്തിക മുഖഛായ തന്നെ മാറ്റിമറിക്കപ്പെട്ടിരുന്നു. ദാരിദ്ര്യം എന്നത് അവിടെ അനഭിമതമായി മാറിക്കഴിഞ്ഞിരുന്നു. ആവശ്യങ്ങള്‍ മാത്രമാണ് നിലനിന്നിരുന്നത്. ജനങ്ങള്‍ തങ്ങളെത്തന്നെ തുല്യനിലയില്‍ കണ്ടെത്തുന്നു. ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വാഭാവികമായും ഉണ്ടായിരുന്നു. പക്ഷേ, അവ നിറവേറ്റപ്പെടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അത്തരത്തില്‍ സ്വാഭാവിക ദാരിദ്ര്യാവസ്ഥയെ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതിലൂടെ ദാരിദ്ര്യം അതിന്റെ സാമൂഹികാവസ്ഥയിലേക്ക് കടന്നിരുന്നില്ല. 1930  ഒക്ടോബര്‍ 1-ന് ബെര്‍ലിനില്‍ നിന്നെഴുതിയ തന്റെ അഞ്ചാമത്തെ കത്തില്‍ ടാഗോര്‍ സ്വകാര്യസ്വത്തിനെക്കുറിച്ചാണ് പറയുന്നത്. ''സ്വകാര്യസ്വത്ത്  ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ഭാഷയാണ്'' - അദ്ദേഹം എഴുതുന്നു: ''അത് അവ്വിധം വ്യക്തിത്വബന്ധിതം അല്ലായിരുന്നുവെങ്കില്‍ അഥവാ ഉപജീവനമാര്‍ഗ്ഗം നേടുന്നതിനുള്ള ഒരു കേവലോപാധി മാത്രമായിരുന്നുവെങ്കില്‍, സ്വകാര്യസ്വത്ത്  ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തില്ല  എന്ന വാദത്തിലൂടെ ഒരു വ്യക്തിയെ ബോധ്യപ്പെടുത്താന്‍ എളുപ്പമായിരുന്നു.''  സ്വകാര്യസ്വത്ത്  എന്നത് വ്യക്തിത്വത്തില്‍ അന്തര്‍ലീനമായതും സര്‍ഗ്ഗാത്മകവുമായ ഒന്നിന്റെ    ഭാഗവുമാണെന്നതാണ് ടാഗോറിന്റെ വാദം. 'അമിതമായ വ്യക്തിത്വചിന്ത' നിങ്ങള്‍ക്ക് പരിച്ഛേദിക്കാനാവുമെങ്കിലും സ്വകാര്യസ്വത്തിനായുള്ള ആഗ്രഹത്തെ നിഷേധിക്കാന്‍ നിങ്ങള്‍ക്കാവില്ലെന്ന് ടാഗോര്‍ വിശ്വസിക്കുന്നു. ആഗ്രഹങ്ങളുണ്ടാവുക  സ്വാഭാവികമാണ്.  അതുപോലെ, സ്വകാര്യസ്വത്തിനായുള്ള ആഗ്രഹവും സ്വാഭാവികമാണ്. ടാഗോര്‍ പറയുന്നതനുസരിച്ച്  'സമൂഹത്തിന്റെ പൊതുനന്മ' എന്നത് കണക്കിലെടുക്കുമ്പോഴും അതിന് പരിധിയുണ്ടാവേണ്ടതാണ്. ''അത്യാഗ്രഹം, വഞ്ചന, ക്രൂരത എന്നിവയിലേക്ക് വഴിമാറുന്നതരത്തിലുള്ള സ്വത്തിന്റെ കൈവശാവകാശം അനുവദിക്കാവുന്നതല്ല. മാത്രമല്ല, ബലപ്രയോഗത്തിലൂടെ സ്വത്ത് അപഹരിക്കരുത്.'' റൂസോയെപ്പോലെ ടാഗോറും സ്വകാര്യസ്വത്ത്  സ്വാഭാവികമായ യാഥാര്‍ത്ഥ്യമാണെന്നു വിശ്വസിക്കുന്നു. എന്നാല്‍, അത് സമൂഹത്തിന്റെ പൊതുനന്മയ്ക്കായി പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്.

ഐൻസ്റ്റീനൊപ്പം
ഐൻസ്റ്റീനൊപ്പം

സ്റ്റാലിന്‍ നിരോധിച്ച കത്ത്

1930  ഒക്ടോബര്‍ 1-ന് എഴുതിയ പതിമൂന്നാമത്തെ കത്ത് സ്റ്റാലിനെ അസ്വസ്ഥനാക്കിയതിന് കാരണമുണ്ട്. സോവിയറ്റ് ഭരണകൂടം അഴിച്ചുവിട്ട അക്രമത്തിന്റെ മാനസിക വേരുകള്‍ ആധുനിക മനുഷ്യനെ ഒരു വ്യക്തിയായി അംഗീകരിക്കുന്നതിലുള്ള പ്രത്യയശാസ്ത്രപരമായ വിസമ്മതത്തില്‍നിന്ന് ഉരുത്തിരിയുന്നതായാണ് ടാഗോര്‍ എഴുതുന്നത്. ''പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തില്‍ സോവിയറ്റുകള്‍ പ്രശ്നത്തെത്തന്നെ നിഷേധിക്കാനാണ് ശ്രമിച്ചത്. അതിനാല്‍ അക്രമത്തിന് അവസാനമില്ലായിരുന്നു.''  ടാഗോര്‍ വ്യക്തിക്ക് അനുകൂലമായാണ്  വാദിച്ചത്. വ്യക്തിയും സമൂഹവും തമ്മിലുള്ള ശരിയായ അതിര്‍ത്തി മായ്ച്ചുകളഞ്ഞ റഷ്യ ഫാസിസ്റ്റുകളില്‍നിന്ന് വ്യത്യസ്തമായിട്ടല്ല പെരുമാറിയതെന്ന് ടാഗോര്‍ വിശ്വസിക്കുന്നു. കൂട്ടായ ജീവിതത്തിന്റെ പേരില്‍ വ്യക്തിയെ അടിച്ചമര്‍ത്തുന്നത് വിശദീകരിക്കുക സോവിയറ്റ് ഭരണകൂടത്തിന് ബുദ്ധിമുട്ടാവുമെന്ന് ടാഗോര്‍ പറഞ്ഞു. ഇതേക്കുറിച്ച് പറയുമ്പോള്‍ റഷ്യയെ 'ചന്ദ്രന്റെ ആരും കാണാത്ത ഇരുണ്ട വശം' എന്നാണ് ടാഗോര്‍ വിശേഷിപ്പിച്ചത്. 1930  ഒക്ടോബര്‍ 5-ന് എഴുതിയ എട്ടാമത്തെ കത്തിലാണ് ഈ പരാമര്‍ശമുള്ളത്. ഇക്കാര്യത്തില്‍ സോവിയറ്റ് വിമതര്‍ ടാഗോറുമായി യോജിക്കുമായിരുന്നു. സോവിയറ്റ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനത്തിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭ്രാന്തിലേക്കാണ് എത്തപ്പെട്ടത്. ഇക്കാര്യത്തില്‍, ടാഗോര്‍ വളരെ ശ്രദ്ധേയമായ രണ്ട് വാദങ്ങള്‍ ഉന്നയിക്കുന്നു: ഒന്ന്, കമ്യൂണിസ്റ്റ് ഭരണകൂടം ഒരു വിചിത്രമായ തെറ്റ് ചെയ്തു: സാറിസ്റ്റ് സാമ്രാജ്യത്തിന്റെ ക്രൂരതകള്‍ കാണിക്കുന്നതിന് സിനിമാറ്റോഗ്രാഫിക് സങ്കേതങ്ങളെ ഉപയോഗിച്ചു. എന്നാല്‍, സമാനമായ നിഷ്‌കരുണനയം തന്നെയാണ് കമ്യൂണിസ്റ്റ് ഭരണകൂടവും സ്വീകരിച്ചത്. അണിയറയില്‍ നിന്നുകൊണ്ടുള്ള അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ, ഭരണകൂടങ്ങള്‍ ക്രൂരതയുടെ ചരിത്രം തന്നെയാണ് ആവര്‍ത്തിക്കുന്നത്.

ഭരണകൂട അക്രമങ്ങള്‍ക്കെതിരെ ടാഗോര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പ്രകൃതിയെക്കുറിച്ചുള്ള ചോദ്യത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു. മനുഷ്യന് സ്ഥിരമായ ഒരു പ്രകൃതം ഇല്ല. അത് മാറിക്കൊണ്ടിരിക്കുന്നതും മാറ്റങ്ങളുമായി സംവേദനപ്പെടുന്നതുമാണ്. ആധുനിക ലോകത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യന്റെ തന്നെ ചിന്തയും മനസ്സും ആധുനികമാവണമെന്നില്ല. അത്തരത്തില്‍ മനുഷ്യപ്രകൃതം സമയവുമായി പൊരുത്തപ്പെടുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവരാണ് പീഡനത്തില്‍ വിശ്വസിക്കുന്നത്. മനുഷ്യന്റെ സംവേദനക്ഷമതയില്‍ മാറ്റം വരുത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍, അതിനു സമയം നല്‍കേണ്ടത് ആവശ്യമാണ്. ''സിദ്ധാന്തം തയ്യാറായിക്കഴിഞ്ഞിരിക്കും, പക്ഷേ, അതുള്‍ക്കൊള്ളാനായി മനുഷ്യര്‍ മാനസികമായി തയ്യാറായിരിക്കണമെന്നില്ല'' - ടാഗോര്‍ പറയുന്നു. സൈദ്ധാന്തികതയ്ക്കെതിരായ ഒരു സുപ്രധാന പ്രസ്താവനയാണ് ഇത്. എന്നാല്‍, നിലവില്‍ സൈദ്ധാന്തികതയെ  ഒരു ശാസ്ത്രീയപദ്ധതിയായി കണക്കാക്കുകയും മനുഷ്യസമൂഹത്തിന്മേല്‍ പ്രായോഗിക ശാസ്ത്രമെന്നതരത്തില്‍ നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്. പുരാതന വിശ്വാസങ്ങളേയും ആചാരങ്ങളേയും വേരോടെ പിഴുതെറിയുന്ന തരത്തിലുള്ള വലിയ മാറ്റങ്ങളുടേതായ ഒരു 'പുതിയ യുഗം' സൃഷ്ടിക്കുന്നതിനെ ടാഗോര്‍ എതിര്‍ക്കുന്നില്ല. 

തന്റെ മൂന്നാമത്തെ കത്തില്‍ ടാഗോര്‍ 'പരമ്പരാഗതം' എന്നതിന്റെ അര്‍ത്ഥത്തെ വിമര്‍ശിക്കുന്നു. ''സുഖജീവിതത്തിന് പര്യാപ്തമായ വാസയിടങ്ങള്‍ അനവധിയുണ്ടെങ്കിലും അവയ്ക്കു മുന്നിലെല്ലാം ആയുധധാരികളായവര്‍ കാവല്‍നില്‍ക്കുന്നതിന് സമാനമായ സ്ഥിതിവിശേഷമാണത്'' - അദ്ദേഹം പറയുന്നു. അറിവിന്റേയും അധികാരത്തിന്റേയും വാതിലുകള്‍ ജാതിയുടേയും വര്‍ഗ്ഗത്തിന്റേയും തീട്ടൂരധാരികളായ കാവല്‍ക്കാര്‍ തടഞ്ഞിരിക്കുന്നു. സോവിയറ്റ് യൂണിയനില്‍ ഈ വാതിലുകള്‍ തകര്‍ന്നതില്‍ ടാഗോര്‍ ആവേശത്തിലായിരുന്നു. എന്തെങ്കിലും ചെയ്യുന്നതിലേക്ക് മനുഷ്യരെ നിര്‍ബ്ബന്ധിക്കുന്നതിനെക്കാള്‍ അവരെ അതിലേക്ക് ആകര്‍ഷിക്കുന്നതിനായുള്ള നടപടികളാണ് സ്വീകരിക്കപ്പെടേണ്ടതെന്ന് അദ്ദേഹം കരുതി. അനുനയത്തിന്റെ അരിസ്റ്റോട്ടിലിയന്‍ സമീപനത്തിനെയായിരുന്നു  ടാഗോര്‍ ഇഷ്ടപ്പെടുന്നതായി തോന്നിയിരുന്നത്. അക്രമമില്ലാതെ ആധുനിക വിപ്ലവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അസാധ്യമാണെന്നു കരുതുന്നവര്‍, അക്രമം അതു മൂലമുണ്ടാവുന്ന നേട്ടങ്ങളെ പരിമിതപ്പെടുത്തുമെന്ന സത്യം മനസ്സിലാക്കേണ്ടതുണ്ടെന്നും ടാഗോര്‍ എഴുതി. അവസാനം നേട്ടങ്ങളെല്ലാം ഇല്ലാതാവുകയും അക്രമം മാത്രം ശേഷിക്കുകയും ചെയ്യും. എന്നാല്‍, ടാഗോറിന്റെ ഈ മുന്നറിയിപ്പ് സ്റ്റാലിന്‍ അവഗണിച്ചു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം സ്വേച്ഛാധിപതികളേക്കാള്‍ മികച്ച ക്രാന്തദര്‍ശകരാണ് കവികള്‍ എന്ന് തെളിയിച്ചു.

ഒരു കമ്യൂണിസ്റ്റ് പരീക്ഷണമായിരുന്നു സോവിയറ്റ് യൂണിയന്‍. അത് ഒരു ഫാസിസ്റ്റ് പരീക്ഷണവുമായി എങ്ങനെയെല്ലാം വ്യത്യസ്തമായിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടാന്‍ പക്ഷേ, ടാഗോര്‍ മറക്കുന്നില്ല.  അധികാരപ്രമത്തത, അധികാരസ്ഥാനങ്ങളോടുള്ള അഭിനിവേശം എന്നിവയെ തടയാനാണ് സോവിയറ്റ് ഭരണകൂടം ശ്രമിച്ചത്. അതിനായാണ് അവര്‍ വ്യക്തിസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്.  പക്ഷേ, അതിലും എപ്പോഴായാലും അത് വീണ്ടെടുക്കാവുന്നതാണ് എന്നൊരു സാധ്യത അന്തര്‍ലീനമായിരുന്നു. മനുഷ്യനിലെ ആന്തരികശക്തിയെ നിരന്തരമായ പരിശീലനത്തിലൂടെയും ബോധ്യങ്ങളിലൂടെയും ഇടതടവില്ലാതെ പ്രോജ്ജ്വലിപ്പിക്കുക എന്നതിന് പൊതുവിദ്യാഭ്യാസത്തേയും സാംസ്‌കാരികമൂല്യങ്ങളേയും അവര്‍ ഉപയോഗപ്പെടുത്തി. ഫാസിസ്റ്റുകളെപ്പോലെ അവ നിരന്തരം അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിച്ചില്ല. സാംസ്‌കാരിക സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ് ഫാസിസം. സാമൂഹ്യമാറ്റത്തിനുള്ള സ്ഥിരനിക്ഷേപവും സമത്വചിന്തയ്ക്കായുള്ള നിര്‍ബ്ബന്ധിത മനോഭാവം നിരന്തരമായി ആവശ്യപ്പെടുന്നതുമാണ് വിദ്യാഭ്യാസം.  നയിക്കുന്നവരുടെ ഇച്ഛാശക്തിയും നയിക്കപ്പെടുന്നവരുടെ ഇച്ഛാശക്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. അവ പരസ്പരം അകന്നുനില്‍ക്കുമ്പോഴാണ് അവയെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിര്‍ബ്ബന്ധിത മനോഭാവങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നത്. അത്തരം നിര്‍ബ്ബന്ധങ്ങള്‍ക്ക് നമ്മള്‍ ഇപ്പോഴും സാക്ഷ്യം വഹിക്കുകയാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് റഷ്യയില്‍ നിന്നുള്ള ടാഗോറിന്റെ കത്തുകള്‍.

ടാ​ഗോ​ർ, 1941ലെ ചിത്രം
ടാ​ഗോ​ർ, 1941ലെ ചിത്രം

സൗമ്യേന്ദ്രനാഥ് എന്ന സഹയാത്രികന്‍

ടാഗോറിന്റെ റഷ്യാര്‍ ചിത്തി അഥവാ റഷ്യയില്‍നിന്നുള്ള കത്തുകള്‍ വിപ്ലവാനന്തര റഷ്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മതിപ്പിനു സാക്ഷ്യം വഹിക്കുന്നവയാണ്. അത്രയൊന്നും അറിയപ്പെടാത്തതും ഏറെ ശ്രദ്ധിക്കപ്പെടാത്തതുമായ കാര്യം, അദ്ദേഹം തനിച്ചായിരുന്നില്ല  റഷ്യ സന്ദര്‍ശിച്ചത് എന്നതാണ്. രവീന്ദ്രനാഥ് ടാഗോറിന്റെ ജ്യേഷ്ഠന്‍ ദ്വിജേന്ദ്രനാഥിന്റെ ചെറുമകന്‍ സൗമ്യേന്ദ്രനാഥും ഒപ്പമുണ്ടായിരുന്നു. അന്താരാഷ്ട്ര പ്രശസ്തി നേടിയ കമ്യൂണിസ്റ്റ് ബുദ്ധിജീവിയായിരുന്നു  ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ സൗമ്യേന്ദ്രനാഥ്. കോമിന്റേണ്‍ (Comintern)-ന്റെ ആറാമത് ലോക കോണ്‍ഗ്രസ്സില്‍ സൗമ്യേന്ദ്രനാഥാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ജര്‍മന്‍, ബ്രിട്ടീഷ്, ഇന്ത്യന്‍ സര്‍ക്കാരുകള്‍ ജയിലിലടച്ചു.  1934-ല്‍ കമ്യൂണിസ്റ്റ് ലീഗ് എന്ന പേരില്‍ സ്വന്തം രാഷ്ട്രീയപാര്‍ട്ടി സ്ഥാപിച്ചു. അത് പിന്നീട് ആര്‍.സി.പി.ഐ (RCPI) ആയി. പക്ഷേ, രവീന്ദ്രനാഥ ടാഗോര്‍ മാത്രമേ തന്റെ റഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് കത്തുകള്‍ എഴുതിയുള്ളൂ. അവ അദ്ദേഹം തന്റെ ചില സുഹൃത്തുക്കള്‍ക്കും പ്രമുഖര്‍ക്കും അയച്ചു. രതിന്ദ്രനാഥ ടാഗോര്‍ (മകന്‍), പ്രസന്തചന്ദ്ര മഹലനബിസ്, നിര്‍മ്മല്‍കുമാരി മഹലനബിസ്, സുരേന്ദ്രനാഥ് കാര്‍, സുധീന്ദ്രനാഥ് ദത്ത, നന്ദലാല്‍ ബസു, രാമാനന്ദ ചട്ടോപാധ്യായ, കലിമോഹന്‍ ഘോഷ് തുടങ്ങിയവര്‍  അവരില്‍ ഉള്‍പ്പെടുന്നു. 

ഈ കത്തുകള്‍ പിന്നീട് സമാഹരിക്കപ്പെടുകയും പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമാവുകയും ചെയ്തു. അതേസമയം സൗമ്യേന്ദ്രനാഥ്  തന്റെ റഷ്യന്‍ സന്ദര്‍ശനത്തെ  ആത്മകഥയുടെ ഭാഗമാക്കുകയാണ് ചെയ്തത്. പദയാത്രികന്‍ എന്നര്‍ത്ഥം വരുന്ന ജാത്രി എന്ന പേരിലായിരുന്നു അത് പ്രസിദ്ധീകരിക്കപ്പെട്ടത്, 1956-ല്‍. സംഭവബഹുലമായ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം പക്ഷേ, ആത്മകഥയുടെ ഗണ്യമായ ഒരു ഭാഗം റഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് പറയാനായി മാറ്റിവെച്ചിരുന്നു. വിപ്ലവാനന്തര റഷ്യ സന്ദര്‍ശിക്കാന്‍ ടാഗോര്‍ ആഗ്രഹിച്ചിരുന്നു. സോവിയറ്റ് യൂണിയനിലെ വിദ്യാഭ്യാസത്തിന്റെ സാര്‍വജനീനതയും അതിന്റെ ഫലങ്ങളുമാണ് അദ്ദേഹം പ്രാഥമികമായി മനസ്സിലാക്കാന്‍ ആഗ്രഹിച്ചത്. മോസ്‌കോയില്‍നിന്നുള്ള തന്റെ ആദ്യ കത്തിന്റെ ആദ്യവരിയായി അദ്ദേഹം ഇങ്ങനെ എഴുതി: ''അവസാനം റഷ്യയില്‍! ഏങ്ങോട്ടുള്ള നോട്ടവും എന്നില്‍ അത്ഭുതം നിറയ്ക്കുന്നു. മറ്റേതൊരു രാജ്യവും പോലെയല്ല ഇത്. എല്ലാത്തരത്തിലും അത് വ്യത്യസ്തമാണ്. സമൂഹത്തിന്റെ ഏതുതലത്തിലും അവര്‍ ഭേദഭാവമില്ലാതെ എല്ലാവരേയും ഉന്നമിപ്പിക്കാന്‍ ശ്രമിക്കുന്നു'' (In Russia at last! Whichever way I look, I am filled with wonder. It is unlike any other country. It is radically different. From top to bottom they are rousing everybody up without distinction).  

സൗമ്യേന്ദ്രനാഥിന്റെ കാര്യം പക്ഷേ, വ്യത്യസ്തമായിരുന്നു. ടാഗോറിയന്‍ സാംസ്‌കാരികാന്തരീക്ഷത്തില്‍ ജനിച്ച അദ്ദേഹത്തിന് തുടക്കത്തില്‍ മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ആഹ്വാനവും പ്രചോദനമായിരുന്നു. എന്നാല്‍, ഗാന്ധിസവുമായുള്ള പ്രണയത്തിന്റെ ഒരു ചെറിയ കാലയളവിനു ശേഷം സൗമ്യേന്ദ്രനാഥിന്റെ മനസ്സില്‍ സോഷ്യലിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഗാന്ധിസം പരാജയപ്പെട്ടതായിരുന്നു കാരണം. 1927-ല്‍തന്നെ അദ്ദേഹം റഷ്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.  ലെനിന്‍, ട്രോട്സ്‌കി എന്നിവരുടെ സമകാലികനായിരുന്ന  നിക്കോളായ് ബുഖാരിനില്‍നിന്നും കമ്യൂണിസത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും മാര്‍ക്സ് ഏംഗല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 'ലെനിന്‍ കോഴ്സി'ല്‍ പ്രവേശനം നേടുകയും റഷ്യന്‍ ഭാഷ നന്നായി പഠിക്കുകയും ചെയ്തു. അതുകൊണ്ട് സ്റ്റാലിനിസ്റ്റ് റഷ്യയില്‍പോലും സൗമ്യേന്ദ്രനാഥ് തന്റെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ മടിച്ചില്ല. 1928-ല്‍ മോസ്‌കോയില്‍ നടന്ന കോമിന്റേണിന്റെ (കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍) ആറാമത്തെ ലോക കോണ്‍ഗ്രസ്സില്‍ അദ്ദേഹം ബുഖാറിനുമായി ചര്‍ച്ച നടത്തി. തൊഴിലാളിവര്‍ഗ്ഗ സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മാക്സിം ഗോര്‍ക്കിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനൊക്കെയും ശേഷം തിരിച്ച് ഇന്ത്യയിലെത്തിയ ശേഷമാണ് അദ്ദേഹം രവീന്ദ്രനാഥ ടാഗോറിനൊപ്പം 1930-ല്‍ വീണ്ടും റഷ്യയിലെത്തുന്നത്. അതിനാല്‍ സൗമ്യേന്ദ്രനാഥിന്റെ കാഴ്ചപ്പാടുകള്‍ രവീന്ദ്രനാഥിന്റെ കാഴ്ചപ്പാടുകളില്‍നിന്നും പാടേ വ്യത്യസ്തമായിരുന്നു. ഒരു രാഷ്ട്രീയ സൈദ്ധാന്തികനായിരുന്ന സൗമ്യേന്ദ്രനാഥ് റഷ്യയുടെ രാഷ്ട്രീയസ്ഥിതി ആകെ കുഴഞ്ഞുമറിഞ്ഞപ്പോള്‍ അവിടുത്തെ തെരുവുകളില്‍ അന്തിയുറങ്ങുകയും ചെയ്ത ഒരാളായിരുന്നു.  അതുകൊണ്ട് റഷ്യന്‍ വിപ്ലവം എന്തുകൊണ്ടാണ് അനിവാര്യമായിത്തീര്‍ന്നത് എന്നതു സംബന്ധിച്ച് അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അതേസമയം വെറുമൊരു സഞ്ചാരിയായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. പ്രശസ്തനായ ഒരു വിശിഷ്ടാതിഥിയായിരുന്നു റഷ്യയില്‍ അദ്ദേഹം. എന്നാല്‍, റഷ്യന്‍ വിപ്ലവകാരികളിലൊരാളായിരുന്നു സൗമ്യേന്ദ്രനാഥ്, പ്രവര്‍ത്തനം കൊണ്ടും പരിചയം കൊണ്ടും.

പ്രായവ്യത്യാസമുണ്ടായിട്ടും രവീന്ദ്രനാഥ ടാഗോറും സൗമ്യേന്ദ്രനാഥും പരസ്പരം സ്വാധീനിച്ചു. 1861-ലായിരുന്നു രവീന്ദ്രനാഥ ടാഗോറിന്റെ ജനനം. സൗമ്യേന്ദ്രനാഥിന്റേത് 1901-ലും. സൗമ്യേന്ദ്രനാഥിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, രവീന്ദ്രനാഥ ടാഗോറിന്റെ ആത്മപ്രകാശവും ആത്മീയസുഗന്ധവും നിറഞ്ഞുനിന്നിരുന്ന ജോമസങ്കോതാക്കുബാരിയിലാണ് അദ്ദേഹം ജനിച്ചത്. രവീന്ദ്രനാഥ ടാഗോറിന്റെ കവിതകളും ഗാനങ്ങളും പ്രസംഗങ്ങളും കേട്ടാണ് അദ്ദേഹം വളര്‍ന്നത്.  അവയാണ് സൗമ്യേന്ദ്രനാഥിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ഒരു ജ്യേഷ്ഠനെന്ന നിലയില്‍, വളരെ അകലെനിന്ന് മാത്രമാണ് ടാഗോറെന്ന പൊതുവ്യക്തിത്വത്തെ സൗമ്യേന്ദ്രനാഥിനു നോക്കിക്കാണാന്‍ കഴിഞ്ഞത്. ചില സമയങ്ങളില്‍പോലും ഒരു മടിയും കൂടാതെ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പോലും സൗമ്യേന്ദ്രനാഥ് തയ്യാറായിരുന്നു. ജീവിതത്തില്‍ അവര്‍ രണ്ട് വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ചു. 1933  നവംബര്‍ 1-ന് ടാഗോറിന് സൗമ്യേന്ദ്രനാഥ് എഴുതിയ കത്ത് നാസിസത്തെ പിന്തുണച്ചതിന് അദ്ദേഹത്തെ നിശിതമായി വിമര്‍ശിക്കുന്നതാണ്. ജര്‍മന്‍ വൈസ് കോണ്‍സല്‍  ശാന്തിനികേതനില്‍ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് രവീന്ദ്രനാഥ ടാഗോര്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇറ്റാലിയന്‍ ഫാസിസത്തെ എതിര്‍ക്കുന്നുവെന്നും എന്നാല്‍ ജര്‍മന്‍ നാസിസത്തെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞ  ടാഗോറിന്റെ നിലപാടിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. സൗമ്യേന്ദ്രനാഥിന്റെ അഭിപ്രായത്തില്‍ ഇവ രണ്ടും ഒന്നായിരുന്നു. രവീന്ദ്രനാഥ ടാഗോറിനോട് അത് ചെയ്യാന്‍ ധൈര്യമുള്ള ചുരുക്കം ചിലരില്‍ ഒരാളായിരുന്നു സൗമ്യേന്ദ്രനാഥ്.

സോവിയറ്റ് ചിത്രകാരൻമാരുമായി സംസാരിക്കുന്ന ടാ​ഗോർ
സോവിയറ്റ് ചിത്രകാരൻമാരുമായി സംസാരിക്കുന്ന ടാ​ഗോർ

ടാഗോര്‍ കാണാത്ത യസ്നയ പോളിയാന

ഹ്രസ്വമായിരുന്നു, രവീന്ദ്രനാഥിന്റെ റഷ്യന്‍ സന്ദര്‍ശനം. പതിന്നാല് ദിവസം  മാത്രമായിരുന്നു അതിന്റെ ദൈര്‍ഘ്യം: 1930  സെപ്റ്റംബര്‍ 11 മുതല്‍ 1930 സെപ്റ്റംബര്‍ 25 വരെ. അതിനിടെ ഒരു വലിയ സാഹിത്യകാരനേയോ രാഷ്ട്രീയ നേതാവിനേയോ അദ്ദേഹം കണ്ടുമുട്ടിയില്ല, മോസ്‌കോയ്ക്ക് പുറത്ത് എവിടെയും പോയില്ല. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മഹാനഗരവും ലോകപ്രശസ്തമായ ഹെര്‍മിറ്റേജ് മ്യൂസിയവും പോലും കാണാന്‍ അദ്ദേഹം താല്പര്യപ്പെട്ടില്ല. ടോള്‍സ്റ്റോയിയുടെ ജന്മഗൃഹവും പിന്നീട് ഒരു മ്യൂസിയമായി പുനഃസംവിധാനം ചെയ്യപ്പെടുകയും ചെയ്ത 'യസ്നയ പോളിയാന' അദ്ദേഹം താമസിച്ചിരുന്നിടത്തുനിന്നും 200 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. എന്നാല്‍, അവിടെ പോകാനും അദ്ദേഹം താല്പര്യം കാട്ടിയില്ല. കാരണം സോവിയറ്റ് അധികാരികള്‍ തന്നെ കാണിക്കുന്നത് അവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ കാഴ്ചകളായിരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.  പക്ഷേ, ടാഗോര്‍ അത്തരത്തിലുള്ള ഒരു പര്യടനമല്ല ആഗ്രഹിച്ചത്, പര്യവേക്ഷണമായിരുന്നു. റഷ്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ അടങ്ങിയ ഭാഗങ്ങള്‍ കര്‍ശനമായി എഡിറ്റു ചെയ്യപ്പെട്ടുവെങ്കിലും റഷ്യയില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിച്ചില്ല. 1986-ല്‍  മാത്രമാണ് എഡിറ്റു ചെയ്യപ്പെട്ട ഭാഗങ്ങള്‍ റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. മോസ്‌കോയില്‍നിന്ന് പുറപ്പെടുന്നതിനു മുന്‍പ് പ്രശസ്ത റഷ്യന്‍ പത്രമായ ഇസ്വെസ്റ്റിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടാഗോര്‍ പറഞ്ഞിരുന്നു: ''നിങ്ങള്‍ ഏറ്റെടുത്ത മഹത്തായ ദൗത്യത്തില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉള്ളതായി ഞാന്‍ കാണുന്നു. അത് നിങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു വിരുദ്ധമായ ചില മനോഭാവങ്ങള്‍ വളര്‍ന്നുവരാനിടയാക്കും...'' അത് വായിച്ച റഷ്യയിലെ പുതിയ തലമുറ അദ്ദേഹത്തിന്റെ വിശകലനത്തിന്റേയും പ്രവചനത്തിന്റേയും കൃത്യത കണ്ട് അതിശയിച്ചു.

ടാഗോര്‍ എഴുതി: ''ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളായി കരുതുന്നവര്‍ക്കെതിരെ നിങ്ങള്‍ കോപം, വര്‍ഗ്ഗവിദ്വേഷം, പ്രതികാരചിന്ത എന്നിവ വളര്‍ത്തിയെടുക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കീഴിലുള്ളവരെ അങ്ങനെയാണ് പരിശീലിപ്പിക്കുന്നത്. മനുഷ്യരാശിക്കുവേണ്ടിയെങ്കിലും നിങ്ങള്‍ ഇത് ചെയ്യരുത് എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ സൃഷ്ടിക്കുന്ന ഈ അക്രമശക്തി നിരന്തരമായ അക്രമങ്ങളുടേയും ക്രൂരതയുടേയും ശൃംഖല നെയ്തെടുക്കും. ഈ ക്രൂരതയുടെ പാരമ്പര്യത്തിന്റെ ഭൂരിഭാഗവും നിങ്ങള്‍ക്ക് സാറിസ്റ്റ് ഭരണകൂടത്തില്‍നിന്നും ലഭിച്ചതാണ്. നിങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന ഏറ്റവും മോശപ്പെട്ട പാരമ്പര്യമാണിത്. സാറിസ്റ്റ് ഭരണകൂടത്തിന്റെ മറ്റ് പല തിന്മകളേയും നശിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിച്ചു. പക്ഷേ, എന്തുകൊണ്ട് ഈ ക്രൂരതയേയും നശിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കാത്തതെന്താണ്...? ''അദ്ദേഹം ചോദിക്കുന്നു. സോവിയറ്റ് വ്യവസ്ഥയുടെ മറ്റ് നേട്ടങ്ങളോടുള്ള അദ്ദേഹത്തിന്റെ ആദരവ് മറ്റ് എഴുത്തുകളില്‍ പ്രകടമായിരുന്നുവെങ്കിലും ക്രൂരത പരിശീലിപ്പിക്കുന്നു'' എന്ന പരാമര്‍ശം സ്റ്റാലിന് ക്ഷമിക്കാവുന്നതിലും അപ്പുറമായിരുന്നു. അക്കാരണത്താല്‍തന്നെ അത് ഇസ്വെസ്റ്റിയയില്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഏതാനും ആഴ്ചകള്‍ക്കുശേഷം 1930  ഒക്ടോബര്‍ 30-ന് ടാഗോര്‍ അമേരിക്കയിലായിരുന്നപ്പോള്‍ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ അത് പ്രസിദ്ധീകരിച്ചു, ഇംഗ്ലീഷില്‍.

നെഹ്റുവിനൊപ്പം
നെഹ്റുവിനൊപ്പം

കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിസം

അതേസമയം 'ജാത്രി'യില്‍, സ്റ്റാലിനിസ്റ്റ് റഷ്യയെക്കുറിച്ചുള്ള തന്റെ അനുഭവത്തെ സൗമ്യേന്ദ്രനാഥ് ഭയാനകമായ വിശദാംശങ്ങളില്‍ വിവരിച്ചു. അത് വായിക്കുന്ന ഒരാള്‍ക്ക് അതൊരു പൊളിറ്റിക്കല്‍ ത്രില്ലറോ ഹൊറര്‍ സിനിമയുടെ തിരക്കഥയോ ആയി തോന്നുമായിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍, ഗ്രൂപ്പിസം മൂലമുള്ള പ്രതിസന്ധികള്‍, ഗൂഢാലോചനകള്‍; രാഷ്ട്രീയ കൊലപാതകങ്ങള്‍, പ്രവാസികള്‍, രഹസ്യ കൊലപാതകങ്ങള്‍, കോമിന്റേണിലെ പ്രതിനിധികളുടെ ആഭ്യന്തരപ്രശ്നങ്ങള്‍ തുടങ്ങിയവ 'ജാത്രി'യുടെ ഭൂരിഭാഗം പേജുകളും അപഹരിക്കുന്നു. ചില ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ അറിയപ്പെടാത്ത മുഖങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എങ്കിലും ഇതൊരു വിരസമായ പുസ്തകമല്ല. മനോഹരമായ അദ്ധ്യായങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. പക്ഷേ, അടിസ്ഥാനഭാവം തീപ്പറ്റലവസാനിക്കാത്ത പൊള്ളുന്ന കരിക്കട്ടയുടേതായിരുന്നു.

കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിസത്തിന്റെ പ്രതീകമെന്ന നിലയില്‍ സ്റ്റാലിന്‍ ഭരണകൂടം പ്രചരിപ്പിക്കുകയും നിര്‍ബ്ബന്ധിക്കുകയും ചെയ്ത 'റഷ്യന്‍ദേശീയത' അംഗീകരിക്കാന്‍ സൗമ്യേന്ദ്രനാഥ് തയ്യാറായിരുന്നില്ല. ടാഗോറിനെപ്പോലെ തന്റെ റഷ്യന്‍ അനുഭവത്തെ ഒരു  തീര്‍ത്ഥാടകനെപ്പോലെ നോക്കിക്കാണാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സൗമ്യേന്ദ്രനാഥ് റഷ്യയില്‍നിന്നും ഒന്നും പഠിച്ചിട്ടില്ലെന്ന് കരുതേണ്ടതില്ല. എന്നാല്‍, ചിന്തയിലും സംസാരത്തിലും പ്രവര്‍ത്തനത്തിലും വിട്ടുവീഴ്ച ചെയ്യാത്തതിന് അദ്ദേഹത്തിന് പലപ്പോഴും കനത്ത വില നല്‍കേണ്ടിവന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്ന ആര്‍.സി.പി.ഐ ഒരിക്കലും അതിന്റെ വലിയ ഇന്ത്യന്‍ സഹോദരങ്ങളായ സി.പി.ഐ, സി.പി.ഐ(എം) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു രാഷ്ട്രീയ സംഘടനയെന്ന നിലയില്‍ വിജയിച്ചില്ല. സോവിയറ്റ് ഭരണകൂടവും സൗമ്യേന്ദ്രനാഥിന്റെ ഓര്‍മ്മകള്‍ കഴിയുന്നത്രയും മായ്ച്ചുകളയാന്‍ ശ്രമിച്ചു. 1985-ല്‍ പ്രസിദ്ധീകരിച്ച ട്രെഡിഷന്‍സ് ഓഫ് ഗ്രേറ്റ് ഫ്രണ്ട്ഷിപ്പ് എന്ന പുസ്തകത്തില്‍ എഴുത്തുകാരായ യെവ്ജെനി ചെലിഷെവ്, അലക്സി ലിറ്റ്മാന്‍ (Yevgeni Chelyshev and Alexei Litman)  എന്നിവര്‍ ഇങ്ങനെ എഴുതുന്നു: ''യാത്രയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ സോവിയറ്റ് യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ ആഴത്തില്‍ അറിയാന്‍ ടാഗോറിനെ വളരെയധികം സഹായിച്ചു: അദ്ദേഹത്തിന്റെ സെക്രട്ടറിമാരായ ആര്യനായകം, അമിയ ചക്രവര്‍ത്തി, സുഹൃത്ത് ഹാരി ടിമ്പേഴ്സ്, ഐന്‍സ്റ്റൈന്റെ മകള്‍ മാര്‍ഗോട്ട് ഐന്‍സ്റ്റൈന്‍ എന്നിവര്‍'' (Chelyshev, Yevgeni and Litman, Alexei (1985) Radgua Publications, Moscow, Page 188).  

സൗമ്യേന്ദ്രനാഥിന്റെ ശ്രമഫലമായി, 1937-ല്‍ ഫാസിസ്റ്റ്വിരുദ്ധ യുദ്ധവിരുദ്ധ ലീഗ് (League against Fascism and War)  എന്ന സംഘടന രൂപീകൃതമായപ്പോള്‍ അതിന്റെ പ്രസിഡന്റായത് ടാഗോറായിരുന്നു. അദ്ദേഹം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.  സൗമ്യേന്ദ്രനാഥ് ജനറല്‍ സെക്രട്ടറിയും. പ്രൊഫ. കെ.ടി. ഷാ, ജയപ്രകാശ് നാരായണന്‍, എസ്.എ. ഡാംഗെ തുടങ്ങിയവര്‍ ഈ ഫാസിസ്റ്റ്വിരുദ്ധ സംഘടനയിലെ അംഗങ്ങളായിരുന്നു. വാസ്തവത്തില്‍, 1930-കള്‍ മുതല്‍ക്കേ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തുകയും എഴുതുകയും ആളുകളെ സംഘടിപ്പിക്കുകയും ചെയ്ത ഏക കമ്യൂണിസ്റ്റായിരുന്നു സൗമ്യേന്ദ്രനാഥ്. ഒരിക്കല്‍, ലോകസാഹിത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, സോവിയറ്റ് റഷ്യയില്‍ റോമൈന്‍ റോളണ്ട്, രവീന്ദ്രനാഥ ടാഗോര്‍, തോമസ് മന്‍ തുടങ്ങിയവരുടെ നിലവാരത്തിനു തുല്യമായ ഒരു എഴുത്തുകാരന്‍പോലും ഇല്ലെന്ന് അദ്ദേഹം വ്യക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സൗമ്യേന്ദ്രനാഥിന്റെ റഷ്യന്‍ സുഹൃത്തുക്കള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം  റോമൈന്‍ റോളണ്ട്, ടാഗോര്‍, തോമസ് മന്‍ തുടങ്ങിയവര്‍ ബൂര്‍ഷ്വാ സംസ്‌കാരത്തെ ഉദ്ഘോഷിക്കുന്നവരായിരുന്നു. അവരുടെ കൃതികള്‍ ബൂര്‍ഷ്വാസാഹിത്യമായിരുന്നു. ഡെമിയന്‍ ബെഡ്നി (Demyan Bedny)യെന്ന സോവിയറ്റ് കവിയെപ്പോലെയുള്ളവരെയാണ്  അവര്‍ മികച്ച കവികളായി കണക്കാക്കിയിരുന്നത്. സൗമ്യേന്ദ്രനാഥാകട്ടെ, അവരെ മുദ്രാവാക്യക്കവികള്‍, പോസ്റ്ററെഴുത്തുകാര്‍ എന്നൊക്കെ വിളിക്കാനാണ് താല്പര്യപ്പെട്ടത്. ഇന്നത്തെ ലോകമല്ല അന്നത്തേതെന്നോര്‍ക്കണം. എങ്കിലും ഒരിക്കല്‍ മാത്രമല്ല, നിരവധി അവസരങ്ങളില്‍ അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയും പ്രശ്നങ്ങളില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

സൗമ്യേന്ദ്രനാഥ ടാഗോര്‍
സൗമ്യേന്ദ്രനാഥ ടാഗോര്‍

നെഹ്റുവിന്റെ യുവസഖാവ്

സൗമ്യേന്ദ്രനാഥിനെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്റു എഴുതി: ''ഗാന്ധിയോടുള്ള തന്റെ എതിര്‍പ്പിനെ എപ്പോഴും നിലനിര്‍ത്തുന്ന സൗമ്യേന്ദ്രനാഥ ടാഗോര്‍ ഇന്ത്യയിലെ നമ്മുടെ യുവസഖാക്കളില്‍ ഒരാളാണ്, ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാള്‍. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന അദ്ദേഹം പറയുന്നതോ എഴുതുന്നതോ ആയ ഏതൊരു കാര്യവും ശ്രദ്ധ അര്‍ഹിക്കുന്നു.'' 1934 ഏപ്രില്‍ 4-ന് മഹാത്മാഗാന്ധിക്ക് അയച്ച കത്തില്‍ റോമൈന്‍ റോളണ്ട് സൗമ്യേന്ദ്രനാഥിനെക്കുറിച്ച് ഇങ്ങനെ എഴുതി: ''ഈ ചെറുപ്പക്കാരന്‍ അങ്ങയുടെ ആശയങ്ങളോട് ശത്രുത പുലര്‍ത്തുന്നു. എന്നാല്‍, ആ ശത്രുതയില്‍ അങ്ങയോടുള്ള ചിരകാലസ്നേഹം ഏറെയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ കഷ്ടപ്പാടുകളില്‍ വികാരാധീനനാവുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയോട് ആദ്യം സഹതപിക്കുക, പിന്നെ ബഹുമാനിക്കുക. അങ്ങ് അദ്ദേഹത്തെ നേരില്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സൗമ്യേന്ദ്രനാഥ് ഒരു കര്‍മ്മശക്തിയാണ്. ആദര്‍ശധീരതയും നിര്‍മ്മലതയുമാണ്. എന്തുതരത്തിലുള്ള ത്യാഗത്തിനും അദ്ദേഹം ഒരുക്കമാണ്. അങ്ങ് അദ്ദേഹവുമായി അനുരഞ്ജനം നടത്തിയാല്‍ അദ്ദേഹത്തെ നിങ്ങള്‍ക്കൊപ്പം തന്നെ എത്തിക്കാനാവുമെന്ന് ഞാന്‍ കരുതുന്നു.

കൊല്‍ക്കത്തയിലെ പ്രശസ്തമായ പ്രസിഡന്‍സി കോളേജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ സൗമ്യേന്ദ്രനാഥ് നല്ല ഗായകനും വിവര്‍ത്തകനും സാഹിത്യം, കല, സംഗീതം എന്നിവയില്‍ തല്പരനുമായിരുന്നു. ഒരു രാഷ്ട്രീയ സൈദ്ധാന്തികനില്‍ അപൂര്‍വ്വമായി കണ്ടെത്താന്‍ കഴിയുന്ന ഒന്ന്. അദ്ദേഹം ഒരു മികച്ച പ്രാസംഗികനായിരുന്നു; ബംഗ്ലാ, ഇംഗ്ലീഷ്, ഹിന്ദി, റഷ്യന്‍, ജര്‍മന്‍ ഭാഷകളില്‍ പ്രസംഗിച്ചു. കാളിദാസനെ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ സംസ്‌കൃതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം പ്രതിഫലിച്ചു കാണാനാവും. എന്നിരുന്നാലും കാളിദാസനെക്കുറിച്ചുള്ള സൗമ്യേന്ദ്രനാഥിന്റെ വ്യതിരിക്തമായ വീക്ഷണം ചില വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയുണ്ടായി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ ആദ്യമായി ബംഗ്ലായിലേക്ക് വിവര്‍ത്തനം ചെയ്തത് സൗമ്യേന്ദ്രനാഥായിരുന്നു. 1915-ല്‍ ഗണവാനി മാസിക അത് പ്രസിദ്ധീകരിച്ചു. 'കമ്യൂണിസ്റ്റ് ഇന്റര്‍നാഷണ'ലിന്റെ ഗാനം ബംഗ്ലായിലേക്ക് വിവര്‍ത്തനം ചെയ്തതും സൗമ്യേന്ദ്രനാഥായിരുന്നു. എണ്‍പതോളം ബംഗ്ലാ, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ സൗമ്യേന്ദ്രനാഥിന്റേതായുണ്ട്. ഹിന്ദി, റഷ്യന്‍, ജര്‍മന്‍, ഫ്രെഞ്ച് എന്നിവയുള്‍പ്പെടെ മറ്റ് ഭാഷകളിലെ പ്രസിദ്ധീകരണങ്ങളുടെ എണ്ണം ഇതുവരെ കൃത്യമായി നിര്‍ണ്ണയിക്കാനായിട്ടില്ല. രവീന്ദ്രസംഗീതത്തിലുള്ള പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 1949-ല്‍ ബൈതാനിക് (Baitanik)  എന്ന പേരില്‍ ഒരു സംഘടന സൗമ്യേന്ദ്രനാഥ് സ്ഥാപിച്ചു. 1965-ല്‍ സ്ഥാപിതമായ ടാഗോര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു സൗമ്യേന്ദ്രനാഥ്. 

പ്രധാനമായും സൗമ്യേന്ദ്രനാഥിന്റെ സ്വാധീനമാണ് രവീന്ദ്രനാഥ ടാഗോറിന് റഷ്യ, കമ്യൂണിസം, സോവിയറ്റ് നവോത്ഥാനം എന്നിവയില്‍ താല്പര്യം തോന്നാന്‍ കാരണം. അതിനാല്‍, സോവിയറ്റ് യൂണിയനിലേക്ക് യാത്ര ചെയ്യുമ്പോള്‍ രവീന്ദ്രനാഥ ടാഗോര്‍, സൗമ്യേന്ദ്രനാഥിനെ ഒപ്പം കൂട്ടിയതില്‍ അതിശയിക്കാനില്ല. എന്നാല്‍ അതിനുശേഷം, രവീന്ദ്രനാഥ ടാഗോറിന്റെ 'റഷ്യയില്‍നിന്നുള്ള കത്തുക'ളുടെ എഡിറ്റ് ചെയ്ത പതിപ്പ് രാഷ്ട്രീയ-സാംസ്‌കാരിക-സൈനിക- വ്യാവസായിക മേഖലകളില്‍ ഇന്തോ-സോവിയറ്റ് ബന്ധം വികസിപ്പിക്കുന്നതിനുള്ള മികച്ച ദൃഷ്ടാന്തങ്ങളിലൊന്നായി ഉപയോഗിക്കപ്പെട്ടപ്പോള്‍പ്പോലും സൗമ്യേന്ദ്രനാഥിനെ ഇരുപക്ഷവും മന:പൂര്‍വ്വം വിസ്മൃതിയിലാക്കി. മുഖ്യധാരാ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ പോലും അദ്ദേഹത്തിന്റെ പേര് ഒരിക്കലും പരാമര്‍ശിച്ചില്ല, അഥവാ അങ്ങനെ ചെയ്യേണ്ടിവരുമ്പോള്‍തന്നെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. 

വളരെ പ്രധാനപ്പെട്ട കാര്യം, അവര്‍ രണ്ടുപേരും അവരുടെ ഇന്ത്യന്‍ സ്വത്വത്തെ പ്രതിനിധീകരിക്കുന്നവരായിരുന്നു എന്നതാണ്. മാതൃരാജ്യത്തേയും അവിടുത്തെ ജനങ്ങളേയും വ്യതിരിക്തമായ മാര്‍ഗ്ഗങ്ങളിലൂടെ മോചിപ്പിക്കുക എന്നതായിരുന്നു ഇരുവരും അവരുടെ ആജീവനാന്ത ദൗത്യമായി ഏറ്റെടുത്തിരുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതന്‍, ശ്രീനികേതന്‍ എന്നിവയും 1917-ല്‍, അത്തരമൊരു ആശയം പോലും അപരിചിതമായിരുന്ന കാലത്ത് സഹകരണസ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍; സൗമ്യേന്ദ്രനാഥിന്റെ ഗണവാണി, ബൈതാനിക്, ആര്‍.സി.പി.ഐ എന്നിവ ഇതിന് ഉദാഹരണങ്ങളാവുന്നു. ഇക്കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അവര്‍ അന്തര്‍ദ്ദേശീയ വാദികള്‍ എന്ന് പറയാവുന്നതിലേറെ ദേശീയവാദികളായിരുന്നു. ഇന്റര്‍നാഷണലിസത്തെക്കാള്‍ വേരുബലമുള്ളതായിരുന്നു ടാഗോറിന്റെ മാനവികതയും സൗമ്യേന്ദ്രനാഥിന്റെ കമ്യൂണിസവും. രണ്ടും ഒരുതരം ഇന്റര്‍നാഷണലിസമായി  കണക്കാക്കപ്പെടുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടി അവര്‍ ചെയ്തത് ആദ്യം അവരെ ദേശീയവാദികളാണാക്കുന്നത്. അതേസമയം അവരുടെ ദേശീയബോധം അവര്‍ പ്രകടിപ്പിച്ച അന്താരാഷ്ട്ര വാദത്തെ/ ഇന്റര്‍നാഷണലിസത്തെ പ്രതിലോമകരമായി സ്വാധീനിച്ചിരുന്നില്ല. അന്തര്‍ദ്ദേശീയ വാദത്തേയും ദേശീയവാദത്തേയും ഒരേ ആവാസവ്യവസ്ഥയുടെ, ബൃഹത്തായ ഒരു ജീവവ്യവസ്ഥയുടെ ഭാഗമായാണ് അവര്‍ കണക്കിലെടുത്തത്.

ഒരു കവിയും ഒരു വിപ്ലവരാഷ്ട്രീയക്കാരനും ഒരേ കാര്യം ഒരേ രീതിയില്‍ നേടാന്‍ ശ്രമിക്കില്ല  എന്നത് വിശദീകരണം ആവശ്യമില്ലാത്ത വസ്തുതയാണല്ലോ. ലോകത്തെ  മുഴുവനായും വിശ്വഭാരതി എന്ന ഒരു കൂടിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ടാഗോര്‍ പ്രത്യാശിച്ചു. ഇന്ത്യന്‍ സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഏറ്റവും വലിയ ഐക്കണായിരുന്നു വിശ്വഭാരതി എന്നത് സത്യവുമാണ്. അതേസമയം, ലോകത്തെവിടെയുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള തന്റെ അറിവില്‍നിന്നും അനുഭവത്തില്‍നിന്നുമുള്ള വിത്തുകള്‍ സൗമ്യേന്ദ്രനാഥ് ഇന്ത്യയില്‍ നട്ടുപിടിപ്പിക്കുകയും രാഷ്ട്രീയത്തിന്റേയും സംസ്‌കാരത്തിന്റേയും ആരോഗ്യകരമായ സമന്വയം നിലനിര്‍ത്തുകയും ചെയ്തു. ഇതെല്ലാം ഒരു പുതിയ ഇന്ത്യയുടെ സ്വത്വരാഷ്ട്രീയം രൂപപ്പെടുന്നതിനു സഹായകമായി. അവരിരുവരും സ്വപ്നം കണ്ടത് അവരുടെ ഇന്ത്യയായിരുന്നു, അവരുടെ സ്വപ്നങ്ങളുടെ, അവരുടെ വിശ്വാസപ്രമാണങ്ങളുടെ ഇന്ത്യ. ഇന്ന് ചില തീവ്ര വലതുപക്ഷ സംഘടനകള്‍ പരിശ്രമിക്കുന്നതുപോലെ അവരെ ദേശവിരുദ്ധരെന്നു വിളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ലോകരാഷ്ട്രീയം തന്നെ ഇന്ന് വളരെയേറെ വ്യത്യസ്തമാവുകയും ഒരേ രാജ്യം (Country) തന്നെ ഒന്നിലധികം രാഷ്ട്രങ്ങള്‍ (Nations) ആയി വിഭജിക്കുകയും പരസ്പരം വെറുക്കുകയും പോരാടുകയും ചെയ്യുന്നു. അത് തെറ്റായി കണക്കാക്കാനാവില്ല. 'രാഷ്ട്രം' അല്ലെങ്കില്‍ 'ദേശീയത' എന്ന പാശ്ചാത്യസങ്കല്പത്തിനെതിരെ ടാഗോര്‍ വളരെ മുന്‍പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദേശീയതയുടെ വളര്‍ച്ചയിലൂടെ തന്റെ 'സ്വദേശി സമാജ്' ഭയാനകമായ ഒരു അഗ്‌നിപരീക്ഷയ്ക്ക് വിധേയമാകുന്നതു കാണാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com