ലോകത്തെ ഞെട്ടിച്ച വംശഹത്യ നടന്ന ആഫ്രിക്കയിലെ ചെറുരാജ്യമായ റുവാണ്ട ഇന്ന് പുനര്‍ജന്മത്തിന്റെ പാതയിലാണ്. കബന്ധങ്ങള്‍ ചിതറിക്കിടന്ന, മനുഷ്യന്റെ കുടല്‍മാലകള്‍ കഴുകന്മാര്‍ തെരുവില്‍ കൊത്തിവലിച്ച് ദുര്‍ഗന്ധം പരത്തിയ രാജ്യം ഇന്ന് കണ്ണാടിപോലെ മിന്നുന്നു. ആഫ്രിക്കയിലെ സിംഗപ്പൂര്‍ എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടുന്നു.
റുവാണ്ട സന്ദര്‍ശിച്ച ഫ്രെഞ്ച് സാഹസിക സഞ്ചാരിയായ ക്രിസ്റ്റീന്‍ അമര്‍ ലാവര്‍ ഈ ലേഖകനു നല്‍കിയ അനുഭവ കുറിപ്പുകള്‍.
വംശഹത്യയില്‍ ചാമ്പലായ രാജ്യം സ്ത്രീ ശാക്തീകരണത്തിലൂടെ പുനര്‍ജനിച്ചു.
വംശഹത്യയുടെ പ്രത്യാഘാതങ്ങള്‍ അഗ്‌നിപ്പടര്‍പ്പുപോലെ വ്യാപിച്ചപ്പോള്‍ ചാമ്പലായ ചെറുരാജ്യം ഉയിര്‍ത്തെഴുന്നേറ്റത് ലോകമെങ്ങും അവിശ്വസനീയമായ കാഴ്ചയായിരുന്നു.
മധ്യ ആഫ്രിക്കയിലെ റുവാണ്ട (Rwanda) എന്ന ചെറിയ രാജ്യം 1994-ല്‍ വംശീയ-ആഭ്യന്തര കലാപത്തിന്റെ പിടിയില്‍ അമര്‍ന്നപ്പോള്‍ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 100 ദിവസത്തിനുള്ളില്‍ എട്ട് ലക്ഷം പേര്‍ ശവശരീരങ്ങളായി തെരുവില്‍ കിടന്നു.
ചോരക്കളമായ തെരുവുകളില്‍ കബന്ധങ്ങള്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. കാലുകള്‍ അറ്റുപോയ മൃതദേഹങ്ങള്‍ പതിനായിരക്കണക്കിന്. കുടല്‍മാലകള്‍ കഴുകന്മാര്‍ കൊത്തിവലിക്കുന്ന കാഴ്ച വിദേശപത്രങ്ങളില്‍ സ്ഥാനം പിടിച്ചപ്പോള്‍ ലോകമനസാക്ഷി ഞെട്ടി. എണ്ണിയാല്‍ ഒടുങ്ങാത്ത, കറുത്തവരുടെ മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചപ്പോള്‍ ദുര്‍ഗന്ധവും പുകയും അവശേഷിക്കുന്നവരെ നടുക്കി. ഭയചകിതരായവര്‍ നാലുപാടും ഓടിയപ്പോഴും കൊലയ്ക്ക് അറുതിയുണ്ടായില്ല, മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ശരീരം പിളര്‍ത്തി.
റുവാണ്ടയിലെ ഗോത്രവര്‍ഗ്ഗക്കാരായ ടുട്‌സികളെ ഹുട്ടു വിഭാഗക്കാര്‍ കൊന്നൊടുക്കിയത് ആദ്യഘട്ടത്തില്‍ വംശീയ കലാപമായിരുന്നുവെങ്കിലും പിന്നീട് ആഭ്യന്തര കലാപത്തിന്റെ നിറവുമായി ഭയാനകമായ ജ്വാലകളായി പരിണമിച്ചു. കൊലവിളികള്‍ അപ്പോഴും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ഒരു കഷ്ണം റൊട്ടിക്കുവേണ്ടി മുറവിളി കൂട്ടിയ കൊച്ചുകുട്ടികളെപ്പോലും ഹുട്ടു കിരാതന്മാര്‍ നിഷ്‌കരുണം കൊന്നൊടുക്കിയത് ലോകജനതയ്ക്ക് നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. 1994-ല്‍ ഏപ്രില്‍-ജൂലൈ മാസങ്ങളിലായിരുന്നു കൂട്ടക്കൊല. പട്ടാളക്കാരും രാഷ്ട്രീയക്കാരും കൊല്ലപ്പെട്ടവരില്‍പെടും. രണ്ടര ലക്ഷത്തോളം സ്ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു.
ലോകരാഷ്ട്രങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് റുവാണ്ട പാട്രിയോട്ടിക് ഫ്രണ്ട് എന്ന രാഷ്ട്രീയ പാര്‍ട്ടി അധികാരം പിടിച്ചെടുത്ത് ജൂലൈ മാസത്തോടെ ആഭ്യന്തരകലാപത്തിന് അന്ത്യം കുറിച്ചു. പ്രസ്തുത പാര്‍ട്ടിയെ നയിച്ച പോള്‍ കഗാമെ ഇപ്പോഴും ഈ ചെറുരാജ്യത്തിന്റെ പ്രസിഡന്റായി തുടരുന്നു.
ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെ രാജ്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ പോള്‍ കഗാമെ മുന്‍കൈ എടുത്തപ്പോള്‍ നിരവധി അന്തര്‍ദ്ദേശീയ സംഘടനകളുടെ സംരംഭവുമായി കൈകോര്‍ത്തു. വാഷിങ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമന്‍ ഫോര്‍ വിമന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയാണ് ഉയിര്‍ത്തെഴുന്നേല്‍പില്‍ മുഖ്യപങ്ക് വഹിച്ചത്. ഇതുമായി ബന്ധപ്പെടാന്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലാനറ്റ് എന്ന സംഘടനയും മുന്നോട്ടു വന്നു. സ്ത്രീ ശാക്തീകരണമായിരുന്നു ഈ സംഘടനകളുടേയും ലക്ഷ്യമെന്ന് അതിനെ നയിക്കുന്ന ക്രിസ്റ്റീന്‍ അമര്‍ ലെവാര്‍ പറഞ്ഞു. സാഹസികത മുഖമുദ്രയാക്കിയ ഈ ഫ്രെഞ്ച് വനിത ഇന്ന് ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം സാഹസിക ലോകസഞ്ചാരത്തിനും ക്രിസ്റ്റീനയോടൊപ്പം വനിതകള്‍ നിരന്നുകഴിഞ്ഞു. മഞ്ഞുമലകളും കൊടുമുടികളും മരുഭൂമികളും ഇരുട്ടറപോലുള്ള വനങ്ങളും വനിതാസംഘങ്ങള്‍ പിന്നിട്ട് ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. ക്രിസ്റ്റീന്‍ എഴുതിയ 'വൈല്‍ഡ് വിസ്ഡം' (wild Wisdom) എന്ന പുസ്തകം അന്തര്‍ദ്ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്.
ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ക്രിസ്റ്റീനിന്റെ നേതൃത്വത്തില്‍ വനിതകള്‍ റുവാണ്ടയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. അന്നുതന്നെ കണ്ട കാഴ്ച തന്റെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചുവെന്ന് ഈ ലേഖകനുമായി ഇ-മെയില്‍ വഴി നടത്തിയ കൂടിക്കാഴ്ചയില്‍ ക്രിസ്റ്റീന്‍ പറഞ്ഞു. 1997 മുതല്‍ ജനജീവിതം സുരക്ഷിതമാക്കാന്‍ വിമന്‍ഫോര്‍ വിമന്‍ ഇന്റര്‍നാഷണല്‍ ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരുന്നു. അത് വന്‍വിജയമായി.
റുവാണ്ട ഇന്ന് ഒരു സുന്ദരനഗരമാണ്. വൃത്തിയുള്ള നഗരം, മിനുങ്ങുന്ന റോഡുകള്‍, സുരക്ഷയ്ക്ക് വേണ്ടത്ര മുന്‍കരുതലുകള്‍ ഇന്ന് റുവാണ്ടയില്‍ കാണാം. അതിനാല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ സിംഗപ്പൂര്‍ എന്ന് ഈ ചെറുരാജ്യത്തെ വിശേഷിപ്പിക്കാമെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു.
രാജ്യത്തിന്റെ നേട്ടങ്ങളുടെ ശില്പി ആരാണ്?
നേതൃത്വത്തിന്റെ വിജയമാണ്. രാഷ്ട്രനേതാവ് പോള്‍ കഗാമെയ്ക്ക് അതിനുള്ള കരുത്ത് കിട്ടി. അദ്ദേഹം രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. ചാരമായിപ്പോയ രാജ്യം ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു. വംശഹത്യ നടന്നപ്പോള്‍ അത് അടിച്ചമര്‍ത്താന്‍ ദൃഢപ്രതിജ്ഞയോടെ മുന്നേറിയ മുന്‍ ഗൊറില്ലാ നേതാവാണ് പോള്‍ കഗാമെ. ഇന്ന് ഉരുക്കുമുഷ്ടിയോടെ അദ്ദേഹം ഭരിക്കുന്നു. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ സ്ത്രീകള്‍ക്കു വലിയ പങ്കുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്ന അദ്ദേഹം അവരെ മുഖ്യധാരയിലേക്ക് നയിച്ചു. ഈ സ്ത്രീ ശാക്തീകരണത്തില്‍ പങ്കാളിയാകാന്‍ തന്റെ സംഘടനയ്ക്കും കഴിഞ്ഞുവെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു. റുവാണ്ടയിലെ വിമന്‍ ഫോര്‍ വിമന്‍ ഇന്റര്‍നാഷണലിന്റെ മുഖ്യസംഘാടക അന്റോയിനെറ്റ് ഇവിമാനയുമായി നടത്തിയ കൂടിക്കാഴ്ച തന്റെ സന്ദര്‍ശനവേളയുടെ അവിസ്മരണീയമായ അധ്യായമായിരുന്നുവെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു.
റുവാണ്ടയുടെ മുഖച്ഛായയില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങള്‍ അന്റോയിനെറ്റ് വിവരിച്ചു. പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സീറ്റ് സംവരണം ചെയ്തുകൊണ്ട് ഭരണഘടനയില്‍ ഭേദഗതി വരുത്തി. പെണ്‍കുട്ടികള്‍ക്ക് പഠനസൗകര്യങ്ങള്‍ രാജ്യമെങ്ങും ഏര്‍പ്പെടുത്തി. പുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കി. സ്ത്രീകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. യോഗ്യതയുള്ള അദ്ധ്യാപകരെ കണ്ടെത്തി. സമൂഹത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് മികച്ച പദവികള്‍ നല്‍കി. സ്ത്രീ പ്രാതിനിധ്യത്തില്‍ ഇന്ന് റുവാണ്ട പാര്‍ലമെന്റ് മുന്‍നിരയിലാണ്. വനിതാ അംഗങ്ങള്‍ ഗൃഹപാഠങ്ങള്‍ നടത്തിയ ശേഷമാണ് പാര്‍ലമെന്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്. അങ്ങനെ സമൂല മാറ്റം കാണാം.
വംശഹത്യയുടെ കാലത്ത് തകര്‍ന്ന് ചാമ്പലായിപ്പോയ സ്‌കൂളുകളും ദേവാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞു. വംശഹത്യയെ അതിജീവിച്ച സ്ത്രീകളെ കണ്ടെത്തി ആശ്വസിപ്പിച്ചുകൊണ്ടാണ് അവരെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാക്കിയത്. അതോടൊപ്പം പൊതുജനാരോഗ്യമേഖലയും നവീകരിച്ചു. മുന്‍പ് പോഷകാഹാരക്കുറവ് മൂലം ബാലമരണങ്ങള്‍ ഉണ്ടായിരുന്നത് ഇന്ന് നിയന്ത്രിക്കാന്‍ കഴിഞ്ഞു. കൊച്ചുകുട്ടികളെ പ്ലേ സ്‌കൂളുകള്‍ ആകര്‍ഷിച്ചു. അതോടെ അഞ്ച് വയസ്സായപ്പോള്‍ അവരെ മാതാപിതാക്കള്‍ക്ക് സ്‌കൂളിന്റെ കവാടത്തിലേക്ക് അനായാസമായി നയിക്കാന്‍ കഴിഞ്ഞു.
ചെറുകിട വ്യവസായ സംരംഭങ്ങളിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് വളര്‍ന്ന് വികസിച്ചു; അങ്ങനെ സ്ത്രീ സാന്നിദ്ധ്യം ഈ ചെറു ജനാധിപത്യ രാഷ്ട്രത്തില്‍ ശ്രദ്ധിക്കപ്പെടുന്നു.
റുവാണ്ടയില്‍ ലിംഗസമത്വം ഫലപ്രദമായി നടപ്പിലാക്കി കഴിഞ്ഞുവെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു: ''രാജ്യമെങ്ങും ചുറ്റിനടന്ന് വനിതാക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍നിന്നും തനിക്ക് ബോധ്യമായത് ഇതാണ്.''
''നീതി ഉറപ്പാക്കുന്നുവെന്ന് പ്രഖ്യാപിക്കുക മാത്രമല്ല സര്‍ക്കാര്‍ ചെയ്യുന്നത്. അത് നിരീക്ഷിക്കാനും പോരായ്മകള്‍ ഉണ്ടെങ്കില്‍ ഫലപ്രദമായി പരിഹരിക്കാനും പ്രസിഡന്റ് പോള്‍ കെഗാമെ മുന്‍കൈ എടുക്കുന്നു. അദ്ദേഹം ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ്, സംശയമില്ല.''
''വളരെ ചെറിയ ഒരു രാജ്യമാണെങ്കിലും സ്ത്രീ സംവരണം പാര്‍ലമെന്റില്‍ ഫലപ്രദമാക്കി വിജയിപ്പിക്കാനായതിനാല്‍ മറ്റ് രാജ്യങ്ങള്‍ റുവാണ്ടയെ ഉറ്റുനോക്കുന്നു.''
''വംശഹത്യയെ അതിജീവിച്ച സ്ത്രീകളേയും പുരുഷന്മാരേയും നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നോ?''
ക്രിസ്റ്റീന്‍: ''നിരവധി പേരുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞു. ഭീകരാനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍ ഇന്നും ഞെട്ടലോടെ അത് ഓര്‍മ്മിക്കുന്നു. എന്നാല്‍, രാജ്യത്ത് മാറി വീശിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാറ്റ് അവരുടെ മനസ്സിന്റെ മുറിപ്പാടുകള്‍ ഉണക്കുന്നതില്‍ വലിയൊരു പങ്ക്വഹിക്കുന്നതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരു വനിത അഭിമാനത്തോടെ പറഞ്ഞു: ഞാന്‍ ഇപ്പോള്‍ അബലയല്ല. എന്റെ മനസ്സിന് കരുത്ത് കിട്ടി. എനിക്ക് നല്ലൊരു തൊഴില്‍ സംരംഭം ലഭിച്ചു. ഇഷ്ടിക നിര്‍മ്മാണമാണ്. എന്റെ കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നു. അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണമുണ്ട്. മറ്റ് നിരവധി സ്ത്രീകളേയും കണ്ടു. അവരെല്ലാം ധീരവനിതകളായിരുന്നു. വംശഹത്യകാലത്തിനുശേഷമുള്ള തങ്ങളുടെ ജീവിതകഥകള്‍ അവര്‍ പറഞ്ഞു. ഏതൊരാളുടെ മനസ്സിനേയും അത് സ്വാധീനിക്കും.''
''ഈ അനുഭവങ്ങള്‍ തെളിയിക്കുന്നത് എന്താണ്? മറ്റ് പല രാജ്യങ്ങളിലെ വനിതകള്‍ക്കു ശബ്ദിക്കാന്‍ കഴിയുന്നില്ല. അതിനുള്ള അവസരങ്ങള്‍ ഇല്ല. സ്ത്രീ ശാക്തീകരണം അവിടെ ഫലപ്രദമായിട്ടില്ല. എന്നാല്‍, റുവാണ്ട മുന്നിലാണ്.'' ''മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അഴിമതികള്‍ പലപ്പോഴും പത്രങ്ങളില്‍ സ്ഥാനം പിടിക്കുന്നു. റുവാണ്ടയുടെ സ്ഥിതി എന്താണ്?''
ക്രിസ്റ്റിന്‍: ''അഴിമതി ആരോപണങ്ങള്‍ വളരെ കുറച്ച് മാത്രമെ റുവാണ്ടയെക്കുറിച്ചു കേള്‍ക്കുന്നു. ഈ അഴിമതി ഇല്ലാതാക്കുന്നതില്‍ ഫലപ്രദമായ നടപടികള്‍ ഇവിടെയുണ്ട്. അതിനു പ്രധാന കാരണം ശക്തനായ ഭരണാധികാരി. അഴിമതി എന്നു കേട്ടാല്‍ ഉരുക്കുമുഷ്ടിയോടെ കഗാമെ നേരിടുന്നു. എല്ലാ വകുപ്പുകളടെ പ്രവര്‍ത്തനത്തിലും അദ്ദേഹത്തിന്റെ ശ്രദ്ധ എത്തുന്നു. ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയാണ് ഉണ്ടാകുക; മുഖം നോക്കാതെ. അതിനാല്‍ ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഫലപ്രദമായ വിജിലന്‍സ് സംവിധാനമുണ്ട്.
മാത്രമല്ല, പൊതുജനങ്ങളും ഇക്കാര്യത്തില്‍ വേണ്ടത്ര അവബോധം പ്രകടിപ്പിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തില്‍ കാലത്തിനൊത്ത് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെങ്കില്‍ അത് ഉടനെ നടപ്പിലാക്കും.''
''പൊതുജനാരോഗ്യ പരിപാലനത്തില്‍ ഈ ചെറിയ രാജ്യം വളരെ മുന്നിലായിക്കഴിഞ്ഞു. ജനസംഖ്യയുടെ 90 ശതമാനം പേര്‍ ഇതിന്റെ മഹത്തായ ഫലം അനുഭവിച്ചു കഴിഞ്ഞു.''
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക