'ഞാന്‍ വാക്കുകളിലൂടെ നീങ്ങി കവിതയിലെത്തിച്ചേരുന്നു'

'എന്തുകൊണ്ട്?' കവിതയെഴുതാന്‍ മാത്രമായി ഒരുവനെ ഏകനായി മുറിയിലിരുത്താന്‍ നിര്‍ബ്ബന്ധിക്കുന്നതെന്തിനാണ്? 
'ഞാന്‍ വാക്കുകളിലൂടെ നീങ്ങി കവിതയിലെത്തിച്ചേരുന്നു'

(ജയന്ത മഹാപത്ര

സമകാലീന ഇന്ത്യന്‍ കവിതയിലെ പ്രമുഖ ശക്തമായ ജയന്ത മഹാപത്ര  1928 ഒക്‌ടോബര്‍ 22ന് ഒറീസ്സയിലെ കട്ടക്കില്‍ ജനിച്ചു. സ്റ്റുവര്‍ട്ട് സ്‌കൂളിലും റേവന്‍ഷാ കോളേജിലും പാട്‌നയിലെ സയന്‍സ് കോളേജിലും വിദ്യ അഭ്യസിച്ചു. അടുത്തകാലം വരെ റേവന്‍ഷാ കോളേജില്‍ ഭൗതികശാസ്ത്ര വിഭാഗത്തില്‍ റീഡറായിരുന്നു. അമേരിക്കയില്‍ പ്രസിദ്ധീകരിച്ച മൂന്നു കാവ്യസമാഹാരങ്ങളും ഒഡിയ ഭാഷയില്‍ രചിച്ച ആറു കാവ്യസമാഹാരങ്ങളുമടക്കം മൊത്തം ഇരുപത്തിയേഴ് കാവ്യസമാഹാരങ്ങള്‍. ഒറിയായില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മൂന്നു കാവ്യഗ്രന്ഥങ്ങള്‍. ഒറീസ്സ എന്ന ഒരു ഗദ്യഗ്രന്ഥം. ഇത്രയുമാണ് മുഖ്യരചനകള്‍. കൂടാതെ 1973ല്‍ സൗത്ത് & വെസ്റ്റ് (ഇന്ത്യാ സ്‌പെഷ്യലിന്റേയും ചന്ദ്രഭാഗയുടേയും കാവ്യഭാരതിയുടേയും പത്രാധിപരായിരുന്നു. ദ ടെലഗ്രാഫിന്റെ പോയട്രി എഡിറ്ററുമായും പ്രവര്‍ത്തിച്ചിരുന്നു. 1970ല്‍ 'ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഹൂ ഈസ് ഹൂ ഇന്‍ പോയട്രി'യുടെ സമ്മാനവും 1975ല്‍ ഷിക്കാഗോവിലെ ജാക്കോബ് ഗ്ലാഡ് സ്‌റ്റെയ്ന്‍ അവാര്‍ഡും നേടി. 1981ല്‍ അമേരിക്കയിലെ ഗ്രീന്‍ഫീല്‍ഡ് റിവ്യൂ പ്രസ്സ് പ്രസിദ്ധീകരിച്ച 'റിലേഷന്‍ഷിപ്പ്' എന്ന കാവ്യത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയില്‍നിന്ന് ആദ്യമായി ഇംഗ്ലീഷിലെഴുതിയ കവിതയ്ക്കുള്ള അവാര്‍ഡ് നേടി. ലോകത്തിലെ എല്ലാ പ്രശസ്ത ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും ജയന്തയുടെ കവിതകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. 1976ല്‍ യു.എസ്.എയിലെ ഇന്റര്‍നാഷണല്‍ റൈറ്റിംഗ് പ്രോഗ്രാം (ഇയോവ സിറ്റി) വിസിറ്റിംഗ് റൈറ്ററായിരുന്നു. 1978ല്‍ ആസ്‌ത്രേലിയയില്‍ കള്‍ച്ചറല്‍ അവാര്‍ഡ് വിസിറ്ററും 1978ല്‍ യു.എസ്.എസ്.ആര്‍ ഇന്‍ഡോ സോവിയറ്റ് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് വിസിറ്ററുമായി. 1980ല്‍ ജപ്പാന്‍ ഫൗണ്ടേഷന്‍ വിസിറ്റേഴ്‌സ് അവാര്‍ഡ് നേടി. ഇതിനു പുറമെ 1984ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ പോയറ്റ്‌സ് കോണ്‍ഫറന്‍സിലും 1988ല്‍ സിങ്കപ്പൂര്‍ ഫെസ്റ്റിവല്‍ ഓഫ് ആര്‍ട്‌സിലും പങ്കെടുക്കുകയുണ്ടായി. 2009ല്‍ ദ സിവന്നി റിവ്യൂവില്‍നിന്ന് അലന്‍ ടെയ്റ്റ് പോയട്രി െ്രെപസും 2009ല്‍ സാര്‍ക്ക് ലിറ്റററി അവാര്‍ഡും നേടി. 2009ല്‍ പത്മശ്രീ നേടിയ കവി. 2015ല്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പ്രതിഷേധമായി പത്മശ്രീ ബഹുമതി തിരിച്ചുനല്‍കി. റവന്‍ഷാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഓണററി  ഡോക്ടറേറ്റ് നേടി. 2019ല്‍ ഇന്തോ ആംഗ്ലിയന്‍ സാഹിത്യവിഭാഗത്തില്‍ സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയിത്തീര്‍ന്നു. 

ജയന്ത മഹാപത്ര ഇന്തോ ആംഗ്ലിയന്‍ കവിതയില്‍ നിലനിന്നിരുന്ന പാരമ്പര്യത്തില്‍നിന്ന് വ്യത്യസ്തമായ ഇന്ത്യന്‍ അവസ്ഥയെ കാവ്യവിഷയമാക്കുന്ന രീതിക്ക് തുടക്കം കുറിച്ചു. അതുകൊണ്ട് ജയന്തയുടെ  കവിതയെ ആദ്യകാലത്തുതന്നെ വിലയിരുത്തിയ അയ്യപ്പപ്പണിക്കര്‍ ഇങ്ങനെ പറയുകയുണ്ടായി: 'കാലം കടന്നുപോകുമ്പോള്‍ മഹാപത്രയുടെ കവിത ഇന്ത്യന്‍ ഭാഷയിലെഴുതപ്പെടുന്ന നല്ല സൃഷ്ടികളെപ്പോലെ തന്നെ നമ്മുടെ ദേശീയ ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമായിത്തീരും.' 2023 ഓഗസ്റ്റ് 27ാം തീയതി കട്ടക്ക് എസ്.സി.ബി. മെഡിക്കല്‍ കോളേജില്‍വെച്ച് ജയന്തമഹാപത്ര ഇഹലോകവാസം വെടിഞ്ഞു.)

വീടിനരികെയുള്ള വൃത്തിഹീനമായ റോഡില്‍നിന്നും ഇരുണ്ട പൊടിപടലമുയരുന്നു. അത് കണ്ണുകളില്‍ തുളച്ചുകയറുന്നു. സുപരിചിതമായ ഒരു സിനിമാഗാനം  റെക്കോര്‍ഡ് ഷോപ്പില്‍നിന്നും ഒഴുകിയെത്തുന്നു. ഒരു സൈക്കിളിന്റെ നേര്‍ത്ത ശബ്ദം അകന്നകന്നു പോകുന്നു. അകലെ രണ്ടു നായ്ക്കള്‍ ഓരിയിടുന്നു. ഇതിനെല്ലാമിടയില്‍ എന്തോ ഒന്ന് എന്നെ മുറിയിലിരുത്താന്‍ നിര്‍ബ്ബന്ധിക്കുകയും അദൃശ്യമായ സാന്നിദ്ധ്യങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു രൂപത്തേയും കാലത്തേയും വിട്ട് അതു വളര്‍ന്നുവലുതാകുന്നു. മുമ്പിലെടുത്തുവച്ച കടലാസിലൂടെ എന്റെ കൈകള്‍ ചലിക്കേണ്ടതുണ്ടെന്ന് വേദനയുടേയും അര്‍ത്ഥശൂന്യതയുടേയും ഒരു മിശ്രവികാരത്തിലൂടെ ഞാന്‍ തിരിച്ചറിയുന്നു.

ഞാന്‍ തുടര്‍ന്നുപോകുന്ന ഒരു ജീവിതത്തിനുവേണ്ടി വാക്കുകളിലൂടെ നീങ്ങി കവിതയിലെത്തിച്ചേരുന്നു.  പുറത്തെ ബഹളത്തില്‍നിന്നെല്ലാമൊഴിഞ്ഞ് വീട്ടിനകത്തിരുന്നുള്ള എന്റെ കവിതാരചന ഞാന്‍ പലപ്പോഴും സ്വയം ആവര്‍ത്തിച്ചു ചോദിക്കാറുള്ള ചോദ്യം വീണ്ടും ചോദിപ്പിക്കുന്നു.

'എന്തുകൊണ്ട്?' കവിതയെഴുതാന്‍ മാത്രമായി ഒരുവനെ ഏകനായി മുറിയിലിരുത്താന്‍ നിര്‍ബ്ബന്ധിക്കുന്നതെന്തിനാണ്? 
മുറിയുടെ ശൂന്യതയില്‍ വികാരങ്ങളോടും വാക്കുകളോടും മല്ലിടുവാന്‍ മാത്രമായി അവനെ സുഹൃത്തുക്കളില്‍നിന്നും സാമൂഹ്യജീവിതത്തില്‍നിന്നും വിനോദങ്ങളില്‍നിന്നും അകറ്റുന്നതെന്താണ്?

ഒരുവന്റെ അന്തരംഗത്തിലെ അപരിചിതനാണ് കവിത. കവി ചില സന്ദര്‍ഭങ്ങളില്‍ കണ്ടുമുട്ടുന്ന അപരിചിതന്‍. ഈ അപരിചിതന് 'താന്‍ ആര്? ഞാന്‍ എവിടെനിന്നു വരുന്നു?' എന്നു ചോദിക്കേണ്ടതുണ്ട്. അവനെ കണ്ടെത്താനായി,  അവനെ കൂടുതലറിയാതെ തിടുക്കത്തോടെയുള്ള  കവിതാരചന തികച്ചും വ്യക്തിനിഷ്ഠമായ പ്രവൃത്തിയാണ്. എന്തുകൊണ്ടെന്നാല്‍  കവിതാരചന ഒരുവന്റെ ജീവിതത്തിന്റെ ആദ്യനാളുകളായ ഒരുപക്ഷേ, പൂര്‍വ്വജന്മത്തിലെ അനുഭവങ്ങളുമായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നു. ഇതു കാലത്തിലെത്രത്തോളം പുറകോട്ട് പോകുന്നതെന്ന് ഒരുവനറിയാനാവില്ല. കാലത്തിന്റെ അളവുകോലില്‍ ഇതെത്രയാണെന്ന് ഒരുവനും അറിയുന്നില്ല. എന്നാല്‍ ഒരുവന്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചു കിട്ടുവാന്‍ ആ അപരിചിതനെ കാത്തുനില്‍ക്കുകയും ചെയ്യുന്നു.

പലപ്പോഴും ഒരു കവിത വായനയ്ക്കുശേഷം ഈ മനുഷ്യന്‍ മുഖം നിറയെ ദുര്‍ഗ്രഹതാഭാവവുമായി കവിയുടെ അരികിലെത്തുന്നു. വായിച്ചുകഴിഞ്ഞതിനുശേഷം അവന്‍ വായിച്ച കവിതയിലെ വികാരത്തിന്റെ ഭാരവും തലക്കകത്തു കയറിയ ആശയവുമായി ദുര്‍ഗ്രാഹ്യത മുഖത്തെഴുതിയ ഈ വ്യക്തി കവിയുടെ തലത്തിലേക്കുയരുന്നത് 
സ്വാഭാവികമാണ്. ആശയത്തിന്റേയും വികാരത്തിന്റേയും ഒരു അവ്യക്തസമ്മിശ്രം.

ജയന്ത മഹാപത്ര
ജയന്ത മഹാപത്ര

കവിത മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന അവന്‍ ചോദിക്കുന്നു:

'അതെന്താണര്‍ത്ഥമാക്കുന്നത്?'

കവി ഒരു മറുചോദ്യം ചോദിക്കുന്നു.

'ഞാനതു വീണ്ടും വായിക്കേണ്ടതുണ്ടോ?'

അയാള്‍ പറയുന്നു 'വേണം.'

കവിതാവായന കഴിഞ്ഞ് അയാള്‍ വീണ്ടും ചോദിക്കുന്നു.

'എന്നാലും അതെന്താണര്‍ത്ഥമാക്കുന്നത്.'

ഒരുപക്ഷേ, കവി പറയുന്നു.

'ഒന്നും അര്‍ത്ഥമാക്കുന്നില്ല.'

അയാള്‍ വീണ്ടും പരാതി പറഞ്ഞു.

'നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്തായാലും അത് വ്യക്തമാകുന്നില്ല.'

കവി പ്രതിവചിക്കുന്നു.

'നൈമിഷികമായ ഒരു അനുഭവത്തിന്റെ ആവിഷ്‌കാരം മാത്രമാണത്. എന്റേതുമാത്രം. അത് നിങ്ങളുടെ അനുഭവമാക്കേണ്ടത് നിങ്ങളാണ്.  അനുഭവം പങ്കുവെയ്ക്കുക എന്നാണ് അര്‍ത്ഥം.'

അയാള്‍ വീണ്ടും ചോദിക്കുന്നു.

'നിങ്ങളുടെ ഈ അനുഭവത്തെ എനിക്കെങ്ങനെയാണ് പങ്കിടുവാന്‍ കഴിയുക.'

തികഞ്ഞ ആത്മാര്‍ത്ഥതയോടെ കവി ഉത്തരം പറയുന്നു.

'നിറഞ്ഞ സ്‌നേഹത്തോടെയും ക്ഷമയോടും കൂടെ കവിത ഒരു പ്രാവശ്യം കൂടി വായിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് ആ അനുഭവം പുനര്‍ജീവിക്കാനാകും.'

അയാള്‍ വീണ്ടും ചോദ്യമുയര്‍ത്തുന്നു.

'എന്നാല്‍ അതുകൊണ്ടെന്താണ് കാര്യം? അതെന്താണ് ചെയ്യുക?'

കവി അയാളെ നോക്കി ദുഃഖത്തോടെ പറയുന്നു.

'നിങ്ങള്‍ വീണ്ടും വായിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അല്ലെങ്കില്‍ യാതൊന്നും ലഭിക്കുകയില്ല. നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്കുവേണ്ടി എല്ലാം ചെയ്യും, അല്ലെങ്കിലോ ഒന്നും ചെയ്യില്ല.'

അടുത്ത ചോദ്യം വരുന്നു ചോദ്യമല്ല, ഒരു പ്രസ്താവന.

'അപ്പോള്‍ നിയതമായി ഒന്നുമില്ലാത്തതാണല്ലേ കവിത.'

കവി പറയുന്നു.

'അതേ, വേദന നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ അനിയതമാണ്. ഒരുപക്ഷേ, എല്ലായ്‌പ്പോഴും നിലനില്‍ക്കുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യം. ഈ അനിയതിത്വമാണ് വേദനാകരമായ യാഥാര്‍ത്ഥ്യം. ഒരുപക്ഷേ, അസ്തിത്വത്തിന്റെ ഒരേ ഒരു യാഥാര്‍ത്ഥ്യം.
    
II

ഒരു കവിയെ കവിയാക്കിത്തീര്‍ക്കുന്നത് ജീവിതത്തോടുള്ള തന്റെ പ്രതികരണക്ഷമത ആവിഷ്‌കരിക്കാനുള്ള കഴിവും കവിയുടെ ഭാവനയുടെ മൗലികതയുമാണ്. മറ്റുള്ളവരുമായി തന്റെ കല സംവേദിക്കണം, പങ്കിടണം എന്ന ആഗ്രഹത്തിലൂടെയാണ് അവന്റെ കല ഉയിരെടുക്കുന്നത്. ഒരു കവിക്ക് അവന്റെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കിടുവാന്‍ കഴിയുന്നില്ലെങ്കില്‍ അവന്‍ കവിതയെഴുതുന്നതിലോ മറ്റേതെങ്കിലും കല തുടരുന്നതിലോ യാതൊരര്‍ത്ഥവുമില്ല. വളരണമെങ്കില്‍ അയാള്‍ മറ്റുള്ളവരുമായി പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടണം. ഈ പ്രതിപ്രവര്‍ത്തനം സാമാന്യമായ (സാമൂഹ്യമായ) തലങ്ങളില്‍ മാത്രം വന്നാല്‍പോര, കൂടുതല്‍ ഗാഢമായ 'ഞാന്‍  നീ' തലത്തിലേക്ക് ഈ കുറിപ്പിന്റെ ആദ്യഭാഗത്തു നാം കണ്ട സംഭാഷണത്തിന്റെ തലത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. അങ്ങനെ പരസ്പരമുള്ള ആ പ്രതിപ്രവര്‍ത്തനം നമ്മെ വളരാന്‍ സഹായിക്കുന്നു. അതെങ്ങനെയാണെന്നുവച്ചാല്‍, ആ രീതിയില്‍ നാം നമ്മെ അറിയുന്നു, ക്രമാനുഗതമായി മറ്റുള്ളവരേയും മനസ്സിലാക്കാന്‍ തുടങ്ങുന്നു. അത് തികച്ചും അനിവാര്യമാണ്.

സംവേദനം സാധ്യമാകാത്ത കലാരൂപങ്ങളെല്ലാം തന്നെ ലക്ഷ്യരഹിതങ്ങളായി (കാര്യമാത്രപ്രസക്തിയില്ലാതെ) അവശേഷിക്കുമെന്ന കാര്യം സത്യമാണ്. ഒരു കല എല്ലാ ജനങ്ങളോടും ഒരേ തരത്തില്‍ സംവേദിച്ചുവെന്നു വരില്ല. ധൈഷണികമെന്ന് വിളിക്കപ്പെടുന്ന അവസ്ഥയില്‍ ആശയസംക്രമണത്തിലൂടെ  സംവേദനം സാധ്യമാക്കുന്നു. കലയെ മനസ്സിലാക്കല്‍ സാധ്യമാകുന്നു. ഒരു മനോഭാവം അനുഭവിക്കുകയോ അംഗീകരിക്കുകയോ ചെയ്യുമ്പോള്‍ സംവേദനം വൈകാരികമാകുന്നു.  അല്ലെങ്കില്‍ അതു സഹാനുഭൂതിയിലൂടെ ഒരു ഭൗതികാനുഭവമായിത്തീരുന്നു. തന്മയീഭാവശക്തിയാല്‍, ഒരു ട്രപ്പീസ് കലാകാരന്റെ പ്രദര്‍ശനമോ അല്ലെങ്കില്‍  അപകടകരങ്ങളായ മറ്റേതെങ്കിലും കളികളോ കാണുമ്പോള്‍ നമുക്ക് നാഡിമിടിപ്പ് വര്‍ദ്ധിക്കുന്നതുപോലെ.

കലാപരമായ സംവേദനം ഈ പറഞ്ഞ ഏതെങ്കിലും രീതികളിലൂടെയോ അല്ലെങ്കില്‍ ഇവയുടെ ചേരുവയിലൂടെയോ സാധ്യമാണ്. എന്നാല്‍, ഒരു സൃഷ്ടിയുടെ ആസ്വാദനം ബുദ്ധിപരമോ യുക്തിപരമോ ആയിരിക്കേണ്ടതില്ല. 
പ്രത്യേകിച്ചും വായനക്കാരില്‍ (കേള്‍വിക്കാരില്‍) ആത്യന്തികമായി പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്ന ഒരു പ്രകമ്പനം സൃഷ്ടിക്കാന്‍ പര്യാപ്തമാവുകയും മജ്ജയില്‍ നേരെ എഴുന്നു നില്‍ക്കുകയും രക്തത്തില്‍ കാറ്റിന്റെ ആരവമുയര്‍ത്തുകയും ചെയ്യുന്ന കവിത.

ഒരു കവിക്ക് ഇതെത്ര നന്നായി  ചെയ്യാന്‍ കഴിയും? ഒരു കവിക്ക് തന്റെ അനുഭവങ്ങള്‍ എങ്ങനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയും? ഒരുവന്‍ അവനെ സ്വയം മനസ്സിലാക്കിയില്ലെങ്കില്‍ അവനോ അല്ലെങ്കില്‍ അവളോ അവരുടെ വികാരങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കിടുവാന്‍ പ്രാപ്തി നേടുകയില്ലെന്ന് ഞാന്‍ കരുതുന്നു.

താന്‍ തന്റെ തന്നെ അനുഭവത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കിത്തുടങ്ങുമ്പോഴോ, സങ്കീര്‍ണ്ണമായ ജീവിതപ്രക്രിയയില്‍ തന്നെ മുന്നോട്ടോ പിന്നോട്ടോ വലിക്കുന്നതെന്താണന്നു മനസ്സിലാകുമ്പോഴോ അല്ലെങ്കില്‍, ദുഃഖമോ ആനന്ദമോ കോപമോ  പകരുന്ന വൈവിധ്യം നിറഞ്ഞ ജീവിതസാഹചര്യങ്ങളോട് പ്രതികരിക്കുമ്പോഴോ, അല്ലെങ്കില്‍ തന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നതെന്താണെന്നു തിരിച്ചറിയുമ്പോഴോ ആണ്  ഒരുവന് മറ്റൊരുവനുമായി പൂര്‍ണ്ണമായ സംവേദനം സാധ്യമാകുന്നത്. കാര്യങ്ങളെ തീവ്രമായി അനുഭവിച്ചാല്‍ മാത്രം പോരാ, വസ്തുക്കളോടും ബന്ധങ്ങളോടുമുള്ള തീക്ഷ്ണ പ്രതികരണവും പോരാ, സ്വന്തം അനുഭവത്തെ മാറ്റിമറിക്കുകയും ഉചിതമായ പദാവലികളില്‍ അതിനെ സന്നിവേശിപ്പിക്കുകയും ചെയ്യുന്ന സമര്‍ത്ഥമായ സര്‍ഗ്ഗശക്തിയും അതിപ്രധാനമാണ്. 

ഒരാള്‍, അവനറിയാമെന്നും അവനു പരിചിതമാണെന്നും അവന്‍ കരുതുന്ന അവന്റെ തന്നെ സ്വത്വത്തിലേക്ക് എത്തിച്ചേരാന്‍ വളരെ സമയമെടുക്കുന്നു. അതിനുപുറമെ അവന്‍ അറിയുന്ന സ്വത്വം തന്നെ അനേകം സ്വത്വങ്ങളാല്‍ ഉണ്ടാക്കപ്പെട്ടതുമാകാം. ജീവിതത്തില്‍ അവന്‍ അഭിമുഖീകരിച്ച വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളില്‍നിന്നു ഉരുത്തിരിഞ്ഞുവന്ന വ്യത്യസ്തങ്ങളായ സ്വത്വങ്ങള്‍. തികച്ചും ഇന്ത്യനായ ജീവിതരീതിയിലൂടെയും കാഴ്ചപ്പാടിലൂടെയും ഞാനൊരു പുഴയെ മനസ്സില്‍ കാണുന്നു. ജീവിതമാകുന്ന ഒരു പുഴ ഒരു ജലപ്രവാഹത്തിന്റെ വിക്ഷുബ്ധതയേയും  ശാന്തതയേയും അതിജീവിച്ചൊഴുകുന്ന ഒരു പുഴ. ഇടയ്ക്കിടെ വെള്ളച്ചാട്ടങ്ങളേയും ചുഴികളേയും കണ്ടുമുട്ടുമ്പോളുണ്ടാകുന്ന വൈവിധ്യമാര്‍ന്ന പ്രതികരണങ്ങള്‍ നമ്മളില്‍ വ്യത്യസ്തങ്ങളായ സ്വത്വങ്ങള്‍ തീര്‍ക്കുന്നു. ഉദാഹരണമായി നമ്മുടെ  ബാല്യം (നദിയുടെ ഉറവിടം) നാം അവിടെ നിന്ന് ജീവിതം ആരംഭിക്കുന്നു. ബാല്യം നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുവാന്‍ അപരിചിതവും ശക്തിയേറിയതുമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നു.
അച്ഛന്‍, അമ്മ, ഇളയ സഹോദരന്‍ എന്നിവരടങ്ങിയ ഒരു ചെറിയ ലോകത്തിലാണ് ഞാനെന്റെ ബാല്യം ചെലവഴിച്ചത്. ദേവദാരുമരങ്ങളെക്കൊണ്ട് ചുറ്റപ്പെട്ട പിന്‍മുറ്റം. അതിര്‍ത്തി സൃഷ്ടിക്കുന്ന ഈ ഭിത്തി അജ്ഞാതമായ അപകടങ്ങളില്‍നിന്ന് ഞങ്ങളെ കവചമെന്നോണം കാത്തുരക്ഷിക്കുന്നു. വര്‍ഷങ്ങളുടെ അനുസ്യൂതമായ പ്രവാഹത്തോടൊപ്പം ഞാന്‍ ലോകത്തിന്റെ കേന്ദ്രമല്ലെന്നും എന്റെ സുഹൃത്തുക്കളുടേയും അയല്‍ക്കാരുടേയും ലോകത്തിന്റെ കേന്ദ്രങ്ങളെപ്പോലെ ഒന്നുമാത്രമാണെന്നും തിരിച്ചറിയുന്നു. യാഥാര്‍ത്ഥ്യത്തിലും ഭാവനയിലുമുള്ള അനേകം ബന്ധങ്ങളും വേദന നിറഞ്ഞ അനേകം വര്‍ഷങ്ങളും ഇതു മനസ്സിലാക്കുവാന്‍ എനിക്ക് വേണ്ടിവന്നു. നാമോരോരുത്തരും അപരനില്‍നിന്ന് വ്യത്യസ്തനാണെന്നും തികച്ചും ഒരേ രീതിയില്‍ രണ്ടു വ്യക്തികള്‍ ജീവിതത്തെ കാണുന്നില്ലെന്നും ക്രമേണ ഞാന്‍ മനസ്സിലാക്കി. ഒറ്റയാനായി ഒരാള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലെന്നും അവനു ചുറ്റുപാടുള്ളവരുമായി ബന്ധപ്പെടുകയും ആശയവിനിമയം  നടത്തുകയും  ചെയ്യേണ്ടതുണ്ടെന്നും എനിക്ക് ബോധ്യമായി. ഒരു കവിയുടേയോ എഴുത്തുകാരന്റേയോ കാര്യത്തില്‍ ഇതു പ്രത്യേകിച്ചും സത്യമാണ്. എന്തുകൊണ്ടെന്നാല്‍ ഒരു കവിക്ക് അവന്റെ കവിത കവിതയാകണമെങ്കില്‍ അവന്റെ അനുഭവങ്ങളെ മറ്റുള്ളവരിലേക്ക് പകരേണ്ടതുണ്ട്. ഒരിക്കല്‍ അനുഭവിച്ചുതീര്‍ത്ത ഒരു അനുഭവത്തെ വീണ്ടും അനുഭവിക്കുന്ന പ്രക്രിയ കവിയെ അവനിലേക്ക് കൊണ്ടുപോകുകയും അവനാരാണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. കവിതയെഴുത്തിലൂടെ  കവിക്ക് ലഭിക്കുന്നത്, ഇതാണ്.

ഈ ലേഖനം നാമാരംഭിച്ചത് ഒരു പതിവു ചോദ്യത്തോടെയാണ്. 'എന്തുകൊണ്ട് കവിത?' ആ ചോദ്യം വര്‍ഷങ്ങളായി ഇടയ്ക്കിടെ കവിയുടെ നേരെ വലിച്ചെറിയപ്പെടുന്ന, വര്‍ഷങ്ങളായി വീണ്ടും വീണ്ടും കവികളുടെ നേരെ വലിച്ചെറിയപ്പെടുന്ന ഈ ചോദ്യം, ഇപ്പോള്‍ ആയിരത്തിത്തൊള്ളായിരത്തി  എണ്‍പതുകളില്‍ കാതുകളില്‍ ജീവന്‍ നഷ്ടപ്പെട്ടതുപോലെ മുഴങ്ങുന്നു. വളരെ നിരുപദ്രവമായ ചോദ്യമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നതോടൊപ്പം സത്യത്തില്‍, വ്യക്തിപരമായി ഞാന്‍ നേരിടേണ്ടിവരുന്ന ഒരു ചോദ്യമെന്ന രീതിയില്‍  അതെന്നെ മുറിപ്പെടുത്തുകയും ചെയ്യുന്നു. കവിയുടെ നിലപാട്  ഉറപ്പാക്കുന്നതിനുവേണ്ടി നാം കവിതയുടെ ധര്‍മ്മങ്ങളിലേക്കോ  അല്ലെങ്കില്‍ ബന്ധപ്പെട്ട കലകളുടെ വാഗ്വാദങ്ങളിലേക്കോ പോകേണ്ട കാര്യമില്ല. എന്നാല്‍, ഈ ചോദ്യത്തിനു പുറകില്‍ ഒളിച്ചിരിക്കുന്ന മറ്റൊരു ചോദ്യം നാം വെറുതെ ചോദിക്കുന്നു.

'കവിതയുള്‍പ്പെടെ, ഒരു ജനസമൂഹത്തിന്റെ തനതു കലകളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ഒരു സമൂഹത്തെക്കൊണ്ട് എന്താണ് ഉപയോഗം?'

ജയന്ത മഹാപത്ര, ഭാര്യ റുനു
ജയന്ത മഹാപത്ര, ഭാര്യ റുനു

III
 
തികച്ചും തീവ്രമായ എന്റെ ബാല്യകാലസ്മരണകളില്‍ ഒന്ന് ഇതാണ്. ഓരോ ദിവസവും രാത്രിയുടെ ഇരുട്ടിലേക്കു പോകുന്ന എന്റെ വീട്. ദുശാഠ്യത്തോടെ എന്നെ വേട്ടയാടിയിരുന്ന മ്ലാനവും അന്ധകാരജഡിലവുമായ രംഗവേദിയായിരുന്നു അത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ബാധയൊഴിക്കല്‍ ചടങ്ങിന്റെ അനുഷ്ഠാനംപോലെ എല്ലാ കാര്യവും കടലാസിലാക്കാന്‍ ഞാന്‍ തീരുമാനിക്കുന്ന ദിവസം വരെ. അതിനെക്കുറിച്ചെഴുതാന്‍ സാഹചര്യം എന്നെ നിര്‍ബന്ധിച്ചു എന്നു പറയുന്നതാവും ശരി. അതുകൊണ്ട്, ഒരു എഴുത്തുകാരനെ അവന്റെ വികാരത്തേയും 
സംഗീതത്തേയും പ്രകാശിപ്പിക്കുവാന്‍ നിര്‍ബ്ബന്ധിക്കുന്നത് അവന്റെ  സാഹചര്യങ്ങളാണെന്ന് ഒരുവന് ഒരു സാമാന്യവല്‍കരണം  നടത്താന്‍  കഴിയും. ഞാന്‍ എന്റെ ബാല്യം ചെലവിട്ട വീടിനെക്കുറിച്ചാണ് സംസാരിച്ചത്. കൊമ്പുകളില്‍ ഉച്ചത്തില്‍ കരയുന്ന വവ്വാലുകളുള്ള ഇരുണ്ട ദേവദാരു മരങ്ങള്‍. ഇരുട്ട് അവന്റെ തന്നെ ഉള്ളിലാണെന്ന് ഒരുവന്‍ കണ്ടെത്തുന്നതുവരെ കാറ്റിനോടൊപ്പം ചേരുവാനെന്നവണ്ണം പ്രത്യക്ഷപ്പെടുന്ന നിഴലുകള്‍. മിക്ക സമയവും വീട്ടില്‍ നിന്നകലെ തന്റെ കരുത്തേറിയ ബി.എസ്.എ സൈക്കിളില്‍ ആ പ്രദേശത്തെ െ്രെപമറി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു നടക്കുന്ന അച്ഛന്‍. വീടിന്റെ അതീതമായ ഇരുട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന രോഗിണിയായ അമ്മ. അമ്മയുടെ കാല്‍ക്കല്‍ അനിയന്‍. അന്ന് വീട്ടില്‍ വൈദ്യുതിയില്ലായിരുന്നു.  (അന്ന് ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ആഡംബരമായിരുന്നു) അതിനാല്‍ വരാന്തയും അതിനോടു ചേര്‍ന്ന പിന്‍മുറ്റവും പ്രേതബാധിതമായ ഒരു അന്തരീക്ഷത്തില്‍ ഒഴുകുന്നതു പോലെ തോന്നിച്ചു. ഇതെല്ലാം കൂടി എന്നില്‍ കീഴടക്കാനാകാത്ത ഒരു അരക്ഷിതത്വബോധം നിറച്ചു. 

ഇരുളില്‍, ഇളംകാറ്റില്‍ താളമിടുന്ന എണ്ണവിളക്കും പിടിച്ചുനില്‍ക്കുന്ന അമ്മയുടെ ചിത്രം അന്നേ എന്റെ മനസ്സില്‍ പതിഞ്ഞതായി തോന്നി. മറ്റെന്തിനേക്കാളും എന്റെ ജീവിതത്തില്‍നിന്ന് ഹൃദയത്തോടടുത്ത് കിടക്കുന്നത്. ഓര്‍മ്മയിലെ ഈ സായാഹ്നങ്ങള്‍ മാത്രമാണ്. എന്റെ അമ്മയുടെ എണ്ണവിളക്കിന്റെ വ്യാകുലനേത്രങ്ങളുമായി ആവിഷ്‌കരിക്കാനാകാത്ത ഒരു ഏകാന്തത കെട്ടുപിണഞ്ഞു കിടക്കുന്നു. അവ രണ്ടും എന്നില്‍ ഓരോ വികാരങ്ങള്‍ സന്നിവേശിപ്പിക്കുന്നു. കൂടുതല്‍ സൂക്ഷ്മനിരീക്ഷകനാവാന്‍ ശ്രമിക്കാതേയും കൂടുതല്‍ കാര്യങ്ങളുടെ അഗാധതലത്തിലേക്കിറങ്ങിച്ചെല്ലാതേയും ഒരു പ്രതീകം എന്താണെന്ന് അതെന്നെ മനസ്സിലാക്കി തന്നു. വര്‍ഷങ്ങള്‍ കടന്നുപോവുകയും എനിക്കു വയസ്സേറുകയും ചെയ്തപ്പോള്‍ ഒരുപക്ഷേ, ഈ ബിംബം കുഴിച്ചുമൂടിയിരിക്കാം. എന്റെ മനസ്സിന്റെ ഇടതൂര്‍ന്ന ചെടിപ്പടര്‍പ്പുകള്‍ക്കടിയിലേക്ക് പിന്നീട് വളരെ പിന്നീട് ഞാനെഴുതാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ എന്റെ ഭൂതകാലത്തില്‍ ഏകനായിരിക്കുന്നത് കണ്ടത്. ആ ഭൂതകാലം എനിക്ക് മുന്നില്‍ നീണ്ടുകിടക്കുന്നു. ഞാന്‍ നിലയുറപ്പിച്ച കൊമ്പ് ഒടിഞ്ഞിട്ടെന്നവണ്ണം അതെന്നെക്കൊണ്ട് സംസാരിപ്പിക്കുന്നു.

ഇരുണ്ട മുറിയില്‍ 
നിദ്രയുടെ വക്കില്‍
എല്ലാ ദിനങ്ങളിലെന്നപോലെ 
കാത്തുനില്‍ക്കുന്നു സ്ത്രീക്ക്
കണ്ണാടിയില്‍ അവളുടെ പ്രതിബിംബം
കാണാന്‍ കഴിയുന്നില്ല,

അവളുടെ കൈകളില്‍ 
എണ്ണവിളക്കു പിടിച്ചിരിക്കുന്നു.
എണ്ണകുടിച്ച മഞ്ഞജ്ജ്വാലകള്‍
അവളുടെ ഏകാന്തമായ ശരീരം
മറയുന്നതെവിടെയാണെന്നറിയുന്നു.

അങ്ങനെയാണ് 'കാണാതായ ഒരാള്‍' എന്ന കവിത രൂപമെടുത്തത്. അങ്ങനെ ഒരു സംഭവം ചുരുള്‍ നിവര്‍ത്തുന്നതോടൊപ്പം ഒരു കവിതയുണ്ടാകുന്നു. (കവിത 'ഉണ്ടാകുക' തന്നെയല്ലേ?) കാവ്യരീതികളുമായി ബന്ധമില്ലാതെ ശാസ്ത്രപഠനത്തില്‍ മുഴുകിയിരുന്ന എനിക്ക് കവിതാരചന ഒരു തരത്തില്‍, വേദനാജനകമായ ഒരു തുരന്നെടുക്കലാണ്. എന്നെത്തന്നെ കണ്ടെത്തലാണ്, അതുപോലെത്തന്നെ ആത്യന്തികമായി ഞാന്‍ അറിയാനും സ്വീകരിക്കാനും സ്‌നേഹിക്കാനും ഇഷ്ടപ്പെടുന്ന എന്റെ തന്നെ ഭാഗത്തെ അഭിമുഖീകരിക്കലാണത്.

തൊണ്ണൂറാം വയസ്സില്‍ ജീവിതത്തോട് 
വിടപറഞ്ഞ സമാദരണീയനായ അമേരിക്കന്‍ കവി ആര്‍ച്ചിബാള്‍ഡ് മക്ലീഷ്, ബിംബങ്ങളാണ് കവിതയെ സചേതനമാക്കുന്നതെന്ന് പറയുകയുണ്ടായി.  ബിംബങ്ങള്‍ വാക്കുകളാല്‍ ഉണ്ടാക്കപ്പെട്ടതാണ്. എങ്ങനെയായാലും കവിതയില്‍ വാക്കുകളുടെ അര്‍ത്ഥം വാക്കുകളില്‍ മാത്രമായി കിടക്കുന്നുമില്ല. വാക്കുകളില്‍ അര്‍ത്ഥം കണ്ടെത്തേണ്ടത് വായനക്കാരനാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് അച്ചടിച്ച പുസ്തകത്താളിലെ വാക്കുകളല്ല വാക്കുകള്‍. നമ്മെപ്പോലുള്ളവര്‍ക്കു 
മാത്രമേ മുന്നിലെ ഭംഗിയായി അച്ചടിച്ച കറുത്ത അക്ഷരങ്ങളില്‍നിന്ന്  വികാരത്തള്ളിച്ചയും നിലവിളിയും അനുഭവപ്പെടുകയുള്ളു. നമ്മുടെ അഹംബോധത്തെ ശൂന്യമാക്കുന്നത് വാക്കുകളാണ്, നമ്മെ ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും പുഞ്ചിരിപ്പിക്കുന്നതും വാക്കുകളാണ്. നമ്മുടെ ഇച്ഛാശക്തിയെ കരുപിടിപ്പിക്കുന്നതും അതില്‍ ഊര്‍ജ്ജം നിറയ്ക്കുന്നതും  കാറ്റുപോയ ടയര്‍പോലെ നിശ്ചേഷ്ടമാക്കുന്നതും വാക്കുകളാണ്. കവിതയിലല്ലാതെ മറ്റെവിടെയാണ് അര്‍ത്ഥം സന്നിവേശിപ്പിച്ച വാക്കുകള്‍ നാം കണ്ടെത്തുക?

കവിതയുള്ളതായ ഭാഷയിലെ വാക്കുകളില്‍ നാം ആശ്വാസം തേടിപ്പോകുമ്പോള്‍, കവിതയുടെ ചലനങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വാക്കുകള്‍ നമ്മില്‍ എത്രമാത്രം ചലനങ്ങളുണ്ടാക്കുന്നുവെന്നും വ്യത്യസ്തങ്ങളായ 
പ്രതികരണങ്ങളുളവാക്കുന്നുവെന്നും നാമറിയുന്നു. ഈ വാക്കുകളുടെ കളികളാണ് നമ്മുടെ ജീവിതനിമിഷങ്ങളെ അതിയായി സ്പര്‍ശിക്കുന്നത്.  കവിതയെഴുതുന്ന പ്രവൃത്തി സംതൃപ്തിനല്‍കുന്ന ഒരു പ്രവൃത്തിയായിത്തീരുന്നു എന്തുകൊണ്ടെന്നാല്‍ അത് ആനന്ദം കൊണ്ടുവരുവാന്‍ നമ്മെ സഹായിക്കുന്നു, കണ്ണുകളില്‍ ഒരു പ്രകാശം, കാലുകളില്‍ ഒരു കുതിപ്പ്. ഞാന്‍ അതിനെക്കുറിച്ച് അത്തരത്തിലാണ് ചിന്തിക്കുന്നത്. കവിത ആളുകള്‍ക്ക് അല്പം മാത്രമേ കാര്യമര്‍ഹിക്കുന്നതായിത്തീരുന്നു ഉള്ളതെന്ന് ഒരുവന്‍ വേദനയോടെ ബോധ്യപ്പെടുന്നു (മാസികകളിലെ കവിതാപേജുകള്‍ വളരെക്കുറച്ചുപേര്‍ മാത്രം നോക്കുന്നു). എന്നിരിക്കിലും മറ്റുള്ള അനേകംപേരെപ്പോലെ എന്തോ ഒന്ന് മുറിയുടെ നിശ്ശബ്ദതയിലിരുന്ന് എഴുതാന്‍ പ്രേരിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മറ്റൊരുവനോട് സംസാരിക്കാനുള്ള വിഫലശ്രമങ്ങളാണ് എന്റെ കവിതകള്‍ എന്ന് ഞാനറിയുന്നു. ജീവിതത്തെക്കുറിച്ച് അറിയുന്നതില്‍നിന്ന് പറയാനും ഒരുവന്റെ അനുഭവങ്ങള്‍ പങ്കിടേണ്ടതുമായ ആവശ്യകതയില്‍നിന്ന് ഉയര്‍ന്നുവരുന്നവയാണ് കവിതകള്‍. എന്താണ് അതിലുള്ള സംതൃപ്തി? ഞാനെഴുതുന്ന കവിതകള്‍ വായിക്കുന്നത് പന്ത്രണ്ടുപേര്‍ മാത്രമാണെന്നറിയുമ്പോഴും ആ പ്രക്രിയയില്‍ ഒരു രഹസ്യാനന്ദമുണ്ട്. ആ പന്ത്രണ്ടുപേരില്‍ ആറുപേര്‍ കോളേജില്‍ തങ്ങള്‍ പഠിച്ച 'മഹാ'കവികളുടെ കവിതകളുടെ വെറും അനുകരണങ്ങളാണവയെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും.

എന്നാല്‍ ഓര്‍മ്മ സമയരാഹിത്യത്തിന്റെ ഒരു തെളിവാണ്.

ഓര്‍മ്മയില്‍നിന്ന് രൂപപ്പെടുത്തിയെടുത്ത കവിത എന്റെ സ്വപ്നങ്ങളോടൊപ്പം എന്നെ ജീവിപ്പിക്കുന്നു അസ്ഥികളില്‍ മറഞ്ഞിരിക്കുന്ന സംഗീതം. ഒരുതരം രക്ഷപ്പെടല്‍? ...അതേ നമ്മുടെ ദിനങ്ങളെ പീഡിപ്പിക്കുന്ന വിശപ്പിലും ലൈംഗികതയിലും രോഗത്തിലും മരണത്തില്‍നിന്ന് രക്ഷപ്പെട്ട് വാക്കുകളില്‍ ചോരചിന്തുവാനുള്ള ശ്രമം.

ജയന്തമഹാപത്രയുടെ കവിതകള്‍ 

കാണാതായ ഒരാള്‍

ഇരുണ്ട മുറിയില്‍
നിദ്രയുടെ വക്കില്‍
എന്നത്തേയും പോലെ
കാത്തുനില്‍ക്കുന്ന സ്ത്രീ.

കണ്ണാടിയില്‍ അവള്‍ക്ക്
സ്വന്തം പ്രതിബിംബം
കണ്ടെത്താന്‍ കഴിയുന്നില്ല.

അവള്‍ കൈകളിലേന്തിയ
എണ്ണവിളക്കിലെ സ്‌നേഹപാനം ചെയ്ത
മഞ്ഞജ്വാലകള്‍ക്കറിയാം,
അവളുടെ ഏകാന്തമായ ശരീരം
ഒളിക്കുന്നതെവിടെയാണെന്ന്.

സ്വാതന്ത്ര്യദിനത്തെക്കുറിച്ച്

മുള്‍ക്കിരീടമണിഞ്ഞ, ആ ആദ്യനാളുകള്‍
നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
നമുക്ക് മനസ്സിലാക്കാന്‍ കഴിയാതിരുന്ന
വിശ്വാസങ്ങളില്‍
ലോലമായ ഈറന്‍ പുല്ലുകള്‍ വളരുകയാണ്.
സൂര്യകാലത്തിനു കീഴില്‍
നൂറ്റാണ്ടുകളായി സമയമില്ലായ്മയില്‍
വായുവില്‍ കുലുങ്ങിക്കൊണ്ടിരുന്ന, നമ്മുടെ ചിരി
ബ്രിട്ടീഷുകാര്‍ കടന്നുപിടിച്ചപ്പോള്‍
ശ്വാസം നിലച്ചുപോയ
രക്തത്തിന്റെ മര്‍മ്മരത്തെക്കുറിച്ചുള്ള
ആ കഥകളെല്ലാം
നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
നമ്മുടെ മൃതരോ,
നദീതീരത്തെ കാടുകളില്‍ നഷ്ടമായി.
മൂടല്‍മഞ്ഞും തമസ്സും നൃത്തവും
അതിന്റെ വായുവില്‍ തപ്പിത്തടഞ്ഞു.
നമ്മുടെ സ്ത്രീകളുടെ കണ്ണുകളിലോ,
കറുത്ത പ്രാര്‍ത്ഥനകള്‍ തപ്പിത്തടഞ്ഞു.
വെയിലില്‍,
അമ്പലമുറ്റത്തെ കൊടിക്കൂറകളെപ്പോലെ
നമ്മുടെ കുട്ടികളെ
പ്രകോപിപ്പിക്കുകയോ നീരസപ്പെടുത്തുകയോ
ചെയ്യുന്ന ഒന്നും പറയാതിരിക്കാന്‍
നാം ശ്രദ്ധവെയ്ക്കുന്നു.
കുഴപ്പം പിടിച്ച ഒരു റൂബിക് ക്യൂബ്
അവരുടെ അപക്വമായ കൈകളില്‍
കറങ്ങുന്നതുപോലെ തോന്നുന്നു.
'പുല്ലുകള്‍  ഇല്ലാതാകുന്നതെങ്ങനെയാണെന്ന്
നീ ശ്രദ്ധിച്ചിട്ടുണ്ടോ?'
ഞാന്‍ മകനോട് ചോദിക്കുന്നു.
അവന്‍ അറിയാതെ
അഗ്‌നിയുടെ ചെറുനാവുകള്‍
സ്വന്തം  വിരല്‍ത്തുമ്പുകളില്‍ അവനേന്തുന്നതുപോലെ
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള
ഈ സംസാരത്തെ തീറ്റിപ്പോറ്റുന്നത്
നമ്മുടെ തന്നെ ബലഹീനതകളാണെന്ന്
കുട്ടികളുടെ  കറുത്തതും വെളുത്തതുമായ
കണ്ണുകള്‍ പറയുന്നു.
പെട്ടെന്ന്, നിനച്ചിരിക്കാതെ
ചീറിയുയരുന്ന ജലധാരയെപ്പോലെ
മരിച്ചുപോയവരുടെ ചിതാഭസ്മം
നമ്മുടെ കുഞ്ഞുമക്കളെ ഗ്രസിക്കുന്നു.

ഇന്ന്
നാം രഹസ്യമായി, വീടുകളിലേയ്ക്ക്
ഇഴഞ്ഞു കടക്കുന്നു.
മരിച്ചുപോയവരുടെ സ്മരണകളെ
നാം നമുക്ക് പിറകെ വലിച്ചുകൊണ്ട്. 
കംപ്യൂട്ടറിന്റെ കൂടിക്കൂടിവരുന്ന ശബ്ദത്തെ മുക്കിക്കൊല്ലാന്‍
മരിച്ചവരുടെ ശബ്ദം മതിയാകുന്നില്ല.
ഒരുപക്ഷേ,
ഉല്ലസിക്കുവാനും പക്വത നേടാനുമായി
നമ്മുടെ കുഞ്ഞുങ്ങള്‍
നശിപ്പിക്കാന്‍ പുറപ്പെടുന്നത്
ഭൂമിയുടെ പാട്ടിനെത്തന്നെയാകാം.
എന്നാല്‍, നമ്മുടെ ഭൂതകാലം
ശിശുവിനെപ്പോലെ മിടിക്കുമ്പോള്‍
നമുക്കെങ്ങനെ ശക്തരും പ്രക്ഷോഭകാരികളും
സ്വതന്ത്രരുമായിരിക്കാന്‍ കഴിയും?
കുഴിച്ചിട്ട നിധിയെക്കുറിച്ചുള്ള ചിന്ത
ഒരു രൂപത്തിന്റെ സ്ഥിരീകരണംപോലെ, 
നമ്മോടു സംസാരിക്കുന്ന ഒരു ശബ്ദമായിത്തോന്നി.
എന്നാല്‍ നമുക്ക് ഒളിക്കാന്‍ സ്ഥലമെവിടെ?
നന്മയ്ക്കും തിന്മയ്ക്കുമപ്പുറം  ഒരിടം കണ്ടെത്താന്‍
ഒരുപക്ഷേ, കുട്ടികള്‍ക്കുമാത്രേ ആവൂ.
ഇരുണ്ട ചില്ലുകള്‍ക്കടിയില്‍ കണ്ണുകളൊളിപ്പിച്ച്
സൂര്യന്റെ അഹങ്കാരഭാരത്താല്‍
കുനിഞ്ഞുപോകുന്ന റോഷാനാരായെപ്പോലെ.
അല്ലെങ്കില്‍
ഇന്ത്യ എല്ലായ്‌പ്പോഴും അലഞ്ഞുനടക്കുന്നതുകൊണ്ട്.
കുഴപ്പം ഇതാണ്:
മരിച്ചുപോയവര്‍ കൈനീട്ടുന്നു.
പക്ഷേ, നഗ്‌നവും ബീഭത്സവുമായ എല്ലുകള്‍ കണ്ട്
കുട്ടികള്‍ പരിഭ്രാന്തരാകുന്നു. 
ഇതൊന്നും കാണാതെയും കേള്‍ക്കാതെയും
സൂര്യന്‍ ഓടിക്കൊണ്ടിരിക്കുന്നു.
നാം ഭൂതകാലത്തിന്റെ ജഡം
നാല്‍കവലയില്‍ തൂക്കിയിട്ടിരിക്കുന്നു.
നമ്മുടെ വിരലുകള്‍ അതില്‍നിന്ന് 
മാംസത്തുണ്ടുകള്‍ വലിച്ചുപറിച്ചെടുക്കുന്നത്
നമ്മുടെ കുട്ടികള്‍ കണ്ടുകൊണ്ടേയിരിക്കുന്നു.

ബന്ധങ്ങള്‍*
(റിലേഷന്‍ഷിപ്പ് എന്ന കാവ്യത്തിന്റെ എട്ടാംഭാഗം)

സൂര്യന്റെ ഔജ്ജ്വല്യത്തില്‍
ഈ ജീര്‍ണ്ണക്ഷേത്രത്തിന്റെ കല്ലുകള്‍ക്കിടയില്‍
എന്നെ തളച്ചിട്ടിരിക്കുന്നത്
എന്റെ ജീവിതം തന്നെയാണ്.
പടവുകള്‍ക്കഭിമുഖമായി നില്‍ക്കുന്ന
സൂര്യസിംഹങ്ങളേ,
ജീവിതത്തിലേയ്ക്ക് ആര് തിരിച്ചുവരുന്നത് കാണാനാണ്
നിങ്ങള്‍ കാത്തുനില്‍ക്കുന്നത്?
നിദ്രയുടെ ആദ്യരാവിന്റെ സിരകളില്‍
സ്പന്ദനം പടര്‍ത്താന്‍
ആരുടെ അലര്‍ച്ചയ്ക്കാണ്
നിങ്ങള്‍ കാത്തുനില്‍ക്കുന്നത്?

അകലെ
സ്വപ്നത്തിന്റെ കൃഷ്ണശിലകളുടെ ശൃംഗത്തിലേയ്ക്ക്
അവിടെ,
സമുദ്രംകൊണ്ട് ആര്‍ദ്രവും സ്‌നിഗ്ദ്ധവുമായ
മന്ദാനിലന്‍ വീശുന്നിടത്ത്,
മരിച്ചുകൊണ്ടിരിക്കുന്ന  കുട്ടി അച്ഛനെ
മണല്‍ത്തിട്ടകളുടെ അന്ധമായ ഏകാന്തതയില്‍
കിടത്തുന്നിടത്ത്.
സ്ത്രീയുടെ വിസ്തൃതമായ ശരീരം,
പൂവുകള്‍, പഴങ്ങള്‍,
തളിരില, മടങ്ങിക്കിടക്കുന്ന വയര്‍,
കത്തിച്ചാമ്പലാക്കുന്ന അഗ്‌നി,
എല്ലാം മത്സ്യങ്ങളെച്ചൂഴുന്ന
ഊഷ്മളജലം പോലെ.
പക്ഷിക്കുഞ്ഞുങ്ങളുടെ
ഒഴുകുന്ന ശ്വാസത്തിന് ചുറ്റുമുള്ള
പട്ടുതൂവലുകള്‍ പോലെ,
എല്ലാം നമ്മെ ലഹരിപിടിപ്പിക്കുന്നിടത്ത്.

അങ്ങനെ,
ഈ വാതിലിലൂടെ
മൂന്നു സാമ്രാജ്യങ്ങളുടെ മിനുമിനുപ്പാര്‍ന്ന ത്വക്കിലൂടെ,

ധാതുലോകത്തിലൂടെ,
സസ്യലോകത്തിലൂടെ,
ജന്തുലോകത്തിലൂടെ,

സ്‌നേഹത്തിന്റെ ജ്വരവും
ഭൂമിയുടെ ആഴങ്ങളിലെ പ്രകമ്പനങ്ങളും
അനുഭവിച്ചറിയാന്‍

അര്‍ത്ഥം ഒരു വസ്തുവിന്റെ വെറും നിലനില്‍പ്പില്‍
ഒരൊറ്റ തലത്തില്‍, ഒതുങ്ങിനില്‍ക്കുന്നതാണോ?
നാമുണ്ടാക്കിയ  ഏകാന്തതയുടെ  
നിസ്സഹായമായ പാനത്തില്‍
നമ്മുടെ ജീവിതങ്ങളിലെ
കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട ഭൂമിയെ 
നൈരാശ്യത്തോടെ മാന്തിക്കീറുന്ന
വിഭ്രാന്തമായ കരിങ്കല്‍ചക്രങ്ങളുള്ള
സൂര്യന്റെ ഇരുണ്ട രഥത്തിലും ശിലയിലും
വിജനമായുപേക്ഷിക്കപ്പെട്ട
ഏകാന്തതയിലും
അത് ഒതുങ്ങില്‍ക്കുമോ?

ഇവ,
തമസ്സില്‍നിന്നും വെളിച്ചത്തില്‍നിന്നും
യാഥാര്‍ത്ഥ്യത്തില്‍നിന്നും ഭാവനയില്‍നിന്നും
നമ്മുടെ ഇരുണ്ട ലക്ഷ്യങ്ങളില്‍നിന്നും
കൊത്തിയെടുക്കപ്പെട്ടവയാണ്.
അനന്തമായ നീലക്കടലിന്റെ പശ്ചാത്തലത്തില്‍
ജലകന്യകമാരുടെ ലോഹനേത്രങ്ങളുടെ ഉറ്റുനോട്ടത്തില്‍നിന്ന്.
മരിക്കാത്ത സൂര്യനില്‍ ചവുട്ടിമെതിക്കാത്ത
കാട്ടാനകളുടെ രാത്രിയില്‍നിന്ന്,
കൊമ്പുള്ളവരിലും കുളമ്പുള്ളവരിലും നിന്ന്,
ഗന്ധര്‍വ്വന്മാരിലും രാക്ഷസന്മാരിലും നിന്ന്:
നമ്മുടെ കുറ്റബോധത്തിന്റെ
ഊതനിറമാര്‍ന്ന കുന്നുകള്‍ക്കു കുറുകെ
സൂര്യന്‍ ഏറെ പറന്നിട്ടില്ലാത്തതുകൊണ്ട്
നാമുണ്ടാക്കിയ, നമ്മുടെ തന്നെ
പ്രതിച്ഛായകളല്ലേ, ഇവയെല്ലാം?
ഭൂമിയെ വേട്ടയാടുന്ന പ്രഭാതത്തിന്റെ
ഉയര്‍ന്നു വളഞ്ഞ കമാനങ്ങള്‍,
രക്തത്തിന്  ഇല്ലാതെ പോയ ഒരു മാനത്തിന്റെ
ഇരുണ്ട ഗര്‍ത്തം തന്നെയല്ലേ?

ഇതാണ് യഥാര്‍ത്ഥ ശരീരം,
ചുവന്ന്, മദമിളകി
ഉന്മത്തമായ വൃഷണങ്ങളോടെ
മദമിളകി നില്‍ക്കുന്ന ഒറ്റയാന്‍.
ഇരുണ്ട ശിവരാത്രികളിലെ ആസക്തിപൂണ്ട ദൈവം,
അതുകൊണ്ടാണ്
അതിന് നമ്മെ ഉള്‍ക്കൊള്ളാന്‍
കഴിയാത്തത്.
അതിനെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതില്‍
ഒരു കാര്യവുമില്ല.
ഈ നിശ്ശബ്ദതയുടെ ജ്വരഹരി,
എന്റെ വിയര്‍പ്പിന്റെ മേഘം:
ഇനിയും ജനിച്ചിട്ടില്ലാത്ത നിന്റെ മഴ
എന്നെ
ജന്മാന്തരങ്ങളുടെ വിദൂരതാഴ്‌വരകളിലെ
രൂപങ്ങളും വര്‍ണ്ണങ്ങളും കാണിച്ചുതരുമോ?
കാരണം,
ഇതാ ഞാനിപ്പോള്‍
നിന്റെ നിഗൂഢക്രമത്തെ,
പരിഭ്രാന്തമായ യോനിയെ, സ്പര്‍ശിക്കുന്നു:
എനിക്കു മുന്നില്‍ കിടക്കുന്നു
സ്വപ്നങ്ങളുടെ മടുപ്പാര്‍ന്ന വര്‍ഷങ്ങള്‍,
മാംസപേശികളുടെ രോഗാതുരമായ ലക്ഷ്യങ്ങള്‍,
ഉണ്മയുടെ നാരുകളില്‍
സൂര്യാസ്തമയങ്ങളുടെ തീക്ഷ്ണമായ വര്‍ണ്ണജാലങ്ങള്‍.

തകര്‍ന്നു വീണുകിടക്കുന്ന നൂറ്റാണ്ടുകളുടെ
ഈ ശിലകളില്‍നിന്ന്
എന്നെ ഞാനെങ്ങനെ  പുറത്തേയ്ക്ക്  വലിച്ചെടുക്കും?
ലോകം മുഴുവന്‍ വീണ്ടും പുതുക്കിപ്പണിയുന്നതുവരെ
ലിംഗത്തെ ഞാനെങ്ങനെ കണ്ണുകളില്‍ ആവാഹിക്കും?

പുല്ല്

എനിക്കതുമായി കൂടിയാലോചിക്കേണ്ടതുണ്ടോ?
ഒരു സ്‌തോത്രം പതുക്കെ ചലിക്കുന്നത്
ഞാന്‍ നോക്കിനില്‍ക്കുന്നു.

ചിലപ്പോഴെന്റെ മഹാദുഃഖത്തെ
സ്വന്തം ചുമലില്‍ താങ്ങിക്കൊണ്ട്,
ചിലപ്പോഴെന്റെ അരികിലൂടെ
അതു വലിച്ചിഴച്ചുകൊണ്ട്.

എന്റെ കാലടികള്‍ക്കു കീഴില്‍ നിലം മാറുന്നു.
ഭൂമി സഹിഷ്ണുവാകുന്നു
അതു വെളിച്ചത്തില്‍
സ്വന്തം വഴി നിര്‍മ്മിച്ചെടുക്കുന്നു.
എന്നോടൊപ്പം സഗൗരവം നടക്കുന്ന
ഒരു കണ്ണാടി മാത്രമാണ് അത്.
പൂര്‍വ്വികരുടെ ജീര്‍ണ്ണഗന്ധത്തില്‍ അതൊളിക്കുന്നു.
എന്റേതു മാത്രമായ രഹസ്യങ്ങള്‍
അത് എന്നെ ഓര്‍മ്മപ്പെടുത്തുന്നു.

വര്‍ഷങ്ങളുടെ വിണ്ടുകീറിയ ഭൂമി.
അക്ഷമമായ ഒരൈന്ദ്രിയതയില്‍
തപ്പിത്തടയുന്ന വേരുകള്‍.

അജ്ഞാതമായ കാറ്റുകളുടെ ഏകാന്തതയില്‍
പൊങ്ങിത്താഴുന്ന ഉയര്‍ന്ന ശിരസ്സുകള്‍.
ഇപ്പോള്‍ ഞാന്‍ 
മനസ്സിനു പുറത്തുള്ളതെന്തോ ശ്രദ്ധിക്കുന്നു.
ഞാന്‍ പുല്ല് അരിഞ്ഞെടുക്കുന്നു.
വൃക്ഷങ്ങള്‍ അവസാനിക്കുന്നതറിയുന്നു.
ശിശുസഹജമായ വിനയം
എന്തെന്നനുഭവിക്കുന്നു.
പരിചിതരായ തങ്ങളുടെ പീഡകരെ 
രണ്ടായി വലിച്ചുകീറുന്ന എന്റെ കൈകള്‍
അവയുടെ ശാപത്തിനായി കാത്തുനില്‍ക്കുന്നു.
എന്റെ ഇരുണ്ട ഭീതിയുടെ പൊറ്റകള്‍.

രാത്രികളിലെ പുരുഷന്‍

അസാദ്ധ്യമായ രാത്രികളിലെ
ഇരുട്ട് പുരണ്ട തൂവാലത്തുമ്പുകൊണ്ട്
അയാള്‍ കണ്ണുതിരുമ്മുന്നു:
അങ്ങനെ,
കാഴ്ച തെളിയുമെന്ന്
അയാള്‍ പ്രതീക്ഷിക്കുന്നു.
അയാളുടെ മനസ്സിലുള്ള നനഞ്ഞുകുതിര്‍ന്ന വഴി
നിയോണിന്റെ രക്തത്തില്‍
ഉയര്‍ന്നുവന്നിരിക്കുന്നു.
അയാള്‍ അപ്പോള്‍ത്തന്നെ വിട്ടുപോന്ന
മദാലസയായ വേശ്യ
നിര്‍ലജ്ജം പുതിയ ഉപഭോക്താവിനരികിലേയ്ക്ക്
പോയിരിക്കുന്നു.
സഹോദരാ,
രാത്രിയില്‍ വളരെ വൈകി, നിങ്ങള്‍ വീട്ടിലേയ്ക്ക് വരുമ്പോള്‍
കശാപ്പുശാലയില്‍
മരമുട്ടികളിലിരുന്ന് ആട്ടിന്‍തലകള്‍
നീലക്കണ്ണുകളുമായി
നിങ്ങളെ തുറിച്ചുനോക്കുന്നുണ്ടാകും.
എല്ലാ സ്ത്രീകളുടേയും നിറഞ്ഞ യൗവ്വനം
മറ്റൊരു കറയാണ്.
ശിലയെപ്പോലെ പ്രാക്തനായ ശരീരത്തിന്റെ 
പവിത്രമായ ശ്രീകോവിലിനു മീതെ
തെളിയാത്ത ഒരു രക്തരേഖ.

ചാന്ദ്രമുഹൂര്‍ത്തങ്ങള്‍

നേര്‍ത്ത നക്ഷത്രശോഭ അസ്വസ്ഥതയോടെ പായിലുരുളുന്നു,
പുറത്ത് സംസാരിക്കുന്ന സ്ത്രീകളുടെ കണ്ണുകളിലൂടെ
കാര്‍മേഘങ്ങള്‍ കടന്നുപോകുന്നു.
എവിടെയോ എന്നെ വഹിക്കുന്ന ഒരു ചന്ദ്രന്‍
എല്ലായ്‌പ്പോഴുമുണ്ട്.
എന്തുകൊണ്ട് ഒരു മുറി നിര്‍വ്വികാരമായി
മറ്റൊന്നിലേക്ക് തുറക്കുന്നു?

നാം മുമ്പൊരിക്കലും വ്യക്തമല്ലാത്ത വാതിലുകള്‍ തുറക്കുന്നു.
മുമ്പൊരിക്കലും അനുവദിക്കാത്ത ഏതൊന്നിലേയ്‌ക്കോ
നമ്മുടെ മനസ്സുകള്‍ നീങ്ങിക്കൊണ്ടിരിക്കയാണെന്ന്
ബോദ്ധ്യംവന്ന്, വ്രണിതരായി മരങ്ങള്‍ക്ക് കീഴിലിരിക്കുന്നു.
അത് അവിടെയുള്ളതുകൊണ്ട്
അതിനെ തീറ്റിപ്പോറ്റുന്നു.
കാറ്റ് ചെയ്യുന്നതുപോലെ
വൃക്ഷത്തിനെതിരെ വീശുന്നു,
എന്നിരിക്കിലും സമയം മഹാമാന്ത്രികനല്ല,
നമ്മുടെ ജീവിതങ്ങള്‍ക്കുള്ള ഉത്തരം അതിനുണ്ടെങ്കില്‍ പോലും,
നമ്മുടെ പ്രകൃതങ്ങളെ മാറ്റാന്‍ കഴിയുന്ന
ആ മഹാശക്തിയുടെ ഉടമസ്ഥതയില്‍
അഹന്തയുണ്ടെങ്കില്‍ പോലും,
നമ്മിലെ ശൈശവ ദര്‍ശനങ്ങളേയും
സമത്വസുന്ദര ബോധത്തെയും സ്‌നേഹത്തെയും
തകര്‍ക്കുന്നുവെങ്കില്‍പോലും,
നാം നാണംകെട്ട്, ബഹുമതികളുടെ ഉത്തരധ്രുവത്തിലേയ്ക്ക്
ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതുവരെ
സമയം മഹാമാന്ത്രികനല്ല.
യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുവാന്‍
എന്നെ അനുവദിക്കാത്ത ആ വിനയമെന്താണ്?
എന്റെ ചന്ദ്രന്റെ നിഴലുകളില്‍ ഒളിഞ്ഞുകിടക്കുന്ന 
അപമാനം നിറഞ്ഞ ആ രഹസ്യമെന്താണ്?

ഈ വര്‍ഷങ്ങളിലുടനീളം
നമ്മുടെ പരാതികള്‍ ഇനിയൊരിക്കലും
നമ്മുടെ  കണ്ണുകളെ വേദനിപ്പിക്കുകയില്ല.
ഞാന്‍ എന്നിലൂടെ തുടരുന്ന ഈ ജീവിതം
എനിക്കെങ്ങനെയാണ് അവസാനിപ്പിക്കാന്‍ കഴിയുക?
അര്‍ദ്ധരാത്രിയില്‍ മേലങ്കി ധരിച്ച നഗരത്തിലൂടെ
വിജയാരവം മുഴക്കി ദൈവങ്ങള്‍  കടന്നുപോകുമ്പോള്‍
എന്നെ നടുക്കിയ
എന്റെ കൈകളിലിരുന്ന ആ ചോദ്യം
എന്റെ മടിത്തട്ടില്‍ കിടക്കുകയായിരുന്നു

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com