സ്വപ്‌നാടനം: സിനിമാമാജിക്കിന്റെ തുടക്കം 

സ്വപ്‌നാടനം: സിനിമാമാജിക്കിന്റെ തുടക്കം 

പതിറ്റാണ്ടുകള്‍ മലയാളസിനിമയില്‍ ജ്വലിച്ചുനിന്ന സൂര്യന്‍ അസ്തമിച്ചിരിക്കുന്നു. മലയാളി സിനിമയ്ക്ക് പുതിയൊരു ഭാവുകത്വം സമ്മാനിച്ച, പ്രേക്ഷകമനസ്സുകളില്‍ പുതിയൊരു ചലച്ചിത്രാവബോധം സൃഷ്ടിച്ച പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് ഓര്‍മ്മയാവുന്നു. കലാമൂല്യമുള്ള സിനിമകള്‍, പ്രേക്ഷകരെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന ചിത്രങ്ങള്‍ കൂടിയാണെന്നു തെളിയിച്ചുകൊടുക്കാന്‍ ജോര്‍ജിനെപ്പോലെ മലയാളത്തില്‍ മറ്റാര്‍ക്കും കഴിഞ്ഞില്ലെന്നത് വാസ്തവമായി നിലനില്‍ക്കുന്നു. മിക്കവാറുമെല്ലാ ചിത്രങ്ങളിലും സ്ത്രീ-പുരുഷ മനസ്സുകളിലൂടെ, മറ്റാരും സഞ്ചരിക്കാന്‍ ധൈര്യം കാണിക്കാത്ത വഴികളില്‍ അദ്ദേഹം സഞ്ചരിച്ചു. അങ്ങനെ മനസ്സുകളുടെ ശാന്തമായ ഉപരിതലങ്ങള്‍ക്കടിയില്‍ പ്രക്ഷുബ്ധമായ തിരയിളക്കങ്ങള്‍ സൂക്ഷ്മതയോടെ അദ്ദേഹം തിരിച്ചറിഞ്ഞു. ആ സ്പന്ദനങ്ങള്‍ സ്വന്തം മനസ്സില്‍ കൃത്യമായി സ്വീകരിച്ച്, തന്റേതായ ചലച്ചിത്ര ഭാഷയില്‍ അവയെ സംസ്‌കരിച്ച്, കറുപ്പിലും വെളുപ്പിലും വര്‍ണ്ണങ്ങളിലും അദ്ദേഹം തിരശ്ശീലയില്‍ ആവിഷ്‌കരിച്ചു. 

ജോര്‍ജിന്റെ ഈ യാത്രകള്‍, ലോകസിനിമയില്‍ സ്ത്രീമനസ്സുകളുടെ ഇരുണ്ട അറകളിലൂടെ ബര്‍ഗ്മാന്‍ നടത്തിയ ചലച്ചിത്രസഞ്ചാരങ്ങളെ പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ചു. വന്‍ പ്രേക്ഷക സ്വാധീനത്തോടെ മലയാളി ഈ തിരയിളക്കങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. ജോര്‍ജിന്റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് പ്രതീക്ഷിച്ച്, ആദ്യദിവസം തന്നെ അവ കാണാനായി പോകുന്ന 'ജോര്‍ജ് ഫാന്‍സ്' യൗവ്വനകാലത്തെ ചലച്ചിത്ര ഓര്‍മ്മകളായി മനസ്സിലേക്ക് കടന്നുവരുന്നു. ശസ്ത്രക്രിയ ചെയ്യുന്ന വിദഗ്ദ്ധനായൊരു സര്‍ജനെപ്പോലെ മനസ്സുകള്‍, പ്രത്യേകിച്ച് പെണ്‍മനസ്സുകള്‍ വിശകലനം ചെയ്തുകൊണ്ട് ജോര്‍ജ് നടത്തിയ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ യുവസിനിമാ കൂട്ടായ്മകളില്‍ അന്നു സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമ, സംവിധായകന്റെ കലയാണെന്ന് ഉറച്ചു വിശ്വസിച്ച ജോര്‍ജ്, സിനിമാനിര്‍മ്മാണത്തില്‍ കൃത്യമായ അച്ചടക്കം അത്യാവശ്യമാണെന്നു വിലയിരുത്തി.
1946-ല്‍ തിരുവല്ലയില്‍ ജനിച്ച കെ.ജി. ജോര്‍ജ്, 1967-ല്‍ ബിരുദമെടുത്ത ശേഷമാണ് പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രപഠനത്തിനായി പ്രവേശനം നേടുന്നത്. കോളേജ് പഠനകാലത്ത് തന്നെ ചിത്രകലയും സിനിമയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളായിരുന്നു. പെയിന്ററായി ജോലിചെയ്ത പണമുപയോഗിച്ച് വിദേശ ചലച്ചിത്രമാസികകള്‍ പതിവായി വാങ്ങി വായിക്കാറുണ്ടായിരുന്ന ജോര്‍ജ്, സിനിമയാണ് തന്റെ ഭാവിജീവിതമെന്ന് അന്നേ ഉറപ്പിച്ചുകഴിഞ്ഞിരുന്നു.

സ്വപ്നാടനം
സ്വപ്നാടനം

 പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ജോണ്‍ എബ്രഹാമും ബാലുമഹേന്ദ്രയും അദ്ദേഹത്തിന്റെ സീനിയേഴ്സും അടുത്ത സുഹൃത്തുക്കളുമായിരുന്നു. രണ്ട് പേരും മരണം വരെ ജോര്‍ജുമായുള്ള സൗഹൃദം തുടര്‍ന്നു. ബാലുമഹേന്ദ്ര, ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകനായി വീണ്ടും അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവന്നു. അടുത്ത സുഹൃത്തായിരുന്നെങ്കിലും ജോണിന്റെ സിനിമാ സംവിധാനരീതിയുമായി പൊരുത്തപ്പെടാന്‍ ഒരിക്കലും ജോര്‍ജിനു കഴിഞ്ഞിരുന്നില്ല. തിരക്കഥ, സിനിമയുടെ മുഖ്യഘടകമായി കണ്ടിരുന്ന ജോര്‍ജ്, തിരക്കഥയില്ലാതെ സിനിമ നിര്‍മ്മിക്കുന്ന ജോണിന്റെ രീതിയെ വിമര്‍ശിക്കാറുണ്ട്. അതേസമയം, വളരെയധികം കഴിവുകളുള്ള വ്യക്തിയായി ജോണിനെ തിരിച്ചറിഞ്ഞവരില്‍ ജോര്‍ജുമുള്‍പ്പെടുന്നു. 

വളരെ കൃത്യമായ തയ്യാറെടുപ്പുകളുമായി സിനിമകള്‍ സംവിധാനം ചെയ്തിരുന്ന സത്യജിത് റായ് ആയിരുന്നു ജോര്‍ജിന്റെ ഇഷ്ടചലച്ചിത്രകാരന്‍. കല്‍ക്കട്ടയില്‍ ചെന്ന് അദ്ദേഹത്തെ കണ്ട അനുഭവങ്ങള്‍ ജോര്‍ജ് സംഭാഷണങ്ങളില്‍ ഓര്‍മ്മിക്കാറുണ്ട്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സംവിധാനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ജോര്‍ജിന്റെ പ്രതിഭ തിരിച്ചറിഞ്ഞവരില്‍ പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ട് ഉള്‍പ്പെടുന്നു. ജോര്‍ജ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എക്സ്റ്റേണല്‍ എക്സാമിനാറായി അവിടെയെത്തിയ കാര്യാട്ട്, അദ്ദേഹത്തെ മദ്രാസിലെ തന്റെ താവളത്തിലേക്ക് ക്ഷണിച്ചു. അങ്ങനെ അവര്‍ക്കിടയില്‍ രൂപപ്പെട്ട അടുത്ത ബന്ധത്തിന്റെ ഭാഗമായാണ് കാര്യാട്ടിന്റെ രണ്ടു ചിത്രങ്ങളില്‍ ജോര്‍ജ് സഹസംവിധായകനാകുന്നത്. 1972-ല്‍ നിര്‍മ്മിച്ച 'മായ', 1974-ലെ 'നെല്ല്' എന്നീ കാര്യാട്ട് ചിത്രങ്ങളുടെ സഹസംവിധായകനായാണ് ജോര്‍ജ് ചലച്ചിത്ര ജീവിതമാരംഭിക്കുന്നത്. അത് കഴിഞ്ഞ്, രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 1976-ല്‍, ജോര്‍ജ് ആദ്യമായി സംവിധാനത്തിലേക്ക് കടന്നു.
ആദ്യചിത്രം സ്വപ്നാടനം (1976) വഴി കെ.ജി. ജോര്‍ജെന്ന യുവസംവിധായകന്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലിടം നേടി. ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മികച്ച ചിത്രമായും ദേശീയ സിനിമാ അവാര്‍ഡില്‍ മികച്ച മലയാളസിനിമയായും 'സ്വപ്നാടനം' തിരഞ്ഞെടുക്കപ്പെട്ടു. മനഃശാസ്ത്രത്തിലെ താല്പര്യമാണ് ജോര്‍ജിനെ സ്വപ്നാടനത്തിലെത്തിക്കുന്നത്.

കെ.ജി. ജോര്‍ജ്
കെ.ജി. ജോര്‍ജ്

മലയാള സിനിമയുടെ കാഴ്ചശീലങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു ചിത്രമായി സ്വപ്നാടനത്തെ പ്രേക്ഷകര്‍ നല്ല രീതിയില്‍ സ്വീകരിച്ചു. ദാമ്പത്യബന്ധങ്ങളിലെ പൊരുത്തമില്ലായ്മ, അതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍, അവ വയലന്‍സിലേക്കെത്തുന്ന അവസ്ഥ എന്നിവ ജോര്‍ജ് ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രമേയമാണ്. അതിന്റെ തുടക്കം സ്വപ്നാടനത്തില്‍ കാണാന്‍ കഴിയും. ഡോ. മോഹന്‍ദാസും റാണീചന്ദ്രയും മുഖ്യ വേഷങ്ങള്‍ ചെയ്ത സ്വപ്നാടനത്തില്‍ ഡോ. ഗോപിയുടെ പരാജയപ്പെട്ട പ്രണയബന്ധവും തകര്‍ന്ന വിവാഹജീവിതവും ആവിഷ്‌കരിക്കുമ്പോള്‍, മലയാളസിനിമ കണ്ട് പരിചയിച്ച ചലച്ചിത്രരീതികളെ ജോര്‍ജ് പൊളിച്ചെഴുതുകയായിരുന്നു. അതേസമയം പ്രേക്ഷകരെ സ്വാധീനിക്കാനുള്ള സവിശേഷതകളും ചിത്രത്തിനുണ്ടായിരുന്നു. ജോര്‍ജെന്ന ചലച്ചിത്രകാരന്റെ സിനിമാമാജിക്കിന്റെ ആരംഭമാണ് സ്വപ്നാടനം. പ്രേക്ഷകരെ അകറ്റിനിര്‍ത്തിയ പതിവ് ആര്‍ട്ട് സിനിമകളുടെ വഴികളില്‍നിന്ന് എക്കാലവും ജോര്‍ജ് ചിത്രങ്ങള്‍ അകലം പാലിച്ചു. അതോടൊപ്പം, തന്റേതായ ചലച്ചിത്രരീതികളില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും ചെയ്തു. 

സിനിമകളുടെ വിജയത്തിന്റെ രഹസ്യമെന്താണെന്ന് അന്വേഷിക്കുന്നവരോട് എപ്പോഴും ചിരിച്ചുകൊണ്ട് ജോര്‍ജ് ഇങ്ങനെ മറുപടി പറയുന്നു: ''ഇറ്റ് ഹാപ്പെന്‍സ്.'' ഇങ്ങനെ സിനിമ സംഭവിച്ചുപോകുകയാണെന്ന് പറയുമ്പോഴും സിനിമകള്‍ക്ക് തിരക്കഥകളെഴുതുമ്പോഴും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും കൃത്യമായ ഹോംവര്‍ക്ക് ചെയ്യുന്ന ഒരു സംവിധായകനാണ് കെ.ജി. ജോര്‍ജെന്നത് ഒരു വസ്തുതയായി നിലനില്‍ക്കുന്നു. പ്രമേയങ്ങളിലെ വൈവിധ്യം ജോര്‍ജ് ചിത്രങ്ങളുടെ പ്രധാന സവിശേഷതയായി തിരിച്ചറിയപ്പെടുന്നു. മിക്ക ചിത്രങ്ങളിലും ദാമ്പത്യബന്ധങ്ങളില്‍ രൂപപ്പെടുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളും ശക്തവും സൂക്ഷ്മവുമായി ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. ഒടുവില്‍ അവ ഒളിച്ചോട്ടത്തിലോ കൊലപാതകത്തിലോ ആത്മഹത്യയിലോ അവസാനിക്കുന്നു. കുടുംബബന്ധങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന കൊലപാതകം അതിസൂക്ഷ്മമായി ചിത്രങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നു. ഒരു ഡിറ്റക്റ്റീവിനെപ്പോലെ അതിന്റെ ചുരുളഴിക്കുന്ന ജോര്‍ജ്, ക്രൈം ത്രില്ലറുകളുടെ മാസ്റ്റര്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിനെ ഓര്‍മ്മിപ്പിക്കുന്നു. കുടുംബകഥകളില്‍നിന്ന് ക്രൈം ത്രില്ലറുകളിലേക്ക് ജോര്‍ജ് ചിത്രങ്ങള്‍ അനായാസം സഞ്ചരിക്കുന്നു. തികഞ്ഞ സ്വാഭാവികതയോടെ പ്രേക്ഷകര്‍ ഈ ചലച്ചിത്രകാഴ്ചകള്‍ സ്വീകരിക്കുന്നു, ആസ്വദിക്കുന്നു, ഓര്‍മ്മകളില്‍ സൂക്ഷിക്കുന്നു. മറ്റൊരു മലയാളി ചലച്ചിത്രകാരനും ചലച്ചിത്രകാരിക്കും തിരഞ്ഞെടുക്കാന്‍ കഴിയാത്ത സവിശേഷമായ ഫോര്‍മുലയിലൂടെ ജോര്‍ജും അദ്ദേഹത്തിന്റെ സിനിമകളും സഞ്ചരിക്കുന്നു. 

സ്വപ്നാടനത്തിന്റെ ചരിത്രവിജയത്തിനുശേഷം ജോര്‍ജ് 1978-ല്‍ സംവിധാനം നിര്‍വ്വഹിച്ച വ്യാമോഹം, രാപ്പാടികളുടെ ഗാഥ എന്നീ ചിത്രങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകസ്വാധീനം നേടിയില്ല. രാപ്പാടികളുടെ ഗാഥയുടെ തിരക്കഥയില്‍ ജോര്‍ജിനൊപ്പം പ്രശസ്ത എഴുത്തുകാരനും ചലച്ചിത്രകാരനുമായ പത്മരാജനുമുണ്ടായിരുന്നു. വ്യാമോഹം, രാപ്പാടികളുടെ ഗാഥ എന്നിവയ്ക്ക് പുറമെ ഇനി അവള്‍ ഉറങ്ങട്ടെ, ഓണപ്പുടവ, മണ്ണ് എന്നീ ചിത്രങ്ങളും 1978-ല്‍ സംവിധാനം ചെയ്ത ജോര്‍ജ്, ഒരു വര്‍ഷത്തില്‍ ആറു സിനിമകള്‍ നിര്‍മ്മിച്ച് മലയാളസിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. 1979 മുതല്‍ 1990 വരെയുള്ള ജോര്‍ജിന്റെ ചലച്ചിത്രകാലം, വളരെ വൈവിദ്ധ്യപൂര്‍ണ്ണമായ മികച്ച സിനിമകളുടെ സമ്പന്ന കാലഘട്ടമാണെന്നു പറയാം. 1979-ല്‍ മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായി, ജോര്‍ജ് ഓണക്കൂറിന്റെ നോവല്‍ ഉള്‍ക്കടല്‍, അതേ പേരില്‍ അദ്ദേഹം സംവിധാനം ചെയ്തു. വന്‍യുവ പ്രേക്ഷകസ്വാധീനം നേടിയ ഉള്‍ക്കടല്‍, അകാലത്തില്‍ അന്തരിച്ച അഭിനേത്രി ശോഭയുടെ അഭിനയമികവ് രേഖപ്പെടുത്തിയ ചിത്രമാണ്. ബാലുമഹേന്ദ്ര ക്യാമറ ചെയ്ത ചിത്രത്തില്‍ അഭിനയിച്ച വിഖ്യാത നടി ശോഭ, ചിത്രം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. 

അവരുടെ ജീവിതം 1983-ല്‍, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്കെന്ന ചിത്രമായി ജോര്‍ജ് സംവിധാനം ചെയ്തു. മലയാള സിനിമയിലെ പതിവ് നായകസങ്കല്പത്തെ പൊളിച്ചെഴുതിയ മേള 1980-ലാണ് ജോര്‍ജ് സംവിധാനം ചെയ്യുന്നത്. ജോര്‍ജിനെ സംബന്ധിച്ചിടത്തോളം ഒരു ചിത്രത്തില്‍, നായകനും/നായികയ്ക്കും താരത്തിനും വ്യത്യസ്താസ്തിത്വങ്ങളാണുള്ളത്. സംവിധായകന്റെ/സംവിധായികയുടെ കൈകളില്‍ ഒതുങ്ങിനില്‍ക്കേണ്ടവരായിരിക്കണം അഭിനേതാക്കളെന്ന് തുറന്നുപറായാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. നടീനടന്മാര്‍ക്ക് ചിത്രത്തില്‍ മേല്‍ക്കൈ ഉണ്ടാകാന്‍ പാടില്ലെന്ന് ജോര്‍ജ് വിശ്വസിച്ചു. സിനിമയുടെ മുഖ്യഘടകമായ തിരക്കഥ കഴിഞ്ഞാല്‍ കാസ്റ്റിങ്ങാണ് പ്രധാനമെന്ന് അദ്ദേഹം പറയാറുണ്ട്. ഒരു ചിത്രത്തിന്റെ തിരക്കഥകയെതുഴുമ്പോള്‍ തന്നെ അതിലേക്ക് വേണ്ട അഭിനേതാക്കള്‍ അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്. 

ജോര്‍ജിന്റെ എല്ലാ ചിത്രങ്ങളിലും സംവിധായകന്റെ കൈകളില്‍ ഒതുങ്ങിനില്‍ക്കുന്ന, അതേസമയം കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തപ്പെടുന്ന അഭിനേതാക്കളെ കാണാം. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ മമ്മൂട്ടിയടക്കമുള്ള അഭിനേതാക്കളുടെ പ്രകടനങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. മമ്മൂട്ടിയെ പല ചിത്രങ്ങളിലും നടനായി തിരഞ്ഞെടുത്ത ജോര്‍ജിന്, അദ്ദേഹത്തിന്റെ കഴിവില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. മോഹന്‍ലാല്‍ പ്രതിഭാധനനായ ഒരു നടനാണെന്നു വിലയിരുത്തിയ ജോര്‍ജിന്, അദ്ദേഹത്തെ തന്റെ ഒരു സിനിമയില്‍ അഭിനയിപ്പിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. തന്റെ ചിത്രങ്ങളില്‍ പുതുമുഖങ്ങള്‍ക്കടക്കം എല്ലാ അഭിനേതാക്കള്‍ക്കും വലിയ തോതിലുള്ള പ്രാധാന്യം അദ്ദേഹം നല്‍കി. യവനികയിലെ ഗോപിയുടെ തബലിസ്റ്റ് അയ്യപ്പന്‍, മേളയിലെ രഘു, ഉള്‍ക്കടലിലെ വേണു നാഗവള്ളി. ആദാമിന്റെ വാരിയെല്ലിലെ ഗോപി... അങ്ങനെ ഒരു വന്‍നിര കഥാപാത്രങ്ങള്‍ ആ സംവിധായകന്റെ സൃഷ്ടികളാണ്. അഭിനേതാവ്, ഒരു താരമെന്നതിനപ്പുറംമഒരു മികച്ച പെര്‍ഫോമര്‍ ആയിരിക്കണമെന്ന് ജോര്‍ജിന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പുതുമുഖ/പ്രശസ്തരല്ലാത്ത അഭിനേതാക്കളെ കാണാന്‍ കഴിയുന്നു. ഇത് അദ്ദേഹം ഇങ്ങനെ സൂചിപ്പിക്കുന്നു: ''സ്റ്റാര്‍ ആവുമ്പോള്‍ ക്രിയേറ്റീവ് ആയിരിക്കില്ല. താരങ്ങളല്ല, ഒരു ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ    അഭിനേതാക്കളാണ് നമുക്ക് വേണ്ടത്.''

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

മദ്ധ്യതിരുവിതാംകൂര്‍ ജീവിതത്തിന്റെ നിഷ്‌കളങ്കമായ ആവിഷ്‌കാരമെന്ന് വിശേഷിപ്പിക്കാവുന്ന ജോര്‍ജിന്റെ കോലങ്ങള്‍ (1981) പി.ജെ. ആന്റണിയുടെ കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. ജോര്‍ജിന്റെ ഫിലിമോഗ്രാഫിയിലെ ഏറ്റവും മികച്ച ചിത്രമായും മലയാള സിനിമയിലെ ശ്രദ്ധേയ സിനിമകളില്‍പ്പെടുന്ന ഒരു ചിത്രമായും വിലയിരുത്തപെടുന്ന യവനിക 1982-ല്‍ പുറത്തുവന്നതോടെ, ഒരു സംവിധായകനെന്ന നിലയില്‍ ഇന്ത്യന്‍ സിനിമയിലും വിദേശങ്ങളിലും ജോര്‍ജ് പ്രസിദ്ധി നേടി. 1982-ലെ മികച്ച ചിത്രം, തിരക്കഥ, മികച്ച നടന്‍ (തിലകന്‍) എന്നിവ കരസ്ഥമാക്കിയ യവനിക, ഗോപി, മമ്മൂട്ടി, ജലജ എന്നിവരുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ടു. 1983-ല്‍ അദ്ദേഹം സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് കേരളത്തിനു പുറത്ത് ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ജോര്‍ജ് ചിത്രമാണ്. ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തി ഇത് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സിനിമാലോകത്തിലെ ജീവിതദുരന്തങ്ങള്‍ ആവിഷ്‌കരിക്കുന്ന ഈ ചിത്രം, സ്ത്രീജീവിതങ്ങള്‍ നേരിടുന്ന പീഡനങ്ങളുടെ മറ്റൊരു അധ്യായം തുറക്കുന്നു. 

ആത്മഹത്യ ചെയ്ത നടി ശോഭയുടെ ജീവിതവുമായി താരതമ്യം ചെയ്യപ്പെട്ട ചിത്രം, അതുവഴി സജീവ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. വന്‍ ജനപിന്തുണ നേടിയ ജോര്‍ജ് ചിത്രങ്ങളില്‍പ്പെടുന്ന യവനിക നാല് പതിറ്റാണ്ടുകള്‍ക്കുശേഷം ഇപ്പോഴും പ്രേക്ഷകരെ സ്വാധീനിക്കുന്നു. ഗൗരവമായ സ്ത്രീപക്ഷ ചലച്ചിത്ര ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ആദാമിന്റെ വാരിയെല്ല് 1984-ലാണ് ജോര്‍ജ് സംവിധാനം ചെയ്യുന്നത്. മൂന്ന് തലമുറകളിലുള്ള സ്ത്രീകളുടെ ദുരന്തജിവിതങ്ങള്‍ പറയുന്ന ചിത്രം, അവര്‍ നേരിടുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങള്‍ ചിത്രീകരിക്കുന്നു. ശ്രീവിദ്യ, സൂര്യ, സുഹാസിനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ആദാമിന്റെ വാരിയെല്ല് വിവിധ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ ശക്തമായ രീതിയില്‍ ആവിഷ്‌കരിക്കുന്നു. അതോടൊപ്പം, പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്ന സ്ത്രീകളുടെ കാഴ്ചയില്‍ ചിത്രം അവസാനിക്കുകയും ചെയ്യുന്നു. മലയാള സിനിമയിലെ ആദ്യ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം 1984-ലാണ് ജോര്‍ജ് സംവിധാനം ചെയ്തത്. പല സന്ദര്‍ഭങ്ങളില്‍ ഇപ്പോഴും പരാമര്‍ശിക്കപ്പെടാറുള്ള ഈ ചിത്രത്തിന്റെ സമകാലീന പ്രസക്തി നല്ല രീതിയില്‍ തിരിച്ചറിയപ്പെടുന്നു.

ജോര്‍ജ് 1985-ല്‍ സംവിധാനം ചെയ്ത ഇരകള്‍, മലയാള സിനിമയിലെ മികച്ചൊരു ക്രൈം ത്രില്ലറാണ്. ആ വര്‍ഷം, മികച്ച രണ്ടാമത്തെ സിനിമ, നടി, നടന്‍, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങള്‍ ഇരകള്‍ നേടി. ക്രിമിനലുകളെങ്ങനെ സമൂഹത്തില്‍ രൂപപ്പെടുന്നു എന്ന് സംവിധായകന്‍ അന്വേഷിക്കുന്ന് ചിത്രം, നിരവധി ധാര്‍മ്മിക ചോദ്യങ്ങള്‍ മുന്‍പോട്ട് വെയ്ക്കുന്നു. 1987-ലെ 'കഥയ്ക്ക് പിന്നില്‍' വീണ്ടും സ്ത്രീ ജീവിതങ്ങളാണ് ജോര്‍ജ് പരിശോധിക്കുന്നത്. സമൂഹമൊരുക്കുന്ന കെണിയിലകപ്പെട്ട്, കൊലപാതകം ചെയ്യാന്‍ നിര്‍ബ്ബന്ധിതയാകുന്ന സ്ത്രീയുടെ അവസ്ഥ ചിത്രം ആവിഷ്‌കരിക്കുന്നു. 1988-ലെ മറ്റൊരാളില്‍ രണ്ട് ദമ്പതികളുടെ ജീവിതങ്ങള്‍ താരതമ്യം ചെയ്യുന്ന ജോര്‍ജ്, വീട് വിട്ട്‌പോകാന്‍ നിര്‍ബ്ബന്ധിതരാവുന്ന സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയാണ് പറയുന്നത്. 

മധ്യവര്‍ഗ്ഗ ജീവിതങ്ങളുടെ സംഘര്‍ഷഭരിതമായ അടിയൊഴുക്കുകള്‍ ഈ ചിത്രം ആവിഷ്‌കരിക്കുന്നു. 1990-ല്‍ ജോര്‍ജ് സംവിധാനം ചെയ്ത ഈ കണ്ണികൂടി, ലൈംഗിക തൊഴിലാളിയുടെ ജീവിതമാണ് കേന്ദ്രീകരിക്കുന്നത്. 1998-ല്‍ സംവിധാനം ചെയ്ത ഇലവങ്കോട് ദേശത്തോടെ ജോര്‍ജിന്റെ സംവിധാനജീവിതം അവസാനിച്ചു. വൈവിദ്ധ്യം നിറഞ്ഞ പ്രമേയങ്ങളില്‍, സ്ത്രീകളുടെ ജീവിത സംഘര്‍ഷങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ട് മലയാള സിനിമയില്‍ സ്ത്രീപക്ഷ ചലച്ചിത്രങ്ങളുടെ പുതിയ അധ്യായം തുടങ്ങിവെച്ച ചലച്ചിത്രകാരനായി കെ.ജി. ജോര്‍ജ് വിലയിരുത്തപ്പെടുന്നു. സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ട്, അവസാനം വരെ തുടരുന്ന ഉദ്വേഗപൂര്‍ണ്ണമായ അന്തരീക്ഷം ഈ ചിത്രങ്ങളുടെ സവിശേഷതയാണ്.

2015-ല്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക്, കേരള സംസ്ഥാനം നല്‍കുന്ന ഏറ്റവും ഉന്നതമായ ചലച്ചിത്ര അംഗീകാരമായ ജെ.സി. ഡാനിയല്‍ പുരസ്‌കാരം കെ.ജി. ജോര്‍ജ് കരസ്ഥമാക്കി. ഒന്‍പത് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അദ്ദേഹം, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (സളെറര) ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേപോലെ ചലച്ചിത്രരംഗത്തെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടന മാക്റ്റയുടെ സ്ഥാപകനും സജീവ പ്രവര്‍ത്തകനുമായിരുന്നു ജോര്‍ജ്. ചലച്ചിത്രസംവിധാനത്തിനു പുറമെ, 1992-ല്‍ ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത മഹാനഗരത്തിന്റെ നിര്‍മ്മാതാവുമായിരുന്നു അദ്ദേഹം.

1998-ല്‍ സിനിമാ സംവിധാനം അവസാനിച്ചെങ്കിലും കെ.ജി. ജോര്‍ജിന്റെ സജീവസാന്നിധ്യം കേരളത്തിലെ ചലച്ചിത്ര-സാംസ്‌കാരിക മേഖലകളില്‍ തുടര്‍ന്നു. പത്രമാദ്ധ്യമങ്ങളില്‍ ജോര്‍ജിന്റെ സാമീപ്യം സാംസ്‌കാരിക കേരളം അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ അതവസാനിക്കുകയാണ്. മലയാള സിനിമയില്‍ പുതിയ കാഴ്ചരീതിക്ക് തുടക്കം കുറിച്ചുകൊണ്ട്, മൗലികമായ സംഭാവനകള്‍ നല്‍കിയ ചലച്ചിത്രപ്രതിഭ കെ.ജി. ജോര്‍ജിന് ആദരാഞ്ജലികള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com