ഹിമാലയന്‍ യാത്രകളെല്ലാംഅതിഭാവുകത്വവും കാല്‍പ്പനികതയും നിറഞ്ഞവ

ഹിമാലയന്‍ യാത്രകളെല്ലാംഅതിഭാവുകത്വവും കാല്‍പ്പനികതയും നിറഞ്ഞവ
മൂന്നു ദിവസം അവധി കിട്ടിയാല്‍ രണ്ടു ദിവസം കൂടി അവധിയെടുത്ത് യാത്ര ചെയ്യുന്നവരുണ്ട്. പക്ഷേ, എന്റെ യാത്രകളുടെ സ്വഭാവം ഗൗരവമുള്ളതാണ്. പിന്നെ, യാത്രയുടെ സ്വഭാവം: പോകേണ്ട സ്ഥലം തീരുമാനിക്കുന്നു. അവിടെ എത്തിയാല്‍ എത്തി, ഉറപ്പിക്കേണ്ട. അതിനിടയില്‍ മറിഞ്ഞും തിരിഞ്ഞും പല യാത്രകളും വന്നുചേരാം. അതാണ് യാത്രയെ യഥാര്‍ത്ഥത്തില്‍ രസകരമാക്കുന്നത്.'' മാധ്യമ പ്രവര്‍ത്തനായ കെ.ആര്‍. അജയന്‍ അനുഭവം പറയുന്നു. 20 പുസ്തകങ്ങളെഴുതിയതില്‍ പന്ത്രണ്ടും ഹിമാലയന്‍ യാത്രാനുഭവങ്ങള്‍. സ്വര്‍ഗ്ഗാരോഹിണി, സ്പിത്തി എന്നീ ഹിമാലയന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രയുടെ അപൂര്‍വ്വാനുഭവങ്ങള്‍. 'ബുദ്ധാ നീ എന്നെ അറിയുന്നുവോ' എന്നത് ഇരുപതാമത്തെ പുസ്തകം. യാത്രയുടേയും കാഴ്ചയുടേയും രാഷ്ട്രീയത്തെക്കുറിച്ചാണ് അജയന് പറയാനുള്ളതിലേറെ.
കേദാര്‍നാഥ് ദുരന്തം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുശേഷം അവിടേക്ക് യാത്ര അനുവദിച്ചപ്പോള്‍ ആദ്യസംഘത്തില്‍ ഉണ്ടായിരുന്നല്ലോ. ആ അനുഭവങ്ങളില്‍ പറയാത്തതും എഴുതാത്തതുമുണ്ടോ?
യാത്രചെയ്ത് അവശനായാണ് കേദാര്‍നാഥില്‍ ചെല്ലുന്നത്. വേച്ചുവേച്ചു നടക്കുന്ന അവസ്ഥ. മഹാപ്രളയമുണ്ടായി ലക്ഷക്കണക്കിനാളുകള്‍ മരിച്ചുപോയ സംഭവമാണ് കേദാര്‍ ദുരന്തം. സര്‍ക്കാര്‍ കണക്കില്‍ 5000 പേര്‍ മാത്രം. ക്ഷേത്രമൊഴികെ ബാക്കിയെല്ലാം ഒഴുകിപ്പോയി. നദി തന്നെ വഴിമാറി ഒഴുകി. അതുകഴിഞ്ഞ് രണ്ടു വര്‍ഷത്തിനുശേഷം പ്രവേശനം അനുവദിച്ച ആദ്യ ബാച്ചില്‍പ്പെട്ട ആളായിരുന്നു ഞാന്‍. നടക്കുന്ന വഴിയില്‍ എവിടെ മൃതദേഹങ്ങള്‍ ഒളിച്ചിരിക്കുന്നു എന്നറിയാത്ത സ്ഥിതി. ഭയങ്കര ബുദ്ധിമുട്ടായിരുന്നു യാത്ര. അവിടെയെല്ലാം എന്നെ വേട്ടയാടിയ ഒരു വിഷയം, ഈ ചവിട്ടിപ്പോകുന്ന വഴിയിലെവിടെയോ പ്രാണന്‍ നില്‍പ്പുണ്ട് എന്നതാണ്. രണ്ടു വര്‍ഷമായിട്ടും ആളുകള്‍ കണ്ടെത്താതെ തിരിച്ചറിയപ്പെടാതെ കിടക്കുന്നവര്‍. ലക്ഷക്കണക്കിനാളുകള്‍ മരിക്കുമ്പോള്‍ ഡി.എന്‍.എ ടെസ്റ്റൊന്നും നടക്കില്ല.
അവിടെ വെച്ച് രണ്ട് പെണ്‍കുട്ടികളെ പരിചയപ്പെട്ടു. സന്ന്യാസിനിമാര്‍. കൂടെയുള്ളവരെല്ലാം ഗാന്ധി സരോവറിലേക്കാണ്. ഞാന്‍ തളര്‍ന്നിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മുന്നില്‍ വേഷം കെട്ടിയ ശിവന്മാരുണ്ട്. അതൊരു ഗംഭീര കാഴ്ചയാണ്. വിഗ്രഹാരാധനയും ദൈവസങ്കല്‍പ്പവുമൊക്കെ ഉണ്ടെങ്കിലും ഹിമാലയത്തില്‍ മിക്ക മനുഷ്യര്‍ക്കും ലഹരി കൂടാതെ പറ്റില്ല; പ്രത്യേകിച്ചും കഞ്ചാവ്, ചരസ്സ് ഇങ്ങനെയുള്ള സാധനങ്ങള്‍ നിര്‍ബ്ബന്ധമാണ്. അത് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അവിടെ നിയന്ത്രണങ്ങളൊന്നുമില്ല. നോക്കുമ്പോള്‍ കഞ്ചാവ് വലിച്ചുനില്‍ക്കുന്ന ശിവന്റെ ചിത്രത്തിനു മുന്നിലാണ് ഇവരുടെ പ്രാര്‍ത്ഥന. അവര്‍ വച്ചുനീട്ടിയതൊന്ന് ഒരു പ്രാവശ്യം വലിച്ചു. വല്ലാത്ത ഒരു അവസ്ഥയിലായി. ഇവര്‍ എനിക്കു മുന്നില്‍ നൃത്തം ചെയ്യുകയാണ്. ഞാനും അതിനൊപ്പം ചേര്‍ന്നു. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്റെ ശരീരത്തിലെ വേദനയെല്ലാം മാറി. കുറച്ചുകൂടി നടന്നപ്പോള്‍ വീണ്ടും നടക്കാന്‍ വയ്യാതായി. സുഹൃത്തുക്കള്‍ എന്നെ കഴുതപ്പുറത്തു കയറ്റി താഴേയ്ക്കിറക്കാന്‍ തുടങ്ങി.
കഴുതപ്പുറത്തുള്ള കുത്തിറക്കമെന്നു പറഞ്ഞാല്‍ ജീവിതത്തില്‍ ഏറ്റവും പേടിപ്പിക്കുന്ന ഒരു അനുഭവമാണ്. ഒന്നും സംഭവിക്കില്ല; പക്ഷേ, മരണം മുന്‍പിലുണ്ട്. പോണീസ് എന്നു പേരുള്ള ഈ കഴുതകള്‍ സാധാരണ വഴിയിലൂടെ പോകില്ല. വഴിയുടെ അരികില്‍ ഇവര്‍ക്ക് ചെറിയ ചവിട്ടടിപ്പാതയുണ്ട്. അതില്‍ക്കൂടി മാത്രമേ പോവുകയുള്ളൂ. നമ്മള്‍ താഴേയ്ക്കു നോക്കിയാല്‍ ജീവന്‍ അപ്പോള്‍ പോകും. വഴിയില്‍ എവിടെയെങ്കിലുമൊരു പച്ചപ്പുല്ല് കണ്ടാല്‍ പുറത്തെ മനുഷ്യനേയുംകൊണ്ട് കഴുത അതു കടിക്കാന്‍ കുനിയും. ഇതിന്റെ പുറത്ത് അള്ളിപ്പിടിച്ച് ഇരിക്കുന്ന നമ്മള്‍ മറിഞ്ഞുവീഴുമോ ഇല്ലയോ എന്നറിയാതെ വെപ്രാളപ്പെടും. കഴുതക്കാരന്‍ നമ്മുടെ കൂടെ കാണില്ല. അയാള്‍ മറ്റേ വഴിയിലൂടെ താഴെ എത്തിയിരിക്കും. അയാളുടെ കയ്യിലിരിക്കുന്ന ചെറിയ വിസിലിലാണ് ഇതിന്റെ മുഴുവന്‍ നിയന്ത്രണവും. ബസ് പോകുന്നതുപോലെയാണ്. ഒരു വിസിലിനു നില്‍ക്കും, രണ്ട് വിസിലിനു നടക്കും.
ഗൗരീകുണ്ഡില്‍ ചെല്ലുമ്പോള്‍ നേരത്തെ കണ്ട പെണ്‍കുട്ടികള്‍ അവിടെയുണ്ട്. ഞാന്‍ തീരെ അവശനായി. അവരെന്നെ താങ്ങിപ്പിടിച്ച് കൊണ്ടുപോയി. സോനപ്രയാഗിലെ സര്‍ക്കാരാശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും ഓര്‍മ്മ പോയി. മയക്കത്തില്‍നിന്നു കണ്ണുതുറന്നു നോക്കുമ്പോള്‍ ഹാഫ് ഡോറിലൂടെ കാണുന്നത് എന്നെ കൊണ്ടുവന്നതില്‍ ഒരു പെണ്‍കുട്ടി ഡോക്ടറുടെ സീറ്റിലിരിക്കുന്നു. കാണുന്നത് സത്യമാണോ തോന്നലാണോ എന്നൊന്നും എനിക്കൊരു പിടിയുമില്ല. നഴ്സിനോടു ചോദിച്ചപ്പോള്‍ അവര്‍ ഇവിടുത്തെ ഡോക്ടറാണെന്ന് പറഞ്ഞു. കേദാര്‍നാഥ് ദുരന്തത്തിനുശേഷം അവിടുത്തെ ഏതോ മെഡിക്കല്‍ കോളേജില്‍നിന്ന് പി.ജി വിദ്യാര്‍ത്ഥികളെ മുഴുവന്‍ അങ്ങോട്ട് അയച്ചിരിക്കുകയാണ്. അങ്ങനെ വന്നവരില്‍പ്പെട്ടതാണ്, ഇന്ന് അവര്‍ മടങ്ങുകയുമാണ്. ഞാന്‍ ചെല്ലുമ്പോഴേയ്ക്കും അവര്‍ പോയിക്കഴിഞ്ഞു. അവരുടെ പേര് പോലും ഓര്‍മ്മയില്ല.
ഹിമാലയ യാത്രയുടെ ഏറ്റവും വലിയ പ്രശ്‌നം സത്യസന്ധമായി എഴുതുക എന്നുള്ളതാണ്. നമ്മള്‍ വായിക്കുകയും കാണുകയും ചെയ്ത എല്ലാ ഹിമാലായ യാത്രയിലും ഞാനിപ്പോള്‍ പറഞ്ഞ സംഭവത്തിന്റെ ആദ്യ ഭാഗം മാത്രമേ കാണുകയുള്ളൂ. ഞാന്‍ അവരെ പിന്നീട് കണ്ടു എന്നോ അവര്‍ ഡോക്ടറാണെന്നോ ഒരിക്കലും എഴുതില്ല. അവിടെ വല്ലാത്ത ഒരു അതിഭാവുകത്വമാണ്; കാല്‍പ്പനികതയും.
ഹിമാലയന്‍ യാത്രകളെക്കുറിച്ചുള്ള എഴുത്തുകള്‍ യാഥാര്‍ത്ഥ്യത്തില്‍നിന്ന് കൂടുതലും അകന്നു നില്‍ക്കുന്നതാണെന്ന് അജയന്‍ എഴുതുകയും പറയുകയും ചെയ്തിട്ടുണ്ടല്ലോ. പക്ഷേ, വിശദീകരിച്ചിട്ടില്ല?
അതെ, അതിഭാവുകത്വം നിറഞ്ഞ യാത്രാസാഹിത്യമാണ് ഹിമാലയന്‍ യാത്രാനുഭവമെഴുത്തുകളില്‍ ഏറെയും. അമിത ആത്മീയതയും വരേണ്യതയുമൊക്കെ നിറഞ്ഞതാണ്. രാജന്‍ കാക്കനാടനും സക്കറിയയ്ക്കും ശേഷം അതാണ് സ്ഥിതി. കെ.ബി. പ്രസന്നകുമാറും ഷൗക്കത്തുമൊക്കെ ചെയ്യുന്നുണ്ട്, അത് കാണാതെയല്ല. അതിഭാവുകത്വത്തിന്റെ ആ യാത്രാസാഹിത്യത്തെയൊന്ന് പൊളിക്കുക എന്ന ആഗ്രഹം ആദ്യയാത്ര മുതലേയുണ്ട്. സ്വാഭാവികമായും അതുകൊണ്ടു മാത്രമാണ് യാത്രകള്‍ എഴുതാന്‍ തുടങ്ങിയത്.
ഗോമുഖില്‍ യാത്ര ചെയ്യുമ്പോള്‍ മറക്കാന്‍ പറ്റാത്ത ഒരു സംഭവമുണ്ടായി. എപ്പോഴും മലയിടിയുന്ന പ്രദേശമാണ്. ബുര്‍ജിലാപാസില്‍ വെച്ച് ഞങ്ങള്‍ ഭക്ഷണം കഴിച്ച് ക്ഷീണം മാറ്റാന്‍ ഒരു പാറയുടെ പുറത്ത് ഞങ്ങളിരുന്നു. അപ്പോള്‍ സുന്ദരിയായ ഒരു സന്ന്യാസിനിയെത്തി. വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നു; രുദ്രാക്ഷവും മാലകളുമൊക്കെയുണ്ട്. ബംഗാളിയാണെന്ന് പിന്നീട് പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി. പാറയിലിരുന്ന് ഞങ്ങള്‍ കൊടുത്ത ലഘുഭക്ഷണങ്ങളില്‍ ചിലതൊക്കെ കഴിച്ചു. പെട്ടെന്ന് അവര്‍ എന്റെ മുഖത്തു നോക്കിയിട്ട് ഞങ്ങളെല്ലാവരോടുമായി, എഴുന്നേറ്റ് ഓടിക്കോളൂ എന്ന് ഹിന്ദിയില്‍ പറഞ്ഞു. അവരുടെ ഒരു ആജ്ഞാശക്തി വാക്കുകളിലുണ്ട്. കേട്ടപ്പോള്‍ത്തന്നെ ഞങ്ങള്‍ കയ്യില്‍ കിട്ടിയതൊക്കെ എടുത്തുകൊണ്ട് താഴേയ്ക്ക് ഓടി, അവരും ഓടിപ്പോയി.
രണ്ടുമൂന്നു മിനിറ്റിനുള്ളില്‍ ഞങ്ങളിരുന്ന പാറ കാണാനില്ല. മുകളില്‍നിന്ന് മല ഇടിഞ്ഞുവന്നു. മണ്ണോടുകൂടിയ ഒരു കുന്ന്. അവര്‍ക്ക് ഒരു ദിവ്യദൃഷ്ടി എന്നോ ജ്ഞാനദൃഷ്ടിയെന്നോ ഒക്കെ പറയേണ്ടിവരും. ഞങ്ങള്‍ ഗോമുഖില്‍ പോയി. അതിനിടെ, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായി, അവിടെ അപ്രതീക്ഷിതമായി പത്തെണ്‍പതു വയസ്സുള്ള ഒരു അമ്മ വന്നു. ഈ ആള്‍ വീണുകിടക്കുന്നത് കണ്ടിട്ട് ആ പ്രായമുള്ള അമ്മ ഞങ്ങളുടെ അടുത്തേക്ക് ഓടിവന്ന് ഞങ്ങള്‍ ആ ആളുടെ കൂടെത്തന്നെയുള്ളവരാണോ എന്നു ചോദിച്ചിട്ട് സുഹൃത്ത് വീണുകിടക്കുന്ന വിവരം പറഞ്ഞു. അതൊക്കെ അതിനുശേഷം സംഭവിച്ച കാര്യങ്ങളാണ്. തിരികെ ഞങ്ങള്‍ ഇറങ്ങിവരുമ്പോള്‍ ഒരു ധാബയുടെ അടുത്തുവച്ച് ഈ സ്ത്രീയെ കണ്ടു. ഈ മലമടക്കില്‍ ഇങ്ങനെയൊരു സ്ത്രീ എങ്ങനെ വന്നുപെട്ടു എന്ന് നമുക്കു തോന്നുന്നവിധമുള്ള അസാമാന്യ സൗന്ദര്യത്തിലാണ് അപ്പോഴും ഞാന്‍ നോക്കിയത്. കൂട്ടത്തിലുള്ള പല ആളുകളും അവരെ വന്ദിക്കുന്നു, ദിവ്യദൃഷ്ടികൊണ്ട് രക്ഷിച്ചതിനു നന്ദി പറയുന്നു. ഞാന്‍ അവരുടെ അടുത്തുചെന്ന് എന്താ സംഭവിച്ചതെന്നു ചോദിച്ചു. അപ്പോഴാണ് പറയുന്നത്: ''എടാ, വിഡ്ഢീ, നീ നോക്കിയത് എന്നെയാണ്; പക്ഷേ, ഞാന്‍ നോക്കിയത് ഹിമാലയത്തിലേക്കാണ്.'' ജീവിതത്തില്‍, ഓര്‍മ്മയുള്ള കാലം വരെ മറക്കാനാകാത്ത ഒരു മറുപടി. സംഭവമെന്താണെന്നു വെച്ചാല്‍, അതിന്റെ മുകളില്‍ക്കൂടി കോലാടുകളുടെ ഒരു വലിയ കൂട്ടം പോകുന്നുണ്ടായിരുന്നു. മണ്ണും കോലാടും പാറക്കൂട്ടങ്ങളും നമുക്കു തിരിച്ചറിയാന്‍ കഴിയില്ല. തീ പാറുന്ന കുളമ്പാണ് അവയുടേത്. ഹിമാലയത്തില്‍ ഇത് ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ഒന്നിച്ചാണ് കടന്നുപോകുന്നത്. ഇതില്‍ ഒന്നിന്റെ കാലു തെറ്റിയാല്‍ അടുത്തതും വീഴും. അത്രയ്ക്ക് ഒട്ടിയൊട്ടിയാണ് യാത്ര ചെയ്യുന്നത്. ഈ കുളമ്പ് ഒരു ചെറിയ കല്ലില്‍ കയറിപ്പിടിച്ചാല്‍ മതി ആ കല്ല് ഇളകും. ഒരു ചെറിയ കല്ല് ഇളകിയാല്‍ അടുത്തത് ഇളകും, മണ്ണിളകും. മല ഇടിഞ്ഞു താഴേയ്ക്കു വരും. അവരതു കണ്ടു. അതാണ് എഴുന്നേറ്റ് ഓടാന്‍ പറഞ്ഞത്. ഇതില്‍ ആദ്യത്തെ ഭാഗം എല്ലാ ആത്മീയ എഴുത്തുകാരും എഴുതും; അവരുടെ ജ്ഞാനദൃഷ്ടികൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു എന്ന് എഴുതും. അവിടെയൊക്കെയാണ് നമ്മള്‍ സത്യം തിരഞ്ഞ് തുറന്നെഴുതുന്നതിന്റെ പ്രസക്തി എന്നു ഞാന്‍ വിശ്വസിക്കുന്നു.
മറ്റൊരു സംഭവം കൂടി പറയാം. ഇതേ യാത്രയില്‍, ഒരു കുന്നിന്റെ താഴെ ഭാഗീരഥി നദിയുടെ തീരത്ത് ടെന്റടിച്ചു ഞങ്ങള്‍ കിടക്കുകയാണ്. വൈകിട്ട് ഒരു നാലര മണിയായപ്പോഴേയ്ക്കും കല്ലു മഴ; മഞ്ഞിന്‍കട്ടപോലെ കല്ലാണ് പെയ്യുന്നത്. ശ്വാസംപോലും കിട്ടുന്നില്ല. ഞങ്ങള്‍ നിലത്തേയ്ക്ക് അമര്‍ന്നുകിടക്കുകയാണ്. ഒഴുകിക്കൊണ്ടിരിക്കുകയാണെന്നു മനസ്സിലായി. ടെന്റില്‍നിന്ന് ഇറങ്ങാന്‍ ഒരു മാര്‍ഗ്ഗവുമില്ല. നദിയില്‍ച്ചെന്നു ചാടുമെന്നുറപ്പായി. അഞ്ചുപത്തു മിനിറ്റു കഴിഞ്ഞുകാണും. മഴ നിന്നു. നദിയുടെ വക്കില്‍ ഞങ്ങളുടെ ടെന്റ് തട്ടിനില്‍ക്കുകയാണ്. മറ്റുള്ളവര്‍ ഓടിവന്ന് ടെന്റ് വലിച്ചുകീറി ഞങ്ങളെ പുറത്തെടുത്തു. ഞങ്ങള്‍ അപ്പോഴേയ്ക്കും മരവിച്ചിരുന്നു. ഏഷ്യാനെറ്റ് ലൈബ്രറിയിലെ ശശിയുടെ മൂക്കില്‍ക്കൂടിയും വായില്‍ക്കൂടിയും രാത്രിയായപ്പോള്‍ രക്തം വരാന്‍ തുടങ്ങി. മീശയും ചെവിയുമൊക്കെ ചോരകൊണ്ടു ചുവന്നു. സംഭവമെന്താന്നു വച്ചാല്‍, സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം കൂടുന്നതനുസരിച്ച് മനുഷ്യശരീരത്തില്‍ ചില പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും നടക്കും: അക്ലിമറ്റൈസേഷന്‍. താടിയും മുടിയും നീട്ടി വളര്‍ത്തിയ ശശിയെ ഈ ഇരുട്ടില്‍ കണ്ടാല്‍ ഹിമാലയത്തില്‍നിന്ന് ഇറങ്ങിവന്ന വല്ല യതിയോ മറ്റോ ആണെന്നു തോന്നും. അങ്ങനെയാണ് ഞാന്‍ എഴുതിയതും.
സത്യത്തില്‍ എന്തിനാണ് ഇങ്ങനെ മറച്ചുവയ്ക്കുന്നതും പൊലിപ്പിക്കുന്നതും എന്നാണ് കരുതുന്നത്?
ഇതിലൊരു രാഷ്ട്രീയമുണ്ട്. ഒന്ന്, ഹിമാലയത്തിന് മതപരവും ആത്മീയവുമായ എന്തോ ഒരംശം കല്‍പ്പിച്ചു നല്‍കുക. രണ്ട്, സാധാരണക്കാരെ കൂടുതല്‍ അങ്ങോട്ട് അടുപ്പിക്കാതിരിക്കുക. അങ്ങനെ അടുപ്പിച്ചാല്‍ ഈ മതാധിഷ്ഠിത ആത്മീയത പൊളിഞ്ഞുപോകും. ഇതിനുവേണ്ടി ബോധപൂര്‍വ്വം ചെയ്യുന്നതാണ്. ഹിമാലയന്‍ യാത്രാസാഹിത്യം ഓരോന്നും പരിശോധിച്ചാല്‍ അറിയാം. എല്ലാരും അങ്ങനെയല്ല. ഇത് ഒരു അജന്‍ഡയുടെ ഭാഗമാണ്. അതില്‍ സംസ്‌കൃതമുണ്ട്, പുരാണങ്ങളുണ്ട്, ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത കഥകളുണ്ട്. യുക്തിയോടെ അതിനൊരു ബദല്‍ എന്ന തലത്തിലാണ് എന്റെ യാത്രാനുഭവം.
പക്ഷേ, ആ അര്‍ത്ഥത്തില്‍ ഈ എഴുത്തുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ?
ഇല്ല, ഈ എഴുത്തുകള്‍ ആ വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അതിന്റെ കാരണം നേരത്തെ പറഞ്ഞതാണ്. ആ രീതിയില്‍ എഴുതുന്ന യാത്രക്കാര്‍ക്കപ്പുറം വേറെ യാത്രക്കാരില്ലെന്ന് കരുതുന്ന ആളുകള്‍ ഇത് ചര്‍ച്ച ചെയ്യില്ല. ചില പുസ്തകങ്ങള്‍ എട്ടും പത്തും പതിനഞ്ചും എഡിഷന്‍ അച്ചടിക്കുകയാണ്. അതില്‍ കാണുന്നതു മുഴുവന്‍ ഇതാണ്. അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു കാര്യം, നമ്മള്‍ എന്തൊക്കെ പറഞ്ഞാലും ലോകത്ത് ബഹുഭൂരിപക്ഷം ആളുകളും വിശ്വാസികളാണ്. അവരുടെ മനസ്സില്‍ ഒരു അഭൗമികതയുണ്ട്. ജാതീയതയും മതചിന്തയും എല്ലാ മനുഷ്യരുടേയും ഉള്ളില്‍ കുറേശ്ശേയുണ്ട്. അതിനെ പരമാവധി ചിലര്‍ ഉദ്ദേശിക്കുന്ന മതപരമായ സങ്കല്പത്തിലേക്കു കൊണ്ടുവരിക എന്ന ഒരു എഴുത്തുശാസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങിയിട്ട് പത്തു 30 വര്‍ഷമായി. ഒരു ഹിഡന്‍ അജന്‍ഡ അതിന്റെ പുറകിലുണ്ട്. പുതിയ ആളുകളുടെ യാത്രയില്‍പ്പോലും ഇതൊക്കെയാണ് ഇപ്പോഴും. പുതിയ തലമുറയിലുള്ള ആളുകള്‍പോലും ആ പാറ്റേണിന് ഇപ്പുറത്തേയ്ക്കു വരുന്നില്ല. അത്രത്തോളം ശക്തമാണ് ആ 'മൂവ്മെന്റ്.' അതുകൊണ്ട് സ്വാഭാവികമായും എന്റെ എഴുത്ത് കുറച്ചാളുകള്‍ മാത്രമേ ചര്‍ച്ച ചെയ്യുകയുള്ളൂ.
ഞാനും ഒരു സുഹൃത്തും കൂടി ഒരിക്കല്‍ നീലകണ്ഠ് പര്‍വ്വതത്തിന്റെ ബേസ് ക്യാംപിലേക്ക് യാത്ര ചെയ്തു. രണ്ട് സന്ന്യാസിമാരാണ് ഗൈഡായിരുന്നത്. ഹരിദ്വാറില്‍ ഗംഗയുടെ കരയില്‍ തട്ടെല്ലാം മറച്ചുവച്ച് ഒരു രാത്രി താമസിപ്പിച്ചു. രാവിലെ നോക്കുമ്പോള്‍ എന്റെ ക്യാമറ ഒഴികെ ബാക്കി ഒരു സാധനവും ബാക്കിയില്ല. കൊണ്ടുപോയ സന്ന്യാസിമാരെ കാണാനുമില്ല. ഭക്ഷണമൊക്കെ തരാമെന്നു പറഞ്ഞാണ് കൊണ്ടുപോയത്. പക്ഷേ, അവിടെച്ചെന്നപ്പോഴേയ്ക്കും ക്ഷീണിച്ച് ഉറങ്ങിപ്പോയി. ക്യാമറ വേറൊരിടത്ത് തൂക്കിയിട്ടിരുന്നതുകൊണ്ട് കിട്ടി. ഉടുത്ത മുണ്ടും ടീ ഷര്‍ട്ടും മാത്രം ബാക്കി. ഹരിദ്വാറില്‍ വന്ന് പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത് ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ പൊലീസുകാര്‍ ഒരാളെ പിടിച്ചുകൊണ്ടു വന്നു; ഈ സ്വാമിമാരില്‍ ഒരാളെ. സ്വാമി ആദ്യം തന്നെ പൊലീസുകാരുടെ മുന്നിലേക്ക് ഈ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു. ഞങ്ങളുടെ പേഴ്സിന്റെ കൂടെ വേറെ രണ്ടു മൂന്ന് പേഴ്സുകള്‍ കൂടിയുണ്ട്. സ്വാമിയുടെ ധാരണ എല്ലാവര്‍ക്കും വേണ്ടി ഞങ്ങള്‍ പിടിപ്പിച്ചതാണ് എന്നാണ്. പൊലീസുകാര്‍ക്ക് ആശയക്കുഴപ്പമായി. ഇതിലേതൊക്കെ ആരുടെയൊക്കെയാണ്. ഏതായാലും എല്ലാ പേഴ്സും നോക്കുമ്പോള്‍ ഒന്നില്‍പ്പോലും പൈസയില്ല. അതവരെടുത്തു. കള്ളന്മാരാണ്.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിലുള്ള ചേരിതിരിവ്, വര്‍ഗ്ഗീയത ഇതൊക്കെ ഈ സ്ഥലങ്ങളില്‍ ഏതുവിധമാണ് കാണുന്നത്; ഈ വേര്‍തിരിവിന്റെ രാഷ്ട്രീയമുണ്ടോ?
തീര്‍ച്ചയായും. ഒന്നാമത്തെ കാര്യം, നമ്മള്‍ യാത്ര ചെയ്യുന്ന എല്ലാ പ്രദേശങ്ങളിലുമുണ്ട് എന്നതാണ്. ഹിമാലയത്തില്‍ ഏറ്റവും വ്യാപകമായിട്ടുള്ള ഒരു കാര്യം ഇപ്പോള്‍ ഇതാണ്.
ഒരു സംഭവം പറയാം, പാണ്ഡവര്‍ സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് സ്വര്‍ഗ്ഗാരോഹിണി. അവിടേക്കു പോകുന്ന വഴിക്ക് താളൂക്ക എന്ന ഗ്രാമമുണ്ട്. താളൂക്ക വഴി നമ്മള്‍ സീമ എന്ന ഗ്രാമത്തിലും അവിടെനിന്ന് ഓസ്ല എന്ന ഗ്രാമത്തിലും എത്തും. ഓസ്ലയില്‍ നിന്നാണ് സ്വര്‍ഗ്ഗാരോഹിണിയുടെ ബേസ് ക്യാംപിലേക്കു നടക്കുന്നത്. ഓസ്ലാ ഗ്രാമത്തിന്റെ പ്രത്യേകത, ലോകത്തില്‍ ഒരേയൊരു ദുര്യോധന ക്ഷേത്രമുള്ള സ്ഥലമിതാണ്. ഇവിടെ മലനടയിലുണ്ടെങ്കിലും അത് ഇവരുടെ കണക്കില്‍പ്പെട്ടിട്ടില്ല. അവിടെ ഇപ്പോഴും ദുര്യോധനനെ ആരാധിക്കുന്നവരുണ്ട് ഞങ്ങളുടെ ഗൈഡായി വന്ന ചെറുപ്പക്കാരൊക്കെ കൗരവരാണ്. അവര്‍ സ്വര്‍ഗ്ഗാരോഹിണിയുടെ ബേസ് ക്യാംപിന്റെ തൊട്ടടുത്തു ഹര്‍ക്കീദൂണ്‍ വരെ മാത്രമേ വരൂ. എന്തു പറഞ്ഞാലും അവര്‍ വരില്ല. ബാക്കി ദൂരം നമ്മള്‍ തനിച്ചു പോകണം. തിരക്കുമ്പോഴാണ് അറിയുന്നത്, അത് പാണ്ഡവരുടെ ഭൂമി ആയതുകൊണ്ടാണ് ഇവര്‍ അങ്ങോട്ടു കയറാത്തത്. പാണ്ഡവരും കൗരവരുമെല്ലാം മിത്തോ ഇതിഹാസ കഥാപാത്രങ്ങളോ മാത്രമാണ്. ചരിത്രത്തിനു യാതൊരു സ്ഥാനവുമില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന മനുഷ്യര്‍ പറയുന്നു, അത് പാണ്ഡവരുടെ മണ്ണാണ്, ഞങ്ങള്‍ അവിടെ ചവിട്ടില്ല എന്ന്. മിത്തുകളും സങ്കല്പങ്ങളുമൊക്കെ മനുഷ്യനെ എത്രത്തോളം നൂറ്റാണ്ടുകളായി സ്വാധീനിക്കുന്നു എന്നാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.
ലോകത്തിലെ ഏറ്റവും വലിയ ക്രാഡില്‍ വാലി (തൊട്ടില്‍ താഴ്വര) ആണ് ഹര്‍ക്കീ ദൂണ്‍. തൊട്ടില്‍പോലെ തന്നെ; അതീവ മനോഹരമാണ്. ഇതിന്റെ അടിയില്‍ക്കൂടി ഒരു പുഴ ഒഴുകുന്നുണ്ട്. ഈ പുഴയിലെ വെള്ളം ഓസ്ല ഗ്രാമവാസികള്‍ ചവിട്ടുകയോ കന്നുകാലികളെ കുളിപ്പിക്കുകയോ കൃഷിക്ക് ഉപയോഗിക്കുകയോ ഒന്നും ചെയ്യില്ല. ഈ പുഴയിലാണ് പാണ്ഡവര്‍ കൗരവരെ മുഴുവന്‍ കൊന്നൊടുക്കിയ ശേഷം അവരുടെ ചോര ഒഴുക്കിയത് എന്നാണ് അവരുടെ വിശ്വാസം. 21-ാം നൂറ്റാണ്ടിലും യുഗങ്ങള്‍ക്കു മുന്‍പു നടന്ന കഥമാത്രമായ ഒന്നില്‍ വിശ്വസിക്കുകയാണ്. അവര്‍ക്ക് പോളിംഗ് ബൂത്തില്ല, സൗജന്യ റേഷനില്ല, സൗജന്യ ഭക്ഷണമില്ല. ആരോ ഒരാള്‍ ഇടയ്ക്ക് കിരീടവും വച്ചു വന്നിട്ട് കുറച്ചു കാശ് കൊടുത്തിട്ട് അവര്‍ പറയുന്നിടത്തു വോട്ടു ചെയ്യിക്കുന്ന വെറും വോട്ട് നല്‍കുന്നവര്‍ മാത്രമാണ്. അവിടെയും അവര്‍ ഉപയോഗിക്കുന്നത് ഈ പറയുന്ന മതമാണ്. ഇവരില്‍ കുറേപ്പേര്‍ പട്ടികജാതിക്കാരും കുറേപ്പേര്‍ പട്ടികവര്‍ഗ്ഗക്കാരുമാണ്. ഒരു കുലത്തില്‍നിന്ന് വേറൊരു കുലത്തിലുള്ളവര്‍ കല്യാണം ചെയ്യില്ല.
അതെ, അതു പക്ഷേ, പുറംലോകത്തോട് ഏതുവിധം വിശദീകരിക്കും എന്നതൊരു പ്രതിസന്ധിയായി മാറുന്നുണ്ടോ?
അവിടെയാണ് എനിക്കൊരു പ്രധാന കാര്യം പറയാനുള്ളത്: കാഴ്ചയ്ക്ക് എപ്പോഴും ഒരു രാഷ്ട്രീയമുണ്ട്; യാത്ര എഴുത്തിനൊരു രാഷ്ട്രീയമുണ്ട്. കാഴ്ചയുടെ രാഷ്ട്രീയം എന്നു പറയുമ്പോള്‍ സത്യസന്ധമായി, നമ്മുടെ കണ്ണില്‍ നേരിട്ടു വന്നുപെടുന്ന കാര്യങ്ങള്‍ മറ്റൊരു വ്യാഖ്യാനവുമില്ലാതെ നമ്മുടെ ഉള്ളിലേക്ക് ആവാഹിക്കുക; അതുതന്നെയാണ് കാഴ്ച. ഞാന്‍ പാലിക്കുന്ന ഒരു ഘടകമാണത്. എനിക്കു കൃത്യമായ രാഷ്ട്രീയമുണ്ട്, യാത്രയ്ക്കുമുണ്ട്, യാത്ര എഴുത്തിനുമുണ്ട്. പക്ഷേ, അത് ഇല്ലാത്ത ആളുകള്‍ ഒരുപാടുണ്ട്. അവര്‍ക്കുമുണ്ട് രാഷ്ട്രീയം. അത് സത്യത്തിന്റെ രാഷ്ട്രീയമല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ ഈ കാണുന്നതുപോലെയൊന്നുമല്ല.
ഹിമാലയം മാത്രമല്ല; അസമില്‍നിന്ന് ഞങ്ങള്‍ തവാംഗിലേക്കു പോയി. അരുണാചല്‍ പ്രദേശ്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധവിഹാരമുള്ള സ്ഥലങ്ങളിലൊന്നാണ്. ദിരാംഗ് എന്ന അസം ഗ്രാമത്തില്‍നിന്നു തുടങ്ങുകയാണ് സേലാപാസ്. ആ താഴ്വര മുഴുവന്‍ നമ്മുടെ പട്ടാളത്തിന്റെ കയ്യിലാണ്. അവിടെവച്ച് ഒരു മനുഷ്യനെ കണ്ടു. മോന്‍പ എന്ന ആദിവാസി വിഭാഗത്തിലുള്ള ആളാണ്. കയ്യില്‍ മഴുവൊക്കെയുണ്ട്. അവിടെയൊരു ചെറിയ ചായക്കടയില്‍ വച്ചാണ് കാണുന്നത്. അയാള്‍ പൊട്ടിക്കരയുകയാണ്. ഇടയ്ക്ക് പട്ടാളക്കാര്‍ വന്ന് എഴുന്നേറ്റ് പോകാന്‍ പറയും. അപ്പോള്‍ കുറച്ചുദൂരം പോയിട്ട് വീണ്ടും വരും. ബീഡി വലിക്കുന്നുണ്ട്. കരയിക്കുന്ന കഥയാണ് അയാളുടേത്. പൗരത്വനിയമ ഭേദഗതിക്കു ബില്ല് കൊണ്ടുവന്നപ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം പകുതിയോളം നടപ്പാക്കിക്കഴിഞ്ഞിരുന്നു.
ഈ മനുഷ്യന്റെ ഭാര്യയുടെ അമ്മ ബംഗ്ലാദേശിലാണ്. അയാളുടെ ഭാര്യയുടെ ഒറിജിന്‍ ബംഗ്ലാദേശാണ് എന്നാണ് ഗവണ്‍മെന്റ് സര്‍വ്വേയില്‍ കണ്ടെത്തിയത്. ആ വീട്ടില്‍ താമസിക്കാന്‍ പാടില്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് ഉത്തരവു കൊടുത്തു. ഷെല്‍ട്ടറിലേക്കു മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് പട്ടാളം ഇയാളുടെ ഭാര്യയേയും കൊണ്ടുപോയതാണ്. അന്ന് വളരെ ചര്‍ച്ചയായിരുന്നു ഇത്തരം ഷെല്‍ട്ടറുകള്‍. ഞാന്‍ തവാംഗില്‍ പോയി വന്നിട്ട് മൂന്നു വര്‍ഷമായി. അയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല. അതിന് ആറു മാസം മുന്‍പാണ് അവരെ കൊണ്ടുപോയത്. അവരുടെ അമ്മ ബംഗ്ലാദേശുകാരി ആയതുകൊണ്ട് ഇവിടെ താമസിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് ഭാര്യയെ മാത്രം പിടിച്ചുകൊണ്ടുപോയതിന്റെ നീറ്റല്‍ അയാള്‍ക്കെങ്ങനെ അടങ്ങും. ഇയാള്‍ മോന്‍പയാണ്; ഇന്ത്യക്കാരനാണ്, അതുകൊണ്ട് ഇവിടെ തുടരാന്‍ അനുവദിച്ചു. ഇയാള്‍ കരയുന്ന കരച്ചില്‍ കണ്ടാല്‍ നമ്മളെങ്ങനെ അത് എഴുതാതിരിക്കും. മറ്റെല്ലാം മാറ്റിവച്ചാലും അതില്‍ മാനുഷികതയുടെ പ്രശ്‌നമുണ്ട്; ഭരണകൂട ഭീകരതയുണ്ട്. അത് എഴുതണ്ടേ? അതാണ് ഞാന്‍ കാണുന്ന കാഴ്ചയുടെ രാഷ്ട്രീയം. നമുക്ക് അതു വിട്ട്‌പോകാന്‍ പറ്റില്ല; ഒരിക്കലും പോകാന്‍ പറ്റില്ല.
മണിപ്പൂരില്‍ പോയത് കലാപത്തിനും മുന്‍പാണല്ലോ. അവിടുത്തെ അന്നത്തെ സ്ഥിതി എന്തായിരുന്നു?
ഒന്നര വര്‍ഷം മുന്‍പ് മണിപ്പൂരില്‍ പോയപ്പോള്‍ ഇപ്പോള്‍ ബലാത്സംഗം നടന്ന സ്റ്റേഷന്‍ പരിധിയില്‍ ഞങ്ങളുടെ വണ്ടി ഒരു സംഘം മെയ്തി സ്ത്രീകള്‍ തടഞ്ഞിരുന്നു. മഴുവിന്റെ ചിഹ്നമുള്ള കറുത്ത ടീ ഷര്‍ട്ടിട്ട സ്ത്രീകളുടെ സംഘം പണം ചോദിച്ചു. പണം കൈമാറുന്നതിനു മുന്‍പ് അവര്‍ ബാഗുകളെടുത്തു. പരാതി പൊലീസ് സ്റ്റേഷനില്‍ കൊടുത്ത് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ കുറേ സ്ത്രീകള്‍ വന്നു വന്നിട്ട് ബാഗുകള്‍ പൊലീസുദ്യോഗസ്ഥന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. പൊലീസും ഈ സ്ത്രീകളും തമ്മില്‍ അത്ര അടുപ്പമാണ്. അതുവഴി പോകുന്നവരുടെ വണ്ടി തടഞ്ഞ് പണം വാങ്ങുന്നത് അവരുടെ ഒരു പടിയാണ്. ഈ സംഘടനക്കാരാണ് രണ്ടു സ്ത്രീകളെ പിടിച്ചുകെട്ടി ആള്‍ക്കൂട്ടത്തിനു വിട്ടുകൊടുത്തത്.
യാത്രയല്ലാത്ത എഴുത്തുകള്‍ എന്തൊക്കെയാണ്?
ആദ്യകാലത്ത് രണ്ട് കഥാപുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ആദ്യ പുസ്തകം 'പത്രോസ് രക്ഷതു' കഥാസമാഹാരമാണ്. അതുകഴിഞ്ഞ് 'രാമകൃഷ്ണന്റെ ആദ്യരാത്രി'. പിന്നെ കഥ എഴുതിയില്ല. പിന്നെ, 'അഗസ്ത്യകൂടത്തിലെ ആദിവാസികള്‍' വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. 'കാണിക്കഥകളുടെ രാഷ്ട്രീയം' എന്ന പുസ്തകവും എഴുതി. അഗസ്ത്യകൂടത്തിലെ ആദിവാസി വിഭാഗമാണ് കാണിക്കാര്‍. അവരുടെ കഥകളേയും കവിതകളേയും കുറിച്ചാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ യാത്രകള്‍ ചെയ്യുന്നത് എന്ന ചോദ്യം മുന്‍പും കേട്ടിട്ടുണ്ടാകുമല്ലോ. സ്വയം തന്നെയും അതു ചോദിച്ചിട്ടുണ്ടോ?
ഞാന്‍ ജനിച്ചത് തിരുവനന്തപുരം കള്ളിക്കാട് എന്ന സ്ഥലത്താണ്. കള്ളിക്കാട് അവസാനിക്കുന്നത് അഗസ്ത്യകൂടത്തിന്റെ താഴ്വരയിലാണ്. സ്വാഭാവികമായും കുട്ടിക്കാലം മുതലേ കാണുന്നത് ഈ പര്‍വ്വതവും നെയ്യാറും അതിന്റെ ചുറ്റുപാടുകളുമാണ്. പത്തു പതിനഞ്ചു പ്രാവശ്യം അഗസ്ത്യകൂടം കയറിയിട്ടുണ്ട്. അഗസ്ത്യകൂടത്തിന്റെ എല്ലാ വഴികളിലൂടെയും സഞ്ചരിച്ചു. അഗസ്ത്യകൂടത്തിന്റെ 26 സെറ്റില്‍മെന്റുകളിലും പോയി. ആ യാത്രകളാണ് 'അഗസ്ത്യകൂടത്തിലെ ആദിവാസികള്‍' എന്ന പുസ്തകമായത്.
16 വര്‍ഷമായി യാത്ര ചെയ്തിട്ടും ഈ യാത്രകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാത്രമാകുന്നത് എന്തുകൊണ്ടാണ്?
യാത്രകള്‍ പ്രീപ്ലാന്‍ഡ് അല്ലാത്തതുകൊണ്ട് സ്വാഭാവികമായും കുടുംബത്തെ കൂടെ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാകും. പിന്നെ ചില സ്ഥലങ്ങളിലൊക്കെ ചെന്നുപെട്ടാല്‍ എപ്പോള്‍ വരുമെന്നു പറയാന്‍ പറ്റില്ല.
ഇനി വായിക്കൂ:
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സാപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com